Monday, March 7, 2011

ജീവിതത്തോടടുക്കുന്ന ചലച്ചിത്രസങ്കല്‍പ്പങ്ങള്‍


ജീവിതത്തോടടുക്കുന്ന ചലച്ചിത്രസങ്കല്‍പ്പങ്ങള്‍

28 Aug 2010

ആമ്പല്‍പ്പൂവ് മുതല്‍ സദ്ഗമയ വരെ പതിനാറു ചിത്രങ്ങള്‍.മൂന്നു ദശാബ്ദക്കാലത്തെ സിനിമാജീവിതത്തിനിടയില്‍ ഹരികുമാറെന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത് ഈ ചിത്രങ്ങളുടെ പ്രത്യേകതകള്‍ തന്നെയാണ്. പ്രസാദാത്മകതയാണ് ഹരികുമാര്‍ച്ചിത്രങ്ങളുടെ മുഖമുദ്ര. എം ടി വാസുദേവന്‍ നായരടക്കമുള്ള എഴുത്തുകാരുടെ രചനകള്‍,സൂപ്പര്‍താരങ്ങളുള്‍പ്പെടെ പ്രമുഖനടന്‍മാരുടെ സാന്നിധ്യം,റിയലിസ്റ്റിക് ആയ ആഖ്യാനരീതി തുടങ്ങിയവയാണ് ഈ ചിത്രങ്ങളില്‍ പലതിന്റെയും പ്രകടഗുണങ്ങള്‍. മികച്ച സംവിധായകനെന്ന നിലയില്‍ ഹരികുമാറിന് ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍ നിരവധിയാണ്. സുകൃതത്തിനും പുലര്‍വെട്ടത്തിനും കേന്ദ്ര-സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. സിനിമയെ ജീവിതത്തോടടുപ്പിക്കുക എന്ന ചലച്ചിത്രസങ്കല്‍പ്പം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ സദ്ഗമയ റിലീസിന് തയ്യാറെടുത്തിരിക്കുന്നു.

എന്താണ് സദ്ഗമയ പറയാനുദ്ദേശിക്കുന്നത്?


നമ്മുടെ ആധുനികജീവിതത്തില്‍ അന്യം നിന്നു പോയ കാരുണ്യം ദയ കടപ്പാട് എന്നിവയൊക്കെ ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും ഈ ചിത്രം. ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ആരോടെങ്കിലുമൊക്കെ അനിവാര്യമായി വരുന്നതാണ് .ആ തോന്നലുണ്ടാക്കാന്‍ സദ്ഗമയക്കു കഴിയും. തിന്‍മയില്‍ നിന്ന് നന്‍മയിലേക്ക് എന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

ഇത്തരമൊരു ചിത്രത്തിന് ഇന്നത്തെ പ്രസക്തി എന്താണ്?


എനിക്കു ചെയ്യണമെന്നു തോന്നിയ ഒരു ചിത്രം ഞാന്‍ ചെയ്തു എന്ന് പറയുന്നതാണ് ശരി. തീര്‍ച്ചയായും ഈ ചിത്രത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി ഉണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു.എന്റെ കഴിഞ്ഞ സിനിമയായ പറഞ്ഞുതീരാത്ത വിശേഷങ്ങളും ഇതുപോലെ തന്നെ വളരെ പവര്‍ഫുള്‍ ആയ വിഷയമാണ് കൈകാര്യം ചെയ്തത്. ആധുനികസമൂഹത്തില്‍ ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിവാഹമോചനം. കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു വര്‍ഷത്തിന് ശേഷം ഒരു കുട്ടിയൊക്കെ ആയിക്കഴിയുമ്പോള്‍ പരസ്​പരം പിരിഞ്ഞുപോവുകയാണ് .ചില സര്‍വ്വേകളനുസരിച്ച് ഇന്ത്യയില്‍ വിവാഹമോചനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. മുപ്പതും മുപ്പത്തിയഞ്ചും വയസ്സിനകത്ത് ഇവര്‍ പിരിയുന്നു. പക്ഷേ പിരിഞ്ഞുകഴിഞ്ഞാലുള്ള ഇവരുടെ മാനസികാവസ്ഥയെക്കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടില്ല. പ്രശസ്തനായ ഒരു വ്യക്തിയുടെ മകളുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ആ സ്ത്രീ സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ വിവാഹമോചനം നേടി. വിവാഹമോചനം നേടിയെങ്കിലും അവര്‍ പിന്നീട് വേറെ കല്യാണം കഴിച്ചിരുന്നില്ല. അവര്‍ക്ക് കുട്ടികളുമുണ്ടായിരുന്നില്ല. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ കണ്ടതിന് ശേഷം ആ സ്ത്രീ എന്നോടു പറഞ്ഞത് ഒരു റീതിങ്കിംഗിനെക്കുറിച്ചാണ്. ഈ സിനിമ അവരെ മാസങ്ങളോളം ഹോണ്ട് ചെയ്തിരുന്നു. അങ്ങനെ വിവാഹമോചനം നേടിയവര്‍ വീണ്ടും ഒത്തുചേരുകയും കല്യാണം കഴിക്കുകയും ചെയ്തു. അപ്പോള്‍ നമ്മുടെയൊരു സിനിമ എവിടെയെങ്കിലുമൊക്കെ എത്തിക്കാന്‍ കഴിയുന്നു എന്ന് നമുക്ക് പറയാന്‍ കഴിയും. ചിത്രങ്ങളുടെ പ്രസക്തിയല്ല അത് ചിലരെയെങ്കിലും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

