Monday, March 7, 2011

തെക്കന്‍ തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍

മ്മൂട്ടി : ഭാഷയും ദേശവും-2


'സാറെ.സാറിന്റെ ആ വരക്കവും ഷഡന്‍ ബ്രേക്കിട്ടൊള്ള നിര്‍ത്തക്കോം കണ്ടപ്പളേ എനിക്കു സംഗതി കത്തി കേട്ടാ.ആരേലും പറഞ്ഞുവിട്ടയാന്ന് .ജ്വാലി എന്തരായാലും കൂലിയാണല്ലോ പ്രധാനം. ഇതു ഞങ്ങളു പ്വോത്തുകച്ചോടക്കാരടെ ഒരു രീതിയാണ് കേട്ടാ.തോര്‍ത്തുപൊത്തി കച്ചോടമൊറപ്പിക്കുക. ദാ പിടിക്ക്. അഞ്ഞൂറു രൂവയുണ്ട്.'

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യചിത്രമായ രാജമാണിക്യത്തിലെ കേന്ദ്രകഥാപാത്രം അധീശത്വപരമായ ഒരു പ്രകടനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമനോട് മുതിരുന്നതിനു മുന്നോടിയായുള്ള സംഭാഷണമാണിത്.അഞ്ഞൂറു രൂപാനോട്ട് തോര്‍ത്തില്‍ പൊതിഞ്ഞ് വാങ്ങുന്നയാളുടെയും നല്‍കുന്നയാളുടെയും കൈപ്പത്തികളെ മറച്ചുകൊണ്ടുള്ള കൗതുകകരമായ ഒരു ദായക്രമത്തിനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്.ഒരു ദായക്രമമെന്നു പറയുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായി രൂപീകരിക്കപ്പെട്ട ഒരു ഭാഷാപ്രയോഗമെന്നു തന്നെയാവും.

തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട് കാലിച്ചന്തയിലും മറ്റും ഇടനിലക്കാര്‍ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്.പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലികളെ വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് മറക്കുന്നതിന് പരസ്​പരം ഉപയോഗപ്പെടുത്തുന്ന ഗൂഢമായ സംവേദനമാധ്യമമെന്ന് പറയാം.ഇപ്രകാരം തോര്‍ത്തു മൂടി കൈവിരലുകള്‍ തൊട്ടു നടക്കുന്ന ആശയവിനിമയത്തില്‍ കാലികളുടെ ആകാരവും അതിനനുസരിച്ചുള്ള വിലപേശലും സുഗ്രഹമാകും.വിരലിന്റെ പകുതി,മുഴുവന്‍ വിരല്‍, രണ്ടുവിരല്‍ എന്നിങ്ങനെ തോര്‍ത്തുമൂടിയുള്ള ക്രയവിക്രയം യഥാക്രമം 1/2,1,2 എന്ന സംഖ്യകളായി വിനിമയം ചെയ്യപ്പെടുന്നു.ചുണ്ടുവട്ടം,കാളക്കൊമ്പ് ,ചെകിട്‌ചെകിട്,തേങ്ങ,തുടങ്ങിയ പദങ്ങളും ഒന്നു മുതല്‍ പത്തുവരെ എണ്ണത്തിനുപയോഗിക്കുന്നു .ചവ്(1),തോവ്(2),തിലിപു(3),പാത്ത്(4),തട്ടല്(5),തടവല്(6),നൊളയ്ക്കല്(7),വലു(8),തായം (9),പുലു (10) തുടങ്ങിയവയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഭാഷാ വകഭേദമാണ്.ഇവ പൊതുവെ അറിയപ്പെടുന്നത് ചാരഭാഷയെന്നാണ്.

ആംഗികം കൊണ്ടും വാചികം കൊണ്ടും മമ്മൂട്ടിയുടെ പ്രതിഭ അവിസ്മരണീയമാക്കിയ രാജമാണിക്യം സിനിമാരംഗത്തെ വിപണി അധിഷ്ഠിതമായ ക്ലാസ്സ് കഥാപാത്രമാണ്. പഴയ തിരുവിതാംകൂറിലെ ഭാഷയെ അല്ലെങ്കില്‍ 'തിരോന്തരം ഭാഷ'യെ പൊതുവെ സിനിമകളില്‍ ഉപയുക്തമാക്കിയിരുന്നത് ചിരിയും പരിഹാസവുമുണര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്.നമ്മളും എന്തരും വെള്ളങ്ങളും ചിരിക്കു മാത്രമേ വക നല്‍കിയിരുന്നുള്ളൂ.ചിന്തിക്കാനും ആശങ്കപ്പെടാനും നൊമ്പരപ്പെടാനുമൊന്നും ഈ വാമൊഴിഭേദം പരിഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.എന്നാല്‍ ഐക്യകേരളപ്പിറവിയും വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഒരു മാനകഭാഷക്കു രൂപം നല്‍കിയെങ്കിലും ഇന്നും സജീവമായി നിലകൊള്ളുന്ന ഈ പ്രാദേശികഭാഷാഭേദത്തെ സമ്മിശ്രവികാരത്തോടെ കേട്ടും കണ്ടുമിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ പറഞ്ഞത്.


