അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍
''എനിക്കും ഒരു സ്വപ്‌നമുണ്ടെ''ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു മെയില്‍ സംസ്‌കാര സമ്പന്നരായ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 500ലധികം യാത്രക്കാരുമായി നിറഞ്ഞു പറക്കാന്‍ തയാറായൊരു വിമാനത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്റെയരികില്‍ സീറ്റു ലഭിച്ച ഒരു വെള്ളക്കാരി സീറ്റ് മാറ്റിക്കൊടുക്കാനാവശ്യപ്പെടുന്നു. നിറയെ യാത്രക്കാരായതിനാല്‍ ബിസിനസ് ക്ലാസിലെ ഒരു സീറ്റില്‍, അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി അവരെ മാറ്റിയിരുത്തി പറന്നുപൊങ്ങിയ വിമാനയാത്രയെക്കുറിച്ചുള്ള 'ശുഭപര്യവസായി'യായ സന്ദേശമാണ് അത്. സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയിലുള്ള സ്‌പെയ്‌സിലൂടെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ജീവിതവും സിനിമയും കടന്നുപോകുകയാണ്. അത് ചരിത്രമാണ്; വര്‍ത്തമാനവും.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ അമേരിക്കന്‍ സിനിമയില്‍ 'കറുപ്പ്' എന്ന ഇമേജ് ചില സ്ഥിരം വാര്‍പ്പുരൂപങ്ങളിലൂടെ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്നും പേരിന് ചില കറുത്ത കഥാപാത്രങ്ങളെ കാണാമെന്നല്ലാതെ അവര്‍ കഥയെ നിയന്ത്രിക്കുകയോ അവരുടെ വൈകാരികാവസ്ഥ തുറന്നുകാട്ടപ്പെടുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സംസ്‌കാരത്തില്‍ അടിമയുടെ ഇടം എന്താണെന്ന് വെള്ളക്കാരായ കാഴ്ചക്കാര്‍ക്ക് വീണ്ടും വീണ്ടും തീര്‍ച്ചപ്പെടാനും ആശ്വസിക്കാനുമുള്ള സംവിധാനം മാത്രമായി ഇത് മാറുന്നു.
തോമസ് ഡിക്‌സന്റെ 'ദ ക്ലാന്‍സ്മാന്‍', 'ദ ലെപ്പേര്‍ഡ് സ്‌പോര്‍ട്ട്' എന്നീ കൃതികളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട 'ബെര്‍ത്ത് ഓഫ് എ നേഷന്‍' (സംവി: ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, 1915, യു.എസ്.എ) സിനിമാചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും മികച്ച സിനിമയായാണ് കരുതപ്പെടുന്നത്. മുഴുനീള ഫീച്ചര്‍ സിനിമയുടെ വിജയസാധ്യതയുടെ ആദ്യദൃഷ്ടാന്തമായും നിരവധി സിനിമാ വ്യാകരണങ്ങളുടെ ആദ്യ പ്രയോഗമായും ഈ സിനിമ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയില്‍ വര്‍ണവിവേചനം ആദ്യമായി അവതരിപ്പിച്ചതിന്റെ 'ബഹുമതി'യും ഈ സിനിമക്ക് സ്വന്തമാണ്. 