യാത്ര ചോദിക്കാനെത്തുന്ന ഹാരിപോട്ടര്‍
മനോജ് ഭാരതി
12 Aug 2010
ഹാരിപോട്ടര്‍ സിനിമകളില്‍ ബ്ലാക്ക്് മാജിക്ക്് പഠിപ്പിക്കുന്ന ഗുരു ഫിലിയസ് ഫ്‌ലിറ്റ്വിക്കിനെ അവതരിപ്പിച്ച ഇംഗ്ലീഷ് നടന്‍ വാര്‍വിക്ക് ഡേവിസ് 2010 ജൂണ്‍ 12 ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‍ രേഖപ്പെടുത്തിയത് വളരെ വൈകാരികമായ ഒരു വിടവാങ്ങലായിരുന്നു.ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന ചിത്രങ്ങളായ ഹാരിപോട്ടര്‍ ആന്റ് ദി ഡത്ത്‌ലി ഹാലോസ് ഒന്നും രണ്ടും ഭാഗങ്ങളുടെ പ്രധാന ചിത്രീകരണം ഔപചാരികമായി അവസാനിച്ച ദിവസമായിരുന്നു അത്. മന്ത്രവാദിനികളുടെയും മായാജാലക്കാരുടെയും സാങ്കല്പിക ബോര്‍ഡിംഗ് സ്‌കൂളായ ഹോഗ്വാര്‍ട്ട്‌സിനോടും ഹാരി എന്ന നായകകഥാപാത്രത്തോടും വേദനയോടെയാണ് വാര്‍വിക്ക് വിട ചൊല്ലിയത്.തീര്‍ച്ചയായും വാര്‍വിക്ക് ട്വിറ്ററില്‍ പറഞ്ഞതു പോലെ ഇത് ഒരു യുഗത്തിന്റെ അവസാനമാണ്. ലോകത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹാരി എന്ന മാന്ത്രികബാലന്‍ പ്രിയപ്പെട്ട കൂട്ടുകാരനായി മാറിയ പത്തു വര്‍ഷങ്ങളുടെ അവസാനകാലം.ഈ പരമ്പരയിലെ ഒടുവിലത്തെ നോവല്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിട്ടുള്ളത്.ഹാരിപോട്ടര്‍ ആന്റ് ദി ഡത്ത്‌ലി ഹാലോസ് -1 ഈ വര്‍ഷം നവംബര്‍ 19 നും രണ്ടാം ഭാഗം 2011 ജൂലൈ 15നും തീയേറ്ററുകളിലെത്തും.
ബ്രിട്ടീഷ് നോവലിസ്റ്റ് ജെ കെ റൗളിംഗിന്റെ ഹാരിപോട്ടര്‍ നോവലുകള്‍ സിനിമാരൂപത്തിലാകുന്നത് 2000 മുതലാണ്.ഹാരി പോട്ടര്‍ ആന്‍ഡ് ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്ന ആദ്യചിത്രം മുതല്‍ 2009 ജൂലൈയില്‍ പുറത്തിറങ്ങിയ ഹാരിപോട്ടര്‍ ആന്റ് ഹാഫ് ബ്ലഡ് പ്രിന്‍സ് വരെയെത്തുമ്പോള്‍ ഈ പരമ്പരയിലെ ആറു നോവലുകള്‍ ലോകമെമ്പാടുമുള്ള കുട്ടികളെത്തേടി സിനിമാരൂപത്തിലെത്തി.2010 ജൂലൈ വരെയുള്ള കണക്കുകളനുസരിച്ച് ലോകത്തെ എക്കാലത്തെയും മികച്ച മുപ്പത് പണംവാരിപ്പടങ്ങളില്‍ ഈ ആറു ചിത്രങ്ങളും ഉള്‍പ്പെടുന്നു.അതില്‍ തന്നെ ഒന്നും അഞ്ചും ആറും ഭാഗങ്ങള്‍ ആദ്യത്തെ പത്തു ചിത്രങ്ങള്‍ക്കുള്ളില്‍ പെടുകയും ചെയ്യും.ഇതുവരെ ലോകത്താകമാനം ഈ ചിത്രങ്ങള്‍ നേടിയിരിക്കുന്നത് 5.4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.ചില സാങ്കേതിക വാദങ്ങള്‍ ഒഴിവാക്കിയാല്‍ ലോകപ്രശസ്ിത സിനിമാ പരമ്പരകളായ ഇരുപത്തിരണ്ട് ജയിംസ്‌ബോണ്ട് ചിത്രങ്ങളുടെയും സ്റ്റാര്‍ വാറിന്റെ ആറു ഭാഗങ്ങളുടെയും വരുമാനത്തെ മറികടക്കാന്‍ ഹാരിപോട്ടര്‍ക്കു കഴിഞ്ഞു.
