'മണ്ഡലകാല'ത്തിനായുള്ള കാത്തിരിപ്പ്
ഓരോ കാലത്തും ഓരോതരം ജ്വരമാണ് പടര്‍ന്നുപിടിക്കുക. കാലങ്ങളുടെ പകര്‍ച്ചകള്‍ക്കൊപ്പം ഇത്തരം ജ്വരങ്ങള്‍ മാറിമാറി ശരീരത്തിനെയും മനസ്സിനെയും ബാധിക്കുന്നു. ഇപ്പോഴിത് ചലച്ചിത്രമേളകളുടെ പകര്‍ച്ചപ്പനിക്കാലമാണ്. പനി എന്ന് ഇതിനെ സരളവത്കരിക്കുന്നത് ചലച്ചിത്രമേളകളുടെ പ്രസക്തി കാലക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍കൊണ്ടാണ്. ഇപ്പറയുന്നതിനോട് വിയോജിക്കാന്‍ കണക്കും കാര്യങ്ങളും എത്രവേണമെങ്കിലും വിയോജിപ്പുള്ളവര്‍ക്ക് നിരത്താന്‍ പറ്റും. തെരഞ്ഞെടുപ്പില്‍ തോറ്റതിനും ജയിച്ചതിനും കണക്കുനിരത്തി തോല്‍വി വിജയമായും വിജയം തോല്‍വിയായും വകയിരുത്താന്‍ ശക്തിയുള്ള പ്രസ്ഥാനങ്ങളും നേതാക്കളുമുള്ള കാലവും രാജ്യവുമാണിത്. മേളകളിലെ വര്‍ധിച്ചുവരുന്ന പ്രേക്ഷക പങ്കാളിത്തം, ചലച്ചിത്രമേളയുടെ തിയറ്ററുകളുടെ എണ്ണം കൂട്ടുന്നകാര്യം, മേളതിയറ്ററുകളിലെ തിക്കും തിരക്കും നീണ്ട ക്യൂവും, മേളകാണാന്‍ എത്തുന്നവരുടെ സ്ത്രീ- പുരുഷ അനുപാതം, യുവാക്കളുടെയും വൃദ്ധരുടെയും മധ്യവയസ്‌കരുടെയും അനുപാതം, പ്രേക്ഷകരുടെ സാമൂഹിക-സാംസ്‌കാരിക വര്‍ഗാനുപാതങ്ങള്‍. വിയോജിക്കാന്‍വേണ്ട പാരാമീറ്ററുകളും മാപനങ്ങളും നിരവധിയാണ്. രാവിലെ പത്രംതുറന്നപ്പോള്‍ ആദ്യം കണ്ണില്‍പതിഞ്ഞ വാര്‍ത്ത തിരുവനന്തപുരത്തെ ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളം മേളതുടങ്ങുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ സംഭവിക്കാന്‍പോവുന്ന സഞ്ചരിക്കുന്ന ചലച്ചിത്രോത്സവങ്ങളെ കുറിച്ചാണ്. ഈ മേളകള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഈ പ്രദര്‍ശനങ്ങള്‍ കാണാന്‍ ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടും എന്ന കാര്യത്തിലും സംശയമില്ല. തിരുവനന്തപുരത്ത് നടക്കുന്ന മേളയെ ജനപ്രിയമാക്കാന്‍ നടത്തുന്ന ഈ ശ്രമങ്ങളൊക്കെ നല്ലതുതന്നെ.
തര്‍ക്കിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത മലയാളിക്ക് മേളതുടങ്ങുന്നതിനുമുമ്പേ തര്‍ക്കിച്ചു തുടങ്ങാന്‍ ഒരു 'ചിത്രസൂത്രം' ഒരുക്കുന്നതിലും സംഘാടകര്‍ വിജയിച്ചിരിക്കുന്നു. സാംസ്‌കാരിക മന്ത്രി തര്‍ക്കം തുടങ്ങാന്‍ ആഹ്വാനിച്ചിട്ടുമുണ്ട്, പത്രസമ്മേളനത്തില്‍. ചലച്ചിത്രമേള കാഴ്ചയുടെ ഒരു മാമാങ്കമാണല്ലോ, പത്രസമ്മേളനംകൂടി അങ്ങനെയാവുന്നത് കെങ്കേമംതന്നെ. കാഴ്ച എന്നും മലയാളിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് കാഴ്ചയില്‍ ഇടംകിട്ടുന്നവര്‍ തമ്പുരാക്കന്മാരാവുന്നത്. കാഴ്ചയില്‍ ഇത്തിരി സ്ഥലംകിട്ടാന്‍ ആള്‍ക്കാര്‍ കടിപിടികൂടുന്നതും അതുകൊണ്ടുതന്നെ. ദൃശ്യമാധ്യമങ്ങളില്‍ സ്ഥിരമായി