Saturday, July 30, 2011

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

വീരസെതാകുല്‍ |സി.എസ്.വെങ്കിടേശ്വരന്‍
സിനിമയില്‍ ഇനിയും 'പരീക്ഷണം' സാധ്യമാണോ? തദ്ദേശീയവും പ്രാദേശികവും ദേശീയവും ആഗോളീകവുമായി പല അടരുകളില്‍ ഇത്രയധികം ദൃശ്യാഖ്യാനങ്ങള്‍ നിരന്തരം നമ്മെ ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ദൃശ്യകലയില്‍, പ്രത്യേകിച്ചും സിനിമയില്‍, ഇനിയും 'പുതിയത്', 'അപ്രതീക്ഷിതം', 'പരീക്ഷണാത്മകം', 'സമാന്തരം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ? ഈ ചോദ്യം മുമ്പും ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇന്നതിന് കൂടുതല്‍ പ്രസക്തിയുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യൂറോകേന്ദ്രിതമായ ഒരു ആശങ്കകൂടിയാണത്. നിയോ റിയലിസവും നവതരംഗവും സൃഷ്ടിച്ച ആചാര്യന്മാരുടെ നിരക്കുശേഷം ലോകമെമ്പാടുമുള്ള 'ചെറു'സിനിമകള്‍ രംഗം കൈയടക്കിയതോടെ യൂറോപ്പ് ലോകസിനിമയുടെ 'തല'സ്ഥാനമല്ലാതാവുകയും അതുകൊണ്ടുതന്നെ, ലോകസമ്മതിയുള്ള ആചാര്യന്മാര്‍ ഇല്ലാതാവുകയും ചെയ്തു എന്നുപറയാം. പിന്നീട്, സിനിമ സംഭവിച്ച സ്ഥലങ്ങള്‍ ഇറാനും തെക്കുകിഴക്കന്‍ രാജ്യങ്ങളും മെക്‌സിക്കോയും ഹോങ്കോങ്ങും (ഹോളിവുഡിനെ അതിന്റെതന്നെ തട്ടകത്തില്‍ അമ്പരപ്പിക്കുന്ന രീതിയില്‍) മറ്റുമായി ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രതീക്ഷിതമായ രീതിയില്‍ ലോകസിനിമാപ്രേമികളെ ആകര്‍ഷിച്ചത് ഇറാനിയന്‍ സിനിമയാണെങ്കില്‍, തികച്ചും അപ്രതീക്ഷിതമായി കടന്നുവന്നത് ചെറുരാജ്യങ്ങളായ തായ്‌വാന്‍, തായ്‌ലന്‍ഡ്, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ചിത്രങ്ങളാണ്. ഇറാനിയന്‍ സിനിമക്കു ലഭിച്ച ലോകപ്രശസ്തിക്കുപിന്നില്‍ കിയറസ്‌േതാമി, മജീദ് മജീദി, മക്മല്‍ബഫ് തുടങ്ങിയ പ്രതിഭാധനരുടെ സംഭാവനകള്‍ക്കൊപ്പംതന്നെ ആഗോളീയമായ ഇസ്‌ലാമോഫോബിയയും ഇസ്‌ലാം ലോകത്തിലേക്ക്, അതിന്റെ അകങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അബോധപ്രേരണയും ഉണ്ടായിരുന്നുവെങ്കില്‍ ഈ ചെറുരാജ്യങ്ങളുടെ കാര്യമതായിരുന്നില്ല. ഇവയില്‍ പലരാജ്യങ്ങളും മുന്‍ യൂറോപ്യന്‍ കോളനികളായിരുന്നു എന്നത് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു ആകര്‍ഷകഘടകമായിരിക്കാം. (ആഗോള കോപ്രൊഡക്ഷനുകളുടെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ മുന്‍ കോളനിയും കോളനിയാക്കി ഭരിച്ച രാജ്യവുമായുള്ള ആകര്‍ഷണ-വികര്‍ഷണങ്ങളും കുറ്റബോധംകലര്‍ന്ന ഒരുതരം കെട്ടിമറിച്ചിലും അവയില്‍ കാണാനാവും. മുന്‍ കോളനികളെ പശ്ചാത്തലമാക്കിയും പ്രമേയമാക്കിയും നിര്‍മിക്കപ്പെടുന്ന കോപ്രൊഡക്ഷനുകളിലെ മൂലധനനിക്ഷേപം ഭൂരിപക്ഷവും ഭരണം കൈയാളിയിരുന്ന രാജ്യത്തില്‍നിന്നാണെന്നും കാണാവുന്നതാണ്. അത്തരം ചിത്രങ്ങളുടെ പ്രമേയപരമായ തെരഞ്ഞെടുപ്പുകളിലും ഈ പാപബോധത്തിന്റെ നിഴലുകള്‍ കാണാം. ഒരുതലത്തില്‍ സ്വയം സാധൂകരണത്തിന്റെയും 'ചരിത്രപരമായ അനിവാര്യത/യാദൃച്ഛികത'യുടെയും നവ ആഖ്യാനങ്ങള്‍ സ്ഥാപിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ പലതിലും കാണാം.) രണ്ടു രീതിയിലാണ് സിനിമയിലെ യൂറോപ്യന്‍ ആധിപത്യത്തിന് ഇളക്കം തട്ടിയത്, പുറത്തുനിന്നും അകത്തുനിന്നുമാണത് സംഭവിച്ചത്: ഒന്ന്, മൂന്നാം ലോക ദേശീയതകളുടെ ഉണര്‍ച്ച, മറ്റൊന്ന്, പ്രവാസി (ഡയസ്‌പൊറ) സിനിമകളുടെ മുന്നേറ്റം. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളില്‍ ഇന്ന് ശ്രദ്ധപിടിച്ചെടുക്കുന്നത് ആ രാജ്യങ്ങള്‍ക്കകത്ത് ഇതുവരെ അദൃശ്യരായിരുന്ന ബഹുദേശീയതകളുടെ ചിത്രങ്ങളാണ്. ജര്‍മനിയിലെ തുര്‍ക്കീ വംശജര്‍, ഫ്രാന്‍സിലെ അല്‍ജീരിയക്കാര്‍, ഇംഗ്ലണ്ടിലെ ഇന്ത്യക്കാരും പാകിസ്താനികളും അങ്ങനെ പലതരം പ്രവാസിജീവിതങ്ങളുടെ ആഖ്യാനങ്ങളും ഒരു ബഹുസ്വരമായ സമൂഹം നേരിടുന്ന സംഘര്‍ഷങ്ങളുമാണ് ഇന്നത്തെ മുഖ്യപ്രമേയങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ ഉണര്‍ച്ചക്ക് വഴിതെളിച്ചത് മറ്റു ഘടകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കിയ സ്വാതന്ത്ര്യവുംകൂടിയാണ്.
ഈ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുവരുന്ന സമാന്തരചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ ഒരു കോളനി എന്നതിലപ്പുറം ആഗോളീകരണത്തിനുശേഷമുള്ള അവിടത്തെ സമകാലിക മനുഷ്യാവസ്ഥകളെക്കുറിച്ചുള്ളതുകൂടിയാണ്. കൊറിയന്‍ ചിത്രങ്ങളാണ് ആദ്യമായി ഈ രീതിയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇം കവോണ്‍ ടേക്, കിം കി യങ് തുടങ്ങിയവര്‍ പലപ്പോഴും കൊറിയന്‍ സംസ്‌കാരത്തിന്റെ വിചിത്രമായ ആചാരങ്ങളെയും ലൈംഗികതയെയും പ്രമേയമാക്കിയപ്പോള്‍ അവര്‍ക്കുശേഷം വന്ന തലമുറ ഹോങ് സാങ്‌സൂ, കിം കിഡുക്, ലീ ചാങ്‌ഡോങ്, പാര്‍ക് ചാന്‍വൂക് തുടങ്ങിയവര്‍ സമകാലികവും പ്രമേയപരമായി വൈവിധ്യം പുലര്‍ത്തുന്നതുമായ ചിത്രങ്ങളാണ് നിര്‍മിച്ചത്. മറ്റു ചെറുരാജ്യങ്ങളില്‍നിന്നുള്ള, പ്രത്യേകിച്ചും തായ്‌വാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സമാന്തരചിത്രങ്ങളുടെ പ്രത്യേകത അവ സിനിമ എന്ന മാധ്യമത്തില്‍ അതിന്റെ രൂപത്തിലും പരിചരണത്തിലും മറ്റും പുലര്‍ത്തിയ പരീക്ഷണാത്മകതയാണ്. സായ് മിങ് ലിയാങ്ങിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികള്‍ വളരെ തീവ്രവും വ്യത്യസ്തവുമായ ഒരു ശൈലി വികസിപ്പിച്ചെടുത്തു.
മുമ്പ് സൂചിപ്പിച്ചതുപോലെ, സമകാലിക ചലച്ചിത്രകാരന്മാര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷം അവരെയും കാഴ്ചക്കാരെയും ചൂഴ്ന്നുനില്‍ക്കുന്ന ദൃശ്യാധിക്യമാണ്. അത് മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏകദിശാമുഖമായ ഒന്നുകൂടിയാണ്. ഈ ആധിക്യത്തിനുനടുവില്‍/ഉള്ളില്‍/ഒഴുക്കില്‍നിന്ന് തന്‍േറതായ ഒന്ന് ഉരുവപ്പെടുത്തുക ദുഃസാധ്യമാണ്. ഈ കുത്തൊഴുക്കിനെ പ്രതിരോധിക്കുന്നതിനോടൊപ്പം അതിനെതിരായ ഒരു ലാവണ്യബോധം/അനുഭവംകൂടി അവ സൃഷ്ടിക്കേണ്ടതുണ്ട്. അത് പലപ്പോഴും ശബ്ദഘോഷത്തിനും ഒടുങ്ങാത്ത 'വര്‍ത്തമാന'ത്തിനുമെതിരെ നിശ്ശബ്ദമായും നിലക്കാത്ത ചലനത്തിനും സംഭവബഹുലതക്കുമെതിരെ നിശ്ചലതയായും രൂപമെടുക്കുന്നു. അത്തരം ശ്രമങ്ങളാണ് ഇന്ന് പല തെക്കുകിഴക്കന്‍ രാജ്യങ്ങളിലെ സമാന്തരസിനിമകളിലും നടക്കുന്നത്. അത് ഒരേസമയം കൊളോണിയലാനന്തര സാമൂഹികാവസ്ഥയെയും ആഗോളീകരിക്കപ്പെട്ട മാധ്യമാന്തരീക്ഷത്തെയും പാരമ്പര്യത്തിന്റെ ഇടറുന്ന തുടര്‍ച്ചകളെയും സ്വന്തം ആഖ്യാനങ്ങളിലേക്ക് ഇഴചേര്‍ക്കുന്നു. സ്വന്തം സംസ്‌കാരത്തെ ഒരു കെട്ടുകാഴ്ചയാക്കുകയോ ഭൂതകാലത്തെയോ പാരമ്പര്യത്തെയോ സമകാലികതയുടെ 'അപചയ'ത്തിനെതിരെ നിര്‍ത്തുകയോ അല്ല ഇവിടെ ചെയ്യുന്നത്. മറിച്ച്, മാധ്യമപരവും ചരിത്രപരവും രാഷ്ട്രീയവുമായ കുഴമറിച്ചിലിനെ ധ്യാനാത്മകമായി നോക്കിക്കാണാനാണ് ഈ ചിത്രങ്ങള്‍ ശ്രമിക്കുന്നത്. സായ് മിങ് ലിയാങ്ങിന്റെ ചിത്രങ്ങളിലെ ജലസാന്നിധ്യം, കിം കി ഡുക്കിന്റെ മനുഷ്യന്റെയുള്ളിലുള്ള ഹിംസയെക്കുറിച്ചുള്ള ഹതാശമായ അന്വേഷണങ്ങള്‍, ലീ ചാങ്‌ഡോങ്ങിന്റെ കവിതാപ്രയാണങ്ങള്‍, അപിചാറ്റ് പോങ് വീരസെതാകുലിന്റെ നാടോടിക്കഥകള്‍, ഇവരുടെയെല്ലാം ഭൂദൃശ്യസന്നിവേശങ്ങള്‍ ഇവയിലൂടെയെല്ലാം ഗാഢമായ ഒരു സൂക്ഷ്മരാഷ്ട്രീയം ഈ ചിത്രങ്ങള്‍ പിന്തുടരുന്നതുകാണാം.
2
If only there were any words to explain these senses verbally, instead of visually, I would rush to use them. But instead I can only express myself through a kind of Utopian conceptual art which functions for me like a type of meditation.
- Apichatpong Weerasethakul
ഇത്തവണത്തെ കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തായ്‌ലന്‍ഡ് സംവിധായകനായ അപിചാറ്റ്‌പോങ് വീരസെതാകുല്‍ മേല്‍പറഞ്ഞ നവതരംഗത്തിന്റെ പ്രയോക്താവാണ്. വീരസെതാകുലിന്റെ ശ്രമങ്ങളുടെ വ്യത്യസ്തത അവയുടെ തുറന്നതും തീക്ഷ്ണവുമായ മാധ്യമബോധമാണ്. ഒരു വീഡിയോ കലാകാരന്‍കൂടിയാണ് വീരസെതാകുല്‍ എന്നതാവണം ഒരുപക്ഷേ അതിനു കാരണം. ഒപ്പംതന്നെ വീരസെതാകുലിന്റെ പഠനവിഷയങ്ങളുടെ വൈവിധ്യവും (ആധുനികവൈദ്യം, വാസ്തുകല, കല, സിനിമ.)വീരസെതാകുലിന്റെ www.kickthemachine.com എന്ന വെബ്‌സൈറ്റില്‍, അദ്ദേഹത്തിന്റെ വിവിധ മാധ്യമങ്ങളില്‍നിന്നുള്ള കലാശ്രമങ്ങള്‍ കാണാം. ''ഒരു മുഴുനീള ചിത്രത്തിലൂടെ സംവദിക്കാന്‍ സാധിക്കാത്തതരത്തിലുള്ള മൂഡുകളെ പ്രതിഫലിപ്പിക്കാനും അവയില്‍ പരീക്ഷണങ്ങള്‍ നടത്താനുമൊരുങ്ങുമ്പോള്‍ എനിക്ക് ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് സ്‌കെച്ചുകളും വീഡിയോയുമാണ്. സിനിമയില്‍നിന്ന് ഭിന്നമായി വീഡിയോക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതുപോലുള്ള ഒരുതരം സ്വകാര്യതയുണ്ട്. വീഡിയോ എന്റെ മൂഡുകളുടെയും കാഴ്ചപ്പാടുകളുടെയും വികാരങ്ങളുടെയും രേഖപോലെയാണ്. വീഡിയോയിലുള്ള പ്രവര്‍ത്തനം എനിക്ക് ഒരുതരം കരകൗശലവേലയോ ചികിത്സയോപോലെയാണ്. എങ്കിലും, കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴും വീഡിയോക്ക് സിനിമയുടെ ശക്തിയില്ല. സിനിമയില്‍ എനിക്ക് ഇന്നും വിശ്വാസമുണ്ട്; സിനിമ യാഥാര്‍ഥ്യത്തില്‍ ഇല്ല എങ്കിലും. സിനിമ യാഥാര്‍ഥ്യമല്ല, അത് നമ്മുടെ ജീവിതത്തിനു സമാന്തരമായോടുന്ന മറ്റൊരു ഘടകം മാത്രമാണത്.''
ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വീരസെതാകുലിന്റെ 'Mysterious Object at Noon' (2000), 'Syndromes and a Century' (2006), 'Tropical Malady' (2004), 'Uncle Boonmee who can Recall His Past Lives' (2010), 'Blissfully Yours' (2002)തുടങ്ങിയ ചിത്രങ്ങളുണ്ട്.
വീരസെതാകുലിന്റെ ചിത്രങ്ങള്‍ സാമ്പ്രദായികമായ കഥനരീതികള്‍ അവലംബിക്കുന്നില്ല; തുറന്നതും നിരന്തരം ഇഴപിരിയുന്നതുമായ ആഖ്യാനങ്ങളാണവ. രേഖീയവും ആഖ്യാനം തുറന്നിടുന്ന എല്ലാ സമസ്യകളെയും അന്ത്യത്തില്‍ ഒടുക്കുകയും (closure) ചെയ്യുന്ന ഒരുരീതിയല്ല വീരസെതാകുലിന്റെ ചിത്രങ്ങള്‍ പിന്തുടരുന്നത്. അത്തരം ഘടനാപരതകളെയെല്ലാം ചെറുക്കുന്ന ഈ ചിത്രങ്ങള്‍ കാണിയെ നിരന്തരം അതിന്റെ ആഖ്യാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നവയാണ്. യഥാര്‍ഥത്തില്‍ ആഖ്യാനം വികസിക്കുന്നത് തിരശ്ശീലയിലെന്നതിനെക്കാള്‍ കാണിയുടെ മനസ്സുകളിലാണ്. സംഭവങ്ങള്‍ എന്നതിനെക്കാള്‍ കുറെ സന്ദര്‍ഭങ്ങളോ സന്ദര്‍ഭസാധ്യതകളോ സൂചനകളോ മാത്രമാണ് ഈ ചിത്രങ്ങളിലുള്ളത്. അത് സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷം കാണിക്ക് സ്വതന്ത്രമായി കടന്നുചെല്ലാവുന്നവയാണ്. ഈ ദൃശ്യങ്ങള്‍ ഒറ്റനോട്ടത്തില്‍ നമ്മെ രസിപ്പിക്കാന്‍ ശ്രമിക്കുന്നതേയില്ല; നിരന്തരമായ ചലനങ്ങളോ സംഭവബഹുലതയോ അവക്ക് അന്യമാണ്. അവ നമ്മില്‍നിന്നാവശ്യപ്പെടുന്നത് ഒരുതരം ധ്യാനമോ തീവ്രമായ ശ്രദ്ധയോ ആണ്. ഇന്നത്തെ ദൃശ്യാധിക്യം നമ്മില്‍നിന്നുമൊരിക്കലും ആവശ്യപ്പെടാത്തതും നമ്മില്‍നിന്നന്യമാകുന്നതുമായ ഒരു മാനുഷികാഭിമുഖ്യമാണത് എന്നത് യാദൃച്ഛികമല്ല. നമ്മില്‍ ഉണര്‍ത്തപ്പെടുന്ന അത്തരം ശ്രദ്ധയാണ് ഈ ചിത്രങ്ങളിലെ തികച്ചും സാധാരണവും പരിചിതവുമായ സന്ദര്‍ഭങ്ങള്‍ക്കും ഭൂദൃശ്യങ്ങള്‍ക്കും കഥാപാത്രചലനങ്ങള്‍ക്കും സ്വപ്‌നതുല്യമായ ഒരു ആവേഗം നല്‍കുന്നത് . ഒരു നേര്‍വരപോലെ. മറ്റെല്ലാറ്റിനെയും അപ്രധാനമാക്കിക്കൊണ്ട് ലക്ഷ്യത്തിലേക്കും ഒടുക്കത്തിലേക്കും കുതിക്കുന്ന ഒരു ആഖ്യാനത്തിനുപകരം, വര്‍ത്തുളവും ക്രമേണ വിവൃതമായിക്കൊണ്ടിരിക്കുന്നതുമായ ഒരു രാഗവിസ്താരംപോലെയാണ് വീരസെതാകുലിന്റെ ദൃശ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സമകാലിക ജീവിതാവസ്ഥയും രാഷ്ട്രീയവുമെല്ലാം വളരെ സൂക്ഷ്മമെങ്കിലും തീവ്രമായ സൂചനകളിലൂടെ ദൃശ്യങ്ങളിലേക്ക് കടന്നുവരുന്നു. 'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണി'ന്റെ ഫ്രെയിമുകളില്‍ ചുവരിലും റോഡരികിലും മറ്റും നിരന്തരം പ്രത്യക്ഷപ്പെടുന്ന നേതാവിന്റെ ഛായാപടങ്ങള്‍, പശ്ചാത്തലത്തിലുയരുന്ന ദേശീയഗാനം, ചിത്രാന്ത്യത്തില്‍ യുദ്ധം നിര്‍ത്തിയതായും അമേരിക്കന്‍ പൗരന്മാരോട് തദ്ദേശീയര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമൊക്കെയുള്ള റേഡിയോ പ്രക്ഷേപണം തുടങ്ങിയവ ദൃശ്യോപരിതലത്തിന്റെ വിരുദ്ധബിന്ദുവായും ചിലപ്പോള്‍ അവക്ക് അടിവരയിട്ടുകൊണ്ടും നിലകൊള്ളുന്നു. അതുപോലെതന്നെയാണ് ചരിത്രത്തെക്കുറിച്ചും ആത്മീയപാരമ്പര്യത്തെക്കുറിച്ചും മറ്റുമുള്ള ഉത്കണ്ഠകള്‍. 'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി'യിലെ രോഗനിര്‍ണയത്തിനായെത്തുന്ന ബുദ്ധഭിക്ഷുക്കളുടെ സാന്നിധ്യവും അവരുമായുള്ള സംഭാഷണങ്ങളും മാറുന്ന തായ് ജീവിതാവസ്ഥകളെക്കുറിച്ചും പാരമ്പര്യത്തിന്റെ വളരെ നേരിയതെങ്കിലും ദൃഢമായ തുടര്‍ച്ചകളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്.
'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി' പ്രശസ്ത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ 250ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച ഒരു ചിത്രമാണ്. സംവിധായകന്റെ മാതാപിതാക്കള്‍ക്കുള്ള ഒരു ആദരാഞ്ജലിയായി സങ്കല്‍പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം 40 വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവും നടക്കുന്ന രണ്ടു ഖണ്ഡങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. ഒന്ന്, തായ്‌ലന്‍ഡിലെ ഒരു നാട്ടിന്‍പുറത്തെ ആശുപത്രി, മറ്റൊന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം ബാങ്കോക്കിലെ ആധുനികമായ ഒരു ചികിത്സാകേന്ദ്രത്തിലും ആണ് സംഭവിക്കുന്നത്. രണ്ട് സമയഖണ്ഡങ്ങളിലും ഒരേ സംഭവങ്ങള്‍തന്നെയാണ് നടക്കുന്നതെങ്കിലും അവയിലൂടെ കഥാപാത്രങ്ങളുടെ ഒരു പരമ്പരതന്നെ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു; അവരുടെ ജീവിതം/സംഘര്‍ഷം സംവദിക്കപ്പെടുന്നത് വളരെ വിശദവും ശാന്തവുമായ മീഡിയം ഷോട്ടുകളുടെ ഒരു നിശ്ചലചിത്രപംക്തി സംഭാഷണങ്ങളിലൂടെയോ സന്ദര്‍ഭങ്ങളിലൂടെയോ ആണ്. അവിടെ പുനര്‍ജന്മവും വിഫലമായ പ്രതീക്ഷകളും പ്രണയകാംക്ഷകളും എല്ലാം കടന്നുവരുന്നു. ഡിസ്‌ക് ജോക്കിയാവാന്‍ ആഗ്രഹിച്ച ബുദ്ധഭിക്ഷുവും ആ ഭിക്ഷു പണ്ട് താന്‍ കാരണം മരിച്ചുപോയ തന്റെ ജ്യേഷ്ഠസഹോദരനാണ് എന്നു കരുതുന്ന, ഒഴിവുസമയങ്ങളില്‍ തായ് നാടന്‍പാട്ടുകള്‍ പാടുന്ന ദന്തഡോക്ടറും, താന്‍ കുട്ടിക്കാലത്ത് കാലൊടിച്ച കോഴിക്കുഞ്ഞുങ്ങള്‍ തന്നെ സ്വപ്‌നത്തില്‍ വേട്ടയാടുന്നു എന്നുകരുതുന്ന വൃദ്ധനായ ബുദ്ധസന്ന്യാസി, ടെലിവിഷനില്‍ തന്റെ പതിവു പരിപാടിയില്‍ പ്രത്യക്ഷപ്പെടാനായി മദ്യംകഴിച്ച് ധൈര്യംസംഭരിക്കുന്ന വനിതാഡോക്ടര്‍, അടുത്ത ജീവിതത്തില്‍ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കാം എന്നാശിക്കുന്ന യുവരോഗി ഇവരെല്ലാംകൂടി സൃഷ്ടിക്കുന്ന ഒരു മാനസികാന്തരീക്ഷം ആണ് വീരസെതാകുലിന്റെ സിനിമ. രണ്ടാം ഭാഗത്തില്‍, വ്യക്തികളുടെയും അവരുടെ വാസസ്ഥലങ്ങളുടെയും ആശുപത്രിയുടെയും മറ്റും രംഗങ്ങള്‍ നിശ്ചലമായ രീതിയിലുള്ള ചിത്രീകരണത്തിനു വിധേയമാകുമ്പോള്‍, പുറത്ത്, ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ട്രാക്കിങ് ഷോട്ടുകളിലൂടെയാണ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ആവര്‍ത്തനം ഓര്‍മയെയും ഓര്‍മിക്കലിനെയും ഒപ്പം എന്തോ ഉറഞ്ഞുപോകുന്നതിനെയും നമ്മുടെ കാഴ്ചയില്‍ കൊണ്ടുവരുന്നു. നിശ്ചലതക്കെതിരായുള്ള ഈ ചലനം, ചിത്രം പിന്തുടരുന്ന പലതരം ദ്വന്ദ്വങ്ങളുടെ ഭൂതകാലം/വര്‍ത്തമാനം, ഓര്‍മ/അനുഭവം, സ്വപ്‌നം/യാഥാര്‍ഥ്യം, പാരമ്പര്യം/ആധുനികത, ഗ്രാമം/നഗരം തുടങ്ങിയവയുടെ തുടര്‍ച്ചകൂടിയാണ്. ചിത്രത്തിന്റെ അവസാനഭാഗത്ത് നമ്മള്‍ കാണുന്നത് ആശുപത്രിക്കകത്തെ പുക വലിച്ചെടുക്കുന്ന ഒരു കുഴലിന്റെ, നമ്മിലേക്കു നീണ്ടുനില്‍ക്കുന്ന ഒരു സമീപദൃശ്യമാണ്. തുടര്‍ന്ന്, ശാന്തമായ അന്തരീക്ഷത്തില്‍ പുറംലോകത്തിന്റെ നിത്യതയില്‍ മുഴുകിയിരിക്കുന്ന രോഗികളെയും.
'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണ്‍' എന്ന ചിത്രം കഥപറച്ചില്‍ എന്നതിന്റെതന്നെ ഒരു ഭ്രാന്തന്‍ ആഖ്യാനപടര്‍ച്ചയാണ്. തെരുവുകളിലൂടെയോടുന്ന ഒരു മോട്ടോര്‍ വാഹനത്തിലിരുന്ന് മത്സ്യവും മീനെണ്ണയും വില്‍ക്കുന്ന ഒരു സ്ത്രീയുടെ അനുഭവകഥയില്‍നിന്നാണ് ചിത്രത്തിന്റെ തുടക്കം. (വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍നിന്നുവന്ന അവരെ കുട്ടിയായിരിക്കുമ്പോള്‍ നഗരത്തില്‍നിന്ന് നാട്ടിലേക്കു തിരിച്ചുപോകാനുള്ള വണ്ടിക്കൂലിക്കു പകരമായി സ്വന്തം മാതാപിതാക്കള്‍ വില്‍ക്കുന്നതാണ് കഥ.) അവിടെനിന്ന് ആഖ്യാനം മറ്റുപലരുടെയും കഥകളിലേക്കും അനുഭവങ്ങളിലേക്കും ആഖ്യാനങ്ങളിലേക്കും പടരുന്നു. അവര്‍ക്കിടയില്‍ ഒരു നാടകക്കൂട്ടമുണ്ട്, ആ കഥ കാമറയില്‍ പകര്‍ത്തുന്ന സിനിമക്കാരുണ്ട്, കളിച്ചുകൊണ്ടിരിക്കുന്ന യുവാക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. അങ്ങനെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കയറി ഇഴപിരിഞ്ഞുവളരുന്ന കഥയിലേക്ക് സ്വന്തം കണ്ണികള്‍ചേര്‍ത്ത് എല്ലാവരും ആ കഥയുടെ ഭാഗമായി മാറുന്നു ഈ ചിത്രത്തില്‍. കഥാപാത്രങ്ങള്‍തന്നെ ക്രമേണ കഥാകാരന്മാരാകുന്ന, ഒരു തരം ആഖ്യാനസ്വാതന്ത്ര്യം അനുഭവിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ചിത്രമാണിത്.
ജീവിതം, അനുഭവങ്ങള്‍, യാഥാര്‍ഥ്യം ഇവയുടെ പിടിതരാത്ത ഒഴുക്കിനും അവ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു ഹിംസയാണ് ആദിമധ്യാന്തബദ്ധമായ ഒരു ആഖ്യാനഘടന. അത്തരം ആഖ്യാനങ്ങളുടെ 'നീതിയുക്ത'വും പര്യവസാനബദ്ധവുമായ പരിണാമക്രമം കാവ്യനീതിയിലും കാര്യകാരണബന്ധ(ന)ത്തിലും (ലോകക്രമത്തിലും) ഉള്ള ഒരു സമ്മത(തി)പ്രതീതികൂടി നമ്മില്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം രേഖീയതകളുടെ അധീശത്വത്തെയാണ് വീരസെതാകുലിന്‍േറതുപോലുള്ള ചിത്രങ്ങള്‍ വെല്ലുവിളിക്കുന്നതും. സ്വാഭാവികവത്കരിക്കപ്പെട്ട് സനാതനമാക്കപ്പെടുന്ന എല്ലാത്തരം ക്രമങ്ങളുടെയും 'സമാധാന'ത്തില്‍നിന്ന് ഇവ നമ്മെ മോചിപ്പിക്കുന്നു; ഓരോ നിമിഷത്തെയും സന്ദര്‍ഭത്തെയും നിരന്തരം അനന്തസാധ്യതകള്‍ തുറന്നിടുന്ന ഒന്നായി മോചിപ്പിക്കുന്നു.

