Monday, March 7, 2011

മകരമഞ്ഞും മീനമാസത്തിലെ സൂര്യനും


മകരമഞ്ഞും മീനമാസത്തിലെ സൂര്യനും

മനോജ് ഭാരതി

26 Jun 2010


അംഗീകാരങ്ങള്‍ക്കൊപ്പം ഒട്ടേറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വിശ്വ പ്രസിദ്ധകലാകാരനാണ് രാജാരവിവര്‍മ്മ. രവിവര്‍മ്മയുടെ ജീവിതഗതിയെയും മനോവ്യാപാരത്തെയും വേറിട്ടൊരു വീക്ഷണകോണിലൂടെ നോക്കിക്കണ്ടുകൊണ്ടാണ് മകരമഞ്ഞ് എന്ന തന്റെ പതിമൂന്നാമത്തെ ചിത്രം സംവിധായകന്‍ ലനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്നത്. ആദ്യചിത്രമായ വേനല്‍ മുതല്‍ 2007 ല്‍ പുറത്തിറങ്ങിയ രാത്രിമഴ വരെ വിപണിമൂല്യം മുന്‍നിര്‍ത്തി സര്‍ഗ്ഗാത്മകതയില്‍ കോംപ്രമൈസ് ചെയ്യില്ലെന്നു ശഠിച്ച അദ്ദേഹം പുതിയ ചിത്രത്തിലും കാഴ്ചയുടെ ചില പരീക്ഷണങ്ങള്‍ക്കു തയ്യാറാവുന്നു.
പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങള്‍, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനല്‍ ,ചില്ല് തുടങ്ങിയ ചിത്രങ്ങള്‍, 1940 കളിലെ ജന്‍മിത്വ വിരുദ്ധപ്രസ്ഥാനം മുന്‍നിര്‍ത്തി ചെയ്ത മീനമാസത്തിലെ സൂര്യന്‍,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.സിനിമാ -സാംസ്‌കാരിക- രാഷ്ട്രീയമേഖലകളിലെ സജീവപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ചില വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി മനസ് തുറക്കുന്നു.

*ലെനിന്‍ രാജേന്ദ്രന് സിനിമയെന്നാല്‍ എന്താണ് ?


-എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചക്ക് വിരുദ്ധമായി സമ്മര്‍ദ്ദത്തിനു വഴങ്ങി ഞാനിന്നു വരെ സിനിമയെടുത്തിട്ടില്ല . ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ട പല വിഷയങ്ങളിലേക്കും ക്യാമറ തിരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.നിര്‍മ്മാണത്തിന്റെ ചില പ്രശ്‌നങ്ങള്‍ തന്നെയാണ് അതിനു കാരണം .മറ്റൊരാള്‍ കാശു മുടക്കുന്നതിന്റെയും ഞാന്‍ സിനിമ ചെയ്യുന്നതിന്റെയും ഒരു നൂല്‍പ്പാലമുണ്ടവിടെ.സിനിമക്കു പണം മുടക്കുന്ന പ്രൊഡ്യൂസറുടെ ചിന്തകളോടു സമരസപ്പെട്ടു പോകാനേ എനിക്കു കഴിയുകയുള്ളൂ.എന്നു പറയുമ്പോള്‍ എനിക്കിതേ കഴിയൂ എന്ന് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമെന്നെ സ്വീകരിക്കുകയുമാണ് ചെയ്യുക.മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടു സമരസപ്പെടുക എന്നത് ഇന്നോളമുണ്ടായിട്ടില്ല.എനിക്കിതു പറയണം, ഒരു പക്ഷേ ഞാനേ ഇത് പറയുകയുള്ളൂ എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നാണ് എന്റെ ഓരോ സിനിമയും ജനിക്കുന്നത്.

*കയ്യൂര്‍ സമരം കേന്ദ്രബിന്ദുവാക്കി താങ്കള്‍ മീനമാസത്തിലെ സൂര്യന്‍ ചെയ്തു.വീണ്ടും ഒരു ചിത്രം ഇതേ പശ്ചാത്തലത്തില്‍ മറ്റൊരു സംവിധായകന്‍ ഒരുക്കുന്നു. കയ്യൂരിന്റെ അല്ലെങ്കില്‍ കമ്യൂണിസത്തിന്റെ കെയര്‍ ഓഫില്‍ വര്‍ത്തമാനകാലത്ത് ഇനിയും സിനിമകള്‍ക്ക് പ്രസക്തിയുണ്ടോ?


-ഇന്നലെകളെ അറിയാന്‍ നമുക്കിനിയും ഒരുപാട് പുറകോട്ടു പോകാന്‍ കഴിയും.വളരെ സാര്‍വ്വലൗകികങ്ങളായിത്തീര്‍ന്നേക്കാവുന്ന വിഷയങ്ങള്‍-മനുഷ്യന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങള്‍,അതിലനുഭവിച്ച കഷ്ടനഷ്ടങ്ങള്‍,അവനെ നയിച്ച വികാരങ്ങള്‍-ഇതൊക്കെ നമ്മുടെ ചലച്ചിത്രങ്ങള്‍ക്ക് വിഷയമാക്കാവുന്നതാണ്.അത് ആ കാലഘട്ടത്തിന്റെ സത്യസന്ധതയോടെ ചെയ്യണം.ഒപ്പം ഇന്നുമായി തട്ടിച്ചുകൊണ്ട് പറയാനും കഴിയണം.അതുകൊണ്ടു തന്നെ എനിക്കു തോന്നുന്നത് കയ്യൂര്‍ സംഭവം ഇനിയുമിനിയും ചലച്ചിത്രങ്ങള്‍ക്കു വിഷയമാക്കേണ്ടതാണ്.ആ സംഭവത്തില്‍ ഉള്‍പ്പെട്ട ചില മനുഷ്യരുടെ വൈകാരികതലത്തിലൂടെയാണ് ഞാന്‍ മീനമാസത്തിലെ സൂര്യന്‍ കൊണ്ടുപോയത്.രാഷ്ട്രീയവും പ്രക്ഷുബ്ധവും ആയ അന്തരീക്ഷം സിനിമയുടെ പശ്ചാത്തലം മാത്രമാണ്.ഒരാള്‍ വിപ്ലവത്തിനു വേണ്ടി മാത്രം ജനിക്കുന്ന ആളല്ല;എല്ലാ ദൗര്‍ബല്യങ്ങളോടും ജീവിക്കുന്ന ആളാണ് എന്നുള്ള കാഴ്ചയില്‍ നിന്നുമാണ് ആ സിനിമ രൂപപ്പെടുത്തിയത്.

അതു കൊണ്ടു തന്നെ കുറെ ആക്ഷേപങ്ങളുമുണ്ടായി;മഹാവിപ്ലവകാരികള്‍ക്ക് ഞാന്‍ പ്രണയത്തിന്റെ നിറം കൊടുത്തു എന്നും മറ്റും.പക്ഷേ വളരെ നിഷ്‌കളങ്കരായ ഗ്രാമീണര്‍... അവര്‍ രാഷ്ട്രീയത്തിന്റെ തടിച്ച പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല...അല്ലെങ്കില്‍ അവയുടെ പ്രാമാണിക ആശയങ്ങളൊന്നും തന്നെ അവരുടെ തലച്ചോറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.അവര്‍ക്ക് മറ്റുള്ള എല്ലാവരെയും പോലെ വൈകാരികമായ ഇഴയടുപ്പവും തീവ്രമായ ബന്ധങ്ങളും പ്രണയവും വിരഹവും ദു:ഖവും ഒക്കെയുണ്ടായിരുന്നു.പക്ഷേ സഹജീവികളോടുള്ള അടങ്ങാത്ത താല്‍പ്പര്യം കൊണ്ട് മാത്രമാണ് അവര്‍ വിപ്ലവത്തിലേക്ക് എടുത്തുചാടിയത്.
അറുപത്തിനാലുപ്രതികളില്‍ നിന്ന് തെരഞ്ഞുപിടിച്ച് തൂക്കിലേറ്റിയവരിലൊരാള്‍ പോലും നേതാവായിരുന്നില്ല.

*വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നവരിലും സാധാരണക്കാരായ അണികളിലും വിചാരങ്ങളിലും വികാരങ്ങളിലും നിലനില്‍ക്കുന്ന ഈ അന്തരം,പ്രത്യേകിച്ചും ഇടതു പാര്‍ട്ടികളില്‍, ഇപ്പോഴും സജീവപ്രശ്‌നമല്ലേ?


സ്വയം സൃഷ്ടിക്കുന്ന ഒരു കാപട്യമാണത്.നമ്മള്‍ ആശയങ്ങള്‍ യൂറോപ്പില്‍ നിന്നുമാണ് സ്വീകരിക്കുന്നത്.പക്ഷേ ആ ജനതയുടെ സത്യസന്ധത അംഗീകരിക്കുന്നില്ല.നമ്മള്‍ ഏതോ ഒരു പ്രാഗ്മാറ്റിസത്തിന്റേതായ മാര്‍ഗമാണ് സ്വീകരിക്കുന്നത്.ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി റോസാ ലക്‌സംബര്‍ഗ് ആയിരിക്കും.പ്രണയം, കാമം ഇതൊക്കെ കൂടി ചേര്‍ന്ന ഒരു റോസാ ലക്‌സംബര്‍ഗിനെയാണ് വായനയിലൂടെയും സിനിമയിലും നമ്മള്‍ കണ്ടത്.ഭര്‍ത്താവിനെയും കാമുകനെയും അവര്‍ പ്രണയിക്കുന്നത് കാണാം.മാര്‍ക്‌സിനെ നമ്മള്‍ ഭൗതികവും ആദ്ധ്യാത്മികവുമായ നേതാവായി കാണുന്നു.

പക്ഷേ മാര്‍ക്‌സിന്റെ വളരെ തീവ്രമായ പ്രണയങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് അദ്ദേഹത്തിനു തന്നെ യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല.അതു പറയുന്നതിന് മാര്‍ക്‌സിന്റെ മകള്‍ക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല.ഇവിടെ ഇ എം എസിനോ ഏ കെ ജിക്കോ പിണറായി വിജയനോ കാരാട്ടിനോ പ്രണയമുണ്ടെന്നു പറഞ്ഞാല്‍ അവരേതോ മഹാപാതകത്തില്‍ പെട്ടതുപോലെയാണ്.അവര്‍ പ്രണയിച്ചുവെങ്കില്‍ അവര്‍ കല്യാണം കഴിച്ചിട്ടുണ്ടാവണം.അതു വരെയേ നമ്മള്‍ അക്‌സെപ്റ്റ് ചെയ്യൂ.വളരെ തീവ്രവും മനോഹരവുമൊക്കെയായ പ്രണയം എന്ന വികാരം ഏതു ഘട്ടത്തിലും ഒരാളിലേക്ക് കടന്നു വരാം.അതിനെ ഒരു ദൗര്‍ബല്യമായിട്ടാണ് ഇവിടെ കാണുന്നത്.

*മാനുഷികമായ വികാരപ്രകടനങ്ങളുടെ കൂട്ടത്തില്‍ വരുന്നതല്ലെ ദൈവവിശ്വാസവും മറ്റും .അതിനെ പൊതുവായ ചില വിലക്കുകളില്‍പ്പെടുത്തുന്നത് സാധാരണക്കാരുടെ മേല്‍ നേതൃനിര നടത്തുന്ന കടന്നുകയറ്റമല്ലേ?


