Monday, March 7, 2011

കൊച്ചിക്കു പറയാനുള്ളത്; ഡാനിക്കും

കൊച്ചിക്കു പറയാനുള്ളത്; ഡാനിക്കും

മനോജ് ഭാരതി

25 Feb 2011

മമ്മൂട്ടി:ഭാഷയും ദേശവും- 6



ഇത് ഡാനി. മുഴുവന്‍ പേര് ഡാനിയല്‍ തോംസണ്‍.1930 മാര്‍ച്ച് 12ന് ഗുജറാത്തില്‍ മഹാത്മാഗാന്ധി ഉപ്പുകുറുക്കുവാന്‍ ദണ്ഡിയാത്ര ആരംഭിച്ച ദിവസം കേരളത്തില്‍ ഒരു കടലോരഗ്രാമത്തില്‍ ഡാനി ജനിച്ചു.ആശുപത്രിയിലായിരുന്നു ജനനം.1932 മെയ് 21;ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ച വര്‍ഷം.ഡാനിയുടെ അമ്മ അര്‍ബുദം മൂലം മരിച്ചു.1934 സെപ് 13;തൃത്താലയില്‍ എം ആര്‍ ബി, ഉമാദേവി അന്തര്‍ജ്ജനത്തെ വേളി കഴിച്ചുകൊണ്ട് നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ വിധവാവിവാഹം നടത്തിയ ദിവസം ഡാനിയുടെ അപ്പന്‍ തലയില്‍ തേങ്ങ വീണു മരിച്ചു. 1947 ജൂലായ് 25ന് തിരുവനന്തപുരത്ത് ദിവാന്‍ സര്‍ സി പി യെ കെ സി എസ് മണി വെട്ടിയ ദിവസം ഡാനിയുടെ ചേട്ടന്‍ സന്ധിയാവ് കടലില്‍ മുങ്ങിച്ചത്തു. 1956 നവംബര്‍ 1 കേരളം പിറന്നപ്പോള്‍ ഡാനിയുടെ വീട് കത്തിനശിച്ചതിനെത്തുടര്‍ന്ന് അയാളുടെ ചേച്ചി ലിസമ്മ വെന്തു മരിച്ചു. ഒരു പാടു മരണങ്ങള്‍ക്കിടയിലൂടെ വളര്‍ന്നു വന്ന ഡാനി അങ്ങനെയൊരു ചരമഗായകനായി - ഡാനി എന്ന സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം പശ്ചാത്തലത്തിലുയരുന്ന വിവരണമാണ് ഇത്.

ചുരുങ്ങിയ വാക്കുകളിലൂടെ കേരള ചരിത്രം പറഞ്ഞുപോകുമ്പോള്‍ ഡാനിയെന്ന പ്രതീകകഥാപാത്രത്തിനു ചുറ്റും വിപുലപ്പെട്ടിരുന്ന ഭൗതികസാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കാലത്തിന് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ടി വി ചന്ദ്രന്‍.വികാരങ്ങള്‍ വിഴുങ്ങിജീവിച്ച് കേരളചരിത്രത്തിന് സാക്ഷിയാകേണ്ടി വന്ന ഡാനിയിലൂടെ മമ്മൂട്ടി ചൂണ്ടുപലകയായത് സ്വാതന്ത്ര്യത്തിന്റെ പൂര്‍വ്വാനന്തരകാലങ്ങളിലെ സാമൂഹികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ പ്രാദേശിക സംഭവഗതികള്‍ക്ക് മാത്രമല്ല ആപേക്ഷികമായി മലയാളഭാഷക്ക് വിധേയമാകേണ്ടിവന്ന കൊണ്ടുകൊടുക്കലുകള്‍ക്കുകൂടിയായിരുന്നു.

'ലാറ്റിന്‍ കത്തോലിക്കര്‍ക്കിടയിലെ സംഭാഷണഭാഷയാണ് ഡാനിയിലേത്.അവര്‍ക്കിടയിലുള്ള എറണാകുളം ഭാഷ...കടപ്പുറവുമായി ബന്ധമുള്ളവരാണ് മിക്കവരും. ആദ്യം തന്നെ സിനിമയില്‍ ഞാനതു പറഞ്ഞിട്ടുണ്ട്.' ടി വി ചന്ദ്രന്‍ പറയുന്നു.

