Tuesday, November 12, 2013

അയല്‍പക്കത്ത് ഒരു രാമയ്യ

കര്‍ണാടകത്തില്‍ ദളിതരായ കുട്ടികളെ ജീവിതത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ മലമുകളില്‍ അവരെ കലകളും സാഹിത്യവും അഭ്യസിപ്പിക്കുന്ന രാമയ്യ


സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ട നമ്മള്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സവര്‍ണരേക്കാള്‍
മുന്നിലെത്തേണ്ടതുണ്ട്

മലകള്‍ വെട്ടിപ്പിടിച്ച് നാണ്യവിളകള്‍ നടുകയും ദേവാലയങ്ങളും ആത്മീയകേന്ദ്രങ്ങളും പണിയുകയും ചെയ്യുന്ന ഇക്കാലത്ത്, ഒരിടത്ത് ഒരു മലമുകളില്‍ ഒരു സാംസ്‌കാരികകേന്ദ്രം ഉണ്ടാക്കാന്‍ ഒരാള്‍ ഒരുമ്പെട്ട കഥയാണിത്. കന്നടയിലെ ദളിത് കവിയായ രാമയ്യയാണ് ഈ 'സാംസ്‌കാരിക കൈയേറ്റ' കഥയിലെ നായകന്‍.
കോലാര്‍ വഴിയുള്ള ബാംഗ്ലൂര്‍ ചെന്നൈ പാതയില്‍ അമ്പത് കിലോമീറ്റര്‍ ഓടിയെത്തുമ്പോള്‍ പ്രധാനപാതയില്‍നിന്ന് ആറ് കിലോമീറ്റര്‍ കിഴക്കുമാറിയാണ് ആകാശംമുട്ടുന്ന പാറക്കെട്ടുകളുള്ള ശിവഗംഗ ഗ്രാമം. അവിടെയാണ് രാമയ്യ പണിതുയര്‍ത്തിയ 'ആദിമ' എന്നുപേരുള്ള സാംസ്‌കാരിക കൂട്ടായ്മപ്രവര്‍ത്തിക്കുന്നത്. എല്ലാ പൗര്‍ണമിനാളിലും വെളുക്കുവോളം ഇവിടെ സിനിമാ പ്രദര്‍ശനവും നാടകാവതരണവും പാട്ടും കവിതയുമൊക്കെയായി കര്‍ണാടകത്തിലെ കലാകാരന്മാര്‍ ഒത്തുകൂടുന്നു; ഒപ്പം ചര്‍ച്ചകളും സംവാദങ്ങളുമായി ആ മലയോരഗ്രാമത്തിലെ കര്‍ഷക ഊരുകളില്‍ ജീവിക്കുന്ന നൂറുകണക്കിന് ആബാലവൃദ്ധം ജനങ്ങളും.
എട്ടുവര്‍ഷം മുമ്പ് രാമയ്യ 'കൈയേറി'യ ആ മല ഇന്ന് പൂര്‍ണമായും ഒരു കലാഗ്രാമമായിരിക്കുന്നു. ഇരുപതോളം കുട്ടികളാണ് ഇവിടെ താമസിച്ച് നാടകം പഠിക്കുകയും കളിക്കുകയും ചെയ്യുന്നത്. അവരുടെ ഒരു നാടകം അങ്ങുദൂരെ കൊളംബിയയില്‍ വരെ കളിച്ചു എന്നറിയുമ്പോഴാണ് 'ആദിമ'യുടെ ഗുരുത്വം പിടികിട്ടുക.
പടിഞ്ഞാറ് മാറി കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ കോലാര്‍ ഇന്ന് വിഷംനിറഞ്ഞ ചാരക്കുന്നുകളും തൊഴിലില്ലാത്ത പതിനായിരക്കണക്കിന് പേക്കോലങ്ങളായ മനുഷ്യരുമുള്ള ഒരിടമാണ്. സ്വര്‍ണശേഖരം മിക്കവാറും മുഴുവനായും ഊറ്റിക്കഴിഞ്ഞ ആ ഗ്രാമത്തിലാണ് കൊടിഗനഹള്ളി രാമയ്യ വളര്‍ന്നത്. ഗ്രാമത്തിലെ യുവാക്കളുടെ 'ദളിത സംഘര്‍ഷസമിതി'യില്‍ പങ്കാളിയാകാന്‍, രാമയ്യ ഡിഗ്രി പൂര്‍ത്തിയാക്കാതെ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് ആ സംഘടനയുടെ നേതൃത്വത്തില്‍ വര്‍ണവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെയുള്ള രാഷ്ട്രീയസമരങ്ങളില്‍ മുഴുകി. കവിതകളെഴുതിയും അവ പാടിനടന്നും ഇദ്ദേഹം ദളിതരെ സംഘടിപ്പിച്ചു. തൊട്ടടുത്ത സംസ്ഥാനത്തിലെ വിപ്ലവകവിയായ ഗദ്ദാര്‍ ആയിരുന്നു രാമയ്യയുടെ മുഖ്യപ്രചോദനം.