അതൊരുപക്ഷേ കാപട്യം നിറഞ്ഞ സന്മാര്‍ഗ്ഗികതയാണ്.ഇതു പലപ്പോഴും ലംഘിച്ചുകൊണ്ട് പോയ വളരെ ജനുവിനായ ,ജനങ്ങള്‍ക്കെന്തെങ്കിലും ഗുണങ്ങള്‍ നല്‍കിയ , മാതൃകയാക്കാന്‍ പ്രാപ്തമായ നേതാക്കള്‍ ഇവിടെയുണ്ടായിട്ടുണ്ട്.പക്ഷേ ഇത്തരം സന്‍മാര്‍ഗികത, ഇന്‍വര്‍ട്ടഡ് കോമക്കകത്തിടണ്ട സന്മാര്‍ഗികത, ആണ് രാഷ്ട്രീയത്തിലുണ്ടാവേണ്ടത് എന്ന വിശ്വാസമാണ് നമ്മുടെ മുന്നില്‍ കാട്ടിത്തന്നിരിക്കുന്നത്.വിവാഹം കഴിക്കാന്‍ അനുമതിയുള്ള പുരോഹിതന്‍മാര്‍ക്ക് അതേ പള്ളിയില്‍ വച്ച് ഭാര്യയോടോ ഭാര്യക്കു തിരിച്ചോ ഓമനപ്പേരിട്ടു വിളിക്കാന്‍ കഴിയില്ല.പക്ഷേ സന്ധ്യ കഴിഞ്ഞ് അവരുടെ കിടപ്പറയിലെത്തിയാല്‍ ഭാര്യ ഭര്‍ത്താവിനെ വിളിക്കുന്നത് അച്ചോ എന്നാവില്ല.മറ്റു പേരുകളാവും.അപ്പോ ഇതൊക്കെ നമുക്ക് അറിയാം . അങ്ങനെയുള്ള വിളികളിലൂടെയും ശൃംഗാരങ്ങളിലൂടെയും വികാരങ്ങളിലൂടെയുമൊക്കെയാണ് അവരില്‍ കുട്ടി പിറക്കുക.അപ്പോ നമ്മള്‍ കുട്ടിയെ അക്‌സെപ്റ്റ് ചെയ്യുന്നു, അദ്ദേഹത്തിന്റെ ഭാര്യയെ ്ക്‌സെപ്റ്റ് ചെയ്യുന്നു,

പക്ഷേ അവിടെയും നമ്മള്‍ മൂടുപടമിടുന്നു.രാജ്ഞിമാര്‍ പൊതുസദസില്‍ പ്രഭോ എന്നു പറഞ്ഞാണ് സംസാരിക്കുന്നത് കിടപ്പറയിലും അങ്ങനെയാണെന്ന് നമ്മള്‍ സാഹിത്യത്തിലും മറ്റും എഴുതി വച്ചിട്ടുണ്ട്.അതല്ല അവിടെ ചിലപ്പോള്‍ നല്ല തെറിയായിരിക്കും വിളിക്കുക.ഇഷ്ടം വരുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് യാതൊരു ലിമിറ്റേഷനുമില്ല.ഇത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല.ഇതാണ് നമ്മുടെ രാഷ്ട്രീയത്തിലെ നേതാക്കള്‍ക്ക് കല്‍പ്പിച്ചിട്ടുള്ള പ്രോട്ടോടൈപ്പ്.. ദൈവവിശ്വാസത്തെ ഒരു തന്ത്രമായാണ് പാര്‍ട്ടികള്‍ എടുക്കുന്നത്.അതിനകത്ത് വളരെ വിശാലമായ ഒരു ലിബറല്‍ കാഴ്ചപ്പാടോ മതേതരത്തിന്റെ സന്ദേശമോ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല.വിലക്കുകളും വിലക്കില്ലായ്മകളുംതന്ത്രമാണ്

*വിശ്വാസിയെ അയാളുടെ വഴിക്കു വിട്ടേക്കണമെന്നാണോ?


-രാഷ്ട്രീയത്തില്‍ നമ്മള്‍ കണ്ടുവരുന്നത് സംഘടിതമതത്തിന്റെ ഒരു വരിഞ്ഞുകെട്ടലാണ് .ഒരാള്‍ക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാമെന്നും അതില്‍ പ്രവര്‍ത്തിക്കാമെന്നും പറയുമ്പോള്‍ പലപ്പോഴും കാണുന്നത് അയാള്‍ സ്വന്തം മതത്തെ പ്രീണിപ്പിക്കുന്ന ഒരാളായി മാറുന്നതാണ്.വ്യക്തിപരമായി വാക്കുകളിലും പ്രവൃത്തിയിലുമൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ ലക്ഷ്യമിടുന്നത് മതപ്രീണനം തന്നെയാണ് .
കാരണം മതമാണ് തന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്നതെന്നുള്ളിടത്തേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

തന്റെ സമുദായമോ മതമോ ജാതിയോ ഗുണകരമായി വന്നാല്‍ ഏറ്റവും എളുപ്പമാണൊരാള്‍ക്ക് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു വരാന്‍.ഇതു വളരെ അപകടം പിടിച്ച ഒന്നാണ്.കാരണം പാര്‍ലമെന്ററി ജനാധിപത്യമാണ് ഒരു നേതാവിന്റെ ഉരകല്ലെന്നും നേതൃത്വത്തിന്റെ അള്‍ട്ടിമേറ്റ് ഇടം എന്നും വന്നു കഴിഞ്ഞിരിക്കുന്നു. അവിടേക്കെത്താനുള്ള എളുപ്പവഴി പ്രവര്‍ത്തനവൈശിഷ്ട്യം കൊണ്ടുണ്ടാക്കുന്ന ജനസമ്മതിക്കപ്പുറം തന്റെ ജാതിയുടെയോ മതത്തിന്റെയോ ഒരുകൂട്ടമാളുകളുടെ പിന്തുണയാണെന്ന ചിന്ത ഇന്ന് കേരളത്തിലെ തെക്കന്‍ജില്ലകളില്‍ അതിരൂക്ഷവും വടക്കന്‍ജില്ലകള്‍ മെല്ലെ ആ വഴി പിന്തുടരുകയും ചെയ്യുകയാണ്.

കേരളരാഷ്ട്രീയം സൂഷ്മമായി പരിശോധിക്കുന്ന ഒരാള്‍ക്കു മനസ്സിലാവും നമ്മുടെ രാഷ്ട്രീയം സജീവമായിരുന്ന തുടക്ക ഘട്ടത്തില്‍ ന്യൂനപക്ഷസമുദായങ്ങളില്‍ നിന്നും ഒട്ടേറെ നേതാക്കളുണ്ടായിരുന്നു.ഷാരടിമാര്‍ , വാര്യര്‍., എഴുത്തച്ഛന്‍.. അവര്‍ ബ്രാഹ്മണരോളം മേലെയല്ല .എന്നാല്‍ അത്ര താഴെയുമല്ല . അതുപോലെ ബാക്ക് വേഡ് കമ്യൂണിറ്റി വിഭാഗങ്ങള്‍... അതിനകത്ത് കുശവനുണ്ട് കൊല്ലനുണ്ട് മരപ്പണിക്കാരനുണ്ട്.ഇവരൊക്കെയിന്ന് മെല്ലെ മെല്ലെ നമ്മുടെ രാഷ്ട്രീയനേതൃത്വത്തില്‍ നിന്നും കാണാതായിക്കൊണ്ടിരിക്കുന്നു.ഒരു പിഷാരടിയോ വാര്യരോ നമ്മുടെ രാഷ്ട്രീയത്തിലില്ല.കെ കരുണാകരനല്ലാതെ ഒരു മാരാരില്ല.അപ്പുറത്തും ഇപ്പുറത്തുമില്ല.ഇതു പഠനാര്‍ഹമാക്കണ്ട കാര്യമാണ്. എന്തുകൊണ്ട്?മതാധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഒത്തുകൂടലിനിടയില്‍ ഇപ്പറഞ്ഞ ആളുകള്‍ക്ക് സ്ഥാനമില്ലാതായി.ഇവര്‍ക്ക് വോട്ടുബാങ്കുകളില്ലാത്തതിനാല്‍ പ്രീണിപ്പിച്ചു നിര്‍ത്തേണ്ട ബാധ്യത രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ല.അല്ലെങ്കില്‍ത്തന്നെ അവരെല്ലാം സംശയാലുക്കളുമാണ്.വന്നാല്‍ത്തന്നെ ഞങ്ങളുടെ സ്ഥാനം എവിടെയായിരിക്കും ? ചുരുക്കത്തില്‍ ഭൂരിപക്ഷസമുദായം കയ്യടക്കുന്ന ഒരിടമായി നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറിക്കൊണ്ടിരിക്കുന്നു.

*ഇത് രാഷ്ട്രീയത്തില്‍ മാത്രമുള്ള പ്രശ്‌നമല്ലല്ലോ. സിനിമതന്നെയെടുക്കാം. ദളിതരും പിന്നോക്ക വര്‍ഗ്ഗവും അഥസ്ഥിതരുമൊന്നും സിനിമക്കു പ്രമേയമാകുന്നതോ സിനിമാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതോ കാണുന്നില്ലല്ലോ?


-ശരിയാണ്. നോക്കൂ. എത്ര ആവേശത്തോടെയാണ് കുഴിച്ചുമൂടപ്പെട്ടബ്രാഹ്മണ്യത്തിന്റെ ഏറ്റവും മ്ലേച്ഛമായഅംശങ്ങളെ നമ്മള്‍ തിരിച്ചു കൊണ്ടുവരുന്നത്.എല്ലാ ഭൂരിപക്ഷ സമുദായങ്ങളും അതിന്റെ അടയാളങ്ങളുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്.ഗൃഹാതുരത്വത്തിന്റെ ഏറ്റവും കുളിര്‍മയുള്ള സഞ്ചാരവഴികളായിരുന്നു നമുക്ക് നാലുകെട്ടുകളുടെ ഇടനാഴികള്‍.പക്ഷേ ഒരുപാട് പാവം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഞെരിഞ്ഞമര്‍ന്നതും ഇതേ വഴികളിലായിരുന്നു.പത്തായപ്പുരയിലെ നെല്ലളക്കാന്‍ ചെന്നാല്‍ തന്റെ ശരീരത്തിലേക്ക് ഏതോ ഒരു ഭീമാകാരന്‍ വന്നു മറിയുമെന്ന് അവള്‍ക്കുറപ്പാണ്.പക്ഷേ ഇന്ന് നമ്മുടെ സിനിമകളില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തായപ്പുരകളെ ഏതോ ഗതകാലപ്രൗഢിയുടെ അടയാളങ്ങളായിട്ടാണ് വാഴ്ത്തുന്നത്.സ്ത്രീകള്‍ ധരിക്കുന്ന സീമന്തരേഖയിലെ സിന്ദൂരത്തിന്റെ കാര്യം തന്നെയെടുക്കാം; മുന്‍പൊക്കെ വിവാഹനാളുകളിലും ചിലപ്പോള്‍ ചില ചടങ്ങുകളിലും ധരിക്കും. അന്ന് ആരെങ്കിലും അവരെ കയ്യേറ്റം ചെയ്തിരുന്നോ?ഇല്ല. എന്നാലിന്നോ ?ഇന്ന് കല്യാണം കഴിഞ്ഞ ഏറ്റവും ചെറിയ കുട്ടി പോലും അതണിഞ്ഞ് ഒരു വിളംബരപ്പലക പോലെ കൊണ്ടുനടക്കുന്നതിലാണ് കൗതുകം.ഇതൊക്കെ നമ്മളിങ്ങനെ ഓരോന്നോരോന്നായി തിരിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്.

