Sunday, September 16, 2012

'ജനകീയ സമരങ്ങളുടെ ഏകോപനം- സമീപനരേഖ'....

ഇന്നലെ(2011ജൂണ്‍ 3 ) എറണാകുളം കെ എസ് ഇ ബി ഹാളില്‍ നടന്ന ജനകീയ സമര സംഗമവും ,മൂലമ്പിള്ളി ഐക്യദാര്‍ഡ്യം സമ്മേളനത്തില്‍  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി തുഷാര്‍ നിര്‍മല്‍ സാരഥി അവതരിപ്പിച്ച 'ജനകീയ സമരങ്ങളുടെ ഏകോപനം- സമീപനരേഖ'...


കേരളത്തില്‍ വ്യാപകമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രാദേശികമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലോ, പാര്‍ശ്വവത്കൃത ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്‍റെ ഭാഗമായിട്ടോ ആണ് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. എങ്കിലും അലസമായ രാഷ്ട്രീയ വ്യവഹാരത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന്‍റെ രാഷ്ട്രീയ പരിസരത്തെ ചൂടുപിടിപ്പിക്കാനും, ചൈതന്യവത്താക്കാനും ഇങ്ങനെ ഉയര്‍ന്നുവരുന്ന ജനകീയ സമരങ്ങളില്‍ ചിലതിനെങ്കിലും കഴിഞ്ഞിട്ടുണ്ട്. ആദിവാസി ഭൂമി പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്ന മുത്തങ്ങ, ഭൂപരിഷ്കരണ നിയമത്തിന്‍റെ പൊള്ളത്തരങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കിയ ചെങ്ങറ, പ്രകൃതി വിഭവങ്ങളുടെ മേല്‍ ജനങ്ങള്‍ക്കുള്ള അധികാരം ചര്‍ച്ചയാക്കിയ പ്ലാച്ചിമട എന്നിവ ഉദാഹരണങ്ങളാണ്.

ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പിന്‍റെ ഭാഗമായിട്ടാണ് ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ആധാരമായ സംഘര്‍ഷാത്മകമായ സാഹചര്യങ്ങള്‍ രൂപപ്പെടുന്നത്. ഭരണകൂടം പിന്തുടരുന്ന പൊതുവായ ജനവിരുദ്ധ നയങ്ങള്‍ പ്രത്യേക പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവിതവുമായി സംഘര്‍ഷത്തിലാവുന്നതിനെ തുടര്‍ന്ന് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ സമരരംഗത്തേക്ക് വലിച്ചിഴക്കപ്പെടുന്നു. മിക്കപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഈ സമരങ്ങളില്‍ പങ്കാളിത്തം വഹിക്കാറുണ്ട്. എന്നാല്‍ ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും പലപ്പോഴും ഇത്തരം സമരങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് പതിവ്. ഒരര്‍ത്ഥത്തില്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാകുകയും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനു തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ സ്വമേധയാ സന്നദ്ധരായി തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടു വരുന്നത്.

എന്നാല്‍ മിക്കപ്പോഴും ജനകീയ സമരങ്ങള്‍ നിയതമായ ഒരു പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഏറ്റുമുട്ടലായി ചുരുങ്ങി പോകുന്ന കാഴ്ചയാണ് നാം കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സമരങ്ങള്‍ ഉയര്‍ന്നുവരുന്നതിനു പിന്നില്‍ ഭരണകൂടത്തിനുള്ള പങ്കു വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന പരിമിതി ഇത്തരം സമരങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളില്‍ ഏതെങ്കിലും ഒന്ന് ആത്യന്തികമായി പരിഹരിക്കപ്പെട്ടാല്‍ തന്നെ നാളെ കേരളത്തിന്‍റെ മറ്റേതെങ്കിലും പ്രദേശത്തു സമാനമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാമെന്ന അവസ്ഥ നിലനില്‍ക്കുന്നു.

