Monday, March 7, 2011

6.കേരള കഫേയിലെ സത്യസന്ധത

6.കേരള കഫേയിലെ സത്യസന്ധത

യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാതെ ഒരു ചിത്രമൊരുക്കാന്‍ അവസരം. രഞ്ജിത് നേതൃത്വം നല്കിയ 'കേരള കഫേ' എന്ന സിനിമാ സമുച്ചയം 10 സംവിധായകര്‍ക്ക് നല്കിയത് അതാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ വക്താക്കളായ ഈ സംവിധായകര്‍ക്ക് അവരുടെ സങ്കല്പത്തിലുള്ള ഒരു സിനിമ ഒരുക്കാന്‍ അവസരം നല്കുകയായിരുന്നു 'കേരള കഫേ'.

യാത്രയെ അടിസ്ഥാനമാക്കി 10 സംവിധായകര്‍ ഒരുക്കിയ ചിത്രങ്ങള്‍. ഓരോ ഹ്രസ്വചിത്രവും കേരളത്തിലെ സമകാലിക സമൂഹവുമായി ബന്ധപ്പെട്ടവയാണ്. ഈ ചിത്രങ്ങള്‍ ഓരോന്നും 'കേരള കഫേ' എന്ന റയില്‍വേ ഹോട്ടലിലൂടെ കടന്നുപോകുന്നു.

ശ്യാമപ്രസാദ്, ലാല്‍ജോസ്, ഷാജി കൈലാസ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അന്‍വര്‍ റഷീദ്, പത്മകുമാര്‍, അഞ്ജലി മേനോന്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് 'കേരള കഫേ'യിലെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയത്.

മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ജോഷ്വാന്യൂട്ടന്റെ തിരക്കഥയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍, സി.വി. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന കഥയെ ആസ്​പദമാക്കി ലാല്‍ജോസ് തിരക്കഥയെഴുതി സംവിധാനംചെയ്ത പുറംകാഴ്ചകള്‍, രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ലളിതം ഹിരണ്‍മയം, ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അവിരാമം, ദീദി ദാമോദരന്റെ തിരക്കഥയില്‍ രേവതി സംവിധാനം ചെയ്ത മകള്‍, ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ്, പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നൊസ്റ്റാള്‍ജിയ, അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശുഭയാത്ര, അഹമ്മദ് സിദ്ദിഖിന്റെ രചനയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം, ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ഐലന്റ് എക്‌സ്​പ്രസ് എന്നിവയാണ് പത്ത് ചിത്രങ്ങള്‍.

മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തിലകന്‍, സലിംകുമാര്‍, ശാന്താദേവി, സുകുമാരി, റിമ, ശ്വേതാമേനോന്‍, ജ്യോതിര്‍മയി തുടങ്ങി കുറേ അഭിനേതാക്കള്‍ ഈ ചിത്രങ്ങളുടെ ഭാഗമായി വരുന്നു. വ്യത്യസ്തമായ ചിത്രങ്ങള്‍ കാണുക എന്നതിനപ്പുറം മലയാളിയുടെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്നു കേരള കഫേ. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കുക എന്ന ആഗ്രഹമുള്ള സംവിധായകരുടെ കൂട്ടായ്മകൂടിയാണ് ഇതില്‍ തെളിയുന്നത്. വാണിജ്യ സിനിമകളുടെ വക്താക്കളായി മാറിയതുകൊണ്ടുമാത്രം പലരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചാണ് ഈ സംവിധായകര്‍ ചിത്രമെടുത്തിരുന്നത്. അവര്‍ക്ക് തങ്ങളുടെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ഒരു ചിത്രമൊരുക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരള കഫേ നല്കിയ ഏറ്റവും വലിയ നേട്ടം.

സ്ഥിരം മാതൃകകള്‍ കണ്ടുമടുത്ത സിനിമാപ്രേമികള്‍ക്കു പുതിയ കാഴ്ച പ്രദാനംചെയ്യാന്‍ കേരള കഫേയിലെ ചിത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രമായ മുഹൂര്‍ത്തങ്ങള്‍, നര്‍മ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി ജീവിതവഴിയിലെ വിവിധ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് ഓരോന്നും. സംവിധായകര്‍ക്ക് സത്യസന്ധമായി സിനിമയെ സമീപിക്കാന്‍ കഴിഞ്ഞുവെന്ന് ഈ ചിത്രസമുച്ചയം തെളിയിക്കുന്നു.

No comments:

Post a Comment