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

കറുത്ത സിനിമ |മധു ജനാര്‍ദനന്‍
''എനിക്കും ഒരു സ്വപ്‌നമുണ്ടെ''ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു മെയില്‍ സംസ്‌കാര സമ്പന്നരായ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 500ലധികം യാത്രക്കാരുമായി നിറഞ്ഞു പറക്കാന്‍ തയാറായൊരു വിമാനത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്റെയരികില്‍ സീറ്റു ലഭിച്ച ഒരു വെള്ളക്കാരി സീറ്റ് മാറ്റിക്കൊടുക്കാനാവശ്യപ്പെടുന്നു. നിറയെ യാത്രക്കാരായതിനാല്‍ ബിസിനസ് ക്ലാസിലെ ഒരു സീറ്റില്‍, അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി അവരെ മാറ്റിയിരുത്തി പറന്നുപൊങ്ങിയ വിമാനയാത്രയെക്കുറിച്ചുള്ള 'ശുഭപര്യവസായി'യായ സന്ദേശമാണ് അത്. സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയിലുള്ള സ്‌പെയ്‌സിലൂടെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ജീവിതവും സിനിമയും കടന്നുപോകുകയാണ്. അത് ചരിത്രമാണ്; വര്‍ത്തമാനവും.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ അമേരിക്കന്‍ സിനിമയില്‍ 'കറുപ്പ്' എന്ന ഇമേജ് ചില സ്ഥിരം വാര്‍പ്പുരൂപങ്ങളിലൂടെ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്നും പേരിന് ചില കറുത്ത കഥാപാത്രങ്ങളെ കാണാമെന്നല്ലാതെ അവര്‍ കഥയെ നിയന്ത്രിക്കുകയോ അവരുടെ വൈകാരികാവസ്ഥ തുറന്നുകാട്ടപ്പെടുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സംസ്‌കാരത്തില്‍ അടിമയുടെ ഇടം എന്താണെന്ന് വെള്ളക്കാരായ കാഴ്ചക്കാര്‍ക്ക് വീണ്ടും വീണ്ടും തീര്‍ച്ചപ്പെടാനും ആശ്വസിക്കാനുമുള്ള സംവിധാനം മാത്രമായി ഇത് മാറുന്നു.
തോമസ് ഡിക്‌സന്റെ 'ദ ക്ലാന്‍സ്മാന്‍', 'ദ ലെപ്പേര്‍ഡ് സ്‌പോര്‍ട്ട്' എന്നീ കൃതികളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട 'ബെര്‍ത്ത് ഓഫ് എ നേഷന്‍' (സംവി: ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, 1915, യു.എസ്.എ) സിനിമാചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും മികച്ച സിനിമയായാണ് കരുതപ്പെടുന്നത്. മുഴുനീള ഫീച്ചര്‍ സിനിമയുടെ വിജയസാധ്യതയുടെ ആദ്യദൃഷ്ടാന്തമായും നിരവധി സിനിമാ വ്യാകരണങ്ങളുടെ ആദ്യ പ്രയോഗമായും ഈ സിനിമ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയില്‍ വര്‍ണവിവേചനം ആദ്യമായി അവതരിപ്പിച്ചതിന്റെ 'ബഹുമതി'യും ഈ സിനിമക്ക് സ്വന്തമാണ്. 19ാം നൂറ്റാണ്ടിലെ എല്ലാവിധ വര്‍ഗാനുസാര വാര്‍പ്പ്മാതൃകകളെയും ഈ സിനിമ അതിവിദഗ്ധമായി അണിനിരത്തുന്നുണ്ട്. ദക്ഷിണ അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന എല്ലാ തെറ്റിദ്ധാരണകളെയും കണ്ടെത്തലുകളെയും ഈ സിനിമ അവതരിപ്പിച്ചു എന്നതിനപ്പുറം കഥാതന്തുവിന് വലിയ പ്രസക്തിയൊന്നുമില്ല. വര്‍ണവെറിയന്മാരുടെ ഭീകരസംഘടനയായ ക്ലൂ ക്ലസ് ക്ലാനിനെ സഹതാപത്തോടെ കാണുകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവേളയില്‍ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതും ആണ് അതിന്റെ സത്ത. അതിശയോക്തീകരിക്കപ്പെട്ട ഈ സിനിമയുടെ പ്രമേയം ഇന്നത്തെ പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ച് വിശ്വസനീയമല്ലെങ്കിലും ഇത്തരം ആദ്യകാല സിനിമകളിലൂടെ സത്യത്തെ വളച്ചൊടിക്കാനും കറുത്തവരായ കഥാപാത്രങ്ങളെ വെറും അക്രമികളായ കഥാപാത്രങ്ങളല്ലാതാക്കി അവതരിപ്പിക്കാനും സാധിച്ചിരുന്നു. കറുത്തവരെ കോമാളികളാക്കി മാറ്റിയെന്നതാണ് 'ബെര്‍ത്ത് ഓഫ് എ നേഷ'ന്റെ ഏറ്റവും അപകടകരമായ ദൗത്യം. കറുത്തവന്റെ സംഗീതം, നൃത്തം എന്നിവ പ്രാകൃതവും സംസ്‌കാരശൂന്യവുമായി മാറ്റിത്തീര്‍ക്കപ്പെടുകയും വെളുത്തവനുമായുള്ള അടിസ്ഥാന വര്‍ഗ വ്യത്യാസങ്ങളെ പര്‍വതീകരിച്ച് അവന്റെ/അവളുടെ സ്വത്വം അരികുമാറ്റപ്പെടേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും ചെയ്തു. വിപരീതാര്‍ഥത്തില്‍ ചിന്തിച്ചാല്‍, വെള്ളക്കാരന്റെ ശത്രുവെന്ന നിലക്ക് 'ബെര്‍ത്ത് ഓഫ് എ നേഷനി'ല്‍ കറുത്തവര്‍ അല്‍പം ശക്തരെങ്കിലുമാണ്. മറ്റ് ആദ്യകാല സിനിമകള്‍ കൂടുതല്‍ അപമാനവീകരിക്കപ്പെട്ടതും ലഘൂകരിക്കപ്പെട്ടതുമായ 'വളര്‍ന്നിട്ടും വളര്‍ച്ചയെത്താത്ത കാപ്പിരി' (Child-Man Negro)കളായാണ് കറുത്ത വര്‍ഗക്കാരെ രേഖപ്പെടുത്തിയത്. വിഡ്ഢികളും പരിഹാസപാത്രരും അന്തസ്സില്ലാത്തവരും ഇനിയും മനുഷ്യരായി പരിണമിക്കാത്ത പൂര്‍വികരെ ഓര്‍മിപ്പിക്കുന്ന ഒരു വിഭാഗവുമായാണ് കറുത്തവര്‍ ചിത്രീകരിക്കപ്പെട്ടത്. സാമൂഹിക മാറ്റത്തിന്റെ കാലത്ത് അതില്‍ പങ്കെടുക്കാത്ത വെള്ളക്കാരന്റെ ഭയത്തെ മയപ്പെടുത്താനും അവന്റെ മേധാവിത്വ മനോഭാവത്തെ നിലനിര്‍ത്താനും കറുത്ത വംശജര്‍ ഒന്നിനും പ്രാപ്തരല്ലെന്ന് ധരിപ്പിക്കാനുമായാണ് ഇത്തരം കഥാപാത്രവത്കരണം രൂപപ്പെടുത്തപ്പെട്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത കഥാപാത്രങ്ങള്‍ ഒരു ഉദാത്തഫലിതമായിത്തീര്‍ന്നുവെന്നതാണ് ഇതിന്റെ പരിണതി. മാന്ദ്യകാലത്ത് സാമ്പത്തിക പ്രതിസന്ധികളില്‍ അവര്‍ കൂടുതല്‍ ചെറുതാക്കപ്പെട്ടു. ഇക്കാലത്ത് വിജയിച്ച സിനിമകള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് കൂടുതല്‍ അകന്നുനിന്ന പടിഞ്ഞാറന്‍ (വെസ്‌റ്റേണ്‍), രാക്ഷസ (monster) സിനിമകള്‍ എന്നിവയായിരുന്നു. ചരിത്രം, കറുത്തവന്റെ ചരിത്രം, അടിമത്തം തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ അജ്ഞതയും ഇതിന് കാരണമായി. നിലവിലുള്ള വര്‍ഗവൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതും ഉള്ളുപൊള്ളയായതുമായ ഗൃഹാതുരത്വ ശുഭപര്യവസായികളായ സിനിമകള്‍ ഒരുപക്ഷേ, കൂടുതല്‍ അപകടകരങ്ങളായിരുന്നു എന്നതാണ് വസ്തുത.
കറുത്ത വര്‍ഗക്കാരായ നടന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ 1970കളുടെ ആദ്യ ആണ്ടുകളിലാണ് വന്നുതുടങ്ങിയത്. കറുത്തവരുടെ ദേശീയത, ലഹള എന്നിവയൊക്കെ വിഷയങ്ങളാകുന്ന ആക്ഷന്‍ സിനിമകള്‍ പക്ഷേ, നിര്‍മിച്ചിരുന്നത് വെള്ളക്കാര്‍ നിയന്ത്രിച്ചിരുന്ന ഹോളിവുഡ് സ്റ്റുഡിയോകളായിരുന്നു. 'ഷാഫ്റ്റ്' (1971), 'സ്വീറ്റ് സ്വീറ്റ് ബാക്‌സ് ബാഡാസ് സോങ്' (1971), 'സൂപ്പര്‍ തപ്ലോ സ്‌ക്രീം', 'ബ്ലാക്കുള' തുടങ്ങിയ നിരവധി സിനിമകള്‍ ലക്ഷ്യംവെച്ചത് കറുത്ത മുഖങ്ങള്‍ കാണാന്‍ മോഹിച്ചെത്തുന്ന കറുത്ത വര്‍ഗക്കാരുടെ ടിക്കറ്റുകളെയാണ്. അതുകൊണ്ടുതന്നെ 'ബ്ലാക് സ്‌പ്ലോയിറ്റേഷന്‍' എന്ന പേരിലായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ അറിയപ്പെട്ടത്. കറുത്തവരുടെയും വെളുത്തവരുടെയും പക്ഷത്തുനിന്ന് ഈ സിനിമകള്‍ക്കുനേരെ 1970കളുടെ മധ്യത്തോടെ വിമര്‍ശം രൂക്ഷമായി. പ്രമേയത്തെയും കഥാപാത്രവികസനത്തെയും മൂടുന്ന രീതിയിലുള്ള ആക്ഷനുകള്‍ ഈ സിനിമക്ക് സ്വന്തമായ അസ്തിത്വം നല്‍കുന്നതിന് വിഘാതമായി. അങ്ങനെ ഈ ജനുസ്സ് വൈകാതെ ചരമമടഞ്ഞു. എന്നാല്‍, ഈ സിനിമകളെക്കുറിച്ചുള്ള തീക്ഷ്ണമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നത് മുഖ്യധാരാമാധ്യമങ്ങളില്‍നിന്നോ പ്രചാരണവേദികളില്‍നിന്നോ കറുത്തവരുടെ പ്രസിദ്ധീകരണങ്ങളില്‍നിന്നുപോലുമോ ആയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യകാലത്തും കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, ലോസ് ആഞ്ജലസ് എന്നിവിടങ്ങളില്‍ കറങ്ങിനടന്നിരുന്ന ഒരു സംഘം സിനിമാസംവിധായകരാണ് ഈ വിമര്‍ശം ഉയര്‍ത്തിയത്. ലോസ് ആഞ്ജലസ് സ്‌കൂള്‍ ഓഫ് ബ്ലാക് ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് (എല്‍.എ സ്‌കൂള്‍) എന്ന പേരിലറിയപ്പെട്ടിരുന്നവരില്‍ പ്രധാനികളായിരുന്നു ചാള്‍സ് ബുര്‍നെറ്റ്, ബില്ലി വുഡ്‌ബെറി, ഹൈലി ജെറുമാ, ജൂലിഡാഷ് എന്നിവര്‍. വര്‍ണവെറിയുടെയും അടിച്ചമര്‍ത്തലിന്റെയും അടിത്തറയില്‍ പണിത വെള്ളമേല്‍ക്കോയ്മക്ക് കീഴില്‍ കറുത്തവരുടെ സമൂഹത്തിനിടയിലുള്ള സ്വന്തം അനുഭവങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. കറുത്തവന്റെ ദേശീയത, മനുഷ്യാവകാശപ്രസ്ഥാനം, സ്ത്രീപ്രസ്ഥാനം, യുദ്ധവിരുദ്ധ പ്രഭാഷണങ്ങള്‍, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളില്‍നിന്ന് ഈ ചലച്ചിത്രകാരന്മാര്‍ രൂപവത്കരിച്ച സൗന്ദര്യശാസ്ത്രവും അവതരണരീതിയും ആഖ്യാനങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അസ്തിത്വത്തെയും അവരുടെ കുടുംബങ്ങളെയും യാഥാര്‍ഥ്യബോധത്തോടെ സ്വാംശീകരിക്കാന്‍ പ്രാപ്തമായിരുന്നു. ദൈര്‍ഘ്യമേറിയതും പ്രധാനപ്പെട്ടതുമായ അമേരിക്കന്‍ സിനിമാചരിത്രത്തിലൂടെ അവധാനതയോടെയാണ് അവര്‍ സഞ്ചരിച്ചത്. ലിങ്കണ്‍ മോഷന്‍ പിക്ചര്‍ കമ്പനി(1910), ഓസ്‌കര്‍ മിഷോക്‌സ് (1920, 1930), സ്‌പെന്‍സര്‍ വില്യംസ് (1940) എന്നീ കറുത്തവരുടെ സ്വതന്ത്ര നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തന ദശകങ്ങള്‍ കൂടാതെ താരതമ്യേന സ്വതന്ത്രനിലപാടുകളെടുത്ത മൈക്കല്‍ റോമര്‍, ജോണ്‍ കസാവെറ്റസ് തുടങ്ങിയ വെള്ളക്കാരുടെ സ്വതന്ത്ര സിനിമകളെയും അവര്‍ പഠിക്കുകയുണ്ടായി. അവര്‍ തങ്ങള്‍ പഠിപ്പിക്കപ്പെട്ട പ്രമേയത്തിന്റെയും രൂപത്തിന്റെയും പാരമ്പര്യരീതികളെ എതിര്‍ത്തു. കട്ട്, ഫെയ്‌സ്, ഫ്രെയിം കോമ്പസിഷന്‍, കാമറാചലനങ്ങള്‍ എന്നിവയിലെല്ലാം നിലനില്‍ക്കുന്ന പ്രമാണങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ട് വ്യവസ്ഥകളില്ലാത്ത രീതിയില്‍ കറുത്ത മനുഷ്യരെയും അവരുടെ സംസ്‌കാരത്തെയും കണ്ടെത്തുക എന്നതായിരുന്നു അവരുടെ പ്രധാന ആഗ്രഹം.
എന്നാല്‍, ഈ സംവിധായകര്‍ നിര്‍മിക്കുന്ന സിനിമകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയോ മുഖ്യധാരാമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നിരൂപണം ചെയ്യുകയോ വീഡിയോ കോപ്പികള്‍ ലഭ്യമാവുകയോ ചെയ്യുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. അക്കാദമികമായ എഴുത്തുകള്‍, ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ റെട്രോസ്‌പക്ടീവുകള്‍ എന്നതിനപ്പുറം ഇന്നും അമേരിക്കയിലെ പൊതുധാരയിലേക്ക് ഈ സിനിമകള്‍ക്ക് ഇനിയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
എല്‍.എ സ്‌കൂളിന്റെ കറുത്തവരുടെ സ്വതന്ത്ര സിനിമക്ക് ഇറ്റാലിയന്‍ നിയോ റിയലിസത്തോടുള്ള ബന്ധം സൂചിപ്പിക്കപ്പെടേണ്ടതാണ്. ചാള്‍സ് ബുര്‍നെറ്റിന്റെ 'കില്ലര്‍ ഓഫ് ഷീപ്പ്' (1977) എന്ന സിനിമയെ അമേരിക്കന്‍ നിയോറിയലിസത്തിലെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഛിന്നഭിന്നമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ യഥാതഥ ചിത്രമാണ് എപ്പോഴും നിയോറിയലിസത്തില്‍ പകര്‍ത്തപ്പെട്ടത്. 'കില്ലര്‍ ഓഫ് ഷീപ്പ്', അമേരിക്കന്‍ സംവിധായകനായ മൈക്കല്‍ റോമറുടെ 'നത്തിങ് ബട്ട് എ മാന്‍' (1964), ബില്ലി വുഡ്‌ബെറിയുടെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' (1984) എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള ഇമേജുകള്‍ റോസല്ലിനിയുടെ 'പൈസാന്‍' (1946), വിസ്‌കോന്തിയുടെ 'ലാടെറാ ട്രെമ' (1948) എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്.
'കില്ലര്‍ ഓഫ് ഷീപ്പ്' 1977ല്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും അതിന്റെ സംഗീതത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റിലീസിങ് സാധ്യമായിരുന്നില്ല. അതിന്റെ സംവിധായകനായ ചാള്‍സ് ബുര്‍നെറ്റ് ഇന്ന് അമേരിക്കന്‍ സംവിധായകരില്‍ പ്രഗല്ഭനായ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ചിന്തയും ധ്യാനവും ആവശ്യപ്പെടുന്ന ഒരു ശൈലിയാണ് ബുര്‍നെറ്റിന്‍േറത്. സിനിമകള്‍ എന്നും ഉപേക്ഷിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന്റെ ജീവിതമാണ് അദ്ദേഹം വിഷയമായി സ്വീകരിക്കുന്നത്. അറവുശാലയിലെ ജോലിക്കാരനായ സ്റ്റാന്‍ ആണ് സിനിമയിലെ നായക കഥാപാത്രം. സിനിമയില്‍ വലുതായൊന്നും സംഭവിക്കുന്നില്ല. രണ്ടുപേര്‍ അര്‍ധ മനസ്സോടെ ബാങ്ക് കൊള്ളക്കായി പദ്ധതിയിടുന്നു. കുട്ടികള്‍ പാറക്കഷണങ്ങള്‍ എറിയുന്ന ഒരു മത്സരം സംഘടിപ്പിക്കുന്നു. സ്റ്റാനും സുഹൃത്തുക്കളും ഒരു കാര്‍ പുനര്‍നിര്‍മിക്കാനായി ശ്രമിക്കുന്നു. ഹാസ്യവും കവിതയും തുളുമ്പുന്ന ഒരു ശൈലിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദുഃഖകരവും ഇരുണ്ടതും വളരെ സാവധാനവുമാണ് സിനിമയുടെ അന്തരീക്ഷം. ഹോളിവുഡിനെ തീര്‍ത്തും നിരാകരിക്കുന്ന ഒരു ശൈലിയാണ് സംവിധായകന്‍ ഇതില്‍ സ്വീകരിക്കുന്നത്. കഥയില്‍ ഡോക്യുമെന്ററിയും ഡോക്യുമെന്ററിയില്‍ കഥയും ബുര്‍നെറ്റ് ഇതില്‍ പരീക്ഷിക്കുന്നു. പ്രതീക്ഷയാണ് ഈ സിനിമയുടെ ആത്മാവ്. വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍നിന്ന് പ്രതീക്ഷയിലേക്കാണ് ഓരോ സീനും പ്രവേശിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ പോരാട്ടമാണ് സംവിധായകനെയും സിനിമയെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.
''ഞാനൊരു മൂന്നാം ലോക സ്വതന്ത്ര സിനിമാ സംവിധായകനാണെ''ന്ന് 1983ലെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ച ഹൈലി ജെറൂമാ ഇത്യോപ്യയില്‍നിന്ന് അമേരിക്കയിലേക്ക് 1967ലാണ് കുടിയേറിയത്. നാടകമായിരുന്നു ആദ്യ സങ്കേതം. നാടകത്തില്‍നിന്ന് പിന്നീട് സിനിമയിലേക്ക് കുടിയേറിയ ജെറൂമാ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇത്യോപ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ആഫ്രിക്കന്‍ അടിമത്തത്തിന്റെ ഭയാനകതയും കണ്ടുകൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. കറുത്തവരെ നായക കഥാപാത്രങ്ങളാക്കിക്കൊണ്ടും ലോകമാകെ പരന്നുകിടക്കുന്ന ആഫ്രിക്കന്‍ അടിമകളിലൂടെ 'ഡയസ്‌പോറ' പശ്ചാത്തലമാക്കിക്കൊണ്ടുമാണ് ജെറൂമാ സിനിമകള്‍ നിര്‍മിക്കുന്നത്. ചരിത്രവും കഥയുടെ നാടോടി പാരമ്പര്യ ശൈലിയും ഇഴചേര്‍ത്തുകൊണ്ട് പ്രകോപനപരമായ ഒരു രൂപമാണ് ഈ സിനിമകളില്‍ രൂപപ്പെട്ടത്. ഈ വഴികളിലൂടെ ലോക സിനിമയിലെ വിഖ്യാതരായ സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായി ജെറൂമാ മാറി. സാമ്പത്തിക പ്രതിസന്ധികളും ഹോളിവുഡിന്റെ നിരാകരണവും സിനിമാ ജീവിതത്തിലുടനീളമുണ്ടായിട്ടും മുന്നോട്ടുപോയ ജെറൂമാ വിതരണക്കാരെ ലഭിക്കാത്തതിനാല്‍ സ്വന്തമായി വിതരണക്കമ്പനി ആരംഭിച്ചു. വീഡിയോ കാസറ്റ് വാടകക്കാര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഒരു വീഡിയോഷോപ്പ് ആരംഭിച്ചു. തിയറ്ററുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രാജ്യത്തുടനീളം തിയറ്ററുകള്‍ വാടകക്കെടുത്ത് സ്വന്തം സിനിമകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ''സംസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ അവസാന നിലപാടിലേക്ക് ഞങ്ങള്‍ അടുക്കുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെ സ്വന്തം ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആ പോരാട്ടത്തിനര്‍ഥം'', ജെറൂമാ പറയുന്നു. സിനിമയിലൂടെ ഭൂതകാലം വീണ്ടെടുക്കുകയം ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമയുടെയും ആഫ്രിക്കന്‍ സിനിമയുടെയും ഭാവിയെ പടുത്തുയര്‍ത്തുകയുമാണ് ജെറൂമാ ഈ ശ്രമത്തിലൂടെ ചെയ്യുന്നത്. 1976ലെ ലൊക്കാര്‍ന്നോ ഫെസ്റ്റിവലില്‍ സില്‍വര്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ 'ഹാര്‍വെസ്റ്റ് -3000 ഇയേഴ്‌സ്', മൃഗീയവും സ്‌ഫോടനാത്മകവുമായ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഒരു പാവം ഇത്യോപ്യന്‍ തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
1984ല്‍ റിലീസ് ചെയ്ത 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' ചാള്‍സ് ബുര്‍നെറ്റ് തിരക്കഥയെഴുതി, ഛായാഗ്രഹണം നിര്‍മിച്ച് ബില്ലി വുഡ്‌ബെറി സംവിധാനം ചെയ്ത സിനിമയാണ്. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ പരിചിതമായ അതിര്‍ത്തികള്‍ക്കുള്ളിലാണ് അതിനാല്‍ തന്നെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' സ്ഥിതി ചെയ്യുന്നത്. സൗത്ത് സെന്‍ട്രല്‍ ലോസ് ആഞ്ജലസില്‍ ജീവിക്കുന്ന ബാങ്ക്‌സ് കുടുംബത്തിന്റെ കഥയാണിത് പറയുന്നത്. സാമ്പത്തികമായി ഞെരിയുന്ന ഗെറ്റോയില്‍ (കറുത്തവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന കോളനി) താമസിക്കുന്ന ചാര്‍ലി ബാങ്ക്‌സ് ജോലി കിട്ടാതെ വിഷമിക്കുന്നു. അന്തസ്സുള്ള ജോലി ലഭിക്കാത്തതിനാല്‍ അയാള്‍ ഭാര്യയുമായി സുഖത്തിലല്ല. കിട്ടുന്ന തുച്ഛമായ ജോലികള്‍കൊണ്ട് കുടുംബം പുലര്‍ത്താനയാള്‍ക്കാവുന്നില്ല. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ സ്റ്റാനിനെപ്പോലെ ആവര്‍ത്തന വിരസമായ ചില ജോലികളില്‍ അയാള്‍ ഏര്‍പ്പെടുന്നു -കൃഷിയിടത്തില്‍ വിത്തിറക്കുക, ഗാരേജ് പെയിന്റടിക്കുക -അഭിമാനിയാണ് ചാര്‍ളി. ജോലി കഴിയുന്നതോടെ അയാള്‍ പിരിച്ചുവിടപ്പെടുന്നു. ഡേവിഡ് ഏഡല്‍ സ്‌റ്റെയ്ന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്, ''ഇത് യഥാര്‍ഥത്തില്‍ റിയലിസമല്ല, ഭയാനകതയുടെ ദാരുണമായ കാഴ്ചയാണ്''എന്നാണ്. ഉള്‍നഗരങ്ങളിലെ കറുത്ത വര്‍ഗക്കാരന്റെ യഥാര്‍ഥ ജീവിതം ഭയാനകമാണെന്ന സത്യമാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമയും നിയോറിയലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടരുന്നത്. ഈ സിനിമയില്‍ പ്രഫഷനല്‍ നടന്മാരല്ല അഭിനയിക്കുന്നത്. കുടുംബത്തിലെ കുട്ടികളായി അഭിനയിക്കുന്ന മൂന്നുപേര്‍ ബുര്‍നെറ്റിന്റെ മക്കളാണ്. ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ ഇതില്‍ ധാരാളമായി കാണാം. ചാര്‍ളിയും ഭാര്യയും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന ഒരു രംഗം അഞ്ചു മിനിറ്റ് നേരം കട്ടുകളില്ലാതെ തുടരുന്നു. മുന്നൊരുക്കം കൂടാതെ ഒരുക്കിയ ഈ രംഗത്തില്‍ പക്ഷേ, സംഭാഷണങ്ങള്‍ രംഗത്തെ അലോസരപ്പെടുത്തുന്നില്ല. എഡ്‌ഗ്വെരേരോ പറയുന്നു: ''ചാര്‍ളിയുടെയും ഭാര്യയുടെയും സംഘര്‍ഷം ചിത്രീകരിക്കുന്ന രംഗത്തില്‍ അവരുടെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ടുവരുന്ന ചേഷ്ടകളിലൂടെയാണ് അത് പുരോഗമിക്കുന്നത്. അമച്വര്‍ നടന്മാരുടെ ഈ തനത് ശൈലിയാണ് യഥാതഥ സംഭാഷണത്തെ യഥാര്‍ഥമാക്കുന്നത്. അവരുടെ സാംസ്‌കാരിക സ്വത്വമാണ് രംഗത്തെ ഗംഭീരമാക്കുന്നത്.'' എന്നാല്‍, 'കില്ലര്‍ ഓഫ് ഷീപ്പില്‍' നിന്നും മറ്റ് ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ നിരര്‍ഥകതയാണ് വേട്ടയാടുന്നത്. കറുത്തവന്റെ നിലനില്‍പിന്റെ നിര്‍ണായകമായ ഒരു ചരിത്രസന്ധിയിലാണ് 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' നിര്‍മിക്കപ്പെട്ടത് എന്നതാണ് ഇതിന് കാരണമായി ഗ്വെരേരോ പറയുന്നത്. മയക്കുമരുന്നും അക്രമവും കാരണം രാജ്യത്തുടനീളമുണ്ടായ കറുത്തവരുടെ വംശഹത്യക്കിടയിലാണ് ഈ സിനിമ സംഭവിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സിനിമയിലെ ജീവിതത്തെ എങ്ങനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.
''ചരിത്രം വെറുതെ സംഭവിക്കുന്ന ഒന്നല്ല. സ്‌ക്രീനില്‍ കാണുന്നത് അവര്‍ ഓര്‍മിക്കും. എനിക്ക് ഇവിടെ ഉണ്ടാകണമെന്നുണ്ട്. ചരിത്രം നിര്‍മിക്കപ്പെടുന്നയിടത്ത്'', ജൂലി ഡാഷിന്റെ 'ഇല്യൂഷന്‍സ്' എന്ന സിനിമയില്‍ ഒരു കഥാപാത്രമായ മിഗ്‌നോണ്‍ സുപ്രീം പറയുന്നു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയുടേതായി അമേരിക്കയില്‍ റിലീസ് ചെയ്ത മുഴുനീള ഫീച്ചര്‍ ചിത്രമായ 'ഡോട്ടേഴ്‌സ് ഓഫ് ദ ഡസ്റ്റി'ന്റെ സംവിധായികയാണ് ജൂലി ഡാഷ്. എഴുത്തുകാരി, മ്യൂസിക് വീഡിയോ സംവിധായിക, വെബ് ഡിസൈനര്‍, കമേഴ്‌സ്യല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രസിദ്ധയാണ് ജൂലി. സൗത്ത് കരോലൈനയുടെയും ജോര്‍ജിയയുടെയും സമീപത്തെ ദ്വീപുകളില്‍ ഒന്നില്‍ താമസിക്കുന്ന, അടിമകളുടെ പിന്‍തലമുറക്കാരായ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതമാണ് 'ഡോട്ടേഴ്‌സ് ഓഫ് ദ ഡെസ്റ്റ്' രേഖപ്പെടുത്തുന്നത്. ഇതേപേരില്‍ ജൂലിതന്നെ എഴുതിയ നോവലാണ് സിനിമക്ക് ആധാരം. അമെലിയ അവളുടെ അമ്മയുടെ കുട്ടിക്കാല പദ്ധതിയിലേക്ക് യാത്രയാകുന്നു. ഒരു സന്ദര്‍ശനമെന്നതിലുപരി അവളുടെ നരവംശശാസ്ത്ര പഠനത്തിലേക്ക് കുടുംബവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശ്യം. കഥ പുരോഗമിക്കുന്നതോടെ അമെലിയ ഒരു കാഴ്ചക്കാരി എന്നതില്‍നിന്ന് സ്വയം ജ്ഞാനം നേടിയ സ്ത്രീയായി പരിണമിക്കുന്നു. കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷമായി ജൂലി ഡാഷിന്റെ ഈ സിനിമ മാറുന്നു. പുതുവഴികള്‍ വെട്ടുന്നവര്‍ക്കിടയിലാണ് ഡാഷിന്റെ സ്ഥാനം. സ്വതന്ത്ര സിനിമയുടെ വിശാലമായ മൈതാനങ്ങളിലേക്കുള്ള വാതിലുകള്‍ അവര്‍ തുറന്നിട്ടു. നിരവധിപേര്‍ അതില്‍ പങ്കുചേര്‍ന്നു. സൗന്ദര്യവും ധിഷണയും വിജയവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. കറുത്ത സ്ത്രീകള്‍ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ സ്വയം എങ്ങനെ കാണുന്നുവെന്നും ഡാഷിന്റെ പുതിയ കാഴ്ചകള്‍ വെളിപ്പെടുത്തി. അങ്ങനെ അവര്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീയുടെ സ്ഥാനം എന്താണെന്നും അവളുടെ ഇച്ഛ എന്തായിരിക്കണമെന്നുമുള്ള പാരമ്പര്യ ചിന്തയെ ബലംപ്രയോഗിച്ച് ആത്മസാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെ തിരിച്ചറിയുകയും വര്‍ത്തമാനത്തെ ഭരിക്കുകയും അങ്ങനെ നാളെയുടെ യാഥാര്‍ഥ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംവിധായികയുടെ വിജയം. അവരുടെ ഓരോ കഥാപാത്രങ്ങളും ഒരു സ്ത്രീ/ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ എങ്ങനെയായിരിക്കണമെന്നതിന് ചില ഉള്‍ക്കാഴ്ചകള്‍ സംഭാവന ചെയ്യുന്നു. ഡാഷിന്റെ കഥാപാത്രങ്ങളുടെ തീക്ഷ്ണതയും അവ ഒരുക്കുന്ന ലോകങ്ങളും കാഴ്ചക്കാരെ അവരുടെ കഥകളിലേക്കും പോരാട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും കൊണ്ടുപോകുന്നു.
ഹോളിവുഡ് കടക്കാന്‍ ധൈര്യവും മനസ്സും കാണിക്കാത്ത ലോകവും പോരാട്ടങ്ങളും ജീവിതവുമാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകള്‍ തുറന്നുവെക്കുന്നത്. കറുത്തവര്‍ക്കായി എല്ലാം ചെയ്തുകഴിഞ്ഞു എന്ന് വെളുത്തവര്‍ വിശ്വസിക്കുന്നുവെങ്കിലും മേധാവിത്വവും അടിമത്തവും ഇന്നും തുടരുകയാണ്.

