Monday, March 7, 2011

കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ വില

കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ വില

മനോജ് ഭാരതി

04 Jul 2010


കഥാപാത്രവും എഴുത്തുകാരനും സ്വകീയാംശങ്ങളില്‍ താദാത്മ്യത്തിലെത്തുന്നത് ഏഴുത്തിന്റെ ലോകത്ത് അപൂര്‍വ്വമല്ല.അതേ സമയം എഴുത്തുകാരനെന്ന വ്യക്തിക്ക് ചെയ്യണ്ടതായ ചില ദൗത്യങ്ങള്‍ കഥാപാത്രത്തെ ഏല്‍പ്പിക്കുക എന്നത് സാധാരണമല്ല താനും.ബ്രൂക്‌നിലില്‍ താമസക്കാരിയായ ആഫ്രിക്കന്‍ അമേരിക്കക്കാരിയായ എഴുത്തുകാരി സഫയറിന്റെ 'പുഷ'് എന്ന നോവലില്‍ സംഭവിച്ചതിതാണ്.നോവലിന് ചലച്ചിത്രഭാഷ്യം കൂടി രൂപപ്പെട്ടതോടെ അനുഭവത്തിന്റെ വ്യാപക വേരോട്ടം സാധാരണക്കാരിലേക്കെത്തുകയും ചെയ്തു.1996 ല്‍ അമേരിക്കയിലെ വിന്റേജ് ബുക്‌സ് പുറത്തിറക്കി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുഷ്് സിനിമയായത് 2009 ലെ വര്‍ഷാരംഭത്തിലാണ്.അമേരിക്കന്‍ ചലച്ചിത്രകാരനായ ലീ ഡാനിയല്‍സ് ആണ് പ്രഷ്യസ് എന്ന പേരില്‍ സഫയറിന്റെ നോവലിന് ദൃശ്യമാനം നല്‍കിയത്.

1987 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ മയക്കുമരുന്നിനടിമയായ പിതാവിനും യാതൊരു മൂല്യബോധവുമില്ലാത്ത മാതാവിനുമൊപ്പം താമസിച്ചിരുന്ന ക്ലൈറീസ് പ്രഷ്യസ് ജോണ്‍സ് എന്ന പതിനാറു വയസുകാരിയുടെ കഥയാണിത് .പൊണ്ണത്തടിയുള്ളവളും വിരൂപയുമായ ആ കറുത്ത വര്‍ഗ്ഗക്കാരിയെ ഏഴാമത്തെ വയസ്സു മുതല്‍ പിതാവ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു. പിതാവില്‍ നിന്ന് രണ്ടു തവണ ഗര്‍ഭിണിയായ അവള്‍ പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തയ്യാറായതാണ്. 'ഡൗണ്‍സ് സിന്‍ഡ്രോം' ബാധിച്ചിരുന്ന ആദ്യത്തെ കുട്ടി പ്രഷ്യസിന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. രണ്ടാമതും ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട പ്രഷ്യസിന് ഒരു ബദല്‍ തുടര്‍പഠന കേന്ദ്രം കണ്ടെത്താന്‍ പരസഹായം വേണ്ടി വന്നു.ഭാവനയും ഫാന്റസിയും ചേര്‍ന്ന സ്വപ്‌നങ്ങളില്‍ മുഴുകി അവള്‍ ഓരോ ദിവസവും തളളിനീക്കി.പിതാവ് റേപ്പ് ചെയ്യുംപോള്‍ പോലും സീലിംഗില്‍ നോക്കിക്കിടന്ന് അവള്‍ ചിന്തിച്ചത് അപ്പോള്‍ നടക്കുന്നത് ഒരു മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗാണെന്നും താനതിലെ താരമാണെന്നുമായിരുന്നു.മുഖക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവള്‍ കണ്ടത് വെളുത്ത വര്‍ഗ്ഗക്കാരിയായ മെലിഞ്ഞ സുന്ദരിയെയാണ്.മറ്റൊരു ലോകത്തെ സ്വപ്‌നം കണ്ടിരുന്ന അവള്‍ പുതിയ ടീച്ചര്‍ ബ്ലൂ റെയിനിന്റെ പ്രേരണയാല്‍ എഴുത്തും വായനയും പഠിച്ചു തുടങ്ങി.രണ്ടാമത്തെ കുട്ടിയായ അബ്ദുളിനെ പ്രസവിച്ചതിനു ശേഷം അമ്മ മേരിയില്‍ നിന്ന് കൂടുതല്‍ തിക്താനുഭവങ്ങള്‍ ഉണ്ടായതോടെ ബ്ലൂ റയിനിന്റെ സഹായത്തോടെ പ്രഷ്യസ് ഒരു പുനരധിവാസകേന്ദ്രത്തിലേക്കു താമസം മാറ്റി.പിന്നീട് പിതാവ് എയ്ഡ്‌സ് ബാധിച്ചു മരിച്ച വിവരം അറിയിക്കാനെത്തിയ മേരി മറ്റൊരു സത്യത്തിലേക്കവളെ കൊണ്ടുചെന്നെത്തിച്ചു.