അതേ സമയം ഏറ്റവും പാവപ്പെട്ടവന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ നമുക്ക് പരിഹാസ്യമായി മാറുന്നു.അവനൊരു കാറുവാങ്ങിയാല്‍ അല്ലെങ്കില്‍ പകലൊരു കുട പിടിച്ചാല്‍ അത് അല്പന്റെ ലക്ഷണമാണ്.മന:പൂര്‍വ്വമാകണമെന്നില്ലെങ്കില്‍ കൂടി അതെങ്ങനെയൊക്കെയോ നമ്മുടെ സാഹിത്യത്തിലും കടന്നു വന്നിരിക്കുന്നു. സി വി ശ്രീരാമനുപോലും അവസാനമെഴുതിയ കഥകളില്‍ ഈ പാളിച്ച പറ്റി.പാവം പിടിച്ച വീട്ടുജോലിക്കാരിയുടെ ചില അല്‍പ്പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലാണ് അദ്ദേഹം കൗതുകം കണ്ടത്.പത്തുമുപ്പതു വര്‍ഷം മുന്‍പ് അവളുടെ ദൈന്യതയും അവളിലേക്കു വരുന്ന ആക്രമണങ്ങളുമായിരുന്നു നമ്മള്‍ പ്രതിരോധിച്ചിരുന്നതെങ്കില്‍ ഇന്നവള്‍ വാഷിംഗ് മെഷീന്‍ ചോദിക്കുന്നു , മിക്‌സി ചോദിക്കുന്നു, സ്‌കൂട്ടറില്‍ കൊണ്ടുവിടണമെന്നാവശ്യപ്പെടുന്നു എന്നിങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കി മാറ്റുന്നു.
പക്ഷേ സത്യമെന്താണ്. വീട്ടുജോലിക്കാരിക്കു കിട്ടുന്ന വരുമാനത്തിനകത്തു നിന്നുകൊണ്ട് അവരുടെ ജീവിതത്തിലേക്കു പഠിക്കാന്‍ ചെന്നാല്‍ ഏറ്റവും ദാരിദ്ര്യ പൂര്‍ണമാണ് അതെന്നു നമുക്ക് കാണാന്‍ പറ്റും.അവളുടെ നേര്‍ക്കു നീണ്ടുവരുന്ന ഗൃഹനാഥന്‍മാരുടെ കൈകള്‍ക്ക് അന്നും ഇന്നും വലിയ വ്യത്യാസമൊന്നും വരുന്നതുമില്ല.അപ്പോള്‍ ഇതു നമ്മള്‍ സൗകര്യപൂര്‍വ്വം കാണാതിരിക്കുകയാണ്.സി വി ശ്രീരാമന്‍ പോലും എന്നു പറഞ്ഞത് ഇടതു പക്ഷത്തിനൊപ്പം യാത്ര ചെയ്തുകൊണ്ട് എഴുതിയിരുന്ന ഒരു കഥാകാരന്‍ എന്ന നിലക്കാണ് ഇതിനൊക്കെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ജാതിചിന്തയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റവും അരക്കിട്ടുറപ്പിക്കലുമാണ്.

*സി പി എം പറയുന്നതുപോലെ പാര്‍ട്ടി പ്രവര്‍ത്തനവും ദൈവവിശ്വാസവും രണ്ടു തട്ടാണോ ?


-ഒരു സി പിഎം കാരനാണെന്ന തരത്തിലുള്ള ചോദ്യം വേണ്ട.ഒരു ഇടതുപക്ഷസഹയാത്രികനെന്ന നിലയില്‍ ഞാന്‍ എവിടെയൊക്കെ മനുഷ്യന്‍ അടിച്ചമര്‍ത്തപ്പെടുന്നോ അതില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ആളാണ്.ടിബറ്റന്‍ ജനതയെ സേന ആക്രമിച്ചാലും ചെച്‌നിയയെ റഷ്യ ആക്രമിച്ചാലും അതെന്തു രാഷ്ട്രീയത്തിന്റെയോ അധിനിവേശത്തിന്റെയോ പേരിലാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അവിടെ മര്‍ദ്ദനമേല്‍ക്കുന്നവര്‍ തന്നെയാണ് മുഖ്യം. അതല്ലാതെ എന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെച്‌നിയന്‍ ജനതയുടെ വേദന ഞാന്‍ കാണാതിരിക്കില്ല.ടിബറ്റിന്റെ കാര്യത്തില്‍ അമേരിക്കക്കു വേണ്ടി കളമൊരുക്കലാണ് ദലൈലാമ എന്നൊക്കെ രാഷ്ട്രീയകാരണങ്ങള്‍ പറയാനുണ്ടാവാം.പക്ഷേ ആ സത്യത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ മനുഷ്യനെ കൂട്ടക്കൊല ചെയ്യുകയല്ല വേണ്ടത് . അങ്ങനെ ചെയ്താല്‍ അതില്‍ സാര്‍ ചക്രവര്‍ത്തിമാരും ഹിറ്റ്‌ലറും മുസ്സോളിനിയും ചെയ്തിരുന്നതില്‍ നിന്നും വലിയ വ്യത്യാസമൊന്നും കാണുന്ന ആളല്ല ഞാന്‍.

*രാഷ്ട്രീയം ചോദിക്കാതിരിക്കാനാവില്ലല്ലോ. ഒറ്റപ്പാലത്തുനിന്ന് കെ ആര്‍ നാരായണനെതിരെ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശേഷം പിന്നീട് രാഷ്ട്രീയവേദികളിലൊന്നിലും കാണുന്നില്ലല്ലോ?ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതാണോ അതോ വീണ്ടും ഒരു വരവ് പ്രതീക്ഷിക്കാമോ?


അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും സിനിമ കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു .തീര്‍ച്ചയായും വിജയിച്ചിരുന്നുവെങ്കില്‍ സിനിമ എന്നില്‍ നിന്ന് ഒഴിഞ്ഞു പോയേനെ.പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യാനുള്ള വൈഭവം എനിക്കില്ല.ചെയ്യുന്ന മേഖലയില്‍ സത്യസന്ധമായിരിക്കണംഎന്ന് കുറെയൊക്കെ നിര്‍ബന്ധവുമുണ്ട്.ഞാന്‍ രാഷ്ട്രീയത്തില്‍ വിജയിച്ചാല്‍ അവിടെ പരിഹാരം കാണേണ്ട ഒട്ടേറെ ആവശ്യങ്ങളുമായി സമയത്തിന്റെ പരിധികളില്ലാതെയായിരിക്കും ജനങ്ങള്‍ വരിക. അപ്പോള്‍ അവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ എനിക്കാവില്ല. കലുങ്ക് ഉല്‍ഘാടനത്തിനും കടലില്‍ കല്ലിടുന്നതിനും പുഴയില്‍ നിന്ന് മണല്‍ വാരുന്നതിന്റെ മേളക്കും ഞാന്‍ പോകേണ്ടിവരും.അല്ലെങ്കില്‍ പുഴക്കെതിരെ ചിറ കെട്ടി വെള്ളം മറ്റൊരു വഴിക്കു തിരിച്ചുവിടുന്ന ജനകീയ ആവശ്യത്തിലേക്കു ചെന്നു നില്‍ക്കാന്‍ ഞാന്‍ വിധിക്കപ്പെടും.അങ്ങനെ ജനങ്ങളുടെ ആവശ്യങ്ങളുമായി ചേര്‍ന്നു പോകുമ്പോള്‍ തീര്‍ച്ചയായും എന്നില്‍ നിന്നും സിനിമ ഒഴിയും.അതെനിക്കന്നേ ഭയമുണ്ടായിരുന്നു.പിന്നെ എന്തിനു നിങ്ങള്‍ നിന്നു എന്ന ചോദ്യം സ്വാഭാവികമായി ആര്‍ക്കും ചോദിക്കാം.അത് അന്നേരത്തെ ചില സൗഹൃദങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും എന്റെ തന്നെ മനസ്സിന്റെ ചാഞ്ചാട്ടം കൊണ്ടുമാണ് സംഭവിച്ചത്.

*അതിനര്‍ത്ഥം ഇനി ഒരവസരം ലഭിച്ചാല്‍ അത് സ്വീകരിക്കില്ലെന്നാണോ?


-അതേ.ഞാന്‍ വരില്ല.

*മുദ്ര കുത്തപ്പെട്ട ഒരു കൂട്ടമാളുകളുണ്ടെന്നല്ലാതെ ഇടതു സഹയാത്രികരായ കലാകാരന്‍മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ സി പി എമ്മില്‍ നിന്നും മറ്റ് ഇടതു സംഘടനകളില്‍ നിന്നും അകന്നു തുടങ്ങിയിട്ടുണ്ടോ?അല്ലെങ്കില്‍ അവര്‍ തഴയപ്പെടുന്നുണ്ടോ? ഡോ. സെബാസ്റ്റിയന്‍ പോളിനെപ്പോലെയുള്ളവര്‍ തന്നെ ഉദാഹരണം.

-ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇടതുപക്ഷ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും ഒരു വേദിയായി ഇന്ത്യയിലാകമാനം വളര്‍ന്ന ഇപ്റ്റക്കുശേഷം പിന്നീട് അതുപോലെ ഒന്നുമുണ്ടായിട്ടില്ല .
കേരളത്തില്‍ പല ജീവല്‍ സാഹിത്യകാരന്‍മാരും പ്രസ്ഥാനങ്ങളും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളും പു.ക.സ യും വിവിധ അവാന്തരങ്ങളുമുണ്ടായി.കലയിലും സാഹിത്യത്തിലും നില്‍ക്കുന്ന ആളുകളെ തങ്ങളിലേക്ക് ഒരുമിച്ച് നിര്‍ത്തുകയും അവരുടെ മനോവികാരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.അങ്ങനെ അവരിലെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയണം.ഇങ്ങനെ വിശാലമായ അര്‍ത്ഥത്തിലുള്ള ഒരു പ്രവര്‍ത്തനം കേരളരാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം.

വിയോജിക്കുന്നവരുണ്ടാവാം.കാരണം ഇത്തരം സംഘടനകള്‍ക്ക് സംഘടനാപരമായ നിലനില്‍പ്പും അതിന്റെ നേതാക്കളും നിലവിലുള്ളപ്പോഴാണ് ഞാനിത് പറയുന്നത്.എല്ലാക്കാലത്തും നമ്മുടെ ജനങ്ങള്‍ക്കു സ്വീകാര്യരായ ചിന്തകന്‍മാരും എഴുത്തുകാരും ഇത്തരം സംഘടനകളില്‍ നിന്നും അതിന്റെ അതിരുകളില്‍ നിന്നും പുറത്തു തന്നെയായിരുന്നു.അവരിലെ രാഷ്ട്രീയബോധം, സഹജീവികളോടുള്ള താദാത്മ്യത, ചില യാഥാര്‍ത്ഥ്യങ്ങേളോടുള്ള അവരുടെ പ്രതിഷേധം അവരില്‍ കെട്ടടങ്ങാതെ നില്‍ക്കുന്ന ചില വിപ്ലവചിന്തകള്‍ ഇതൊക്കെക്കൊണ്ട് ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനത്തെ പല ഘട്ടങ്ങളിലും സഹായിച്ചിരുന്നു എന്നല്ലാതെ പ്രസ്ഥാനം തിരിച്ച് ഇങ്ങനെയൊരു ഒന്നിച്ചു നില്‍ക്കലിന്റെ അനിവാര്യതയെ കാര്യമായി പരിഗണിച്ചിരുന്നില്ല.

അതിനുള്ള പ്രധാനകാരണം സംഘടനാ സമ്പ്രദായത്തിനകത്ത് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസമാണ്.അധികാരങ്ങള്‍ കൈവിട്ടുപോകുമോ എന്നുള്ള ഭയം .അല്ലെങ്കില്‍ പാര്‍ട്ടിയുടെ,കളിയാക്കിപ്പറയുന്നതാണെങ്കിലും ഒരു ലെനിനിസ്റ്റ് ചട്ടക്കൂട്.അത്തരം ചട്ടക്കൂട്ടില്‍ പെടാത്തവരെ എന്തിനാണ് ഇങ്ങനെ ചേര്‍ത്തുവക്കുന്നത് എന്ന ചിന്ത. ആവശ്യം വരുമ്പോള്‍ അവര്‍ സ്വമേധയാ വന്നുകൊള്ളും .ഇങ്ങനെ ഒരു രീതി അല്ലാതെ ഇടതുപക്ഷവുമായി കൈകോര്‍ക്കുക എന്നത് കേരളരാഷ്ട്രീയത്തില്‍ ഇല്ല.അത്തരം ആര്‍ജ്ജവമുള്ള നേതാക്കള്‍ നമുക്ക് വിരളമാണ്.പി ഗോവിന്ദപ്പിള്ളയുണ്ട് . പക്ഷേ നമുക്കറിയാം പി ജിയുടെ വലിയ വിശാലമായ ചിന്താഗതി... ഒരുപക്ഷേ വിരുദ്ധചേരിയിലാണ് എന്നു പറയുന്ന ആളുകളോടുള്ള പി ജിയുടെ സഹവര്‍ത്തിത്വവും അനുഭാവവും..ഇതൊക്കെ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാകുന്നത്.അപ്പോള്‍ അങ്ങനെയുള്ള ആളുകളുടെ കുറവ് കാരണം നിലവിലുള്ളവരൊക്കെ ദൈനംദിന സജീവ രാഷ്ട്രീയത്തിന്റെ പ്രണേക്താക്കളാണ്.അവര്‍ക്ക് സാഹിത്യവും കലയുമൊക്കെ അവരുടെ ചിന്താഗതിക്കൊത്തായിരിക്കണമെന്ന ആഗ്രഹമല്ലാതെ മറ്റൈാന്നിനും സമയമില്ല.

