Saturday, July 30, 2011

മനുഷ്യരും ഭൂപ്രദേശങ്ങളും

മനുഷ്യരും ഭൂപ്രദേശങ്ങളും

ഹെര്‍സോഗ് സിനിമ|ഐ. ഷണ്‍മുഖദാസ്‌
കൗമാരകാലത്തായിരുന്നു വിശ്വത്തിന്റെ ആ വാക്കുകള്‍ ആദ്യമായി മനസ്സില്‍ പതിഞ്ഞത്. 1954 ഒക്‌ടോബറില്‍ ഉറൂബ് എഴുതിയവസാനിപ്പിച്ച 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ 'ഭൂമിയുടെ അറ്റത്തേക്ക്' എന്ന അധ്യായത്തില്‍ നായകനായ വിശ്വം നായികയായ രാധയോട് പറഞ്ഞ വാക്കുകള്‍ സ്വാഭാവികമായും പുറംലോകത്തിലേക്ക് കാലെടുത്തുവെക്കാന്‍ കൊതിക്കുന്ന ഒരു കൗമാരത്തോടു സംവദിച്ചത് അഗാധമായ തീക്ഷ്ണതയുടെ മുഴക്കത്തോടെയായിരുന്നു. ''ഞാനങ്ങനെ പോയിപ്പോയി ഭൂമിയുടെ അറ്റംവരെ പോവും''. ഈ സ്വപ്‌നത്തിന്റെ യഥാര്‍ഥമായ സ്വഭാവം വ്യക്തമാകുന്നത് തൊട്ടുമുമ്പുരുവിടുന്ന മറ്റു ചില വാക്കുകളിലൂടെയാണ്. ''നടന്നു നടന്നങ്ങനെ പോകുമ്പോള്‍ ഒന്നും അറിയില്ല!'' ഒന്നും അറിയില്ല എന്നതുകൊണ്ട് വിശ്വം അര്‍ഥമാക്കിയത് വിശപ്പുപോലും എന്നുതന്നെയായിരുന്നു. ''ഒരു ദിവസം പോണം'' എന്നുപറയുന്ന, ''നടന്നുനടന്നങ്ങനെ'' പോണം എന്നുപറയുന്ന, വിശ്വത്തെ പരിചയമുണ്ടായിരുന്നതുകൊണ്ടാണ് മുപ്പതുവര്‍ഷം മുമ്പ് ഒരു പുസ്തകം പ്രിയതരമായി മാറിയത്. പുസ്തകത്തെക്കാള്‍ ആകര്‍ഷകമായി തോന്നിയത് തീര്‍ച്ചയായും പുസ്തകത്തിനു പിറകിലെ സങ്കല്‍പമായിരുന്നു. ജര്‍മന്‍കാരനായ വെര്‍നര്‍ ഹെര്‍സോഗ് 'ഐസിലൂടെയുള്ള നടക്കല്‍' (Walking in ice) എഴുതിയത് പാരിസിലെ മുറിയില്‍ സുനിശ്ചിതമായ മരണത്തിനു മുന്നില്‍ കിടന്നിരുന്ന ഒരു ചലച്ചിത്രനിരൂപകയെ രക്ഷിക്കാനായി നടത്തിയ വ്രതതീവ്രമായ ഒരു പദസഞ്ചാരത്തെ ആധാരമാക്കിയിട്ടായിരുന്നു. പിന്നീട്, ആ പദയാത്രയെ 'ഒരു തീര്‍ഥാടനം' എന്നും 'ഒരു പ്രതിഷേധം' എന്നുമായിരുന്നു എഴുത്തുകാരന്‍ വിശേഷിപ്പിച്ചത്. മരിക്കാന്‍ താന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു യാത്രയുടെ തുടക്കത്തില്‍ ഹെര്‍സോഗ് നിശ്ചയിച്ചിരുന്നത്.
ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് സിനിമയെക്കുറിച്ചുള്ള 'പ്രേതബാധിതമായ തിരശ്ശീല' (The Haunted Screen) എന്ന പുസ്തകമെഴുതിയ ലോറ്റെ ഐസ്‌നര്‍ (Lotte Eisner) ആയിരുന്നു പാരിസിലെ മുറിയില്‍. വിവരമറിഞ്ഞ ചലച്ചിത്രകാരന്‍, പതിനാലാമത്തെ വയസ്സിലേ നടത്തവും ജീവിതത്തിന്റെ വഴിയാക്കിയ ഹെര്‍സോഗ് മ്യൂണിക്കില്‍നിന്ന് പാരിസിലേക്ക് നടന്നുതുടങ്ങിയത്, താന്‍ നടന്നുകൊണ്ടിരിക്കുന്നിടത്തോളം ഐസ്‌നര്‍ മരിക്കുകയില്ല എന്ന ഒരു തീരുമാനത്തോടെ ഒരു 'അന്ധ'വിശ്വാസത്തോടെ, ആയിരുന്നു. പാരിസിലെ മുറിയില്‍ പദസഞ്ചാരി ഒടുവില്‍ എത്തിച്ചേരുമ്പോള്‍, താണ്ടിക്കഴിഞ്ഞിരുന്നത് 700 കിലോമീറ്റര്‍ ആയിരുന്നു. ഐസ്‌നര്‍ ഒമ്പതുവര്‍ഷം കഴിഞ്ഞാണ് മരണമടഞ്ഞത്. തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചത് ഹെര്‍സോഗില്‍നിന്ന് 'മരിക്കാനുള്ള സമ്മതം' കിട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞ ഉടനെ ആയിരുന്നു.