ഹിന്ദു,ക്രിസ്ത്യന്‍,മുസ്ലിം,ബുദ്ധ-ജൈനമതക്കാര്‍,സിക്കുകാര്‍,ജൂതന്‍മാര്‍ എന്നു തുടങ്ങി പ്രദേശവാസികളായ വിവിധവിഭാഗത്തില്‍പ്പെട്ട ചെറുസമൂഹങ്ങളുടെ ബോധപൂര്‍വ്വമോ അബോധമോ ആയ ഇടപെടലുകളുടെ ഫലമാണ് കൊച്ചിഭാഷ.മലയാളം,കൊങ്കണി,തമിഴ്,കുടുംബി,ഇംഗ്ലീഷ്,ഗുജറാത്തി എന്നിങ്ങനെ മാതൃഭാഷ സംസാരിക്കുന്ന ചെറുതും വലുതുമായ കൂട്ടായ്മകളാണ് ഈ സമൂഹങ്ങളെല്ലാംതന്നെ.സംസ്ഥാനത്ത് കൃസ്ത്യന്‍ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയാണ് എറണാകുളം.ജനസംഖ്യയുടെ അഞ്ചിലൊന്നോളം അതു വരും. ഇവര്‍ക്കിടയില്‍ സാക്ഷരതാശതമാനം പോലും മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് കൂടുതലാണ്;ഏതാണ്ട് 94% .എറണാകുളത്തിന്റെ നഗരഭാഗങ്ങള്‍,മനുഷ്യനിര്‍മ്മിതമായ വെല്ലിംഗ്ടണ്‍ ഐലന്റ്,മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി,ലോകത്തു തന്നെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായി കരുതപ്പെടുന്ന വൈപ്പിന്‍ ദ്വീപ സമൂഹം, ബോള്‍ഗാട്ടിപാലസ് എന്നിവയെല്ലാം ഈ ജില്ലയില്‍ ഉള്‍പ്പെടുന്നു.
ചരിത്രപ്രാധാന്യമുള്ള അധിനിവേശങ്ങളും തൊഴിലടക്കമുള്ള ജീവിതസാഹചര്യങ്ങളും സാമുദായികാംശങ്ങളും ചേര്‍ന്ന് രൂപം കൊടുത്ത,മേല്‍പ്പറഞ്ഞ വിവിധ വിഭാഗങ്ങളുടെ സമ്മിശ്രസ്വാധീനമുള്ള പ്രാദേശികഭാഷാഭേദമാണ് കൊച്ചിയുടേത്. പ്രബലസമുദായമെന്ന നിലയില്‍ ലത്തീന്‍ കത്തോലിക്ക സമുദായക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കടലോരമേഖലയില്‍, ഏറിയും കുറഞ്ഞും പ്രചാരത്തിലിരിക്കുന്ന ഭാഷയാണ് ഡാനി പറയുന്നത്.കൊച്ചി തട്ടകമായ മമ്മൂട്ടിയുടെ ഡാനിയും എടവനക്കാടുകാരന്‍ സിദ്ദിഖ് അവതരിപ്പിച്ച ഫ്രഡിയും തമ്മിലുള്ള സംഭാഷണസന്ദര്‍ഭങ്ങളിലൊന്ന് ഇങ്ങനെയാണ്.

ഫ്രഡി : നെനക്കീ ജമ്മത്തില് കിട്ടാവുന്നതിവച്ച് ഏറ്റവുംവല്യ ചാന്‍സാണ്.

ഡാനി : അങ്ങനെയാണാ നീ പറേണത്.

ഫ്രഡി : പിന്നല്ലാണ്ട്.എടാ ഈ ചൗരോന്‍ മൊതലാളീടെ മുഴുവന്‍ സൊത്തിനും അവകാശിയായ ഒരൊറ്റ മകളാ മാര്‍ഗരറ്റ്.അവളെക്കെട്ടുകാന്നു വച്ചാ നിസ്സാരകാര്യാണോ. നീ കോളടിച്ചൂന്നര്‍ത്ഥം.നിനക്കു സുഖമായിട്ട് ഒരല്ലലുമില്ലാതെ ജീവിക്കാം.എടാ ഒരുകോപ്പ കള്ളടിക്കാന്‍ വേണ്ടി നുമ്മ പെടുന്ന പങ്കപ്പാടു മുഴുക്കെ നിനക്കറിയാവല്ല.ഇനിയതിന്റെയൊന്നും ഒരാവശ്യോം നെനക്കുണ്ടാവില്ലെന്ന്.

ഡാനി : എന്നാലും വല്ലവന്റേം പൊറവെപോയി വയറ്റിലൊണ്ടായ പെണ്ണിനെ

ഫ്രഡി : എടാ നിന്നോടുഞാനൊരുകാര്യം ചോയിക്കട്ടെ. നീ നേരത്തെയൊരു കല്യാണം കഴിച്ചതല്ലേ.നെനക്കൊരു കൊച്ചുമൊണ്ട്. അവരിപ്പ എവിടെയാണന്നുപോലും നിനക്കറിഞ്ഞുകൂടാ. അല്ല അതു പോട്ടെ.നീ ക്ലാരേടെ കൂടെ ജീവിച്ചതുകൊണ്ടല്ലേ നെനക്കൊരു കൊച്ചൊണ്ടായത്.അതുപോലെ ഈ മാര്‍ഗരറ്റിനും കെട്ടൂന്നൊറപ്പൊള്ള ഒരാളടെ കൂടെ ജീവിച്ച് വയറ്റിലുണ്ടായി.അയാള് പെട്ടെന്ന് ചത്തും പോയി.അതിനീ മൊതലാളി എന്തുചെയ്യാനാ.

