Saturday, July 20, 2013

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍





(എത്രയോ നാള്‍ മുന്‍പാണ് ഞാന്‍ സഖാവ് കെ. ദാമോദരനുമായി അഭിമുഖം നടത്തിയത്. ചരിത്രകാലം കൂടി മാറിത്തീര്‍ന്നതിനാല്‍ അതിനുമെത്രയോ നാള്‍ മുന്‍പ് നടന്നതുപോലെ തോന്നുന്നു. 1990 കളില്‍ മുതലാളിത്തം വെന്നിക്കൊടി പാറിച്ചതോടെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ന്നടിയലും ചൈനയുടെ മുതലാളിത്തപാത സ്വീകാരവും മുതലാളിത്തവിജയത്തിന്റെ പ്രതീകങ്ങളായി മാറി. നാം ഇപ്പോള്‍ ജീവിക്കുന്നത് വിചിത്രവും രേഖപ്പെടുത്താത്തതുമായ ഒരു സംക്രമണദശയിലാണ്.

നമ്മുടെ ലോകത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് മുതലാളിത്തത്തിനില്ലെന്നു വ്യക്തമാണ്. ഭൂമുഖം മുഴുവനായല്ലെങ്കിലും ഭൂഖണ്ഡങ്ങളെയെങ്കിലും കണക്കിലെടുക്കുന്ന സാമൂഹിക ആസൂത്രണം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ചരിത്രം ക്രൂരമാണ്. പക്ഷേ, അതിന്റെ മൗലികതയെക്കുറിച്ച് സംശയിക്കേണ്ടതില്ല, പുതിയ അദ്ഭുതങ്ങള്‍ അതിന്റെ കലവറയില്‍ കരുതിവെച്ചിട്ടുണ്ടാകണം.
സഖാവ് ദാമോദരനെക്കുറിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ കവിഞ്ഞുനില്ക്കുന്ന തരത്തിലുള്ള സ്‌നേഹമസൃണമായ ഓര്‍മകളാണെനിക്കുള്ളത്. പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവങ്ങളുടെ ഭൂതകാലത്തെ അസൂയാവഹമായ രീതിയില്‍ അകന്നുനിന്നു കണ്ട് അപഗ്രഥിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റു പലരെയുംപോലെ വലതുപക്ഷത്തേക്കുചാഞ്ഞ്, ഓച്ഛാനിച്ച് തൊട്ടടുത്ത കോണ്‍ഗ്രസ് ആപ്പീസില്‍ കയറിപ്പറ്റാന്‍ അദ്ദേഹം മുതിര്‍ന്നില്ല. പുതിയ തലമുറയെപഠിപ്പിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം കരുതി. ജെ.എന്‍.യുവിലെ ഹരംപിടിപ്പിക്കുന്ന ദിനങ്ങളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നേരങ്ങള്‍ ആഹ്ലാദഭരിതമായിരുന്നു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയും ആര്‍ജവവുമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളില്‍ താന്‍ വഹിച്ച പങ്കിനെക്കുറിച്ച് നിര്‍ദയമായ ആത്മവിചാരണയാണ് അദ്ദേഹം നടത്തിയത്. ആ അര്‍ഥത്തില്‍ ഞങ്ങള്‍ തമ്മിലുള്ള അഭിമുഖത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്നു എന്നതുപോലെത്തന്നെ അതൊരു പ്രത്യൗഷധവുമായിരുന്നു. ഒരു പുനരുജ്ജീവനകര്‍മവുമായിരുന്നു. തന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ സംഭവിച്ചുകൂടാതിരുന്ന ചില കാര്യങ്ങളെ ഉച്ചാടനം ചെയ്യാനും അദ്ദേഹം ശ്രമിച്ചിരുന്നു.

ദാമോദരനെ പിന്നീടൊരിക്കലും കണ്ടിട്ടില്ലല്ലോ എന്ന് ഞാനെപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. എങ്കിലും, അദ്ദേഹം എഴുതിയ രചനകള്‍ ഹൃദ്യമായ കുറിപ്പുസഹിതം എന്റെ മേശപ്പുറത്തെത്താറുണ്ടായിരുന്നു. ന്യൂ ലെഫ്റ്റ് റിവ്യൂ നടത്തിയ അഭിമുഖങ്ങളുടെ ഒരു സമാഹാരം (ലൈവ്‌സ് ഓണ്‍ ദ ലെഫ്റ്റ്: എ ഗ്രൂപ്പ് പോര്‍ട്രയിറ്റ്) സമീപകാലത്ത് വെഴ്‌സോ ബുക്‌സ്, പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ലൂക്കാച്ച്, സാര്‍ത്ര്, ചോംസ്‌കി തുടങ്ങിയവരോടൊപ്പം കെ. ദാമോദരനുമുണ്ട്.- താരിഖ് അലി)

അഭിമുഖത്തില്‍ നിന്ന്....


ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചുവടുറപ്പിക്കാന്‍ വളരെയേറെക്കാലം വേണ്ടിവന്നത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ക്കു തോന്നുന്നത്? അതിന്റെ ആദ്യകാല പ്രവര്‍ത്തനമെന്തായിരുന്നു? ദേശീയപ്രസ്ഥാനവുമായുള്ള അതിന്റെ ബന്ധങ്ങളോ? 'കോമിന്റേണി'ന്റെ കുപ്രസിദ്ധമായ ആ 'മൂന്നാം ഘട്ടം' ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും ഒരു നിര്‍ണായകസന്ധിയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തി ഗതിമുട്ടിച്ച് കളഞ്ഞതാണെന്നു വരുമോ?

ഈ ഘട്ടത്തിലെ എന്റെ വ്യക്തിപരമായ അനുഭവം കേരളത്തിലൊതുങ്ങി നില്ക്കുന്നതായിരുന്നു. ഞാന്‍ അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാം. എങ്കിലും രാജ്യത്തുടനീളം പാര്‍ട്ടിയുടെ പൊതുവായ നീക്കം ഒന്നുതന്നെയായിരുന്നെന്നു പറയേണ്ടതില്ലല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്ന കാലത്താണ് ഞാനതില്‍ ചേരുന്നത്. ബോംബെയില്‍ തുണിമില്ലുകളിലെ പൊതുപണിമുടക്കുള്‍പ്പെടെയുള്ള പണിമുടക്കുകളുടെ തരംഗത്തിനു പിറകെ, 1934-ലാണ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്. ഇതുകാരണം പാര്‍ട്ടിസാഹിത്യത്തിന്റെ വിതരണം പലയിടത്തും പലതരത്തിലായിരുന്നു. സംഘടിതമായ ഉള്‍പ്പാര്‍ട്ടിച്ചര്‍ച്ചയുടെ പ്രശ്‌നമേ ഇല്ലായിരുന്നു. അക്കാലത്ത് സി.പി.ഐ. ദേശീയതലത്തില്‍ത്തന്നെ ഒരു കൊച്ചു സംഘടനയായിരുന്നെന്ന് മനസ്സിലാക്കണം. വാസ്തവത്തില്‍ സി.പി.ഐ. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയശക്തിയായി വികസിക്കാന്‍ തുടങ്ങിയത് 'മൂന്നാം ഘട്ട'ത്തിന്റെ അതിക്രമങ്ങള്‍ക്കു ശേഷമാണ്, 1935-'36 കാലത്ത്. ഇരുപതുകളിലും മുപ്പതുകളുടെ ആരംഭത്തിലും പ്രാദേശികതലത്തില്‍ നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഗതിമുട്ടിക്കുന്നതില്‍ കോമിന്റേണിന്റെ രാഷ്ട്രീയം തീര്‍ച്ചയായും അപ്രധാനമല്ലാത്ത ഒരു പങ്കുവഹിക്കുകയുണ്ടായി. കോമിന്റേണ്‍ നേതാക്കള്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും അതിന്റെ രാഷ്ട്രീയസ്ഥാപനമായ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെയും ആപേക്ഷികമായ സ്വാച്ഛന്ദ്യം തീരെ കുറച്ചുകണ്ടു. അവര്‍ ദേശീയപ്രസ്ഥാനത്തെയും സാമ്രാജ്യത്വത്തെയും ഒന്നുതന്നെയായിക്കാണുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോയി. കൊളോണിയല്‍ പ്രശ്‌നങ്ങളില്‍ സ്റ്റാലിന്റെ വക്താവായിരുന്ന ക്യുസിനേനും ഇന്‍പ്രെകോറിലെ പല എഴുത്തുകാരും, സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പ്രതിവിപ്ലവശക്തിയാണെന്നുവരെ പറഞ്ഞുകളഞ്ഞു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളെ അവര്‍ 'സോഷ്യല്‍ ഫാസിസ്റ്റു'കളായി മുദ്രകുത്തുകയും ചെയ്തു. ഇരുപതുകളുടെ അന്ത്യവര്‍ഷങ്ങളിലും മുപ്പതുകളിലും ദേശീയനേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ തീവ്ര ഇടതുപക്ഷ വാചാടോപത്തില്‍ പൊതിഞ്ഞാണ് വന്നിരുന്നത്. ഇന്ത്യയില്‍ അന്നു നിലനിന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ അതൊക്കെ 'തത്തമ്മേ പൂച്ച പൂച്ച' എന്ന മട്ടില്‍ ഏറ്റുപറയുകയും ചെയ്തിരുന്നു. എങ്കിലും കോമിന്റേണിനെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ. ചൈനീസ് പാര്‍ട്ടിയും കോമിന്റേണിന്റെ തെറ്റായ ഉപദേശത്താല്‍ വഞ്ചിക്കപ്പെട്ടവരാണല്ലോ; എന്നിട്ടും അവരൊടുവില്‍ രക്ഷപ്പെടുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു.
അപ്പോള്‍, ആത്മനിഷ്ഠമായ പരാജയങ്ങളുടെ പ്രാധാന്യം അവഗണിക്കാതെതന്നെ നമുക്ക് കുറച്ചുകൂടി ആഴത്തിലേക്കു നോക്കണം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിനെപ്പോലെ സുശക്തവും സുദൃഢവുമായ ഒരു ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടിയുടെ നിലനില്പിന് വസ്തുനിഷ്ഠമായ ഒരടിത്തറയുണ്ടായിരുന്നുവെന്നു കാണാം-കോമ്പ്രദോറല്ലാത്ത, ബ്രിട്ടീഷ് ഭരണത്തിന്റെ മൂര്‍ധന്യത്തില്‍പ്പോലും ഒരളവോളം സ്വാതന്ത്ര്യമനുഭവിച്ച ഒരു ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വികാസമാണ് ഈ അടിത്തറ. അതിന്റെ താത്പര്യങ്ങള്‍ പല അവസരങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങളുമായി ഇടഞ്ഞു. ബ്രിട്ടന്‍ സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാല്‍ തളയ്ക്കപ്പെട്ടിരുന്ന കാലത്ത് ഇന്ത്യന്‍ മുതലാളിമാര്‍ അഭൂതപൂര്‍വമായ വേഗത്തോടെ വളരുകയായിരുന്നു. ധാരാളം ഇന്ത്യക്കാരുള്‍പ്പെട്ട ഒരു സിവില്‍സര്‍വീസിനോടും സൈന്യത്തോടുമൊപ്പം ഈ ബൂര്‍ഷ്വാസിയുടെ നിലനില്പ്, ഒരു കൊളോണിയല്‍ ഭരണകൂട ഉപകരണത്തിന്റെ നിലനില്പിനാവശ്യമായ അടിസ്ഥാനം സൃഷ്ടിച്ചു. കോണ്‍ഗ്രസ്സിനെ സ്വന്തം ഘടനകളില്‍ കെട്ടിയിടുന്നതിലും, ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ സമയം വന്നപ്പോള്‍ ആ പരിവര്‍ത്തനത്തിന്റെ സൗമ്യത ഉറപ്പുവരുത്തുന്നതിലും അതു വിജയിക്കുകയും ചെയ്തു. അങ്ങനെ തങ്ങള്‍ക്കൊരിക്കലും ശരിക്ക് അപഗ്രഥിക്കാന്‍ കഴിയാതിരുന്ന അപൂര്‍വമായൊരു സാമ്പത്തിക-രാഷ്ട്രീയ ഘടനയുമായാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.
സി.പി.ഐ. 1934-'35-ല്‍ തന്നെ ശരിക്കും സ്ഥാപിതമായെങ്കിലും അതിന്റെ വികാസം എല്ലാഭാഗത്തും തുല്യമായിരുന്നില്ല. ഉദാഹരണത്തിന് നമ്പൂതിരിപ്പാടും പി. കൃഷ്ണപിള്ളയും ഞാനുമുള്‍പ്പെടെ അഞ്ച് സഖാക്കള്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചത് 1937-ല്‍ മാത്രമായിരുന്നു. ഈ ഗ്രൂപ്പിനെ പരസ്യമായി 'കമ്യൂണിസ്റ്റ് പാര്‍ട്ടി'യെന്നു വിളിക്കേണ്ടെന്നും, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയില്‍ത്തന്നെ ഒരടിത്തറ നേടിയെടുക്കുകയാണ് വേണ്ടതെന്നും ഞങ്ങള്‍ തീരുമാനിച്ചു. ഇതു ശരിയായിരുന്നുവെന്നാണെന്റെ വിചാരം. എന്നാല്‍ ദേശവ്യാപകമായി ഇതു സംഭവിക്കുകയുണ്ടായില്ല. ഞങ്ങള്‍ അങ്ങനെ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ ഒരു സംഘടിത ഗ്രൂപ്പായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്ത് കമ്യൂണിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിനകത്ത് ഒരു സംഘടിത ഗ്രൂപ്പെന്ന നിലയ്ക്ക് ഞങ്ങളുടെ സ്വാധീനം അഗണ്യമായിരുന്നില്ല. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, കൃഷ്ണപിള്ള, പില്ക്കാലത്ത് ഞാന്‍-ഞങ്ങളെല്ലാവരുംതന്നെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നേതാക്കളായി അംഗീകാരം നേടിയിരുന്നു.
പ്രധാന കമ്മിറ്റികളിലെല്ലാം ഞങ്ങള്‍ക്ക് സ്ഥാനവുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ ഞങ്ങളുടെ സ്ഥാനമുപയോഗിച്ച് ഞങ്ങള്‍ ട്രേഡ് യൂണിയനുകളും കര്‍ഷകസംഘങ്ങളും വിദ്യാര്‍ഥിസംഘടനകളും സാമ്രാജ്യത്വവിരുദ്ധരായ പുരോഗമന സാഹിത്യകാരന്മാരുടെ സംഘടനകളും കെട്ടിപ്പടുത്തു. 1939 അവസാനം മാത്രമാണ് ഞങ്ങള്‍ കേരളത്തില്‍ ശരിയായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്കിയത്. ഞങ്ങളുടെ ജനകീയപ്രവര്‍ത്തനവും ജനങ്ങളുടെ ദേശീയാഭിലാഷങ്ങളുമായുള്ള ഞങ്ങളുടെ താദാത്മ്യവുമാണ് കേരളത്തെ സ്വാതന്ത്ര്യാനന്തര കമ്യൂണിസത്തിന്റെ ഒരു പ്രധാന ശക്തികേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത്, സംശയമില്ല.

സോവിയറ്റ് യൂണിയനില്‍ നടന്നുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിസത്തിന്മേലുണ്ടായ പ്രത്യാഘാതം ഒന്നു ചുരുക്കി വിവരിക്കാമോ? ഏതായാലും നാം ചര്‍ച്ചചെയ്യുന്ന കാലഘട്ടം വളരെ നിര്‍ണായകമായിരുന്നെന്ന് വ്യക്തമാണല്ലോ; സ്റ്റാലിനിസ്റ്റ് ഭീകരത, വിപ്ലവകാലത്തെ ബോള്‍ഷെവിക് നേതൃത്വത്തെ ഏതാണ്ട് മുഴുവന്‍തന്നെ ഭൗതികമായി തുടച്ചുനീക്കി-പൊതുജീവിതത്തിന്റ സര്‍വ മണ്ഡലങ്ങളിലും സമ്പൂര്‍ണമായി കുത്തക സ്ഥാപിച്ച ഒരു ഉദ്യോഗസ്ഥ മേധാവിത്വ സ്വേച്ഛാധിപത്യത്തിന്റെ വിഷ്‌കംഭം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ ഇതെല്ലാം എങ്ങനെ ബാധിച്ചു?

