Monday, March 7, 2011

നടന്‍ ഭാഷാപഠനത്തിന്റെ ഉപകരണമാകുമ്പോള്‍

നടന്‍ ഭാഷാപഠനത്തിന്റെ ഉപകരണമാകുമ്പോള്‍

13 Sep 2010

മമ്മൂട്ടി: ഭാഷയും ദേശവും-1


ഭാഷയുടെ ഓജസ്സും വ്യതിരിക്തതയും എത്രത്തോളം ജനകീയമാണെന്ന് പരിശോധിക്കപ്പെടുന്നതിന്റെ സൂചകങ്ങളിലൊന്ന് പ്രാദേശികമായി അത് നേടിയെടുക്കുന്ന സ്വീകാര്യതയാണ്.സ്വീകാര്യതയുടെ ആധാരം ഓരോ സമൂഹത്തിന്റെയും വ്യവഹാരോപാധിയെന്ന നിലയില്‍ ഭാഷക്കുള്ള പ്രാദേശികസ്വഭാവവുമാണ്. ഇക്കാര്യത്തില്‍ സുഭദ്രമായ നിലയാണ് എക്കാലത്തും നമ്മുടെ മാതൃഭാഷക്കുള്ളത്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതതി നിര്‍ലോഭം കൊണ്ടും കൊടുത്തും മലയാളത്തെ സമ്പുഷ്ടമാക്കി.വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയെ പലവിധത്തില്‍ വര്‍ഗ്ഗീകരിക്കാമെങ്കിലും ചരിത്രപരമായി അത് അറിയപ്പെടുന്നത് ആറു പ്രവിശ്യകളായാണ്.

1.വടക്കേ മലബാര്‍(കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി,കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,വടകര എന്നീ താലൂക്കുകളും)

2.മലബാര്‍ (മലപ്പുറം,മാനന്തവാടി ഒഴിച്ചുള്ള വയനാട് ജില്ല,വടകരയും കൊയിലാണ്ടിയുമൊഴിച്ചുള്ള കോഴിക്കോട്,,ചിറ്റൂരൊഴിച്ചുള്ള പാലക്കാട ജില്ല,തൃശൂര്‍ ജില്ലയുടെ ഭാഗങ്ങള്‍)

3.കൊച്ചി (പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,എറണാകുളത്തിന്റെയും തൃശൂരിന്റെയും ഭാഗങ്ങള്‍)
4.വടക്കന്‍ തിരുവിതാംകൂര്‍ (ഇടുക്കി,എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍)

5.മദ്ധ്യ തിരുവിതാംകൂര്‍ (കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളും ഇടുക്കിയുടെ തെക്കന്‍ഭാഗങ്ങളും കൊല്ലം ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും)

6.തെക്കന്‍ തിരുവിതാംകൂര്‍ (കൊല്ലത്തിന്റെ തെക്കന്‍ ഭാഗങ്ങളും തിരുവനന്തപുരവും)

ഈ പ്രദേശങ്ങളിലെല്ലാം പ്രാദേശികഭാഷകളുടെ കൂടുതല്‍ വേര്‍തിരിക്കാവുന്ന അവാന്തരങ്ങള്‍ നിലനില്‍ക്കുന്നു .ഒപ്പം ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെയും മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയടക്കം ആഗോളമലയാളിസമൂഹത്തിന്റെയും വക വേറെയും

വാമൊഴിപ്രധാനമായ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സാമൂഹ്യ വ്യവസ്ഥിതി , ജാതിയും മതവും, തൊഴില്‍,ഭാഷാതിര്‍ത്തികളില്‍ നടക്കുന്ന പരസ്​പര ആദേശം,അധിനിവേശങ്ങളും കുടിയേറ്റങ്ങളും എന്നു തുടങ്ങി നിരവധി സാഹചര്യങ്ങളുടെ പുന:ക്രമീകരണങ്ങളാണ്.ഇവയൊക്കെത്തന്നെ കാലാകാലങ്ങളില്‍ നമ്മുടെ സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലും ഏറിയും കുറഞ്ഞും പ്രകടമായിട്ടുമുണ്ട്.ഭാഷാസിനിമകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല.

