Tuesday, November 12, 2013

"സിനിമ കാണൽ ഒരു വെറും കാണലല്ല"

ഫിലിം സൊസൈറ്റികൾക്കും , ക്ലബ്ബുകൾക്കും പഞ്ഞമില്ലാത്ത ഒരു നാട്ടിലാണ് നാം ജീവിക്കുന്നത് . ഇന്ത്യൻ സിനിമ അതിന്റെ സുവർണ്ണ ജൂബിലിയും , മലയാള സിനിമ എണ്‍പതാം വർഷവും പൂർത്തിയാക്കുമ്പോൾ നമ്മുടെ നാട്ടിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‌ നാല്പ്പതിലേറെ വർഷത്തെ ചരിത്രമുണ്ട് . കേരളത്തിൽ ആധുനികമായൊരു സിനിമാസംവേദന ശീലം സൃഷ്ടിച്ചെടുക്കുന്നതിൽ തുടക്കത്തിൽ ഫിലിം സൊസൈറ്റികൾ നല്ല പങ്കുവഹിച്ചിട്ടുമുണ്ട് . എന്നാൽ മലയാള സിനിമ ഒരു വൻ വ്യവസായമായി പരിണമിച്ചതോടുകൂടി ആധുനിക സാങ്കേതിക വിദ്യയും വൻതോതിലുള്ള മുതൽ മുടക്കും സുനിശ്ചിതമായ താര വ്യവസ്ഥയും എല്ലാമുള്ള ഒരു കമ്പോള സിനിമാ സംസ്കാരം ശക്തി പ്രാപിച്ചു . അതിനു മുൻപിൽ പിടിച്ചു നിൽക്കാനാവാതെ വന്ന ഫിലിം സൊസൈറ്റികൾ നിഷ്കൃഷ്ടമായ ഒരു സിനിമാ സംവേദന ശീലത്തിലെക്കോ , സിനിമാ സങ്കൽപ്പത്തിലേക്കോ നയിക്കുക എന്ന ദൌത്യത്തിൽ പരാജയപ്പെടുന്നതാണ് പിന്നീട് നാം കാണുന്നത് . ഇന്ദ്രിയാനുഭാവങ്ങളോട് ഏറെ അടുത്ത് നില്ക്കുന്ന ഒരു കലാരൂപമെന്ന നിലയിൽ സിനിമക്ക് ഇന്നു നമ്മുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ പ്രാധാന്യമുണ്ട് . എന്നാൽ ആ പ്രാധാന്യം അർഹിക്കുന്ന തരത്തിലുള്ള വിനിമയമോ വിശകലനമോ അല്ല ഇന്ന് നടക്കുന്നത് . അതുകൊണ്ട് തന്നെ പിന്തിരിപ്പൻ സാംസ്കാരിക മൂല്യങ്ങളുടെ ആശയ പരിസരത്ത് നിന്നും രൂപപ്പെട്ടു വരുന്ന ബിംബ നിർമ്മിതികളുടെ പ്രവാഹത്തിലൂടെ ഇന്ന് സിനിമ നമ്മെ വെറും കാഴ്ചക്കാരാക്കുകയും അങ്ങനെ നമ്മുടെ ജീവിതങ്ങളെ വെറും കെട്ടുകാഴ്ചകളാക്കി അധപതിപ്പിക്കുകയും ചെയ്യുന്നു .
 

അദ്ധ്വാന വിരുദ്ധവും , ദളിത്‌ വിരുദ്ധവും , സ്ത്രീ വിരുദ്ധവുമായ സാംസ്കാരിക ബിംബങ്ങളുടെ കൂത്തരങ്ങായി ഇന്ന് നമ്മുടെ സിനിമ മാറിക്കഴിഞ്ഞിട്ടുണ്ട് . സാമൂഹികതയെ കയ്യൊഴിഞ്ഞുകൊണ്ട് വ്യക്തിവാദപരമായ ആഖ്യാന രീതികൾ സ്ഥാപിച്ചെടുക്കുന്ന, തൊഴിലാളികൾ ക്രിമിനലുകളും , താടി നീട്ടി തൊപ്പി വയ്ക്കുന്ന മുസൽമാൻമാർ തീവ്രവാദികളും, സ്ത്രീകൾ പുരുഷന്റെ ഇംഗിതങ്ങൾക്കു വഴങ്ങി ജീവിക്കേണ്ടവരും , ദളിതർ വീട്ടു ജോലിക്കാരും കോമാളികളുമാവുന്ന ബിംബ നിർമ്മിതികൾ ഇന്ന് നമ്മുടെ സിനിമകളിൽ സുലഭമാണ് . സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് സിനിമയെ കൂടുതൽ ജനാധിപത്യ വല്ക്കരിക്കുന്നുണ്ടെങ്കിലും,പഴയ താരാധിപത്യത്തെയും പിന്തിരിപ്പൻ സാംസ്കാരിക മൂല്യങ്ങളെയും പുതിയ രീതിയിൽ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.പുതിയ സിനിമ സങ്കല്പങ്ങളും ആസ്വാദനരീതികളും വികസിപ്പിച്ചുകൊണ്ട് സിനിമയെ ജനാധിപത്യവൽക്കരിച്ചും പുതിയ സംസ്കാരത്തിന്റെ മൂല്യങ്ങൾക്കനുസരിച്ച് സിനിമാ കാഴ്ച്ചകളെ പുതുക്കി പണിയുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്

No comments:

Post a Comment