താങ്കള്‍ പറഞ്ഞതുപോലെ ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്തിട്ടും പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ ബോക്‌സോഫീസില്‍ വിജയിച്ചില്ലല്ലോ?


ഇല്ല. അതിലെന്റെ നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നും കുറെ വീഴ്ചകളുണ്ട്. പടം പുറത്തിറങ്ങാന്‍ വല്ലാതെ വൈകി. സെന്‍സറിംഗ് കഴിഞ്ഞ് ഒരുവര്‍ഷത്തോളം പടം പെട്ടിയിലിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് അത് റിലീസ് ചെയ്തതും ഒരു പരസ്യവുമില്ലാതെയാണ്. നേരത്തെ ഈ സിനിമ കാണണമെന്നു കരുതിയവര്‍ക്കു പോലും ഒരു പഴയപടമെന്ന തോന്നലുണ്ടായി. കാണണമെന്നു തോന്നലുണ്ടാക്കുന്ന ഒരു സിനിമ അതിന്റെ സമയത്തുതന്നെ കിട്ടിയാലേ ആളുകള്‍ കാണുകയുള്ളൂ.

സദ്ഗമയ എന്നാണ് റിലീസ് ചെയ്യുന്നത്?


സെപ്തംബറില്‍ റിലീസുണ്ടാവും. വ്യാപകമായ ഒരു റിലീസല്ല; സാധാരണനിലയിലുള്ള റിലീസാണ് ഉദ്ദേശിക്കുന്നത്. എനിക്കെന്റേതായ ഒരു ഓഡിയന്‍സ് ഉണ്ട്. പടം റിലീസ് ചെയ്ത് അതിന്റെയൊരഭിപ്രായം പുറത്തുവരുന്ന മുറക്ക് തീയേറ്ററ്ററിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സിനിമകളെല്ലാം കണ്ടിട്ടുള്ള ഒരു സെന്‍സര്‍ബോര്‍ഡംഗം ചിത്രം സെന്‍സര്‍ ചെയ്ത സമയത്തു പറഞ്ഞത് എന്റെ ഏറ്റവും നല്ല സിനിമ എന്നു പറയുന്ന സുകൃതത്തേക്കാള്‍ നന്നായിട്ടുണ്ടെന്നാണ്.
എഡിറ്റിംഗ് വര്‍ക്കുകളൊക്കെ കഴിഞ്ഞപ്പോള്‍ എനിക്കും ഏതാണ്ടങ്ങനെ തോന്നിയിരുന്നു..

അതിനര്‍ത്ഥം ഇന്നത്തെ സിനിമയുടെ പൊതുട്രാക്ക് വിട്ടുള്ള ചിത്രമാാണെന്നാണല്ലോ. എന്താണ് ഇന്നത്തെ സിനിമയെക്കുറിച്ചുള്ള അഭിപ്രായം?


