Saturday, July 30, 2011

ആരുടേതാണ് ഈ മേല്‍വിലാസം?

ആരുടേതാണ് ഈ മേല്‍വിലാസം?

വിചാരണ: ഡോ. കെ.എം. ജയകൃഷ്ണന്‍
ഹിന്ദിയും മലയാളവും ഒരുപോലെ അറിയുന്നവര്‍ക്ക് ഏപ്രില്‍ 29ന് റിലീസ് ചെയ്ത സുരേഷ്‌ഗോപിയും പാര്‍ഥിപനും കക്കരവിയും അഭിനയിക്കുന്ന മാധവരാമദാസ് സംവിധാനം നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന ചലച്ചിത്രം കാണുമ്പോള്‍ വലിയ അമ്പരപ്പ് അനുഭവപ്പെടും. പാട്ടില്ലാത്ത, സ്ത്രീ കഥാപാത്രങ്ങളില്ലാത്ത, മലയാളത്തിലെ ആദ്യത്തെ റിയല്‍ടൈം സിനിമ എന്നു തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ സിനിമ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'ഉള്‍വിലാസം' എന്ന പേരില്‍ ഈ സിനിമ തമിഴിലേക്കും ഡബ്ബുചെയ്യും. മലയാളികള്‍ക്ക് ചിരപരിചിതനായ സൂര്യാ കൃഷ്മൂര്‍ത്തിയുടെ 'മേല്‍വിലാസം' എന്ന മലയാള നാടകത്തിന്റെ സിനിമാ ആവിഷ്‌കാരമാണ് ഈ 'മേല്‍വിലാസ'മെന്ന് പത്രങ്ങളും പരസ്യങ്ങളും ഉദ്‌ഘോഷിക്കുന്നു. മാതൃഭൂമി ഏപ്രില്‍ 29ന്റെ തൃശൂര്‍ നഗരം സപ്ലിമെന്റില്‍ വന്ന 'പട്ടാള വിചാരണയുമായ് മേല്‍വിലാസം' എന്ന പി. പ്രിജിത്തിന്റെ സിനിമാലേഖനവും, ദ ഹിന്ദുവിന്റെ 'ഫ്രൈഡെ റിവ്യൂ'വിലെ Addressing Reality എന്ന പേരില്‍  മനു രമാകാന്തിന്റെയും  സൂര്യാകൃഷ്ണ മൂര്‍ത്തിയുടെയും മാധവ രാമദാസിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിവരണ റിപ്പോര്‍ട്ടും,  മേല്‍വിലാസം മൂവി റിവ്യൂ എന്നിങ്ങനെയുള്ള പല ഇന്റര്‍നെറ്റ് പരസ്യ ബ്ലോഗുകളും 'മേല്‍വിലാസം' സിനിമയുടെ തന്നെയുള്ള ഇന്‍ര്‍നെറ്റ് ട്രെയിലറുകളും കഥയും തിരക്കഥയും സംഭാഷണവും സൂര്യാകൃഷ്മൂര്‍ത്തിയുടേതെന്ന് അസന്ദിഗ്ധം പ്രസ്താവിക്കുന്നു.
രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.എ, ബി.എസ്‌സി ഹിന്ദി ഉപഭാഷാ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുവാനായി ഒരു ഹിന്ദിനാടകം നിര്‍ദേശിക്കുകയുണ്ടായി. കോളജുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന ഞങ്ങളൊക്കെ രണ്ടുകൊല്ലം ആ നാടകം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മുന്നില്‍ അല്‍പം അഭിനയത്തോടുകൂടിത്തന്നെ പഠിപ്പിച്ചിരുന്നു. ഹിന്ദിയിലെ അതിപ്രശസ്തമായൊരു നാടകമാണ് 'കോര്‍ട്ട് മാര്‍ഷല്‍'. മലയാളികള്‍ക്ക് അപരിചിതനായ സ്വദേശ് ദീപക് ആണ് ഈ നാടകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ഉള്ളില്‍പോലും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അതിശക്തമായ ഡയലോഗുകളിലൂടെ അനാവരണം ചെയ്യുന്നതാണ് പ്രസ്തുത നാടകം. കേവലമൊരു പട്ടാളക്കോടതി മുറിയുടെ ലൊക്കേഷനില്‍വെച്ചുമാത്രം ഈ നാടകം നിര്‍വഹിക്കപ്പെടുന്നു. ശക്തമായൊരു സ്‌ക്രിപ്റ്റിലൂടെ സ്വദേശ് ദീപക് ജാതിയുടെ കരാളതയെ താഴ്ന്ന ജാതിക്കാരനായ രാമചന്ദ്രന്‍ എന്ന  ജവാന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു. ഹിന്ദിയിലെ മുന്‍നിര പ്രസാധകരായ 'രാജ്കമല്‍ പ്രകാശന്‍' ഈ നാടകത്തിന്റെ പല പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപത് വര്‍ഷങ്ങളായുള്ള തങ്ങളുടെ പുസ്തക പ്രസാധന ചരിത്രത്തില്‍ 'രാജ്കമല്‍' ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത മൂന്നുനാടകങ്ങളില്‍ ഒന്നുമാണ് 'കേര്‍ട്ട് മാര്‍ഷല്‍'. സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന യഥാര്‍ഥ ഹിന്ദിനാടകം 1991 ജനുവരി ഒന്നാം തീയതി ആദ്യമായി ന്യൂദല്‍ഹി ശ്രീരാം സെന്ററില്‍ അരങ്ങേറുകയുണ്ടായി. രജ്ഞിത് കപൂറായിരുന്നു സംവിധായകന്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം ഭാഷകളിലേക്ക് ഈ നാടകം തര്‍ജമ ചെയ്തിട്ടുമുണ്ട്. 2005ല്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് സ്വദേശ് ദീപക്കിന് ലഭിച്ചു. ഹിന്ദി തിയറ്ററിന് നല്‍കിയ 'ഓവര്‍ഓള്‍' സംഭാവനക്കായിരുന്നു അവാര്‍ഡ്. ഹിന്ദിയിലെ പ്രശസ്ത നാടക ഗ്രൂപ്പായ 'അസ്മിത' കഴിഞ്ഞ 12 വര്‍ഷമായി 'കോര്‍ട്ട് മാര്‍ഷല്‍' രംഗത്ത് അവതരിപ്പിച്ചുവരുന്നു. രഞ്ജിത് കപൂര്‍, ഉഷഗാംഗുലി, അരവിന്ദ് ഗൗര്‍, അമ്‌ല റായ്,  അഭിജിത് ചൗധരി തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ നേതൃത്വത്തില്‍ 2500ലധികം വേദികളില്‍ 'കോര്‍ട്ട് മാര്‍ഷല്‍' ഇതിനകംതന്നെ അവതരിപ്പിച്ചുകഴിഞ്ഞു.
നാടകം സിനിമയാക്കുന്നത് പുത്തരിയല്ല. പക്ഷേ, സ്വദേശ് ദീപക് എന്ന കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവിന്റെ 'കോര്‍ട്ട് മല്‍ഷല്‍' എന്ന വിഖ്യാത ഹിന്ദി നാടകത്തിന്റെ മലയാള സിനിമ ആവിഷ്‌കാരമാണ് ഈ സിനിമയെന്ന് എവിടേയും വേണ്ട പ്രാധാന്യത്തോടെ സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിലെ ദ ഹിന്ദു ദിനപത്രത്തില്‍ 'മേല്‍വിലാസം' സിനിമയെക്കുറിച്ചുള്ള അനുപമ കോത്താരിയുടെ  ലേഖനത്തില്‍ മാധവരാമദാസ് പറയുന്ന വാചകം ശ്രദ്ധിക്കുക: ''A drama inspired by Swadesh Deepak's play 'Court Martial'. ''  അത്രയെങ്കിലും പറഞ്ഞുവല്ലോ എന്നാശ്വസിക്കാം. Inspirational plagerism എന്നതിനെ പറയാമോ? മറ്റൊരാളുടെ രചനയെ തന്‍േറതെന്ന് അവകാശപ്പെടുന്നതിനെ full plagerism എന്നുതന്നെ പറയേണ്ടിവരും. ഒരാശയത്തിന്റെ പ്രേരണയാണ് ഇന്‍സ്‌പിരേഷന്‍ (motivation of an idea) ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. രൂപാന്തരം (adaptation) ആണ് നടത്തിയിട്ടുള്ളതെന്ന് പറയുന്നതും തെറ്റാണ്. എന്തെന്നാല്‍, രൂപാന്തരണം യഥാര്‍ഥ രചനയെയും രചയിതാവിനെയും അംഗീകരിച്ചുകൊണ്ടുള്ള വേറൊരു രൂപത്തിലേക്കുള്ള കൂടുമാറ്റമാണ്. നോവലിനെയോ ചെറുകഥയെയോ കവിതയെയോ വേറൊരു മീഡിയയിലേക്ക് -ഉദാഹരണമായി നാടകത്തിലേക്കോ സിനിമയിലേക്കോ മാറ്റുന്നതാണ്. ഇവിടെ 'മേല്‍വിലാസം' എന്ന സൂര്യാകൃഷ്ണമൂര്‍ത്തിയുടേതെന്ന് അവകാശപ്പെടുന്ന നാടകം തന്നെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകത്തിന്റെ മലയാള പകര്‍പ്പാണ്. സിനിമയും തഥൈവ.