ഹിമഭൂമിയിലെ പെന്‍ഗ്വിന്‍
പദസഞ്ചാരിയായ ഒരു ഭ്രാന്തന്‍ ഏകാകിയെ, ഒറ്റപ്പെടാന്‍ സ്വയം തീരുമാനമെടുത്ത ഒരു പെന്‍ഗ്വിന്‍ ജീവിതത്തെ, അടുത്ത കാലത്ത് ഒരു ഹെര്‍സോഗ് 'ഡോക്യുമെന്ററി'യില്‍വെച്ചാണ് കണ്ടുമുട്ടിയത്. വിശ്വം നടന്നുനടന്ന് എത്താനാഗ്രഹിച്ച ഭൂമിയുടെ അറ്റത്തായിരിക്കാം ആ പെന്‍ഗ്വിന്‍ ജീവിച്ചിരുന്നത്. 'ലോകെത്ത അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍' (Encounters at the end of the world) എന്ന അന്റാര്‍ട്ടിക്ക പശ്ചാത്തലമായ ഒരു ചിത്രം. ഈ ചിത്രത്തിന്റെ അവസാനഭാഗത്തായി പെന്‍ഗ്വിനുകളെക്കുറിച്ച് കഴിഞ്ഞ ഇരുപതുവര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ അവയുടെ ജീവിതരീതികളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഭ്രാന്തുള്ളവരുണ്ടോ എന്നും സ്വവര്‍ഗരതി പെന്‍ഗ്വിനുകള്‍ക്കിടയിലുണ്ട് എന്നുകേള്‍ക്കുന്നത് ശരിയാണോ എന്നും ഉള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പിറകിലെ പെന്‍ഗ്വിനുകളില്‍ ചിലത് ചിറകുകള്‍പോലുള്ള കൈകള്‍ വീശിത്തുടങ്ങുന്നു. ആറടി താഴെ കിടക്കുന്ന റോസ് നഗരത്തിനുമുകളിലെ ഹിമഭൂമിയിലൂടെ, തെല്ലകലെ ആ നാലു പെന്‍ഗ്വിനുകള്‍ പിന്നീട് നടന്നുപോകുന്നത് നാം കാണുന്നു. അടുത്ത ദൃശ്യത്തില്‍ അത് അഞ്ചായിരിക്കുന്നു. ഒടുവില്‍ മഞ്ഞിന്റെ മഹാവിജനതയില്‍ ഒരു പെന്‍ഗ്വിന്‍ മാത്രം, സംഘത്തില്‍നിന്ന് വേറിട്ടൊരു വഴി തിരഞ്ഞെടുത്ത്, നടന്നുകൊണ്ടേയിരിക്കുന്നത് നാം കാണുന്നു. ശബ്ദപഥത്തില്‍ ആ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ 'കഥ' സംവിധായകന്റെ ശബ്ദത്തില്‍ അശരീരിയായി നാം കേള്‍ക്കുകയാണ്. മഞ്ഞിലൂടെ ഒരു ചലച്ചിത്രകാരന്‍ നടന്നുനടന്ന് വ്രതനിഷ്ഠനായത് പണ്ട് ഒരു ജീവനെ രക്ഷിക്കാമെന്ന മോഹചിന്തയിലായിരുന്നുവെങ്കില്‍, അതേ ചലച്ചിത്രകാരന്‍ ഇന്ന് 'ഭ്രാന്തന്‍' ഏകാകിയെക്കുറിച്ച് വിശദീകരിക്കുന്നത്, അത് 'സുനിശ്ചിതമായ മരണ'ത്തിലേക്കുള്ള അയ്യായിരം കിലോമീറ്റര്‍ താണ്ടേണ്ടുന്ന ഒരു സഞ്ചാരത്തിലാണ് എന്നാണ്. എഴുപതു കിലോമീറ്റര്‍ ദൂരെയുള്ള ഒരു പര്‍വതത്തിലേക്ക് യാത്ര തുടങ്ങിയ ഈ പെന്‍ഗ്വിനെ, ആരെങ്കിലും പിടിച്ചുകൊണ്ടുവന്ന് പെന്‍ഗ്വിന്‍ കൂട്ടങ്ങള്‍ക്കിടയില്‍ വിട്ടാലും, അത് നിശ്ചയമായും തന്റെ സാഹസിക മരണപാതയിലേക്ക് തിരിച്ചുചെല്ലുമെന്നും അശരീരി പറയുന്നു. എന്നിട്ടൊരു ചോദ്യവുമുയര്‍ത്തുന്ന അശരീരി. ' എന്തുകൊണ്ട്?' ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ സംഭാഷണപഥത്തില്‍നിന്ന് നാം കേട്ടത് ഇപ്പോള്‍ ഓര്‍മയിലെത്താതിരിക്കില്ല.
ഭൂമിയുടെ അറ്റത്ത് ചിത്രീകരിച്ച ഈ അന്റാര്‍ട്ടിക്കന്‍ ചിത്രം ''പെന്‍ഗ്വിനുകളെക്കുറിച്ചുള്ള മറ്റൊരു ചിത്രം അല്ല'' എന്നായിരുന്നു ഹെര്‍സോഗ് മുന്നറിയിപ്പു തന്നത്. ചിത്രത്തിലൊരിടത്തായി നടത്തത്തിന്റെ വിചിത്രവും ഗിന്നസ് പുസ്തകബദ്ധവും ആയ വഴികളെക്കുറിച്ചുള്ള സ്വന്തം നിലപാട് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. ഗിന്നസ് ബുക്കില്‍ ഇടംതേടുന്നതരം ഭ്രാന്തന്‍ അസംബന്ധസഞ്ചാരങ്ങളെക്കുറിച്ച് സംസാരിക്കുന്ന അശരീരിയുടെ വാക്കുകള്‍ക്കുമേല്‍ അത്തരം ചില ദൃശ്യങ്ങള്‍ തെളിയുന്നു. റിവേഴ്‌സ് ഗിയറില്‍ കാറോടിച്ച് സഹാറാ മരുഭൂമി തരണംചെയ്ത ഫ്രഞ്ചുകാരനെക്കുറിച്ചും തലമറിഞ്ഞുരുണ്ടുകൊണ്ട് അന്റാര്‍ട്ടിക്കയിലേക്ക് സഞ്ചരിക്കുന്നയാളെക്കുറിച്ചും വലിയ ആദരവൊന്നും സംവിധായകന്റെ ദൃശ്യങ്ങളിലോ വാക്കുകളിലോ തെല്ലും