മേരിയെപ്പോലെ തന്നെ പിതാവില്‍ നിന്നും പ്രഷ്യസിനും രോഗം ബാധിച്ചിരിക്കുന്നുവെന്ന് ലാബിലെ പരിശോധനയില്‍ വ്യക്തമായി. ജീവിതം പാടെ ഉഴുതുമറിക്കുന്ന ഈ സത്യം അവളെ ഭീതിപ്പെടുത്തുകയും ആത്മനിന്ദക്കു പ്രേരിപ്പിക്കുകയും ചെയ്തു. അവളേറെ ഇഷ്ടപ്പെടുന്ന അരുമയായ പിഞ്ചുകുഞ്ഞിനെ മുന്‍നിര്‍ത്തി ടീച്ചറാണ് അപ്പോള്‍ ധൈര്യം പകരാനെത്തുന്നത്.പ്രഷ്യസിന് മുന്‍പരിചയമുണ്ടായിരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ ഓഫീസില്‍ വച്ചാണ് ഏറ്റവുമൊടുവില്‍ അവള്‍ അമ്മയെ കാണുന്നത്.
ഇണ ചേരുന്ന കാര്യത്തില്‍ ഭര്‍ത്താവിന് തന്നോടുള്ളതിലുമേറെ താല്‍പ്പര്യം മകളോടാണെന്ന തരത്തിലുള്ള ശങ്കയും അസൂയയുമാണ് പലപ്പോഴും മകളോട് പീഡനമനോഭാവത്തോടെ പെരുമാറാന്‍ കാരണമായതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഇത് പ്രഷ്യസിന് സഹിക്കാവുന്നതിലുമധികമായിരുന്നു.ഇനിയൊരിക്കലും തന്നെ കാണരുതെന്ന് അമ്മയെ വിലക്കുന്ന അവള്‍ പുനരധിവാസകേന്ദ്രത്തില്‍ തന്നെ തുടരുന്നു.

'പ്രഷ്യസ'് എന്ന സിനിമ അല്ലെങ്കില്‍ 'പുഷ് 'എന്ന നോവല്‍ ഉയര്‍ത്തുന്നതു മുഴുവന്‍കറുത്ത യാഥാര്‍ത്ഥ്യങ്ങളാണ്. റമോനാ ലോഫ്ടന്‍ ഏന്ന സഫയറിന്റെ ഭൂതകാലത്തിലെ വളരെ നെഗറ്റീവായ ചില ആത്മാംശങ്ങള്‍ മുതല്‍ 1980കളുടെ മധ്യത്തില്‍ അമേരിക്കന്‍ ഉള്‍നാടന്‍ നഗരജീവിതത്തില്‍ വ്യാപകമായിരുന്ന എണ്ണമറ്റ സാമൂഹ്യ പ്രശ്‌നങ്ങള്‍ വരെ അതില്‍ പെടുന്നു.