പ്രാദേശികതയും ഭാഷാവ്യതിയാനവും പശ്ഛാത്തലമായ ചലച്ചിത്രങ്ങള്‍,സ്ഥലപ്പെരുമയായി ഉച്ചാരണവൈവിധ്യങ്ങളോടെയെത്തിയ കഥാപാത്രങ്ങള്‍,സ്വതസിദ്ധമായ പ്രാദേശികഭാഷണങ്ങള്‍ക്കുടമകളായ നടന്‍മാര്‍ എന്നിങ്ങനെ മലയാളസിനിമക്ക് ഭാഷണവൈചിത്ര്യവുമായുള്ള ബന്ധം വലുതാണ്.ഇത്തരത്തില്‍ കേരളത്തിലെ പ്രാദേശികഭാഷകളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളും അതവതരിപ്പിച്ച നടന്‍മാരും നിരവധിയാണ്.എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭാഷണവൈചിത്ര്യം ഏറ്റവും സാര്‍ത്ഥകമായി കൈകാര്യം ചെയ്ത നടന്‍ മമ്മൂട്ടിയാണ്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതുമാത്രമല്ല,ദേശം ഏതെന്ന് വിവേചിച്ചറിയാനാകാത്ത വാമൊഴിവൈവിധ്യങ്ങള്‍ പോലും ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രയോഗത്തിലാക്കി. ഉച്ചാരണത്തില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത തന്നെ മമ്മൂട്ടിക്ക് അത്തരം പ്രാദേശികസ്വഭാവങ്ങളെ സ്വാംശീകരിക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണമാണ്.ആ നിലക്ക് തന്നെയാണ് അദ്ദേഹം ഭാഷാ പഠനത്തിനുള്ള ഉപകരണം കൂടി ആകുന്നതും.

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നു വന്ന മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ അച്ചുതണ്ടില്‍ കാല്‍നൂറ്റാണ്ടിലധികമായി ചുറ്റിത്തിരിയുന്ന മലയാളസിനിമക്ക് അദ്ദേഹം നല്‍കിയ ക്ലാസ്സിക് കഥാപാത്രങ്ങള്‍ നിരവധിയാണ്.അസാമാന്യമായ സാന്നിധ്യം കൊണ്ടും ശബ്ദസൗഷ്ഠവം കൊണ്ടും അവിസ്മരണീയമായ ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും അഭിനയസ്വീകാര്യത കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നില്ല.വടക്കന്‍ വീരഗാഥയിലെ ചന്തുചേകവര്‍,അംബേദ്കര്‍,വിധേയനിലെ ഭാസ്‌കരപട്ടേലര്‍,പൊന്തന്‍മാട,പഴശ്ശിരാജ,പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, അമരത്തിലെ അച്ചൂട്ടി,തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്റര്‍, മൃഗയയിലെ വാറുണ്ണി,അടിയൊഴുക്കുകളിലെ കരുണന്‍,സുകൃതത്തിലെ രവിശങ്കര്‍,ന്യൂഡല്‍ഹിയിലെ ജി കെ,കറുത്ത പക്ഷികളിലെ മുരുകന്‍,കാഴ്ചയിലെ മാധവന്‍,ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, യവനികയിലെ ജേക്കബ് ഈരാളി തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍.
ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും സ്വത്വം തന്നെ കുടികൊള്ളുന്നത് അവക്ക് നിശ്ചയിക്കപ്പെട്ട വര്‍ഗ്ഗീകരിക്കപ്പെട്ട പ്രദേശഭാഷകളുടെ ശക്തിയും ചൈതന്യവും പണിക്കുറ തീര്‍ത്ത് പ്രകടിപ്പിക്കാന്‍ ഈ നടന് കഴിഞ്ഞതുകൊണ്ടാണ്. വിപണിസിനിമയെന്നോ സമാന്തരസിനിമയെന്നോ വിഭജിച്ചാല്‍പ്പോലും ഇരുഗ്രൂപ്പിലും പെടുത്തി വെവ്വേറെ പഠനാര്‍ഹമാക്കാവുന്ന വാമൊഴിവഴക്കത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്.

