Sunday, September 16, 2012

ഇതില്‍ പരം രാജ്യദ്രോഹം മറ്റെന്താണ് ?


ഇതില്‍ പരം രാജ്യദ്രോഹം മറ്റെന്താണ് ? പാടം നികത്തലെന്ന രാജ്യദ്രോഹത്തിനെതിരെ അണിനിരക്കുക



കൃഷിഭൂമി നീര്‍ത്തട സംരക്ഷണനിയമത്തെ ഭേദഗതി ചെയ്യാനുള്ള യു.ഡി.എഫ് .സര്‍ക്കാര്‍ തീരുമാനം പടയ്ക്കകത്തുതന്നെ ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ് .എന്നാല്‍ ഈ എത
ിര്‍പ്പുകള്‍ എത്രത്തോളം പാടം നികത്തലിനെ തടയാന്‍ പര്യാപ്തമാണ് ? ജീവന്നാധാരമായ, അങ്ങിനെ ഏതൊരു സമൂഹത്തിന്റെയും നിലനില്‍പ്പിന്റെ തന്നെ അടിത്തറയായ കാര്‍ഷിക ഭൂമേഖലയെയാണ് വയല്‍നിരത്തിലൂടെ തകര്‍ത്തെറിയുന്നത് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .തല തിരിഞ്ഞ വികസന നയത്തോളം തന്നെ ഇതിന് പഴക്കമുണ്ട് .ആഗോള മുതല്‍മുടക്ക് മേളയാണ് ഇതില്‍ സാരമായ പങ്കു വഹിച്ചിട്ടുള്ളത് .വികസനത്തിന്റെ പേരില്‍ ആര്‍ക്കോ വേണ്ടി ഭൂമാഫിയകള്‍ സമൂഹത്തില്‍ ഇന്ന് സജീവമാണ് .പരിമിതമായ വരുമാനമുള്ള ഫലഭൂയിഷ്ടമായ നെല്‍വയലുകള്‍ നികത്തി വിറ്റാല്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത വിലയാണ് ലഭിക്കുന്നത് .അങ്ങിനെയാണ് തൃശൂര്‍ പുഴക്കല്‍ പാടശേഖരങ്ങള്‍ ഭൂമാഫിയകള്‍ കൈവശമാക്കുന്നതും നികത്തുന്നതും വീണ്ടും വീണ്ടും കൈമാറ്റപ്പെടുന്നതും അവിടെ "ശോഭാസിറ്റി " എന്ന കോണ്ക്രീറ്റ് തോട്ടങ്ങള്‍ ഉയര്‍ന്നിട്ടുള്ളതും .ടൂറിസം വികസനത്തിന്റെ പേരില്‍ ഇത്തരം ശോഭാസിറ്റികള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമായി ഇന്ന് പാടം നികത്തല്‍ തകൃതിയാണ് .പാടം നികത്തല്‍ നിയന്ത്രിക്കാനുള്ള 2008 ലെ നിയമം നിലനില്‍ക്കെ തന്നെയാണ് അതിനെ നോക്കുകുത്തിയാക്കികൊണ്ട് ഈ സാമൂഹ്യ ദ്രോഹം അരങ്ങേറിയത് .ഇന്ന് അതിനു സാധുത നല്‍കാനുള്ള യു.ഡി.എഫ് .സര്‍ക്കാര്‍ തീരുമാനം ഫലത്തില്‍ ആ നോക്കുകുത്തിയെയും പറിച്ചു മാറ്റലായിരിക്കും.കേരളത്തിനാവശ്യമായ ഭക്ഷ്യ ധാന്യത്തില്‍ 18 % മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ കാരണം നേരത്തെ ഉണ്ടായിരുന്ന കൃഷിഭൂമി ഇപ്പോള്‍ 5 % ആയി ചുരുങ്ങിയിരിക്കുകയാണ് ( ഇതൊരു പഴയ കണക്ക് ).ഭക്ഷ്യ ധാന്യത്തിന്റെ പേരില്‍ കേരളീയ സമൂഹം പരാശ്രിതമായത്തിന്റെ തിക്തഫലം എന്തെന്ന് നമുക്കറിയാം .പാടം നികത്തലിലൂടെ ഏക്കറു കണക്കിന് നെല്‍ വയലുകലാണ് ഇല്ലാതാകുന്നത് ഇതില്‍ പരം രാജ്യദ്രോഹം മറ്റെന്തെന്നാണ് .?സാമൂഹ്യ മനസ്സാക്ഷി ഇതിനെതിരായി ഉണര്ന്നെഴുന്നെല്‍ക്കുക വഴിയല്ലാതെ ഭൂമി നികത്തലിനെയും അതിനു കൂട്ട് നില്‍ക്കുന്ന ഭൂമാഫിയകളെയും അതിനു സംരക്ഷണം നല്‍കുന്ന ഭരണ രാഷ്ട്രീയ ദല്ലാളന്മാരേയും നിലയ്ക്ക് നിര്‍ത്ത്താനാകില്ല.

പിന്‍കുറിപ്പ് :-തോട്ടങ്ങള്‍ കയ്യടക്കിയിരിക്കുന്ന ഭൂമിയില്‍ 5 % മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അനുവദിക്കുന്ന യൂ.ഡി.എഫ്.ഉത്തരവ് വഴി ആകെ മാറുന്നത് 90 ,000 ഹെക്ടര്‍ ( 2 ,25 , 000 ഏക്കര്‍ ) കേരളത്തിലെ മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും": ഒരേക്കര്‍ "വച്ചു കൊടുക്കാനുള്ളത്ര വരുമിത്‌

'എമര്‍ജിംഗ് കേരളയുടെ ബ്രോഷര്‍ കത്തിക്കുന്നു'

കേരളത്തെ ആഗോള മുതലാളിത്ത സമ്പദ് ഘടനയോടും സാമ്രാജ്യത്ത - പ്രത്യേകിച്ച് യു . എസ് സാമ്രാജ്യത്ത പുത്തന്‍ കൊളോണിയല്‍ അധികാര ആധിപത്യത്തോട്‌ ഇനിയും കൂടുതല്‍ 'മെര്‍ജ്ജു' ചെയ്യാന്‍ (സംയോജിപ്പിക്കാന്‍ ) ഉള്ള തദ്ദേശ വൈദേശിക അധികാര ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി സെപ്റ്റംബര്‍ 12 , 13 , 14 തിയ്യതികളില്‍ കേരളത്തെ വികസിപ്പിക്കാനെന്ന പേരില്‍ ' എമെര്‍ജിംഗ് കേരള ' മുതല്‍ മുടക്ക് സംഗമം എന്ന വിരോധാഭാസം അരങ്ങേറി.

ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത, അതേ സമയം കേരളത്തിന്‍റെ സമ്പുഷ്ടമായ വിഭവ സമ്പത്തുകളെയും , സമ൪ത്ഥവും വിപ
ുലവുമായ മാനവ വിഭവ ശേഷിയെയും കൊള്ളയടിക്കാനും പ്രകൃതി രമണീയതയെ ചൂഷണം ചെയ്യാനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളാണ് ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്നത് . വിവധ തരം ടൂറിസം ആണ് ഒരു പ്രധാന ഇനം . ഔട്ട്‌സോഴ്സിങ്ങും മറ്റും അതിനു താഴെയായി വരുന്നു. ഇവക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതും ഈ വികസന പ്രക്രിയയുടെ ഭാഗമാണ് . അതിനുള്ള നിയമ ഭേദഗതികളും നിര്‍മ്മാണങ്ങളും നേരത്തെ തന്നെ വരുത്തി കഴിഞ്ഞു . രൂക്ഷമായ വ്യവസ്ഥാ പ്രതിസന്ധിയിലും തകര്‍ച്ചയിലും അകപ്പെട്ടിട്ടുള്ള ആഗോള മുതലാളിത്ത സമ്പദ്ഘടനയുമായി കൂടുതല്‍ കൂട്ടി കെട്ടുന്ന ഈ വികസന പദ്ധതി കേരളത്തിന്‍റെ തനതായ ഭൗമ സന്തുലിതാവസ്തയെയും , പരിസ്ഥിതിയെയും , സംസ്കാരത്തെയും , മനോഘടനയെതന്നെയും തകിടം മറിക്കുന്നതും ജീര്‍ണമാക്കുന്നതും ആണ് . മുന്‍ കാലങ്ങളിലെന്നപ്പോലെ കേരളത്തിന്‍റെ യഥാര്‍ഥ വികസനത്തെയല്ല വിനാശത്തെയായിരിക്കും ഇത് പ്രതിനിധാനം ചെയ്യുക.. 
എമെര്‍ജിംഗ് കേരള കേവലമൊരു വികസന പദ്ധതി മാത്രമായി കാണുവാന്‍ കഴിയില്ല .ഭരണകൂടത്തിന്റെ സമഗ്രമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ് ഈ പദ്ധതി.നിയമനിര്‍മ്മാണസഭയും , എക്സിക്യൂട്ടീവും , കോടതികളും ഒരുപോലെ ഈ അജണ്ടയുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്ന
ു. മൂലധനത്തിന് അനുകൂലമായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടന്നു കഴിഞ്ഞു.മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ തോട്ട ഉടമകളെ സഹായിക്കുന്ന ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി , ആദിവാസി ഭൂനിയമം ,ടൂറിസത്തിനായി തോട്ടം ഭൂമിയുടെ 5 % മാറ്റി വയ്ക്കാമെന്നുള്ള ഉത്തരവ് , നെല്‍വയലും തണ്ണീര്‍തടങ്ങളും നികത്തുന്നത് തടയുന്നതിനുള്ള നിയമത്തില്‍ വരുത്താന്‍ ഉദ്ദേശിച്ചുള്ള ഭേദഗതി തുടങ്ങിയവ ഉദാഹരണങ്ങളാണ് .ജനങ്ങള്‍ അവസാന ആശ്രയമായി കരുതുന്ന കോടതികളാകട്ടെ പൊതു യോഗങ്ങളും , പ്രകടനവും ജനകീയ സമരരൂപങ്ങളും നിരോധിച്ചു കൊണ്ട് മൂലധനാനുകൂല നയങ്ങള്‍ക്ക് കുട പിടിച്ചു കൊടുക്കുന്നതാണ് നാം കാണുന്നത് .
എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച 90 ശതമാനം പദ്ധതികളും തണ്ണീതടങ്ങളും നെല്‍വയലുകളും നികത്തി സ്കൂളുകളും റിസോര്‍ട്ടുകളും ഹോട്ടലുകളും ഹെല്‍ത് ക്ളബുകളും സ്ഥാപിക്കലാണ്. നിക്ഷേപ സംഗമത്തില്‍ തൊഴില്‍സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല .പൊതുമേഖലയെ പൂര്‍ണമായും തഴഞ്ഞ് സ്വകാര്യ മേഖലക്ക് മുന്തിയ പരിഗണന നല്‍കുന്നതാണ് എമര്‍ജിങ് കേരളയിലെ പദ്ധതികളേറെയും. കഴക്കൂട്ടം ആറ്റിപ്രയിലെ അഞ്ചേക്കര്‍ റവന്യൂ ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ച് നല്‍കാനുള്ള നീക്കവും ഇതിന്റെ മറവില്‍ അരങ്ങേറുന്നു.വാഗമണ്‍, നെല്ലിയാമ്പതി, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ നശിപ്പിച്ച് ഹെല്‍ത്ത്, ഗോള്‍ഫ് ക്ളബുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുന്നു.വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കൈമാറാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്കെന്ന പേരില്‍ ആയിരക്കണക്കിന് ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താനും അനുമതി നല്‍കിയിട്ടുണ്ട്.
  
ഒരു ജീവിതകാലത്തെ മുഴുവന്‍ അദ്ധ്വാനവും കൊണ്ട് സ്വരൂപിച്ചെടുത്ത കൊച്ചുകൊച്ചു സമ്പാദ്യങ്ങളാണ് എമെര്‍ജിംഗ് കേരളയുടെ പേര് പറഞ്ഞു കൊണ്ട് സ്വകാര്യ മൂലധനത്തിന് സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കാന്‍ പോകുന്നത് .തികച്ചും സൌജന്യ നിരക്കിലാണ് നമ്മുടെ നാ
ടിന്റെ പ്രകൃതി വിഭവങ്ങളും മനുഷ്യവിഭവശേഷിയും സ്വകാര്യ മൂലധന ശക്തികള്‍ക്ക് കൈമാറുന്നത് .പദ്ധതികള്‍ക്കായി ലക്ഷക്കണക്കിന്‌ ജനങ്ങളാണ് കിടപ്പാടവും കൃഷിഭൂമിയും ഉപജീവനമാര്‍ഗങ്ങളും നഷ്ട്ടപ്പെട്ട് തെരുവിലേക്ക് ആട്ടിയോടിക്കപ്പെടുക.
എമര്‍ജിംഗ് കേരളയിലൂടെ കേരളത്തെ വില്‍ക്കാന്‍ അനുവദിക്കരുത്, സ്വാശ്രിത സമ്പദ്ഘടനയ്ക്കായി അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എമര്‍ജിംഗ് കേരളയ്ക്കെതിരായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം 'എമര്‍ജിംഗ് കേരളയുടെ ബ്രോഷര്‍ കത്തിച്ചുകൊണ്ട് 'പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉത്ഘാടനം ചെയ്യുന്നു.

പോരാട്ടം ജനറല്‍ കണ്‍വീനര്‍ സഖാവ് എം .എന്‍ രാവുണ്ണി ,എന്‍ .സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സമീപം ....

സദാചാര പോലീസിംഗ് സാമൂഹ്യ വികാസത്തിന് തടസ്സം..ചെറുക്കുക


കേരളത്തില്‍ അടുത്ത കാലത്ത് സദാചാര വിചാരണകള്‍ ആശങ്കപ്പെടുത്തുന്ന വിധം വര്‍ദ്ധിച്ചു വരികയാണ് .സാമൂഹിക വികസനത്തിന്റെയും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെയും ഭാഗമായി മുന്പെന്നത്തെക്കാളധികം സ്ത്രീകള്‍ ഇന്ന് പൊതുരംഗത്തേയ്ക്ക് കടന്നു വരുന്നുണ്ട് .സ്ത്രീകളുടെ ഈ കടന്നുവരവ് കുടുംബത്തിനകത്തും പുറത്തും സ്ത്രീ - പുരുഷ ബന്ധങ്ങളുടെ പരമ്പരാഗത രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട് .എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ആശയപരമായി മേല്‍ക്കൈ ഉള്ള പുരുഷാധിപത്യ ബോധം ഈ മാറ്റങ്ങളെ പല രീതിയില്‍ നിയന്ത്രിക്കുന്നതിനു ശ്രമിച്ചു
വരികയാണ് .അതേ സമയം ആഗോള മൂലധനം , തങ്ങള്‍ സ്വതന്ത്രരാണെന്ന മിധ്യാബോധമുണ്ടാക്കി സ്ത്രീയെ വിപണിസംസ്കാരത്ത്തിന്റെ ഇരയായി നിലനിര്ത്തുകയും ചെയ്യുന്നു .ഈ ഒരു പൊതു പശ്ചാത്തലത്തില് നിന്നു കൊണ്ടു മാത്രമേ നമുക്ക് കേരളത്തില് ഇന്ന് വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളെ കാണാന്‍കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന നല്കുന്ന അവകാശങ്ങളായ സഞ്ചാര സ്വാതന്ത്ര്യം , അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ ഇന്ത്യയിലുള്ള എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും ഒരുപോലെ ഉറപ്പു നല്കപ്പെട്ടവയാണ് .എന്നാല്‍ ഇന്ന് സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒന്നിച്ചു കേരളത്തില്‍ യാത്ര ചെയ്യാന്‍ പോലും രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് .ഒരു വശത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയയാക്കപ്പെടാവുന്ന സ്ഥിതി നിലനില്ക്കുമ്പോള്‍ മറുവശത്ത് ഒരുമിച്ചു യാത്ര ചെയ്യുന്ന , സിനിമയ്ക്ക് പോവുന്ന , ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീ-പുരുഷന്മാരും ആക്രമിക്കപ്പെടുന്നു .ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ , സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ നിശ്ചിതമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ബാധ്യസ്ഥരാണെന്ന പൊതു ബോധാമാണുള്ളത്.തികച്ചും പൌരാവകാശ ലംഘനമെന്ന് വിളിക്കാവുന്ന അവസ്ഥയിലേക്കാണ് സാമുദായിക നിയമങ്ങളും വ്യവസ്ഥകളും സ്ത്രീകളെ തള്ളിയിടുന്നത് .സ്ത്രീയെ പുരുഷന്റെ സ്വകാര്യസ്വത്ത് എന്ന നിലയിലും കേവലമൊരു ലൈംഗിക ഉപകരണമെന്ന നിലയിലും ചുരുക്കി കാണുന്നതിനു ഇത് കാരണമാകുന്നു .