'എന്നാലും സഹോരാ ,കുന്നോളമുണ്ട് ഉള്ളി സങ്കടങ്ങള്.നെനക്കും വേണ്ടിമാറ്റിവച്ചതാണ് ഞാനീ എടത്തുകണ്ണിന്റെ കാഴ്ചകള്.ഇതിമ്പകരായിട്ട് പയിനായിരം കണ്ണുകള് മാറ്റിവക്കാനുള്ള സ്ഥിതിയുണ്ടിപ്പോ.എന്നിട്ടുമിതിങ്ങനെ തന്നെ കൊണ്ടുനടക്കണത് മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മിക്കാന്‍ വേണ്ടിയാണ്.എന്നിട്ടു പിന്നെ എന്നെക്കൊല്ലാന്‍ വേണ്ടി കായ്കള്‍ കൊടുത്തേപ്പിച്ചോനോട് നീ പറഞ്ഞുകളഞ്ഞല്ലോ എന്റെ എടത്തുഭാഗത്തിരുട്ടാണെന്ന്.നന്നായിട്ടൊണ്ട്.ഒരായുസു മുഴുവന്‍ മേയുന്നോന്റെ അടി കൊണ്ടുനടന്നാലും അവസാനം അറവ്കത്തി തന്നെ കഴുത്തില്.'

ഹാസദ്യോതകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എപ്രകാരമാണ് അടിമുടി മാറ്റി മറിക്കപ്പെടുന്നതെന്നും കേരളീയന് സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാതിരിക്കാനാകാത്ത ഹൃദയവ്യഥ പകരുന്നതെന്നും നാട്ടുഭാഷയുടെ മര്‍മ്മം കണ്ടറിഞ്ഞുള്ള പ്രകടനചതുരതകൊണ്ട് മമ്മൂട്ടി തെളിയിക്കുന്ന സംഭാഷണശകലങ്ങളിലൊന്നാണിത്.സ്വന്തക്കാരിലൊരാളോടെന്ന പോലെ രാജമാണിക്യത്തിന്റെ സന്തോഷത്തിലും വേദനയിലും പങ്കുചേരാനും ആ പൗരുഷത്തെ സ്വീകരിക്കാനും പ്രേക്ഷകര്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായിത്തന്നെ പ്രസ്തുതകഥാപാത്രത്തിന് ഭാഷാചരിത്രത്തിലും സ്ഥാനം ലഭിക്കുന്നുണ്ടെന്നു പറയാം.

അങ്ങനെയാണ് കുഴിത്തുറയോടു ചേര്‍ന്നു കിടക്കുന്ന പാറശ്ശാല,പൂവാര്‍, പുല്ലുവിള,നെയ്യാറ്റിന്‍കര, നേമം,വെള്ളറട,നെയ്യാര്‍,പേപ്പാറ,കോവളം തുടങ്ങി ഈ പ്രാദേശിക ഭാഷാഭേദം നിലനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും രാജമാണിക്യം പ്രതിനിധി ആകുന്നത്.

'അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും നമുക്ക് രണ്ട് ഭാഷകളുടെ സ്വാധീനമുണ്ടാവും. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഭാഷയുടെ പ്രത്യേകതയോട് താല്‍പ്പര്യം തോന്നും. പിന്നെ അതിലെന്തെങ്കിലും പ്രത്യേകതയോ ഫണ്ണോ ഉണ്ടാക്കാന്‍ കഴിയുമോ, ചിരി വരുത്താന്‍ സാധിക്കുമോ എന്നൊക്കെയുള്ള ശ്രമങ്ങളാണ്.രാജമാണിക്യത്തിലുള്ളത് തിരുവനന്തപുരത്ത് മൊത്തമായി ആരോപിക്കപ്പെടുന്ന ഒരു ഭാഷയുടെ സങ്കരമാണ്്.പല പ്രദേശങ്ങളില്‍ നിന്നുള്ള പല പ്രയോഗങ്ങളും അതിലുണ്ട്.രാജമാണിക്യത്തിലുപയോഗിക്കുന്ന ഭാഷ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം ഉപയോഗിക്കുന്ന ഒന്നല്ല;എന്നുമാത്രമല്ല എവിടെയെങ്കിലും ഇങ്ങനൊരു ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലവുമില്ല.'മമ്മൂട്ടി പറയുന്നു.