'Acting is by far and away the toughest job,in terms of film making and may be even the arts.How they do it I don't know, but they have to be allowed to get their satisfaction'ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എത്രമാത്രം ക്ലേശകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംവിധായകന്‍ ജോനാതന്‍ ഡമ്മെയുടെ ഈ അഭിപ്രായം.ആ നിലക്ക് സംഭാഷണങ്ങളിലെ ഈണം,നീട്ടല്‍,കുറുക്കല്‍,പദങ്ങളുടെ ഊന്നല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി കഥാപാത്രത്തിന്റെ ദേശസ്ഥിതി വ്യക്തമാക്കുകയെന്ന സൂക്ഷ്മാംശബദ്ധമായ അഭിനയപദ്ധതിയില്‍ മമ്മൂട്ടി നേടുന്ന വിജയം നിരീക്ഷണവിധേയമാക്കുന്നത് ഭാഷാപഠനത്തിന് മുതല്‍ക്കൂട്ടുമാണ്.

തെക്കന്‍ തിരുവിതാംകൂറുകാരന്‍ രാജമാണിക്യം മുതല്‍ കന്നടത്തിന്റെ ഉച്ചാരണസ്വാധീനമുള്ള ഭാസ്‌കരപട്ടേലര്‍ വരെ നീളുന്ന മലയാളിസമൂഹത്തിന്റെ പ്രാദേശിക പ്രതിനിധികളില്‍ ചിലരാണ് ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ പോകുന്നത്.വാണിജ്യസിനിമയിലേതെന്നോ സമാന്തരസിനിമയിലേതെന്നോ വിവേചനമില്ലാതെ ഇത്തരം പ്രാദേശികഭാഷാവൈചിത്ര്യങ്ങളോടുള്ള എല്ലാ വിഭാഗം ആളുകളുടെയും അപരിചിതത്വം കുറക്കാന്‍ സഹായകമായത് പ്രധാനമായും മമ്മൂട്ടിയുടെ താരസാന്നിധ്യമാണ്.പരിമിതമായ സ്ഥലത്തുപോലും ഭാഷാവൈചിത്ര്യത്തിനും അതിന്‍മേലുള്ള അപരിചിതത്വത്തിനും എത്രത്തോളം വൈജാത്യമുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരുദാഹരണം നോക്കാം.കാസര്‍കോട് ജില്ലയില്‍ മാത്രം നുണ പറച്ചിലിന് മുപ്പതോളം വാക്കുകള്‍ പ്രചാരത്തിലുണ്ടെന്ന് നാട്ടുഭാഷാനിഘണ്ടുവായ പൊഞ്ഞാറില്‍ നിന്നു വ്യക്തമാകുന്നു.പുളു,പഞ്ചാത്തിക്ക,ബീമ്പ്,ലൊട്ട , സൊള,പയ്യാരം , ബിശ്യം എന്നു തുടങ്ങി സര്‍വ്വസാധാരണമായി അതത് പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഈ വാക്കുകള്‍ ചെറിയൊരു ഭൂപ്രകൃതിയുടെ അതിരുകള്‍ക്കപ്പുറം പലപ്പോഴും ദുര്‍ഗ്രഹമാകുന്നു.ബോധപൂര്‍വ്വമല്ലെങ്കില്‍കൂടി നിരവധി ലഘുസമൂഹങ്ങളുടെ ഇത്തരത്തിലുള്ള സമ്പര്‍ക്കഭാഷകള്‍ സംസ്ഥാനത്തുടനീളമുള്ള പ്രേക്ഷകരുടെ ഏകസമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനും ശരീരം കൊണ്ടും ശാരീരം കൊണ്ടും മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു.  

No comments:

Post a Comment