Sunday, October 31, 2010

ലക്ഷ്മണയ്ക്ക് ജീവപര്യന്തം

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ പോലീസ് ഐജി ലക്ഷ്മണയ്ക്ക് കോടതി ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കണമെന്ന പ്രതിയുടെ ആഗ്രഹം കോടതി അനുവദിച്ചു. ശിക്ഷ നീതീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ച അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വധശിക്ഷ നല്‍കാന്‍ കഴിയുന്ന അത്യപൂര്‍വമായ കേസ് അല്ല ഇതെന്ന് പ്രത്യേക സിബിഐ ജഡ്ജി എസ്. വിജയകുമാര്‍ പറഞ്ഞു. നീതിയുടെ താല്പര്യങ്ങള്‍ക്കായി ജീവപര്യന്തം ശിക്ഷ മതിയാകും.
നക്‌സല്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് ആജ്ഞ നല്‍കിയത് ലക്ഷ്മണയാണെന്ന് തെളിഞ്ഞത് അത്യപൂര്‍വമായ സംഭവമാണെന്ന് സിബിഐ വാദിച്ചു. പോലീസ് സേനയിലെ റൈഫിളാണ് വര്‍ഗീസിനെ കൊല്ലാന്‍ രാമചന്ദ്രന്‍ നായര്‍ക്ക് ലക്ഷ്മണ നല്‍കിയത്. നീണ്ട 40 വര്‍ഷം ഇതൊരു രഹസ്യമായി ലക്ഷ്മണ കൊണ്ടുനടന്നു. കസ്റ്റഡിയിലുള്ള ഒരാളെ കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ചുകൊലപ്പെടുത്തുന്ന കുറ്റകൃത്യത്തിന് പങ്കാളിയായ ലക്ഷ്മണയ്ക്ക് അതുകൊണ്ടുതന്നെ വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയുടെ വാദം. 'യാതൊരു ദയയും കോടതി കാണിക്കരുത്'.
75 വയസ്സുള്ള താന്‍ ഇപ്പോള്‍ രോഗിയാണെന്ന് ലക്ഷ്മണ കോടതിയില്‍ പറഞ്ഞു. നീണ്ട 34 വര്‍ഷം പോലീസ് സേനയില്‍ സേവനം അനുഷ്ഠിച്ചു. യാതൊരു നടപടികള്‍ക്കും വിധേയനായിട്ടില്ല. പൊതുതാത്പര്യത്തിന് വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിനാല്‍ കോടതി ദയ കാട്ടണമെന്ന് ലക്ഷ്മണ അപേക്ഷിച്ചിരുന്നു.
വധശിക്ഷ ഈ കേസില്‍ നീതീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ശിക്ഷ ജീവപര്യന്തം കഠിന തടവാക്കുന്നത് അതിനാലാണ് ''കേസിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങള്‍ കേസിലെ തെളിവുകളും സാഹചര്യങ്ങളും പുറത്തുകൊണ്ടുവരുന്നത്. മാത്രമല്ല, ഇതൊരു കസ്റ്റഡി അതിക്രമവും കൊലപാതകവും കൂടിയാണ്'', കോടതി പറഞ്ഞു.
''പോലീസ് അതിക്രമങ്ങളും കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തുന്നതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ നിയമവാഴ്ച വെറും പ്രഹസനമാകുകയും ജനങ്ങള്‍ക്ക് സര്‍ക്കാരിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തകരുകയും ചെയ്യുമെന്ന സുപ്രീംകോടതി വിധി പ്രത്യേക കോടതി ജഡ്ജി വിജയകുമാര്‍ ഓര്‍മിപ്പിച്ചു.
പോലീസിന്റെ ക്രൂരവും മൃഗീയവുമായ പ്രവൃത്തികള്‍ ജനങ്ങളുടെ മനസ്സില്‍ ഏല്പിക്കുന്ന ആഴത്തിലുള്ള മുറിപ്പാടുകളാണ്. പോലീസിന്റെ പൈശാചിക പ്രവൃത്തികള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ നിയമധ്വംസനത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്ന അരാജകത്വ സ്ഥിതിയാണ് ഉണ്ടാകുകയെന്നും സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ജഡ്ജി വിജയകുമാര്‍ ഓര്‍മിപ്പിച്ചു. വിധിയില്‍ സന്തോഷിച്ച് റെഡ്ഫ്‌ളാഗ് (സിപിഐ-എംഎല്‍) പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ് വിധിയെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

No comments:

Post a Comment