കേരളത്തില്‍ ഈ വര്‍ഷം പതിനാലോളം കേസുകള്‍ സദാചാര പോലീസിംഗിനെതിരെ രേജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി .സദാചാര പോലീസിംഗിനെതിരെ നടപടിയെടുക്കാന്‍ തക്കമുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടിളില്ലെന്നാണ് മന്ത്രി വിലപിക്കുന്നത് .സമൂഹത്തിന്റെ പാതി വരുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ത്രാണിയില്ലായ്മയാണീ വിലാപത്തില്‍ കാണുന്നത് .മാത്രവുമല്ല വ്യവസ്ഥിതിയില്‍ രൂഡമൂലമായ പുരുഷാധിപത്യ ബോധത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വവും ഭരണകൂടവുമാണ് നമുക്കുള്ളതെന്നു ഇത് ഒരിക്കല്‍ കൂടി തെളിയിക്കുന്നു .ആക്രമിക്കപ്പെടുന്ന സ്ത്രീയ്ക്ക് നീതി ഉറപ്പു വരുത്താന്‍ ബാധ്യതയുള്ള നീതിന്യായ സമൂഹമാകട്ടെ സ്ത്രീയെന്നാല്‍ അടി മുതല് മുടി വരെ ലൈംഗികതയാണെന്ന വ്യാഘ്യാനങ്ങളോടെ സ്ത്രീയെ ഇപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളായി കാണുന്ന ബോധത്തിന് ഊടും പാവും നെയ്യുന്നു.

വഴി തെറ്റി പോവുന്ന പെണ്കുട്ടികളെ നേര്‍വഴിക്കു കൊണ്ടു വരുവാനും ആപത്തില്‍ പെട്ടെക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കലായും സദാചാര പോലീസ് ഇടപെടലുകളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചവരെന്നു നടിക്കുന്ന ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട് .കൈക്കൂലി വാങ്ങിയ ഡോക്ടറെ ജനകീയ വിചാരണ നടത്തിയ നടപടിയുമായി സദാചാര പോലീസിംഗിനെ താരതമ്യം ചെയ്യുന്ന പ്രസ്താവനകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് സുലഭമാണ് .വാസ്തവത്തില്‍ സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ യാതൊരു ഇടപെടലും നടത്താതിരുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .ട്രെയിന്‍ യാത്രയില്‍ കൊല ചെയ്യപ്പെട്ട സൗമ്യയുടെ മരണം ഇതിനൊരുദാഹരണമാണ് .ക്രൂരമായി ചതിക്കപ്പെട്ടു രാഷ്ട്രീയ -മത-സാമുദായിക നേതൃത്വങ്ങളുടെ ഒത്താശയോടു കൂടി പെണ്‍വാണിഭ സംഘങ്ങളുടെ കൈയിലകപ്പെട്ട സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട് .ഇത്തരം സംഭവങ്ങളിലൊന്നും സദാചാര പോലീസുകാരെ രക്ഷകരായി അവതരിച്ചു നമ്മള്‍ കണ്ടിട്ടില്ല.യഥാര്ത്ഥത്തില്‍ അപകടത്തില്‍ പെട്ട സ്ത്രീകളെ രക്ഷിക്കാതിരിക്കലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതും പൊതു ഇടങ്ങളില്‍ സ്ത്രീകളെ സദാചാര വിചാരണയ്ക്ക് വിധേയരാക്കുന്നതുമെല്ലാം ഒരേ പുരുഷാധിപത്യ ബോധത്തിന്റെ പല മുഖങ്ങളാണ്

ഈ സാഹചര്യത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോല്പ്പിക്കേണ്ടത് ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വികാസത്തിനും സ്ത്രീയുടെ എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ് .
(സദാചാര 'പോലീസിംഗ് ' വിരുദ്ധ സമിതി)

'ജനകീയ സമരങ്ങളുടെ ഏകോപനം- സമീപനരേഖ'....

ഇന്നലെ(2011ജൂണ്‍ 3 ) എറണാകുളം കെ എസ് ഇ ബി ഹാളില്‍ നടന്ന ജനകീയ സമര സംഗമവും ,മൂലമ്പിള്ളി ഐക്യദാര്‍ഡ്യം സമ്മേളനത്തില്‍  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി തുഷാര്‍ നിര്‍മല്‍ സാരഥി അവതരിപ്പിച്ച 'ജനകീയ സമരങ്ങളുടെ ഏകോപനം- സമീപനരേഖ'...


കേരളത്തില്‍ വ്യാപകമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രാദേശികമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലോ, പാര്‍ശ്വവത്കൃത ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്‍റെ ഭാഗമായിട്ടോ ആണ് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. എങ്കിലും അലസമായ രാഷ്ട്രീയ വ്യവഹാരത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന്‍റെ രാഷ്ട്രീയ പരിസരത്തെ ചൂടുപിടിപ്പിക്കാനും, ചൈതന്യവത്താക്കാനും ഇങ്ങനെ ഉയര്‍ന്നുവരുന്ന ജനകീയ സമരങ്ങളില്‍ ചിലതിനെങ്കിലും കഴിഞ്ഞിട്ടുണ്ട്. ആദിവാസി ഭൂമി പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്ന മുത്തങ്ങ, ഭൂപരിഷ്കരണ നിയമത്തിന്‍റെ പൊള്ളത്തരങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കിയ ചെങ്ങറ, പ്രകൃതി വിഭവങ്ങളുടെ മേല്‍ ജനങ്ങള്‍ക്കുള്ള അധികാരം ചര്‍ച്ചയാക്കിയ പ്ലാച്ചിമട എന്നിവ ഉദാഹരണങ്ങളാണ്.

ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പിന്‍റെ ഭാഗമായിട്ടാണ് ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ആധാരമായ സംഘര്‍ഷാത്മകമായ സാഹചര്യങ്ങള്‍ രൂപപ്പെടുന്നത്. ഭരണകൂടം പിന്തുടരുന്ന പൊതുവായ ജനവിരുദ്ധ നയങ്ങള്‍ പ്രത്യേക പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവിതവുമായി സംഘര്‍ഷത്തിലാവുന്നതിനെ തുടര്‍ന്ന് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ സമരരംഗത്തേക്ക് വലിച്ചിഴക്കപ്പെടുന്നു. മിക്കപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഈ സമരങ്ങളില്‍ പങ്കാളിത്തം വഹിക്കാറുണ്ട്. എന്നാല്‍ ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും പലപ്പോഴും ഇത്തരം സമരങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് പതിവ്. ഒരര്‍ത്ഥത്തില്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാകുകയും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനു തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ സ്വമേധയാ സന്നദ്ധരായി തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടു വരുന്നത്.

എന്നാല്‍ മിക്കപ്പോഴും ജനകീയ സമരങ്ങള്‍ നിയതമായ ഒരു പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഏറ്റുമുട്ടലായി ചുരുങ്ങി പോകുന്ന കാഴ്ചയാണ് നാം കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സമരങ്ങള്‍ ഉയര്‍ന്നുവരുന്നതിനു പിന്നില്‍ ഭരണകൂടത്തിനുള്ള പങ്കു വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന പരിമിതി ഇത്തരം സമരങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളില്‍ ഏതെങ്കിലും ഒന്ന് ആത്യന്തികമായി പരിഹരിക്കപ്പെട്ടാല്‍ തന്നെ നാളെ കേരളത്തിന്‍റെ മറ്റേതെങ്കിലും പ്രദേശത്തു സമാനമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാമെന്ന അവസ്ഥ നിലനില്‍ക്കുന്നു.

ഭരണകൂടത്തിന്‍റെ പൊതുവായ ജനവിരുദ്ധനയങ്ങളുടെ ഭാഗമായിട്ടാണ് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. മൂലമ്പിള്ളി കുടിയിറക്ക് വിരുദ്ധ സമരവും, പ്ലാച്ചിമട സമരവും മുത്തങ്ങയും എല്ലാം വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഉയര്‍ന്നുവരുന്നതെങ്കിലും ഭരണകൂടത്തിന്‍റെ ജനവിരുദ്ധ സമീപനം ഈ പ്രശ്നങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത് കാണാം. എന്നാല്‍ അത്തരത്തില്‍ ഈ സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനകീയ സമരങ്ങള്‍ വികസിച്ചു വന്നു ഒരു ഘട്ടം കഴിയുമ്പോള്‍ വ്യവസ്ഥിതി തന്നെ ഇത്തരം സമരങ്ങളെ പിടിച്ചെടുക്കുന്നതായി / ഏറ്റെടുക്കുന്നതായിട്ടാണ് നമ്മുടെ അനുഭവം. ജനകീയ സമരങ്ങള്‍ക്ക് ആധാരമായ ഭരണകൂടത്തിന്‍റെ പങ്കിനെ തിരിച്ചറിയുന്നതില്‍ അല്ലെങ്കില്‍ വേണ്ട രീതിയില്‍ എതിര്‍ക്കുന്നതില്‍ കാണിക്കുന്ന അലംഭാവമാണ് ഇത്തരം അവസ്ഥക്ക് വഴിവെക്കുന്നത്. വ്യവസ്ഥിതി ഏറ്റെടുക്കുന്നതോടുകൂടി ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ദിശയുടെ മുനയൊടിക്കപ്പെടുകയും അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്നു.ജനവിരുദ്ധ നയങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഭരണകൂടത്തിന്‍റെ പ്രതിനിധികള്‍ തന്നെ ജനകീയ സമരങ്ങളില്‍ അണിനിരക്കുന്ന കാഴ്ചയും നാം പലപ്പോഴും കാണേണ്ടി വരുന്നു. അവരില്‍ ചിലരുടെയെങ്കിലും വ്യക്തിപരമായ നന്മയും ശുദ്ധതയും ചോദ്യം ചെയ്യപ്പെടാവുന്നതല്ലെങ്കില്‍പോലും പൊതുവില്‍ ഇത്തരം ഇടപെടലുകള്‍ ദീഘകാലാടിസ്ഥാനത്തിലുള്ള പരിശോധനയില്‍ ഫലപ്രദമല്ലെന്ന് കാണാവുന്നതാണ്. ജനകീയ സമരങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങളെ പ്രത്യേകമായി കാണുകയും അവയ്ക്ക് കാരണമായ പൊതു അടിത്തറയായ ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളെ വിട്ടുകളയുകയും ചെയ്യുന്ന പ്രവണത ഉണ്ടാക്കി തീര്‍ക്കുന്ന അപകടമാണിത്.


അവഗണിക്കപ്പെടുന്ന ഈ പൊതുപശ്ചാത്തലത്തെ, ഭരണകൂടത്തിന്‍റെ പങ്കിനെ തുറന്നു കാണിക്കുന്ന ഇടപെടലിലൂടെ മാത്രമേ ജനകീയ സമരങ്ങളുടെ രാഷ്ട്രീയത്തെ വികസിപ്പിക്കാനും ബദല്‍ രാഷ്ട്രീയാന്വേഷണങ്ങളുടെ വേദിയാക്കി മാറ്റാനും കഴിയുകയുള്ളൂ. അതേ സമയം ഓരോ സമരങ്ങളുടെയും തനിമയും വ്യക്തിത്വവും നിലനിര്‍ത്തുകയും വേണം. കാരണം പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതിഷേധങ്ങള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ രാഷ്ട്രീയ- സാമൂഹ്യ കാഴ്ചപ്പാടുകളനുസരിച്ചു വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതയെ മാനിച്ചു കൊണ്ട് തന്നെ, ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളെ പൊതുവില്‍ ചോദ്യം ചെയ്യുന്ന തരത്തില്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളുടെ ഒരു ഏകോപനം രൂപപ്പെടുത്തികൊണ്ട് ഒരു യഥാര്‍ത്ഥ തിരുത്തല്‍ ശക്തിയായി നമുക്ക് മാറേണ്ടതുണ്ട്.

Saturday, September 10, 2011

മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?

മലയാള സിനിമയില്‍ ആദ്യമായി ഭക്ഷണത്തെക്കുറിച്ച് വൃത്തിയോടെ ചെയ്ത ഒരു നല്ല ചിത്രം എന്ന് സാമാന്യബോധമുള്ളവര്‍ പറഞ്ഞതു കേട്ടാണ് ഈയടുത്തിറങ്ങിയ 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' കാണാന്‍ പോയത് .വിശപ്പുമായി ബന്ധപ്പെട്ടാണ് ഭൂമിയിലെ ഏതൊരു മനുഷ്യന്റെയും മുന്നില്‍ ഭക്ഷണം നിറയുന്നത് .അതുകൊണ്ടായിരിക്കാം "വിശക്കുന്നവന്റെ മുന്നില്‍ അന്നമായിട്ടല്ലാതെ ദൈവത്തിനുപോലും പ്രക്ത്യക്ഷപ്പെടാന്‍ ധൈര്യമില്ല" എന്ന് ഗാന്ധി പറഞ്ഞത്‌. "ദി ഗോള്‍ഡ്‌ റഷസ്" എന്ന തന്റെ ചിത്രത്തിലൂടെ പ്രശസ്ത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്‍ വിശപ്പിന്റെ കാഠിന്യം ചിത്രീകരിക്കുന്നത് തന്റെ തന്നെ ഷൂ പുഴുങ്ങി തിനുന്നതിലൂടെയാണ്.മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?ഭൂമിയിലെ മഹാഭൂരിപക്ഷത്തിനും ഇന്നും ഉത്തരമില്ലാത്ത ഒരു യാഥര്‍ത്ത്യമാണത്..........