തെക്കന്‍കേരളത്തിന്റെ ഭാഷാവ്യതിയാനചരിത്രത്തില്‍ നിന്നും ചില പ്രാക്തനസൂചനകള്‍ ഒഴിവാക്കിയാല്‍ പോലും 18-20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെയും അധിനിവേശങ്ങളും തിരുവനന്തപുരം ഭാഷയെ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു എന്നു പറയേണ്ടി വരും.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരപരിധിയിലിരുന്ന കാലയളവില്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നുള്ള അയ്യര്‍മാരും മറ്റിടങ്ങളില്‍ നിന്നുള്ള തമിഴ് ജാതിവിഭാഗങ്ങളും കേരളത്തിലേക്കു ഗണനീയമായ കുടിയേറ്റമാണ് നടത്തിയത്.അക്കാലയളവില്‍ തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴ്‌നാട്ടിലുള്ള പത്മനാഭപുരവും ആയിരുന്നു.കേരളത്തിലെ ജാതിവ്യവസ്ഥക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ളതുമായി നിലവിലുണ്ടായിരുന്ന സമാനസ്വഭാവം, കുടിയേറ്റ ജാതിവിഭാഗങ്ങളില്‍ പലതിനും രാജഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച പദവികള്‍ എന്നിവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാവ്യവസ്ഥയില്‍ ഇടപെട്ട ഘടകങ്ങളായിരുന്നു.

സംസാരഭാഷയില്‍രൂപമെടുത്ത പ്രാദേശിക ഭാഷാഭേദങ്ങളുടെ ആത്മാവിനെ സ്വന്തം കൃതികളില്‍ ആവാഹിക്കാന്‍ അക്കാലത്തുതന്നെ സി വി രാമന്‍പിള്ളക്ക് കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ ശങ്കു ആശാനും പാറുക്കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണം നോക്കാം.
ആശാന്‍ : കെഴട്ടു കിഴവന് ഇവിടെ കാര്യമെന്തര്.? ചണ്ട പിടിക്കണതും തേക്ഷ്യപ്പെട്ടതും ആരെ അടുത്ത്.?അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ. നിങ്ങളെയൊക്കെ തര്‍മ്മങ്കൊണ്ട് വെള്ളം മോന്തിക്കിടക്കണ്..അറുപതും ചെന്ന് പി...പി...പിറുപിറുത്ത ഈ കി...കിഴ...കിഴവന് ചാക്കാലയുംപോക്കടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കാമാനും കേപ്പാനും ഇടവന്നത്.
പാറുക്കുട്ടി : ആശാന് ഇത്ര വ്യസനമുണ്ടാകാന്‍ ഞാനെന്തു പറഞ്ഞു? എന്റെ വാക്കാണ് ഈ വ്യസനം ഉണ്ടാക്കിയതെങ്കില്‍...
ആശാന്‍ : അയ്യോ -പിള്ളേടെ വാക്ക് എനിക്ക് വെഥനമുണ്ടാക്കുമോ?ഞാന്‍...ഞാന്‍...എന്റെ പാടു പറയണു പിള്ളേ.പാതിരാക്കു മേലായി.ഒറങ്ങാന്‍ പോവിന്‍.
മാര്‍ത്താണ്ഡവര്‍മ്മയിലെ പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങളിലൊന്നാകാന്‍ ശങ്കു ആശാന് കഴിഞ്ഞതും നവീകരണത്തിന്റെ കലര്‍പ്പില്ലാത്ത, ഹൃദയത്തില്‍ നിന്നുണ്ടാവുന്ന നാട്ടുഭാഷയുടെ നൈര്‍മ്മല്യം കൊണ്ടാണ് . ശങ്കു ആശാന്റെ ഈ സംഭാഷണത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല രാജമാണിക്യത്തിന്റെ ഭാഷയും

രാജമാണിക്യമെന്ന പോത്തുകച്ചവടക്കാരന്റെ ഭാഷയില്‍ വ്യാകരണപരമായി പോലും സാധാരണവല്‍ക്കരിക്കപ്പെട്ട ഭാഷാഭ്രംശങ്ങള്‍ നിരവധിയാണ്.അപരിമേയങ്ങള്‍ക്ക് ബഹുവചനം പാടില്ലെന്ന വ്യാകരണനിയമം ലംഘിച്ചുകൊണ്ടാണ് തെക്കന്‍തിരുവിതാംകൂറുകാര്‍ക്കൊപ്പം രാജമാണിക്യവും ചായകളും വെള്ളങ്ങളും ആവശ്യപ്പെടുന്നത്.ഈ ബഹുവചനരൂപങ്ങള്‍ സംഘസംസ്‌കൃതിയുടെ മാനകങ്ങള്‍ കൂടിയാണ്.
'സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ ;പ്രത്യേകിച്ചും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് ഞാന്‍ കൂടുതല്‍ കടമെടുത്തിരിക്കുന്നത്.ഇതൊരുപാടുകാലം പഴക്കമുള്ള ഭാഷയാണ്.തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ട്.' ഉച്ചാരണത്തിന് സഹായകമായ തയ്യാറെടുപ്പുകളെപ്പറ്റി മമ്മൂട്ടി ഓര്‍ക്കുന്നു.