വാര്‍ത്തകാണുന്നവരും ചാനല്‍ പരിപാടികളുടെ സ്ഥിരം കാഴ്ചക്കാരും പത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരും കാമറക്കുനേരെ ശ്വാസമടക്കിപ്പിടിച്ചു നോക്കുന്ന എത്രലക്ഷം മുഖങ്ങളെയാണ് കാണേണ്ടിവരുന്നത്. ഈ മുഖങ്ങളില്‍ നിറഞ്ഞുവിളങ്ങുന്ന സായുജ്യം അമ്പരപ്പിക്കുന്നവിധം അസഭ്യമാണ്. കുറെക്കാലം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചതുകാരണം സ്ഥിരമായി സ്റ്റുഡിയോകളില്‍ പറന്ന് നടക്കാറുള്ള ഒരുപാട് ചാനല്‍ കുരുവികളെ കണ്ടിട്ടുണ്ട്. അങ്ങാടിക്കുരുവികള്‍ വംശമറ്റുപോയ ഇക്കാലത്ത് ചാനല്‍ കുരുവികളെ കാണുന്നതും ഒരു സുകൃതമാണ്. ദൃശ്യങ്ങളില്‍ ഇടംകിട്ടാനുള്ള ഈ ത്വരയാണോ മലയാളികളെ ഇത്രമാത്രം സിനിമാമോഹികളാക്കിയത് എന്നത് ഒരു മനഃശാസ്ത്ര പ്രശ്‌നം ആണ്. അല്ലെങ്കിലും, ലോകത്തിലൊരിടത്തും കാണാത്തതരത്തിലുള്ള സിനിമാക്കമ്പം എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് പിടികൂടിയെന്നതും അന്വേഷിക്കേണ്ടതാണ്. സര്‍ഗാത്മകതയുടെ മറ്റെല്ലാ പൊടിപ്പുകളെയും വിഴുങ്ങി നശിപ്പിക്കുന്നവിധം അതെങ്ങനെ മാരകമായി ഭവിക്കുന്നുവെന്നതും ചര്‍ച്ചെചയ്യപ്പെടേണ്ടതാണ്. എല്ലാ നദികളും കടലില്‍ച്ചെന്നുചേരുന്നതുപോലെ എല്ലാ കലകളും സര്‍ഗവാസനകളും സര്‍ഗക്രിയകളും ചെന്നുചേരാന്‍ മാത്രം അഗാധവും വിശാലവും വിസ്തൃതവുമാണോ സിനിമായെന്ന 'പാരാവാരം'? ഇത്തരം അശുഭചിന്തകളുമായി ചലച്ചിത്രമേളയെ സമീപിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും ഘോഷയാത്രയില്‍ അണിചേരുന്നതിനുമുമ്പ് വഴിയോരത്ത് മാറിനിന്ന് കുറച്ചുനേരം ഇതൊക്കെ ആലോചിക്കുന്നത് നല്ലതാണ്. ആലോചിക്കുന്നതില്‍ എന്താ ഇത്ര കുഴപ്പം? ഈ കുറിപ്പെഴുതാന്‍ ആരംഭിക്കുമ്പോള്‍ തോന്നിയ വഴിക്കല്ല കുറിപ്പിന്റെ പോക്ക്. അതുകൊണ്ട്, തെളിച്ചവഴിക്ക് പോവാത്തതുകൊണ്ട് പോയവഴിക്ക് തെളിക്കാം.
രണ്ട്
സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരത്ചന്ദ്രനെ ഓര്‍ത്തുപോവുന്നു. ശരത്ചന്ദ്രനെ മാത്രമല്ല, എന്റെ ബാല്യകാലവും മനസ്സിലേക്ക് തികട്ടിവരുന്നു. കോഴിക്കോട് പൂക്കാട്ടെ ഞങ്ങളുടെ വീട് നിരത്തരികിലായിരുന്നു. നിരത്തരികില്‍ എന്നതുമാത്രമല്ല അതിന്റെ പ്രത്യേകത. ഒരര്‍ഥത്തില്‍ അത് പൂക്കാട്ടങ്ങാടിക്കുള്ളില്‍തന്നെയായിരുന്നു. പറമ്പിന്റെ രണ്ട് വശങ്ങളിലും നിരയായി കടകളായിരുന്നു. വടക്കുനിന്നുള്ള വഴി രണ്ട് കടകള്‍ക്കിടയിലൂടെയായിരുന്നു. കിഴക്ക് നിരത്തരികിലെ ഗേറ്റും ചവിട്ടുപടികളും ഒരു കടയോട് തൊട്ടുരുമ്മിയാണ് നിന്നിരുന്നത്. രണ്ടു വശത്തെയും േചാറ്റുകടകളുടെ പിന്നാമ്പുറം ഞങ്ങളുടെ വീടിന്റെ മുന്‍വശം ആയിരുന്നു. ഞങ്ങളുടെ കിണര്‍ അങ്ങാടിയുടെ പൊതുകിണര്‍പോലെയായിരുന്നു. നിരത്തിനും കടകളുടെ നിരകള്‍ക്ക് മുന്നിലും വിശാലമായ പൊതുസ്ഥലം ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഇടുങ്ങിയതല്ലെന്ന് ചുരുക്കം. ഈ പൊതുസ്ഥലത്ത് എല്ലാകാലത്തും എന്തെങ്കിലും കാഴ്ചകള്‍ കാണും. തെരുവ് സര്‍ക്കസ്, മരുന്നുകച്ചവടം, പാട്ടുകച്ചേരി അങ്ങനെ പലതും. ഒരിക്കല്‍ മുട്ടനാടുകളെ കൊന്നു നുറുക്കി അജമാംസരസായനം ഉണ്ടാക്കി വിറ്റതും ഒരു കാഴ്ചയായിരുന്നു. സിനിമയുടെ ചില രൂപകങ്ങള്‍ മനസ്സില്‍ കയറിക്കൂടുന്നത് ഈ അങ്ങാടിത്തെരുവില്‍നിന്നാണ്. ചില സന്ധ്യകളില്‍ ഇവിടെ സിനിമാ പ്രദര്‍ശനവും ഉണ്ടാവാറുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പുകാര്‍ നടത്തുന്ന സിനിമാപ്രദര്‍ശനം ആണ്. ഡോക്യുമെന്ററികള്‍. അതുകാണാന്‍ അങ്ങാടിയില്‍ ഒരുപാട് ആള്‍ക്കാര്‍ കൂടാറുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ. ഇന്നാണെങ്കില്‍ ആരും കാണാത്ത സിനിമകള്‍ ആണതൊക്കെ. തിയറ്ററില്‍ കിട്ടാത്ത ഒരു ഉത്സവ പരിസരം ഈ ആകസ്മിക പ്രദര്‍ശനങ്ങള്‍ക്കുണ്ടാവാറുണ്ടായിരുന്നു. ഞാന്‍ കണ്ട ആദ്യത്തെ സിനിമാ മേളകള്‍ അതാെണന്നാണ് എനിക്ക് തോന്നുന്നത്. ഇന്നും ചലച്ചിത്രോത്സവങ്ങളില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ അങ്ങാടിത്തെരുവിലെ അതേ ആകാംക്ഷകള്‍ നിറയുന്നു. ചെറുപ്പത്തില്‍ ഒരങ്ങാടിയുടെ പിന്നാമ്പുറത്ത് കഴിഞ്ഞതുകൊണ്ടാവണം അങ്ങാടികളിലെത്തുമ്പോള്‍ എന്റെ മനസ്സ് സുരക്ഷിതമാവുന്നത്. അതുകൊണ്ട്, തിയറ്ററുകളുടെ ഇരുട്ടിനെക്കാള്‍ തിയറ്ററുകള്‍ക്ക് പുറത്തെ വെളിച്ചവും കോലാഹലവും ഞാനിഷ്ടപ്പെടുന്നു. ഉത്സവം കാണാന്‍പോയി വെളിച്ചപ്പാടും ആറാട്ടും എഴുന്നള്ളത്തും ഒന്നും കാണാതെ പുരുഷാരത്തെകണ്ട് വിസ്മയഭരിതനായി ഉത്സവം കഴിഞ്ഞ് തിരിച്ചുപോരുന്ന ഒരാളാവാന്‍ പലപ്പോഴും കഴിയുന്നത് അതുകൊണ്ടാണ്.
മൂന്ന്
ഏറ്റവും വലിയ വിനോദവും ഏറ്റവും ഇഷ്ടവിനോദവും സിനിമയായ ഒരു സമൂഹത്തില്‍ ചലച്ചിത്രമേളകള്‍ ഒരു അനുഷ്ഠാനംതന്നെയാണ്. ദൈവവും ആചാരങ്ങളും ശീലങ്ങളും നമ്മളെ അനുഷ്ഠാനങ്ങളിലേക്കും ഉത്സവങ്ങളിലേക്കും എത്തിക്കുന്നതുപോലെ 'സിനിമാരാധന' നമ്മളെ മേളകളിലേക്കും എത്തിക്കും. അങ്ങനെ ആലോചിച്ചാല്‍ കാലംതെറ്റി സംഭവിച്ച ഒന്നാണ് ചലച്ചിത്രമേളകള്‍ എന്നുപറയാം. യഥാര്‍ഥത്തില്‍ ആരംഭിക്കേണ്ട കാലംകഴിഞ്ഞ് ഒരുപാട് ദശകങ്ങള്‍ക്കുശേഷം മാത്രം സംഭവിച്ചത്. ഫിലിം സൊസൈറ്റികള്‍ തന്നെയായിരിക്കണം പൂജയും തേവാരവും ഉത്സവങ്ങളും മുടങ്ങിക്കിടന്ന ചലച്ചിത്രരംഗത്തെ കാഴ്ചക്കപ്പുറമുള്ള പ്രത്യയശാസ്ത്ര പരിസരത്തേക്ക് നയിച്ചത്. സിനിമയുടെ സാങ്കേതികതയായിരിക്കണം ഈ കാലവിളംബത്തിനുകാരണം, അതിന്റെ സന്നാഹങ്ങളുടെ യാന്ത്രികതയും.