ഇതിന്റെയടിസ്ഥാനത്തില്‍ ഈ സിനിമ മുന്നോട്ടുവെക്കുന്ന ,പ്രതിലോമകരമായ ചില ദൌത്യങ്ങളെ കാണാതിരുന്നുകൂടാ .കൊമെഴ്സിയല്‍ സിനിമകള്‍ ,അല്ലെങ്കില്‍ മുഖ്യധാര ചിത്രങ്ങള്‍ അവയെക്കുറിച്ച് നാം അധികം ആധിപിടിക്കേണ്ടതില്ല എന്നാണ് ഒരു പൊതു അഭിപ്രായം.അത് തന്നെയാണ് അതിന്റെ അപകടവും .സാംസ്ക്കരികമായി ഒട്ടും തന്നെ വികസിക്കാന്‍ കഴിയാത്ത ഒരു സമൂഹമായി നമ്മെ പിടിച്ചുനിറുത്തുന്നതില്‍ ഇത്തരം സിനിമകളുടെ പങ്ക് ചെറുതല്ല .മാത്രമല്ല അപകടകരമായ ചില മൂല്യവിചാരങ്ങള്‍ക്കും ധാരണകള്‍ക്കും ഇത് വഴിവെക്കുകകൂടി ചെയ്യുന്നു .
ഈ സിനിമ മുന്നോട്ടുവെക്കുന്ന ആശയപരമായ പാപ്പരത്തങ്ങള്‍ :-
1 . ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വേവലാതികള്‍ (ഒരു ദിവസം ഒരു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്നവന് മാത്രം വിധിച്ചിട്ടുള്ള ഒന്നാകുന്നു ഈ ഭക്ഷണത്തെക്കുറിച്ചുള്ള ഗൃഹാതുരത )
2 .പുരുഷന്റെ മനസ്സിലേക്കുള്ള വഴി 'വായ'യിലൂടെയാകുന്നു എന്ന ഫ്യൂഡല്‍ മനോഭാവത്തെ അരക്കിട്ടുറപ്പിക്കുന്നു. 'വായ്ക്കു രുചിയുള്ളത് വയറിനു നന്നല്ല' എന്ന പഴമൊഴിയെ തള്ളിയാണ്  രുചികരമായ ആഹാരം ഉണ്ടാക്കുന്ന പെണ്ണിനുവേണ്ടിയുള്ള അലച്ചില്‍ .പെണ്ണിന്റെ മറ്റ് യാതൊരുവിധ വ്യെക്തി പ്രഭാവങ്ങളിലും താത്പര്യമില്ലാത്ത മധ്യവര്‍ഗ്ഗപുരുഷമനോഭാവം ഉദാത്തവത്ക്കരിക്കുന്നത്  ആ വീട്ടിലെ കുശനിക്കാരനെ പിടിച്ചിറക്കി കൊണ്ടു  പോകുന്നതിലൂടെയാണ് .മലയാളി പുരുഷന്റെ ഭാര്യസങ്കല്പം കേമമായിരിക്കുന്നു .
3 .ആദിവാസിയെന്നത്  നാട്ടുമനുഷ്യന്  ഏതു വിധേനേയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന,മൃഗത്തെപോലെ കൈകാല്‍ കെട്ടി കൊണ്ടുവരാനുള്ള ഒരു സാധനം മാത്രമായി അവന്റെ അസ്തിത്വത്തെ അപമാനിച്ചിരിക്കുന്നു .സ്വന്തം മണ്ണിനും ,ആവാസ വ്യെവസ്ഥയ്ക്കും വേണ്ടി ഭരണകൂടത്തിനോട് വീറോടെ പൊരുതുന്ന ഒരു വലിയ ജനവിഭാഗത്തെയാണ് ഇപ്രകാരം അപമാനിച്ചിരിക്കുന്നത്.ഈ സിനിമയിലൂടെ തനിക്കു ചുറ്റുമുള്ള യാഥര്‍ത്ത്യങ്ങളോടുള്ള സംവേദനം ഇങ്ങനെയൊക്കെ പരിതാപകരമായി ചുരുങ്ങിപോയിരിക്കുന്നു.
4 .ആരോഗ്യകരമായ, ഇനിയും സാമൂഹികമായി വികസിക്കാത്ത ആണ്‍പെണ്‍ ബന്ധങ്ങളുടെ ചെറു ഇക്കിളികള്‍ അല്ലാതെ മറ്റെന്താണ് അതിലെ സ്ത്രീ പുരുഷ ഇടപെടലിലൂടെ ചിത്രികരിച്ചിരിക്കുന്നത്.ഭക്ഷണത്തിനോടുള്ള പൊതുവായ അഭിരുചികള്‍ക്കപ്പുറം വ്യെക്തിത്വത്തിന്റെ മറ്റു തലങ്ങളെയോ ,വ്യെക്തിപരമായ അഭിപ്രായ ഐക്ക്യങ്ങളോ,ഭിന്നതകളോ ഒന്നും സ്പര്‍ശിക്കാതെ ഒരാണും പെണ്ണും പരസ്പരം കാണുന്നതിനുള്ള 'മനോരോഗവൈകല്യങ്ങള്‍' അല്ലാതെ മറ്റെന്താണ് ആ സിനിമ പറയുന്നത്
5 . മധ്യവര്‍ഗ്ഗ മെട്രോപോളിട്ടന്‍ സംസ്ക്കാരത്തിന്റെ പ്രതീകങ്ങളായ ആ ചെറുപ്പക്കാര്‍ മാത്രമാണ് ആ സിനിമ മുന്നോട്ടുവച്ച ഒരേ ഒരു യാഥാര്‍ത്ഥ്യം .റിസ്ക്‌ എടുക്കാന്‍ തയാറല്ലാത്ത ,ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ,സാമൂഹ്യയാഥര്‍ത്ത്യങ്ങളോട് ജൈവീകമായി പ്രതികരിക്കാന്‍ അറിയാത്ത അവര്‍ നമ്മുടെ മുന്നിലെ വലിയ യാഥാര്‍ത്ഥ്യം തന്നെയാണ് .(കൂട്ടുകാരി ഗട്ടറില്‍ വീണു കാലുപൊട്ടുമ്പോഴേക്കും വിഭ്രാന്തിയോടെ ആംബുലന്‍സ് വിളിക്കുന്നു ,എട്ടാം ക്ലാസ് മുതല്‍ കേരളത്തിലെ പെണ്‍കുട്ടികളെ പുസ്തകം പരിചയായി ഉപയോഗിക്കാന്‍ അമ്മമാര്‍ പരിശീലിപ്പിക്കുന്നതെന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ,ഒരു ആദിവാസിയെ അവഞ്ജയോടെ മാത്രം കാണാന്‍ പറ്റുന്ന ,സത്യം തുറന്നു പറയാന്‍ കെല്പില്ലാത്ത' ഈ തലമുറ 'മാത്രമാണ് ആ സിനിമ കാണിച്ചുതന്ന ഒരേ ഒരു യാഥാര്‍ത്ഥ്യം .)    


(ജോളി ചിറയത്ത് )

Saturday, August 6, 2011

പര്‍ദ (മുഖപുസ്തക ചര്‍ച്ച )


 ഇന്ത്യന്‍ അവസ്ഥയില്‍ മുസ്‌ളീങ്ങള്‍ക്കുനേരെ ബ്രാഹ്മണിക്കല്‍ ഭരണകൂടത്തിന്റെ (സവര്‍ണ്ണ ഹിന്ദു)യും ഹിന്ദു മതമൗലികവാദികളുടെ ആക്രമണം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെ എതിര്‍ക്കുകയും അവര്‍ മര്‍ദിതരാണ് എന്ന നിലയില്‍ പക്ഷത്തോട് മുസ്‌ളീം ഐക്യപ്പെടുകയും വേണം. അതേ സമയം തന്നെ വൈരുദ്ധ്യം, സമരം, ഐക്യം എന്ന നിലപാടില്‍ പ്രശ്‌നങ്ങളെ കാണുന്നില്ലെങ്കില്‍ സംഭവിക്കുക മുസ്‌ളീം പക്ഷത്തെ മോശം അവസ്ഥകളെ കാണാതെ പോവുകയും അതിനെ വകവച്ചുകൊടുക്കുകയും ചെയ്യുക എന്നതാവും. ഒരു വിമര്‍ശനത്തിനും മുസ്‌ളീങ്ങള്‍/ഇസ്ലാമിസ്റ്റ​ുകള്‍ വിധേയമാകാന്‍ പാടില്ലെന്ന വാദം അസംബന്ധവും പ്രതിലോമകരവുമാണ്. മുസ്‌ളീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന പര്‍ദയുള്‍പ്പടെയുള്ള അടിച്ചമര്‍ത്തല്‍, മതത്തിന്റെ പുരുഷധിപത്യഘടന, ആ മതത്തിന്റെ ജനാധിപത്യവിരുദ്ധത, അതേ മതത്തിന്റെ അധികാര കാഴ്പ്പാടുകള്‍, ആ മതത്തിന്റെ വര്‍ഗ നിലപാടുകള്‍, ആ മതം വിവിധ രാജ്യങ്ങളില്‍ പിന്തുടരുന്ന പരിഷ്‌കൃതാവസ്ഥ (കല്ലെറിഞ്ഞുകൊല്ലല്‍...) എന്നിവയെ എതിര്‍ക്കണം. ഐക്യവും സമരവും സാധ്യമാവാത്ത വിധം മുസ്‌ളീം പക്ഷത്തെ ന്യായീകരിക്കുന്നവര്‍ ചെന്നെത്തുക ആ മതം (മതത്തിലെ ഒരു വിഭാഗമോ)നടപ്പാക്കുന്ന സ്ത്രീവിരുദ്ധ, ജനാധിപത്യവിരുദ്ധ സമീപനങ്ങളെ അംഗീകരിക്കുക എന്നതാണ്. നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം

പരം ആനന്ദ്‌, നിങ്ങള്‍ വളരെ പൊതുവായ ചില നിലപാടുകളാണ് പറഞ്ഞിരിക്കുന്നത് ( പരം ആനന്ദ്‌ എന്ന പേരുല്ലവര്ക്കൊക്കെ എന്തുമാകാമല്ലോ) ഈ ത്രെഡിലെ വിഷയം മുകളില്‍ കാണുന്ന ഡോകുമെന്ററിയും അതില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെയും ഇസ്ലാമിന്റെയും പ്രതിനിധാനവും ആണ്‌. ഇസ്ലാം വിമര്‍ശനത്തിനു അതീതമാണ് എന്നാരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും സ്വന്തം സാമൂഹ്യസ്ഥാനം മറന്നു കൊണ്ടും ഉള്ള നോട്ടം(gaze) ആണ്‌ ഇവിടെ പ്രശ്നം. ഗീഥയുടെ പോസ്റ്റിലെ islamophile എന്ന പദം തന്നെ ഇത്തരം നോട്ടം എപ്രകാരം അസഹിഷ്ണുതയിലേക്ക് നയിക്കുന്നു എന്ന് തെളിയിക്കുന്നു. പര്‍ദ്ദ തന്നെ ഉദാഹരണമായി എടുക്കാം. പര്‍ദ്ദ ധരിക്കുന്നത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നത് ആണെങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പുകളെ പരുവപെടുതുന്നത് പുരുഷമേധാവിത്വ പരമായ അധികാരമൂല്യങ്ങള്‍ ആകാം. ദുപ്പട്ട എന്ന മുല മറക്കുന്ന തുണിക്കഷണവും ഇതേ രീതിയിലാണ്‌ സമൂഹത്തില്‍ അവതരിപ്പിക്കപെട്ടതും സ്വീകരിക്കപെട്ടതും എന്ന് നമ്മള്‍ മറന്നു കൂടാ. ഇതില്‍ പര്‍ദ്ദ മാത്രം സ്ത്രീ വിരുദ്ധതയുടെ പ്രതീകം ആയി എണ്ണപ്പെടുകയും ദുപ്പട്ട "സ്വാഭാവിക" വേഷം ആകുകയും ചെയ്യുന്നത് എങ്ങനെയാണ് ? വേഷവിധാനത്തില്‍ കഴിഞ്ഞ ദശകത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെയാണ് വായിക്കപ്പെടേണ്ടത്? താങ്കള്‍ പറയുന്ന വൈരുധ്യം , സമരം , ഐക്യം എന്ന ഡയലെക്ടിക്സ് ഈ വിഷയത്തില്‍ എങ്ങനെ പ്രായോഗികവല്കരിക്കും ? പര്‍ദ്ദ മോശം എന്ന നിലപാടില്‍ എന്തു ഡയലെക്ടിക്സ് ആണ്‌ ഉള്ളത്? അത് ഫ്ലാറ്റ് ആയ ഒരു നിലപാട് മാത്രമല്ലെ ആകുന്നുള്ളൂ? മര്‍ദനത്തിനു എതിരെ ഒരു സമുദായം സ്വീകരിക്കുന്ന പ്രതീകാത്മക പ്രതിരോധങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്ന എന്തെങ്കിലും നിങ്ങളുടെ വൈരുധ്യാധിഷ്ടിത മാര്‍ഗത്തിലുന്ടവുമെന്നു തന്നെയാണ് എന്റെ വിചാരം. അത് പോലെ തന്നെ മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷനമാര്കട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്. അതിനുള്ളിലെ നിര്‍വഹാകത്വങ്ങളെ വിലയിരുത്താന്‍ നിങ്ങളുടെ കടലാസ്സ്‌ വൈരുധ്യാത്മകത പോര.
നിങ്ങളുടെ കമന്റ്‌ വായിച്ചാല്‍ തോന്നുക ഇസ്ലാം മോശമാണ്, പക്ഷേ മുസ്ലിങ്ങള്‍ മര്‍ദിതര്‍ ആണ്‌ എന്നാണ്. അങ്ങനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഈ ഡോകുമെന്ററിയെക്കുറിച്ച് നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? പിന്നെ കല്ലെറിയല്‍. മുസ്ലിങ്ങലല്ലാത്ത ഹരിയാനയിലെ ജനങ്ങളും ഇങ്ങനെ എന്തൊക്കെയോ ചെയ്യുന്നു എന്ന് ഈ ലിങ്കില്‍ കാണുന്നു. http://www.countercurrents​ .org/krishnan140909.htm ഹിന്ദുമതത്തെ കുറിച്ചുള്ള ഒരു പൊതുവത്കരണത്തിലേക്കോ ആകുലതകളിലെക്കോ ഇത് നയിക്കുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ ആരും നിങ്ങള്‍ പറയുന്ന തരത്തില്‍ ഹിന്ദുത്വവാദി എന്ന് മുദ്രയടിചില്ലല്ലോ? കാര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് കാണാതെ എങ്ങനെയാണ് വൈരുധ്യത്മകത സാധ്യമാവുക?


പരം ആനന്ദ് എന്ന പേരുള്ളവര്‍ക്ക് എന്തുമാകമല്ലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? പുരുഷന്‍? അഥവാ ഹിന്ദു? അഥവാ മറ്റെന്തെങ്കിലും?

പര്‍ദ ധരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതവര്‍ക്കാവാം. വേണ്ടെന്നു വച്ചാല്‍ അതുമാവാം. ഈ സ്വാതന്ത്ര്യമാണ് മുഖ്യപ്രശ്‌നം. അതിനൊപ്പം നിലകൊള്ളണം. അതില്‍ എതിര്‍പ്പില്ല. അതേ സമയം മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. പര്‍ദ വേണമെന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നുവെങ്കില്‍ അത് ഏത് അധികാര വ്യവസ്ഥയ്ക്ക് കീഴില്‍ നിന്നാണ്? സ്ത്രീസമത്വമില്ലാത്ത ഒരു സമൂഹവ്യവസ്ഥയില്‍ അഥവാ പുരുഷന്റെ ആധിപത്യവ്യവസ്ഥിതിയില്‍ ആരുടെ താല്‍പര്യമാണ് വസ്ത്രങ്ങളില്‍ ബോധപൂര്‍വും അബോധപൂര്‍വവും അടിച്ചേല്‍പ്പിക്കുന്നത്? പുരുഷന്റെതന്നെ എന്നു പറയേണ്ടിവരും. ഈ അധികാരവ്യവസ്ഥ തന്നെയാണ് പ്രശ്‌നം.
ബാക്കി കുറേ ചോദ്യങ്ങള്‍ മൈത്രി ഇവിടെ എറിഞ്ഞിട്ടുണ്ട്. കാടടച്ച്. ദുപ്പട്ടയോടുടെ പ്രശ്‌നമുള്‍പ്പടെ. എന്തിനാണ് ഈ ചോദ്യങ്ങള്‍? അതില്‍ ഏതെങ്കിലും തരത്തില്‍ വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിരുന്നോ?. എല്ലാത്തിനും മൈത്രിയുടെ വാദങ്ങളോട് യോജിക്കുന്നു. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ഹിന്ദുമതം തികഞ്ഞ അസഹിഷ്ണുതയുടെയും ജാതിവെറിയുടെയും മതമാണ്. അത് പുരുഷാധിപത്യവും ബ്രാഹ്മണിക്കലുമാണ്. അതിനോട് ഒരു തരത്തിലും യോജിക്കുന്നില്ല. ഇസ്ലാമിലെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ മൈത്രിയെ പോലുള്ളവര്‍ ഉടന്‍ എന്തിന് ഹിന്ദുത്വത്തിന്റെ വിഷയം എടുത്തുപറയുന്നത്? എന്തുകൊണ്ട് ക്രിസ്തുമതത്തെപ്പറ്റി പറയുന്നില്ല. പരം ആനന്ദ് എന്ന പേര് ഹിന്ദുമതമായി ചേരുമെന്ന ധാരണയില്‍നിന്നാണോ? (അതാണ് നേരെത്ത ഞാനുന്നയിച്ച മുദ്രയടിക്കലിന്റെ വിഷയം!!. സോറി, ഞാന്‍ ഹിന്ദുവല്ല). ഹരിയാനയിലെ ജനങ്ങള്‍ കല്ലെറിയുന്നു. ശരി. അതുകൊണ്ട് ചില ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയല്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ​? മറിച്ച് ചോദ്യമുന്നയിക്കുമ്പോള്‍ സ്വയം നിങ്ങള്‍ അറിയാതെ ന്യായീകരിക്കുന്നത് ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെയാണ്.
പ്രശ്‌നം നമ്മുടെ ബുദ്ധിജീവികളുടേതാണ്. ഇസ്ലാമിന്റെ പ്രതിരോധം അവരേറ്റെടുത്തിരിക്കുകയാണ്.​ ഇസ്ലാമിലെ ചില രീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മറുചോദ്യം ഹിന്ദുമതത്തിലെ പ്രശ്‌നങ്ങളെപ്പറ്റിയാണ്. ഇസ്ലാം വിമര്‍ശനത്തിന് അതീതമാണ് എന്നു കരുതുന്നില്ലെന്ന് മൈത്രി പറയുന്നു. മൈത്രി എന്നെങ്കിലും അതിനോട് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ? എന്താണത്?
ഇസ്ലാമിന്റെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ പ്രശ്‌നത്തെ അതില്‍ തന്നെ ഊന്നി മറുപടി പറയുകയാണ് വേണ്ടത്. തിരിച്ച് ഹിന്ദുത്വവിഷയം ചോദിക്കലല്ല. അപ്പോള്‍ നമ്മളുടെ സംവാദത്തിന്റെ തലം കോണ്‍ഗ്രസ്-സി.പി.എം. തര്‍ക്കം പോലെയാകുന്നു. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിന്റെ തലത്തില്‍ നിന്ന് മറുപടി പറയട്ടെ. പര്‍ദയെപ്പറ്റി പറയുമ്പോള്‍ പൊതുവില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്ന മറുപടി ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ സ്ത്രീകള്‍ സ്വയം അണിയുന്നതില്‍ എന്താണ് തെറ്റ്? പര്‍ദ ഇടണ്ട എന്ന് പുരുഷ ഇസ്ലാം പറയുന്നുണ്ടോ എന്നതാണ് വിഷയം. (സ്ത്രീ സ്വയം അണിയാന്‍ പര്‍ദ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിനെ ആരും എതിര്‍ക്കേണ്ടതില്ല)
മൈത്രിയെപോലുള്ളവരുടെ മുസ്‌ളീമിലെ പിന്തിരിപ്പന്‍ ധാരകള്‍ക്കൊപ്പിച്ചുള്ള നിലപാടുകള്‍ എത്ര സ്ത്രീവിരുദ്ധമാണ്, എത്രത്തോളം പുരോഗമന വിരുദ്ധമാണെന്ന് സ്വയം തിരിച്ചറിയും എന്നു തന്നെയാണ് പ്രതീക്ഷ.