'എനിക്കറിയാം ;ആര്‍ക്കുമെന്നെ വേണ്ടെന്ന്് .ഞാന്‍ ഗ്രീസ് പോലെയാണ്. ആവശ്യമില്ലാതെയാകുംപോള്‍ തുടച്ചു കളയുന്ന ഗ്രീസ്.'-ഇത് ഒരു വിലാപമാണ് . കാഴ്ചയില്‍ വേണ്ടത്ര വൃത്തിയില്ലാത്ത പൊണ്ണത്തടിയുള്ള കറുത്ത തൊലിയുള്ള പ്രഷ്യസ് എന്ന
പെണ്‍കുട്ടിയുടെ വിലാപം. പൊണ്ണത്തടി പോലും വിവേചനത്തിന് വക നല്‍കുന്ന സ്ഥിതി. അമേരിക്കന്‍ ഉള്‍നാടുകളില്‍ വേണ്ടത്ര സാംപത്തിക ഭദ്രതയില്ലാത്ത ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇപ്പോഴും കുട്ടികളില്‍ പൊണ്ണത്തടിയും അതു കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും ഒരു പോരായ്മയാണെന്നിരിക്കെ അക്കാലത്തെ പരിഹാസത്തിന്റെ തോത് ഊഹിക്കാവുന്നതേയുള്ളൂ. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം, ലൈംഗിക അരാജകത്വങ്ങള്‍,കൗമാരാവസ്ഥയിലെ ഗര്‍ഭവും പ്രസവവും, എഛ് ഐ വി വ്യാപനം,ലഹരി മരുന്നുകളുടെ വര്‍ധിച്ച ഉപഭോഗം, നിരക്ഷരത തുടങ്ങി പ്രഷ്യസ് അല്ല സഫയര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്.

ഒട്ടേറെ യുവതികളുടെ സങ്കലനമാണ് നായികയായ ക്ലൈറീസ് പ്രഷ്യസ് ജോണ്‍സ് എന്നും ഒരു സാക്ഷരതാ ടീച്ചറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരത്തില്‍ പലരെയും അഭിമുഖീകരിക്കേണ്ടി വന്നുവെന്നും സഫയര്‍ പറയുന്നു. എന്നാല്‍ ഒരര്‍ത്ഥത്തില്‍ എഴുത്തുകാരി തന്നെ പലപ്പോഴും നായികയായി മാറുന്നുവെന്നു വേണം കരുതാന്‍.അമേരിക്കയിലെ ഒരു സാധാരണ സൈനികന്റെയും മുന്‍കാല നഴ്‌സിന്റെയും നാലു മക്കളില്‍ രണ്ടാമത്തവളായി 1950-ലാണ് സഫയര്‍ എന്ന റമോനാ ലോഫ്ടണ്‍ ജനിച്ചത്. നാടുകള്‍ മാറി മാറിയാണ് അവര്‍ താമസിച്ചിരുന്നതെങ്കിലും റമോനക്കു പത്തു വയസുള്ളപ്പോള്‍ ലോസ് ഏഞ്ചലസില്‍ സ്ഥിരതാമസമാക്കാന്‍ പിതാവ് തീരുമാനിച്ചു.

എന്നാല്‍ മാതാവ് ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ലെന്നു മാത്രമല്ല അവര്‍ ആല്‍ക്കഹോളിസത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. മാതാവുമായി ബന്ധമില്ലാതെ ഏറെക്കാലം കഴിഞ്ഞ റമോന മെഡിക്കല്‍ സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും ഭാരിച്ച ട്യൂഷന്‍ ഫീസ് അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. റമോന ഇക്കാലത്താണ് സഫയറെന്നു പേരു മാറ്റുന്നത് .ആഫ്രിക്കന്‍ അമേരിക്കന്‍സംസ്‌കാരത്തില്‍ സഫയറെന്നാല്‍ അധികാരബലം കൊണ്ടടക്കി നിര്‍ത്തിയ സമരാസക്തിയുള്ള സ്ത്രീയാണ്.
04 Jul 2010



