Monday, March 7, 2011

സിനിമ 2009: പ്രതീക്ഷയുടെ മുഖങ്ങള്‍

സിനിമ 2009: പ്രതീക്ഷയുടെ മുഖങ്ങള്‍

01 Jan 2010

എ.കെ. മനോജ്കുമാര്‍


മലയാള സിനിമയുടെ കൈയൊപ്പ് പതിഞ്ഞ സവിശേഷ ചിത്രങ്ങള്‍ സ്വപ്നമായി തുടരുമ്പോഴും എണ്ണംകൊണ്ട് ഇത്തവണ മോശമായില്ല. 2007-ലും 2008-ലും 61 ചിത്രങ്ങളാണ് പ്രേക്ഷകരെ തേടിയെത്തിയതെങ്കില്‍ ഇത്തവണ 78 ചിത്രങ്ങളാണ് മലയാളത്തെ പ്രതിനിധീകരിച്ചെത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിനുശേഷം റിലീസ് മാറ്റിവെച്ച ഏതാനും സിനിമകളും തെലുങ്ക്-കന്നട ഭാഷകളില്‍നിന്നു മൊഴി മാറ്റി മലയാളം സംസാരിച്ച ചിത്രങ്ങളും ചേര്‍ന്നാല്‍ ഈ പട്ടിക ഏതാണ്ട് നൂറിനടുത്താവും.

സൂപ്പര്‍ താരപരിവേഷംകൊണ്ട് ബലാബലം പരീക്ഷിച്ചവ, താരനിബിഡമായി വരവറിയിച്ചവ, കോളിളക്കമുണ്ടാക്കിയില്ലെങ്കിലും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പ്രതിഭ തെളിയിച്ചവ, ചിത്രീകരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം വെളിച്ചം കണ്ടവ ഇങ്ങനെ വൈവിധ്യമേറിയ ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു എന്നതാവണം 2009-ന്റെ സിനിമാ നാള്‍വഴികളുടെ പ്രത്യേകത.

മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ താരസിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടാതെ കാത്തുവെങ്കിലും അഭിനയിച്ച ചിത്രങ്ങളില്‍ പലതും അമാനുഷിക പരിവേഷങ്ങളില്‍ കുടുങ്ങി. എങ്കിലും എണ്‍പതോളം ചിത്രങ്ങളിറങ്ങിയതില്‍ സൂപ്പര്‍താരങ്ങളുടെ ചില ചിത്രങ്ങളാണ് കഥകൊണ്ടും അവതരണശൈലികൊണ്ടും അഭിനയമികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടത്.

ഏതു സിനിമ തിരഞ്ഞെടുക്കണമെന്നതിലുള്ള ധാരണക്കുറവ് പ്രകടമാക്കുന്നതരത്തിലുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍. വിഭിന്നമായ കഥാപാത്രങ്ങള്‍, വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍, വേറിട്ട ജനുസ്സുകളില്‍പ്പെട്ട ചിത്രങ്ങള്‍ ഇങ്ങനെ വൈവിധ്യമേറിയ പ്രകടനത്തിനു കൂട്ടത്തില്‍ നല്ല അവസരം ലഭിച്ചത് മമ്മൂട്ടിക്കാണ്. അവയില്‍ ഫേ്‌ളാപ്പായ ചിത്രങ്ങളുണ്ടാവാം, ടൈപ്പ് ചെയ്യപ്പെട്ട വേഷങ്ങളുണ്ടാവാം.

പക്ഷേ, 'പഴശ്ശിരാജ'യുടെ പ്രൗഢികൊണ്ട് ചരിത്രത്തെയും 'ലൗഡ്‌സ്​പീക്കറി'ലൂടെ നാട്ടിന്‍പുറത്തെ ഇടത്തരക്കാരനെയും 'ഡാഡി കൂളി'ലൂടെ സ്‌നേഹസമ്പന്നനായ ഉഴപ്പുന്നൊരച്ഛനെയും മമ്മൂട്ടി ആകര്‍ഷകമാക്കി. 'ഡാഡി കൂളി'നു പുറമേ 'പട്ടണത്തില്‍ ഭൂത'മായി കുട്ടികളുടെ മനം കവരാന്‍ ശ്രമിച്ചെങ്കിലും അതു പക്ഷേ, അസ്ഥാനത്തെ അടവായി പരിണമിച്ചു. 2009-ല്‍ 'ലൗ ഇന്‍സിംഗപ്പോര്‍' ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഭാഗ്യം പരീക്ഷിച്ചതെങ്കിലും ഒരു കഥയില്ലാത്ത സിനിമയായി കണ്ട് പ്രേക്ഷകര്‍ കൈവിട്ടു. ഡിസംബറില്‍ 'ചട്ടമ്പി നാട്ടി'ലൂടെയാണ് മമ്മൂട്ടി തന്റെ കൊട്ടിക്കലാശം നടത്തിയത്.