പരമാനന്ദ് , താങ്കളുടെ യുക്തിയും un selfreflexive ആയ സമീപനവും ആണ്‌ ഇവിടെ വിഷയം . അപ്പോള്‍ എല്ലാത്തിനോടും യോജിക്കുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാന്‍ ഉന്നയിച്ച ആശയപരമായ ഒരു കാര്യവും താങ്കള്‍ മറുപടിയില്‍ ചര്‍ച്ചക്ക് എടുത്തതുമില്ല. "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." നിങ്ങള്‍ ഈ വാചകങ്ങളിലെ ആശയങ്ങള്‍ അഭിസംബോധന ചെയ്യുന്നതെയില്ല. പകരം ആണ്‍ ഇസ്ലാം എന്ന പദം കണ്ടെത്തുകയാണ് നിങ്ങള്‍. ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?
പര്‍ദയെ കുറിച്ച് പറയുമ്പോള്‍ ദുപ്പട്ടയെ കുറിച്ച് പറയുന്നതും ഇത് കൊണ്ടാണ്. നാം അപരങ്ങളെ നിര്‍മിക്കുന്ന പ്രക്രിയയെ കൂടുതല്‍ വെളിപ്പെടുത്താന്‍ വേണ്ടിയാനത്. നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തില്‍ നിന്നു വേര്‍പെടുത്തി പര്‍ദയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കാന്‍.
ഇനി ഏതാണ് നിങ്ങള്‍ പറയുന്ന ഇസ്ലാമിലെ (മുസ്ലീമിലെ എന്നാണ് നിങ്ങളുടെ വാക്ക്, അത് തന്നെ ഒരു തരം അന്ധതയെ സൂചിപ്പിക്കുന്നു, വ്യത്യാസങ്ങലോടുള്ള അന്ധത) പിന്തിരിപ്പന്‍ ധാര? ഇസ്ലാമിലെ പുരോഗമന ധാര ഏതാണ്? ആരാണീ "മൈത്രിയെ പോലുള്ളവര്‍ " ഇതൊക്കെ വ്യക്തമാക്കിയലെ പറ്റൂ, പരമാനന്ദ്.
പിന്നെ ഇസ്ലാമിനെ വിമര്‍ശിക്കുന്നില്ല എന്ന് പറയുന്നു. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് വിമര്‍ശനമല്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായത്തില്‍ വിമര്‍ശനം? പര്‍ദ്ദക്കെതിരെയുള്ള ഒരു വലിയ പട നീക്കം?

പ്രമുഖ ചിന്തകനായ റോബര്‍ട്ട്‌ യംഗ് ചൂണ്ടി കാട്ടിയിട്ടുള്ള ഒരു കാര്യം പറഞ്ഞോട്ടെ. യുറോപിന്‍റെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ആധുനികത കണ്ടെത്തുന്ന ഒരു പ്രധാന ഇടം വേഷമായിരുന്നു.
പത്തൊമ്പതാം നൂടാണ്ടിലൊക്കെ അല്പവസ്ത്രം 'കാടത്ത'വും അമിതവസ്ത്രം 'ആധുനികസംസ്കാര'വും ആയിരുന്നു എങ്കില്‍ ഇരുപതാം നൂടാണ്ട് പകുതി ആവുന്നതോടെ അല്പവസ്ത്രം ആധുനികവും പരിഷ്കൃതവും ആവുന്നു.വസ്ത്രം കൂടിയാല്‍ 'കാടത്ത'വും!
സാമൂഹിക ശാസ്ത്ര ഗവേഷണം ഒന്നും നടത്തിയില്ലെങ്കിലും (മുസ്ലിം) സ്ത്രീകളുടെ വേഷത്തെ കുറിച്ച് തീരാ വേദനയുമായി നടക്കുന്നവര്‍ക്ക് അല്പം ചരിത്രബോധം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ.


ചിയാപസ് കാര്‍ഷിക ഗറില്ലാ നേതാവിനെയും ഇസ്ലാമിന്റെ പര്‍ദയെയും തുലനനപ്പെടുത്തുന്നത് കണ്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതാണ് ശരിക്കും യുക്തി!!
സബ്കമാന്‍ഡന്റ മാര്‍കോസ് ഗറില്ല കാര്‍ഷിക പോരാളിയാണ്. ഭരണകൂടത്തിന് മുന്നില്‍ വരുമ്പോള്‍ അയാള്‍ മുഖം മറയ്ക്കുന്നു. ഫോട്ടോയ്ക്കു മുന്നിലും. ഇന്ത്യയിലെ മാവോയിസ്റ്റുകളും (കിഷന്‍ജിയുടെയും മറ്റും ഫോട്ടോയില്‍ എപ്പോഴാണ് മുഖം കണ്ടിട്ടുള്ളത്). അതേ സമയം അയാള്‍ ജനങ്ങള്‍ക്കിടയിലായിരിക്കുമ​്പോള്‍ മുഖം മറയ്ക്കുന്നില്ല. അതിന്റെ ആവശ്യം മാര്‍കോസിനില്ല.ജനങ്ങള്‍ക്ക​ു മുന്നില്‍ മുഖം മറച്ചാല്‍ അത് മാര്‍കോസ് ആണെന്ന് തിരിച്ചറിയാനും ഇടയാക്കും. ജനങ്ങള്‍ക്കിടയില്‍ താനൊരു മീനെനെപ്പോലെയാണെന്ന് പ്രഖ്യാപിച്ചതും മാര്‍കോസാണ്. ഭരണകൂടത്തിനും അധികാരത്തിനും മുന്നില്‍ മറഞ്ഞുനില്‍ക്കാനുള്ള ഒരു രക്ഷാകവചമാണ് അത്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അയാള്‍. അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല. ഇത് ഗറില്ലാ പോരാട്ടങ്ങളില്‍ പതിവാണ്.
മാര്‍കോസിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഒന്ന് സ്ത്രീസമത്വപദവി വേണമെന്നാണ്. ഇസ്‌ളാമിലെ സ്ത്രീവിരുദ്ധതയെപ്പറ്റി മാര്‍കോസ് കമ്യൂണിസ്റ്റ് നിലപാടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ഭരണകൂടത്തില്‍ നിന്ന് രക്ഷനേടാന്‍ ധരിക്കുന്ന മുഖാവരണത്തെ പര്‍ദയുമായി കൂട്ടിവായിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഇവിടെ പര്‍ദ അണിയാന്‍ പറയുന്നത് ജനങ്ങളുടെ മുന്നില്‍ മറഞ്ഞുനില്‍ക്കാനും. പര്‍ദ അണിയുന്നവരെല്ലാം ഭരണകൂടവുമായി പോരാടുന്നു എന്നാണോ വ്യാഖ്യാനിക്കേണ്ടത്. അല്‍പം ചരിത്രം ബോധം മറ്റുള്ളവര്‍ക്ക് 

"മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്?
പരം ആനന്ദ് എന്നു പേരുള്ളവര്‍ക്ക് എന്തുമാവലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു പറഞ്ഞില്ല. ഒപ്പം പുതിയ ഒരു സംശയം കൂടി. അണ്‍ സെല്‍ഫ് റിഫ്‌ളക്‌സീവായ സമീപനം എന്നു പറഞ്ഞാല എന്താണ്?
താങ്കള്‍ പറയുന്നു:ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?"" ശരി ആയിക്കോളൂ. ഇസ്ലാമിനുള്ള വിമര്‍ശനങ്ങള്‍ക്ക് ഹിന്ദുബ്രാഹ്ണമത്തെ തുലനം ചെയ്തുകൊള്ളൂ. അതുകൊണ്ട് ഇസ്ലാമിലെ തെറ്റുകള്‍ ശരിയാവുമോ എന്നതാണ് ചോദ്യം? മൈത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതും ഇത്തരം ചോദ്യങ്ങള്‍ക്കാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെപ്പറ്റി പറയുമ്പോള്‍ ഹരിയാനയിലെ കാര്യം പറഞ്ഞു. അതുകൊണ്ട് രണ്ടുതെറ്റുകളും ശരിയാവുന്നുണ്ടോ? ദുപ്പട്ടയ്‌ക്കെതിരെയുള്ള ചോദ്യത്തില്‍ നിന്നും മൈത്രി ഒഴിഞ്ഞു മാറുന്നു. ദുപ്പട്ട തെറ്റാണെങ്കില്‍ പര്‍ദ ശരിയാവുന്നതെങ്ങനെ?
തുലന പ്രക്രിയയിലുമുണ്ട് ഗുരുതരമായ വൈരുദ്ധ്യം. ഇസ്ലാമിനെ തുലനം ചെയേണ്ടത് ഹിന്ദുത്വവുമായിട്ടാണ് എന്നത് വളരെ ബാലിശമാണ്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ സി.പി.എമ്മുകാര്‍ മറുപടി പറയുക കോണ്‍ഗ്രസുമായി തുലനപ്പെടുത്തിയിട്ടാണ്. ശരിക്കും കമ്യൂണിസ്റ്റ് പാര്‍ടികള്‍ തുലനം ചെയ്യേണ്ടത് മറ്റുരാജ്യങ്ങളിലെ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്യൂണിസ്‌ററ്് പാര്‍ടികളുമായിട്ടാണ്. അല്ലാതെ കോണ്‍ഗ്രസുമായിട്ടില്ല. ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ ഉടനെ ഹിന്ദുത്വമായിട്ട് തുലനപ്പെടുത്തിയല്ല, മറിച്ച് അതിനേക്കാള്‍ മതാതീതമായി നില്‍ക്കുന്ന മറ്റ് ആശയ/പ്രത്യയശാസ്ത്രങ്ങളോടാണ​്. അല്ലെങ്കില്‍ രണ്ടുതെറ്റുകളില്‍ ചെറിയ തെറ്റുകാരന്‍ നല്ലത് എന്നര്‍ത്ഥം വരും. അതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലല്ലോ?
മൈത്രിയെപ്പോലുള്ളവര്‍ എന്ന എന്റെ പരാമര്‍ശം. അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ചില പരാമര്‍ശങ്ങള്‍ വായിച്ചുനോക്കൂ. ലൈക്ക് അതിലും മൈത്രി അടിച്ചിട്ടുണ്ടല്ലോ?

@പരം ആനന്ദ്‌:സി പി എം ഉത്തരം തട്ടി വിടുന്ന രീതി നിങ്ങള്‍ ഇടയ്കിടെ പറയുന്നത് ഒരു ആദരം പോലെ ആണെന്ന് ഇപ്പോഴാണ്‌ പിടി കിട്ടിയത്.
നിങ്ങള്‍ ചിരിച്ചു മറിഞ്ഞു കൊണ്ട് പറയുന്ന യുക്തി ഇങ്ങനെ:"അധികാരത്തിനുവേണ്ടി​യുള്ള പോരാട്ടത്തിലാണ് അയാള്‍ [അതായത്,സബ്കമാന്‍ഡന്റ മാര്‍കോസ്] അധികാരത്തിലെത്തിയാല്‍ അത് [മുഖാവരണം]വയ്ക്കാന്‍ സാധ്യതയുമില്ല."
എന്നിട്ട് നിങ്ങള്‍ നിര്‍ണായകമായ ചോദ്യം കണ്ടില്ല എന്ന് നടിക്കും.ഗീര്‍വാണം മൂളിക്കും (ഈ ചര്‍ച്ചയില്‍ പലരും നിരന്തരം പറയുന്ന കാര്യം; ആരോടാ ഈ പറയുന്നത് അല്ലെ? ) "why does the veil appear to disempower a woman,but empower a man?"
"സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല" എന്ന് പോലും നിങ്ങളുടെ വൈരുധ്യത്മാക വിപ്ലവയുക്തി സമാധാനിപിക്കില്ലേ?കടുപ്പപെ​ട്ട വൈരുധ്യത്മാകത തന്നെ.