ഒരു എഴുത്തുകാരിയാകണമെന്ന ചിന്തയോടെ 27-ാമത്തെ വയസില്‍ ന്യൂയോര്‍ക്കിലേക്കു നീങ്ങുംപോള്‍ സഫയറിന്റെ കൈവശമുണ്ടായിരുന്നത് 20 ഡോളര്‍ മാത്രം. അവിടെ എത്തിപ്പെട്ടത് ടൈം സ്‌ക്വയറിനു ചുറ്റും വിപുലപ്പെട്ടിരുന്ന ലൈംഗിക തൊഴിലിടങ്ങളിലായിരുന്നു. നഗ്ന നൃത്തമാടുന്ന ഗോ ഗോ ഡാന്‍സര്‍ എന്ന നിലയിലും കുറച്ചു കാലത്തേക്കെങ്കിലും അഭിസാരികയായും അവിടെ കഴിഞ്ഞു കൂടി.ഇതിനിടെ ഹിപ്പി സംസ്‌കാരത്തിലും ലഹരി മരുന്നിലും ആകൃഷ്ടയായ സഫയര്‍ നഗരത്തിലെ സ്വവര്‍ഗ രതിക്കാര്‍ക്കിടയിലും സ്വീകാര്യയായി.അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അവള്‍ എഴുതി; പൊതുവേദികളില്‍ പാടി.ന്യൂയോര്‍ക്ക് സിറ്റിയിലെ ഗിഗോളകള്‍ക്കും ഗേകള്‍ക്കും ലസ്ബിയന്‍വിഭാഗത്തിനുമിടയില്‍ നിറസാന്നിദ്ധ്യമായിരുന്ന സഫയര്‍ യുണൈറ്റഡ് ലസ്ബിയന്‍സ് ഓഫ് കളര്‍ ഫോര്‍ ചേഞ്ചസ് എന്ന സംഘടനയിലും അംഗമായി.

കാഴ്ചവട്ടത്തിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍,സാമൂഹികമായ വിവേചനങ്ങള്‍,മാനസികത്തകര്‍ച്ചകള്‍ എന്നിവയില്‍ നിന്നെല്ലാം മോചിതയാകണമെന്നാഗ്രഹിച്ച സഫയറിന് 1988 കാലയളവില്‍ സ്വന്തം കുടുംബ ബന്ധങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതായി വരുന്നു.കുട്ടിക്കാലത്ത് പിതാവില്‍ നിന്നും നേരിട്ട ലൈംഗിക പീഡനത്തിന്റെ ഓര്‍മ്മകള്‍ അവളെ വേട്ടയാടി.അവളുടെ സഹോദരിക്കും പിതാവില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ പലപ്പോഴുമുണ്ടായി.സ്‌കിസോഫ്രെനിയ രോഗിയായ സഹോദരനെയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ് സഫയറിന്റെ വിശ്വാസം. എന്നാല്‍ 1990 ല്‍ മരിക്കുന്നതു വരെ പിതാവ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

1986 മുതല്‍ 89 വരെയുള്ള കാലയളവ്;പ്രതേ്യകിച്ചും അമ്മ മരിക്കുകയും സഹോദരന്‍ ലോസ് ഏഞ്ചലസില്‍ കൊല്ലപ്പെടുകയും ചെയ്ത ദിനങ്ങള്‍; അവളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു.എന്നു മാത്രമല്ല ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ പലരും എയിഡ്‌സ് രോഗത്തിനു കീഴടങ്ങി മരണമടയുകയും ചെയ്തു. മാനസിക നില താളം തെറ്റിയേക്കുമെന്ന അവസ്ഥയില്‍ സഫയര്‍ ഗ്രൂപ്പ് തെറാപ്പിക്കു വിധേയയായി.അവരിലെ എഴുത്തുകാരി രൂപപ്പെട്ട കാലം കൂടിയായിരുന്നു അത്.

ബരാക്ക് ഒബാമയിലൂടെ അമേരിക്കയില്‍ ഇദംപ്രഥമമായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ പ്രസിഡന്റായി എന്നതു കൊണ്ടു മാത്രം നരവംശശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും അവ ഏറെക്കുറെ ആപേക്ഷികമായിത്തന്നെ നിലകൊള്ളുന്നു എന്നുമാണ് 2009 -ല്‍ റിലീസ് ചെയ്ത പ്രഷ്യസ് നേടിയ സ്വീകാര്യത വ്യക്തമാക്കുന്നത്. 1980 കളിലെ അമേരിക്കന്‍ ഉള്‍നാടന്‍ ജനതയുടെ ദൈനംദിന ജീവിതത്തിന്റെ പരിച്ഛേദമായ സിനിമ ലോകവ്യാപക റിലീസിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക വര്‍ഗ്ഗത്തിലും മതത്തിലും പെട്ട ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരഗലികളുടെ മുറിവേറ്റ ഭാഷ നോവലിലേതുപോലെ തന്നെ സിനിമയിലും കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നു.