ഞങ്ങളൊക്കെ സിനിമയില്‍ കടന്നുവന്നപ്പോഴുള്ള മാതൃകകള്‍ എന്നു പറയുന്നത് പത്മരാജന്‍,ഭരതന്‍,കെ ജി ജോര്‍ജ് എന്നിങ്ങനെയുള്ള സംവിധായകരായിരുന്നു. സിനിമയിലെ ക്രാഫ്റ്റിനെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും അതിലെ വിഷ്വല്‍സിനെക്കുറിച്ച് നല്ല ധാരണയുണ്ടാക്കുകയും ചെയ്തിരുന്നവര്‍. അവരുടെ കലാമൂല്യമുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ കാണുന്നവയായിരുന്നു. അത്തരം മാതൃകയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ വരുന്ന തലമുറകള്‍ക്ക് അങ്ങനെ മാതൃകകള്‍ ഇല്ല. കാരണം തൊണ്ണൂറുകളുടെ പകുതി ആയപ്പോഴേക്കും അത്തരം സിനിമകള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ നിന്നു പോയി. എനിക്കു തോന്നുന്നത് അതിന്റെയൊക്കെ അവസാനകാലഘട്ടത്തില്‍ ആളുകള്‍ ആസ്വദിച്ചു കണ്ടത് സുകൃതമൊക്കെയാണെന്നു തോന്നുന്നു. സുകൃതം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയല്ലേ.എന്നാല്‍ പിന്നീട് വേറെ ഒരു പാറ്റേണിലുള്ള സിനിമകളിലേക്ക് കുറേശ്ശെ കുറേശ്ശെ എല്ലാവരും മാറിപ്പോയി.

ഇത് പ്രേക്ഷകന്റെ തന്നെ മാറ്റമായിരുന്നോ അതോ അവനില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായിരുന്നോ?


കാലത്തിന്റെ മാറ്ററ്റമാണ് കുറെയൊക്ക. നമുക്ക് അന്നുണ്ടായിരുന്ന ജീവിതമല്ലല്ലോ ഇന്നുള്ളത്. ഞാനൊക്കെ സിനിമയെടുത്തുതുടങ്ങുന്ന കാലത്ത് ഇരുപതു വര്‍ഷം കൊണ്ടുണ്ടാവുന്ന മാറ്റം ഇന്ന് അഞ്ചു വര്‍ഷം കൊണ്ട് സംഭവിക്കുന്നു. അത് നമ്മുടെ ടോട്ടല്‍ ജീവിതസാഹചര്യങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ സിനിമയെയും ബാധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വളരെ അപ്‌ഡേറ്റഡ് ആണ്; സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കലയെക്കുറിച്ചുമൊക്കെ. അവ പഠിക്കാന്‍ ഞാന്‍ സമയം കണ്ടെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എന്റെ ചിന്തകളെയും സിനിമാസങ്കല്‍പ്പങ്ങളെയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമ ചെയ്യാന്‍ കഴിയും. തീര്‍ച്ചയായും സദ്ഗമയ അത്തരം പടമാണ്. അത് ജീവിതത്തോടടുത്തു നില്‍ക്കുന്നു. അതേ സമയം പ്രേക്ഷകനില്‍ അടുത്തതായി നടക്കുന്നതെന്തെന്നറിയാനുള്ള ആകാംക്ഷ നില നിര്‍ത്തുന്നുമുണ്ട്. ചിത്രം അവസാനിക്കുന്നതെങ്ങനെയെന്ന് പ്രവചിക്കാനാവാത്ത രീതിയിലാണതിന്റെ ട്രീറ്റ്‌മെന്റ്.സിനിമയെക്കുറിച്ചുള്ള ഒരാളുടെ കണ്‍വെന്‍ഷനല്‍ ധാരണകള്‍ക്കതീതമായിരിക്കുമത്.


മൂന്ന് ദശകത്തോളം നീളുന്ന സിനിമാജീവിതത്തിനിടയില്‍ ഒട്ടേറെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ താങ്കള്‍ക്ക് കഴിഞ്ഞു.അവയില്‍ പലതും സാമ്പത്തികവിജയവും അംഗീകാരങ്ങളും നേടി.എന്നാല്‍ സിനിമകള്‍ക്കിടയില്‍ വലിയ ഇടവേളകളാണല്ലോ ഉണ്ടാവുന്നത്.പ്രത്യേകിച്ചും അടുത്ത കാലങ്ങളില്‍?