കേരളത്തില്‍ ചലച്ചിത്രമേളകള്‍ സജീവമാകുന്നത് ഇവിടെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ ഉണ്ടായിവന്ന കാലത്താണ്. ഫിലിം സൊസൈറ്റികളുടെ നിര്‍മിതിതന്നെയാണ് ചലച്ചിത്രമേളകള്‍. ഒന്നിനുപിറകെ ഒന്നായി കാലവിളംബം ഇല്ലാതെ പിറന്ന ഇരട്ടകള്‍. അതുവരെ ജാതകക്കുറിയും രാശിചക്രങ്ങളും അലോസരപ്പെടുത്താതിരുന്ന സിനിമക്ക് ഒരര്‍ഥത്തില്‍ ഇത്തരം 'തലവിധി'കള്‍ ഉണ്ടാക്കിയത് ചലച്ചിത്രമേളകളായിരിക്കണം. ഫിലിം സൊസൈറ്റികളും മേളകളും സിനിമയെ നവീകരിക്കുകയും അതിന്റെ സൈദ്ധാന്തിക അടിത്തറകളെയും പരിചരണ സങ്കേതങ്ങളെയും അര്‍ഥവത്താക്കുകയും ബലപ്പെടുത്തുകയും ചെയ്തു. സിനിമ വെറുമൊരു കളിയല്ലെന്നും ആ കളിക്ക് ചില നിബന്ധനകളും നിയമങ്ങളുമുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തി. (ഇന്നും നാട്ടിന്‍പുറങ്ങളിലെ പഴയ തലമുറക്കാര്‍ സിനിമയെ 'സിനിമാക്കളി' എന്നുതന്നെയാണ് വിളിക്കാറ്. ഇപ്പോഴത്തെ മലയാള സിനിമകള്‍ കാണുന്നവരും മനസ്സില്‍ അറിയാെത സിനിമാക്കളിയെന്നാണ് വിളിക്കാറ്. സിനിമകളെ ചുറ്റിയുള്ള മറ്റു കളികള്‍ കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ മനസ്സിലാക്കുന്നതോടെ അതൊരു കളിതമാശ തന്നെയായി മാറും.) സിനിമക്ക് അതിന്റെ വായ്‌മൊഴിക്കപ്പുറത്ത് ഒരു പ്രത്യേക ദൃശ്യഭാഷയുണ്ടെന്നും അതിനൊരു ദൃശ്യലിപിയുണ്ടെന്നും അതിന് അതിന്‍േറതായ വ്യാകരണ നിയമങ്ങള്‍ ഉണ്ടെന്നും ഒക്കെ മലയാളി മനസ്സിലാക്കുന്നത് ഫിലിം സൊൈസറ്റികളിലൂടെയും ചലച്ചിത്രമേളകളിലൂടെയും ആണ്. നമ്മുടെ പല ചലച്ചിത്രകാരന്മാരും സിനിമ പഠിച്ചതും ഈ ചിത്രങ്ങള്‍ കണ്ടിട്ടാണ്. സിനിമയുണ്ടാക്കുന്നതില്‍ മാത്രമല്ല, സിനിമ കാണുന്നതിലും നവീകരണം നടന്നത് ഈ കാലത്താണ്.
മലയാള സിനിമ 'തിരനാടക'ത്തില്‍നിന്ന് യഥാര്‍ഥ സിനിമയിലേക്ക് വളരുന്നത് അങ്ങനെയാണ്. പഴയതുപോലെ സിനിമാ ചിത്രീകരണം ഇന്ന് വെറുമൊരു ഫോട്ടോസെഷനല്ല. സിനിമയെ ഇങ്ങനെ മാറ്റിമറിക്കുന്നതില്‍, സിനിമയെ അതിന്റെ യഥാര്‍ഥ നിയോഗങ്ങളിലേക്ക് നയിക്കുന്നതില്‍, അതിനൊരു സര്‍ഗാത്മകമായ രൂപഘടന ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് മുഖ്യധാരാ സിനിമക്കാരായിരുന്നില്ല. ബധിര-മൂക സിനിമയെന്നും അവാര്‍ഡ് സിനിമയെന്നും ഉച്ചപ്പടമെന്നും പൊട്ടന്‍സിനിമയെന്നും അവഹേളിക്കപ്പെടുകയും ഇകഴ്ത്തപ്പെടുകയും അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്ത സിനിമയുടെ വിനീത പ്രവര്‍ത്തകരായിരുന്നു. ബുദ്ധിജീവിജാടയെന്നും മനുഷ്യര്‍ക്ക് മനസ്സിലാവാത്ത സിനിമയെന്നും അവരെ ഇകഴ്ത്തുമ്പോള്‍ത്തന്നെ അത്തരം സിനിമകളുടെ രക്തവും നീരും വലിച്ചെടുത്താണ് മുഖ്യധാരാ സിനിമകള്‍ പുഷ്ടിപ്രാപിച്ചത്. സ്മരണദിനങ്ങളും സ്മാരകമണ്ഡപങ്ങളും ഇല്ലാത്ത രക്തസാക്ഷികള്‍. എന്നാല്‍, ഇന്ന് ചലച്ചിത്രമേളകള്‍ മുഖ്യധാരാ സിനിമകളും അവയുടെ പ്രവര്‍ത്തകരും കൈയടക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മേളകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കച്ചവടസിനിമക്കാരാണ്. അവരെ ആദരിക്കാനും പുകഴ്ത്താനും പ്രതിഷ്ഠിക്കാനുമുള്ള വേദികളായി ചലച്ചിത്രമേളകള്‍ മാറുന്നു. മാത്രമല്ല, കച്ചവടസിനിമക്കാര്‍ മറുനാടന്‍ കഥകളും അവയുടെ ചിത്രീകരണരീതികളും അടിച്ചെടുക്കാന്‍പറ്റിയ ഒരു അങ്ങാടിയായി മേളകളെ കാണുന്നുണ്ടോ? പുതിയ ഇംഗ്ലീഷ് സിനിമകണ്ട് തിയറ്ററില്‍നിന്നിറങ്ങിയോടുന്ന രണ്ട് നാടകകൃത്തുകളെക്കുറിച്ച് ഒരിക്കല്‍ എം. കൃഷ്ണന്‍നായര്‍ എഴുതിയിരുന്നു. കണ്ട സിനിമ 'അപരന്‍' മലയാള നാടകമാക്കി എഴുതുന്നതിനുമുമ്പ് എഴുതിത്തീര്‍ക്കാനുള്ള ബദ്ധപ്പാടിലാണ് ഈ രണ്ട് നാടകകൃത്തുകളും സിനിമ കഴിയുമ്പോഴേക്കും തിയറ്ററില്‍നിന്നിറങ്ങി ഓടിയിരുന്നത്. ആ നാടകകൃത്തുകള്‍ ആരൊക്കെയായിരുന്നെന്ന് തിരുവനന്തപുരത്തുകാര്‍ക്കറിയാം.