തെളിയുന്നില്ല. എന്നാല്‍, പെന്‍ഗ്വിന്‍ കഥക്കു തൊട്ടുമുമ്പ് വരുന്ന രംഗത്തെ ചിത്രത്തിന്റെ തുടക്കത്തില്‍തന്നെയുള്ള ദൃശ്യങ്ങളും വാക്കുകളും ചേര്‍ത്തുവായിക്കുകയാണെങ്കില്‍ സംവിധായകനെന്തിനാണ് ഈ 'ഡോക്യുമെന്ററി'യുടെ ചിത്രീകരണത്തിനിറങ്ങിയത് എന്നത് വ്യക്തമാകുന്നു. അന്റാര്‍ട്ടിക്കയിലേക്കുള്ള വിമാനത്തിനകത്ത് ലാപ്‌ടോപ്പിനു മുന്നിലും പുസ്തകത്തിനു മുന്നിലും ഇരിക്കുന്ന യാത്രികരെപ്പോലെ കിടന്നുറങ്ങുന്നവരെയും കാണിച്ചശേഷം മറ്റൊരു പെന്‍ഗ്വിന്‍ ചിത്രമെന്ന ഉദ്ദേശ്യം ഒഴിവാക്കിക്കൊണ്ടുള്ള തന്റെ യാത്രയുടെ ലക്ഷ്യം സംവിധായകന്‍ വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് മനുഷ്യര്‍ സ്വന്തം സ്വത്വം മറച്ചുവെച്ചുകൊണ്ട് മുഖംമൂടികള്‍ ധരിക്കുന്നത്, തലയില്‍ തൂവലുകള്‍ ചൂടുന്നത്? കുതിരപ്പുറത്തിരുന്നാളുകള്‍ തോക്കുചൂണ്ടി വില്ലന്മാര്‍ക്കു പിറകെ പായുന്നത്? ചിലതരം ഉറുമ്പുകള്‍ ഭക്ഷണത്തിനുവേണ്ടി ചിലതരം ജീവികളെ അടിമകളായി വളര്‍ത്തുന്നത്? എന്തുകൊണ്ട് അതേസമയം ചിമ്പാന്‍സികള്‍ തങ്ങളെക്കാള്‍ ബുദ്ധിപരമായി വളര്‍ച്ചയില്‍ മുന്നോട്ടെത്തിയിട്ടില്ലാത്ത ജീവികളെ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെയും വെസ്‌റ്റേണ്‍ സിനിമകളിലെ കൗബോയ് കുതിരസവാരിക്കാരെയും ഒരു പ്രത്യേകതരം ഉറുമ്പുകളെയും ചിമ്പാന്‍സിയെയും ഹെര്‍സോഗ് അവതരിപ്പിക്കുന്നു. വിമാനസഞ്ചാരികളെക്കുറിച്ച് സംവിധായകന്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഈ ചോദ്യങ്ങളും. അനന്തമായതെന്നു തോന്നിപ്പിക്കുന്ന ശൂന്യതയിലേക്ക്, അജ്ഞാതമായതിലേക്ക് പറന്നുപോകുന്ന മനുഷ്യര്‍. ആരാണ് ഇവര്‍? എന്തായിരുന്നു ഇവരുടെ സ്വപ്‌നങ്ങള്‍? നാഷനല്‍ സയന്‍സ് ഫൗണ്ടേഷനോട് പ്രകൃതിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ വ്യത്യസ്തമാണ് എന്ന് സംവിധായകന്‍ പറയുന്നതിന്റെ യുക്തി ഈ ചോദ്യങ്ങളിലാണ് അന്തര്‍ലീനമായിരിക്കുന്നത്. എന്തുകൊണ്ട്?
ഹ്രസ്വചിത്രങ്ങളടക്കം അമ്പത്തിയെട്ട് സിനിമകളുടെ സംവിധായകനായ ഹെര്‍സോഗിന്റെ മുപ്പതോളം ചിത്രങ്ങള്‍ 'ഡോക്യുമെന്ററി'കളാണ്. കഥാചിത്രങ്ങളും ഡോക്യുമെന്ററികളും തമ്മിലുള്ള തരംതിരിവിനെ അത്ര കണിശമായ കൃത്യതയോടെ പരിഗണിക്കാത്ത ഹെര്‍സോഗിന്റെ ആദ്യചിത്രമായ 'ഹെറാക്ലിസ്' തന്നെ ഈ അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്നതിന്റെ സൂചനകള്‍ പ്രകടമാക്കുന്നു. പേശികളുടെ ബലത്തിലും വലുപ്പത്തിലും എന്നതുപോലെ ശരീരസൗന്ദര്യ പ്രദര്‍ശനത്തിലും തല്‍പരരായ പുരുഷശരീരങ്ങളുടെ ദൃശ്യങ്ങളോട് പാഞ്ഞുപോകുന്നതും ട്രാഫിക് ബ്ലോക്കില്‍ പെട്ടവയുമായ വാഹനങ്ങളുടെ ദൃശ്യങ്ങളും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും അപകടംനടന്ന ഭൂപ്രദേശങ്ങളുടെയും ദൃശ്യങ്ങളും മുറിച്ചുചേര്‍ത്ത് രൂപപ്പെടുത്തിയിരിക്കുന്ന അത്യന്തം ഡോക്യുമെന്ററി രീതിയിലുള്ള ഈ ചിത്രത്തെ ശീര്‍ഷകത്തിലൂടെയും ഹെര്‍ക്കുലീസിന്റെ കഥയില്‍നിന്നുള്ള ആറു സാഹസിക പ്രവൃത്തികളുടെ പരാമര്‍ശങ്ങളിലൂടെയും സംവിധായകന്‍ ഒരു കഥാചിത്രമാക്കി അവതരിപ്പിക്കുന്നു. മറ്റൊരു കറുപ്പും വെളുപ്പും ഹ്രസ്വ കഥാചിത്രമായ 'അവസാനവാക്കി'ലാകട്ടെ ഡോക്യുമെന്ററി സിനിമ കഥാചിത്രമായി മാറുന്നത് ആവര്‍ത്തനസ്വഭാവമുള്ള ദൃശ്യങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ചേഷ്ടകളിലൂടെയും ആണ്. പ്രശസ്തമായ പല ഹെര്‍സോഗ് മുഴുനീള കഥാചിത്രങ്ങളിലും ഡോക്യുമെന്ററി സിനിമയുടെ ചില ഘടകങ്ങള്‍ ആധാരമാക്കിയിരിക്കുന്ന യഥാര്‍ഥ സംഭവങ്ങളുടെ പ്രചോദനമായിട്ടും സവിശേഷമായ ഭൂപ്രദേശങ്ങള്‍ കഥക്ക് 'പശ്ചാത്തല'മാകുന്നതിലൂടെയും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. 