നീതിയുടെ പാട്ടുകൾ
ഗുജറാത്ത്
വംശഹത്യക്കു ശേഷം ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന
ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രീകരിച്ച് 2002 ൽ കബീർ കലാ
മഞ്ച് എന്ന സാംസ്കാരിക സംഘടന രൂപീകരിക്കപ്പെടുന്നത്. 2005 ആവുന്നതോട്
കൂടി ജാതി വിവേചനവും ജാതിയതയും വിഷയമാക്കി കൊണ്ടുള്ള കലാ പരിപാടികൾ കബീർ
കലാ മഞ്ച് സംഘടിപ്പിക്കാൻ തുടങ്ങി.ആദിവാസികളുടെ അവകാശങ്ങൾ തൊഴിലവകാശങ്ങൾ,
അഴിമതി ,ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ പ്രത്യാഖാതങ്ങൾ എന്നിവയും
പിന്നീട് കലാ മഞ്ചിന്റെ സാംസ്ക്കാരിക പരിപാടികളുടെ വിഷയങ്ങളായി.ജാതി
പ്രശ്നം മുഖ്യ വിഷയമായെടുത്ത കലാ മഞ്ച് അംബേദ്ക്കറുടെയും മാർക്സിന്റെയും
ആശയങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരിടപെടലിനാണ് ശ്രമിച്ചത്.കബീർ കലാ
മഞ്ചിന്റെ തീക്ഷ്ണവും വിപ്ലവാത്മകവുമായ സാംസ്ക്കാരിക പ്രവർത്തനം
ഭരണകൂടത്തെയും സവർണ്ണ ഫാസിസ്റ്റുകളേയും അലോസരപ്പെടുത്തുക സ്വാഭാവികം.ഈ
രണ്ടുപക്ഷത്തു നിന്നുമുള്ള ശക്തമായ എതിർപ്പും അടിച്ചമർത്തലും
നേരിട്ടുകൊണ്ടാണ് ഇന്ന് കബീർ കലാ മഞ്ച് പ്രവർത്തിക്കുന്നത്.2011 ൽ
മഹാരാഷ്ട്രാ സർക്കാർ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി കബീർ കലാ
മഞ്ച് പ്രവർത്തകരായ ദീപക് ദേങ്ക്ലെ ,സിദ്ധാർത് ഭോൻസ്ലെ എന്നിവരെ അറസ്റ്റ്
ചെയ്തു തടവിൽ വച്ചു .മാവോയിസ്റ്റ് ആശയങ്ങളിൽ
വിശ്വസിക്കുന്നവരാണെന്നതായിരുന്നു
അവർക്കു മേൽ ചുമത്തിയ കുറ്റം.ഒടുവിൽ മുംബൈ ഹൈക്കോടതി മാവോയിസ്റ്റ്
ആശയങ്ങളിൽ വിശ്വസിക്കുന്നു എന്ന കാരണം കൊണ്ട് ഒരാൾ കുറ്റകാരനാവുന്നില്ല
എന്നു പ്രഖ്യാപിച്ചു കൊണ്ട് അവർക്ക് ജാമ്യം നൽകി.
(ന്യൂ വേവ് ഫിലിം ക്ലബിന്റെ ഉദ്ഘാടന വേദിയിൽ ...)
എന്നാൽ ഇതൊന്നും
ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾക്ക് തടസമായില്ല.ശീതൾ സാതെ,സച്ചിൻ
മാലി എന്നീ കലാ മഞ്ച് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു .ഇപ്പോഴും
കലാമഞ്ചിന്റെ പ്രവർത്തകർക്കെതിരായ വേട്ടയാടൽ തുടരുകയാണ് . സിദ്ധാർത്
ഭോൻസ്ലെ,ജ്യോതി ചോർഗെ എന്നിവരെ നക്സലൈറ്റ് പ്രസിദ്ധീകരണങ്ങൾ കൈവശം വച്ചു
എന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബർ അവസാനം നാഗ്പൂർ പോലിസ് അറസ്റ്റ്
ചെയ്തു.വലിയ എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് മാത്രമാണ് അവരെ
വിട്ടയച്ചത്.അംബേദ്ക്കറുടെയും ഭഗത്സിംഗിന്റെയും കൃതികളായിരുന്നു അവരിൽ
നിന്ന് പിടിച്ചെടുത്ത നക്സലൈറ്റ് സാഹിത്യം.ഒരുവശത്ത് ഭരണകൂടം അടിച്ചമർത്തൽ
തുടരുമ്പോൾ മറുവശത്ത് കബീർ കലാ മഞ്ചിന്റെ ജാതി വിരുദ്ധ നിലപാടുകളിൽ
വിറളി പൂണ്ട സവർണ്ണ ഫാസിസ്റ്റുകൾ അവരുടെ പരിപാടികൾക്ക് നേരെ കായികമായ
ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത് .പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നടന്ന
പരിപാടിക്ക് നേരെ ആക്രമണം അഴിച്ചു വിട്ട സംഘ പരിവാരത്തിന്റെ നടപടി രാജ്യ
വ്യാപകമായ പ്രതിഷേധത്തിനു കാരണമായി.ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്ത
നരേന്ദ്രമോഡിയെ ഡൽഹിയിൽ അരിയിട്ടു വാഴിക്കാനുള്ള നീക്കം
സജീവമായിരിക്കുന്ന കാലത്ത് മോഡിക്ക് ജയ് വിളിച്ചുകൊണ്ടാണ് സംഘപരിവാരം കബീർ
കലാ മഞ്ചിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.സാംസ്ക്കാരിക പ്രതിരോധങ്ങളെ
ആക്രമിച്ച് ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗം തന്നെയാണ് കലാ
മഞ്ചിന് നേരെ ഉണ്ടായ ആക്രമണം .സംഘപരിവാരത്തിന്റെ കൈകളിൽ നിന്നും നമ്മുടെ
ജനാധിപത്യവും മതെതരതത്വവും,ദളിത്-ആദിവാസി-സ്ത്രീ
മുന്നേറ്റങ്ങളും വെല്ലുവിളി നേരിടുമ്പോൾ കബീർ കലാ മഞ്ചിന്റെ സാംസ്ക്കാരിക
പ്രവർത്തനങ്ങൾ വലിയ രീതിയിൽ പിന്തുണക്കപ്പെടെണ്ടതുണ്ട് .അനീതി പെരുമഴ പോലെ
പെരുകുമ്പോൾ നീതിയുടെ പാട്ടുകൾ കൊണ്ട് പ്രതിരോധം തീർക്കേണ്ടതുണ്ട്.
No comments:
Post a Comment