Monday, March 7, 2011

9.വേറിട്ട കാഴ്ച

.വേറിട്ട കാഴ്ച

മനോരോഗത്തെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ ശ്രമിച്ച ചിത്രമാണ് ജോഷി മാത്യു സംവിധാനം ചെയ്ത പത്താംനിലയിലെ തീവണ്ടി. സ്‌കീസോഫ്രീനിയ ബാധിച്ച് മനോരോഗാശുപത്രിയില്‍ കിടക്കുന്ന റയില്‍വേ ഗാങ്മാന്‍ ശങ്കരന്‍ മകന് എന്നും കത്തുകളെഴുതും. 15 വര്‍ഷം കത്തെഴുതിയിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ല.
ശങ്കരന്റെ അവസാനത്തെ കത്ത് രാമുവിനെ തേടിയെത്തുന്നതോടെ അയാളും അസ്വസ്ഥനാകുന്നു. അച്ഛന്റെ രോഗം മകനെയും പിടിക്കുന്നു. ഇന്നസെന്റ്, ജയസൂര്യ, മീരാനന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങളുമായാണ് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രം ഗൗരവമായ വിഷയം കൈക്കുറ്റപ്പാടുകളില്ലാതെ പറഞ്ഞിരിക്കുന്നു.

ഇന്നസെന്റിന്റെയും ജയസൂര്യയുടെയും അഭിനയത്തിലെ മറ്റൊരു തലമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്. നിരവധി വാണിജ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ ഇടംനേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വേറിട്ട സമീപനമാണ് പത്താംനിലയിലെ തീവണ്ടിയുടെ തിരക്കഥയില്‍ വെളിവാക്കിയത്. ഈ ചിത്രത്തിലൂടെ നിര്‍മാതാവായി സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തായി ഡെന്നീസ് ജോസഫ്, സംവിധായകനായി ജോഷി മാത്യു എന്നിവര്‍ ഒന്നിക്കുമ്പോള്‍ മൂന്ന് സംവിധായകര്‍ ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയായിരുന്നു.

No comments:

Post a Comment