Friday, April 29, 2011

പെണ്‍പുറം

ഡെസ്മണ്ട് മോറിസ്‌


സ്ത്രീകളുടെ പുറംഭാഗം അവയുടെ ഉടമസ്ഥകളും കാണികളും അവഗണിച്ചു. മറ്റ് ശരീരാവയവങ്ങള്‍, പ്രത്യേകിച്ചും തല, മുലകള്‍, കാലുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അവ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പെണ്‍പുറങ്ങള്‍ക്ക് അനിഷേധ്യമായ സൗന്ദര്യമുണ്ട്. വിശ്രമിക്കുമ്പോള്‍പോലും അത് ആണ്‍പുറങ്ങളേക്കാള്‍ വളഞ്ഞിട്ടാണ്. പെണ്‍പുറങ്ങളുടെ വളവ് കരുതിക്കൂട്ടി വര്‍ധിപ്പിച്ച് പൃഷ്ഠങ്ങള്‍ കുറേക്കൂടി തള്ളിനില്‍ക്കുമ്പോള്‍ സ്ത്രീശരീരത്തിന്റെ ലൈംഗികത കൂടും.

പിന്നില്‍നിന്ന് നോക്കിയാല്‍ സ്ത്രീകളുടെ പിന്‍ഭാഗത്തിന്റെ വളവുകള്‍ ആണുങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. പുറത്തിന്റെ കീഴ്ഭാഗം ആണുങ്ങളുടേതിനേക്കാള്‍ വീതി കൂടിയതാണ്. പുരുഷന്മാരില്‍ മുകള്‍ഭാഗത്തിനാണ് വീതി കൂടുതല്‍. അതിനാല്‍ പിന്നിലും പാര്‍ശ്വങ്ങളിലും ആണ്‍, പെണ്‍ പുറങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

ഇടയ്‌ക്കൊക്കെ പെണ്‍പുറം ഉദ്ദീപനചിത്രങ്ങളില്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴുത്തിലെ പിടലി മുന്‍പ് സൂചിപ്പിച്ചതുപോലെ ജപ്പാന്‍കാര്‍ക്ക് ലൈംഗികാകര്‍ഷണമുള്ള ഭാഗമാണ്. ധരിക്കുന്ന സ്ത്രീയുടെ പദവിക്കനുസരിച്ചാണ് കിമോണോവിന്റെ പിന്നിലെ ഭാഗം. വിവാഹിതയാണെങ്കില്‍ പിന്നിലെ പ്രലോഭിപ്പിക്കുന്ന ഭാഗം മൂടിയിരിക്കും. ഗെയ്ഷയാണെങ്കില്‍ കുനിയുമ്പോള്‍ പുരുഷന് പിന്‍ഭാഗം മുഴുവന്‍ ഏറക്കുറെ കാണാനൊക്കും, വസ്ത്രത്തിന്റെ മോഹിപ്പിക്കുന്ന തുറന്നുകാണിക്കല്‍ നിമിത്തം.

പാശ്ചാത്യരാജ്യങ്ങളില്‍ കാലാകാലങ്ങളില്‍ വസ്ത്രാലങ്കാര വിദഗ്ധര്‍ പുറത്തിന് ഉദ്ദീപനപരമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. മുന്‍ഭാഗത്ത് വസ്ത്രങ്ങള്‍ ഉയര്‍ന്ന തലത്തിലാണെങ്കില്‍, താത്പര്യം പിന്നിലാവും. പിന്നില്‍ താഴ്ത്തി മുറിച്ചു തുന്നിയ വസ്ത്രങ്ങള്‍ പിന്‍ഭാഗം കാണിക്കും. 1932-ല്‍ ഹോളിവുഡില്‍ ഇതിനൊരു ഭ്രമംതന്നെ തുടങ്ങി. തല്ലുലാ ബാങ്ക് ഹെഡ് പിന്‍ഭാഗം മുഴുവന്‍ തുറന്നുകാണിക്കുന്ന വസ്ത്രം ധരിച്ചപ്പോള്‍ പരിഷ്‌കാരിണികള്‍ പെട്ടെന്നുതന്നെ അത് പകര്‍ത്തി.

പിന്‍ഭാഗം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ പരിഷ്‌കാരിണികളെ വസ്ത്രാലങ്കാര വിദഗ്ധര്‍ അപൂര്‍വാവസരങ്ങളില്‍ കണ്ടെത്തി. പൊതുവേദിയില്‍ കാണികളെ ഞെട്ടിക്കാന്‍ ഇത് ഇടയാക്കി. 1967ലെ ഉംഗോരോവിന്റെ ജംപ്‌സൂട്ട് ആയിരുന്നു ഇതിന്റെ ഉദാഹരണം. പിന്‍ഭാഗം മുഴുവന്‍ പൃഷ്ഠത്തിന്റെ പിളര്‍പ്പുവരെ നഗ്‌നമായിരുന്നു. ഈ പ്രദര്‍ശനം മാറിലെ പിളര്‍പ്പിന്റെ പകര്‍പ്പുകളായി. മാത്രവുമല്ല, ഇത് പിന്നില്‍ കീഴ്ഭാഗത്തുള്ള നുണക്കുഴികളും മൈക്കേലിസ് സമഭുജവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി.

പിന്‍ഭാഗത്തെ ഈ നുണക്കുഴികള്‍ കഴിഞ്ഞകാലത്ത് ചിലപ്പോള്‍ പുരുഷന്മാരില്‍ ലൈംഗിക വികാരാധിക്യമുണര്‍ത്തിയ ഭാഗങ്ങളായിരുന്നു. ഒരെഴുത്തുകാരന്‍ ആ ഭാഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, ''പതുപതുത്ത, മാംസളമായ, വായില്‍ വെള്ളമൊലിപ്പിക്കുന്ന, പിന്നിലെ ചെറിയ നുണക്കുഴികളുള്ള''ത് എന്നാണ്.

ഇപ്പോഴത്തെ സൗന്ദര്യധാമങ്ങളായ മെലിഞ്ഞ സ്ത്രീകളില്‍ ഈ നുണക്കുഴികള്‍ അത്രയും പ്രകടമല്ല. പക്ഷേ, മദാലസ രൂപങ്ങള്‍ പരിഷ്‌കാരമായിരുന്ന കാലത്ത് പരിഷ്‌കാരിണികളുടെ ഒരു സംസാരവിഷയമായിരുന്നു ഈ നുണക്കുഴികള്‍. നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് രണ്ടുവശങ്ങളിലുമായി പൃഷ്ഠത്തിന്റെ മുകളിലായി കാണുന്ന ഈ കൊച്ചു കുഴികള്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ടെങ്കിലും പെണ്‍പുറങ്ങളില്‍ അധികം കൊഴുപ്പുള്ളതിനാല്‍ വളരെ പ്രകടമാണ്. ആണുങ്ങളില്‍ അവ വ്യതിരിക്തമായി കാണുന്നത് 18-25 ശതമാനം പേരില്‍ മാത്രമാണ്.

ഈ പെണ്‍കുഴികളെപ്പറ്റി പുരാതനകാലത്തെ ക്ലാസിക് കവികള്‍ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. ഗ്രീക്ക് ശില്പികളും അവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖത്തെ കവിളുകളുടെ നുണക്കുഴികള്‍ക്കുള്ള ലൈംഗികാകര്‍ഷണം ഒരുപക്ഷേ പൃഷ്ഠഭാഗത്തിനടുത്തുള്ള നുണക്കുഴികളുമായി ബന്ധപ്പെട്ടതാവാം.

മൈക്കേലിസ് ലോസെഞ്ച് (സമഭുജം) വജ്രാകൃതിയിലുള്ള ഭാഗമാണ്, രണ്ട് പിന്‍നുണക്കുഴികള്‍ക്കുമിടയില്‍. ആദ്യകാലങ്ങളില്‍ ഇതും ഒരു ലൈംഗികാകര്‍ഷണകേന്ദ്രമായിരുന്നു. ജര്‍മന്‍ സ്ത്രീരോഗ ശാസ്ത്രജ്ഞയായിരുന്ന ഗുസ്താഫ് മൈക്കേലിസ് ആ ഭാഗത്തെക്കുറിച്ച് പഠിക്കാന്‍ വളരെയധികം സമയം ചെലവഴിച്ചതിനാലാണ് ആ പേരുവന്നത്. ചിലപ്പോള്‍ രണ്ടിനു പകരം നാല് കുഴികള്‍ ആ ഭാഗത്തുണ്ടാകും. സ്വതവേ കാണുന്ന രണ്ടിനു പുറമെ മുകളിലും താഴത്തും.