വളരെ വിചിത്രമായ വേറൊരു വസ്തുത സ്വദേശ് ദീപക്കിന്റെ മകനായ സുഖാന്ത് ദീപക്കിന്റെ 'സമ്മതം' 'മേല്‍വിലാസ'ത്തിന്റെ വക്താക്കള്‍ നേടിയിട്ടുണ്ടെന്ന് അറിയുന്നു. 'കോപ്പിറൈറ്റ് വയലേഷന്‍' വഴിയുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും സമ്മതം മുന്‍കൂറായി വാങ്ങിച്ചത്. തന്റെ അച്ഛന്‍ എഴുതിയ നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ പേരുമാറ്റി 'മേല്‍വിലാസം' എന്നാക്കി നിസ്സാരവത്കരിച്ച് വേറൊരാളുടേതാക്കി മറ്റൊരുഭാഷയില്‍ സിനിമയായി അവതരിപ്പിക്കാന്‍ ഒരു മകന്‍ പൂര്‍ണമായി സമ്മതം കൊടുക്കുമെന്ന് എനിക്കുതോന്നുന്നില്ല. 'മേല്‍വിലാസം' എന്ന ഈ സുരേഷ്‌ഗോപി ചിത്രത്തിന്റെ ശരിയായ മേല്‍വിലാസക്കാരന്‍ സ്വദേശ് ദീപക് ആണ്. സൂര്യാകൃഷ്ണ മൂര്‍ത്തിയോ ഗോപി പൂജപ്പുരയോ ഒന്നുമല്ല. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അപക്വരായ കലാകാരന്മാര്‍ അനുകരിക്കും. പക്വതവന്നവര്‍ മോഷ്ടിക്കും (immature artists imitate, mature artists steals).
സൂര്യാകൃഷ്ണ മൂര്‍ത്തിയുടെ വെബ്‌സൈറ്റായ സൂര്യ ഇന്ത്യഡോട്ട്‌കോമിലെ (sooryaindia.com) വിവരപ്രകാരം സൂര്യകൃഷ്ണ മൂര്‍ത്തിയുടെ കൃതികള്‍ ഇവയാണ്: 'മുറിവുകള്‍' (ആത്മകഥാപരമായ കഥകള്‍), 'സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നാല് നാടകങ്ങള്‍'  (മേല്‍വിലാസം, തുടര്‍ച്ച, പുലരി, മര്‍മരം). ഇനി web india 123.comല്‍ സൂര്യാകൃഷ്ണ മൂര്‍ത്തിയുമായി 47 മിനിറ്റ്  ഇംഗ്ലീഷിലുള്ള വീഡിയോ ഇന്റര്‍വ്യൂ കാണുക. അതിന്റെ 32ാം മിനിറ്റ്‌തൊട്ട് കൃഷ്ണമൂര്‍ത്തി തന്റെ 'മേല്‍വിലാസം' എന്ന നാടകത്തെക്കുറിച്ച് പലതും പറയുന്നു. പറഞ്ഞതിനെ ദൃശ്യവത്കരിക്കാന്‍ 'മേല്‍വിലാസം' എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങള്‍ 'ഓണ്‍ലൈന്‍' ആയിത്തന്നെ കാണിക്കുന്നു. 'ദലിത് പ്രശ്‌നത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് തന്റെ ഈ നാടകമെന്നും നാടകം നടക്കുന്ന സമയം എഴുപതുകള്‍ ആണെന്നും അടിയന്തരാവസ്ഥ കാലമാണെന്നും മറ്റും അദ്ദേഹം പറയുന്നുണ്ട്. തന്റെ നാടകത്തിന്റെ ദൃശ്യപ്രതലത്തില്‍ നാല് ഫോട്ടോകളുണ്ടെന്നും മുകളിലത്തേത് മഹാത്മാഗാന്ധിയുടേതാണെന്നും അത് പാതി മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നും അടിയിലെ ഇന്ദിരഗാന്ധി ഉള്‍പ്പെട്ടവരുടെ ഫോട്ടോകള്‍ തെളിഞ്ഞിരിക്കുന്നെന്നും മറ്റും ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ദേശത്തിന്റെ ദശയാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ എല്ലാ രചനകളിലും 'അമ്മു' ഉണ്ടെന്നും അത് സ്‌റ്റേജിലെ തന്റെ പ്രതീകമാണെന്നും (my representation on stage) മൂര്‍ത്തി പറയുന്നു. 'മേല്‍വിലാസ'ത്തിലും  'അമ്മു' കടന്നുവരുന്നു. ഇതേ ഇന്റര്‍വ്യൂവില്‍ മൂര്‍ത്തി നമ്മോടു ചോദിക്കുന്നു: ''വീട്ടിലെ സ്റ്റൗ കത്തി വധുമാത്രമേ മരിക്കുന്നുള്ളൂ. ഒരു മകള്‍ ഒരിക്കലും മരിക്കുന്നില്ല. ഭര്‍ത്താവ് ഒരിക്കലും തീപിടിച്ച് മരിക്കുന്നില്ല.''  മൂര്‍ത്തിപറഞ്ഞ ഈ വാക്യവും 'കോര്‍ട്ട് മര്‍ഷല്‍' നാടകത്തിലേതാണ്. അതിലെ 65ാം പേജില്‍ ബികാസ് റായ് പറയുന്നു: ''അതെ സര്‍, ഇങ്ങനെത്തന്നെയാണ് സംഭവിച്ചത്. എപ്പോഴും ഭാര്യയുടെ കാല്‍ വഴുക്കുന്നു. ഭര്‍ത്താവിനത് ഒരിക്കലുമില്ല. വീട്ടിലെ തീയും വളരെ വകതിരിവുള്ളതാണ്. എപ്പോഴും വധുവിന് തീപിടിക്കുന്നു. പുത്രിയെ ഒരിക്കലും തീപിടിക്കുന്നില്ല...'' ഈ വീഡിയോ ഇന്റര്‍വ്യൂവില്‍തന്നെ പ്രത്യക്ഷപ്പെടുന്ന 'മേല്‍വിലാസം' എന്ന നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുകയും കേള്‍ക്കുകയും മാത്രം ചെയ്താല്‍ മതി 'മേല്‍വിലാസം' 'കോര്‍ട്ട് മാര്‍ഷലി'ന്റെ തനി പകര്‍പ്പാണെന്ന് ആര്‍ക്കും മനസ്സിലാവും. 'മേല്‍വിലാസം' എന്ന നാടകത്തിന്റെ ചില ഭാഗങ്ങള്‍ യൂടൂബിലൂടെയും കാണാം. രംഗാവതരണത്തില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.  എന്നാല്‍, ഡയലോഗുകളും ആക്ഷനുമൊക്കെ പൂര്‍ണമായി സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന്റെ തന്നെ. ഇതേ നാടകം തൃശൂരും പാലക്കാട്ടുമൊക്കെ അവതരിപ്പിക്കുമ്പോള്‍തന്നെ കാണികളായിരുന്ന കോളജ് ഹിന്ദി അധ്യാപകരായ പലരും വേദിയില്‍ കയറി ശക്തമായി പ്രതികരിച്ചിരുന്നു. 'മേല്‍വിലാസം' കൃഷ്ണമൂര്‍ത്തിയുടേതല്ല, സ്വദേശ് ദീപക്കിന്‍േറതാണെന്ന് വാദിച്ചു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, സിനിമയാക്കുകയും ചെയ്തു മൂര്‍ത്തി തന്റെ പേരില്‍.
സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍'എന്ന നാടകം 2009ല്‍ പുസ്തകമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലത കെ.വി യാണ് പരിഭാഷക. സൈന്‍  ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 88 പേജുള്ള ഈ പുസ്തകത്തിന്  സി.ആര്‍. പരമേശ്വരനാണ് 'മറ്റൊരു ജീവിതവിചാരണ' എന്നപേരില്‍ പ്രൗഢമായ അവതാരിക എഴുതിയത്.' അതിന് മുമ്പ് 2003 ജൂലൈയില്‍  കെ. സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ പച്ചക്കുതിര ലതയുടെ മലയാള പരിഭാഷയായ 'കോര്‍ട്ട് മാര്‍ഷല്‍' പ്രസിദ്ധീകരിച്ചിരുന്നു.
ആശയം,കഥാപാത്രങ്ങള്‍,കഥ,സംഭാഷണം, ആക്ഷന്‍ ഈ അഞ്ച് മാനദണ്ഡങ്ങള്‍വെച്ച് പരിശോധിച്ചാലും 'മേല്‍വിലാസം' സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന ഹിന്ദി നാടകത്തിന്റെ തനിപ്പകര്‍പ്പാണ്. 'മേല്‍വിലാസ'മെന്ന മൂര്‍ത്തിയുടേതെന്ന് പറയപ്പെടുന്ന നാടകത്തില്‍ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് അതേപേരിലുള്ള സിനിമ ഇറക്കിയിരിക്കുന്നത്. മൂര്‍ത്തി ആകെ നടത്തിയിയിരിക്കുന്നത് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ്.  'കോര്‍ട്ട് മാര്‍ഷല്‍' മാത്രം നടക്കുന്ന ഈ നാടകത്തില്‍ അമ്മുവെന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച് മേല്‍വിലാസമന്വേഷിപ്പിക്കുന്ന ഒരു കസര്‍ത്ത്. നാടകത്തിന്റെ അവസാനഭാഗത്ത് ക്യാപ്റ്റന്‍ ബി.ഡി. കപൂറിന്റെ ആത്മഹത്യയെ 'പ്രമോഷനാക്കി' മാറ്റുന്നതും മറ്റുമാണ്. സ്വദേശ് ദീപക്കിന്റെ കോര്‍ട്ട് മാര്‍ഷലില്‍ ഇല്ലാത്തൊരു കഥാപാത്രമാണ് ഈ ശുദ്ധ മലയാള നാമമായ 'അമ്മു'. മുഴുവന്‍ ഹിന്ദി പേരുകളും ഉത്തരേന്ത്യന്‍ പശ്ചാത്തലവും മാത്രമുള്ള ആ നാടകത്തില്‍ തന്റെ സ്‌റ്റേജിലെ പ്രതീകമായ അമ്മുവിനെ ഒട്ടിച്ചുകൊണ്ടാണ് മൂര്‍ത്തി തന്റെ മേല്‍വിലാസമുണ്ടാക്കിയിരിക്കുന്നത്. 'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ അവസാനത്തില്‍ ക്യാപ്റ്റന്‍ കപൂര്‍ അപമാന ഭാരത്താലും കുറ്റബോധത്താലും സ്വയം വെടിവെച്ചുമരിക്കുന്നു. കൃഷ്ണമൂര്‍ത്തിയുടെ 'മേല്‍വിലാസ'ത്തില്‍ ക്യാപ്റ്റന്‍ ബി.ഡി. കപൂര്‍ മരിക്കുന്നില്ല. പകരം പ്രമോഷന്‍ ലഭിച്ച് വിജയശ്രീലാളിതനാകുന്നു. ഇതും സംഭവങ്ങളില്‍ അങ്ങിങ്ങ് വരുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങളും മാത്രമാണ് 'കോര്‍ട്ട് മാര്‍ഷലും' 'മേല്‍വിലാസ'വും തമ്മിലുള്ള വ്യത്യാസം. എപ്പടി വിദ്യ?
webindia123.comലെ വീഡിയോ ഇന്റര്‍വ്യൂവില്‍ തന്റെ പുതിയൊരു നാടക സങ്കേതം 'തിയറ്റര്‍ ഓഫ് ഫ്രീഡം' എന്നതിനെക്കുറിച്ച് മൂര്‍ത്തി വാചാലനാകുന്നു. വേറൊരു കലാകാരന്റെ രചനയെ പരിശുദ്ധമായി മോഷ്ടിച്ച് തന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്നതാണോ 'തിയറ്റര്‍ ഓഫ് ഫ്രീഡം'?
