Tuesday, November 12, 2013

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ജീവിതം

നമ്പര്‍പ്ലേറ്റില്ലാത്ത വാഹനങ്ങള്‍, തൂക്കക്കട്ടികളായി ബാറ്ററിസെല്ലുകള്‍, പച്ചമുണ്ട് യൂണിഫോമാക്കിയ സ്‌കൂള്‍ കുട്ടികള്‍... ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രസകരമായ ഒരു യാത്ര


ടുവൊടിക്കുന്നൊരു യാത്രയ്ക്കുശേഷം മൊറേയില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് അതാണ്: വണ്ടികള്‍ക്കൊന്നും രജിസ്‌ട്രേഷന്‍ നമ്പറില്ല! ചൈനയുടെ ബൈക്കുകളും ഇന്ത്യയുടെ ഓട്ടോറിക്ഷയും നമ്പര്‍ പ്ലേറ്റില്‍ വെള്ളപൂശി കൂസലില്ലാതെ ചീറിപ്പായുന്നു.

മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് തൗഫലാങ്ങിലും പിന്നെ തമുവിലുമെത്തിയപ്പോള്‍ അവിടെയും അങ്ങനെത്തന്നെ. നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടികള്‍ ഊടുവഴികളിലൂടെ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നു. ഇന്ത്യയില്‍ ഇടതുവശം ചേര്‍ന്നോടിയ വണ്ടികള്‍ അപ്പുറമെത്തുന്നതോടെ വലത്തോട്ടു ചായുന്നു.

തമുവിലെ ചന്തയില്‍ ഉണക്കച്ചെമ്മീനിനു വില ചോദിച്ചപ്പോള്‍ വില്‍പ്പനക്കാരി രണ്ട് പഴയ ബാറ്ററിയെടുത്തു കാണിച്ച് എന്തോ പറഞ്ഞു.
അല്പം ഹിന്ദിയറിയുന്ന മറ്റൊരു കച്ചവടക്കാരി സഹായത്തിനെത്തി. ''ഇതില്‍ ഒരു ബാറ്ററിയുടെ തൂക്കത്തിനുള്ള ചെമ്മീനിന് ഇരുപത് രൂപ. രണ്ടു ബാറ്ററിയുടെ തൂക്കം വേണമെങ്കില്‍ നാല്പത്.'' കിലോഗ്രാം, മീറ്റര്‍ തുടങ്ങി ലോകമെങ്ങും അംഗീകരിച്ച മെട്രിക് സിസ്റ്റം നിലവിലില്ലാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് മ്യാന്‍മര്‍. സ്വന്തം അളവുതൂക്ക സംവിധാനങ്ങളാണവര്‍ക്ക്. ബാറ്ററിയും കല്ലിന്‍കഷണവുമാണ് പല ചന്തകളിലും തൂക്കക്കട്ടി.

അതിര്‍ത്തിക്കിപ്പുറം മൊറേയില്‍, മ്യാന്‍മറില്‍നിന്നൊഴുകിയെത്തുന്ന ബിയറും വിസ്‌കിയും വഴിവാണിഭക്കാര്‍ പരസ്യമായി വില്‍ക്കുന്നു. മണിപ്പുര്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണെന്ന കാര്യം ഇന്നാട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

നേരമിരുണ്ടപ്പോള്‍ മൊറേയിലെ തെരുവില്‍ ചൂതുകളി സംഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദുര്‍ഗാപൂജ ആഘോഷങ്ങളുടെ ഭാഗമായിരുന്നൂ അത്. മണിപ്പൂരിലെ 'മെയ്ത്തി'കളും അതിര്‍ത്തിയിലെ 'കുക്കി'കളും തമിഴരും പഞ്ചാബികളും നേപ്പാളികളും ബംഗാളികളും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ആനമയിലൊട്ടകത്തിന്റെ തട്ടില്‍ നോട്ടുകളിട്ട് ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നു. കാഴ്ചക്കാരായി പോലീസുകാരും പട്ടാളക്കാരുമുണ്ട്.

അതിര്‍ത്തിയിലേ വേലിക്കെട്ടുകളില്ലാതുള്ളൂ, അങ്ങോട്ടുള്ള വഴി നീളേ കടമ്പകളാണ്. ഒരു അവധി ദിവസം നാഗാലന്‍ഡിലെ കൊഹിമയില്‍ നിന്ന് രണ്ട് വണ്ടികള്‍ മാറിക്കയറി മണിപ്പുരിലെ സേനാപതിയിലെത്തിയപ്പോള്‍ സമയം നാലരയായതേയുള്ളൂ. ഇംഫാലിലേക്കുള്ള ബസ് എവിടെക്കിട്ടുമെന്നു ചോദിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് അതിശയം.

''ഇംഫാലിലേക്കിനി ബസ്സോ? അവസാന വണ്ടി മൂന്നരയ്ക്കു പോയി'', മണിപ്പുരിന്റെ തലസ്ഥാനത്തേക്ക് മൂന്നര കഴിഞ്ഞാല്‍ പിന്നെയാരും വണ്ടിയോടിക്കില്ല! ''ഇന്നിവിടെ താമസിച്ച് അതിരാവിലെ പോവാം, വേറെ വഴിയില്ല.''
പിന്നെയും മടിച്ചുനിന്നപ്പോള്‍ ഒരു പയ്യന്‍ വേറൊരു വഴി പറഞ്ഞുതന്നു. ''അപ്പുറത്തൊരു പോലീസ് ചെക്ക്‌പോസ്റ്റുണ്ട്. അടിയന്തരാവശ്യത്തിനുപോയി തിരിച്ചുപോകുന്ന ഏതെങ്കിലും വണ്ടി വന്നാല്‍ അവര്‍ കയറ്റിവിട്ടോളും.''

ചെക്ക്‌പോസ്റ്റില്‍ ഒരു ബെഞ്ചുണ്ട്. അതില്‍ രണ്ട് യുവതികളിരിക്കുന്നു. എതിര്‍ദിശയില്‍ കഡൂബയിലേക്ക് പോകാനുള്ളവരാണ്. ഇടയ്‌ക്കൊരു ചരക്കുലോറി വന്നപ്പോള്‍ പോലീസുകാര്‍ അത് കൈകാണിച്ചു നിര്‍ത്തി. രണ്ടു പെണ്ണുങ്ങളും അതിന്റെ ക്യാബിനില്‍ വലിഞ്ഞു കയറി. ഡിമാപുരില്‍ പോയി തിരിച്ചുവരികയായിരുന്ന ഒരു വാനിലാണ് ഞങ്ങളെ കയറ്റിവിട്ടത്. നിറയെ ആളുള്ള വാനില്‍, രണ്ട് സീറ്റുകള്‍ക്കിടയില്‍ വെച്ചിരുന്ന ചാക്കുകെട്ടിനു മുകളിലിരുന്ന് ഒരു സുഖയാത്ര.

വഴിയില്‍, പോലീസുകാരും അര്‍ധസൈനികരും പലവട്ടം വാന്‍ തടഞ്ഞുനിര്‍ത്തി. യാത്രക്കാരെ ചോദ്യം ചെയ്തു. ബാഗുകള്‍ പരിശോധിച്ചു. ഇംഫാലില്‍നിന്ന് മൊറേയിലേക്കുള്ള പാതയില്‍ കാവല്‍ കുറേക്കൂടി കര്‍ക്കശമാണ്. അസം റൈഫിള്‍സിന്റെ മൂന്ന് ചെക്ക്‌പോസ്റ്റുകളുണ്ട് വഴിയില്‍. 'എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, എപ്പോള്‍ തിരിച്ചുവരും' തുടങ്ങിയ ചോദ്യങ്ങള്‍. തിരിച്ചറിയല്‍ രേഖകളുടെ സൂക്ഷ്മപരിശോധന. മൊറേയെത്തുന്നതിന് പത്തു കിലോമീറ്റര്‍ അകലെ വെച്ച് ഈ പരിശോധനകളെല്ലാം തീരുന്നു. അതിര്‍ത്തിയിലെത്തുമ്പോള്‍ എല്ലാം ശാന്തം.

നാഗാലന്‍ഡ്, മണിപ്പുര്‍, മിസോറം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തി കടന്നുപോകുന്നത്. മിക്കയിടത്തും അതിര്‍ത്തിരേഖ കടലാസില്‍ മാത്രമേയുള്ളൂ. നാഗാലന്‍ഡിലെ മോണ്‍, ട്യൂന്‍സാങ് ജില്ലകളില്‍ അതിര്‍ത്തി വേലി കെട്ടിയാല്‍ പല വീടുകളുടെയും അടുക്കള ഇന്ത്യയിലും കിടപ്പുമുറി മ്യാന്‍മറിലുമായിപ്പോകും. ഇവിടെ താമസിക്കുന്ന നാഗര്‍ക്ക് അന്താരാഷ്ട്ര അതിര്‍ത്തി രേഖകള്‍ ശീലമില്ല. അവരത് അംഗീകരിക്കുന്നുമില്ല. ഇന്ത്യക്കാരെന്നോ മ്യാന്‍മറുകാരെന്നോ അവര്‍ക്ക് വേര്‍തിരിവില്ല, ഗോത്രം ഏതെന്നത് മാത്രമാണ് നോട്ടം.

വേലിയോ മതിയായ കാവലോ ഇല്ലാത്ത ഈ അതിര്‍ത്തിയില്‍ ഒരേയൊരു അംഗീകൃത കവാടമാണ് മൊറേയിലെ ഇന്‍ഡോ-മ്യാന്‍മര്‍ ഫ്രന്‍ഷിപ്പ് ഗേറ്റ്. അതു കടന്നാല്‍ മ്യാന്‍മറിലെ തൗഫലാങ് പട്ടണമെത്തി. തിരിച്ചറിയല്‍ രേഖ കൊടുത്താല്‍ ഇവിടത്തെ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് എട്ടൊമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള തമു സന്ദര്‍ശിക്കാന്‍ പാസ് കിട്ടും. വൈകുന്നേരമാവുമ്പോഴേക്ക് തിരിച്ചെത്തി തിരിച്ചറിയല്‍ കാര്‍ഡ് തിരികെ വാങ്ങണമെന്നു മാത്രം. പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഒരു വിദേശരാജ്യം സന്ദര്‍ശിക്കാം.
മണിപ്പുരില്‍ ചന്ദേല്‍ ജില്ലയിലാണ് മൊറേ. കുക്കി ഗോത്രവര്‍ഗക്കാരാണിവിടത്തെ ആദിമനിവാസികള്‍. കുക്കികളേക്കാള്‍ മുമ്പ് മൊറേയിലെത്തിയത് തങ്ങളാണെന്ന് പ്രബലരായ മെയ്ത്തികള്‍ അവകാശപ്പെടുന്നുണ്ട്. മറുനാട്ടുകാരുടെ കുടിയേറ്റം തുടങ്ങുന്നത് അറുപതുകളിലാണ്. പിന്നീട് മ്യാന്‍മറെന്ന് പേരുമാറ്റിയ ബര്‍മയിലെ പട്ടാള അട്ടിമറിയുടെ ഫലമായിരുന്നൂ അത്.

ബര്‍മയില്‍ തമിഴരും ബംഗാളികളും പഞ്ചാബികളുമുണ്ട്. കടല്‍ കടന്ന് റങ്കൂണ്‍ വഴിയാണവര്‍ അവിടെയെത്തിയത്. 1962-ലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ അവിടെനിന്ന് പലായനം ചെയ്തു. മിക്കവരും കടല്‍ കടന്നപ്പോള്‍ ചിലര്‍ കരമാര്‍ഗം ഇന്ത്യയിലെത്തി. അങ്ങനെ വന്ന കുറേപ്പേര്‍ അതിര്‍ത്തിഗ്രാമമായ മൊറേയില്‍ താമസമുറപ്പിച്ചു. തമിഴരായിരുന്നു അക്കൂട്ടത്തിലേറെയും. എണ്‍പതുകളില്‍ ഇവിടെ മൂവായിരത്തോളം തമിഴ് കുടുംബങ്ങളുണ്ടായിരുന്നു.

കുക്കികളും മെയ്ത്തികളും കഴിഞ്ഞാല്‍ ഇവിടെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് തമിഴരാണ്. പിന്നെ കുറേ നേപ്പാളികള്‍, കുറച്ച് പഞ്ചാബികളും ബംഗാളികളും. മലയാളികള്‍ രണ്ടേ രണ്ടു പേര്‍ മാത്രം. മൊറേ എ.ഡി.സി. ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഗംഗാധരനും സ്റ്റേഷനറി കച്ചവടം നടത്തുന്ന പാനൂരുകാരന്‍ രവിയും.

അതിര്‍ത്തിക്കപ്പുറവുമിപ്പുറവും ഓടാനുള്ളതുകൊണ്ടാണ് ഇരു രാജ്യങ്ങളിലുമുള്ളവര്‍ വണ്ടികളില്‍ നമ്പര്‍ പ്ലേറ്റുവെക്കാത്തത്. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളുമാണ് തമുവിലെയും തൗഫലാങ്ങിലെയും കടകളില്‍ നിറയെ. തായ്‌ലന്‍ഡില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമെത്തുന്ന തുണിത്തരങ്ങളും ചെരിപ്പുമുണ്ട്. നമ്മുടെ തേങ്ങയുടെ നാലിരട്ടി വലിപ്പമുള്ള മ്യാന്‍മര്‍തേങ്ങ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നുണ്ട്. പിന്നെ തേക്കിന്റെ ഉരുപ്പടികളും. മ്യാന്‍മര്‍ തേക്കിന് വില കുറവാണ്. വണ്ടിക്കൂലി കൊടുത്ത് കേരളത്തിലെത്തിച്ചാലും ഇവിടത്തെ വിലയുടെ പകുതിയേ വരൂ. ഇതെല്ലാം അനുമതിയോടെ പരസ്യമായി നടക്കുന്ന കച്ചവടങ്ങള്‍. രഹസ്യ ഇടപാടുകള്‍ വേറെയുണ്ട്. മ്യാന്‍മറില്‍ കുഴിച്ചെടുക്കുന്ന പത്മരാഗക്കല്ല് ഇന്ത്യയിലെത്തുന്നത് മൊറേ വഴിയാണ്. പിന്നെ മയക്കുമരുന്നു കടത്തും.

മൊറേയില്‍ ലുങ്കി മാത്രം വില്‍ക്കുന്ന കുറേ തമിഴ് കടകളുണ്ട്. തമിഴരുടെ കൈലി അതിര്‍ത്തി കടന്ന് മ്യാന്‍മറിലെത്തുമ്പോള്‍ 'ലോങ്വി' ആയി മാറുന്നു. ഇതാണവരുടെ ദേശീയ വേഷം. തൗഫലാങ്ങില്‍നിന്ന് തമുവിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ഒരു സ്‌കൂളുകണ്ടു. പച്ച മുണ്ടും വെള്ള ഷര്‍ട്ടുമാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും യൂണിഫോം. മണിപ്പുരിലെ മെയ്ത്തി സ്ത്രീകളും നിറമുള്ള മുണ്ടാണുടുക്കുന്നത്. 'ഫനേക്' എന്നു പേര്. അവരുടെ നെറ്റിക്കുറി നെറ്റിയില്‍നിന്ന് മൂക്കിന്റെ തുമ്പുവരെ നീളും. മ്യാന്‍മറിലെ സ്ത്രീകള്‍ ചന്ദനമിടുന്നത് നെറ്റിയിലല്ല, കവിളിലാണ്. ഇരു കവിളുകളും നിറയെ ചന്ദനം പൂശിയാണവര്‍ വെയിലിലേക്കിറങ്ങുന്നത്. നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞവരെ കണ്ടാലുറപ്പിക്കാം, അവര്‍ തമിഴരാണ്.

വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ സാഗായ് പ്രവിശ്യയിലാണ് തമു. തോടും കുളവും തെങ്ങും വാഴയുമായി കേരളത്തിലെ ഏതൊക്കെയോ കുഗ്രാമങ്ങളെ ഓര്‍മിപ്പിക്കും ഈ പ്രദേശം. ബുദ്ധസന്ന്യാസിമാരും പഗോഡകളും റോഡിനിരുവശത്തുമുള്ള 'ബിയര്‍ സ്റ്റേഷനു'കളും വലതുവശം ചേര്‍ന്നോടുന്ന വണ്ടികളും കാണുമ്പോഴാണ് ഇത് വേറൊരു രാജ്യമാണെന്നോര്‍ക്കുക. തമുവിലെ വാട്ടര്‍ വേള്‍ഡ് എന്ന റെസ്റ്റോറന്റ് വലിയൊരു കുളത്തിന്റെ നടുവില്‍ മരപ്പാലമിട്ട് മരംകൊണ്ട് പണിതതാണ്. വിളമ്പുകാരും നടത്തിപ്പുകാരുമെല്ലാം സ്ത്രീകള്‍. ബിയര്‍ കഴിക്കാനെത്തിയവരിലും പെണ്ണുങ്ങള്‍ക്കാണ് മുന്‍തൂക്കം.

അവിടെയിരുന്ന് പലതും കഴിച്ചു. പൊരിച്ചതും വാട്ടിയതുമായ പച്ചക്കറികള്‍ സോസില്‍ കുതിര്‍ത്തെടുത്തുണ്ടാക്കിയ അസെയ്ന്‍ജ്യോ, പച്ചക്കറികളും അണ്ടിപ്പരിപ്പും കടലയും ചേര്‍ത്ത ജ്വീന്തോ എന്ന ഇഞ്ചിനീര്‍ സലാഡ്, വാലുമുറിക്കാതെ മാവില്‍ മുക്കിപ്പൊരിച്ചെടുത്ത ചെമ്മീന്‍, ചിക്കന്‍ ഫ്രൈഡ് റൈസ്... ബില്ല് വന്നപ്പോള്‍ മൂന്നുപേര്‍ക്ക് 12,500. ഞെട്ടുന്നതിനു മുമ്പു തന്നെ വിളമ്പുകാരി വിശദീകരിച്ചു. 'ഇന്ത്യന്‍ കറന്‍സിയാണെങ്കില്‍ 830 രൂപ മതി. 'മ്യാന്‍മറിന്റെ 'ക്യാത്തി'ന് മൂല്യം വളരെ കുറവാണ്. ഇന്ത്യന്‍ രൂപയോടാണ് ഇവിടത്തുകാര്‍ക്ക് പ്രിയം. അപ്പുറവും ഇപ്പുറവും ഇരു കറന്‍സികളിലും ഇടപാടു നടക്കും.

മ്യാന്‍മറുമായുള്ള വ്യാപാരം മെച്ചപ്പെടുത്താനും യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പൂര്‍വേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്പിനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏഷ്യന്‍ ഹൈവേയും ട്രാന്‍സ് ഏഷ്യന്‍ റെയില്‍വേയും കടന്നുപോവുക മൊറേയിലൂടെയാണ്. ഇംഫാലില്‍നിന്ന് മ്യാന്‍മറിലെ കലേവ വരെ ഇന്ത്യയുടെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ പണിത ഇന്‍ഡോ-മ്യാന്‍മര്‍ ഫ്രന്‍ഷിപ്പ് റോഡ് ഈ ഹൈവേയുടെ ഭാഗമാകും. ഭാവിയിലിത് ഇന്ത്യയെ തായ്‌ലന്‍ഡുമായും ചൈനയുമായും ബന്ധിപ്പിക്കും. പിന്നെയത് തുര്‍ക്കി വഴി യൂറോപ്പിലേക്കു കടന്നുചെല്ലും. അങ്ങനെ കപ്പലിലോ വിമാനത്തിലോ കയറാതെ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലെത്താനാകും.

മയക്കുമരുന്നു കടത്തും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും തടയാന്‍ മൊറേക്കടുത്ത് പത്തു കിലോമീറ്റര്‍ നീളത്തില്‍ വേലികെട്ടുന്ന പണി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലായിരുന്ന ഒരു ഗ്രാമം അതോടെ മ്യാന്‍മറിലായി. മൊറേയിലെത്തിയതിന്റെ അടുത്ത ദിവസം ഈ വേലി കെട്ടലിനെതിരെ സംസ്ഥാന ബന്ദ് നടന്നു. തിരിച്ചുവരുമ്പോള്‍ ചന്ദേല്‍ കഴിഞ്ഞയുടന്‍ പോലീസ് വാഹനം വഴിതിരിച്ചുവിട്ടു. അപ്പുറത്തെ ജില്ലയില്‍ ബന്ദാണ്, ഗ്രാമത്തില്‍ ആഴ്ചകളായി വൈദ്യുതിയില്ലാത്തതാണ് കാരണം.

മൊറേയെ രണ്ടു ബന്ദും ബാധിച്ചില്ല. അവരത് അറിഞ്ഞുപോലുമില്ല. അത് വേറൊരു ലോകമാണ്.


*വി.ടി.സന്തോഷ് കുമാര്‍

No comments:

Post a Comment