ആദിമ എന്ന ആശയത്തിലേക്കെത്തുന്നതിനുമുമ്പ് രാമയ്യ ആര്‍.എം.എസ്സിലും ബാങ്കിലുമൊക്കെ ജോലി ചെയ്തിരുന്നു. എന്നാല്‍ അവിടെ സവര്‍ണരായ മേലുദ്യോഗസ്ഥരുടെ സമീപനമായിരുന്നു രാമയ്യയെ ഉദ്യോഗംവിട്ട് ദളിതസംഘര്‍ഷസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ ലങ്കേഷിന്റെ 'ലങ്കേഷ് പത്രിക'യില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തകനായി. വരുമാനത്തിനായി സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും തിരക്കഥയും പാട്ടും എഴുതുമ്പോഴും തന്റെ അക്ഷരങ്ങളുടെ അടിസ്ഥാന വിഷയം ദളിതരുടെ ഉന്നമനമായിരിക്കാന്‍ രാമയ്യ മനസ്സുവെച്ചു.
അങ്ങനെയിരിക്കെയാണ്, രാമയ്യ സമാന ചിന്താഗതിക്കാരായ ഏതാനും സുഹൃത്തുക്കളോടൊപ്പം 'ആദിമ' എന്ന സാംസ്‌കാരിക കൂട്ടായ്മ ആരംഭിക്കുന്നത്. തുടക്കത്തില്‍ എല്ലാവരും കൊച്ചുകൊച്ചു സംഖ്യകള്‍ ഓരോ മാസവും കൂട്ടായ്മയ്ക്കായി നീക്കിവെച്ചു. 'മൂലധനം' അത്യാവശ്യത്തിന് ഉതകുമെന്നായപ്പോള്‍ മലയില്‍ ആദിമയുടെ ആസ്ഥാനം ഉണ്ടാക്കി. അവിടെ ചിത്രകാരന്മാരും ശില്പികളും ഒത്തുകൂടി ക്യാമ്പുകളും ശില്പശാലകളും നടത്തി. അതിലൂടെ സൃഷ്ടിക്കപ്പെട്ട ശില്പങ്ങളും ചിത്രങ്ങളും ആദിമയില്‍ത്തന്നെ സ്ഥാപിച്ചു. വൈകാതെ അവിടം ഒരു കലാഗ്രാമമായി.
ചുറ്റുപാടുകളില്‍നിന്ന് കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടമുണ്ടാക്കിയിരിക്കുന്നത്. മുളകള്‍ കൊണ്ടുണ്ടാക്കിയ വാസഗൃഹങ്ങളുടെ മുകളില്‍ പുല്ലും ഓടും മേഞ്ഞു. ലൈബ്രറി, ഓഫീസ്, പാചകശാല, സംഘമായി കിടന്നുറങ്ങാനുള്ള നീളന്‍മുറികള്‍, നാടകം കളിക്കാനും കവിതചൊല്ലാനും വേദിയാക്കാവുന്ന ഓടു മേഞ്ഞ നീണ്ട ഒരു കൂര... ഇവിടെ വരുന്ന ആര്‍ക്കും ആരോടും സംസാരിക്കാം. സംവാദം വ്യക്തിഹത്യയ്ക്കായി ഉപയോഗിക്കരുതെന്നുള്ള നിര്‍ബന്ധം മാത്രം.
എല്ലാ മാസവും പൗര്‍ണമിയില്‍ ഇവിടെ പുലരുവോളം എഴുത്തുകാരും സിനിമക്കാരും നാടകക്കാരും സാമൂഹികപ്രവര്‍ത്തകരും ഒത്തുകൂടുന്നു. അവര്‍ പുതിയ രചനകള്‍ അവതരിപ്പിക്കുന്നു. അതേക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. ആദിമയുടെ തൊണ്ണൂറാമത്തെ പൗര്‍ണമിയോടനുബന്ധിച്ച് ആറുദിവസം നീണ്ടുനിന്ന ഒരു ചര്‍ച്ചാശിബിരം അരങ്ങേറി. ശ്രീകൃഷ്ണ ആലനഹള്ളിയുടെ രചനകളായിരുന്നു ചര്‍ച്ചാവിഷയം. പ്രശസ്ത കന്നട സാഹിത്യകാരനും ദളിതര്‍ക്കായുള്ള സര്‍വോദയ പാര്‍ട്ടിയുടെ പ്രസിഡന്റുമായ മഹാദേവയും കന്നഡത്തിലെ പ്രശസ്ത നാടകനടി ഗിരിജ ലോകേഷും ഹമ്പി സര്‍വകലാശാലയിലെ ചന്ദ്രയും ശ്രദ്ധേയനായ ഡോക്യുമെന്ററി നിര്‍മാതാവ് ചലവുമൊക്കെ പങ്കെടുത്ത ആ ശിബിരത്തില്‍ കേരളത്തില്‍നിന്ന് സി.എസ്. വെങ്കിടേശ്വരനുമുണ്ടായിരുന്നു.