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് കേരളത്തെ മുന്‍നിര്‍ത്തിയേ സംസാരിക്കാനാവൂ. അക്കാലത്ത് ഞാന്‍ അഖിലേന്ത്യാ പാര്‍ട്ടി ഘടനയുടെ ഭാഗമായിട്ടില്ലായിരുന്നു. പിന്നെ, ഞാന്‍ വിശദീകരിച്ചുകഴിഞ്ഞപോലെ, വസ്തുനിഷ്ഠ പരിതഃസ്ഥിതികള്‍-ആത്മനിഷ്ഠ ഘടകങ്ങള്‍ വിടുക-രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പാര്‍ട്ടിയംഗങ്ങളുമായി നേരിട്ടുള്ള ബന്ധത്തിന് തടസ്സംനിന്നു. ജനകീയമുന്നണിയുടെ തന്ത്രങ്ങളെക്കുറിച്ച് കോമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസ്സിന്റെ തിസീസ്സുകള്‍ക്ക്-ദിമിത്രോഫ് തിസീസ്സുകള്‍ -തൊട്ടുമുന്‍പാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഏഴാം കോണ്‍ഗ്രസ്സിനുശേഷമാണ് സ്റ്റാലിന്‍ ഇന്ത്യയില്‍ പ്രസിദ്ധനായിത്തീര്‍ന്നത്. 'മഹാനായ നേതാവ്' എന്ന അംഗീകാരം നേടിയതെന്നര്‍ഥം. വാസ്തവത്തില്‍ ഈ തിസീസ്സുകള്‍ പ്രത്യക്ഷപ്പെട്ടത്-ഒരിക്കലുമില്ലാതിരിക്കുന്നതിലും ഭേദമാണല്ലോ വൈകിയെത്തുന്നത് -ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സുമായി ഒരൈക്യമുന്നണിയുണ്ടാക്കേണ്ടത് ഞങ്ങള്‍ക്കാവശ്യമായിവന്ന ഘട്ടത്തില്‍ത്തന്നെയായിരുന്നു. 1929-34 കാലത്തെ വിഭാഗീയമായ ഇടതുപക്ഷ തീവ്രവാദം ഞങ്ങളെ ഒറ്റപ്പെടുത്തിയിരുന്നു; പുതിയ പരിപാടി തെറ്റുകള്‍ തിരുത്താനുള്ള ഒരു ശ്രമമായാണ് ഞങ്ങള്‍ കണ്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ശരിയായ വഴിയിലുള്ള ഒരു കാല്‍വെപ്പായിരുന്നു-കേരളത്തിനെക്കാളേറെ ബോംബെയിലും കല്‍ക്കത്തയിലും. കേരളത്തില്‍ പിന്നെ, മുപ്പതുകളുടെ ആരംഭത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയേ ഇല്ലായിരുന്നല്ലോ. ബോംബെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യവസായവത്കൃതമല്ലാത്ത കേരളത്തില്‍ സി.പി.ഐ. ഇത്ര ശക്തി പ്രാപിക്കാന്‍ കാരണമെന്തെന്ന് ആളുകളെന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പറയും, 1930-33 കാലത്ത് കേരളത്തില്‍ സി.പി.ഐ. ഇല്ലാതിരുന്നതാണ് മുഖ്യകാരണമെന്ന്. അതുകൊണ്ട് പുതുതായൊരു തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഇന്നത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിലധികംപേരും 1930-32 കാലത്ത് കോണ്‍ഗ്രസ് ആരംഭിച്ച നിയമലംഘനപ്രസ്ഥാനത്തില്‍ തീര്‍ത്തും മുഴുകിയിരിക്കയായിരുന്നു. അവര്‍ക്കെന്തുകൊണ്ട് ജനങ്ങളുടെ പിന്തുണ നേടാനും പിന്നീടൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക പൊളിക്കാനും കഴിഞ്ഞുവെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്. ഇനി നിങ്ങളുടെ പ്രധാന ചോദ്യം: ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്‌സിസത്തില്‍ ഗൗരവമായ വിദ്യാഭ്യാസമൊന്നും നല്കപ്പെട്ടിരുന്നില്ലെന്ന് മനസ്സിലാക്കുക. ഒരുദാഹരണം തരാം: കൊളോണിയല്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ലെനിന്റെ തിസീസ്സുകളെക്കുറിച്ച് അമ്പതുകളുടെ അവസാനംവരെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കറിയില്ലായിരുന്നു. ഇന്ത്യയില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ ഐക്യമുന്നണി രൂപവത്കരിക്കാനുള്ള ഏഴാം കോണ്‍ഗ്രസ്സിന്റെ ലൈന്‍, ഭൂതകാലത്തില്‍നിന്നുള്ള ഒരു വേര്‍പാടായിട്ടല്ല, ആറാം കോണ്‍ഗ്രസ് ലൈനിന്റെ തന്നെ ഒരു തുടര്‍ച്ചയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്-ദേശീയവും അന്തര്‍ദേശീയവുമായ പരിതഃസ്ഥിതികളിലെ മാറ്റങ്ങള്‍മൂലം ആവശ്യമായിവന്ന ഒരു നയവ്യതിയാനമായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. ആറാം കോണ്‍ഗ്രസ്സിന്റെ അപകടകരമായ കൊളോണിയല്‍ തിസീസ്സുകള്‍ ഇക്കാലത്തുതന്നെയാണ് മലയാളത്തിലേക്കും ഇതര ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടത്-ഇത് നിങ്ങള്‍ക്ക് വിചിത്രമായിത്തോന്നാം. എന്നാല്‍ പ്രായോഗികമായി, ഐക്യമുന്നണി ഇടതുപക്ഷ വിഭാഗീയ ലൈനില്‍നിന്നുള്ള ഒരു പൊട്ടിമാറല്‍ തന്നെയായിരുന്നു. പി.സി. ജോഷിയുടെ സമര്‍ഥമായ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട പുതിയ ലൈന്‍ വളരെ വേഗം മുന്നോട്ടുപോകാന്‍ ഞങ്ങളെ സഹായിച്ചു. സി.പി.ഐ. ആദ്യമായി കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയിലും ജനകീയ പ്രസ്ഥാനങ്ങളിലും കാര്യമായ സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായിത്തീര്‍ന്നു. വിരുദ്ധ ട്രേഡ് യൂണിയനുകള്‍ ഒരൊറ്റ 'അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സാ'യി ഒന്നിച്ചു ചേര്‍ന്നു. സി.പി.ഐ. ആയിരുന്നു അതിന്റെ നേതൃശക്തി. അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘം എന്നിവയും നിലവില്‍ വന്നു. ഇവയെല്ലാം ഒന്നിപ്പിക്കുന്നതിലും ഇവയുടെ സമരങ്ങള്‍ നയിക്കുന്നതിലും കമ്യൂണിസ്റ്റുകള്‍ പ്രധാനമായൊരു പങ്കുവഹിച്ചു. സാമ്രാജ്യത്വത്തിനെതിരെ ദേശീയൈക്യം, വലതുപക്ഷത്തിന്റെ സമരവിരുദ്ധവും അനുരഞ്ജനപരവുമായ നയങ്ങളെ എതിര്‍ക്കാന്‍ ഇടതുപക്ഷൈക്യം, ഈ ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് ഐക്യം, സോഷ്യലിസ്റ്റ് ഐക്യത്തിന്റെ അടിത്തറയായി സി.പി.ഐ. ഏകീകൃതമായ സാമ്രാജ്യത്വവിരുദ്ധ മുന്നണി കെട്ടിപ്പടുക്കാനും പുഷ്ടിപ്പെടുത്താനും ജനകീയസംഘടനകളും ജനകീയ പ്രക്ഷോഭങ്ങളും-ഇവയെല്ലാമായിരുന്നു പുതിയ ലൈനിന്റെ മുദ്രാവാക്യങ്ങളും ഗുണവശങ്ങളും. ഈ ലൈന്‍ നിശ്ചയമായും നേട്ടങ്ങളുണ്ടാക്കി, ഒരു അഖിലേന്ത്യാ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഊട്ടിവളര്‍ത്തിയുറപ്പിക്കാനും ഇത് സഹായകമായി. പാര്‍ട്ടിയുടെ അംഗസംഖ്യ 1934-ല്‍ 150 ആയിരുന്നെങ്കില്‍ 1939-ല്‍ അത് 3000 ആയി. സ്വാധീനമാകട്ടെ അതിനേക്കാള്‍ കൂടിയ തോതില്‍ പെരുകിപ്പെരുകി വന്നു. എന്നാല്‍ ഇവ സ്റ്റാലിനിസത്തിന്റെയും വര്‍ഷങ്ങളായിരുന്നു.

സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം നിര്‍മിച്ചുകൊണ്ടിരിക്കുന്ന 'മഹാനായ ആചാര്യ'നും 'വഴികാട്ടുന്ന നക്ഷത്ര'വും ലോക സോഷ്യലിസത്തിന്റെ നേതാവുമാണെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. കമ്യൂണിസത്തില്‍ പുതുതായതുകൊണ്ടും, മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും താരതമ്യേന അശിക്ഷിതനായതുകൊണ്ടും പറഞ്ഞുകേട്ടതെല്ലാം ഞാനംഗീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ 'ഗുരു'ക്കന്മാര്‍ ജനങ്ങളെ പ്രബുദ്ധരാക്കുന്ന ഒരു പാരമ്പര്യം ഉണ്ട്. സ്റ്റാലിനിസത്തിന് നന്നായി ചേരുന്നതായിരുന്നു ഈ പാരമ്പര്യം. അതിനാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ പറയുന്ന ഓരോ വാക്കും ഞങ്ങള്‍ക്ക് വേദവാക്യമായിരുന്നു. അവരുടെ വിവരമാകട്ടെ മോസ്‌കോയെ മാത്രം ആശ്രയിച്ചുള്ളതുമായിരുന്നു. ഈ അന്തരീക്ഷത്തിലാണ് ഞാനൊരു കമ്യൂണിസ്റ്റുകാരനായി വളര്‍ത്തപ്പെട്ടത്. എന്നിരുന്നാലും മോസ്‌കോയില്‍ നിന്നു വന്നുകൊണ്ടിരുന്ന കൂട്ടക്കൊലകളെക്കുറിച്ചു കേട്ട് അങ്ങേയറ്റം അസ്വസ്ഥരായ ചില സഖാക്കളുണ്ടായിരുന്നു. സി.പി.ഐ. കെട്ടിപ്പടുക്കുന്നതില്‍ സഹായിക്കാനായി ബ്രിട്ടനില്‍നിന്നയയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരിലൊരാളായ ഫിലിപ് സ്​പ്രാറ്റ് സ്റ്റാലിനിസം മൂലം തീര്‍ത്തും ഹതാശനും മോഹമുക്തനുമായി കമ്യൂണിസം തന്നെ ഉപേക്ഷിച്ച് ഒരു ലിബറല്‍ ഹ്യൂമനിസ്റ്റായി മാറുകയും ജീവിതാവസാനമടുത്തതോടെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധന്‍ തന്നെയായിത്തീരുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഞങ്ങളെ സഹായിക്കുന്നതില്‍ അമൂല്യമായ പങ്കുവഹിച്ച ഒരൊന്നാന്തരം സഖാവായിരുന്നു അദ്ദേഹം. മോസ്‌കോവില്‍ നടക്കുന്ന ശുദ്ധീകരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷവും അങ്ങേയറ്റം വിമര്‍ശനാത്മകമായ സമീപനമാണ് കൈക്കൊണ്ടത്. ട്രോട്‌സ്‌കിയെ ഒരു വിഷമൂര്‍ഖനും ഫാസിസത്തിന്റെ ഏജന്റുമായി ചിത്രീകരിച്ചുകൊണ്ടുള്ള സി.പി.ഐ. മുന്നണിയുടെ പത്രമായ നാഷണല്‍ ഫ്രണ്ടിന്റെ പ്രചാരണങ്ങള്‍, അവരുടെ പല നേതാക്കളെയും തികച്ചും മടുപ്പിച്ചു.
റഷ്യന്‍ വിപ്ലവത്തിനും സോവിയറ്റ് നേട്ടങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിക്കൊടുത്ത ആദ്യത്തെ കോണ്‍ഗ്രസ്സുകാരിലൊരാളായ നെഹ്‌റു പോലും 1938-ലെ ശുദ്ധീകരണങ്ങളെ താനംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അന്ന് ട്രോട്‌സ്‌കിയിസവും ഫാസിസവും ഒന്നുതന്നെയായിരുന്നു. സ്റ്റാലിനിസ്റ്റ് ശുദ്ധീകരണത്തിന്റെ ഇരകളായിരുന്ന ബുഖാറിനും സിനോവിയേവും റാഡെക്കും മറ്റും സോഷ്യലിസത്തിന്റെ ശത്രുക്കളും സാമ്രാജ്യത്വ ഫാസിസ്റ്റ് താത്പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന ചാരന്മാരും അട്ടിമറിക്കാരുമാണെന്ന് ഞാനും വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് തുറന്നു സമ്മതിക്കട്ടെ. സ്വതന്ത്രമനസ്‌കരായ സോഷ്യലിസ്റ്റുകളുമായുള്ള ചര്‍ച്ചകളില്‍ ഞാന്‍ സ്റ്റാലിനെ വീറോടെ ന്യായീകരിച്ചു. ഞങ്ങള്‍ പൂര്‍ണമായും സോവിയറ്റ് യൂണിയനുമായി താദാത്മ്യം പ്രാപിച്ചിരുന്നതാണ് ഇതിനുള്ള മുഖ്യ കാരണമെന്നു തോന്നുന്നു-സോവിയറ്റ് യൂണിയനെ അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വവും കോണ്‍ഗ്രസ്സിന്റെ വലതുപക്ഷവും ചേര്‍ന്ന് തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. ഓരോ പണിമുടക്കും നടക്കുന്നത് മോസ്‌കോവിന്റെ പ്രചോദനം കൊണ്ടാണെന്നായിരുന്ന ധാരണ; ഓരോ തെരുവുജാഥയും നയിക്കുന്നത് മോസ്‌കോവിന്റെ കൂലിക്കാരായ പ്രക്ഷോഭകരാണെന്നും. ഞങ്ങള്‍ ഇക്കൂട്ടര്‍ക്കെതിരായി സോവിയറ്റ് യൂണിയനെ ന്യായീകരിച്ചു, വിമര്‍ശനബുദ്ധി തീര്‍ത്തും മാറ്റിവെച്ചിട്ടാണെങ്കിലും. അതുകൊണ്ട് സോവിയറ്റു യൂണിയന്‍ ഇടതുപക്ഷത്തുനിന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ആ വിമര്‍ശകര്‍ക്കെതിരായും ഇതേ വാദങ്ങള്‍തന്നെ ഉന്നയിച്ചു. ആ ഘട്ടത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങളെ സംബന്ധിച്ചു മാത്രമല്ല, കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ സംബന്ധിച്ച് പൊതുവേതന്നെ ഇതെല്ലാമൊരു മഹാദുരന്തമായിരുന്നുവെന്നെനിക്കു തോന്നുന്നു. നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ കഴിയുമോ- ഫാസിസത്തെ ശക്തിയുക്തം എതിര്‍ക്കുകയും ജര്‍മന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അവര്‍ വീണുകൊണ്ടിരുന്ന കെണിയെക്കുറിച്ച് മുന്നറിയിപ്പു നല്കുകയും ചെയ്ത അതേ ട്രോട്‌സ്‌കിയെയാണ് ഞങ്ങളും മറ്റ് ആയിരക്കണക്കിനാളുകളും 'ഫാസിസ്റ്റ്' എന്നു മുദ്രകുത്തിയത്! സ്റ്റാലിനിസത്തെ ന്യായീകരിക്കുക വഴി റഷ്യന്‍ വിപ്ലവത്തെത്തന്നെ സംരക്ഷിക്കുകയാണെന്നാണ് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നത്. ഞാനോര്‍ക്കുന്നുണ്ട്. ട്രോട്‌സ്‌കി വധത്തിനുശേഷം കേരളത്തിലെ പത്രങ്ങളില്‍ സ്റ്റാലിനെ ന്യായീകരിച്ചുകൊണ്ട് ഞാന്‍ മലയാളത്തില്‍ ലേഖനങ്ങളെഴുതി. അതിന് വസ്തുതകള്‍ കിട്ടാനായി ദ ഗ്രേറ്റ് കോണ്‍സ്​പിരസി (വലിയ ഗൂഢാലോചന) എന്ന പുസ്തകത്തെയാണ് ഞാനാശ്രയിച്ചത്. അതു സത്യമാണെന്നു ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നു. മുപ്പതുകളുടെ അവസാനത്തില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ സി.പി.എസ്.യു. ചരിത്രം സ്റ്റാലിനിലുള്ള എന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു. ഈ പുസ്തകം 1941-ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉടന്‍തന്നെ അത് ഞങ്ങളുടെ കേഡര്‍മാര്‍ക്ക് മാര്‍ക്‌സിസത്തിന്റെ ഒരു പാഠപുസ്തകമായിത്തീര്‍ന്നു. ഞാന്‍ ജയിലില്‍വെച്ച് ഞങ്ങളുടെ സഖാക്കള്‍ക്കായി നടത്തിയ സ്റ്റഡിക്ലാസുകള്‍ നല്ലപോലെ സ്റ്റാലിനിസത്തിന്റെ നിറം കലര്‍ന്നവയായിരുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ സ്റ്റാലിനിസത്തെ മാര്‍ക്‌സിസം- ലെനിനിസം തന്നെയായാണ് കണ്ടത്.