അതിശക്തമായ വികാരവ്യതിയാനങ്ങള്‍ വിങ്ങലുകളാകുമ്പോള്‍ അതേറ്റെടുക്കാനുള്ള ഉപായമാണ് ഡാനിക്ക് ഈ സിനിമയില്‍ ഭാഷ.അമിട്ടുപോലെ പൊട്ടിച്ചിതറുുന്ന ഡയലോഗുകളോ വാചകക്കസര്‍ത്തുകളോ ഡാനിക്കില്ല.വികാരത്തിനും വിചാരത്തിനുമിടയില്‍ അനിവാര്യമാകുന്ന ഉച്ചാരണമാണ് അയാള്‍ക്ക് ഭാഷ.ഈ വികാരത്തെയും വിചാരത്തെയും ഉച്ചാരണത്തെയും ഫലപ്രദമായി സംയോജിപ്പിക്കാന്‍ കഴിഞ്ഞതാണ് മമ്മൂട്ടി എന്ന നടന്റെ വിജയം.

'ഡാനി തന്നെ പറയുന്നുണ്ട് ഞാന്‍ പപ്പയല്ല;അതുകൊണ്ട് ഗ്രാന്റ് പപ്പയുമല്ലെന്ന് .ഇതൊക്കെയായി അഭിനയിക്കുകയാണ് ഡാനി.ആ ഡാനിയായി അഭിനയിക്കുകയാണ് മമ്മൂട്ടി. അങ്ങനെവേണം അതിനെ നോക്കിക്കാണാന്‍.അയാളാരോടും ഒന്നും ആര്‍ഗ്യൂ ചെയ്യുന്നില്ല.ആരെയും ജയിക്കാന്‍ ശ്രമിക്കുന്നില്ല.അംബിഷ്യസുമല്ല.സാധാരണക്കാരന്റെ ആവശ്യങ്ങളേ അയാള്‍ക്കുള്ളൂ.' ടി വി ചന്ദ്രന്‍ വിശദീകരിക്കുന്നു. 'ലാംഗേ്വജിന്റെ കാര്യത്തില്‍ ഞാന്‍ പ്രത്യേക സ്റ്റഡി നടത്തിയിട്ടില്ല.സംഭാഷണങ്ങള്‍ അത്തരത്തില്‍ മാറ്റിയെടുക്കുന്നതിന് മമ്മൂട്ടിയും സിദ്ദിഖും ഒരുപാടു സഹായിച്ചിട്ടുണ്ട്.എന്നെക്കാള്‍ നന്നായി ആ ഭാഷ കൈകാര്യം ചെയ്യുന്നവരാണവര്‍.സ്‌ക്രിപ്റ്റിനെ ആ രീതിയിലേക്ക് മാറ്റാന്‍ അവരാണ് വളരെയധികം സഹായിച്ചത്.'

ഡാനിയിലെ സംഭാഷണത്തിലെ പ്രാദേശികഭാഷാഭേദങ്ങള്‍ പടിഞ്ഞാറന്‍ കൊച്ചിയെ അധികരിച്ച് തെക്കോട്ടും വടക്കോട്ടും കുറേ ദൂരം വിപുലപ്പെട്ടിരിക്കുന്നു.
ഒരു കടലോരമേഖലയും അതിന്റെ ആശ്രിതഭൂമികയുമാണ് ഇവിടം. കൊച്ചിയുടെ പടിഞ്ഞാറേ തീരത്തുള്ള പാരമ്പര്യം പുലര്‍ത്തുന്ന ലത്തീന്‍കത്തോലിക്കരുടെ ഭാഷാരീതിയാണ് ഡാനിക്ക് നിശ്ചയിച്ചിരുന്നത്.പ്രാദേശിക ഭാഷാഭേദത്തില്‍, പ്രത്യേകിച്ചും കൊച്ചി ഭാഷയില്‍, ലത്തീന്‍ സമുദായത്തിന്റെ സ്വാധീനം ചരിത്രപരമാണ്.

എ ഡി 52 ല്‍ തോമസ് പുണ്യവാളന്‍ അനുചരന്‍മാരോടൊപ്പം കേരളത്തിലെത്തിയതുമുതല്‍ ക്രിസ്തുമതം ഇവിടെ ഇതരസമുദായവുമായി ഇടപഴകിത്തുടങ്ങിയിരുന്നു.പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ ഉടലെടുത്ത സാമുദായിക ധ്രുവീകരണങ്ങള്‍ പിന്നീട് സഭാപരമായും അതുവഴി സംവേദനമാധ്യമത്തിലും മാറ്റങ്ങള്‍ക്ക് ഇടവരുത്തി.1599 ല്‍ നടന്ന ഉദയംപേരൂര്‍ സുനഹദോസ് മുതലെങ്കിലും അതു പരിഗണിക്കാതിരിക്കാനാവില്ല.