നന്നായിട്ടുണ്ട്. ആദ്യം സബ്കമാന്‍ഡന്റ് മാര്‍കോസിന്റെ മുഖാവരണത്തെ പര്‍ദയുമായി താങ്കള്‍ ഉപമിച്ചു. അതു പൊളിഞ്ഞപ്പോള്‍ വീണ്ടും കിടന്നു ഉരുള്‍ച്ച. കാര്‍ഷിക ഗറില്ലാ വിപ്ലവത്തില്‍ ഏര്‍പ്പെട്ട മാര്‍കോസ് മാത്രമല്ല, അവിടുത്തെ വനിതാ വിപ്ലവകാരികളും മുഖം മറയ്ക്കുന്നുണ്ട്. ഭരണകൂടത്തിനും ക്യാമറയ്ക്കും മുന്നില്‍. ജനങ്ങള്‍ക്കു മുന്നില്‍ അത് മാറ്റിവയ്ക്കുന്നു. ഇന്ത്യയിലും വനിതാ മാവോയിസ്റ്റുകളും ഇത് ചെയ്യുന്നുണ്ട്. നേപ്പാളില്‍ പ്രചണ്ഡയും മറ്റു നേതാക്കളും അതുതന്നെ ചെയ്തു. പാര്‍വതി (ഹിസലി യാമി)യെന്ന വനിതാ നേതാവിന്റെ മുഖചിത്രം വിപ്ലവ മുന്നേറ്റത്തിന് മുമ്പ് ഏത് ഭരണകൂടമാണ് കണ്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം അവരത് മാറ്റി. മുഖാവരണമല്ല അവരുടെ എംപവര്‍മെന്റ്. അധികാരം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ്. ഈ മുഖാവരണം അതിലൊരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട്തന്നെ ഭരണകൂടവുമായി ഏറ്റമുട്ടുന്ന വിപ്ലവഗറില്ലകളുടെ (ആണും പെണ്ണും) കാര്യം പര്‍ദയുടെ കാര്യവുമായി ഒരു വിധത്തിലും യോജിക്കില്ല. ഉപമകള്‍ എടുത്തുകൊണ്ടുവരുമ്പോള്‍ കുറച്ചുകൂടി യുക്തി സഹമായത് സ്വീകരിക്കുമെന്ന് കരുതുന്നു!!
(നിങ്ങളുടെ സഖാക്കള്‍ എന്ന പ്രയോഗം വളരെ നല്ലത്!) എനിക്ക് വഴങ്ങുന്ന, മനസിലാകുന്ന ബുദ്ധിക്കും യുക്തിക്കും മാത്രമല്ലേ എനിക്ക് ഒട്ടിനില്‍ക്കാനാവുക. മറിച്ച് എനിക്ക് താങ്കളുടെ 'യുക്തി'യോട് ചേര്‍ന്നുനിന്നിട്ട് ചിയാപാസിലെ ഗറില്ലകളുടെ വേഷമാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കുന്ന പര്‍ദ എന്നു പറയാനാവില്ലല്ലോ? (ചൈനയിലെ ഖനിത്തൊഴിലാളികളുടെ വേഷമാണ് ജീന്‍സ് അതിനാല്‍ ഇവിടെ എല്ലാവര്‍ക്കും ഭൂഷണമായ വേഷം എന്ന് പറയുന്നതുപോലെ!!!) കാരണം, ചരിത്രപരമായോ, സാമൂഹ്യപരമായോ, വസ്തുതാപരമായോ അതില്‍ യുക്തിയില്ലല്ലോ.
മൂഖപടങ്ങള്‍ പലരെയും ശാക്തീകരിക്കുമെങ്കില്‍ അത് അണിയുകയാണ് വേണ്ടത്. പര്‍ദയണിയുന്ന സ്ത്രീകള്‍ ശാക്തീകരിക്കപ്പെടും എന്ന് വേണമെങ്കില്‍ താങ്കളുടെ മറുപടിയില്‍ നിന്ന് വായിക്കാം. പര്‍ദ സമം ശാക്തീകരണം എന്ന സിദ്ധാന്തമാണ് ഇവിടുത്തെ ഇസ്ലാമിക മതമൗലിക വാദികള്‍ ഉന്നയിക്കുന്നത്. എത്രരസം താങ്കളുടെ വാദവും അറിയാതെ അവര്‍ക്കൊപ്പമാകുന്നതില്‍!!

പരം ആനന്ദ്‌ , നിലപാടുകളിലും ആശയങ്ങളിലും ഉള്ള വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താങ്കള്‍ക്കുള്ള വൈമുഖ്യം ഈ ത്രെഡില്‍ നന്നായി തെളിയുന്നുണ്ട്. ഇനി എന്താണ് അണ്‍ സെല്‍ഫ് റിഫ്ലെക്സിവിടി എന്നതിനുള്ള ഉത്തരം. നാം എടുക്കുന്ന നിലപാടുകളും അവലംബിക്കുന്ന ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ- സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസ്സിലാക്കാനുള്ള നിരന്തരമായ ശ്രമം ആണ്‌ സെല്‍ഫ് രിഫ്ലെക്സിവിടി. ഒരു ക്രിസ്ത്യന്‍ സ്ത്രീ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തുമ്പോള്‍ അല്ലെങ്കില്‍ വേഷവിധാനത്തെ വിലയിരുത്തുമ്പോള്‍ അവളുടെ തന്നെ വസ്ത്രവും സാമൂഹ്യ നിലയും മാനകം ആക്കിയാലോ? മറ്റൊരു സംസ്കാരത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അവശ്യം വേണ്ട ഒന്നാണ് ഈ സ്വയം നോക്കല്‍ എന്നു ചുരുക്കം. മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് എപ്പോഴും ബേജാരകുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി.
ദുപ്പട്ട മോശം എന്നു ഞാന്‍ പറഞ്ഞില്ല. ദുപ്പട്ട സ്വാഭാവിക വേഷം ആകുന്നു പര്‍ദ്ദ സ്ത്രീവിരുദ്ധവും..ഇത് എങ്ങനെ എന്നാണ് ചോദിച്ചത്. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപരത്വങ്ങളക്കുന്ന പ്രക്രിയയും മുസ്ലിം സ്ത്രീകളുടെ വേഷവിധനത്തെക്കുരിച്ചുള്ള താങ്കളെപ്പോലുള്ളവരുടെ ഉത്കന്‍ടകളെയും വേര്‍തിരിച്ചു കാണാന്‍ പറ്റില്ല. ഇത്തരം ആശങ്കകള്‍ക്ക് ഉള്ള രക്ഷകര്തൃ മനോഭാവം വളരെ പ്രകടമാണ്.

താങ്കള്‍ ചോദിക്കുന്നു, "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്? "
താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ്‌ മുസ്ലീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലിം പുരുഷത്വവും ചരിത്രപരമായി നിര്മിക്കപ്പെട്ടതാണ്.



പിന്നെ കല്ലെരിയാലും രണ്ട് തെറ്റുകള്‍ ശരിയാകലും മറ്റും മറ്റും. വീണ്ടും വീണ്ടും താങ്കള്‍ നിന്നിടത്തു തന്നെ നില്‍ക്കുകയാണ്. കല്ലെറിയല്‍ ശരിയാണ് എന്നു ആരു പറഞ്ഞു ഇവിടെ? ആ പേരും പറഞ്ഞു ഒരു മതത്തെയകെ വിലയിരുത്തുന്ന താങ്കളുടെ പ്രവണതയെ ആണ്‌ എതിര്‍ത്തത്. താങ്കളെ സംബന്ധിച്ച് ഇസ്ലാം ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലത്മകമായ ഒരു സാധനം ആണ്‌. താങ്കളുടെ ആദ്യ കമന്റില്‍ ഉണ്ടായിരുന്ന അപകടകരമായ ഈ ഉള്ളടക്കം ആണ് ചൂണ്ടിക്കാണിച്ചത്. ഹിന്ദുമതവുമായി തുലനം ചെയ്യുകയല്ല മറിച്ചു താങ്കളുടെ വിലയിരുത്തലിലെ അന്ധമായ സാമാന്യവത്കരണം ആണ് ചൂണ്ടിക്കാണിച്ചത്. രണ്ട് സാധനങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു ചൂണ്ടികാണിക്കുന്നത് തുലനം ആകില്ല. സത്യത്തില്‍ നിങ്ങള്ക്ക് വൈരുധ്യത്മകത വീണ്ടും വായിച്ചു പഠിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇനിയും നിങ്ങളുടെ യുക്തിയിലെക്കും ചിന്തയിലേക്കും അല്പം പോലും സ്വാമ്ശീകരിക്കപ്പെട്ടിട്ടി​ല്ല.
ഇനി മതാതീതമായ പ്രത്യയ ശാസ്ത്രങ്ങള്‍. അതെ ധാരാളമുണ്ട് അവ. ഉദാഹരണത്തിന് ലിബറലിസം. ഫ്രാന്‍സില്‍ ഹിജാബ് നിരോധിച്ചതിന്റെ പ്രത്യയ ശാസ്ത്ര പരിസരം ഒരു തരം ബൂര്‍ഷ്വാ ലിബറലിസം ആണ്‌. അവിടെ കമ്മ്യൂണിസ്റ്റ്‌ പര്ടിക്കുള്ളില്‍ ഇതിനെ കുറിച്ച് ധാരാളം ചര്‍ച്ച നടന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആ ബാനിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു.
അവര്‍ പറഞ്ഞതിങ്ങനെയാണ് " സെകുലരിസതിന്റെ മറവില്‍ ഒരു ജനതയെ stigmatise ചെയ്യുന്ന ഈ നിയമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു".. ചുരുക്കത്തില്‍ മതാതീത പ്രത്യയ ശാസ്ത്രങ്ങള്‍ക്കിടയില്‍ തന്നെ മതത്തെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാവാം എന്നു ചുരുക്കം. ഈ വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുന്നതു ആ പ്രത്യേക മതം ഒരു ചരിത്ര സന്ദര്‍ഭത്തില്‍ നേരിടുന്ന പ്രതിസന്ധികളെ ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു.
ഇനി ഇസ്ലാമിലെ പുരുഷാധിപത്യം. ശരിയാണ് പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടു ആ മതത്തില്‍. ആര്‍ക്കാണ്‌ അതിനെ എതിര്‍ക്കാന്‍ അവകാശം? ആ എതിര്‍പ്പിനു നേതൃത്വം കൊടുക്കേണ്ടത് ആരാണ്? എന്റെ അഭിപ്രായത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കല്ലാതെ മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ സാധിക്കില്ല, അല്ലെങ്കില്‍ പിന്നെ ബ്രിട്ടീഷ്‌ കാര്‍ ചെയ്തത് പോലെ യൊക്കെ ചെയ്യേണ്ടി വരും.. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് (പുരുഷന്മാര്‍ക്കും ) 2002 വരെ ഉഭയ സമ്മത പ്രകാരമുള്ള വിവാഹ മോചനം സാധ്യമല്ലായിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള നിയമ നിര്‍മാണത്തിലും പ്രചരനങ്ങളിലും പ്രധാന പങ്കു വഹിച്ചത് സ്ത്രീകളായിരുന്നു.ക്രിസ്തീ​യ പിന്തുടര്‍ച്ച അവകാശ നിയമത്തിനെതിരെ മേരി റോയ് ഉയര്‍ത്തിയ കലാപത്തില്‍ തുടങ്ങി പല തരത്തിലുള്ള നിര്‍വഹാകത്വങ്ങള്‍ ഉണ്ടതില്‍. ഈ നിര്‍വഹാകത്വങ്ങളും ഭരണകൂടവും പുരോഹിതരും തമ്മിലുള്ള സംവാദങ്ങളും വ്യവഹാരങ്ങളും സങ്കീര്‍ണമാണ്. ആ മതത്തെ ക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത്‌ ആ മതവുമായി ബന്ധപ്പെട്ടു നില്ല്ക്കുന്നവരന്.
അബ്ദുല്‍ കരീമിനുള്ള താങ്കളുടെ ഉത്തരങ്ങളില്‍ നിന്നു നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഒട്ടു മുക്കാലും മനസ്സിലാക്കി വച്ചിട്ടുണ്ട് എന്നു മനസ്സിലായി. എങ്കിലും വൈരുധ്യത്മകത തീരെ പോര. ഇനീം വരാനുണ്ട് :-)


സന്തോഷം!!. ഒരു ചര്‍ച്ചയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തര്‍ക്കയുക്തിയുമായും ഒട്ടുംചരിത്രബോധമില്ലാതെയും​ താങ്കള്‍ വീണ്ടും വീണ്ടും തുടരുന്നതില്‍ നല്ല രസമുണ്ട്. ഒന്നുകില്‍ താങ്കള്‍ക്ക് ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കാനുള്ള ശ്രമത്തില്‍ ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ തികഞ്ഞ അജ്ഞത. അതുമല്ലെങ്കില്‍ സ്വയം വിഡ്ഢിവേഷം കെട്ടല്‍. അതെന്തുമാവട്ടെ. താങ്കളുന്നയിച്ച പ്രശ്‌നങ്ങളിലേക്ക് തന്നെ വരാം.
1. സെല്‍ഫ് റിഫ്‌ളക്ടിവിറ്റിക്ക് നിര്‍വചനം താങ്കള്‍ നല്‍കുന്നു. ''നാം എടുക്കുന്ന നിലപാടുകളും ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ-സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസിലാക്കാനുള്ള നിരന്തരമായ ശ്രമമാണ് സെല്‍ഫ് റിഫ്‌ളക്റ്റിവിറ്റി... മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ബേജാറാവുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി''. ഒരു മുന്‍പരിചയവും മുന്‍പില്ലാത്ത ഒരാള്‍ക്ക് സെല്‍ഫ റിഫ്‌ളക്റ്റിവിറ്റി ഇല്ലെന്ന് സ്വയം നിഗമനത്തിലെത്താനുള്ള മൈത്രിയുടെ പാടവത്തെപ്പറ്റി അഭിനന്ദിക്കാതിരിക്കാനാവില്​ല!. മൈത്രി എന്റെ പേര് കണ്ടമാത്രയില്‍ ഞാനേതെങ്കിലും മതത്തിലും വിശ്വാസത്തിലും പെടുന്നുവെന്ന് സ്വയമങ്ങ് നിരൂപിച്ചുകളഞ്ഞല്ലോ!!. ഞാന്‍ 'ജനിച്ച' മതത്തെയും അതിന്റെ സാംസ്‌കാരിക പരിസരങ്ങളെയും ഞാന്‍ വളരെ മുന്നേ വലിച്ചെറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഹിന്ദുവല്ലെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ദലിതര്‍ ഏത് മതത്തില്‍ പെടുന്നുവെന്ന് അജിത്കുമാറിനോടും ചോദിച്ചത്. ജനിച്ച മത-സാംസ്‌കാരിക പരിസരങ്ങളെ നിഷേധിച്ച, ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തെ പുറംതള്ളിയ, ഒരാള്‍ക്ക് മറ്റൊരു മതത്തെ നോക്കാനുള്ള അവകാശം ഉണ്ടാവുമെന്ന് മൈത്രി തന്നെ നല്‍കിയ 'സെല്‍ഫ് റിഫ്‌ളക്ടിറ്റിവിറ്റി'' വിശദീകരണത്തിലൂടെ വ്യക്തമാണല്ലോ? ഇനി അഥവാ അങ്ങനെയല്ലെങ്കില്‍ തന്നെ മറ്റ് മതങ്ങളിലൂം സാംസ്‌കാരിക പരിസരങ്ങളില്‍ പെടുന്നവര്‍ക്കും വിമര്‍ശനം ഉന്നയിച്ചുകൂടെ. വിമര്‍ശനം ഉന്നയിച്ചാല്‍ ഉടന്‍ ഉന്നയിച്ചയാള്‍ ഉള്‍പെട്ടിരിക്കുന്ന മതവുമായി തുലനപ്പെടുത്തി (മൈത്രി പറഞ്ഞ പ്രകാരം ഹിന്ദുത്വവുമായി തുലനപ്പെടുത്താതെ ഇസ്ലാമിനെ വിലയിരുത്താനാവില്ലത്രെ!)യേ​ സംസാരിക്കാനാവൂ?. വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശനങ്ങളുടേതായ രീതിയില്‍ മറുപടി പറയണം. വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാണിച്ച കുറവുകള്‍ ഇല്ലയെന്ന് പറയണം. അല്ലെങ്കില്‍ സമ്മതിക്കണം. അല്ലാതെ തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചായളൂടെ/അയാളുടെ മതത്തിനെതിരെ ക്കുകയല്ല മറുപടി.
2. മതങ്ങള്‍ എല്ലാം പിന്തിരിപ്പന്‍ തന്നെയാണ്. അതിന് ഒരു സംശയവുമില്ല. മതങ്ങള്‍ ചിട്ടപ്പെടുത്തിയ വ്യവസ്ഥിയും അപടകരമാണ്. നിലവിലെ എല്ലാ മതവും തികഞ്ഞ പിന്തിരിപ്പന്‍ മൂല്യങ്ങളെയാണ് പിന്തുടരുന്നത്. അത് തികഞ്ഞ പുരുഷാധിപത്യപരമാണ്. അതേ സമയം അത് വര്‍ഗാധിപത്യപരവുമാണ്. (ഇസ്ലാമിലുള്‍പ്പടെയുള്ള വര്‍ഗ/ജാതി വൈരുദ്ധ്യങ്ങള്‍ മൈത്രിക്ക് അറിയാത്തപോലുണ്ട്!). ഇസ്ലാമിന് എന്തെങ്കിലും മെച്ചമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് എല്ലാ മതങ്ങളും നിരോധിക്കണമെന്നോ, മതവിശ്വാസം അടിച്ചമര്‍ത്തപ്പെടണമെന്നോ,​ ഇസ്ലാമില്‍ ഒരു നന്മയില്ലെന്നോ ഞാന്‍ വാദിച്ചിട്ടില്ല. ഇവിടെ പരിഷ്‌കരണവാദപരമായ ഒരു സമീപനമാണ് മതങ്ങളോട് ഞാന്‍ പുലര്‍ത്തിയത്.