നാല്
ചലച്ചിത്രമേളകള്‍ക്കുമുമ്പേ ആരംഭിച്ച കേരളത്തിലെ മിക്കവാറും ഫിലിം സൊസൈറ്റികള്‍ക്ക് കൂട്ടമരണം സംഭവിച്ചുകഴിഞ്ഞു. അതൊരു കൂട്ട ആത്മഹത്യയായിരിക്കുമോ? അങ്ങനെയാവണമെങ്കില്‍ അതിനൊരു കാരണം കാണണമല്ലോ? ജനപങ്കാളിത്തമില്ലാത്തതുകൊണ്ടല്ല, സൊസൈറ്റികള്‍ ഇല്ലാതെയായത്. അത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളോട് മലയാളിക്ക് അടുത്തകാലത്തുണ്ടായ വൈമനസ്യം അതിനൊരു കാരണമായിരിക്കാം. മലയാളി വീടുകളുടെ അകത്തളങ്ങളില്‍ അടിഞ്ഞുപോവുന്നത് ഒരു കാരണമാവാം. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും ഗ്രാമത്തിലെ നാടകസംഘങ്ങളും കലാസമിതികളും സംഗീതസദസ്സുകളും അന്യംനിന്നുപോയതുപോലെയായിരിക്കണം ഇതും. മലയാളി വീട്ടിലേക്കും ഇരിപ്പുമുറിയിലേക്കും ഒതുങ്ങിയെന്നും ടെലിവിഷന്റെ 'വിഷ'ബാധയേറ്റ് മയങ്ങിയെന്നും അങ്ങനെ തറപ്പിച്ചുപറയാന്‍ പറ്റില്ല. ജനസംഖ്യയുടെ ഒരുപാതി വീട്ടിലേക്കുള്ള വഴിക്കും മറുപാതി ബാറിലേക്കുള്ള വഴിയിലുമായി എന്നുപറയാം.
ഫിലിം സൊസൈറ്റികളുടെ കൂട്ട പലായനത്തിനുശേഷവും ചലച്ചിത്രമേളകള്‍ പൂര്‍വാധികം ശക്തമായി കേരളത്തില്‍ തുടരുന്നുവെന്നതൊരു സവിശേഷ സാഹചര്യമാണ്. നല്ല സിനിമയോടുള്ള പ്രിയം ഏറിയതുകൊണ്ടാണിത് എന്നുപറയാനാവില്ല. എങ്കില്‍, കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നല്ല സിനിമ കാണാനുള്ള പ്രിയം വര്‍ധിക്കുക എന്നതൊരു പ്രത്യേകതരം രോഗമാവണം. ഫിലിം സൊസൈറ്റികള്‍വഴി കൊല്ലത്തില്‍ പലതവണ നല്ല സിനിമകള്‍ കണ്ടിരുന്ന പ്രേക്ഷകന്‍ ഒരു 'മണ്ഡലകാല'ത്തിനായി കാത്തിരിക്കുന്നതെന്തിന്? ആയതിനാല്‍, നല്ല സിനിമകള്‍ കാണുക എന്നതിനും ലോകസിനിമയിലെ പുതിയ പ്രവണതകള്‍ പരിചയിക്കുക എന്നതിനുമപ്പുറം മറ്റുചില ആകര്‍ഷണങ്ങള്‍കൂടി ചലച്ചിത്രമേളകള്‍ക്ക് ഉണ്ടാവണം. അതെന്തായിരിക്കണം? മലയാളിയുടെ എന്തെങ്കിലും ഒരു 'ഏര്‍പ്പാട്' വേണമെന്നുള്ള ഒരു വെറും കാര്യമായി അതിനെ കാണാനാവില്ല. േമളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടാത്തവയും പച്ചയായി സ്ത്രീ-പുരുഷ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയുമാണ് എന്നതാണോ യുവതീയുവാക്കളെ തിയറ്ററുകളിലേക്കാകര്‍ഷിക്കുന്നത്? അതിനൊരു പ്രത്യയശാസ്ത്ര പരിസരം ഉണ്ടായിരിക്കണം. അതെന്താണ്?