അതിന് പലകാരണങ്ങളുണ്ട്. ഒന്ന് ഒരു പുതിയ വിഷയത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരിക്കല്‍ എം ടിയുടെ സുകൃതം എന്ന തിരക്കഥക്കു വേണ്ടി രണ്ട് വര്‍ഷം ഞാന്‍ വെയ്റ്റ് ചെയ്തു. രണ്ടു വര്‍ഷത്തിനിടക്ക് ഞാന്‍ മറ്റെന്തിനെങ്കിലും പോയിരുന്നെങ്കില്‍ ആ പ്രൊജക്ട് വീണ്ടും നീണ്ടു പോകുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്തിരിക്കുന്ന പടത്തിന്റെ സ്‌ക്രിപ്റ്റ് തന്നെ രണ്ടു വര്‍ഷം മുന്‍പ് വര്‍ക്കുചെയ്തതാണ്. അന്ന് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഈ ചിത്രം ചെയ്യാന്‍ തയ്യാറായിരുന്നെന്നാണ് മമ്മൂട്ടി ഇപ്പോള്‍ പറയുന്നത് .അങ്ങനെ വന്നിരുന്നെങ്കില്‍ പടത്തിന്റെ ടോട്ടല്‍ ലെവല്‍ തന്നെ മാറുമായിരുന്നു. കുറെക്കൂടി ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രൊഡ്യൂസര്‍ തയ്യാറാവും. ഒരു പ്രൊജക്ട് എന്നു പറയുന്നതുതന്നെ അതിന്റെ ഇന്‍വെസ്റ്റ്‌മെന്റിനെ ആശ്രയിച്ചല്ലേയിരിക്കുന്നത്.


നല്ല ചിത്രങ്ങളുടെ നിര്‍മ്മാണം ഉറപ്പു വരുത്താന്‍ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഒന്നും ചെയ്യാനില്ലേ?


ഒന്നും ചെയ്യാനില്ല . നമ്മള്‍ കാണുന്നില്ലേ; ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രണ്ടു നടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ പാവകളിയിലേക്കു ചുരുങ്ങി കയ്യും പൊക്കിനടന്ന് ആളുകളെ രസിപ്പിക്കുന്ന തലത്തിലേക്കൊതുങ്ങേണ്ടി വരുന്നു.
വളരെ ഉപരിപ്ലവമായ കഥാപാത്രങ്ങളായി നമുക്കൊക്കെ ഗോഷ്ഠിയെന്നു തോന്നുന്ന പെര്‍ഫോമന്‍സ് കാട്ടുകയും പടം സക്‌സസാവുകയും ചെയ്യുന്നു.അതേ സമയം മലയാളത്തിലെ ഈ പ്രധാനനടന്‍മാരെല്ലാം നല്ല പ്രൊജക്ടുമായി സഹകരിക്കുന്നവരുമാണ്. ശമ്പളത്തിന്റെ കാര്യത്തില്‍ പോലും അവര്‍ വളരെയധികം കോംപ്രമൈസിന് തയ്യാറാണ്.സുരേഷ് ഗോപി ഈ പടത്തില്‍ സാധാരണ വാങ്ങുന്ന പ്രതിഫലത്തിന്റെ നേരെ പകുതി പോലും വാങ്ങിയിട്ടില്ല.

സിനിമയെ അതിന്റെ സാങ്കേതികാംശങ്ങളിലെല്ലാം ഗൗരവത്തോടെ സമീപിക്കുന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ അടിക്കടി തകരുന്നു.അതേ സമയം ടി വി സീരിയല്‍ നിലവാരത്തിലുള്ള ചിത്രങ്ങള്‍ വിജയം കൊയ്യുന്നു.സകുടുംബം ശ്യാമള, ഇവര്‍ വിവാഹിതരായാല്‍, മമ്മി ആന്റ് മി തുടങ്ങിയ ഇക്കാലത്തെ വിജയചിത്രങ്ങള്‍ തന്നെ നോക്കിയാല്‍ മതി.എന്താണ് ഈ അവസ്ഥക്കു കാരണം?