രക്ഷാര്‍കതൃമനോഭാവത്തെപ്പറ്​റിപറയുന്നു. ഒരു സാമൂഹ്യജീവിയെന്ന നിലയില്‍, സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചുറ്റുമുള്ള വൈരുദ്ധ്യങ്ങളെ, കുഴപ്പങ്ങളെപ്പറ്റി പറയുക ഏതൊരാളുടെയും ജന്മാവകാശമാണ്. ഇസ്്‌ളാമിലെ കുഴപ്പങ്ങളെപ്പറ്റി പറഞ്ഞാല്‍ അതെങ്ങനെ രക്ഷാകര്‍തൃ മനോഭാവമാകും. ഇസ്ലാമിലെ സ്ത്രീകളെയോ ആ മതത്തിലെ അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങളെയോ ഒറ്റദിവസം കൊണ്ട് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്ന മിഥ്യാധാരണയൊന്നുമില്ല. അതെല്ല എന്റെ ഉദ്ദേശവും. എനിക്ക് ചുറ്റുമുള്ള സാംസ്‌കാരിക പരിസരത്തില്‍ ഞാന്‍ ഇടപെടും. മര്‍ദിതരോടുള്ള തികഞ്ഞ ഐക്യബോധത്തോടെ. പക്ഷേ ഇവിടെ മൈത്രിയെപ്പോലുള്ളവര്‍ (ഓ, അതും സ്ത്രീവിരുദ്ധമാണല്ലോ അജിത്തിനെപോലുള്ളവര്‍ക്ക്!!​) ഏറ്റെടുത്തിരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ രക്ഷാകര്‍തൃപദവി. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കാം, ഞങ്ങളാണ് അതിന് സവിശേഷ പദവിയുള്ളവര്‍ എന്ന മട്ടില്‍. ഈ രക്ഷാകര്‍തൃബോധം ഇസ്ലാമിസ്റ്റുകള്‍ക്കുപോലും​ ഗുണം ചെയ്യില്ലെന്നത് വേറെ കാര്യം!!.
4. മൈത്രി പറയുന്നു: ''താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ് മുസ്‌ളീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ളീം പുരുഷത്വവും ചരിത്രപരമായി നിര്‍മിക്കപ്പെട്ടതാണ്''. അതിന്? ചരിത്രപരമായിട്ടാണ് അതിലെ പുരുഷനും സ്ത്രീയും നിര്‍മിക്കപ്പെട്ടിരിക്കുന്​നത് സംശയമില്ല. അതിന്? ഇസ്‌ളാം മതം മറ്റ് മതങ്ങളെപ്പോലെതന്നെ, കൂടിയ അളവിലോ പുരുഷാധിപത്യപരമാണ്. ഇസ്ലാമില്‍ പുരുഷാധിപത്യത്തിന്റെ ഇരകളാണ് സ്ത്രീകള്‍. അങ്ങനെതന്നെയാണ് എന്റെ നിലപാട്. അതാണ് ശരിയും. അല്ലെങ്കില്‍ മറിച്ച് ഒന്ന് ചൂണ്ടിക്കാണിച്ചുതരേണ്ടതുണ്​ട്. പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളാണ് അതിലെ സ്ത്രീകള്‍. പൊതുവില്‍ ഇസ്‌ളാമിനെ പ്രതിനിധീകരിക്കുന്നത് അതിലെ പുരുഷന്‍മാര്‍ തന്നെയാണ് എന്ന് ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
5. ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലാത്മകമായ ഒരു സാധനമായി ഞാന്‍ ഇസ്ലാമിനെ വിലയിരുത്തി എന്ന് താങ്കള്‍ ആരോപിക്കുന്നു. അങ്ങനെയൊന്ന് ഞാന്‍ ചെയ്തിട്ടില്ല. എന്റെ കമന്റുകള്‍ ഏതോ രക്ഷാകര്‍തൃപരമായ ആവേശത്തില്‍ വായിച്ചപ്പോള്‍ മൈത്രി കാണാതെ പോയതാവും. ഇസ്ലാമില്‍ മറ്റ് മതങ്ങളിലുള്ളതുപോലെ പല ധാരകളുണ്ട്. അതില്‍ എനിക്ക് സംശയമൊന്നുമില്ല.

‎6. ഇസ്ലാമില്‍ പുരുഷാധിപത്യം ഉണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നു. (ആ സമ്മതത്തിലുമുണ്ട് ഒരു തരം കാപട്യം. പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടുപോലും.വഴക്കങ്ങളല്ല, തികഞ്ഞപുരുഷാധിപത്യം.). പക്ഷേ, അതിന് എതിര്‍പ്പിന് നേതൃത്വം കൊടുക്കാനുള്ള അവകാശത്തെപ്പറ്റി താങ്കള്‍ക്ക് തര്‍ക്കമുണ്ട്. അത് മുസ്‌ളീം സ്ത്രീകളാവണം. മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ പാടില്ല. ഓഹോ, ഗംഭീരം. താങ്കളുടെ ബൗദ്ധിക നിലപാടുകള്‍!!. അപ്പോള്‍ സ്വാഭാവികമായും തിരിച്ച് ഒരു ചോദ്യം ഉന്നയിക്കാമല്ലോ. അതിനെ അനൂകൂലിക്കുന്നതിന്റെ അണയത്തുപോലും മുസ്‌ളീം സ്ത്രീകളല്ലാതെ മറ്റാരും ഉണ്ടാവാാന്‍ പാടില്ല. ശരിയല്ലേ. നിങ്ങളുടെ യുക്തിവച്ച് അതല്ലേ ശരി? അപ്പോള്‍ പിന്നെ താങ്കളെപ്പോലുള്ളവര്‍ എന്തിന് അതിനെ അനൂകൂലിച്ച് വരുന്നു. എതിര്‍പ്പിന്റെ ഏതെങ്കിലും രൂപം വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുന്നു. ഇസ്‌ളാമിലെ പുരുഷാധിപത്യത്തെ എതിര്‍ക്കാനുള്ള മുഖ്യവും പ്രധാനവുമായ അവകാശം അതിലെ സ്ത്രീകള്‍ക്ക് തന്നെയാണ്. തര്‍ക്കമില്ല. അതുകൊണ്ട് മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ പാടില്ലെന്ന് ശഠിക്കരുത്. ഇസ്‌ളാമെന്നത് അടഞ്ഞുമൂടിയ സ്ഥലത്ത് സ്വകാര്യമായ നടപ്പാവുന്ന ഒരു വിശ്വാസസംഹിതയല്ല. അത് നമ്മളുള്‍പ്പടെയുള്ള സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്​രീയ-സാമ്പത്തിക പരിസരത്തില്‍ സജീവമായി ഇടപെടുന്ന പരസ്യമായ സംഹിതയാണ്. ഒരാളുടെ സ്വകാര്യ കാര്യമായിരുന്നെങ്കില്‍ നമ്മളതില്‍ അഭിപ്രായം പറയേണ്ടതില്ല. അവര്‍ ജീവിക്കുന്നത് ഞാനും നിങ്ങളുമുള്‍പ്പെടുന്ന ലോകത്താണ്. അതുകൊണ്ട് തന്നെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കുമുണ്ട്.
7.ക്രിസ്തുമതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒന്നുകൂടി താങ്കള്‍ പറഞ്ഞുവയ്ക്കുന്നു. ''ആ മതത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത് ആമതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്''. ഉറപ്പാണോ? ചരിത്രത്തില്‍ അങ്ങനെ തന്നെയാണോ സംഭവിച്ചത്? കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും? മൈത്രി അല്‍പം കൂടി ചരിത്രജ്ഞാനം ആവാം. തെറ്റില്ല. വൈരുദ്ധ്യ തത്വശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്: കോഴിമുട്ടയ്ക്ക് സ്വയം വിരിയാനാവില്ല. അതിന് ബാഹ്യമായ ചിലഘടകങ്ങള്‍ കൂടി വേണം!.
അതവിടെ നില്‍ക്കട്ടെ. ഡോക്യൂമെന്റിറി മൈത്രി ഒന്നുകൂടി കാണുക.വിശ്വാസികളായ സ്ത്രീകളാണ് അതില്‍ കൂടുതല്‍ സംസാരിക്കുന്നത്. അതെങ്കിലും പരിഗണിച്ചുകൂടെ. രക്ഷാകര്‍തൃ പദവിയേറ്റെടുത്ത് അവര്‍ക്കെതിരാവുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക. അവരെ അടിച്ചമര്‍ത്തുന്നവരുടെ കോടലി കൈയാവാതെ നോക്കണം. അത് അപേക്ഷ.

പരം ആനന്ദ്‌ , എട്ടാം ക്ലാസ്സ്‌ അത്ര മോശം ക്ലാസ്സ്‌ അല്ല, കേട്ടോ. സത്യത്തില്‍ ഒരു മാതിരിപ്പെട്ട താര്‍ക്കിക യുക്തിയൊക്കെ എട്ടാം ക്ലാസ്സ്‌ ആകുമ്പോഴെകും വികസിചിട്ടുണ്ടാവും മിക്കവര്‍ക്കും. യുക്തി ഉള്ളവര്‍ക്ക് "എട്ടാം ക്ലാസ്സ്‌" എന്നും "ബുദ്ധിഭ്രമം" "തികഞ്ഞ അജ്ഞത" "സ്വയം വിഡ്ഢിവേഷം കെട്ടല്‍" എന്നൊന്നും കൂവി വിളിക്കേണ്ട കാര്യവുമില്ല. താങ്കളുടെ ഇസ്ലാം വിരോധത്തിന്റെ പുതു നാമ്പുകള്‍ യുക്തിയിലൂടെ നുള്ളാം എന്നും തെറ്റിധരിച്ചിട്ടില്ല. അതിനു പക്ഷേ മതേതരത്വത്തിന്റെയോ മത വിമര്‍ശതിന്റെയോ കുപ്പായം ഇട്ടിട്ടു കാര്യവുമില്ല. അക്കമിട്ടെഴുതിയ ഓരോ കമന്റും താങ്കളുടെ അന്ധതയ്ക്കും ചരിത്രബോധം ഇല്ലായ്മക്കും ഉദാഹരണങ്ങള്‍ ആയി നിലകൊള്ളുന്നു. അവയില്‍ ഒന്നിനോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ. ദളിത്‌ എന്നു പറഞ്ഞു ഹിന്ദു മതത്തെ തിരസ്കരിച്ച കാര്യം പറയുന്നുണ്ടല്ലോ. പക്ഷേ നിങ്ങളുടെ ഹിന്ദുത്വം മുഴുവനായി പോയിട്ടില്ല. ഇസ്ലാമിനെ ക്കുറിച്ചുള്ള ധാരണകളില്‍ , നിലപാടുകളില്‍ ആ പരിഷകരണ വാദത്തില്‍ ഒക്കെ തെളിയുന്നത് അത് തന്നെയാണ്. ഏതായാലും പരിഷകരണവാദിയായ നിങ്ങള്‍ ജീവിചിരിക്കെണ്ടിയിരുന്നത് ബ്രിട്ടീഷ്‌ ഭരണ കാലത്താണ്. പരിഷ്കരണ വാദികള്ക്കൊക്കെ അല്പം കൂടി മാന്യത ഉണ്ടായിരുന്നത് അക്കാലത്താണ്. പിന്നെ ഹിന്ദുവല്ല, മതമില്ല എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നത് എന്തിനു ? പലസ്തീനിലെ ഒരു ലെസ്ബിയന്‍ സ്ത്രീ ആണ്‌ നിങ്ങള്‍ എന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എങ്കിലും "തികഞ്ഞ അജ്ഞതയും വിഡ്ഢിത്തവും" പ്രതിരോധിക്കാന്‍ പത്തു മുവായിരം വാക്ക് എഴുതി ഉണ്ടാക്കേണ്ടി വരിക!
സഞ്ജീവ് ശ്രീധരനും കൂടെ ലൈക്കുന്നവര്‍ക്കും :

brands & bargains ...
best combination ...
ജാതിയും ജാതകവും പോലെ.
ചിഹ്നങ്ങളും ശരീരഭാഷയും പോലെ.
പര്‍ദയും ദുപ്പട്ടയും പോലെ.
മുഹൂര്‍ത്തം + രാഹുകാലം.
അതു കഴിഞ്ഞ് വിപ്ലവം - സൈബര്‍ സ്പേസില്‍. കാരണം തെരുവില്‍ മുഴുവന്‍ ഇസ്ലാമോഫോബിയ.
ചെറിയതുറ വെടിവെപ്പിനു പിറകില്‍ ഒരു അകാദമിക് വെടിവട്ടം... നാലും കൂട്ടിയൊരു മുറുക്കും.
വിപ്ലവം....പ്ലവം ...വം. ( ഒരു കം. തകം സ്റ്റൈലില്‍ ) അവസാനം വാഴക്കൊലപാതകമെങ്കിലും നടന്നാല്‍ മതിയായിരുന്നു.

രാള്‍ക്ക് ഇസ്ലാലമഫീലിയ്‌ക്കൊപ്പം തെറിപ്പനി! മറ്റൊരാള്‍ക്ക് അധിക്ഷേപം. ഹിന്ദുത്വമെന്ന് അധിക്ഷേപിക്കാന്‍ എളുപ്പം. കാരണം ദലിതര്‍ ഇസ്ലാമില്‍ നിന്നു നേരിട്ട മര്‍ദനങ്ങള്‍ ഒരിക്കലും സവര്‍ണ്ണ ക്രിസ്ത്യാന്‍ പെറ്റി ബൂര്‍ഷ്വാ വര്‍ഗാടിത്തറയുള്ളവര്‍ക്ക് നേരിടേണ്ടിവരില്ലല്ലോ. കാരണം 'അപരങ്ങളില്‍' സുഖമായി അവര്‍ക്കും കഴിയാം. ഓണ്‍ലൈനില്‍ ഇസ്ലാമോഫീലിയ നിറഞ്ഞ വിപ്ലവം!. പിന്നെ സോളിഡാരിറ്റിയുടെ വേദികളില്‍ കിട്ടാവുന്നത്രയും ഉത്‌ബോധനം.(വേദിക്ക് താഴെ കേട്ട കമന്റുകളില്‍ വേദിയില്‍ നിന്ന് പ്രസംഗിച്ചവര്‍ കേള്‍ക്കാത്തത് അതിലേറെ ഭാഗ്യം!) അതും ദലിതരുടെയും ദരിദ്രവര്‍ഗത്തെയും (ഓ, വര്‍ഗം! ഇസ്ലാമിലെന്തുവര്‍ഗം, എന്ത് ജാതി?!!) പറ്റി. അതിനാവട്ടെ സി.ഡി.എസിന്റെ ഫണ്ടും അകമ്പടി. സുഖമാണ് ഏര്‍പ്പാട്!
ഇപ്പോള്‍ ഞാന്‍ ആദ്യം പോസ്റ്റ് ചെയ്ത കമന്റ് എത്ര സത്യമായിരിക്കുന്നു: ''നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം!"