ക്രൈസ്തവസഭാചരിത്രത്തില്‍ത്തന്നെ നിര്‍ണ്ണായകമായ ഒന്നായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്.സെന്റ്‌തോമസ് ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്ന സുറിയാനിഭാഷയിലുള്ള പ്രാര്‍ത്ഥനാക്രമത്തിനു പകരം റോമന്‍കത്തോലിക്കാസഭയുടെ ലത്തീന്‍ പ്രാര്‍ത്ഥനയും ആരാധനാക്രമങ്ങളും ഏര്‍പ്പെടുത്തുക, കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ബാബിലോണിയയിലെ പാത്രിയര്‍ക്കീസിനുണ്ടായിരുന്ന അധികാരത്തിനു പകരം റോമിലെ പോപ്പിന്റെ ആധിപത്യം സ്ഥാപിക്കുക എന്നിവയായിരുന്നു സൂനഹദോസിന്റെ ലക്ഷ്യം.അതെത്തുടര്‍ന്ന് ലത്തീന്‍ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ കൊച്ചിരൂപതയിലും സുറിയാനി മാര്‍ഗ്ഗത്തിലുറച്ചു നിന്നവര്‍ അങ്കമാലി രൂപതയിലും അംഗങ്ങളായി.പോര്‍ട്ടുഗീസ് ഇടപെടലിന്റെയും മറ്റും ഭാഗമായി ഇവര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ വീണ്ടും ശക്തമായത് ചരിത്രപ്രധാനമായ കൂനന്‍കുരിശുപ്രതിജ്ഞക്ക് ഇടയെരുക്കി.ആയിരക്കണക്കിനു സുറിയാനികള്‍ മട്ടാഞ്ചേരിയിലെ ഒരു കുരിശില്‍ വടംകെട്ടി അതില്‍ പിടിച്ചുകൊണ്ട് ലത്തീന്‍ബിഷപ്പുമാരെ അനുസരിക്കില്ലെന്ന പ്രതിജ്ഞയെടുത്തതാണ് കൂനന്‍കുരിശ് പ്രതിജ്ഞ.പിന്നീട് പല സഭകളും രൂപീകരിക്കപ്പെട്ടു.1542 കാലയളവില്‍ ഫ്രാന്‍സിസ് സേവ്യറിന്റെ വരവോടെ കേരളത്തിലെ തീരദേശങ്ങളില്‍,പ്രത്യേകിച്ചും കൊച്ചിയില്‍, ലാറ്റിന്‍ക്രിസ്ത്യാനികള്‍ പ്രബലസമുദായമായി മാറിയിരുന്നു .മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ മതപരിവര്‍ത്തനവും നടന്നു.ഇത്തരം ബഹുവിധപരിവര്‍ത്തനങ്ങള്‍ അന്നത്തെ മലയാംപേച്ച (മലയാളഭാഷ)യിലും കാര്യമായ സ്വാധീനം ചെലുത്തി.

സഭാപ്രശ്‌നങ്ങള്‍ രൂക്ഷമായ കാലത്ത് അത് പരിഹരിക്കാന്‍ റോമില്‍ നിന്ന് പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന്‍ അയച്ച കര്‍മലീത്തസന്യാസിസഭയിലെ ബിഷപ്പുമാര്‍ വരാപ്പുഴ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമാരംഭിച്ചത്.അതിരൂപതയുടെ പ്രാഗ്രൂപമായ വികാരിയാത്തായി പിന്നീടുമാറിയ വരാപ്പുഴയിലെ ആദ്യത്തെ വികാരിയേറ്റ് അപ്പോസ്തലേറ്റായി ചുമതലയേറ്റ ആഞ്ചലോ ഫ്രാന്‍സിസ് മലയാളഭാഷ പഠിക്കുകയും ഭാഷാഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യവ്യാകരണഗ്രന്ഥമായ 'ഗ്രമാത്തിക്ക ലിംഗ്വ വുള്‍ഗാരിസ് മലബാറിക്ക' അദ്ദേഹം രചിച്ചത് ഗദ്യബദ്ധമായ സാധ്യതകള്‍ മുന്‍നിര്‍ത്തിയായിരുന്നു.അക്കാലത്ത് പദ്യം നേടിയ പുരോഗതിക്കൊപ്പം ഗദ്യം മുന്നോട്ടുപോയിരുന്നില്ല. 
മതപരമായ ആവശ്യം മുന്‍നിര്‍ത്തി-പ്രത്യേകിച്ച് പ്രാദേശികഭാഷയിലുള്ള മതപഠനമടക്കമുള്ള ആവശ്യങ്ങള്‍ക്ക്- നടന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു സാധാരണക്കാരെക്കൂടി ലക്ഷ്യമിട്ട ഇത്തരം രചനകള്‍.