'രാജമാണിക്യ'ത്തിന്റെ അവതരണശൈലി മാതൃകയാക്കിയ ചിത്രം ഫാന്‍സുകാരെ തൃപ്തിപ്പെടുത്തുന്ന അടിതട ആഘോഷങ്ങളും അമാനുഷികത്വവും ചേരുംപടി ചേര്‍ത്ത് മുന്നേറുകയാണ്. നോവലില്‍ തുടങ്ങി സിനിമയിലെത്തിയ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' അസാധാരണമായ സമീപനം പുലര്‍ത്തിയില്ലെങ്കിലും മൂന്നു വ്യത്യസ്ത വേഷങ്ങളിലൂടെ തന്റെ അഭിനയശേഷി പുറത്തെടുക്കാന്‍ മമ്മൂട്ടിയെ ഏറെ സഹായിച്ചു.

2009-ന്റെ തുടക്കത്തിലെ പിഴവുകളും ചിത്രങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളയും തരണം ചെയ്ത മമ്മൂട്ടിക്ക് വര്‍ഷാന്ത്യത്തില്‍ ചില നല്ല ചിത്രങ്ങളുടെ ഭാഗമാകാനായെന്നുതന്നെ പറയാം. 'കേരള കഫേ' ചിത്രങ്ങളില്‍ ലാല്‍ജോസിനൊപ്പം സഹകരിച്ചതുള്‍പ്പെടെ എട്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പുറത്തുവന്നത്. നിര്‍മാണച്ചെലവുകൊണ്ടും സിനിമാരംഗത്തെ മാസ്റ്റേഴ്‌സുകളുടെ സംഗമമെന്ന നിലയിലും 'പഴശ്ശിരാജ' എന്ന ഒറ്റച്ചിത്രംകൊണ്ടുതന്നെ മമ്മൂട്ടിക്ക് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടാനായി.

സമാനസ്വഭാവം ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ട സംവിധായകര്‍, പരാജയം രുചിച്ച പരീക്ഷണങ്ങള്‍ എന്നിവകൊണ്ട് പാളിപ്പോയ ചിത്രങ്ങളുടെ ഭാഗമാകാനായിരുന്നു മോഹന്‍ലാലിന്റെ നിയോഗം. 2008-ലെ ക്രിസ്മസ് ചിത്രമായി നിശ്ചയിച്ചിരുന്ന 'റെഡ്ചില്ലീസ്' ജനവരിയില്‍ തിയേറ്ററുകളിലെത്തിയെങ്കിലും കാര്യമായ ഓളങ്ങളുണ്ടാക്കിയില്ല. അതിഥി താരത്തില്‍നിന്ന് അമാനുഷിക നായകനായി മോഹന്‍ലാലിന്റെ കഥാപാത്രത്തിനു കയറ്റം കിട്ടിയെങ്കിലും പ്രേക്ഷകര്‍ ചിത്രത്തെ നിരാകരിച്ചു.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ തുടര്‍ന്നെത്തിയ 'സാഗര്‍ ഏലിയാസ് ജാക്കി' പ്രേക്ഷകരുടെ അമിത പ്രതീക്ഷകള്‍ക്കൊത്ത് കുതിച്ചുമുന്നേറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ജനപ്രിയനായകനില്‍നിന്ന് സൂപ്പര്‍താരപദവി കൈവരിച്ച ലാലിന് അമലിന്റെ ചിത്രത്തില്‍ അധോലോകനായകനെന്നതിനപ്പുറം മറ്റു ഘടകങ്ങളിലൊന്നും ശ്രദ്ധയാകര്‍ഷിക്കാനായില്ല.
ഒറ്റ ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കുകയെന്ന സാഹസത്തിന്റെ ഉത്പന്നമായ 'ഭഗവാന്‍' മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിനെത്തിയിട്ടും ആസൂത്രണത്തിലെ പിഴവുകള്‍ക്ക് ബലിയാടായി. ഭീകരര്‍ ബന്ദികളാക്കിയവരെ കമാന്‍ഡോ ഓപ്പറേഷനിലൂടെ രക്ഷിക്കുകയെന്ന പ്രമേയത്തോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ അതിന്റെ സ്രഷ്ടാക്കള്‍ക്ക് കഴിഞ്ഞതുമില്ല.