ഇസ്ലാമഫോബിയയും ഇസ്ലാമഫീലിയയെയും പറ്റിയുള്ള ഉപന്യാസം വായിച്ചു. ഇസ്‌ളാമഫോബിയ എന്നൊന്നില്ലെന്ന് ആരും പറഞ്ഞില്ല. അതുണ്ട്. വളരെ പ്രത്യക്ഷമായി തന്നെ. അതിനെ എതിര്‍ക്കേണ്ടതും പരാജയപ്പെടുത്തേണ്ടതുമുണ്ട്​.
അതേ സമയം ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമഫീലിയ ഇല്ലെന്ന് വാദിക്കുമ്പോഴാണ് രസം. ഇസ്ലാമിനെതിരെയുള്ള ഏത് വിമര്‍ശനങ്ങളെയും 'ഇസ്ലാമഫോബിയ' എന്ന സുഖകരമായ ചരിചകൊണ്ട് തടുക്കാം എന്നു കരുതുന്നിടത്താണ് ഇസ്ലാമഫീലിയയുടെ തുടക്കം.
ലോകത്ത് എല്ലാ സിദ്ധാന്തങ്ങളും മതങ്ങളും പ്രത്യയശാസ്ത്രവും വിമര്‍ശിക്കപ്പെടുന്നുണ്ട്.​ അതൊന്നും ഫോബിയ (കമ്യൂണിസ്റ്റ് ഫോബിയ, മാവോയിസ്റ്റ് ഫോബിയ എന്നു പറഞ്ഞല്ല നേരിട്ടിട്ടുള്ളത്). മുന്‍ സോവിയറ്റ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ട ചില വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ ഇസ്ലാമഫോബിയ എന്നു വച്ച് പ്രതിരോധിക്കാമെന്നത് വ്യാമോഹമാണ്. സമാനമായ കാഴ്ച കേരളത്തിലുമുണ്ട്. അധ്യാപകന്റെ കൈവെട്ടുക, ദലിത് യുവാവിനെ താലിബാന്‍ മാതൃകയില്‍ വധിക്കുക (ആരോപണം ഗീതാനന്ദന്റേത്), മലപ്പുറത്തെ പ്രണയവിവാഹത്തിനുനേരെ നടന്ന ആക്രമണം, തുടങ്ങിയ പ്രതിലോമകരമായ നടപടികള്‍ വന്നപ്പോഴെല്ലാം അതിനെ പ്രതിരോധിക്കാനും ഇസ്ലാമഫോബിയ എന്ന പദം ഉപയോഗിക്കപ്പെടുന്നു (ഇപ്പോള്‍ വരും ചോദ്യം എവിടെ, ആരുന്നയിച്ചൂ എന്ന പറയു!!!). അവിടെയാണ് ഇസ്ലാമഫീലിയ പുറത്തുവരുന്നത്.

മുസ്‌ളീമിന്റെ ചരിത്രനിര്‍മിതിയെപ്പറ്റി മുമ്പ് ഇവിടെ സൂചിപ്പിച്ചുകണ്ടു. എങ്ങനെയാണ് ഈ ചരിത്രനിര്‍മിതി നടന്നത്. അതില്‍ ഏത് വര്‍ഗാടിത്തറ സ്വാധീനിച്ചു? ഇപ്പോള്‍ ഇസ്ലാമിന്റെ/മുസ്‌ളീം എന്ന് പറയുന്ന നിലപാടുകള്‍ ഏത് വര്‍ഗത്തിന്റേതാണ്?














Saturday, July 30, 2011

ആരുടേതാണ് ഈ മേല്‍വിലാസം?

ആരുടേതാണ് ഈ മേല്‍വിലാസം?