മാന്ത്രികവിദ്യകളും മായാജാലവും നിറഞ്ഞ ഹാരിപോട്ടര്‍ നോവലുകള്‍ക്കും സിനിമകള്‍ക്കും ആകസ്മികതകള്‍ കൊണ്ട് സമ്പന്നമായ ചരിത്രമാണുള്ളത്.1995 ല്‍ ഹാരിപോട്ടര്‍ ഒന്നാം ഭാഗത്തിന്റെ കയ്യെഴുത്തു പ്രതി പൂര്‍ത്തിയാക്കിയ എഴുത്തുകാരി പന്ത്രണ്ട് പ്രസാധകരെ സമീപിച്ചെങ്കിലും അവരെല്ലാം അത് പ്രസിദ്ധീകരിക്കാന്‍ മടിച്ചു..ഒടുവില്‍ താരതമ്യേന ചെറിയ പ്രസാദ്ധീകരണശാലയായ ബ്ലൂ ബെറി 1000 കോപ്പികള്‍ പുറത്തിറക്കുവാന്‍ തയ്യാറായി.എന്നാല്‍ 2007 ജൂലൈ 21 ന് പരമ്പരയുടെ അവസാന നോവല്‍ പുറത്തുവരുമ്പോഴേക്കും അത് പുസ്തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോഡ് തകര്‍ത്തിരുന്നു. 24 മണിക്കൂറിനിടയില്‍ അമേരിക്കയിലും ബ്രിട്ടനിലുമായി വിറ്റഴിഞ്ഞത് 11 മില്യണ്‍ കോപ്പികളാണ്.ഏറ്റവുമധികം കോപ്പികള്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വിറ്റഴിഞ്ഞ പുസ്തകമെന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമായതും ഹാരി പോട്ടറുടെ മാത്രം മായാജാലമാണ്.
ഇതേ ആകസ്മികത കൊണ്ട് തന്നെയാണ് അനാകര്‍ഷകമായി ബുക്ക് ഷെല്‍ഫില്‍ ഒതുങ്ങിയിരുന്ന ഹാരിപോട്ടര്‍ നോവല്‍ അമേരിക്കന്‍ ഫിലിം പ്രൊഡ്യൂസറായ ഡേവിഡ് ഹേയ്മാന്റെ ശ്രദ്ധയില്‍പ്പെട്ടതും. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഹാരിയെ കണ്ടെത്തിയതിലുമുണ്ട് യാദൃച്ഛികത.ഏഴുമാസത്തിലധികം നീളുന്ന തിരച്ചിലിനൊടുവില്‍ ഒരു തീയേറ്ററില്‍ വച്ച് പിന്‍ സീറ്റിലുണ്ടായിരുന്ന റാഡ് ക്ലിഫേയെ സിനിമയുടെ പ്രൊഡ്യൂസറും തിരക്കഥാകൃത്ത്് സ്റ്റീവ് ക്ലൗസും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. ബി ബി സി ടെലിവിഷന്‍ നിര്‍മ്മിച്ച ഡേവിഡ് കോപ്പര്‍ഫീല്‍ഡില്‍ അതിനകം തന്നെ അഭിനയിച്ചിരുന്ന ,വലിയ നീലക്കണ്ണുകളുള്ള ഊര്‍ജ്ജസ്വലനായ റാഡ് ക്ലിഫേ മാന്ത്രികബാലനായ ഹാരി പോട്ടറെ മികവുറ്റതാക്കുമെന്ന കാര്യത്തില്‍ എഴുത്തുകാരി റൗളിംഗിനും സംശയമുണ്ടായിരുന്നില്ല.പിന്നീട് ആയിരത്തിലധികം പേരെ സ്‌ക്രീന്‍ ടെസ്്റ്റ് നടത്തിയാണ് തികച്ചും അപ്രശസ്തരായിരുന്ന എമ്മാ വാട്‌സണെന്ന പത്തു വയസ്സുകാരിയെയും റൂപര്‍ട്ട് ഗ്രിന്റ് എന്ന പതിനൊന്നുകാരനെയും മറ്റു പ്രധാനവേഷങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.ഈ മൂന്നു പേരുടെ തെരഞ്ഞെടുപ്പും അതിനവലംബിച്ച രീതിയും കഴിഞ്ഞ ദശകത്തില്‍ ഷോ ബിസിനസ് രംഗത്തു നടന്ന ഏറ്റവും മികച്ച തീരുമാനമായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ സംവിധായകനായി നിശ്ചയിച്ചുകൊണ്ടാണ് ആദ്യചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത്.