ചാനലുകള്‍ കൊടുക്കുന്ന വിഭവങ്ങള്‍ പ്രേക്ഷകനെ ഒരുമാതിരി മയക്കിക്കളഞ്ഞിരിക്കുന്നു.അതുപോലെ വരുന്ന സിനിമകളാണ് ശ്യാമള, മമ്മി ആന്റ് മി, ഹാപ്പി ഹസ്ബന്റ്‌സ് തുടങ്ങിയവയെല്ലാം.മേക്കിംഗിലായാലും കണ്ടന്റിലായാലും അതൊക്കെ ആ നിലവാരത്തിലുള്ള സിനിമകളാണ്.സീരിയല്‍ എടുക്കുന്ന അതേ രീതിയിലാണ് സിനിമ എടുക്കുന്നത്. പക്ഷേ ആളുകള്‍ അത് എന്‍ജോയ് ചെയ്യുന്നു.ഡയലോഗുകളിലൂടെ തമാശകളിലൂടെ ഒരു കഥ പറഞ്ഞുകൊടുക്കുമ്പോള്‍ ആ ലാഘവത്തോടെ അത് കാണാനാണവര്‍ ഇഷ്ടപ്പെടുന്നത്.നമ്മളിവിടെ ഫെസ്റ്റിവല്‍ നടത്തിയാലും ഫിലിം സൊസൈറ്റി അന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാലും ശരി ഇവിടുത്തെ പ്രേക്ഷകനെ അതൊന്നും സ്വാധീനിച്ചിട്ടില്ല. മമ്മൂട്ടിയുടെ ഫാന്‍സ് എന്നു പറയുന്നവരുടെ നാലിലൊരംശം കണ്ടിരുന്നെങ്കില്‍ കുട്ടിസ്രാങ്ക് എത്രയോ വലിയ വിജയമായേനെ. പോക്കിരിരാജ പോലുള്ള പടങ്ങളാണ്് അവര്‍ക്ക് ഇഷ്ടം. അടുത്ത കാലത്തുണ്ടായ സൂപ്പര്‍ഹിറ്റ് പടമാണ് പോക്കിരിരാജ.മറ്റൊരുദാഹരണം പറയാം; കമല്‍ വളരെ കോസ്റ്റ് കൂട്ടി വിജയിക്കാന്‍ വേണ്ടി മാത്രമെടുത്ത ചിത്രമാണ് ആഗതന്‍. വളരെ ദയനീയമായല്ലേ അത് പരാജയപ്പെട്ടത്.

പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇത്തരം അനുഭവങ്ങള്‍ താങ്കളെയും ഭയപ്പെടുത്തുന്നില്ലേ?


തീര്‍ച്ചയായും നല്ല വെല്ലുവിളിയുണ്ട്. രണ്ടുവര്‍ഷത്തിന് ശേഷം ഒരു പടം ചെയ്യുമ്പോള്‍ എന്നെ പേടിപ്പെടുത്തുന്ന ഒന്നാണത്. സെന്‍സര്‍ ചെയ്യുന്ന സമയത്ത് അതിന്റെ ഫോട്ടോഗ്രാഫിയെപ്പറ്റിയും ശബ്ദത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചുമൊക്കെ പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചത് ഈ പടം ഓടുമോ എന്നായിരുന്നു. എന്നോട് അവരിലൊരാള്‍ പറഞ്ഞ മറുപടി ഇതുപോലുള്ള പടം ഓടിയില്ലെങ്കില്‍ പിന്നെയെന്തിനാണ് നമ്മളൊക്കെ സിനിമ എടുക്കുന്നത് എന്നാണ്.

കലയെ ജീവിതത്തിന്റെ ഭാഗമായി കാണാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതെങ്ങനെയാണ്?


ആര്‍ട്ട് എന്നു പറയുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഓടാത്ത ഏതു പടത്തേയും ആര്‍ട്ട് സിനിമ എന്നു വിളിക്കും. സോ കാള്‍ഡ് ആര്‍ട്ട് ഫിലിം എടുക്കുന്ന കണ്‍വെന്‍ഷനലായ നമ്മുടെ പ്രമുഖസംവിധായകരൊക്കെ ആ പാറ്റേണിലേക്ക് ഓഡിയന്‍സിനെ കൊണ്ടുപോയി തളച്ചിട്ടു. ലോകസിനിമയില്‍ കലാപരമായ സിനിമകളും പുതിയ സിനിമകളും ഒരുപാട് മാറിയിരിക്കുന്നു. ജീവിതത്തിന്റെ വേഗതക്കനുസരിച്ചുള്ളവയാണവ.കുറ്റം പറയുന്നതല്ല; അടൂര്‍ ഗോപാലകൃഷ്ണനൊക്കെയിപ്പോഴും പണ്ടാരോ പറഞ്ഞതതുപോലെ ഇരുപത്തിഅഞ്ചുവര്‍ഷം മുന്‍പ് തയ്ച്ചുവച്ചിരുന്ന കുപ്പായമൊക്കെയാണ് എടുത്തിടുന്നത്.അതിന്റെയൊക്കെ കാലം മാറിയില്ലേ.എന്തായാലും എനിക്കത്തരം ഒരു ലേബല്‍ വന്നിട്ടില്ല.. ആര്‍ട്ട് സിനിമയുടെ ലേബലില്‍ നിന്ന് മനപ്പൂര്‍വ്വം ഞാനൊഴിവാകുകയാണ്.

