Monday, March 7, 2011

പ്രതിസന്ധികളിലൂടെ ബോളിവുഡ്

പ്രതിസന്ധികളിലൂടെ ബോളിവുഡ്

സി സജിത്

മാന്ദ്യം, സമരം, അതിരുവിട്ട ഗോസിപ്പുകള്‍, ഇടയ്ക്ക് ചില നല്ല സിനിമകള്‍ ഇങ്ങനെ ചുരുക്കി പറയാം 2009 ലെ ഹിന്ദി സിനിമാ ചരിത്രം. ബോളിവുഡിന്റെ ചരിത്രത്തില്‍ പ്രതിസന്ധികളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഈ രംഗത്തുള്ളവര്‍ മറക്കാന്‍ ഇഷ്ടപ്പെടുകയായിരിക്കും 2009 നെ. ആശ്വാസം നല്‍കുന്നതാകട്ടെ വര്‍ഷമവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഗജിനി എന്ന ഒറ്റസിനിമകൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിച്ച അമീര്‍ഖാന്‍ തന്നെയാണ് ഈ വര്‍ഷവും താരം.

പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമീറിന്റെ ത്രീ ഇഡിയറ്റ്‌സ് ആണ് ഇറങ്ങി രണ്ടാഴ്ച കൊണ്ട് ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. മറ്റൊന്ന് അമിതാഭ് ബച്ചന്റെ പാ ആണ്. ഇതില്‍ വളര്‍ച്ച മുരടിച്ച കുട്ടിയായി എത്തുന്ന അമിതാഭും അച്ഛനായി എത്തുന്ന അഭിഷേകും പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്.

2009 ല്‍ ബോളിവുഡിനെ ഏറെ തകര്‍ത്തു കളഞ്ഞത് തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തോളം തീയേറ്ററുകളിലേക്ക് ചിത്രങ്ങള്‍ എത്തിയില്ല. വന്നത് മള്‍ട്ടിപ്ലക്‌സുകളില്‍ ഒതുങ്ങി നിന്നു. വെറും 130 ചിത്രങ്ങളായിരുന്നു 2009 ല്‍ തീയേറ്ററുകളിലെത്തിയത്. ഏറെ ആഘോഷിച്ച് കാത്തിരുന്ന പലതും എട്ടു നിലയില്‍ പൊട്ടുകയും ചെയ്തപ്പോള്‍ ചിലത് അപ്രതീക്ഷിതമായി വിജയം കൈവരിച്ചു.

ഡിസംബറില്‍ റിലീസ് ചെയ്യപ്പെട്ട ത്രീ ഇഡിയറ്റ്‌സാണ് ബോളിവുഡില്‍ പുതിയ ഓളം സൃഷ്ടിക്കുന്നത്. ഇതിനകം തന്നെ ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് ചാര്‍ട്ടില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഈ ചിത്രം തകര്‍ക്കുമെന്നതിന് തെളിവാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ കാണുന്നത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ഖാനെക്കൂടാതെ മാധവനും സല്‍മാന്‍ ജോഷിയുമാണ് എത്തുന്നത്.

കരീന കപൂര്‍, ഒമി വൈദ്യ, പരീക്ഷിത് സാഹ്‌നി എന്നിവരും ഒപ്പമുണ്ട്. റിലീസിങ്ങിന്റെ പുതിയ മാര്‍ഗങ്ങളും ത്രീ ഇഡിയറ്റ്‌സ് കൊണ്ടുവരുന്നുണ്ട്. ചിത്രമിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ യൂ ട്യൂബില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളില്‍ 65 കോടിയാണ് 'മൂന്ന് വിഡ്ഢികള്‍' നേടിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ ഗജിനി നേടിയതിലും കൂടുതലാണിത്. 2009 ല്‍ ഇറങ്ങിയവയില്‍ മറ്റൊരു ഹിറ്റായി മാറിയത് തമിഴില്‍ പോക്കിരിയുടെ മൊഴിമാറ്റ ചിത്രമായ വാണ്ടഡ് ആയിരുന്നു. പ്രഭുദേവ സംവിധാനം ചെയ്ത ഈ ചിത്രം തകര്‍ന്നു കൊണ്ടിരുന്ന സല്‍മാന്‍ ഖാന്റെ ഇമേജിന് വന്‍ കയറ്റമാണുണ്ടാക്കിയത്.

64.7 കോടിയായിരുന്നു ഈ ചിത്രം കളക്ട് ചെയ്തത്. 35 കോടിയായിരുന്നു ചിത്രത്തിന്റെ ചെലവ്. പാകിസ്താനില്‍ ഈ ചിത്രം ഇന്ത്യന്‍ ചിത്രത്തിന്റെ റെക്കോഡ് തകര്‍ക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്റെ നായികയായി അയിഷ ടാക്കിയയാണ് എത്തിയത്. സയിഫ് അലി ഖാനും ദീപിക പദുകോണും നായികാ നായകരായ ലൗ ആജ് കല്‍ ആണ് ഹിറ്റുകളുടെ ലിസ്റ്റില്‍ മുകളിലുള്ളത്. സയിഫ് അലി ഖാനും ദിനേഷ് വിജനും നിര്‍മ്മിച്ച് ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം ഏകദേശം 63 കോടിയാണ് കളക്ട് ചെയ്തത്. ഈ ചിത്രത്തിലെ പാട്ടുകള്‍ ടോപ്പ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു.