'അഗിറെ' -ദൈവത്തിന്റെ കോപം. 'ഫിറ്റ്‌സ്‌ക്കരാള്‍ഡൊ', 'കാസ്‌പര്‍ഹോസറുടെ പ്രഹേളിക', 'പരാജയപ്പെടുത്താനാകാത്തവന്‍', 'കുള്ളന്മാരും തുടങ്ങിയത് ചെറുതായിട്ടാണ്' തുടങ്ങിയ കഥാചിത്രങ്ങള്‍ ഡോക്യുമെന്ററിയും കഥയും ഇടകലര്‍ന്നു വരുന്ന ഹെര്‍സോഗ് സിനിമയുടെ ചില ഉദാഹരണങ്ങളാണ്. 'പച്ച ഉറുമ്പുകള്‍ സ്വപ്‌നം കാണുന്നിടത്ത്' എന്ന കഥാചിത്രമാകട്ടെ 'ഡോക്യുമെന്ററി' എന്ന വിശേഷണം ചേര്‍ത്ത് ഒരു മത്സരത്തിനയക്കുകയാണെങ്കില്‍ ആ ഇനത്തിലും സമ്മാനിതമായിക്കൂടെന്നില്ല. ഡോക്യുമെന്ററി എന്ന നിലയില്‍ ലോസ് ആഞ്ജലസ് ക്രിട്ടിക്‌സ്, ന്യുല്ലാര്‍ക് ഫിലിം ക്രിട്ടിക്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രിട്ടിക്‌സ് എന്നീ അസോസിയേഷനുകളുടെ അവാര്‍ഡുകളും സണ്‍ഡാന്‍സ് മേളയില്‍ ആല്‍ഫ്രഡ് സ്ലോണ്‍ അവാര്‍ഡും നേടിയ 'കരടിമനുഷ്യന്‍' (Gri്വ്വly Man) വന്യജീവി സിനിമകളെടുക്കുന്ന ഒരു 'ഭ്രാന്തന്‍' ചലച്ചിത്രകാരനെക്കുറിച്ചും 'ഡോക്യുമെന്ററി' സംവിധായകനായ തന്നെക്കുറിച്ചും ഹെര്‍സോഗ് എടുത്ത ഒരു 'കഥാചിത്രം' പോലെയും കാണാവുന്നതാണ്. താനെടുത്ത 'ഡോക്യുമെന്ററി'കള്‍ക്ക് സമാന്തരമായോ ബന്ധപ്പെട്ടോ പല കഥാചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. 'പര്‍വതത്തിന്റെ ഇരുണ്ട തിളക്കം' എന്ന ഡോക്യുമെന്ററിയിലെ കേന്ദ്ര കഥാപാത്രമായ മെസ്‌നര്‍ തന്നെയാണ് പര്‍വതാരോഹണത്തിന്റെ കഥാചിത്രമായ 'കല്ലിന്റെ നിലവിളി' (Scream of Stone)യുടെയും അടിസ്ഥാന പ്രചോദനം. വൈമാനികനായ ഡീറ്റര്‍ ഡെങ്കറെക്കുറിച്ചുള്ള ഡോക്യുമെന്ററി', 'കൊച്ചുഡീറ്റര്‍ക്കു പറക്കേണ്ടതുണ്ട്' (Little Dieter Needs to Fly) ആണെങ്കില്‍, അതേ നായകനെക്കുറിച്ചുള്ള കഥാചിത്രമാണ് 'രക്ഷാപ്രഭാതം' (Rescue Dawn). ലോകത്തിന്റെ അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍ക്ക് സമാന്തരമായിക്കാണാവുന്ന ഒരു ശാസ്ത്ര കഥാസിനിമയാണ് 'അവിടെയുള്ള വന്യമായ നീല' (The Wild Blue Younder). പതിനാല് മിനിറ്റു ദൈര്‍ഘ്യമുള്ള 'ആരും എന്നോടൊപ്പം കളിക്കുന്നില്ല' എന്ന ചിത്രം അടിസ്ഥാനപരമായി കഥാചിത്രംതന്നെയെങ്കിലും കളിക്കൂട്ടുകാരാരുംതന്നെയില്ലാതെ ഒറ്റപ്പെട്ടുപോകുന്ന ഒരാണ്‍കുട്ടിയുടെ പുതുതായി രൂപപ്പെടുന്ന ഒരു സൗഹൃദത്തിന്റെ എന്നതുപോലെ ബാല്യകാല മനസ്സുകളുടെ ഒരു ഡോക്യുമെന്ററിയായും കരുതാവുന്നതാണ്. 'ഡ്യൂഷ്‌ക്രൂഗ് കോട്ടയുടെ മുമ്പെങ്ങുമില്ലാതിരുന്ന സുരക്ഷ' എന്ന ചിത്രം 'ഹെറാക്ലിസ്', 'അവസാന വാക്ക്' എന്നീ ആദ്യകാല ബ്ലാക് ആന്‍ഡ് വൈറ്റ് കഥാചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന, ഡോക്യുമെന്ററിയെന്നുതന്നെ സംശയിക്കാവുന്ന, ഹാസ്യവും കൂടിക്കലരുന്ന ഒരു കഥാചിത്രമാണ്. സിനിമ ഒരേസമയം ഡോക്യുമെന്ററിയും കെട്ടുകഥയും ഇടകലര്‍ത്തുമ്പോഴാണ് അഭികാമ്യമായിരിക്കുന്ന അവസ്ഥയിലെത്തുന്നത് എന്നു പറഞ്ഞിട്ടുള്ള ഗൊദാര്‍ദ്, സിനിമാ വെരിറ്റെയുടെ അപ്പോസ്തലന്‍, ഹെര്‍സോഗിന്റെ അടുത്ത കാലത്തിറങ്ങിയ 'ഇന്‍വിന്‍സ്ബ്ള്‍' എന്ന കഥാചിത്രത്തെ വസ്തുനിഷ്ഠമായ രീതിയില്‍ യഹൂദ യാഥാര്‍ഥ്യത്തെക്കുറിച്ചെടുത്തിരിക്കുന്ന ചിത്രം എന്ന് പ്രശംസിച്ചിരിക്കുന്നു എന്നതും പ്രസക്തമാണ് (മോശപ്പെട്ട രീതിയില്‍ എടുത്ത ചിത്രം എന്ന് 'അഗിറെ' ഇതിനു സമാന്തരമായി ഇകഴ്ത്തപ്പെടുകയുമുണ്ടായി).