19ാം നൂറ്റാണ്ടിലെ എല്ലാവിധ വര്‍ഗാനുസാര വാര്‍പ്പ്മാതൃകകളെയും ഈ സിനിമ അതിവിദഗ്ധമായി അണിനിരത്തുന്നുണ്ട്. ദക്ഷിണ അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന എല്ലാ തെറ്റിദ്ധാരണകളെയും കണ്ടെത്തലുകളെയും ഈ സിനിമ അവതരിപ്പിച്ചു എന്നതിനപ്പുറം കഥാതന്തുവിന് വലിയ പ്രസക്തിയൊന്നുമില്ല. വര്‍ണവെറിയന്മാരുടെ ഭീകരസംഘടനയായ ക്ലൂ ക്ലസ് ക്ലാനിനെ സഹതാപത്തോടെ കാണുകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവേളയില്‍ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതും ആണ് അതിന്റെ സത്ത. അതിശയോക്തീകരിക്കപ്പെട്ട ഈ സിനിമയുടെ പ്രമേയം ഇന്നത്തെ പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ച് വിശ്വസനീയമല്ലെങ്കിലും ഇത്തരം ആദ്യകാല സിനിമകളിലൂടെ സത്യത്തെ വളച്ചൊടിക്കാനും കറുത്തവരായ കഥാപാത്രങ്ങളെ വെറും അക്രമികളായ കഥാപാത്രങ്ങളല്ലാതാക്കി അവതരിപ്പിക്കാനും സാധിച്ചിരുന്നു. കറുത്തവരെ കോമാളികളാക്കി മാറ്റിയെന്നതാണ് 'ബെര്‍ത്ത് ഓഫ് എ നേഷ'ന്റെ ഏറ്റവും അപകടകരമായ ദൗത്യം. കറുത്തവന്റെ സംഗീതം, നൃത്തം എന്നിവ പ്രാകൃതവും സംസ്‌കാരശൂന്യവുമായി മാറ്റിത്തീര്‍ക്കപ്പെടുകയും വെളുത്തവനുമായുള്ള അടിസ്ഥാന വര്‍ഗ വ്യത്യാസങ്ങളെ പര്‍വതീകരിച്ച് അവന്റെ/അവളുടെ സ്വത്വം അരികുമാറ്റപ്പെടേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും ചെയ്തു. വിപരീതാര്‍ഥത്തില്‍ ചിന്തിച്ചാല്‍, വെള്ളക്കാരന്റെ ശത്രുവെന്ന നിലക്ക് 'ബെര്‍ത്ത് ഓഫ് എ നേഷനി'ല്‍ കറുത്തവര്‍ അല്‍പം ശക്തരെങ്കിലുമാണ്. മറ്റ് ആദ്യകാല സിനിമകള്‍ കൂടുതല്‍ അപമാനവീകരിക്കപ്പെട്ടതും ലഘൂകരിക്കപ്പെട്ടതുമായ 'വളര്‍ന്നിട്ടും വളര്‍ച്ചയെത്താത്ത കാപ്പിരി' (Child-Man Negro)കളായാണ് കറുത്ത വര്‍ഗക്കാരെ രേഖപ്പെടുത്തിയത്. വിഡ്ഢികളും പരിഹാസപാത്രരും അന്തസ്സില്ലാത്തവരും ഇനിയും മനുഷ്യരായി പരിണമിക്കാത്ത പൂര്‍വികരെ ഓര്‍മിപ്പിക്കുന്ന ഒരു വിഭാഗവുമായാണ് കറുത്തവര്‍ ചിത്രീകരിക്കപ്പെട്ടത്. സാമൂഹിക മാറ്റത്തിന്റെ കാലത്ത് അതില്‍ പങ്കെടുക്കാത്ത വെള്ളക്കാരന്റെ ഭയത്തെ മയപ്പെടുത്താനും അവന്റെ മേധാവിത്വ മനോഭാവത്തെ നിലനിര്‍ത്താനും കറുത്ത വംശജര്‍ ഒന്നിനും പ്രാപ്തരല്ലെന്ന് ധരിപ്പിക്കാനുമായാണ് ഇത്തരം കഥാപാത്രവത്കരണം രൂപപ്പെടുത്തപ്പെട്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത കഥാപാത്രങ്ങള്‍ ഒരു ഉദാത്തഫലിതമായിത്തീര്‍ന്നുവെന്നതാണ് ഇതിന്റെ പരിണതി. മാന്ദ്യകാലത്ത് സാമ്പത്തിക പ്രതിസന്ധികളില്‍ അവര്‍ കൂടുതല്‍ ചെറുതാക്കപ്പെട്ടു. ഇക്കാലത്ത് വിജയിച്ച സിനിമകള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് കൂടുതല്‍ അകന്നുനിന്ന പടിഞ്ഞാറന്‍ (വെസ്‌റ്റേണ്‍), രാക്ഷസ (monster) സിനിമകള്‍ എന്നിവയായിരുന്നു. ചരിത്രം, കറുത്തവന്റെ ചരിത്രം, അടിമത്തം തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ അജ്ഞതയും ഇതിന് കാരണമായി. നിലവിലുള്ള വര്‍ഗവൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതും ഉള്ളുപൊള്ളയായതുമായ ഗൃഹാതുരത്വ ശുഭപര്യവസായികളായ സിനിമകള്‍ ഒരുപക്ഷേ, കൂടുതല്‍ അപകടകരങ്ങളായിരുന്നു എന്നതാണ് വസ്തുത.