മനുഷ്യരും ഭൂപ്രദേശങ്ങളും

മനുഷ്യരും ഭൂപ്രദേശങ്ങളും

ഹെര്‍സോഗ് സിനിമ|ഐ. ഷണ്‍മുഖദാസ്‌
കൗമാരകാലത്തായിരുന്നു വിശ്വത്തിന്റെ ആ വാക്കുകള്‍ ആദ്യമായി മനസ്സില്‍ പതിഞ്ഞത്. 1954 ഒക്‌ടോബറില്‍ ഉറൂബ് എഴുതിയവസാനിപ്പിച്ച 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ 'ഭൂമിയുടെ അറ്റത്തേക്ക്' എന്ന അധ്യായത്തില്‍ നായകനായ വിശ്വം നായികയായ രാധയോട് പറഞ്ഞ വാക്കുകള്‍ സ്വാഭാവികമായും പുറംലോകത്തിലേക്ക് കാലെടുത്തുവെക്കാന്‍ കൊതിക്കുന്ന ഒരു കൗമാരത്തോടു സംവദിച്ചത് അഗാധമായ തീക്ഷ്ണതയുടെ മുഴക്കത്തോടെയായിരുന്നു. ''ഞാനങ്ങനെ പോയിപ്പോയി ഭൂമിയുടെ അറ്റംവരെ പോവും''. ഈ സ്വപ്‌നത്തിന്റെ യഥാര്‍ഥമായ സ്വഭാവം വ്യക്തമാകുന്നത് തൊട്ടുമുമ്പുരുവിടുന്ന മറ്റു ചില വാക്കുകളിലൂടെയാണ്. ''നടന്നു നടന്നങ്ങനെ പോകുമ്പോള്‍ ഒന്നും അറിയില്ല!'' ഒന്നും അറിയില്ല എന്നതുകൊണ്ട് വിശ്വം അര്‍ഥമാക്കിയത് വിശപ്പുപോലും എന്നുതന്നെയായിരുന്നു. ''ഒരു ദിവസം പോണം'' എന്നുപറയുന്ന, ''നടന്നുനടന്നങ്ങനെ'' പോണം എന്നുപറയുന്ന, വിശ്വത്തെ പരിചയമുണ്ടായിരുന്നതുകൊണ്ടാണ് മുപ്പതുവര്‍ഷം മുമ്പ് ഒരു പുസ്തകം പ്രിയതരമായി മാറിയത്. പുസ്തകത്തെക്കാള്‍ ആകര്‍ഷകമായി തോന്നിയത് തീര്‍ച്ചയായും പുസ്തകത്തിനു പിറകിലെ സങ്കല്‍പമായിരുന്നു. ജര്‍മന്‍കാരനായ വെര്‍നര്‍ ഹെര്‍സോഗ് 'ഐസിലൂടെയുള്ള നടക്കല്‍' (Walking in ice) എഴുതിയത് പാരിസിലെ മുറിയില്‍ സുനിശ്ചിതമായ മരണത്തിനു മുന്നില്‍ കിടന്നിരുന്ന ഒരു ചലച്ചിത്രനിരൂപകയെ രക്ഷിക്കാനായി നടത്തിയ വ്രതതീവ്രമായ ഒരു പദസഞ്ചാരത്തെ ആധാരമാക്കിയിട്ടായിരുന്നു. പിന്നീട്, ആ പദയാത്രയെ 'ഒരു തീര്‍ഥാടനം' എന്നും 'ഒരു പ്രതിഷേധം' എന്നുമായിരുന്നു എഴുത്തുകാരന്‍ വിശേഷിപ്പിച്ചത്. മരിക്കാന്‍ താന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു യാത്രയുടെ തുടക്കത്തില്‍ ഹെര്‍സോഗ് നിശ്ചയിച്ചിരുന്നത്.
ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് സിനിമയെക്കുറിച്ചുള്ള 'പ്രേതബാധിതമായ തിരശ്ശീല' (The Haunted Screen) എന്ന പുസ്തകമെഴുതിയ ലോറ്റെ ഐസ്‌നര്‍ (Lotte Eisner) ആയിരുന്നു പാരിസിലെ മുറിയില്‍. വിവരമറിഞ്ഞ ചലച്ചിത്രകാരന്‍, പതിനാലാമത്തെ വയസ്സിലേ നടത്തവും ജീവിതത്തിന്റെ വഴിയാക്കിയ ഹെര്‍സോഗ് മ്യൂണിക്കില്‍നിന്ന് പാരിസിലേക്ക് നടന്നുതുടങ്ങിയത്, താന്‍ നടന്നുകൊണ്ടിരിക്കുന്നിടത്തോളം ഐസ്‌നര്‍ മരിക്കുകയില്ല എന്ന ഒരു തീരുമാനത്തോടെ ഒരു 'അന്ധ'വിശ്വാസത്തോടെ, ആയിരുന്നു. പാരിസിലെ മുറിയില്‍ പദസഞ്ചാരി ഒടുവില്‍ എത്തിച്ചേരുമ്പോള്‍, താണ്ടിക്കഴിഞ്ഞിരുന്നത് 700 കിലോമീറ്റര്‍ ആയിരുന്നു. ഐസ്‌നര്‍ ഒമ്പതുവര്‍ഷം കഴിഞ്ഞാണ് മരണമടഞ്ഞത്. തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചത് ഹെര്‍സോഗില്‍നിന്ന് 'മരിക്കാനുള്ള സമ്മതം' കിട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞ ഉടനെ ആയിരുന്നു.
ഹിമഭൂമിയിലെ പെന്‍ഗ്വിന്‍
പദസഞ്ചാരിയായ ഒരു ഭ്രാന്തന്‍ ഏകാകിയെ, ഒറ്റപ്പെടാന്‍ സ്വയം തീരുമാനമെടുത്ത ഒരു പെന്‍ഗ്വിന്‍ ജീവിതത്തെ, അടുത്ത കാലത്ത് ഒരു ഹെര്‍സോഗ് 'ഡോക്യുമെന്ററി'യില്‍വെച്ചാണ് കണ്ടുമുട്ടിയത്. വിശ്വം നടന്നുനടന്ന് എത്താനാഗ്രഹിച്ച ഭൂമിയുടെ അറ്റത്തായിരിക്കാം ആ പെന്‍ഗ്വിന്‍ ജീവിച്ചിരുന്നത്. 'ലോകെത്ത അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍' (Encounters at the end of the world) എന്ന അന്റാര്‍ട്ടിക്ക പശ്ചാത്തലമായ ഒരു ചിത്രം. ഈ ചിത്രത്തിന്റെ അവസാനഭാഗത്തായി പെന്‍ഗ്വിനുകളെക്കുറിച്ച് കഴിഞ്ഞ ഇരുപതുവര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ അവയുടെ ജീവിതരീതികളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഭ്രാന്തുള്ളവരുണ്ടോ എന്നും സ്വവര്‍ഗരതി പെന്‍ഗ്വിനുകള്‍ക്കിടയിലുണ്ട് എന്നുകേള്‍ക്കുന്നത് ശരിയാണോ എന്നും ഉള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പിറകിലെ പെന്‍ഗ്വിനുകളില്‍ ചിലത് ചിറകുകള്‍പോലുള്ള കൈകള്‍ വീശിത്തുടങ്ങുന്നു. ആറടി താഴെ കിടക്കുന്ന റോസ് നഗരത്തിനുമുകളിലെ ഹിമഭൂമിയിലൂടെ, തെല്ലകലെ ആ നാലു പെന്‍ഗ്വിനുകള്‍ പിന്നീട് നടന്നുപോകുന്നത് നാം കാണുന്നു. അടുത്ത ദൃശ്യത്തില്‍ അത് അഞ്ചായിരിക്കുന്നു. ഒടുവില്‍ മഞ്ഞിന്റെ മഹാവിജനതയില്‍ ഒരു പെന്‍ഗ്വിന്‍ മാത്രം, സംഘത്തില്‍നിന്ന് വേറിട്ടൊരു വഴി തിരഞ്ഞെടുത്ത്, നടന്നുകൊണ്ടേയിരിക്കുന്നത് നാം കാണുന്നു. ശബ്ദപഥത്തില്‍ ആ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ 'കഥ' സംവിധായകന്റെ ശബ്ദത്തില്‍ അശരീരിയായി നാം കേള്‍ക്കുകയാണ്. മഞ്ഞിലൂടെ ഒരു ചലച്ചിത്രകാരന്‍ നടന്നുനടന്ന് വ്രതനിഷ്ഠനായത് പണ്ട് ഒരു ജീവനെ രക്ഷിക്കാമെന്ന മോഹചിന്തയിലായിരുന്നുവെങ്കില്‍, അതേ ചലച്ചിത്രകാരന്‍ ഇന്ന് 'ഭ്രാന്തന്‍' ഏകാകിയെക്കുറിച്ച് വിശദീകരിക്കുന്നത്, അത് 'സുനിശ്ചിതമായ മരണ'ത്തിലേക്കുള്ള അയ്യായിരം കിലോമീറ്റര്‍ താണ്ടേണ്ടുന്ന ഒരു സഞ്ചാരത്തിലാണ് എന്നാണ്. എഴുപതു കിലോമീറ്റര്‍ ദൂരെയുള്ള ഒരു പര്‍വതത്തിലേക്ക് യാത്ര തുടങ്ങിയ ഈ പെന്‍ഗ്വിനെ, ആരെങ്കിലും പിടിച്ചുകൊണ്ടുവന്ന് പെന്‍ഗ്വിന്‍ കൂട്ടങ്ങള്‍ക്കിടയില്‍ വിട്ടാലും, അത് നിശ്ചയമായും തന്റെ സാഹസിക മരണപാതയിലേക്ക് തിരിച്ചുചെല്ലുമെന്നും അശരീരി പറയുന്നു. എന്നിട്ടൊരു ചോദ്യവുമുയര്‍ത്തുന്ന അശരീരി. ' എന്തുകൊണ്ട്?' ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ സംഭാഷണപഥത്തില്‍നിന്ന് നാം കേട്ടത് ഇപ്പോള്‍ ഓര്‍മയിലെത്താതിരിക്കില്ല.
ഭൂമിയുടെ അറ്റത്ത് ചിത്രീകരിച്ച ഈ അന്റാര്‍ട്ടിക്കന്‍ ചിത്രം ''പെന്‍ഗ്വിനുകളെക്കുറിച്ചുള്ള മറ്റൊരു ചിത്രം അല്ല'' എന്നായിരുന്നു ഹെര്‍സോഗ് മുന്നറിയിപ്പു തന്നത്. ചിത്രത്തിലൊരിടത്തായി നടത്തത്തിന്റെ വിചിത്രവും ഗിന്നസ് പുസ്തകബദ്ധവും ആയ വഴികളെക്കുറിച്ചുള്ള സ്വന്തം നിലപാട് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. ഗിന്നസ് ബുക്കില്‍ ഇടംതേടുന്നതരം ഭ്രാന്തന്‍ അസംബന്ധസഞ്ചാരങ്ങളെക്കുറിച്ച് സംസാരിക്കുന്ന അശരീരിയുടെ വാക്കുകള്‍ക്കുമേല്‍ അത്തരം ചില ദൃശ്യങ്ങള്‍ തെളിയുന്നു. റിവേഴ്‌സ് ഗിയറില്‍ കാറോടിച്ച് സഹാറാ മരുഭൂമി തരണംചെയ്ത ഫ്രഞ്ചുകാരനെക്കുറിച്ചും തലമറിഞ്ഞുരുണ്ടുകൊണ്ട് അന്റാര്‍ട്ടിക്കയിലേക്ക് സഞ്ചരിക്കുന്നയാളെക്കുറിച്ചും വലിയ ആദരവൊന്നും സംവിധായകന്റെ ദൃശ്യങ്ങളിലോ വാക്കുകളിലോ തെല്ലും തെളിയുന്നില്ല. എന്നാല്‍, പെന്‍ഗ്വിന്‍ കഥക്കു തൊട്ടുമുമ്പ് വരുന്ന രംഗത്തെ ചിത്രത്തിന്റെ തുടക്കത്തില്‍തന്നെയുള്ള ദൃശ്യങ്ങളും വാക്കുകളും ചേര്‍ത്തുവായിക്കുകയാണെങ്കില്‍ സംവിധായകനെന്തിനാണ് ഈ 'ഡോക്യുമെന്ററി'യുടെ ചിത്രീകരണത്തിനിറങ്ങിയത് എന്നത് വ്യക്തമാകുന്നു. അന്റാര്‍ട്ടിക്കയിലേക്കുള്ള വിമാനത്തിനകത്ത് ലാപ്‌ടോപ്പിനു മുന്നിലും പുസ്തകത്തിനു മുന്നിലും ഇരിക്കുന്ന യാത്രികരെപ്പോലെ കിടന്നുറങ്ങുന്നവരെയും കാണിച്ചശേഷം മറ്റൊരു പെന്‍ഗ്വിന്‍ ചിത്രമെന്ന ഉദ്ദേശ്യം ഒഴിവാക്കിക്കൊണ്ടുള്ള തന്റെ യാത്രയുടെ ലക്ഷ്യം സംവിധായകന്‍ വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് മനുഷ്യര്‍ സ്വന്തം സ്വത്വം മറച്ചുവെച്ചുകൊണ്ട് മുഖംമൂടികള്‍ ധരിക്കുന്നത്, തലയില്‍ തൂവലുകള്‍ ചൂടുന്നത്? കുതിരപ്പുറത്തിരുന്നാളുകള്‍ തോക്കുചൂണ്ടി വില്ലന്മാര്‍ക്കു പിറകെ പായുന്നത്? ചിലതരം ഉറുമ്പുകള്‍ ഭക്ഷണത്തിനുവേണ്ടി ചിലതരം ജീവികളെ അടിമകളായി വളര്‍ത്തുന്നത്? എന്തുകൊണ്ട് അതേസമയം ചിമ്പാന്‍സികള്‍ തങ്ങളെക്കാള്‍ ബുദ്ധിപരമായി വളര്‍ച്ചയില്‍ മുന്നോട്ടെത്തിയിട്ടില്ലാത്ത ജീവികളെ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെയും വെസ്‌റ്റേണ്‍ സിനിമകളിലെ കൗബോയ് കുതിരസവാരിക്കാരെയും ഒരു പ്രത്യേകതരം ഉറുമ്പുകളെയും ചിമ്പാന്‍സിയെയും ഹെര്‍സോഗ് അവതരിപ്പിക്കുന്നു. വിമാനസഞ്ചാരികളെക്കുറിച്ച് സംവിധായകന്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഈ ചോദ്യങ്ങളും. അനന്തമായതെന്നു തോന്നിപ്പിക്കുന്ന ശൂന്യതയിലേക്ക്, അജ്ഞാതമായതിലേക്ക് പറന്നുപോകുന്ന മനുഷ്യര്‍. ആരാണ് ഇവര്‍? എന്തായിരുന്നു ഇവരുടെ സ്വപ്‌നങ്ങള്‍? നാഷനല്‍ സയന്‍സ് ഫൗണ്ടേഷനോട് പ്രകൃതിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ വ്യത്യസ്തമാണ് എന്ന് സംവിധായകന്‍ പറയുന്നതിന്റെ യുക്തി ഈ ചോദ്യങ്ങളിലാണ് അന്തര്‍ലീനമായിരിക്കുന്നത്. എന്തുകൊണ്ട്?
ഹ്രസ്വചിത്രങ്ങളടക്കം അമ്പത്തിയെട്ട് സിനിമകളുടെ സംവിധായകനായ ഹെര്‍സോഗിന്റെ മുപ്പതോളം ചിത്രങ്ങള്‍ 'ഡോക്യുമെന്ററി'കളാണ്. കഥാചിത്രങ്ങളും ഡോക്യുമെന്ററികളും തമ്മിലുള്ള തരംതിരിവിനെ അത്ര കണിശമായ കൃത്യതയോടെ പരിഗണിക്കാത്ത ഹെര്‍സോഗിന്റെ ആദ്യചിത്രമായ 'ഹെറാക്ലിസ്' തന്നെ ഈ അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്നതിന്റെ സൂചനകള്‍ പ്രകടമാക്കുന്നു. പേശികളുടെ ബലത്തിലും വലുപ്പത്തിലും എന്നതുപോലെ ശരീരസൗന്ദര്യ പ്രദര്‍ശനത്തിലും തല്‍പരരായ പുരുഷശരീരങ്ങളുടെ ദൃശ്യങ്ങളോട് പാഞ്ഞുപോകുന്നതും ട്രാഫിക് ബ്ലോക്കില്‍ പെട്ടവയുമായ വാഹനങ്ങളുടെ ദൃശ്യങ്ങളും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും അപകടംനടന്ന ഭൂപ്രദേശങ്ങളുടെയും ദൃശ്യങ്ങളും മുറിച്ചുചേര്‍ത്ത് രൂപപ്പെടുത്തിയിരിക്കുന്ന അത്യന്തം ഡോക്യുമെന്ററി രീതിയിലുള്ള ഈ ചിത്രത്തെ ശീര്‍ഷകത്തിലൂടെയും ഹെര്‍ക്കുലീസിന്റെ കഥയില്‍നിന്നുള്ള ആറു സാഹസിക പ്രവൃത്തികളുടെ പരാമര്‍ശങ്ങളിലൂടെയും സംവിധായകന്‍ ഒരു കഥാചിത്രമാക്കി അവതരിപ്പിക്കുന്നു. മറ്റൊരു കറുപ്പും വെളുപ്പും ഹ്രസ്വ കഥാചിത്രമായ 'അവസാനവാക്കി'ലാകട്ടെ ഡോക്യുമെന്ററി സിനിമ കഥാചിത്രമായി മാറുന്നത് ആവര്‍ത്തനസ്വഭാവമുള്ള ദൃശ്യങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ചേഷ്ടകളിലൂടെയും ആണ്. പ്രശസ്തമായ പല ഹെര്‍സോഗ് മുഴുനീള കഥാചിത്രങ്ങളിലും ഡോക്യുമെന്ററി സിനിമയുടെ ചില ഘടകങ്ങള്‍ ആധാരമാക്കിയിരിക്കുന്ന യഥാര്‍ഥ സംഭവങ്ങളുടെ പ്രചോദനമായിട്ടും സവിശേഷമായ ഭൂപ്രദേശങ്ങള്‍ കഥക്ക് 'പശ്ചാത്തല'മാകുന്നതിലൂടെയും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. 'അഗിറെ' -ദൈവത്തിന്റെ കോപം. 'ഫിറ്റ്‌സ്‌ക്കരാള്‍ഡൊ', 'കാസ്‌പര്‍ഹോസറുടെ പ്രഹേളിക', 'പരാജയപ്പെടുത്താനാകാത്തവന്‍', 'കുള്ളന്മാരും തുടങ്ങിയത് ചെറുതായിട്ടാണ്' തുടങ്ങിയ കഥാചിത്രങ്ങള്‍ ഡോക്യുമെന്ററിയും കഥയും ഇടകലര്‍ന്നു വരുന്ന ഹെര്‍സോഗ് സിനിമയുടെ ചില ഉദാഹരണങ്ങളാണ്. 'പച്ച ഉറുമ്പുകള്‍ സ്വപ്‌നം കാണുന്നിടത്ത്' എന്ന കഥാചിത്രമാകട്ടെ 'ഡോക്യുമെന്ററി' എന്ന വിശേഷണം ചേര്‍ത്ത് ഒരു മത്സരത്തിനയക്കുകയാണെങ്കില്‍ ആ ഇനത്തിലും സമ്മാനിതമായിക്കൂടെന്നില്ല. ഡോക്യുമെന്ററി എന്ന നിലയില്‍ ലോസ് ആഞ്ജലസ് ക്രിട്ടിക്‌സ്, ന്യുല്ലാര്‍ക് ഫിലിം ക്രിട്ടിക്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രിട്ടിക്‌സ് എന്നീ അസോസിയേഷനുകളുടെ അവാര്‍ഡുകളും സണ്‍ഡാന്‍സ് മേളയില്‍ ആല്‍ഫ്രഡ് സ്ലോണ്‍ അവാര്‍ഡും നേടിയ 'കരടിമനുഷ്യന്‍' (Gri്വ്വly Man) വന്യജീവി സിനിമകളെടുക്കുന്ന ഒരു 'ഭ്രാന്തന്‍' ചലച്ചിത്രകാരനെക്കുറിച്ചും 'ഡോക്യുമെന്ററി' സംവിധായകനായ തന്നെക്കുറിച്ചും ഹെര്‍സോഗ് എടുത്ത ഒരു 'കഥാചിത്രം' പോലെയും കാണാവുന്നതാണ്. താനെടുത്ത 'ഡോക്യുമെന്ററി'കള്‍ക്ക് സമാന്തരമായോ ബന്ധപ്പെട്ടോ പല കഥാചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. 'പര്‍വതത്തിന്റെ ഇരുണ്ട തിളക്കം' എന്ന ഡോക്യുമെന്ററിയിലെ കേന്ദ്ര കഥാപാത്രമായ മെസ്‌നര്‍ തന്നെയാണ് പര്‍വതാരോഹണത്തിന്റെ കഥാചിത്രമായ 'കല്ലിന്റെ നിലവിളി' (Scream of Stone)യുടെയും അടിസ്ഥാന പ്രചോദനം. വൈമാനികനായ ഡീറ്റര്‍ ഡെങ്കറെക്കുറിച്ചുള്ള ഡോക്യുമെന്ററി', 'കൊച്ചുഡീറ്റര്‍ക്കു പറക്കേണ്ടതുണ്ട്' (Little Dieter Needs to Fly) ആണെങ്കില്‍, അതേ നായകനെക്കുറിച്ചുള്ള കഥാചിത്രമാണ് 'രക്ഷാപ്രഭാതം' (Rescue Dawn). ലോകത്തിന്റെ അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍ക്ക് സമാന്തരമായിക്കാണാവുന്ന ഒരു ശാസ്ത്ര കഥാസിനിമയാണ് 'അവിടെയുള്ള വന്യമായ നീല' (The Wild Blue Younder). പതിനാല് മിനിറ്റു ദൈര്‍ഘ്യമുള്ള 'ആരും എന്നോടൊപ്പം കളിക്കുന്നില്ല' എന്ന ചിത്രം അടിസ്ഥാനപരമായി കഥാചിത്രംതന്നെയെങ്കിലും കളിക്കൂട്ടുകാരാരുംതന്നെയില്ലാതെ ഒറ്റപ്പെട്ടുപോകുന്ന ഒരാണ്‍കുട്ടിയുടെ പുതുതായി രൂപപ്പെടുന്ന ഒരു സൗഹൃദത്തിന്റെ എന്നതുപോലെ ബാല്യകാല മനസ്സുകളുടെ ഒരു ഡോക്യുമെന്ററിയായും കരുതാവുന്നതാണ്. 'ഡ്യൂഷ്‌ക്രൂഗ് കോട്ടയുടെ മുമ്പെങ്ങുമില്ലാതിരുന്ന സുരക്ഷ' എന്ന ചിത്രം 'ഹെറാക്ലിസ്', 'അവസാന വാക്ക്' എന്നീ ആദ്യകാല ബ്ലാക് ആന്‍ഡ് വൈറ്റ് കഥാചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന, ഡോക്യുമെന്ററിയെന്നുതന്നെ സംശയിക്കാവുന്ന, ഹാസ്യവും കൂടിക്കലരുന്ന ഒരു കഥാചിത്രമാണ്. സിനിമ ഒരേസമയം ഡോക്യുമെന്ററിയും കെട്ടുകഥയും ഇടകലര്‍ത്തുമ്പോഴാണ് അഭികാമ്യമായിരിക്കുന്ന അവസ്ഥയിലെത്തുന്നത് എന്നു പറഞ്ഞിട്ടുള്ള ഗൊദാര്‍ദ്, സിനിമാ വെരിറ്റെയുടെ അപ്പോസ്തലന്‍, ഹെര്‍സോഗിന്റെ അടുത്ത കാലത്തിറങ്ങിയ 'ഇന്‍വിന്‍സ്ബ്ള്‍' എന്ന കഥാചിത്രത്തെ വസ്തുനിഷ്ഠമായ രീതിയില്‍ യഹൂദ യാഥാര്‍ഥ്യത്തെക്കുറിച്ചെടുത്തിരിക്കുന്ന ചിത്രം എന്ന് പ്രശംസിച്ചിരിക്കുന്നു എന്നതും പ്രസക്തമാണ് (മോശപ്പെട്ട രീതിയില്‍ എടുത്ത ചിത്രം എന്ന് 'അഗിറെ' ഇതിനു സമാന്തരമായി ഇകഴ്ത്തപ്പെടുകയുമുണ്ടായി).
അപരനും ആത്മകഥയും
