ആദിവാസികള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്
തൊഴില്‍രംഗം മാറി, ദാരിദ്ര്യത്തിന്റെ സ്വഭാവം മാറി, സാംസ്‌കാരികമായി നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്നു - പക്ഷേ, അപഗ്രഥനത്തിന്റെ ചട്ടക്കൂട് മാറിയിട്ടില്ല. അതില്‍ ചാലകശക്തിയില്ല. അനിച്ഛാപൂര്‍വമായ പ്രതിഷേധങ്ങള്‍പോലും ഉണ്ടാകുന്നില്ല. കാരണം, വ്യക്തം - പ്രതിഷേധിക്കേണ്ട കൂട്ടര്‍ യുവാക്കളാണ്. അവര്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. ഈ കുടിയേറ്റം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച പ്രാഥമികദത്തങ്ങള്‍ ലഭ്യമല്ല. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്- രൂപേഷ് തുടരുന്നു.
ദാരിദ്ര്യം എന്ന പ്രശ്‌നത്തെ അമൂര്‍ത്തവത്കരണത്തിലൂടെ ഇല്ലാതാക്കാന്‍ പറ്റില്ല. ഒഴിവുസമയം സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചാലേ ബിഹാരികളുടെ ദാരിദ്ര്യം മാറൂ എന്നാണ് ഗാന്ധിജി പറഞ്ഞത്. ദാരിദ്ര്യരേഖക്കു താഴെയുള്ളവരില്‍ 25ശതമാനം പേര്‍ക്കും റേഷന്‍ കാര്‍ഡില്ല. വിതരണസമ്പ്രദായം തീരെ പ്രവര്‍ത്തിക്കുന്നില്ല- രൂപേഷ് ചൂണ്ടിക്കാണിക്കുന്നു.
ഗോത്രപ്രദേശങ്ങളില്‍ പട്ടിണികിടന്ന് മരിക്കാതെ കഴിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഉണ്ട്. പക്ഷേ, അവ സമൃദ്ധികാലത്ത് ശേഖരിച്ച് സൂക്ഷിക്കാനും ക്ഷാമകാലത്ത് ഉപയോഗത്തിന് ലഭ്യമാക്കാനുംവേണ്ട സാങ്കേതികവിദ്യയാണ് ഇല്ലാത്തത് - അദ്ദേഹം തുടരുന്നു.
നക്‌സലൈറ്റുകളോ (അവര്‍ ഇന്ന് പ്രായേണ വംശനാശം വന്ന ഒരു കൂട്ടമാണ്) മാവോവാദികളോ ദാരിദ്ര്യം ഒരു വിഷയമാക്കുന്നില്ല എന്ന അഭിപ്രായമാണ് രൂപേഷിനുള്ളത്. പക്ഷേ, നക്‌സലിസം ഇല്ലെങ്കിലും ഉണ്ടെന്നു പറയാനാണ് ഭരണസാരഥികള്‍ക്ക് താല്‍പര്യം. കാരണം, അത്തരം പ്രദേശങ്ങള്‍ക്ക് കേന്ദ്രം വക പ്രത്യേക ധനസഹായം ലഭിക്കും (ഇക്കാര്യം രാമചന്ദ്ര ഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന ഗ്രന്ഥത്തിലും അടിവരയിട്ട് പറയുന്നുണ്ട്).
നിരവധി വര്‍ഷങ്ങള്‍കൊണ്ട് അവിടവിടെ നക്‌സലുകള്‍ ചെയ്തത് ലാലു യാദവ് സംസ്ഥാനമൊട്ടുക്ക് 15 വര്‍ഷംകൊണ്ട് ചെയ്തു. ഉന്നതവര്‍ഗത്തെ ഭരണകൂടത്തിന്റെ അധികാരസ്ഥാനങ്ങളില്‍ ഒറ്റപ്പെടുത്തി, ഐ.എ.എസ്/ഐ.പി.എസിനെയാകെ ഒരരുക്കാക്കി. ഇതൊന്നും അയാള്‍ ഒരു വിപ്ലവകാരിയോ പരിഷ്‌കരണവാദിയോ ആയതുകൊണ്ട് ചെയ്തതല്ല. കേവലം പല്ലിനുപല്ല് എന്ന നയം മാത്രം. അതിലൂടെ പക്ഷേ, ഗ്രാമതലത്തിലും സ്ഥാപനതലങ്ങളിലും ധാരാളം ഘടനാപരമായ മാറ്റങ്ങള്‍ വന്നു.
എവിടെയായാലും നാം പോരാടുന്നവരോടൊപ്പം നില്‍ക്കണം. പുറത്തുനിന്നുള്ള ഉപദേശം അനൈതികമാണ്. സമാധാനപൂര്‍വമായ ബദല്‍ എന്ന ആശയം നാം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്- രൂപേഷ് പറഞ്ഞു നിര്‍ത്തി.
No comments:
Post a Comment