താങ്കളുടെ നാലാം പാര്‍ട്ടികോണ്‍ഗ്രസ്സുകഴിഞ്ഞ് ഏറെക്കഴിയും മുന്‍പേതന്നെ സി.പി.ഐ. കേരളത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഒരു വന്‍വിജയം നേടുകയും നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവരികയും ചെയ്തല്ലോ. അതിന്റെ നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗണ്‍മെന്റുണ്ടാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് പ്രാദേശികമായി ജനസമ്മതിയുണ്ടായിരുന്നെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. അക്കാലത്ത് അധീശത്വം പുലര്‍ത്തിയിരുന്ന ശീതസമര പ്രത്യയശാസ്ത്രത്തിന് നല്ലൊരടിയായിരുന്നു അത്. അതെന്തായാലും താങ്കളുടെ നോട്ടത്തില്‍ ജനകീയപ്രസ്ഥാനത്തിലും, സി.പി.ഐ.യുടെ ഭാവിപരിണാമത്തിലും ഈ വിജയത്തിന്റെ ശരിയായ പ്രത്യാഘാതമെന്തായിരുന്നു?
കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് രൂപീകരിച്ചു കഴിഞ്ഞയുടന്‍ കേരളകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ളില്‍ പുതിയ ഗവണ്‍മെന്റിന്റെ സ്വഭാവത്തെക്കുറിച്ച് ചൂടുള്ളൊരു ചര്‍ച്ച നടന്നു. നമ്പൂതിരിപ്പാടടക്കമുള്ള കേന്ദ്രനേതാക്കളുന്നയിച്ചതും, ഉയര്‍ന്നുനിന്നതുമായ വീക്ഷണം ഇതായിരുന്നു: കേരളത്തില്‍ തൊഴിലാളികള്‍ സമാധാനമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തിരുന്നു. കേരളം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായിത്തീരും. ലോകത്തിലാദ്യമായാണ് ഇതു സംഭവിക്കുന്നത്. ലോകം മുഴുവനുമുള്ള സഖാക്കള്‍ക്ക് ഭാവിയുടെ വഴികാട്ടിയാണിത്- നേതൃത്വത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.
ഞാന്‍ ഈ വീക്ഷണത്തോടു യോജിച്ചില്ല. കമ്യൂണിസ്റ്റുകാര്‍ വിജയിച്ചാലും ഭരണകൂടം മുതലാളിത്ത ഭരണകൂടമായിത്തന്നെ നിലനില്ക്കുന്നുവെന്നും മറിച്ചുള്ള വ്യാമോഹങ്ങള്‍ പരത്തുന്നത് തെറ്റായിരിക്കുമെന്നും ഞാന്‍ വാദിച്ചു. അല്പം ചില സഖാക്കള്‍മാത്രം എന്നെ പിന്‍താങ്ങി. തര്‍ക്കപരിഹാരത്തിനു ശ്രമിക്കുവാനായി കേരള നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അജയ്‌ഘോഷ് ഡല്‍ഹിയില്‍നിന്നു വന്നെത്തി. രണ്ടുവീക്ഷണങ്ങളും അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഞാന്‍ ന്യൂനപക്ഷത്തിനുവേണ്ടി വാദിച്ചു. ഞങ്ങള്‍ ഒരു പ്രദേശത്ത് ഗവണ്‍മെന്റധികാരമുപയോഗിക്കുകയാണെങ്കിലും പ്രാദേശികമായും ദേശീയമായും ഭരണകൂടം മുതലാളിത്തപരം തന്നെയാണെന്നും, പാര്‍ട്ടിയെയും ജനകീയപ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുവാനായി ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ഞാന്‍ വാദിച്ചു. തൊഴിലാളിവര്‍ഗം അധികാരത്തില്‍ വന്നില്ലായിരുന്നുവെന്നര്‍ഥം. ഇ.എം.എസ് ഭൂരിപക്ഷ വീക്ഷണം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞുതീര്‍ന്നപ്പോള്‍ അജയ്‌ഘോഷ് വിരല്‍ചൂണ്ടി എന്നോടു ചോദിച്ചു, 'ഇ.എം.എസ് നമ്പൂതിരിപ്പാട് ബൂര്‍ഷ്വാ ആണെന്നാണോ താങ്കള്‍ പറയുന്നത്. അദ്ദേഹം തൊഴിലാളിവര്‍ഗത്തിന്റെ ഒരു പ്രതിനിധിയല്ലേ'- ഇങ്ങനെ പലതും. ഞാനതല്ലാ ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമാണല്ലോ- ഭരണകൂടം ബൂര്‍ഷ്വാ ആണോ അല്ലയോ എന്നതായിരുന്നു പ്രശ്‌നം. നമ്പൂതിരിപ്പാട് ഒരു പ്രാദേശിക സര്‍ക്കാരിന്റെ മുഖ്യമന്ത്രി മാത്രമായിരുന്നു. ഘോഷ് ഭൂരിപക്ഷത്തെ പിന്താങ്ങി- സംഗതി അവിടെത്തീര്‍ന്നു. ഞാനെന്റെ അഭിപ്രായത്തിലുറച്ചുനിന്നു. പക്ഷേ, എതിര്‍പ്പ് മുഴുവന്‍ നിലച്ചുപോയി. കേരളാഗവണ്‍മെന്റ് ഡിസ്മിസ് ചെയ്യപ്പെട്ടശേഷം മാത്രമാണ് സി.പി.ഐ. കേരളാഘടകത്തിന്റെ സൈദ്ധാന്തിക മുഖപത്രമായ കമ്യൂണിസ്റ്റില്‍ ഭരണകൂടം തൊഴിലാളി വര്‍ഗഭരണകൂടമായിരുന്നില്ലെന്നു വാദിച്ചുകൊണ്ട് ഇ.എം.എസ് ഒരു ലേഖനമെഴുതിയത്. അല്പം മുന്‍പ് അദ്ദേഹത്തിന് ഈ ബോധമുദിച്ചിരുന്നെങ്കില്‍ സ്ഥിതിതീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. കാരണം, പാര്‍ട്ടി അതിനെ അധികാരത്തിലെത്തിച്ച പാര്‍ലമെന്റിതര ജനകീയസമരത്തിന് മുന്‍ഗണന നല്കുമായിരുന്നു. എന്നാല്‍ സി.പി.ഐ. നേതാക്കളില്‍ തിരഞ്ഞെടുപ്പുവഴി അധികാരം നേടാനും മന്ത്രിസഭകളുണ്ടാക്കാനുമുള്ള അത്യാഗ്രഹം മാത്രമാണ് കേരളം സൃഷ്ടിച്ചത്. സി.പി.ഐ. പിളര്‍ന്നുണ്ടായ രണ്ടു വിഭാഗങ്ങളിലും അതിപ്പോഴും കാണാം. സഖ്യങ്ങളുണ്ടാക്കപ്പെടുന്നത് തത്ത്വാധിഷ്ഠിതമായല്ല, ഗവണ്‍മെന്റധികാരം നേടുവാന്‍ മാത്രമാണ്.

വിജയം ജനതയിലുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. വിജയം നേടിയ ഉടന്‍ കര്‍ഷകരും തൊഴിലാളികളും വിശേഷിച്ചും ആഹ്ലാദഭരിതരായി. പുതിയ ഗവണ്‍മെന്റ് അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുമെന്ന് അവര്‍ ഉള്ളിന്റെയുള്ളില്‍ പ്രതീക്ഷിച്ചു. തൊഴിലാളി വര്‍ഗത്തില്‍ അഭിമാനത്തിന്റെയും കരുത്തിന്റെയുമായ ഒരു ഗംഭീരവികാരം നിറഞ്ഞുനിന്നു. നിരക്ഷരരും ദരിദ്രരുമായ തൊഴിലാളികള്‍ തെരുവിലെ പോലീസുകാരോട് 'ഇനി നിങ്ങള്‍ക്കു ഞങ്ങളെ ആക്രമിക്കാന്‍ ധൈര്യമുണ്ടാവില്ല. ഞങ്ങളുടെ ഗവണ്‍മെന്റാണ് അധികാരത്തില്‍. നമ്പൂതിരിപ്പാടാണ് ഞങ്ങളുടെ നേതാവ്. ഞങ്ങളാണ് ഭരിക്കുന്നത്' എന്നു പറയുന്നതുകേട്ടത് ഞാനോര്‍ക്കുന്നു. ഇത് അസാധാരണമായൊരു വീക്ഷണമായിരുന്നില്ല. ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന അനുഭാവം വളരെ വലുതായിരുന്നു. ദരിദ്രകര്‍ഷകരിലും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിഭാഗങ്ങള്‍ക്കിടയിലും ആഹ്ലാദം തിരതല്ലി.
ഈ വിജയം ജന്മിമാരെയും മുതലാളിമാരെയും പൊതുവേ പിന്തിരിപ്പന്മാരെയും അസ്വസ്ഥരാക്കുന്നതു കണ്ടതോടെ അതുവര്‍ധിച്ചു. തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള ആദ്യവാരങ്ങളില്‍ കമ്യൂണിസ്റ്റുമന്ത്രിമാര്‍ തൊഴിലാളിസമരങ്ങള്‍ക്ക് അവരുടെ പിന്തുണ ആണയിട്ടുപറയുന്ന വിപ്ലവപ്രസംഗങ്ങള്‍ നടത്തി.

എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ മുഖ്യമായും പ്രസംഗങ്ങളിലൊതുങ്ങിനിന്നു. സിവില്‍ സര്‍വീസ് അതിശക്തമായൊരു സാധനമാണെന്നും സംസ്ഥാനത്തെ സിവിലുദ്യോഗസ്ഥരുടെ മേധാവിയായ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളനുസരിച്ചല്ല കേന്ദ്രത്തില്‍നിന്നുള്ള കല്പനകളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും പെട്ടെന്നുതന്നെ ബോധ്യമായി. പോലീസിന്റെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഒരു നിയമവും പാസാക്കാന്‍ സാധ്യമായിരുന്നില്ല. അങ്ങനെ ചില പരിഷ്‌കാരങ്ങള്‍ക്കു ഗണപതി കുറിക്കുന്ന കാര്യത്തില്‍തന്നെ കമ്യൂണിസ്റ്റു മന്ത്രിസഭ അശക്തമായിത്തീര്‍ന്നു. ശരിയായ മറ്റു വീക്ഷണങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് അതു ശരിക്കും വഴിമുട്ടിനിന്നു. അടിസ്ഥാനപരമായും പുതുതായ ഒന്നുംതന്നെ സംഭവിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റുണ്ടാകുന്നതിന്റെ പുതുമയൊക്കെ മാഞ്ഞുതുടങ്ങി. ചിലരില്‍ ആഹ്ലാദം നിസ്സംഗതയ്ക്കു വഴിമാറി. മറ്റുചിലരില്‍ തുറന്ന, തീക്ഷ്ണമായ മോഹഭംഗത്തിനും.

തിരഞ്ഞെടുപ്പു കഴിഞ്ഞ് അല്പം ചില മാസം കഴിഞ്ഞപ്പോള്‍ പുതിയ ഗവണ്‍മെന്റിന് ഒരു പ്രധാന പരീക്ഷണം നേരിടേണ്ടിവന്നു. കൊല്ലത്തിനടുത്തുള്ള ഒരു വ്യവസായശാലയിലെ തൊഴിലാളികള്‍ പണിമുടക്കി. ആ ഫാക്ടറിയിലെ യൂണിയന്‍ ആര്‍.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്‍മെന്റിനെതിരായിരുന്നില്ല, ആ ഫാക്ടറിയുടമയ്‌ക്കെതിരായിരുന്നു- ഒരു തനി ട്രേഡ് യൂണിയന്‍ സമരം. സ്ഥിതി മാറിയതെങ്ങനെയെന്നു ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഞങ്ങള്‍ സി.പി.ഐ.യുടെ സ്റ്റേറ്റ് കൗണ്‍സില്‍ (ഏതാണ്ട്-അറുപതു സഖാക്കള്‍ അതിലുണ്ടായിരുന്നു) കൂടിയിരിക്കയായിരുന്നു. അപ്പോഴാണ് പോലീസുകാര്‍ പണിമുടക്കുന്ന തൊഴിലാളികളെ വെടിവെച്ചുകൊന്ന വാര്‍ത്ത ഞങ്ങള്‍ക്കു ലഭിച്ചത്- ഞങ്ങള്‍ തരിച്ചിരുന്നുപോയി. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ പോലീസ് തൊഴിലാളികളെ വെടിവെച്ചുകൊല്ലുകയോ! ഉടന്‍തന്നെ സഖാക്കളിലുണ്ടായ പ്രതികരണം ഇതായിരുന്നു- വെടിവെപ്പിനെ അപലപിക്കുക, അടിയന്തരാന്വേഷണമേര്‍പ്പെടുത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുക, പണിമുടക്കുന്ന തൊഴിലാളികളോട് പരസ്യമായി മാപ്പുചോദിക്കുക, ഞങ്ങള്‍ ഭരിക്കുമ്പോള്‍ അത്തരമൊന്ന് ഇനി ഒരിക്കലും സംഭവിക്കുകയില്ലെന്ന് പൊതുവായി ഉറപ്പുനല്കുക. ഇതായിരുന്നു ഞങ്ങളുടെ സഹജമായ വര്‍ഗപ്രതികരണം. എന്നാല്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ഒരു ചര്‍ച്ചയാരംഭിച്ചു: ഒടുവിലെടുത്ത തീരുമാനങ്ങള്‍ ഞങ്ങളുടെ ആദ്യപ്രതികരണത്തില്‍നിന്നു തീര്‍ത്തും വിഭിന്നമായിരുന്നു. എന്റെ നോട്ടത്തില്‍ സംഗതി മുഴുവന്‍ അന്യായമായിരുന്നു, പക്ഷേ, അതിന്റെ സന്ദര്‍ഭം മനസ്സിലാക്കേണ്ടതുണ്ട്.