തന്നെ സ്വയം ന്യായീകരിക്കാനോ പ്രതിനിധാനംചെയ്യാനോ വിമര്‍ശിക്കാനോ വേണ്ടി ഹെര്‍സോഗ് തെരഞ്ഞെടുത്ത ഏകാകിയായ ഭ്രാന്തന്‍ പെന്‍ഗ്വിന്‍ 'കരടിമനുഷ്യനി'ലെ കേന്ദ്ര കഥാപാത്രമായ തിമൊത്തി ട്രെഡ്‌വെല്‍ (Timothy Treadwell) എന്ന കരടിയാകാന്‍ കൊതിച്ച 'ഭ്രാന്തന്‍' മനുഷ്യനിലേക്കാണ് നടന്നുപോകുന്നത് എന്നുവരുമോ? വേഷത്തിലും ഭാവപ്രകടനത്തിലും പ്രകടനപരതയുള്ള, ഗ്രിസ്‌ലി കരടികളുടെ സംരക്ഷകനായി സ്വയം അവരോധിക്കുന്ന, അമേരിക്കക്കാരനായ തിമൊത്തി, വേനല്‍ക്കാലങ്ങളില്‍ അലാസ്‌കയിലെത്തി കരടികളുമൊത്ത് ജീവിതം ചെലവഴിക്കുന്ന ഒരു 'ഭ്രാന്തന്‍' പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ചലച്ചിത്രകാരനുമാണ്. കരടികളെ ഓരോന്നിനെയും പേരിട്ടു വിളിച്ചോമനിക്കുന്ന തിമൊത്തിക്ക് അവര്‍ 'പ്രപഞ്ചത്തിന്റെ കുട്ടികളാ'ണ്. തന്നെ ഒരിക്കലും അവര്‍ ആക്രമിക്കുകയില്ല എന്ന ഉത്തമവിശ്വാസത്തിലോ അന്ധവിശ്വാസത്തിലോ കഴിഞ്ഞിരുന്ന അയാളെയും കൂട്ടുകാരിയെയും അയാള്‍ കൊണ്ടുവന്നിരുന്ന കാമറക്കു മുന്നില്‍വെച്ച് ഒരു കരടി ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ ശബ്ദങ്ങള്‍, ഇതിനകം അയാള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞിരുന്ന നൂറോളം മണിക്കൂര്‍ വരുന്ന ഫുട്ടേജിന്റെ അവസാനത്തെ ഷോട്ടില്‍ അവശേഷിപ്പിച്ചുകൊണ്ട്, അയാള്‍ ഭൂമിയില്‍നിന്നില്ലാതെയാകുകയാണ്. സ്വന്തം കാമറയുമായി ഹെര്‍സോഗ് തിമൊത്തി കരടികളുമൊത്ത് ശല്യക്കാരെ പ്രതിരോധിച്ചുകൊണ്ട് കഴിഞ്ഞിരുന്ന അതേ അലാസ്തന്‍ വന്യതകളിലേക്ക്, കൊല്ലപ്പെട്ട ഭൂപ്രദേശങ്ങളിലേക്ക്, തിമൊത്തിയുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാക്കുകളിലൂടെ മരണസന്ദര്‍ഭങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. അവസാനമായി തിമൊത്തിയെയും കൂട്ടുകാരിയെയും ചെറുവിമാനത്തില്‍ കൊണ്ടുവന്നിറക്കിയ വൈമാനികനും തിമൊത്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയവരും പരിശോധിച്ചവരും എല്ലാ ഹെര്‍സോഗിന്റെ കാമറയുടെ മുന്നില്‍നിന്ന തിമൊത്തിയുടെ 'ഭ്രാന്തി'ന്റെയും മരണത്തിന്റെയും വര്‍ത്തമാനം പറയുന്നു. അവരിലൊരാള്‍ ക്രൂരമായ വസ്തുനിഷ്ഠതയോടെ പറയുന്നത്, തിമൊത്തിക്ക് അയാള്‍ ആവശ്യപ്പെട്ടത്, അര്‍ഹമായത് കിട്ടി എന്നുതന്നെയാണ്. സുനിശ്ചിതമായ മരണത്തിലേക്കു നടന്നുനീങ്ങിയ ഭ്രാന്തിനെപ്പറ്റി 'എന്തുകൊണ്ട്' എന്ന് ഉത്കണ്ഠപ്പെടുന്ന ഹെര്‍സോഗ്, തിമൊത്തിയെ മനസ്സിലാക്കാനായി, വ്യത്യസ്തമായ നിലപാടുകളാണ് പല കാര്യങ്ങളിലും ഉള്ളത് എന്നിരിക്കിലും, ഒരു ശ്രമം നടത്തുകയാണ്. പ്രകൃതിയില്‍ അതിരുകളുണ്ട് എന്നും ഒരു മനുഷ്യന്‍ അയാളുടെ അവസാനത്തെ പതിമൂന്നു വര്‍ഷങ്ങള്‍ ആ അതിരുകള്‍ കടന്നാണ് ജീവിച്ചത് എന്നും പരസ്യത്തില്‍ പ്രഖ്യാപിക്കുന്ന ഈ ചിത്രത്തിലൊരിടത്ത്, ഹെര്‍സോഗ് തന്റെ സ്വന്തം ശബ്ദത്തില്‍ തുറന്നുപറയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കരടികളോടു പറയുകയും അവയുടെ കാഷ്ഠത്തിന്റെ ചൂട് കൈകൊണ്ട് തൊട്ടറിയുകയും അവയുടെ സംരക്ഷണത്തിനുവേണ്ടി പണം മേടിക്കാതെ സ്‌കൂളുകളില്‍ ചെന്ന് സംസാരിക്കുകയും ചെയ്യുന്ന തിമൊത്തിയുടെ നിലപാട് 'സെന്റിമെന്റലൈസ്ഡ്' ആയ കാഴ്ചപ്പാടാണ് എന്ന് വിശ്വസിക്കുന്നു സംവിധായകന്‍. ആണ്‍കരടികള്‍ കരടിക്കുട്ടികളെ കൊല്ലാറുണ്ട് എന്നും പ്രപഞ്ചത്തില്‍ എല്ലാം നല്ലതും എല്ലാം സന്തുലിതാവസ്ഥയിലും ഹാര്‍മണിയിലും ആണ് എന്നുമുള്ള തിമൊത്തിയുടെ വിശ്വാസത്തില്‍നിന്ന് വിരുദ്ധമായി ഹാര്‍മണിയല്ല പ്രപഞ്ചത്തിലെ അടിസ്ഥാനമെന്നും മറിച്ച് അവ്യാവൃതാവസ്ഥയും ശത്രുതയും കൊലയുമാണ് എന്നും അശരീരിയായി ഹെര്‍സോഗ് വിശദീകരിക്കുന്നു. അതേസമയം, ചിത്രമവസാനിക്കുന്നിടത്തായി തിമൊത്തിയുടെ ജീവിതത്തിന്റെ, മരണത്തിന്റെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡോക്യുമെന്ററി' സംവിധായകനായ ഹെര്‍സോഗ്, മറ്റൊരു ചലച്ചിത്രകാരനെ അനുസ്മരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍. ''തിമൊത്തി പോയി. എത്ര തെറ്റായിരുന്നു, എത്ര ശരിയായിരുന്നു അദ്ദേഹം എന്നത് അകലേക്ക്, മൂടല്‍മഞ്ഞിലേക്ക് മറഞ്ഞുപോകുകയാണ്. അവശേഷിക്കുന്നത് അദ്ദേഹത്തിന്റെ ഫുട്ടേജ് ആണ്.'' മൃഗങ്ങള്‍ അവയുടെ അസ്തിത്വത്തിലും ആഹ്ലാദത്തിലും സൗന്ദര്യത്തിലും എല്ലാം കഴിയുന്നത് നാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കാര്യം തെളിഞ്ഞുവരുകയാണ്. ആമസോണിലെ കാടുകളിലും നംഗപര്‍വതത്തിലും അന്റാര്‍ട്ടിക്കയിലെ കൊടുമുടിയിലും കത്തുന്ന എണ്ണപ്പാടങ്ങളിലും ഖനനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ആസ്‌ത്രേലിയയിലെ ആദിവാസികളുടെ നടുവിലും ചെന്നെത്തുന്ന ചലച്ചിത്രകാരനായ ഹെര്‍സോഗ്, തിമൊത്തി എന്ന പരിസ്ഥിതിപ്രവര്‍ത്തകന്, വന്യജീവി ചലച്ചിത്രകാരന് ഒരു നൊവേന തന്നെ, ഒരു നിരൂപകന്‍ സൂചിപ്പിച്ചതുപോലെ, ഈ ചിത്രത്തിലൂടെ സമര്‍പ്പിക്കുകയാണ്. ''വന്യ പ്രകൃതിക്കു നേരെയുള്ള നോട്ടമല്ല, നമ്മളിലേക്കുതന്നെയുള്ള, നമ്മുടെ പ്രകൃതത്തിലേക്കുള്ള, ഒരു ഉള്‍ക്കാഴ്ച. അതാണ്, അദ്ദേഹത്തിന്റെ ജീവിതദൗത്യത്തിലും മീതെയായി, എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ജീവിതത്തിന്, അദ്ദേഹത്തിന്റെ മരണത്തിന് അര്‍ഥം നല്‍കുന്നത്.''
തിമൊത്തിയുടെ മരണത്തെക്കുറിച്ചും അവസാന നാളുകളിലെ ജീവിതത്തെക്കുറിച്ചും ഉള്ള ഈ ചിത്രത്തിലൊരിടത്ത്, വന്യജീവി ചലച്ചിത്രകാരനെടുത്ത ഫുട്ടേജില്‍നിന്ന്, സംവിധായകന്‍ ഒരു രംഗം പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളത് അവിസ്മരണീയമാണ്. സുഹൃത്തിനയച്ച കത്തുകളൊന്നില്‍, കരടിയായി രൂപാന്തരപ്പെടണമെന്നു പറയുന്ന തിമൊത്തിയുടെ അപൂര്‍ണമായ കരടിസിനിമയില്‍നിന്നൊരു മുഹൂര്‍ത്തം. ചിത്രത്തിന്റെ ഇരുപത്തിനാലാം മിനിറ്റില്‍, കരടിയെക്കുറിച്ച് സ്‌നേഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന തിമൊത്തി ഷൂട്ടിങ് നിര്‍ത്തിപ്പോകാനൊരുങ്ങുന്ന ഒരു സന്ദര്‍ഭത്തിലായിരിക്കണം, ഹെര്‍സോഗിന്റെ അശരീരിയായ വാക്കുകള്‍. ഒരു ചലച്ചിത്രകാരനെന്ന നിലക്ക് ''അപ്രതീക്ഷിതമായി നിങ്ങളുടെ മടിയിലേക്കു വന്നുവീഴുന്ന നിമിഷങ്ങളെ''പ്പറ്റി സംസാരിക്കുകയാണ് ഹെര്‍സോഗ്. മനോഹരമായ ഹാന്‍ഡ് ഹെല്‍ഡ് കാമറാ ചലനങ്ങളിലൂടെ, ഗ്രിസ്‌ലി കരടിയും ഫ്രെയിമിലേക്കു കടന്നുവരുന്ന കുറുക്കനും പച്ചപ്പിന്റെ വിശാലമായ പുല്‍പ്പരപ്പും. തുടര്‍ന്ന് നാം കാണുന്നത് തിമൊത്തിയുടെ തൊപ്പി കുറുക്കനെടുത്തുകൊണ്ടുപോകുന്നതാണ്. പിണക്കത്തോടെ അതിനു പിറകെ പായുന്നു തിമൊത്തിയുടെ കാമറ. ''സിനിമയുടെ വിശദീകരിക്കാനാകാത്ത മാന്ത്രികത'' (The inexplicable magic of cinema) എന്നു വിശേഷിപ്പിക്കുന്നു ഹെര്‍സോഗ്. മറ്റൊരു സന്ദര്‍ഭത്തില്‍ അത്യന്തം സിനിമാറ്റിക്കായി ചിലര്‍ക്കെങ്കിലും അനുഭവപ്പെടാനിടയുള്ള മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഒരു ദൃശ്യത്തില്‍, ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍ത്തലപ്പുകള്‍ക്കുമീതെ കടന്നുപോകുന്ന കാറ്റിന്റെ ഒരു തിരമാല. തിമൊത്തി ധാരാളം പണമുണ്ടാക്കിയിട്ടുണ്ട് എന്ന് പരിസ്ഥിതിവാദികളുടെ ഭ്രാന്തന്‍ ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍, ഹെര്‍സോഗ് ന്യായവാദവുമായി അദൃശ്യനായി മുന്നോട്ടുവരുന്നു. ''അദ്ദേഹത്തിനെ ന്യായീകരിക്കാന്‍ ഞാന്‍ ഇടപെടുകയാണ്, ഒരു പരിസ്ഥിതിവാദി എന്ന നിലക്കല്ല, ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്ക്.'' തിമൊത്തി കാമറക്കു മുന്നില്‍ വന്നുനിന്നു പറയുന്ന കാര്യങ്ങള്‍ക്ക് മുഖവുരപോലെ വോയ്‌സ് ഓവറായി തിമൊത്തി ചലച്ചിത്രകാരനെന്ന നിലയില്‍ ചെയ്തിരുന്നതെന്ത് എന്ന് വിശദമാക്കപ്പെടുന്നു. വന്യജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണം മാത്രമായിരുന്നില്ല അതെന്നും സ്വന്തം ആന്തരിക ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും അതിലടങ്ങിയിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. സ്വന്തം കാമറകൊണ്ടുള്ള ഒരുതരം കുമ്പസാരവും (Confessional) തിമൊത്തിയുടെ ഭ്രാന്തന്‍ ചലച്ചിത്ര വന്യജീവിതത്തിലുണ്ടായിരുന്നു. ഗ്രിസ്‌ലിക്കരടികളെക്കുറിച്ച് വന്യജീവി സിനിമയെടുത്തിരുന്ന തിമൊത്തിയെക്കുറിച്ചുള്ള സിനിമ അങ്ങനെ ഒരുതരത്തില്‍ ഹെര്‍സോഗ് എന്ന 'ഡോക്യുമെന്ററി' ചലച്ചിത്രകാരനെക്കുറിച്ചുംകൂടിയുള്ള സിനിമയായി മാറുന്നു. തിമൊത്തിയെടുത്തിരുന്ന കരടിസിനിമ ആത്മകഥാപരമായിരുന്നതുപോലെ തിമൊത്തിയെക്കുറിച്ചുള്ള ഹെര്‍സോഗിന്റെ 'കരടിമനുഷ്യനും' ആത്മകഥാപരമാണ്. ഒറ്റയാനായ പെന്‍ഗ്വിനെന്നതുപോലെ ഒരുപരിധിവരെ തിമൊത്തിയുടെ സംവിധായകന്റെ അപര വ്യക്തിത്വമായിത്തീരുന്നു.
പര്‍വതങ്ങളുടെ ഉയരം
ഹിമാലയന്‍ പര്‍വതനിരകളുടെ പടിഞ്ഞാറെ അറ്റത്തായി, പാകിസ്താന്‍ പ്രദേശത്തായി, കാരക്കോറം പര്‍വതങ്ങളുടെ പശ്ചാത്തലത്തില്‍, റെയ്‌നോള്‍ഡ് മെസ്‌നര്‍ എന്ന പര്‍വതാരോഹകനെ കേന്ദ്ര കഥാപാത്രമാക്കി, എന്റെതന്നെ ചില ചോദ്യങ്ങള്‍ക്കുത്തരം തേടി, ഹെര്‍സോഗ് സംവിധാനം ചെയ്ത ചിത്രമാണ് 'പര്‍വതങ്ങളുടെ ഇരുണ്ട തിളക്കം' (The Dark Glow of the Mountains). സംഭാഷണപ്രധാനമായ മഞ്ഞുമലകളുടെ ഈ സിനിമയില്‍ സമാനമായ പ്രാധാന്യത്തോടെ ഹിമാലയന്‍ ്രപദേശം അവതരിപ്പിക്കപ്പെടുന്നു. പര്‍വതനിരകളുടെ പശ്ചാത്തലത്തിലല്ലാതെ ഈ ചിത്രത്തില്‍ പര്‍വതാരോഹകരുടെ ഉത്തരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അവരുടെ വാക്കുകള്‍ക്ക് ഒരു മൂന്നാം മാനം നല്‍കുന്നത് ഹിമാലയന്‍ പര്‍വതശൃംഗങ്ങളും വീശിയടിക്കുന്ന മഞ്ഞുകാറ്റും എന്നതുപോലെ പ്രകൃതിയുടെ ശബ്ദങ്ങളും മനുഷ്യസൃഷ്ടിയായ സംഗീതവുമാണ്. അന്ധതയുടെയും ബധിരതയുടെയും ഭൂപ്രദേശത്തെക്കുറിച്ചെടുത്ത എണ്‍പത്തഞ്ചു മിനിറ്റു ദൈര്‍ഘ്യം വരുന്ന തന്റെ ഒരു ചിത്രത്തിലെ അവസാനത്തെ ഒരു മിനിറ്റു രംഗത്തെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞിട്ടുള്ളത് ഈ ചിത്രം കാണുമ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കും. ഒറ്റക്കെടുത്താല്‍ സാധാരണമെന്നു തോന്നാവുന്ന ആ അന്ത്യരംഗം അസാധാരണമാകുന്നത് ആ രംഗത്തിലേക്കു നയിക്കുന്ന എണ്‍പതിലേറെ മിനിറ്റുകളാണ് എന്നാണ് ഹെര്‍സോഗ് സൂചിപ്പിച്ചത്. ഒരുപക്ഷേ, സംഭാഷണ സമൃദ്ധമായ 'പര്‍വതങ്ങളുടെ തിളക്കത്തെ അഗാധവും ഉന്നതവുമാക്കുന്നത് അത്തരത്തിലുള്ള രണ്ടുമൂന്നു ദൃശ്യങ്ങളാകാം. എണ്ണായിരം മീറ്റര്‍ ഉയരമുള്ള രണ്ടു പര്‍വതശൃംഗങ്ങളിലേക്ക് ഓക്‌സിജനെടുക്കാതെ, പുറത്തുതൂക്കിയിട്ടിരിക്കുന്ന ഭാണ്ഡമല്ലാതെ മറ്റൊന്നും കരുതാതെ, രണ്ടുപേര്‍, മെസ്‌നറും ഹാന്‍സും, ഹിമഭൂമിയിലൂടെ നടന്നുനീങ്ങുന്നതിന്റെ ഒരു ദൃശ്യം. ഉയരങ്ങളില്‍നിന്നെടുത്ത ഈ കാമറാദൃശ്യത്തില്‍, മഞ്ഞല്ലാതെ മറ്റൊന്നും കണ്‍വെട്ടത്തിലില്ലാത്ത ഭൂപ്രദേശത്ത്, രണ്ടു പൊട്ടുകള്‍ മാത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍. തീര്‍ച്ചയായും ഭൂമിയുടെ അകത്തേക്കു നടന്നുകൊണ്ടേയിരിക്കുന്ന ഭ്രാന്തന്‍ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ ചര്‍ച്ചക്കാര്‍തന്നെ ഇവര്‍.
മറ്റു രണ്ടു ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കത്തിലും അന്ത്യത്തിലുമായിട്ടാണ്. ചിത്രം തുടങ്ങി രണ്ടു മിനിറ്റു കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുന്ന പര്‍വതാരോഹകരുടെ വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കുംശേഷം, ഒരിക്കല്‍പോലും ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ക്കാതെ, ഒരു മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ഒരു കാമറാ ചലനദൃശ്യം. മുന്നൂറ്റിയറുപതു ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാമറാദൃശ്യത്തിനുമേല്‍ ഉയരുന്നത് ഹെര്‍സോഗിന്റെ വാക്കുകളാണ് (''പര്‍വതാരോഹണത്തെക്കുറിച്ചൊരു സിനിമയായിരുന്നില്ല ഞങ്ങളുടെ ആശയം. അറ്റങ്ങളിലേക്കുള്ള സാഹസിക സഞ്ചാരത്തിനിടയില്‍ പര്‍വതാരോഹകരുടെ തലക്കകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ ശൃംഗങ്ങളിലേക്ക് എന്ത് ആകര്‍ഷണമാണ് അവരെ ആനയിക്കുന്നത്? ഈ പര്‍വതങ്ങള്‍, ഈ പര്‍വതശൃംഗങ്ങള്‍, നാം ഓരോരുത്തരുടെയും ആത്മാവിന്റെ അടിയില്‍തന്നെയല്ലേ നിലകൊള്ളുന്നത്?''). പര്‍വതശൃംഖങ്ങളിലൂടെ കാമറ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സംഭാഷണപഥത്തോട് കാറ്റിന്റെ ഇരമ്പല്‍ കൂടിക്കലരുന്നു. തുടര്‍ന്നുയരുന്നത്, ഏതോ വലിയ ഭദ്രാസനപ്പള്ളിയുടെ അകത്തളത്തില്‍നിന്ന് നിറഞ്ഞുകവിഞ്ഞ് വളരുന്നതുപോലുള്ള ഗംഭീരമായ സംഘഗാനാലാപനമാണ്. സൂര്യവെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പര്‍വതശൃംഗങ്ങളിലേക്ക് ഒടുവില്‍ കാമറ കയറിച്ചെല്ലുകയാണ്. ഗാഷര്‍ബ്രം ഒന്ന്, ഗാഷര്‍ബ്രം രണ്ട്. ഗാഷര്‍ബ്രം എന്ന പദത്തിനര്‍ഥം തിളങ്ങുന്ന പര്‍വതം എന്നാണ്. ഈ രണ്ടു പര്‍വതശൃംഗങ്ങളും ഒരേ യാത്രയില്‍ ഒറ്റയടിക്ക് കയറുക എന്നതാണ് റെയ്‌നോള്‍ഡ് മെസ്‌നറിന്റെയും ഹാന്‍സ് കാമര്‍ലാന്ററുടെയും ലക്ഷ്യം. ചിത്രത്തിലെ മൂന്നാം ഉത്തുംഗ മുഹൂര്‍ത്തം അവസാനത്തിലാണ്. ഒരു മിനിറ്റോളം ദൈര്‍ഘ്യംവരുന്ന ഈ രംഗത്തില്‍ ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ത്തിരിക്കുന്നു. ഇരുണ്ട പര്‍വതനിരകള്‍ക്കുമീതെ വേഗതയോടെ നീങ്ങിക്കൊണ്ടിരിക്കുന്നത് കാറ്റാണ്- മഞ്ഞുകാറ്റ്. പുല്‍ത്തലപ്പുകള്‍ക്കുമീതെ അലാസ്‌കയില്‍ തിരമാലയായി നീങ്ങിയ അതേ കാറ്റായിരിക്കാം ഇപ്പോള്‍ ഇരുട്ടുവീണ മലകള്‍ക്കുമീതെ തീരം തഴുകുന്ന കടലായി നീങ്ങിക്കൊണ്ടിരിക്കുന്നത്.
എണ്‍പതു മുതല്‍ നൂറുവരെ കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരുന്ന മഞ്ഞുകാറ്റിനെ അഭിമുഖീകരിച്ചിട്ടായിരുന്നു ഈ രംഗത്തിന് തെല്ലു മുമ്പ് രണ്ടുപേര്‍ നംഗപര്‍വതനിരകള്‍ക്കുമേലെത്തിച്ചേര്‍ന്നത്. ഈ സാഹസിക സഞ്ചാരികളുടെ വാക്കുകള്‍ക്ക് പര്‍വതാരോഹണത്തെത്തുടര്‍ന്ന് വരുന്ന രംഗത്തില്‍, ഹിമമാരുതമായ അന്ത്യരംഗത്തിനു തൊട്ടുമുമ്പായി, സംവിധായകന്‍ അശരീരിയായി കാതുകൊടുക്കുന്നുണ്ട്. ദൃശ്യതലത്തിലെ ഹിമപ്രപഞ്ചത്തിലേക്ക്, മനുഷ്യരുടെ കാതുകളിലേക്ക് മഞ്ഞുകാറ്റിന്റെ മൂളക്കവും ഇരമ്പലും വീശിയെത്തുകയാണ്.
ഈ രംഗം മുറിച്ചുചേര്‍ക്കപ്പെടുന്നത് തുടക്കത്തില്‍ നാം കണ്ട തിളക്കത്തിന്റെ പര്‍വതങ്ങള്‍ക്കു വിപരീതമായി ഇരുണ്ട പര്‍വതനിരകളാണ്. കാറ്റും പശ്ചാത്തല സംഗീതവുമായി മഞ്ഞും കാറ്റും പര്‍വതനിരകള്‍ക്കു മീതെ.
(ഹെര്‍സോഗ് ഡോക്യുമെന്ററികളെക്കുറിച്ചുള്ള പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്്)

ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക

ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക

അഭിമുഖം |ഹെര്‍സോഗ് | പോള്‍ ക്രോണിന്‍
'ഹെര്‍സോഗ് ഓണ്‍ ഹെര്‍സോഗ്' എന്ന പുസ്തകത്തില്‍ ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ സിനിമാജീവിതത്തെ വെളിപ്പെടുത്താന്‍ പ്രശസ്ത ചലച്ചിത്ര ഗവേഷകന്‍ പോള്‍ ക്രോണിന്‍ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ''ഈ അഭിമുഖം തുടങ്ങുംമുമ്പ് വായനക്കാര്‍ക്ക് എന്തെങ്കിലും ദാര്‍ശനിക ഉള്‍ക്കാഴ്ച നല്‍കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ അവര്‍ക്ക് രാത്രികളില്‍ എളുപ്പം ഉറങ്ങാമല്ലോ.'' ഹെര്‍സോഗ് ഇതിന് ഉത്തരം നല്‍കുന്നത് മുഗള്‍ ഹോട്ടല്‍ പരമ്പരകളുടെ സ്രഷ്ടാവായ കോണ്‍റാഡ് ഹില്‍ട്ടനെ ഉദ്ധരിച്ചുകൊണ്ടാണ്: ''കുളിക്കുമ്പോഴെല്ലാം നിങ്ങള്‍ ഒരു കാര്യം ഉറപ്പാക്കണം, കുളിമുറിയിലെ തിരശ്ശീല ടബ്ബിന് അകത്താണോയെന്ന്.'' അതുകൊണ്ട് ഹെര്‍സോഗ് പറയുന്നു: ''എനിക്കും ഇതുതന്നെയാണ് പറയാനുള്ളത്, ഒരിക്കലും കുളിമുറിയിലെ തിരശ്ശീലയുടെ കാര്യം മറക്കരുത്.'' ഹെര്‍സോഗിന്റെ സിനിമാജീവിതത്തിന്റെ മുഴുവന്‍ മുഖചിത്രവും ഈ തിരശ്ശീലക്കഥയിലുണ്ട്. കനത്ത ജാഗ്രതയുടെ, ദാരിദ്ര്യത്തിന്റെ, കൂലിപ്പണിയെടുത്ത് സിനിമാനിര്‍മാണക്കമ്പനി തുടങ്ങിയതിന്റെ, ജീവിതത്തെ അതിജാഗ്രതയോടെ സമീപിക്കുന്നതിന്റെ...
ജര്‍മനിയിലെ മ്യൂണിക്കില്‍ 1942ല്‍ ജനിച്ച് ഇപ്പോള്‍ അറുപത്തിയെട്ടുകാരനായി ജീവിക്കുന്ന ഹെര്‍സോഗിന്റെ കുട്ടിക്കാലം മുതല്‍ ഇങ്ങോട്ടുള്ള ജീവിതത്തെ അഭിമുഖീകരിക്കാന്‍ പോള്‍ ക്രോണിന്‍ നടത്തിയ ശ്രമങ്ങള്‍ ആദ്യം പരാജയപ്പെടുന്നുണ്ട്. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സച്‌രംഗ് എന്ന വിദൂര ഗ്രാമത്തില്‍ കുട്ടിക്കാലം അനുഭവിക്കുകയും പതിനാലാം വയസ്സുമുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് കാല്‍നട ചെയ്യുകയും സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ആദ്യചിത്രം സംവിധാനം ചെയ്യാന്‍ പണമുണ്ടാക്കാന്‍ സ്റ്റീല്‍ കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ വെല്‍ഡറായി ജോലി നോക്കുകയും ചെയ്ത ഹെര്‍സോഗിനെ മൊത്തം സിനിമാജീവിതത്തിന്റെ പേരില്‍ അളന്നുതൂക്കി അഭിമുഖം നടത്താമെന്ന് കരുതി അപേക്ഷയയച്ച പോള്‍ ക്രോണിന് ഹെര്‍സോഗ് എഴുതി അയച്ച മറുപടിഫാക്‌സില്‍ രസകരമായ ഒരു കലിപ്പുണ്ട്: ''ഞാന്‍ ആത്മമൂല്യനിര്‍ണയം നടത്താറില്ല. ഷേവ് ചെയ്യുമ്പോള്‍ മുറിയാതിരിക്കാന്‍ മാത്രമാണ് കണ്ണാടിയില്‍ നോക്കുന്നതുതന്നെ. പക്ഷേ, എനിക്ക് എന്റെ കണ്ണുകളുടെ നിറം എന്താണെന്ന് അറിയില്ല. എന്നെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ അസിസ്റ്റന്റാവാന്‍ എനിക്കാഗ്രഹമില്ല.'' എങ്കിലും ഹെര്‍സോഗ് എന്ന പിടികിട്ടാപ്പുള്ളിയെ പിടിച്ചിരുത്തി പോള്‍ ക്രോണിന്‍ മാസങ്ങളോളം സംസാരിപ്പിക്കുകയും ഹെര്‍സോഗിനെക്കുറിച്ച് നിങ്ങള്‍ കേട്ട കഥകളില്‍ ഭൂരിപക്ഷവും അസത്യമാണെന്നും ഒരു തനി ജര്‍മന്‍ ചലച്ചിത്രകാരന്റെ സിനിമയുടെയും മനസ്സിന്റെയും ലോകവ്യാപ്തി എത്ര ഗഹനമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. ആ സംഭാഷണങ്ങളില്‍നിന്നുള്ള ചില വാപ്പൊരുളുകള്‍ ഹെര്‍സോഗിന്റെ സിനിമാക്കാഴ്ചകള്‍ക്ക് മുന്നൂര്‍ജം നല്‍കും.
ജര്‍മനിയിലെ മ്യൂണിക്കില്‍ 1942ല്‍ ബവേറിയയിലെ ഏറ്റവും വിശാലമായ നഗരത്തിലാണ് താങ്കള്‍ ജനിച്ചത്. യുദ്ധത്തിന് തൊട്ടുപിറകെയുള്ള ആ കാലത്ത് വളര്‍ന്നുവന്നതിനെ എങ്ങനെ കാണുന്നു?
n> ഞാന്‍ ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞങ്ങളുടെ വീടിന്റെ വാതിലിനോട് ചേര്‍ന്നുണ്ടായിരുന്ന വീട് ഒരു ബോംബാക്രമണത്തില്‍ തകര്‍ന്നു. ഞങ്ങളുടെ വീടിന് കേടുപാടുകള്‍ പറ്റുകയും ചെയ്തു. ഭാഗ്യംകൊണ്ടാണ് ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഞാന്‍ കിടന്നിരുന്ന തൊട്ടിലില്‍ നിറയെ പൊടിഞ്ഞ ചില്ലുകഷണങ്ങള്‍ വീണിരുന്നു. അമ്മ എന്നെയും സഹോദരങ്ങളെയും ഒക്കത്തെടുത്ത് സച്‌രംഗ് ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുഞ്ഞായിരിക്കെത്തന്നെ ജര്‍മന്‍-ഓസ്ട്രിയന്‍ അതിര്‍ത്തിപ്രദേശങ്ങളെക്കുറിച്ച് എനിക്ക് നല്ല വെളിവുണ്ടായിരുന്നു. ഓസ്ട്രിയന്‍ അതിര്‍ത്തിയായ വൈല്‍ഡ് ബിച്ചിലേക്ക് അമ്മ എന്നെ പലപ്പോഴും കൊണ്ടുപോകുമായിരുന്നു. കള്ളക്കടത്ത് നടത്താനായിരുന്നു ആ പോക്ക്. ഓസ്ട്രിയന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന, ഞങ്ങളുടെ ഭാഗത്ത് ഇല്ലായിരുന്ന വസ്തുവകകള്‍ ജര്‍മനിയിലേക്ക് കള്ളക്കടത്ത് നടത്താന്‍ അമ്മ എന്നെയും മുതിര്‍ന്ന സഹോദരനെയും ഉപയോഗിച്ചിരുന്നു. ആ യുദ്ധാനന്തരകാലം കള്ളക്കടത്ത് അംഗീകൃത പ്രക്രിയയായിരുന്നു. പൊലീസുകാര്‍പോലും അന്ന് കള്ളക്കടത്ത് നടത്തിയിരുന്നു.
പുറംലോകത്തുനിന്ന് പൂര്‍ണമായും വേര്‍തിരിക്കപ്പെട്ടതായിരുന്നു കുട്ടിക്കാലം. കുട്ടിയെന്ന നിലക്ക് സിനിമയെന്നാല്‍ എന്താണെന്നുതന്നെ എനിക്കറിയില്ലായിരുന്നു. ടെലിഫോണ്‍ എന്ന ഒന്നുണ്ടെന്നുപോലും അറിവില്ലായിരുന്നു. മ്യൂണിക്കില്‍നിന്ന് ഒന്നരമണിക്കൂര്‍ യാത്രയേ സച്‌രംഗിലേക്ക് ഉള്ളൂവെങ്കിലും സച്‌രംഗ് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പന്ത്രണ്ടുവയസ്സുവരെ ഏത്തപ്പഴം എന്നാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിനേഴാം വയസ്സിലാണ് ഞാന്‍ ആദ്യമായി ഫോണ്‍ ചെയ്യുന്നതുതന്നെ. വീട്ടില്‍ വെള്ളമുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെ വളരുന്നത് സുന്ദരമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കളിപ്പാട്ടങ്ങള്‍ കണ്ടുപിടിക്കേണ്ടിവന്നു. ഭാവന പൂര്‍ണമായും പ്രയോഗിക്കേണ്ടിവന്നു. യുദ്ധാനന്തരകാലമായതിനാല്‍ ചുറ്റിലും കേടായ തോക്കുകളും ആയുധങ്ങളുമായിരുന്നു. അവ ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങളായി. ഞാന്‍ അന്ന് അമ്പിനുതുല്യമായ ഒരായുധം ഉണ്ടാക്കുകയും കൂട്ടുകാര്‍ക്കൊപ്പം വേട്ടയാടുകയും ചെയ്തു. ഞങ്ങള്‍ പരിമിതികള്‍ക്കകത്തുനിന്ന് ഞങ്ങളുടേതായ ഒരു പൂര്‍ണ ലോകം സൃഷ്ടിക്കുകയായിരുന്നു. പക്ഷേ, ഇന്നും എനിക്കുചുറ്റും ഞാന്‍ കണ്ടുപിടിച്ച പലതിനോടും എനിക്ക് പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഫോണ്‍ചെയ്യാന്‍ അറിയില്ല. അതിന്റെ മണിനാദം കേട്ടാല്‍ ഇന്നും ചാടിപ്പോകും. എങ്കിലും യുദ്ധാനന്തര ജര്‍മനിയുടെ ബോംബുകള്‍കൊണ്ട് ആക്രമിക്കപ്പെട്ട എടുപ്പുകളുടെ അവശേഷിപ്പുകള്‍ കളിസ്ഥലങ്ങളാക്കുകയും അവിടെ സാഹസങ്ങള്‍ നടത്തുകയും ചെയ്ത കുട്ടികളുടെ തലമുറയില്‍നിന്നാണ് ഞാന്‍ വരുന്നത്. അരാജകത്വകാലമായിരുന്നു അത് എല്ലാ അര്‍ഥത്തിലും. പിന്തുടരാന്‍ ഞങ്ങള്‍ക്ക് അധികാരസ്വരൂപത്തിലുള്ള പിതൃരൂപങ്ങളോ നിയമങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാം ഞങ്ങള്‍തന്നെ കണ്ടെത്തേണ്ടിയിരുന്നു.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ താങ്കള്‍ സ്വന്തം പേരില്‍ സിനിമാ നിര്‍മാണക്കമ്പനി തുടങ്ങി. ആദ്യകാല ഷോര്‍ട്ട്ഫിലിമുകളടക്കം എല്ലാ ചിത്രങ്ങളും നിര്‍മിച്ചത് വെര്‍ണര്‍ ഹെര്‍സോഗ് ഫിലിം പ്രൊഡക്ഷനാണ്. നിര്‍മാണത്തില്‍നിന്നുതന്നെ കാര്യങ്ങള്‍ തുടങ്ങാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
n> പതിനേഴാം വയസ്സില്‍ ഞാന്‍ സമര്‍പ്പിച്ച ഒരു പദ്ധതിക്ക് അന്നുതന്നെ എനിക്ക് ചില നിര്‍മാതാക്കളില്‍നിന്ന് ഫോണ്‍കോളുകള്‍ വന്നുതുടങ്ങി. ആദ്യമൊക്കെ ഇത്തരം നിര്‍മാതാക്കളുമായി ബന്ധപ്പെടാന്‍ ഞാന്‍ വിമുഖനായിരുന്നു. കൗമാരക്കാരനായ എന്നെ അവര്‍ ഗൗരവത്തിലെടുക്കുമോ എന്നതായിരുന്നു സംശയം. പതിനേഴുവയസ്സുവരെയും എന്നെ കണ്ടാല്‍ സ്‌കൂള്‍കുട്ടിയാണെന്നേ തോന്നുമായിരുന്നുള്ളൂ. അതുകൊണ്ട് അവരുമായി കത്തിടപാടുകള്‍ നടത്തുക, ഫോണ്‍ വിളിക്കുക എന്നിവയില്‍ ഞാന്‍ കാര്യങ്ങള്‍ ഒതുക്കി. എന്റെ ആദ്യകാല ഫോണ്‍വിളികള്‍ അങ്ങനെയായിരുന്നു. എങ്കിലും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ ഒടുവില്‍ ആ നിര്‍മാതാക്കള്‍ എന്നെ തുടക്കക്കാരനായ ഒരു സംവിധായകന്‍ എന്ന നിലയില്‍ അംഗീകരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അവര്‍ക്കുമുന്നില്‍ ചെന്നു. ഭീമാകാരമായ ഒരു മേശക്കപ്പുറം ഇരിക്കുകയായിരുന്നു അവര്‍. അന്നത്തെ ഓരോ സെക്കന്‍ഡും ഓര്‍മയുണ്ട്. തലതാഴ്ത്തിനിന്ന എനിക്ക് പിറകില്‍ അച്ഛനുണ്ടോ എന്ന അര്‍ഥത്തില്‍ നോക്കുകയായിരുന്ന അവര്‍ക്കുമുന്നില്‍ പൂര്‍ണമായും അപമാനിതനായി ഞാന്‍ പകച്ചു. ആദ്യത്തെ നിര്‍മാതാവ് ഉച്ചത്തില്‍ അട്ടഹസിച്ച് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എന്റെ ഓര്‍മയില്‍നിന്നുതന്നെ തുടച്ചുനീക്കിയിരിക്കുന്നു. രണ്ടാമത്തെയാള്‍ കാലുകള്‍ കൂട്ടിയിളക്കി അലറിച്ചിരിച്ചുകൊണ്ട് പരിഹസിച്ചു: ''ആഹാ, സ്‌കൂള്‍ക്കിടാങ്ങളാണോ ഇക്കാലത്ത് സിനിമയുണ്ടാക്കാന്‍ നോക്കുന്നത്?'' എല്ലാം പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു. പിന്നെ, ഞാന്‍ പതുക്കെ തിരിഞ്ഞ് നടന്നു. ആ നടത്തത്തില്‍ ഞാന്‍ തീരുമാനമെടുത്തു, എന്റെ സിനിമക്ക് ഞാന്‍തന്നെയായിരിക്കണം നിര്‍മാതാവ്. പിന്നെ, അതിനുള്ള ശ്രമങ്ങളായി. എന്റെ അമ്മയുടെ കൂട്ടുകാരി കല്യാണം കഴിച്ചിരുന്നത് ധനാഢ്യനായ ഒരു വ്യവസായിയെ ആയിരുന്നു. പ്രൊഡക്ഷന്‍ കമ്പനി എങ്ങനെ തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ഉപദേശം തരാന്‍ അയാള്‍ക്ക് കഴിയും എന്നുപറഞ്ഞുകൊണ്ട് അവര്‍ എന്നെ അയാള്‍ക്കരികിലേക്ക് കൊണ്ടുപോയി. പരിഹാസ്യമായ സ്വരത്തില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറോളം അയാള്‍ ശകാരിച്ചു: ''ഇത് ശുദ്ധ വിഡ്ഢിത്തമാണ്. മടയാ, നിനക്ക് ഈ പണി പറ്റില്ല, നിനക്ക് ഈ പണി ഒരിക്കലും തുടങ്ങാന്‍ കഴിയില്ല. നീ എന്താണ് ചെയ്യാന്‍ പോകുന്നതെന്നുതന്നെ നിനക്കറിയില്ല.'' ഈ ശകാരം കേട്ട് രണ്ടുദിവസത്തിനകം ഞാന്‍ വെര്‍നര്‍ ഹെര്‍സോഗ് ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി.
മറ്റാരും പണം മുടക്കാന്‍ ഇല്ലാത്തതിനാല്‍ ഞാന്‍തന്നെ സ്ഥാപിച്ച ഒരടിയന്തര ഏര്‍പ്പാടാണ് എന്റെ നിര്‍മാണക്കമ്പനി. നസ്ഫറെത്ത് എന്ന സിനിമ നിര്‍മിക്കുംവരെയും മ്യൂണിക്കിലെ ചെറിയൊരു അപ്പാര്‍ട്‌മെന്റില്‍ ഒരു ടൈപ് റൈറ്ററും ഒരു ടെലിഫോണുമായി ഞാന്‍ ജോലി ചെയ്തിരുന്നതിനെയാണ് പ്രൊഡക്ഷന്‍ കമ്പനി എന്നുപറഞ്ഞിരുന്നത്. സ്വകാര്യജീവിതമേ ഉണ്ടായിരുന്നില്ല. എഡിറ്റിങ് റൂമില്‍ത്തന്നെ ഉറങ്ങി. സെക്രട്ടറിയുണ്ടായിരുന്നില്ല. നികുതികാര്യങ്ങള്‍, രേഖകള്‍ സൂക്ഷിക്കല്‍, കരാറുകള്‍, തിരക്കഥയെഴുത്ത് ഒന്നിലും സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാം ഒറ്റക്കുചെയ്തു. നിങ്ങള്‍ക്ക് സിനിമാനിര്‍മാണക്കമ്പനി നടത്താന്‍ മൂന്നേമൂന്നു കാര്യങ്ങള്‍ മതി. ഒരു ഫോണ്‍, ഒരു ടൈപ് റൈറ്റര്‍, ഒരു കാര്‍. പിന്നീട്, എന്റെ സിനിമകള്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരിലെത്തിയതോടെയാണ് ഓഫിസ് എനിക്കൊറ്റക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നത്.
എവിടെനിന്നാണ് ആദ്യകാല ചിത്രങ്ങള്‍ക്ക് മുടക്കാന്‍ താങ്കള്‍ക്ക് പണം കിട്ടിയിരുന്നത്?
n> ആദ്യ ചിത്രം 'ഹെറാക്കിള്‍സി'ന് നല്ലയളവില്‍ പണം വേണ്ടിയിരുന്നു. 16 എം.എമ്മിനുപകരം 35എം.എമ്മിലാണ് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്നത്. സ്‌കൂള്‍ പഠനത്തിന്റെ അവസാനകാലങ്ങളില്‍ ഒരു സ്റ്റീല്‍ കമ്പനിയില്‍ വെല്‍ഡറായി രാത്രി ഡ്യൂട്ടി ചെയ്തും പാര്‍ക്കിങ് അറ്റന്‍ഡന്റായി ജോലി ചെയ്തും അത്യാവശ്യം പണം ഉണ്ടാക്കിയിരുന്നു. സിനിമാനിര്‍മാണത്തിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത്, പണത്തിനുവേണ്ടി നിങ്ങള്‍ ഒരിക്കലും ഓഫിസ് പണികള്‍ ചെയ്യരുതെന്നാണ്. പകരം, യഥാര്‍ഥ ലോകത്തേക്കിറങ്ങിച്ചെല്ലുക. അറവുശാലയില്‍പോയി പണിയെടുക്കുക. അല്ലെങ്കില്‍ സെക്‌സ് ക്ലബിലെ ബൗണ്‍സറായി പണിയെടുക്കുക, മനോരോഗാലയത്തിലെ വാര്‍ഡനാവുക. നഗ്‌നപാദനായി നടക്കുക. ഭാഷകള്‍ പഠിക്കുക. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത തൊഴിലുകള്‍ പഠിക്കുക. സിനിമാനിര്‍മാണത്തിന് അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ അനുഭവം വേണം. എനിക്കറിയാം, എന്റെ സിനിമയിലെ ഭൂരിപക്ഷവും എന്റെ കണ്ടുപിടിത്തങ്ങളല്ല, എന്റെ അനുഭവങ്ങളാണ്. എന്റെ ജീവിതമാണ്, എന്റെ മാത്രം ജീവിതം.
'ഹെറാക്കിള്‍സ്' എന്ന ആദ്യ സിനിമ എഡിറ്റിങ്ങിലെ ഒരു എക്‌സര്‍സൈസാണെന്ന് താങ്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഏതര്‍ഥത്തിലാണത്?
n> ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ 'ഹെറാക്കിള്‍സ്' ഒരു സ്റ്റുപ്പിഡ് സിനിമയാണെന്ന് തോന്നുന്നു. ലക്ഷ്യമില്ലാത്ത സിനിമ. പക്ഷേ, അക്കാലത്ത് എനിക്ക് അതൊരു സുപ്രധാന പരീക്ഷണമായിരുന്നു. ഒരിക്കലും ചേരാത്ത വസ്തുവകകള്‍കൊണ്ട് എങ്ങനെ എഡിറ്റിങ് നടത്താം എന്നതിന്റെ പാഠം. മ്യൂണിക്കിലെ ലേമാന്‍സില്‍ നടന്ന ഒരു അപകടം ചിത്രീകരിച്ചതിന്റെ റഷസാണ് ആ സിനിമക്കുവേണ്ടി ഞാന്‍ ഉപയോഗിച്ചത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു കാര്‍ ശകലീകൃതമായി വന്നുപതിച്ചതിനെത്തുടര്‍ന്ന് എണ്‍പതുപേര്‍ മരിച്ചതിന്റെ ദൃശ്യമായിരുന്നു അത്. ഈ ദൃശ്യങ്ങള്‍ക്കിടയിലേക്ക് 1962ലെ മിസ്റ്റര്‍ ജര്‍മനിയടക്കമുള്ള ബോഡി ബില്‍ഡര്‍മാരുടെ ദൃശ്യങ്ങള്‍ ഞാന്‍ ഇന്റര്‍കട്ട് ചെയ്യുകയായിരുന്നു. 'ഹെറാക്കിള്‍സ്' എനിക്ക് ഒരു പഠനസിനിമയായിരുന്നു. ഫിലിംസ്‌കൂളില്‍ പോകുന്നതിനെക്കാള്‍ നല്ലത് ഒരു സിനിമയുണ്ടാക്കുന്നതുതന്നെയാണെന്ന് എനിക്കുതോന്നി.
'ഹെറാക്കിള്‍സ്' സംവിധാനം ചെയ്യുമ്പോള്‍ താങ്കള്‍ക്ക് 19 വയസ്സ് മാത്രമായിരുന്നു?
n> ഞാന്‍ ചെറുപ്പത്തിലേ തുടങ്ങി. 'ഹെറാക്കിള്‍സ്' പൂര്‍ത്തിയാക്കിയ ഉടന്‍ 'സൈന്‍സ് ഓഫ് ലൈഫ്' എന്ന എന്റെ തിരക്കഥക്ക് കാള്‍ മെയര്‍ അവാര്‍ഡ് ലഭിച്ചു. അന്ന് പുരസ്‌കാരം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ച രീതി പരിഹാസ്യമായിരുന്നുവെന്ന് ഇന്നറിയുന്നു. എങ്കിലും എനിക്ക് എന്നെക്കുറിച്ചുതന്നെയുള്ള ബോധ്യത്തിന്റെ തെളിവായിരുന്നു അത്. അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി ചേര്‍ന്നത് മ്യൂണിക്കിലായിരുന്നു. പതിനായിരം ഡച്ച് മാര്‍ക്ക് വിലയുള്ള പുരസ്‌കാരം എനിക്കാണെന്ന് പാതിരാത്രിയില്‍ വാതിലില്‍ മുട്ടി വിളിച്ച് ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിച്ചത്, അത് ഈ പാതിരാത്രിക്ക് വിളിച്ചുണര്‍ത്തി നിങ്ങള്‍ പറയേണ്ടതില്ലെന്നും അവാര്‍ഡ് എനിക്കുതന്നെയാണെന്ന് എനിക്കറിയാമായിരുന്നുവെന്നുമാണ്. ഈ അവാര്‍ഡ് തുകകൊണ്ടാണ് ഞാന്‍ എന്റെ രണ്ടാം ചിത്രം 'The Unprecedented Defence of the Fortress Deutschkreu്വ' എന്ന സിനിമ 35 എം.എമ്മില്‍ ചെയ്തത്.
എല്ലാ റിസ്‌കുമെടുത്ത് സിനിമയെടുക്കുന്ന അതിസാഹസികന്‍ എന്നൊരു വിശേഷണം താങ്കള്‍ക്കുണ്ട്. സ്വന്തം സിനിമ വിജയിപ്പിക്കാന്‍ മറ്റുള്ളവരുടെ ജീവന്‍വരെ അപകടത്തിലാക്കുന്നയാളാണ് താങ്കളെന്ന് ആരോപണവുമുണ്ട്?
n> കൊടുംചൂടില്‍ വസ്തുക്കള്‍ വസ്തുക്കളോട് ചേര്‍ത്തുവെച്ച് അതിസമ്മര്‍ദത്തില്‍ പരീക്ഷണം നടത്തിയാണ് ഭൗതികശാസ്ത്രജ്ഞര്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്കുമേല്‍ അതിസമ്മര്‍ദം ചെലുത്തിയാലേ അവരുടെ ഉള്‍ക്കാഴ്ചകള്‍ തെളിയൂ. എങ്കിലും മറ്റുള്ളവരുടെ ജീവന്‍ പൊലിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ഇവിടെ ഇരിക്കാന്‍ കഴിയില്ലല്ലോ. എന്നുമാത്രമല്ല, ചിത്രീകരണത്തിന്റെ ഏതുവേളയിലും ആദ്യത്തെ പരീക്ഷണം നടത്താന്‍ ഞാനാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. സ്റ്റണ്ട്മാനെ നിയോഗിക്കാന്‍ പണമില്ലാത്ത കാലത്തൊക്കെ 22 മീറ്റര്‍ ഉയരത്തില്‍നിന്ന് ചാടി കഴുത്തൊടിഞ്ഞ് കിടന്നിട്ടുണ്ട് ഞാന്‍.
ശരാശരി തിരക്കഥകളില്‍നിന്ന് വ്യത്യസ്തമായി രൂപപ്പെടുത്തിയിട്ടുള്ളതാണ് താങ്കളുടെ തിരക്കഥകള്‍. എന്താണവയെക്കുറിച്ച് പറയുക?
n> കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ എന്റെ തിരക്കഥകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ആദ്യകാല തിരക്കഥകളെല്ലാം സംഭാഷണങ്ങള്‍ കുറഞ്ഞ ഗദ്യങ്ങളായിരുന്നു. ഒരു പുതിയ തരം സാഹിത്യരൂപംപോലെ. നിര്‍മാണവേളയില്‍ പാചകക്കുറിപ്പുകള്‍പോലെ ഉപയോഗിക്കാവുന്ന തിരക്കഥകള്‍ക്കുപകരം സ്വന്തം ജീവനുള്ള തിരക്കഥകള്‍ ഉണ്ടാക്കുന്നതിലാണ് എനിക്ക് മമത. അതുകൊണ്ടുതന്നെയാണ് എന്റെ തിരക്കഥകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിനുചേരുന്ന ചിത്രങ്ങള്‍ നല്‍കാത്തത്. എന്റെ അഭിപ്രായത്തില്‍ തിരക്കഥകള്‍ സ്വതന്ത്രമായി നില്‍ക്കുന്ന സാഹിത്യമാവണം.
എന്തുകൊണ്ടാണ് താങ്കളുടെ സിനിമകള്‍ സ്വന്തം രാജ്യമായ ജര്‍മനിയില്‍ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നത്, പ്രത്യേകിച്ചും താങ്കളുടെ സിനിമകള്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അമേരിക്കയിലും നന്നായി സ്വീകരിക്കപ്പെട്ടിട്ടും?
n> അവിടങ്ങളില്‍ മാത്രമല്ല, അല്‍ജീരിയയിലും മോസ്‌കോയിലും അര്‍ജന്റീനയിലുംവരെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ എന്നിട്ടും ഇവിടത്തെ നിരൂപകരെയും പ്രേക്ഷകരെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മനി വാസ്തവത്തില്‍ സിനിമ കാണാന്‍ പോകുന്നവരുടെ രാജ്യമല്ല. ജര്‍മനി എപ്പോഴും ടെലിവിഷന്‍ പ്രേക്ഷകരുടെ രാജ്യമാണ്. നൂറ്റാണ്ടുകളായുള്ള സംസ്‌കാരമാണത്. കാലക്രമേണ, വര്‍ഷങ്ങള്‍ക്കു ശേഷം, മരണത്തിനുശേഷം നിങ്ങള്‍ അംഗീകരിക്കപ്പെട്ടേക്കാം. എന്റെ സൃഷ്ടികളുടെ വിധി അതാണെന്ന് കരുതുന്നു. നേരേമറിച്ച് അയര്‍ലന്‍ഡിന്റെ കാര്യമെടുക്കുക. അവിടെ ബലിന്‍സ്‌കെലിഗ്‌സിലെ ഒരു ഗസ്റ്റ്ഹൗസില്‍ ഞാന്‍ ഒരിക്കല്‍ താമസിക്കുകയുണ്ടായി. അതിന്റെ നടത്തിപ്പുകാരി എന്നോടുചോദിച്ചു, എന്തുചെയ്യുന്നുവെന്ന്. ഞാന്‍ ഒരു രസത്തിന് പറഞ്ഞു, കവിയാണെന്ന്. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് അവര്‍ എനിക്ക് മുറി പകുതി വാടകക്ക് തന്നു. ജര്‍മനിയിലാണ് ഞാന്‍ ഇതുപറഞ്ഞതെങ്കില്‍ അവര്‍ എന്നെ തെരുവിലേക്ക് ആട്ടിയോടിക്കുമായിരുന്നു. Aguirre എന്ന സിനിമയുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഞാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ജര്‍മന്‍ സിനിമയിലെ നവോത്ഥാനത്തെക്കുറിച്ച് പറയുകയായിരുന്നു. പെട്ടെന്ന് വാര്‍ത്താസമ്മേളനമുറിയിലെ ഒരു മൂലയില്‍നിന്ന് ഉച്ചത്തില്‍ ചിരിയുയര്‍ന്നു. ജര്‍മന്‍കാരായിരുന്നു അവര്‍. ജര്‍മന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയുണ്ട്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. കഴിഞ്ഞ 100 വര്‍ഷത്തിനിടെ മനുഷ്യകുലത്തിനുനേരെയുണ്ടായ രണ്ട് മഹാപാതകങ്ങള്‍ക്കു കാരണം ജര്‍മനിയായിരുന്നു. ജര്‍മനിയിലെ യുദ്ധാനന്തരതലമുറകളെ ജാഗരൂകരായി തുടരാന്‍ ഇത് പ്രേരിപ്പിച്ചു. അതുകൊണ്ട് ജര്‍മനിയിലെ ആരെങ്കിലും ഒരാള്‍ തന്റെ സൃഷ്ടി ലോകത്തെ കാണിക്കുമ്പോള്‍ ബാക്കിയുള്ള മുഴുവന്‍ ജര്‍മന്‍കാരും സംശയാലുക്കളാകാന്‍ തുടങ്ങും. അവരെയൊക്കെ സമതുലിതാവസ്ഥയിലാക്കേണ്ടതുണ്ട്. എന്റെ 'Aguirre', 'Fit്വcarraldo', 'Kaspar Hauser' എന്നീ സിനിമകളെയെല്ലാം ജര്‍മന്‍ പ്രേക്ഷകരും നിരൂപകരും സംശയത്തോടെയാണ് കണ്ടത്. ജര്‍മന്‍ നിരൂപകരില്‍നിന്ന് ലഭിച്ചതെല്ലാം മോശം പ്രതികരണം. പക്ഷേ, ഇതേ നിരൂപകര്‍തന്നെ ഞാന്‍ ജര്‍മനിക്ക് പുറത്ത് താമസിക്കാന്‍ തുടങ്ങിയതോടെ എന്നെ ഒരു വിദേശി എന്ന നിലയില്‍ കണ്ട് അക്കാലത്ത് ഞാന്‍ സംവിധാനം ചെയ്ത 'My Best Friend' എന്ന സിനിമയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
താങ്കള്‍ക്ക് സിനിമയില്‍ എന്തെങ്കിലും ഒരു പ്രത്യയശാസ്ത്രം ഉണ്ടോ, കേവലം കഥപറച്ചിലിനുപരിയായി മുന്നോട്ടു നയിക്കുന്ന എന്തെങ്കിലും?
n> കൊള്ളാം. താങ്കള്‍ പറഞ്ഞ ആ 'കേവലം കഥപറച്ചില്‍' ഉണ്ടല്ലോ, അതുതന്നെ ഒരു സിനിമക്ക് ധാരാളമാണ്. തിരക്കഥയെഴുതാനിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ആശയങ്ങളെ അമൂര്‍ത്തമായ പദാവലികള്‍കൊണ്ട് കുത്തിനിറക്കില്ല. എന്റെ സിനിമകള്‍ എന്നിലേക്ക് അങ്ങേയറ്റം ജൈവ തേജസ്സോടെയാണ് വരുന്നത്. യുക്തിഭദ്രതയോ അക്കാദമിക് വിശദീകരണങ്ങളോ ഇല്ലാത്ത സ്വപ്‌നങ്ങളെപ്പോലെ. സിനിമയെക്കുറിച്ച് എനിക്ക് അടിസ്ഥാനപരമായൊരു ആശയമുണ്ടാവും. കുറെ കാലങ്ങള്‍ക്കുശേഷം, ചിലപ്പോള്‍ വാഹനമോടിക്കുമ്പോഴോ, ചിലപ്പോള്‍ നടക്കുമ്പോഴോ ആയിരിക്കും അത് എന്നിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുക.
അപ്പോള്‍ എന്റെ സിനിമയെ തിയറ്ററില്‍നിന്നെന്നപോലെ ഞാന്‍ കാണാന്‍ തുടങ്ങും. അതോടെ കുത്തിയിരുന്ന് തിരക്കഥയെഴുതാന്‍ പാകത്തിന് അത് സുതാര്യമാകും. തിരശ്ശീലയില്‍ സിനിമ കണ്ട് തിരക്കഥയെഴുതുന്നത്രയും അനായാസമാകും അത്. വേഗത്തിലാണ് തിരക്കഥയെഴുതുക. അത് കഥക്കും വേഗം നല്‍കും. എല്ലാ അനാവശ്യസംഗതികളെയും വിട്ടുകളഞ്ഞിട്ട് നേരെ കാര്യത്തിലേക്ക് കടക്കും. ഇങ്ങനെയെഴുതുന്ന കഥക്കാണ് എന്റെ അനുഭവത്തില്‍ ജീവന്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ എന്റെ തിരക്കഥയെഴുത്ത് നാലഞ്ചുദിവസത്തില്‍ കൂടുതല്‍ നീളാറില്ല.
വായനക്കാരോടും പ്രേക്ഷകരോടും എന്താണ് പറയാനുള്ളത്?
n> ഈയിടെ ഞാന്‍ പ്രശസ്ത നടി കാതറിന്‍ ഹെപ്‌ബേണിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചിത്രം കണ്ടു. ഒരു തരത്തില്‍ അവരുടെ ജീവിതത്തിനുള്ള ആദരസമര്‍പ്പണമാണ് ആ സിനിമ. ഒരു കടലിനരികില്‍ പാറക്കൂട്ടങ്ങള്‍ക്കുമുകളില്‍ ഇരിക്കുന്നു. കാതറിനോട് ഫ്രെയിമിലില്ലാത്ത കാമറകളില്‍നിന്ന് ഒരു ചോദ്യമുയര്‍ന്നു: ''പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?'' അവര്‍ വീഴാനൊരുങ്ങിയ കണ്ണീര്‍ത്തുള്ളികളെ അടക്കി. ആ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണെന്നവണ്ണം കുറെ നേരം ദൂരേക്ക് നോക്കിയിരുന്നു. പിന്നെ നേരെ കാമറക്കുനേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ''ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക.'' എന്നെ ഒരുപാട് ഉലച്ചു അത്. ഏറെക്കാലം അതേക്കുറിച്ചുമാത്രമായി എന്റെ ചിന്ത. പ്രിയ പോള്‍, എനിക്കും അതുതന്നെയാണ് പറയാനുള്ളത്. താങ്കളുടെ കണ്ണിലേക്ക് നോക്കി ഞാനും പറയുന്നു, എന്നെങ്കിലും താങ്കള്‍ ജീവിതത്തിന്റെ സംഗീതത്തിന് കാതോര്‍ത്തിട്ടുണ്ടോ?