പ്രസ്തുതവ്യാകരണഗ്രന്ഥം ലാറ്റിന്‍ ഭാഷയിലാണ് എഴുതിയത്.അന്നാട്ടുകാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മലയാളം പഠിച്ച് ആശയവിനിമയം ഉറപ്പാക്കാന്‍ അത് ഏറെ സഹായകമായി.ഇങ്ങനെയുള്ള നിരവധി രചനകളും ബോധപൂര്‍വ്വമായ തുടര്‍ശ്രമങ്ങളും ഒരു വ്യാകരണപദ്ധതിക്കു തന്നെ സാഹചര്യമൊരുക്കി.ലാറ്റിനിലും പോര്‍ട്ടുഗീസ്ഭാഷയിലും ഉണ്ടായ ആദ്യകാലരചനകള്‍ക്കൊന്നും ഭാഷാപരമായ വൗന്ദര്യമുണ്ടായിരുന്നില്ല.വിദേശികള്‍ മലയാളം പറയുന്നതുപോലെയായിരുന്നു അതിന്റെ ഘടന.കര്‍ത്താവ്, കര്‍മ്മം,ക്രിയ എന്നിവയെല്ലാം കൃത്യമായുണ്ടാവും.എന്നാല്‍ അവയുടെ പ്രയോഗമടക്കമുള്ള കാര്യങ്ങളില്‍ ധാരണപ്പിശകുകള്‍ സംഭവിച്ചിരുന്നു.ഉദാഹരണത്തിന് ഇംഗ്ലീഷിലെ 'ഗിവ് ' എന്ന വാക്കെടുക്കാം. 'കൊടുക്കുക' എന്നും 'തരിക' എന്നും അതിനര്‍ത്ഥമുണ്ട്.അതു കൊണ്ടുതന്നെ 'അവനു കൊടുക്കുക' എന്നുള്ളതിനു പകരം 'അവനു തരിക' എന്നും പ്രയോഗിക്കപ്പെട്ടു.ഇത്തരത്തില്‍ അപര്യാപ്തതകള്‍ പ്രകടമായിരുന്ന ഭാഷാശ്രമങ്ങള്‍ പൊതുവെ പാതിരിമലയാളം എന്നറിയപ്പെടുകയും ചെയ്തു.


കരഗതാഗതത്തിന് പരിമിതികളുണ്ടായിരുന്ന അക്കാലത്ത്് വരാപ്പുഴ അതിരൂപത കേന്ദ്രീകരിച്ചായിരുന്നു ഈ വികസനങ്ങള്‍ പ്രധാനമായും നടന്നത്.പിന്നീട് കൂനമ്മാവ് ,വരാപ്പുഴ, മഞ്ഞുമ്മല്‍ പ്രദേശങ്ങളില്‍ പ്രിന്റിംഗിനും തുടക്കമായി.1904ല്‍ വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം എറണാകുളത്തേക്ക് മാറി.എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും ശേഷം എത്തിച്ചേര്‍ന്ന ബ്രട്ടീഷുകാരിലധികവും ആംഗ്ലിക്കന്‍ചര്‍ച്ചിന്റെയും മറ്റും വിശ്വാസികളായിരുന്നു.അവരുടെ പ്രവര്‍ത്തനമേഖലയില്‍ മുഖ്യം കോട്ടയമായിരുന്നു.ഗുണ്ടര്‍ട്ട് മുതലായവര്‍ മലബാറിലേക്കുമെത്തി.ഇപ്രകാരം പെന്തക്കോസ്ത്,പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ പ്രാധാന്യം നേടിത്തുടങ്ങിയപ്പോള്‍ ലാറ്റിന്‍ സമുദായത്തിന്റെ വളര്‍ച്ച മരവിച്ചു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലുടെയാണ് പ്രൊട്ടസ്റ്റന്റ് മതം ഭരണം നടത്തുന്നതെന്ന ധാരണ വ്യാപകമാകുകയും ലാറ്റിന്‍ വിഭാഗക്കാര്‍ കത്തോലിക്കാ സ്ഥാപനങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ പോയി പഠിക്കുന്നതില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്തു.1935ല്‍ വരാപ്പുഴയുടെ ബിഷപ്പായി ഇന്നാട്ടുകാരനായ ജോസഫ് അട്ടിപ്പേറ്റി സ്ഥാനമേല്‍ക്കുന്ന തോടെയാണ് ഉന്നതവിദ്യാഭ്യാസമേഖലയിലും മറ്റും പ്രകടമായ പുരോഗതി പിന്നീടുണ്ടായത്.സ്വാതന്ത്ര്യാനന്തരം പൂര്‍വ്വപ്രതാപത്തിലേക്ക് ലത്തീന്‍ സമുദായം തിരിച്ചെത്തുകയും ചെയ്തു.

നെടുനാളത്തെ വൈവിധ്യമേറിയ സാംസ്‌കാരികസംഘര്‍ഷങ്ങളുടെയും ക്രയവിക്രയങ്ങളുടെയും ആകെത്തുകയാണ് ഡാനി പ്രതിനിധാനം ചെയ്യുന്ന കാലത്തെ ഭാഷ.ഇന്നതിന് ഏറിയും കുറഞ്ഞും വ്യതിയാനങ്ങള്‍ വന്നിട്ടുണ്ടാവാം. വിദ്യാഭ്യാസം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കുമിടയില്‍,നാടുവിട്ടു പുറത്തു താമസിക്കുന്നവര്‍ക്കും തദ്ദേശവാസികള്‍ക്കുമിടയില്‍,ഉയര്‍ന്ന ജോലിയിലുള്ളവര്‍ക്കും ദിവസക്കൂലിക്കാര്‍ക്കുമിടയില്‍.
എല്ലാം അതുണ്ടായേക്കാം. പക്ഷേ അതെല്ലാം കൊച്ചിഭാഷയെന്ന സ്വത്വത്തെ അംഗീകരിച്ചു കൊണ്ട് നിലകൊള്ളുന്നവയാണ് .ഈ ഭാഷ പറഞ്ഞുഫലിപ്പിക്കുന്നതില്‍ മമ്മൂട്ടി പുലര്‍ത്തിയ സ്വാഭാവികത വിസ്മയിപ്പിക്കുന്നതായിരുന്നു.