ഭരണകൂടത്തിന്‍റെ പൊതുവായ ജനവിരുദ്ധനയങ്ങളുടെ ഭാഗമായിട്ടാണ് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. മൂലമ്പിള്ളി കുടിയിറക്ക് വിരുദ്ധ സമരവും, പ്ലാച്ചിമട സമരവും മുത്തങ്ങയും എല്ലാം വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഉയര്‍ന്നുവരുന്നതെങ്കിലും ഭരണകൂടത്തിന്‍റെ ജനവിരുദ്ധ സമീപനം ഈ പ്രശ്നങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത് കാണാം. എന്നാല്‍ അത്തരത്തില്‍ ഈ സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനകീയ സമരങ്ങള്‍ വികസിച്ചു വന്നു ഒരു ഘട്ടം കഴിയുമ്പോള്‍ വ്യവസ്ഥിതി തന്നെ ഇത്തരം സമരങ്ങളെ പിടിച്ചെടുക്കുന്നതായി / ഏറ്റെടുക്കുന്നതായിട്ടാണ് നമ്മുടെ അനുഭവം. ജനകീയ സമരങ്ങള്‍ക്ക് ആധാരമായ ഭരണകൂടത്തിന്‍റെ പങ്കിനെ തിരിച്ചറിയുന്നതില്‍ അല്ലെങ്കില്‍ വേണ്ട രീതിയില്‍ എതിര്‍ക്കുന്നതില്‍ കാണിക്കുന്ന അലംഭാവമാണ് ഇത്തരം അവസ്ഥക്ക് വഴിവെക്കുന്നത്. വ്യവസ്ഥിതി ഏറ്റെടുക്കുന്നതോടുകൂടി ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ദിശയുടെ മുനയൊടിക്കപ്പെടുകയും അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്നു.ജനവിരുദ്ധ നയങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഭരണകൂടത്തിന്‍റെ പ്രതിനിധികള്‍ തന്നെ ജനകീയ സമരങ്ങളില്‍ അണിനിരക്കുന്ന കാഴ്ചയും നാം പലപ്പോഴും കാണേണ്ടി വരുന്നു. അവരില്‍ ചിലരുടെയെങ്കിലും വ്യക്തിപരമായ നന്മയും ശുദ്ധതയും ചോദ്യം ചെയ്യപ്പെടാവുന്നതല്ലെങ്കില്‍പോലും പൊതുവില്‍ ഇത്തരം ഇടപെടലുകള്‍ ദീഘകാലാടിസ്ഥാനത്തിലുള്ള പരിശോധനയില്‍ ഫലപ്രദമല്ലെന്ന് കാണാവുന്നതാണ്. ജനകീയ സമരങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങളെ പ്രത്യേകമായി കാണുകയും അവയ്ക്ക് കാരണമായ പൊതു അടിത്തറയായ ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളെ വിട്ടുകളയുകയും ചെയ്യുന്ന പ്രവണത ഉണ്ടാക്കി തീര്‍ക്കുന്ന അപകടമാണിത്.


അവഗണിക്കപ്പെടുന്ന ഈ പൊതുപശ്ചാത്തലത്തെ, ഭരണകൂടത്തിന്‍റെ പങ്കിനെ തുറന്നു കാണിക്കുന്ന ഇടപെടലിലൂടെ മാത്രമേ ജനകീയ സമരങ്ങളുടെ രാഷ്ട്രീയത്തെ വികസിപ്പിക്കാനും ബദല്‍ രാഷ്ട്രീയാന്വേഷണങ്ങളുടെ വേദിയാക്കി മാറ്റാനും കഴിയുകയുള്ളൂ. അതേ സമയം ഓരോ സമരങ്ങളുടെയും തനിമയും വ്യക്തിത്വവും നിലനിര്‍ത്തുകയും വേണം. കാരണം പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതിഷേധങ്ങള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ രാഷ്ട്രീയ- സാമൂഹ്യ കാഴ്ചപ്പാടുകളനുസരിച്ചു വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതയെ മാനിച്ചു കൊണ്ട് തന്നെ, ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളെ പൊതുവില്‍ ചോദ്യം ചെയ്യുന്ന തരത്തില്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളുടെ ഒരു ഏകോപനം രൂപപ്പെടുത്തികൊണ്ട് ഒരു യഥാര്‍ത്ഥ തിരുത്തല്‍ ശക്തിയായി നമുക്ക് മാറേണ്ടതുണ്ട്.

No comments:

Post a Comment