സിനിമയുടെ കഥാന്തരീക്ഷം സ്വാംശീകരിക്കുന്നതിന് രചയിതാവ് ടി എ ഷാഹിദ് ഒന്നരമാസക്കാലമാണ് നാഗര്‍കോവിലില്‍ താമസിച്ചത്.അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രം സൂക്ഷ്മാംശങ്ങളില്‍ എല്ലാവരെയും കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്വന്തം നാടിന്റെയും മലബാറിന്റെയും ഭാഷയിലെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കൊണ്ടോട്ടിക്കാരനായ ഷാഹിദ്് ബദല്‍ ഭാഷാഭേദം തിരഞ്ഞത്.നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണം.അപ്പോഴാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി തിരക്കഥാകാരന് പ്രേരണയായത്.നാഗര്‍കോവില്‍ പരിസരത്തെ പ്രാദേശികഭാഷാഭേദം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മമ്മൂട്ടി അളന്നുതൂക്കി ഉച്ചരിച്ച രാജമാണിക്യത്തിന്റെ ഭാഷ രൂപപ്പെട്ടതങ്ങനെയാണ്.

സ്വനമാറ്റത്തിലെയും പദകോശത്തിലെയും വ്യതിയാനങ്ങള്‍ പുത്തനെന്ന പ്രതീതി ജനിപ്പിക്കുന്ന ഭാഷയുടെ വാമൊഴി വഴക്കങ്ങള്‍ക്കിടയില്‍ രാജമാണിക്യത്തിന്റെ സംഭാഷണങ്ങള്‍ നിരവധി തവണ മാറ്റിയും മറിച്ചും എഴുതേണ്ടിവന്നു.കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു


.' ആ സ്ലാങ്ങില്‍ ദു:ഖം പറയുക എന്നത് റിസ്‌കായിരുന്നു.ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും മെന്റല്‍ ബ്ലോക്കുതന്നെ അനുഭവപ്പെട്ടു.നേരിട്ടുള്ള പറച്ചിലിന് വേണ്ടത്ര ഫീല്‍ കിട്ടില്ലെങ്കിലോ എന്നു കരുതി പലപ്പോഴും സംഭാഷണം നാടകീയമാക്കേണ്ടി വന്നു.'് തിരക്കഥാരചനയില്‍ വെല്ലുവിളിയുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണമായി ഷാഹിദ് ചൂണ്ടിക്കാട്ടുന്ന സീനുകളിലൊന്ന് രാജമാണിക്യം ആരെന്ന് വെളിപ്പെടുത്താന്‍ അമ്മ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭമാണ്.ആറു തവണ മാറ്റിയെഴുതിയ പ്രസ്തുതസംഭാഷണം ഇവ്വിധമാണ്.
'അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേള്ളു.ഒരു പായിരാത്രിക്കൊരു മണിയറവാതലില്‍ മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണമെന്ന്.അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ.ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാനന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം.ഞാനതന്നാ സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവടെ ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കു കേട്ട് കളിക്കളത്തില്‍ വച്ചു നീ അടിച്ചുകൊന്നയോര്‍മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്.കാണണാ ...കാണണാ...കാണ്.'

ഇവിടെ നാം കാണുന്നത് കാഴ്ച നഷ്ടപ്പെട്ടിട്ടും കാത്തു സൂക്ഷിക്കപ്പെടുന്ന ഗൃഹാതുരതയും വാത്സല്യവും സഹോദരസ്‌നേഹവും മാത്രമല്ല;ഒരൊറ്റയാന്റെ ആത്മവിശ്വാസവും നിസ്സഹായതയും സങ്കടങ്ങളും കൂടിയാണ്.കാഴചക്കാര്‍ ഏറ്റുവാങ്ങുന്നിടത്തോളം രാജമാണിക്യത്തിന്റെ വ്യക്തിത്വത്തെ സ്വീകാര്യമാക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയവും അസാധാരണമായ ഭാഷാപ്രയോഗവും തന്നെയാണ്.


No comments:

Post a Comment