'കമ്യൂണിസ്റ്റു ഭരണത്തിനെതിരായ വിമോചനസമരത്തില്‍ പങ്കുചേരുവിന്‍' എന്ന പ്രക്ഷോഭകരമായ മുദ്രാവാക്യവുമായി പിന്തിരിപ്പന്‍ പാര്‍ട്ടികളും ഗ്രൂപ്പുകളും ഞങ്ങള്‍ക്കെതിരെ പ്രചാരണമാരംഭിച്ചിരുന്നു. അവര്‍ ഞങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാന്‍ തുടങ്ങിയിരുന്നു. നായര്‍ വര്‍ഗീയവാദികളും റോമന്‍ കത്തോലിക്കാ പുരോഹിതരു(കേരളത്തില്‍ കത്തോലിക്കരുടെ സംഖ്യ ഗണനീയമാണെന്നറിയാമല്ലോ)മായിരുന്നു പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാര്‍. എന്നാല്‍ വലതും ഇടതും സോഷ്യല്‍ ഡിമോക്രാറ്റുകള്‍ ഉള്‍പ്പെടെ (സോഷ്യലിസ്റ്റുപാര്‍ട്ടിയും ആര്‍.എസ്.പി.യും) സി.പി.ഐയോട് എതിര്‍പ്പുള്ള എല്ലാവരും അവരുടെ കൂടെ കൂടിയിരുന്നു. പ്രസ്ഥാനം ജനപിന്തുണയാര്‍ജിച്ചുതുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പോലീസ് വെടിവെപ്പു നടന്നത്. ആദ്യ നിലപാട് മാറ്റണമെന്ന് വാദിച്ച സഖാക്കളുടെ യുക്തിഎതാണ്ടിങ്ങനെയായിരുന്നു: നാം പോലീസിനെ ആക്രമിച്ചാല്‍, അവരുടെ വീര്യം കാര്യമായി കുറയും; അവരുടെ വീര്യം ഗണ്യമായി കുറഞ്ഞാല്‍ കമ്യൂണിസ്റ്റ് വിരുദ്ധപ്രസ്ഥാനത്തിന് ശക്തികൂടും. വിരുദ്ധപ്രസ്ഥാനത്തിന് ശക്തി വര്‍ധിച്ചാല്‍, നമ്മുടെ ഗവണ്‍മെന്റ് മറിഞ്ഞുവീഴും. നമ്മുടെ ഗവണ്‍മെന്റ് മറിഞ്ഞുവീണാല്‍ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ വലിയൊരടിയായിരിക്കും. പാര്‍ട്ടി ഒടുവില്‍ പാസാക്കിയ പ്രമേയം പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാള്‍ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആര്‍.എസ്.പിയെ ആക്രമിക്കാനും പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്തുപോകേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ഞാന്‍ പാര്‍ട്ടിയുടെ ശക്തരായ മലയാളം പ്രസംഗക്കാരില്‍ ഒരാളാണെന്നായിരുന്നു സങ്കല്പം. അതിനാല്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്നു പറയാനും കൗണ്‍സിലെടുത്ത തീരുമാനം എനിക്ക് ദഹിച്ചിട്ടില്ലാത്തതിനാല്‍ എനിക്കതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടാനുമായിരുന്നു എനിക്കു തോന്നിയത്. അപ്പോള്‍ പാര്‍ട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോട് പോയി പാര്‍ട്ടിയെ ന്യായീകരിക്കാനാവശ്യപ്പെട്ടു. ഞാന്‍ പോയി. ഞാന്‍ ഒന്നര മണിക്കൂര്‍ സംസാരിച്ചു. തനി വായാടിത്തം. മൂന്ന് തൊഴിലാളികളുടെ മരണം ഞാന്‍ ആര്‍.എസ്.പിയുടെ നിരുത്തരവാദിത്വത്തില്‍ ആരോപിച്ചു. ഈ തൊഴിലാളികളെ കൊലയ്ക്കു കൊടുത്തതെന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ഞാന്‍ അവരോടാവശ്യപ്പെട്ടു. പണിമുടക്കിന്റെ നേതാക്കളെ ഞാന്‍ പരുഷമായി ആക്രമിച്ചു. അന്നുരാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് ഉള്ളില്‍ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാര്‍ട്ടിയെ ന്യായീകരിക്കുന്ന പണി ഞാന്‍ നിഷേധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നിപ്പോയി. ഞാന്‍ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടെത്തിച്ച പാര്‍ട്ടി നേതാക്കളോട് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നതിന് പകരം, ഞാനെന്റെ ഭാര്യയോട് വക്കാണം കൂടി. പിറ്റേന്ന് മൂന്നുസ്ഥലങ്ങളില്‍ അതേ പ്രസംഗം നടത്താന്‍ എന്നോടാവശ്യപ്പെട്ടു. ഇക്കുറി ഞാന്‍ കണ്ണടച്ചു നിരസിച്ചു. അതവര്‍ സ്വീകരിച്ചു.

വെടിവെപ്പ് താങ്കളെപ്പോലെ പല പാര്‍ട്ടി മെമ്പര്‍മാരിലും ശക്തമായ ക്ഷതമേല്പിച്ചുവെന്നത് വ്യക്തം. തൊഴിലാളിവര്‍ഗത്തില്‍ അത് എന്തെങ്കിലും ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കിയോ?

പ്രത്യക്ഷത്തില്‍ത്തന്നെ അത് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ ജനപിന്തുണയ്ക്ക് മൂര്‍ച്ച കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലം സംഭവങ്ങള്‍ക്കുശേഷം ഞങ്ങളുടെ അനുഭാവികളില്‍ ഒരു വലിയ വിഭാഗം ഉറച്ചുതന്നെനിന്നു. പിന്തിരിപ്പന്മാര്‍ക്ക് പിന്തുണ വര്‍ധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ ഘട്ടത്തില്‍പ്പോലും സി.പി.ഐ. നേതാക്കള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും ജനകീയ പ്രവര്‍ത്തനവും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മനസ്സിലാക്കുകയും, ആദ്യത്തേത് എപ്പോഴും സമരത്തിന്റെ ആവശ്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടിരിക്കണമെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തി നിലനിര്‍ത്താനും മിക്കവാറും അത് പതിന്മടങ്ങ് വര്‍ധിപ്പിക്കാനും കഴിയുമായിരുന്നു. ഈ പ്രക്രിയയില്‍ ഞങ്ങള്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുമായിരുന്നു (അതെന്തായാലും സംഭവിക്കുകയും ചെയ്തു). എന്നാല്‍ അളവറ്റശക്തി നേടുമായിരുന്ന ബൂര്‍ഷ്വാജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. ശരിയായ വിപ്ലവബോധം വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യുകയുണ്ടായില്ല. അതേസമയം നമ്പൂതിരിപ്പാട് ഒരു ആഭ്യന്തരയുദ്ധം പ്രവചിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തി - തൊഴിലാളി വര്‍ഗം അധികാരമേറ്റെടുത്തിരിക്കയായിരുന്നു എന്ന അദ്ദേഹത്തിന്റെ വീക്ഷണത്തില്‍നിന്ന് യുക്ത്യനുസൃതമായുണ്ടായ ഒരനുമാനം. ഈ പ്രസംഗങ്ങളെ കോണ്‍ഗ്രസ് നേതൃത്വം ആക്രമണത്തിന്നാക്കം കൂട്ടാനുപയോഗിച്ചു. ഗവണ്‍മെന്റിനെ വീണ്ടും ദുര്‍ബലപ്പെടുത്താനും കേന്ദ്രം ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം അടിച്ചേല്പിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് പത്രവാര്‍ത്തകളിലും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലും നിന്ന് വളരെ വേഗം വ്യക്തമായി. കേരളത്തിനകത്ത് പ്രതിലോമ നേതൃത്വത്തിലുള്ള ജനകീയപ്രസ്ഥാനവും മൂര്‍ധന്യത്തിലെത്തുകയായിരുന്നു.
സി.പി.ഐ. നേതാക്കള്‍ക്കും കല്ലേറുകൊള്ളാതെ സഞ്ചരിക്കാന്‍ തന്നെ പ്രയാസമായി. എന്റെ നിലയും വ്യത്യസ്തമായിരുന്നു. ഇക്കാലത്താണ് നെഹ്‌റു കേരളം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാനും നിശ്ചയിച്ചത്. ഗവണ്‍മെന്റ് ഉടന്‍തന്നെ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന അഭ്യര്‍ഥനയുമായി ചെന്നവര്‍ അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹം ഞങ്ങളെയും കാണാതിരുന്നില്ല. ഗവണ്‍മെന്റ് മന്ത്രിമാരുമായി അദ്ദേഹം പലകുറി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഒരു പ്രതിനിധി സംഘത്തെയും അദ്ദേഹം കണ്ടു. ഈ പ്രതിനിധി സംഘത്തില്‍ ഞാനും അംഗമായിരുന്നു. ഞങ്ങളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഞങ്ങളോട് ചോദിച്ച ചോദ്യം ഞാനോര്‍ക്കുന്നു. 'ഇത്ര ചെറിയ കാലയളവില്‍ ജനങ്ങളില്‍നിന്ന് ഇത്ര വിസ്മയകരമായി ഒറ്റപ്പെടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു?' വോട്ടര്‍മാര്‍ക്ക് ഒരു തീരുമാനത്തിനവസരം നല്കാന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്ന വ്യവസ്ഥയില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ഭരണം തുടരാം എന്നദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന കമ്മിറ്റി നെഹ്‌റുവിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ഒരു പ്രത്യേക യോഗം വിളിച്ചു. നമ്പൂതിരിപ്പാടിന്റെ നിര്‍ബന്ധം മൂലം ആ നിര്‍ദേശം തള്ളിക്കളയാന്‍ തീരുമാനിക്കുകയും ചെയ്തു. മറ്റെല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മാത്രമേ പുതിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നുള്ളൂ. അതൊരു തെറ്റായ തീരുമാനമാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഞങ്ങള്‍ നെഹ്‌റുവിന്റെ നിര്‍ദേശം സ്വീകരിച്ച് ശ്വാസം കഴിക്കാനല്പം സമയം നേടിയ ശേഷം പ്രതിപക്ഷവുമായി യുദ്ധത്തിനിറങ്ങണമായിരുന്നു - 'പ്രതിപക്ഷം' കുറെ പിന്തിരിപ്പന്മാരുടെയും ലാഭം നോക്കികളായ അവസരവാദികളുടെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും ഒരു വിചിത്ര സങ്കരം മാത്രമായിരുന്നുവല്ലോ. രണ്ടാമതായി, കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തിലിരിക്കെ തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ഭരണകൂടോപകരണം, സിവിലുദ്യോഗസ്ഥരും പോലീസും ഞങ്ങള്‍ക്കെതിരായി തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെ ഇതു തീര്‍ത്തും തടയുകയോ നിര്‍വീര്യമാക്കുകയെങ്കിലുമോ ചെയ്യുമായിരുന്നു. അതെങ്ങനെയായാലും ഞങ്ങള്‍ നിരാകരിച്ചു. 1959-ല്‍ ഗവണ്മെന്റ് പിരിച്ചുവിടപ്പെട്ട് ഒന്നര വര്‍ഷം കഴിഞ്ഞു നടന്ന പിന്നത്തെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് സീറ്റുകള്‍ കുറഞ്ഞെങ്കിലും വോട്ടുകളുടെ അനുപാതം വര്‍ധിച്ചു. അതിനാല്‍, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനങ്ങളുടെ കണ്ണില്‍ അതൊരു ശരിയായ പരാജയമല്ലാതായിത്തീര്‍ന്നു - അതും ഞങ്ങളുടെ തെറ്റുകളും അബദ്ധങ്ങളുമെല്ലാമുണ്ടായിട്ടും.

കേരളത്തിലെ തിരഞ്ഞെടുപ്പുവിജയം സി.പി.ഐയെ ഒരു ദേശീയശക്തിയായി ഉയര്‍ത്തി. അതിന്റെ അന്തസ്സ് പതിന്മടങ്ങു വര്‍ധിച്ചു; ബൂര്‍ഷ്വാ രാഷ്ട്രീയനിരീക്ഷകരുടെ പുളിച്ച തലക്കെട്ടുകള്‍ക്ക് മറുപടിയെന്നോണം കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു: 'നെഹ്‌റുവിന് ശേഷം, നമ്പൂതിരിപ്പാട്.' അത്തരത്തില്‍ നോക്കുമ്പോള്‍, കോണ്‍ഗ്രസ്സിനെ തോല്പിക്കേണ്ടതാവശ്യമാണെന്നും; ഒരു ബദല്‍ ശക്തി; ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, നിലനില്ക്കുന്നുണ്ടെന്നുമുള്ള വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞതായിരുന്നു കേരളത്തിന്റെ പ്രാധാന്യം. അന്തര്‍ദേശീയ പരിതഃസ്ഥിതികള്‍ നോക്കുമ്പോള്‍ ഇത് അപ്രധാനമായൊരു ഘടകമായിരുന്നില്ല. സി.പി.ഐയ്ക്കകത്ത് ഇ.എം.എസ്. മന്ത്രിസഭ തൊഴിലാളി വധങ്ങള്‍ക്ക് മാപ്പുകൊടുത്ത രീതിയെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായിരുന്നുവെന്നത് ശരിതന്നെ. പശ്ചിമബംഗാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കേരളപാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് ഒരു കത്തെഴുതുകയുണ്ടായി. എല്ലാമുണ്ടായിട്ടും നമ്പൂതിരിപ്പാട് മറ്റേത് സി.പി.ഐ. നേതാവിനെക്കാളുമേറെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുകയും, വിജയിച്ച കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവെന്ന സ്വന്തം നിലയില്‍ത്തന്നെ ഒരു ദേശീയ പുരുഷനായിത്തീരുകയും ചെയ്തു. 1958-ലെ അമൃത്‌സര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സും അദ്ദേഹത്തെ ഒരു വീരപുരുഷനായി ഗണിക്കുകയും അധികാരം തിരഞ്ഞെടുപ്പിലൂടെ നേടാന്‍ കഴിയുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. സോവിയറ്റ് പാര്‍ട്ടിയില്‍ വികസിച്ചുകൊണ്ടിരുന്ന നിലപാടുകള്‍ ഈ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. പ്രധാന പ്രമേയത്തിന് ചില ഭേദഗതികളുണ്ടായി. കുറച്ച് സഖാക്കള്‍ സംശയമുന്നയിച്ചുവെങ്കിലും ആകപ്പാടെ നോക്കുമ്പോള്‍ പൊതുവായൊരു യോജിപ്പുണ്ടായിരുന്നു. അമൃത്‌സര്‍ ലൈന്‍ ദേശീയതലത്തില്‍ പ്രയോഗിക്കപ്പെട്ടു.

സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തോട് പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികള്‍ നേടുന്ന തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന തന്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ച് 1959-ന് ശേഷവും നേതൃത്വത്തിനുള്ളില്‍ ശരിയായൊരു ചര്‍ച്ച നടന്നിരുന്നോ? കേരളത്തിലെ സി.പി.ഐയുടെയും പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെയും പില്ക്കാലത്ത് ചിലിയിലെ 'പോപ്പുലര്‍ യൂണിറ്റി'യുടെയും ഒരു പ്രമുഖ ദൗര്‍ബല്യം, സോവിയറ്റുകളുടെ മാതൃകയില്‍ ബൂര്‍ഷ്വാ ഭരണകൂടത്തിന് പുറത്ത് ആവശ്യം വരുമ്പോള്‍ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് ജനകീയാധികാരകേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവര്‍ മനസ്സിലാക്കിയില്ല എന്നതായിരുന്നല്ലോ. കുറെ ദശാബ്ദങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തന്ത്രത്തിന് ഈയൊരു മാനം തന്നെ കാണാനില്ല.