'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ സവിശേഷത അതിന്റെ ഏകാഗ്രതയും തീവ്രതയുമാണ്. ജാതി എന്ന കൊടുംശാപത്തിന്റെ ക്രൂര വിപത്തുകളെക്കുറിച്ച് നാടകം ശക്തമായി അന്വേഷിക്കുന്നു. ഒപ്പം സത്യം, സമത്വം, സാമൂഹിക നീതി തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഉര്‍ത്തിപ്പിടിക്കുന്നു. ജാതിവിവേചനത്തിനും കടുത്ത അവഹേളനങ്ങള്‍ക്കും ഇരയാകുന്ന രാംചന്ദര്‍  എന്ന ദലിത് സൈനികന്‍ ഗത്യന്തരമില്ലാതെ തന്റെ രണ്ട് ഓഫിസര്‍മാരെ വെടിവെക്കുകയും അതിലൊരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ക്ക് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് രാമചന്ദറിന് എതിരായ സൈനിക വിചാരണയാണ് 'കേര്‍ട്ട് മാര്‍ഷലി'ന്റെ പ്രമേയം. ജാതി സംവരണം ഇല്ലാത്ത ഒരേയൊരു ഗവണ്‍മെന്റ് സംവിധാനമായ പട്ടാളത്തിനുള്ളിലെ ജാതിവിവേചനം സമൂഹത്തോടും മനുഷ്യത്വത്തോടുമുള്ള കുറ്റമായി പരിണമിക്കുമ്പോള്‍ കുറ്റവാളിയായ രാമചന്ദര്‍ ആണ് ധാര്‍മികമായി വിജയിക്കുന്നത്. രാമചന്ദറിന് വധശിക്ഷ ലഭിക്കുന്നുണ്ടെങ്കില്‍പോലും കണ്ണില്ലാത്ത നിയമവും കാവ്യനീതിയും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന ഒരന്ത്യമാണ് 'കോര്‍ട്ട്മാര്‍ഷലി'നുള്ളത്.
Taking something from one man and making it worse is plagiarism. തീവ്രവാദാക്രമണത്തില്‍ കുടുംബം  നഷ്ടപ്പെട്ട അനാഥയായ അമ്മുവിനെ രാമചന്ദര്‍ ദത്തുപുത്രിയായി സ്വീകരിച്ചൂവെന്നുള്ള കൃഷ്ണമൂര്‍ത്തിയുടെ ഭാവന മെലോഡ്രാമക്ക് കൊള്ളാം. അതിവൈകാരികത കലര്‍ത്താന്‍ അമ്മുവിനെ കോടതി മുറിയില്‍ ഹാജരാക്കി 'അച്ചാ' എന്നുവിളിപ്പിക്കുന്നതുപോലുള്ള വങ്കത്തങ്ങള്‍ ആണ് 'മേല്‍വിലാസ'ത്തിലുള്ളത്. അതിശക്തമായൊരു തീമും ചടുലമായ സംഭാഷണങ്ങളുമുള്ള സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന് അത്തരമൊരു ഏച്ചുകെട്ടല്‍ അചിന്ത്യമാണ്. മൂലനാടകത്തിന്റെ തീമിനെ ദുര്‍ബലപ്പെടുത്തുന്നൊരു നീക്കമാണ് മൂര്‍ത്തി നടത്തിയിരിക്കുന്നത്. പട്ടാളക്കോടതി മുറിയിലെ കോര്‍ട്ട് മാര്‍ഷല്‍ സംവിധാനത്തില്‍ പ്രതിയും വിചാരണക്കാരും വക്കീലന്മാരും ജഡ്ജിമാരുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കുകയില്ലെന്ന ബാലപാഠംപോലും 'മേല്‍വിലാസ'ക്കാര്‍ മറന്നുപോയി.
