ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്
ദലിതുപക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്‍ഡേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്. ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട്, അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിരുദം. ഇപ്പോള്‍, മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു. ഡോ. അംബേദ്കറുടെ പൗത്രി രമയാണ് ഭാര്യ. 'അംബേദ്കര്‍ ഓണ്‍ മുസ്‌ലിംസ്', 'ഖൈര്‍ലാന്‍ജി: എ സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്', 'ഹിന്ദുത്വ ആന്‍ഡ് ദലിത്‌സ്', 'അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍ ദലിത് മൂവ്‌മെന്റ്' എന്നിവ ഉള്‍പ്പെടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദലിത് അവസ്ഥകളെയുംപറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവെക്കുന്നു.
താങ്കള്‍ എങ്ങനെയാണ് ജാതിവിരുദ്ധ പ്രസ്ഥാനത്തിലേക്കും ദലിത് ബോധത്തിലേക്കും എത്തിച്ചേരുന്നത്?
ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട്, സ്വാഭാവികമായിതന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധതരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പു ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി. മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാംക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചുതന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതിബോധം എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദ്വങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഢിത്തം എന്നു മനസ്സിലായി. അവര്‍ ഇവിടത്തെ സാമൂഹിക അവസ്ഥയെ ശരിയായരീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.
ജാതിയെ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ചപറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത്?
അതെ. വര്‍ഗവിശകലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രംതന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവപദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ ആവശ്യം.
''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്. എന്നാല്‍, ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?
അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാര്‍ഥതയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍, പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും. ഇതെങ്ങനെയാണ് വിശദീകരിക്കുക? 'പ്രീമിയവും' 'ഡിസ്‌കൗണ്ടും' ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തെങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹികപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍, രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍, ഞാനിപ്പോഴും 'ദലിത്' എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ? എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസ്സിലുള്ള ജാതിവിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പറേറ്റ് മേഖലയെ വിട്ടുകളയാം. അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വവിദ്യാര്‍ഥി ഏതെങ്കിലും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍, ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം മുന്‍ വിദ്യാര്‍ഥി ഒരു കഥാപുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടിവരുന്നു.
എന്താണ് ദലിതുകളുടെ അവസ്ഥ? പുരോഗമന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ?
എന്നത്തെക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍ . ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാതൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാറിന്റെ നവീകരണ പദ്ധതികളുംമൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്. നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനംമൂലമാണ് ഇത്. ദലിതുകള്‍ക്ക് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക?
ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ, അതിന്റെ അവശിഷ്ടരൂപങ്ങള്‍ക്കെതിരെ പോരാടണം. അതിനര്‍ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതിബോധവും ജാത്യഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക. ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും.
ജാതിക്കെതിരെയുള്ള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടുമാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതിനശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയില്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.
ജാതിസമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാതസ്വീകരിക്കണമോ, അതോ അക്രമരാഹിത്യത്തിന്റെയോ?
ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യംചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ഥ ജാതിയുദ്ധങ്ങള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊള്ളയായ വാചാടോപവുമാണ്. എന്താണീ ജാതിയുദ്ധം? ഏത് ജാതി, ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍പോകുന്നത്? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണംപോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്്.
ഒരിക്കല്‍ നമ്മള്‍ സജീവമായ ദലിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?
സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുകയും എന്നാല്‍, ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവിമാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദലിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദലിത് പാന്തര്‍. മുഖ്യധാരാ നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയിലെ ബ്ലാക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വാഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936ല്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത്് . അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിനുമാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഒരു വിഭാഗം മറ്റൊരുവിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞൂവെന്ന് ആരോപണമുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമിതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ഥത്തില്‍ മരിച്ചു. എന്നാല്‍, അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസിറ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍, പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അടിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥക്കെതിരെയുള്ള ഗുണകരമായ ഭീഷണിയായി മാറി.
ദലിത് പാന്തറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്. രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം അംബേദ്കര്‍ കാണിച്ചുതന്ന ബുദ്ധിസമാണ് ആത്യന്തികമായ പാതയെന്ന് വാദിച്ചു. അംബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തുണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിപ്പ്, അധഃപതിച്ച വ്യാഖ്യാനങ്ങള്‍. മറ്റൊരു പാഠമെന്നത്, ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുള്ളവരുമായി കൈകോര്‍ത്തുനിന്നില്ലെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുള്ള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തെറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാരാ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തുസംഭവിച്ചൂവെന്ന് വസ്തുനിഷ്ഠമായ വിശകലനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാവുമായിരുന്നു.
ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനകളെപ്പറ്റി എന്തുപറയും?
വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അതുതന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന മുന്നേറ്റത്തിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്മണ്യത്തെ ലക്ഷ്യംവെക്കും. എന്നാല്‍, അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ട്ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നുപറയും. എന്നാല്‍, തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സൃഷ്ടിച്ച 'ബഹുജന്‍' എന്ന പദത്തിനു പിന്നാലെയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയ സൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയംപോലും ഉത്തര്‍പ്രദേശിന്റെ ജാതി അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഈ സംഘടനകള്‍ എല്ലാം യഥാര്‍ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.
ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ്്് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു?
ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960ല്‍ ഇതേ മാനസികാവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിതദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസ്സിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവരെന്താണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്? ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ഥത്തില്‍ ഭരണകൂടവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ റിക്രൂട്ടിങ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനുമുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു. അവരെ സംബന്ധിച്ച് ഒളിവില്‍പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്നത് ഇതുമൂലമാണ്. ഇതേ സാഹചര്യമാണ് രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.
ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുധ്യത്തെപ്പറ്റി എന്തുപറയും?
ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അവര്‍ ഭരണകൂടനയങ്ങള്‍ക്ക് സ്തുതിപാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുംവേണ്ട. ദലിത് ബുദ്ധിജീവികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആ ഗണത്തില്‍പെടുന്നില്ല. ജാതിയവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതിയവസ്ഥകള്‍ സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപട്യവും പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.
ഖൈര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്് 'എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതേപ്പറ്റി?
ഈ പരാമര്‍ശം വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാത്സംഗത്തിന് ബലാത്സംഗവും കൊലക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കുപറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ഥത്തിലാണ്. ജാതി എന്നത് സാമൂഹികതിന്മയാണ്. അത് സമൂഹം മൊത്തത്തില്‍ മനസ്സിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല. ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍ത്തട്ടുകള്‍ ഉണ്ട്. പിന്നാക്ക ജാതികളിലെ ഉയര്‍ന്നവര്‍ഗക്കാരാണ് അവരിലെ താഴ്ന്നവര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്. ജാതിയുടെ നൂറ്റാണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടായ്മയിലൂടെ, ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സാംസ്‌കാരിക മുഖത്തിന് തിരിച്ചടി കിട്ടണം.
അയോധ്യാ വിധിയെ 'ഡിസൈന്‍ ജസ്റ്റിസ്' എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്കള്‍ ഉപയോഗിച്ചത് എന്നും പറയുന്നു?
ശരിയാണ്. നവ ലിബറല്‍കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്‍േറതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമപരിധികള്‍ക്ക് പുറത്തുപോയി 'മാര്‍ക്ക്റ്റ് സ്ഥലത്ത്' അനുപൂരകമായി 'ഉപഭോക്തൃ പരീക്ഷണം'നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനുപകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രീക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കപ്പെട്ടില്ല. പക്ഷേ, കോടതി വധശിക്ഷ നല്‍കി. കാരണം, ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചൂവെന്നതും ജനം ക്രിമിനലുകള്‍ക്ക് വലിയ ശിക്ഷ ആഗ്രഹിക്കുന്നൂവെന്നും വ്യക്തമായിരുന്നു. എട്ടുപേരെ ഒഴിച്ച് ബാക്കിയുള്ളവരെ വെറുതെവിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാങ് കുടുംബമാണ് ഈ കൊലപാതകങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈകോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണംചെയ്തു. ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ 'മാര്‍ക്കറ്റിന്' അനുപൂരകമായ 'ഡിസൈന്‍ ജസ്റ്റിസ്' വന്നു.
അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ലിം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നുപറഞ്ഞു. വാസ്തവമെന്തെന്നാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്തവകാശ ഹരജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബരി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയ കേസാണ്. പക്ഷേ, കോടതി അനാവശ്യമായ കാര്യം ചെയ്തു. അവര്‍ ആര്‍ക്കിയോളിസ്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നുപറഞ്ഞു. അവര്‍ ഹിന്ദുതാല്‍പര്യത്തെ അനുകൂലമാക്കാന്‍ ശ്രമിച്ചു. പക്ഷേ, മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍, ഭൂമി മൂന്ന് തുല്യഭാഗങ്ങളായി വിഭജിച്ചുനല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘ്പരിവാര്‍ പിന്തുണക്കും, ''അമ്പലം അവിടെതന്നെ പണിയും'' എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്ത്വങ്ങള്‍ക്ക് പുറത്തുള്ളകാര്യങ്ങളാണ്.
ദലിതുകള്‍ പലപ്പോഴും എതിര്‍സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും? ഗാന്ധിസത്തില്‍നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ?
ഈ നിരര്‍ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകരമായിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജനപിന്തുണ നേടാനായി ഉപയോഗിച്ചൂവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണക്കായി ധാര്‍മിക ആവരണതന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിനുവേണ്ടി തയാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യകാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയെയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക് വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍, ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു.
അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപവത്കരിച്ച നാഷനല്‍ ബഹുജന്‍ പാര്‍ട്ടി, ബാരിപ് ബഹുജന്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട്?
പ്രകാശ്് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാസംഘവും 'ബഹുജന്‍' അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്. 'അകോല പാറ്റേണ്‍' എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ടുതന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരദ്പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതുവാലെ ഉപയോഗിച്ച് പ്രകാശ്അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെനിന്ന് ഉയര്‍ന്നുവരുക വലുതും ഭാരിച്ചതുമായ ദൗത്യമാണ്.
No comments:
Post a Comment