താങ്കള്‍ സൂചിപ്പിക്കുന്ന ഈ പ്രശ്‌നങ്ങള്‍ ജീവല്‍പ്രാധാന്യമുള്ളവയാണ്. എന്നാല്‍, ഖേദത്തോടെ പറയട്ടെ, നടന്ന ചര്‍ച്ചകളിലൊന്നും അവ കടന്നുവന്നില്ല. സ്റ്റാലിനിസത്തിന്റെ ഒരു പ്രധാന ഭവിഷ്യത്ത് സോവിയറ്റുകളെപ്പോലെ ജനങ്ങളെ അവരുടെതന്നെ അധികാരകേന്ദ്രങ്ങളിലൂടെ സംഘടിപ്പിക്കുന്നതിന്റെ കേന്ദ്ര പ്രാധാന്യം അപ്രത്യക്ഷമായെന്നതാണ്, ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായി പാര്‍ട്ടിയെയാണ് കണ്ടുപോരുന്നത്.

എന്റെ തന്നെ രാഷ്ട്രീയവികാസത്തിലേക്ക് വന്നാല്‍ 1956-ന് ശേഷം എനിക്ക് സംശയങ്ങള്‍ വര്‍ധിച്ചു. സ്റ്റാലിന്‍ പ്രശ്‌നം ക്രൂഷ്‌ചേവിന്റെ പ്രസംഗത്തിലൂടെ പരിഹരിക്കപ്പെട്ടതായി ഞാന്‍ കരുതി. എന്നാല്‍ അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ ഞാന്‍ തീര്‍ത്തും ചിന്താക്കുഴപ്പത്തിലായി. ഉദാഹരണത്തിന്, ഹങ്കറിയെസംബന്ധിച്ച് എന്റെ നിലപാട് തീര്‍ത്തും യാഥാസ്ഥികമായിരുന്നു. ബൂര്‍ഷ്വാ പത്രങ്ങളിലെല്ലാം സോവിയറ്റ് യൂണിയനെതിരെ പടര്‍ന്നുപിടിച്ച ആക്രമണങ്ങള്‍ക്കൊരു മറുപടിയായി 'ഹങ്കറിയില്‍ എന്തു സംഭവിച്ചു' എന്ന പേരില്‍ ഞാനൊരു ലഘുലേഖ എഴുതുകപോലും ചെയ്തു. അതെ, 1956ലെ സംഭവങ്ങളുണ്ടായിട്ടും, എന്റെ ചിന്താപരിണാമം സാവധാനമാണ് സംഭവിച്ചത്. കൂടുതല്‍ വായിക്കേണ്ട ആവശ്യം എനിക്ക് എല്ലായ്‌പോഴും തോന്നിയിരുന്നെങ്കിലും അക്കാലത്ത് ഇന്ത്യയില്‍ ലഭിക്കാവുന്ന പുസ്തകങ്ങളും മറ്റും വളരെ പരിമിതമായിരുന്നു. 1956-ല്‍ ഞാന്‍ കരുതിയത് ഞാന്‍ സ്റ്റാലിനിസത്തോട് വിടപറഞ്ഞെന്നായിരുന്നു; ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അത് ശരിയല്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. അമൃത്‌സര്‍ ലൈനും കേരള ഗവണ്‍മെന്റുമെല്ലാം എന്റെ സംശയങ്ങള്‍ക്ക് ശക്തികൂട്ടി. പക്ഷേ, കാര്യങ്ങള്‍ ആ തലത്തില്‍ തന്നെ കിടന്നു. ഒരു കമ്യൂണിസ്റ്റു കലാപകാരിയുടെ ഉള്ളില്‍പ്പോലും അക്കാലത്ത് ആവിഷ്‌കാരം കണ്ടെത്താതിരുന്ന വൈയക്തിക സംശയങ്ങളായിരുന്നു അവയിലേറെയും. എന്നാല്‍ സി.പി.ഐ. ലൈനിന് വിപ്ലവകരമായ ബദല്‍ ലൈനുകളൊന്നുമുണ്ടായില്ല.

1958-ല്‍ എനിക്ക് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാനവസരം ലഭിച്ച കാലത്ത്, മറ്റൊരു മാറ്റവും സംഭവിച്ചു. ആഫ്രോ-ഏഷ്യന്‍ സാഹിത്യകാരന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യനെഴുത്തുകാരുടെ പ്രതിനിധീസംഘാംഗമായി 1958-ല്‍ ഞാന്‍ താഷ്‌കെന്റിലെത്തി. ചൈനീസ് പ്രതിനിധികളും സന്നിഹിതരായിരുന്നു. സോവിയറ്റു യൂണിയനുമായി തങ്ങളുടെ വിയോജിപ്പുകള്‍ അവര്‍ തുറന്നു വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് സോവിയറ്റ് യൂണിയന്‍ കാണാന്‍കൂടി അവസരം ലഭിച്ചു. അവിടത്തെ വമ്പിച്ച പുരോഗതി നിഷേധിക്കാനാവില്ലെങ്കിലും എന്നെ അസ്വസ്ഥനാക്കിയ മറ്റൊരു വശമുണ്ടായിരുന്നു. മോസ്‌കോവില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ക്രൂഷ്‌ചെവും പങ്കെടുത്ത ഒരു പ്രത്യേക സ്വീകരണമുണ്ടായിരുന്നു. അതില്‍ ഒരു സാംസ്‌കാരികപ്രകടനമുണ്ടായിരുന്നു. എന്റെ തൊട്ടടുത്ത ഒഴിഞ്ഞ കസേരയില്‍ ക്രൂഷ്‌ചെവാണു വന്നിരിക്കുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കി. അദ്ദേഹവുമായി ചര്‍ച്ചചെയ്യാനും എന്റെ സംശയങ്ങള്‍ ദൂരീകരിക്കാനും ഈ അവസരം ഞാനുപയോഗിച്ചു.
പാസ്റ്റര്‍നാക്ക് സംഭവം ധാരാളം ശ്രദ്ധയാകര്‍ഷിച്ചിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. അതിനാല്‍, പാസ്റ്റര്‍നാക്കിനോടുള്ള പെരുമാറ്റത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് ഞാന്‍ ക്രൂഷ്‌ചെവിനോടു ചോദിച്ചു. വിപ്ലവം കഴിഞ്ഞ് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും പാസ്റ്റര്‍നാക്കെഴുതിയ ഒരു നോവല്‍ സോവിയറ്റ് ഗവണ്‍മെന്റിനു ഭീഷണിയായിത്തോന്നുന്നതെങ്ങനെയാണെന്നു ഞാനന്വേഷിച്ചു. ഒരു മാര്‍ക്‌സിസ്റ്റെന്ന നിലയില്‍ എനിക്കു പാസ്റ്റര്‍നാക്കിന്റെ രാഷ്ട്രീയലൈനിനോടു വിയോജിപ്പുണ്ടെങ്കിലും ഒരെഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട പെരുമാറ്റം എനിക്കു നീതീകരിക്കാനാവുന്നില്ലെന്ന് ഞാന്‍ വിശദീകരിച്ചു. സാമ്രാജ്യത്വവിരുദ്ധരായ ഒട്ടേറെ എഴുത്തുകാര്‍ കവിതകളും കഥകളുമുള്‍പ്പെടെയുള്ള അവരുടെ രചനകളുടെ പേരില്‍ തടവിലാക്കപ്പെട്ടിരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്, പാസ്റ്റര്‍നാക്ക് പ്രശ്‌നത്തില്‍ സോവിയറ്റ് പാര്‍ട്ടിയെ ശരിക്കും ന്യായീകരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും സാധ്യമേയല്ലെന്ന് ഞാന്‍ പറഞ്ഞു. ക്രൂഷ്‌ചെവ് ഈ സംഭവത്തില്‍ തനിക്ക് യാതൊരുത്തരവാദിത്വവുമില്ലെന്നു പറഞ്ഞൊഴിഞ്ഞു; അത് എഴുത്തുകാരുടെ യൂണിയന്‍ ചെയ്തതാണ്; അവരുമായി ചര്‍ച്ച ചെയ്യുകയാണു നല്ലതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരുന്നില്ലെന്നതു വ്യക്തമായിരുന്നു. പിന്നെ ഞങ്ങള്‍ സോവിയറ്റ് യൂണിയനിലെ മദ്യപാനത്തിന്റെ പ്രശ്‌നം ചര്‍ച്ചചെയ്തു. മദ്യനിരോധമേര്‍പ്പെടുത്തുന്ന കാര്യം അദ്ദേഹം പരിഗണിച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ഉവ്വെന്നും, എന്നാല്‍ മദ്യനിരോധമേര്‍പ്പെടുത്തിയാലുടന്‍ വ്യാജവാറ്റു കേന്ദ്രങ്ങളുയര്‍ന്നുവന്ന് കൂടുതല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. അതുപോലെ പുസ്തകങ്ങള്‍ നിരോധിക്കുന്നതു തുടര്‍ന്നാല്‍ പുസ്തകങ്ങളുടെ 'വ്യാജവാറ്റുകേന്ദ്രങ്ങള്‍' ഉയര്‍ന്നുവന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമല്ലോ എന്നായിരുന്നു എന്റെ പ്രതികരണം. ഇത്രയെത്തിയപ്പോഴേക്കും അദ്ദേഹത്തിന് ആകെ നീരസമായി, ബാലെയില്‍ ശ്രദ്ധിക്കാനദ്ദേഹം നിര്‍ദേശിച്ചു. 'സ്റ്റാലിന്‍ നശീകരണ'ത്തിന്റെ പരിമിതികള്‍ എനിക്ക് മനസ്സിലായിത്തുടങ്ങി. യുഗോസ്ലാവിയന്‍ പ്രശ്‌നവും ചൈനയുടെ പ്രശ്‌നവും ചര്‍ച്ചചെയ്യാനുള്ള ശ്രമങ്ങളും വൃഥാവിലായി. എഴുത്തുകാരുടെ യൂണിയന്റെ ഭാരവാഹികളുമായി നടന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടുണ്ടായിരുന്നു. എങ്കിലും അത്രതന്നെ നിരാശാവഹമായിരുന്നു അവ. ഇതിന്റെ ഫലമായി എന്റെ മോഹഭംഗത്തിന് ആഴം വര്‍ധിച്ചു തുടങ്ങി.





സി.പി.ഐ., സി.പി.എം. എന്നീ രണ്ടു പ്രധാന പാര്‍ട്ടികള്‍ക്ക് ജന്മംനല്കിക്കൊണ്ട് ഇന്ത്യന്‍ കമ്യൂണിസത്തിലുണ്ടായ പിളര്‍പ്പിന്റെ അടിസ്ഥാനമെന്തായിരുന്നു? അത് ചൈന-സോവിയറ്റ് സംഘര്‍ഷത്തിന്റെ ഭാഗികമായ ഒരു പ്രതിഫലനമായിരുന്നോ? സി.പി.ഐയുടെ രണ്ട് ശക്തിദുര്‍ഗങ്ങളായിരുന്ന കേരളവും ബംഗാളും സി.പി.എമ്മിന്റെ പിടിയിലായെന്ന കാര്യംകൂടി പരിഗണിക്കുമ്പോള്‍, സി.പി.ഐയിലെ പിളര്‍പ്പ് ശരിക്കും എന്തായിരുന്നു?

സി.പി.ഐ.-സി.പി.എം. പിളര്‍പ്പ് ചൈന-സോവിയറ്റ് തര്‍ക്കത്തിന്റെ ഒരു പ്രതിഫലനം മാത്രമായിരുന്നെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. ഇത് ശരിയല്ല. കൂടുതല്‍ പ്രധാനമായൊരു ഘടകം ഇന്ത്യ-ചൈന സംഘര്‍ഷത്തോടുള്ള സമീപനമായിരുന്നു. ഞാന്‍ പറഞ്ഞപോലെ. അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ചൗ എന്‍-ലായിയുടെ വിശദീകരണം എനിക്ക് തീരേ ബോധ്യമായിരുന്നില്ല. സി.പി.ഐ. ചൈനീസ് ലൈനിനെ എതിര്‍ത്തത് ശരിയായിരുന്നുവെന്നുതന്നെയാണിപ്പോഴും ഞാന്‍ കരുതുന്നത്. എന്നിരുന്നാലും ചൈനീസ് നിലപാടിനെ പിന്തുണയ്ക്കാതിരിക്കുന്നതും സ്വന്തം രാജ്യത്തെ ബൂര്‍ഷ്വാസിയെ പിന്തുണയ്ക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചില സി.പി.ഐ. നേതാക്കളുടെ പ്രസ്താവനകള്‍ തീര്‍ത്തും സങ്കുചിത ദേശീയവാദപരമായിരുന്നെന്നും അവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ തത്തയെപ്പോലെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഞാന്‍ ഭയപ്പെടുന്നു. 'മഞ്ഞവിപത്തി'ന്റെ മട്ടിലുള്ള ചില ഗോത്രപരമായ ശകാരങ്ങള്‍പോലും ചൈനീസ് നേതാക്കള്‍ക്കു നേരെ ചൊരിയപ്പെട്ടു. ചൈനയെ ആക്രമിച്ചും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ പിന്തുണച്ചും ഡാങ്കേ എഴുതിയ ചില ലേഖനങ്ങള്‍, സ്റ്റാലിനിസ്റ്റ് പൈതൃകങ്ങളില്‍ മുങ്ങിയ ഒരു കമ്യൂണിസ്റ്റ് നേതാവിനുപോലും അപമാനകരമായിരുന്നു. സി.പി.എമ്മിലേക്കു പോയ പല സഖാക്കളെയും ഇത് മടുപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയുദ്ധങ്ങള്‍ക്കുശേഷം 1964-ല്‍ നടന്ന പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ മുഖ്യ കാരണം ഇതുപോലുമായിരുന്നില്ല.

എന്റെ നോട്ടത്തില്‍, പിളര്‍പ്പിനുള്ള മുഖ്യകാരണം തിരഞ്ഞെടുപ്പുസഖ്യങ്ങളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ആഭ്യന്തരവ്യത്യാസങ്ങളായിരുന്നു. കേരളമന്ത്രിസഭയുടെ പതനംമുതല്‍തന്നെ ഒരുതരം ചര്‍ച്ചനടക്കുന്നുണ്ടായിരുന്നു. അത് 1964-ല്‍ ഉച്ചസ്ഥായിയിലെത്തി. 1960 മുതല്‍ 64 വരെയുള്ള പാര്‍ട്ടിരേഖകള്‍ പഠിച്ചാല്‍ വിഭജനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ക്രമത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഈ രേഖകളിലെല്ലാം പ്രകടമായ ഒരു സ്ഥിരം പ്രമേയമുണ്ട്-പാര്‍ലമെന്ററി മുരടിപ്പ്. ഇക്കാര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളില്ല. സംസ്ഥാനങ്ങളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയും ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും വേണമെന്ന കാര്യത്തില്‍ യോജിപ്പുണ്ടുതാനും. ഇന്ത്യയില്‍ കമ്യൂണിസത്തിലേക്കുള്ള പാത അതാണ്. 'കോണ്‍ഗ്രസ്സുകുത്തക പൊളിക്കുക' എന്ന ഫോര്‍മുലയിലടങ്ങിയ ഒരു അനുബന്ധ മുദ്രാവാക്യവുമുണ്ട്-ഇതിനെച്ചൊല്ലിയാണ് അഭിപ്രായവ്യത്യാസങ്ങള്‍ വികസിക്കുന്നത്. ജനസംഘത്തെയും മുസ്‌ലിം ലീഗിനെയും പങ്കാളിയായി സ്വീകരിക്കേണ്ടിവന്നാല്‍പ്പോലും കോണ്‍ഗ്രസ്സുകുത്തക തകര്‍ക്കുകയെന്നതാണ് മുഖ്യകാര്യമെന്ന് ചില പാര്‍ട്ടിനേതാക്കള്‍ പ്രസ്താവിക്കുന്നു. കുത്തക തകര്‍ക്കാനുള്ള ഏറ്റവും നല്ല വഴി കോണ്‍ഗ്രസ്സിന്റെ വലതുപക്ഷത്തിനെതിരായി അതിന്റെ പുരോഗമനവിഭാഗങ്ങളുമായി കൂട്ടുചേരുകയാണെന്ന് മറ്റുള്ളവര്‍ പറയുന്നു. അങ്ങനെ, ഭരണകൂടത്തെയും അതിന്റെ ഘടനകളെയും തകര്‍ക്കാനുള്ള ഉത്തമമാര്‍ഗം ഏതെന്നതിനെച്ചൊല്ലിയല്ല മറിച്ച് എങ്ങനെ കൂടുതല്‍ സീറ്റുകള്‍ നേടാമെന്നതിനെച്ചൊല്ലിയാണ് ഇന്ത്യന്‍ കമ്യൂണിസത്തെ പിളര്‍ത്തിയ തര്‍ക്കം നടന്നത്. തന്ത്രപരമായ വ്യത്യാസങ്ങളാണ് പാര്‍ട്ടിയെ വിഭജിച്ചതെന്ന് ഞാന്‍ പറയും.

മറ്റു വ്യത്യാസങ്ങളും ഇല്ലാതിരുന്നില്ല; ഇന്ത്യ-ചൈന പ്രശ്‌നത്തിലും സോവിയറ്റ് യൂണിയന്റെ നയങ്ങളെ വിലയിരുത്തുന്നതിലും മറ്റും. എന്നാല്‍ തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള വ്യത്യാസങ്ങള്‍തന്നെയായിരുന്നു പ്രധാന കാരണം. പിന്നീട് സി.പി.എമ്മിന്റെ നേതാക്കളായി വന്ന സഖാക്കളുടെ ഇറങ്ങിപ്പോക്കിനുള്ള ആസന്നകാരണം ഡാങ്കേയുടെ കത്തായിരുന്നു. 1924-ല്‍ ബ്രിട്ടീഷധികാരികള്‍ക്ക് തന്റെ സേവനങ്ങള്‍ വാഗ്ദാനംചെയ്തുകൊണ്ട് ഡാങ്കേ എഴുതിയതായി പറയപ്പെടുന്ന ഒരു കത്തായിരുന്നു ഇത്; ഇതിന്റെ ഒരു കോപ്പി നാഷണല്‍ ആര്‍ക്കൈവ്‌സില്‍ പ്രത്യക്ഷപ്പെട്ടു. സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ സംഗതി മുഴുവന്‍ അന്വേഷിക്കാനായി ഒരു കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്റെ ഭൂരിപക്ഷവും അതൊരു കള്ളക്കത്തായിരുന്നെന്ന് പറഞ്ഞ് ഡാങ്കെയെ നിരപരാധിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഡാങ്കെയല്ല ആ കത്തെഴുതിയതെന്നതിന് തെളിവൊന്നുമില്ലെന്ന് ഒരു ന്യൂനപക്ഷം പ്രസ്താവിച്ചു. കൗണ്‍സിലിലെ മുപ്പത്തിരണ്ട് അംഗങ്ങളില്‍ മൂന്നിലൊരു വിഭാഗം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. അവര്‍ പിന്നെ തിരിച്ചു വന്നില്ല. ഡാങ്കെയുടെ കത്ത് വെറുതേ കുത്തിപ്പൊക്കിയ ഒരു കാരണം മാത്രമായിരുന്നെന്നും അതേസമയം അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും വ്യക്തമായിരുന്നു. അന്നുമുതലുള്ള രണ്ടു പാര്‍ട്ടികളുടെയും പരിണാമം ഈ വസ്തുതയ്ക്ക് ഉറച്ച തെളിവാണെന്നെനിക്ക് തോന്നുന്നു. ദേശീയ കൗണ്‍സിലില്‍ സി.പി.ഐക്ക് വമ്പിച്ച ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലുകളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. പശ്ചിമബംഗാളില്‍ സി.പി.എമ്മിനായിരുന്നു ഭൂരിപക്ഷം. കേരളത്തില്‍ സി.പി.ഐക്ക് നന്നേ ചെറിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലും തെറ്റുധാരണാജനകമായിരുന്നു. ഞാന്‍ വിശദീകരിക്കാം: സംസ്ഥാന കൗണ്‍സിലിനും താഴെ ജില്ലാ കമ്മിറ്റികളിലേക്ക് വന്നാല്‍, ചിലതിലൊക്കെ സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഇനിയും താഴേക്ക് ശാഖകളിലേക്കും 'സെല്കു'കളിലേക്കും വന്നാലോ, സി.പി.ഐ. മിക്കവാറും തുടച്ചുനീക്കപ്പെട്ടിരുന്നതായി കാണാം.
കേരളത്തില്‍ അടിത്തറയുടെ ഒരു വലിയ വിഭാഗം സി.പി.എമ്മിന്റെ കൂടെപ്പോയി. ആന്ധ്രാപ്രദേശിലും സ്ഥിതി എതാണ്ടിതുപോലെത്തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ജനകീയ ധാരയെ പ്രതിനിധീകരിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ സി.പി.എം. മുന്‍കൈ നേടി. കാരണമിതായിരുന്നു: വിഭജനത്തിനുശേഷം പല സി.പി.എം. നേതാക്കളും പില്ക്കാലത്ത് സി.പി.എമ്മില്‍ നിന്ന് വിട്ടുപോന്ന് പീക്കിങ്ങുമായി അണിചേര്‍ന്നു. അവരുടെ മധ്യ അണികളുടെ ഭൂരിപക്ഷവും പിളര്‍പ്പിനെ വിശദീകരിച്ചത് സി.പി.ഐ. തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ പരിഷ്‌കരണങ്ങള്‍ക്കായി സമരം ചെയ്യുന്ന 'വലതു കമ്യൂണിസ്റ്റു'കാരും സി.പി.എം വിപ്ലവത്തിനുവേണ്ടി സമരം ചെയ്യുന്നവരുമാണെന്ന മട്ടിലായിരുന്നു. സി.പി.എമ്മിന്റെ മധ്യ അണികള്‍ അധികവും ഇത് വിശ്വസിച്ചിരുന്നുവെന്നത് തീര്‍ച്ചയാണ്. എന്നാല്‍ സി.പി.എം. നേതൃത്വം വിപ്ലവത്തിലല്ല, തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശ്രമങ്ങളിലാണ് മുഴുകിയിരുന്നത്.
പശ്ചിമബംഗാളില്‍ 1967-ലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷമുള്ള അവരുടെ പെരുമാറ്റം ഇത് വളരെ വ്യക്തമായിത്തന്നെ കാട്ടിത്തരുന്നു. എന്നാല്‍ വിഭജനത്തിനുശേഷം സി.പി.എമ്മില്‍ ചേര്‍ന്നവരിലധികംപേരും ആ പാര്‍ട്ടി അവരെ വിപ്ലവത്തിലേക്ക് നയിക്കാന്‍ പോവുകയാണെന്ന ആ ആത്മാര്‍ഥവിശ്വാസം കൊണ്ടാണിങ്ങനെ ചെയ്തത്. കൂടാതെ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ലൈനിനോട് എതിര്‍പ്പുണ്ടായിരുന്നവരും തല്ക്കാലം സി.പി.എമ്മിന്റെ കൂടെയാണ് പോയത്. അടിത്തറയുടെ ഏറ്റവും വിപ്ലവോന്മുഖമായ വിഭാഗങ്ങള്‍ ആ പാര്‍ട്ടിയിലായിരുന്നതുകൊണ്ട്, അതിന് കൂടുതല്‍ ശക്തിയുണ്ടെന്നവര്‍ വിശ്വസിച്ചു. അതിനാല്‍ കമ്യൂണിസ്റ്റ് പാരമ്പര്യമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം അണികളധികവും സി.പി.എമ്മിന്റെ കൂടെ ചേര്‍ന്നു.

താങ്കളെന്തുകൊണ്ടാണ് വ്യക്തിപരമായി സി.പി.ഐയുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചത്?

കാരണം, ഞാന്‍ പിളര്‍പ്പിനുതന്നെ എതിരായിരുന്നു. രണ്ടുചേരികളും തമ്മില്‍ എന്തെങ്കിലും അടിസ്ഥാന വ്യത്യാസമുള്ളതായി ഞാന്‍ കണ്ടില്ല; പിളര്‍പ്പ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ഇനിയും വിഭജിക്കുമല്ലോ എന്നും ഞാന്‍ ഭയന്നു. അതാണ് സംഭവിച്ചതും. സി.പി.എം. പിളര്‍പ്പിന് തൊട്ടുപിറകെ എ.ഐ.ടി.യു.സി. പിളര്‍ന്നു. കര്‍ഷകസംഘടനകളും, വിദ്യാര്‍ഥിസംഘടനകളും വിഭക്തമായി. ഇത് ഇടതുപക്ഷത്തെ ഗണ്യമായി തളര്‍ത്തി. കോണ്‍ഗ്രസ്സിന്റെയും അതിന്റെ വലതുപക്ഷ പാര്‍ട്ടികളുടെയും ജനസ്വാധീനം വളര്‍ത്താന്‍ സഹായിച്ചു. തൊഴിലാളിപ്രസ്ഥാനം ഇങ്ങനെ നിരന്തരം വിഭജിച്ചുകൊണ്ടിരിക്കണമെന്നത് എത്ര അപമാനകരമാണെന്ന് പറയേണ്ടതില്ലല്ലോ. ട്രേഡ് യൂണിയന്‍ ഐക്യത്തിന്റെ വിശാലപ്രശ്‌നങ്ങള്‍ മാറ്റിവെച്ചാലും രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമെങ്കിലും അവര്‍ സേവിക്കുന്നതായിപ്പറയുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുവായ ഒരു ട്രേഡ് യൂണിയന്‍ ഘടന നിലനിര്‍ത്തണമായിരുന്നു. അവരത് ചെയ്തില്ലെന്നതിന്റെ മുഖ്യകാരണം വിഭാഗീയത മാത്രമാണെന്നു പറഞ്ഞുകൂടാ. തിരഞ്ഞെടുപ്പു വാദത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും പാര്‍ലമെന്റേതര സമരങ്ങളെ അവര്‍ പാലര്‍മെന്റിന് കീഴ്‌പ്പെടുത്തുന്നുവെന്ന വസ്തുതയും പരിഗണിക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ പിന്തുണനേടാന്‍ അവര്‍ക്ക് സ്വന്തം ട്രേഡ് യൂണിയനുകള്‍ വേണമായിരുന്നു. എല്ലാ മുന്നണിയിലും വര്‍ഗശത്രുവിനെതിരേ ഒന്നിക്കുകയെന്ന മൗലികസങ്കല്പം അവരുടെ രാഷ്ട്രീയത്തില്‍ ഇല്ല തന്നെ. ഏതായാലും സി.പി.ഐയില്‍ നിന്ന് വിട്ടുപോന്ന് സി.പി.എമ്മില്‍ ചേരുന്നതിന് ഞാന്‍ ഒരു കാരണവും കണ്ടില്ല. ഇന്നും ഞാന്‍ സി.പി.ഐയില്‍ അംഗമാണ്. എന്റെ തീരുമാനം ശരിയായിരുന്നുവെന്നു തന്നെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ചെക്കോസ്ലോവാക്യന്‍ ആക്രമണത്തെച്ചൊല്ലി സി.പി.ഐ. നേതൃത്വത്തില്‍ മുറുമുറുപ്പുകളുണ്ടായല്ലോ.

സി.പി.എം ഒരു സംശയവുമുന്നയിക്കാതെ ആക്രമണത്തെ ന്യായീകരിച്ചുവെന്ന് എനിക്കറിയാം. എന്നാല്‍ സി.പി.ഐക്കകത്ത് ഒരെതിര്‍പക്ഷം ഉണ്ടായിരുന്നെന്നും ഇന്ത്യയിലെ ജനാധിപത്യ സഖ്യകക്ഷികളെ മുറിപ്പെടുത്താതിരിക്കാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നില്ല ഇതെന്നും ഞങ്ങള്‍ കേട്ടിരുന്നു.

1968-ല്‍ ദ്യുബ്‌ചെക് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെ അംഗീകരിച്ചുകൊണ്ടും 'മാനുഷികമുഖമുള്ള ഒരു സോഷ്യലിസ'ത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ദേശീയ കൗണ്‍സില്‍ ഐകകണേ്ഠ്യന ഒരു പ്രമേയം പാസ്സാക്കിയിരുന്നു. അപ്പോഴാണ് സോവിയറ്റ് യൂണിയന്റെ സൈനിക ഇടപെടലുണ്ടായത്. ഉടനെ ഒരു ചര്‍ച്ചയാരംഭിച്ചു; ചെക്കൊസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ രേഖകളും സമ്പാദിക്കാനായി ഞങ്ങളില്‍ കുറെപ്പേര്‍ ന്യൂഡല്‍ഹിയിലെ ചെക് എംബസി സന്ദര്‍ശിച്ചു. ദേശീയ കൗണ്‍സിലില്‍ തുല്യമായൊരു വിഭജനമുണ്ടായി. സോവിയറ്റ് യൂണിയനെ പിന്താങ്ങിയവര്‍ക്ക് മുപ്പത്തിയഞ്ചും ഞങ്ങള്‍ക്ക് മുപ്പത്തിനാലും വോട്ടുണ്ടായിരുന്നെന്നാണെന്റെ ഓര്‍മ. (ഏതായാലും അത് അധികം പേര്‍ പങ്കെടുത്ത ഒരു കൗണ്‍സില്‍ യോഗമായിരുന്നില്ല.) രണ്ടുപേര്‍ ആദ്യം വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നു. കൂടുതല്‍ ചര്‍ച്ച നടന്നതോടെ ആ രണ്ട് സഖാക്കളും ഞങ്ങളുടെ ഭാഗത്തേക്കു വന്നു. ഇപ്പോള്‍ സോവിയറ്റ് ഇടപെടലിനെ എതിര്‍ക്കാനുള്ള ഭൂരിപക്ഷം ഞങ്ങള്‍ക്ക് കിട്ടി. തങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലായപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സന്ധിക്കൊരുങ്ങി. ഉടന്‍ തന്നെ വോട്ടെടുപ്പ് നടത്തരുതെന്നും പാര്‍ട്ടിയില്‍ മുഴുവന്‍ പ്രസക്തമായ രേഖകള്‍ വിതരണം ചെയ്ത് മൂന്നുമാസത്തെ ഒരു ചര്‍ച്ചയാരംഭിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. പാര്‍ട്ടിയില്‍ മുഴുവന്‍ ഈ പ്രശ്‌നത്തെക്കുറിച്ചുള്ള രേഖകളെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നത് നല്ലൊരു കാര്യമായി തോന്നിയതിനാല്‍ ഞാനത് സമ്മതിച്ചു. ശരിയായൊരു ചര്‍ച്ച നടക്കുന്നത് ഞങ്ങള്‍ക്ക് നന്മമാത്രമേ ചെയ്യുമായിരുന്നുള്ളുവല്ലോ എന്നു ഞാന്‍ കരുതി. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അടുത്ത കൗണ്‍സില്‍ യോഗം നാലുമാസം കഴിഞ്ഞാണ് നടന്നത്. അക്കാലത്ത് സോവിയറ്റ് യൂണിയനില്‍നിന്നുള്ള സന്ദര്‍ശകരുടെ ഒരു പ്രളയംതന്നെ ഞങ്ങള്‍ കണ്ടു. അവരില്‍ ചിലര്‍ ഞാനുമായും ചര്‍ച്ച ചെയ്തു. എന്നാല്‍ എനിക്ക് അല്പംപോലും ബോധ്യം വന്നില്ല. സത്യത്തില്‍ ഒരു തൂലികാനാമമുപയോഗിച്ച് ഞാന്‍ ചെക്കോസ്ലൊവാക്യ എങ്ങോട്ട്? എന്നൊരു പുസ്തകം എഡിറ്റു ചെയ്യുകയുണ്ടായി. അതിലെ ലേഖകരെല്ലാം സോവിയറ്റ് ലൈനിനോട് എതിര്‍പ്പുള്ള സി.പി.ഐ അനുകൂലികളായിരുന്നു. അതിലെ ഒരൊറ്റ ലേഖകന്‍പോലും 'സി.പി.ഐയുടെ ശത്രു'വെന്ന പേരില്‍ ആക്രമിക്കപ്പെട്ടുകൂടെന്ന് ഞാനുറപ്പു വരുത്തിയിരുന്നു. എന്തെല്ലാം സമ്മര്‍ദങ്ങളാണുണ്ടായതെന്നെനിക്കറിഞ്ഞുകൂടാ. ഏതായാലും കൗണ്‍സില്‍ മീറ്റിങ്ങില്‍ പാര്‍ട്ടിയന്ത്രം അതിന്റെ ശക്തികളൊക്കെ സ്വരൂപിക്കുകയും ആ യോഗത്തില്‍ വെച്ച് ഭൂരിപക്ഷം നേടുകയും ചെയ്തു. ഉടന്‍തന്നെ പുസ്തകത്തെക്കുറിച്ച് അവരെന്നെ ചോദ്യം ചെയ്തു. അതിന്റെ ഉത്തരവാദിത്വം ഞാനേറ്റെടുത്തു. അവരെന്നെ ശകാരിച്ചു; സി.പി.ഐ. അംഗങ്ങള്‍ ആ പുസ്തകം വായിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന് നിര്‍ദേശവും പുറപ്പെടുവിച്ചു. പാര്‍ട്ടിപത്രങ്ങളില്‍ എനിക്ക് പരസ്യമായൊരു താക്കീതും നല്കി. താക്കീത് ന്യൂ എയ്ജില്‍ പ്രസിദ്ധീകരിക്കുംമുന്‍പ് എനിക്ക് പുനര്‍വിചാരം നടത്താനും ചെയ്തത് പിന്‍വലിക്കാനും പതിനഞ്ചു ദിവസത്തെ ഇട നല്കാമെന്ന് ഒരു പാര്‍ട്ടി നേതാവ് നിര്‍ദേശിച്ചു. അവരാണ് പുനര്‍വിചാരത്തിന് സമയം കാണേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവരേതായാലും എനിക്ക് പതിനഞ്ചു ദിവസത്തെ അവധി തന്നു. അതിനിടയില്‍ മാപ്പു പറയാന്‍ എന്നെ നിര്‍ബന്ധിക്കാനായി ചിലര്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ പാര്‍ട്ടിയുടെ നേതാവും, ആദരിക്കപ്പെടുന്നയാളുമായതുകൊണ്ട്, പരസ്യമായി എന്നെ താക്കീതു ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അത് തീര്‍ത്തും നിരസിച്ചു. അങ്ങനെ ന്യൂ എയ്ജിന്റെ ഒരു കൊച്ചു കോണില്‍ താക്കീത് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ പിറ്റേന്നുതന്നെ എല്ലാ ബൂര്‍ഷ്വാ പത്രങ്ങളും സംഭവം വിശദമായി റിപ്പോര്‍ട്ടു ചെയ്തു. സോവിയറ്റ് ആക്രമണത്തെ വിമര്‍ശിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് ഞാന്‍ താക്കീത് ചെയ്യപ്പെട്ടതെന്ന് വാര്‍ത്ത വന്നതോടെ, പാര്‍ട്ടി സംഗതിമുഴുവന്‍ അവഗണിച്ചിരുന്നെങ്കില്‍ ചെലവാകുമായിരുന്നതിനെക്കാള്‍ കൂടുതല്‍ കോപ്പി പുസ്തകം വില്ക്കപ്പെട്ടു. ഇതെല്ലാമായിട്ടും, ആക്രമണത്തെ സര്‍വാത്മനാ പിന്തുണച്ച സി.പി.എമ്മില്‍നിന്ന് വ്യത്യസ്തമായി സി.പി.ഐക്കകത്ത് ഒരുതരം ചര്‍ച്ച നടന്നുവെന്നത് ചൂണ്ടിക്കാട്ടേണ്ടതുതന്നെയാണ്.

ട്രോട്‌സ്‌കിയെയും ട്രോട്‌സ്‌കിയിസത്തെയും കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പറയാമോ?

ഞാനൊരു ട്രോട്‌സ്‌കിയിസ്റ്റല്ല.
എന്റെ ആരാധ്യപുരുഷന്‍ സ്റ്റാലിനായിരുന്നു. ആ വിഗ്രഹം തകര്‍ന്നു തരിപ്പണമായി. തകര്‍ന്ന ഒരു വിഗ്രഹത്തിന്റെ സ്ഥാനത്ത്, പുതിയൊരു വിഗ്രഹം-അതു തകരാത്തതായാലും പ്രതിഷ്ഠിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം ഞാനിപ്പോള്‍ വിഗ്രഹാരാധനയിലേ വിശ്വസിക്കുന്നില്ല. ട്രോട്‌സ്‌കി, ബുഖാരിന്‍, റോസ ലക്‌സംബര്‍ഗ്, ഗ്രാംചി, ല്യൂക്കാച്ച് തുടങ്ങിയ മാര്‍ക്‌സിസ്റ്റുകളെ എല്ലാ കമ്യൂണിസ്റ്റുകാരും ഗൗരവത്തോടെ പഠിക്കുകയും വിമര്‍ശനാത്മകമായി വിലയിരുത്തുകയും വേണമെന്ന് ഞാന്‍ വിചാരിക്കുന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് അവരെ നീക്കിക്കളഞ്ഞാല്‍ മാര്‍ക്‌സിസം അത്രയ്ക്കും ദരിദ്രമാകും. ട്രോട്‌സ്‌കിയെ സാമ്രാജ്യത്വചാരനും ഫാസിസ്റ്റ് ഏജന്റുമായി ചിത്രീകരിച്ച സ്റ്റാലിനിസ്റ്റ് കപട ചരിത്രത്തില്‍ എനിക്ക് വിശ്വാസമില്ല. സോവിയറ്റ് ചരിത്രകാരന്മാര്‍പോലും ഇപ്പോള്‍ അത്തരം കാഴ്ചപ്പാടുകളുപേക്ഷിച്ചതായി കാണുന്നു. അറുപതുകളുടെ അവസാനം പ്രസിദ്ധീകരിച്ച ഒരു പുതിയ സി.പി.എസ്.യു. ചരിത്രത്തില്‍ ട്രോട്‌സ്‌കി വിമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഫാസിസ്റ്റ് ചാരനെന്ന നിലയ്ക്കല്ല. അദ്ദേഹത്തിന്റെ തെറ്റായ 'വീക്ഷണ'ങ്ങളുടെ പേരിലാണ്. ഈ മാറ്റവും മതിയാവില്ല. ല്യൂക്കാച്ച് പറഞ്ഞതുപോലെ, ട്രോട്‌സ്‌കിയുടെ പങ്ക് മനസ്സിലാക്കിയില്ലെങ്കില്‍ ഒരാള്‍ക്ക് റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം ഗ്രഹിക്കാനാവില്ല. അതുകൊണ്ട്, റഷ്യന്‍ വിപ്ലവത്തിന്റെ ഇളകിമറിയുന്ന ദിനങ്ങളെയും അതില്‍ 'ട്രോട്‌സ്‌കി'യുടെ പങ്കിനെയും ഒന്നാന്തരമായി പ്രതിപാദിക്കുന്ന ജോണ്‍ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തുനാളുകള്‍ ലെനിന്റെ അവതാരികയോടുകൂടി സോവിയറ്റ് യൂണിയനില്‍ത്തന്നെ ഈയിടെ പ്രസിദ്ധീകരിച്ചു കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. 1923-ലെ ഇംപ്രൊക്കോറില്‍ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥ മേധാവിത്വവത്കരണത്തെക്കുറിച്ചുള്ള പ്രബന്ധവും, മാര്‍ക്‌സിസത്തിനുവേണ്ടി, സാഹിത്യത്തെയും കലയെയും കുറിച്ച്, റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം തുടങ്ങിയ ഇതര കൃതികളുമുള്‍പ്പെടെ ട്രോട്‌സ്‌കിയുടെ സുപ്രധാന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ചില ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്നും ഞാന്‍ കരുതുന്നു. ട്രോട്‌സ്‌കി പറഞ്ഞതും എഴുതിയതും മുഴുവന്‍ ഞാനംഗീകരിക്കുന്നുവെന്നൊന്നും ഇതിനര്‍ഥമില്ല. മാര്‍ക്‌സിസത്തിന്റെ വികാസത്തിന് വിമര്‍ശനാത്മകമായ ഒരു സമീപനം അനിവാര്യമാണ്.

താങ്കള്‍ നാല്പതു വര്‍ഷത്തിലേറെക്കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നിട്ടുണ്ട്. താങ്കളതിന്റെ നേതൃഘടകങ്ങളിലുണ്ടായിട്ടുണ്ട്. പാര്‍ലമെന്റിലും, സഹോദര കക്ഷികളുടെ സമ്മേളനങ്ങളിലും താങ്കള്‍ അതിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചകളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ട്. അതേറ്റവും വിജയം നേടിയ പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ താങ്കള്‍ അഗ്രദൂതന്റെ തന്നെ പങ്കുവഹിച്ചിട്ടുണ്ടെന്നതു പറയുകയേ വേണ്ട. പാരമ്പര്യ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്- ഇതില്‍ ഞാന്‍ സി.പി.ഐ, സി.പി.എം., പിളര്‍ന്ന എം-എല്‍. ഗ്രൂപ്പുകള്‍, ഇങ്ങനെ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായൊരു രാഷ്ട്രീയ-പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെയെല്ലാം പെടുത്തുന്നു-ഇന്ത്യയില്‍ ഒരു ഭാവിയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും പരിഷ്‌കരിക്കുക സാധ്യമാണോ? അതോ പുതിയ തരത്തിലുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമുണ്ടോ?
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഭൂതകാലം മുഴുവന്‍ നിഷേധിക്കേണ്ടതാണെന്ന വീക്ഷണം ഞാന്‍ നിരാകരിക്കുന്നു. വൈരൂപ്യങ്ങളും തെറ്റുകളുമെല്ലാമിരിക്കെത്തന്നെ, സോഷ്യലിസത്തിനും വിപ്ലവത്തിനും വേണ്ടി സമരം ചെയ്യുകയും സഹനമേറ്റെടുക്കുകയും ചെയ്ത നൂറുകണക്കിന്, ആയിരക്കണക്കിനുള്ള കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലുണ്ട്. ഒട്ടനവധി കര്‍ഷക സമരങ്ങളും ട്രേഡ് യൂണിയന്‍ സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും നടത്തിയ ഒന്നാന്തരം കമ്യൂണിസ്റ്റ് കലാപകാരികളിവിടെ ഉണ്ടായിട്ടുണ്ട്. നാം ചര്‍ച്ച ചെയ്ത കാരണങ്ങളാല്‍ നേതൃത്വത്തിന് അവരുടെ കഴിവുകളെയും ശക്തികളെയും വിപ്ലവകരമായി തിരിച്ചുവിടാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു ദുരന്തം. അനുഭവത്തെ ആകപ്പാടെ എഴുതിത്തള്ളിക്കൂടെന്നുതന്നെ ഞാന്‍ ഊന്നിപ്പറയും. ഏതു പുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വീണ്ടും സ്വന്തമാക്കേണ്ട അധ്യായങ്ങള്‍ അതിനുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും എം.എല്‍ ഗ്രൂപ്പുകളുടെയും അടിത്തറയില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവമാഗ്രഹിക്കുന്ന, സമര്‍പ്പിത ചേതസ്സുകളായ, ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവരെ കണ്ടില്ലെന്ന് നടിക്കരുത്. തന്നെയല്ല, അവരില്‍ പലര്‍ക്കും ബഹുജന സമരങ്ങളുടെ അനുഭവം സ്വന്തമായുണ്ട്. സാമ്പ്രദായികപ്പാര്‍ട്ടികളിലെ സ്റ്റാലിനിസം അനുഭവിച്ചിട്ടില്ലാത്ത ധാരാളം യുവവിപ്ലവകാരികളും മാര്‍ക്‌സിസ്റ്റുകളും കമ്യൂണിസ്റ്റുകളുമായി ഉയര്‍ന്നു വരുന്നുണ്ട്. രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് ശക്തികളെയും മാര്‍ക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇത് എങ്ങനെയാണുണ്ടാവുകയെന്നത്- ഒരു ലയനം കൊണ്ടാണോ, പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം കൊണ്ടാണോ എന്നത്- ഭാവിക്ക് വിട്ടുകൊടുക്കാം. എന്നാല്‍ പരസ്​പരം തലതല്ലിപ്പൊളിച്ചുകൊണ്ട് ഐക്യം നേടാനാവില്ല. തത്ത്വാധിഷ്ഠിതമായ ചര്‍ച്ചകളും സാഹോദര്യ പൂര്‍ണമായ വിവാദങ്ങളും പൊതുവായി യോജിപ്പുള്ള പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത പ്രവര്‍ത്തനങ്ങളും വഴി മാത്രമേ അതു സംഭവിക്കൂ. വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അണികള്‍ സ്വന്തം സൈദ്ധാന്തിക നിലവാരമുയര്‍ത്തുകയും ഈ മഹാസംവാദത്തിന് സഫലമായി സ്വയം ഇടപെടാന്‍ കഴിവുനേടുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. വാര്‍ധക്യത്തിലേക്ക് കാലൂന്നിയ പഴയ തലമുറയിലെ നേതാക്കള്‍ ഈ ശ്രമത്തില്‍ പരാജയപ്പെട്ടാലും പുതിയ യുവതലമുറയിലെ വിപ്ലവകാരികള്‍ അവസരത്തിനൊത്തുയരുമെന്ന് എനിക്കുറപ്പുണ്ട്.

പരിഭാഷ: സച്ചിദാനന്ദന്‍


(ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

Thursday, July 11, 2013

സഫ്ദര്‍ഹാശ്മി - തെരുവരങ്ങിലെ പോരാളി



ഒരു വലിയ കലാകാരന്റെ ചോരമണം കലര്‍ന്നാണ് "89ലെ പുതുവര്‍ഷം പിറവികൊണ്ടത്. അന്ന്, ജനുവരി ഒന്നിന് ഡല്‍ഹിയിലെ സാഹിബാബാദില്‍ വച്ച് "ജനനാട്യമഞ്ച്" എന്ന പുരോഗമന നാടകസംഘത്തിന്റെ നായകനായിരുന്ന സഫ്ദര്‍ ഹാശ്മിയുടെ നേതൃത്വത്തില്‍ "ഹല്ലാബോല്‍" എന്ന തെരുവുനാടകം അരങ്ങേറുന്നു. തൊഴിലാളികളും ബുദ്ധിജീവികളുമൊക്കെ കൂടിച്ചേര്‍ന്ന സദസ്സ് "ഹല്ലാബോല്‍" ഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ രചയിതാവും നടനും സംവിധായകനും സംഘാടകനുമായ സഫ്ദര്‍ഹാശ്മിയുടെ ഹൃദയം പിളരാന്‍ ഭരണകൂടത്തിന്റെ എച്ചില്‍തീനികള്‍ നാടകസംഘത്തിനുനേരെ ചീറിയടുക്കുന്നു. ജനുവരി മഞ്ഞില്‍ ചോരച്ചായമുതിര്‍ത്ത് പ്രിയപ്പെട്ട കലാകാരന്‍ രക്തസാക്ഷിയാകുന്നു...