പെണ്‍ പിന്‍പുറം മുഴുവനായി പ്രദര്‍ശിപ്പിക്കുന്നത് ചിലപ്പോള്‍ വിജയകരമായിരുന്നില്ല. ''കൂടുകള്‍ നഷ്ടപ്പെട്ട ഒച്ചുകളെപ്പോലെയാണ്, അവരുടെ പുറം മരവിച്ച്, പ്രദര്‍ശനം പേടിപ്പെടുത്തുന്നതുപോലെ'' എന്നാണ് ഒരു വിമര്‍ശകന്‍ പുറം പ്രദര്‍ശിപ്പിക്കുന്ന ബാലെ നര്‍ത്തകികളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മെലിഞ്ഞ് ക്ഷീണിച്ച പേശികളുള്ള ആധുനിക നര്‍ത്തികകളുടെ പിന്‍ഭാഗം മുഴുവനായും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയതല്ല. വളവുകള്‍ നേരെയാക്കാതെ, തൊലിക്കടിയിലുള്ള കൊഴുപ്പ് കൂടുതല്‍ കെട്ടുപിണഞ്ഞിരിക്കും. കൂടുതല്‍ കൊഴുത്തുരുണ്ട സ്ത്രീകള്‍ക്കാണ് പുറം പ്രദര്‍ശനം കൂടുതല്‍ അനുയോജ്യം.
ലൈംഗികാകര്‍ഷണം മാറ്റിവെക്കുക. ജീവശാസ്ത്രപരമായി പെണ്‍പുറങ്ങളാണ് അതറിയപ്പെടാറില്ലെങ്കിലും, ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന അവയവം. നമ്മുടെ പൂര്‍വികന്മാര്‍ പിന്‍കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ പിന്നിലത്തെ പേശികള്‍ക്ക് കഠിനാധ്വാനം ആവശ്യമായി. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വല്ലാത്ത നടുവേദന അനുഭവിക്കാത്ത സ്ത്രീകള്‍ അപൂര്‍വമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ നടു തങ്ങളുടെ ശരീരത്തിലെ വ്യത്യസ്തമായൊരു അവയവമാണെന്നുതന്നെ മനസ്സിലാക്കുന്നത്. മറ്റ് സമയങ്ങളില്‍ ''കാണുന്നില്ല, അതിനാല്‍ മനസ്സിലുമില്ല'' എന്ന അവസ്ഥയാണ്. പുറം മാത്രം കണക്കിലെടുത്ത് സ്വയം മനസ്സിലാക്കുന്ന സ്ത്രീകള്‍ അപൂര്‍വമാണ്.



നടുവേദനയനുഭവിക്കുന്ന ഒരു സ്ത്രീ ആ അവയവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ശരീരത്തെ താങ്ങിനിര്‍ത്തുന്നതിനും സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നതിനുമായി ഉജ്വലമായി സംയോജിപ്പിക്കപ്പെട്ട പേശികളുടെയും അസ്ഥികളുടെയും സഞ്ചയമുണ്ടെന്ന് മനസ്സിലാവും.

നാല്പത്താറ് സെന്റിമീറ്റര്‍ (18 അംഗുലം) നീളമുള്ളതാണ് സുഷുമ്‌നാനാഡി. ഒരു സെന്റിമീറ്ററാണ് (ഒരംഗുലത്തിന്റെ മൂന്നില്‍ രണ്ട്) ചുറ്റളവ്; അതിന് സംരക്ഷണം നിര്‍ബന്ധമായും വേണം. സുഷുമ്‌നാ നാഡിക്കെന്തെങ്കിലും കാര്യമായി സംഭവിച്ചാല്‍ വീല്‍ചെയര്‍ വാങ്ങേണ്ടിവരും. പുറം അത് ഭദ്രമായി മൂടുന്നു; ആദ്യം മൂന്നടുക്കുകളുള്ള ഉറയ്ക്കുള്ളിലും പിന്നീട് ഷോക്ക് (ഞെട്ടല്‍) വലിച്ചെടുക്കുന്ന ദ്രാവകത്തിനകത്തും, മൂന്നാമതായി അടിതടുക്കുന്ന നാം നട്ടെല്ലെന്ന് വിളിക്കുന്ന അസ്ഥിസഞ്ചയത്തിനുള്ളിലും. യഥാര്‍ത്ഥത്തില്‍ നട്ടെല്ല് 33 എല്ലുകളുടെ ഒരു നീണ്ട നിരയാണ്. ഈ കശേരുക്കള്‍ അഞ്ച് തരത്തിലുള്ളതാണ്: കഴുത്തിലെ അഞ്ച് കശേരുക്കള്‍ അത്ഭുതകരമായ ചലനശേഷിയുള്ളവയാണ്. തലയുടെ ചലനം നിയന്ത്രിക്കുന്നത് ഇവയാണ്. ലോകത്തെ വീക്ഷിക്കാനും മുഖം രക്ഷിക്കാനും ഈ ചലനങ്ങള്‍ അത്യാവശ്യമാണ്. വാരിയെല്ലുകളെ ഉറപ്പിച്ചു നിര്‍ത്തുന്ന പന്ത്രണ്ട് ഉരോ കശേരുക്കള്‍ക്ക് ചലനാത്മകശേഷി കുറവാണ്. ഇടുപ്പിലെ അഞ്ച് കശേരുക്കളാണ് ഏറ്റവും കനം കൂടിയതും ബലിഷ്ഠമായതും. ഇവിടെയാണ് ശപിക്കപ്പെട്ട നടുവേദന അധികവും വരുന്നത്.

