Tuesday, November 12, 2013

വീണ്ടും വൂഡി അലന്‍

ലോകസിനിമയിലെ മാസ്റ്റര്‍മാരില്‍ ഒരാളായ വൂഡി അലന്റെ ബ്ലൂ ജാസ്മിന്‍ എന്ന പുതിയ ചിത്രത്തെക്കുറിച്ച്...

വൂഡി അലന്റെ ചലച്ചിത്രങ്ങള്‍ ആഖ്യാനത്തിന്റെ സവിശേഷതകള്‍കൊണ്ട് എക്കാലത്തും വേറിട്ടുനില്‍ക്കുന്നവയാണ്. ചെറുതും മനോഹരവും ഒപ്പം സങ്കീര്‍ണവുമായ കഥകള്‍ ഏറെ വ്യക്തിപരമായ വീക്ഷണകോണില്‍ നിന്നുകൊണ്ട് ദൃശ്യവത്കരിക്കുന്നതിലുള്ള സാമര്‍ഥ്യം ലോകസിനിമയില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക ഇടം നേടിക്കൊടുത്തിട്ടുണ്ട്. വൂഡി അലന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ബ്ലൂ ജാസ്മിനും ഹോളിവുഡിന്റെ താരപ്പൊലിമയ്ക്ക് പുറത്തുനില്‍ക്കുന്ന ചിത്രമെന്നനിലയിലും ആഖ്യാനശൈലിയിലെയും ദൃശ്യാവിഷ്‌കാരത്തിലെയും മാന്ത്രികസ്​പര്‍ശത്താലും പ്രേക്ഷക-നിരൂപക പ്രശംസ നേടിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ബ്ലൂ ജാസ്മിന്‍, ഇന്ത്യന്‍ സെന്‍സര്‍ നിയമപ്രകാരം പുകവലി പ്രത്യക്ഷപ്പെടുന്ന ഓരോ രംഗത്തും 'പുകവലി ആരോഗ്യത്തിന് ഹാനികര'മെന്ന് എഴുതിക്കാണിക്കാന്‍ തയ്യാറാകാത്തതിനാല്‍ വൂഡി അലന്‍ പ്രദര്‍ശനത്തിന് നല്‍കാതിരിക്കുകയാണ് ചെയ്തത്. എഴുപത്തിയേഴാം വയസ്സിലും കഥയുടെ ജൈവികതയറിഞ്ഞ് ദൃശ്യഭാഷയൊരുക്കുന്ന അലന്‍, ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകവഴി, സെന്‍സര്‍ നിയമങ്ങളുടെ ചില ദൗര്‍ബല്യങ്ങളെ സ്വതഃസിദ്ധമായ രീതിയില്‍ തള്ളിക്കളയുകയാണ്.
ചലച്ചിത്രം അത് നിര്‍മിക്കപ്പെട്ട രൂപത്തില്‍നിന്ന് മാറ്റുന്നതില്‍ ചലച്ചിത്രകാരന്‍മാര്‍ പൊതുവേ വിമുഖരാണെങ്കിലും ഇന്ത്യപോലുള്ള ഒരു രാജ്യത്തിന്റെ വിപണിമൂല്യം തിരിച്ചറിഞ്ഞ്, ഹോളിവുഡിലെ മുന്‍നിര സംവിധായകരും സ്റ്റുഡിയോകളും സെന്‍സര്‍ബോര്‍ഡിന്റെ നിയമങ്ങള്‍ക്ക് വഴങ്ങാറാണ് പതിവ്. വൂഡി അലന്‍ സാമ്പത്തികസാധ്യതകള്‍ക്ക് മുകളില്‍ കലാമേന്മയെ പ്രതിഷ്ഠിച്ച് ഇത്തരം ദൗര്‍ബല്യങ്ങളെ അതിജീവിക്കുന്നു.
ബ്ലൂ ജാസ്മിന്‍ വൂഡി അലന്റെ മികച്ച ചലച്ചിത്രമൊന്നുമല്ലെങ്കിലും ഹോളിവുഡിന്റെ വര്‍ത്തമാനകാല ബഹളങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ചലച്ചിത്രമെന്ന നിലയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. ന്യൂയോര്‍ക്കിലെ സമ്പന്നവര്‍ഗത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തിലെ താളംതെറ്റലുകളുടെ കഥപറയുന്ന ബ്ലൂ ജാസ്മിന്‍, വൂഡി അലന്‍ എക്കാലത്തും പിന്തുടരുന്ന ആക്ഷേപഹാസ്യരീതിയിലുള്ള ചലച്ചിത്രമാണ്. ഒരര്‍ഥത്തില്‍ ദുഃഖകരമായ കോമഡി എന്നുപറയാവുന്ന ചലച്ചിത്രം.