*ദൈനം ദിന രാഷ്ട്രീയം കല ആസ്വദിക്കുന്നതിന് എങ്ങനെയാണ് പ്രതികൂലമാകുന്നത്?


-ഒരു നല്ല സിനിമ കാണാനോ വളരെ നല്ലൊരു മ്യൂസിക് സെഷനില്‍ ഇരിക്കാനോ ഒരു നല്ല മാറ്റത്തിന്റേതായ നാടകം കാണാനോ സമയമില്ലാത്തവരാണ് നൂറു ശതമാനവും.അവര്‍ സിനിമ കാണാന്‍ പോകുന്നത് തിരക്കുകളില്‍ നിന്നുള്ള ആശ്വാസത്തിനുവേണ്ടിയാണ് .കാണുന്ന സിനിമയോ അവര്‍ തന്നെ പിന്നീട് വേദികളില്‍ കുറ്റപ്പെടുത്തുന്നവയുമായിരിക്കും.അപ്പോള്‍ നിരന്തരം കുറ്റപ്പെടുത്തുകയും എന്നാല്‍ അതു മാത്രം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വം നമുക്കുണ്ട്.അതും സാധാരണക്കാരന്റെ പറച്ചിലുമായി വലിയ വ്യത്യാസമൊന്നുമില്ല.പകലന്തിയോളം പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരല്‍പ്പം ആഹ്ലാദത്തിനായി തീയേറ്ററില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ ജീവിതത്തിന്റെ മഹാസമസ്യയുടെ കെട്ടഴിക്കേണ്ട കാര്യമൊന്നുമില്ല.ഞങ്ങളെ ഒന്ന് ചിരിപ്പിച്ചു തരൂ, ഞങ്ങള്‍ അല്‍പ്പം ആഹ്ലാദം കൊള്ളട്ടെ ... ഇതാണല്ലോ കൊമേഴ്‌സ്യല്‍ സിനിമയുടെ ഏറ്റവും ലളിതമായ വേദവാക്യം.ഇത് അനുഭവിക്കാന്‍ വേണ്ടിമാത്രമാണ് നമ്മുടെ രാഷ്ട്രീയനേതൃത്വവും സിനിമാഹാൡല്‍ എത്തുന്നത്.

അതല്ലാതെ ഇത് ജീവിതത്തിന്റെ ഭാഗമാണെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ വഴികളിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണെന്നും ഉള്ള അറിവോടെ ഇത് സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല.ഇപ്പറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെ ബീജാവാപം നടന്നത് പലപ്പോഴും ഇത്തരം വേദികളില്‍ തന്നെയാണ് എന്നതാണ് വേറൊരു വൈരുദ്ധ്യം.ഇവരുടെ നാട്ടിലെ കൊച്ചു കലാക്ഷേത്രങ്ങളിലൂടെയും ഫിലിം സൊസൈറ്റികളില്‍ കൂടെയും വന്നവര്‍ തന്നെയാണവര്‍.പക്ഷേ ഈ കൂട്ടരുടെ കര്‍മ്മനിരത പിന്നീട് ഇതില്‍ നിന്നൊക്കെ ഇവരെ അകറ്റി.നമ്മുടെ നാട്ടിലെ ഏറ്റവും ബുദ്ധിഹീനന്‍മാരായ ,സമൂഹത്തില്‍ നടക്കുന്ന ഒന്നും അറിയാതെ ഫയലുകളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ബ്യൂറോക്രാറ്റുകളെപ്പോലെയായിരിക്കുന്നു രാഷ്ട്രീയനിര


*താങ്കള്‍ പറഞ്ഞതുപോലെ പു.
ക.സ പോലെയുള്ള സംഘടനകള്‍ ഒരുവശത്ത് സക്രിയമല്ല . അതേ സമയം മറുവശത്ത് യു ഡി എഫ് കലാകാരന്‍മാരുടെ ബദല്‍ കൂട്ടായ്മ രൂപപ്പെടുന്നു . കോഴിക്കോടു വച്ച് ശശി തരൂരിന്റെ നേതൃത്വത്തിലാണ് അതിന് തുടക്കമിട്ടത്. ഇത്തരത്തിലുള്ള ബദല്‍ സംഘടനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

-ഇതൊക്കെ വെറും ബദല്‍ ഉണ്ടാക്കല്‍ മാത്രമാണ്.തെരഞ്ഞെടുപ്പിലോ ഒരു പര്‍ട്ടിക്കുലര്‍ ഇഷ്യൂവിലോ കുറെ ചിന്തകന്‍മാരുടെ അഭിപ്രായം പത്രമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും അനുകൂലമായിട്ട് രേഖപ്പെടുത്തേണ്ടതുണ്ട്.അതിനുള്ള ഒരു നിരയെ എപ്പോഴും സജ്ജരാക്കണം.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുതല്‍ സാറാ ജോസഫു വരെയോ അല്ലെങ്കില്‍ സുകുമാര്‍ അഴീക്കോടു മുതല്‍ റോസ്‌മേരി വരെയോ ഉള്ള നിര ഒരു വശത്ത് . ഇവരുടെ പറച്ചിലിന്റെ ഒഴുക്കിനെ തടയാന്‍ വേണ്ടി വേറെ ബുദ്ധി കേന്ദ്രങ്ങളിലുണ്ടാകുന്നതാണ് ഈ ബദല്‍. തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറയുന്ന ഒരു നിര .അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നവരെയാണ് അവര്‍ക്കാവശ്യം.ഇതു പണ്ടു കാലത്തും ഉണ്ടായിട്ടുണ്ട് . നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലെയുള്ള നാടകങ്ങള്‍ നടക്കുമ്പോള്‍ അതിനു ബദല്‍ നാടകം ഉണ്ടാക്കാന്‍ - സി ജെ തോമസിനെ കൊണ്ട് ബദല്‍ നാടകം വിഷവൃക്ഷം ഉണ്ടാക്കാന്‍ -അന്നു ശ്രമിച്ചില്ലേ .സാംബശിവന്‍ കത്തിക്കയറിയപ്പോള്‍ ബദലായി മക്രോണി രാജനെ ഇറക്കിവിട്ടു.

ഇവിടെ തങ്ങള്‍ക്കനുകൂലമായ ,ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ബൈറ്റുകള്‍ സൃഷ്ടിക്കുന്നതിലേക്കുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ്.അതിനപ്പുറം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് കലാകാരന്‍മാര്‍ , നമ്മുടെ പ്രവര്‍ത്തനത്തിന്റെ കെട്ടുറപ്പുള്ള കണ്ണികളാണിവര്‍ എന്നെടുക്കാറേയില്ല.നമ്മള്‍ നേരത്തേ പറഞ്ഞ കപടസദാചാരം ഇവിടെയും ഒരു കാരണമാണ്.കലാകാരന്റെയോ എഴുത്തുകാരന്റെയോ ബലഹീനതകള്‍ ആണ് നമ്മള്‍ പെരുപ്പിച്ചു കാട്ടുക.മദ്യപാനത്തിലൊരു സര്‍ഗ്ഗാത്മകതയുണ്ടെന്നു തെളിയിച്ചയാളാണ് കടമ്മനിട്ട രാമകൃഷ്ണന്‍.അതെന്നവസാനിച്ചോ അദ്ദേഹത്തന്റെ സര്‍ഗ്ഗാത്മകതക്കു ബ്രേക്കും വീണു.അതിനെ ഒരു ബലഹീനതയായി കണ്ട് നമ്മള്‍ അക്കാലത്ത് കടമ്മനിട്ടയെ വിമര്‍ശിച്ചു.പിന്നീടുള്ള കടമ്മനിട്ട കടമ്മനിട്ട ആയിരുന്നില്ല.കാരണം ഒരു കവിയായ കടമ്മനിട്ടയെ നമ്മള്‍ക്കു നഷ്ടമാകുകയാണ് ചെയ്തത്.അപ്പോള്‍ ഞാന്‍ പറഞ്ഞത് നമ്മുടെ രാഷ്ട്രീയത്തിലെ 'സോ കാള്‍ഡ് സദാചാരം' അത്തരത്തിലാണെന്നാണ്.

അതുകൊണ്ടു തന്നെ അവരെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി നിര്‍ത്താന്‍ എപ്പോഴും ഭയമുണ്ടാവും.ഇയാള്‍ ചിലപ്പോള്‍ മാറ്റി പറഞ്ഞേക്കാം.ഇയാളുടെ പ്രവൃത്തികള്‍ മറ്റു തരത്തില്‍ ബാധ്യതയായേക്കാം.അപ്പോള്‍ ഏറ്റവും നല്ലത് ഇദ്ദേഹത്തെ നമുക്ക് ബൈറ്റുകളില്‍ കിട്ടുമോ എന്നന്വേഷിക്കാം.ഇദ്ദേഹം ഒരിക്കലും നമ്മുടെ ഭാഗമല്ലാതെയും ഇരിക്കും.അതിനര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും തള്ളിപ്പറയാമെന്നാണ് .ഈയൊരു സ്‌പേസിലാണ് ഇടതുപക്ഷത്തിന്റെ ബുദ്ധിജീവികളെ നിര്‍ത്തുക.ഞാനിപ്പറയുന്നത് രാഷ്ട്രീയത്തിന്റെ മാത്രം കുഴപ്പമാണെന്ന രീതിയിലല്ല .തങ്ങളുടെ കാര്യസാദ്ധ്യത്തിനുവേണ്ടി ഏതെങ്കിലും പക്ഷത്തു നില്‍ക്കുന്നതില്‍ ഭയമുള്ളവരും കലാകാരന്‍മാരുടെ കൂട്ടത്തില്‍ നല്ലൊരു ശതമാനമുണ്ട്. അവര്‍ക്ക് സ്ഥിരമായ ഒരു നിലപാടും ഇല്ല . അതുകൊണ്ടവര്‍ ഇടതുപക്ഷത്തിന്റെ സജീവ ആളാണെന്നു തോന്നുമ്പോള്‍ തന്നെ മറുഭാഗവുമായി ചങ്ങാത്തം പുലര്‍ത്തി നിങ്ങളുടെയും ആളാണ് എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും


*താങ്കളുടെ അന്യര്‍ എന്ന സിനിമ തന്നെയെടുക്കാം.ആനുകാലികമായ വിഷയമായിരുന്നു അത് കൈകാര്യം ചെയ്തത്.അന്യര്‍ മാത്രമല്ല താങ്കളുടെ തന്നെ മറ്റു ചില ചിത്രങ്ങളും.എന്നാല്‍ അതൊരു ബോക്‌സ് ഓഫീസ് വിജയമായിരുന്നെന്ന് പറയാനാവില്ല.അപ്പോള്‍ ഇത്തരം സിനിമകളെ സംരക്ഷിക്കാനും കാഴ്ചയുടെ സംസ്‌കാരം മാറ്റിയെടുക്കാനും ബോധപൂര്‍വ്വമായ ഒരു ശ്രമം സിനിമയുമായി ബന്ധപ്പെട്ട തലങ്ങളില്‍ നടക്കേണ്ടതല്ലേ?എന്തു ധൈര്യത്തിലാണ് നല്ല സിനിമ എടുക്കുക.?