വളഞ്ഞ പൃഷ്ഠപ്രദേശമുണ്ടാവുന്നതിന് പൃഷ്ഠകശേരുക്കള്‍ യോജിച്ചു ചേര്‍ന്നിരിക്കുന്നു. അഞ്ചെണ്ണമുണ്ടെങ്കിലും അവ ഒന്നായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നട്ടെല്ലിന് കീഴെയുള്ള ഈ ത്രികോണാകൃതിയിലുള്ള അസ്ഥി ആഭിചാരവൃത്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായാണ് കരുതപ്പെടുന്നത്. വിശുദ്ധാസ്ഥികളുടെ പ്രയോഗമടങ്ങുന്ന ദിവ്യജ്ഞാനസംബന്ധിയായ ചടങ്ങുകളില്‍ ഈ അസ്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശരീരത്തിലെ അനശ്വരമായ ആത്മാവിന്റെ സ്ഥാനം ഈ അസ്ഥിക്കുള്ളിലാണെന്ന് കരുതപ്പെടുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഏറ്റവും കീഴെയായി ആത്മാവിനെ കണ്ടെത്തുന്നത് തലതിരിഞ്ഞ കാര്യമാണെന്ന് ചിലര്‍ കരുതുന്നു. മന്ത്രവാദിനികളുടെ ശാപത്തില്‍ ആചാരപൂര്‍വം മുത്തം വെക്കുന്ന അസ്ഥിയാണ് പൃഷ്ഠാസ്ഥി.

ഏറ്റവും വലിപ്പം കുറഞ്ഞവയും ഏറ്റവും കീഴെയുള്ളതുമാണ് അനുപൃഷ്ഠ കശേരുക്കള്‍. അവ ഒരുമിച്ചു ചേര്‍ന്ന് നട്ടെല്ലിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗമായ ഗുദാസ്ഥിയായി, അത് നമ്മുടെ വാനരോല്പത്തിയുടെ അവശിഷ്ടമായ വാലായിത്തീര്‍ന്നിരിക്കുന്നു. ഈ ചെറിയ കൂര്‍ത്ത എല്ലുകള്‍ക്ക് പേരിട്ടതുതന്നെ അത്ഭുതകരമാണ്. സേക്രം എന്ന വാക്കിനര്‍ഥം കുക്കു എന്നാണ്. നമ്മുടെ വാനരബന്ധത്തിന്റെ അവശിഷ്ടമായ ഇതും കുക്കു എന്ന പക്ഷിയും തമ്മിലുള്ള ബന്ധമെന്തെന്ന് അത്ഭുതപ്പെട്ടേക്കാം. അസ്ഥിയുടെ അസാധാരണമായ ആകൃതിയിലാണതിന്റെ ഉത്തരം. ആദ്യകാല ശരീര ശാസ്ത്രജ്ഞന്മാര്‍ക്കത് കുക്കുവിന്റെ കൊക്കിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. നമ്മുടെ ചില ശരീരഭാഗങ്ങളുടെ പേരുകള്‍ വന്നത് ഇത്തരം ആഹ്ലാദദായകമായ കിറുക്കുകളിലൂടെയാണ്.

പുറത്തെ പേശീവ്യൂഹം വളരെ സങ്കീര്‍ണമാണ്. അതില്‍ മൂന്ന് ഘടകങ്ങളാണുള്ളത്. പിന്നില്‍ മുകള്‍ഭാഗത്തുള്ള ട്രപ്പീസിയസ്, നടുഭാഗത്തുള്ള ഡോര്‍സല്‍ പേശികള്‍, കീഴ്ഭാഗത്തെ ഗ്ലൂട്ടിയസ് പേശികള്‍. മിക്ക നടുവേദനകളുടെയും കാരണം ഈ പേശികളുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക വൈദ്യശാസ്ത്രകാരണങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, മിക്ക സ്ത്രീകള്‍ക്കും നടുവേദനയുടെ കാരണം ഒന്നാണ്: പരിഷ്‌കൃത നാഗരിക സമൂഹത്തിലെ അധ്വാനമില്ലായ്മ. പേശികള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ എളുപ്പത്തില്‍ അവയെക്കൊണ്ട് ദുഷ്പ്രയോജനമുണ്ടാവാം. നില്പ് രീതികളും പെട്ടെന്നുള്ള പതിവില്ലാത്ത ചലനങ്ങളും മാനസിക സംഘര്‍ഷവും നടുവേദനയ്ക്ക് കാരണമാകും.