 

ഇതേസമയം തന്നെ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം നടക്കുകയായിരുന്നു. ആ വേദിയില്‍വെച്ച് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി സഫ്ദറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന നടത്തി. അത് ഉപരിവര്‍ഗ ചിന്തകരുടെ നെറ്റി ചുളിക്കാനിടയാക്കി. അധികാരനേതൃത്വത്തിനും പിണിയാളുകള്‍ക്കും ഹാശ്മിയുടെ മരണം സുഖം പകരുന്നതായിരുന്നു. മൂലധനക്കൊഴുപ്പിന്റെ പൊങ്ങച്ചങ്ങളില്‍ അലംകൃതമായ പ്രസ്തുത വേദിയിലെ പ്രതിഷേധാവതരണം ഭരണപുംഗവന്മാരുടെ രോഷത്തിനിടയാക്കി. ഹാശ്മിയുടെ മരണവും അവാര്‍ഡ് ദാനവേദിയിലെ രംഗങ്ങളും വിദേശ ചാനലുകള്‍ തുടരെത്തുടരെ കാണിച്ചപ്പോള്‍ നമുക്കാകെ അന്നുണ്ടായിരുന്ന ദൂരദര്‍ശന്‍ ചാനല്‍ അത് സംപ്രേഷണം ചെയ്യാതെ മറച്ചുവച്ചു. നാടകം ശക്തമായ കലയാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച സഫ്ദറിന് 35 തികയുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറയേണ്ടിവന്നു. ഹാശ്മിയുടെ നാടകവീക്ഷണം വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും നാട്ടില്‍നിന്നുകൊണ്ട് നാടകത്തിലൂടെ ശക്തമായി സംവദിക്കാന്‍ ഹാശ്മിക്കു കഴിഞ്ഞു. തൊഴിലാളികളോട് അദ്ദേഹം ചില ചോദ്യങ്ങളുന്നയിച്ചുകൊണ്ടേയിരുന്നു. "ലോകത്തെ മധുരം നുണയിക്കുന്ന നിങ്ങളെന്തുകൊണ്ടാണ് പഞ്ചസാരയിടാത്ത കാപ്പി കുടിക്കേണ്ടി വരുന്നത്?"

"പട്ടുവസ്ത്രങ്ങളുണ്ടാക്കുന്ന, ലോകത്തെ പട്ടുടുപ്പിക്കുന്ന ദരിദ്രരേ, നിങ്ങളെന്തു കൊണ്ടാണ് പഴഞ്ചന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത്?" ഈ ചോദ്യങ്ങളെയും അതില്‍നിന്നുമുത്ഭവിക്കുന്ന പ്രതിഷേധ ജ്വാലകളെയുമാണ് മൂലധനവര്‍ഗവും അധികാരമേലാളന്മാരും ഭയപ്പെട്ടത്. ഇതേ ചോദ്യങ്ങള്‍ തന്നെയായിരുന്നു പ്രശസ്ത ജര്‍മന്‍ നാടകകൃത്തും ചിന്തകനുമായിരുന്ന ബ്രഹ്തോള്‍ ബ്രഹറ്റും ചോദിച്ചിരുന്നത്. "ഗോതമ്പു പാടങ്ങളിലെ തൊഴിലാളിയെന്തിനു പട്ടിണി കിടക്കേണ്ടി വരുന്നു; പാര്‍പ്പിടം നിര്‍മിക്കുന്നവനെന്തിന് ആകാശമേലാപ്പിനടിയില്‍ കിടക്കുന്നു" എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യശരങ്ങളെയ്ത ബ്രഹറ്റിന്റെ പാതയിലൂടെയായിരുന്നു ഹാശ്മിയും സഞ്ചരിച്ചത്. നാടകകലയെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള മൂര്‍ച്ചയേറിയ ആയുധമായിട്ടാണ് ഹാശ്മിയും കണ്ടത്. പ്രേക്ഷകനെ നാടകം ചിന്തിപ്പിക്കുന്നതാകണമെന്നും പ്രേക്ഷകന്‍ ഒരു നിരീക്ഷകനെപ്പോലെ നാടകം കാണണമെന്നും എങ്കിലേ നാടകമവനെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനാക്കൂ എന്നും ഹാശ്മിയും ചിന്തിച്ചിരിക്കണം. യഥാര്‍ഥ പ്രശ്നങ്ങള്‍ നാടകത്തിലല്ലെന്നും ദരിദ്രപ്രേക്ഷകന്റെ ജീവിതത്തില്‍ത്തന്നെയാണെന്നും ഹാശ്മിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജീവല്‍പ്രശ്നങ്ങളുടെ സങ്കീര്‍ണമായ രാഷ്ട്രീയം അദ്ദേഹത്തിന്റെ നാടകത്തിലും പ്രതിഫലിച്ചു.

ഒരു രാഷ്ട്രീയ ചിന്തകനായതുകൊണ്ടുതന്നെയാണ് "ജനനാട്യമഞ്ച്" എന്ന് തന്റെ നാടകപ്രസ്ഥാനത്തിനു പേര് നല്‍കിയത്. "ജനനാട്യമഞ്ച്" എന്ന പേരില്‍ സാമൂഹിക വീക്ഷണവും സംഘബോധസൂചനയും വ്യക്തമായും പ്രതിഫലിക്കുന്നു. തന്റെ തെരുവുനാടകം കാണുന്ന ഒരു പ്രേക്ഷകന്‍ , അതില്‍ പ്രതിപാദിച്ച പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം ചിന്തിക്കണമെന്നും അത് സംഘബോധത്തിലേക്കവനെ നയിക്കണമെന്നും ആ ശക്തി അടിച്ചമര്‍ത്തപ്പെടുന്നവന്റെ അധികാരശക്തിയായ് ഉയര്‍ന്നു വരണമെന്നും അദ്ദേഹമാഗ്രഹിച്ചു. നാടകത്തിന്റെ കരുത്തറിഞ്ഞ ഹാശ്മി അതിലൂടെ ജനഹൃദയങ്ങളില്‍ നീതിബോധത്തിന്റെ വിത്തെറിഞ്ഞു. അത് സമരജ്വാലകളായി അധികാര ചിഹ്നങ്ങളില്‍ പതിഞ്ഞുകൊണ്ടേയിരുന്നു.... മധ്യവര്‍ഗ സുഖജീവിതവും യൂണിവേഴ്സിറ്റി അധ്യാപകന്റെ ജോലിയുമുപേക്ഷിച്ച് ഭാര്യയോടും സഖാക്കളോടുമൊപ്പം തെരുവിന്റെ തീക്ഷ്ണതയിലേക്കിറങ്ങിയതും അടിയുറച്ച രാഷ്ട്രീയബോധത്തിന്റെ തെളിമ തന്നെ; നാടകമെന്ന കലാരൂപത്തിന്റെ കരുത്തുള്‍ക്കൊണ്ടുതന്നെ. നാടകത്തിന്റെ കരുത്ത് 1875-ല്‍ ബ്രിട്ടീഷുകാരന്‍ രൂപപ്പെടുത്തിയ കലാവിരുദ്ധ നിയമമായിരുന്നു, നാടകാവതരണ നിയമം ഈ കറുത്ത നിയമത്തിന്റെ ഉത്ഭവം പോലും കാണിക്കുന്നത് ബ്രിട്ടീഷുകാര്‍ പോലും നാടകകലയേയും അതിലൂടെ രൂപപ്പെടുന്ന ഭരണവിരുദ്ധ ആശയതലങ്ങളേയും ഭയപ്പെട്ടിരുന്നു എന്നതുതന്നെയാണ്. ഈ നിയമമുപയോഗിച്ച് രാജ്യത്ത് ആദ്യം നിരോധിക്കുന്നത് ബംഗാളി എഴുത്തുകാരനായിരുന്ന ദീനബന്ധു മിത്രയുടെ "നീല ദര്‍പ്പണ്‍" എന്ന നാടകമാണ്.... കേരളത്തില്‍പോലും ഇതേ നാടകാവതരണ നിയമമുപയോഗിച്ചാണ് ചില നാടകങ്ങള്‍ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയത്. 1953ല്‍ കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകവും കരുണാകര ഭരണത്തില്‍ പി എ ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവും" ഈ നിയമത്തിന്റെ മുറിവേറ്റ സൃഷ്ടികളാണ്. കേരളത്തിലെ നാടകപ്രസ്ഥാനങ്ങള്‍ക്കു നേരെയുണ്ടായ മതമൗലികവാദികളുടെയും തിന്മയുടെ ശക്തികളുടേയും അതിക്രമങ്ങള്‍ കാണിച്ചുതന്നതും നാടകത്തിന്റെ കരുത്തുതന്നെയായിരുന്നു. "ഭഗവാന്‍ കാലുമാറുന്നു", "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്", "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" തുടങ്ങിയ നാടകങ്ങള്‍ പിന്നേയും പിന്നേയും അരങ്ങേറിയത് പുരോഗമന ഇടതുപക്ഷ സഹൃദയത്വം പിന്‍പറ്റിക്കൊണ്ടായിരുന്നു. കേരളീയ നവോത്ഥാനത്തിനും സാമൂഹിക മാറ്റത്തിനും പുരോഗമന ശക്തികള്‍ക്കൊപ്പം ചാലകശക്തിയായി നിന്നതും നാടകം തന്നെ.

റൈറ്റ് ടു പെര്‍ഫോം ഒരു മൂലധന, അധികാരശക്തികളുടെ നാടകത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ മുന്‍നിര്‍ത്തിയാണ് ഹാശ്മി റൈറ്റ് ടു പെര്‍ഫോം (ആവിഷ്കരിക്കാനുള്ള അവകാശം) എന്ന പുസ്തകം രചിച്ചത്. കലാ-സാംസ്കാരിക രംഗത്തുള്ള എല്ലാ ഫാസിസ്റ്റ് കടന്നാക്രമണങ്ങളേയും തള്ളിപ്പറഞ്ഞ ഹാശ്മിക്ക് ഫാസിസ്റ്റുകളുടെ കൈയാല്‍ കൊല്ലപ്പെടേണ്ടി വന്നതും ചരിത്രത്തിലെ ഒരു യാദൃഛികതയല്ല. ഗുണ്ടകളാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍നിന്നും തൊഴിലാളികള്‍ ഇടതുപക്ഷ ബോധത്തിലേക്കു വരുന്ന "ഹാശ്മി സ്വാധീന"ത്തെ ഇല്ലാതാക്കാന്‍ ഹാശ്മിയെത്തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു പദ്ധതി. ആദ്യമവര്‍ ഉപഹാരങ്ങളും അവാര്‍ഡുകളുമായി ഹാശ്മിയെ തേടിയെത്തി. അങ്ങനെ ഹാശ്മി മെരുങ്ങി നില്‍ക്കുന്നവനായി മാറുമെന്നവര്‍ കണക്കുകൂട്ടി. പക്ഷേ, എല്ലാം അദ്ദേഹം നിരസിച്ചു. മെരുക്കി നിര്‍ത്തുക പാടാണെന്നറിഞ്ഞവര്‍ ഇല്ലാതാക്കുക എന്ന വഴി സ്വീകരിച്ചു. പക്ഷേ, ഹാശ്മിയുടെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യബോധത്തെയും കീഴാള സ്വപ്നത്തെയും ഒരു ജനത സ്വന്തം നെഞ്ചിലേക്കു ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.

കാലിക നാടകാവസ്ഥ ഹാശ്മിയുടെ രക്തസാക്ഷിത്വം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മൂല്യബോധത്തോട് കൂറു പുലര്‍ത്താന്‍ നാം ബാധ്യസ്ഥരല്ലേ? കച്ചവട മൂല്യബോധമുള്ള സമൂഹത്തില്‍ കമ്പോള കലാകാരന്‍ മാത്രം ആദരിക്കപ്പെടുമ്പോള്‍ , അംഗീകാരങ്ങള്‍ കച്ചവട കലാവൃത്തങ്ങളിലൊതുങ്ങുമ്പോള്‍ , ജനകീയ കലാനാമം പുച്ഛത്തോടെ ഉച്ചരിക്കപ്പെടുമ്പോള്‍ ഒരു തിരിച്ചറിവും കൂട്ടായ്മയും കാലം ആവശ്യപ്പെടുന്നുണ്ട്.... അമ്പലങ്ങളെയും പള്ളികളെയും മുന്നില്‍ക്കണ്ട് പ്രൊഫഷണല്‍ നാടകമസാലക്കൂട്ടുകള്‍ രൂപപ്പെടുത്തി കച്ചവടം പൊടിപൊടിക്കുമ്പോള്‍ , നാം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും ആചാരങ്ങളും നാടകത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ , പുരോഗമനപക്ഷം നിസ്സംഗത കൈവെടിഞ്ഞേ മതിയാവൂ. നാടകത്തിനുനേരെ ഉയര്‍ന്നുവന്ന ആക്രോശങ്ങളും ഭീഷണികളും ഇന്നു പ്രകടമാകുന്നില്ല എന്നതുതന്നെ നാടകത്തിന്റെ വളര്‍ച്ചയേയല്ല തളര്‍ച്ചയേയാണ് കാണിക്കുന്നത്. നാടകം സാമൂഹ്യ തിന്മകളുമായി സന്ധിചെയ്യപ്പെടുമ്പോള്‍ അതൊരു വികാസത്തിന്റെ അടയാളമല്ല; മറിച്ച് മുരടിപ്പിന്റെ ചിഹ്നമാകുന്നു.

മതവും അധികാരവും സമ്പത്തുമായി സന്ധിചെയ്യുവാന്‍ കലാകാരന്മാരും നന്നായി പഠിച്ചുവരുന്നതിന്റെ സൂചനയാണിത്. "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്" എന്ന നാടകത്തിനെതിരെ മുസ്ലിം വര്‍ഗീയവാദികളും "ഭഗവാന്‍ കാലുമാറുന്നു" എന്ന നാടകത്തിന്നെതിരെ ഹിന്ദുവര്‍ഗീയവാദികളും, "ക്രിസ്തുവിന്റെ 6-ാം തിരുമുറിവിനെതിരെ ക്രിസ്ത്യന്‍ മതാധികാരികളും ഉറഞ്ഞുതുള്ളിയപ്പോള്‍ ചെറുത്തുനിന്നത് കേരളീയ മതേതര ശക്തികളാണ്. നിലമ്പൂര്‍ ബാലനെയും ആയിഷയെയും കല്ലെറിഞ്ഞപ്പോള്‍ അവര്‍ വാര്‍ത്ത ചോരത്തുള്ളികളില്‍ പൂത്തുനിന്നത് മലയാള നാടകവേദിയുടെ ഇച്ഛാശക്തിയായിരുന്നു... ഇന്ന് സന്ധി ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് ആ ഇച്ഛാശക്തിയും പുരോഗമന ബോധവുമാണെന്ന് കലാകാരന്‍ തിരിച്ചറിയുക തന്നെ വേണം. ഹാശ്മിയുടെ ഓര്‍മകള്‍ നമ്മോടാവശ്യപ്പെടുന്നതും അതുതന്നെ. സാഹിബാബാദിലെ ചിതറിയ ചോരത്തുള്ളികള്‍ ഒരായിരം കരുത്താര്‍ന്ന നാടകമായി ഉയിര്‍ക്കൊള്ളുമെന്നും അത് വന്‍കിട മില്ലുടമകള്‍ക്കും മുതലാളിത്ത അധികാര ശക്തികള്‍ക്കുമെതിരായി ഒരു ജനതയുടെ രോഷമായി ജ്വലിക്കുമെന്നും നമുക്കാശിക്കാം.

(സുരേഷ് മേപ്പയ്യൂര്‍ ദേശാഭിമാനി വാരിക)