ഏഴാമത്തെ വയസ്സു മുതല്‍ പിതാവ് അടിച്ചേല്‍പ്പിച്ച സെക്‌സില്‍ വല്ലപ്പോഴുമെങ്കിലും കണ്ടെത്തിയ ആനന്ദത്തെ ഓര്‍ത്തു പശ്ചാത്തപിക്കുന്ന പ്രഷ്യസ് ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്.പിതാവിന്റെ പീഡനങ്ങള്‍ ചെറുക്കാനാവാത്ത അവള്‍ക്ക് പലപ്പോഴും പുരുഷബീജത്തിന്റെ പാടുകള്‍ പുരണ്ട വസ്ത്രങ്ങളുമായി സ്‌കൂളില്‍ പോകേണ്ടി വന്നിരുന്നു. 
കറുത്ത അവളുടെ പൊണ്ണത്തടിയെപ്പറ്റി സ്‌കൂളില്‍ മറ്റുള്ളവര്‍ പരിഹസിക്കുംപോള്‍ അവള്‍ക്കു പ്രതികരിക്കാനാവുന്നില്ല.വളര്‍ന്നു വരുന്ന പെണ്‍കുട്ടിയെന്ന നിലയില്‍ ഗുരുതരമായ വ്യക്തിത്വ ഭ്രംശമാണ് പ്രഷ്യസിനുണ്ടാകുന്നത് .ഇത്തരം വ്യക്തിത്വ ഭ്രംശമാണ് സഫയര്‍ എന്ന എഴുത്തുകാരിയെയും കാലങ്ങളോളം പിടികൂടിയത്. അതോടെയാണ് അവര്‍ നരച്ച ആഘോഷങ്ങളില്‍ സന്തോഷം തേടിയതും.

്1960 കളില്‍ അശാന്തരായ ഒരു യുവത അമേരിക്കയില്‍ തുടക്കമിടുകയും പിന്നീട് ലോകമെംപാടും ആഘോഷമാക്കി മാറ്റുകയും ചെയ്ത ഹിപ്പിയിസത്തിന്റെ അലകളില്‍ അവള്‍ നീന്തിത്തുടിച്ചു. നീളന്‍ മുടിയും അയഞ്ഞ വസ്ത്രവുമായി സമൂഹത്തില്‍ നിലവിലുള്ള ആദര്‍ശങ്ങളെയും ആചാരങ്ങളെയും ധിക്കരിക്കുന്ന പ്രസ്ഥാനത്തിലേക്കവള്‍ ആകര്‍ഷിക്കപ്പെട്ടത് ഒരു പക്ഷേ സ്വന്തം കുടുംബമെന്ന സുരക്ഷിതമല്ലാത്ത സംവിധാനവും മാതാപിതാക്കളെന്ന അര്‍ത്ഥശൂന്യ വ്യക്തിത്വങ്ങളും കാരണമായിരുന്നു.രസതന്ത്രപഠനത്തിനു ചേര്‍ന്ന് സംഗീതത്തിലേക്കു വഴി മാറിയ അവളിലെ താളബോധം കൂടി ചേര്‍ന്നതോടെ ഡ്രംബീറ്റിന്റെ പ്രഹരസംഗീതവും അതിരറ്റ ലൈംഗികതയുടെ വിപ്ലവവും ബോധാവസ്ഥയുടെ മലക്കം മറിച്ചിലുകള്‍ ചൂഷണം ചെയ്യുന്ന കനാബീസും എല്‍ എസ് ഡി യും പോലെയുള്ള മയക്കു മരുന്നുകളും സഫയറിനെ ആശ്വസിപ്പിക്കുകയായിരുന്നു. യഥാര്‍ത്ഥ ഹിപ്പികളുടെ സ്റ്റോക്ക് തീര്‍ന്നെന്നും അവര്‍ ഭൗതികസുഖങ്ങളുടെയും ഉപഭോക്തൃ സംസ്‌കാരത്തിന്റെയും ഭാഗമായിയെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ കാലം കൂടിയായിരുന്നു അത്.