'ഡാനിയിലെ മമ്മൂട്ടിയുടെ പ്രകടനം പൊന്തന്‍മാടയിലേതിനെക്കാള്‍ മികച്ചതായാണ് ഞാന്‍ കാണുന്നത് .ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.ഡാനിയായിട്ട് മമ്മൂട്ടി ബിഹേവ് ചെയ്യുകയാണ്.അതു കൊണ്ടുതന്നെയാണ് മറ്റു സിനിമകളില്‍ നിന്നു വിഭിന്നമായി ഞാനതിന്റെ ടൈറ്റിലില്‍ 'അഭിനയം മമ്മൂട്ടി' എന്ന് കൊടുത്തിരിക്കുന്നത്.അവിടെയൊരു പകര്‍ന്നാട്ടം തന്നെയാണ് നടന്നിരിക്കുന്നത്.' സംവിധായകന്‍ വിലയിരുത്തുന്നു.

പല മുഖങ്ങളെയും വെള്ള പൂശുവാന്‍ നിയുക്തനാകവേ സ്വന്തം മുഖം നഷ്ടപ്പെടുന്നവനാണ് ഡാനി.കാറ്റുനിറഞ്ഞ ബലൂണ്‍ പോലെ വികാരവിചാരങ്ങളെ മൂടിവച്ചുകൊണ്ടാണയാള്‍ നടക്കുന്നതുതന്നെ.നിസ്സഹായത മുതല്‍ മസോക്കിസം വരെ ഡാനി ഓരോ നിമിഷവും അനുഭവിക്കുന്നു.ഇതിനിടെ കാച്ചിക്കുറുക്കിയ വികാരങ്ങളും നിര്‍വ്വികാരതയും അയാളുടെ ചുണ്ടുകളില്‍ തല്ലിയൊടുങ്ങുന്നു.മാര്‍ഗരറ്റ്

പ്രസവിക്കുന്നത് തന്റെ കുഞ്ഞിനെയല്ലെന്നറിഞ്ഞുകൊണ്ടുതന്നെ കുട്ടിക്കുവേണ്ടി പിതാവായി കാത്തു നില്‍ക്കുന്ന അയാളുടെ അടുത്തേക്ക് നഴ്‌സ് ആദ്യം മറ്റൊരു കുഞ്ഞുമായാണ് വരുന്നത്.

നഴ്‌സ് 1 -സാറിന്റെ അതേ മൂക്കാ.(ഡാനി തലകുലുക്കുന്നു)

നഴ്‌സ് 2 (തിരക്കുപിടിച്ച് ഓടിയെത്തുന്നു.)- അയ്യോ ദേ കുഞ്ഞ് മാറി.ഇദപ്പറത്തെ കട്ടിലെയാ

നഴ്‌സ് 1 -എന്റയ്യോ

ഡാനി (രണ്ടുകുഞ്ഞുങ്ങളേയും സൂക്ഷിച്ചുനോക്കിയിട്ട് )- രണ്ടെണ്ണത്തിനും എന്റെ മൊഖഛായയാണ് ഇവിടെ ഡാനിയുടെ കൊച്ചിഭാഷയില്‍ പ്രകടമാകുന്നത് നിസ്സഹായതയേക്കാളുപരി ആത്മനിന്ദയാണ്.

