മഞ്ഞുകാലം നോറ്റ കണ്ണുകള്‍ക്കായി
'അറേബ്യന്‍ നൈറ്റ്‌സും' 'ഡെയ്‌സ് ഓഫ് സോഡോമും' 'കാന്റര്‍ബറി ടെയ്ല്‍സും'പോലുള്ള സിനിമകളിലൂടെ പസോളിനി ഒരേസമയം ഞെട്ടിക്കുന്നതും വശീകരിക്കുന്നതുമായ ഒരു സുനാമി 'തിര' സാന്നിധ്യമായി കോഴിക്കോട് ആഞ്ഞടിച്ചു. ആ സിനിമകളിലെ രതിയുടെയും ഹിംസയുടെയും ബീഭത്സവും വമനേച്ഛപോലും ഉളവാക്കുന്നതുമായ ദൃശ്യങ്ങള്‍ ചലച്ചിത്രമേളയില്‍ ഒരു വന്‍തരംഗമായി. അറുപതുകളുടെ തുടക്കത്തില്‍ ആരാലും തിരിച്ചറിയപ്പെടാത്ത ഒരു യുവചലച്ചിത്രകാരനായി കേരളത്തില്‍വന്നുപോയ പസലീനി തന്റെ മരണത്തിന് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം മലയാളികളുടെ പ്രിയങ്കരനായ ചലച്ചിത്രസ്രഷ്ടാവാകുകയായിരുന്നു.
പക്ഷേ, ആ പസോളിനി തിരത്തള്ളലിലും ഞാന്‍ എന്തുകൊണ്ടോ അതില്‍പെടാതെനിന്നു. അന്ന് ഒറ്റ പസോളിനി സിനിമയും കണ്ടില്ല. പൊതുവെ, ചലച്ചിത്രമേളകളില്‍ റെട്രോസ്‌പെക്റ്റിവുകളും പ്രത്യേക പാക്കേജുകളും ഒഴിവാക്കി ലോകസിനിമയിലെ ഏറ്റവും പുതിയ വിഭവങ്ങള്‍ കാണുക എന്ന എന്റെ ശീലംതന്നെയാവണം ആ ഒഴിവാകലിന് പിന്നിലെന്ന് തോന്നുന്നു.
തുടക്കകാലങ്ങളില്‍ ഐ.എഫ്.എഫ്.കെ വേനല്‍ക്കാല സിനിമാ കനവുകളായിരുന്നു. മാര്‍ച്ച് ഒടുവിലും ഏപ്രില്‍ ആദ്യവുമൊക്കെയായി ചുട്ടുപഴുക്കുന്ന വേനല്‍പ്പകലുകളില്‍ സിനിമാപ്രേമികള്‍ തിയറ്ററുകളില്‍നിന്ന് തിയറ്ററുകളിലേക്ക് വിയര്‍ത്തൊലിച്ച് ഓടി. അതിഥികളായി വന്നിരുന്ന സായിപ്പന്മാരും മദാമ്മമാരും വേനല്‍ച്ചൂടില്‍ അവശരായി.
അങ്ങനെ, മേള ഡിസംബര്‍ കുളിരുള്ള രാവുകളിലേക്കും പകലുകളിലേക്കുമായി ചെന്നെത്താന്‍ ഉന്നതങ്ങളില്‍ കല്‍പനയായി. അതേപോലെതന്നെ, ആദ്യകാലത്ത് എറണാകുളത്തും കോഴിക്കോട്ടും ഒക്കെ യാത്ര ചെയ്തിരുന്ന മേള സ്ഥിരമായി തിരുവനന്തപുരത്തുതന്നെ മതിയെന്നും തീരുമാനമായി. കാന്‍, വെനീസ്, ലൊക്കാര്‍ണോ എന്നൊക്കെ പറയുമ്പോലെ തിരുവനന്തപുരം! പക്ഷേ, ഐ.എഫ്.എഫ്.കെ എന്ന പേരില്‍, തിരുവനന്തപുരം എന്നൊരു സ്ഥലനാമാധിഷ്ഠിതമായ പെരുമ ഈ മേള വിദേശത്ത് കൈവരിച്ചിട്ടുണ്ടോ, ആവോ!
മുന്‍കാലങ്ങളില്‍ ചലച്ചിത്രമേളകള്‍ സിനിമാ സാക്ഷരതയുടെ അവസാന വാക്കായി ഗണിക്കപ്പെട്ടിരുന്നു. മേളക്കൊട്ടകകളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് ബര്‍ഗ്മാന്‍, കുറസോവ, ഫെല്ലിനി എന്നൊക്കെ ഉരുവിടുന്നത് ബഹുകേമം തന്നെയായിരുന്നു.
പക്ഷേ, ഇന്ന് മുപ്പത് വയസ്സിന് താഴെയുള്ള ഏറ്റവും പുതിയ സിനിമാസ്വാദകരുടെ തലമുറക്കുമുന്നില്‍ അതൊരു പരിഹാസ്യമായ സാക്ഷരതയാണ്. നെറ്റും ഡൗണ്‍ലോഡിങ്ങും കരഗതമായ ഇവരുടെ മുന്നില്‍ ചലച്ചിത്ര മേളകളില്‍ കൂടി ഏറ്റവും പുതിയ സിനിമകള്‍ കാണുക എന്നതൊക്കെ ഒട്ടും 'അണ്‍ലോഡ്' ചെയ്യാനാവാത്ത പഴഞ്ചരക്കാണ്. ഏത് ലോകഭാഷയിലുമിറങ്ങുന്ന പുത്തന്‍ സിനിമകള്‍ അപ്പോള്‍തന്നെ നെറ്റിലൂടെ ഇവര്‍ക്ക് മുന്നിലെത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ബീമാപള്ളിയിലെ കാസറ്റ് കടകളില്‍നിന്ന് ഐ.എഫ്.എഫ്.കെക്ക് മുമ്പുതന്നെ ആ വര്‍ഷം വരുന്ന സിനിമകള്‍ ഡി.വി.ഡികളായി ലഭ്യമായി എന്ന അഹങ്കാരംപോലും ഇന്ന് പഴങ്കഥയായി കഴിഞ്ഞു.
ഈ പുതിയ പിള്ളേരുടെ സിനിമാസാക്ഷരതക്ക് മുന്നില്‍, ഇപ്പോഴും ഐ.എഫ്.എഫ്.കെ കൊണ്ട് പുതിയ ലോകസിനിമ ഉള്ളംകൈയിലാക്കാം എന്ന് കരുതുന്ന എന്നെപ്പോലുള്ളവര്‍ തമാശതന്നെ.
'സംതിങ് ഹോട്ട്' തേടി ഇപ്പോഴും ഈ മേളകളില്‍ ആരെങ്കിലും വരുന്നെങ്കില്‍, അവരും കാലംതെറ്റിയ കഥാപാത്രങ്ങളാണ്. മുന്‍കാലങ്ങളില്‍ 'ഇറോട്ടിക് ടെയില്‍സ്' എന്ന പേരില്‍ ഒരു പാക്കേജ് സിനിമ മേളകളില്‍ കാണിച്ചിരുന്നു. ജനസമുദ്രങ്ങള്‍തന്നെ ആ പ്രദര്‍ശനങ്ങള്‍ക്ക് ഇരച്ചാര്‍ത്തെത്തി. ബുദ്ധിജീവി, അബുദ്ധിജീവി, ആണ്‍-പെണ്‍ ഭേദമില്ലാതെ ആ സിനിമകള്‍ മേളകളുടെ സ്വകാര്യമായ ആവേശമായിരുന്നു.
ഓര്‍ക്കുന്നു, ഒരിക്കല്‍ കൈരളി തിയറ്ററിന്റെ പ്രധാന മുന്‍വാതില്‍ ആസ്വാദകരുടെ ആവേശത്തള്ളലില്‍ പൊളിഞ്ഞുവീണു. രംഗനിയന്ത്രണത്തിനുനിന്ന പൊലീസുകാരും മറ്റും പിന്നാക്കം മലച്ചപ്പോള്‍, ഫെസ്റ്റിവെല്‍ ഡയറക്ടറായ ബീനാപോള്‍ കഷ്ടിച്ച് തടി രക്ഷപ്പെടുത്തി.
ആ കാലവും കഴിഞ്ഞു. മൊബൈലിലും നെറ്റിലുമൊക്കെയായി ഇപ്പോള്‍ തത്സമയം ലഭ്യമാകുന്ന രതിയുടെ ഉത്സവക്കാഴ്ചകള്‍ക്ക് മുന്നില്‍, ഐ.എഫ്.എഫ്.കെയിലെ ഇറോട്ടിക് സിനിമകള്‍ ഒരു ചെറുകമ്പനത്തിനുപോലും അപര്യാപ്തം. എങ്കിലും വലിയ സ്‌ക്രീനില്‍, സര്‍ക്കാര്‍ നടത്തിപ്പില്‍ പല വി.ഐ.പികള്‍ക്കും ധാരാളം പെണ്ണുങ്ങള്‍ക്കുമൊപ്പമിരുന്ന് ഏതെങ്കിലും രതിക്കാഴ്ചകള്‍ കാണുന്നതില്‍ ആര്‍ക്കെങ്കിലും സായുജ്യം തോന്നുന്നെങ്കില്‍ കുറ്റംപറയാനുമില്ല. കഴിഞ്ഞവര്‍ഷംതന്നെ, ലാഴ്‌സ് വോണ്‍ ട്രയറുടെ 'ആന്റി ക്രൈസ്റ്റ്' ഈ ഗണത്തില്‍ ഇവിടെ മെഗാഹിറ്റായിരുന്നല്ലോ.
ചൂടന്‍ സിനിമകള്‍ക്കൊപ്പംതന്നെ, ഐ.എഫ്.എഫ്.കെ ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും വലിയ, ചൂടും ചൂരുമുള്ള ആണ്‍-പെണ്‍ കൂടിക്കലരലുകളുടെ വേദിയും ഒരുക്കി. തുടക്കത്തില്‍ ബുദ്ധിജീവിവലയങ്ങളില്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാരായിരുന്നു ഈ കൂടിച്ചേരലുകളുടെ മുഖ്യതാരങ്ങളെങ്കില്‍, പിന്നീട്, മേള ബുദ്ധിജീവി പരിവേഷത്തില്‍നിന്ന് മുക്തമായി ഏറെയും വര്‍ണശബളിതമായ ചെറുപ്പക്കാരുടേതായി മാറിയതുപോലെതന്നെ, ഇപ്പോള്‍ വിദ്യാര്‍ഥി, യുവഗണങ്ങളിലെ ആണ്‍-പെണ്‍ താരങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍.
ഒരാഴ്ചക്കാലം പൊതുസമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍നിന്ന് കുതറി മാറി, തിയറ്ററിന്റെ ഇരുളിലും കൈരളി പടവുകളിലും പരിസരങ്ങളിലെ തീന്‍ശാലകളിലും സ്വതന്ത്രമായ ഒരു ആണ്‍-പെണ്‍ വിനിമയം നടക്കുന്നു. ഇവരില്‍ എത്രപേര്‍ മേള നല്‍കുന്ന ഈ സമ്പര്‍ക്ക സ്വാതന്ത്ര്യത്തിനപ്പുറം മേളകൊണ്ട് ഉദ്ദേശിക്കുന്ന ഉന്നതമായ ചലച്ചിത്ര സംസ്‌കൃതി സ്വായത്തമാക്കുന്നു എന്നത് തര്‍ക്ക വിഷയമാണെങ്കിലും, സദാചാര പൊലീസിനെക്കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടുന്ന കേരള സമൂഹത്തില്‍ ഐ.എഫ്.എഫ്.കെ ചില വാതിലുകളെങ്കിലും തുറന്നിട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍, ഒരു പെണ്‍കൂട്ടില്ലാതെ മേളക്ക് പോവുക എന്നത് എന്തോ കഴിവുകേടാണെന്ന ധാരണയും കുറെ പേരിലെങ്കിലും സൃഷ്ടിക്കാന്‍ മേള നിമിത്തമായിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ''ആവശ്യമുണ്ട് ഒരു വനിതാ സുഹൃത്തിനെ, ചലച്ചിത്രമേളയില്‍ ഒപ്പമിരുന്ന് സിനിമകള്‍ കാണാനും കൂടെ നടക്കാനും'' എന്ന ഒരു പരസ്യം മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ ക്ലാസിഫൈഡായി വന്നു എന്നുപറയുമ്പോള്‍, ഇത്തരമൊരു അവബോധം മേളസംസ്‌കാരത്തില്‍ എത്ര ശക്തമായി എന്ന് കാണാവുന്നതാണ്. ഈ പരസ്യത്തിന് തക്ക മറുപടികള്‍ വന്നോ, ഉദ്ദിഷ്ട കാര്യം സാധിച്ചോ എന്ന് അറിഞ്ഞുകൂടാ. പക്ഷേ, പലരുടെയും മനസ്സിലൂടെ കടന്നുപോയ ഒരാശയത്തിന്റെ പ്രകാശനംതന്നെയായിരുന്നു അത്.
അതേസമയം, ഒരു സ്ഥിരം കുറ്റിക്ക് പകരം, ഒറ്റയാനായി നടന്ന് മേളയിലെ 'നിറക്കാഴ്ചകള്‍' തെല്ലകലം പാലിച്ചാണെങ്കിലും സമൃദ്ധമായി കണ്‍കുളിരെ ആസ്വദിക്കാം എന്ന പക്ഷക്കാരുമുണ്ട്.
മേളസന്ധ്യകള്‍ മാക്ട, ഫിലിം അക്കാദമി, കെ.എസ്.എഫ്.ഡി.സി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ആതിഥ്യമരുളുന്ന നക്ഷത്രഹോട്ടല്‍ പാര്‍ട്ടികളാല്‍ സമൃദ്ധമാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം, പ്രവര്‍ത്തകരാകാന്‍ മോഹിക്കുന്നവരും ഒന്നുമല്ലാത്തവരുമൊക്കെ ഈ പാര്‍ട്ടികളില്‍ കടന്നുവരും. മുന്‍കാലങ്ങളില്‍ മദ്യം ഇവിടെ യഥേഷ്ടം ഒഴുകിയിരുന്നെങ്കില്‍, ഇപ്പോള്‍ ഒരാള്‍ക്ക് ഇത്ര കൂപ്പണ്‍ എന്ന കണക്കില്‍ മദ്യപെഗുകള്‍ വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന മാറ്റമുണ്ട്. ഇതുകൊണ്ടുതന്നെ, അടുത്തിടെയായി അടിച്ച് ഫിറ്റായശേഷമുള്ള സംഘട്ടനങ്ങള്‍ ഈ പാര്‍ട്ടികളില്‍ തീരെ നടക്കാറില്ല. ഇങ്ങനെ ചില സംഘട്ടന സാധ്യതകള്‍ ഇല്ലാതാകുന്നു എന്നതുകൊണ്ടുതന്നെയാവണം, മുന്‍കാലങ്ങളില്‍ മേള പാര്‍ട്ടികളില്‍ വളരെ ഔത്സുക്യം കാണിച്ചിരുന്ന ബുദ്ധിജീവി സിനിമക്കാരും സിനിമോപജീവികളും ഇപ്പോള്‍ അത്രകണ്ട് താല്‍പര്യം കാണിക്കുന്നില്ല.
മേള പാര്‍ട്ടികളില്‍വെച്ച് സംഭവിച്ച സംഘട്ടനങ്ങളില്‍ ഏറ്റവും സ്മരണീയമായത് എറണാകുളത്ത് നടന്ന മേളയിലെ ഒരു പാര്‍ട്ടിയാണ്. ആ മേള ദ വീക്കിനുവേണ്ടി കവര്‍ ചെയ്യാനായി ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍, 'അമ്മ അറിയാനി'ലെ നായകനും പ്രമുഖ നാടകകലാകാരനുമായ ജോയ് മാത്യുവും താമസിക്കുന്നുണ്ട്. വൈകി രാത്രിയിലുള്ള ഒരു പ്രദര്‍ശനവും കഴിഞ്ഞ് ഞാന്‍ മുറിയില്‍ വന്ന് കിടന്ന് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. വാതില്‍ മണിനാദം ഉയര്‍ന്നു. വാതില്‍ തുറന്നപ്പോള്‍ ജോയ് മുന്നില്‍, ഒപ്പം അതേ ഹോട്ടലില്‍ മേള കാണാനായി വന്ന് താമസിക്കുന്ന ബിസിനസുകാരനായ ബാബുക്ക (ട്രോട്‌സ്‌കിയിസ്റ്റ് എം. റഷീദിന്റെ മകന്‍), പഴയ യൂത്ത് കോണ്‍ഗ്രസ് കിടിലമായിരുന്ന, പിന്നീട് കര്‍ഷകനായ പി.ടി. ജോണ്‍ എന്നിവരും. ഏവരും വളരെ അവശനിലയില്‍ കാണപ്പെട്ടു.
ജോയിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നാളും പാര്‍ട്ടിക്ക് പോയതായിരുന്നു. അവിടെവെച്ച് ഒ.കെ. ജോണി കമേഴ്‌സ്യല്‍ സിനിമക്കാരെക്കുറിച്ച് എന്തോ കമന്റ് പറഞ്ഞതുകേട്ട് തമ്പി കണ്ണന്താനം, രണ്‍ജി പണിക്കര്‍ എന്നിവരടങ്ങുന്ന കമേഴ്‌സ്യല്‍ സിനിമക്കാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് അതൊരു കമേഴ്‌സ്യല്‍-ആര്‍ട് സംഘര്‍ഷത്തിലേക്ക് നീങ്ങി. കസേരകളും മേശകളും തകിടം മറിഞ്ഞ, പ്ലെയ്റ്റുകളും ഗ്ലാസുകളും തകര്‍ന്ന ഒരു സംഘട്ടനം.
എന്നാല്‍, ഈ സംഘട്ടനത്തില്‍ കാര്യമായ ക്ഷതംപറ്റിയത് ആര്‍ട്ടോ കമേഴ്‌സ്യലോ ഒന്നുമല്ലാത്ത ബാബുക്കക്കും പി.ടി. ജോണിനുമാണ്. തീര്‍ത്തും കാണികള്‍ മാത്രമായിനിന്ന ഇവര്‍ സംഘര്‍ഷത്തിനിടയില്‍ പെട്ടുപോയി. ബാബുക്കക്ക് മൊബൈല്‍ഫോണും (മൊബൈല്‍ ഇവിടെ വന്ന് തുടങ്ങിയ കാലം) പേഴ്‌സും നഷ്ടപ്പെട്ടു. ജോണിന്റെ കാലില്‍ ഒരു നേര്‍ത്ത എല്ലുപൊട്ടല്‍.
അടുത്ത ദിവസം ഈ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ രണ്‍ജിയുമായി സംസാരിച്ചപ്പോള്‍ പുള്ളി ഇങ്ങനെ പറഞ്ഞു: ''ആരായാലും കോണ്‍സ്റ്റിറ്റുവന്‍സി വിട്ട് കളിച്ചാല്‍ പ്രശ്‌നമാകും.'' കോഴിക്കോടന്മാര്‍ എറണാകുളത്ത് കളംപിടിക്കാന്‍ നോക്കിയാല്‍ പ്രശ്‌നമെന്ന് വ്യംഗ്യം. കമേഴ്‌സ്യല്‍ സിനിമക്കാരുടെ അടിയില്‍ ഒട്ടും വ്യാജമില്ല എന്ന് ബാബുക്ക മുറിയില്‍ ഞങ്ങളുടെ ഒത്തുകൂടലില്‍വെച്ച് പറഞ്ഞു.
എന്നാല്‍, ജോണിന്റെ കാര്യമായിരുന്നു കഷ്ടം. ജോയിയുടെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം മേളക്ക് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അങ്ങേര്‍. അതും ജീവിതത്തിലാദ്യമായി. അതിന് ജോയിക്ക് സ്വതഃസിദ്ധമായ കമന്റുമുണ്ടായിരുന്നു. ''വിശ്വസിനിമയുടെ തിരുമുറ്റത്തേക്ക് ഇതാദ്യമായി കാലെടുത്തുവെച്ച പി.ടി. ജോണിതാ കാലൊടിഞ്ഞ് കട്ടിലില്‍.'' എന്തായാലും തുടര്‍ന്നുള്ള നാളുകളില്‍ ജോയിക്കും ബാബുക്കക്കും ജോണിനും തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന മാങ്ങാട് രത്‌നാകരനും എത്രവട്ടം വേണമെങ്കിലും മടുക്കാതെ പറഞ്ഞ് ചിരിക്കാനുള്ള ഒരു വകയായിരുന്നു ആ പാര്‍ട്ടി പുരാണം.
(ഇനി വരാനിരിക്കുന്ന ഒരു മേളയില്‍നിന്ന്)
അവനും അവളും തിരുവനന്തപുരത്തെ കൈരളി തിയറ്ററിന്റെ പടവുകളിലിരിക്കുകയായിരുന്നു. ഒരന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവം കൂടി കഴിഞ്ഞതിന്റെ പിറ്റന്നാള്‍ വൈകുന്നേരം. അവന്‍ രാത്രി വണ്ടിക്ക് കാഞ്ഞങ്ങാട്ടേക്കും അവള്‍ മഞ്ചേരിക്കും പോകുന്നതിനുമുമ്പായി കഴിഞ്ഞ എട്ടു ദിവസങ്ങളായി മരുവിയിരുന്ന അന്തരീക്ഷം ഒരു വട്ടംകൂടി അനുഭവിക്കാനായി മാത്രം ചായക്കപ്പുകളുമായി കൈരളിയുടെ പടവുകളില്‍ ഒത്തുകൂടിയതായിരുന്നു അവര്‍. അവര്‍ക്കുപിന്നില്‍ കൈരളിയുടെ സ്ഫടിക ഭിത്തികളില്‍ നിരവധി അന്താരാഷ്ട്ര സിനിമകളുടെ പരസ്യലേഖകള്‍ കാറ്റില്‍ പാറിക്കളിച്ചു.
''കാഴ്ചയുടെ ഭീകരമായ ധൂര്‍ത്താണ് ഫിലിം ഫെസ്റ്റിവെലുകള്‍. ഓരോ വര്‍ഷവും ആ ധൂര്‍ത്തില്‍ പങ്കാളിയായി ഞാന്‍ വല്ലാത്ത കുറ്റബോധം അനുഭവിക്കുന്നുണ്ട്'', അവന്‍ പറഞ്ഞു.
'' എന്തിന്റെ കുറ്റബോധം?''അവന്‍ ചോദിച്ചു.
''ഇത്രയേറെ ഗംഭീരസിനിമകള്‍ കണ്ടിട്ടും ഒരു ഷോട്ട്ഫിലിമിന്റെപോലും തിരക്കഥ എഴുതാത്തതില്‍, ഒരു ഷോട്ട്ഫിലിംപോലും സംവിധാനം ചെയ്യാന്‍ ശ്രമിക്കാത്തതില്‍'', അവന്‍ ഒന്ന് കാറിത്തുപ്പി.
''നിന്‍േറത് ഒരു കാണിയുടെ ജന്മമാണെന്ന് കരുതിയാല്‍ കഴിഞ്ഞില്ലേ. എന്നിട്ട് ചാരിക്കിടന്ന് പടങ്ങള്‍ കണ്ടാല്‍ പോരേ!''
''ആ ചിന്തയിലേക്കെത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ഞാനും ഒരു സിനിമ ചെയ്യും, ചെയ്യാതിരിക്കില്ല എന്ന തോന്നല്‍ ഓരോ ഫെസ്റ്റിവെല്‍ കഴിയുമ്പോഴും മനസ്സിലുറയ്ക്കുന്നു. പക്ഷേ, വീണ്ടും അടുത്ത ഫെസ്റ്റിവെലില്‍ കാണിയായിത്തന്നെ തിരിച്ചുവരുന്നു.''
അവന്‍ ഇത്രയും പറഞ്ഞതും, അവള്‍ വായ മലര്‍ക്കെ തുറന്ന് ആ... അയ്യോ എന്ന് നീട്ടിവിളിച്ചു.
''എന്താ'', അവന്‍ അമ്പരപ്പോടെ ചോദിച്ചു.
''ആരോ എന്റെ കൈത്തണ്ടയില്‍ മുറുക്കെ പിടിക്കുന്നതുപോലെ. മെലിഞ്ഞ കൈകൊണ്ട് അപാരമായ എല്ലുറപ്പുള്ള പിടിത്തം'', അവള്‍ കിതച്ചു.
അവന്‍ പൊട്ടിച്ചിരിച്ചു. ''ഇത് കേട്ടിട്ട് അയ്യപ്പേട്ടന്റെ ഒരു സ്‌റ്റൈലുണ്ടല്ലോ.''
''കളിയല്ലടാ, ദാ അയ്യോ പിന്നേം മുറുക്കനെ പിടിക്കുന്നു'', അവള്‍ തന്റെ വലത് കൈ ശക്തിയായി കുടഞ്ഞു.
അപ്പോള്‍ അവരിരുവരും ആ ശബ്ദം കേട്ടു. ''പേടിക്കണ്ടടാ മക്കളേ, ഇത് ഞാന്‍ തന്നെയാ, അയ്യപ്പന്‍.''
പക്ഷേ, അവര്‍ക്ക് ചുറ്റിനും ആരുമില്ലായിരുന്നു. അശരീരി മാത്രമായ അയ്യപ്പന്‍.
''അതിന്... അതിന്...'', അവര്‍ക്ക് വാക്കുകള്‍ വിക്കി. കഴിഞ്ഞദിവസങ്ങളില്‍ ഇതേ പടവുകളിലിരുന്ന് പല പെണ്ണുങ്ങളും പഴയ മേളകളില്‍വെച്ച് അയ്യപ്പണ്ണന്‍ തങ്ങളുടെ കൈത്തണ്ടകളില്‍ ബലപ്പിച്ച് പിടിക്കുന്നതൊക്കെ പറഞ്ഞ് ചിരിച്ചത് അവര്‍ ഓര്‍ത്തു.
അയ്യപ്പന്റെ അശരീരി വീണ്ടും കേട്ടു:
''മക്കളേ, നിങ്ങളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, നിങ്ങള്‍ രണ്ടാളും ഇനി വരും കാലത്ത് വളരെ പ്രശസ്തമാകുന്ന 'കൈരളി പടവുകള്‍' എന്ന സിനിമയിലെ കഥാപാത്രങ്ങളാകും. 'ബാറ്റില്‍ഷിപ്പ് പൊട്ടംകീനിലെ' ഒഡേസാ പടവുകള്‍പോലെ 'കൈരളി പടവുകളും' ലോകസിനിമയിലെത്തുകയാണ്. ഇത്രയും പറഞ്ഞതും ചെറുപ്പക്കാരന് തന്റെ തോളില്‍ ഒരു സ്‌പര്‍ശം അനുഭവപ്പെട്ടു: ''കുഞ്ഞേ, ഇതോടെ നീ വെറും കാണി മാത്രമാണെന്ന നിന്റെ കുറ്റബോധവും ഇല്ലാതാകും.'' ആ സ്‌പര്‍ശം അല്‍പംകൂടെ അമര്‍ന്നതായി അവന് തോന്നി.
അന്ന് രാത്രിയില്‍, കൈരളി തിയറ്ററിനകം അതേവരെ കണ്ടിട്ടില്ലാത്ത അയ്യപ്പന്‍ തനിയെ ആ കൊട്ടകയിലെ തിരശ്ശീലയില്‍ 'കൈരളി പടവുകള്‍' എന്ന സിനിമ കണ്ട് തുടങ്ങി. കൈരളി പടവുകളില്‍ ഒരു ഫിലിം ഫെസ്റ്റിവെല്‍കാലത്ത് ചുരുള്‍നിവരുന്ന പ്രണയത്തിന്റെയും കലാപത്തിന്റെയും തികച്ചും പാരഡികള്‍ മാത്രമാകുന്ന സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു ആ സിനിമ. ഇടക്കിടെ ഒഡേസാ പടവുകളില്‍നിന്നുള്ള ദൃശ്യങ്ങളും കടന്നുവന്നു. അയ്യപ്പന്റെ അശരീരിയെ അനുഭവിച്ച ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നു.
സിനിമ ഒരു ഘട്ടമെത്തിയപ്പോള്‍, അതാ അയ്യപ്പന്‍ കൈരളി പടവുകളില്‍നിന്നുകൊണ്ട് തന്റെ കവിത ചൊല്ലുന്ന ദൃശ്യം വരുന്നു.
''കൂ... നിര്‍ത്തടാ'', അയ്യപ്പന്‍ ഉച്ചത്തില്‍ കൂക്കി. ഇതേസമയംതന്നെ, അവനും അവളും തങ്ങളുടെ തീവണ്ടിക്കിടക്കകളിന്മേല്‍ ഉറങ്ങവെ, ഏതോ വിചിത്ര സ്വപ്‌നംകണ്ടശേഷം ഉറക്കം വിട്ടുണര്‍ന്നു. പക്ഷേ, ആ സ്വപ്‌നങ്ങളെന്തെന്ന് രണ്ടാള്‍ക്കും ഓര്‍ക്കാനേ കഴിഞ്ഞില്ല.
ഐ.എഫ്.എഫ്.കെയിലെന്നതുപോലെ, ലോകത്ത് മറ്റേതെങ്കിലും ചലച്ചിത്രമേളയില്‍ സിഗ്‌നേചര്‍ ചിത്രങ്ങള്‍ക്ക് ഇത്ര സജീവമായ ആസ്വാദക പ്രതികരണം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഓരോ വര്‍ഷവും നല്ല ലോകസിനിമകളെ കാത്തിരിക്കുന്നതുപോലെ ഞാന്‍ സിഗ്‌നേചര്‍ ചിത്രത്തെയും അതിന് ലഭിക്കുന്ന പ്രതികരണത്തെയും ആകാംക്ഷയോടെ നോക്കുന്നു. മേളയില്‍ എത്ര ദിവസങ്ങള്‍, എത്ര പ്രദര്‍ശനങ്ങള്‍ കഴിഞ്ഞാലും കാണികള്‍ തങ്ങള്‍ക്ക് സിഗ്‌നേചര്‍ ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ വാശിയോടെ കൂവുന്നു. അതേപോലെതന്നെ ഇഷ്ടപ്പെട്ടവര്‍ കൈയടിക്കുന്നു. വിപിന്‍ വിജയ് ഒരുക്കിയ അത്യന്തം പരീക്ഷണാത്മകമായ സിഗ്‌നേചര്‍ സിനിമക്ക് ഈ രണ്ട് ഗണങ്ങളില്‍നിന്നും ലഭിച്ച പ്രതികരണങ്ങള്‍ മികച്ച ശ്രാവ്യാനുഭവമായിരുന്നു.
മേളയില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി നടപ്പുകള്‍ തീരെ കുറവാണ്, മുന്‍കാലങ്ങളില്‍ സിനിമ അല്‍പമെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ ധാരാളം കാണികള്‍ കൂട്ടത്തോടെ കൊട്ടക വിട്ടിറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാല്‍, പ്രവേശന ഫീസും ഓണ്‍ലൈന്‍ സംവിധാനത്തില്‍, മേള പുസ്തകത്തിലെ കഥാസാരവും ഒക്കെ വായിച്ച്, ഇഷ്ടസിനിമയുടെ തെരഞ്ഞെടുപ്പുമൊക്കെ നടത്തി സീറ്റുകള്‍ ഉറപ്പാക്കി കയറുന്ന ഇന്നത്തെ പ്രേക്ഷകര്‍ അത്തരമൊരു ഇറങ്ങിനടപ്പിന് തയാറല്ല. എങ്ങനെയെങ്കിലും സിനിമകണ്ട് തീര്‍ത്തേ അവര്‍ കൊട്ടക വിടൂ. പിന്നെ, ഒരിടത്ത് അടങ്ങിയിരിക്കുന്നതില്‍ വളരെ വൈഷമ്യമുള്ള ബുദ്ധിജീവികളുടെ വംശം വല്ലാതെ നേര്‍ത്തിരിക്കുന്നുവെന്നതും ഇതിന് ഒരു കാരണമാകാം.
ഐ.എഫ്.എഫ്.കെയിലെ ഓപണ്‍ ഫോറങ്ങള്‍ മുന്‍കാലങ്ങളില്‍ ഇവിടത്തെ പ്രേക്ഷകസമൂഹത്തിന്റെ ഉന്നതമായ സിനിമാ സാക്ഷരതയുടെയും ബൗദ്ധിക ഗരിമയുടെയും അടയാളങ്ങളായിരുന്നു. മുന്തിയ വിദേശ സംവിധായകരും മറുനാടന്‍ ചലച്ചിത്ര പ്രവര്‍ത്തകരുമൊക്കെ ഓപണ്‍ഫോറങ്ങളിലെ ചോദ്യങ്ങളുടെയും ചര്‍ച്ചകളുടെയുമൊക്കെ നിലവാരംകണ്ട് അമ്പരന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഓപണ്‍ ഫോറങ്ങള്‍ എന്നാല്‍ 'വളിപ്പ്' എന്ന ഗണത്തില്‍ മാത്രം ഉള്‍പ്പെടുത്താവുന്ന ഒന്നായിട്ടുണ്ട്. നിലാവത്ത് അഴിച്ചുവിട്ട കോഴികള്‍പോലെ എവിടെനിന്നോ ചില ആള്‍ക്കാര്‍ ഓപണ്‍ ഫോറത്തിലേക്കെത്തുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ പ്രബന്ധാവതരണംപോലെ എഴുന്നേറ്റുനിന്ന് ഒരു പ്രസ്താവന. വേദിയിലെ ഏതോ ചലച്ചിത്രകാരനോടുള്ള ചോദ്യമെന്നാണ് വെപ്പ്.
പക്ഷേ, ഇതുവരെ പറഞ്ഞതെന്താണെന്ന് ആ ചോദ്യം(?) ഉന്നയിച്ച ആള്‍ക്കോ കേട്ടിരിക്കുന്നവര്‍ക്കോ തരിമ്പും മനസ്സിലാവുകയില്ല. ഇതോടെ മോഡറേറ്റര്‍ ഒരിക്കല്‍കൂടി ചോദ്യം പ്രസ്താവിക്കണമെന്ന് പറയുന്നു. ഇവിടെ കാര്യം ചക്കപോലെ കുഴയുന്നു. എല്ലാം അനന്തം അജ്ഞാതം എന്ന മട്ടാകുന്നു.