ഏറെ ആഘോഷങ്ങളോടെയുള്ള ജീവിതം നയിച്ച ജാസ്മിന്‍ എന്ന വിളിപ്പേരുള്ള ജാനറ്റ് ഫ്രാന്‍സിസ് എന്ന സ്ത്രീ, സാമ്പത്തിക തിരിമറിക്കുറ്റത്തിന് അറസ്റ്റിലായ സമ്പന്നനായ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്കുശേഷം സഹോദരി ജിഞ്ചറിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇടുങ്ങിയ അപ്പാര്‍ട്ടുമെന്റില്‍ അഭയം തേടുന്നതുമുതലുള്ള കഥയാണിത്. വളരെ സാധാരണമെന്ന് തോന്നാവുന്ന കഥകളെ കഥപറച്ചിലിന്റെ ചാതുര്യംകൊണ്ട് മികച്ച ചലച്ചിത്രസൃഷ്ടികളാക്കി മാറ്റുന്നതില്‍ ചതുരനായ വൂഡി അലന്‍ ബ്ലൂ ജാസ്മിനിലും തന്റെ കരവിരുതിന് അടിവരയിടുന്നു.
അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും ഒന്നിലധികം നായിക/നായകന്‍മാരെ നമുക്ക് കണ്ടെത്താന്‍ കഴിയും. കഥ ആവശ്യപ്പെടുമ്പോഴാണ് കഥാപാത്രങ്ങള്‍ നായികയോ നായകനോ ആയിമാറുന്നത് എന്ന തിരക്കഥയുടെ അടിസ്ഥാനവസ്തുതയാണ് അത്. ജാസ്മിനായി കെയ്റ്റ് ബ്ലാന്‍ചറ്റും ജിഞ്ചറായി സാലി ഹോക്കിന്‍സും ജാസ്മിന്റെ സമ്പന്നനായ ഭര്‍ത്താവായി അലക് ബാള്‍ഡ്‌വിനും വേഷമിട്ട ബ്ലൂ ജാസ്മിന്‍, ഹോളിവുഡില്‍ വൂഡി അലന്‍ എന്നും നിലനിര്‍ത്തിപ്പോരുന്ന ക്ലാസിക് ചലച്ചിത്രകാരന്റെ സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല എന്ന് അടിവരയിട്ടുറപ്പിക്കുന്ന ചലച്ചിത്രമാണ്.
2011-ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ഇന്‍ പാരീസ്, 2012-ലെ ടു റോം വിത്ത് ലൗ തുടങ്ങി കുറച്ചുകാലമായി യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ള ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന അലന്‍ ഏറെക്കാലത്തിനുശേഷം കഥാപശ്ചാത്തലത്തിനും ചിത്രീകരണത്തിനുമായി അമേരിക്കയിലേക്ക് തിരിച്ചെത്തിയ ചലച്ചിത്രമെന്ന നിലയിലും ബ്ലാ ജാസ്മിന്‍ വേറിട്ടുനില്‍ക്കുന്നു.
ദത്തെടുക്കലിലൂടെ സഹോദരിയായ ജിഞ്ചറിന്റെ ജീവിതരീതിയെ ഒരിക്കലും അംഗീകരിക്കാതിരുന്ന ജാസ്മിന്‍ തകര്‍ച്ചയ്ക്കിടയിലും തേടുന്നത് ഉപരിവര്‍ഗ സൗഹൃദങ്ങളും ജീവിതരീതിയുമാണ്. ഈയൊരു ഘട്ടത്തിലാണ് സിനിമയുടെ നായികാസ്ഥാനം അലന്‍ ജിഞ്ചറിന് അറിയാതെ പകുത്തുനല്‍കുന്നത്.
ഒടുവില്‍ നുണകളുടെ കൂമ്പാരത്തില്‍ ജാസ്മിന്‍ പടുത്തുയര്‍ത്തിയ സൗഹൃദം (ഡിപ്ലോമാറ്റും രാഷ്ട്രീയക്കാരനുമായ പീറ്റര്‍ സാര്‍സ്ഗാഡ് അവതരിപ്പിക്കുന്ന കഥാപാത്രം) യാഥാര്‍ഥ്യം വെളിപ്പെടുന്നതോടെ തകരുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ തെരുവില്‍ താളംതെറ്റിയ മനസ്സുമായി മൗനത്തിലിരുന്ന ജാസ്മിനില്‍ ചലച്ചിത്രമവസാനിക്കുന്നു.
പതിവുപോലെ കറുത്തഹാസ്യത്തിന്റെ കൂര്‍ത്തമുനകളുമായി വൂഡി അലന്‍ എന്ന ചലച്ചിത്രകാരന്‍ നിശ്ശബ്ദമായി ചിരിക്കുമ്പോള്‍, കൃതഹസ്തനായ ചലച്ചിത്രകാരന്റെ അര്‍ഥവത്തായ ചലച്ചിത്രസൃഷ്ടിയുടെ കാഴ്ച പ്രേക്ഷകനെ ഹോളിവുഡിന്റെ അതിബഹളങ്ങളുടെ പുറത്തുള്ള ഒരു ചലച്ചിത്രസംസ്‌കാരത്തിലേക്ക് കൈപിടിച്ചുനടത്തുന്നു.