ചാണകം മെഴുകിയ തറയിലിരുന്ന് രാമയ്യ കന്നടത്തില്‍ കുട്ടികളോട് സംസാരിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പറയുകയാണ്: ''ബ്രാഹ്മണരെയും ക്ലാസിക്കുകളായി കൊണ്ടാടപ്പെടുന്ന അവരുടെ രചനകളെയും വെറുതെ തള്ളിക്കളയുകയും എതിര്‍ക്കുകയുമല്ല നാം ചെയ്യേണ്ടത്. മറിച്ച് അവയുടെ സത്ത മനസ്സിലാക്കി പുതിയ കണ്ടെത്തലുകളിലേക്ക് എത്തുകയാണ് വേണ്ടത്. സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ട നമ്മള്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സവര്‍ണരേക്കാള്‍ മുന്നിലെത്തേണ്ടതുണ്ട്.''
രാമയ്യ പറയുന്നതെല്ലാം യുവതലമുറ വേദവാക്യംപോലെ കേള്‍ക്കുകയും കുറിച്ചെടുക്കുകയും ചെയ്യുന്നു.
രാത്രി പശുത്തൊഴുത്തിനടുത്തുള്ള നീണ്ട പുരയില്‍ ചൗക്കാളം വിരിച്ച് കമ്പിളിപുതച്ച് കിടന്നുറങ്ങുന്ന അവര്‍ പുലര്‍ച്ചെ കിഴക്കേ കുന്നിന്‍ചരുവില്‍ സൂര്യകിരണങ്ങള്‍ വീണ് മൂടല്‍മഞ്ഞ് മായാന്‍തുടങ്ങുമ്പോഴേക്കും നാടകത്തിന്റെ റിഹേഴ്‌സലിലേക്ക് ആണ്ടുമുങ്ങുന്നു. പെണ്‍കുട്ടികളുടെ ഒരു സംഘം ചെണ്ടമേളം പരിശീലിക്കുന്നു. ഓരോ ക്യാമ്പംഗത്തിന്റെയും അടുത്ത് നിര്‍ദേശങ്ങളുമായി രാമയ്യ ഓടിനടക്കുന്നു. ഇതിനിടയില്‍ ഞങ്ങളോടും സംസാരിക്കാനെത്തുന്നു. ''ഇതൊരു നല്ല സ്‌കൂള്‍ ആക്കണം. നാടകവും കവിതയൂം സിനിമയും ഒക്കെ പരിശീലിപ്പിക്കുന്ന സ്ഥാപനമാക്കി വളര്‍ത്തണം.''
രാമയ്യയ്ക്ക് ആശങ്കപ്പെടാനും കാര്യങ്ങളുണ്ട്. സ്ഥലം ഇപ്പോഴും 'ആദിമ'യുടെ പേരില്‍ കിട്ടിയിട്ടില്ല. സവര്‍ണഭൂവുടമകളും ഉദ്യോഗസ്ഥപ്രമാണിമാരും റിയല്‍ എസ്റ്റേറ്റുകാരുമൊക്കെ മാറിമാറി രാമയ്യയുടെ സ്വപ്നങ്ങള്‍ക്ക് തുരങ്കംവെക്കാന്‍ നോക്കി. എന്നാല്‍ ഇപ്പോള്‍ അനുകൂലസാഹചര്യം ആണെന്നാണ് രാമയ്യയുടെ വിശ്വാസം. സര്‍വകലാശാലകളില്‍നിന്ന് ഗവേഷണവിദ്യര്‍ഥികളും മറ്റും പഠനത്തിനായി ഇവിടെ എത്തിത്തുടങ്ങിയിട്ടുണ്ട്.
ആഗോളവത്കരണത്തിന്റെ കാലത്ത് നവമാധ്യമങ്ങള്‍ യുവമനസ്സുകളെ ഒരുതരം സാസ്‌കാരിക കൈയേറ്റത്തിലൂടെ നശിപ്പിക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കുക എന്നത് അനിവാര്യമാണെന്ന് രാമയ്യ പറയുന്നു. കൂട്ടംചേരാനുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് 'ആദിമ'യുടെ പ്രസക്തി. ആദിമയുടെ പൗര്‍ണമി ആഘോഷങ്ങള്‍ ഇതിന്റെ ഭാഗമാണ്. ''ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പൂര്‍ണചന്ദ്രദിനാഘോഷങ്ങള്‍ തുടങ്ങണം. നൂറാമത്തെ ആഘോഷം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നൂറു സ്ഥലങ്ങളില്‍ ഒരേദിവസം നടത്തണം'', രാമയ്യ പറയുന്നു.
സാംസ്‌കാരിക കൂട്ടായ്മയിലൂടെ ആഗോളവത്കരണത്തിന്റെ ദോഷങ്ങളെ ചെറുക്കാം എന്ന് 'ആദിമ'വാസികള്‍ വിശ്വസിക്കുന്നു.




*ശശികുമാര്‍ വി.

No comments:

Post a Comment