നമ്മുടെ ചലച്ചിത്രത്തില്‍ അതിന്റെ പ്രാക്ടീഷണേഴ്‌സ് ആയിരുന്നില്ല ഒരു കാലത്തും ഇത് ചെയ്തിരുന്നത്.അതെന്തിനെയും പോലെ അറിയാനുള്ള അടങ്ങാത്ത ദാഹവും അശാന്തിയുമായി നടക്കുന്ന കേരളത്തിലെ മറ്റൊരു സമൂഹമായിരുന്നു.
സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെയും മറ്റും മാറ്റത്തിനു വേണ്ടിയാണ് അവര്‍ മുന്നോട്ടു വന്നത്.നമ്മുടെ രാഷ്ട്രീയത്തിനു പൊതുവില്‍ സംഭവിച്ച അപചയം , മൂല്യമില്ലായമ, നിരന്തരം അടിച്ചേല്‍പ്പിക്കപ്പെടുന്ന അല്ലെങ്കില്‍ തെളിഞ്ഞുവരുന്ന ജീവിതസൗകര്യങ്ങളെക്കുറിച്ചുള്ള പുതിയ സ്വപ്‌നങ്ങള്‍ ,അമേരിക്ക അല്ലെങ്കില്‍ കമ്പ്യൂട്ടര്‍... ഇങ്ങനെയൊക്കെയുള്ള ജീവിതശൈലിക്ക് വേണ്ടി കുട്ടികളെ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ശക്തരാക്കിയെടുക്കുന്ന മാതാപിതാക്കള്‍. പന്ത്രണ്ടാം ക്ലാസ്സുവരെ ഇന്നൊരുകുട്ടിക്കും സ്വതന്ത്രമായി ചിന്തിക്കാനോ വായിക്കുവാനോ കളിക്കുവാനോ ഉള്ള അവകാശം ഭൂരിപക്ഷം രക്ഷിതാക്കളും കേരളത്തില്‍ കൊടുക്കുന്നില്ല.. ഗ്രാമങ്ങളില്‍ ഇല്ലെന്നല്ല അതിനര്‍ത്ഥം. പിന്നീട് പ്ലസ് ടു മുതലാണ് അവന്‍ അല്പമൊന്ന് സ്വതന്ത്രവായു ശ്വസിക്കുന്നത്.അവിടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ അവന്റെ മേല്‍ വലിയ മതിലുകള്‍ തന്നെയാണ് കെട്ടിവക്കുന്നത്.അവിടവന് ഇഷ്ടപ്പെട്ട വസ്ത്രംധരിക്കാനോ ഇഷ്ടപ്പെട്ട വാക്കുകള്‍ പറയാനോ ഇഷ്ടപ്പെട്ട ഭാഷ ഉച്ചരിക്കാനോ അവകാശമില്ല.

അവന്റെ മേല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എന്ന കുരുക്കിട്ടുകൊണ്ട് അവിടെയും സമൂഹത്തിലെ മറ്റു കാഴ്ചകള്‍ കാണാതിരിക്കാന്‍ ഉള്ള മതിലുകളാണ് സൃഷ്ടിച്ചിട്ടുള്ളത്.പിന്നെ അവന്‍ സ്വതന്ത്രനാകുന്നത് കോളജ് വിദ്യാഭ്യാസത്തിലാണ്.അവിടെയും പ്രൊഫഷണല്‍ കോളജുകളിലേക്ക് നമ്മുടെ ശദ്ധ പോകുന്നു.ഇത്രയും കാലം തന്നെ വളര്‍ത്തിക്കൊണ്ടുവന്ന അച്ഛനുമമ്മക്കും ഉള്ള സ്വപ്‌നങ്ങളില്‍ നിന്നും തന്റെ തന്നെ കണ്‍മുന്നില്‍ തെളിയുന്ന അമേരിക്കന്‍ സ്വപ്‌നങ്ങളില്‍ നിന്നും മാറിയെങ്കില്‍ താനാരോടൊക്കെയോ തെറ്റുകള്‍ ചെയ്യുന്നു എന്നുള്ള ബോധം കുട്ടിയില്‍ കൃത്യമായി വേരോടും.പണ്ടും നിഷേധികളായി വന്നവര്‍ തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചത്.ഒരാള്‍ നിഷേധി ആകണമെങ്കില്‍ അതിനു പിന്നില്‍ അയാള്‍ക്കു വേറെ സ്വപ്‌നങ്ങളുണ്ടാകണം.

അതിന്നില്ല.സ്വപ്നങ്ങളൊക്കെയുമൊരുക്കുന്നത് അമേരിക്കയാണ് .അല്ലെങ്കില്‍ ചൈനയുടെ വില കുറഞ്ഞ സാധനങ്ങളാണ്.അപ്പോള്‍ സ്വപ്‌നങ്ങളില്ലാത്ത ഒരു സമൂഹത്തില്‍ കാപട്യത്തിന്റേതോ കരിയറിസത്തിന്റേതോ ആണ് ഒരാളുടെ മുന്നിലുള്ള ചുറ്റുപാടുകള്‍ .ഇതു തന്നെയാണ് രാഷ്ട്രീയമടക്കമുള്ള സംവിധാനങ്ങളുടേതെന്നും അറിയുമ്പോള്‍ അതില്‍ നിന്നുമുണ്ടാകുന്ന ഒരു മരവിപ്പ് ആണ് നമ്മുടെ സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.യുവാക്കളിലാണിതാദ്യം ഉണ്ടാകുന്നത്.മരവിപ്പിനപ്പുറം ഒരു കാഴ്ച അവന്റെ കണ്‍മുന്നില്‍ നിറയുന്നില്ല. അങ്ങനൊരു സമൂഹത്തില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നുള്ള പക്ഷക്കാരനാണ് ഞാന്‍.

*പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവിടെയുള്ള സിനിമാസംഘടനകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഒരു റോളും ഇല്ലേ?


-അതൊക്കെ വൈകാരികതലത്തിലല്ല കെട്ടുകാഴ്ചകളുടെ പുറത്താണ് സംഭവിക്കുന്നത്.നമ്മുടെ സൊസൈറ്റികള്‍ ഒട്ടുമുക്കാലും ഈ മേളക്കൊഴുപ്പുകളില്‍ പെടുകയും താരാരാധനകളില്‍ പെടുകയും ചെയ്തു. കാരണം ഇന്നു കാര്യങ്ങള്‍ ചെയ്തുകൂട്ടാന്‍ എളുപ്പമുണ്ട്.ഏതു കാര്യത്തിനും സ്‌പോണ്‍സര്‍മാരുണ്ട്.ഒരു നാടകം നടത്തുന്നതിലേക്ക് നാട്ടിന്‍പുറത്ത് നമ്മള്‍ ഒരു ഉത്സവം സംഘടിപ്പിക്കുന്നു എന്നു കരുതുക .ഞാനൊക്കെ അതിന്റെ ആളുകളായിട്ടുള്ളവരാ.കുറേപ്പേരു ചേര്‍ന്ന് രസീതുകുറ്റി അടിച്ചും അടിക്കാതെയും ആളുകളെ പൊയിക്കണ്ട് അമ്പലത്തില്‍ നമുക്കൊരു ദിവസം ഉല്‍സവം കൂട്ടണം.അവിടെ ഞങ്ങളുടെ നാടകമുണ്ടാവും എന്നൊക്കെപ്പറഞ്ഞിട്ടുള്ള നിരന്തരമായ ഒരുതരം ഇറങ്ങിത്തിരിക്കലാണ ത്്.ഇന്നതിന്റെ ഒരാവശ്യവുമില്ല.ഏതെങ്കിലും മിമിക്രിസംഘത്തെ വിളിച്ചുകൊണ്ടുവരും അഞ്ചോ പത്തോ ലക്ഷം കൊടുക്കും.ഒരു സിനിമാ പിന്നണിഗായകനും കൂടിയുണ്ടെങ്കില്‍ കുശാലായി.ഇന്നൊരു നാടകം കാണാന്‍ ആളില്ല.

മുന്‍പ് നമ്മുടെ ഉത്സവങ്ങളില്‍ സാംസ്‌കാരിക പരിപാടി കഴിഞ്ഞ് പ്രധാനപരിപാടിക്കു മുന്നോടിയായി ആളുകള്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുവരാനുള്ള ഒരിടവേളയില്‍ അന്ന് ചാക്യാര്‍ കൂത്തും ഓട്ടന്‍തുള്ളലും വച്ചിരുന്നു.അല്ലെങ്കില്‍ നാട്ടിലെ കൊച്ചുകലാകാരന്‍മാരുടെ പാട്ടോ നാടകമോ സ്‌കിറ്റോ എന്തെങ്കിലുമുണ്ടാവും.ഇന്നതില്ല.ആ ഒരു ഇടവേളകള്‍ അസ്തമിച്ചുപോയി.ഇടവേളകള്‍ അസ്തമിക്കുക എന്നുപറഞ്ഞാല്‍ നാട്ടിലെ നമ്മള്‍ തിരിച്ചറിയുന്ന കുഞ്ഞുമുകുളങ്ങളെയാണ് നമ്മള്‍ കാണാതെ പോകുന്നത്.
പകരം അവരെ കാണുന്നത് സ്റ്റാര്‍ സിംഗറുകളിലൂടെയാണ്.കഴിവിന്റെ മാറ്റുരക്കലിനപ്പുറം അവിടെ അവസാനത്തെ മാറ്റുരക്കല്‍ നടത്തുന്നത് വിധികര്‍ത്താക്കളല്ല. സ്‌പോണ്‍സേഴ്‌സാണ്.കോളജില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നു,വിദേശത്തുള്ള ബന്ധുമിത്രാദികളോ ആ രാജ്യം തന്നെയോ സ്്‌പോണ്‍സര്‍ ചെയ്യുന്നു.അങ്ങനെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നമുക്കെന്തും നേടാം എന്ന ഒരവസ്ഥ വന്നുപെട്ടിരിക്കുന്നു.അതായത് യഥാര്‍ത്ഥപ്രതിഭകള്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നു.

*സിനിമാരംഗത്തെ സംഘടനകള്‍ ഫലപ്രദമാണോ? വേണ്ടരീതിയില്‍ അവയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?


നമുക്ക് എല്ലായ്‌പോഴും സംഭവിക്കുന്ന ഒരു പിഴവ് ചലച്ചിത്ര സംഘടനകളുടെ കാര്യത്തിലും ഉണ്ടായി.ഒരുകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ച് മാനേജ്‌മെന്റിന്റെ അല്ലെങ്കില്‍ ജന്‍മിയുടെ ക്രൂരമായ മര്‍ദ്ദനങ്ങളെ നേരിട്ട് പിരിച്ചുവിടലുകള്‍ക്കു വിധേയമായി ജീവിതമാകെ താറുമാറാകുമ്പോഴും സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം എന്നും മറ്റുമുള്ള വിശ്വാസത്തില്‍ മുറുകി നിന്നു കൊണ്ടാണ് നമ്മുടെ നാട്ടിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ കെട്ടിപ്പടുത്തത്.പക്ഷേ അതിന്റെയൊക്കെ സര്‍ക്കാരുകള്‍ വന്നുകഴിഞ്ഞപ്പോ അത്തരത്തിലുള്ള കഷ്ടപ്പെടലുകള്‍ ആവശ്യമില്ലാതെ വന്നു.അങ്ങനെവന്ന നമ്മള്‍ എന്താ ചെയ്തത് വീണ്ടും എക്‌സെസ്സ് ആവാന്‍ തുടങ്ങി.ഒരുഫാക്ടറി വന്നാല്‍ എന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് അതിന്റെ ഉടമയെ വിരട്ടുന്ന ഘട്ടത്തിലേക്കു വരെ കടന്നു പോയി.എന്തും സംഘടിതതൊഴിലാളികള്‍ക്കു കീഴെയാണ് എന്ന കയ്യേറ്റത്തിന്റെ സ്വരം പലപ്പോഴും അതില്‍ ഉള്‍പ്പെട്ടു.

എന്നാല്‍ ഈയൊരു ട്രേഡ് യൂണിയനിസത്തിന്റെ അതിരുകടക്കല്‍ കേരളത്തില്‍ നിന്ന് മെല്ലെ മെല്ലെ ഒഴിഞ്ഞു.അതാര്‍ക്കും ഗുണം ചെയ്യില്ലെന്നും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനും അത് വിന തന്നെയാണെന്നുമുള്ള തിരിച്ചറിവ് ട്രേഡ് യൂണിയനുകള്‍ക്കുണ്ടായി.ഇതു കാണാതെ പോയതാണ് നമ്മുടെ സിനിമയിലെ പുതുതായി ജനിച്ച സംഘടനകളുടെ ദൗര്‍ബല്യം . അവരെന്തും സംഘടനാബലം കൊണ്ട് നേടിക്കളയാം എന്ന ഹൂങ്കിലേക്ക് ചെന്നെത്തി നില്‍ക്കുന്നു . അതുകൊണ്ടവര്‍ അദൃശ്യമായ വിലക്കുകളും ഭീഷണികളും ഉയര്‍ത്തുന്നു.പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല.ഒരു വ്യവസായമെന്ന നിലക്ക് അതു നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്.