വൈപ്പിന്‍, മുനമ്പം,ഓച്ചന്തുരുത്ത് ഭാഗങ്ങളിലെ ആംഗ്ലോഇന്ത്യന്‍ഭാഷ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഏറെക്കാലം മുന്‍പുതന്നെ സുപരിചിതമായിരുന്നു. കൂടാതെ എറണാകുളം മഹാരാജാസിലും ലോകോളജിലും ഉണ്ടായിരുന്ന വിദ്യാഭ്യാസകാലവും ഭാഷാവ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ ഇടയൊരുക്കി.അക്കാലത്തെ നാടകക്കമ്പം കൊച്ചിയിലെ പല യൂത്ത്ക്ലബ്ബുകളിലേക്കും അദ്ദേഹത്തെ എത്തിച്ചു.ഓച്ചന്തുരുത്ത് മേഖലയിലെ നാടകപ്രവര്‍ത്തനങ്ങളുമായുള്ള നിരവധി വര്‍ഷത്തെ സഹകരണം മമ്മൂട്ടിയെന്ന നടനെ അക്കാലം മുതല്‍ പ്രാദേശികഭാഷാപരിണാമത്തിന്റെ നേര്‍കാഴ്ചക്കാരനാക്കി.ആന്റണി പാലക്കന്‍ എന്ന നാടകപ്രവര്‍ത്തകനും മറ്റുമായുണ്ടായിരുന്ന അടുപ്പം വൈ എഫ് എ അടക്കമുള്ള യൂത്ത്ക്ലബ്ബിന്റെ അടക്കം നാടകനടനായി മമ്മൂട്ടിയെ മാറ്റി.ആന്ദോളനം നാടകത്തിലെ ജിമ്മിയെപ്പോലെ നിരവധി നാടകകഥാപാത്രങ്ങള്‍ക്ക്് അക്കാലത്ത് മമ്മൂട്ടി ജീവന്‍ നല്‍കി.അതില്‍ പല കഥാപാത്രങ്ങളും കൊച്ചിഭാഷ സംസാരിക്കുകയും ചെയ്തിരുന്നു.വൈ എഫ് എ യുടെ നാടകറിഹേഴ്‌സലുകള്‍ പതിവായി പുതുവൈപ്പിനിലെ ഓഫീസില്‍ വച്ചാണ് നടന്നിരുന്നത്. ഈയൊരു പാരമ്പര്യം കൂടി ഡാനി എന്ന കഥാപാത്രത്തിനുവേണ്ടി കരുതിവക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞതോടെ ടി വി ചന്ദ്രന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പകര്‍ന്നാട്ടം സംഭവിക്കുകയായിരുന്നു.
നാത്തൂനേ മേത്ത് മീത്തിന്റെ നാറ്റം - പശ്ചിമകൊച്ചിയിലും പരിസരത്തെ കടലോരമേഖലയിലെയും പൊതുവെയുള്ള സംഭാഷണം എന്തെന്നറിയാന്‍ ഈയൊരൊറ്റ വാചകം മതി.അവിടെ 'അല്‍പ്പം വൈകു'മെന്നത് 'ഉമ്മിണി വഴുകും'. തലതൊട്ടപ്പന്‍മാര്‍ കുംഭാരി ആകും;അയാളുടെ ഭാര്യ കുമ്മാതിരിയും.ഇങ്ങനെ നിത്യജീവിതത്തിലുപയോഗിക്കപ്പെടുന്ന ഏതാണ്ടെല്ലാ വാക്കുകള്‍ക്കും കൊച്ചിയുടേതായ വൈവിധ്യമുണ്ട്. നീട്ടലും കുറുക്കലും മാത്രമല്ല അടിമുടി വ്യത്യസ്തങ്ങളായ പദങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.ഇകാരത്തിന് എകാരാദേശം (ഇറങ്ങി- എറങ്ങി),ഉകാരത്തിന് അകാരാദേശം ( ഞങ്ങള്‍ക്കു-ഞങ്ങള്‍ക്ക),വര്‍ണ്ണലോപം( മിശിഹായുടെ-മിശിഹാടെ),ബഹുവചനപ്രത്യയത്തിന്റെ ആവര്‍ത്തനം എന്നിങ്ങനെ വളരെയധികം വ്യാകരണസംബന്ധിയായ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

ലളിതമായി പറഞ്ഞാല്‍ പോര്‍ട്ടുഗീസ് ,ഡച്ച് , ബ്രട്ടീഷ് സംസ്‌കാരങ്ങള്‍ പ്രാദേശികമലയാളത്തില്‍ നടത്തിയ ഇടപെടലിന്റെ അവശേഷിപ്പുകളാണ് ഡാനി പ്രതിനിധാനം ചെയ്യുന്ന കാലത്തെ ഭാഷ.ഓരോന്നിനും അതിന്റേതായ വ്യക്തിത്വമുള്ള ചെറുഭാഷാസമൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ ജനതക്കിടയിലുള്ള പൊതുവായ ആദാനപ്രദാനങ്ങള്‍ കടലോരത്തിന്റെ പ്രാദേശികഭാഷയെന്ന മുഖ്യധാരയിലേക്ക് ഈ