ചലച്ചിത്രമേളകള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ ഇടപഴകുന്ന എല്ലാ മേഖലകള്‍ക്കും അത്തരം ഒരു പ്രത്യയശാസ്ത്ര പരിസരമുണ്ട്. നമ്മള്‍ അറിയുകയും അറിയാതെപോവുകയും ചെയ്യുന്ന ഒന്ന്. നമ്മുടെ സര്‍ഗാത്മക തൃഷ്ണകളെ ഒരു പരിധിവരെ ശമിപ്പിക്കുന്നത് ഈ കൂട്ടായ്മയാണ്. അത്തരം ദാഹങ്ങള്‍ക്ക് അടിപ്പെടാനും അത്തരം ദാഹങ്ങളെ പെരുപ്പിക്കാനുമായിരിക്കണം നമ്മള്‍ ഒത്തുചേരുന്നത്. സിനിമ അതിനൊരു നിമിത്തം മാത്രമായിരിക്കണം. അല്ലെങ്കില്‍, ഓരോ മേളകള്‍ക്കുശേഷവും നമ്മുടെ സിനിമകള്‍ നവീകരിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍, മേളകള്‍ വ്യാപകമായതോടെ മലയാളസിനിമ അതിന്റെ ആശയരൂപവത്കരണത്തിലും ദര്‍ശനപരതയിലും അനുഷ്ഠാനങ്ങളിലും ആവിഷ്‌കാരങ്ങളിലും സംവേദനക്ഷമതയിലും പിന്നിലായിക്കൊണ്ടിരിക്കുന്നു. സിനിമയില്‍ ആകെ നടന്നുകൊണ്ടിരിക്കുന്ന നവീകരണം അതിന്റെ സങ്കേതങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ക്ഷുദ്രമായ ചില 'ഗിമിക്‌സുകള്‍' മാത്രമാണ്. നിര്‍മിത മസാലകള്‍ കമ്പോളം കീഴടക്കിയതോടെ നമ്മുടെ ആഹാരപാനീയ രുചികളില്‍ വന്നുഭവിച്ച രുചികളുടെ അപചയംതന്നെയാവുമോ സിനിമാസ്വാദനത്തിലും സംഭവിച്ചിരിക്കുക. മാനുഷരെല്ലാവരെയും ഒന്നുപോലെയാക്കാന്‍ ഭക്ഷണത്തിലും വസ്ത്രധാരണത്തിലും വാസനകളിലും ശീലങ്ങളിലും ഒക്കെ സമത്വമെന്നൊരാശയത്തിന് കഴിഞ്ഞില്ലെങ്കിലും മുതലാളിത്തം ഇന്നത് ഭംഗിയായി നിര്‍വഹിക്കുന്നു. ആഹാരനീഹാരാദികളിലും ആടയാഭരണങ്ങളിലും വാമൊഴികളിലും മാത്രമല്ല, നമ്മുടെ ദൃശ്യബോധത്തിലും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മേളകളില്‍നിന്നാര്‍ജിക്കുന്ന പുതിയ സംവേദനസംസ്‌കാരം എന്തുകൊണ്ട് നമ്മുടെ സിനിമാസ്വാദനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പൊതുബോധങ്ങളെ ബാധിക്കുന്നില്ല? എന്തുകൊണ്ട് സിനിമ അനുനിമിഷം സിനിമയല്ലാതാവുകയും ചില താരങ്ങളുടെ ചില പ്രദര്‍ശനങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നുവെന്നതൊക്കെ സിനിമയെ ഗാഢമായി സ്‌നേഹിക്കുന്നവര്‍ ആലോചിക്കേണ്ട കാര്യങ്ങള്‍തന്നെയാണ്.
അഞ്ച്
മലയാളിയുടെ പൊതുബോധ മണ്ഡലത്തിന് സംഭവിച്ച ഗുണപരമായ ഇകഴ്ചയുടെ തുടര്‍ചലനങ്ങളാണോ സിനിമയിലും സംഭവിച്ചിരിക്കുക? നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ക്കുപറ്റിയ മാരകമായ തകര്‍ച്ചയുടെ തുടര്‍ച്ചതന്നെയാവണം ഇത്. രാഷ്ട്രീയബോധത്തെയല്ല ഞാന്‍ പരാമര്‍ശിക്കുന്നത്, 'ബോധ്യ'ങ്ങളെപ്പറ്റി തന്നെയാണ്. ബോധവും ബോധ്യവും രണ്ടാണ്. ബോധം സര്‍ഗാത്മകമാണ്. ബോധ്യം സമ്പൂര്‍ണമായ കീഴടങ്ങലാണ്. രാഷ്ട്രീയബോധം നമുക്ക് നഷ്ടപ്പെട്ടുവെന്നും രാഷ്ട്രീയ ബോധ്യങ്ങളാണിപ്പോള്‍ ഉള്ളതെന്നും ആര്‍ക്കാണറിയാത്തത്. ഒരു അക്ഷരത്തിന്റെ ഒരു ചെറിയ പെരുമാറ്റദൂഷ്യംകൊണ്ട് ഉണ്ടാവുന്ന അര്‍ഥാന്തരങ്ങള്‍ വളരെ വലുതാണ്. ബോധം ഒരു വാസനയാണെങ്കില്‍ ബോധ്യം ഒരു ശീലമാണ്. ചലച്ചിത്രം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഒരു വാസനക്കുപകരം ശീലമാവുന്നതാണ് കുഴപ്പം. ശീലമാവുന്നതോടെ ഒരേതരം കഥക്കും പ്രമേയത്തിനും പരിചരണത്തിനും അഭിനയത്തിനും താരത്തിനും നമ്മള്‍ അടിപ്പെടുന്നു. അതുകൊണ്ടാണ് ഒരേ താരത്തിനും ഒരേ കഥക്കും നമ്മള്‍ കീഴ്‌പ്പെടുന്നതും ഒരേതരം പടം കൂടുതലോടുന്നതും.