മണിക്കൂറുകളോളം ഒരേ രീതിയില്‍ കഴിയേണ്ട പ്രവര്‍ത്തനശൈലിയാണ് ദോഷകരമായ നില്പ് രീതി. പാശ്ചാത്യലോകത്തിലെ സ്ത്രീകള്‍ക്ക് മണിക്കൂറുകളോളം നീളുന്ന ഒഴിവുസമയം പ്രശ്‌നമാവുന്നു. എല്ലാ വീട്ടിലും ഗൃഹാലങ്കാരങ്ങള്‍ മൃദുലമാണ്. മണിക്കൂറുകളോളം ടെലിവിഷന്‍ കാണുന്നതും വായിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വ്യായാമം കുറയ്ക്കുന്ന മൃദുത്വമുള്ള കസേരയിലോ കിടക്കയിലോ ഇരുന്നാണ്, ശിശുക്കള്‍ അമ്മയുടെ ശരീരത്തില്‍ സുരക്ഷ തേടുന്നതുപോലെ. മാനസികമായി ഈ മൃദുലമായ ഫര്‍ണിച്ചര്‍ ശാന്തിയും സുരക്ഷയും നല്‍കിയേക്കും, പക്ഷേ ശാരീരികമായി അത് പിന്നിലെ പേശികളില്‍ വലിയ സമ്മര്‍ദ്ദമുളവാക്കും. നട്ടെല്ലിനെ ശരിക്ക് നിലനിര്‍ത്താന്‍ അവയ്ക്ക് വളരെ ക്ലേശിക്കേണ്ടിവരും. മിനുത്ത പ്രതലത്തിനു മേലെയുള്ള ശരീരം ഒതുക്കിയോ മടക്കിയോ ആണുള്ളതെങ്കില്‍ സമ്മര്‍ദം കൂടുതലാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം താങ്ങുന്ന സ്ത്രീകള്‍ക്ക് നടുവേദന ഒഴിവാക്കാന്‍ കഴിയാത്ത ക്ലേശമാണ്; അതേസമയം ശരീരത്തിന്റെ അതേ ഭാഗത്ത് ഭാരക്കൂടുതലുള്ള തടിച്ചികള്‍ക്ക് അതേപോലെ നടുവേദന വരുമ്പോള്‍ അത്ഭുതം തോന്നാം.



സഹനശേഷിക്കപ്പുറം ഭാരമുള്ള വസ്തുക്കള്‍ കുനിഞ്ഞെടുത്ത് ഒരു ക്രെയിന്‍ ചെയ്യുന്നതുപോലെ പൊക്കുന്നത്, പിന്നിലെ പേശികളെ ദുര്‍ബലമാക്കുന്ന ദുഷ്പ്രയോഗമാണ്. ഇത്തരം ഭാരം കായികതാരങ്ങള്‍ ചുമക്കുന്നതില്‍ സാഹസമില്ല. അവരുടെ വ്യായാമകേന്ദ്രങ്ങളില്‍ നിന്ന് അതിനുപയുക്തമായ പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ, ശാരീരികവ്യായാമങ്ങളില്ലാത്തവര്‍ക്ക് അതൊരു സാഹസക്രിയതന്നെയാണ്.

മാനസികസംഘര്‍ഷം നടുവിനെ നശിപ്പിക്കുന്ന പരീക്ഷണമാണ്. മാനസിക സംഘര്‍ഷത്തിന്റെയും ഉത്കണ്ഠയുടെയും ഫലമായി ഉണ്ടാവുന്ന ശാരീരിക സംഘര്‍ഷങ്ങള്‍ പിന്‍പേശികളെ ദുര്‍ബലമാക്കും. അത് നടുവേദനയ്ക്കിടയാക്കും. അതുകൊണ്ടുള്ള സംഘര്‍ഷങ്ങള്‍ തുടരും. വേദന കൂടും. അതങ്ങനെ തുടരും; അവസാനം ഡോക്ടര്‍ വേണ്ടിവരും. വൈകാരിക പ്രശ്‌നങ്ങള്‍ മസ്തിഷ്‌കത്തെ മഥിക്കുന്നതിനാല്‍, വളരെ വൈകി പാര്‍ശ്വഫലങ്ങളുണ്ടാവുന്നതുവരെ ഇതറിയുകപോലുമില്ല. ലൈംഗിക ബന്ധമില്ലായ്മയാണ് നടുവേദനയുടെ മറ്റൊരു കാരണമായി പറയപ്പെടുന്നത്. ലൈംഗികപ്രവര്‍ത്തനങ്ങള്‍ നടുവേദന മാറ്റാനുള്ള മരുന്നിന് പകരമായി ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്.