ലഘുഭാഷാസമൂഹങ്ങളെ കോര്‍ത്തിണക്കി.അങ്ങനെ കൊച്ചിഭാഷ സങ്കരസംസ്‌കാരങ്ങളുടെ ആകെത്തുകയായി.കാലാകാലങ്ങളില്‍ വാണിജ്യപരമായും സാമ്രാജ്യത്വപരമായും മതപരമായും നടന്ന അധിനിവേശങ്ങള്‍,തൊഴില്‍പരമായ ഏറ്റക്കുറച്ചിലുകള്‍(മീന്‍ പിടുത്തക്കാര്‍,ചരക്കുനീക്കം നടത്തുന്ന കമ്പൂഞ്ഞികള്‍,മണ്‍കലവും ചട്ടിയും ഉണ്ടാക്കുന്നവര്‍,കൊല്ലപ്പണിക്കാര്‍ എന്നുതുടങ്ങി നിരവധി തൊഴിലുകളിലേര്‍പ്പെട്ടിരുന്നവര്‍ അവിടെയുണ്ടായിരുന്നു)എന്നിവയെല്ലാം ഭാഷാരൂപീകരണത്തിന് വഴിയൊരുക്കി.വഴിപിഴച്ച സ്ത്രീകള്‍ കൊച്ചിയിലെ അക്കാലത്തെ 'അപരാധിത്തെരുവി'ല്‍ അന്യദേശക്കാരുമായി ഇടപഴകിജീവിച്ച സാഹചര്യം,നാട്ടുകാരികളെ മതപരിവര്‍ത്തനം നടത്തി നീഗ്രോകള്‍ക്കും മറ്റും വിവാഹം ചെയ്തുകൊടുക്കുന്ന രീതി,കപ്പലുകാര്‍ക്ക് കടലോരത്തെ സ്ത്രീകളെ വില്‍ക്കുന്ന പ്രവണത എന്നുതുടങ്ങി സംസ്‌കാരവും അതുവഴി ഭാഷയും കടന്നുപോയ ദശാസന്ധികള്‍ നിരവധിയാണ്. ഇതിന്റെയെല്ലാം അന്തിമഫലം ഭാഷാപരമായ സങ്കലനം കൂടിയായിരുന്നു.ഡാനിയുടെ ഭാഷയും ഇത്തരം പരിണാമങ്ങള്‍ക്കു വിധേയമാകുന്നത് നമുക്ക് കാണാവുന്നതാണ്

വിവാഹരാത്രിയില്‍ ഡാനി ആദ്യഭാര്യ ക്ലാരയോട്: 'എന്റെ ശരിക്കനുമൊള്ള പേര് ഡാനിയല്‍ തോമാസെന്നാണ്.പക്ഷേ എല്ലാരും വിളിക്കണത് ഡാനീഡാനീന്നാണ്.ക്ലാരേനെ ഞാന്‍ ക്ലാരേന്ന് വിളിച്ചോട്ടെ...ക്ലാരെ...ഞാനൊന്നിവിടിരുന്നോട്ടെ.ഇനീപ്പോ പണിയിമ്മിണികൂടുതലെടുക്കേണ്ടിവരും.ചെലവുകൂടുകയല്ലേ...ഞായിക്കയ്യേലൊന്നുപിടിച്ചോട്ടെ.നല്ല സ്വോഫ്റ്റുകയ്യാണല്ലോ...റിപ്പയറു പണികിട്ടും. പക്ഷേ നുമ്മ കുത്തീര്ന്ന് പണീടെക്കേണ്ടിവരും...ഞാനിനി ത്വോളത്തൊന്നു കൈവച്ചോട്ടെ.' കഥ നടക്കുന്ന വര്‍ത്തമാനകാലസാഹചര്യങ്ങളെത്തുമ്പോഴേക്കും ഡാനി സൈക്കിള്‍റിപ്പയറിംഗ് ജോലിയും ബാന്റ്മാസ്റ്റര്‍ ജോലിയും അവസാനിപ്പിച്ച് മാര്‍ഗരറ്റിന്റെ ഭര്‍ത്താവായിക്കഴിഞ്ഞിരുന്നു.
മമ്മൂക്കയുടെ ഡയലോഗ് പ്രസന്റേഷനെക്കുറിച്ചു പറഞ്ഞാല്‍... അതിനദ്ദേഹം എടുക്കുന്ന എഫര്‍ട്ട് വളരെ വലുതാണ്.മമ്മൂക്കക്കു പിന്നെ ഇതൊന്നും പ്രത്യേകിച്ച് പ

റഞ്ഞുകൊടുക്കേണ്ട കാര്യവുമില്ലല്ലോ.മാര്‍ഗരറ്റെന്ന കഥാപാത്രത്തില്‍ നിന്നു മാറിനിന്നുകൊണ്ട് വാണിവിശ്വനാഥ് എന്ന വ്യക്തിയായി നോക്കുമ്പോള്‍ മമ്മൂക്കയുടെ അഭിനയത്തില്‍ ഡാനിയെ കാണുമ്പോള്‍ പലപ്പോഴും വല്ലാത്ത വിഷമം തോന്നുമായിരുന്നു. അതേ സമയം വലിയ സന്തോഷവുമുണ്ടാവും.ദ:ഖവും സന്തോഷവുമെല്ലാം...അഭിനയം കൊണ്ട് ഒരു മാല തന്നെയുണ്ടാക്കുകയായിരുന്നു മമ്മൂക്ക.'

ഡാനിയുടെ ഭാര്യയായി മികച്ച പ്രകടനം കാഴ്ച വച്ച വാണിവിശ്വനാഥിന്റെ ഈ വാക്കുകള്‍ മതി മമ്മൂട്ടിയുടെ അഭിനയത്തിന്റെ കരുത്ത് എത്രത്തോളമായിരുന്നെന്ന് വ്യക്തമാകുവാന്‍
 

No comments:

Post a Comment