അപരനും ആത്മകഥയും
തന്നെ സ്വയം ന്യായീകരിക്കാനോ പ്രതിനിധാനംചെയ്യാനോ വിമര്‍ശിക്കാനോ വേണ്ടി ഹെര്‍സോഗ് തെരഞ്ഞെടുത്ത ഏകാകിയായ ഭ്രാന്തന്‍ പെന്‍ഗ്വിന്‍ 'കരടിമനുഷ്യനി'ലെ കേന്ദ്ര കഥാപാത്രമായ തിമൊത്തി ട്രെഡ്‌വെല്‍ (Timothy Treadwell) എന്ന കരടിയാകാന്‍ കൊതിച്ച 'ഭ്രാന്തന്‍' മനുഷ്യനിലേക്കാണ് നടന്നുപോകുന്നത് എന്നുവരുമോ? വേഷത്തിലും ഭാവപ്രകടനത്തിലും പ്രകടനപരതയുള്ള, ഗ്രിസ്‌ലി കരടികളുടെ സംരക്ഷകനായി സ്വയം അവരോധിക്കുന്ന, അമേരിക്കക്കാരനായ തിമൊത്തി, വേനല്‍ക്കാലങ്ങളില്‍ അലാസ്‌കയിലെത്തി കരടികളുമൊത്ത് ജീവിതം ചെലവഴിക്കുന്ന ഒരു 'ഭ്രാന്തന്‍' പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ചലച്ചിത്രകാരനുമാണ്. കരടികളെ ഓരോന്നിനെയും പേരിട്ടു വിളിച്ചോമനിക്കുന്ന തിമൊത്തിക്ക് അവര്‍ 'പ്രപഞ്ചത്തിന്റെ കുട്ടികളാ'ണ്. തന്നെ ഒരിക്കലും അവര്‍ ആക്രമിക്കുകയില്ല എന്ന ഉത്തമവിശ്വാസത്തിലോ അന്ധവിശ്വാസത്തിലോ കഴിഞ്ഞിരുന്ന അയാളെയും കൂട്ടുകാരിയെയും അയാള്‍ കൊണ്ടുവന്നിരുന്ന കാമറക്കു മുന്നില്‍വെച്ച് ഒരു കരടി ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ ശബ്ദങ്ങള്‍, ഇതിനകം അയാള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞിരുന്ന നൂറോളം മണിക്കൂര്‍ വരുന്ന ഫുട്ടേജിന്റെ അവസാനത്തെ ഷോട്ടില്‍ അവശേഷിപ്പിച്ചുകൊണ്ട്, അയാള്‍ ഭൂമിയില്‍നിന്നില്ലാതെയാകുകയാണ്. സ്വന്തം കാമറയുമായി ഹെര്‍സോഗ് തിമൊത്തി കരടികളുമൊത്ത് ശല്യക്കാരെ പ്രതിരോധിച്ചുകൊണ്ട് കഴിഞ്ഞിരുന്ന അതേ അലാസ്തന്‍ വന്യതകളിലേക്ക്, കൊല്ലപ്പെട്ട ഭൂപ്രദേശങ്ങളിലേക്ക്, തിമൊത്തിയുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാക്കുകളിലൂടെ മരണസന്ദര്‍ഭങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. അവസാനമായി തിമൊത്തിയെയും കൂട്ടുകാരിയെയും ചെറുവിമാനത്തില്‍ കൊണ്ടുവന്നിറക്കിയ വൈമാനികനും തിമൊത്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയവരും പരിശോധിച്ചവരും എല്ലാ ഹെര്‍സോഗിന്റെ കാമറയുടെ മുന്നില്‍നിന്ന തിമൊത്തിയുടെ 'ഭ്രാന്തി'ന്റെയും മരണത്തിന്റെയും വര്‍ത്തമാനം പറയുന്നു. അവരിലൊരാള്‍ ക്രൂരമായ വസ്തുനിഷ്ഠതയോടെ പറയുന്നത്, തിമൊത്തിക്ക് അയാള്‍ ആവശ്യപ്പെട്ടത്, അര്‍ഹമായത് കിട്ടി എന്നുതന്നെയാണ്. സുനിശ്ചിതമായ മരണത്തിലേക്കു നടന്നുനീങ്ങിയ ഭ്രാന്തിനെപ്പറ്റി 'എന്തുകൊണ്ട്' എന്ന് ഉത്കണ്ഠപ്പെടുന്ന ഹെര്‍സോഗ്, തിമൊത്തിയെ മനസ്സിലാക്കാനായി, വ്യത്യസ്തമായ നിലപാടുകളാണ് പല കാര്യങ്ങളിലും ഉള്ളത് എന്നിരിക്കിലും, ഒരു ശ്രമം നടത്തുകയാണ്. പ്രകൃതിയില്‍ അതിരുകളുണ്ട് എന്നും ഒരു മനുഷ്യന്‍ അയാളുടെ അവസാനത്തെ പതിമൂന്നു വര്‍ഷങ്ങള്‍ ആ അതിരുകള്‍ കടന്നാണ് ജീവിച്ചത് എന്നും പരസ്യത്തില്‍ പ്രഖ്യാപിക്കുന്ന ഈ ചിത്രത്തിലൊരിടത്ത്, ഹെര്‍സോഗ് തന്റെ സ്വന്തം ശബ്ദത്തില്‍ തുറന്നുപറയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കരടികളോടു പറയുകയും അവയുടെ കാഷ്ഠത്തിന്റെ ചൂട് കൈകൊണ്ട് തൊട്ടറിയുകയും അവയുടെ സംരക്ഷണത്തിനുവേണ്ടി പണം മേടിക്കാതെ സ്‌കൂളുകളില്‍ ചെന്ന് സംസാരിക്കുകയും ചെയ്യുന്ന തിമൊത്തിയുടെ നിലപാട് 'സെന്റിമെന്റലൈസ്ഡ്' ആയ കാഴ്ചപ്പാടാണ് എന്ന് വിശ്വസിക്കുന്നു സംവിധായകന്‍. ആണ്‍കരടികള്‍ കരടിക്കുട്ടികളെ കൊല്ലാറുണ്ട് എന്നും പ്രപഞ്ചത്തില്‍ എല്ലാം നല്ലതും എല്ലാം സന്തുലിതാവസ്ഥയിലും ഹാര്‍മണിയിലും ആണ് എന്നുമുള്ള തിമൊത്തിയുടെ വിശ്വാസത്തില്‍നിന്ന് വിരുദ്ധമായി ഹാര്‍മണിയല്ല പ്രപഞ്ചത്തിലെ അടിസ്ഥാനമെന്നും മറിച്ച് അവ്യാവൃതാവസ്ഥയും ശത്രുതയും കൊലയുമാണ് എന്നും അശരീരിയായി