Friday, April 29, 2011

നിര്‍മാല്യം എന്ന സിനിമ ഇന്ന് വീണ്ടും നിര്‍മ്മിക്കപ്പെട്ടാല്‍ ..?

സി.വി. ബാലകൃഷ്ണന്‍
'നിര്‍മാല്യം' പ്രദര്‍ശനത്തിനെത്തിയത് ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണ്. ഏറ്റവുമടുത്തുള്ള പ്രദര്‍ശനഗൃഹത്തിലേക്ക് അമ്പതു കിലോമീറ്ററിലധികം ദൂരം. എന്നിട്ടും അതിന്റെ ആദ്യപ്രദര്‍ശനം കണ്ടിറങ്ങിയവരില്‍ ഒരാള്‍ ഞാനായിരുന്നു. ചിത്രത്തില്‍ സമാഹൃതമായ വ്യഥകള്‍ മുഴുവനും നെഞ്ചിലേറ്റിയാണ് പുറത്തിറങ്ങിയത്. ഒരു തേങ്ങല്‍ നെഞ്ചില്‍ തടഞ്ഞുനിന്നിരുന്നു. പിന്നീടെന്നോ എം.ടി. 'നിര്‍മാല്യ'ത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: 'അതൊരു മഹത്തായ ചിത്രമല്ല. പക്ഷേ, സത്യസന്ധമായ ഒരു ചിത്രമാണ്.'



'നിര്‍മാല്യം' നമ്മെ സ്​പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല. അതിന്റെ നിര്‍മിതിയുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ എം.ടി. തന്നെ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളരെ വിഭാഗീയമായ ഒരു കാഴ്ചപ്പാടിലൂടെ കലാസൃഷ്ടികള്‍ വിലയിരുത്തപ്പെടുന്ന കാലത്ത് 'നിര്‍മാല്യം' അസഹിഷ്ണുതയോടെ ആക്രമിക്കപ്പെട്ടുകൂടെന്നില്ല. ഈ കടുത്ത യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍ 'നിര്‍മാല്യ'ത്തിന്റെ പ്രസക്തിയേറുന്നു. എഴുപതുകളിലെ നവതരംഗചിത്രങ്ങളുടെ കൂട്ടത്തില്‍ ഇത് വേറിട്ടുനില്‍ക്കുന്നത് വര്‍ത്തമാനകാല സാഹചര്യത്തിലും നഷ്ടമാകാത്ത പ്രസക്തി നിമിത്തമാണ്.

'നിര്‍മാല്യ'ത്തില്‍ എം.ടി. നിസ്വനായ ഒരു ഗ്രാമീണ വെളിച്ചപ്പാടിന്റെ കഥ പറയുകയല്ല; എക്കാലത്തും സാംഗത്യമുള്ള മനുഷ്യാവസ്ഥകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ്. വെളിച്ചപ്പാട് എന്ന കഥാപാത്രം വിശകലനത്തിനുള്ള ഒരു ഉപാധിമാത്രം. അയാളെ പിന്തുടര്‍ന്നാല്‍ നമ്മള്‍ എത്തുക തീക്ഷ്ണമായ സത്യങ്ങളിലേക്കാണ്. അവ കാലഹരണപ്പെടുന്നില്ല.