1960-കളുടെ ഒടുവിലും 1970-കളുടെ തുടക്കത്തിലുമായി ലോ ബഡ്ജറ്റും റിസ്‌കുള്ള വിഷയങ്ങളുമായി 'പുതിയ ഹോളിവുഡി'ന് തുടക്കമിട്ട റോബര്‍ട്ട് ആള്‍ട്ട്മാന്‍, ബോബ് റാഫേല്‍സന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കൊ
പ്പോള, ഡെന്നിസ് ഹോപ്പര്‍, പീറ്റര്‍ ബോഗ്ഡനോവിച്ച് തുടങ്ങിയവരെ പിന്തുടര്‍ന്ന് വൂഡി അലനും ഹോളിവുഡില്‍ ഒരു പ്രത്യേക ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ഫാന്റസിയില്‍ പൊതിഞ്ഞ ജീവിതകഥകള്‍ പറഞ്ഞ് താരങ്ങളും സ്‌പെഷല്‍ ഇഫക്ടുകളും അടക്കിവാഴുന്ന ഹോളിവുഡിന് പുറത്ത് ഇടംനേടാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്.
നാടകകൃത്ത്, ടെലിവിഷന്‍ പരിപാടികളുടെ എഴുത്തുകാരന്‍, കൊമേഡിയന്‍ തുടങ്ങിയ തലങ്ങളിലുള്ള താത്പര്യങ്ങളില്‍നിന്നും ഉരുവംകൊണ്ട തികച്ചും വ്യക്തിപരമെന്നും തനത് എന്നും വിളിക്കാവുന്ന ചലച്ചിത്രശൈലി രൂപപ്പെടുത്തിയ വൂഡി അലന്‍ 77-ാം വയസ്സിലും ചലച്ചിത്രമെന്ന മാധ്യമത്തിന്റെ സാധ്യതകളില്‍ അനുസ്യൂതം മുഴുകുന്നു.
തന്റേതായ സവിശേഷശൈലിയില്‍ ചലച്ചിത്രമൊരുക്കുന്ന അലന്‍, താന്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് അമൂല്യമായ പാഠപുസ്തകമാണെന്ന് ബ്ലൂ ജാസ്മിനുള്‍പ്പെടെ ഓരോ ചിത്രത്തിലൂടെയും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

*അജിത് ആയഞ്ചേരി

No comments:

Post a Comment