സുഷുമ്‌നാ നാഡിയുടെ ആസ്ഥാനമെന്നതില്‍ കവിഞ്ഞ് പുറത്തിന് പ്രതീകാത്മകമായ പ്രാധാന്യമൊന്നുമില്ല. നട്ടെല്ല് തന്നെ ആദിമപ്രപഞ്ചവൃക്ഷത്തിന്റെ ഒരു മാതൃകയായി, മസ്തിഷ്‌കമാകുന്ന സ്വര്‍ഗത്തിലേക്കെത്തുന്നതായാണ് കരുതപ്പെടുന്നത്. ശവശരീരം ചീഞ്ഞുകഴിഞ്ഞാല്‍, സുഷുമ്‌ന പാമ്പായി മാറുമെന്ന് മാസിഡോണിയക്കാര്‍ വിശ്വസിച്ചു. സുഷുമ്‌നയെപ്പറ്റിയുള്ള മറ്റ് വിശ്വാസങ്ങള്‍ അത് നിരത്തും ദണ്ഡുമൊക്കെയാവുമെന്നായിരുന്നു. സുഷുമ്‌നയുടെ സത്ത് വളരെ പ്രയോജനകരമാവുമെന്നും, നീളമുള്ള നട്ടെല്ലുള്ളവര്‍ വളരെ ഭാഗ്യശാലികളാണെന്നും മധ്യകാലഘട്ടങ്ങളില്‍ വിശ്വസിച്ചിരുന്നു. കൂനന്റെ മുതുക് തൊടുന്നത് ഭാഗ്യദായകമാണെന്നും വിശ്വാസമുണ്ടായിരുന്നു. മധ്യധരണ്യാഴി പ്രദേശത്തെ രാജ്യങ്ങളില്‍ ഈ വിശ്വാസം ഇപ്പോഴും പ്രബലമാണ്. ചിരിക്കുന്ന ഒരു കൂനനെ ചിത്രീകരിച്ച പ്ലാസ്റ്റിക് രക്ഷകള്‍ അവിടങ്ങളില്‍ വില്പനയ്ക്കുണ്ട്. (ഇംഗ്ലീഷില്‍) 'എനിക്കൊരു തോന്നലുണ്ട്' എന്ന അര്‍ഥത്തിലുള്ള ഹഞ്ച് എന്ന വാക്കിന്റെ വ്യാഖ്യാനവും എന്തോ ഭാഗ്യം വരുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

പുറം, സ്ത്രീശരീരത്തിലെ വളരെ പ്രകടനപരമായ ഭാഗമല്ല. എന്റെ പുറം മേലോട്ടാകൂ എന്ന പ്രയോഗവും മനുഷ്യര്‍ പിറകിലോട്ട് വളഞ്ഞുനില്‍ക്കുന്നതിനെക്കുറിച്ചല്ല. ദേഷ്യപ്പെടുന്ന പൂച്ചയുടെ പുറം വളയുന്നതിനെക്കുറിച്ചാണ്. ഭാവം മാറുന്നതനുസരിച്ച് പെണ്ണുങ്ങള്‍ക്ക് പിന്‍ഭാഗം വളയ്ക്കാനും, ഒടിക്കാനും പതുങ്ങാനും പുളയ്ക്കാനും കഴിയും. കായികശേഷി വളര്‍ത്തിയെടുക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ പുറംകൊണ്ട് ഓളങ്ങള്‍പോലുള്ള ചലനങ്ങള്‍പോലും പറ്റും.