പക്ഷേ, ബ്ലെസ്സിയുടെ സംവിധാന മികവുകൊണ്ടും വിവിധ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ശിവന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ മോഹന്‍ലാലിന്റെ അഭിനയംകൊണ്ടും 'ഭ്രമരം' ശ്രദ്ധേയമായി. 2009-ല്‍ മോഹന്‍ലാലിന്റെ പ്രധാന നേട്ടമായി ചരിത്രത്തില്‍ ഇടം നേടിയേക്കാവുന്ന ഈ ചിത്രത്തിനു റോഡ്മൂവിയെന്ന നിലയില്‍ മലയാളത്തിലെ യാത്രകളുടെ സിനിമയുടെ ഭാഗമായും ശ്രദ്ധിക്കപ്പെടാനായി. തുടര്‍ന്നുവന്ന 'എയ്ഞ്ചല്‍ ജോണാ'കട്ടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനാവാതെ വന്നതോടെ പരാജയമറിഞ്ഞു. മുഴുനീള വേഷത്തില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നുവെന്നതും ഈ ചിത്രത്തിനു തിരിച്ചടിയായി.

വര്‍ഷങ്ങള്‍ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലും ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലും മോഹന്‍ലാല്‍ അഭിനയിച്ച 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രമാണ് 2009-ലെ മോഹന്‍ലാലിന്റെ അവസാനചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം മോഹന്‍ലാലും തിലകനും മകനും അച്ഛനുമായി രംഗത്തെത്തിയ ചിത്രം സാധാരണക്കാരനായ കഥാപാത്രത്തിലൂടെ മോഹന്‍ലാലിലെ നടനെ വീണ്ടെടുക്കുകയാണ്. മലയാളത്തിനു പുറമേ കമലഹാസനൊപ്പം ചേര്‍ന്ന് 'ഉന്നൈപ്പോള്‍ ഒരുവനി'ല്‍ വേഷമിട്ടതുള്‍പ്പെടെ മോഹന്‍ലാലിന് ഏഴു ചിത്രങ്ങളിലാണ് വേഷമിടാനായത്. മോഹന്‍ലാലിന്റെ മനസ്സറിഞ്ഞ് കഥയും കഥാപാത്രങ്ങളും ഒരുക്കിയിരുന്ന പല സംവിധായകരും ഈ വര്‍ഷം രംഗത്തെത്താത്തതും അദ്ദേഹത്തിനു ദോഷമായെന്നു പറയാം.

'കളേഴ്‌സ്', 'മൗസ് ആന്‍ഡ് ക്യാറ്റ്', 'പാസഞ്ചര്‍', കേരള കഫേ', 'സ്വ.ലേ.' എന്നീ ചിത്രങ്ങളുമായെത്തിയ ദിലീപിനു തന്റെ മുന്‍കാല പ്രകടനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അന്യഭാഷാചിത്രങ്ങള്‍ക്കുകൂടി സമയം പകുത്തുകൊടുത്ത പൃഥ്വിരാജിനാകട്ടെ മലയാളത്തില്‍ 'പുതിയമുഖം' ഒറ്റയ്ക്ക് ചുമലിലേന്തി വിജയത്തിലെത്തിക്കാനായി. ജോഷിയുമായി സഹകരിച്ച് 'റോബിന്‍ഹുഡി'ലെയും 'കേരള കഫേ' ചിത്രത്തിലെയും ഭാഗമാകാനുമായി. പക്ഷേ, 'കലണ്ടര്‍' ലക്ഷ്യം കണ്ടില്ല.

'ഹെയ്‌ലസാ', 'ഐ.ജി', 'ഭൂമിമലയാളം', 'കാഞ്ചീപുരത്തെ കല്യാണം' തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സുരേഷ്‌ഗോപിക്കും 2009 കാര്യമായ നേട്ടം നല്‍കിയില്ല. കഴിഞ്ഞ വര്‍ഷം 'വെറുതെ ഒരു ഭാര്യ'യിലൂടെ തിരിച്ചുവന്ന ജയറാമിന് അതേ ടീമിനൊപ്പം 'കാണാക്കണ്മണി'യില്‍ വിജയം ആവര്‍ത്തിക്കാനായില്ല. 'സമസ്ത കേരളം പി.ഒ.'യും ലക്ഷ്യം കണ്ടില്ല. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 'ഭാഗ്യദേവത'യില്‍ നായകനായി വിജയചിത്രം നല്‍കിയെന്നതാണ് ആശ്വാസം. നേരത്തേ ചിത്രീകരിച്ച് വൈകിയെത്തിയ 'വിന്റര്‍', 'സീതാകല്യാണം' എന്നീ ചിത്രങ്ങളും ജയറാമിനു തിക്താനുഭവങ്ങളാണ് നല്‍കിയത്. ഒടുവില്‍ 'മൈ ബിഗ് ഫാദറി'ലും നായകനായി.

യുവതാരങ്ങളുടെ കൂട്ടത്തില്‍ ഏറെ ചിത്രങ്ങളില്‍ സഹകരിക്കാനായതും പലതിലും അപ്രതീക്ഷിത വിജയം നേടാനായതും ജയസൂര്യയ്ക്കാണ്. 'ഇവര്‍ വിവാഹിതരായാല്‍', 'ഡോ. പേഷ്യന്റ്', 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം', 'വൈരം', 'റോബിന്‍ഹുഡ്', 'കേരള കഫേ', 'ഉത്തരാ സ്വയംവരം', 'പത്താം നിലയിലെ തീവണ്ടി', 'ഗുലുമാല്‍', 'കറന്‍സി' എന്നീ ചിത്രങ്ങളില്‍ ജയസൂര്യ തിളങ്ങി. 'ഗുലുമാലി'ല്‍ ജയസൂര്യയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍ വീണ്ടും രംഗത്തെത്തിയ കുഞ്ചാക്കോ ബോബനും കാണികളുടെ മനം കവര്‍ന്നു.

വര്‍ഷങ്ങള്‍ക്കുശേഷം 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടാം ഭാഗവുമായി രംഗപ്രവേശം ചെയ്ത ലാല്‍ അപ്രതീക്ഷിതമായ വമ്പന്‍ ഹിറ്റാണ് സമ്മാനിച്ചത്. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ ടീം വീണ്ടും കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു. മകനും അച്ഛനുമായി വിനീത് ശ്രീനിവാസനും ശ്രീനിവാസനുമെത്തി തലമുറകളുടെ സാന്നിധ്യമുറപ്പാക്കി. വേറിട്ട സമീപനംകൊണ്ട് രഞ്ജിത്ത് ശങ്കറൊരുക്കിയ 'പാസഞ്ചറി'ന്റെ ഭാഗമാകാനും ശ്രീനിവാസനു കഴിഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'പഴശ്ശിരാജ' 30 കോടി നിര്‍മാണച്ചെലവിന്റെയും സാങ്കേതികത്തികവിന്റെയും കാര്യത്തില്‍ സിനിമാചരിത്രത്തിന്റെ ഭാഗമായി. പരീക്ഷണങ്ങളില്‍ മലയാളം പിന്നാക്കമാണെന്നു പരാതിപ്പെടുന്നവര്‍ക്ക് മറുപടിയായി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അണിനിരന്ന പത്തു സംവിധായകര്‍ 'കേരള കഫേ' എന്ന ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിച്ചു.
വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ ഒറ്റ ഘടകത്തില്‍ കോര്‍ത്തിണക്കിയ പരീക്ഷണം പ്രേക്ഷകരും സ്വീകരിച്ചു. അന്‍വര്‍ റഷീദിലും ഷാജി കൈലാസിലുമൊക്കെ വേറിട്ടൊരു സംവിധായകനുണ്ടെന്നു തെളിയിക്കാനും കേരള കഫേക്കായി.

'വെള്ളത്തൂവലി'ലൂടെ ഐ.വി. ശശിയും 'മൗസ് ആന്‍ഡ് ക്യാറ്റി'ലൂടെ ഫാസിലും സംവിധാനത്തിനൊരുമ്പെട്ടെങ്കിലും രണ്ടു ചിത്രങ്ങളും നിരാശയാണ് പകര്‍ന്നത്. 'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സജി സുരേന്ദ്രനും 'പുതിയ മുഖത്തി'ലൂടെ ദീപനും നവാഗതസംവിധായകരായി തിളങ്ങി. 'സ്വ.ലേ.'യിലൂടെ സുകുമാറും നല്ല സിനിമ ഒരുക്കാനാവുമെന്നു തെളിയിച്ചു. പക്ഷേ, സാമൂഹികപ്രസക്തിയുള്ള 'പാസഞ്ചര്‍' സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കറാണ് കൂട്ടത്തില്‍ വേറിട്ട വഴി സ്വീകരിച്ചത്. 'കപ്പല് മുതലാളി'യിലൂടെ രമേഷ് പിഷാരടിയെ രംഗത്തെത്തിച്ച് താഹയും ഹാസ്യചിത്രമൊരുക്കി. വി.കെ. പ്രകാശും ഹാസ്യത്തിന്റെ വഴിയില്‍ അദ്ഭുതം സൃഷ്ടിച്ചു.