സദ്ഗമയയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണല്ലോ അമ്മ-തിലകന്‍ പ്രശ്‌നങ്ങളുടെ തുടക്കം. വിവാദങ്ങള്‍ ഏതെങ്കിലും തരത്തില്‍ സിനിമയെ ബാധിച്ചോ?

തിലകന്‍ ഇതിലഭിനയിക്കുന്ന സമയത്തെങ്ങാനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ റോള്‍ ചെയ്യാന്‍ എനിക്കൊരു സബസ്റ്റ്ിറ്റിയൂട്ടുണ്ടായിരുന്നില്ല. പടത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടിട്ട് ഞാനിക്കാര്യം സുരേഷ്‌ഗോപിയോട് തന്നെ പറഞ്ഞിരുന്നു. അഞ്ചോ ആറോ സീനിലേ തിലകന്‍ വരുന്നുള്ളു .എന്റെ പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വളരെയധികം സഹകരിക്കുകയും ഈ ചിത്രത്തിന്റെ പ്രസക്തിയെക്കുറിച്ചറിഞ്ഞപ്പോള്‍ ഹരികുമാറിനെന്താണെന്നുവച്ചാല്‍ ഇഷ്ടമുള്ളത് തന്നാല്‍ മതിഎന്നു പറയുകയുമാണ് അദ്ദേഹം ചെയ്തത്.
മൂന്നു ദിവസം മതി എന്നു ഞാന്‍ പറഞ്ഞിട്ടും ആറു ദിവസം വരെ പുള്ളി അഭിനയിച്ചു. കൊടും തണുപ്പില്‍ മൂന്നാര്‍ പോലുള്ള സ്ഥലത്ത് രണ്ടു ദിവസം വെറുതെ താമസിക്കേണ്ടതായിപ്പോലും വന്നു.

സിനിമയെ ഗൗരവമായിക്കാണുന്ന പുത്തന്‍ സംവിധായകരുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ടല്ലോ.പഴയ ആളുകള്‍ പലരും മൗനത്തിലുമാണ് ?


ഞങ്ങള്‍ വന്ന കാലഘട്ടത്തിലെ കുറേപ്പേരെങ്കിലും ഇവിടെ സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്.ലെനിന്‍ രാജേന്ദ്രന്‍, സത്യന്‍ അന്തിക്കാട്,ഫാസില്‍...
ഇവരൊക്കെത്തന്നെ ഇത്രയും കാലമായിട്ടും ഇടക്കെങ്കിലുമൊക്കെ പടങ്ങളെടുത്ത് സാന്നിധ്യമറിയിക്കാനും സിനിമകള്‍ ശ്രദ്ധേയമാക്കാനും ശ്രമിക്കുന്നു .അതൊരു നല്ല കാര്യമാണ്.പിന്നീടു വന്ന സംവിധായകരില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ അത്തരമൊരു സമീപനവുമായി മുന്നോട്ടു പോകുന്നുള്ളൂ.അവരിങ്ങനെ വരുന്നു; ഒരു സിനിമ വിജയമായാല്‍ അടുത്തതിന് ഭയങ്കരമായ കാശ് വാങ്ങുന്നു. ഡയറക്ടേഴ്‌സായാലും തിരക്കഥാകൃത്തുക്കളായാലും എല്ലാവരും അതുതന്നെ.ഇവരൊക്കെ സിനിമയോടുള്ള കലാപരമായ പ്രതിബദ്ധതയുമായി വരുന്നവരല്ല;മറിച്ച് അതില്‍ നിന്നുണ്ടാകുന്ന ഗ്ലാമറും സാമ്പത്തികവുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഒരു മായികലോകത്തിന്റെ ഒഴുക്കിനനുസരിച്ച് അവരങ്ങനെ നീന്തിപ്പോകുകയാണ്.കിട്ടുന്ന സമയം കൊണ്ട് നമുക്കെന്തു നേടാം എന്നാണ് ചിന്ത. അപൂര്‍വ്വമായി മാത്രം മിന്നലാട്ടം പോലെ ചിലര്‍ വരുന്നുണ്ട്. ഇതൊക്കെ സിനിമയെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ എനിക്കും വിഷമമുണ്ടാക്കുന്നുണ്ട്.