ബോളിവുഡിലെ 2009 ലെ സൂപ്പര്‍ റൊമാന്റിക് കോമഡിയെന്ന് പേര് ലഭിച്ചത് യുവ നായകന്‍ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂറും കത്രീന കൈഫും നായികാനായകരായ അജബ് പ്രേം കീ ഗസബ് കഹാനിയായിരുന്നു. രാജ്കുമാര്‍ സന്തോഷിയായിരുന്നു സംവിധായകന്‍. ബോളിവുഡില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീര്‍ഖാനാണ്. അറുപത് കോടി ചെലവില്‍ സാജിദ് നാദിയാവാല നിര്‍മ്മിച്ച് സബിര്‍ ഖാന്‍ സംവിധാനം ചെയ്ത കമ്പക്ത് ഇഷ്‌ക്കായിരുന്നു ബോളിവുഡില്‍ പണംവാരിയ മറ്റൊരു ചിത്രം.

ഹോളിവുഡ് താരങ്ങളായ സില്‍വസ്റ്റര്‍ സ്റ്റലോണ്‍, ഡെന്നിസ് റിച്ചാര്‍ഡ്‌സ്, ബ്രാന്റണ്‍ റൂത്ത്, ഹോളിവാലന്‍സ് എന്നിവരും ആദ്യമായി ബോളിവുഡിലെത്തിയതും കമ്പക്ത് ഇഷ്‌ക്കിലൂടെയായിരുന്നു. അക്ഷയ്കുമാറും കരീനാ കപൂറും നായികാനായകരായ കമ്പക്ത് ഇഷ്‌ക്ക് 113 കോടിരൂപയാണ് ആഗോളവ്യാപകമായി കളക്ട് ചെയ്തത്. മലയാളികളുടെ സ്വന്തം പ്രിയദര്‍ശന്‍ ബോളിവുഡിലെ ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളത്തിലെ വെട്ടത്തിന്റെ റീമേക്കായ ദേ ധനാധന്‍ ഹിറ്റ് ലിസ്റ്റിലിടം പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഷാരൂഖ് ഖാന്‍ നായകനായ ബില്ലു ഫ്‌ളോപ്പായിരുന്നു. അക്ഷയ്കുമാര്‍, സുനില്‍ഷെട്ടി, കത്രീനാ കൈഫ്, പരേഷ് റവാല്‍ എന്നിവരായിരുന്നു ദേ ധനാധനിലെ പ്രധാന നടീനടന്‍മാര്‍.

2009 ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രനിര്‍മ്മിച്ച് കബീര്‍ഖാന്‍ സംവിധാനം ചെയ്ത ന്യൂയോര്‍ക്ക്. ജോണ്‍ എബ്രഹാമും കത്രീനാ കൈഫും നീല്‍ നേതിന്‍ മുകേഷും നായകരായ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അമേരിക്കന്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മുസ്‌ലിം യുവാവ് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളായിരുന്നു ഈ ത്രില്ലറിനാധാരം. ഷാഹിദ് കപൂറിന്റെ പുതിയ രൂപമാറ്റവും ഇരട്ട വേഷവുമായി എത്തിയ കമീനെ, അജയ്‌ദേവഗണ്‍, സഞ്ജയ് ദത്ത്, ബിപാഷാബസു, മുഗ്ധഗോഡ്‌സെ എന്നിവരഭിനയിച്ച ഓള്‍ ദ ബെസ്റ്റ്: ഫണ്‍ ബിഗൈന്‍സ് , 114 കോടി ചെലവില്‍ നിര്‍മ്മിച്ച സഞ്ജയ്ദത്ത്, അക്ഷയ്കുമാര്‍, ലാറാ ദത്ത എന്നിവരഭിനയിച്ച ബ്ലൂവും ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
2009 ല്‍ ആദ്യം റിലീസ് ചെയ്ത ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന അക്ഷയ്കുമാര്‍ ചിത്രം പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്. ചൈനയില്‍ വെച്ച് ഷൂട്ട് ചെയ്ത വന്‍ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ചാന്ദ്‌നി ചൗക്ക് ടു ചൈന.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി യായിരുന്നു ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷണ ചിത്രം. ഇത് വിജയചിത്രമായി മാറുകയും ചെയ്തു. ദേവദാസ് എന്ന ചിത്രത്തിന്റെ ആധുനിക മുഖമായിരുന്നു ദേവ് ഡിയില്‍പ്രേക്ഷകര്‍ കണ്ടത്. അഭയ് ഡിയോളായിരുന്നു ദേവ്ദാസായി വന്നത്. അഭിഷേക് ബച്ചനും സോനം കപൂറും നായികാനായകരായ ഡല്‍ഹി സിക്‌സും ആവറേജ് ഹിറ്റ് ലിസ്റ്റില്‍ കടന്നുകൂടി. മലയാളിയായ വിക്രം കുമാര്‍ സംവിധാനം ചെയ്ത തമിഴില്‍ ഏറെ ഹിറ്റായ യാവരും നലം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 13 ബി ഹിന്ദിയിലും ചലനം സൃഷ്ടിക്കുകയുണ്ടായി. മാര്‍ച്ചില്‍ റിലീസ് ചെയ്ത നന്ദിത ദാസ് സംവിധാനം ചെയ്ത ഫിറാഖ് കലാമൂല്യം കൊണ്ടും മേന്‍മകൊണ്ടും മികച്ചു നിന്നെങ്കിലും ജനങ്ങള്‍ സ്വീകരിച്ചില്ല.