'മണ്ഡലകാല'ത്തിനായുള്ള കാത്തിരിപ്പ്‌

'മണ്ഡലകാല'ത്തിനായുള്ള കാത്തിരിപ്പ്‌

മേളക്കാഴ്ചകള്‍|ബാബു ഭരദ്വാജ്‌
ഒന്ന്
ഓരോ കാലത്തും ഓരോതരം ജ്വരമാണ് പടര്‍ന്നുപിടിക്കുക. കാലങ്ങളുടെ പകര്‍ച്ചകള്‍ക്കൊപ്പം ഇത്തരം ജ്വരങ്ങള്‍ മാറിമാറി ശരീരത്തിനെയും മനസ്സിനെയും ബാധിക്കുന്നു. ഇപ്പോഴിത് ചലച്ചിത്രമേളകളുടെ പകര്‍ച്ചപ്പനിക്കാലമാണ്. പനി എന്ന് ഇതിനെ സരളവത്കരിക്കുന്നത് ചലച്ചിത്രമേളകളുടെ പ്രസക്തി കാലക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍കൊണ്ടാണ്. ഇപ്പറയുന്നതിനോട് വിയോജിക്കാന്‍ കണക്കും കാര്യങ്ങളും എത്രവേണമെങ്കിലും വിയോജിപ്പുള്ളവര്‍ക്ക് നിരത്താന്‍ പറ്റും. തെരഞ്ഞെടുപ്പില്‍ തോറ്റതിനും ജയിച്ചതിനും കണക്കുനിരത്തി തോല്‍വി വിജയമായും വിജയം തോല്‍വിയായും വകയിരുത്താന്‍ ശക്തിയുള്ള പ്രസ്ഥാനങ്ങളും നേതാക്കളുമുള്ള കാലവും രാജ്യവുമാണിത്. മേളകളിലെ വര്‍ധിച്ചുവരുന്ന പ്രേക്ഷക പങ്കാളിത്തം, ചലച്ചിത്രമേളയുടെ തിയറ്ററുകളുടെ എണ്ണം കൂട്ടുന്നകാര്യം, മേളതിയറ്ററുകളിലെ തിക്കും തിരക്കും നീണ്ട ക്യൂവും, മേളകാണാന്‍ എത്തുന്നവരുടെ സ്ത്രീ- പുരുഷ അനുപാതം, യുവാക്കളുടെയും വൃദ്ധരുടെയും മധ്യവയസ്‌കരുടെയും അനുപാതം, പ്രേക്ഷകരുടെ സാമൂഹിക-സാംസ്‌കാരിക വര്‍ഗാനുപാതങ്ങള്‍. വിയോജിക്കാന്‍വേണ്ട പാരാമീറ്ററുകളും മാപനങ്ങളും നിരവധിയാണ്. രാവിലെ പത്രംതുറന്നപ്പോള്‍ ആദ്യം കണ്ണില്‍പതിഞ്ഞ വാര്‍ത്ത തിരുവനന്തപുരത്തെ ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളം മേളതുടങ്ങുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ സംഭവിക്കാന്‍പോവുന്ന സഞ്ചരിക്കുന്ന ചലച്ചിത്രോത്സവങ്ങളെ കുറിച്ചാണ്. ഈ മേളകള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഈ പ്രദര്‍ശനങ്ങള്‍ കാണാന്‍ ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടും എന്ന കാര്യത്തിലും സംശയമില്ല. തിരുവനന്തപുരത്ത് നടക്കുന്ന മേളയെ ജനപ്രിയമാക്കാന്‍ നടത്തുന്ന ഈ ശ്രമങ്ങളൊക്കെ നല്ലതുതന്നെ.
തര്‍ക്കിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത മലയാളിക്ക് മേളതുടങ്ങുന്നതിനുമുമ്പേ തര്‍ക്കിച്ചു തുടങ്ങാന്‍ ഒരു 'ചിത്രസൂത്രം' ഒരുക്കുന്നതിലും സംഘാടകര്‍ വിജയിച്ചിരിക്കുന്നു. സാംസ്‌കാരിക മന്ത്രി തര്‍ക്കം തുടങ്ങാന്‍ ആഹ്വാനിച്ചിട്ടുമുണ്ട്, പത്രസമ്മേളനത്തില്‍. ചലച്ചിത്രമേള കാഴ്ചയുടെ ഒരു മാമാങ്കമാണല്ലോ, പത്രസമ്മേളനംകൂടി അങ്ങനെയാവുന്നത് കെങ്കേമംതന്നെ. കാഴ്ച എന്നും മലയാളിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് കാഴ്ചയില്‍ ഇടംകിട്ടുന്നവര്‍ തമ്പുരാക്കന്മാരാവുന്നത്. കാഴ്ചയില്‍ ഇത്തിരി സ്ഥലംകിട്ടാന്‍ ആള്‍ക്കാര്‍ കടിപിടികൂടുന്നതും അതുകൊണ്ടുതന്നെ. ദൃശ്യമാധ്യമങ്ങളില്‍ സ്ഥിരമായി വാര്‍ത്തകാണുന്നവരും ചാനല്‍ പരിപാടികളുടെ സ്ഥിരം കാഴ്ചക്കാരും പത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരും കാമറക്കുനേരെ ശ്വാസമടക്കിപ്പിടിച്ചു നോക്കുന്ന എത്രലക്ഷം മുഖങ്ങളെയാണ് കാണേണ്ടിവരുന്നത്. ഈ മുഖങ്ങളില്‍ നിറഞ്ഞുവിളങ്ങുന്ന സായുജ്യം അമ്പരപ്പിക്കുന്നവിധം അസഭ്യമാണ്. കുറെക്കാലം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചതുകാരണം സ്ഥിരമായി സ്റ്റുഡിയോകളില്‍ പറന്ന് നടക്കാറുള്ള ഒരുപാട് ചാനല്‍ കുരുവികളെ കണ്ടിട്ടുണ്ട്. അങ്ങാടിക്കുരുവികള്‍ വംശമറ്റുപോയ ഇക്കാലത്ത് ചാനല്‍ കുരുവികളെ കാണുന്നതും ഒരു സുകൃതമാണ്. ദൃശ്യങ്ങളില്‍ ഇടംകിട്ടാനുള്ള ഈ ത്വരയാണോ മലയാളികളെ ഇത്രമാത്രം സിനിമാമോഹികളാക്കിയത് എന്നത് ഒരു മനഃശാസ്ത്ര പ്രശ്‌നം ആണ്. അല്ലെങ്കിലും, ലോകത്തിലൊരിടത്തും കാണാത്തതരത്തിലുള്ള സിനിമാക്കമ്പം എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് പിടികൂടിയെന്നതും അന്വേഷിക്കേണ്ടതാണ്. സര്‍ഗാത്മകതയുടെ മറ്റെല്ലാ പൊടിപ്പുകളെയും വിഴുങ്ങി നശിപ്പിക്കുന്നവിധം അതെങ്ങനെ മാരകമായി ഭവിക്കുന്നുവെന്നതും ചര്‍ച്ചെചയ്യപ്പെടേണ്ടതാണ്. എല്ലാ നദികളും കടലില്‍ച്ചെന്നുചേരുന്നതുപോലെ എല്ലാ കലകളും സര്‍ഗവാസനകളും സര്‍ഗക്രിയകളും ചെന്നുചേരാന്‍ മാത്രം അഗാധവും വിശാലവും വിസ്തൃതവുമാണോ സിനിമായെന്ന 'പാരാവാരം'? ഇത്തരം അശുഭചിന്തകളുമായി ചലച്ചിത്രമേളയെ സമീപിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും ഘോഷയാത്രയില്‍ അണിചേരുന്നതിനുമുമ്പ് വഴിയോരത്ത് മാറിനിന്ന് കുറച്ചുനേരം ഇതൊക്കെ ആലോചിക്കുന്നത് നല്ലതാണ്. ആലോചിക്കുന്നതില്‍ എന്താ ഇത്ര കുഴപ്പം? ഈ കുറിപ്പെഴുതാന്‍ ആരംഭിക്കുമ്പോള്‍ തോന്നിയ വഴിക്കല്ല കുറിപ്പിന്റെ പോക്ക്. അതുകൊണ്ട്, തെളിച്ചവഴിക്ക് പോവാത്തതുകൊണ്ട് പോയവഴിക്ക് തെളിക്കാം.
രണ്ട്
സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരത്ചന്ദ്രനെ ഓര്‍ത്തുപോവുന്നു. ശരത്ചന്ദ്രനെ മാത്രമല്ല, എന്റെ ബാല്യകാലവും മനസ്സിലേക്ക് തികട്ടിവരുന്നു. കോഴിക്കോട് പൂക്കാട്ടെ ഞങ്ങളുടെ വീട് നിരത്തരികിലായിരുന്നു. നിരത്തരികില്‍ എന്നതുമാത്രമല്ല അതിന്റെ പ്രത്യേകത. ഒരര്‍ഥത്തില്‍ അത് പൂക്കാട്ടങ്ങാടിക്കുള്ളില്‍തന്നെയായിരുന്നു. പറമ്പിന്റെ രണ്ട് വശങ്ങളിലും നിരയായി കടകളായിരുന്നു. വടക്കുനിന്നുള്ള വഴി രണ്ട് കടകള്‍ക്കിടയിലൂടെയായിരുന്നു. കിഴക്ക് നിരത്തരികിലെ ഗേറ്റും ചവിട്ടുപടികളും ഒരു കടയോട് തൊട്ടുരുമ്മിയാണ് നിന്നിരുന്നത്. രണ്ടു വശത്തെയും േചാറ്റുകടകളുടെ പിന്നാമ്പുറം ഞങ്ങളുടെ വീടിന്റെ മുന്‍വശം ആയിരുന്നു. ഞങ്ങളുടെ കിണര്‍ അങ്ങാടിയുടെ പൊതുകിണര്‍പോലെയായിരുന്നു. നിരത്തിനും കടകളുടെ നിരകള്‍ക്ക് മുന്നിലും വിശാലമായ പൊതുസ്ഥലം ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഇടുങ്ങിയതല്ലെന്ന് ചുരുക്കം. ഈ പൊതുസ്ഥലത്ത് എല്ലാകാലത്തും എന്തെങ്കിലും കാഴ്ചകള്‍ കാണും. തെരുവ് സര്‍ക്കസ്, മരുന്നുകച്ചവടം, പാട്ടുകച്ചേരി അങ്ങനെ പലതും. ഒരിക്കല്‍ മുട്ടനാടുകളെ കൊന്നു നുറുക്കി അജമാംസരസായനം ഉണ്ടാക്കി വിറ്റതും ഒരു കാഴ്ചയായിരുന്നു. സിനിമയുടെ ചില രൂപകങ്ങള്‍ മനസ്സില്‍ കയറിക്കൂടുന്നത് ഈ അങ്ങാടിത്തെരുവില്‍നിന്നാണ്. ചില സന്ധ്യകളില്‍ ഇവിടെ സിനിമാ പ്രദര്‍ശനവും ഉണ്ടാവാറുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പുകാര്‍ നടത്തുന്ന സിനിമാപ്രദര്‍ശനം ആണ്. ഡോക്യുമെന്ററികള്‍. അതുകാണാന്‍ അങ്ങാടിയില്‍ ഒരുപാട് ആള്‍ക്കാര്‍ കൂടാറുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ. ഇന്നാണെങ്കില്‍ ആരും കാണാത്ത സിനിമകള്‍ ആണതൊക്കെ. തിയറ്ററില്‍ കിട്ടാത്ത ഒരു ഉത്സവ പരിസരം ഈ ആകസ്മിക പ്രദര്‍ശനങ്ങള്‍ക്കുണ്ടാവാറുണ്ടായിരുന്നു. ഞാന്‍ കണ്ട ആദ്യത്തെ സിനിമാ മേളകള്‍ അതാെണന്നാണ് എനിക്ക് തോന്നുന്നത്. ഇന്നും ചലച്ചിത്രോത്സവങ്ങളില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ അങ്ങാടിത്തെരുവിലെ അതേ ആകാംക്ഷകള്‍ നിറയുന്നു. ചെറുപ്പത്തില്‍ ഒരങ്ങാടിയുടെ പിന്നാമ്പുറത്ത് കഴിഞ്ഞതുകൊണ്ടാവണം അങ്ങാടികളിലെത്തുമ്പോള്‍ എന്റെ മനസ്സ് സുരക്ഷിതമാവുന്നത്. അതുകൊണ്ട്, തിയറ്ററുകളുടെ ഇരുട്ടിനെക്കാള്‍ തിയറ്ററുകള്‍ക്ക് പുറത്തെ വെളിച്ചവും കോലാഹലവും ഞാനിഷ്ടപ്പെടുന്നു. ഉത്സവം കാണാന്‍പോയി വെളിച്ചപ്പാടും ആറാട്ടും എഴുന്നള്ളത്തും ഒന്നും കാണാതെ പുരുഷാരത്തെകണ്ട് വിസ്മയഭരിതനായി ഉത്സവം കഴിഞ്ഞ് തിരിച്ചുപോരുന്ന ഒരാളാവാന്‍ പലപ്പോഴും കഴിയുന്നത് അതുകൊണ്ടാണ്.
മൂന്ന്
ഏറ്റവും വലിയ വിനോദവും ഏറ്റവും ഇഷ്ടവിനോദവും സിനിമയായ ഒരു സമൂഹത്തില്‍ ചലച്ചിത്രമേളകള്‍ ഒരു അനുഷ്ഠാനംതന്നെയാണ്. ദൈവവും ആചാരങ്ങളും ശീലങ്ങളും നമ്മളെ അനുഷ്ഠാനങ്ങളിലേക്കും ഉത്സവങ്ങളിലേക്കും എത്തിക്കുന്നതുപോലെ 'സിനിമാരാധന' നമ്മളെ മേളകളിലേക്കും എത്തിക്കും. അങ്ങനെ ആലോചിച്ചാല്‍ കാലംതെറ്റി സംഭവിച്ച ഒന്നാണ് ചലച്ചിത്രമേളകള്‍ എന്നുപറയാം. യഥാര്‍ഥത്തില്‍ ആരംഭിക്കേണ്ട കാലംകഴിഞ്ഞ് ഒരുപാട് ദശകങ്ങള്‍ക്കുശേഷം മാത്രം സംഭവിച്ചത്. ഫിലിം സൊസൈറ്റികള്‍ തന്നെയായിരിക്കണം പൂജയും തേവാരവും ഉത്സവങ്ങളും മുടങ്ങിക്കിടന്ന ചലച്ചിത്രരംഗത്തെ കാഴ്ചക്കപ്പുറമുള്ള പ്രത്യയശാസ്ത്ര പരിസരത്തേക്ക് നയിച്ചത്. സിനിമയുടെ സാങ്കേതികതയായിരിക്കണം ഈ കാലവിളംബത്തിനുകാരണം, അതിന്റെ സന്നാഹങ്ങളുടെ യാന്ത്രികതയും.
കേരളത്തില്‍ ചലച്ചിത്രമേളകള്‍ സജീവമാകുന്നത് ഇവിടെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ ഉണ്ടായിവന്ന കാലത്താണ്. ഫിലിം സൊസൈറ്റികളുടെ നിര്‍മിതിതന്നെയാണ് ചലച്ചിത്രമേളകള്‍. ഒന്നിനുപിറകെ ഒന്നായി കാലവിളംബം ഇല്ലാതെ പിറന്ന ഇരട്ടകള്‍. അതുവരെ ജാതകക്കുറിയും രാശിചക്രങ്ങളും അലോസരപ്പെടുത്താതിരുന്ന സിനിമക്ക് ഒരര്‍ഥത്തില്‍ ഇത്തരം 'തലവിധി'കള്‍ ഉണ്ടാക്കിയത് ചലച്ചിത്രമേളകളായിരിക്കണം. ഫിലിം സൊസൈറ്റികളും മേളകളും സിനിമയെ നവീകരിക്കുകയും അതിന്റെ സൈദ്ധാന്തിക അടിത്തറകളെയും പരിചരണ സങ്കേതങ്ങളെയും അര്‍ഥവത്താക്കുകയും ബലപ്പെടുത്തുകയും ചെയ്തു. സിനിമ വെറുമൊരു കളിയല്ലെന്നും ആ കളിക്ക് ചില നിബന്ധനകളും നിയമങ്ങളുമുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തി. (ഇന്നും നാട്ടിന്‍പുറങ്ങളിലെ പഴയ തലമുറക്കാര്‍ സിനിമയെ 'സിനിമാക്കളി' എന്നുതന്നെയാണ് വിളിക്കാറ്. ഇപ്പോഴത്തെ മലയാള സിനിമകള്‍ കാണുന്നവരും മനസ്സില്‍ അറിയാെത സിനിമാക്കളിയെന്നാണ് വിളിക്കാറ്. സിനിമകളെ ചുറ്റിയുള്ള മറ്റു കളികള്‍ കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ മനസ്സിലാക്കുന്നതോടെ അതൊരു കളിതമാശ തന്നെയായി മാറും.) സിനിമക്ക് അതിന്റെ വായ്‌മൊഴിക്കപ്പുറത്ത് ഒരു പ്രത്യേക ദൃശ്യഭാഷയുണ്ടെന്നും അതിനൊരു ദൃശ്യലിപിയുണ്ടെന്നും അതിന് അതിന്‍േറതായ വ്യാകരണ നിയമങ്ങള്‍ ഉണ്ടെന്നും ഒക്കെ മലയാളി മനസ്സിലാക്കുന്നത് ഫിലിം സൊൈസറ്റികളിലൂടെയും ചലച്ചിത്രമേളകളിലൂടെയും ആണ്. നമ്മുടെ പല ചലച്ചിത്രകാരന്മാരും സിനിമ പഠിച്ചതും ഈ ചിത്രങ്ങള്‍ കണ്ടിട്ടാണ്. സിനിമയുണ്ടാക്കുന്നതില്‍ മാത്രമല്ല, സിനിമ കാണുന്നതിലും നവീകരണം നടന്നത് ഈ കാലത്താണ്.
മലയാള സിനിമ 'തിരനാടക'ത്തില്‍നിന്ന് യഥാര്‍ഥ സിനിമയിലേക്ക് വളരുന്നത് അങ്ങനെയാണ്. പഴയതുപോലെ സിനിമാ ചിത്രീകരണം ഇന്ന് വെറുമൊരു ഫോട്ടോസെഷനല്ല. സിനിമയെ ഇങ്ങനെ മാറ്റിമറിക്കുന്നതില്‍, സിനിമയെ അതിന്റെ യഥാര്‍ഥ നിയോഗങ്ങളിലേക്ക് നയിക്കുന്നതില്‍, അതിനൊരു സര്‍ഗാത്മകമായ രൂപഘടന ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് മുഖ്യധാരാ സിനിമക്കാരായിരുന്നില്ല. ബധിര-മൂക സിനിമയെന്നും അവാര്‍ഡ് സിനിമയെന്നും ഉച്ചപ്പടമെന്നും പൊട്ടന്‍സിനിമയെന്നും അവഹേളിക്കപ്പെടുകയും ഇകഴ്ത്തപ്പെടുകയും അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്ത സിനിമയുടെ വിനീത പ്രവര്‍ത്തകരായിരുന്നു. ബുദ്ധിജീവിജാടയെന്നും മനുഷ്യര്‍ക്ക് മനസ്സിലാവാത്ത സിനിമയെന്നും അവരെ ഇകഴ്ത്തുമ്പോള്‍ത്തന്നെ അത്തരം സിനിമകളുടെ രക്തവും നീരും വലിച്ചെടുത്താണ് മുഖ്യധാരാ സിനിമകള്‍ പുഷ്ടിപ്രാപിച്ചത്. സ്മരണദിനങ്ങളും സ്മാരകമണ്ഡപങ്ങളും ഇല്ലാത്ത രക്തസാക്ഷികള്‍. എന്നാല്‍, ഇന്ന് ചലച്ചിത്രമേളകള്‍ മുഖ്യധാരാ സിനിമകളും അവയുടെ പ്രവര്‍ത്തകരും കൈയടക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മേളകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കച്ചവടസിനിമക്കാരാണ്. അവരെ ആദരിക്കാനും പുകഴ്ത്താനും പ്രതിഷ്ഠിക്കാനുമുള്ള വേദികളായി ചലച്ചിത്രമേളകള്‍ മാറുന്നു. മാത്രമല്ല, കച്ചവടസിനിമക്കാര്‍ മറുനാടന്‍ കഥകളും അവയുടെ ചിത്രീകരണരീതികളും അടിച്ചെടുക്കാന്‍പറ്റിയ ഒരു അങ്ങാടിയായി മേളകളെ കാണുന്നുണ്ടോ? പുതിയ ഇംഗ്ലീഷ് സിനിമകണ്ട് തിയറ്ററില്‍നിന്നിറങ്ങിയോടുന്ന രണ്ട് നാടകകൃത്തുകളെക്കുറിച്ച് ഒരിക്കല്‍ എം. കൃഷ്ണന്‍നായര്‍ എഴുതിയിരുന്നു. കണ്ട സിനിമ 'അപരന്‍' മലയാള നാടകമാക്കി എഴുതുന്നതിനുമുമ്പ് എഴുതിത്തീര്‍ക്കാനുള്ള ബദ്ധപ്പാടിലാണ് ഈ രണ്ട് നാടകകൃത്തുകളും സിനിമ കഴിയുമ്പോഴേക്കും തിയറ്ററില്‍നിന്നിറങ്ങി ഓടിയിരുന്നത്. ആ നാടകകൃത്തുകള്‍ ആരൊക്കെയായിരുന്നെന്ന് തിരുവനന്തപുരത്തുകാര്‍ക്കറിയാം.
നാല്
ചലച്ചിത്രമേളകള്‍ക്കുമുമ്പേ ആരംഭിച്ച കേരളത്തിലെ മിക്കവാറും ഫിലിം സൊസൈറ്റികള്‍ക്ക് കൂട്ടമരണം സംഭവിച്ചുകഴിഞ്ഞു. അതൊരു കൂട്ട ആത്മഹത്യയായിരിക്കുമോ? അങ്ങനെയാവണമെങ്കില്‍ അതിനൊരു കാരണം കാണണമല്ലോ? ജനപങ്കാളിത്തമില്ലാത്തതുകൊണ്ടല്ല, സൊസൈറ്റികള്‍ ഇല്ലാതെയായത്. അത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളോട് മലയാളിക്ക് അടുത്തകാലത്തുണ്ടായ വൈമനസ്യം അതിനൊരു കാരണമായിരിക്കാം. മലയാളി വീടുകളുടെ അകത്തളങ്ങളില്‍ അടിഞ്ഞുപോവുന്നത് ഒരു കാരണമാവാം. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും ഗ്രാമത്തിലെ നാടകസംഘങ്ങളും കലാസമിതികളും സംഗീതസദസ്സുകളും അന്യംനിന്നുപോയതുപോലെയായിരിക്കണം ഇതും. മലയാളി വീട്ടിലേക്കും ഇരിപ്പുമുറിയിലേക്കും ഒതുങ്ങിയെന്നും ടെലിവിഷന്റെ 'വിഷ'ബാധയേറ്റ് മയങ്ങിയെന്നും അങ്ങനെ തറപ്പിച്ചുപറയാന്‍ പറ്റില്ല. ജനസംഖ്യയുടെ ഒരുപാതി വീട്ടിലേക്കുള്ള വഴിക്കും മറുപാതി ബാറിലേക്കുള്ള വഴിയിലുമായി എന്നുപറയാം.
ഫിലിം സൊസൈറ്റികളുടെ കൂട്ട പലായനത്തിനുശേഷവും ചലച്ചിത്രമേളകള്‍ പൂര്‍വാധികം ശക്തമായി കേരളത്തില്‍ തുടരുന്നുവെന്നതൊരു സവിശേഷ സാഹചര്യമാണ്. നല്ല സിനിമയോടുള്ള പ്രിയം ഏറിയതുകൊണ്ടാണിത് എന്നുപറയാനാവില്ല. എങ്കില്‍, കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നല്ല സിനിമ കാണാനുള്ള പ്രിയം വര്‍ധിക്കുക എന്നതൊരു പ്രത്യേകതരം രോഗമാവണം. ഫിലിം സൊസൈറ്റികള്‍വഴി കൊല്ലത്തില്‍ പലതവണ നല്ല സിനിമകള്‍ കണ്ടിരുന്ന പ്രേക്ഷകന്‍ ഒരു 'മണ്ഡലകാല'ത്തിനായി കാത്തിരിക്കുന്നതെന്തിന്? ആയതിനാല്‍, നല്ല സിനിമകള്‍ കാണുക എന്നതിനും ലോകസിനിമയിലെ പുതിയ പ്രവണതകള്‍ പരിചയിക്കുക എന്നതിനുമപ്പുറം മറ്റുചില ആകര്‍ഷണങ്ങള്‍കൂടി ചലച്ചിത്രമേളകള്‍ക്ക് ഉണ്ടാവണം. അതെന്തായിരിക്കണം? മലയാളിയുടെ എന്തെങ്കിലും ഒരു 'ഏര്‍പ്പാട്' വേണമെന്നുള്ള ഒരു വെറും കാര്യമായി അതിനെ കാണാനാവില്ല. േമളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടാത്തവയും പച്ചയായി സ്ത്രീ-പുരുഷ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയുമാണ് എന്നതാണോ യുവതീയുവാക്കളെ തിയറ്ററുകളിലേക്കാകര്‍ഷിക്കുന്നത്? അതിനൊരു പ്രത്യയശാസ്ത്ര പരിസരം ഉണ്ടായിരിക്കണം. അതെന്താണ്?
ചലച്ചിത്രമേളകള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ ഇടപഴകുന്ന എല്ലാ മേഖലകള്‍ക്കും അത്തരം ഒരു പ്രത്യയശാസ്ത്ര പരിസരമുണ്ട്. നമ്മള്‍ അറിയുകയും അറിയാതെപോവുകയും ചെയ്യുന്ന ഒന്ന്. നമ്മുടെ സര്‍ഗാത്മക തൃഷ്ണകളെ ഒരു പരിധിവരെ ശമിപ്പിക്കുന്നത് ഈ കൂട്ടായ്മയാണ്. അത്തരം ദാഹങ്ങള്‍ക്ക് അടിപ്പെടാനും അത്തരം ദാഹങ്ങളെ പെരുപ്പിക്കാനുമായിരിക്കണം നമ്മള്‍ ഒത്തുചേരുന്നത്. സിനിമ അതിനൊരു നിമിത്തം മാത്രമായിരിക്കണം. അല്ലെങ്കില്‍, ഓരോ മേളകള്‍ക്കുശേഷവും നമ്മുടെ സിനിമകള്‍ നവീകരിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍, മേളകള്‍ വ്യാപകമായതോടെ മലയാളസിനിമ അതിന്റെ ആശയരൂപവത്കരണത്തിലും ദര്‍ശനപരതയിലും അനുഷ്ഠാനങ്ങളിലും ആവിഷ്‌കാരങ്ങളിലും സംവേദനക്ഷമതയിലും പിന്നിലായിക്കൊണ്ടിരിക്കുന്നു. സിനിമയില്‍ ആകെ നടന്നുകൊണ്ടിരിക്കുന്ന നവീകരണം അതിന്റെ സങ്കേതങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ക്ഷുദ്രമായ ചില 'ഗിമിക്‌സുകള്‍' മാത്രമാണ്. നിര്‍മിത മസാലകള്‍ കമ്പോളം കീഴടക്കിയതോടെ നമ്മുടെ ആഹാരപാനീയ രുചികളില്‍ വന്നുഭവിച്ച രുചികളുടെ അപചയംതന്നെയാവുമോ സിനിമാസ്വാദനത്തിലും സംഭവിച്ചിരിക്കുക. മാനുഷരെല്ലാവരെയും ഒന്നുപോലെയാക്കാന്‍ ഭക്ഷണത്തിലും വസ്ത്രധാരണത്തിലും വാസനകളിലും ശീലങ്ങളിലും ഒക്കെ സമത്വമെന്നൊരാശയത്തിന് കഴിഞ്ഞില്ലെങ്കിലും മുതലാളിത്തം ഇന്നത് ഭംഗിയായി നിര്‍വഹിക്കുന്നു. ആഹാരനീഹാരാദികളിലും ആടയാഭരണങ്ങളിലും വാമൊഴികളിലും മാത്രമല്ല, നമ്മുടെ ദൃശ്യബോധത്തിലും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മേളകളില്‍നിന്നാര്‍ജിക്കുന്ന പുതിയ സംവേദനസംസ്‌കാരം എന്തുകൊണ്ട് നമ്മുടെ സിനിമാസ്വാദനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പൊതുബോധങ്ങളെ ബാധിക്കുന്നില്ല? എന്തുകൊണ്ട് സിനിമ അനുനിമിഷം സിനിമയല്ലാതാവുകയും ചില താരങ്ങളുടെ ചില പ്രദര്‍ശനങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നുവെന്നതൊക്കെ സിനിമയെ ഗാഢമായി സ്‌നേഹിക്കുന്നവര്‍ ആലോചിക്കേണ്ട കാര്യങ്ങള്‍തന്നെയാണ്.
അഞ്ച്
മലയാളിയുടെ പൊതുബോധ മണ്ഡലത്തിന് സംഭവിച്ച ഗുണപരമായ ഇകഴ്ചയുടെ തുടര്‍ചലനങ്ങളാണോ സിനിമയിലും സംഭവിച്ചിരിക്കുക? നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ക്കുപറ്റിയ മാരകമായ തകര്‍ച്ചയുടെ തുടര്‍ച്ചതന്നെയാവണം ഇത്. രാഷ്ട്രീയബോധത്തെയല്ല ഞാന്‍ പരാമര്‍ശിക്കുന്നത്, 'ബോധ്യ'ങ്ങളെപ്പറ്റി തന്നെയാണ്. ബോധവും ബോധ്യവും രണ്ടാണ്. ബോധം സര്‍ഗാത്മകമാണ്. ബോധ്യം സമ്പൂര്‍ണമായ കീഴടങ്ങലാണ്. രാഷ്ട്രീയബോധം നമുക്ക് നഷ്ടപ്പെട്ടുവെന്നും രാഷ്ട്രീയ ബോധ്യങ്ങളാണിപ്പോള്‍ ഉള്ളതെന്നും ആര്‍ക്കാണറിയാത്തത്. ഒരു അക്ഷരത്തിന്റെ ഒരു ചെറിയ പെരുമാറ്റദൂഷ്യംകൊണ്ട് ഉണ്ടാവുന്ന അര്‍ഥാന്തരങ്ങള്‍ വളരെ വലുതാണ്. ബോധം ഒരു വാസനയാണെങ്കില്‍ ബോധ്യം ഒരു ശീലമാണ്. ചലച്ചിത്രം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഒരു വാസനക്കുപകരം ശീലമാവുന്നതാണ് കുഴപ്പം. ശീലമാവുന്നതോടെ ഒരേതരം കഥക്കും പ്രമേയത്തിനും പരിചരണത്തിനും അഭിനയത്തിനും താരത്തിനും നമ്മള്‍ അടിപ്പെടുന്നു. അതുകൊണ്ടാണ് ഒരേ താരത്തിനും ഒരേ കഥക്കും നമ്മള്‍ കീഴ്‌പ്പെടുന്നതും ഒരേതരം പടം കൂടുതലോടുന്നതും.
പ്രത്യയശാസ്്രതം നേതാവിന് കീഴ്‌പ്പെടുന്നതുപോലെയാണ് സിനിമ താരത്തിന് കീഴ്‌പ്പെടുന്നത്. പ്രമേയം പ്രകടനത്തിന് കീഴടങ്ങലാണത്. അത് സിനിമയില്‍ മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെയുള്ളതാണത്. സിനിമയുടെ യഥാര്‍ഥ സ്രഷ്ടാക്കള്‍ സിനിമയില്‍നിന്ന് പുറന്തള്ളപ്പെടുകയും അവരുടെ സ്ഥാനം വെറും പ്രകടനക്കാര്‍ കൈയടക്കുകയും ചെയ്യുന്നു. താരാധിപത്യത്തെ ആ രീതിയില്‍ മാത്രമേ എനിക്ക് കാണാന്‍ പറ്റൂ. കൈയേറ്റക്കാരായി മാത്രം. മേളകള്‍കണ്ട് പുറത്തിറങ്ങുന്നവരെങ്കിലും സിനിമയുടെ ഈ സത്യം അറിയേണ്ടതാണ്. ലോകത്തിലെ ഒരു ചലച്ചിത്രമേളയും താരത്തികവിന്റെ പേരില്‍ അറിയപ്പെടുന്നില്ല. ഒരു സിനിമയും താരത്തിന്റെ പേരില്‍ പുകഴ്ത്തപ്പെടുന്നുമില്ല. ഒരു സാധാരണ മലയാളി സിനിമകാണാന്‍ തിയറ്ററിലെത്തുന്നത് താരത്തില്‍ ആകൃഷ്ടനായിട്ടായിരിക്കാം. സാധാരണ മലയാളിയുടെ സിനിമാബോധത്തിന്റെ പരിമിതിയാണ് അതിന് കാരണം. മാത്രമല്ല, നമ്മുടെ മാധ്യമങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സിനിമയെ പരിചയപ്പെടുത്തുന്ന രീതിയും അതാണ്. എന്നാല്‍, മേളയിലെത്തുന്ന പ്രേക്ഷകന്‍ താരത്തിന്റെ പേരിലോ താരത്തിനെ കാണാനോ അല്ല സിനിമ കാണുന്നത്. സിനിമക്കുവേണ്ടിതന്നെയാണ്. മേളകളില്‍നിന്നാര്‍ജിക്കുന്ന ഈ സംസ്‌കാരം മുഴുവന്‍ സിനിമാക്കാഴ്ചകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞാലേ ചലച്ചിത്രമേളകള്‍ക്ക് പ്രസക്തി ഉണ്ടാവുകയുള്ളൂ. ഇല്ലെങ്കില്‍, നമ്മുടെ ചലച്ചിത്രമേളകള്‍ വെറും സിനിമാചന്തകള്‍ മാത്രമായി മാറും.
മലയാളിയുടെ സമയത്തിന്റെ ഏറ്റവും ഭീമമായ ഭാഗം ഉപഭോഗം ചെയ്യുന്നത് സിനിമയാണ്. സിനിമ കാണാത്തവരുടെ സമയംകൂടി സിനിമ അപഹരിക്കുന്നു. വാര്‍ത്തകളില്‍കൂടി വന്നുനിറയുന്നത് സിനിമയാണ്. പാട്ടും ആട്ടവും തമാശയും ഒക്കെ സിനിമതന്നെ. തൂണിലും തുരുമ്പിലും ഭൂമിയിലും ആകാശത്തിലും ഒക്കെയുള്ള സര്‍വവ്യാപിയായ ദൈവംപോലെയാണ് സിനിമ. അതുകൊണ്ട്, സിനിമയെ സിനിമയാക്കുക എന്നത് ഒരു പൊതുതാല്‍പര്യമാണ്.
ആറ്
ചലച്ചിത്രമേളകള്‍ അതിന്റെ യഥാര്‍ഥ നിയോഗത്തില്‍നിന്ന് അകന്നുപോവുന്നതുകൊണ്ടാണ് ചലച്ചിത്രമേളകളുടെ മറ്റ് സാഫല്യങ്ങളെകുറിച്ച് നമുക്കാലോചിക്കേണ്ടിവരുന്നത്. തിയറ്ററുകളിലെ ഇരുളില്‍ കാണുന്ന നിഴലുകള്‍പോലെ എനിക്ക് പ്രിയപ്പെട്ടതാണ് തിയറ്ററിന് പുറത്തെ കളികളും. തിയറ്ററുകള്‍ക്ക് പുറത്ത് രൂപപ്പെട്ടുവരുന്ന കൂട്ടായ്മകള്‍ സര്‍ഗാത്മകമാണ്. ഒരുപക്ഷേ, ഈ സൗഹൃദത്തിന്റെ ഗൃഹാതുരതയായിരിക്കണം കേരളത്തിനകത്തും പുറത്തുംനിന്ന് ഒരുപാട് മലയാളികളെ ഓരോ വര്‍ഷവും തിരുവനന്തപുരത്തെത്തിക്കുന്നത്. എല്ലാ കൊല്ലവും മേളകള്‍ക്കെത്തിച്ചേരുന്ന ഒരുപാട് പ്രവാസി മലയാളികളെ എനിക്കറിയാം. പലരെയും വര്‍ഷങ്ങള്‍തോറും ഞാന്‍ കണ്ടുമുട്ടാറുള്ളത് ഈ മേളയിലാണ്. ഒമാനിലെ സൂറില്‍നിന്നുള്ള രാമചന്ദ്രനും അക്കൂട്ടത്തിലൊരാളാണ്.
തിയറ്ററുകള്‍ക്ക് പുറത്തും വഴിയോരങ്ങളിലും തീന്‍കടകളിലും ഹോട്ടല്‍മുറികളിലും ബാറുകളിലും നടക്കാറുള്ള അര്‍ഥവത്തായ ചര്‍ച്ചകളും സംവാദങ്ങളും ഈ മേളകളെ അര്‍ഥവത്താക്കാറുണ്ട്. ചലച്ചിത്ര മേളകള്‍ക്കെത്തുന്നവര്‍ തിയറ്ററുകളിലെത്താതെ മേളതീരുന്നതുവരെ തിയറ്ററുകള്‍ക്കുപുറത്ത് അലയുന്ന കാഴ്ചയും കാണാറുണ്ട്. തിരുവനന്തപുരത്തെത്തി പെട്ടിവെച്ച മുറിയില്‍ത്തന്നെ മേളതീരുന്നതുവരെ പ്രതിഷ്ഠിക്കപ്പെടുന്നവരും സുലഭമാണ്. എന്തൊക്കെയായാലും ഇവരും മേളയുടെ ഭാഗംതന്നെയാണ്. അവരും ചലച്ചിത്രമേള എന്ന 'പ്രമേയ'ത്തിന്റെ അവിഭാജ്യഘടകങ്ങള്‍തന്നെയാണ്. 'കരിമരുന്ന്' പ്രയോഗം കഴിയുന്നതുവരെ ഉറക്കൊഴിക്കുന്നവര്‍ മാത്രമല്ല ഉത്സവത്തിന്റെ ഘോഷങ്ങളിലുള്ളത്. ഉത്സവം കാണാതെ പുരുഷാരം കാണുന്നവരും അതിലുള്‍പ്പെടും.
കഴിഞ്ഞ കുറെ കൊല്ലങ്ങളിലെ ചലച്ചിത്രാനുഭവങ്ങളില്‍, മേളകളില്‍ കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ച ഒരുപാട് മിഥുനങ്ങളെ എനിക്കറിയാം. ഈ മേളകളില്ലെങ്കില്‍ അവര്‍ കണ്ടുമുട്ടുകയും പരിചയപ്പെടുകയും പ്രണയിക്കുകയും ചെയ്യുമായിരുന്നില്ലെന്ന് ഞാന്‍ പറയില്ല. അത്തരം ആകസ്മികതകള്‍ നേരത്തേതന്നെ നിര്‍ണയിക്കപ്പെട്ടതാണെന്നും എനിക്ക് പറയാനാവില്ല. എങ്കിലും അതിന്റെ കാവ്യനീതിയില്‍ ഞാന്‍ സന്തോഷിക്കുന്നു. മനുഷ്യവികാരങ്ങള്‍കൊണ്ട് കളിക്കുന്ന സിനിമകള്‍ ഇരുളില്‍ അടുത്തടുത്തിരുന്ന് കണ്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതീയുവാക്കള്‍ തമ്മില്‍ പ്രണയപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് സ്ഥായിയായി മാറാനുള്ള സാധ്യതയും അധികമാണ്. ഉത്സവസ്ഥലത്ത് കണ്ട് പ്രണയിക്കുകയും മോഹിക്കുകയും ചെയ്യുന്നവരെകുറിച്ചുള്ള ഒരുപാട് കഥകള്‍ നമ്മുടെ സാഹിത്യത്തിലുണ്ട്. വളക്കടയില്‍കണ്ട പെണ്ണിന്റെ കരിമിഴിയുടെ തേരോട്ടത്തില്‍ പെട്ടുഴലുന്നതിനെക്കുറിച്ചൊരു സിനിമാപ്പാട്ടുപോലും നമുക്കുണ്ടല്ലോ?
മഹത്തായ ചലച്ചിത്രോത്സവങ്ങളെ ഞാനൊരു 'കല്യാണ ഡോട്ട് കോം' ആക്കിമാറ്റുകയല്ല ചെയ്യുന്നത്. നമ്മുടെ സിനിമകളെ മാറ്റാന്‍ കഴിയുന്നില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ ഇത്തരം ചില സന്തോഷങ്ങള്‍ നിറക്കാന്‍ മേളകള്‍ക്ക് കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നൂവെന്നുമാത്രം.

മഞ്ഞുകാലം നോറ്റ കണ്ണുകള്‍ക്കായി മേള അനുഭവം |വിനു ഏബ്രഹാം

മഞ്ഞുകാലം നോറ്റ കണ്ണുകള്‍ക്കായി

മേള അനുഭവം |വിനു ഏബ്രഹാം
ആ നാളുകളില്‍ കോഴിക്കോട് നഗരത്തില്‍ ഏവരുടെയും ചുണ്ടുകളില്‍ ഒരു പ്രണയമന്ത്രമുണ്ടായിരുന്നു. പസോളിനി... പസോളിനി. രണ്ടായിരാമാണ്ടില്‍ കോഴിക്കോട് നടന്ന അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പസോളിനി (പസലീനി എന്ന് ഇറ്റാലിയന്‍ മൂലം) ഇവിടെ അവതരിച്ച നാളുകളായിരുന്നു അത്.
'അറേബ്യന്‍ നൈറ്റ്‌സും' 'ഡെയ്‌സ് ഓഫ് സോഡോമും' 'കാന്റര്‍ബറി ടെയ്ല്‍സും'പോലുള്ള സിനിമകളിലൂടെ പസോളിനി ഒരേസമയം ഞെട്ടിക്കുന്നതും വശീകരിക്കുന്നതുമായ ഒരു സുനാമി 'തിര' സാന്നിധ്യമായി കോഴിക്കോട് ആഞ്ഞടിച്ചു. ആ സിനിമകളിലെ രതിയുടെയും ഹിംസയുടെയും ബീഭത്സവും വമനേച്ഛപോലും ഉളവാക്കുന്നതുമായ ദൃശ്യങ്ങള്‍ ചലച്ചിത്രമേളയില്‍ ഒരു വന്‍തരംഗമായി. അറുപതുകളുടെ തുടക്കത്തില്‍ ആരാലും തിരിച്ചറിയപ്പെടാത്ത ഒരു യുവചലച്ചിത്രകാരനായി കേരളത്തില്‍വന്നുപോയ പസലീനി തന്റെ മരണത്തിന് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം മലയാളികളുടെ പ്രിയങ്കരനായ ചലച്ചിത്രസ്രഷ്ടാവാകുകയായിരുന്നു.
പക്ഷേ, ആ പസോളിനി തിരത്തള്ളലിലും ഞാന്‍ എന്തുകൊണ്ടോ അതില്‍പെടാതെനിന്നു. അന്ന് ഒറ്റ പസോളിനി സിനിമയും കണ്ടില്ല. പൊതുവെ, ചലച്ചിത്രമേളകളില്‍ റെട്രോസ്‌പെക്റ്റിവുകളും പ്രത്യേക പാക്കേജുകളും ഒഴിവാക്കി ലോകസിനിമയിലെ ഏറ്റവും പുതിയ വിഭവങ്ങള്‍ കാണുക എന്ന എന്റെ ശീലംതന്നെയാവണം ആ ഒഴിവാകലിന് പിന്നിലെന്ന് തോന്നുന്നു.
തുടക്കകാലങ്ങളില്‍ ഐ.എഫ്.എഫ്.കെ വേനല്‍ക്കാല സിനിമാ കനവുകളായിരുന്നു. മാര്‍ച്ച് ഒടുവിലും ഏപ്രില്‍ ആദ്യവുമൊക്കെയായി ചുട്ടുപഴുക്കുന്ന വേനല്‍പ്പകലുകളില്‍ സിനിമാപ്രേമികള്‍ തിയറ്ററുകളില്‍നിന്ന് തിയറ്ററുകളിലേക്ക് വിയര്‍ത്തൊലിച്ച് ഓടി. അതിഥികളായി വന്നിരുന്ന സായിപ്പന്മാരും മദാമ്മമാരും വേനല്‍ച്ചൂടില്‍ അവശരായി.
അങ്ങനെ, മേള ഡിസംബര്‍ കുളിരുള്ള രാവുകളിലേക്കും പകലുകളിലേക്കുമായി ചെന്നെത്താന്‍ ഉന്നതങ്ങളില്‍ കല്‍പനയായി. അതേപോലെതന്നെ, ആദ്യകാലത്ത് എറണാകുളത്തും കോഴിക്കോട്ടും ഒക്കെ യാത്ര ചെയ്തിരുന്ന മേള സ്ഥിരമായി തിരുവനന്തപുരത്തുതന്നെ മതിയെന്നും തീരുമാനമായി. കാന്‍, വെനീസ്, ലൊക്കാര്‍ണോ എന്നൊക്കെ പറയുമ്പോലെ തിരുവനന്തപുരം! പക്ഷേ, ഐ.എഫ്.എഫ്.കെ എന്ന പേരില്‍, തിരുവനന്തപുരം എന്നൊരു സ്ഥലനാമാധിഷ്ഠിതമായ പെരുമ ഈ മേള വിദേശത്ത് കൈവരിച്ചിട്ടുണ്ടോ, ആവോ!
മുന്‍കാലങ്ങളില്‍ ചലച്ചിത്രമേളകള്‍ സിനിമാ സാക്ഷരതയുടെ അവസാന വാക്കായി ഗണിക്കപ്പെട്ടിരുന്നു. മേളക്കൊട്ടകകളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് ബര്‍ഗ്മാന്‍, കുറസോവ, ഫെല്ലിനി എന്നൊക്കെ ഉരുവിടുന്നത് ബഹുകേമം തന്നെയായിരുന്നു.
പക്ഷേ, ഇന്ന് മുപ്പത് വയസ്സിന് താഴെയുള്ള ഏറ്റവും പുതിയ സിനിമാസ്വാദകരുടെ തലമുറക്കുമുന്നില്‍ അതൊരു പരിഹാസ്യമായ സാക്ഷരതയാണ്. നെറ്റും ഡൗണ്‍ലോഡിങ്ങും കരഗതമായ ഇവരുടെ മുന്നില്‍ ചലച്ചിത്ര മേളകളില്‍ കൂടി ഏറ്റവും പുതിയ സിനിമകള്‍ കാണുക എന്നതൊക്കെ ഒട്ടും 'അണ്‍ലോഡ്' ചെയ്യാനാവാത്ത പഴഞ്ചരക്കാണ്. ഏത് ലോകഭാഷയിലുമിറങ്ങുന്ന പുത്തന്‍ സിനിമകള്‍ അപ്പോള്‍തന്നെ നെറ്റിലൂടെ ഇവര്‍ക്ക് മുന്നിലെത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ബീമാപള്ളിയിലെ കാസറ്റ് കടകളില്‍നിന്ന് ഐ.എഫ്.എഫ്.കെക്ക് മുമ്പുതന്നെ ആ വര്‍ഷം വരുന്ന സിനിമകള്‍ ഡി.വി.ഡികളായി ലഭ്യമായി എന്ന അഹങ്കാരംപോലും ഇന്ന് പഴങ്കഥയായി കഴിഞ്ഞു.
ഈ പുതിയ പിള്ളേരുടെ സിനിമാസാക്ഷരതക്ക് മുന്നില്‍, ഇപ്പോഴും ഐ.എഫ്.എഫ്.കെ കൊണ്ട് പുതിയ ലോകസിനിമ ഉള്ളംകൈയിലാക്കാം എന്ന് കരുതുന്ന എന്നെപ്പോലുള്ളവര്‍ തമാശതന്നെ.
'സംതിങ് ഹോട്ട്' തേടി ഇപ്പോഴും ഈ മേളകളില്‍ ആരെങ്കിലും വരുന്നെങ്കില്‍, അവരും കാലംതെറ്റിയ കഥാപാത്രങ്ങളാണ്. മുന്‍കാലങ്ങളില്‍ 'ഇറോട്ടിക് ടെയില്‍സ്' എന്ന പേരില്‍ ഒരു പാക്കേജ് സിനിമ മേളകളില്‍ കാണിച്ചിരുന്നു. ജനസമുദ്രങ്ങള്‍തന്നെ ആ പ്രദര്‍ശനങ്ങള്‍ക്ക് ഇരച്ചാര്‍ത്തെത്തി. ബുദ്ധിജീവി, അബുദ്ധിജീവി, ആണ്‍-പെണ്‍ ഭേദമില്ലാതെ ആ സിനിമകള്‍ മേളകളുടെ സ്വകാര്യമായ ആവേശമായിരുന്നു.
ഓര്‍ക്കുന്നു, ഒരിക്കല്‍ കൈരളി തിയറ്ററിന്റെ പ്രധാന മുന്‍വാതില്‍ ആസ്വാദകരുടെ ആവേശത്തള്ളലില്‍ പൊളിഞ്ഞുവീണു. രംഗനിയന്ത്രണത്തിനുനിന്ന പൊലീസുകാരും മറ്റും പിന്നാക്കം മലച്ചപ്പോള്‍, ഫെസ്റ്റിവെല്‍ ഡയറക്ടറായ ബീനാപോള്‍ കഷ്ടിച്ച് തടി രക്ഷപ്പെടുത്തി.
ആ കാലവും കഴിഞ്ഞു. മൊബൈലിലും നെറ്റിലുമൊക്കെയായി ഇപ്പോള്‍ തത്സമയം ലഭ്യമാകുന്ന രതിയുടെ ഉത്സവക്കാഴ്ചകള്‍ക്ക് മുന്നില്‍, ഐ.എഫ്.എഫ്.കെയിലെ ഇറോട്ടിക് സിനിമകള്‍ ഒരു ചെറുകമ്പനത്തിനുപോലും അപര്യാപ്തം. എങ്കിലും വലിയ സ്‌ക്രീനില്‍, സര്‍ക്കാര്‍ നടത്തിപ്പില്‍ പല വി.ഐ.പികള്‍ക്കും ധാരാളം പെണ്ണുങ്ങള്‍ക്കുമൊപ്പമിരുന്ന് ഏതെങ്കിലും രതിക്കാഴ്ചകള്‍ കാണുന്നതില്‍ ആര്‍ക്കെങ്കിലും സായുജ്യം തോന്നുന്നെങ്കില്‍ കുറ്റംപറയാനുമില്ല. കഴിഞ്ഞവര്‍ഷംതന്നെ, ലാഴ്‌സ് വോണ്‍ ട്രയറുടെ 'ആന്റി ക്രൈസ്റ്റ്' ഈ ഗണത്തില്‍ ഇവിടെ മെഗാഹിറ്റായിരുന്നല്ലോ.
ചൂടന്‍ സിനിമകള്‍ക്കൊപ്പംതന്നെ, ഐ.എഫ്.എഫ്.കെ ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും വലിയ, ചൂടും ചൂരുമുള്ള ആണ്‍-പെണ്‍ കൂടിക്കലരലുകളുടെ വേദിയും ഒരുക്കി. തുടക്കത്തില്‍ ബുദ്ധിജീവിവലയങ്ങളില്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാരായിരുന്നു ഈ കൂടിച്ചേരലുകളുടെ മുഖ്യതാരങ്ങളെങ്കില്‍, പിന്നീട്, മേള ബുദ്ധിജീവി പരിവേഷത്തില്‍നിന്ന് മുക്തമായി ഏറെയും വര്‍ണശബളിതമായ ചെറുപ്പക്കാരുടേതായി മാറിയതുപോലെതന്നെ, ഇപ്പോള്‍ വിദ്യാര്‍ഥി, യുവഗണങ്ങളിലെ ആണ്‍-പെണ്‍ താരങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍.
ഒരാഴ്ചക്കാലം പൊതുസമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍നിന്ന് കുതറി മാറി, തിയറ്ററിന്റെ ഇരുളിലും കൈരളി പടവുകളിലും പരിസരങ്ങളിലെ തീന്‍ശാലകളിലും സ്വതന്ത്രമായ ഒരു ആണ്‍-പെണ്‍ വിനിമയം നടക്കുന്നു. ഇവരില്‍ എത്രപേര്‍ മേള നല്‍കുന്ന ഈ സമ്പര്‍ക്ക സ്വാതന്ത്ര്യത്തിനപ്പുറം മേളകൊണ്ട് ഉദ്ദേശിക്കുന്ന ഉന്നതമായ ചലച്ചിത്ര സംസ്‌കൃതി സ്വായത്തമാക്കുന്നു എന്നത് തര്‍ക്ക വിഷയമാണെങ്കിലും, സദാചാര പൊലീസിനെക്കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടുന്ന കേരള സമൂഹത്തില്‍ ഐ.എഫ്.എഫ്.കെ ചില വാതിലുകളെങ്കിലും തുറന്നിട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍, ഒരു പെണ്‍കൂട്ടില്ലാതെ മേളക്ക് പോവുക എന്നത് എന്തോ കഴിവുകേടാണെന്ന ധാരണയും കുറെ പേരിലെങ്കിലും സൃഷ്ടിക്കാന്‍ മേള നിമിത്തമായിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ''ആവശ്യമുണ്ട് ഒരു വനിതാ സുഹൃത്തിനെ, ചലച്ചിത്രമേളയില്‍ ഒപ്പമിരുന്ന് സിനിമകള്‍ കാണാനും കൂടെ നടക്കാനും'' എന്ന ഒരു പരസ്യം മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ ക്ലാസിഫൈഡായി വന്നു എന്നുപറയുമ്പോള്‍, ഇത്തരമൊരു അവബോധം മേളസംസ്‌കാരത്തില്‍ എത്ര ശക്തമായി എന്ന് കാണാവുന്നതാണ്. ഈ പരസ്യത്തിന് തക്ക മറുപടികള്‍ വന്നോ, ഉദ്ദിഷ്ട കാര്യം സാധിച്ചോ എന്ന് അറിഞ്ഞുകൂടാ. പക്ഷേ, പലരുടെയും മനസ്സിലൂടെ കടന്നുപോയ ഒരാശയത്തിന്റെ പ്രകാശനംതന്നെയായിരുന്നു അത്.
അതേസമയം, ഒരു സ്ഥിരം കുറ്റിക്ക് പകരം, ഒറ്റയാനായി നടന്ന് മേളയിലെ 'നിറക്കാഴ്ചകള്‍' തെല്ലകലം പാലിച്ചാണെങ്കിലും സമൃദ്ധമായി കണ്‍കുളിരെ ആസ്വദിക്കാം എന്ന പക്ഷക്കാരുമുണ്ട്.
മേളസന്ധ്യകള്‍ മാക്ട, ഫിലിം അക്കാദമി, കെ.എസ്.എഫ്.ഡി.സി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ആതിഥ്യമരുളുന്ന നക്ഷത്രഹോട്ടല്‍ പാര്‍ട്ടികളാല്‍ സമൃദ്ധമാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം, പ്രവര്‍ത്തകരാകാന്‍ മോഹിക്കുന്നവരും ഒന്നുമല്ലാത്തവരുമൊക്കെ ഈ പാര്‍ട്ടികളില്‍ കടന്നുവരും. മുന്‍കാലങ്ങളില്‍ മദ്യം ഇവിടെ യഥേഷ്ടം ഒഴുകിയിരുന്നെങ്കില്‍, ഇപ്പോള്‍ ഒരാള്‍ക്ക് ഇത്ര കൂപ്പണ്‍ എന്ന കണക്കില്‍ മദ്യപെഗുകള്‍ വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന മാറ്റമുണ്ട്. ഇതുകൊണ്ടുതന്നെ, അടുത്തിടെയായി അടിച്ച് ഫിറ്റായശേഷമുള്ള സംഘട്ടനങ്ങള്‍ ഈ പാര്‍ട്ടികളില്‍ തീരെ നടക്കാറില്ല. ഇങ്ങനെ ചില സംഘട്ടന സാധ്യതകള്‍ ഇല്ലാതാകുന്നു എന്നതുകൊണ്ടുതന്നെയാവണം, മുന്‍കാലങ്ങളില്‍ മേള പാര്‍ട്ടികളില്‍ വളരെ ഔത്സുക്യം കാണിച്ചിരുന്ന ബുദ്ധിജീവി സിനിമക്കാരും സിനിമോപജീവികളും ഇപ്പോള്‍ അത്രകണ്ട് താല്‍പര്യം കാണിക്കുന്നില്ല.
മേള പാര്‍ട്ടികളില്‍വെച്ച് സംഭവിച്ച സംഘട്ടനങ്ങളില്‍ ഏറ്റവും സ്മരണീയമായത് എറണാകുളത്ത് നടന്ന മേളയിലെ ഒരു പാര്‍ട്ടിയാണ്. ആ മേള ദ വീക്കിനുവേണ്ടി കവര്‍ ചെയ്യാനായി ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍, 'അമ്മ അറിയാനി'ലെ നായകനും പ്രമുഖ നാടകകലാകാരനുമായ ജോയ് മാത്യുവും താമസിക്കുന്നുണ്ട്. വൈകി രാത്രിയിലുള്ള ഒരു പ്രദര്‍ശനവും കഴിഞ്ഞ് ഞാന്‍ മുറിയില്‍ വന്ന് കിടന്ന് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. വാതില്‍ മണിനാദം ഉയര്‍ന്നു. വാതില്‍ തുറന്നപ്പോള്‍ ജോയ് മുന്നില്‍, ഒപ്പം അതേ ഹോട്ടലില്‍ മേള കാണാനായി വന്ന് താമസിക്കുന്ന ബിസിനസുകാരനായ ബാബുക്ക (ട്രോട്‌സ്‌കിയിസ്റ്റ് എം. റഷീദിന്റെ മകന്‍), പഴയ യൂത്ത് കോണ്‍ഗ്രസ് കിടിലമായിരുന്ന, പിന്നീട് കര്‍ഷകനായ പി.ടി. ജോണ്‍ എന്നിവരും. ഏവരും വളരെ അവശനിലയില്‍ കാണപ്പെട്ടു.
ജോയിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നാളും പാര്‍ട്ടിക്ക് പോയതായിരുന്നു. അവിടെവെച്ച് ഒ.കെ. ജോണി കമേഴ്‌സ്യല്‍ സിനിമക്കാരെക്കുറിച്ച് എന്തോ കമന്റ് പറഞ്ഞതുകേട്ട് തമ്പി കണ്ണന്താനം, രണ്‍ജി പണിക്കര്‍ എന്നിവരടങ്ങുന്ന കമേഴ്‌സ്യല്‍ സിനിമക്കാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് അതൊരു കമേഴ്‌സ്യല്‍-ആര്‍ട് സംഘര്‍ഷത്തിലേക്ക് നീങ്ങി. കസേരകളും മേശകളും തകിടം മറിഞ്ഞ, പ്ലെയ്റ്റുകളും ഗ്ലാസുകളും തകര്‍ന്ന ഒരു സംഘട്ടനം.
എന്നാല്‍, ഈ സംഘട്ടനത്തില്‍ കാര്യമായ ക്ഷതംപറ്റിയത് ആര്‍ട്ടോ കമേഴ്‌സ്യലോ ഒന്നുമല്ലാത്ത ബാബുക്കക്കും പി.ടി. ജോണിനുമാണ്. തീര്‍ത്തും കാണികള്‍ മാത്രമായിനിന്ന ഇവര്‍ സംഘര്‍ഷത്തിനിടയില്‍ പെട്ടുപോയി. ബാബുക്കക്ക് മൊബൈല്‍ഫോണും (മൊബൈല്‍ ഇവിടെ വന്ന് തുടങ്ങിയ കാലം) പേഴ്‌സും നഷ്ടപ്പെട്ടു. ജോണിന്റെ കാലില്‍ ഒരു നേര്‍ത്ത എല്ലുപൊട്ടല്‍.
അടുത്ത ദിവസം ഈ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ രണ്‍ജിയുമായി സംസാരിച്ചപ്പോള്‍ പുള്ളി ഇങ്ങനെ പറഞ്ഞു: ''ആരായാലും കോണ്‍സ്റ്റിറ്റുവന്‍സി വിട്ട് കളിച്ചാല്‍ പ്രശ്‌നമാകും.'' കോഴിക്കോടന്മാര്‍ എറണാകുളത്ത് കളംപിടിക്കാന്‍ നോക്കിയാല്‍ പ്രശ്‌നമെന്ന് വ്യംഗ്യം. കമേഴ്‌സ്യല്‍ സിനിമക്കാരുടെ അടിയില്‍ ഒട്ടും വ്യാജമില്ല എന്ന് ബാബുക്ക മുറിയില്‍ ഞങ്ങളുടെ ഒത്തുകൂടലില്‍വെച്ച് പറഞ്ഞു.
എന്നാല്‍, ജോണിന്റെ കാര്യമായിരുന്നു കഷ്ടം. ജോയിയുടെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം മേളക്ക് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അങ്ങേര്‍. അതും ജീവിതത്തിലാദ്യമായി. അതിന് ജോയിക്ക് സ്വതഃസിദ്ധമായ കമന്റുമുണ്ടായിരുന്നു. ''വിശ്വസിനിമയുടെ തിരുമുറ്റത്തേക്ക് ഇതാദ്യമായി കാലെടുത്തുവെച്ച പി.ടി. ജോണിതാ കാലൊടിഞ്ഞ് കട്ടിലില്‍.'' എന്തായാലും തുടര്‍ന്നുള്ള നാളുകളില്‍ ജോയിക്കും ബാബുക്കക്കും ജോണിനും തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന മാങ്ങാട് രത്‌നാകരനും എത്രവട്ടം വേണമെങ്കിലും മടുക്കാതെ പറഞ്ഞ് ചിരിക്കാനുള്ള ഒരു വകയായിരുന്നു ആ പാര്‍ട്ടി പുരാണം.
(ഇനി വരാനിരിക്കുന്ന ഒരു മേളയില്‍നിന്ന്)
അവനും അവളും തിരുവനന്തപുരത്തെ കൈരളി തിയറ്ററിന്റെ പടവുകളിലിരിക്കുകയായിരുന്നു. ഒരന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവം കൂടി കഴിഞ്ഞതിന്റെ പിറ്റന്നാള്‍ വൈകുന്നേരം. അവന്‍ രാത്രി വണ്ടിക്ക് കാഞ്ഞങ്ങാട്ടേക്കും അവള്‍ മഞ്ചേരിക്കും പോകുന്നതിനുമുമ്പായി കഴിഞ്ഞ എട്ടു ദിവസങ്ങളായി മരുവിയിരുന്ന അന്തരീക്ഷം ഒരു വട്ടംകൂടി അനുഭവിക്കാനായി മാത്രം ചായക്കപ്പുകളുമായി കൈരളിയുടെ പടവുകളില്‍ ഒത്തുകൂടിയതായിരുന്നു അവര്‍. അവര്‍ക്കുപിന്നില്‍ കൈരളിയുടെ സ്ഫടിക ഭിത്തികളില്‍ നിരവധി അന്താരാഷ്ട്ര സിനിമകളുടെ പരസ്യലേഖകള്‍ കാറ്റില്‍ പാറിക്കളിച്ചു.
''കാഴ്ചയുടെ ഭീകരമായ ധൂര്‍ത്താണ് ഫിലിം ഫെസ്റ്റിവെലുകള്‍. ഓരോ വര്‍ഷവും ആ ധൂര്‍ത്തില്‍ പങ്കാളിയായി ഞാന്‍ വല്ലാത്ത കുറ്റബോധം അനുഭവിക്കുന്നുണ്ട്'', അവന്‍ പറഞ്ഞു.
'' എന്തിന്റെ കുറ്റബോധം?''അവന്‍ ചോദിച്ചു.
''ഇത്രയേറെ ഗംഭീരസിനിമകള്‍ കണ്ടിട്ടും ഒരു ഷോട്ട്ഫിലിമിന്റെപോലും തിരക്കഥ എഴുതാത്തതില്‍, ഒരു ഷോട്ട്ഫിലിംപോലും സംവിധാനം ചെയ്യാന്‍ ശ്രമിക്കാത്തതില്‍'', അവന്‍ ഒന്ന് കാറിത്തുപ്പി.
''നിന്‍േറത് ഒരു കാണിയുടെ ജന്മമാണെന്ന് കരുതിയാല്‍ കഴിഞ്ഞില്ലേ. എന്നിട്ട് ചാരിക്കിടന്ന് പടങ്ങള്‍ കണ്ടാല്‍ പോരേ!''
''ആ ചിന്തയിലേക്കെത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ഞാനും ഒരു സിനിമ ചെയ്യും, ചെയ്യാതിരിക്കില്ല എന്ന തോന്നല്‍ ഓരോ ഫെസ്റ്റിവെല്‍ കഴിയുമ്പോഴും മനസ്സിലുറയ്ക്കുന്നു. പക്ഷേ, വീണ്ടും അടുത്ത ഫെസ്റ്റിവെലില്‍ കാണിയായിത്തന്നെ തിരിച്ചുവരുന്നു.''
അവന്‍ ഇത്രയും പറഞ്ഞതും, അവള്‍ വായ മലര്‍ക്കെ തുറന്ന് ആ... അയ്യോ എന്ന് നീട്ടിവിളിച്ചു.
''എന്താ'', അവന്‍ അമ്പരപ്പോടെ ചോദിച്ചു.
''ആരോ എന്റെ കൈത്തണ്ടയില്‍ മുറുക്കെ പിടിക്കുന്നതുപോലെ. മെലിഞ്ഞ കൈകൊണ്ട് അപാരമായ എല്ലുറപ്പുള്ള പിടിത്തം'', അവള്‍ കിതച്ചു.
അവന്‍ പൊട്ടിച്ചിരിച്ചു. ''ഇത് കേട്ടിട്ട് അയ്യപ്പേട്ടന്റെ ഒരു സ്‌റ്റൈലുണ്ടല്ലോ.''
''കളിയല്ലടാ, ദാ അയ്യോ പിന്നേം മുറുക്കനെ പിടിക്കുന്നു'', അവള്‍ തന്റെ വലത് കൈ ശക്തിയായി കുടഞ്ഞു.
അപ്പോള്‍ അവരിരുവരും ആ ശബ്ദം കേട്ടു. ''പേടിക്കണ്ടടാ മക്കളേ, ഇത് ഞാന്‍ തന്നെയാ, അയ്യപ്പന്‍.''
പക്ഷേ, അവര്‍ക്ക് ചുറ്റിനും ആരുമില്ലായിരുന്നു. അശരീരി മാത്രമായ അയ്യപ്പന്‍.
''അതിന്... അതിന്...'', അവര്‍ക്ക് വാക്കുകള്‍ വിക്കി. കഴിഞ്ഞദിവസങ്ങളില്‍ ഇതേ പടവുകളിലിരുന്ന് പല പെണ്ണുങ്ങളും പഴയ മേളകളില്‍വെച്ച് അയ്യപ്പണ്ണന്‍ തങ്ങളുടെ കൈത്തണ്ടകളില്‍ ബലപ്പിച്ച് പിടിക്കുന്നതൊക്കെ പറഞ്ഞ് ചിരിച്ചത് അവര്‍ ഓര്‍ത്തു.
അയ്യപ്പന്റെ അശരീരി വീണ്ടും കേട്ടു:
''മക്കളേ, നിങ്ങളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, നിങ്ങള്‍ രണ്ടാളും ഇനി വരും കാലത്ത് വളരെ പ്രശസ്തമാകുന്ന 'കൈരളി പടവുകള്‍' എന്ന സിനിമയിലെ കഥാപാത്രങ്ങളാകും. 'ബാറ്റില്‍ഷിപ്പ് പൊട്ടംകീനിലെ' ഒഡേസാ പടവുകള്‍പോലെ 'കൈരളി പടവുകളും' ലോകസിനിമയിലെത്തുകയാണ്. ഇത്രയും പറഞ്ഞതും ചെറുപ്പക്കാരന് തന്റെ തോളില്‍ ഒരു സ്‌പര്‍ശം അനുഭവപ്പെട്ടു: ''കുഞ്ഞേ, ഇതോടെ നീ വെറും കാണി മാത്രമാണെന്ന നിന്റെ കുറ്റബോധവും ഇല്ലാതാകും.'' ആ സ്‌പര്‍ശം അല്‍പംകൂടെ അമര്‍ന്നതായി അവന് തോന്നി.
അന്ന് രാത്രിയില്‍, കൈരളി തിയറ്ററിനകം അതേവരെ കണ്ടിട്ടില്ലാത്ത അയ്യപ്പന്‍ തനിയെ ആ കൊട്ടകയിലെ തിരശ്ശീലയില്‍ 'കൈരളി പടവുകള്‍' എന്ന സിനിമ കണ്ട് തുടങ്ങി. കൈരളി പടവുകളില്‍ ഒരു ഫിലിം ഫെസ്റ്റിവെല്‍കാലത്ത് ചുരുള്‍നിവരുന്ന പ്രണയത്തിന്റെയും കലാപത്തിന്റെയും തികച്ചും പാരഡികള്‍ മാത്രമാകുന്ന സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു ആ സിനിമ. ഇടക്കിടെ ഒഡേസാ പടവുകളില്‍നിന്നുള്ള ദൃശ്യങ്ങളും കടന്നുവന്നു. അയ്യപ്പന്റെ അശരീരിയെ അനുഭവിച്ച ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നു.
സിനിമ ഒരു ഘട്ടമെത്തിയപ്പോള്‍, അതാ അയ്യപ്പന്‍ കൈരളി പടവുകളില്‍നിന്നുകൊണ്ട് തന്റെ കവിത ചൊല്ലുന്ന ദൃശ്യം വരുന്നു.
''കൂ... നിര്‍ത്തടാ'', അയ്യപ്പന്‍ ഉച്ചത്തില്‍ കൂക്കി. ഇതേസമയംതന്നെ, അവനും അവളും തങ്ങളുടെ തീവണ്ടിക്കിടക്കകളിന്മേല്‍ ഉറങ്ങവെ, ഏതോ വിചിത്ര സ്വപ്‌നംകണ്ടശേഷം ഉറക്കം വിട്ടുണര്‍ന്നു. പക്ഷേ, ആ സ്വപ്‌നങ്ങളെന്തെന്ന് രണ്ടാള്‍ക്കും ഓര്‍ക്കാനേ കഴിഞ്ഞില്ല.
ഐ.എഫ്.എഫ്.കെയിലെന്നതുപോലെ, ലോകത്ത് മറ്റേതെങ്കിലും ചലച്ചിത്രമേളയില്‍ സിഗ്‌നേചര്‍ ചിത്രങ്ങള്‍ക്ക് ഇത്ര സജീവമായ ആസ്വാദക പ്രതികരണം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഓരോ വര്‍ഷവും നല്ല ലോകസിനിമകളെ കാത്തിരിക്കുന്നതുപോലെ ഞാന്‍ സിഗ്‌നേചര്‍ ചിത്രത്തെയും അതിന് ലഭിക്കുന്ന പ്രതികരണത്തെയും ആകാംക്ഷയോടെ നോക്കുന്നു. മേളയില്‍ എത്ര ദിവസങ്ങള്‍, എത്ര പ്രദര്‍ശനങ്ങള്‍ കഴിഞ്ഞാലും കാണികള്‍ തങ്ങള്‍ക്ക് സിഗ്‌നേചര്‍ ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ വാശിയോടെ കൂവുന്നു. അതേപോലെതന്നെ ഇഷ്ടപ്പെട്ടവര്‍ കൈയടിക്കുന്നു. വിപിന്‍ വിജയ് ഒരുക്കിയ അത്യന്തം പരീക്ഷണാത്മകമായ സിഗ്‌നേചര്‍ സിനിമക്ക് ഈ രണ്ട് ഗണങ്ങളില്‍നിന്നും ലഭിച്ച പ്രതികരണങ്ങള്‍ മികച്ച ശ്രാവ്യാനുഭവമായിരുന്നു.
മേളയില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി നടപ്പുകള്‍ തീരെ കുറവാണ്, മുന്‍കാലങ്ങളില്‍ സിനിമ അല്‍പമെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ ധാരാളം കാണികള്‍ കൂട്ടത്തോടെ കൊട്ടക വിട്ടിറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാല്‍, പ്രവേശന ഫീസും ഓണ്‍ലൈന്‍ സംവിധാനത്തില്‍, മേള പുസ്തകത്തിലെ കഥാസാരവും ഒക്കെ വായിച്ച്, ഇഷ്ടസിനിമയുടെ തെരഞ്ഞെടുപ്പുമൊക്കെ നടത്തി സീറ്റുകള്‍ ഉറപ്പാക്കി കയറുന്ന ഇന്നത്തെ പ്രേക്ഷകര്‍ അത്തരമൊരു ഇറങ്ങിനടപ്പിന് തയാറല്ല. എങ്ങനെയെങ്കിലും സിനിമകണ്ട് തീര്‍ത്തേ അവര്‍ കൊട്ടക വിടൂ. പിന്നെ, ഒരിടത്ത് അടങ്ങിയിരിക്കുന്നതില്‍ വളരെ വൈഷമ്യമുള്ള ബുദ്ധിജീവികളുടെ വംശം വല്ലാതെ നേര്‍ത്തിരിക്കുന്നുവെന്നതും ഇതിന് ഒരു കാരണമാകാം.
ഐ.എഫ്.എഫ്.കെയിലെ ഓപണ്‍ ഫോറങ്ങള്‍ മുന്‍കാലങ്ങളില്‍ ഇവിടത്തെ പ്രേക്ഷകസമൂഹത്തിന്റെ ഉന്നതമായ സിനിമാ സാക്ഷരതയുടെയും ബൗദ്ധിക ഗരിമയുടെയും അടയാളങ്ങളായിരുന്നു. മുന്തിയ വിദേശ സംവിധായകരും മറുനാടന്‍ ചലച്ചിത്ര പ്രവര്‍ത്തകരുമൊക്കെ ഓപണ്‍ഫോറങ്ങളിലെ ചോദ്യങ്ങളുടെയും ചര്‍ച്ചകളുടെയുമൊക്കെ നിലവാരംകണ്ട് അമ്പരന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഓപണ്‍ ഫോറങ്ങള്‍ എന്നാല്‍ 'വളിപ്പ്' എന്ന ഗണത്തില്‍ മാത്രം ഉള്‍പ്പെടുത്താവുന്ന ഒന്നായിട്ടുണ്ട്. നിലാവത്ത് അഴിച്ചുവിട്ട കോഴികള്‍പോലെ എവിടെനിന്നോ ചില ആള്‍ക്കാര്‍ ഓപണ്‍ ഫോറത്തിലേക്കെത്തുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ പ്രബന്ധാവതരണംപോലെ എഴുന്നേറ്റുനിന്ന് ഒരു പ്രസ്താവന. വേദിയിലെ ഏതോ ചലച്ചിത്രകാരനോടുള്ള ചോദ്യമെന്നാണ് വെപ്പ്.
പക്ഷേ, ഇതുവരെ പറഞ്ഞതെന്താണെന്ന് ആ ചോദ്യം(?) ഉന്നയിച്ച ആള്‍ക്കോ കേട്ടിരിക്കുന്നവര്‍ക്കോ തരിമ്പും മനസ്സിലാവുകയില്ല. ഇതോടെ മോഡറേറ്റര്‍ ഒരിക്കല്‍കൂടി ചോദ്യം പ്രസ്താവിക്കണമെന്ന് പറയുന്നു. ഇവിടെ കാര്യം ചക്കപോലെ കുഴയുന്നു. എല്ലാം അനന്തം അജ്ഞാതം എന്ന മട്ടാകുന്നു.
മേളകളില്‍ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരുണ്ട്. ഓരോ മേളയും അവര്‍ക്ക് നിരാശകള്‍ മാത്രമേ സമ്മാനിക്കുന്നുള്ളൂ. പുതിയ ലോകസിനിമാ വിഭാഗത്തില്‍ എത്ര സിനിമകള്‍ കണ്ടാലും ഓ, എല്ലാം വെയ്‌സ്റ്റ് എന്ന മട്ടാണവര്‍ക്ക്. ബെര്‍ഗ്മാനിലും തര്‍ക്കോവ്‌സ്‌കിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത ഇവരുടെ മുന്നില്‍, ഹാ പുതിയകാല ലോക സിനിമാ പ്രതിഭകളെ, നിങ്ങള്‍ വെറും പുല്ലാണ്. നിങ്ങള്‍ കാനിലും വെനീസിലുമൊക്കെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, കൊച്ച് കേരളത്തിലുള്ള ഈ സിനിമാസ്വാദകര്‍ക്ക് മുന്നില്‍ നിങ്ങള്‍ ഒന്നുമല്ല.
ഇക്കൂട്ടര്‍ക്ക് മലയാളത്തിലാകട്ടെ, ജോണ്‍ എബ്രഹാം മാത്രമേയുള്ളൂ ഒരേയൊരു മൗലിക പ്രതിഭ. അരവിന്ദനെ കഷ്ടി സഹിക്കാം. അടൂരൊന്നും ഹേ, സിനിമാക്കാരനേ അല്ല. എന്നാല്‍, ഭാഗ്യവശാല്‍, ഈ വംശവും ഓരോ വര്‍ഷം ചെല്ലുന്തോറും ക്ഷയിച്ചുവരുകയാണ്.
മലയാളത്തില്‍ നല്ല സിനിമകള്‍ക്കായി ദാഹിക്കുന്ന ഒരു പ്രേക്ഷകസമൂഹമുണ്ട്. പക്ഷേ, ഇവര്‍ ആ 'നല്ല സിനിമകള്‍' തിയറ്ററുകളില്‍ റിലീസായി വരുമ്പോള്‍ കാണാറില്ല. ആ കാഴ്ചയെല്ലാം ഐ.എഫ്.എഫ്.കെയിലെ മലയാള സിനിമ ഇന്ന്, പനോരമ വിഭാഗങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഈ നല്ല സിനിമാസ്വാദകര്‍ നാല് കാശ് മുടക്കി ടിക്കറ്റെടുത്ത് ആ സിനിമകള്‍ തിയറ്ററുകളില്‍ റിലീസാകുന്ന കാലത്തുതന്നെ കണ്ടിരുന്നെങ്കില്‍, 'ഹോള്‍ഡ് ഓവര്‍' എങ്കിലുമാകാതെ നല്ല സിനിമകള്‍ രക്ഷപ്പെട്ടേനെ. നല്ല സിനിമകള്‍ എടുക്കുന്ന നിര്‍മാതാക്കള്‍ക്കും പ്രോത്സാഹനമായേനെ. പക്ഷേ, മേളയില്‍വെച്ച് മാത്രമേ നല്ല സിനിമകള്‍ കാണൂ എന്ന വാശിക്കുമുന്നില്‍ എന്തുചെയ്യാന്‍!
പഴയ സിനിമാസാക്ഷരത മാത്രമുള്ള എന്നെപോലുള്ളവര്‍ക്ക് ഐ.എഫ്.എഫ്.കെയുടെ എട്ട് നാളുകള്‍ വിശുദ്ധമായ ഹജ്ജ് കാലമാണ്, മണ്ഡലകാലമാണ്, നോയ്മ്പ് നാളുകളാണ്. കണ്ണുകളുടെ പഴക്കം മുന്നേയുള്ള നാളൊന്നിന് അഞ്ച് സിനിമ കാണുക എന്ന വ്രതതീവ്രതയെ കുറച്ചിട്ടുണ്ട്. മൂന്ന്, ഏറിയാല്‍ നാല് എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഒറ്റയടിക്ക് അഞ്ച് സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ മനസ്സിന്റെ തിരശ്ശീലയില്‍ രൂപപ്പെടുന്ന സിനിമാ ചുഴിയെക്കാള്‍, ഇതാണ് നല്ലത്.
മഞ്ഞുകാലം നോറ്റ് വ്രത വിശുദ്ധിയോടെയുള്ള എട്ട് ദിനരാത്രങ്ങള്‍ ജീവിതത്തില്‍ എന്നെന്നും എല്ലാ നല്ല സിനിമാഭ്രാന്തര്‍ക്കും ആശംസിക്കുന്നു.