ആ പ്രതിസന്ധികള്‍ എങ്ങനെയാണ് മറികടക്കേണ്ടതെന്ന കാര്യമാത്രപ്രസക്തമായ ആലോചന നടക്കുന്നതേയില്ല.അവിടെ കയ്യടിക്കുവേണ്ടിയുള്ള ആരോപണങ്ങള്‍ മാത്രമാണ് നടക്കുന്നത്. നടന്റെ കൂലിക്കൂടുതല്‍, അവന്റെ കൃത്യനിഷ്ഠയില്ലായ്മ, പ്രൊഡ്യൂസറുടെ കബളിപ്പിക്കലുകള്‍, ഫാന്‍സ് അസോസിയേഷനുകളുടെ കൂക്കുവിളികള്‍ എന്നിങ്ങനെ വിഷയത്തിന്റെ തൊലിപ്പുറത്തെ കാര്യങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ അതിന്റെ അടിസ്ഥാനവിഷയമെന്തെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല.നമ്മുടെ സിനിമ എന്തായിരിക്കണം,സിനിമക്ക് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നിലനില്‍ക്കാനാകുമോ,എന്തൊക്കെ ചേരുവകള്‍ ആവശ്യമുണ്ട് ,അല്ലെങ്കില്‍ ആവശ്യമില്ല ,വലിയ റിസ്‌കിലേക്കൊരാള്‍ ചെല്ലുന്നുണ്ടെങ്കില്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിലൂടെ തകര്‍ച്ചയുടെ കുഴി അയാള്‍ തോണ്ടുന്നു എന്നുള്ളിടത്ത് എത്തണമോ അതോ അയാളെ നമ്മുടെ വരുതിക്കു കൊണ്ടുവരണോ എന്നൊക്കെയാണ് ആലോചിക്കേണ്ടത്.അതുപോലെ തന്നെ നമ്മുടെ സിനിമ പത്തിരുപതു വര്‍ഷങ്ങളായി ഒരൊറ്റപ്രമേയത്തില്‍ നിന്നു ചുറ്റിത്തിരിയുന്നവയാണ്.അത് ആറാം തമ്പുരാനെന്നോ താന്തോന്നിയെന്നോ മാടമ്പിയെന്നോ ഉള്ള പേരുകളിലേക്ക് മാറുകയാണ്.ഒരുതരം പേരുമാറ്റങ്ങളാണ് ഇവിടെ നടക്കുന്നത്.അല്ലെങ്കില്‍ നടീനടന്‍മാരുടെ പ്രായത്തിനനുസരിച്ചും അല്ലാതെയുമുള്ള വേഷമാറ്റങ്ങളാണിവിടെ നടക്കുന്നത്.

*ഒരു കണക്കിന് ഇതിനൊരു കാരണമായി സൂപ്പര്‍സ്റ്റാര്‍ഡം മാറുന്നുണ്ടോ? കാരണം അവരെ ചുറ്റിപ്പറ്റിയാണല്ലോ ഇതൊക്കെ നടക്കുന്നത്.


-അവരെ മാത്രമായിട്ട് എങ്ങനെയാണ് കുറ്റം പറയുക.സ്വാഭാവികമായും സ്വന്തം സുരക്ഷക്ക് വേണ്ടിയുള്ള വലകള്‍ അവര്‍ നെയ്തുകൊണ്ടിരിക്കും.പക്ഷേ അത് മുറിച്ചുകടക്കുക എന്ന ധര്‍മ്മം വേറൊരാള്‍ക്കില്ലേ?എല്ലാക്കാലത്തും സ്റ്റാര്‍ഡം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് . പണ്ടുകാലത്തേക്കാള്‍ കുറെക്കൂടി ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഇക്കാലത്തു ചെയ്യുന്നു എന്നതാണ് വ്യത്യാസം.

കേരളത്തിലെ പൊതുസമൂഹം മൊത്തം അതിന്റെ കുറ്റക്കാരാണ്.കാരണം ഇന്ന് സൂപ്പര്‍ താരങ്ങളോടൊത്തുചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് രാഷ്ട്രീയനേതൃത്വം.കറണ്ടുപോയാലും കാലിത്തീറ്റയോ ലോട്ടറിയോ വില്‍ക്കാനാണെങ്കിലും റോഡുമുറിച്ചു കടക്കുന്നതിനെക്കുറിച്ചാണെങ്കിലും അത് ജനങ്ങളെ പഠിപ്പിക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ വേണമെന്ന അവസ്ഥയായി.

പണക്കാരായ പുത്തന്‍ കൂറ്റുകാര്‍ മുഴുവന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പടമെടുക്കാനും വ്യാവസായിക പങ്കാളികളാകാനും കൊതിക്കുന്നു.അപ്പോള്‍ അങ്ങനെയുള്ള സാമ്പത്തികസ്രോതസുകളില്‍ നിന്നുകൊണ്ടാണ് ഈ ആവര്‍ത്തനങ്ങള്‍ചെയ്തുകൊണ്ടിരിക്കുന്നത്.അതിനപ്പുറം സിനിമയെന്തെന്നോ സിനിമ എന്താവണമെന്നോ ഉള്ള യാതൊരുധാരണയും ഇത്തരം സ്രോതസുകള്‍ക്കാവശ്യമില്ല.അവര്‍ സ്വരൂപിച്ചുവച്ചിരിക്കുന്ന പണത്തിന്റെ ഏതോ ഒരു ശതമാനം ഇത്തരം ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നുവെന്നു മാത്രം.

സിനിമയില്‍ നിര്‍മ്മാണമെന്നു പറയുന്നത് നടനോടൊത്തു നില്‍ക്കുന്ന ഒരാഘോഷമാണ്.മുന്‍പ് ഒരാള്‍ ചലച്ചിത്രനിര്‍മ്മാണത്തിലേക്കു വരുന്നുണ്ടെങ്കില്‍ അയാള്‍ സ്വന്തം നിലക്ക് കുറെയെങ്കിലും പഠനങ്ങള്‍ക്കു തയ്യാറാകുമായിരുന്നു.അതുകൊണ്ടു തന്നെ അയാള്‍ക്ക് സ്വന്തം സിനിമകളേപ്പറ്റി കുറച്ചെങ്കിലും ധാരണയുണ്ടായിരുന്നു.അതില്‍ നല്ല സിനിമകളും മോശം സിനിമകളും ഉണ്ട്.തമാശസിനിമകളുടെ കൂടെ പുല്‍കി നടന്ന നിര്‍മാതാക്കളുണ്ട്.വൃത്തികെട്ട ഹൊറര്‍ ചിത്രങ്ങളുടെ നിരന്തര നിര്‍മ്മാതാക്കളായിട്ടുള്ളവരുണ്ട്.മഞ്ഞിലാസിനെയും എം ഒ ജോസഫിനെയും പോലെയുള്ള ആളുകള്‍ അന്നത്തെ ഏറ്റവും ജനപ്രിയമായ കഥകളുടെ പിന്നാലെ പോയി .അതു ചലച്ചിത്രമാക്കുന്നതിനുവേണ്ടി വൈഭവമുള്ള സംവിധായകരെ കണ്ടെത്തി. അവര്‍ മലയാളസിനിമക്ക് പല മുതല്‍കൂട്ടുകളും സൃഷ്ടിച്ചിു .ഇങ്ങനെ അന്വേഷണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സിനിമകളും ആഘോഷത്തില്‍ ചേര്‍ന്നു നില്‍ക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന സിനിമകളും... ഇതാണിപ്പോ നടക്കുന്നത്.

*ഇവിടെയൊക്കെയല്ലേ സംഘടനകള്‍ ഇടപെടേണ്ടത്?


-അതേ ,ഇവിടെത്തന്നെയാണ് . നമുക്കെന്തു സംഭവിച്ചു എന്നന്വേഷിക്കുകയാണ് വേണ്ടത്.അതല്ലാതെ താരത്തിന്റെ ഒന്നരക്കോടി പ്രതിഫലത്തെക്കുറിച്ചോ അവര്‍ തണുപ്പു കിട്ടാനുപയോഗിക്കുന്ന കാരവന്‍ വാഹനത്തേക്കുറിച്ചോ അല്ല തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടത്.

*ഇപ്പോ നമ്മുടെ മുന്നില്‍ തന്നെയുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് തിലകന്‍ പ്രശ്‌നം ,മലയാളത്തിന്റെ ആദ്യകാലനായിക എം കെ കമലത്തോട് സിനിമാരംഗം കാട്ടിയ അനീതി,സംശയങ്ങള്‍ അവശേഷിപ്പിക്കുന്ന നടന്‍ ശ്രീനാഥിന്റെ മരണം. പ്രശ്‌നം പരിഹരിക്കേണ്ട സംഘടനകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുകയല്ലേ?


-ഇതിനൊരു ബദല്‍ രൂപപ്പെടാതെ ഇത് അവസാനിക്കില്ല.ബദല്‍ രൂപപ്പെടുക എന്നു പറയുന്നത് അതിലേറെ ക്ലേശകരവും ആലോചനാപരവുമാണ്.നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ഞാന്‍ കാണുന്ന വ്യത്യാസം അവിടെ വിക്രമോ കേരളത്തില്‍ ഏറ്റവും ഹരമായ വിജയോ ചെറുപ്പക്കാരുടെ ഹാര്‍ട്ട് ത്രോബ് ആയ സൂര്യയോ എല്ലാവരുടെയും ഷുവര്‍ സെല്‍ ആയ രജനികാന്തോ ആകട്ടെ; ഇവരൊക്കെ ഒന്നും രണ്ടും വര്‍ഷം കൂടുമ്പോള്‍ ആണ് അവരുടേതായ ഒരു സിനിമ പുറത്തു വിടുന്നത്.എന്നു പറഞ്ഞാല്‍ അത്രയേറെ നിരന്തരമുള്ള ആലോചനകള്‍ നടത്തുന്നുണ്ട്.മലയാളത്തിലാണൊരാള്‍ പരുത്തി വീരന്‍ ചെയ്തിരുന്നതെങ്കില്‍ അയാളുടെ എത്ര സിനിമ പിന്നീട് കാണാമായിരുന്നു.അയാളെ അപ്പോള്‍ തന്നെ തൂക്കി എടുത്തുകൊണ്ടുപോയി പത്തു ലക്ഷം കൂടുതല്‍ തരാമെന്ന് പറഞ്ഞ് അയാളുടെ ബുദ്ധിയില്‍ ഒരിക്കലും ഉദിക്കാത്ത പ്രമേയങ്ങള്‍ അടിച്ചേല്‍പ്പിച്ച് മോഹവലയത്തില്‍ പെടുത്തി അടുത്ത സിനിമ എടുക്കുന്നു.

അത് പൂര്‍ണ്ണമായി പരാജയപ്പെടുന്നു.അപ്പോള്‍ നമ്മള്‍ പറയുന്നു സിനിമ വളരെ പ്രതിസന്ധിയിലാണെന്നും നിര്‍മ്മാതാവിനെല്ലാം നഷ്ടമായെന്നും .ഏതെങ്കിലും ഒരു നിര്‍മ്മാതാവ് ഞാനിപ്പറഞ്ഞതുപോലെ അന്വേഷണം ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ടോ. ഇവിടെ പല സംവിധായകരുടെയും നിലനില്‍പ്പെന്നു പറയുന്നത് സൂപ്പര്‍ സ്റ്റാറുകളുടെ പിന്നാലെ നടന്ന്് അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ മുറിയെടുത്ത് ലൊക്കേഷനുകളില്‍ കൂടെ ചുറ്റിപ്പറ്റി നിന്ന് ഡേറ്റ് സമ്പാദിക്കുന്നതിലാണ്.പിന്നീടത് വളരെപ്പെട്ടെന്ന് ലേലത്തിനു വിളിച്ച് സംവിധായകനെ കൊണ്ടുപോകുന്നു.അയാള്‍ നേരെ ഡിസ്ട്രിബ്യൂട്ടറുടെ അരികില്‍ ലേലത്തിന്റെ ഒരു ടാഗ് വക്കുന്നു.