അമ്പലംകൊണ്ട് തനിക്കെന്താണ് ലാഭമെന്നു ചോദിക്കുന്ന ഒരു വലിയ തമ്പുരാനുണ്ട് ചിത്രത്തില്‍. അനാദായകരമായ വിദ്യാലയങ്ങളെക്കുറിച്ചുള്ള പുതിയ കാലത്തെ നിലപാടില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല തമ്പുരാന്റെ നിലപാട്. 'നിര്‍മാല്യ'ത്തിന്റെ ഇതിവൃത്തഘടനയിലെ ഈ ഒരു ഇഴ അതിനെ ചേര്‍ത്തുകെട്ടുന്നത് നമ്മുടെ കുടിലമായ കാലവുമായാണ്. 'ലാഭം, ലാഭം' എന്ന മന്ത്രമുതിര്‍ക്കുന്നവര്‍ക്കുനേരെ നിസ്സഹായരായി മുഖമുയര്‍ത്തി നില്‍ക്കുന്നവരെയാണ് 'നിര്‍മാല്യ'ത്തിലെ കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട് പ്രതിനിധീകരിക്കുന്നത്. വെളിച്ചപ്പാട് ചിത്രത്തിന്റെ ഒടുവിലായി പ്രകടിപ്പിക്കുന്ന രോഷത്തിന്റെ പ്രേരണ തീവ്രമായ നിസ്സഹായതയാണ്. അയാള്‍ ഉമിനീരും രക്തവും ചേര്‍ത്ത് തുപ്പുന്നത് മനുഷ്യന്റെ അളവറ്റ നിസ്സഹായതയില്‍ അനുതപിക്കാത്ത എല്ലാ വിഗ്രഹങ്ങളുടെയും നേര്‍ക്കാണ്. വിഗ്രഹങ്ങളെന്നാല്‍ വ്യക്തികളാവാം, അധികാരകേന്ദ്രങ്ങളാവാം. ചിത്രത്തിലെ ഭഗവതിയുടെ വിഗ്രഹം പല മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.
ഭഗവതീവിഗ്രഹത്തിനുമേല്‍ വെളിച്ചപ്പാട് തുപ്പല്‍ വീഴ്ത്തുന്നതിലേറെ വൈകാരികതയുള്ള വേറെയൊരു മുഹൂര്‍ത്തമുണ്ട് 'നിര്‍മാല്യ'ത്തില്‍. ഗുരുതി കേമമാകുമെന്നും വളരെ നാളത്തെ തന്റെ കഠിനാധ്വാനം സഫലമാകുകയാണെന്നും വെളിച്ചപ്പാട് തളര്‍വാതം പിടിച്ചു കിടപ്പിലായ അച്ഛനോട് പറയുന്നു. പള്ളിവാളും കാല്‍ച്ചിലമ്പുകളുമെടുത്ത് അയാള്‍ ഭാര്യയെ വിളിക്കുന്നു. പിന്നെ മകളെ വാതില്‍ അടച്ചിട്ടതിനെപ്പറ്റി അയാള്‍ നീരസം പ്രകടിപ്പിക്കുമ്പോള്‍ അച്ഛന്റെ ഇമേജ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അച്ഛന്റെ മുഖം സ്‌തോഭപൂര്‍ണമാണ്. എന്തോ അയാള്‍ക്കറിയാം.

വാതില്‍ തുറന്ന് പുറത്തേക്കുവരുന്നത് കച്ചവടക്കാരനായ മൊയ്തുണ്ണിയാണ്. അരപ്പട്ടയില്‍ അയാള്‍ പണം തിരുകുന്നത് വെളിച്ചപ്പാട് അന്ധാളിപ്പോടെ കാണുന്നു.

വിശദീകരണത്തിനൊന്നും തുനിയാതെ മൊയ്തുണ്ണി നീങ്ങിപ്പോകുമ്പോള്‍ ശൂന്യമായ വാതിലിന്റെ കട്ടിളയില്‍ വെളുത്തൊരു കൈ ചലിക്കുന്നു. വെളിച്ചപ്പാടിന്റെ ഭാര്യ നാരായണിയാണ്. അഭിശപ്തയെപ്പോലെ അവള്‍ നില്‍ക്കെ വെളിച്ചപ്പാട് കയ്യിലെ പള്ളിവാള്‍ വിറപ്പിക്കുന്നു. അവള്‍ക്ക് നടുക്കം.

'എന്റെ നാലു മക്കളെ പെറ്റ നീയോ നാരായണീ'?. വെളിച്ചപ്പാട് ഉള്ളുരുകി ചോദിക്കുന്നു.
'നിര്‍മാല്യ'ത്തിന്റെ ഒരു സവിശേഷത എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്ക് ന്യായീകരണമുണ്ടെന്നതാണ്. നാല്പത്തിരണ്ടു വയസ്സുവരെ പരപുരുഷന്മാരുടെ മുഖത്തു നോക്കാതെ സാത്വികയായി ജീവിച്ച നാരായണിക്ക് തന്റെ വ്യഭിചാരത്തിന് ന്യായീകരണമുണ്ട്. ഉത്സവം നടത്തുന്നതിന് വെളിച്ചപ്പാടിനും ന്യായീകരണമുണ്ട്. എല്ലാ ഒരുക്കങ്ങള്‍ക്കും കര്‍മവ്യഗ്രതയോടെ നേതൃത്വം നല്‍കിയ അയാള്‍ ഭാര്യയുടെ മുന്നില്‍ ഹൃദയം തകര്‍ന്ന് നില്‍ക്കുന്നു. ഭാര്യയോടുള്ള ചോദ്യത്തില്‍ അയാളുടെ നിഷ്‌കളങ്കത മുഴുവനുമുണ്ട്. നാം അതുകേട്ട് സ്വയമറിയാതെ പിടഞ്ഞുപോകുന്നു.
(സിനിമയുടെ ഇടങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment