പൗരാവകാശത്തിന്റെ പോരാളി
1970കളുടെ അവസാനം കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കു വളര്‍ന്ന എന്റെ തലമുറയിലെ പലര്‍ക്കും മറക്കാനാവാത്ത പേരുകളിലൊന്നാണ് കെ.ജി. കണ്ണബിരാന്‍. 'വിമോചനത്തിന്റെ ദശകം കണ്ണീരും ചോരയും'1 ബാക്കിയാക്കി കടന്നുപോയപ്പോള്‍ അങ്കലാപ്പോടെനിന്ന ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യാശകളും ദിശാബോധവും നല്‍കിയ പേരുകളിലൊന്നായിരുന്നു അത്. 'വിമോചനത്തിന്റെ ദശകം'എന്ന പ്രയോഗം ഒരുപക്ഷേ, പുതിയ തലമുറക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. '70കള്‍ വിമോചനത്തിന്റെ ദശകമാണെന്നത് ചാരുമജുംദാറിന്റെ (ഒരുവേള അതിരുകടന്ന ആത്മവിശ്വാസത്തിന്റെ) പ്രശസ്തമായ വിലയിരുത്തലാണ്. 'സ്വാതന്ത്ര്യം ഒരു കീറത്തുണിയിലെ മൂന്നു വിളറിയ നിറങ്ങള്‍ മാത്രമല്ലെന്ന'2 70കളിലെ പ്രക്ഷുബ്ധ യൗവനത്തിന്റെ അവബോധം ചോരയില്‍ ഒടുങ്ങിയ ചരിത്രത്തെ വീണ്ടെടുക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു കണ്ണബിരാന്‍. പൗരാവകാശമെന്നും മനുഷ്യാവകാശമെന്നും പില്‍ക്കാലത്ത്്് ഈ പ്രവര്‍ത്തനം തിരിച്ചറിയപ്പെട്ടു. മാറിവരുന്ന സര്‍ക്കാറുകളുടെ അത്യാചാരങ്ങളുടെ സമാഹരണം മാത്രമല്ല ഭരണകൂട ഭീകരത. മൊത്തം അധികാരസംവിധാനത്തിന്റെ ഘടനയുടെ ഭാഗംതന്നെയാണ് ഭരണകൂടഭീകരതയെന്ന അവബോധം പൗരാവകാശപ്രസ്ഥാനത്തിന് നല്‍കുന്നതില്‍ കണ്ണബിരാനെപ്പോലുള്ളവര്‍ വഹിച്ച പങ്ക്്് നിസ്തുലമാണ്. അത്തരമൊരു അവബോധം പുലര്‍ത്തിയതുകൊണ്ടാണ്് ഇന്ത്യയിലെ ഏറ്റവും സജീവവും ശക്തവുമായ പൗരാവകാശപ്രസ്ഥാനം - ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി - തന്റെ പ്രവര്‍ത്തനങ്ങളുടെ തട്ടകമായ ആന്ധ്രപ്രദേശില്‍ രൂപമെടുക്കുന്നതിനുള്ള കാരണം. 1980കളില്‍ എ.പി.സി.എല്‍.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് മൊത്തം മാതൃകയായിരുന്നു.
കെ. ബാലഗോപാല്‍ മരണമടഞ്ഞ് ഒരു കൊല്ലം കഴിയുമ്പോള്‍ കണ്ണബിരാനും വിടപറഞ്ഞത് പൗരാവകാശപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. ഭരണകൂടം സ്വന്തംനിലയില്‍ നടത്തുന്ന നിയമനിഷേധമാണ് ജനാധിപത്യത്തിനുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഇരുവരും. 'തീവ്രവാദത്തെയും ഭീകരവാദത്തെയും' നേരിടാനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളെ നിരന്തരം അടയാളപ്പെടുത്തുന്നതില്‍ വ്യാപൃതനായിരുന്നു കണ്ണബിരാന്‍. ഇക്കാര്യത്തില്‍ പല ലിബറല്‍ ബുദ്ധിജീവികളും പുലര്‍ത്തുന്ന 'ധാര്‍മിക നിഷ്പക്ഷത' ബാലഗോപാലും കണ്ണബിരാനും നിരാകരിച്ചിരുന്നു. പൊലീസ് മര്‍ദനത്തിന്റെ കണക്കെടുപ്പുകള്‍ക്കുപരി, സമൂഹത്തിലെ നാനാവിധത്തിലുള്ള ജനാധിപത്യ അഭിലാഷങ്ങളുടെ വേദിയായി വളരാനും പരിവര്‍ത്തനപ്പെടാനും പൗരാവകാശപ്രസ്ഥാനങ്ങള്‍ പ്രാപ്തി നേടിയതും ഈയൊരു നിഷ്പക്ഷതയെ തള്ളിക്കളഞ്ഞതുകൊണ്ടാണ്. എന്നു മാത്രമല്ല, ഏതു ഭരണകൂടത്തിന്റെ കാലഘട്ടത്തിലും സ്വതന്ത്രമായ നിലനില്‍പ് ആവശ്യപ്പെടുന്ന ഒന്നാണ് പൗരാവകാശപ്രസ്ഥാനം എന്ന ബോധം വളര്‍ത്തിയെടുക്കുന്നതിനും കണ്ണബിരാനെപോലെയുള്ളവര്‍ നല്‍കിയ സംഭാവന നിസ്സീമമാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ സഹജഭാവമായ നീതിനിഷേധത്തിനെതിരെ സന്ധിയില്ലാസമരം നയിച്ചുവെന്നതു മാത്രമല്ല, വ്യവസ്ഥിതിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ പുലര്‍ത്തിയ അസാധാരണമായ ചങ്കുറപ്പുമാണ് ഇവരുടെ ജീവിതത്തെ ധന്യമാക്കുന്നത്.
ഭരണകൂടഭീകരത 'അസാധാരണമായ' ഒരു സ്ഥിതിവിശേഷമെന്നതിനുപകരം സാധാരണമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി മാറിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ 1970കളില്‍ എതിരഭിപ്രായങ്ങള്‍ക്ക് നിലനിന്നിരുന്ന ഇടം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഭരണകൂട സര്‍വാധിപത്യം നടപ്പില്‍വരുത്തുന്നതിന് '70കളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നുവെങ്കില്‍ ഇന്ന് അതിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കാള്‍ തീവ്രമായ നിലയില്‍ ഭരണകൂടഭീകരത നിത്യജീവിതത്തിന്റെ ഭാഗമാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബിനായക് സെന്നിനും നാരായണ്‍ സന്യാലിനും പീയുഷ് ഗുഹക്കും നേരിടേണ്ടിവന്ന കേസ്തന്നെ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. ബിനായക് സെന്നിന്റെ കാര്യം ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നു. വളരെ നല്ലതാണത്. എന്നാല്‍, നാരായണ്‍ സന്യാലിന്റെ കാര്യം അത്രത്തോളം പുറത്തറിയുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം, അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള കുറുക്കുവഴിയല്ലെന്നു വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധിയാണദ്ദേഹം.
1950കളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി, സി.പി.എം, സി.പി.ഐ-എം.എല്‍ തുടങ്ങി സുദീര്‍ഘമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഉടമയാണ്് അദ്ദേഹം. 2005ലോ 2006ലോ, കൃത്യം ഓര്‍മയില്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ആന്ധ്ര്രപദേശിലെ ഭദ്രാചലത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് അന്ന്് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഏതായാലും, അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്ന് അക്കാലത്ത് പി.യു.സി.എല്‍പോലുള്ള പൗരാവകാശസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ ഇരയാവാതിരിക്കുന്നതിനുവേണ്ടിയാണ് പൗരാവകാശ സംഘടനകള്‍ സന്യാലിനുവേണ്ടി രംഗത്തിറങ്ങിയത്. ഇപ്പോള്‍ ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് പൊലീസ് പറയുന്നത് സന്യാലിനെ ഛത്തിസ്ഗഢിലെ ഒരു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ്. ബിനായക് സെന്നിന്റെ മേല്‍ രാജ്യദ്രോഹം കുറ്റം ചാര്‍ത്തുന്നതിനും അതിനുള്ള ഗൂഢാലോചനക്കുംവേണ്ടിയാണ് സന്യാലിന്റെ അറസ്റ്റ് സംബന്ധിച്ച പുതിയ കഥ ഛത്തിസ്ഗഢ് പൊലീസ് മെനഞ്ഞിരിക്കുന്നത്. ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഭരണകൂടം കെട്ടിച്ചമക്കുന്ന നുണകളുടെ കൂമ്പാരം അമ്പരപ്പിക്കുന്നതാണെങ്കിലും ഒരു സംസ്ഥാനത്തെ പൊലീസ് ഔദ്യോഗികമായി പുലര്‍ത്തിയിരുന്ന നിലപാടിനെ മറ്റൊരു സംസ്ഥാനത്തെ പൊലീസ് കോടതിയില്‍തന്നെ നിഷേധിക്കുന്നത് ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും.
ആസൂത്രിതവും സംഘടിതവുമായ നുണകളിലൂടെ ഭരണകൂടം നിര്‍മിച്ചെടുക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷാവിധി നടപ്പാക്കുന്ന പീനല്‍ കോളനികളായി കോടതികള്‍ പരിവര്‍ത്തനപ്പെടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്്്. കീഴ്‌കോടതിയുടെ വിധിക്കെതിരെ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കി മിണ്ടാതിരിക്കുന്നതാണ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടതെന്ന 'മാന്യന്മാരുടെ' നിഷ്പക്ഷത ഭരണകൂടത്തിന്റെ വിശ്വസ്തസേവനം മാത്രമാവുന്നതും അതുകൊണ്ടാണ്. ജനങ്ങള്‍ക്കുനേരെയുള്ള അക്രമം, ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും പരിസ്ഥിതിക്കും നേരെയുള്ള അക്രമം, വിഭവസ്രോതസ്സുകളുടെ ചൂഷണം - ഇങ്ങനെ ഏതു മേഖലയെടുത്താലും ഭരണകൂടഭീകരത ഇന്ന് തൊട്ടനുഭവിക്കാന്‍പറ്റുന്ന യാഥാര്‍ഥ്യമാണ്. പക്ഷേ, അതിനെ അങ്ങനെ തിരിച്ചറിയുന്നതില്‍ നമ്മുടെ സമൂഹം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. സായുധവിപ്ലവം മാത്രമാണ് ശരിയെന്ന വിശ്വാസത്തില്‍നിന്ന് നിലവിലുള്ള ജനാധിപത്യം മാത്രമാണ് മോക്ഷമാര്‍ഗമെന്ന വിശ്വാസത്തിലേക്ക് മാര്‍ഗംകൂടിയ ബുദ്ധിജീവികള്‍ മുഖ്യധാരാ സംവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ചും ഈ നിസ്സംഗത രൂക്ഷമാണ്.
പൂര്‍വപുണ്യത്തിന്റെ ഓര്‍മയാണ്
ഇന്നെന്റെ കിരീടം
ഒഴിഞ്ഞുമാറുകയാണ്
ഇന്നെന്റെ ദിനചര്യ
കാരണം, ഞാനാണ് ഭയസത്യം
അസുന്ദരം,
ചരിത്രത്തിലെ കോമാളിയായ
ആവര്‍ത്തനം
ശബ്ദാര്‍ഥങ്ങളില്‍ വഴിപിരിഞ്ഞ നാവ്
എന്നും ഉറവയില്‍ തിരിച്ചെത്തുന്ന
പുഴ 3
കേരളത്തിലെ മടുപ്പിക്കുന്ന നിസ്സംഗതയുടെ ലക്ഷണയുക്തമായ ആവിഷ്‌കാരമാണ് ഈ വരികള്‍.
കേരളത്തില്‍ നിലവിലുള്ള കക്ഷിരാഷ്ട്രീയ ഭീകരതയെ ജനാധിപത്യപരമായ വൈവിധ്യങ്ങളുടെയും ആരോഗ്യപരമായ ഭിന്നവീക്ഷണങ്ങളുടെയും മാതൃകയായി തെറ്റിദ്ധരിക്കുന്ന വികലമായ അല്ലെങ്കില്‍, ലക്ഷണംകെട്ട ജനാധിപത്യബോധത്തെ മറികടക്കുന്നതിനുള്ള പ്രചോദനമാണ്് കണ്ണബിരാനെപോലെയുള്ളവരുടെ ജീവിതവും പ്രവര്‍ത്തനവും.
കുറിപ്പുകള്‍
1. സച്ചിദാനന്ദന്‍, 2.ധൂമില്‍, 3.കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ കവിതകളില്‍നിന്നുള്ള വരികള്‍ .
No comments:
Post a Comment