ഹെര്‍സോഗ് വിശദീകരിക്കുന്നു. അതേസമയം, ചിത്രമവസാനിക്കുന്നിടത്തായി തിമൊത്തിയുടെ ജീവിതത്തിന്റെ, മരണത്തിന്റെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡോക്യുമെന്ററി' സംവിധായകനായ ഹെര്‍സോഗ്, മറ്റൊരു ചലച്ചിത്രകാരനെ അനുസ്മരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍. ''തിമൊത്തി പോയി. എത്ര തെറ്റായിരുന്നു, എത്ര ശരിയായിരുന്നു അദ്ദേഹം എന്നത് അകലേക്ക്, മൂടല്‍മഞ്ഞിലേക്ക് മറഞ്ഞുപോകുകയാണ്. അവശേഷിക്കുന്നത് അദ്ദേഹത്തിന്റെ ഫുട്ടേജ് ആണ്.'' മൃഗങ്ങള്‍ അവയുടെ അസ്തിത്വത്തിലും ആഹ്ലാദത്തിലും സൗന്ദര്യത്തിലും എല്ലാം കഴിയുന്നത് നാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കാര്യം തെളിഞ്ഞുവരുകയാണ്. ആമസോണിലെ കാടുകളിലും നംഗപര്‍വതത്തിലും അന്റാര്‍ട്ടിക്കയിലെ കൊടുമുടിയിലും കത്തുന്ന എണ്ണപ്പാടങ്ങളിലും ഖനനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ആസ്‌ത്രേലിയയിലെ ആദിവാസികളുടെ നടുവിലും ചെന്നെത്തുന്ന ചലച്ചിത്രകാരനായ ഹെര്‍സോഗ്, തിമൊത്തി എന്ന പരിസ്ഥിതിപ്രവര്‍ത്തകന്, വന്യജീവി ചലച്ചിത്രകാരന് ഒരു നൊവേന തന്നെ, ഒരു നിരൂപകന്‍ സൂചിപ്പിച്ചതുപോലെ, ഈ ചിത്രത്തിലൂടെ സമര്‍പ്പിക്കുകയാണ്. ''വന്യ പ്രകൃതിക്കു നേരെയുള്ള നോട്ടമല്ല, നമ്മളിലേക്കുതന്നെയുള്ള, നമ്മുടെ പ്രകൃതത്തിലേക്കുള്ള, ഒരു ഉള്‍ക്കാഴ്ച. അതാണ്, അദ്ദേഹത്തിന്റെ ജീവിതദൗത്യത്തിലും മീതെയായി, എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ജീവിതത്തിന്, അദ്ദേഹത്തിന്റെ മരണത്തിന് അര്‍ഥം നല്‍കുന്നത്.''
തിമൊത്തിയുടെ മരണത്തെക്കുറിച്ചും അവസാന നാളുകളിലെ ജീവിതത്തെക്കുറിച്ചും ഉള്ള ഈ ചിത്രത്തിലൊരിടത്ത്, വന്യജീവി ചലച്ചിത്രകാരനെടുത്ത ഫുട്ടേജില്‍നിന്ന്, സംവിധായകന്‍ ഒരു രംഗം പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളത് അവിസ്മരണീയമാണ്. സുഹൃത്തിനയച്ച കത്തുകളൊന്നില്‍, കരടിയായി രൂപാന്തരപ്പെടണമെന്നു പറയുന്ന തിമൊത്തിയുടെ അപൂര്‍ണമായ കരടിസിനിമയില്‍നിന്നൊരു മുഹൂര്‍ത്തം. ചിത്രത്തിന്റെ ഇരുപത്തിനാലാം മിനിറ്റില്‍, കരടിയെക്കുറിച്ച് സ്‌നേഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന തിമൊത്തി ഷൂട്ടിങ് നിര്‍ത്തിപ്പോകാനൊരുങ്ങുന്ന ഒരു സന്ദര്‍ഭത്തിലായിരിക്കണം, ഹെര്‍സോഗിന്റെ അശരീരിയായ വാക്കുകള്‍. ഒരു ചലച്ചിത്രകാരനെന്ന നിലക്ക് ''അപ്രതീക്ഷിതമായി നിങ്ങളുടെ മടിയിലേക്കു വന്നുവീഴുന്ന നിമിഷങ്ങളെ''പ്പറ്റി സംസാരിക്കുകയാണ് ഹെര്‍സോഗ്. മനോഹരമായ ഹാന്‍ഡ് ഹെല്‍ഡ് കാമറാ ചലനങ്ങളിലൂടെ, ഗ്രിസ്‌ലി കരടിയും ഫ്രെയിമിലേക്കു കടന്നുവരുന്ന കുറുക്കനും പച്ചപ്പിന്റെ വിശാലമായ പുല്‍പ്പരപ്പും. തുടര്‍ന്ന് നാം കാണുന്നത് തിമൊത്തിയുടെ തൊപ്പി കുറുക്കനെടുത്തുകൊണ്ടുപോകുന്നതാണ്. പിണക്കത്തോടെ അതിനു പിറകെ പായുന്നു തിമൊത്തിയുടെ കാമറ. ''സിനിമയുടെ വിശദീകരിക്കാനാകാത്ത മാന്ത്രികത'' (The inexplicable magic of cinema) എന്നു വിശേഷിപ്പിക്കുന്നു ഹെര്‍സോഗ്. മറ്റൊരു സന്ദര്‍ഭത്തില്‍ അത്യന്തം സിനിമാറ്റിക്കായി ചിലര്‍ക്കെങ്കിലും അനുഭവപ്പെടാനിടയുള്ള മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഒരു ദൃശ്യത്തില്‍, ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍ത്തലപ്പുകള്‍ക്കുമീതെ കടന്നുപോകുന്ന കാറ്റിന്റെ ഒരു തിരമാല. തിമൊത്തി ധാരാളം പണമുണ്ടാക്കിയിട്ടുണ്ട് എന്ന് പരിസ്ഥിതിവാദികളുടെ ഭ്രാന്തന്‍ ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍, ഹെര്‍സോഗ് ന്യായവാദവുമായി അദൃശ്യനായി മുന്നോട്ടുവരുന്നു. ''അദ്ദേഹത്തിനെ ന്യായീകരിക്കാന്‍ ഞാന്‍ ഇടപെടുകയാണ്, ഒരു