സഫയര്‍ കണ്ട ആ വഴി വിട്ട ലോകം 'ക്രാക്ക് ഈറ' കൂടിയായിരുന്നു.1980 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള കൊക്കൈയിനിന്റെ വന്‍ ശേഖരം മിയാമിയിലെത്തിയതോടെയാണ് ഈ കാലഘട്ടം പിറക്കുന്നത്. ക്രാക് കൊക്കയിന്‍ എന്ന പേരില്‍ പുകവലിക്കാന്‍ പറ്റുന്ന ഖരരൂപത്തില്‍ കൊക്കെയിന്‍ പൗഡര്‍ 1984 ഓടെ അമേരിക്കയിലെ ഏതാണ്ടെല്ലാ സ്‌റ്റേറ്റുകളിലും കുറഞ്ഞ വിലക്ക് വ്യാപകമായി ലഭിച്ചു തുടങ്ങി .മയക്കു മരുന്നിനടിപ്പെടുക,വീട് ഉപേക്ഷിക്കുക,കവര്‍ച്ച,കൊലപാതകം, പിടിച്ചുപറി,സംഘം ചേര്‍ന്ന ആക്രമണങ്ങള്‍ ,നീണ്ട കാലയളവിലെ ജയില്‍വാസം തുടങ്ങി ക്രാക് യുഗത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ് അക്ഷരാര്‍ത്ഥത്തില്‍ പുകയുകയായിരുന്നു;പ്രത്യേകിച്ചും ആഫ്രിക്കന്‍ അമേരിക്കക്കാരെപ്പോലെയുള്ള കുടിയേറ്റ ജനതയില്‍. ക്രാക് കൊക്കയിന്‍ വ്യാപകമായ ആദ്യ വര്‍ഷം തന്നെ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ 12%വര്‍ദ്ധിച്ചതായി രേഖകള്‍ പറയുന്നു.1986 ല്‍ ഇത് 110% അധികരിച്ചു.ഈ യുഗത്തിന്റെ ഉപോല്‍പ്പന്നങ്ങളായി അസാധാരണ മരണങ്ങളും തൂക്കം കുറഞ്ഞ കുട്ടികളുടെ ജനനവും സാധാരണമായി.1984 ലായിരുന്നു ആദ്യത്തെ 'ക്രാക് ബേബി 'ചരിത്രത്തിന്റെ ഭാഗമായത്

ഒരിക്കലും രക്ഷപ്പെടാനാവാത്ത ക്രൂരവിധിയായി എയ്ഡ്‌സ് രോഗത്തെ ചാര്‍ത്തിക്കൊടുക്കുംപോള്‍ ചുറ്റുമുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റി നെഞ്ചു കീറി ലോകത്തോടു വിലപിക്കാന്‍ പ്രഷ്യസ് എന്ന നായികയെ എഴുത്തുകാരി ചുമതലപ്പെടുത്തുകയായിരുന്നു. 
സഫയറിനു ചുറ്റുമുണ്ടായിരുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയില്‍ നല്ലൊരു ശതമാനവും എയിഡ്‌സ് രോഗികളായിരുന്നു. രോഗവ്യാപന നിയന്ത്രണകേന്ദ്രങ്ങളുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ വിവിധ വര്‍ഗ്ഗക്കാര്‍ക്കിടയില്‍ എഛ് ഐ വി യും എയിഡ്‌സും ഏറ്റവുമധികം വ്യാപിച്ചിട്ടുള്ളത് ആഫ്രിക്കന്‍ അമേരിക്കക്കാരെയാണ്.ഇന്ന് ചില അമേരിക്കന്‍ നഗരങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലുള്ള എഛ് ഐ വി വ്യാപനത്തിന്റെ തോത് ആഫ്രിക്കയിലെ ചില രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ്.അടുത്തിടെ ന്യൂയോര്‍ക്കിനെക്കുറിച്ചു വന്ന പഠനങ്ങള്‍ പ്രകാരം എയിഡ്‌സ് മരണത്തിന്റെ 50%വും അവിടുത്തെ ജനതയുടെ 25%ത്തിലധികം വരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലെ സ്ത്രീകള്‍ക്കിടയിലാണ് ഉണ്ടായിട്ടുള്ളത്. പൊതുവെ നാല്‍പ്പതും അന്‍പതും വയസിനിടക്ക് പ്രായമുള്ള അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരില്‍ അഞ്ചിലൊരാള്‍ക്ക് എഛ് ഐ വി ബാധയുണ്ട് .

