Monday, March 7, 2011

തമിഴകത്ത് ചെറുചിത്രങ്ങളുടെ കൊയ്ത്ത്

തമിഴകത്ത് ചെറുചിത്രങ്ങളുടെ കൊയ്ത്ത്

പ്രകാശ് കാനത്തൂര്‍


കോടികള്‍ മുതല്‍മുടക്കി നിര്‍മിച്ച വമ്പന്‍ചിത്രങ്ങളെ കടത്തിവെട്ടി ചുരുങ്ങിയ ചെലവില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ അത്യപൂര്‍വവിജയം കൊയ്ത കാഴ്ചയാണ് 2009ല്‍ തമിഴകം കണ്ടത് 2009 ജനവരിമുതല്‍ ഡിസംബര്‍ 20വരെയായി 128 -ഓളം തമിഴ്ചിത്രങ്ങള്‍ റിലീസ് ചെയ്തു. 'നായ്കുട്ടി', 'കലാചാരം' ഉള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍കൂടി ഡിസംബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്.

130ലധികം ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ട തമിഴകത്ത്, പക്ഷേ, ഇതിനകം നൂറുദിവസം പ്രദര്‍ശനവിജയം നേടിയത് 20ല്‍ താഴെ ചിത്രങ്ങള്‍മാത്രമാണ്. സൂര്യ നായകനായ 'അയന്‍' എന്ന ചിത്രമാണ് പോയ വര്‍ഷം മികച്ച പ്രദര്‍ശനവിജയം നേടിയത്.

സംവിധായകനും നടനുമായ ശശികുമാര്‍ നിര്‍മിച്ച് പാണ്ഡ്യരാജ് സംവിധാനംചെയ്ത 'പശങ്ക' എന്ന ചിത്രം ഹിറ്റാവുക മാത്രമല്ല അന്താരാഷ്ട്ര ബാലചലച്ചിത്രോത്സവത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.

ശശികുമാര്‍ നായകനും അനന്യ , അഭിനയ എന്നിവര്‍ നായികമാരുമായ സമുദ്രക്കനി സംവിധാനം ചെയ്ത 'നാടോടികളും' വിജയിച്ച ചിത്രങ്ങളുടെ ഗണത്തില്‍പ്പെടും.

വിക്രംകുമാര്‍ സംവിധാനംചെയ്ത് മാധവനും നീതുചന്ദ്രയും ജോഡികളായി അഭിനയിച്ച 'യാവരും നലം', പുതുമുഖങ്ങളെ വെച്ച് ആര്‍. പനീര്‍ശെല്‍വം സംവിധാനംചെയ്ത 'റെനിഗുന്‍ഡ', ധനുഷ് നായകനായ 'പലിക്കാത്തവന്‍', 'ജബ് വി മെറ്റ്' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയ 'കണ്ടേന്‍ കാതലൈ', നകുല്‍, സുനൈന എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച 'മസിലാമണി', മാധവന്റെ 'യാവരും നലം', ആര്യ നായകനായ 'നാന്‍കടവുള്‍' എന്നീ ചിത്രങ്ങള്‍ 2009 ലെ മികച്ചവയില്‍ ഉള്‍പ്പെടും.

കമലഹാസനും മോഹന്‍ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ച 'ഉന്നൈപ്പോല്‍ ഒരുവന്‍' എന്ന ചിത്രം മോഹന്‍ലാലിന് തമിഴകത്ത് ആരാധകരെ കൂട്ടാന്‍ ഉപകരിച്ചു. ചിത്രം 50 ദിവസം ഓടി ശരാശരി കളക്ഷന്‍ മാത്രമേ നേടിയുള്ളൂവെങ്കിലും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണുണ്ടായത്.

2009ല്‍ നായകപദവിയില്‍ മുന്‍നിരയില്‍നിന്നത് സൂര്യയാണ്. 'അയനി'ലൂടെ സൂര്യയുടെ കരിയര്‍ ഗ്രാഫ് ഒരുപടികൂടി ഉയര്‍ന്നു.
കൂടാതെ വര്‍ഷാവസാനത്തോടെ റിലീസായ 'ആതവനിലും' സൂര്യ വിജയം ആവര്‍ത്തിച്ചു. ധനുഷിന്റെ നായികയായി 'പഠിക്കാത്തവന്‍' എന്ന ചിത്രത്തിലഭിനയിച്ച തമന്നയ്ക്കാണ് പോയ വര്‍ഷം പ്രേക്ഷകരുടെ കൂടുതല്‍ പ്രശംസ ലഭിച്ചത്. രജനീകാന്ത് നായകനായ പഴയ ചിത്രമായ 'പഠിക്കാത്തവന്‍' അതേപേരില്‍ വീണ്ടും തയ്യാറാക്കുകയായിരുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്ബജറ്റ് ചിത്രമായ 'കന്തസാമി'ക്ക് വേണ്ടത്ര പ്രേക്ഷകരെ കിട്ടിയില്ല. തുടക്കത്തില്‍ നല്ല കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീട് പരാജയമായിരുന്നു ഫലം. യുവനായകന്മാരായ വിജയിനും അജിത്തിനും 2009 ശുഭകരമായിരുന്നില്ല. വിജയിന്റെ 'വില്ലും' അജിത്തിന്റെ 'ഏകനും' വിജയം കൊയ്തില്ല. 'വെണ്ണില കബഡി കുഴു'വില്‍ നായകനല്ലെങ്കിലും കോച്ചായി അഭിനയിച്ച കിഷോര്‍, 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തില്‍ നായകവേഷമണിഞ്ഞ പ്രസന്ന, 'പേരാമൈ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജയം രവി എന്നിവര്‍ പ്രേക്ഷകപ്രശംസ നേടി.

2009-ല്‍ ഏറ്റവുമധികം തമിഴ് ചിത്രത്തില്‍ അഭിനയിച്ചത് സംവിധായകന്‍കൂടിയായ സുന്ദര്‍ സി.യാണ് (ആറ് ചിത്രം). നടിമാരില്‍ തുല്യ എണ്ണത്തോടെ നമിത ഒപ്പം നില്‍ക്കുന്നു. ഏഴു ചിത്രങ്ങളുമായി സംഗീതസംവിധാനരംഗത്ത് ഇളയരാജയും 33 ചിത്രങ്ങള്‍ക്ക് പാട്ടെഴുതി എന്‍. മുത്തുകുമാറും 17 ചിത്രങ്ങളില്‍ ഹാസ്യനടനായ ഗഞ്ചാ കറുപ്പും മുന്‍നിരയിലെത്തി. പ്രശസ്തനടന്‍ കമലഹാസന്‍ അഭിനയത്തിന്റെ 50-ാം വര്‍ഷം പിന്നിട്ടതാണ് തമിഴ്‌സിനിമയിലെ പോയ വര്‍ഷത്തെ മറ്റൊരു പ്രധാന സംഭവം.

'കാഞ്ചീവരം' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡിന്റെ തിളക്കം കൊയ്ത് പ്രിയദര്‍ശനും മലയാളികള്‍ക്ക് അഭിമാനത്തിളക്കമായി. 2008-ലെപ്പോലെത്തന്നെ ശ്രീലങ്കന്‍പ്രശ്‌നത്തില്‍ സിനിമക്കാരുടെ ശക്തമായ ഇടപെടല്‍ പോയവര്‍ഷവും ഉണ്ടായി. സംവിധായകരായ ഭാരതിരാജ, സീമാന്‍, അമീര്‍ എന്നിവരായിരുന്നു ഇതിന്റെ മുന്‍നിരക്കാര്‍. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ക്ഷേമനിധിബോര്‍ഡ് രൂപവത്കരിച്ചതും 2009-ലാണ്.ചില നടികളുടെ സ്വകാര്യജീവിതത്തെപ്പറ്റി അപകീര്‍ത്തിപ്പെടുത്തുംവിധം ലേഖനമെഴുതി എന്നാരോപിച്ച് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം തമിഴ് ദിനപത്രമായ 'ദിനമലറി'നെതിരെ തിരിഞ്ഞത് വിവാദ സംഭവമായിരുന്നു.

No comments:

Post a Comment