മലയാളസിനിമയില്‍ പ്രതീക്ഷയുണ്ടോ?


പത്മരാജനും ഭരതനുമെല്ലാം സിനിമയോട് കാണിച്ച സമീപനവും താല്‍പ്പര്യവും അതേപോലെ തന്നെ പ്രകടിപ്പിക്കുന്ന സിനിമകള്‍ കാലത്തിനനുസരിച്ചുള്ള മാറ്റത്തോടെ ഇന്നും അപൂര്‍വ്വമായിട്ടാണെങ്കില്‍ കൂടിയും ഉണ്ടാകുന്നുണ്ട്. ഞാന്‍ വളരെ ശുഭാപ്തിവിശ്വാസക്കാരനാണ്. മലയാളസിനിമ നശിച്ചുപോയി എന്നൊന്നും ഞാന്‍ കരുതുന്നില്ല.നാഷണല്‍ അവാര്‍ഡ് ജൂറിയിലൊക്കെ ഇരുന്ന സമയത്ത് ഇന്ത്യയിലെ വിവിധഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ഇപ്പറയുന്ന രീതിയിലുള്ള സിനിമകളാണ് മറാത്തിയിലുള്ളത്. മറാത്തിയില്‍ പണ്ട് അഞ്ചോ ആറോ സിനിമകളാണിറങ്ങിയിരുന്നത്. ഹിന്ദി സിനിമ അതിനെ അപ്പാടെ വിഴുങ്ങിയിരിക്കുകയായിരുന്നു. അവിടുത്തെ സര്‍ക്കാര്‍ ഇടപെട്ട് മുപ്പത് ലക്ഷം രൂപ വരെ സബ്‌സിഡി കൊടുത്തുകഴിഞ്ഞപ്പോള്‍ കുറേ സിനിമകള്‍ വന്നു. അവയൊക്കെ നമ്മള്‍ പറയുന്ന മധ്യവര്‍ത്തി സിനിമകളാണ് .അവ മുഴുവന്‍ സാമ്പത്തികവിജയം നേടുന്നുണ്ട്. ആ നിലവാരത്തിലേക്ക് കേരളം വരുന്നില്ല. ഇവിടെ നമ്മള്‍ ചൂണ്ടിക്കാണിക്കുന്നത് അപ്പുറത്ത്്് തമിഴ്‌നാട്ടിലുള്ള സിനിമയാണ്. അവിടെ എന്ത് വ്യത്യാസമാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അവിടെ ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് വയലന്‍സാണ്. തമിഴ്‌നാട്ടിലെ സിനിമ നിലനിര്‍ത്തുന്നത് അവിടുത്തെ ഗ്രാമങ്ങളില്‍ നിന്നുള്ള പ്രേക്ഷകരാണ്. ടെലിവിഷനൊന്നും അവരെ സ്വാധീനിച്ചിട്ടില്ല. വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളാണ് അവിടെ സാമ്പത്തികവിജയമാകുന്നത്.പിന്നെ എനിക്കു തോന്നിയത് ഹിന്ദിയില്‍ ഭേദപ്പെട്ട ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ്. മധൂര്‍ ഭണ്ഡാര്‍ക്കര്‍,വിശാല്‍ ഭരദ്വാജ് എന്നിവരെപ്പോലുള്ളവരുടെ സിനിമകള്‍….ഓംകാര്‍ ,ട്രാഫിക് പോലെയൊക്കെയുള്ള വളരെനല്ല ചിത്രങ്ങള്‍...



മനോജ് ഭാരതി

No comments:

Post a Comment