1980കളിലെ എയിഡ്‌സ് വ്യാപന പശ്ചാത്തലത്തില്‍ എഴുതി 1996 -ല്‍ പ്രസിദ്ധപ്പെടുത്തിയ നോവലും 2009 ല്‍ തീയേറ്ററുകളിലെത്തിയ സിനിമയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ കാലികപ്രാധാന്യം നേടുന്നത് വര്‍ത്തമാനകാലത്തെ ഈ കണക്കുകളുടെ ഭീകരത കൊണ്ടാണ്.

ഒരേ സമയം മൃഗീയമായ സത്യസന്ധതയും ജീവകാരുണ്യപരമായ ശുഭാപ്തിവിശ്വാസവും വച്ചു പുലര്‍ത്താന്‍ കഴിയുന്നു എന്നതാണ് ഈ രചനയുടെ സവിശേഷത.പ്രയാസങ്ങള്‍ക്കിടയില്‍ ഇടപെടല്‍ നടത്തുന്ന ഒരു ശക്തിസാന്നിദ്ധ്യം ഇവിടെയുണ്ട്.തകര്‍ന്ന കുടുംബം പ്രഷ്യസിനു വിനയാകുംപോള്‍ തന്നെ തുണയാകുന്നവരും കുടുംബങ്ങളും വേറെയുണ്ട്.ഒരു ഘടന തകരുംപോള്‍ മറ്റൊന്നുണ്ടാകുന്ന കാവ്യനീതി.സ്‌കൂള്‍ പഠനം വിലക്കപ്പെടുമ്പോള്‍ ഒരു ബദല്‍ പഠനകേന്ദ്രം,വീടു നഷ്ടപ്പെട്ടപ്പോള്‍ പുനരധിവാസകേന്ദ്രം എന്നിങ്ങനെ നീളുന്നു ആ പട്ടിക.അതേ സമയം ചേരികളിലെ ജീവിതത്തെ സെന്‍സേഷനലൈസ് ചെയ്യുകയും ആഫ്രിക്കന്‍ അമേരിക്കന്‍ സംസ്‌കാരത്തെപ്പറ്റി വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഒരു വിഭാഗം നിരൂപകരുടെ കാഴ്ചപ്പാട്. എന്നാല്‍ അഭ്യൂഹങ്ങളുടെയോ വായിച്ച പഠനങ്ങളുടെയോ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതല്ല മറിച്ച നിരീക്ഷിച്ച ജീവിതമാണ് ഈ നോവലെന്ന് കൃത്യതയാര്‍ന്ന ഉത്തരം നല്‍കാന്‍ എഴുത്തുകാരിക്കു കഴിയുന്നു. '

'മെഡിറ്റേഷന്‍സ് ഓണ്‍ ദി റയിന്‍ബോസ്' എന്ന പുസ്തകമാണ് ആദ്യം പുറത്തിറങ്ങിയതെങ്കിലും സഫയര്‍ എന്ന എഴുത്തുകാരിയെ ലൈംലൈറ്റിലെത്തിക്കുന്നത് 'വൈല്‍ഡ് തിങ്‌സ'് എന്ന കവിതയാണ്. ഒരു കൂട്ടം ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കള്‍ മാന്‍ഹാട്ടനിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വച്ച് വെളുത്ത വര്‍ഗത്തില്‍ പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ കവിത രാഷ്ട്രീയത്തില്‍ പോലും ഒച്ചപ്പാടുണ്ടാക്കി. 1994 -ല്‍ 'അമേരിക്കന്‍ ഡ്രീംസ് ' എന്ന കവിതാസമാഹാരമാണ് പിന്നീടു പുറത്തു വന്നത്.നരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ പുസ്തകത്തോടെ സഫയറിന്റെ സാഹിത്യ പ്രതിഭ കൂടുതല്‍ ശ്രദ്ധേയമായി . 
1995 -ല്‍ 'പുഷ് 'എന്ന നോവല്‍ എഴുതുന്നതായ വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ആദ്യ നൂറുപേജുകള്‍ക്കായി ലേലം തന്നെ നടന്നു.അന്ന് പ്രസാധനാവകാശത്തിനു പ്രതിഫലമായി ലഭിച്ചത് 5 ലക്ഷം ഡോളറാണ് .ആദ്യ തവണ തന്നെ ഒന്നര ലക്ഷം കോപ്പികളും വിറ്റഴിഞ്ഞു.അതേ സമയം പല കോണുകളില്‍ നിന്നും സഫയറിന്റെ കൃതികള്‍ മുന്‍നിര്‍ത്തി വിമര്‍ശനങ്ങളും രൂപപ്പെട്ടു .സ്ത്രീകളുടെ ലൈംഗികത ചൂഷണം ചെയ്തു കലാസൃഷ്ടി നടത്തുന്ന വഴി പിഴച്ചവള്‍ എന്നു പോലും ചര്‍ച്ചകളുയര്‍ന്നു.

എന്നാല്‍ കുട്ടിക്കാലത്ത് സ്വന്തം കുടുംബത്തില്‍നിന്നുണ്ടായ ലൈംഗികാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും സ്വന്തം വര്‍ഗ്ഗമായ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ പടര്‍ന്നിരുന്ന ബലാല്‍സംഗപ്രവണതക്കെതിരെ വാദിക്കാനും അവര്‍ക്കു കഴിഞ്ഞു. ഒപ്പം അടുത്ത ബന്ധുക്കളും നിയമപരമായി വിവാഹം പാടില്ലാത്തവരുമായ ആളുകള്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ നിന്ദിക്കാനും ലൈംഗികചൂഷണത്തിനു സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്നതിനെതിരെ പ്രതികരിക്കാനും തയ്യാറായി.

പ്രഷ്യസ് ഏന്ന നായികാ കഥാപാത്രത്തിന്റെ അമ്മ മേരിയായി അഭിനയിച്ച മോനിക്കിന് മികച്ച സഹനടിക്കും 'പുഷ് 'നോവലിനെ ആധാരമാക്കിയുള്ള തിരക്കഥക്ക് മികച്ച അവലംബിതരചനക്കും ഓസ്‌കാര്‍ അവാര്‍ഡുകള്‍ കൂടി ലഭിച്ചതോടെ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കിടയില്‍ കയ്യടക്കിയ പുരസ്‌കാരങ്ങളുടെ എണ്ണം പെരുകുകയാണ്്.2009 ആദ്യം സുന്‍ഡന്‍സ് ഫിലിം ഫെസ്റ്റിവലിലും കാന്‍സ് ഫെസ്റ്റിവലിലും അംഗകാരങ്ങള്‍ നേടുമ്പോള്‍ ചിത്രത്തിന്റെ പേര്' പുഷ്' എന്നായിരുന്നു.പിന്നീട് ലയണ്‍സ് ഗേറ്റ് എന്റര്‍ടെയിന്‍മെന്റ് വഴി വിതരണം നിശ്ചയിച്ചതോടെ 'പ്രഷ്യസ് 'എന്നു പേരു മാറ്റി.നാലുമാസം മുന്‍പാണ് ചിത്രം നോര്‍ത്ത് അമേരിക്കയിലെ തീയറ്ററുകളില്‍ റിലീസ് ചെയ്തത്.ടൊറോണ്ടോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്,ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്,സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് നോമിനേഷന്‍ തുടങ്ങി പ്രധാനപ്പെട്ടതും ഒട്ടേറെ ദേശീയവുമായ പുരസ്‌കാരങ്ങള്‍ പ്രഷ്യസിനെ തേടിയെത്തി.ഈ ചിത്രത്തിലൂടെ ലീ ഡാനിയല്‍സ് ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക പുരസ്‌കാരത്തിന് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനുമായി .






 

No comments:

Post a Comment