പരിസ്ഥിതിവാദി എന്ന നിലക്കല്ല, ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്ക്.'' തിമൊത്തി കാമറക്കു മുന്നില്‍ വന്നുനിന്നു പറയുന്ന കാര്യങ്ങള്‍ക്ക് മുഖവുരപോലെ വോയ്‌സ് ഓവറായി തിമൊത്തി ചലച്ചിത്രകാരനെന്ന നിലയില്‍ ചെയ്തിരുന്നതെന്ത് എന്ന് വിശദമാക്കപ്പെടുന്നു. വന്യജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണം മാത്രമായിരുന്നില്ല അതെന്നും സ്വന്തം ആന്തരിക ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും അതിലടങ്ങിയിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. സ്വന്തം കാമറകൊണ്ടുള്ള ഒരുതരം കുമ്പസാരവും (Confessional) തിമൊത്തിയുടെ ഭ്രാന്തന്‍ ചലച്ചിത്ര വന്യജീവിതത്തിലുണ്ടായിരുന്നു. ഗ്രിസ്‌ലിക്കരടികളെക്കുറിച്ച് വന്യജീവി സിനിമയെടുത്തിരുന്ന തിമൊത്തിയെക്കുറിച്ചുള്ള സിനിമ അങ്ങനെ ഒരുതരത്തില്‍ ഹെര്‍സോഗ് എന്ന 'ഡോക്യുമെന്ററി' ചലച്ചിത്രകാരനെക്കുറിച്ചുംകൂടിയുള്ള സിനിമയായി മാറുന്നു. തിമൊത്തിയെടുത്തിരുന്ന കരടിസിനിമ ആത്മകഥാപരമായിരുന്നതുപോലെ തിമൊത്തിയെക്കുറിച്ചുള്ള ഹെര്‍സോഗിന്റെ 'കരടിമനുഷ്യനും' ആത്മകഥാപരമാണ്. ഒറ്റയാനായ പെന്‍ഗ്വിനെന്നതുപോലെ ഒരുപരിധിവരെ തിമൊത്തിയുടെ സംവിധായകന്റെ അപര വ്യക്തിത്വമായിത്തീരുന്നു.
പര്‍വതങ്ങളുടെ ഉയരം
ഹിമാലയന്‍ പര്‍വതനിരകളുടെ പടിഞ്ഞാറെ അറ്റത്തായി, പാകിസ്താന്‍ പ്രദേശത്തായി, കാരക്കോറം പര്‍വതങ്ങളുടെ പശ്ചാത്തലത്തില്‍, റെയ്‌നോള്‍ഡ് മെസ്‌നര്‍ എന്ന പര്‍വതാരോഹകനെ കേന്ദ്ര കഥാപാത്രമാക്കി, എന്റെതന്നെ ചില ചോദ്യങ്ങള്‍ക്കുത്തരം തേടി, ഹെര്‍സോഗ് സംവിധാനം ചെയ്ത ചിത്രമാണ് 'പര്‍വതങ്ങളുടെ ഇരുണ്ട തിളക്കം' (The Dark Glow of the Mountains). സംഭാഷണപ്രധാനമായ മഞ്ഞുമലകളുടെ ഈ സിനിമയില്‍ സമാനമായ പ്രാധാന്യത്തോടെ ഹിമാലയന്‍ ്രപദേശം അവതരിപ്പിക്കപ്പെടുന്നു. പര്‍വതനിരകളുടെ പശ്ചാത്തലത്തിലല്ലാതെ ഈ ചിത്രത്തില്‍ പര്‍വതാരോഹകരുടെ ഉത്തരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അവരുടെ വാക്കുകള്‍ക്ക് ഒരു മൂന്നാം മാനം നല്‍കുന്നത് ഹിമാലയന്‍ പര്‍വതശൃംഗങ്ങളും വീശിയടിക്കുന്ന മഞ്ഞുകാറ്റും എന്നതുപോലെ പ്രകൃതിയുടെ ശബ്ദങ്ങളും മനുഷ്യസൃഷ്ടിയായ സംഗീതവുമാണ്. അന്ധതയുടെയും ബധിരതയുടെയും ഭൂപ്രദേശത്തെക്കുറിച്ചെടുത്ത എണ്‍പത്തഞ്ചു മിനിറ്റു ദൈര്‍ഘ്യം വരുന്ന തന്റെ ഒരു ചിത്രത്തിലെ അവസാനത്തെ ഒരു മിനിറ്റു രംഗത്തെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞിട്ടുള്ളത് ഈ ചിത്രം കാണുമ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കും. ഒറ്റക്കെടുത്താല്‍ സാധാരണമെന്നു തോന്നാവുന്ന ആ അന്ത്യരംഗം അസാധാരണമാകുന്നത് ആ രംഗത്തിലേക്കു നയിക്കുന്ന എണ്‍പതിലേറെ മിനിറ്റുകളാണ് എന്നാണ് ഹെര്‍സോഗ് സൂചിപ്പിച്ചത്. ഒരുപക്ഷേ, സംഭാഷണ സമൃദ്ധമായ 'പര്‍വതങ്ങളുടെ തിളക്കത്തെ അഗാധവും ഉന്നതവുമാക്കുന്നത് അത്തരത്തിലുള്ള രണ്ടുമൂന്നു ദൃശ്യങ്ങളാകാം. എണ്ണായിരം മീറ്റര്‍ ഉയരമുള്ള രണ്ടു പര്‍വതശൃംഗങ്ങളിലേക്ക് ഓക്‌സിജനെടുക്കാതെ, പുറത്തുതൂക്കിയിട്ടിരിക്കുന്ന ഭാണ്ഡമല്ലാതെ മറ്റൊന്നും കരുതാതെ, രണ്ടുപേര്‍, മെസ്‌നറും ഹാന്‍സും, ഹിമഭൂമിയിലൂടെ നടന്നുനീങ്ങുന്നതിന്റെ ഒരു ദൃശ്യം. ഉയരങ്ങളില്‍നിന്നെടുത്ത ഈ കാമറാദൃശ്യത്തില്‍, മഞ്ഞല്ലാതെ മറ്റൊന്നും കണ്‍വെട്ടത്തിലില്ലാത്ത ഭൂപ്രദേശത്ത്, രണ്ടു പൊട്ടുകള്‍ മാത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍. തീര്‍ച്ചയായും ഭൂമിയുടെ അകത്തേക്കു നടന്നുകൊണ്ടേയിരിക്കുന്ന ഭ്രാന്തന്‍ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ ചര്‍ച്ചക്കാര്‍തന്നെ ഇവര്‍.