ബോളിവുഡില്‍ പേര് ചേര്‍ത്ത മലയാളിയായ സംഗീത് ശിവന്റെ ഏക് ദ പവര്‍ ഓഫ് വണും പരാജയമടഞ്ഞ ചിത്രങ്ങളില്‍ പെടുന്നു. ഏപ്രിലില്‍ പുറത്തിറങ്ങിയ ഡോ. നാഗേഷ് കൊക്കനൂരിന്റെ അക്ഷയ്കുമാര്‍ അഭിനയിച്ച ആക്ഷന്‍ ചിത്രമായ 8 ന്ദ 10 തസ്‌വീര്‍ പക്ഷേ, പരാജയമടഞ്ഞു. ഇതിന് ശേഷമായിരുന്നു തിയേറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളുമായി തര്‍ക്കം തുടങ്ങിയത്. ഇതേത്തുര്‍ടന്ന് സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് നിറുത്തുകയായിരുന്നു. പിന്നീട് ചെറുകിട മള്‍ട്ടിപ്ലക്‌സ് ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനെത്തിയത്.

ജൂണില്‍ സമരം അവസാനിച്ചതിന് ശേഷമാണ് ന്യൂയോര്‍ക്ക് പ്രദര്‍ശനത്തിനെത്തിയത്. ആയതിനാലാകാം അത് ഹിറ്റായി മാറുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ഗോവിന്ദയും ഡേവിഡ് ധവാനും ചേര്‍ന്ന കൂട്ടുകെട്ടിന്റെ ഡു നോട്ട് ഡിസ്റ്റര്‍ബ് വിജയം കണ്ടില്ല. അക്ഷയ്കുമാറിനായിരുന്നു കഴിഞ്ഞ വര്‍ഷം അഞ്ച് ചിത്രങ്ങള്‍ ലഭിച്ചത്. ഇതില്‍ മൂന്ന് ഹിറ്റുകള്‍ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഡിസംബറിന്റെ അവസാനമിറങ്ങിയ പാ എന്ന ചിത്രം സാക്ഷാല്‍ ബിഗ് ബി യുടെ പുതിയ രൂപമാണ് പുറത്ത് കൊണ്ടുവന്നത്.

അഭിഷേക് ബച്ചന്റെ മകനായാണ് അമിതാഭ് ബച്ചന്‍ എത്തിയത്. അജയ്‌ദേവഗണ്‍, സഞ്ജയ്ദത്ത് തുടങ്ങിയ താരങ്ങളുടെ നിറസാന്നിധ്യവും ബോളിവുഡില്‍ ഉണ്ടായിരുന്നു. കുറച്ചുകാലം വിട്ടുനിന്ന ഗോവിന്ദയും രണ്ട് ചിത്രവുമായി സജീവമായി എത്തി. വമ്പന്‍ ബാനറുകള്‍ തന്നെയാണ് ചിത്രങ്ങളുടെ കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നത്. നായികമാരുടെ പുതിയ ഒരു നിരതന്നെ 2009 ല്‍ വെള്ളിത്തിരയിലെത്തി.

ഇവരോടൊപ്പം ബാര്‍ബറാ മോറിയടക്കമുള്ള വിദേശ നായികമാരും ബോളിവുഡില്‍ മുഖം കാണിച്ചു. കരീനാ കപൂറും കത്രീനാ കൈഫുമാണ് ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നിന്നത്. പാ യിലെ അഭിനയിത്തിന് വിദ്യാബാലന്‍ ഏറെ പ്രശംസ ഏറ്റുവാങ്ങി. അമിതാഭ് ബച്ചന്റെ അമ്മയായിട്ടാണ് വിദ്യ ബാലന്‍ അഭിനയിച്ചത്. ബിഗ്ബജറ്റിന്റെ കാര്യത്തിലും ബോളിവുഡ് പിന്നിട്ടു നിന്നില്ല. 114 കോടി ചെലവിട്ട ബ്ലൂ തന്നെയായിരുന്നു ഇതില്‍ മുമ്പന്‍. ശ്രീ അഷ്ടവിനായക് സിനി വിഷന്റെ ബാനറില്‍ ആന്റണി ഡിസൂസയായിരുന്നു സംവിധാനം.


No comments:

Post a Comment