ചില സ്ത്രീകള്‍ക്ക് പ്രായം കൂടുതലാവുമ്പോള്‍ പുറം മുന്‍പോട്ട് വളയും, അവര്‍ നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇങ്ങനെ മുന്‍പോട്ട് കൂനിയിട്ടാണ്. കുനിയുന്നതും മുട്ടുകുത്തുന്നതും നമസ്‌കരിക്കുന്നതും സാഷ്ടാംഗ പ്രണാമവും വണങ്ങുന്നതിന്റെ ലക്ഷണമാണ്. ഇതെല്ലാം സൂക്ഷ്മതലത്തില്‍ അഭിനേതാവിന്റെ കുനിഞ്ഞ തലത്തിലേക്ക് തലകുനിക്കുന്നതിന് സമാനമാണ്. മുന്‍കാലങ്ങളില്‍ പുറം മുഴുവനായി താഴ്ത്തുന്നതായിരുന്നു വണങ്ങുന്നതിന്റെ ഏറ്റവും കൂടിയ നില. കുറ്റമെന്ന നിലയിലല്ലാതെ പുറം മുഴുവന്‍ കാണിക്കുന്ന രീതി ഇതു മാത്രമായിരുന്നു. മറയ്ക്കാന്‍ പറ്റാത്തത്ര പരുഷമായ നടപടിയായിരുന്നു നിവര്‍ന്ന് പുറം തിരിഞ്ഞുനില്‍ക്കുകയെന്നത്; അത് നിരാകരണത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു. രാജാക്കന്മാരുടെ മുന്‍പില്‍ നിന്നിറങ്ങുമ്പോള്‍ പ്രജകള്‍ പിറകോട്ട് നടക്കുന്നതിന്റെ കാരണം ഇതായിരുന്നു. ഔപചാരിക സല്‍ക്കാരങ്ങളില്‍ ഇതിന്റെ അവശിഷ്ടം ഇപ്പോഴുമുണ്ട്. തിരക്കേറിയ പാര്‍ട്ടികളില്‍ ഒരാള്‍ തലതിരിച്ച് എന്റെ പുറം പൊറുക്കൂ എന്ന് സുഹൃത്തിനോട് പറയുന്നത് കൂട്ടത്തിലെ ഞെരുക്കത്തിലാണ്. പരിചയപ്പെടുത്തിക്കഴിഞ്ഞ ഉടനെ ഒരാള്‍ക്ക് നേരെ പുറം തിരിക്കുന്നത് കാര്യമായ അവഹേളനമാണ്.



പുറം തിരിഞ്ഞുനിന്ന് കരുതിക്കൂട്ടി ഒരാളെ അവഹേളിക്കാമെങ്കില്‍, പുറം കര്‍ക്കശമാക്കുന്നത് ഭീഷണിപ്പെടുത്തലാണ്; അത് സൂചിപ്പിക്കുന്നത് അത്തരമൊരാള്‍ ഒരു ക്രൂരവൃത്തിക്ക് ശാരീരികമായി തയ്യാറെടുക്കുകയാണെന്നാണ്. പിന്‍ഭാഗം കര്‍ക്കശമാക്കുന്നതിന് പട്ടാളക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. വളരെ ഉല്ലാസകരമായ രീതിയില്‍ ഇരിക്കുമ്പോഴും അവര്‍ സാധാരണ പൗരന്മാരെക്കാള്‍ ആക്രമണകാരികളാണെന്ന ഭാവം ധ്വനിപ്പിക്കാനാണിത്. പുറം കര്‍ക്കശമാക്കുമ്പോള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള തൂക്കം വര്‍ധിക്കുന്ന പ്രതീതിയും ജനിപ്പിക്കും. അധീശ ഭാവത്തിന്റെ പ്രകടനത്തിനും അത് സഹായിക്കും. വിഷാദമുണ്ടാവുമ്പോള്‍ പുറം കുനിക്കുന്നത്, അധീശഭാവം ഇല്ലാതാക്കും; ശരീരം അല്പം താഴ്ത്തി കീഴടങ്ങലിന്റെ ഭാവത്തിലുള്ള വണങ്ങല്‍ സൂചിപ്പിക്കുന്ന രീതിയാണത്.

സ്വന്തം പുറവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ചില സ്വാഭാവിക നടപടികളുണ്ട്. കൈകള്‍ പിന്നിലാക്കി നടക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതാണ് ഏറ്റവും ലളിതമായത്. കൈകള്‍ പിന്നില്‍ കെട്ടിയോ കൈപ്പടങ്ങള്‍ കൂട്ടിപ്പിടിച്ചോ ആണിത് ചെയ്യാറുള്ളത്. വലിയ പദവിയിലിരിക്കുന്ന സ്ത്രീകളുടെ രീതിയാണിത്. പ്രത്യേകിച്ചും രാജകുടുംബാംഗങ്ങളോ ഔപചാരിക വേളകളില്‍ രാഷ്ട്രീയ നേതാക്കന്മാരോ, അവര്‍ക്ക് പ്രത്യേകമായുള്ള പ്രകടനങ്ങള്‍ വീക്ഷിക്കുമ്പോള്‍. ഏറ്റവും കൂടിയ അധീശ പ്രകടനമാണത്. ഒരു രക്ഷാമാര്‍ഗമെന്ന നിലയില്‍ കൈകള്‍ ശരീരത്തില്‍ വിലങ്ങനെ മുന്‍പില്‍ കെട്ടി നില്‍ക്കുന്നതിന്റെ എതിര്‍നിലയാണിത്. പിന്നില്‍ കൈകള്‍ കെട്ടിനില്‍ക്കുന്നയാള്‍ സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയുള്ള അധീശഭാവമാണ്; ഏറ്റവും ലഘുവായ നിലയില്‍പോലും മുന്നില്‍ പരിരക്ഷ ആവശ്യമില്ലെന്നത് പ്രകടിപ്പിക്കുന്നു. സ്‌കൂള്‍ അധ്യാപകരും തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളില്‍ നീങ്ങുന്നത് ഈ രീതിയിലാണ്, ആ പ്രത്യേക പ്രദേശത്ത് തങ്ങളുടെ അധീശത്വം സൂചിപ്പിച്ചുകൊണ്ട്.