എന്നാല്‍ ഹാരിപോട്ടറെ ഒരു ആനിമേഷന്‍ ചിത്രമാക്കാനായിരുന്നു സ്പില്‍ബര്‍ഗിന് താല്പര്യം. റൗളിംഗും പ്രൊഡ്യൂസറും അതിനോട് യോജിച്ചില്ല.അങ്ങനെയാണ് ക്രിസ് കൊളംബസ് ചിത്രത്തിന്റെ സംവിധായകനായത്.അദ്ദേഹം സംവിധാനം ചെയ്ത ഹോം എലോണ്‍,മിസ്സിസ്സ് ഡൗട്ട് ഫയര്‍ തുടങ്ങിയ എന്റര്‍ടെയിന്‍മെന്റുകളും യംഗ് ഷെര്‍ലക് ഹോം എന്ന ചിത്രത്തിന് രചിച്ച തിരക്കഥയും മുന്‍ നിര്‍ത്തി ഹാരി പോട്ടറിന്റെ വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴ്‌സാണ് കൊളംബസിനെ ശുപാര്‍ശ ചെയ്തത്.ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങള്‍ അല്‍ഫോണ്‍സോ ക്യുവറോണും മൈക്ക് നെവല്ലും സംവിധാനം ചെയ്തു.തുടര്‍ന്നുള്ള രണ്ടും ഇപ്പോള്‍ നിര്‍മ്മാണത്തിലുള്ള രണ്ടും ഭാഗങ്ങളുടെ സംവിധാനം ഡേവിഡ് യേറ്റ്‌സാണ്.
ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നോവല്‍ പരമ്പരയുടെ ഏഴാം ഭാഗം പുറത്തിറങ്ങിയതിനു ശേഷമാണ് റൗളിംഗ് നോവല്‍ പൂര്‍ത്തിയായതായി വ്യക്തമാക്കിയത്.ഈ അവസാന ഭാഗമാണ് രണ്ടു സിനിമകളായി ടുഡി,ത്രീഡി സങ്കേതങ്ങളില്‍ ഒരുങ്ങുന്നത്.ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ ഹാരിയുടെ പുത്തന്‍ വിശേഷങ്ങള്‍ക്കും വിസ്മയ ലോകത്തിനും വേണ്ടിയുള്ള കുട്ടികളുടെ കാത്തിരിപ്പിനും എന്നെന്നേക്കുമായി വിരാമമാകും.
ഹാരിപോട്ടര്‍ സീക്വല്‍സിലൂടെ ആസ്വാദനതലത്തില്‍ സൃഷ്ടിക്കപ്പെട്ട കുട്ടിപ്രേക്ഷകരുടെ ആഗോളകൂട്ടായ്മ എല്ലാ രാജ്യങ്ങളിലുമുള്ള സിനിമാ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കൂടിയാണ്.കുട്ടികളുടെ ആസ്വാദനശീലം വഉര്‍ത്തുന്നതിനും , അവരുടെ ലോകത്തേകക്ക് ക്യാമറ തിരിക്കുന്നതിനും അത് പ്രേരണ നല്‍കുന്നു.പുറത്തിറങ്ങിയതും അനൗണ്‍സ് ചെയ്തതുമായി നൂറ്റിമുപ്പതിലധികം ഹിന്ദി ചിത്രങ്ങള്‍ 2010 ല്‍ ബോളിവുഡിന്റേതു മാത്രമായുണ്ടെങ്കിലും അതില്‍ കുട്ടികളെ മുന്നില്‍ക്കണ്ട് നിര്‍മ്മിച്ചത് കേവലം അഞ്ചെണ്ണം മാത്രമാണ്.കുട്ടികളുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാദേശികഭാഷകളിലുള്ള സിനിമാപ്രവര്‍ത്തകര്‍ പോലും നിസ്സംഗത പുലര്‍ത്തുന്നു. ഇവിടെയാണ് കുട്ടികളുടെ സിനിമാ ആഭിമുഖ്യം പരിപോഷിപ്പിക്കുന്നതില്‍ ഹാരിപോട്ടര്‍ സിനിമകള്‍ വിജയം കൈവരിച്ചതും.
No comments:
Post a Comment