വിചാരണ: ഡോ. കെ.എം. ജയകൃഷ്ണന്‍
ഹിന്ദിയും മലയാളവും ഒരുപോലെ അറിയുന്നവര്‍ക്ക് ഏപ്രില്‍ 29ന് റിലീസ് ചെയ്ത സുരേഷ്‌ഗോപിയും പാര്‍ഥിപനും കക്കരവിയും അഭിനയിക്കുന്ന മാധവരാമദാസ് സംവിധാനം നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന ചലച്ചിത്രം കാണുമ്പോള്‍ വലിയ അമ്പരപ്പ് അനുഭവപ്പെടും. പാട്ടില്ലാത്ത, സ്ത്രീ കഥാപാത്രങ്ങളില്ലാത്ത, മലയാളത്തിലെ ആദ്യത്തെ റിയല്‍ടൈം സിനിമ എന്നു തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ സിനിമ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'ഉള്‍വിലാസം' എന്ന പേരില്‍ ഈ സിനിമ തമിഴിലേക്കും ഡബ്ബുചെയ്യും. മലയാളികള്‍ക്ക് ചിരപരിചിതനായ സൂര്യാ കൃഷ്മൂര്‍ത്തിയുടെ 'മേല്‍വിലാസം' എന്ന മലയാള നാടകത്തിന്റെ സിനിമാ ആവിഷ്‌കാരമാണ് ഈ 'മേല്‍വിലാസ'മെന്ന് പത്രങ്ങളും പരസ്യങ്ങളും ഉദ്‌ഘോഷിക്കുന്നു. മാതൃഭൂമി ഏപ്രില്‍ 29ന്റെ തൃശൂര്‍ നഗരം സപ്ലിമെന്റില്‍ വന്ന 'പട്ടാള വിചാരണയുമായ് മേല്‍വിലാസം' എന്ന പി. പ്രിജിത്തിന്റെ സിനിമാലേഖനവും, ദ ഹിന്ദുവിന്റെ 'ഫ്രൈഡെ റിവ്യൂ'വിലെ Addressing Reality എന്ന പേരില്‍  മനു രമാകാന്തിന്റെയും  സൂര്യാകൃഷ്ണ മൂര്‍ത്തിയുടെയും മാധവ രാമദാസിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിവരണ റിപ്പോര്‍ട്ടും,  മേല്‍വിലാസം മൂവി റിവ്യൂ എന്നിങ്ങനെയുള്ള പല ഇന്റര്‍നെറ്റ് പരസ്യ ബ്ലോഗുകളും 'മേല്‍വിലാസം' സിനിമയുടെ തന്നെയുള്ള ഇന്‍ര്‍നെറ്റ് ട്രെയിലറുകളും കഥയും തിരക്കഥയും സംഭാഷണവും സൂര്യാകൃഷ്മൂര്‍ത്തിയുടേതെന്ന് അസന്ദിഗ്ധം പ്രസ്താവിക്കുന്നു.
രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.എ, ബി.എസ്‌സി ഹിന്ദി ഉപഭാഷാ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുവാനായി ഒരു ഹിന്ദിനാടകം നിര്‍ദേശിക്കുകയുണ്ടായി. കോളജുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന ഞങ്ങളൊക്കെ രണ്ടുകൊല്ലം ആ നാടകം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മുന്നില്‍ അല്‍പം അഭിനയത്തോടുകൂടിത്തന്നെ പഠിപ്പിച്ചിരുന്നു. ഹിന്ദിയിലെ അതിപ്രശസ്തമായൊരു നാടകമാണ് 'കോര്‍ട്ട് മാര്‍ഷല്‍'. മലയാളികള്‍ക്ക് അപരിചിതനായ സ്വദേശ് ദീപക് ആണ് ഈ നാടകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ഉള്ളില്‍പോലും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അതിശക്തമായ ഡയലോഗുകളിലൂടെ അനാവരണം ചെയ്യുന്നതാണ് പ്രസ്തുത നാടകം. കേവലമൊരു പട്ടാളക്കോടതി മുറിയുടെ ലൊക്കേഷനില്‍വെച്ചുമാത്രം ഈ നാടകം നിര്‍വഹിക്കപ്പെടുന്നു. ശക്തമായൊരു സ്‌ക്രിപ്റ്റിലൂടെ സ്വദേശ് ദീപക് ജാതിയുടെ കരാളതയെ താഴ്ന്ന ജാതിക്കാരനായ രാമചന്ദ്രന്‍ എന്ന  ജവാന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു. ഹിന്ദിയിലെ മുന്‍നിര പ്രസാധകരായ 'രാജ്കമല്‍ പ്രകാശന്‍' ഈ നാടകത്തിന്റെ പല പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപത് വര്‍ഷങ്ങളായുള്ള തങ്ങളുടെ പുസ്തക പ്രസാധന ചരിത്രത്തില്‍ 'രാജ്കമല്‍' ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത മൂന്നുനാടകങ്ങളില്‍ ഒന്നുമാണ് 'കേര്‍ട്ട് മാര്‍ഷല്‍'. സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന യഥാര്‍ഥ ഹിന്ദിനാടകം 1991 ജനുവരി ഒന്നാം തീയതി ആദ്യമായി ന്യൂദല്‍ഹി ശ്രീരാം സെന്ററില്‍ അരങ്ങേറുകയുണ്ടായി. രജ്ഞിത് കപൂറായിരുന്നു സംവിധായകന്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം ഭാഷകളിലേക്ക് ഈ നാടകം തര്‍ജമ ചെയ്തിട്ടുമുണ്ട്. 2005ല്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് സ്വദേശ് ദീപക്കിന് ലഭിച്ചു. ഹിന്ദി തിയറ്ററിന് നല്‍കിയ 'ഓവര്‍ഓള്‍' സംഭാവനക്കായിരുന്നു അവാര്‍ഡ്. ഹിന്ദിയിലെ പ്രശസ്ത നാടക ഗ്രൂപ്പായ 'അസ്മിത' കഴിഞ്ഞ 12 വര്‍ഷമായി 'കോര്‍ട്ട് മാര്‍ഷല്‍' രംഗത്ത് അവതരിപ്പിച്ചുവരുന്നു. രഞ്ജിത് കപൂര്‍, ഉഷഗാംഗുലി, അരവിന്ദ് ഗൗര്‍, അമ്‌ല റായ്,  അഭിജിത് ചൗധരി തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ നേതൃത്വത്തില്‍ 2500ലധികം വേദികളില്‍ 'കോര്‍ട്ട് മാര്‍ഷല്‍' ഇതിനകംതന്നെ അവതരിപ്പിച്ചുകഴിഞ്ഞു.
നാടകം സിനിമയാക്കുന്നത് പുത്തരിയല്ല. പക്ഷേ, സ്വദേശ് ദീപക് എന്ന കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവിന്റെ 'കോര്‍ട്ട് മല്‍ഷല്‍' എന്ന വിഖ്യാത ഹിന്ദി നാടകത്തിന്റെ മലയാള സിനിമ ആവിഷ്‌കാരമാണ് ഈ സിനിമയെന്ന് എവിടേയും വേണ്ട പ്രാധാന്യത്തോടെ സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിലെ ദ ഹിന്ദു ദിനപത്രത്തില്‍ 'മേല്‍വിലാസം' സിനിമയെക്കുറിച്ചുള്ള അനുപമ കോത്താരിയുടെ  ലേഖനത്തില്‍ മാധവരാമദാസ് പറയുന്ന വാചകം ശ്രദ്ധിക്കുക: ''A drama inspired by Swadesh Deepak's play 'Court Martial'. ''  അത്രയെങ്കിലും പറഞ്ഞുവല്ലോ എന്നാശ്വസിക്കാം. Inspirational plagerism എന്നതിനെ പറയാമോ? മറ്റൊരാളുടെ രചനയെ തന്‍േറതെന്ന് അവകാശപ്പെടുന്നതിനെ full plagerism എന്നുതന്നെ പറയേണ്ടിവരും. ഒരാശയത്തിന്റെ പ്രേരണയാണ് ഇന്‍സ്‌പിരേഷന്‍ (motivation of an idea) ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. രൂപാന്തരം (adaptation) ആണ് നടത്തിയിട്ടുള്ളതെന്ന് പറയുന്നതും തെറ്റാണ്. എന്തെന്നാല്‍, രൂപാന്തരണം യഥാര്‍ഥ രചനയെയും രചയിതാവിനെയും അംഗീകരിച്ചുകൊണ്ടുള്ള വേറൊരു രൂപത്തിലേക്കുള്ള കൂടുമാറ്റമാണ്. നോവലിനെയോ ചെറുകഥയെയോ കവിതയെയോ വേറൊരു മീഡിയയിലേക്ക് -ഉദാഹരണമായി നാടകത്തിലേക്കോ സിനിമയിലേക്കോ മാറ്റുന്നതാണ്. ഇവിടെ 'മേല്‍വിലാസം' എന്ന സൂര്യാകൃഷ്ണമൂര്‍ത്തിയുടേതെന്ന് അവകാശപ്പെടുന്ന നാടകം തന്നെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകത്തിന്റെ മലയാള പകര്‍പ്പാണ്. സിനിമയും തഥൈവ.
വളരെ വിചിത്രമായ വേറൊരു വസ്തുത സ്വദേശ് ദീപക്കിന്റെ മകനായ സുഖാന്ത് ദീപക്കിന്റെ 'സമ്മതം' 'മേല്‍വിലാസ'ത്തിന്റെ വക്താക്കള്‍ നേടിയിട്ടുണ്ടെന്ന് അറിയുന്നു. 'കോപ്പിറൈറ്റ് വയലേഷന്‍' വഴിയുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും സമ്മതം മുന്‍കൂറായി വാങ്ങിച്ചത്. തന്റെ അച്ഛന്‍ എഴുതിയ നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ പേരുമാറ്റി 'മേല്‍വിലാസം' എന്നാക്കി നിസ്സാരവത്കരിച്ച് വേറൊരാളുടേതാക്കി മറ്റൊരുഭാഷയില്‍ സിനിമയായി അവതരിപ്പിക്കാന്‍ ഒരു മകന്‍ പൂര്‍ണമായി സമ്മതം കൊടുക്കുമെന്ന് എനിക്കുതോന്നുന്നില്ല. 'മേല്‍വിലാസം' എന്ന ഈ സുരേഷ്‌ഗോപി ചിത്രത്തിന്റെ ശരിയായ മേല്‍വിലാസക്കാരന്‍ സ്വദേശ് ദീപക് ആണ്. സൂര്യാകൃഷ്ണ മൂര്‍ത്തിയോ ഗോപി പൂജപ്പുരയോ ഒന്നുമല്ല. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അപക്വരായ കലാകാരന്മാര്‍ അനുകരിക്കും. പക്വതവന്നവര്‍ മോഷ്ടിക്കും (immature artists imitate, mature artists steals).
സൂര്യാകൃഷ്ണ മൂര്‍ത്തിയുടെ വെബ്‌സൈറ്റായ സൂര്യ ഇന്ത്യഡോട്ട്‌കോമിലെ (sooryaindia.com) വിവരപ്രകാരം സൂര്യകൃഷ്ണ മൂര്‍ത്തിയുടെ കൃതികള്‍ ഇവയാണ്: 'മുറിവുകള്‍' (ആത്മകഥാപരമായ കഥകള്‍), 'സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നാല് നാടകങ്ങള്‍'  (മേല്‍വിലാസം, തുടര്‍ച്ച, പുലരി, മര്‍മരം). ഇനി web india 123.comല്‍ സൂര്യാകൃഷ്ണ മൂര്‍ത്തിയുമായി 47 മിനിറ്റ്  ഇംഗ്ലീഷിലുള്ള വീഡിയോ ഇന്റര്‍വ്യൂ കാണുക. അതിന്റെ 32ാം മിനിറ്റ്‌തൊട്ട് കൃഷ്ണമൂര്‍ത്തി തന്റെ 'മേല്‍വിലാസം' എന്ന നാടകത്തെക്കുറിച്ച് പലതും പറയുന്നു. പറഞ്ഞതിനെ ദൃശ്യവത്കരിക്കാന്‍ 'മേല്‍വിലാസം' എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങള്‍ 'ഓണ്‍ലൈന്‍' ആയിത്തന്നെ കാണിക്കുന്നു. 'ദലിത് പ്രശ്‌നത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് തന്റെ ഈ നാടകമെന്നും നാടകം നടക്കുന്ന സമയം എഴുപതുകള്‍ ആണെന്നും അടിയന്തരാവസ്ഥ കാലമാണെന്നും മറ്റും അദ്ദേഹം പറയുന്നുണ്ട്. തന്റെ നാടകത്തിന്റെ ദൃശ്യപ്രതലത്തില്‍ നാല് ഫോട്ടോകളുണ്ടെന്നും മുകളിലത്തേത് മഹാത്മാഗാന്ധിയുടേതാണെന്നും അത് പാതി മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നും അടിയിലെ ഇന്ദിരഗാന്ധി ഉള്‍പ്പെട്ടവരുടെ ഫോട്ടോകള്‍ തെളിഞ്ഞിരിക്കുന്നെന്നും മറ്റും ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ദേശത്തിന്റെ ദശയാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ എല്ലാ രചനകളിലും 'അമ്മു' ഉണ്ടെന്നും അത് സ്‌റ്റേജിലെ തന്റെ പ്രതീകമാണെന്നും (my representation on stage) മൂര്‍ത്തി പറയുന്നു. 'മേല്‍വിലാസ'ത്തിലും  'അമ്മു' കടന്നുവരുന്നു. ഇതേ ഇന്റര്‍വ്യൂവില്‍ മൂര്‍ത്തി നമ്മോടു ചോദിക്കുന്നു: ''വീട്ടിലെ സ്റ്റൗ കത്തി വധുമാത്രമേ മരിക്കുന്നുള്ളൂ. ഒരു മകള്‍ ഒരിക്കലും മരിക്കുന്നില്ല. ഭര്‍ത്താവ് ഒരിക്കലും തീപിടിച്ച് മരിക്കുന്നില്ല.''  മൂര്‍ത്തിപറഞ്ഞ ഈ വാക്യവും 'കോര്‍ട്ട് മര്‍ഷല്‍' നാടകത്തിലേതാണ്. അതിലെ 65ാം പേജില്‍ ബികാസ് റായ് പറയുന്നു: ''അതെ സര്‍, ഇങ്ങനെത്തന്നെയാണ് സംഭവിച്ചത്. എപ്പോഴും ഭാര്യയുടെ കാല്‍ വഴുക്കുന്നു. ഭര്‍ത്താവിനത് ഒരിക്കലുമില്ല. വീട്ടിലെ തീയും വളരെ വകതിരിവുള്ളതാണ്. എപ്പോഴും വധുവിന് തീപിടിക്കുന്നു. പുത്രിയെ ഒരിക്കലും തീപിടിക്കുന്നില്ല...'' ഈ വീഡിയോ ഇന്റര്‍വ്യൂവില്‍തന്നെ പ്രത്യക്ഷപ്പെടുന്ന 'മേല്‍വിലാസം' എന്ന നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുകയും കേള്‍ക്കുകയും മാത്രം ചെയ്താല്‍ മതി 'മേല്‍വിലാസം' 'കോര്‍ട്ട് മാര്‍ഷലി'ന്റെ തനി പകര്‍പ്പാണെന്ന് ആര്‍ക്കും മനസ്സിലാവും. 'മേല്‍വിലാസം' എന്ന നാടകത്തിന്റെ ചില ഭാഗങ്ങള്‍ യൂടൂബിലൂടെയും കാണാം. രംഗാവതരണത്തില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.  എന്നാല്‍, ഡയലോഗുകളും ആക്ഷനുമൊക്കെ പൂര്‍ണമായി സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന്റെ തന്നെ. ഇതേ നാടകം തൃശൂരും പാലക്കാട്ടുമൊക്കെ അവതരിപ്പിക്കുമ്പോള്‍തന്നെ കാണികളായിരുന്ന കോളജ് ഹിന്ദി അധ്യാപകരായ പലരും വേദിയില്‍ കയറി ശക്തമായി പ്രതികരിച്ചിരുന്നു. 'മേല്‍വിലാസം' കൃഷ്ണമൂര്‍ത്തിയുടേതല്ല, സ്വദേശ് ദീപക്കിന്‍േറതാണെന്ന് വാദിച്ചു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, സിനിമയാക്കുകയും ചെയ്തു മൂര്‍ത്തി തന്റെ പേരില്‍.
സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍'എന്ന നാടകം 2009ല്‍ പുസ്തകമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലത കെ.വി യാണ് പരിഭാഷക. സൈന്‍  ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 88 പേജുള്ള ഈ പുസ്തകത്തിന്  സി.ആര്‍. പരമേശ്വരനാണ് 'മറ്റൊരു ജീവിതവിചാരണ' എന്നപേരില്‍ പ്രൗഢമായ അവതാരിക എഴുതിയത്.' അതിന് മുമ്പ് 2003 ജൂലൈയില്‍  കെ. സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ പച്ചക്കുതിര ലതയുടെ മലയാള പരിഭാഷയായ 'കോര്‍ട്ട് മാര്‍ഷല്‍' പ്രസിദ്ധീകരിച്ചിരുന്നു.
ആശയം,കഥാപാത്രങ്ങള്‍,കഥ,സംഭാഷണം, ആക്ഷന്‍ ഈ അഞ്ച് മാനദണ്ഡങ്ങള്‍വെച്ച് പരിശോധിച്ചാലും 'മേല്‍വിലാസം' സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന ഹിന്ദി നാടകത്തിന്റെ തനിപ്പകര്‍പ്പാണ്. 'മേല്‍വിലാസ'മെന്ന മൂര്‍ത്തിയുടേതെന്ന് പറയപ്പെടുന്ന നാടകത്തില്‍ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് അതേപേരിലുള്ള സിനിമ ഇറക്കിയിരിക്കുന്നത്. മൂര്‍ത്തി ആകെ നടത്തിയിയിരിക്കുന്നത് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ്.  'കോര്‍ട്ട് മാര്‍ഷല്‍' മാത്രം നടക്കുന്ന ഈ നാടകത്തില്‍ അമ്മുവെന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച് മേല്‍വിലാസമന്വേഷിപ്പിക്കുന്ന ഒരു കസര്‍ത്ത്. നാടകത്തിന്റെ അവസാനഭാഗത്ത് ക്യാപ്റ്റന്‍ ബി.ഡി. കപൂറിന്റെ ആത്മഹത്യയെ 'പ്രമോഷനാക്കി' മാറ്റുന്നതും മറ്റുമാണ്. സ്വദേശ് ദീപക്കിന്റെ കോര്‍ട്ട് മാര്‍ഷലില്‍ ഇല്ലാത്തൊരു കഥാപാത്രമാണ് ഈ ശുദ്ധ മലയാള നാമമായ 'അമ്മു'. മുഴുവന്‍ ഹിന്ദി പേരുകളും ഉത്തരേന്ത്യന്‍ പശ്ചാത്തലവും മാത്രമുള്ള ആ നാടകത്തില്‍ തന്റെ സ്‌റ്റേജിലെ പ്രതീകമായ അമ്മുവിനെ ഒട്ടിച്ചുകൊണ്ടാണ് മൂര്‍ത്തി തന്റെ മേല്‍വിലാസമുണ്ടാക്കിയിരിക്കുന്നത്. 'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ അവസാനത്തില്‍ ക്യാപ്റ്റന്‍ കപൂര്‍ അപമാന ഭാരത്താലും കുറ്റബോധത്താലും സ്വയം വെടിവെച്ചുമരിക്കുന്നു. കൃഷ്ണമൂര്‍ത്തിയുടെ 'മേല്‍വിലാസ'ത്തില്‍ ക്യാപ്റ്റന്‍ ബി.ഡി. കപൂര്‍ മരിക്കുന്നില്ല. പകരം പ്രമോഷന്‍ ലഭിച്ച് വിജയശ്രീലാളിതനാകുന്നു. ഇതും സംഭവങ്ങളില്‍ അങ്ങിങ്ങ് വരുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങളും മാത്രമാണ് 'കോര്‍ട്ട് മാര്‍ഷലും' 'മേല്‍വിലാസ'വും തമ്മിലുള്ള വ്യത്യാസം. എപ്പടി വിദ്യ?
webindia123.comലെ വീഡിയോ ഇന്റര്‍വ്യൂവില്‍ തന്റെ പുതിയൊരു നാടക സങ്കേതം 'തിയറ്റര്‍ ഓഫ് ഫ്രീഡം' എന്നതിനെക്കുറിച്ച് മൂര്‍ത്തി വാചാലനാകുന്നു. വേറൊരു കലാകാരന്റെ രചനയെ പരിശുദ്ധമായി മോഷ്ടിച്ച് തന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്നതാണോ 'തിയറ്റര്‍ ഓഫ് ഫ്രീഡം'?
'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ സവിശേഷത അതിന്റെ ഏകാഗ്രതയും തീവ്രതയുമാണ്. ജാതി എന്ന കൊടുംശാപത്തിന്റെ ക്രൂര വിപത്തുകളെക്കുറിച്ച് നാടകം ശക്തമായി അന്വേഷിക്കുന്നു. ഒപ്പം സത്യം, സമത്വം, സാമൂഹിക നീതി തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഉര്‍ത്തിപ്പിടിക്കുന്നു. ജാതിവിവേചനത്തിനും കടുത്ത അവഹേളനങ്ങള്‍ക്കും ഇരയാകുന്ന രാംചന്ദര്‍  എന്ന ദലിത് സൈനികന്‍ ഗത്യന്തരമില്ലാതെ തന്റെ രണ്ട് ഓഫിസര്‍മാരെ വെടിവെക്കുകയും അതിലൊരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ക്ക് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് രാമചന്ദറിന് എതിരായ സൈനിക വിചാരണയാണ് 'കേര്‍ട്ട് മാര്‍ഷലി'ന്റെ പ്രമേയം. ജാതി സംവരണം ഇല്ലാത്ത ഒരേയൊരു ഗവണ്‍മെന്റ് സംവിധാനമായ പട്ടാളത്തിനുള്ളിലെ ജാതിവിവേചനം സമൂഹത്തോടും മനുഷ്യത്വത്തോടുമുള്ള കുറ്റമായി പരിണമിക്കുമ്പോള്‍ കുറ്റവാളിയായ രാമചന്ദര്‍ ആണ് ധാര്‍മികമായി വിജയിക്കുന്നത്. രാമചന്ദറിന് വധശിക്ഷ ലഭിക്കുന്നുണ്ടെങ്കില്‍പോലും കണ്ണില്ലാത്ത നിയമവും കാവ്യനീതിയും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന ഒരന്ത്യമാണ് 'കോര്‍ട്ട്മാര്‍ഷലി'നുള്ളത്.
Taking something from one man and making it worse is plagiarism. തീവ്രവാദാക്രമണത്തില്‍ കുടുംബം  നഷ്ടപ്പെട്ട അനാഥയായ അമ്മുവിനെ രാമചന്ദര്‍ ദത്തുപുത്രിയായി സ്വീകരിച്ചൂവെന്നുള്ള കൃഷ്ണമൂര്‍ത്തിയുടെ ഭാവന മെലോഡ്രാമക്ക് കൊള്ളാം. അതിവൈകാരികത കലര്‍ത്താന്‍ അമ്മുവിനെ കോടതി മുറിയില്‍ ഹാജരാക്കി 'അച്ചാ' എന്നുവിളിപ്പിക്കുന്നതുപോലുള്ള വങ്കത്തങ്ങള്‍ ആണ് 'മേല്‍വിലാസ'ത്തിലുള്ളത്. അതിശക്തമായൊരു തീമും ചടുലമായ സംഭാഷണങ്ങളുമുള്ള സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന് അത്തരമൊരു ഏച്ചുകെട്ടല്‍ അചിന്ത്യമാണ്. മൂലനാടകത്തിന്റെ തീമിനെ ദുര്‍ബലപ്പെടുത്തുന്നൊരു നീക്കമാണ് മൂര്‍ത്തി നടത്തിയിരിക്കുന്നത്. പട്ടാളക്കോടതി മുറിയിലെ കോര്‍ട്ട് മാര്‍ഷല്‍ സംവിധാനത്തില്‍ പ്രതിയും വിചാരണക്കാരും വക്കീലന്മാരും ജഡ്ജിമാരുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കുകയില്ലെന്ന ബാലപാഠംപോലും 'മേല്‍വിലാസ'ക്കാര്‍ മറന്നുപോയി.
1942ല്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ ജനിച്ച സ്വദേശ് ദീപക് ഹരിയാനയിലെ അംബാല കന്‍േറാണ്‍മെന്റിലെ ഗാന്ധി സ്മാരക കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സില്‍വിയാ പ്ലാത്തിന്റെയും വെര്‍ജീനിയ ഫൂള്‍ഫിന്റെയും ആരാധകനായ ഈ അസാധാരണ മനുഷ്യന്‍ ഒരു വിഷാദ പ്രതിഭയായിരുന്നു. നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തുമായിരുന്ന സ്വദേശ് ദീപക്കിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അതികഠിനമായ വിഷാദരോഗം പിടിപെട്ടിരുന്നു. 2006ല്‍ ഒരു പ്രഭാത സവാരിക്കിടെ കാണാതായ അദ്ദേഹെത്തക്കുറിച്ച് ഇപ്പോഴും  ദുരൂഹത നിലനില്‍ക്കുന്നു. 'ഏറ്റവും വിഷാദഭരിതമായ കവിത' എന്നൊരു നാടകം ദീപക്കിന്‍േറതായിട്ടുണ്ട്. ആ നാടകംപോലെതന്നെ വിഷാദഭരിതമായ ഒരു കവിതയായ് സ്വദേശ് ദീപക് അപ്രത്യക്ഷനായി. പക്ഷേ, അദ്ദേഹത്തിന്റെ രചനകള്‍ എവിടെയും അപ്രത്യക്ഷമായിട്ടില്ല. വിക്കിപീഡിയയില്‍ പോയി സ്വദേശ് ദീപക് എന്ന് തിരഞ്ഞാല്‍ മാത്രം മതി. ചിത്രത്തോടുകൂടിയ അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനും ആര്‍ക്കും വായിക്കാനാവും. ജീവിതത്തില്‍ അപ്രത്യക്ഷനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായൊരു നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ 'മേല്‍വിലാസം' ആക്കി തമസ്‌കരിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല.
പ്രബുദ്ധരായ മലയാളികള്‍ 'മേല്‍വിലാസം' സിനിമ കാണട്ടെ, അതേപേരിലുള്ള നാടകം കാണട്ടെ, പുസ്തകം വായിക്കട്ടെ എന്നിട്ട് തീരുമാനിക്കട്ടെ യഥാര്‍ഥ 'മേല്‍വിലാസം' ആരുടേതാണെന്ന്. 'കോര്‍ട്ട് മാര്‍ഷല്‍' എഴുതിയ സ്വദേശ് ദീപക്കാണോ അതോ കലാസപര്യയുടെ നിത്യപൂജകനായ സൂര്യാകൃഷ്ണമൂര്‍ത്തി അവര്‍കളോ?
കഥയെയും തിരക്കഥയെയും സംഭാഷണത്തെയും കുറിച്ച് ഇത്രയും പറഞ്ഞെങ്കിലും 'മേല്‍വിലാസം' സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. പരിമിതമായ നാടക വൃത്തത്തിലൊതുങ്ങിയ 'കോര്‍ട്ട് മാര്‍ഷലി'നെ ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് ആവാഹിച്ച് ആവിഷ്‌കരിച്ച സൂര്യാകൃഷ്ണ മൂര്‍ത്തിയും മാധവരാമദാസും അഭിനന്ദനം അര്‍ഹിക്കുന്നു.
കോളജില്‍ ഈ നാടകം പഠിപ്പിച്ചിരുന്നപ്പോള്‍, എന്‍.സി.സിയില്‍ അംഗമായ ഒരു വിദ്യാര്‍ഥി എന്നോടൊരു ചോദ്യം ചോദിച്ചു: ''സര്‍, ദേശീയതകളുടെയും രാജ്യ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ പ്രതീകമായ ഇന്ത്യന്‍ മിലിട്ടറിയെ അപഹസിക്കുന്നതും ന്യൂനീകരിക്കുന്നതുമല്ലേ ഈ നാടകം?  എന്‍.സി.സി നന്നായി പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ഇത്തരം നാടകം സിലബസായി പഠിപ്പിക്കുന്നത് തെറ്റല്ലേ? ഇന്ത്യന്‍ പട്ടാളത്തെ ആരാധിക്കുന്ന യുവഹൃദയങ്ങളില്‍ ഇതുപോലൊരു നാടകം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയില്ലേ?'' ഏതു മഹത്തായ രചനയും ചിലരെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും. അത് അധികാരത്തിന്റെയും അഹന്തയുടേതുമായ പല ശക്തികേന്ദ്രങ്ങളെയും വെല്ലുവിളിക്കും. വിമര്‍ശിക്കും. അതുകൊണ്ടുമാത്രം അവ പഠിപ്പിക്കാന്‍ പറ്റുകയില്ലെന്ന് ശഠിക്കുന്നത് ജനാധിപത്യപരമല്ലെന്ന അഭിപ്രായമാണ് ഞാന്‍ അന്ന് പ്രകടിപ്പിച്ചത്.