പിന്നില്‍ കൈവെക്കുന്നത് രഹസ്യമുദ്രകള്‍ സ്വകാര്യമായി സൂചിപ്പിക്കുകയും ചെയ്യും. കൊച്ചുപെണ്‍കുട്ടികള്‍ കളവ് പറയുമ്പോള്‍ പിന്നില്‍ കൈവിരലുകള്‍ പിണച്ചുവെക്കും.

പുറം തൊടുന്നതിന് വേറെയും രീതികളുണ്ട്. അഭിനന്ദിക്കാന്‍ പുറത്ത് തട്ടുന്നതാണ് ഏറ്റവും സാധാരണമായ ഒന്ന്. സംതൃപ്തി, അഭിനന്ദനം, സൗഹൃദം, ലളിതമായ നര്‍മം എന്നിവ പ്രകടിപ്പിക്കാന്‍ ഇത് സര്‍വത്രയാണ്. വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ ഏറ്റവും അടിസ്ഥാനപരമായ ആശ്ലേഷണത്തിന്റെ ലഘു പ്രതിരൂപമാണിത്. കൈകള്‍ മടക്കി അമ്മമാര്‍ ആശ്ലേഷിക്കുന്നത് കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അമ്മമാര്‍ കൈകള്‍ സൗമ്യമായി പിന്നില്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ പൂര്‍ണ സുരക്ഷാബോധവും സ്‌നേഹവും കുട്ടികള്‍ക്കനുഭവപ്പെടും. വൈകാരികമായി തീവ്രതയുള്ള സന്ദര്‍ഭങ്ങളിലാണെങ്കില്‍ അമ്മമാര്‍, മുതിരുമ്പോഴും മക്കളെ ആശ്ലേഷിക്കും. അത്ര വൈകാരിക തീവ്രതയില്ലാത്ത സമയങ്ങളിലാണെങ്കില്‍ പുറത്ത് തലോടും; പ്രധാന മുദ്രയുടെ പ്രതീകമെന്ന നിലയില്‍. സങ്കട ഘട്ടങ്ങളില്‍ വളരെ ലഘുവോ ലളിതമോ ആയ പുറംതലോടല്‍ ശക്തമായ ആശ്വാസഭാവം പ്രദാനം ചെയ്യുന്നു. അതീവ ലളിതവും ഹ്രസ്വവുമായ ശാരീരിക സമ്പര്‍ക്കമാണത്. അത് ശൈശവ കാലത്തിന്റെ പ്രതിധ്വനിയാണ്.

പുറത്ത് കൈപ്പത്തികള്‍ മാത്രം ചേര്‍ത്തുള്ള ലഘുവായ തലോടലിനുപരിയായി കൈകള്‍ ചേര്‍ത്ത് തലോടുന്നതാണ് മറ്റൊരു സമ്പര്‍ക്ക രീതി. അത് അടുപ്പക്കൂടുതലിനെ സൂചിപ്പിക്കുംവിധം രണ്ട് ശരീരങ്ങള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുന്നതാണ്. ഒരേ ദിശയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നതും പുറംസമ്പര്‍ക്കത്തിന്റെ വകഭേദമാണ്. ഇതാ, ഞാനിവിടെയുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്.

വളരെ വിശാലമായ പരന്ന ഭാഗമായതിനാല്‍ പച്ച കുത്തുന്നതിന് ഏറ്റവും പറ്റിയ ഭാഗമാണ് പുറം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒട്ടേറെ വേദന സഹിച്ചുകൊണ്ട് പുറത്ത് പച്ചകുത്തിയ രൂപങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരു വലിയ നായാട്ടുരംഗം പച്ചകുത്തിയതിനെപ്പറ്റി വളരെ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്: കുതിരകളും നായ്ക്കളും ഒരു കുറുക്കനെ നായാടുന്ന രംഗമാണത്. കുറുക്കന്റെ വാല്‍ പൃഷ്ഠങ്ങള്‍ക്കിടയിലെ പിളര്‍പ്പില്‍ കാണാതാവുന്നതിനെക്കുറിച്ചാണത്.
നിതംബം
(നഗ്നനാരി എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment