Monday, March 7, 2011

2.കേരളവര്‍മ പഴശ്ശിരാജ ഒരു ചരിത്ര വീരഗാഥ

കേരളവര്‍മ പഴശ്ശിരാജ ഒരു ചരിത്ര വീരഗാഥ

ചരിത്രം അവഗണിച്ച ചില സത്യങ്ങളാണ് 'കേരളവര്‍മ പഴശ്ശിരാജ'യിലൂടെ മിഴിതുറന്നെത്തിയത്.
ഒന്നാം സ്വാതന്ത്ര്യസമരമായി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് 1857ലെ സ്വാതന്ത്ര്യസമരമാണ്. എന്നാല്‍ അതിനുമുമ്പേ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പഴശ്ശിരാജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രം അടിവരയിടുന്നു. ഹരിഹരന്‍, എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയിലൊരുക്കിയ ചിത്രം മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തിയോടെയാണെത്തിയത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനൊപ്പം മനസ്സില്‍ തൊടുന്ന കുറെ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ നിറയുന്നു.

വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, പഴശ്ശി ചരിത്രം, പഴശ്ശി എഴുതിയ കത്തുകള്‍ എന്നിവയെല്ലാം ഉപജീവിച്ച് ഏറെ പഠനമനനങ്ങള്‍ക്കൊടുവിലാണ് പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ സീനുകളും തെളിയിക്കുന്നു.

വടക്കന്‍വീരഗാഥയ്ക്കു ശേഷം ഹരിഹരന്‍ എം.ടി.യുടെ തിരക്കഥയിലൊരുക്കിയ ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണ്. മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് തിയേറ്ററിലെത്തിച്ച ചിത്രം ഹരിഹരന്റെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രം മലയാളത്തിന് ഒരു ചരിത്ര വീരഗാഥയാണ് സമ്മാനിച്ചത്.

No comments:

Post a Comment