മിക്കവാറും ഈ നടന്‍ തന്നെ പറയും നീ അയാള്‍ക്കുവേണ്ടി ചെയ്യുണമെന്ന്്.കാരണവും എനിക്കു വ്യക്തമായി അറിയാം.ഇരുപത്തി അഞ്ചും അന്‍പതും ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ മുപ്പതു മുപ്പത്തിയഞ്ചു പടങ്ങള്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ കൈകളില്‍ നില്‍ക്കുന്നുണ്ടിപ്പോള്‍.എന്തു സിനിമയാണ് ചെയ്യാന്‍ പോകുന്നതെന്നോ ആരാണ് സംവിധാനം ചെയ്യുന്നതെന്നോ അവര്‍ക്കറിയില്ല. മുപ്പത്തി അഞ്ചു സിനിമ ശേഷിച്ച കാലം കൊണ്ട് ചെയ്തു തീര്‍ക്കുമോ എന്നു പോലും അവര്‍ക്കറിയില്ല.പക്ഷേ അത്രയും അഡ്വാന്‍സ് അവരുടെ കയ്യിലുണ്ട്.

*എങ്കിലും നല്ല പ്രൊജക്ടിനായിരിക്കില്ലേ താരങ്ങള്‍ മുന്‍ഗണന നല്‍കുക.?


കൂടുതല്‍ അഡ്വാന്‍സ് കൊടുക്കുന്നയാള്‍ക്കാണ്, പ്രൊജക്ടിനല്ല ഏറ്റവും അടുത്ത ദിവസത്തെ ഡേറ്റു കൊടുക്കുക.ആ ഘട്ടത്തില്‍ അവരെ സമീപിച്ച് കഥ പറഞ്ഞ് അല്‍പ്പമൊക്കെ ചെയ്യാനുണ്ടെന്ന തോന്നലുണ്ടാക്കുന്നവര്‍ക്ക് ഡേറ്റു കൊടുക്കും.എന്നിട്ട് ഈ നടന്‍ അയാള്‍ക്ക് വീണു കിട്ടുന്ന അവസരത്തിലാണ് ചെയ്യാന്‍ പറയുക.ചില പടങ്ങള്‍ ക്യാന്‍സല്‍ ആയിപ്പോകും . അപ്പോള്‍ വിളിച്ചു പറയുകയാണ് അടുത്താഴ്ച എന്റെ പടം ക്യാന്‍സലാണ് നീ തുടങ്ങിക്കോ.ഒട്ടും പ്രിപ്പയേര്‍ഡ് ആയിരിക്കില്ല അപ്പോള്‍. ഒരു നടന്‍ മാത്രമല്ലല്ലോ ഒരു സിനിമക്കകത്ത്.അയാളുമായി ഒത്തിണങ്ങുന്ന സാങ്കേതിക വിദഗ്ധരുണ്ടാവണം. കഥക്കനുയോജ്യരായ മറ്റുകഥാപാത്രങ്ങളുണ്ടാവണം.ഇതൊന്നും നിര്‍മ്മാതാവിന്റെ മുന്നില്‍ അന്നേരമുണ്ടാവില്ല. ആകെയുള്ളത് ദൈവത്തിനു തുല്യനായ സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റാണ്.അതു വച്ച് അയാളങ്ങു തുടങ്ങാന്‍ നിര്‍ബന്ധിതനാകുകയാണ്.

പിന്നീടാണയാള്‍ മറ്റു ചേരുവകള്‍ വലിച്ചെടുക്കുന്നത്.പ്രധാനനടനു വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റുകളാണ് പിന്നീട് .ഈ അഡ്ജസ്റ്റ്‌മെന്റിനിടയില്‍ ഒരു സഹനടന്‍ ഒരിടത്തു കുടുങ്ങിയാല്‍ ഇവിടെ വര്‍ക്കില്ലാതാകുന്നു.ഇവിടെ ഒരു ദിവസം വര്‍ക്കില്ലാതായാല്‍ രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ പാഴാകുന്നു.പിന്നെ ഈ അഡ്ജസ്റ്റ് ചെയ്തുവരുന്ന നടനെ ഈ സിനിമക്കകത്തുള്‍പ്പെടുത്തി അയാളില്‍ നിന്ന് ഊറ്റാവുന്നത് ഊറ്റുന്നതിലേക്കുള്ള തത്രപ്പാടാണ് .ഇങ്ങനെ വരുമ്പോള്‍ ഫിലിം മേക്കിംഗില്‍ വേറൊരഡ്ജസ്റ്റ്‌മെന്റാണ് നടത്തേണ്ടിവരുന്നത്.ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ കൊണ്ട് സൃഷ്ടിച്ചുവിടുന്ന സിനിമകളാണ് പരാജയപ്പെടുന്നത്.തമിഴിലും പരാജയപ്പെടുന്നുണ്ട് ;ഇല്ലെന്നല്ല.സര്‍ഗാത്മക പ്രവൃത്തി എന്ന നിലയില്‍ ലോകത്തവിടെയും ഹോളിവുഡിലും പരാജയപ്പെട്ടേക്കാം.പക്ഷേ അവിടെയൊക്കെ ഒരന്വേഷണത്തിനെങ്കിലും അവര്‍ ശ്രമിക്കാറുണ്ട്.ഇവിടെ കുറുക്കുവഴികള്‍ മാത്രമേയഉളൂ.മറ്റുള്ളവര്‍ വഴി തെളിയിച്ചുകൊണ്ട് അവരുടെ ലക്ഷ്യത്തിലേക്കെത്താന്‍ നോക്കുമ്പോള്‍ മലയാളസിനിമ കുറുക്കുവഴികളിലൂടെ സഞ്ചരിക്കുന്നു.കുറുക്കു വഴികള്‍ പലപ്പോഴും ദിശയറിയാതെ പകച്ചു പോകുന്നതാണ്.കൈനാട്ടികള്‍ ഒരിടത്തുമില്ല.

*സംഘടനകള്‍ക്ക് ബദല്‍ രൂപപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പറഞ്ഞു.ഇപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ രൂപമെടുത്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകളെ പകരം വക്കാനാവുമോ? ക്രിയേറ്റീവായ ഒരു മേഖലയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഒരു പക്ഷമുണ്ടല്ലോ.


-ഞാനതിനകത്ത് കുറെക്കൂടെ ലിബറലാണ് .ഒരാള്‍ക്ക് ഒരു ട്രേഡ് യൂണിയന്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്.വേണമെന്നാണ് ആഗ്രഹമെങ്കില്‍ അയാള്‍ക്ക് ട്രേഡ് യൂണിയന്‍ വാഗ്ദാനം ചെയ്യുന്ന ചില അവകാശങ്ങള്‍ ഉറപ്പു വരുത്താം.അയാളുടെ തന്നെ സംരക്ഷണത്തിന് സംഘടന ആവശ്യമുണ്ടെങ്കില്‍ അയാള്‍ അതിനകത്തു ചേര്‍ന്നാല്‍ മതി.എനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും ഒരു സംഘടനയിലും ചേരേണ്ടതില്ലെന്നുമാണ് ഒരാളുടെ തീരുമാനമെങ്കില്‍ അയാളെ അതിനനുവദിക്കണം.അത് ട്രേഡ് യൂണിയനിസത്തിന്റെ ബാലപാഠമായിത്തന്നെ എടുക്കേണ്ട കാര്യമാണ്.

*ഇത്തരം സംഘടനകളുടെ വരവ് നല്ലതാണോ?


- ഇതിനകത്തൊരു ഡിസിപ്ലിന്‍ ഉണ്ടാകാന്‍ സംഘടനകള്‍ നല്ലതു തന്നെയാണ് .സാമ്പത്തികമായി കെട്ടുപിണഞ്ഞിരിക്കുന്നതു കാരണം അതിനു ചില ഉറപ്പുകളുണ്ടാക്കാന്‍ സംഘടന ആവശ്യമാണ്. സംഘടന വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് സംഘടന വേണ്ട എന്നു വക്കാനുള്ള ഒരാളുടെ അവകാശത്തെ നമ്മള്‍ ഹനിച്ചുകൂടാ എന്നാണ്.

അതു വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണ്. വളരെ രഹസ്യമായി ഇന്നയാളെ മറ്റു സിനിമകളിലഭിനയിപ്പിക്കേണ്ടതില്ല എന്നൊക്കെ സര്‍ക്കുലറുകളിലൂടെ , ഫോണ്‍കാളുകളിലൂടെ പറഞ്ഞുതീര്‍ക്കുന്നു. അതിനു രേഖുയുമുണ്ടാവില്ല . അത് ഒരു കുറുക്കനായ സ്വേശ്ചാധിപതിയുടെ പണി തന്നെയാണ്.അങ്ങനെ ചെയ്യരുത്.അതാണെനിക്ക് ഏതു മേഖലയിലുള്ള ട്രേഡ് യൂണിയനുകളോടും പറയാനുള്ളത്.ഒരാള്‍ക്കു വേണ്ടെന്നുണ്ടെങ്കില്‍ നിങ്ങളയാളെ സഹായിക്കേണ്ട. പക്ഷേ അയാളോടൊപ്പം കൂടിയാല്‍ കൂടുന്നവനെ പിന്നെ ഈ രംഗത്തു കാണിക്കില്ല പറപറപ്പിച്ചുകളയും എന്നൊക്കെ പറയുന്നതു ശരിയല്ല.

*ഹിന്ദിയില്‍ രംഗ് രസിയ എന്ന പേരിലും ഇംഗ്ലീഷില്‍ കളര്‍ ഓഫ് പാഷന്‍സ് എന്ന പേരിലും കേതന്‍ മേത്തയുടെ രവിവര്‍മ്മച്ചിത്രങ്ങള്‍ , ഹിന്ദിയിലും മലയാളത്തിലും നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന ഷാജി എന്‍ കരുണ്‍ ചിത്രമായ സൂര്യമുഖിയുടെ നീണ്ടു പോകുന്ന പ്രൊജക്ട്. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങാന്‍ പോകുന്ന രവിവര്‍മ്മച്ചിത്രം താങ്കളുടെ മകരമഞ്ഞാണ്. എന്താണ് ചിത്രത്തിന്റെ ഹൈലൈറ്റ്?


-ഈ സിനിമ മലയാളത്തിനൊരു പുതിയ കാഴ്ചയും അനുഭവവുമായിരിക്കും.എന്റെ സിനിമകളുടെ പരിമിതി ഏറ്റവും നന്നായി അറിയുന്ന ആളാണ് ഞാന്‍.അതു കൊണ്ടുതന്നെ വളരെ താഴ്ന്ന നിലകളില്‍ നിന്നുകൊണ്ടാണ് ഞാനെന്റെ സിനിമയെക്കുറിച്ചു പറയാന്‍ ശ്രമിക്കുന്നത്.ഇതൊരു പുതിയ പരീക്ഷണമാണെന്നു പറയുന്നത്് മലയാളസിനിമക്ക് ഒരുപക്ഷേ അപരിചിതമായിരിക്കും ഇതിന്റെ രീതി എന്നതുകൊണ്ടാണ്.ലോകത്ത് ഇത്തരം സിനിമകളൊക്കെയണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ ഒരു മാതൃക എന്റെ മുന്നിലില്ല.ഇവിടെ ഞാന്‍ ചെയ്യുന്നത് ചിത്രകാരന്റെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നും ഒരു ചലച്ചിത്രം രൂപപ്പെടുത്തുകയാണ്.ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോണ്‍സാച്ചന്റെ സംഘര്‍ഷം പോലെ . രവിവര്‍മ്മ ഒരു ചിത്രം രചിക്കുന്നതിലേക്ക് രോഡലിനെ കണ്ടെത്തുന്നു.

ഉര്‍വ്വശിയും പുരൂരവസും എന്ന ചിത്രം വരക്കാന്‍ .അക്കാലത്ത് ഉര്‍വശിയുടെ പോസിലേക്കു നില്‍ക്കാന്‍ ആത്മാഭിമാനമുള്ള ഏതു പെണ്ണും കുറച്ച് പിന്നോക്കം പോകും.കാരണം അവള്‍ ഒരന്യപുരുഷന്റെ മുന്നില്‍ എക്‌സ്‌പോസ് ചെയ്യപ്പെടും.പക്ഷേ രവിവര്‍മ്മ ഇതിഹാസത്തിലെ പുരൂരവസിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമുഹൂര്‍ത്തത്തെക്കുറിച്ച് ഈ മോഡലിനോടു പറഞ്ഞുകോണ്ടിരിക്കുമ്പോള്‍ അവള്‍ ആ കഥയില്‍ അകപ്പെട്ടുപോകുകയാണ്.അന്നേരമവള്‍ പുരൂരവസായി സങ്കള്‍പ്പിക്കുന്നത് ചിത്രകാരനെത്തന്നെയാണ്.ചിത്രകാരന്റെ മനസ്സില്‍ എന്നോ ഉര്‍വ്വശിയായി ചേക്കേറിയതാണിവള്‍.ചിത്രകാരന്റെയും മോഡലിന്റെയും ജീവിതത്തിനും പുരൂരവസിന്റെയും ഉര്‍വ്വശിയുടെയും ജീവിതാവസ്ഥ തമ്മിലും പലപ്പോഴും സാമ്യമുണ്ട്. ഇതാണ് ഞാന്‍ സിനിമയില്‍ അനേഷിക്കുന്നത്.