1942ല്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ ജനിച്ച സ്വദേശ് ദീപക് ഹരിയാനയിലെ അംബാല കന്‍േറാണ്‍മെന്റിലെ ഗാന്ധി സ്മാരക കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സില്‍വിയാ പ്ലാത്തിന്റെയും വെര്‍ജീനിയ ഫൂള്‍ഫിന്റെയും ആരാധകനായ ഈ അസാധാരണ മനുഷ്യന്‍ ഒരു വിഷാദ പ്രതിഭയായിരുന്നു. നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തുമായിരുന്ന സ്വദേശ് ദീപക്കിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അതികഠിനമായ വിഷാദരോഗം പിടിപെട്ടിരുന്നു. 2006ല്‍ ഒരു പ്രഭാത സവാരിക്കിടെ കാണാതായ അദ്ദേഹെത്തക്കുറിച്ച് ഇപ്പോഴും  ദുരൂഹത നിലനില്‍ക്കുന്നു. 'ഏറ്റവും വിഷാദഭരിതമായ കവിത' എന്നൊരു നാടകം ദീപക്കിന്‍േറതായിട്ടുണ്ട്. ആ നാടകംപോലെതന്നെ വിഷാദഭരിതമായ ഒരു കവിതയായ് സ്വദേശ് ദീപക് അപ്രത്യക്ഷനായി. പക്ഷേ, അദ്ദേഹത്തിന്റെ രചനകള്‍ എവിടെയും അപ്രത്യക്ഷമായിട്ടില്ല. വിക്കിപീഡിയയില്‍ പോയി സ്വദേശ് ദീപക് എന്ന് തിരഞ്ഞാല്‍ മാത്രം മതി. ചിത്രത്തോടുകൂടിയ അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനും ആര്‍ക്കും വായിക്കാനാവും. ജീവിതത്തില്‍ അപ്രത്യക്ഷനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായൊരു നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ 'മേല്‍വിലാസം' ആക്കി തമസ്‌കരിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല.
പ്രബുദ്ധരായ മലയാളികള്‍ 'മേല്‍വിലാസം' സിനിമ കാണട്ടെ, അതേപേരിലുള്ള നാടകം കാണട്ടെ, പുസ്തകം വായിക്കട്ടെ എന്നിട്ട് തീരുമാനിക്കട്ടെ യഥാര്‍ഥ 'മേല്‍വിലാസം' ആരുടേതാണെന്ന്. 'കോര്‍ട്ട് മാര്‍ഷല്‍' എഴുതിയ സ്വദേശ് ദീപക്കാണോ അതോ കലാസപര്യയുടെ നിത്യപൂജകനായ സൂര്യാകൃഷ്ണമൂര്‍ത്തി അവര്‍കളോ?
കഥയെയും തിരക്കഥയെയും സംഭാഷണത്തെയും കുറിച്ച് ഇത്രയും പറഞ്ഞെങ്കിലും 'മേല്‍വിലാസം' സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. പരിമിതമായ നാടക വൃത്തത്തിലൊതുങ്ങിയ 'കോര്‍ട്ട് മാര്‍ഷലി'നെ ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് ആവാഹിച്ച് ആവിഷ്‌കരിച്ച സൂര്യാകൃഷ്ണ മൂര്‍ത്തിയും മാധവരാമദാസും അഭിനന്ദനം അര്‍ഹിക്കുന്നു.
കോളജില്‍ ഈ നാടകം പഠിപ്പിച്ചിരുന്നപ്പോള്‍, എന്‍.സി.സിയില്‍ അംഗമായ ഒരു വിദ്യാര്‍ഥി എന്നോടൊരു ചോദ്യം ചോദിച്ചു: ''സര്‍, ദേശീയതകളുടെയും രാജ്യ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ പ്രതീകമായ ഇന്ത്യന്‍ മിലിട്ടറിയെ അപഹസിക്കുന്നതും ന്യൂനീകരിക്കുന്നതുമല്ലേ ഈ നാടകം?  എന്‍.സി.സി നന്നായി പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ഇത്തരം നാടകം സിലബസായി പഠിപ്പിക്കുന്നത് തെറ്റല്ലേ? ഇന്ത്യന്‍ പട്ടാളത്തെ ആരാധിക്കുന്ന യുവഹൃദയങ്ങളില്‍ ഇതുപോലൊരു നാടകം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയില്ലേ?'' ഏതു മഹത്തായ രചനയും ചിലരെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും. അത് അധികാരത്തിന്റെയും അഹന്തയുടേതുമായ പല ശക്തികേന്ദ്രങ്ങളെയും വെല്ലുവിളിക്കും. വിമര്‍ശിക്കും. അതുകൊണ്ടുമാത്രം അവ പഠിപ്പിക്കാന്‍ പറ്റുകയില്ലെന്ന് ശഠിക്കുന്നത് ജനാധിപത്യപരമല്ലെന്ന അഭിപ്രായമാണ് ഞാന്‍ അന്ന് പ്രകടിപ്പിച്ചത്.

No comments:

Post a Comment