മേളകളില്‍ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരുണ്ട്. ഓരോ മേളയും അവര്‍ക്ക് നിരാശകള്‍ മാത്രമേ സമ്മാനിക്കുന്നുള്ളൂ. പുതിയ ലോകസിനിമാ വിഭാഗത്തില്‍ എത്ര സിനിമകള്‍ കണ്ടാലും ഓ, എല്ലാം വെയ്‌സ്റ്റ് എന്ന മട്ടാണവര്‍ക്ക്. ബെര്‍ഗ്മാനിലും തര്‍ക്കോവ്‌സ്‌കിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത ഇവരുടെ മുന്നില്‍, ഹാ പുതിയകാല ലോക സിനിമാ പ്രതിഭകളെ, നിങ്ങള്‍ വെറും പുല്ലാണ്. നിങ്ങള്‍ കാനിലും വെനീസിലുമൊക്കെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, കൊച്ച് കേരളത്തിലുള്ള ഈ സിനിമാസ്വാദകര്‍ക്ക് മുന്നില്‍ നിങ്ങള്‍ ഒന്നുമല്ല.
ഇക്കൂട്ടര്‍ക്ക് മലയാളത്തിലാകട്ടെ, ജോണ്‍ എബ്രഹാം മാത്രമേയുള്ളൂ ഒരേയൊരു മൗലിക പ്രതിഭ. അരവിന്ദനെ കഷ്ടി സഹിക്കാം. അടൂരൊന്നും ഹേ, സിനിമാക്കാരനേ അല്ല. എന്നാല്‍, ഭാഗ്യവശാല്‍, ഈ വംശവും ഓരോ വര്‍ഷം ചെല്ലുന്തോറും ക്ഷയിച്ചുവരുകയാണ്.
മലയാളത്തില്‍ നല്ല സിനിമകള്‍ക്കായി ദാഹിക്കുന്ന ഒരു പ്രേക്ഷകസമൂഹമുണ്ട്. പക്ഷേ, ഇവര്‍ ആ 'നല്ല സിനിമകള്‍' തിയറ്ററുകളില്‍ റിലീസായി വരുമ്പോള്‍ കാണാറില്ല. ആ കാഴ്ചയെല്ലാം ഐ.എഫ്.എഫ്.കെയിലെ മലയാള സിനിമ ഇന്ന്, പനോരമ വിഭാഗങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഈ നല്ല സിനിമാസ്വാദകര്‍ നാല് കാശ് മുടക്കി ടിക്കറ്റെടുത്ത് ആ സിനിമകള്‍ തിയറ്ററുകളില്‍ റിലീസാകുന്ന കാലത്തുതന്നെ കണ്ടിരുന്നെങ്കില്‍, 'ഹോള്‍ഡ് ഓവര്‍' എങ്കിലുമാകാതെ നല്ല സിനിമകള്‍ രക്ഷപ്പെട്ടേനെ. നല്ല സിനിമകള്‍ എടുക്കുന്ന നിര്‍മാതാക്കള്‍ക്കും പ്രോത്സാഹനമായേനെ. പക്ഷേ, മേളയില്‍വെച്ച് മാത്രമേ നല്ല സിനിമകള്‍ കാണൂ എന്ന വാശിക്കുമുന്നില്‍ എന്തുചെയ്യാന്‍!
പഴയ സിനിമാസാക്ഷരത മാത്രമുള്ള എന്നെപോലുള്ളവര്‍ക്ക് ഐ.എഫ്.എഫ്.കെയുടെ എട്ട് നാളുകള്‍ വിശുദ്ധമായ ഹജ്ജ് കാലമാണ്, മണ്ഡലകാലമാണ്, നോയ്മ്പ് നാളുകളാണ്. കണ്ണുകളുടെ പഴക്കം മുന്നേയുള്ള നാളൊന്നിന് അഞ്ച് സിനിമ കാണുക എന്ന വ്രതതീവ്രതയെ കുറച്ചിട്ടുണ്ട്. മൂന്ന്, ഏറിയാല്‍ നാല് എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഒറ്റയടിക്ക് അഞ്ച് സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ മനസ്സിന്റെ തിരശ്ശീലയില്‍ രൂപപ്പെടുന്ന സിനിമാ ചുഴിയെക്കാള്‍, ഇതാണ് നല്ലത്.
മഞ്ഞുകാലം നോറ്റ് വ്രത വിശുദ്ധിയോടെയുള്ള എട്ട് ദിനരാത്രങ്ങള്‍ ജീവിതത്തില്‍ എന്നെന്നും എല്ലാ നല്ല സിനിമാഭ്രാന്തര്‍ക്കും ആശംസിക്കുന്നു.
No comments:
Post a Comment