കറുത്ത വര്‍ഗക്കാരായ നടന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ 1970കളുടെ ആദ്യ ആണ്ടുകളിലാണ് വന്നുതുടങ്ങിയത്. കറുത്തവരുടെ ദേശീയത, ലഹള എന്നിവയൊക്കെ വിഷയങ്ങളാകുന്ന ആക്ഷന്‍ സിനിമകള്‍ പക്ഷേ, നിര്‍മിച്ചിരുന്നത് വെള്ളക്കാര്‍ നിയന്ത്രിച്ചിരുന്ന ഹോളിവുഡ് സ്റ്റുഡിയോകളായിരുന്നു. 'ഷാഫ്റ്റ്' (1971), 'സ്വീറ്റ് സ്വീറ്റ് ബാക്‌സ് ബാഡാസ് സോങ്' (1971), 'സൂപ്പര്‍ തപ്ലോ സ്‌ക്രീം', 'ബ്ലാക്കുള' തുടങ്ങിയ നിരവധി സിനിമകള്‍ ലക്ഷ്യംവെച്ചത് കറുത്ത മുഖങ്ങള്‍ കാണാന്‍ മോഹിച്ചെത്തുന്ന കറുത്ത വര്‍ഗക്കാരുടെ ടിക്കറ്റുകളെയാണ്. അതുകൊണ്ടുതന്നെ 'ബ്ലാക് സ്‌പ്ലോയിറ്റേഷന്‍' എന്ന പേരിലായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ അറിയപ്പെട്ടത്. കറുത്തവരുടെയും വെളുത്തവരുടെയും പക്ഷത്തുനിന്ന് ഈ സിനിമകള്‍ക്കുനേരെ 1970കളുടെ മധ്യത്തോടെ വിമര്‍ശം രൂക്ഷമായി. പ്രമേയത്തെയും കഥാപാത്രവികസനത്തെയും മൂടുന്ന രീതിയിലുള്ള ആക്ഷനുകള്‍ ഈ സിനിമക്ക് സ്വന്തമായ അസ്തിത്വം നല്‍കുന്നതിന് വിഘാതമായി. അങ്ങനെ ഈ ജനുസ്സ് വൈകാതെ ചരമമടഞ്ഞു. എന്നാല്‍, ഈ സിനിമകളെക്കുറിച്ചുള്ള തീക്ഷ്ണമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നത് മുഖ്യധാരാമാധ്യമങ്ങളില്‍നിന്നോ പ്രചാരണവേദികളില്‍നിന്നോ കറുത്തവരുടെ പ്രസിദ്ധീകരണങ്ങളില്‍നിന്നുപോലുമോ ആയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യകാലത്തും കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, ലോസ് ആഞ്ജലസ് എന്നിവിടങ്ങളില്‍ കറങ്ങിനടന്നിരുന്ന ഒരു സംഘം സിനിമാസംവിധായകരാണ് ഈ വിമര്‍ശം ഉയര്‍ത്തിയത്. ലോസ് ആഞ്ജലസ് സ്‌കൂള്‍ ഓഫ് ബ്ലാക് ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് (എല്‍.എ സ്‌കൂള്‍) എന്ന പേരിലറിയപ്പെട്ടിരുന്നവരില്‍ പ്രധാനികളായിരുന്നു ചാള്‍സ് ബുര്‍നെറ്റ്, ബില്ലി വുഡ്‌ബെറി, ഹൈലി ജെറുമാ, ജൂലിഡാഷ് എന്നിവര്‍. വര്‍ണവെറിയുടെയും അടിച്ചമര്‍ത്തലിന്റെയും അടിത്തറയില്‍ പണിത വെള്ളമേല്‍ക്കോയ്മക്ക് കീഴില്‍ കറുത്തവരുടെ സമൂഹത്തിനിടയിലുള്ള സ്വന്തം അനുഭവങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. കറുത്തവന്റെ ദേശീയത, മനുഷ്യാവകാശപ്രസ്ഥാനം, സ്ത്രീപ്രസ്ഥാനം, യുദ്ധവിരുദ്ധ പ്രഭാഷണങ്ങള്‍, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളില്‍നിന്ന് ഈ ചലച്ചിത്രകാരന്മാര്‍ രൂപവത്കരിച്ച സൗന്ദര്യശാസ്ത്രവും അവതരണരീതിയും ആഖ്യാനങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അസ്തിത്വത്തെയും അവരുടെ കുടുംബങ്ങളെയും യാഥാര്‍ഥ്യബോധത്തോടെ സ്വാംശീകരിക്കാന്‍ പ്രാപ്തമായിരുന്നു. ദൈര്‍ഘ്യമേറിയതും പ്രധാനപ്പെട്ടതുമായ അമേരിക്കന്‍ സിനിമാചരിത്രത്തിലൂടെ അവധാനതയോടെയാണ് അവര്‍ സഞ്ചരിച്ചത്. ലിങ്കണ്‍ മോഷന്‍ പിക്ചര്‍ കമ്പനി(1910), ഓസ്‌കര്‍ മിഷോക്‌സ് (1920, 1930), സ്‌പെന്‍സര്‍ വില്യംസ് (1940) എന്നീ കറുത്തവരുടെ സ്വതന്ത്ര നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തന ദശകങ്ങള്‍ കൂടാതെ താരതമ്യേന സ്വതന്ത്രനിലപാടുകളെടുത്ത മൈക്കല്‍ റോമര്‍, ജോണ്‍ കസാവെറ്റസ് തുടങ്ങിയ വെള്ളക്കാരുടെ സ്വതന്ത്ര സിനിമകളെയും അവര്‍ പഠിക്കുകയുണ്ടായി. അവര്‍ തങ്ങള്‍ പഠിപ്പിക്കപ്പെട്ട പ്രമേയത്തിന്റെയും രൂപത്തിന്റെയും പാരമ്പര്യരീതികളെ എതിര്‍ത്തു. കട്ട്, ഫെയ്‌സ്, ഫ്രെയിം കോമ്പസിഷന്‍, കാമറാചലനങ്ങള്‍ എന്നിവയിലെല്ലാം നിലനില്‍ക്കുന്ന പ്രമാണങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ട് വ്യവസ്ഥകളില്ലാത്ത രീതിയില്‍ കറുത്ത മനുഷ്യരെയും അവരുടെ സംസ്‌കാരത്തെയും കണ്ടെത്തുക എന്നതായിരുന്നു അവരുടെ പ്രധാന ആഗ്രഹം.
എന്നാല്‍, ഈ സംവിധായകര്‍ നിര്‍മിക്കുന്ന സിനിമകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയോ മുഖ്യധാരാമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നിരൂപണം ചെയ്യുകയോ വീഡിയോ കോപ്പികള്‍ ലഭ്യമാവുകയോ ചെയ്യുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. അക്കാദമികമായ എഴുത്തുകള്‍, ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ റെട്രോസ്‌പക്ടീവുകള്‍ എന്നതിനപ്പുറം ഇന്നും അമേരിക്കയിലെ പൊതുധാരയിലേക്ക് ഈ സിനിമകള്‍ക്ക് ഇനിയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
എല്‍.എ സ്‌കൂളിന്റെ കറുത്തവരുടെ സ്വതന്ത്ര സിനിമക്ക് ഇറ്റാലിയന്‍ നിയോ റിയലിസത്തോടുള്ള ബന്ധം സൂചിപ്പിക്കപ്പെടേണ്ടതാണ്. ചാള്‍സ് ബുര്‍നെറ്റിന്റെ 'കില്ലര്‍ ഓഫ് ഷീപ്പ്' (1977) എന്ന സിനിമയെ അമേരിക്കന്‍ നിയോറിയലിസത്തിലെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഛിന്നഭിന്നമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ യഥാതഥ ചിത്രമാണ് എപ്പോഴും നിയോറിയലിസത്തില്‍ പകര്‍ത്തപ്പെട്ടത്. 'കില്ലര്‍ ഓഫ് ഷീപ്പ്', അമേരിക്കന്‍ സംവിധായകനായ മൈക്കല്‍ റോമറുടെ 'നത്തിങ് ബട്ട് എ മാന്‍' (1964), ബില്ലി വുഡ്‌ബെറിയുടെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' (1984) എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള ഇമേജുകള്‍ റോസല്ലിനിയുടെ 'പൈസാന്‍' (1946), വിസ്‌കോന്തിയുടെ 'ലാടെറാ ട്രെമ' (1948) എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്.
'കില്ലര്‍ ഓഫ് ഷീപ്പ്' 1977ല്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും അതിന്റെ സംഗീതത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റിലീസിങ് സാധ്യമായിരുന്നില്ല. അതിന്റെ സംവിധായകനായ ചാള്‍സ് ബുര്‍നെറ്റ് ഇന്ന് അമേരിക്കന്‍ സംവിധായകരില്‍ പ്രഗല്ഭനായ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ചിന്തയും ധ്യാനവും ആവശ്യപ്പെടുന്ന ഒരു ശൈലിയാണ് ബുര്‍നെറ്റിന്‍േറത്. സിനിമകള്‍ എന്നും ഉപേക്ഷിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന്റെ ജീവിതമാണ് അദ്ദേഹം വിഷയമായി സ്വീകരിക്കുന്നത്. അറവുശാലയിലെ ജോലിക്കാരനായ സ്റ്റാന്‍ ആണ് സിനിമയിലെ നായക കഥാപാത്രം. സിനിമയില്‍ വലുതായൊന്നും സംഭവിക്കുന്നില്ല. രണ്ടുപേര്‍ അര്‍ധ മനസ്സോടെ ബാങ്ക് കൊള്ളക്കായി പദ്ധതിയിടുന്നു. കുട്ടികള്‍ പാറക്കഷണങ്ങള്‍ എറിയുന്ന ഒരു മത്സരം സംഘടിപ്പിക്കുന്നു. സ്റ്റാനും സുഹൃത്തുക്കളും ഒരു കാര്‍ പുനര്‍നിര്‍മിക്കാനായി ശ്രമിക്കുന്നു. ഹാസ്യവും കവിതയും തുളുമ്പുന്ന ഒരു ശൈലിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദുഃഖകരവും ഇരുണ്ടതും വളരെ സാവധാനവുമാണ് സിനിമയുടെ അന്തരീക്ഷം. ഹോളിവുഡിനെ തീര്‍ത്തും നിരാകരിക്കുന്ന ഒരു ശൈലിയാണ് സംവിധായകന്‍ ഇതില്‍ സ്വീകരിക്കുന്നത്. കഥയില്‍ ഡോക്യുമെന്ററിയും ഡോക്യുമെന്ററിയില്‍ കഥയും ബുര്‍നെറ്റ് ഇതില്‍ പരീക്ഷിക്കുന്നു. പ്രതീക്ഷയാണ് ഈ സിനിമയുടെ ആത്മാവ്. വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍നിന്ന് പ്രതീക്ഷയിലേക്കാണ് ഓരോ സീനും പ്രവേശിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ പോരാട്ടമാണ് സംവിധായകനെയും സിനിമയെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.
''ഞാനൊരു മൂന്നാം ലോക സ്വതന്ത്ര സിനിമാ സംവിധായകനാണെ''ന്ന് 1983ലെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ച ഹൈലി ജെറൂമാ ഇത്യോപ്യയില്‍നിന്ന് അമേരിക്കയിലേക്ക് 1967ലാണ് കുടിയേറിയത്. നാടകമായിരുന്നു ആദ്യ സങ്കേതം. നാടകത്തില്‍നിന്ന് പിന്നീട് സിനിമയിലേക്ക് കുടിയേറിയ ജെറൂമാ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇത്യോപ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ആഫ്രിക്കന്‍ അടിമത്തത്തിന്റെ ഭയാനകതയും കണ്ടുകൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. കറുത്തവരെ നായക കഥാപാത്രങ്ങളാക്കിക്കൊണ്ടും ലോകമാകെ പരന്നുകിടക്കുന്ന ആഫ്രിക്കന്‍ അടിമകളിലൂടെ 'ഡയസ്‌പോറ' പശ്ചാത്തലമാക്കിക്കൊണ്ടുമാണ് ജെറൂമാ സിനിമകള്‍ നിര്‍മിക്കുന്നത്. ചരിത്രവും കഥയുടെ നാടോടി പാരമ്പര്യ ശൈലിയും ഇഴചേര്‍ത്തുകൊണ്ട് പ്രകോപനപരമായ ഒരു രൂപമാണ് ഈ സിനിമകളില്‍ രൂപപ്പെട്ടത്. ഈ വഴികളിലൂടെ ലോക സിനിമയിലെ വിഖ്യാതരായ സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായി ജെറൂമാ മാറി. സാമ്പത്തിക പ്രതിസന്ധികളും ഹോളിവുഡിന്റെ നിരാകരണവും സിനിമാ ജീവിതത്തിലുടനീളമുണ്ടായിട്ടും മുന്നോട്ടുപോയ ജെറൂമാ വിതരണക്കാരെ ലഭിക്കാത്തതിനാല്‍ സ്വന്തമായി വിതരണക്കമ്പനി ആരംഭിച്ചു. വീഡിയോ കാസറ്റ് വാടകക്കാര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഒരു വീഡിയോഷോപ്പ് ആരംഭിച്ചു. തിയറ്ററുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രാജ്യത്തുടനീളം തിയറ്ററുകള്‍ വാടകക്കെടുത്ത് സ്വന്തം സിനിമകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ''സംസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ അവസാന നിലപാടിലേക്ക് ഞങ്ങള്‍ അടുക്കുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെ സ്വന്തം ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആ പോരാട്ടത്തിനര്‍ഥം'', ജെറൂമാ പറയുന്നു. സിനിമയിലൂടെ ഭൂതകാലം വീണ്ടെടുക്കുകയം ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമയുടെയും ആഫ്രിക്കന്‍ സിനിമയുടെയും ഭാവിയെ പടുത്തുയര്‍ത്തുകയുമാണ് ജെറൂമാ ഈ ശ്രമത്തിലൂടെ ചെയ്യുന്നത്. 1976ലെ ലൊക്കാര്‍ന്നോ ഫെസ്റ്റിവലില്‍ സില്‍വര്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ 'ഹാര്‍വെസ്റ്റ് -3000 ഇയേഴ്‌സ്', മൃഗീയവും സ്‌ഫോടനാത്മകവുമായ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഒരു പാവം ഇത്യോപ്യന്‍ തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
1984ല്‍ റിലീസ് ചെയ്ത 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' ചാള്‍സ് ബുര്‍നെറ്റ് തിരക്കഥയെഴുതി, ഛായാഗ്രഹണം നിര്‍മിച്ച് ബില്ലി വുഡ്‌ബെറി സംവിധാനം ചെയ്ത സിനിമയാണ്. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ പരിചിതമായ അതിര്‍ത്തികള്‍ക്കുള്ളിലാണ് അതിനാല്‍ തന്നെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' സ്ഥിതി ചെയ്യുന്നത്. സൗത്ത് സെന്‍ട്രല്‍ ലോസ് ആഞ്ജലസില്‍ ജീവിക്കുന്ന ബാങ്ക്‌സ് കുടുംബത്തിന്റെ കഥയാണിത് പറയുന്നത്. സാമ്പത്തികമായി ഞെരിയുന്ന ഗെറ്റോയില്‍ (കറുത്തവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന കോളനി) താമസിക്കുന്ന ചാര്‍ലി ബാങ്ക്‌സ് ജോലി കിട്ടാതെ വിഷമിക്കുന്നു. അന്തസ്സുള്ള ജോലി ലഭിക്കാത്തതിനാല്‍ അയാള്‍ ഭാര്യയുമായി സുഖത്തിലല്ല. കിട്ടുന്ന തുച്ഛമായ ജോലികള്‍കൊണ്ട് കുടുംബം പുലര്‍ത്താനയാള്‍ക്കാവുന്നില്ല. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ സ്റ്റാനിനെപ്പോലെ ആവര്‍ത്തന വിരസമായ ചില ജോലികളില്‍ അയാള്‍ ഏര്‍പ്പെടുന്നു -കൃഷിയിടത്തില്‍ വിത്തിറക്കുക, ഗാരേജ് പെയിന്റടിക്കുക -അഭിമാനിയാണ് ചാര്‍ളി. ജോലി കഴിയുന്നതോടെ അയാള്‍ പിരിച്ചുവിടപ്പെടുന്നു. ഡേവിഡ് ഏഡല്‍ സ്‌റ്റെയ്ന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്, ''ഇത് യഥാര്‍ഥത്തില്‍ റിയലിസമല്ല, ഭയാനകതയുടെ ദാരുണമായ കാഴ്ചയാണ്''എന്നാണ്. ഉള്‍നഗരങ്ങളിലെ കറുത്ത വര്‍ഗക്കാരന്റെ യഥാര്‍ഥ ജീവിതം ഭയാനകമാണെന്ന സത്യമാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമയും നിയോറിയലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടരുന്നത്. ഈ സിനിമയില്‍ പ്രഫഷനല്‍ നടന്മാരല്ല അഭിനയിക്കുന്നത്. കുടുംബത്തിലെ കുട്ടികളായി അഭിനയിക്കുന്ന മൂന്നുപേര്‍ ബുര്‍നെറ്റിന്റെ മക്കളാണ്. ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ ഇതില്‍ ധാരാളമായി കാണാം. ചാര്‍ളിയും ഭാര്യയും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന ഒരു രംഗം അഞ്ചു മിനിറ്റ് നേരം കട്ടുകളില്ലാതെ തുടരുന്നു. മുന്നൊരുക്കം കൂടാതെ ഒരുക്കിയ ഈ രംഗത്തില്‍ പക്ഷേ, സംഭാഷണങ്ങള്‍ രംഗത്തെ അലോസരപ്പെടുത്തുന്നില്ല. എഡ്‌ഗ്വെരേരോ പറയുന്നു: ''ചാര്‍ളിയുടെയും ഭാര്യയുടെയും സംഘര്‍ഷം ചിത്രീകരിക്കുന്ന രംഗത്തില്‍ അവരുടെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ടുവരുന്ന ചേഷ്ടകളിലൂടെയാണ് അത് പുരോഗമിക്കുന്നത്. അമച്വര്‍ നടന്മാരുടെ ഈ തനത് ശൈലിയാണ് യഥാതഥ സംഭാഷണത്തെ യഥാര്‍ഥമാക്കുന്നത്. അവരുടെ സാംസ്‌കാരിക സ്വത്വമാണ് രംഗത്തെ ഗംഭീരമാക്കുന്നത്.'' എന്നാല്‍, 'കില്ലര്‍ ഓഫ് ഷീപ്പില്‍' നിന്നും മറ്റ് ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ നിരര്‍ഥകതയാണ് വേട്ടയാടുന്നത്. കറുത്തവന്റെ നിലനില്‍പിന്റെ നിര്‍ണായകമായ ഒരു ചരിത്രസന്ധിയിലാണ് 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' നിര്‍മിക്കപ്പെട്ടത് എന്നതാണ് ഇതിന് കാരണമായി ഗ്വെരേരോ പറയുന്നത്. മയക്കുമരുന്നും അക്രമവും കാരണം രാജ്യത്തുടനീളമുണ്ടായ കറുത്തവരുടെ വംശഹത്യക്കിടയിലാണ് ഈ സിനിമ സംഭവിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സിനിമയിലെ ജീവിതത്തെ എങ്ങനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.
''ചരിത്രം വെറുതെ സംഭവിക്കുന്ന ഒന്നല്ല. സ്‌ക്രീനില്‍ കാണുന്നത് അവര്‍ ഓര്‍മിക്കും. എനിക്ക് ഇവിടെ ഉണ്ടാകണമെന്നുണ്ട്. ചരിത്രം നിര്‍മിക്കപ്പെടുന്നയിടത്ത്'', ജൂലി ഡാഷിന്റെ 'ഇല്യൂഷന്‍സ്' എന്ന സിനിമയില്‍ ഒരു കഥാപാത്രമായ മിഗ്‌നോണ്‍ സുപ്രീം പറയുന്നു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയുടേതായി അമേരിക്കയില്‍ റിലീസ് ചെയ്ത മുഴുനീള ഫീച്ചര്‍ ചിത്രമായ 'ഡോട്ടേഴ്‌സ് ഓഫ് ദ ഡസ്റ്റി'ന്റെ സംവിധായികയാണ് ജൂലി ഡാഷ്. എഴുത്തുകാരി, മ്യൂസിക് വീഡിയോ സംവിധായിക, വെബ് ഡിസൈനര്‍, കമേഴ്‌സ്യല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രസിദ്ധയാണ് ജൂലി. സൗത്ത് കരോലൈനയുടെയും ജോര്‍ജിയയുടെയും സമീപത്തെ ദ്വീപുകളില്‍ ഒന്നില്‍ താമസിക്കുന്ന, അടിമകളുടെ പിന്‍തലമുറക്കാരായ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതമാണ് 'ഡോട്ടേഴ്‌സ് ഓഫ് ദ ഡെസ്റ്റ്' രേഖപ്പെടുത്തുന്നത്. ഇതേപേരില്‍ ജൂലിതന്നെ എഴുതിയ നോവലാണ് സിനിമക്ക് ആധാരം. അമെലിയ അവളുടെ അമ്മയുടെ കുട്ടിക്കാല പദ്ധതിയിലേക്ക് യാത്രയാകുന്നു. ഒരു സന്ദര്‍ശനമെന്നതിലുപരി അവളുടെ നരവംശശാസ്ത്ര പഠനത്തിലേക്ക് കുടുംബവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശ്യം. കഥ പുരോഗമിക്കുന്നതോടെ അമെലിയ ഒരു കാഴ്ചക്കാരി എന്നതില്‍നിന്ന് സ്വയം ജ്ഞാനം നേടിയ സ്ത്രീയായി പരിണമിക്കുന്നു. കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷമായി ജൂലി ഡാഷിന്റെ ഈ സിനിമ മാറുന്നു. പുതുവഴികള്‍ വെട്ടുന്നവര്‍ക്കിടയിലാണ് ഡാഷിന്റെ സ്ഥാനം. സ്വതന്ത്ര സിനിമയുടെ വിശാലമായ മൈതാനങ്ങളിലേക്കുള്ള വാതിലുകള്‍ അവര്‍ തുറന്നിട്ടു. നിരവധിപേര്‍ അതില്‍ പങ്കുചേര്‍ന്നു. സൗന്ദര്യവും ധിഷണയും വിജയവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. കറുത്ത സ്ത്രീകള്‍ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ സ്വയം എങ്ങനെ കാണുന്നുവെന്നും ഡാഷിന്റെ പുതിയ കാഴ്ചകള്‍ വെളിപ്പെടുത്തി. അങ്ങനെ അവര്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീയുടെ സ്ഥാനം എന്താണെന്നും അവളുടെ ഇച്ഛ എന്തായിരിക്കണമെന്നുമുള്ള പാരമ്പര്യ ചിന്തയെ ബലംപ്രയോഗിച്ച് ആത്മസാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെ തിരിച്ചറിയുകയും വര്‍ത്തമാനത്തെ ഭരിക്കുകയും അങ്ങനെ നാളെയുടെ യാഥാര്‍ഥ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംവിധായികയുടെ വിജയം. അവരുടെ ഓരോ കഥാപാത്രങ്ങളും ഒരു സ്ത്രീ/ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ എങ്ങനെയായിരിക്കണമെന്നതിന് ചില ഉള്‍ക്കാഴ്ചകള്‍ സംഭാവന ചെയ്യുന്നു. ഡാഷിന്റെ കഥാപാത്രങ്ങളുടെ തീക്ഷ്ണതയും അവ ഒരുക്കുന്ന ലോകങ്ങളും കാഴ്ചക്കാരെ അവരുടെ കഥകളിലേക്കും പോരാട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും കൊണ്ടുപോകുന്നു.
ഹോളിവുഡ് കടക്കാന്‍ ധൈര്യവും മനസ്സും കാണിക്കാത്ത ലോകവും പോരാട്ടങ്ങളും ജീവിതവുമാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകള്‍ തുറന്നുവെക്കുന്നത്. കറുത്തവര്‍ക്കായി എല്ലാം ചെയ്തുകഴിഞ്ഞു എന്ന് വെളുത്തവര്‍ വിശ്വസിക്കുന്നുവെങ്കിലും മേധാവിത്വവും അടിമത്തവും ഇന്നും തുടരുകയാണ്.

No comments:
Post a Comment