മറ്റു രണ്ടു ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കത്തിലും അന്ത്യത്തിലുമായിട്ടാണ്. ചിത്രം തുടങ്ങി രണ്ടു മിനിറ്റു കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുന്ന പര്‍വതാരോഹകരുടെ വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കുംശേഷം, ഒരിക്കല്‍പോലും ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ക്കാതെ, ഒരു മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ഒരു കാമറാ ചലനദൃശ്യം. മുന്നൂറ്റിയറുപതു ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാമറാദൃശ്യത്തിനുമേല്‍ ഉയരുന്നത് ഹെര്‍സോഗിന്റെ വാക്കുകളാണ് (''പര്‍വതാരോഹണത്തെക്കുറിച്ചൊരു സിനിമയായിരുന്നില്ല ഞങ്ങളുടെ ആശയം. അറ്റങ്ങളിലേക്കുള്ള സാഹസിക സഞ്ചാരത്തിനിടയില്‍ പര്‍വതാരോഹകരുടെ തലക്കകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ ശൃംഗങ്ങളിലേക്ക് എന്ത് ആകര്‍ഷണമാണ് അവരെ ആനയിക്കുന്നത്? ഈ പര്‍വതങ്ങള്‍, ഈ പര്‍വതശൃംഗങ്ങള്‍, നാം ഓരോരുത്തരുടെയും ആത്മാവിന്റെ അടിയില്‍തന്നെയല്ലേ നിലകൊള്ളുന്നത്?''). പര്‍വതശൃംഖങ്ങളിലൂടെ കാമറ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സംഭാഷണപഥത്തോട് കാറ്റിന്റെ ഇരമ്പല്‍ കൂടിക്കലരുന്നു. തുടര്‍ന്നുയരുന്നത്, ഏതോ വലിയ ഭദ്രാസനപ്പള്ളിയുടെ അകത്തളത്തില്‍നിന്ന് നിറഞ്ഞുകവിഞ്ഞ് വളരുന്നതുപോലുള്ള ഗംഭീരമായ സംഘഗാനാലാപനമാണ്. സൂര്യവെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പര്‍വതശൃംഗങ്ങളിലേക്ക് ഒടുവില്‍ കാമറ കയറിച്ചെല്ലുകയാണ്. ഗാഷര്‍ബ്രം ഒന്ന്, ഗാഷര്‍ബ്രം രണ്ട്. ഗാഷര്‍ബ്രം എന്ന പദത്തിനര്‍ഥം തിളങ്ങുന്ന പര്‍വതം എന്നാണ്. ഈ രണ്ടു പര്‍വതശൃംഗങ്ങളും ഒരേ യാത്രയില്‍ ഒറ്റയടിക്ക് കയറുക എന്നതാണ് റെയ്‌നോള്‍ഡ് മെസ്‌നറിന്റെയും ഹാന്‍സ് കാമര്‍ലാന്ററുടെയും ലക്ഷ്യം. ചിത്രത്തിലെ മൂന്നാം ഉത്തുംഗ മുഹൂര്‍ത്തം അവസാനത്തിലാണ്. ഒരു മിനിറ്റോളം ദൈര്‍ഘ്യംവരുന്ന ഈ രംഗത്തില്‍ ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ത്തിരിക്കുന്നു. ഇരുണ്ട പര്‍വതനിരകള്‍ക്കുമീതെ വേഗതയോടെ നീങ്ങിക്കൊണ്ടിരിക്കുന്നത് കാറ്റാണ്- മഞ്ഞുകാറ്റ്. പുല്‍ത്തലപ്പുകള്‍ക്കുമീതെ അലാസ്‌കയില്‍ തിരമാലയായി നീങ്ങിയ അതേ കാറ്റായിരിക്കാം ഇപ്പോള്‍ ഇരുട്ടുവീണ മലകള്‍ക്കുമീതെ തീരം തഴുകുന്ന കടലായി നീങ്ങിക്കൊണ്ടിരിക്കുന്നത്.
എണ്‍പതു മുതല്‍ നൂറുവരെ കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരുന്ന മഞ്ഞുകാറ്റിനെ അഭിമുഖീകരിച്ചിട്ടായിരുന്നു ഈ രംഗത്തിന് തെല്ലു മുമ്പ് രണ്ടുപേര്‍ നംഗപര്‍വതനിരകള്‍ക്കുമേലെത്തിച്ചേര്‍ന്നത്. ഈ സാഹസിക സഞ്ചാരികളുടെ വാക്കുകള്‍ക്ക് പര്‍വതാരോഹണത്തെത്തുടര്‍ന്ന് വരുന്ന രംഗത്തില്‍, ഹിമമാരുതമായ അന്ത്യരംഗത്തിനു തൊട്ടുമുമ്പായി, സംവിധായകന്‍ അശരീരിയായി കാതുകൊടുക്കുന്നുണ്ട്. ദൃശ്യതലത്തിലെ ഹിമപ്രപഞ്ചത്തിലേക്ക്, മനുഷ്യരുടെ കാതുകളിലേക്ക് മഞ്ഞുകാറ്റിന്റെ മൂളക്കവും ഇരമ്പലും വീശിയെത്തുകയാണ്.
ഈ രംഗം മുറിച്ചുചേര്‍ക്കപ്പെടുന്നത് തുടക്കത്തില്‍ നാം കണ്ട തിളക്കത്തിന്റെ പര്‍വതങ്ങള്‍ക്കു വിപരീതമായി ഇരുണ്ട പര്‍വതനിരകളാണ്. കാറ്റും പശ്ചാത്തല സംഗീതവുമായി മഞ്ഞും കാറ്റും പര്‍വതനിരകള്‍ക്കു മീതെ.
(ഹെര്‍സോഗ് ഡോക്യുമെന്ററികളെക്കുറിച്ചുള്ള പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്്)

No comments:

Post a Comment