*രാജാരവിവര്‍മ്മക്കൊപ്പം താങ്കളുടെ സ്വാതി തുിരുനാള്‍ കൂടി എടുക്കാം .രണ്ടും ചരിത്ര കഥാപാത്രങ്ങള്‍ . ഒന്ന് യഥാതഥമായി പറയുമ്പോള്‍ മറ്റൊന്ന് കാല്‍പ്പനികമായി . അതെന്താണങ്ങനെ?


-രണ്ടും രണ്ടു രൂപത്തിലാണെന്നെ ആകര്‍ഷിച്ചതും ചിന്തിപ്പിച്ചതും.ഒന്നെല്ലാ സുഖലോലുപതക്കുമിടയില്‍ നിന്നുകൊണ്ട് സംഘര്‍ഷമേറ്റുവാങ്ങുന്ന മഹാരാജാവിലെ എപ്പോഴും തിളച്ചു കൊണ്ടിരുന്ന കലാകാരന്‍ .അതിനു നേരെ എതിര്‍മുഖം കാട്ടി നിന്ന സമൂഹം.രാഷ്ട്രീയാധികാരത്തില്‍ രാജാവ് എന്ന പദവി മാത്രം അനുഭവിക്കാനുള്ള അവകാശം ലഭിക്കുകയും എന്നാല്‍ ഭരണത്തിന്റെ എല്ലാ അധികാരവും ബ്രട്ടീഷുകാരനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നതിന്റെ അവമാനം.ഇത് ആത്മാഭിമാനമുള്ള ഏതു വ്യക്തിയുടെയും ആന്തരിക സംഘര്‍ഷത്തിന് കാരണമാകും.ആ ആംഗിളിലാണ് ഞാന്‍ സ്വാതിതിരുനാള്‍ ചെയ്തത്.അന്നു വരെ ആരും സ്വാതിതിരുനാളിനെ അങ്ങനെ സമീപിച്ചിരുന്നില്ല എന്നെനിക്ക് ധൈര്യമായി എവിടെയും പറയാന്‍ കഴിയും.കാരണം അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടെ ദൈവത്തിന്റെ വേറെ പ്രതിപുരുഷനെന്ന നിലക്ക് സ്വാതിതിരുനാളിനെ പാടി പുകഴ്ത്തുന്ന ചരിത്രകാരന്‍മാരേ ഉണ്ടായിട്ടുള്ളൂ.തിരുവിതാംകൂറിന്റെ ചരിത്രമെഴുതിയവരൊക്കെ ആ വഴിക്കേ പോയിട്ടുള്ളൂ.ചരിത്രത്തിലുള്ള ആഖ്യായികകള്‍ എഴുതിയ സി വി പോലും അത്തരത്തിലാണ് എഴുതിയത്,.പക്ഷേ ചില വിമര്‍ശനങ്ങള്‍ സി വി ഒളിപ്പിച്ചു വച്ചിരിക്കുന്നതും നമുക്ക് കാണാന്‍ കഴിയും.അന്നത്തെ ചുറ്റുപാടില്‍ രാജകുടുംബത്തിനൊക്കെ എതിരെ എഴുതുവാന്‍ മഹാവിപ്ലവകാരിക്കു മാത്രമേ സാധിക്കൂ.

അങ്ങനെ ഒരു വിപ്ലവകാരിയാകാന്‍ സി വി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.ഞാന്‍ പറഞ്ഞത് ഇങ്ങനെ അവതാരം പോലെ പാടിപ്പുകഴ്ത്തപ്പെട്ട ഒരു സ്വാതിതിരുനാളില്‍ നിന്ന് സംഘര്‍ഷത്തിന്റെ തിളക്കലില്‍വെന്തുരുകിക്കൊണ്ടിരുന്ന ഒരു പച്ചയായ മനുഷ്യനിലേക്കുള്ള ഒരു കണ്ടെത്തലായിരുന്നു ആ സിനിമ.
.രവിവര്‍മയുടെ ജീവചരിത്രം വായിക്കുന്ന ഒരാള്‍ക്ക് തിരുവിതാംകൂര്‍ കൊട്ടാരത്തിനകത്തു നടന്നഒട്ടനവധി അന്തര്‍നാടകങ്ങളിലൂടെയും കടന്നു പോകാം.പക്ഷേ എന്നെ അതല്ല ആകര്‍ഷിച്ചത്.രവിവര്‍മയെന്ന കലാകാരന്റെ ആത്മസംഘര്‍ഷമാണ്.അതിനുപോല്‍ബലകമായ കുറെയേറെ സത്യങ്ങള്‍ പലയിടത്തും എഴുതപ്പെട്ടിട്ടുള്ളവയില്‍ നിന്ന് നമുക്കു ലഭിക്കും.രവിവര്‍മ്മ ചിത്രകാരനെന്ന നിലക്ക് അദ്ദേഹത്തിന്റെ കാലത്തു തന്നെ അവമതിക്കപ്പെട്ടു.രവിവര്‍മയുടെ ചിത്രമെഴുത്തിന്റെ വൈദഗ്ധ്യം ലോകത്തിന്റെ മുന്നില്‍ വീണ്ടും തിരിച്ചുകൊണ്ടുവന്നിട്ട് വളരെക്കുറച്ചു കാലമേ ആയിട്ടുള്ളൂ.

അതേവരെ ഫോട്ടോഗ്രാഫി, യഥാതഥം, ഭാരതീയ ചിന്തകളെ നശിപ്പിച്ചവരിലൊരാള്‍ എന്നൊക്കെയായിരുന്നു വിമര്‍ശനം .അതിന് കൃത്യമായ ചില ലോബിയിംഗ് ഉണ്ടായിരുന്നു.കേരളത്തിന്റെ ചുമര്‍ചിത്രകലയുമായി ബന്ധപ്പെട്ട രൂപങ്ങളാണ് കേരളിയമായ ചിത്രങ്ങളില്‍ വന്നുകൊണ്ടിരുന്നത്.രവിവര്‍മ്മ കേരളീയമായ ബിംബങ്ങളെയും കലാരൂപങ്ങളെയും തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.അതുകൊണ്ടു തന്നെ ഒരു കേരളീയചിത്രകാരനല്ല എന്ന് അക്കാലത്ത് പറയപ്പെട്ടിരുന്നു.ഇന്ത്യന്‍ ചുത്രകാരനാണെന്നും സമ്മതിച്ചിരുന്നില്ല.

ഭാരതീയ ചിത്രകലയെ ആകെ തള്ളിക്കളഞ്ഞുകൊണ്ട് വിദേശചിത്രകലയെ സ്വീകരിച്ചയാളാണെന്നും എന്നാല്‍ വിദേശചിത്രകാരന്‍മാര്‍ക്കൊപ്പം എത്താന്‍ കഴിയാത്ത പരാജിതന്‍ ആണെന്നുമാണ് രവിവര്‍മ്മ ജീവിച്ചിരുന്നപ്പോഴും പിന്നീട് ഒരു പത്തു നൂറു വര്‍ഷവും വിലയിരുത്തപ്പെട്ടത്.എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല വിഷയം . അവമതിക്കപ്പെട്ടതുപോലെതന്നെ രവിവര്‍മയുടെ മുന്നില്‍ ഒട്ടേറെ സാമൂഹ്യ വിലക്കുകളും ഉണ്ടായിരുന്നു.തിരുവിതാംകൂര്‍ രാജാവിന് കടല്‍ കടന്നുപോകുന്നയാളെ തിരിച്ചു സ്വീകരിക്കുന്നത് മ്ലേച്ഛമായ കാര്യമാണ്.രവിവര്‍മ്മയും പലപ്പോഴും ആ വിശ്വാസങ്ങളില്‍ പെട്ടിരുന്ന ആളാണെന്നു വേണം കരുതാന്‍.യൂറോപ്യനിസം ചേര്‍ന്ന ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്.

അതേസമയം കേരളീയ ആചാരബദ്ധവുമായിരുന്നു.തന്റെ രാജാവിന്റെ തിട്ടൂരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണദ്ദേഹം മുംബൈയില്‍ കഴിയുന്നത്.പക്ഷേ കടല്‍ കടന്നു പോകുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജാവിനോട് വഴങ്ങുകയും ചെയതു.അങ്ങേയറ്റം ആഗ്രഹമുണ്ടായിരുന്നു ലോകചിത്രകാരന്‍മാര്‍ക്കൊപ്പം മത്സരത്തിനോ പ്രദര്‍ശനത്തിനോ ചെന്നു നില്‍ക്കണമെന്ന്.അതിനുള്ള സൗകര്യം രവിവര്‍മ്മക്കൊരുക്കിക്കൊടുക്കാന്‍ ബ്രട്ടീഷ് ഭരണകൂടം തയ്യാറായിരുന്നു . പക്ഷേ അദ്ദേഹം പോയില്ല.

പിന്നെ ബോംബേ ജീവിതത്തിനിടക്ക് കോടതിയില്‍ തന്റെ ചിത്രങ്ങള്‍ വിസ്തരിക്കപ്പെടുന്ന സംഭവം.അവിടെയൊക്കെ ബ്രട്ടീഷ് കോടതി ആയതുകൊണ്ടാണ് രവിവര്‍മ്മയെ പുറത്തു വിടുന്നത്.ഒരു പക്ഷേ സമൂഹം കുറേക്കൂടി പൊറുക്കുന്നവരായതുകൊണ്ടാണ് രവിവര്‍മ്മയുടെ കഴുത്തില്‍ തല ഇരുന്നത്.സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് അറിയുകയും ശ്വസിക്കുകയും ചെയ്ത ഇക്കാലത്ത് എം എഫ് ഹുസൈനെപ്പോലെയൊരാളെ നമ്മള്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്തത്.അതാലോചിക്കുമ്പോഴാണ് ആ കാലം എത്ര സഹനശക്തിയുള്ളതായിരുന്നുവെന്ന തിരിച്ചറിയുക.

ബ്രട്ടീഷുകാരന്റെ സംരക്ഷണം രവിവര്‍മ്മക്കുണ്ടായിരുന്നു. സംരക്ഷണമെന്നു പറയുന്നത് സാമ്പത്തികവും അംഗീകരിക്കലും മാത്രമാണ്.വെളിയിലിറങ്ങി നടക്കുമ്പോള്‍ ഏതെങ്കിലും മതതീവ്രവാദികളുടെ ആക്രമണത്തിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.അബ്രാഹ്മണരുടെ വീടുകളില്‍ ദൈവങ്ങളെ വച്ചു പൂജിക്കാനവകാശമില്ലാത്തിടത്ത് അവ അച്ചടിച്ചു കയറ്റിവച്ചു.ഇന്നു നമ്മള്‍ ആലോചിക്കുമ്പോ ഭീകരമായ ഒരു കുറ്റമാണത്.അതിനു വേണ്ടി വരച്ച മോഡലുകളോ അവിടെ ചുറ്റുവട്ടത്തുള്ള മനുഷ്യസ്ത്രീകള്‍ ആയിരുന്നു.ഭര്‍തൃമതികളും ,വിധവകളും ,കൊച്ചുവേശ്യകളുംമൊക്കെ ആയിരുന്നു അവരെന്ന തിരിച്ചറിവ് ഒരാളെ നെടുകെ പിളര്‍ക്കാന്‍ ധാരാളമായിരുന്നു.ആ നിലക്കു നോക്കുമ്പോള്‍ വളരെ റവല്യൂഷണറി ആയ ചിത്രകാരനായിരുന്നു രവിവര്‍മ്മ.

No comments:

Post a Comment