പ്രത്യയശാസ്്രതം നേതാവിന് കീഴ്‌പ്പെടുന്നതുപോലെയാണ് സിനിമ താരത്തിന് കീഴ്‌പ്പെടുന്നത്. പ്രമേയം പ്രകടനത്തിന് കീഴടങ്ങലാണത്. അത് സിനിമയില്‍ മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെയുള്ളതാണത്. സിനിമയുടെ യഥാര്‍ഥ സ്രഷ്ടാക്കള്‍ സിനിമയില്‍നിന്ന് പുറന്തള്ളപ്പെടുകയും അവരുടെ സ്ഥാനം വെറും പ്രകടനക്കാര്‍ കൈയടക്കുകയും ചെയ്യുന്നു. താരാധിപത്യത്തെ ആ രീതിയില്‍ മാത്രമേ എനിക്ക് കാണാന്‍ പറ്റൂ. കൈയേറ്റക്കാരായി മാത്രം. മേളകള്‍കണ്ട് പുറത്തിറങ്ങുന്നവരെങ്കിലും സിനിമയുടെ ഈ സത്യം അറിയേണ്ടതാണ്. ലോകത്തിലെ ഒരു ചലച്ചിത്രമേളയും താരത്തികവിന്റെ പേരില്‍ അറിയപ്പെടുന്നില്ല. ഒരു സിനിമയും താരത്തിന്റെ പേരില്‍ പുകഴ്ത്തപ്പെടുന്നുമില്ല. ഒരു സാധാരണ മലയാളി സിനിമകാണാന്‍ തിയറ്ററിലെത്തുന്നത് താരത്തില്‍ ആകൃഷ്ടനായിട്ടായിരിക്കാം. സാധാരണ മലയാളിയുടെ സിനിമാബോധത്തിന്റെ പരിമിതിയാണ് അതിന് കാരണം. മാത്രമല്ല, നമ്മുടെ മാധ്യമങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സിനിമയെ പരിചയപ്പെടുത്തുന്ന രീതിയും അതാണ്. എന്നാല്‍, മേളയിലെത്തുന്ന പ്രേക്ഷകന്‍ താരത്തിന്റെ പേരിലോ താരത്തിനെ കാണാനോ അല്ല സിനിമ കാണുന്നത്. സിനിമക്കുവേണ്ടിതന്നെയാണ്. മേളകളില്‍നിന്നാര്‍ജിക്കുന്ന ഈ സംസ്‌കാരം മുഴുവന്‍ സിനിമാക്കാഴ്ചകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞാലേ ചലച്ചിത്രമേളകള്‍ക്ക് പ്രസക്തി ഉണ്ടാവുകയുള്ളൂ. ഇല്ലെങ്കില്‍, നമ്മുടെ ചലച്ചിത്രമേളകള്‍ വെറും സിനിമാചന്തകള്‍ മാത്രമായി മാറും.
മലയാളിയുടെ സമയത്തിന്റെ ഏറ്റവും ഭീമമായ ഭാഗം ഉപഭോഗം ചെയ്യുന്നത് സിനിമയാണ്. സിനിമ കാണാത്തവരുടെ സമയംകൂടി സിനിമ അപഹരിക്കുന്നു. വാര്‍ത്തകളില്‍കൂടി വന്നുനിറയുന്നത് സിനിമയാണ്. പാട്ടും ആട്ടവും തമാശയും ഒക്കെ സിനിമതന്നെ. തൂണിലും തുരുമ്പിലും ഭൂമിയിലും ആകാശത്തിലും ഒക്കെയുള്ള സര്‍വവ്യാപിയായ ദൈവംപോലെയാണ് സിനിമ. അതുകൊണ്ട്, സിനിമയെ സിനിമയാക്കുക എന്നത് ഒരു പൊതുതാല്‍പര്യമാണ്.
ആറ്
ചലച്ചിത്രമേളകള്‍ അതിന്റെ യഥാര്‍ഥ നിയോഗത്തില്‍നിന്ന് അകന്നുപോവുന്നതുകൊണ്ടാണ് ചലച്ചിത്രമേളകളുടെ മറ്റ് സാഫല്യങ്ങളെകുറിച്ച് നമുക്കാലോചിക്കേണ്ടിവരുന്നത്. തിയറ്ററുകളിലെ ഇരുളില്‍ കാണുന്ന നിഴലുകള്‍പോലെ എനിക്ക് പ്രിയപ്പെട്ടതാണ് തിയറ്ററിന് പുറത്തെ കളികളും. തിയറ്ററുകള്‍ക്ക് പുറത്ത് രൂപപ്പെട്ടുവരുന്ന കൂട്ടായ്മകള്‍ സര്‍ഗാത്മകമാണ്. ഒരുപക്ഷേ, ഈ സൗഹൃദത്തിന്റെ ഗൃഹാതുരതയായിരിക്കണം കേരളത്തിനകത്തും പുറത്തുംനിന്ന് ഒരുപാട് മലയാളികളെ ഓരോ വര്‍ഷവും തിരുവനന്തപുരത്തെത്തിക്കുന്നത്. എല്ലാ കൊല്ലവും മേളകള്‍ക്കെത്തിച്ചേരുന്ന ഒരുപാട് പ്രവാസി മലയാളികളെ എനിക്കറിയാം. പലരെയും വര്‍ഷങ്ങള്‍തോറും ഞാന്‍ കണ്ടുമുട്ടാറുള്ളത് ഈ മേളയിലാണ്. ഒമാനിലെ സൂറില്‍നിന്നുള്ള രാമചന്ദ്രനും അക്കൂട്ടത്തിലൊരാളാണ്.
തിയറ്ററുകള്‍ക്ക് പുറത്തും വഴിയോരങ്ങളിലും തീന്‍കടകളിലും ഹോട്ടല്‍മുറികളിലും ബാറുകളിലും നടക്കാറുള്ള അര്‍ഥവത്തായ ചര്‍ച്ചകളും സംവാദങ്ങളും ഈ മേളകളെ അര്‍ഥവത്താക്കാറുണ്ട്. ചലച്ചിത്ര മേളകള്‍ക്കെത്തുന്നവര്‍ തിയറ്ററുകളിലെത്താതെ മേളതീരുന്നതുവരെ തിയറ്ററുകള്‍ക്കുപുറത്ത് അലയുന്ന കാഴ്ചയും കാണാറുണ്ട്. തിരുവനന്തപുരത്തെത്തി പെട്ടിവെച്ച മുറിയില്‍ത്തന്നെ മേളതീരുന്നതുവരെ പ്രതിഷ്ഠിക്കപ്പെടുന്നവരും സുലഭമാണ്. എന്തൊക്കെയായാലും ഇവരും മേളയുടെ ഭാഗംതന്നെയാണ്. അവരും ചലച്ചിത്രമേള എന്ന 'പ്രമേയ'ത്തിന്റെ അവിഭാജ്യഘടകങ്ങള്‍തന്നെയാണ്. 'കരിമരുന്ന്' പ്രയോഗം കഴിയുന്നതുവരെ ഉറക്കൊഴിക്കുന്നവര്‍ മാത്രമല്ല ഉത്സവത്തിന്റെ ഘോഷങ്ങളിലുള്ളത്. ഉത്സവം കാണാതെ പുരുഷാരം കാണുന്നവരും അതിലുള്‍പ്പെടും.
കഴിഞ്ഞ കുറെ കൊല്ലങ്ങളിലെ ചലച്ചിത്രാനുഭവങ്ങളില്‍, മേളകളില്‍ കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ച ഒരുപാട് മിഥുനങ്ങളെ എനിക്കറിയാം. ഈ മേളകളില്ലെങ്കില്‍ അവര്‍ കണ്ടുമുട്ടുകയും പരിചയപ്പെടുകയും പ്രണയിക്കുകയും ചെയ്യുമായിരുന്നില്ലെന്ന് ഞാന്‍ പറയില്ല. അത്തരം ആകസ്മികതകള്‍ നേരത്തേതന്നെ നിര്‍ണയിക്കപ്പെട്ടതാണെന്നും എനിക്ക് പറയാനാവില്ല. എങ്കിലും അതിന്റെ കാവ്യനീതിയില്‍ ഞാന്‍ സന്തോഷിക്കുന്നു. മനുഷ്യവികാരങ്ങള്‍കൊണ്ട് കളിക്കുന്ന സിനിമകള്‍ ഇരുളില്‍ അടുത്തടുത്തിരുന്ന് കണ്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതീയുവാക്കള്‍ തമ്മില്‍ പ്രണയപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് സ്ഥായിയായി മാറാനുള്ള സാധ്യതയും അധികമാണ്. ഉത്സവസ്ഥലത്ത് കണ്ട് പ്രണയിക്കുകയും മോഹിക്കുകയും ചെയ്യുന്നവരെകുറിച്ചുള്ള ഒരുപാട് കഥകള്‍ നമ്മുടെ സാഹിത്യത്തിലുണ്ട്. വളക്കടയില്‍കണ്ട പെണ്ണിന്റെ കരിമിഴിയുടെ തേരോട്ടത്തില്‍ പെട്ടുഴലുന്നതിനെക്കുറിച്ചൊരു സിനിമാപ്പാട്ടുപോലും നമുക്കുണ്ടല്ലോ?
മഹത്തായ ചലച്ചിത്രോത്സവങ്ങളെ ഞാനൊരു 'കല്യാണ ഡോട്ട് കോം' ആക്കിമാറ്റുകയല്ല ചെയ്യുന്നത്. നമ്മുടെ സിനിമകളെ മാറ്റാന്‍ കഴിയുന്നില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ ഇത്തരം ചില സന്തോഷങ്ങള്‍ നിറക്കാന്‍ മേളകള്‍ക്ക് കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നൂവെന്നുമാത്രം.
No comments:
Post a Comment