ഐ.ടി. രംഗത്തെ ആധുനിക യുവത്വത്തിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ശ്യാമപ്രസാദ് ഒരുക്കിയ 'ഋതു'വും വ്യത്യസ്തമായ അനഭുവം പകര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം 'നീലത്താമര'യ്ക്ക് പുതുമയുടെ പുതിയ മുഖം നല്‍കി ലാല്‍ജോസിനെ സംവിധാനച്ചുമതലയേല്പിച്ച് എം.ടി. പുതിയ പരീക്ഷണം ജനപ്രിയമായി അവതരിപ്പിച്ചു. അര്‍ച്ചന കവി, കൈലാസ് നാഥ്, റീമ കല്ലിങ്കല്‍, സുരേഷ് എന്നീ താരങ്ങളെ മലയാളസിനിമയിലേക്ക് മുതല്‍ക്കൂട്ടാനും ഇതിലൂടെ കഴിഞ്ഞു.

'ഒരു പെണ്ണും രണ്ടാണും' എന്ന ചിത്രവുമായി അടൂരും 'രാമാന'വുമായി എം.പി. സുകുമാരന്‍നായരും 'പത്താംനിലയിലെ തീവണ്ടി'യുമായി ജോഷി മാത്യുവും 'മധ്യവേനലു'മായി മധു കൈതപ്രവും 'ലൗഡ് സ്​പീക്കറു'മായി ജയരാജും 'ഭൂമി മലയാളം', 'വിലാപങ്ങള്‍ക്കപ്പുറം' എന്നീ സിനിമകളിലൂടെ ടി.വി. ചന്ദ്രനും വേറിട്ട സിനിമകളൊരുക്കി. 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രാജസേനന്‍ നായകനായും അരങ്ങേറി.

വൈകിയെത്തിയതുകൊണ്ടുമാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില ചിത്രങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. കലാഭവന്‍ മണിയെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്‍', മുകേഷിനെയും ജഗതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത 'ഭാര്യ സ്വന്തം സുഹൃത്ത്' എന്നീ ചിത്രങ്ങളാണ് വൈകിയെത്തിയതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയത്. സുരാജ് വെഞ്ഞാറമ്മൂട് 'ഡ്യൂപ്ലിക്കേറ്റി'ലൂടെ നായകനായി അരങ്ങേറിയപ്പോള്‍, 'ഡീസന്റ് പാര്‍ട്ടീസി'ലൂടെ ജഗദീഷും 'ശുദ്ധരില്‍ ശുദ്ധനി'ലൂടെ ഇന്ദ്രന്‍സും 'രാമാന'ത്തിലൂടെ ജഗതിയും കേന്ദ്രകഥാപാത്രങ്ങളായി.

അച്ഛന്റെ വ്യഥകളും പ്രതികാരവും 'വൈര'ത്തിലൂടെ ആവിഷ്‌കരിച്ച നൗഷാദും ശ്രദ്ധേയമായ സിനിമയൊരുക്കി. വര്‍ഷങ്ങള്‍ക്കുശേഷം 'നമ്മള്‍ തമ്മില്‍' പ്രദര്‍ശിപ്പിക്കാനായെങ്കിലും ആ ചിത്രവും പിന്നീട് ചെയ്ത 'കെമിസ്ട്രി'യും വിജി തമ്പിക്ക് കാര്യമായ നേട്ടം നല്‍കിയില്ല. സംവിധായകനെന്നനിലയില്‍ മികവുകാട്ടാന്‍ നടന്‍ ശങ്കറിന് കേരളോത്സവം 2009 അവസരമൊരുക്കി. 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തില്‍ നടനായും ശങ്കര്‍ തിളങ്ങി. റിലീസ് ചെയ്ത 78 ചിത്രങ്ങളില്‍ പരാമര്‍ശിക്കേണ്ടവ ഇനിയുമുണ്ട്. ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രത്യേക സംഭാവന നല്‍കിയ ചിത്രങ്ങള്‍ ഇവയില്‍ ഏറെ കുറവാണെന്നതാണ് വസ്തുത.

No comments:

Post a Comment