Saturday, September 10, 2011

മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?

മലയാള സിനിമയില്‍ ആദ്യമായി ഭക്ഷണത്തെക്കുറിച്ച് വൃത്തിയോടെ ചെയ്ത ഒരു നല്ല ചിത്രം എന്ന് സാമാന്യബോധമുള്ളവര്‍ പറഞ്ഞതു കേട്ടാണ് ഈയടുത്തിറങ്ങിയ 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' കാണാന്‍ പോയത് .വിശപ്പുമായി ബന്ധപ്പെട്ടാണ് ഭൂമിയിലെ ഏതൊരു മനുഷ്യന്റെയും മുന്നില്‍ ഭക്ഷണം നിറയുന്നത് .അതുകൊണ്ടായിരിക്കാം "വിശക്കുന്നവന്റെ മുന്നില്‍ അന്നമായിട്ടല്ലാതെ ദൈവത്തിനുപോലും പ്രക്ത്യക്ഷപ്പെടാന്‍ ധൈര്യമില്ല" എന്ന് ഗാന്ധി പറഞ്ഞത്‌. "ദി ഗോള്‍ഡ്‌ റഷസ്" എന്ന തന്റെ ചിത്രത്തിലൂടെ പ്രശസ്ത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്‍ വിശപ്പിന്റെ കാഠിന്യം ചിത്രീകരിക്കുന്നത് തന്റെ തന്നെ ഷൂ പുഴുങ്ങി തിനുന്നതിലൂടെയാണ്.മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?ഭൂമിയിലെ മഹാഭൂരിപക്ഷത്തിനും ഇന്നും ഉത്തരമില്ലാത്ത ഒരു യാഥര്‍ത്ത്യമാണത്..........

ഇതിന്റെയടിസ്ഥാനത്തില്‍ ഈ സിനിമ മുന്നോട്ടുവെക്കുന്ന ,പ്രതിലോമകരമായ ചില ദൌത്യങ്ങളെ കാണാതിരുന്നുകൂടാ .കൊമെഴ്സിയല്‍ സിനിമകള്‍ ,അല്ലെങ്കില്‍ മുഖ്യധാര ചിത്രങ്ങള്‍ അവയെക്കുറിച്ച് നാം അധികം ആധിപിടിക്കേണ്ടതില്ല എന്നാണ് ഒരു പൊതു അഭിപ്രായം.അത് തന്നെയാണ് അതിന്റെ അപകടവും .സാംസ്ക്കരികമായി ഒട്ടും തന്നെ വികസിക്കാന്‍ കഴിയാത്ത ഒരു സമൂഹമായി നമ്മെ പിടിച്ചുനിറുത്തുന്നതില്‍ ഇത്തരം സിനിമകളുടെ പങ്ക് ചെറുതല്ല .മാത്രമല്ല അപകടകരമായ ചില മൂല്യവിചാരങ്ങള്‍ക്കും ധാരണകള്‍ക്കും ഇത് വഴിവെക്കുകകൂടി ചെയ്യുന്നു .
ഈ സിനിമ മുന്നോട്ടുവെക്കുന്ന ആശയപരമായ പാപ്പരത്തങ്ങള്‍ :-
1 . ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വേവലാതികള്‍ (ഒരു ദിവസം ഒരു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്നവന് മാത്രം വിധിച്ചിട്ടുള്ള ഒന്നാകുന്നു ഈ ഭക്ഷണത്തെക്കുറിച്ചുള്ള ഗൃഹാതുരത )
2 .പുരുഷന്റെ മനസ്സിലേക്കുള്ള വഴി 'വായ'യിലൂടെയാകുന്നു എന്ന ഫ്യൂഡല്‍ മനോഭാവത്തെ അരക്കിട്ടുറപ്പിക്കുന്നു. 'വായ്ക്കു രുചിയുള്ളത് വയറിനു നന്നല്ല' എന്ന പഴമൊഴിയെ തള്ളിയാണ്  രുചികരമായ ആഹാരം ഉണ്ടാക്കുന്ന പെണ്ണിനുവേണ്ടിയുള്ള അലച്ചില്‍ .പെണ്ണിന്റെ മറ്റ് യാതൊരുവിധ വ്യെക്തി പ്രഭാവങ്ങളിലും താത്പര്യമില്ലാത്ത മധ്യവര്‍ഗ്ഗപുരുഷമനോഭാവം ഉദാത്തവത്ക്കരിക്കുന്നത്  ആ വീട്ടിലെ കുശനിക്കാരനെ പിടിച്ചിറക്കി കൊണ്ടു  പോകുന്നതിലൂടെയാണ് .മലയാളി പുരുഷന്റെ ഭാര്യസങ്കല്പം കേമമായിരിക്കുന്നു .
3 .ആദിവാസിയെന്നത്  നാട്ടുമനുഷ്യന്  ഏതു വിധേനേയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന,മൃഗത്തെപോലെ കൈകാല്‍ കെട്ടി കൊണ്ടുവരാനുള്ള ഒരു സാധനം മാത്രമായി അവന്റെ അസ്തിത്വത്തെ അപമാനിച്ചിരിക്കുന്നു .സ്വന്തം മണ്ണിനും ,ആവാസ വ്യെവസ്ഥയ്ക്കും വേണ്ടി ഭരണകൂടത്തിനോട് വീറോടെ പൊരുതുന്ന ഒരു വലിയ ജനവിഭാഗത്തെയാണ് ഇപ്രകാരം അപമാനിച്ചിരിക്കുന്നത്.ഈ സിനിമയിലൂടെ തനിക്കു ചുറ്റുമുള്ള യാഥര്‍ത്ത്യങ്ങളോടുള്ള സംവേദനം ഇങ്ങനെയൊക്കെ പരിതാപകരമായി ചുരുങ്ങിപോയിരിക്കുന്നു.
4 .ആരോഗ്യകരമായ, ഇനിയും സാമൂഹികമായി വികസിക്കാത്ത ആണ്‍പെണ്‍ ബന്ധങ്ങളുടെ ചെറു ഇക്കിളികള്‍ അല്ലാതെ മറ്റെന്താണ് അതിലെ സ്ത്രീ പുരുഷ ഇടപെടലിലൂടെ ചിത്രികരിച്ചിരിക്കുന്നത്.ഭക്ഷണത്തിനോടുള്ള പൊതുവായ അഭിരുചികള്‍ക്കപ്പുറം വ്യെക്തിത്വത്തിന്റെ മറ്റു തലങ്ങളെയോ ,വ്യെക്തിപരമായ അഭിപ്രായ ഐക്ക്യങ്ങളോ,ഭിന്നതകളോ ഒന്നും സ്പര്‍ശിക്കാതെ ഒരാണും പെണ്ണും പരസ്പരം കാണുന്നതിനുള്ള 'മനോരോഗവൈകല്യങ്ങള്‍' അല്ലാതെ മറ്റെന്താണ് ആ സിനിമ പറയുന്നത്
5 . മധ്യവര്‍ഗ്ഗ മെട്രോപോളിട്ടന്‍ സംസ്ക്കാരത്തിന്റെ പ്രതീകങ്ങളായ ആ ചെറുപ്പക്കാര്‍ മാത്രമാണ് ആ സിനിമ മുന്നോട്ടുവച്ച ഒരേ ഒരു യാഥാര്‍ത്ഥ്യം .റിസ്ക്‌ എടുക്കാന്‍ തയാറല്ലാത്ത ,ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ,സാമൂഹ്യയാഥര്‍ത്ത്യങ്ങളോട് ജൈവീകമായി പ്രതികരിക്കാന്‍ അറിയാത്ത അവര്‍ നമ്മുടെ മുന്നിലെ വലിയ യാഥാര്‍ത്ഥ്യം തന്നെയാണ് .(കൂട്ടുകാരി ഗട്ടറില്‍ വീണു കാലുപൊട്ടുമ്പോഴേക്കും വിഭ്രാന്തിയോടെ ആംബുലന്‍സ് വിളിക്കുന്നു ,എട്ടാം ക്ലാസ് മുതല്‍ കേരളത്തിലെ പെണ്‍കുട്ടികളെ പുസ്തകം പരിചയായി ഉപയോഗിക്കാന്‍ അമ്മമാര്‍ പരിശീലിപ്പിക്കുന്നതെന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ,ഒരു ആദിവാസിയെ അവഞ്ജയോടെ മാത്രം കാണാന്‍ പറ്റുന്ന ,സത്യം തുറന്നു പറയാന്‍ കെല്പില്ലാത്ത' ഈ തലമുറ 'മാത്രമാണ് ആ സിനിമ കാണിച്ചുതന്ന ഒരേ ഒരു യാഥാര്‍ത്ഥ്യം .)    


(ജോളി ചിറയത്ത് )

Saturday, August 6, 2011

പര്‍ദ (മുഖപുസ്തക ചര്‍ച്ച )


 ഇന്ത്യന്‍ അവസ്ഥയില്‍ മുസ്‌ളീങ്ങള്‍ക്കുനേരെ ബ്രാഹ്മണിക്കല്‍ ഭരണകൂടത്തിന്റെ (സവര്‍ണ്ണ ഹിന്ദു)യും ഹിന്ദു മതമൗലികവാദികളുടെ ആക്രമണം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെ എതിര്‍ക്കുകയും അവര്‍ മര്‍ദിതരാണ് എന്ന നിലയില്‍ പക്ഷത്തോട് മുസ്‌ളീം ഐക്യപ്പെടുകയും വേണം. അതേ സമയം തന്നെ വൈരുദ്ധ്യം, സമരം, ഐക്യം എന്ന നിലപാടില്‍ പ്രശ്‌നങ്ങളെ കാണുന്നില്ലെങ്കില്‍ സംഭവിക്കുക മുസ്‌ളീം പക്ഷത്തെ മോശം അവസ്ഥകളെ കാണാതെ പോവുകയും അതിനെ വകവച്ചുകൊടുക്കുകയും ചെയ്യുക എന്നതാവും. ഒരു വിമര്‍ശനത്തിനും മുസ്‌ളീങ്ങള്‍/ഇസ്ലാമിസ്റ്റ​ുകള്‍ വിധേയമാകാന്‍ പാടില്ലെന്ന വാദം അസംബന്ധവും പ്രതിലോമകരവുമാണ്. മുസ്‌ളീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന പര്‍ദയുള്‍പ്പടെയുള്ള അടിച്ചമര്‍ത്തല്‍, മതത്തിന്റെ പുരുഷധിപത്യഘടന, ആ മതത്തിന്റെ ജനാധിപത്യവിരുദ്ധത, അതേ മതത്തിന്റെ അധികാര കാഴ്പ്പാടുകള്‍, ആ മതത്തിന്റെ വര്‍ഗ നിലപാടുകള്‍, ആ മതം വിവിധ രാജ്യങ്ങളില്‍ പിന്തുടരുന്ന പരിഷ്‌കൃതാവസ്ഥ (കല്ലെറിഞ്ഞുകൊല്ലല്‍...) എന്നിവയെ എതിര്‍ക്കണം. ഐക്യവും സമരവും സാധ്യമാവാത്ത വിധം മുസ്‌ളീം പക്ഷത്തെ ന്യായീകരിക്കുന്നവര്‍ ചെന്നെത്തുക ആ മതം (മതത്തിലെ ഒരു വിഭാഗമോ)നടപ്പാക്കുന്ന സ്ത്രീവിരുദ്ധ, ജനാധിപത്യവിരുദ്ധ സമീപനങ്ങളെ അംഗീകരിക്കുക എന്നതാണ്. നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം

പരം ആനന്ദ്‌, നിങ്ങള്‍ വളരെ പൊതുവായ ചില നിലപാടുകളാണ് പറഞ്ഞിരിക്കുന്നത് ( പരം ആനന്ദ്‌ എന്ന പേരുല്ലവര്ക്കൊക്കെ എന്തുമാകാമല്ലോ) ഈ ത്രെഡിലെ വിഷയം മുകളില്‍ കാണുന്ന ഡോകുമെന്ററിയും അതില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെയും ഇസ്ലാമിന്റെയും പ്രതിനിധാനവും ആണ്‌. ഇസ്ലാം വിമര്‍ശനത്തിനു അതീതമാണ് എന്നാരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും സ്വന്തം സാമൂഹ്യസ്ഥാനം മറന്നു കൊണ്ടും ഉള്ള നോട്ടം(gaze) ആണ്‌ ഇവിടെ പ്രശ്നം. ഗീഥയുടെ പോസ്റ്റിലെ islamophile എന്ന പദം തന്നെ ഇത്തരം നോട്ടം എപ്രകാരം അസഹിഷ്ണുതയിലേക്ക് നയിക്കുന്നു എന്ന് തെളിയിക്കുന്നു. പര്‍ദ്ദ തന്നെ ഉദാഹരണമായി എടുക്കാം. പര്‍ദ്ദ ധരിക്കുന്നത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നത് ആണെങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പുകളെ പരുവപെടുതുന്നത് പുരുഷമേധാവിത്വ പരമായ അധികാരമൂല്യങ്ങള്‍ ആകാം. ദുപ്പട്ട എന്ന മുല മറക്കുന്ന തുണിക്കഷണവും ഇതേ രീതിയിലാണ്‌ സമൂഹത്തില്‍ അവതരിപ്പിക്കപെട്ടതും സ്വീകരിക്കപെട്ടതും എന്ന് നമ്മള്‍ മറന്നു കൂടാ. ഇതില്‍ പര്‍ദ്ദ മാത്രം സ്ത്രീ വിരുദ്ധതയുടെ പ്രതീകം ആയി എണ്ണപ്പെടുകയും ദുപ്പട്ട "സ്വാഭാവിക" വേഷം ആകുകയും ചെയ്യുന്നത് എങ്ങനെയാണ് ? വേഷവിധാനത്തില്‍ കഴിഞ്ഞ ദശകത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെയാണ് വായിക്കപ്പെടേണ്ടത്? താങ്കള്‍ പറയുന്ന വൈരുധ്യം , സമരം , ഐക്യം എന്ന ഡയലെക്ടിക്സ് ഈ വിഷയത്തില്‍ എങ്ങനെ പ്രായോഗികവല്കരിക്കും ? പര്‍ദ്ദ മോശം എന്ന നിലപാടില്‍ എന്തു ഡയലെക്ടിക്സ് ആണ്‌ ഉള്ളത്? അത് ഫ്ലാറ്റ് ആയ ഒരു നിലപാട് മാത്രമല്ലെ ആകുന്നുള്ളൂ? മര്‍ദനത്തിനു എതിരെ ഒരു സമുദായം സ്വീകരിക്കുന്ന പ്രതീകാത്മക പ്രതിരോധങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്ന എന്തെങ്കിലും നിങ്ങളുടെ വൈരുധ്യാധിഷ്ടിത മാര്‍ഗത്തിലുന്ടവുമെന്നു തന്നെയാണ് എന്റെ വിചാരം. അത് പോലെ തന്നെ മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷനമാര്കട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്. അതിനുള്ളിലെ നിര്‍വഹാകത്വങ്ങളെ വിലയിരുത്താന്‍ നിങ്ങളുടെ കടലാസ്സ്‌ വൈരുധ്യാത്മകത പോര.
നിങ്ങളുടെ കമന്റ്‌ വായിച്ചാല്‍ തോന്നുക ഇസ്ലാം മോശമാണ്, പക്ഷേ മുസ്ലിങ്ങള്‍ മര്‍ദിതര്‍ ആണ്‌ എന്നാണ്. അങ്ങനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഈ ഡോകുമെന്ററിയെക്കുറിച്ച് നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? പിന്നെ കല്ലെറിയല്‍. മുസ്ലിങ്ങലല്ലാത്ത ഹരിയാനയിലെ ജനങ്ങളും ഇങ്ങനെ എന്തൊക്കെയോ ചെയ്യുന്നു എന്ന് ഈ ലിങ്കില്‍ കാണുന്നു. http://www.countercurrents​ .org/krishnan140909.htm ഹിന്ദുമതത്തെ കുറിച്ചുള്ള ഒരു പൊതുവത്കരണത്തിലേക്കോ ആകുലതകളിലെക്കോ ഇത് നയിക്കുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ ആരും നിങ്ങള്‍ പറയുന്ന തരത്തില്‍ ഹിന്ദുത്വവാദി എന്ന് മുദ്രയടിചില്ലല്ലോ? കാര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് കാണാതെ എങ്ങനെയാണ് വൈരുധ്യത്മകത സാധ്യമാവുക?


പരം ആനന്ദ് എന്ന പേരുള്ളവര്‍ക്ക് എന്തുമാകമല്ലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? പുരുഷന്‍? അഥവാ ഹിന്ദു? അഥവാ മറ്റെന്തെങ്കിലും?

പര്‍ദ ധരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതവര്‍ക്കാവാം. വേണ്ടെന്നു വച്ചാല്‍ അതുമാവാം. ഈ സ്വാതന്ത്ര്യമാണ് മുഖ്യപ്രശ്‌നം. അതിനൊപ്പം നിലകൊള്ളണം. അതില്‍ എതിര്‍പ്പില്ല. അതേ സമയം മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. പര്‍ദ വേണമെന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നുവെങ്കില്‍ അത് ഏത് അധികാര വ്യവസ്ഥയ്ക്ക് കീഴില്‍ നിന്നാണ്? സ്ത്രീസമത്വമില്ലാത്ത ഒരു സമൂഹവ്യവസ്ഥയില്‍ അഥവാ പുരുഷന്റെ ആധിപത്യവ്യവസ്ഥിതിയില്‍ ആരുടെ താല്‍പര്യമാണ് വസ്ത്രങ്ങളില്‍ ബോധപൂര്‍വും അബോധപൂര്‍വവും അടിച്ചേല്‍പ്പിക്കുന്നത്? പുരുഷന്റെതന്നെ എന്നു പറയേണ്ടിവരും. ഈ അധികാരവ്യവസ്ഥ തന്നെയാണ് പ്രശ്‌നം.
ബാക്കി കുറേ ചോദ്യങ്ങള്‍ മൈത്രി ഇവിടെ എറിഞ്ഞിട്ടുണ്ട്. കാടടച്ച്. ദുപ്പട്ടയോടുടെ പ്രശ്‌നമുള്‍പ്പടെ. എന്തിനാണ് ഈ ചോദ്യങ്ങള്‍? അതില്‍ ഏതെങ്കിലും തരത്തില്‍ വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിരുന്നോ?. എല്ലാത്തിനും മൈത്രിയുടെ വാദങ്ങളോട് യോജിക്കുന്നു. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ഹിന്ദുമതം തികഞ്ഞ അസഹിഷ്ണുതയുടെയും ജാതിവെറിയുടെയും മതമാണ്. അത് പുരുഷാധിപത്യവും ബ്രാഹ്മണിക്കലുമാണ്. അതിനോട് ഒരു തരത്തിലും യോജിക്കുന്നില്ല. ഇസ്ലാമിലെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ മൈത്രിയെ പോലുള്ളവര്‍ ഉടന്‍ എന്തിന് ഹിന്ദുത്വത്തിന്റെ വിഷയം എടുത്തുപറയുന്നത്? എന്തുകൊണ്ട് ക്രിസ്തുമതത്തെപ്പറ്റി പറയുന്നില്ല. പരം ആനന്ദ് എന്ന പേര് ഹിന്ദുമതമായി ചേരുമെന്ന ധാരണയില്‍നിന്നാണോ? (അതാണ് നേരെത്ത ഞാനുന്നയിച്ച മുദ്രയടിക്കലിന്റെ വിഷയം!!. സോറി, ഞാന്‍ ഹിന്ദുവല്ല). ഹരിയാനയിലെ ജനങ്ങള്‍ കല്ലെറിയുന്നു. ശരി. അതുകൊണ്ട് ചില ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയല്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ​? മറിച്ച് ചോദ്യമുന്നയിക്കുമ്പോള്‍ സ്വയം നിങ്ങള്‍ അറിയാതെ ന്യായീകരിക്കുന്നത് ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെയാണ്.
പ്രശ്‌നം നമ്മുടെ ബുദ്ധിജീവികളുടേതാണ്. ഇസ്ലാമിന്റെ പ്രതിരോധം അവരേറ്റെടുത്തിരിക്കുകയാണ്.​ ഇസ്ലാമിലെ ചില രീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മറുചോദ്യം ഹിന്ദുമതത്തിലെ പ്രശ്‌നങ്ങളെപ്പറ്റിയാണ്. ഇസ്ലാം വിമര്‍ശനത്തിന് അതീതമാണ് എന്നു കരുതുന്നില്ലെന്ന് മൈത്രി പറയുന്നു. മൈത്രി എന്നെങ്കിലും അതിനോട് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ? എന്താണത്?
ഇസ്ലാമിന്റെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ പ്രശ്‌നത്തെ അതില്‍ തന്നെ ഊന്നി മറുപടി പറയുകയാണ് വേണ്ടത്. തിരിച്ച് ഹിന്ദുത്വവിഷയം ചോദിക്കലല്ല. അപ്പോള്‍ നമ്മളുടെ സംവാദത്തിന്റെ തലം കോണ്‍ഗ്രസ്-സി.പി.എം. തര്‍ക്കം പോലെയാകുന്നു. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിന്റെ തലത്തില്‍ നിന്ന് മറുപടി പറയട്ടെ. പര്‍ദയെപ്പറ്റി പറയുമ്പോള്‍ പൊതുവില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്ന മറുപടി ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ സ്ത്രീകള്‍ സ്വയം അണിയുന്നതില്‍ എന്താണ് തെറ്റ്? പര്‍ദ ഇടണ്ട എന്ന് പുരുഷ ഇസ്ലാം പറയുന്നുണ്ടോ എന്നതാണ് വിഷയം. (സ്ത്രീ സ്വയം അണിയാന്‍ പര്‍ദ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിനെ ആരും എതിര്‍ക്കേണ്ടതില്ല)
മൈത്രിയെപോലുള്ളവരുടെ മുസ്‌ളീമിലെ പിന്തിരിപ്പന്‍ ധാരകള്‍ക്കൊപ്പിച്ചുള്ള നിലപാടുകള്‍ എത്ര സ്ത്രീവിരുദ്ധമാണ്, എത്രത്തോളം പുരോഗമന വിരുദ്ധമാണെന്ന് സ്വയം തിരിച്ചറിയും എന്നു തന്നെയാണ് പ്രതീക്ഷ.

പരമാനന്ദ് , താങ്കളുടെ യുക്തിയും un selfreflexive ആയ സമീപനവും ആണ്‌ ഇവിടെ വിഷയം . അപ്പോള്‍ എല്ലാത്തിനോടും യോജിക്കുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാന്‍ ഉന്നയിച്ച ആശയപരമായ ഒരു കാര്യവും താങ്കള്‍ മറുപടിയില്‍ ചര്‍ച്ചക്ക് എടുത്തതുമില്ല. "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." നിങ്ങള്‍ ഈ വാചകങ്ങളിലെ ആശയങ്ങള്‍ അഭിസംബോധന ചെയ്യുന്നതെയില്ല. പകരം ആണ്‍ ഇസ്ലാം എന്ന പദം കണ്ടെത്തുകയാണ് നിങ്ങള്‍. ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?
പര്‍ദയെ കുറിച്ച് പറയുമ്പോള്‍ ദുപ്പട്ടയെ കുറിച്ച് പറയുന്നതും ഇത് കൊണ്ടാണ്. നാം അപരങ്ങളെ നിര്‍മിക്കുന്ന പ്രക്രിയയെ കൂടുതല്‍ വെളിപ്പെടുത്താന്‍ വേണ്ടിയാനത്. നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തില്‍ നിന്നു വേര്‍പെടുത്തി പര്‍ദയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കാന്‍.
ഇനി ഏതാണ് നിങ്ങള്‍ പറയുന്ന ഇസ്ലാമിലെ (മുസ്ലീമിലെ എന്നാണ് നിങ്ങളുടെ വാക്ക്, അത് തന്നെ ഒരു തരം അന്ധതയെ സൂചിപ്പിക്കുന്നു, വ്യത്യാസങ്ങലോടുള്ള അന്ധത) പിന്തിരിപ്പന്‍ ധാര? ഇസ്ലാമിലെ പുരോഗമന ധാര ഏതാണ്? ആരാണീ "മൈത്രിയെ പോലുള്ളവര്‍ " ഇതൊക്കെ വ്യക്തമാക്കിയലെ പറ്റൂ, പരമാനന്ദ്.
പിന്നെ ഇസ്ലാമിനെ വിമര്‍ശിക്കുന്നില്ല എന്ന് പറയുന്നു. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് വിമര്‍ശനമല്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായത്തില്‍ വിമര്‍ശനം? പര്‍ദ്ദക്കെതിരെയുള്ള ഒരു വലിയ പട നീക്കം?

പ്രമുഖ ചിന്തകനായ റോബര്‍ട്ട്‌ യംഗ് ചൂണ്ടി കാട്ടിയിട്ടുള്ള ഒരു കാര്യം പറഞ്ഞോട്ടെ. യുറോപിന്‍റെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ആധുനികത കണ്ടെത്തുന്ന ഒരു പ്രധാന ഇടം വേഷമായിരുന്നു.
പത്തൊമ്പതാം നൂടാണ്ടിലൊക്കെ അല്പവസ്ത്രം 'കാടത്ത'വും അമിതവസ്ത്രം 'ആധുനികസംസ്കാര'വും ആയിരുന്നു എങ്കില്‍ ഇരുപതാം നൂടാണ്ട് പകുതി ആവുന്നതോടെ അല്പവസ്ത്രം ആധുനികവും പരിഷ്കൃതവും ആവുന്നു.വസ്ത്രം കൂടിയാല്‍ 'കാടത്ത'വും!
സാമൂഹിക ശാസ്ത്ര ഗവേഷണം ഒന്നും നടത്തിയില്ലെങ്കിലും (മുസ്ലിം) സ്ത്രീകളുടെ വേഷത്തെ കുറിച്ച് തീരാ വേദനയുമായി നടക്കുന്നവര്‍ക്ക് അല്പം ചരിത്രബോധം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ.


ചിയാപസ് കാര്‍ഷിക ഗറില്ലാ നേതാവിനെയും ഇസ്ലാമിന്റെ പര്‍ദയെയും തുലനനപ്പെടുത്തുന്നത് കണ്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതാണ് ശരിക്കും യുക്തി!!
സബ്കമാന്‍ഡന്റ മാര്‍കോസ് ഗറില്ല കാര്‍ഷിക പോരാളിയാണ്. ഭരണകൂടത്തിന് മുന്നില്‍ വരുമ്പോള്‍ അയാള്‍ മുഖം മറയ്ക്കുന്നു. ഫോട്ടോയ്ക്കു മുന്നിലും. ഇന്ത്യയിലെ മാവോയിസ്റ്റുകളും (കിഷന്‍ജിയുടെയും മറ്റും ഫോട്ടോയില്‍ എപ്പോഴാണ് മുഖം കണ്ടിട്ടുള്ളത്). അതേ സമയം അയാള്‍ ജനങ്ങള്‍ക്കിടയിലായിരിക്കുമ​്പോള്‍ മുഖം മറയ്ക്കുന്നില്ല. അതിന്റെ ആവശ്യം മാര്‍കോസിനില്ല.ജനങ്ങള്‍ക്ക​ു മുന്നില്‍ മുഖം മറച്ചാല്‍ അത് മാര്‍കോസ് ആണെന്ന് തിരിച്ചറിയാനും ഇടയാക്കും. ജനങ്ങള്‍ക്കിടയില്‍ താനൊരു മീനെനെപ്പോലെയാണെന്ന് പ്രഖ്യാപിച്ചതും മാര്‍കോസാണ്. ഭരണകൂടത്തിനും അധികാരത്തിനും മുന്നില്‍ മറഞ്ഞുനില്‍ക്കാനുള്ള ഒരു രക്ഷാകവചമാണ് അത്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അയാള്‍. അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല. ഇത് ഗറില്ലാ പോരാട്ടങ്ങളില്‍ പതിവാണ്.
മാര്‍കോസിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഒന്ന് സ്ത്രീസമത്വപദവി വേണമെന്നാണ്. ഇസ്‌ളാമിലെ സ്ത്രീവിരുദ്ധതയെപ്പറ്റി മാര്‍കോസ് കമ്യൂണിസ്റ്റ് നിലപാടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ഭരണകൂടത്തില്‍ നിന്ന് രക്ഷനേടാന്‍ ധരിക്കുന്ന മുഖാവരണത്തെ പര്‍ദയുമായി കൂട്ടിവായിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഇവിടെ പര്‍ദ അണിയാന്‍ പറയുന്നത് ജനങ്ങളുടെ മുന്നില്‍ മറഞ്ഞുനില്‍ക്കാനും. പര്‍ദ അണിയുന്നവരെല്ലാം ഭരണകൂടവുമായി പോരാടുന്നു എന്നാണോ വ്യാഖ്യാനിക്കേണ്ടത്. അല്‍പം ചരിത്രം ബോധം മറ്റുള്ളവര്‍ക്ക് 

"മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്?
പരം ആനന്ദ് എന്നു പേരുള്ളവര്‍ക്ക് എന്തുമാവലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു പറഞ്ഞില്ല. ഒപ്പം പുതിയ ഒരു സംശയം കൂടി. അണ്‍ സെല്‍ഫ് റിഫ്‌ളക്‌സീവായ സമീപനം എന്നു പറഞ്ഞാല എന്താണ്?
താങ്കള്‍ പറയുന്നു:ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?"" ശരി ആയിക്കോളൂ. ഇസ്ലാമിനുള്ള വിമര്‍ശനങ്ങള്‍ക്ക് ഹിന്ദുബ്രാഹ്ണമത്തെ തുലനം ചെയ്തുകൊള്ളൂ. അതുകൊണ്ട് ഇസ്ലാമിലെ തെറ്റുകള്‍ ശരിയാവുമോ എന്നതാണ് ചോദ്യം? മൈത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതും ഇത്തരം ചോദ്യങ്ങള്‍ക്കാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെപ്പറ്റി പറയുമ്പോള്‍ ഹരിയാനയിലെ കാര്യം പറഞ്ഞു. അതുകൊണ്ട് രണ്ടുതെറ്റുകളും ശരിയാവുന്നുണ്ടോ? ദുപ്പട്ടയ്‌ക്കെതിരെയുള്ള ചോദ്യത്തില്‍ നിന്നും മൈത്രി ഒഴിഞ്ഞു മാറുന്നു. ദുപ്പട്ട തെറ്റാണെങ്കില്‍ പര്‍ദ ശരിയാവുന്നതെങ്ങനെ?
തുലന പ്രക്രിയയിലുമുണ്ട് ഗുരുതരമായ വൈരുദ്ധ്യം. ഇസ്ലാമിനെ തുലനം ചെയേണ്ടത് ഹിന്ദുത്വവുമായിട്ടാണ് എന്നത് വളരെ ബാലിശമാണ്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ സി.പി.എമ്മുകാര്‍ മറുപടി പറയുക കോണ്‍ഗ്രസുമായി തുലനപ്പെടുത്തിയിട്ടാണ്. ശരിക്കും കമ്യൂണിസ്റ്റ് പാര്‍ടികള്‍ തുലനം ചെയ്യേണ്ടത് മറ്റുരാജ്യങ്ങളിലെ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്യൂണിസ്‌ററ്് പാര്‍ടികളുമായിട്ടാണ്. അല്ലാതെ കോണ്‍ഗ്രസുമായിട്ടില്ല. ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ ഉടനെ ഹിന്ദുത്വമായിട്ട് തുലനപ്പെടുത്തിയല്ല, മറിച്ച് അതിനേക്കാള്‍ മതാതീതമായി നില്‍ക്കുന്ന മറ്റ് ആശയ/പ്രത്യയശാസ്ത്രങ്ങളോടാണ​്. അല്ലെങ്കില്‍ രണ്ടുതെറ്റുകളില്‍ ചെറിയ തെറ്റുകാരന്‍ നല്ലത് എന്നര്‍ത്ഥം വരും. അതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലല്ലോ?
മൈത്രിയെപ്പോലുള്ളവര്‍ എന്ന എന്റെ പരാമര്‍ശം. അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ചില പരാമര്‍ശങ്ങള്‍ വായിച്ചുനോക്കൂ. ലൈക്ക് അതിലും മൈത്രി അടിച്ചിട്ടുണ്ടല്ലോ?

@പരം ആനന്ദ്‌:സി പി എം ഉത്തരം തട്ടി വിടുന്ന രീതി നിങ്ങള്‍ ഇടയ്കിടെ പറയുന്നത് ഒരു ആദരം പോലെ ആണെന്ന് ഇപ്പോഴാണ്‌ പിടി കിട്ടിയത്.
നിങ്ങള്‍ ചിരിച്ചു മറിഞ്ഞു കൊണ്ട് പറയുന്ന യുക്തി ഇങ്ങനെ:"അധികാരത്തിനുവേണ്ടി​യുള്ള പോരാട്ടത്തിലാണ് അയാള്‍ [അതായത്,സബ്കമാന്‍ഡന്റ മാര്‍കോസ്] അധികാരത്തിലെത്തിയാല്‍ അത് [മുഖാവരണം]വയ്ക്കാന്‍ സാധ്യതയുമില്ല."
എന്നിട്ട് നിങ്ങള്‍ നിര്‍ണായകമായ ചോദ്യം കണ്ടില്ല എന്ന് നടിക്കും.ഗീര്‍വാണം മൂളിക്കും (ഈ ചര്‍ച്ചയില്‍ പലരും നിരന്തരം പറയുന്ന കാര്യം; ആരോടാ ഈ പറയുന്നത് അല്ലെ? ) "why does the veil appear to disempower a woman,but empower a man?"
"സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല" എന്ന് പോലും നിങ്ങളുടെ വൈരുധ്യത്മാക വിപ്ലവയുക്തി സമാധാനിപിക്കില്ലേ?കടുപ്പപെ​ട്ട വൈരുധ്യത്മാകത തന്നെ.

നന്നായിട്ടുണ്ട്. ആദ്യം സബ്കമാന്‍ഡന്റ് മാര്‍കോസിന്റെ മുഖാവരണത്തെ പര്‍ദയുമായി താങ്കള്‍ ഉപമിച്ചു. അതു പൊളിഞ്ഞപ്പോള്‍ വീണ്ടും കിടന്നു ഉരുള്‍ച്ച. കാര്‍ഷിക ഗറില്ലാ വിപ്ലവത്തില്‍ ഏര്‍പ്പെട്ട മാര്‍കോസ് മാത്രമല്ല, അവിടുത്തെ വനിതാ വിപ്ലവകാരികളും മുഖം മറയ്ക്കുന്നുണ്ട്. ഭരണകൂടത്തിനും ക്യാമറയ്ക്കും മുന്നില്‍. ജനങ്ങള്‍ക്കു മുന്നില്‍ അത് മാറ്റിവയ്ക്കുന്നു. ഇന്ത്യയിലും വനിതാ മാവോയിസ്റ്റുകളും ഇത് ചെയ്യുന്നുണ്ട്. നേപ്പാളില്‍ പ്രചണ്ഡയും മറ്റു നേതാക്കളും അതുതന്നെ ചെയ്തു. പാര്‍വതി (ഹിസലി യാമി)യെന്ന വനിതാ നേതാവിന്റെ മുഖചിത്രം വിപ്ലവ മുന്നേറ്റത്തിന് മുമ്പ് ഏത് ഭരണകൂടമാണ് കണ്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം അവരത് മാറ്റി. മുഖാവരണമല്ല അവരുടെ എംപവര്‍മെന്റ്. അധികാരം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ്. ഈ മുഖാവരണം അതിലൊരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട്തന്നെ ഭരണകൂടവുമായി ഏറ്റമുട്ടുന്ന വിപ്ലവഗറില്ലകളുടെ (ആണും പെണ്ണും) കാര്യം പര്‍ദയുടെ കാര്യവുമായി ഒരു വിധത്തിലും യോജിക്കില്ല. ഉപമകള്‍ എടുത്തുകൊണ്ടുവരുമ്പോള്‍ കുറച്ചുകൂടി യുക്തി സഹമായത് സ്വീകരിക്കുമെന്ന് കരുതുന്നു!!
(നിങ്ങളുടെ സഖാക്കള്‍ എന്ന പ്രയോഗം വളരെ നല്ലത്!) എനിക്ക് വഴങ്ങുന്ന, മനസിലാകുന്ന ബുദ്ധിക്കും യുക്തിക്കും മാത്രമല്ലേ എനിക്ക് ഒട്ടിനില്‍ക്കാനാവുക. മറിച്ച് എനിക്ക് താങ്കളുടെ 'യുക്തി'യോട് ചേര്‍ന്നുനിന്നിട്ട് ചിയാപാസിലെ ഗറില്ലകളുടെ വേഷമാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കുന്ന പര്‍ദ എന്നു പറയാനാവില്ലല്ലോ? (ചൈനയിലെ ഖനിത്തൊഴിലാളികളുടെ വേഷമാണ് ജീന്‍സ് അതിനാല്‍ ഇവിടെ എല്ലാവര്‍ക്കും ഭൂഷണമായ വേഷം എന്ന് പറയുന്നതുപോലെ!!!) കാരണം, ചരിത്രപരമായോ, സാമൂഹ്യപരമായോ, വസ്തുതാപരമായോ അതില്‍ യുക്തിയില്ലല്ലോ.
മൂഖപടങ്ങള്‍ പലരെയും ശാക്തീകരിക്കുമെങ്കില്‍ അത് അണിയുകയാണ് വേണ്ടത്. പര്‍ദയണിയുന്ന സ്ത്രീകള്‍ ശാക്തീകരിക്കപ്പെടും എന്ന് വേണമെങ്കില്‍ താങ്കളുടെ മറുപടിയില്‍ നിന്ന് വായിക്കാം. പര്‍ദ സമം ശാക്തീകരണം എന്ന സിദ്ധാന്തമാണ് ഇവിടുത്തെ ഇസ്ലാമിക മതമൗലിക വാദികള്‍ ഉന്നയിക്കുന്നത്. എത്രരസം താങ്കളുടെ വാദവും അറിയാതെ അവര്‍ക്കൊപ്പമാകുന്നതില്‍!!

പരം ആനന്ദ്‌ , നിലപാടുകളിലും ആശയങ്ങളിലും ഉള്ള വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താങ്കള്‍ക്കുള്ള വൈമുഖ്യം ഈ ത്രെഡില്‍ നന്നായി തെളിയുന്നുണ്ട്. ഇനി എന്താണ് അണ്‍ സെല്‍ഫ് റിഫ്ലെക്സിവിടി എന്നതിനുള്ള ഉത്തരം. നാം എടുക്കുന്ന നിലപാടുകളും അവലംബിക്കുന്ന ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ- സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസ്സിലാക്കാനുള്ള നിരന്തരമായ ശ്രമം ആണ്‌ സെല്‍ഫ് രിഫ്ലെക്സിവിടി. ഒരു ക്രിസ്ത്യന്‍ സ്ത്രീ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തുമ്പോള്‍ അല്ലെങ്കില്‍ വേഷവിധാനത്തെ വിലയിരുത്തുമ്പോള്‍ അവളുടെ തന്നെ വസ്ത്രവും സാമൂഹ്യ നിലയും മാനകം ആക്കിയാലോ? മറ്റൊരു സംസ്കാരത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അവശ്യം വേണ്ട ഒന്നാണ് ഈ സ്വയം നോക്കല്‍ എന്നു ചുരുക്കം. മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് എപ്പോഴും ബേജാരകുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി.
ദുപ്പട്ട മോശം എന്നു ഞാന്‍ പറഞ്ഞില്ല. ദുപ്പട്ട സ്വാഭാവിക വേഷം ആകുന്നു പര്‍ദ്ദ സ്ത്രീവിരുദ്ധവും..ഇത് എങ്ങനെ എന്നാണ് ചോദിച്ചത്. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപരത്വങ്ങളക്കുന്ന പ്രക്രിയയും മുസ്ലിം സ്ത്രീകളുടെ വേഷവിധനത്തെക്കുരിച്ചുള്ള താങ്കളെപ്പോലുള്ളവരുടെ ഉത്കന്‍ടകളെയും വേര്‍തിരിച്ചു കാണാന്‍ പറ്റില്ല. ഇത്തരം ആശങ്കകള്‍ക്ക് ഉള്ള രക്ഷകര്തൃ മനോഭാവം വളരെ പ്രകടമാണ്.

താങ്കള്‍ ചോദിക്കുന്നു, "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്? "
താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ്‌ മുസ്ലീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലിം പുരുഷത്വവും ചരിത്രപരമായി നിര്മിക്കപ്പെട്ടതാണ്.



പിന്നെ കല്ലെരിയാലും രണ്ട് തെറ്റുകള്‍ ശരിയാകലും മറ്റും മറ്റും. വീണ്ടും വീണ്ടും താങ്കള്‍ നിന്നിടത്തു തന്നെ നില്‍ക്കുകയാണ്. കല്ലെറിയല്‍ ശരിയാണ് എന്നു ആരു പറഞ്ഞു ഇവിടെ? ആ പേരും പറഞ്ഞു ഒരു മതത്തെയകെ വിലയിരുത്തുന്ന താങ്കളുടെ പ്രവണതയെ ആണ്‌ എതിര്‍ത്തത്. താങ്കളെ സംബന്ധിച്ച് ഇസ്ലാം ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലത്മകമായ ഒരു സാധനം ആണ്‌. താങ്കളുടെ ആദ്യ കമന്റില്‍ ഉണ്ടായിരുന്ന അപകടകരമായ ഈ ഉള്ളടക്കം ആണ് ചൂണ്ടിക്കാണിച്ചത്. ഹിന്ദുമതവുമായി തുലനം ചെയ്യുകയല്ല മറിച്ചു താങ്കളുടെ വിലയിരുത്തലിലെ അന്ധമായ സാമാന്യവത്കരണം ആണ് ചൂണ്ടിക്കാണിച്ചത്. രണ്ട് സാധനങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു ചൂണ്ടികാണിക്കുന്നത് തുലനം ആകില്ല. സത്യത്തില്‍ നിങ്ങള്ക്ക് വൈരുധ്യത്മകത വീണ്ടും വായിച്ചു പഠിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇനിയും നിങ്ങളുടെ യുക്തിയിലെക്കും ചിന്തയിലേക്കും അല്പം പോലും സ്വാമ്ശീകരിക്കപ്പെട്ടിട്ടി​ല്ല.
ഇനി മതാതീതമായ പ്രത്യയ ശാസ്ത്രങ്ങള്‍. അതെ ധാരാളമുണ്ട് അവ. ഉദാഹരണത്തിന് ലിബറലിസം. ഫ്രാന്‍സില്‍ ഹിജാബ് നിരോധിച്ചതിന്റെ പ്രത്യയ ശാസ്ത്ര പരിസരം ഒരു തരം ബൂര്‍ഷ്വാ ലിബറലിസം ആണ്‌. അവിടെ കമ്മ്യൂണിസ്റ്റ്‌ പര്ടിക്കുള്ളില്‍ ഇതിനെ കുറിച്ച് ധാരാളം ചര്‍ച്ച നടന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആ ബാനിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു.
അവര്‍ പറഞ്ഞതിങ്ങനെയാണ് " സെകുലരിസതിന്റെ മറവില്‍ ഒരു ജനതയെ stigmatise ചെയ്യുന്ന ഈ നിയമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു".. ചുരുക്കത്തില്‍ മതാതീത പ്രത്യയ ശാസ്ത്രങ്ങള്‍ക്കിടയില്‍ തന്നെ മതത്തെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാവാം എന്നു ചുരുക്കം. ഈ വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുന്നതു ആ പ്രത്യേക മതം ഒരു ചരിത്ര സന്ദര്‍ഭത്തില്‍ നേരിടുന്ന പ്രതിസന്ധികളെ ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു.
ഇനി ഇസ്ലാമിലെ പുരുഷാധിപത്യം. ശരിയാണ് പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടു ആ മതത്തില്‍. ആര്‍ക്കാണ്‌ അതിനെ എതിര്‍ക്കാന്‍ അവകാശം? ആ എതിര്‍പ്പിനു നേതൃത്വം കൊടുക്കേണ്ടത് ആരാണ്? എന്റെ അഭിപ്രായത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കല്ലാതെ മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ സാധിക്കില്ല, അല്ലെങ്കില്‍ പിന്നെ ബ്രിട്ടീഷ്‌ കാര്‍ ചെയ്തത് പോലെ യൊക്കെ ചെയ്യേണ്ടി വരും.. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് (പുരുഷന്മാര്‍ക്കും ) 2002 വരെ ഉഭയ സമ്മത പ്രകാരമുള്ള വിവാഹ മോചനം സാധ്യമല്ലായിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള നിയമ നിര്‍മാണത്തിലും പ്രചരനങ്ങളിലും പ്രധാന പങ്കു വഹിച്ചത് സ്ത്രീകളായിരുന്നു.ക്രിസ്തീ​യ പിന്തുടര്‍ച്ച അവകാശ നിയമത്തിനെതിരെ മേരി റോയ് ഉയര്‍ത്തിയ കലാപത്തില്‍ തുടങ്ങി പല തരത്തിലുള്ള നിര്‍വഹാകത്വങ്ങള്‍ ഉണ്ടതില്‍. ഈ നിര്‍വഹാകത്വങ്ങളും ഭരണകൂടവും പുരോഹിതരും തമ്മിലുള്ള സംവാദങ്ങളും വ്യവഹാരങ്ങളും സങ്കീര്‍ണമാണ്. ആ മതത്തെ ക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത്‌ ആ മതവുമായി ബന്ധപ്പെട്ടു നില്ല്ക്കുന്നവരന്.
അബ്ദുല്‍ കരീമിനുള്ള താങ്കളുടെ ഉത്തരങ്ങളില്‍ നിന്നു നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഒട്ടു മുക്കാലും മനസ്സിലാക്കി വച്ചിട്ടുണ്ട് എന്നു മനസ്സിലായി. എങ്കിലും വൈരുധ്യത്മകത തീരെ പോര. ഇനീം വരാനുണ്ട് :-)


സന്തോഷം!!. ഒരു ചര്‍ച്ചയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തര്‍ക്കയുക്തിയുമായും ഒട്ടുംചരിത്രബോധമില്ലാതെയും​ താങ്കള്‍ വീണ്ടും വീണ്ടും തുടരുന്നതില്‍ നല്ല രസമുണ്ട്. ഒന്നുകില്‍ താങ്കള്‍ക്ക് ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കാനുള്ള ശ്രമത്തില്‍ ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ തികഞ്ഞ അജ്ഞത. അതുമല്ലെങ്കില്‍ സ്വയം വിഡ്ഢിവേഷം കെട്ടല്‍. അതെന്തുമാവട്ടെ. താങ്കളുന്നയിച്ച പ്രശ്‌നങ്ങളിലേക്ക് തന്നെ വരാം.
1. സെല്‍ഫ് റിഫ്‌ളക്ടിവിറ്റിക്ക് നിര്‍വചനം താങ്കള്‍ നല്‍കുന്നു. ''നാം എടുക്കുന്ന നിലപാടുകളും ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ-സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസിലാക്കാനുള്ള നിരന്തരമായ ശ്രമമാണ് സെല്‍ഫ് റിഫ്‌ളക്റ്റിവിറ്റി... മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ബേജാറാവുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി''. ഒരു മുന്‍പരിചയവും മുന്‍പില്ലാത്ത ഒരാള്‍ക്ക് സെല്‍ഫ റിഫ്‌ളക്റ്റിവിറ്റി ഇല്ലെന്ന് സ്വയം നിഗമനത്തിലെത്താനുള്ള മൈത്രിയുടെ പാടവത്തെപ്പറ്റി അഭിനന്ദിക്കാതിരിക്കാനാവില്​ല!. മൈത്രി എന്റെ പേര് കണ്ടമാത്രയില്‍ ഞാനേതെങ്കിലും മതത്തിലും വിശ്വാസത്തിലും പെടുന്നുവെന്ന് സ്വയമങ്ങ് നിരൂപിച്ചുകളഞ്ഞല്ലോ!!. ഞാന്‍ 'ജനിച്ച' മതത്തെയും അതിന്റെ സാംസ്‌കാരിക പരിസരങ്ങളെയും ഞാന്‍ വളരെ മുന്നേ വലിച്ചെറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഹിന്ദുവല്ലെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ദലിതര്‍ ഏത് മതത്തില്‍ പെടുന്നുവെന്ന് അജിത്കുമാറിനോടും ചോദിച്ചത്. ജനിച്ച മത-സാംസ്‌കാരിക പരിസരങ്ങളെ നിഷേധിച്ച, ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തെ പുറംതള്ളിയ, ഒരാള്‍ക്ക് മറ്റൊരു മതത്തെ നോക്കാനുള്ള അവകാശം ഉണ്ടാവുമെന്ന് മൈത്രി തന്നെ നല്‍കിയ 'സെല്‍ഫ് റിഫ്‌ളക്ടിറ്റിവിറ്റി'' വിശദീകരണത്തിലൂടെ വ്യക്തമാണല്ലോ? ഇനി അഥവാ അങ്ങനെയല്ലെങ്കില്‍ തന്നെ മറ്റ് മതങ്ങളിലൂം സാംസ്‌കാരിക പരിസരങ്ങളില്‍ പെടുന്നവര്‍ക്കും വിമര്‍ശനം ഉന്നയിച്ചുകൂടെ. വിമര്‍ശനം ഉന്നയിച്ചാല്‍ ഉടന്‍ ഉന്നയിച്ചയാള്‍ ഉള്‍പെട്ടിരിക്കുന്ന മതവുമായി തുലനപ്പെടുത്തി (മൈത്രി പറഞ്ഞ പ്രകാരം ഹിന്ദുത്വവുമായി തുലനപ്പെടുത്താതെ ഇസ്ലാമിനെ വിലയിരുത്താനാവില്ലത്രെ!)യേ​ സംസാരിക്കാനാവൂ?. വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശനങ്ങളുടേതായ രീതിയില്‍ മറുപടി പറയണം. വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാണിച്ച കുറവുകള്‍ ഇല്ലയെന്ന് പറയണം. അല്ലെങ്കില്‍ സമ്മതിക്കണം. അല്ലാതെ തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചായളൂടെ/അയാളുടെ മതത്തിനെതിരെ ക്കുകയല്ല മറുപടി.
2. മതങ്ങള്‍ എല്ലാം പിന്തിരിപ്പന്‍ തന്നെയാണ്. അതിന് ഒരു സംശയവുമില്ല. മതങ്ങള്‍ ചിട്ടപ്പെടുത്തിയ വ്യവസ്ഥിയും അപടകരമാണ്. നിലവിലെ എല്ലാ മതവും തികഞ്ഞ പിന്തിരിപ്പന്‍ മൂല്യങ്ങളെയാണ് പിന്തുടരുന്നത്. അത് തികഞ്ഞ പുരുഷാധിപത്യപരമാണ്. അതേ സമയം അത് വര്‍ഗാധിപത്യപരവുമാണ്. (ഇസ്ലാമിലുള്‍പ്പടെയുള്ള വര്‍ഗ/ജാതി വൈരുദ്ധ്യങ്ങള്‍ മൈത്രിക്ക് അറിയാത്തപോലുണ്ട്!). ഇസ്ലാമിന് എന്തെങ്കിലും മെച്ചമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് എല്ലാ മതങ്ങളും നിരോധിക്കണമെന്നോ, മതവിശ്വാസം അടിച്ചമര്‍ത്തപ്പെടണമെന്നോ,​ ഇസ്ലാമില്‍ ഒരു നന്മയില്ലെന്നോ ഞാന്‍ വാദിച്ചിട്ടില്ല. ഇവിടെ പരിഷ്‌കരണവാദപരമായ ഒരു സമീപനമാണ് മതങ്ങളോട് ഞാന്‍ പുലര്‍ത്തിയത്.

രക്ഷാര്‍കതൃമനോഭാവത്തെപ്പറ്​റിപറയുന്നു. ഒരു സാമൂഹ്യജീവിയെന്ന നിലയില്‍, സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചുറ്റുമുള്ള വൈരുദ്ധ്യങ്ങളെ, കുഴപ്പങ്ങളെപ്പറ്റി പറയുക ഏതൊരാളുടെയും ജന്മാവകാശമാണ്. ഇസ്്‌ളാമിലെ കുഴപ്പങ്ങളെപ്പറ്റി പറഞ്ഞാല്‍ അതെങ്ങനെ രക്ഷാകര്‍തൃ മനോഭാവമാകും. ഇസ്ലാമിലെ സ്ത്രീകളെയോ ആ മതത്തിലെ അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങളെയോ ഒറ്റദിവസം കൊണ്ട് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്ന മിഥ്യാധാരണയൊന്നുമില്ല. അതെല്ല എന്റെ ഉദ്ദേശവും. എനിക്ക് ചുറ്റുമുള്ള സാംസ്‌കാരിക പരിസരത്തില്‍ ഞാന്‍ ഇടപെടും. മര്‍ദിതരോടുള്ള തികഞ്ഞ ഐക്യബോധത്തോടെ. പക്ഷേ ഇവിടെ മൈത്രിയെപ്പോലുള്ളവര്‍ (ഓ, അതും സ്ത്രീവിരുദ്ധമാണല്ലോ അജിത്തിനെപോലുള്ളവര്‍ക്ക്!!​) ഏറ്റെടുത്തിരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ രക്ഷാകര്‍തൃപദവി. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കാം, ഞങ്ങളാണ് അതിന് സവിശേഷ പദവിയുള്ളവര്‍ എന്ന മട്ടില്‍. ഈ രക്ഷാകര്‍തൃബോധം ഇസ്ലാമിസ്റ്റുകള്‍ക്കുപോലും​ ഗുണം ചെയ്യില്ലെന്നത് വേറെ കാര്യം!!.
4. മൈത്രി പറയുന്നു: ''താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ് മുസ്‌ളീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ളീം പുരുഷത്വവും ചരിത്രപരമായി നിര്‍മിക്കപ്പെട്ടതാണ്''. അതിന്? ചരിത്രപരമായിട്ടാണ് അതിലെ പുരുഷനും സ്ത്രീയും നിര്‍മിക്കപ്പെട്ടിരിക്കുന്​നത് സംശയമില്ല. അതിന്? ഇസ്‌ളാം മതം മറ്റ് മതങ്ങളെപ്പോലെതന്നെ, കൂടിയ അളവിലോ പുരുഷാധിപത്യപരമാണ്. ഇസ്ലാമില്‍ പുരുഷാധിപത്യത്തിന്റെ ഇരകളാണ് സ്ത്രീകള്‍. അങ്ങനെതന്നെയാണ് എന്റെ നിലപാട്. അതാണ് ശരിയും. അല്ലെങ്കില്‍ മറിച്ച് ഒന്ന് ചൂണ്ടിക്കാണിച്ചുതരേണ്ടതുണ്​ട്. പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളാണ് അതിലെ സ്ത്രീകള്‍. പൊതുവില്‍ ഇസ്‌ളാമിനെ പ്രതിനിധീകരിക്കുന്നത് അതിലെ പുരുഷന്‍മാര്‍ തന്നെയാണ് എന്ന് ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
5. ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലാത്മകമായ ഒരു സാധനമായി ഞാന്‍ ഇസ്ലാമിനെ വിലയിരുത്തി എന്ന് താങ്കള്‍ ആരോപിക്കുന്നു. അങ്ങനെയൊന്ന് ഞാന്‍ ചെയ്തിട്ടില്ല. എന്റെ കമന്റുകള്‍ ഏതോ രക്ഷാകര്‍തൃപരമായ ആവേശത്തില്‍ വായിച്ചപ്പോള്‍ മൈത്രി കാണാതെ പോയതാവും. ഇസ്ലാമില്‍ മറ്റ് മതങ്ങളിലുള്ളതുപോലെ പല ധാരകളുണ്ട്. അതില്‍ എനിക്ക് സംശയമൊന്നുമില്ല.

‎6. ഇസ്ലാമില്‍ പുരുഷാധിപത്യം ഉണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നു. (ആ സമ്മതത്തിലുമുണ്ട് ഒരു തരം കാപട്യം. പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടുപോലും.വഴക്കങ്ങളല്ല, തികഞ്ഞപുരുഷാധിപത്യം.). പക്ഷേ, അതിന് എതിര്‍പ്പിന് നേതൃത്വം കൊടുക്കാനുള്ള അവകാശത്തെപ്പറ്റി താങ്കള്‍ക്ക് തര്‍ക്കമുണ്ട്. അത് മുസ്‌ളീം സ്ത്രീകളാവണം. മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ പാടില്ല. ഓഹോ, ഗംഭീരം. താങ്കളുടെ ബൗദ്ധിക നിലപാടുകള്‍!!. അപ്പോള്‍ സ്വാഭാവികമായും തിരിച്ച് ഒരു ചോദ്യം ഉന്നയിക്കാമല്ലോ. അതിനെ അനൂകൂലിക്കുന്നതിന്റെ അണയത്തുപോലും മുസ്‌ളീം സ്ത്രീകളല്ലാതെ മറ്റാരും ഉണ്ടാവാാന്‍ പാടില്ല. ശരിയല്ലേ. നിങ്ങളുടെ യുക്തിവച്ച് അതല്ലേ ശരി? അപ്പോള്‍ പിന്നെ താങ്കളെപ്പോലുള്ളവര്‍ എന്തിന് അതിനെ അനൂകൂലിച്ച് വരുന്നു. എതിര്‍പ്പിന്റെ ഏതെങ്കിലും രൂപം വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുന്നു. ഇസ്‌ളാമിലെ പുരുഷാധിപത്യത്തെ എതിര്‍ക്കാനുള്ള മുഖ്യവും പ്രധാനവുമായ അവകാശം അതിലെ സ്ത്രീകള്‍ക്ക് തന്നെയാണ്. തര്‍ക്കമില്ല. അതുകൊണ്ട് മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ പാടില്ലെന്ന് ശഠിക്കരുത്. ഇസ്‌ളാമെന്നത് അടഞ്ഞുമൂടിയ സ്ഥലത്ത് സ്വകാര്യമായ നടപ്പാവുന്ന ഒരു വിശ്വാസസംഹിതയല്ല. അത് നമ്മളുള്‍പ്പടെയുള്ള സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്​രീയ-സാമ്പത്തിക പരിസരത്തില്‍ സജീവമായി ഇടപെടുന്ന പരസ്യമായ സംഹിതയാണ്. ഒരാളുടെ സ്വകാര്യ കാര്യമായിരുന്നെങ്കില്‍ നമ്മളതില്‍ അഭിപ്രായം പറയേണ്ടതില്ല. അവര്‍ ജീവിക്കുന്നത് ഞാനും നിങ്ങളുമുള്‍പ്പെടുന്ന ലോകത്താണ്. അതുകൊണ്ട് തന്നെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കുമുണ്ട്.
7.ക്രിസ്തുമതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒന്നുകൂടി താങ്കള്‍ പറഞ്ഞുവയ്ക്കുന്നു. ''ആ മതത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത് ആമതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്''. ഉറപ്പാണോ? ചരിത്രത്തില്‍ അങ്ങനെ തന്നെയാണോ സംഭവിച്ചത്? കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും? മൈത്രി അല്‍പം കൂടി ചരിത്രജ്ഞാനം ആവാം. തെറ്റില്ല. വൈരുദ്ധ്യ തത്വശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്: കോഴിമുട്ടയ്ക്ക് സ്വയം വിരിയാനാവില്ല. അതിന് ബാഹ്യമായ ചിലഘടകങ്ങള്‍ കൂടി വേണം!.
അതവിടെ നില്‍ക്കട്ടെ. ഡോക്യൂമെന്റിറി മൈത്രി ഒന്നുകൂടി കാണുക.വിശ്വാസികളായ സ്ത്രീകളാണ് അതില്‍ കൂടുതല്‍ സംസാരിക്കുന്നത്. അതെങ്കിലും പരിഗണിച്ചുകൂടെ. രക്ഷാകര്‍തൃ പദവിയേറ്റെടുത്ത് അവര്‍ക്കെതിരാവുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക. അവരെ അടിച്ചമര്‍ത്തുന്നവരുടെ കോടലി കൈയാവാതെ നോക്കണം. അത് അപേക്ഷ.

പരം ആനന്ദ്‌ , എട്ടാം ക്ലാസ്സ്‌ അത്ര മോശം ക്ലാസ്സ്‌ അല്ല, കേട്ടോ. സത്യത്തില്‍ ഒരു മാതിരിപ്പെട്ട താര്‍ക്കിക യുക്തിയൊക്കെ എട്ടാം ക്ലാസ്സ്‌ ആകുമ്പോഴെകും വികസിചിട്ടുണ്ടാവും മിക്കവര്‍ക്കും. യുക്തി ഉള്ളവര്‍ക്ക് "എട്ടാം ക്ലാസ്സ്‌" എന്നും "ബുദ്ധിഭ്രമം" "തികഞ്ഞ അജ്ഞത" "സ്വയം വിഡ്ഢിവേഷം കെട്ടല്‍" എന്നൊന്നും കൂവി വിളിക്കേണ്ട കാര്യവുമില്ല. താങ്കളുടെ ഇസ്ലാം വിരോധത്തിന്റെ പുതു നാമ്പുകള്‍ യുക്തിയിലൂടെ നുള്ളാം എന്നും തെറ്റിധരിച്ചിട്ടില്ല. അതിനു പക്ഷേ മതേതരത്വത്തിന്റെയോ മത വിമര്‍ശതിന്റെയോ കുപ്പായം ഇട്ടിട്ടു കാര്യവുമില്ല. അക്കമിട്ടെഴുതിയ ഓരോ കമന്റും താങ്കളുടെ അന്ധതയ്ക്കും ചരിത്രബോധം ഇല്ലായ്മക്കും ഉദാഹരണങ്ങള്‍ ആയി നിലകൊള്ളുന്നു. അവയില്‍ ഒന്നിനോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ. ദളിത്‌ എന്നു പറഞ്ഞു ഹിന്ദു മതത്തെ തിരസ്കരിച്ച കാര്യം പറയുന്നുണ്ടല്ലോ. പക്ഷേ നിങ്ങളുടെ ഹിന്ദുത്വം മുഴുവനായി പോയിട്ടില്ല. ഇസ്ലാമിനെ ക്കുറിച്ചുള്ള ധാരണകളില്‍ , നിലപാടുകളില്‍ ആ പരിഷകരണ വാദത്തില്‍ ഒക്കെ തെളിയുന്നത് അത് തന്നെയാണ്. ഏതായാലും പരിഷകരണവാദിയായ നിങ്ങള്‍ ജീവിചിരിക്കെണ്ടിയിരുന്നത് ബ്രിട്ടീഷ്‌ ഭരണ കാലത്താണ്. പരിഷ്കരണ വാദികള്ക്കൊക്കെ അല്പം കൂടി മാന്യത ഉണ്ടായിരുന്നത് അക്കാലത്താണ്. പിന്നെ ഹിന്ദുവല്ല, മതമില്ല എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നത് എന്തിനു ? പലസ്തീനിലെ ഒരു ലെസ്ബിയന്‍ സ്ത്രീ ആണ്‌ നിങ്ങള്‍ എന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എങ്കിലും "തികഞ്ഞ അജ്ഞതയും വിഡ്ഢിത്തവും" പ്രതിരോധിക്കാന്‍ പത്തു മുവായിരം വാക്ക് എഴുതി ഉണ്ടാക്കേണ്ടി വരിക!
സഞ്ജീവ് ശ്രീധരനും കൂടെ ലൈക്കുന്നവര്‍ക്കും :

brands & bargains ...
best combination ...
ജാതിയും ജാതകവും പോലെ.
ചിഹ്നങ്ങളും ശരീരഭാഷയും പോലെ.
പര്‍ദയും ദുപ്പട്ടയും പോലെ.
മുഹൂര്‍ത്തം + രാഹുകാലം.
അതു കഴിഞ്ഞ് വിപ്ലവം - സൈബര്‍ സ്പേസില്‍. കാരണം തെരുവില്‍ മുഴുവന്‍ ഇസ്ലാമോഫോബിയ.
ചെറിയതുറ വെടിവെപ്പിനു പിറകില്‍ ഒരു അകാദമിക് വെടിവട്ടം... നാലും കൂട്ടിയൊരു മുറുക്കും.
വിപ്ലവം....പ്ലവം ...വം. ( ഒരു കം. തകം സ്റ്റൈലില്‍ ) അവസാനം വാഴക്കൊലപാതകമെങ്കിലും നടന്നാല്‍ മതിയായിരുന്നു.

രാള്‍ക്ക് ഇസ്ലാലമഫീലിയ്‌ക്കൊപ്പം തെറിപ്പനി! മറ്റൊരാള്‍ക്ക് അധിക്ഷേപം. ഹിന്ദുത്വമെന്ന് അധിക്ഷേപിക്കാന്‍ എളുപ്പം. കാരണം ദലിതര്‍ ഇസ്ലാമില്‍ നിന്നു നേരിട്ട മര്‍ദനങ്ങള്‍ ഒരിക്കലും സവര്‍ണ്ണ ക്രിസ്ത്യാന്‍ പെറ്റി ബൂര്‍ഷ്വാ വര്‍ഗാടിത്തറയുള്ളവര്‍ക്ക് നേരിടേണ്ടിവരില്ലല്ലോ. കാരണം 'അപരങ്ങളില്‍' സുഖമായി അവര്‍ക്കും കഴിയാം. ഓണ്‍ലൈനില്‍ ഇസ്ലാമോഫീലിയ നിറഞ്ഞ വിപ്ലവം!. പിന്നെ സോളിഡാരിറ്റിയുടെ വേദികളില്‍ കിട്ടാവുന്നത്രയും ഉത്‌ബോധനം.(വേദിക്ക് താഴെ കേട്ട കമന്റുകളില്‍ വേദിയില്‍ നിന്ന് പ്രസംഗിച്ചവര്‍ കേള്‍ക്കാത്തത് അതിലേറെ ഭാഗ്യം!) അതും ദലിതരുടെയും ദരിദ്രവര്‍ഗത്തെയും (ഓ, വര്‍ഗം! ഇസ്ലാമിലെന്തുവര്‍ഗം, എന്ത് ജാതി?!!) പറ്റി. അതിനാവട്ടെ സി.ഡി.എസിന്റെ ഫണ്ടും അകമ്പടി. സുഖമാണ് ഏര്‍പ്പാട്!
ഇപ്പോള്‍ ഞാന്‍ ആദ്യം പോസ്റ്റ് ചെയ്ത കമന്റ് എത്ര സത്യമായിരിക്കുന്നു: ''നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം!"

ഇസ്ലാമഫോബിയയും ഇസ്ലാമഫീലിയയെയും പറ്റിയുള്ള ഉപന്യാസം വായിച്ചു. ഇസ്‌ളാമഫോബിയ എന്നൊന്നില്ലെന്ന് ആരും പറഞ്ഞില്ല. അതുണ്ട്. വളരെ പ്രത്യക്ഷമായി തന്നെ. അതിനെ എതിര്‍ക്കേണ്ടതും പരാജയപ്പെടുത്തേണ്ടതുമുണ്ട്​.
അതേ സമയം ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമഫീലിയ ഇല്ലെന്ന് വാദിക്കുമ്പോഴാണ് രസം. ഇസ്ലാമിനെതിരെയുള്ള ഏത് വിമര്‍ശനങ്ങളെയും 'ഇസ്ലാമഫോബിയ' എന്ന സുഖകരമായ ചരിചകൊണ്ട് തടുക്കാം എന്നു കരുതുന്നിടത്താണ് ഇസ്ലാമഫീലിയയുടെ തുടക്കം.
ലോകത്ത് എല്ലാ സിദ്ധാന്തങ്ങളും മതങ്ങളും പ്രത്യയശാസ്ത്രവും വിമര്‍ശിക്കപ്പെടുന്നുണ്ട്.​ അതൊന്നും ഫോബിയ (കമ്യൂണിസ്റ്റ് ഫോബിയ, മാവോയിസ്റ്റ് ഫോബിയ എന്നു പറഞ്ഞല്ല നേരിട്ടിട്ടുള്ളത്). മുന്‍ സോവിയറ്റ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ട ചില വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ ഇസ്ലാമഫോബിയ എന്നു വച്ച് പ്രതിരോധിക്കാമെന്നത് വ്യാമോഹമാണ്. സമാനമായ കാഴ്ച കേരളത്തിലുമുണ്ട്. അധ്യാപകന്റെ കൈവെട്ടുക, ദലിത് യുവാവിനെ താലിബാന്‍ മാതൃകയില്‍ വധിക്കുക (ആരോപണം ഗീതാനന്ദന്റേത്), മലപ്പുറത്തെ പ്രണയവിവാഹത്തിനുനേരെ നടന്ന ആക്രമണം, തുടങ്ങിയ പ്രതിലോമകരമായ നടപടികള്‍ വന്നപ്പോഴെല്ലാം അതിനെ പ്രതിരോധിക്കാനും ഇസ്ലാമഫോബിയ എന്ന പദം ഉപയോഗിക്കപ്പെടുന്നു (ഇപ്പോള്‍ വരും ചോദ്യം എവിടെ, ആരുന്നയിച്ചൂ എന്ന പറയു!!!). അവിടെയാണ് ഇസ്ലാമഫീലിയ പുറത്തുവരുന്നത്.

മുസ്‌ളീമിന്റെ ചരിത്രനിര്‍മിതിയെപ്പറ്റി മുമ്പ് ഇവിടെ സൂചിപ്പിച്ചുകണ്ടു. എങ്ങനെയാണ് ഈ ചരിത്രനിര്‍മിതി നടന്നത്. അതില്‍ ഏത് വര്‍ഗാടിത്തറ സ്വാധീനിച്ചു? ഇപ്പോള്‍ ഇസ്ലാമിന്റെ/മുസ്‌ളീം എന്ന് പറയുന്ന നിലപാടുകള്‍ ഏത് വര്‍ഗത്തിന്റേതാണ്?














Saturday, July 30, 2011

ആരുടേതാണ് ഈ മേല്‍വിലാസം?

ആരുടേതാണ് ഈ മേല്‍വിലാസം?

വിചാരണ: ഡോ. കെ.എം. ജയകൃഷ്ണന്‍
ഹിന്ദിയും മലയാളവും ഒരുപോലെ അറിയുന്നവര്‍ക്ക് ഏപ്രില്‍ 29ന് റിലീസ് ചെയ്ത സുരേഷ്‌ഗോപിയും പാര്‍ഥിപനും കക്കരവിയും അഭിനയിക്കുന്ന മാധവരാമദാസ് സംവിധാനം നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന ചലച്ചിത്രം കാണുമ്പോള്‍ വലിയ അമ്പരപ്പ് അനുഭവപ്പെടും. പാട്ടില്ലാത്ത, സ്ത്രീ കഥാപാത്രങ്ങളില്ലാത്ത, മലയാളത്തിലെ ആദ്യത്തെ റിയല്‍ടൈം സിനിമ എന്നു തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ സിനിമ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'ഉള്‍വിലാസം' എന്ന പേരില്‍ ഈ സിനിമ തമിഴിലേക്കും ഡബ്ബുചെയ്യും. മലയാളികള്‍ക്ക് ചിരപരിചിതനായ സൂര്യാ കൃഷ്മൂര്‍ത്തിയുടെ 'മേല്‍വിലാസം' എന്ന മലയാള നാടകത്തിന്റെ സിനിമാ ആവിഷ്‌കാരമാണ് ഈ 'മേല്‍വിലാസ'മെന്ന് പത്രങ്ങളും പരസ്യങ്ങളും ഉദ്‌ഘോഷിക്കുന്നു. മാതൃഭൂമി ഏപ്രില്‍ 29ന്റെ തൃശൂര്‍ നഗരം സപ്ലിമെന്റില്‍ വന്ന 'പട്ടാള വിചാരണയുമായ് മേല്‍വിലാസം' എന്ന പി. പ്രിജിത്തിന്റെ സിനിമാലേഖനവും, ദ ഹിന്ദുവിന്റെ 'ഫ്രൈഡെ റിവ്യൂ'വിലെ Addressing Reality എന്ന പേരില്‍  മനു രമാകാന്തിന്റെയും  സൂര്യാകൃഷ്ണ മൂര്‍ത്തിയുടെയും മാധവ രാമദാസിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിവരണ റിപ്പോര്‍ട്ടും,  മേല്‍വിലാസം മൂവി റിവ്യൂ എന്നിങ്ങനെയുള്ള പല ഇന്റര്‍നെറ്റ് പരസ്യ ബ്ലോഗുകളും 'മേല്‍വിലാസം' സിനിമയുടെ തന്നെയുള്ള ഇന്‍ര്‍നെറ്റ് ട്രെയിലറുകളും കഥയും തിരക്കഥയും സംഭാഷണവും സൂര്യാകൃഷ്മൂര്‍ത്തിയുടേതെന്ന് അസന്ദിഗ്ധം പ്രസ്താവിക്കുന്നു.
രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.എ, ബി.എസ്‌സി ഹിന്ദി ഉപഭാഷാ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുവാനായി ഒരു ഹിന്ദിനാടകം നിര്‍ദേശിക്കുകയുണ്ടായി. കോളജുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന ഞങ്ങളൊക്കെ രണ്ടുകൊല്ലം ആ നാടകം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മുന്നില്‍ അല്‍പം അഭിനയത്തോടുകൂടിത്തന്നെ പഠിപ്പിച്ചിരുന്നു. ഹിന്ദിയിലെ അതിപ്രശസ്തമായൊരു നാടകമാണ് 'കോര്‍ട്ട് മാര്‍ഷല്‍'. മലയാളികള്‍ക്ക് അപരിചിതനായ സ്വദേശ് ദീപക് ആണ് ഈ നാടകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ഉള്ളില്‍പോലും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അതിശക്തമായ ഡയലോഗുകളിലൂടെ അനാവരണം ചെയ്യുന്നതാണ് പ്രസ്തുത നാടകം. കേവലമൊരു പട്ടാളക്കോടതി മുറിയുടെ ലൊക്കേഷനില്‍വെച്ചുമാത്രം ഈ നാടകം നിര്‍വഹിക്കപ്പെടുന്നു. ശക്തമായൊരു സ്‌ക്രിപ്റ്റിലൂടെ സ്വദേശ് ദീപക് ജാതിയുടെ കരാളതയെ താഴ്ന്ന ജാതിക്കാരനായ രാമചന്ദ്രന്‍ എന്ന  ജവാന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു. ഹിന്ദിയിലെ മുന്‍നിര പ്രസാധകരായ 'രാജ്കമല്‍ പ്രകാശന്‍' ഈ നാടകത്തിന്റെ പല പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപത് വര്‍ഷങ്ങളായുള്ള തങ്ങളുടെ പുസ്തക പ്രസാധന ചരിത്രത്തില്‍ 'രാജ്കമല്‍' ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത മൂന്നുനാടകങ്ങളില്‍ ഒന്നുമാണ് 'കേര്‍ട്ട് മാര്‍ഷല്‍'. സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന യഥാര്‍ഥ ഹിന്ദിനാടകം 1991 ജനുവരി ഒന്നാം തീയതി ആദ്യമായി ന്യൂദല്‍ഹി ശ്രീരാം സെന്ററില്‍ അരങ്ങേറുകയുണ്ടായി. രജ്ഞിത് കപൂറായിരുന്നു സംവിധായകന്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം ഭാഷകളിലേക്ക് ഈ നാടകം തര്‍ജമ ചെയ്തിട്ടുമുണ്ട്. 2005ല്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് സ്വദേശ് ദീപക്കിന് ലഭിച്ചു. ഹിന്ദി തിയറ്ററിന് നല്‍കിയ 'ഓവര്‍ഓള്‍' സംഭാവനക്കായിരുന്നു അവാര്‍ഡ്. ഹിന്ദിയിലെ പ്രശസ്ത നാടക ഗ്രൂപ്പായ 'അസ്മിത' കഴിഞ്ഞ 12 വര്‍ഷമായി 'കോര്‍ട്ട് മാര്‍ഷല്‍' രംഗത്ത് അവതരിപ്പിച്ചുവരുന്നു. രഞ്ജിത് കപൂര്‍, ഉഷഗാംഗുലി, അരവിന്ദ് ഗൗര്‍, അമ്‌ല റായ്,  അഭിജിത് ചൗധരി തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ നേതൃത്വത്തില്‍ 2500ലധികം വേദികളില്‍ 'കോര്‍ട്ട് മാര്‍ഷല്‍' ഇതിനകംതന്നെ അവതരിപ്പിച്ചുകഴിഞ്ഞു.
നാടകം സിനിമയാക്കുന്നത് പുത്തരിയല്ല. പക്ഷേ, സ്വദേശ് ദീപക് എന്ന കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവിന്റെ 'കോര്‍ട്ട് മല്‍ഷല്‍' എന്ന വിഖ്യാത ഹിന്ദി നാടകത്തിന്റെ മലയാള സിനിമ ആവിഷ്‌കാരമാണ് ഈ സിനിമയെന്ന് എവിടേയും വേണ്ട പ്രാധാന്യത്തോടെ സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിലെ ദ ഹിന്ദു ദിനപത്രത്തില്‍ 'മേല്‍വിലാസം' സിനിമയെക്കുറിച്ചുള്ള അനുപമ കോത്താരിയുടെ  ലേഖനത്തില്‍ മാധവരാമദാസ് പറയുന്ന വാചകം ശ്രദ്ധിക്കുക: ''A drama inspired by Swadesh Deepak's play 'Court Martial'. ''  അത്രയെങ്കിലും പറഞ്ഞുവല്ലോ എന്നാശ്വസിക്കാം. Inspirational plagerism എന്നതിനെ പറയാമോ? മറ്റൊരാളുടെ രചനയെ തന്‍േറതെന്ന് അവകാശപ്പെടുന്നതിനെ full plagerism എന്നുതന്നെ പറയേണ്ടിവരും. ഒരാശയത്തിന്റെ പ്രേരണയാണ് ഇന്‍സ്‌പിരേഷന്‍ (motivation of an idea) ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. രൂപാന്തരം (adaptation) ആണ് നടത്തിയിട്ടുള്ളതെന്ന് പറയുന്നതും തെറ്റാണ്. എന്തെന്നാല്‍, രൂപാന്തരണം യഥാര്‍ഥ രചനയെയും രചയിതാവിനെയും അംഗീകരിച്ചുകൊണ്ടുള്ള വേറൊരു രൂപത്തിലേക്കുള്ള കൂടുമാറ്റമാണ്. നോവലിനെയോ ചെറുകഥയെയോ കവിതയെയോ വേറൊരു മീഡിയയിലേക്ക് -ഉദാഹരണമായി നാടകത്തിലേക്കോ സിനിമയിലേക്കോ മാറ്റുന്നതാണ്. ഇവിടെ 'മേല്‍വിലാസം' എന്ന സൂര്യാകൃഷ്ണമൂര്‍ത്തിയുടേതെന്ന് അവകാശപ്പെടുന്ന നാടകം തന്നെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകത്തിന്റെ മലയാള പകര്‍പ്പാണ്. സിനിമയും തഥൈവ.
വളരെ വിചിത്രമായ വേറൊരു വസ്തുത സ്വദേശ് ദീപക്കിന്റെ മകനായ സുഖാന്ത് ദീപക്കിന്റെ 'സമ്മതം' 'മേല്‍വിലാസ'ത്തിന്റെ വക്താക്കള്‍ നേടിയിട്ടുണ്ടെന്ന് അറിയുന്നു. 'കോപ്പിറൈറ്റ് വയലേഷന്‍' വഴിയുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും സമ്മതം മുന്‍കൂറായി വാങ്ങിച്ചത്. തന്റെ അച്ഛന്‍ എഴുതിയ നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ പേരുമാറ്റി 'മേല്‍വിലാസം' എന്നാക്കി നിസ്സാരവത്കരിച്ച് വേറൊരാളുടേതാക്കി മറ്റൊരുഭാഷയില്‍ സിനിമയായി അവതരിപ്പിക്കാന്‍ ഒരു മകന്‍ പൂര്‍ണമായി സമ്മതം കൊടുക്കുമെന്ന് എനിക്കുതോന്നുന്നില്ല. 'മേല്‍വിലാസം' എന്ന ഈ സുരേഷ്‌ഗോപി ചിത്രത്തിന്റെ ശരിയായ മേല്‍വിലാസക്കാരന്‍ സ്വദേശ് ദീപക് ആണ്. സൂര്യാകൃഷ്ണ മൂര്‍ത്തിയോ ഗോപി പൂജപ്പുരയോ ഒന്നുമല്ല. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അപക്വരായ കലാകാരന്മാര്‍ അനുകരിക്കും. പക്വതവന്നവര്‍ മോഷ്ടിക്കും (immature artists imitate, mature artists steals).
സൂര്യാകൃഷ്ണ മൂര്‍ത്തിയുടെ വെബ്‌സൈറ്റായ സൂര്യ ഇന്ത്യഡോട്ട്‌കോമിലെ (sooryaindia.com) വിവരപ്രകാരം സൂര്യകൃഷ്ണ മൂര്‍ത്തിയുടെ കൃതികള്‍ ഇവയാണ്: 'മുറിവുകള്‍' (ആത്മകഥാപരമായ കഥകള്‍), 'സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നാല് നാടകങ്ങള്‍'  (മേല്‍വിലാസം, തുടര്‍ച്ച, പുലരി, മര്‍മരം). ഇനി web india 123.comല്‍ സൂര്യാകൃഷ്ണ മൂര്‍ത്തിയുമായി 47 മിനിറ്റ്  ഇംഗ്ലീഷിലുള്ള വീഡിയോ ഇന്റര്‍വ്യൂ കാണുക. അതിന്റെ 32ാം മിനിറ്റ്‌തൊട്ട് കൃഷ്ണമൂര്‍ത്തി തന്റെ 'മേല്‍വിലാസം' എന്ന നാടകത്തെക്കുറിച്ച് പലതും പറയുന്നു. പറഞ്ഞതിനെ ദൃശ്യവത്കരിക്കാന്‍ 'മേല്‍വിലാസം' എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങള്‍ 'ഓണ്‍ലൈന്‍' ആയിത്തന്നെ കാണിക്കുന്നു. 'ദലിത് പ്രശ്‌നത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് തന്റെ ഈ നാടകമെന്നും നാടകം നടക്കുന്ന സമയം എഴുപതുകള്‍ ആണെന്നും അടിയന്തരാവസ്ഥ കാലമാണെന്നും മറ്റും അദ്ദേഹം പറയുന്നുണ്ട്. തന്റെ നാടകത്തിന്റെ ദൃശ്യപ്രതലത്തില്‍ നാല് ഫോട്ടോകളുണ്ടെന്നും മുകളിലത്തേത് മഹാത്മാഗാന്ധിയുടേതാണെന്നും അത് പാതി മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നും അടിയിലെ ഇന്ദിരഗാന്ധി ഉള്‍പ്പെട്ടവരുടെ ഫോട്ടോകള്‍ തെളിഞ്ഞിരിക്കുന്നെന്നും മറ്റും ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ദേശത്തിന്റെ ദശയാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ എല്ലാ രചനകളിലും 'അമ്മു' ഉണ്ടെന്നും അത് സ്‌റ്റേജിലെ തന്റെ പ്രതീകമാണെന്നും (my representation on stage) മൂര്‍ത്തി പറയുന്നു. 'മേല്‍വിലാസ'ത്തിലും  'അമ്മു' കടന്നുവരുന്നു. ഇതേ ഇന്റര്‍വ്യൂവില്‍ മൂര്‍ത്തി നമ്മോടു ചോദിക്കുന്നു: ''വീട്ടിലെ സ്റ്റൗ കത്തി വധുമാത്രമേ മരിക്കുന്നുള്ളൂ. ഒരു മകള്‍ ഒരിക്കലും മരിക്കുന്നില്ല. ഭര്‍ത്താവ് ഒരിക്കലും തീപിടിച്ച് മരിക്കുന്നില്ല.''  മൂര്‍ത്തിപറഞ്ഞ ഈ വാക്യവും 'കോര്‍ട്ട് മര്‍ഷല്‍' നാടകത്തിലേതാണ്. അതിലെ 65ാം പേജില്‍ ബികാസ് റായ് പറയുന്നു: ''അതെ സര്‍, ഇങ്ങനെത്തന്നെയാണ് സംഭവിച്ചത്. എപ്പോഴും ഭാര്യയുടെ കാല്‍ വഴുക്കുന്നു. ഭര്‍ത്താവിനത് ഒരിക്കലുമില്ല. വീട്ടിലെ തീയും വളരെ വകതിരിവുള്ളതാണ്. എപ്പോഴും വധുവിന് തീപിടിക്കുന്നു. പുത്രിയെ ഒരിക്കലും തീപിടിക്കുന്നില്ല...'' ഈ വീഡിയോ ഇന്റര്‍വ്യൂവില്‍തന്നെ പ്രത്യക്ഷപ്പെടുന്ന 'മേല്‍വിലാസം' എന്ന നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുകയും കേള്‍ക്കുകയും മാത്രം ചെയ്താല്‍ മതി 'മേല്‍വിലാസം' 'കോര്‍ട്ട് മാര്‍ഷലി'ന്റെ തനി പകര്‍പ്പാണെന്ന് ആര്‍ക്കും മനസ്സിലാവും. 'മേല്‍വിലാസം' എന്ന നാടകത്തിന്റെ ചില ഭാഗങ്ങള്‍ യൂടൂബിലൂടെയും കാണാം. രംഗാവതരണത്തില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.  എന്നാല്‍, ഡയലോഗുകളും ആക്ഷനുമൊക്കെ പൂര്‍ണമായി സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന്റെ തന്നെ. ഇതേ നാടകം തൃശൂരും പാലക്കാട്ടുമൊക്കെ അവതരിപ്പിക്കുമ്പോള്‍തന്നെ കാണികളായിരുന്ന കോളജ് ഹിന്ദി അധ്യാപകരായ പലരും വേദിയില്‍ കയറി ശക്തമായി പ്രതികരിച്ചിരുന്നു. 'മേല്‍വിലാസം' കൃഷ്ണമൂര്‍ത്തിയുടേതല്ല, സ്വദേശ് ദീപക്കിന്‍േറതാണെന്ന് വാദിച്ചു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, സിനിമയാക്കുകയും ചെയ്തു മൂര്‍ത്തി തന്റെ പേരില്‍.
സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍'എന്ന നാടകം 2009ല്‍ പുസ്തകമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലത കെ.വി യാണ് പരിഭാഷക. സൈന്‍  ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 88 പേജുള്ള ഈ പുസ്തകത്തിന്  സി.ആര്‍. പരമേശ്വരനാണ് 'മറ്റൊരു ജീവിതവിചാരണ' എന്നപേരില്‍ പ്രൗഢമായ അവതാരിക എഴുതിയത്.' അതിന് മുമ്പ് 2003 ജൂലൈയില്‍  കെ. സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ പച്ചക്കുതിര ലതയുടെ മലയാള പരിഭാഷയായ 'കോര്‍ട്ട് മാര്‍ഷല്‍' പ്രസിദ്ധീകരിച്ചിരുന്നു.
ആശയം,കഥാപാത്രങ്ങള്‍,കഥ,സംഭാഷണം, ആക്ഷന്‍ ഈ അഞ്ച് മാനദണ്ഡങ്ങള്‍വെച്ച് പരിശോധിച്ചാലും 'മേല്‍വിലാസം' സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന ഹിന്ദി നാടകത്തിന്റെ തനിപ്പകര്‍പ്പാണ്. 'മേല്‍വിലാസ'മെന്ന മൂര്‍ത്തിയുടേതെന്ന് പറയപ്പെടുന്ന നാടകത്തില്‍ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് അതേപേരിലുള്ള സിനിമ ഇറക്കിയിരിക്കുന്നത്. മൂര്‍ത്തി ആകെ നടത്തിയിയിരിക്കുന്നത് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ്.  'കോര്‍ട്ട് മാര്‍ഷല്‍' മാത്രം നടക്കുന്ന ഈ നാടകത്തില്‍ അമ്മുവെന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച് മേല്‍വിലാസമന്വേഷിപ്പിക്കുന്ന ഒരു കസര്‍ത്ത്. നാടകത്തിന്റെ അവസാനഭാഗത്ത് ക്യാപ്റ്റന്‍ ബി.ഡി. കപൂറിന്റെ ആത്മഹത്യയെ 'പ്രമോഷനാക്കി' മാറ്റുന്നതും മറ്റുമാണ്. സ്വദേശ് ദീപക്കിന്റെ കോര്‍ട്ട് മാര്‍ഷലില്‍ ഇല്ലാത്തൊരു കഥാപാത്രമാണ് ഈ ശുദ്ധ മലയാള നാമമായ 'അമ്മു'. മുഴുവന്‍ ഹിന്ദി പേരുകളും ഉത്തരേന്ത്യന്‍ പശ്ചാത്തലവും മാത്രമുള്ള ആ നാടകത്തില്‍ തന്റെ സ്‌റ്റേജിലെ പ്രതീകമായ അമ്മുവിനെ ഒട്ടിച്ചുകൊണ്ടാണ് മൂര്‍ത്തി തന്റെ മേല്‍വിലാസമുണ്ടാക്കിയിരിക്കുന്നത്. 'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ അവസാനത്തില്‍ ക്യാപ്റ്റന്‍ കപൂര്‍ അപമാന ഭാരത്താലും കുറ്റബോധത്താലും സ്വയം വെടിവെച്ചുമരിക്കുന്നു. കൃഷ്ണമൂര്‍ത്തിയുടെ 'മേല്‍വിലാസ'ത്തില്‍ ക്യാപ്റ്റന്‍ ബി.ഡി. കപൂര്‍ മരിക്കുന്നില്ല. പകരം പ്രമോഷന്‍ ലഭിച്ച് വിജയശ്രീലാളിതനാകുന്നു. ഇതും സംഭവങ്ങളില്‍ അങ്ങിങ്ങ് വരുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങളും മാത്രമാണ് 'കോര്‍ട്ട് മാര്‍ഷലും' 'മേല്‍വിലാസ'വും തമ്മിലുള്ള വ്യത്യാസം. എപ്പടി വിദ്യ?
webindia123.comലെ വീഡിയോ ഇന്റര്‍വ്യൂവില്‍ തന്റെ പുതിയൊരു നാടക സങ്കേതം 'തിയറ്റര്‍ ഓഫ് ഫ്രീഡം' എന്നതിനെക്കുറിച്ച് മൂര്‍ത്തി വാചാലനാകുന്നു. വേറൊരു കലാകാരന്റെ രചനയെ പരിശുദ്ധമായി മോഷ്ടിച്ച് തന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്നതാണോ 'തിയറ്റര്‍ ഓഫ് ഫ്രീഡം'?
'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ സവിശേഷത അതിന്റെ ഏകാഗ്രതയും തീവ്രതയുമാണ്. ജാതി എന്ന കൊടുംശാപത്തിന്റെ ക്രൂര വിപത്തുകളെക്കുറിച്ച് നാടകം ശക്തമായി അന്വേഷിക്കുന്നു. ഒപ്പം സത്യം, സമത്വം, സാമൂഹിക നീതി തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഉര്‍ത്തിപ്പിടിക്കുന്നു. ജാതിവിവേചനത്തിനും കടുത്ത അവഹേളനങ്ങള്‍ക്കും ഇരയാകുന്ന രാംചന്ദര്‍  എന്ന ദലിത് സൈനികന്‍ ഗത്യന്തരമില്ലാതെ തന്റെ രണ്ട് ഓഫിസര്‍മാരെ വെടിവെക്കുകയും അതിലൊരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ക്ക് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് രാമചന്ദറിന് എതിരായ സൈനിക വിചാരണയാണ് 'കേര്‍ട്ട് മാര്‍ഷലി'ന്റെ പ്രമേയം. ജാതി സംവരണം ഇല്ലാത്ത ഒരേയൊരു ഗവണ്‍മെന്റ് സംവിധാനമായ പട്ടാളത്തിനുള്ളിലെ ജാതിവിവേചനം സമൂഹത്തോടും മനുഷ്യത്വത്തോടുമുള്ള കുറ്റമായി പരിണമിക്കുമ്പോള്‍ കുറ്റവാളിയായ രാമചന്ദര്‍ ആണ് ധാര്‍മികമായി വിജയിക്കുന്നത്. രാമചന്ദറിന് വധശിക്ഷ ലഭിക്കുന്നുണ്ടെങ്കില്‍പോലും കണ്ണില്ലാത്ത നിയമവും കാവ്യനീതിയും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന ഒരന്ത്യമാണ് 'കോര്‍ട്ട്മാര്‍ഷലി'നുള്ളത്.
Taking something from one man and making it worse is plagiarism. തീവ്രവാദാക്രമണത്തില്‍ കുടുംബം  നഷ്ടപ്പെട്ട അനാഥയായ അമ്മുവിനെ രാമചന്ദര്‍ ദത്തുപുത്രിയായി സ്വീകരിച്ചൂവെന്നുള്ള കൃഷ്ണമൂര്‍ത്തിയുടെ ഭാവന മെലോഡ്രാമക്ക് കൊള്ളാം. അതിവൈകാരികത കലര്‍ത്താന്‍ അമ്മുവിനെ കോടതി മുറിയില്‍ ഹാജരാക്കി 'അച്ചാ' എന്നുവിളിപ്പിക്കുന്നതുപോലുള്ള വങ്കത്തങ്ങള്‍ ആണ് 'മേല്‍വിലാസ'ത്തിലുള്ളത്. അതിശക്തമായൊരു തീമും ചടുലമായ സംഭാഷണങ്ങളുമുള്ള സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന് അത്തരമൊരു ഏച്ചുകെട്ടല്‍ അചിന്ത്യമാണ്. മൂലനാടകത്തിന്റെ തീമിനെ ദുര്‍ബലപ്പെടുത്തുന്നൊരു നീക്കമാണ് മൂര്‍ത്തി നടത്തിയിരിക്കുന്നത്. പട്ടാളക്കോടതി മുറിയിലെ കോര്‍ട്ട് മാര്‍ഷല്‍ സംവിധാനത്തില്‍ പ്രതിയും വിചാരണക്കാരും വക്കീലന്മാരും ജഡ്ജിമാരുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കുകയില്ലെന്ന ബാലപാഠംപോലും 'മേല്‍വിലാസ'ക്കാര്‍ മറന്നുപോയി.
1942ല്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ ജനിച്ച സ്വദേശ് ദീപക് ഹരിയാനയിലെ അംബാല കന്‍േറാണ്‍മെന്റിലെ ഗാന്ധി സ്മാരക കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സില്‍വിയാ പ്ലാത്തിന്റെയും വെര്‍ജീനിയ ഫൂള്‍ഫിന്റെയും ആരാധകനായ ഈ അസാധാരണ മനുഷ്യന്‍ ഒരു വിഷാദ പ്രതിഭയായിരുന്നു. നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തുമായിരുന്ന സ്വദേശ് ദീപക്കിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അതികഠിനമായ വിഷാദരോഗം പിടിപെട്ടിരുന്നു. 2006ല്‍ ഒരു പ്രഭാത സവാരിക്കിടെ കാണാതായ അദ്ദേഹെത്തക്കുറിച്ച് ഇപ്പോഴും  ദുരൂഹത നിലനില്‍ക്കുന്നു. 'ഏറ്റവും വിഷാദഭരിതമായ കവിത' എന്നൊരു നാടകം ദീപക്കിന്‍േറതായിട്ടുണ്ട്. ആ നാടകംപോലെതന്നെ വിഷാദഭരിതമായ ഒരു കവിതയായ് സ്വദേശ് ദീപക് അപ്രത്യക്ഷനായി. പക്ഷേ, അദ്ദേഹത്തിന്റെ രചനകള്‍ എവിടെയും അപ്രത്യക്ഷമായിട്ടില്ല. വിക്കിപീഡിയയില്‍ പോയി സ്വദേശ് ദീപക് എന്ന് തിരഞ്ഞാല്‍ മാത്രം മതി. ചിത്രത്തോടുകൂടിയ അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനും ആര്‍ക്കും വായിക്കാനാവും. ജീവിതത്തില്‍ അപ്രത്യക്ഷനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായൊരു നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ 'മേല്‍വിലാസം' ആക്കി തമസ്‌കരിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല.
പ്രബുദ്ധരായ മലയാളികള്‍ 'മേല്‍വിലാസം' സിനിമ കാണട്ടെ, അതേപേരിലുള്ള നാടകം കാണട്ടെ, പുസ്തകം വായിക്കട്ടെ എന്നിട്ട് തീരുമാനിക്കട്ടെ യഥാര്‍ഥ 'മേല്‍വിലാസം' ആരുടേതാണെന്ന്. 'കോര്‍ട്ട് മാര്‍ഷല്‍' എഴുതിയ സ്വദേശ് ദീപക്കാണോ അതോ കലാസപര്യയുടെ നിത്യപൂജകനായ സൂര്യാകൃഷ്ണമൂര്‍ത്തി അവര്‍കളോ?
കഥയെയും തിരക്കഥയെയും സംഭാഷണത്തെയും കുറിച്ച് ഇത്രയും പറഞ്ഞെങ്കിലും 'മേല്‍വിലാസം' സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. പരിമിതമായ നാടക വൃത്തത്തിലൊതുങ്ങിയ 'കോര്‍ട്ട് മാര്‍ഷലി'നെ ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് ആവാഹിച്ച് ആവിഷ്‌കരിച്ച സൂര്യാകൃഷ്ണ മൂര്‍ത്തിയും മാധവരാമദാസും അഭിനന്ദനം അര്‍ഹിക്കുന്നു.
കോളജില്‍ ഈ നാടകം പഠിപ്പിച്ചിരുന്നപ്പോള്‍, എന്‍.സി.സിയില്‍ അംഗമായ ഒരു വിദ്യാര്‍ഥി എന്നോടൊരു ചോദ്യം ചോദിച്ചു: ''സര്‍, ദേശീയതകളുടെയും രാജ്യ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ പ്രതീകമായ ഇന്ത്യന്‍ മിലിട്ടറിയെ അപഹസിക്കുന്നതും ന്യൂനീകരിക്കുന്നതുമല്ലേ ഈ നാടകം?  എന്‍.സി.സി നന്നായി പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ഇത്തരം നാടകം സിലബസായി പഠിപ്പിക്കുന്നത് തെറ്റല്ലേ? ഇന്ത്യന്‍ പട്ടാളത്തെ ആരാധിക്കുന്ന യുവഹൃദയങ്ങളില്‍ ഇതുപോലൊരു നാടകം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയില്ലേ?'' ഏതു മഹത്തായ രചനയും ചിലരെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും. അത് അധികാരത്തിന്റെയും അഹന്തയുടേതുമായ പല ശക്തികേന്ദ്രങ്ങളെയും വെല്ലുവിളിക്കും. വിമര്‍ശിക്കും. അതുകൊണ്ടുമാത്രം അവ പഠിപ്പിക്കാന്‍ പറ്റുകയില്ലെന്ന് ശഠിക്കുന്നത് ജനാധിപത്യപരമല്ലെന്ന അഭിപ്രായമാണ് ഞാന്‍ അന്ന് പ്രകടിപ്പിച്ചത്.

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്‌

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്‌

സംഭാഷണം: ആനന്ദ് തെല്‍തുംബ്‌ദേ /ആര്‍.കെ. ബിജുരാജ്‌
ഒരൊറ്റ വാചകം ചിലപ്പോള്‍ നമ്മളോട് പലതും പറയാതെ പറയും. ''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്. എന്നാല്‍, ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''- ദലിതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകം അത്തരത്തില്‍ ഒന്നാണ്. ദലിതുകള്‍ക്കുമുന്നില്‍  ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെപ്പറ്റിയാണ് ആ വാക്കുകള്‍ രോഷംകൊള്ളുന്നത്.
ദലിതുപക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്‍ഡേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്.  ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട്, അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിരുദം. ഇപ്പോള്‍, മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു.   ഡോ. അംബേദ്കറുടെ പൗത്രി രമയാണ് ഭാര്യ. 'അംബേദ്കര്‍ ഓണ്‍ മുസ്‌ലിംസ്',  'ഖൈര്‍ലാന്‍ജി: എ  സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്', 'ഹിന്ദുത്വ ആന്‍ഡ് ദലിത്‌സ്', 'അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍  ദലിത് മൂവ്‌മെന്റ്' എന്നിവ ഉള്‍പ്പെടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദലിത് അവസ്ഥകളെയുംപറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവെക്കുന്നു.
താങ്കള്‍ എങ്ങനെയാണ് ജാതിവിരുദ്ധ പ്രസ്ഥാനത്തിലേക്കും ദലിത് ബോധത്തിലേക്കും എത്തിച്ചേരുന്നത്?
ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട്, സ്വാഭാവികമായിതന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധതരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പു ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി. മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാംക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചുതന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതിബോധം എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദ്വങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഢിത്തം എന്നു മനസ്സിലായി. അവര്‍ ഇവിടത്തെ സാമൂഹിക അവസ്ഥയെ ശരിയായരീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.
ജാതിയെ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ചപറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത്?
അതെ. വര്‍ഗവിശകലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രംതന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവപദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ ആവശ്യം.
''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്. എന്നാല്‍, ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?
അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാര്‍ഥതയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍, പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും. ഇതെങ്ങനെയാണ് വിശദീകരിക്കുക? 'പ്രീമിയവും' 'ഡിസ്‌കൗണ്ടും' ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തെങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹികപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍, രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍, ഞാനിപ്പോഴും 'ദലിത്' എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ? എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസ്സിലുള്ള ജാതിവിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പറേറ്റ് മേഖലയെ വിട്ടുകളയാം. അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വവിദ്യാര്‍ഥി ഏതെങ്കിലും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍, ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം മുന്‍ വിദ്യാര്‍ഥി ഒരു കഥാപുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടിവരുന്നു.
എന്താണ് ദലിതുകളുടെ അവസ്ഥ? പുരോഗമന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ?
എന്നത്തെക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍ . ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാതൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാറിന്റെ നവീകരണ പദ്ധതികളുംമൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്. നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനംമൂലമാണ് ഇത്. ദലിതുകള്‍ക്ക് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക?
ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ, അതിന്റെ അവശിഷ്ടരൂപങ്ങള്‍ക്കെതിരെ പോരാടണം. അതിനര്‍ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതിബോധവും ജാത്യഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക. ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും.
ജാതിക്കെതിരെയുള്ള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടുമാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതിനശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയില്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.
ജാതിസമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാതസ്വീകരിക്കണമോ, അതോ അക്രമരാഹിത്യത്തിന്റെയോ?
ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യംചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ഥ ജാതിയുദ്ധങ്ങള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊള്ളയായ വാചാടോപവുമാണ്. എന്താണീ ജാതിയുദ്ധം? ഏത് ജാതി, ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍പോകുന്നത്? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണംപോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്്.
ഒരിക്കല്‍ നമ്മള്‍ സജീവമായ ദലിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?
സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുകയും  എന്നാല്‍, ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവിമാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദലിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദലിത് പാന്തര്‍.  മുഖ്യധാരാ നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്.  അമേരിക്കയിലെ ബ്ലാക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വാഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936ല്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത്് . അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിനുമാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഒരു വിഭാഗം മറ്റൊരുവിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞൂവെന്ന് ആരോപണമുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമിതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ഥത്തില്‍ മരിച്ചു. എന്നാല്‍, അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസിറ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍, പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അടിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥക്കെതിരെയുള്ള ഗുണകരമായ ഭീഷണിയായി മാറി.
ദലിത് പാന്തറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്. രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം അംബേദ്കര്‍ കാണിച്ചുതന്ന ബുദ്ധിസമാണ് ആത്യന്തികമായ പാതയെന്ന് വാദിച്ചു. അംബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തുണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിപ്പ്, അധഃപതിച്ച വ്യാഖ്യാനങ്ങള്‍. മറ്റൊരു പാഠമെന്നത്, ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുള്ളവരുമായി കൈകോര്‍ത്തുനിന്നില്ലെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുള്ള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തെറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാരാ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തുസംഭവിച്ചൂവെന്ന് വസ്തുനിഷ്ഠമായ വിശകലനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാവുമായിരുന്നു.
ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനകളെപ്പറ്റി എന്തുപറയും?
വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അതുതന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന മുന്നേറ്റത്തിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്മണ്യത്തെ ലക്ഷ്യംവെക്കും. എന്നാല്‍, അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ട്ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നുപറയും. എന്നാല്‍, തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സൃഷ്ടിച്ച 'ബഹുജന്‍' എന്ന പദത്തിനു പിന്നാലെയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയ സൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയംപോലും ഉത്തര്‍പ്രദേശിന്റെ ജാതി അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഈ സംഘടനകള്‍ എല്ലാം യഥാര്‍ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.
ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ്്് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു?
ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960ല്‍ ഇതേ മാനസികാവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിതദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസ്സിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവരെന്താണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്? ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ഥത്തില്‍ ഭരണകൂടവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ റിക്രൂട്ടിങ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനുമുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു.  അവരെ സംബന്ധിച്ച് ഒളിവില്‍പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്നത് ഇതുമൂലമാണ്. ഇതേ സാഹചര്യമാണ്  രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.
ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുധ്യത്തെപ്പറ്റി എന്തുപറയും?
ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അവര്‍ ഭരണകൂടനയങ്ങള്‍ക്ക് സ്തുതിപാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുംവേണ്ട. ദലിത് ബുദ്ധിജീവികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആ ഗണത്തില്‍പെടുന്നില്ല. ജാതിയവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതിയവസ്ഥകള്‍  സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപട്യവും പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.
ഖൈര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്് 'എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതേപ്പറ്റി?
ഈ പരാമര്‍ശം വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാത്സംഗത്തിന് ബലാത്സംഗവും കൊലക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കുപറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ഥത്തിലാണ്. ജാതി എന്നത് സാമൂഹികതിന്മയാണ്. അത് സമൂഹം മൊത്തത്തില്‍ മനസ്സിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല. ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍ത്തട്ടുകള്‍ ഉണ്ട്. പിന്നാക്ക ജാതികളിലെ ഉയര്‍ന്നവര്‍ഗക്കാരാണ് അവരിലെ താഴ്ന്നവര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്.  ജാതിയുടെ നൂറ്റാണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടായ്മയിലൂടെ, ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സാംസ്‌കാരിക മുഖത്തിന് തിരിച്ചടി കിട്ടണം.
അയോധ്യാ വിധിയെ 'ഡിസൈന്‍ ജസ്റ്റിസ്' എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്കള്‍ ഉപയോഗിച്ചത് എന്നും പറയുന്നു?
ശരിയാണ്. നവ ലിബറല്‍കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്‍േറതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമപരിധികള്‍ക്ക് പുറത്തുപോയി 'മാര്‍ക്ക്റ്റ് സ്ഥലത്ത്' അനുപൂരകമായി 'ഉപഭോക്തൃ പരീക്ഷണം'നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനുപകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രീക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കപ്പെട്ടില്ല. പക്ഷേ, കോടതി വധശിക്ഷ നല്‍കി. കാരണം, ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചൂവെന്നതും ജനം ക്രിമിനലുകള്‍ക്ക് വലിയ ശിക്ഷ ആഗ്രഹിക്കുന്നൂവെന്നും വ്യക്തമായിരുന്നു. എട്ടുപേരെ ഒഴിച്ച്  ബാക്കിയുള്ളവരെ വെറുതെവിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാങ് കുടുംബമാണ് ഈ കൊലപാതകങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈകോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണംചെയ്തു. ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ 'മാര്‍ക്കറ്റിന്' അനുപൂരകമായ 'ഡിസൈന്‍ ജസ്റ്റിസ്' വന്നു.
അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ലിം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നുപറഞ്ഞു. വാസ്തവമെന്തെന്നാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്തവകാശ ഹരജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബരി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയ കേസാണ്. പക്ഷേ, കോടതി അനാവശ്യമായ കാര്യം ചെയ്തു. അവര്‍ ആര്‍ക്കിയോളിസ്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നുപറഞ്ഞു. അവര്‍ ഹിന്ദുതാല്‍പര്യത്തെ അനുകൂലമാക്കാന്‍ ശ്രമിച്ചു. പക്ഷേ, മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍, ഭൂമി മൂന്ന് തുല്യഭാഗങ്ങളായി വിഭജിച്ചുനല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘ്പരിവാര്‍ പിന്തുണക്കും, ''അമ്പലം അവിടെതന്നെ പണിയും'' എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്ത്വങ്ങള്‍ക്ക് പുറത്തുള്ളകാര്യങ്ങളാണ്.
ദലിതുകള്‍ പലപ്പോഴും എതിര്‍സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും? ഗാന്ധിസത്തില്‍നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ?
ഈ നിരര്‍ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകരമായിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജനപിന്തുണ നേടാനായി ഉപയോഗിച്ചൂവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണക്കായി ധാര്‍മിക ആവരണതന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിനുവേണ്ടി തയാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യകാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയെയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക്  വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍, ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു.
അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപവത്കരിച്ച നാഷനല്‍ ബഹുജന്‍ പാര്‍ട്ടി, ബാരിപ് ബഹുജന്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട്?
പ്രകാശ്് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാസംഘവും 'ബഹുജന്‍' അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്. 'അകോല പാറ്റേണ്‍' എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ടുതന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരദ്പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതുവാലെ ഉപയോഗിച്ച് പ്രകാശ്അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെനിന്ന് ഉയര്‍ന്നുവരുക വലുതും ഭാരിച്ചതുമായ ദൗത്യമാണ്.

പൗരാവകാശത്തിന്റെ പോരാളി

പൗരാവകാശത്തിന്റെ പോരാളി

കണ്ണബിരാന്‍ സ്മരണ / കെ.പി. സേതുനാഥ്‌
പൗരാവകാശപ്രസ്ഥാനങ്ങളുടെ സമുന്നതനേതാവും പ്രഗല്ഭ  അഭിഭാഷകനുമായിരുന്ന കെ.ജി. കണ്ണബിരാന്റെ നിര്യാണം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളുടെ ചരമകോളത്തില്‍പോലും വാര്‍ത്തയായില്ല. മലയാള പത്രപ്രവര്‍ത്തനരംഗത്ത് സംഭവിക്കുന്ന ബോധപൂര്‍വമായ നിരക്ഷരതയുടെ ഉദാഹരണമാണ്   തമസ്‌കരണം. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വൈകുന്നേരം കണ്ണബിരാന്‍ അന്തരിച്ച വിവരം വൈകി ലഭിച്ചതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്നതെന്ന ന്യായം വിലപ്പോവില്ല. കാരണം, വൈകുന്നേരത്തോടെ വാര്‍ത്താ ഏജന്‍സികള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ലഭിക്കാത്തതുകൊണ്ടല്ല, വാര്‍ത്ത ഏതെന്നു തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ തിരിച്ചറിയുന്നതില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഫലമാണ് ഇത്തരം വീഴ്ചകള്‍.
   1970കളുടെ അവസാനം കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കു വളര്‍ന്ന എന്റെ തലമുറയിലെ പലര്‍ക്കും മറക്കാനാവാത്ത പേരുകളിലൊന്നാണ് കെ.ജി. കണ്ണബിരാന്‍. 'വിമോചനത്തിന്റെ ദശകം കണ്ണീരും ചോരയും'1   ബാക്കിയാക്കി കടന്നുപോയപ്പോള്‍ അങ്കലാപ്പോടെനിന്ന ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യാശകളും ദിശാബോധവും നല്‍കിയ പേരുകളിലൊന്നായിരുന്നു അത്. 'വിമോചനത്തിന്റെ ദശകം'എന്ന പ്രയോഗം ഒരുപക്ഷേ,  പുതിയ തലമുറക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. '70കള്‍ വിമോചനത്തിന്റെ ദശകമാണെന്നത് ചാരുമജുംദാറിന്റെ (ഒരുവേള അതിരുകടന്ന ആത്മവിശ്വാസത്തിന്റെ) പ്രശസ്തമായ വിലയിരുത്തലാണ്. 'സ്വാതന്ത്ര്യം ഒരു കീറത്തുണിയിലെ മൂന്നു വിളറിയ നിറങ്ങള്‍ മാത്രമല്ലെന്ന'2 70കളിലെ പ്രക്ഷുബ്ധ യൗവനത്തിന്റെ അവബോധം ചോരയില്‍ ഒടുങ്ങിയ ചരിത്രത്തെ വീണ്ടെടുക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു കണ്ണബിരാന്‍. പൗരാവകാശമെന്നും മനുഷ്യാവകാശമെന്നും പില്‍ക്കാലത്ത്്് ഈ പ്രവര്‍ത്തനം തിരിച്ചറിയപ്പെട്ടു. മാറിവരുന്ന സര്‍ക്കാറുകളുടെ അത്യാചാരങ്ങളുടെ സമാഹരണം മാത്രമല്ല ഭരണകൂട ഭീകരത. മൊത്തം അധികാരസംവിധാനത്തിന്റെ ഘടനയുടെ ഭാഗംതന്നെയാണ് ഭരണകൂടഭീകരതയെന്ന അവബോധം പൗരാവകാശപ്രസ്ഥാനത്തിന് നല്‍കുന്നതില്‍ കണ്ണബിരാനെപ്പോലുള്ളവര്‍ വഹിച്ച പങ്ക്്് നിസ്തുലമാണ്. അത്തരമൊരു അവബോധം പുലര്‍ത്തിയതുകൊണ്ടാണ്് ഇന്ത്യയിലെ ഏറ്റവും സജീവവും ശക്തവുമായ പൗരാവകാശപ്രസ്ഥാനം - ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി - തന്റെ പ്രവര്‍ത്തനങ്ങളുടെ തട്ടകമായ ആന്ധ്രപ്രദേശില്‍ രൂപമെടുക്കുന്നതിനുള്ള കാരണം. 1980കളില്‍ എ.പി.സി.എല്‍.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് മൊത്തം മാതൃകയായിരുന്നു.
കെ. ബാലഗോപാല്‍ മരണമടഞ്ഞ് ഒരു കൊല്ലം കഴിയുമ്പോള്‍ കണ്ണബിരാനും വിടപറഞ്ഞത് പൗരാവകാശപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. ഭരണകൂടം സ്വന്തംനിലയില്‍ നടത്തുന്ന നിയമനിഷേധമാണ് ജനാധിപത്യത്തിനുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഇരുവരും. 'തീവ്രവാദത്തെയും  ഭീകരവാദത്തെയും' നേരിടാനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളെ നിരന്തരം അടയാളപ്പെടുത്തുന്നതില്‍ വ്യാപൃതനായിരുന്നു കണ്ണബിരാന്‍. ഇക്കാര്യത്തില്‍ പല ലിബറല്‍ ബുദ്ധിജീവികളും പുലര്‍ത്തുന്ന 'ധാര്‍മിക നിഷ്പക്ഷത' ബാലഗോപാലും കണ്ണബിരാനും നിരാകരിച്ചിരുന്നു. പൊലീസ് മര്‍ദനത്തിന്റെ കണക്കെടുപ്പുകള്‍ക്കുപരി, സമൂഹത്തിലെ നാനാവിധത്തിലുള്ള ജനാധിപത്യ അഭിലാഷങ്ങളുടെ വേദിയായി വളരാനും പരിവര്‍ത്തനപ്പെടാനും പൗരാവകാശപ്രസ്ഥാനങ്ങള്‍ പ്രാപ്തി നേടിയതും ഈയൊരു നിഷ്പക്ഷതയെ തള്ളിക്കളഞ്ഞതുകൊണ്ടാണ്. എന്നു മാത്രമല്ല, ഏതു ഭരണകൂടത്തിന്റെ കാലഘട്ടത്തിലും സ്വതന്ത്രമായ നിലനില്‍പ് ആവശ്യപ്പെടുന്ന ഒന്നാണ് പൗരാവകാശപ്രസ്ഥാനം എന്ന ബോധം വളര്‍ത്തിയെടുക്കുന്നതിനും കണ്ണബിരാനെപോലെയുള്ളവര്‍ നല്‍കിയ സംഭാവന നിസ്സീമമാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ സഹജഭാവമായ നീതിനിഷേധത്തിനെതിരെ സന്ധിയില്ലാസമരം നയിച്ചുവെന്നതു മാത്രമല്ല, വ്യവസ്ഥിതിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ പുലര്‍ത്തിയ അസാധാരണമായ ചങ്കുറപ്പുമാണ് ഇവരുടെ ജീവിതത്തെ ധന്യമാക്കുന്നത്.
ഭരണകൂടഭീകരത 'അസാധാരണമായ' ഒരു സ്ഥിതിവിശേഷമെന്നതിനുപകരം സാധാരണമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി മാറിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ 1970കളില്‍ എതിരഭിപ്രായങ്ങള്‍ക്ക് നിലനിന്നിരുന്ന  ഇടം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഭരണകൂട സര്‍വാധിപത്യം നടപ്പില്‍വരുത്തുന്നതിന് '70കളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നുവെങ്കില്‍ ഇന്ന് അതിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കാള്‍ തീവ്രമായ നിലയില്‍ ഭരണകൂടഭീകരത നിത്യജീവിതത്തിന്റെ ഭാഗമാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബിനായക് സെന്നിനും നാരായണ്‍ സന്യാലിനും പീയുഷ് ഗുഹക്കും നേരിടേണ്ടിവന്ന കേസ്തന്നെ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. ബിനായക് സെന്നിന്റെ കാര്യം ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നു. വളരെ നല്ലതാണത്. എന്നാല്‍, നാരായണ്‍ സന്യാലിന്റെ കാര്യം അത്രത്തോളം പുറത്തറിയുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം, അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള കുറുക്കുവഴിയല്ലെന്നു വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധിയാണദ്ദേഹം.
1950കളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി, സി.പി.എം, സി.പി.ഐ-എം.എല്‍ തുടങ്ങി സുദീര്‍ഘമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഉടമയാണ്് അദ്ദേഹം. 2005ലോ 2006ലോ, കൃത്യം ഓര്‍മയില്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ആന്ധ്ര്രപദേശിലെ ഭദ്രാചലത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് അന്ന്് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഏതായാലും, അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്ന് അക്കാലത്ത് പി.യു.സി.എല്‍പോലുള്ള പൗരാവകാശസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ ഇരയാവാതിരിക്കുന്നതിനുവേണ്ടിയാണ് പൗരാവകാശ സംഘടനകള്‍ സന്യാലിനുവേണ്ടി രംഗത്തിറങ്ങിയത്. ഇപ്പോള്‍ ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് പൊലീസ് പറയുന്നത് സന്യാലിനെ ഛത്തിസ്ഗഢിലെ ഒരു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ്. ബിനായക് സെന്നിന്റെ മേല്‍ രാജ്യദ്രോഹം കുറ്റം ചാര്‍ത്തുന്നതിനും അതിനുള്ള ഗൂഢാലോചനക്കുംവേണ്ടിയാണ് സന്യാലിന്റെ അറസ്റ്റ് സംബന്ധിച്ച പുതിയ കഥ ഛത്തിസ്ഗഢ് പൊലീസ് മെനഞ്ഞിരിക്കുന്നത്. ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഭരണകൂടം കെട്ടിച്ചമക്കുന്ന നുണകളുടെ കൂമ്പാരം അമ്പരപ്പിക്കുന്നതാണെങ്കിലും ഒരു സംസ്ഥാനത്തെ പൊലീസ് ഔദ്യോഗികമായി പുലര്‍ത്തിയിരുന്ന നിലപാടിനെ മറ്റൊരു സംസ്ഥാനത്തെ പൊലീസ് കോടതിയില്‍തന്നെ നിഷേധിക്കുന്നത് ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും.
ആസൂത്രിതവും സംഘടിതവുമായ നുണകളിലൂടെ ഭരണകൂടം നിര്‍മിച്ചെടുക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷാവിധി നടപ്പാക്കുന്ന പീനല്‍ കോളനികളായി കോടതികള്‍ പരിവര്‍ത്തനപ്പെടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്്്. കീഴ്‌കോടതിയുടെ വിധിക്കെതിരെ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കി മിണ്ടാതിരിക്കുന്നതാണ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടതെന്ന 'മാന്യന്മാരുടെ' നിഷ്പക്ഷത ഭരണകൂടത്തിന്റെ വിശ്വസ്തസേവനം മാത്രമാവുന്നതും അതുകൊണ്ടാണ്. ജനങ്ങള്‍ക്കുനേരെയുള്ള അക്രമം, ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും പരിസ്ഥിതിക്കും നേരെയുള്ള അക്രമം, വിഭവസ്രോതസ്സുകളുടെ ചൂഷണം - ഇങ്ങനെ ഏതു മേഖലയെടുത്താലും ഭരണകൂടഭീകരത ഇന്ന് തൊട്ടനുഭവിക്കാന്‍പറ്റുന്ന യാഥാര്‍ഥ്യമാണ്. പക്ഷേ, അതിനെ അങ്ങനെ തിരിച്ചറിയുന്നതില്‍ നമ്മുടെ സമൂഹം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. സായുധവിപ്ലവം മാത്രമാണ് ശരിയെന്ന വിശ്വാസത്തില്‍നിന്ന് നിലവിലുള്ള ജനാധിപത്യം മാത്രമാണ് മോക്ഷമാര്‍ഗമെന്ന വിശ്വാസത്തിലേക്ക് മാര്‍ഗംകൂടിയ ബുദ്ധിജീവികള്‍ മുഖ്യധാരാ സംവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ചും ഈ നിസ്സംഗത രൂക്ഷമാണ്.
പൂര്‍വപുണ്യത്തിന്റെ ഓര്‍മയാണ്
ഇന്നെന്റെ കിരീടം
ഒഴിഞ്ഞുമാറുകയാണ്
ഇന്നെന്റെ ദിനചര്യ
കാരണം, ഞാനാണ് ഭയസത്യം
അസുന്ദരം,
ചരിത്രത്തിലെ കോമാളിയായ
ആവര്‍ത്തനം
ശബ്ദാര്‍ഥങ്ങളില്‍ വഴിപിരിഞ്ഞ നാവ്
എന്നും ഉറവയില്‍ തിരിച്ചെത്തുന്ന
പുഴ 3
കേരളത്തിലെ മടുപ്പിക്കുന്ന നിസ്സംഗതയുടെ ലക്ഷണയുക്തമായ ആവിഷ്‌കാരമാണ് ഈ വരികള്‍. 
കേരളത്തില്‍ നിലവിലുള്ള കക്ഷിരാഷ്ട്രീയ ഭീകരതയെ ജനാധിപത്യപരമായ വൈവിധ്യങ്ങളുടെയും ആരോഗ്യപരമായ ഭിന്നവീക്ഷണങ്ങളുടെയും മാതൃകയായി തെറ്റിദ്ധരിക്കുന്ന വികലമായ അല്ലെങ്കില്‍, ലക്ഷണംകെട്ട ജനാധിപത്യബോധത്തെ മറികടക്കുന്നതിനുള്ള പ്രചോദനമാണ്് കണ്ണബിരാനെപോലെയുള്ളവരുടെ ജീവിതവും പ്രവര്‍ത്തനവും.

കുറിപ്പുകള്‍
1. സച്ചിദാനന്ദന്‍, 2.ധൂമില്‍, 3.കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ കവിതകളില്‍നിന്നുള്ള വരികള്‍ . 

ആദിവാസികള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്‌

ആദിവാസികള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്‌

കോഷിഷ് (പരിശ്രമം) എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പീപ്പ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രവര്‍ത്തകനുമായ രൂപേഷിന്റെ കണ്ണുകള്‍ സംസാരത്തിലുടനീളം കോപംകൊണ്ട് തിളങ്ങുന്നത് ഞാന്‍ കണ്ടു.  കൂടെയുണ്ടായിരുന്ന പീപ്പ്ള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സിലെ (പി.യു.ഡി.ആര്‍) സഞ്ജയ്‌സിങ് ഒരു ഗവേഷകന്റെ നിര്‍മമതയോടെയാണ് പെരുമാറിയത്.  പക്ഷേ, ഇളകിമറിയുന്ന ഒരു കടലിന്റെ ഉപരിതലശാന്തതയായിരുന്നു, അതും.  ''നിങ്ങള്‍ ആദിവാസികളെ ദരിദ്രര്‍ എന്ന് മുദ്രകുത്തരുത്.  അവര്‍ക്കുവേണ്ടത് അവരുടെ ചുറ്റുപാടില്‍ത്തന്നെ ഉണ്ട്.  അത് എടുക്കാനും ഉപയോഗിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്  പലപ്പോഴും ഇടപെടലിന്റെ പേരില്‍ ഇല്ലാതാക്കപ്പെടുന്നത്.  ഗോത്ര സമൂഹങ്ങളില്‍ സാംസ്‌കാരിക തലത്തിലെങ്കിലും വിഭജനങ്ങള്‍ ഇല്ല.  അവരുടെ സമരം ജീവനോപാധി നിലനിര്‍ത്താനുള്ള സമരമാണ്''- രൂപേഷ് പറയുന്നു.
   തൊഴില്‍രംഗം മാറി, ദാരിദ്ര്യത്തിന്റെ സ്വഭാവം മാറി, സാംസ്‌കാരികമായി നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്നു - പക്ഷേ, അപഗ്രഥനത്തിന്റെ ചട്ടക്കൂട് മാറിയിട്ടില്ല.  അതില്‍ ചാലകശക്തിയില്ല.  അനിച്ഛാപൂര്‍വമായ പ്രതിഷേധങ്ങള്‍പോലും ഉണ്ടാകുന്നില്ല. കാരണം, വ്യക്തം - പ്രതിഷേധിക്കേണ്ട കൂട്ടര്‍ യുവാക്കളാണ്.  അവര്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു.  ഈ കുടിയേറ്റം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച പ്രാഥമികദത്തങ്ങള്‍ ലഭ്യമല്ല.  ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്- രൂപേഷ് തുടരുന്നു.
   ദാരിദ്ര്യം എന്ന പ്രശ്‌നത്തെ അമൂര്‍ത്തവത്കരണത്തിലൂടെ ഇല്ലാതാക്കാന്‍ പറ്റില്ല.  ഒഴിവുസമയം സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചാലേ ബിഹാരികളുടെ ദാരിദ്ര്യം മാറൂ എന്നാണ് ഗാന്ധിജി പറഞ്ഞത്.  ദാരിദ്ര്യരേഖക്കു താഴെയുള്ളവരില്‍ 25ശതമാനം പേര്‍ക്കും റേഷന്‍ കാര്‍ഡില്ല.   വിതരണസമ്പ്രദായം തീരെ പ്രവര്‍ത്തിക്കുന്നില്ല- രൂപേഷ് ചൂണ്ടിക്കാണിക്കുന്നു.
   ഗോത്രപ്രദേശങ്ങളില്‍ പട്ടിണികിടന്ന് മരിക്കാതെ കഴിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഉണ്ട്.  പക്ഷേ, അവ സമൃദ്ധികാലത്ത് ശേഖരിച്ച് സൂക്ഷിക്കാനും ക്ഷാമകാലത്ത് ഉപയോഗത്തിന് ലഭ്യമാക്കാനുംവേണ്ട സാങ്കേതികവിദ്യയാണ് ഇല്ലാത്തത് - അദ്ദേഹം തുടരുന്നു.
   നക്‌സലൈറ്റുകളോ (അവര്‍ ഇന്ന് പ്രായേണ വംശനാശം വന്ന ഒരു കൂട്ടമാണ്)  മാവോവാദികളോ ദാരിദ്ര്യം ഒരു വിഷയമാക്കുന്നില്ല എന്ന അഭിപ്രായമാണ് രൂപേഷിനുള്ളത്.  പക്ഷേ, നക്‌സലിസം ഇല്ലെങ്കിലും ഉണ്ടെന്നു പറയാനാണ് ഭരണസാരഥികള്‍ക്ക് താല്‍പര്യം.  കാരണം, അത്തരം പ്രദേശങ്ങള്‍ക്ക് കേന്ദ്രം വക പ്രത്യേക ധനസഹായം ലഭിക്കും  (ഇക്കാര്യം രാമചന്ദ്ര ഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന ഗ്രന്ഥത്തിലും അടിവരയിട്ട് പറയുന്നുണ്ട്).
   നിരവധി വര്‍ഷങ്ങള്‍കൊണ്ട് അവിടവിടെ നക്‌സലുകള്‍ ചെയ്തത് ലാലു യാദവ് സംസ്ഥാനമൊട്ടുക്ക് 15 വര്‍ഷംകൊണ്ട് ചെയ്തു.  ഉന്നതവര്‍ഗത്തെ ഭരണകൂടത്തിന്റെ അധികാരസ്ഥാനങ്ങളില്‍ ഒറ്റപ്പെടുത്തി, ഐ.എ.എസ്/ഐ.പി.എസിനെയാകെ ഒരരുക്കാക്കി. ഇതൊന്നും അയാള്‍ ഒരു വിപ്ലവകാരിയോ പരിഷ്‌കരണവാദിയോ ആയതുകൊണ്ട് ചെയ്തതല്ല.  കേവലം പല്ലിനുപല്ല് എന്ന നയം മാത്രം.  അതിലൂടെ പക്ഷേ, ഗ്രാമതലത്തിലും സ്ഥാപനതലങ്ങളിലും ധാരാളം ഘടനാപരമായ മാറ്റങ്ങള്‍ വന്നു.
  എവിടെയായാലും നാം പോരാടുന്നവരോടൊപ്പം നില്‍ക്കണം.  പുറത്തുനിന്നുള്ള ഉപദേശം അനൈതികമാണ്.  സമാധാനപൂര്‍വമായ ബദല്‍ എന്ന ആശയം നാം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്- രൂപേഷ് പറഞ്ഞു നിര്‍ത്തി.

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

വീരസെതാകുല്‍ |സി.എസ്.വെങ്കിടേശ്വരന്‍
സിനിമയില്‍ ഇനിയും 'പരീക്ഷണം' സാധ്യമാണോ? തദ്ദേശീയവും പ്രാദേശികവും ദേശീയവും ആഗോളീകവുമായി പല അടരുകളില്‍ ഇത്രയധികം ദൃശ്യാഖ്യാനങ്ങള്‍ നിരന്തരം നമ്മെ ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ദൃശ്യകലയില്‍, പ്രത്യേകിച്ചും സിനിമയില്‍, ഇനിയും 'പുതിയത്', 'അപ്രതീക്ഷിതം', 'പരീക്ഷണാത്മകം', 'സമാന്തരം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ? ഈ ചോദ്യം മുമ്പും ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇന്നതിന് കൂടുതല്‍ പ്രസക്തിയുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യൂറോകേന്ദ്രിതമായ ഒരു ആശങ്കകൂടിയാണത്. നിയോ റിയലിസവും നവതരംഗവും സൃഷ്ടിച്ച ആചാര്യന്മാരുടെ നിരക്കുശേഷം ലോകമെമ്പാടുമുള്ള 'ചെറു'സിനിമകള്‍ രംഗം കൈയടക്കിയതോടെ യൂറോപ്പ് ലോകസിനിമയുടെ 'തല'സ്ഥാനമല്ലാതാവുകയും അതുകൊണ്ടുതന്നെ, ലോകസമ്മതിയുള്ള ആചാര്യന്മാര്‍ ഇല്ലാതാവുകയും ചെയ്തു എന്നുപറയാം. പിന്നീട്, സിനിമ സംഭവിച്ച സ്ഥലങ്ങള്‍ ഇറാനും തെക്കുകിഴക്കന്‍ രാജ്യങ്ങളും മെക്‌സിക്കോയും ഹോങ്കോങ്ങും (ഹോളിവുഡിനെ അതിന്റെതന്നെ തട്ടകത്തില്‍ അമ്പരപ്പിക്കുന്ന രീതിയില്‍) മറ്റുമായി ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രതീക്ഷിതമായ രീതിയില്‍ ലോകസിനിമാപ്രേമികളെ ആകര്‍ഷിച്ചത് ഇറാനിയന്‍ സിനിമയാണെങ്കില്‍, തികച്ചും അപ്രതീക്ഷിതമായി കടന്നുവന്നത് ചെറുരാജ്യങ്ങളായ തായ്‌വാന്‍, തായ്‌ലന്‍ഡ്, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ചിത്രങ്ങളാണ്. ഇറാനിയന്‍ സിനിമക്കു ലഭിച്ച ലോകപ്രശസ്തിക്കുപിന്നില്‍ കിയറസ്‌േതാമി, മജീദ് മജീദി, മക്മല്‍ബഫ് തുടങ്ങിയ പ്രതിഭാധനരുടെ സംഭാവനകള്‍ക്കൊപ്പംതന്നെ ആഗോളീയമായ ഇസ്‌ലാമോഫോബിയയും ഇസ്‌ലാം ലോകത്തിലേക്ക്, അതിന്റെ അകങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അബോധപ്രേരണയും ഉണ്ടായിരുന്നുവെങ്കില്‍ ഈ ചെറുരാജ്യങ്ങളുടെ കാര്യമതായിരുന്നില്ല. ഇവയില്‍ പലരാജ്യങ്ങളും മുന്‍ യൂറോപ്യന്‍ കോളനികളായിരുന്നു എന്നത് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു ആകര്‍ഷകഘടകമായിരിക്കാം. (ആഗോള കോപ്രൊഡക്ഷനുകളുടെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ മുന്‍ കോളനിയും കോളനിയാക്കി ഭരിച്ച രാജ്യവുമായുള്ള ആകര്‍ഷണ-വികര്‍ഷണങ്ങളും കുറ്റബോധംകലര്‍ന്ന ഒരുതരം കെട്ടിമറിച്ചിലും അവയില്‍ കാണാനാവും. മുന്‍ കോളനികളെ പശ്ചാത്തലമാക്കിയും പ്രമേയമാക്കിയും നിര്‍മിക്കപ്പെടുന്ന കോപ്രൊഡക്ഷനുകളിലെ മൂലധനനിക്ഷേപം ഭൂരിപക്ഷവും ഭരണം കൈയാളിയിരുന്ന രാജ്യത്തില്‍നിന്നാണെന്നും കാണാവുന്നതാണ്. അത്തരം ചിത്രങ്ങളുടെ പ്രമേയപരമായ തെരഞ്ഞെടുപ്പുകളിലും ഈ പാപബോധത്തിന്റെ നിഴലുകള്‍ കാണാം. ഒരുതലത്തില്‍ സ്വയം സാധൂകരണത്തിന്റെയും 'ചരിത്രപരമായ അനിവാര്യത/യാദൃച്ഛികത'യുടെയും നവ ആഖ്യാനങ്ങള്‍ സ്ഥാപിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ പലതിലും കാണാം.) രണ്ടു രീതിയിലാണ് സിനിമയിലെ യൂറോപ്യന്‍ ആധിപത്യത്തിന് ഇളക്കം തട്ടിയത്, പുറത്തുനിന്നും അകത്തുനിന്നുമാണത് സംഭവിച്ചത്: ഒന്ന്, മൂന്നാം ലോക ദേശീയതകളുടെ ഉണര്‍ച്ച, മറ്റൊന്ന്, പ്രവാസി (ഡയസ്‌പൊറ) സിനിമകളുടെ മുന്നേറ്റം. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളില്‍ ഇന്ന് ശ്രദ്ധപിടിച്ചെടുക്കുന്നത് ആ രാജ്യങ്ങള്‍ക്കകത്ത് ഇതുവരെ അദൃശ്യരായിരുന്ന ബഹുദേശീയതകളുടെ ചിത്രങ്ങളാണ്. ജര്‍മനിയിലെ തുര്‍ക്കീ വംശജര്‍, ഫ്രാന്‍സിലെ അല്‍ജീരിയക്കാര്‍, ഇംഗ്ലണ്ടിലെ ഇന്ത്യക്കാരും പാകിസ്താനികളും അങ്ങനെ പലതരം പ്രവാസിജീവിതങ്ങളുടെ ആഖ്യാനങ്ങളും ഒരു ബഹുസ്വരമായ സമൂഹം നേരിടുന്ന സംഘര്‍ഷങ്ങളുമാണ് ഇന്നത്തെ മുഖ്യപ്രമേയങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ ഉണര്‍ച്ചക്ക് വഴിതെളിച്ചത് മറ്റു ഘടകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കിയ സ്വാതന്ത്ര്യവുംകൂടിയാണ്.
ഈ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുവരുന്ന സമാന്തരചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ ഒരു കോളനി എന്നതിലപ്പുറം ആഗോളീകരണത്തിനുശേഷമുള്ള അവിടത്തെ സമകാലിക മനുഷ്യാവസ്ഥകളെക്കുറിച്ചുള്ളതുകൂടിയാണ്. കൊറിയന്‍ ചിത്രങ്ങളാണ് ആദ്യമായി ഈ രീതിയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇം കവോണ്‍ ടേക്, കിം കി യങ് തുടങ്ങിയവര്‍ പലപ്പോഴും കൊറിയന്‍ സംസ്‌കാരത്തിന്റെ വിചിത്രമായ ആചാരങ്ങളെയും ലൈംഗികതയെയും പ്രമേയമാക്കിയപ്പോള്‍ അവര്‍ക്കുശേഷം വന്ന തലമുറ ഹോങ് സാങ്‌സൂ, കിം കിഡുക്, ലീ ചാങ്‌ഡോങ്, പാര്‍ക് ചാന്‍വൂക് തുടങ്ങിയവര്‍ സമകാലികവും പ്രമേയപരമായി വൈവിധ്യം പുലര്‍ത്തുന്നതുമായ ചിത്രങ്ങളാണ് നിര്‍മിച്ചത്. മറ്റു ചെറുരാജ്യങ്ങളില്‍നിന്നുള്ള, പ്രത്യേകിച്ചും തായ്‌വാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സമാന്തരചിത്രങ്ങളുടെ പ്രത്യേകത അവ സിനിമ എന്ന മാധ്യമത്തില്‍ അതിന്റെ രൂപത്തിലും പരിചരണത്തിലും മറ്റും പുലര്‍ത്തിയ പരീക്ഷണാത്മകതയാണ്. സായ് മിങ് ലിയാങ്ങിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികള്‍ വളരെ തീവ്രവും വ്യത്യസ്തവുമായ ഒരു ശൈലി വികസിപ്പിച്ചെടുത്തു.
മുമ്പ് സൂചിപ്പിച്ചതുപോലെ, സമകാലിക ചലച്ചിത്രകാരന്മാര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷം അവരെയും കാഴ്ചക്കാരെയും ചൂഴ്ന്നുനില്‍ക്കുന്ന ദൃശ്യാധിക്യമാണ്. അത് മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏകദിശാമുഖമായ ഒന്നുകൂടിയാണ്. ഈ ആധിക്യത്തിനുനടുവില്‍/ഉള്ളില്‍/ഒഴുക്കില്‍നിന്ന് തന്‍േറതായ ഒന്ന് ഉരുവപ്പെടുത്തുക ദുഃസാധ്യമാണ്. ഈ കുത്തൊഴുക്കിനെ പ്രതിരോധിക്കുന്നതിനോടൊപ്പം അതിനെതിരായ ഒരു ലാവണ്യബോധം/അനുഭവംകൂടി അവ സൃഷ്ടിക്കേണ്ടതുണ്ട്. അത് പലപ്പോഴും ശബ്ദഘോഷത്തിനും ഒടുങ്ങാത്ത 'വര്‍ത്തമാന'ത്തിനുമെതിരെ നിശ്ശബ്ദമായും നിലക്കാത്ത ചലനത്തിനും സംഭവബഹുലതക്കുമെതിരെ നിശ്ചലതയായും രൂപമെടുക്കുന്നു. അത്തരം ശ്രമങ്ങളാണ് ഇന്ന് പല തെക്കുകിഴക്കന്‍ രാജ്യങ്ങളിലെ സമാന്തരസിനിമകളിലും നടക്കുന്നത്. അത് ഒരേസമയം കൊളോണിയലാനന്തര സാമൂഹികാവസ്ഥയെയും ആഗോളീകരിക്കപ്പെട്ട മാധ്യമാന്തരീക്ഷത്തെയും പാരമ്പര്യത്തിന്റെ ഇടറുന്ന തുടര്‍ച്ചകളെയും സ്വന്തം ആഖ്യാനങ്ങളിലേക്ക് ഇഴചേര്‍ക്കുന്നു. സ്വന്തം സംസ്‌കാരത്തെ ഒരു കെട്ടുകാഴ്ചയാക്കുകയോ ഭൂതകാലത്തെയോ പാരമ്പര്യത്തെയോ സമകാലികതയുടെ 'അപചയ'ത്തിനെതിരെ നിര്‍ത്തുകയോ അല്ല ഇവിടെ ചെയ്യുന്നത്. മറിച്ച്, മാധ്യമപരവും ചരിത്രപരവും രാഷ്ട്രീയവുമായ കുഴമറിച്ചിലിനെ ധ്യാനാത്മകമായി നോക്കിക്കാണാനാണ് ഈ ചിത്രങ്ങള്‍ ശ്രമിക്കുന്നത്. സായ് മിങ് ലിയാങ്ങിന്റെ ചിത്രങ്ങളിലെ ജലസാന്നിധ്യം, കിം കി ഡുക്കിന്റെ മനുഷ്യന്റെയുള്ളിലുള്ള ഹിംസയെക്കുറിച്ചുള്ള ഹതാശമായ അന്വേഷണങ്ങള്‍, ലീ ചാങ്‌ഡോങ്ങിന്റെ കവിതാപ്രയാണങ്ങള്‍, അപിചാറ്റ് പോങ് വീരസെതാകുലിന്റെ നാടോടിക്കഥകള്‍, ഇവരുടെയെല്ലാം ഭൂദൃശ്യസന്നിവേശങ്ങള്‍ ഇവയിലൂടെയെല്ലാം ഗാഢമായ ഒരു സൂക്ഷ്മരാഷ്ട്രീയം ഈ ചിത്രങ്ങള്‍ പിന്തുടരുന്നതുകാണാം.
2
If only there were any words to explain these senses verbally, instead of visually, I would rush to use them. But instead I can only express myself through a kind of Utopian conceptual art which functions for me like a type of meditation.
- Apichatpong Weerasethakul
ഇത്തവണത്തെ കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തായ്‌ലന്‍ഡ് സംവിധായകനായ അപിചാറ്റ്‌പോങ് വീരസെതാകുല്‍ മേല്‍പറഞ്ഞ നവതരംഗത്തിന്റെ പ്രയോക്താവാണ്. വീരസെതാകുലിന്റെ ശ്രമങ്ങളുടെ വ്യത്യസ്തത അവയുടെ തുറന്നതും തീക്ഷ്ണവുമായ മാധ്യമബോധമാണ്. ഒരു വീഡിയോ കലാകാരന്‍കൂടിയാണ് വീരസെതാകുല്‍ എന്നതാവണം ഒരുപക്ഷേ അതിനു കാരണം. ഒപ്പംതന്നെ വീരസെതാകുലിന്റെ പഠനവിഷയങ്ങളുടെ വൈവിധ്യവും (ആധുനികവൈദ്യം, വാസ്തുകല, കല, സിനിമ.)വീരസെതാകുലിന്റെ www.kickthemachine.com എന്ന വെബ്‌സൈറ്റില്‍, അദ്ദേഹത്തിന്റെ വിവിധ മാധ്യമങ്ങളില്‍നിന്നുള്ള കലാശ്രമങ്ങള്‍ കാണാം. ''ഒരു മുഴുനീള ചിത്രത്തിലൂടെ സംവദിക്കാന്‍ സാധിക്കാത്തതരത്തിലുള്ള മൂഡുകളെ പ്രതിഫലിപ്പിക്കാനും അവയില്‍ പരീക്ഷണങ്ങള്‍ നടത്താനുമൊരുങ്ങുമ്പോള്‍ എനിക്ക് ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് സ്‌കെച്ചുകളും വീഡിയോയുമാണ്. സിനിമയില്‍നിന്ന് ഭിന്നമായി വീഡിയോക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതുപോലുള്ള ഒരുതരം സ്വകാര്യതയുണ്ട്. വീഡിയോ എന്റെ മൂഡുകളുടെയും കാഴ്ചപ്പാടുകളുടെയും വികാരങ്ങളുടെയും രേഖപോലെയാണ്. വീഡിയോയിലുള്ള പ്രവര്‍ത്തനം എനിക്ക് ഒരുതരം കരകൗശലവേലയോ ചികിത്സയോപോലെയാണ്. എങ്കിലും, കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴും വീഡിയോക്ക് സിനിമയുടെ ശക്തിയില്ല. സിനിമയില്‍ എനിക്ക് ഇന്നും വിശ്വാസമുണ്ട്; സിനിമ യാഥാര്‍ഥ്യത്തില്‍ ഇല്ല എങ്കിലും. സിനിമ യാഥാര്‍ഥ്യമല്ല, അത് നമ്മുടെ ജീവിതത്തിനു സമാന്തരമായോടുന്ന മറ്റൊരു ഘടകം മാത്രമാണത്.''
ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വീരസെതാകുലിന്റെ 'Mysterious Object at Noon' (2000), 'Syndromes and a Century' (2006), 'Tropical Malady' (2004), 'Uncle Boonmee who can Recall His Past Lives' (2010), 'Blissfully Yours' (2002)തുടങ്ങിയ ചിത്രങ്ങളുണ്ട്.
വീരസെതാകുലിന്റെ ചിത്രങ്ങള്‍ സാമ്പ്രദായികമായ കഥനരീതികള്‍ അവലംബിക്കുന്നില്ല; തുറന്നതും നിരന്തരം ഇഴപിരിയുന്നതുമായ ആഖ്യാനങ്ങളാണവ. രേഖീയവും ആഖ്യാനം തുറന്നിടുന്ന എല്ലാ സമസ്യകളെയും അന്ത്യത്തില്‍ ഒടുക്കുകയും (closure) ചെയ്യുന്ന ഒരുരീതിയല്ല വീരസെതാകുലിന്റെ ചിത്രങ്ങള്‍ പിന്തുടരുന്നത്. അത്തരം ഘടനാപരതകളെയെല്ലാം ചെറുക്കുന്ന ഈ ചിത്രങ്ങള്‍ കാണിയെ നിരന്തരം അതിന്റെ ആഖ്യാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നവയാണ്. യഥാര്‍ഥത്തില്‍ ആഖ്യാനം വികസിക്കുന്നത് തിരശ്ശീലയിലെന്നതിനെക്കാള്‍ കാണിയുടെ മനസ്സുകളിലാണ്. സംഭവങ്ങള്‍ എന്നതിനെക്കാള്‍ കുറെ സന്ദര്‍ഭങ്ങളോ സന്ദര്‍ഭസാധ്യതകളോ സൂചനകളോ മാത്രമാണ് ഈ ചിത്രങ്ങളിലുള്ളത്. അത് സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷം കാണിക്ക് സ്വതന്ത്രമായി കടന്നുചെല്ലാവുന്നവയാണ്. ഈ ദൃശ്യങ്ങള്‍ ഒറ്റനോട്ടത്തില്‍ നമ്മെ രസിപ്പിക്കാന്‍ ശ്രമിക്കുന്നതേയില്ല; നിരന്തരമായ ചലനങ്ങളോ സംഭവബഹുലതയോ അവക്ക് അന്യമാണ്. അവ നമ്മില്‍നിന്നാവശ്യപ്പെടുന്നത് ഒരുതരം ധ്യാനമോ തീവ്രമായ ശ്രദ്ധയോ ആണ്. ഇന്നത്തെ ദൃശ്യാധിക്യം നമ്മില്‍നിന്നുമൊരിക്കലും ആവശ്യപ്പെടാത്തതും നമ്മില്‍നിന്നന്യമാകുന്നതുമായ ഒരു മാനുഷികാഭിമുഖ്യമാണത് എന്നത് യാദൃച്ഛികമല്ല. നമ്മില്‍ ഉണര്‍ത്തപ്പെടുന്ന അത്തരം ശ്രദ്ധയാണ് ഈ ചിത്രങ്ങളിലെ തികച്ചും സാധാരണവും പരിചിതവുമായ സന്ദര്‍ഭങ്ങള്‍ക്കും ഭൂദൃശ്യങ്ങള്‍ക്കും കഥാപാത്രചലനങ്ങള്‍ക്കും സ്വപ്‌നതുല്യമായ ഒരു ആവേഗം നല്‍കുന്നത് . ഒരു നേര്‍വരപോലെ. മറ്റെല്ലാറ്റിനെയും അപ്രധാനമാക്കിക്കൊണ്ട് ലക്ഷ്യത്തിലേക്കും ഒടുക്കത്തിലേക്കും കുതിക്കുന്ന ഒരു ആഖ്യാനത്തിനുപകരം, വര്‍ത്തുളവും ക്രമേണ വിവൃതമായിക്കൊണ്ടിരിക്കുന്നതുമായ ഒരു രാഗവിസ്താരംപോലെയാണ് വീരസെതാകുലിന്റെ ദൃശ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സമകാലിക ജീവിതാവസ്ഥയും രാഷ്ട്രീയവുമെല്ലാം വളരെ സൂക്ഷ്മമെങ്കിലും തീവ്രമായ സൂചനകളിലൂടെ ദൃശ്യങ്ങളിലേക്ക് കടന്നുവരുന്നു. 'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണി'ന്റെ ഫ്രെയിമുകളില്‍ ചുവരിലും റോഡരികിലും മറ്റും നിരന്തരം പ്രത്യക്ഷപ്പെടുന്ന നേതാവിന്റെ ഛായാപടങ്ങള്‍, പശ്ചാത്തലത്തിലുയരുന്ന ദേശീയഗാനം, ചിത്രാന്ത്യത്തില്‍ യുദ്ധം നിര്‍ത്തിയതായും അമേരിക്കന്‍ പൗരന്മാരോട് തദ്ദേശീയര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമൊക്കെയുള്ള റേഡിയോ പ്രക്ഷേപണം തുടങ്ങിയവ ദൃശ്യോപരിതലത്തിന്റെ വിരുദ്ധബിന്ദുവായും ചിലപ്പോള്‍ അവക്ക് അടിവരയിട്ടുകൊണ്ടും നിലകൊള്ളുന്നു. അതുപോലെതന്നെയാണ് ചരിത്രത്തെക്കുറിച്ചും ആത്മീയപാരമ്പര്യത്തെക്കുറിച്ചും മറ്റുമുള്ള ഉത്കണ്ഠകള്‍. 'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി'യിലെ രോഗനിര്‍ണയത്തിനായെത്തുന്ന ബുദ്ധഭിക്ഷുക്കളുടെ സാന്നിധ്യവും അവരുമായുള്ള സംഭാഷണങ്ങളും മാറുന്ന തായ് ജീവിതാവസ്ഥകളെക്കുറിച്ചും പാരമ്പര്യത്തിന്റെ വളരെ നേരിയതെങ്കിലും ദൃഢമായ തുടര്‍ച്ചകളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്.
'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി' പ്രശസ്ത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ 250ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച ഒരു ചിത്രമാണ്. സംവിധായകന്റെ മാതാപിതാക്കള്‍ക്കുള്ള ഒരു ആദരാഞ്ജലിയായി സങ്കല്‍പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം 40 വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവും നടക്കുന്ന രണ്ടു ഖണ്ഡങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. ഒന്ന്, തായ്‌ലന്‍ഡിലെ ഒരു നാട്ടിന്‍പുറത്തെ ആശുപത്രി, മറ്റൊന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം ബാങ്കോക്കിലെ ആധുനികമായ ഒരു ചികിത്സാകേന്ദ്രത്തിലും ആണ് സംഭവിക്കുന്നത്. രണ്ട് സമയഖണ്ഡങ്ങളിലും ഒരേ സംഭവങ്ങള്‍തന്നെയാണ് നടക്കുന്നതെങ്കിലും അവയിലൂടെ കഥാപാത്രങ്ങളുടെ ഒരു പരമ്പരതന്നെ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു; അവരുടെ ജീവിതം/സംഘര്‍ഷം സംവദിക്കപ്പെടുന്നത് വളരെ വിശദവും ശാന്തവുമായ മീഡിയം ഷോട്ടുകളുടെ ഒരു നിശ്ചലചിത്രപംക്തി സംഭാഷണങ്ങളിലൂടെയോ സന്ദര്‍ഭങ്ങളിലൂടെയോ ആണ്. അവിടെ പുനര്‍ജന്മവും വിഫലമായ പ്രതീക്ഷകളും പ്രണയകാംക്ഷകളും എല്ലാം കടന്നുവരുന്നു. ഡിസ്‌ക് ജോക്കിയാവാന്‍ ആഗ്രഹിച്ച ബുദ്ധഭിക്ഷുവും ആ ഭിക്ഷു പണ്ട് താന്‍ കാരണം മരിച്ചുപോയ തന്റെ ജ്യേഷ്ഠസഹോദരനാണ് എന്നു കരുതുന്ന, ഒഴിവുസമയങ്ങളില്‍ തായ് നാടന്‍പാട്ടുകള്‍ പാടുന്ന ദന്തഡോക്ടറും, താന്‍ കുട്ടിക്കാലത്ത് കാലൊടിച്ച കോഴിക്കുഞ്ഞുങ്ങള്‍ തന്നെ സ്വപ്‌നത്തില്‍ വേട്ടയാടുന്നു എന്നുകരുതുന്ന വൃദ്ധനായ ബുദ്ധസന്ന്യാസി, ടെലിവിഷനില്‍ തന്റെ പതിവു പരിപാടിയില്‍ പ്രത്യക്ഷപ്പെടാനായി മദ്യംകഴിച്ച് ധൈര്യംസംഭരിക്കുന്ന വനിതാഡോക്ടര്‍, അടുത്ത ജീവിതത്തില്‍ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കാം എന്നാശിക്കുന്ന യുവരോഗി ഇവരെല്ലാംകൂടി സൃഷ്ടിക്കുന്ന ഒരു മാനസികാന്തരീക്ഷം ആണ് വീരസെതാകുലിന്റെ സിനിമ. രണ്ടാം ഭാഗത്തില്‍, വ്യക്തികളുടെയും അവരുടെ വാസസ്ഥലങ്ങളുടെയും ആശുപത്രിയുടെയും മറ്റും രംഗങ്ങള്‍ നിശ്ചലമായ രീതിയിലുള്ള ചിത്രീകരണത്തിനു വിധേയമാകുമ്പോള്‍, പുറത്ത്, ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ട്രാക്കിങ് ഷോട്ടുകളിലൂടെയാണ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ആവര്‍ത്തനം ഓര്‍മയെയും ഓര്‍മിക്കലിനെയും ഒപ്പം എന്തോ ഉറഞ്ഞുപോകുന്നതിനെയും നമ്മുടെ കാഴ്ചയില്‍ കൊണ്ടുവരുന്നു. നിശ്ചലതക്കെതിരായുള്ള ഈ ചലനം, ചിത്രം പിന്തുടരുന്ന പലതരം ദ്വന്ദ്വങ്ങളുടെ ഭൂതകാലം/വര്‍ത്തമാനം, ഓര്‍മ/അനുഭവം, സ്വപ്‌നം/യാഥാര്‍ഥ്യം, പാരമ്പര്യം/ആധുനികത, ഗ്രാമം/നഗരം തുടങ്ങിയവയുടെ തുടര്‍ച്ചകൂടിയാണ്. ചിത്രത്തിന്റെ അവസാനഭാഗത്ത് നമ്മള്‍ കാണുന്നത് ആശുപത്രിക്കകത്തെ പുക വലിച്ചെടുക്കുന്ന ഒരു കുഴലിന്റെ, നമ്മിലേക്കു നീണ്ടുനില്‍ക്കുന്ന ഒരു സമീപദൃശ്യമാണ്. തുടര്‍ന്ന്, ശാന്തമായ അന്തരീക്ഷത്തില്‍ പുറംലോകത്തിന്റെ നിത്യതയില്‍ മുഴുകിയിരിക്കുന്ന രോഗികളെയും.
'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണ്‍' എന്ന ചിത്രം കഥപറച്ചില്‍ എന്നതിന്റെതന്നെ ഒരു ഭ്രാന്തന്‍ ആഖ്യാനപടര്‍ച്ചയാണ്. തെരുവുകളിലൂടെയോടുന്ന ഒരു മോട്ടോര്‍ വാഹനത്തിലിരുന്ന് മത്സ്യവും മീനെണ്ണയും വില്‍ക്കുന്ന ഒരു സ്ത്രീയുടെ അനുഭവകഥയില്‍നിന്നാണ് ചിത്രത്തിന്റെ തുടക്കം. (വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍നിന്നുവന്ന അവരെ കുട്ടിയായിരിക്കുമ്പോള്‍ നഗരത്തില്‍നിന്ന് നാട്ടിലേക്കു തിരിച്ചുപോകാനുള്ള വണ്ടിക്കൂലിക്കു പകരമായി സ്വന്തം മാതാപിതാക്കള്‍ വില്‍ക്കുന്നതാണ് കഥ.) അവിടെനിന്ന് ആഖ്യാനം മറ്റുപലരുടെയും കഥകളിലേക്കും അനുഭവങ്ങളിലേക്കും ആഖ്യാനങ്ങളിലേക്കും പടരുന്നു. അവര്‍ക്കിടയില്‍ ഒരു നാടകക്കൂട്ടമുണ്ട്, ആ കഥ കാമറയില്‍ പകര്‍ത്തുന്ന സിനിമക്കാരുണ്ട്, കളിച്ചുകൊണ്ടിരിക്കുന്ന യുവാക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. അങ്ങനെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കയറി ഇഴപിരിഞ്ഞുവളരുന്ന കഥയിലേക്ക് സ്വന്തം കണ്ണികള്‍ചേര്‍ത്ത് എല്ലാവരും ആ കഥയുടെ ഭാഗമായി മാറുന്നു ഈ ചിത്രത്തില്‍. കഥാപാത്രങ്ങള്‍തന്നെ ക്രമേണ കഥാകാരന്മാരാകുന്ന, ഒരു തരം ആഖ്യാനസ്വാതന്ത്ര്യം അനുഭവിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ചിത്രമാണിത്.
ജീവിതം, അനുഭവങ്ങള്‍, യാഥാര്‍ഥ്യം ഇവയുടെ പിടിതരാത്ത ഒഴുക്കിനും അവ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു ഹിംസയാണ് ആദിമധ്യാന്തബദ്ധമായ ഒരു ആഖ്യാനഘടന. അത്തരം ആഖ്യാനങ്ങളുടെ 'നീതിയുക്ത'വും പര്യവസാനബദ്ധവുമായ പരിണാമക്രമം കാവ്യനീതിയിലും കാര്യകാരണബന്ധ(ന)ത്തിലും (ലോകക്രമത്തിലും) ഉള്ള ഒരു സമ്മത(തി)പ്രതീതികൂടി നമ്മില്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം രേഖീയതകളുടെ അധീശത്വത്തെയാണ് വീരസെതാകുലിന്‍േറതുപോലുള്ള ചിത്രങ്ങള്‍ വെല്ലുവിളിക്കുന്നതും. സ്വാഭാവികവത്കരിക്കപ്പെട്ട് സനാതനമാക്കപ്പെടുന്ന എല്ലാത്തരം ക്രമങ്ങളുടെയും 'സമാധാന'ത്തില്‍നിന്ന് ഇവ നമ്മെ മോചിപ്പിക്കുന്നു; ഓരോ നിമിഷത്തെയും സന്ദര്‍ഭത്തെയും നിരന്തരം അനന്തസാധ്യതകള്‍ തുറന്നിടുന്ന ഒന്നായി മോചിപ്പിക്കുന്നു.

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

കറുത്ത സിനിമ |മധു ജനാര്‍ദനന്‍
''എനിക്കും ഒരു സ്വപ്‌നമുണ്ടെ''ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു മെയില്‍ സംസ്‌കാര സമ്പന്നരായ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 500ലധികം യാത്രക്കാരുമായി നിറഞ്ഞു പറക്കാന്‍ തയാറായൊരു വിമാനത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്റെയരികില്‍ സീറ്റു ലഭിച്ച ഒരു വെള്ളക്കാരി സീറ്റ് മാറ്റിക്കൊടുക്കാനാവശ്യപ്പെടുന്നു. നിറയെ യാത്രക്കാരായതിനാല്‍ ബിസിനസ് ക്ലാസിലെ ഒരു സീറ്റില്‍, അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി അവരെ മാറ്റിയിരുത്തി പറന്നുപൊങ്ങിയ വിമാനയാത്രയെക്കുറിച്ചുള്ള 'ശുഭപര്യവസായി'യായ സന്ദേശമാണ് അത്. സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയിലുള്ള സ്‌പെയ്‌സിലൂടെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ജീവിതവും സിനിമയും കടന്നുപോകുകയാണ്. അത് ചരിത്രമാണ്; വര്‍ത്തമാനവും.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ അമേരിക്കന്‍ സിനിമയില്‍ 'കറുപ്പ്' എന്ന ഇമേജ് ചില സ്ഥിരം വാര്‍പ്പുരൂപങ്ങളിലൂടെ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്നും പേരിന് ചില കറുത്ത കഥാപാത്രങ്ങളെ കാണാമെന്നല്ലാതെ അവര്‍ കഥയെ നിയന്ത്രിക്കുകയോ അവരുടെ വൈകാരികാവസ്ഥ തുറന്നുകാട്ടപ്പെടുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സംസ്‌കാരത്തില്‍ അടിമയുടെ ഇടം എന്താണെന്ന് വെള്ളക്കാരായ കാഴ്ചക്കാര്‍ക്ക് വീണ്ടും വീണ്ടും തീര്‍ച്ചപ്പെടാനും ആശ്വസിക്കാനുമുള്ള സംവിധാനം മാത്രമായി ഇത് മാറുന്നു.
തോമസ് ഡിക്‌സന്റെ 'ദ ക്ലാന്‍സ്മാന്‍', 'ദ ലെപ്പേര്‍ഡ് സ്‌പോര്‍ട്ട്' എന്നീ കൃതികളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട 'ബെര്‍ത്ത് ഓഫ് എ നേഷന്‍' (സംവി: ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, 1915, യു.എസ്.എ) സിനിമാചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും മികച്ച സിനിമയായാണ് കരുതപ്പെടുന്നത്. മുഴുനീള ഫീച്ചര്‍ സിനിമയുടെ വിജയസാധ്യതയുടെ ആദ്യദൃഷ്ടാന്തമായും നിരവധി സിനിമാ വ്യാകരണങ്ങളുടെ ആദ്യ പ്രയോഗമായും ഈ സിനിമ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയില്‍ വര്‍ണവിവേചനം ആദ്യമായി അവതരിപ്പിച്ചതിന്റെ 'ബഹുമതി'യും ഈ സിനിമക്ക് സ്വന്തമാണ്. 19ാം നൂറ്റാണ്ടിലെ എല്ലാവിധ വര്‍ഗാനുസാര വാര്‍പ്പ്മാതൃകകളെയും ഈ സിനിമ അതിവിദഗ്ധമായി അണിനിരത്തുന്നുണ്ട്. ദക്ഷിണ അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന എല്ലാ തെറ്റിദ്ധാരണകളെയും കണ്ടെത്തലുകളെയും ഈ സിനിമ അവതരിപ്പിച്ചു എന്നതിനപ്പുറം കഥാതന്തുവിന് വലിയ പ്രസക്തിയൊന്നുമില്ല. വര്‍ണവെറിയന്മാരുടെ ഭീകരസംഘടനയായ ക്ലൂ ക്ലസ് ക്ലാനിനെ സഹതാപത്തോടെ കാണുകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവേളയില്‍ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതും ആണ് അതിന്റെ സത്ത. അതിശയോക്തീകരിക്കപ്പെട്ട ഈ സിനിമയുടെ പ്രമേയം ഇന്നത്തെ പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ച് വിശ്വസനീയമല്ലെങ്കിലും ഇത്തരം ആദ്യകാല സിനിമകളിലൂടെ സത്യത്തെ വളച്ചൊടിക്കാനും കറുത്തവരായ കഥാപാത്രങ്ങളെ വെറും അക്രമികളായ കഥാപാത്രങ്ങളല്ലാതാക്കി അവതരിപ്പിക്കാനും സാധിച്ചിരുന്നു. കറുത്തവരെ കോമാളികളാക്കി മാറ്റിയെന്നതാണ് 'ബെര്‍ത്ത് ഓഫ് എ നേഷ'ന്റെ ഏറ്റവും അപകടകരമായ ദൗത്യം. കറുത്തവന്റെ സംഗീതം, നൃത്തം എന്നിവ പ്രാകൃതവും സംസ്‌കാരശൂന്യവുമായി മാറ്റിത്തീര്‍ക്കപ്പെടുകയും വെളുത്തവനുമായുള്ള അടിസ്ഥാന വര്‍ഗ വ്യത്യാസങ്ങളെ പര്‍വതീകരിച്ച് അവന്റെ/അവളുടെ സ്വത്വം അരികുമാറ്റപ്പെടേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും ചെയ്തു. വിപരീതാര്‍ഥത്തില്‍ ചിന്തിച്ചാല്‍, വെള്ളക്കാരന്റെ ശത്രുവെന്ന നിലക്ക് 'ബെര്‍ത്ത് ഓഫ് എ നേഷനി'ല്‍ കറുത്തവര്‍ അല്‍പം ശക്തരെങ്കിലുമാണ്. മറ്റ് ആദ്യകാല സിനിമകള്‍ കൂടുതല്‍ അപമാനവീകരിക്കപ്പെട്ടതും ലഘൂകരിക്കപ്പെട്ടതുമായ 'വളര്‍ന്നിട്ടും വളര്‍ച്ചയെത്താത്ത കാപ്പിരി' (Child-Man Negro)കളായാണ് കറുത്ത വര്‍ഗക്കാരെ രേഖപ്പെടുത്തിയത്. വിഡ്ഢികളും പരിഹാസപാത്രരും അന്തസ്സില്ലാത്തവരും ഇനിയും മനുഷ്യരായി പരിണമിക്കാത്ത പൂര്‍വികരെ ഓര്‍മിപ്പിക്കുന്ന ഒരു വിഭാഗവുമായാണ് കറുത്തവര്‍ ചിത്രീകരിക്കപ്പെട്ടത്. സാമൂഹിക മാറ്റത്തിന്റെ കാലത്ത് അതില്‍ പങ്കെടുക്കാത്ത വെള്ളക്കാരന്റെ ഭയത്തെ മയപ്പെടുത്താനും അവന്റെ മേധാവിത്വ മനോഭാവത്തെ നിലനിര്‍ത്താനും കറുത്ത വംശജര്‍ ഒന്നിനും പ്രാപ്തരല്ലെന്ന് ധരിപ്പിക്കാനുമായാണ് ഇത്തരം കഥാപാത്രവത്കരണം രൂപപ്പെടുത്തപ്പെട്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത കഥാപാത്രങ്ങള്‍ ഒരു ഉദാത്തഫലിതമായിത്തീര്‍ന്നുവെന്നതാണ് ഇതിന്റെ പരിണതി. മാന്ദ്യകാലത്ത് സാമ്പത്തിക പ്രതിസന്ധികളില്‍ അവര്‍ കൂടുതല്‍ ചെറുതാക്കപ്പെട്ടു. ഇക്കാലത്ത് വിജയിച്ച സിനിമകള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് കൂടുതല്‍ അകന്നുനിന്ന പടിഞ്ഞാറന്‍ (വെസ്‌റ്റേണ്‍), രാക്ഷസ (monster) സിനിമകള്‍ എന്നിവയായിരുന്നു. ചരിത്രം, കറുത്തവന്റെ ചരിത്രം, അടിമത്തം തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ അജ്ഞതയും ഇതിന് കാരണമായി. നിലവിലുള്ള വര്‍ഗവൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതും ഉള്ളുപൊള്ളയായതുമായ ഗൃഹാതുരത്വ ശുഭപര്യവസായികളായ സിനിമകള്‍ ഒരുപക്ഷേ, കൂടുതല്‍ അപകടകരങ്ങളായിരുന്നു എന്നതാണ് വസ്തുത.
കറുത്ത വര്‍ഗക്കാരായ നടന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ 1970കളുടെ ആദ്യ ആണ്ടുകളിലാണ് വന്നുതുടങ്ങിയത്. കറുത്തവരുടെ ദേശീയത, ലഹള എന്നിവയൊക്കെ വിഷയങ്ങളാകുന്ന ആക്ഷന്‍ സിനിമകള്‍ പക്ഷേ, നിര്‍മിച്ചിരുന്നത് വെള്ളക്കാര്‍ നിയന്ത്രിച്ചിരുന്ന ഹോളിവുഡ് സ്റ്റുഡിയോകളായിരുന്നു. 'ഷാഫ്റ്റ്' (1971), 'സ്വീറ്റ് സ്വീറ്റ് ബാക്‌സ് ബാഡാസ് സോങ്' (1971), 'സൂപ്പര്‍ തപ്ലോ സ്‌ക്രീം', 'ബ്ലാക്കുള' തുടങ്ങിയ നിരവധി സിനിമകള്‍ ലക്ഷ്യംവെച്ചത് കറുത്ത മുഖങ്ങള്‍ കാണാന്‍ മോഹിച്ചെത്തുന്ന കറുത്ത വര്‍ഗക്കാരുടെ ടിക്കറ്റുകളെയാണ്. അതുകൊണ്ടുതന്നെ 'ബ്ലാക് സ്‌പ്ലോയിറ്റേഷന്‍' എന്ന പേരിലായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ അറിയപ്പെട്ടത്. കറുത്തവരുടെയും വെളുത്തവരുടെയും പക്ഷത്തുനിന്ന് ഈ സിനിമകള്‍ക്കുനേരെ 1970കളുടെ മധ്യത്തോടെ വിമര്‍ശം രൂക്ഷമായി. പ്രമേയത്തെയും കഥാപാത്രവികസനത്തെയും മൂടുന്ന രീതിയിലുള്ള ആക്ഷനുകള്‍ ഈ സിനിമക്ക് സ്വന്തമായ അസ്തിത്വം നല്‍കുന്നതിന് വിഘാതമായി. അങ്ങനെ ഈ ജനുസ്സ് വൈകാതെ ചരമമടഞ്ഞു. എന്നാല്‍, ഈ സിനിമകളെക്കുറിച്ചുള്ള തീക്ഷ്ണമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നത് മുഖ്യധാരാമാധ്യമങ്ങളില്‍നിന്നോ പ്രചാരണവേദികളില്‍നിന്നോ കറുത്തവരുടെ പ്രസിദ്ധീകരണങ്ങളില്‍നിന്നുപോലുമോ ആയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യകാലത്തും കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, ലോസ് ആഞ്ജലസ് എന്നിവിടങ്ങളില്‍ കറങ്ങിനടന്നിരുന്ന ഒരു സംഘം സിനിമാസംവിധായകരാണ് ഈ വിമര്‍ശം ഉയര്‍ത്തിയത്. ലോസ് ആഞ്ജലസ് സ്‌കൂള്‍ ഓഫ് ബ്ലാക് ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് (എല്‍.എ സ്‌കൂള്‍) എന്ന പേരിലറിയപ്പെട്ടിരുന്നവരില്‍ പ്രധാനികളായിരുന്നു ചാള്‍സ് ബുര്‍നെറ്റ്, ബില്ലി വുഡ്‌ബെറി, ഹൈലി ജെറുമാ, ജൂലിഡാഷ് എന്നിവര്‍. വര്‍ണവെറിയുടെയും അടിച്ചമര്‍ത്തലിന്റെയും അടിത്തറയില്‍ പണിത വെള്ളമേല്‍ക്കോയ്മക്ക് കീഴില്‍ കറുത്തവരുടെ സമൂഹത്തിനിടയിലുള്ള സ്വന്തം അനുഭവങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. കറുത്തവന്റെ ദേശീയത, മനുഷ്യാവകാശപ്രസ്ഥാനം, സ്ത്രീപ്രസ്ഥാനം, യുദ്ധവിരുദ്ധ പ്രഭാഷണങ്ങള്‍, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളില്‍നിന്ന് ഈ ചലച്ചിത്രകാരന്മാര്‍ രൂപവത്കരിച്ച സൗന്ദര്യശാസ്ത്രവും അവതരണരീതിയും ആഖ്യാനങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അസ്തിത്വത്തെയും അവരുടെ കുടുംബങ്ങളെയും യാഥാര്‍ഥ്യബോധത്തോടെ സ്വാംശീകരിക്കാന്‍ പ്രാപ്തമായിരുന്നു. ദൈര്‍ഘ്യമേറിയതും പ്രധാനപ്പെട്ടതുമായ അമേരിക്കന്‍ സിനിമാചരിത്രത്തിലൂടെ അവധാനതയോടെയാണ് അവര്‍ സഞ്ചരിച്ചത്. ലിങ്കണ്‍ മോഷന്‍ പിക്ചര്‍ കമ്പനി(1910), ഓസ്‌കര്‍ മിഷോക്‌സ് (1920, 1930), സ്‌പെന്‍സര്‍ വില്യംസ് (1940) എന്നീ കറുത്തവരുടെ സ്വതന്ത്ര നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തന ദശകങ്ങള്‍ കൂടാതെ താരതമ്യേന സ്വതന്ത്രനിലപാടുകളെടുത്ത മൈക്കല്‍ റോമര്‍, ജോണ്‍ കസാവെറ്റസ് തുടങ്ങിയ വെള്ളക്കാരുടെ സ്വതന്ത്ര സിനിമകളെയും അവര്‍ പഠിക്കുകയുണ്ടായി. അവര്‍ തങ്ങള്‍ പഠിപ്പിക്കപ്പെട്ട പ്രമേയത്തിന്റെയും രൂപത്തിന്റെയും പാരമ്പര്യരീതികളെ എതിര്‍ത്തു. കട്ട്, ഫെയ്‌സ്, ഫ്രെയിം കോമ്പസിഷന്‍, കാമറാചലനങ്ങള്‍ എന്നിവയിലെല്ലാം നിലനില്‍ക്കുന്ന പ്രമാണങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ട് വ്യവസ്ഥകളില്ലാത്ത രീതിയില്‍ കറുത്ത മനുഷ്യരെയും അവരുടെ സംസ്‌കാരത്തെയും കണ്ടെത്തുക എന്നതായിരുന്നു അവരുടെ പ്രധാന ആഗ്രഹം.
എന്നാല്‍, ഈ സംവിധായകര്‍ നിര്‍മിക്കുന്ന സിനിമകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയോ മുഖ്യധാരാമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നിരൂപണം ചെയ്യുകയോ വീഡിയോ കോപ്പികള്‍ ലഭ്യമാവുകയോ ചെയ്യുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. അക്കാദമികമായ എഴുത്തുകള്‍, ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ റെട്രോസ്‌പക്ടീവുകള്‍ എന്നതിനപ്പുറം ഇന്നും അമേരിക്കയിലെ പൊതുധാരയിലേക്ക് ഈ സിനിമകള്‍ക്ക് ഇനിയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
എല്‍.എ സ്‌കൂളിന്റെ കറുത്തവരുടെ സ്വതന്ത്ര സിനിമക്ക് ഇറ്റാലിയന്‍ നിയോ റിയലിസത്തോടുള്ള ബന്ധം സൂചിപ്പിക്കപ്പെടേണ്ടതാണ്. ചാള്‍സ് ബുര്‍നെറ്റിന്റെ 'കില്ലര്‍ ഓഫ് ഷീപ്പ്' (1977) എന്ന സിനിമയെ അമേരിക്കന്‍ നിയോറിയലിസത്തിലെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഛിന്നഭിന്നമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ യഥാതഥ ചിത്രമാണ് എപ്പോഴും നിയോറിയലിസത്തില്‍ പകര്‍ത്തപ്പെട്ടത്. 'കില്ലര്‍ ഓഫ് ഷീപ്പ്', അമേരിക്കന്‍ സംവിധായകനായ മൈക്കല്‍ റോമറുടെ 'നത്തിങ് ബട്ട് എ മാന്‍' (1964), ബില്ലി വുഡ്‌ബെറിയുടെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' (1984) എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള ഇമേജുകള്‍ റോസല്ലിനിയുടെ 'പൈസാന്‍' (1946), വിസ്‌കോന്തിയുടെ 'ലാടെറാ ട്രെമ' (1948) എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്.
'കില്ലര്‍ ഓഫ് ഷീപ്പ്' 1977ല്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും അതിന്റെ സംഗീതത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റിലീസിങ് സാധ്യമായിരുന്നില്ല. അതിന്റെ സംവിധായകനായ ചാള്‍സ് ബുര്‍നെറ്റ് ഇന്ന് അമേരിക്കന്‍ സംവിധായകരില്‍ പ്രഗല്ഭനായ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ചിന്തയും ധ്യാനവും ആവശ്യപ്പെടുന്ന ഒരു ശൈലിയാണ് ബുര്‍നെറ്റിന്‍േറത്. സിനിമകള്‍ എന്നും ഉപേക്ഷിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന്റെ ജീവിതമാണ് അദ്ദേഹം വിഷയമായി സ്വീകരിക്കുന്നത്. അറവുശാലയിലെ ജോലിക്കാരനായ സ്റ്റാന്‍ ആണ് സിനിമയിലെ നായക കഥാപാത്രം. സിനിമയില്‍ വലുതായൊന്നും സംഭവിക്കുന്നില്ല. രണ്ടുപേര്‍ അര്‍ധ മനസ്സോടെ ബാങ്ക് കൊള്ളക്കായി പദ്ധതിയിടുന്നു. കുട്ടികള്‍ പാറക്കഷണങ്ങള്‍ എറിയുന്ന ഒരു മത്സരം സംഘടിപ്പിക്കുന്നു. സ്റ്റാനും സുഹൃത്തുക്കളും ഒരു കാര്‍ പുനര്‍നിര്‍മിക്കാനായി ശ്രമിക്കുന്നു. ഹാസ്യവും കവിതയും തുളുമ്പുന്ന ഒരു ശൈലിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദുഃഖകരവും ഇരുണ്ടതും വളരെ സാവധാനവുമാണ് സിനിമയുടെ അന്തരീക്ഷം. ഹോളിവുഡിനെ തീര്‍ത്തും നിരാകരിക്കുന്ന ഒരു ശൈലിയാണ് സംവിധായകന്‍ ഇതില്‍ സ്വീകരിക്കുന്നത്. കഥയില്‍ ഡോക്യുമെന്ററിയും ഡോക്യുമെന്ററിയില്‍ കഥയും ബുര്‍നെറ്റ് ഇതില്‍ പരീക്ഷിക്കുന്നു. പ്രതീക്ഷയാണ് ഈ സിനിമയുടെ ആത്മാവ്. വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍നിന്ന് പ്രതീക്ഷയിലേക്കാണ് ഓരോ സീനും പ്രവേശിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ പോരാട്ടമാണ് സംവിധായകനെയും സിനിമയെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.
''ഞാനൊരു മൂന്നാം ലോക സ്വതന്ത്ര സിനിമാ സംവിധായകനാണെ''ന്ന് 1983ലെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ച ഹൈലി ജെറൂമാ ഇത്യോപ്യയില്‍നിന്ന് അമേരിക്കയിലേക്ക് 1967ലാണ് കുടിയേറിയത്. നാടകമായിരുന്നു ആദ്യ സങ്കേതം. നാടകത്തില്‍നിന്ന് പിന്നീട് സിനിമയിലേക്ക് കുടിയേറിയ ജെറൂമാ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇത്യോപ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ആഫ്രിക്കന്‍ അടിമത്തത്തിന്റെ ഭയാനകതയും കണ്ടുകൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. കറുത്തവരെ നായക കഥാപാത്രങ്ങളാക്കിക്കൊണ്ടും ലോകമാകെ പരന്നുകിടക്കുന്ന ആഫ്രിക്കന്‍ അടിമകളിലൂടെ 'ഡയസ്‌പോറ' പശ്ചാത്തലമാക്കിക്കൊണ്ടുമാണ് ജെറൂമാ സിനിമകള്‍ നിര്‍മിക്കുന്നത്. ചരിത്രവും കഥയുടെ നാടോടി പാരമ്പര്യ ശൈലിയും ഇഴചേര്‍ത്തുകൊണ്ട് പ്രകോപനപരമായ ഒരു രൂപമാണ് ഈ സിനിമകളില്‍ രൂപപ്പെട്ടത്. ഈ വഴികളിലൂടെ ലോക സിനിമയിലെ വിഖ്യാതരായ സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായി ജെറൂമാ മാറി. സാമ്പത്തിക പ്രതിസന്ധികളും ഹോളിവുഡിന്റെ നിരാകരണവും സിനിമാ ജീവിതത്തിലുടനീളമുണ്ടായിട്ടും മുന്നോട്ടുപോയ ജെറൂമാ വിതരണക്കാരെ ലഭിക്കാത്തതിനാല്‍ സ്വന്തമായി വിതരണക്കമ്പനി ആരംഭിച്ചു. വീഡിയോ കാസറ്റ് വാടകക്കാര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഒരു വീഡിയോഷോപ്പ് ആരംഭിച്ചു. തിയറ്ററുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രാജ്യത്തുടനീളം തിയറ്ററുകള്‍ വാടകക്കെടുത്ത് സ്വന്തം സിനിമകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ''സംസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ അവസാന നിലപാടിലേക്ക് ഞങ്ങള്‍ അടുക്കുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെ സ്വന്തം ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആ പോരാട്ടത്തിനര്‍ഥം'', ജെറൂമാ പറയുന്നു. സിനിമയിലൂടെ ഭൂതകാലം വീണ്ടെടുക്കുകയം ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമയുടെയും ആഫ്രിക്കന്‍ സിനിമയുടെയും ഭാവിയെ പടുത്തുയര്‍ത്തുകയുമാണ് ജെറൂമാ ഈ ശ്രമത്തിലൂടെ ചെയ്യുന്നത്. 1976ലെ ലൊക്കാര്‍ന്നോ ഫെസ്റ്റിവലില്‍ സില്‍വര്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ 'ഹാര്‍വെസ്റ്റ് -3000 ഇയേഴ്‌സ്', മൃഗീയവും സ്‌ഫോടനാത്മകവുമായ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഒരു പാവം ഇത്യോപ്യന്‍ തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
1984ല്‍ റിലീസ് ചെയ്ത 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' ചാള്‍സ് ബുര്‍നെറ്റ് തിരക്കഥയെഴുതി, ഛായാഗ്രഹണം നിര്‍മിച്ച് ബില്ലി വുഡ്‌ബെറി സംവിധാനം ചെയ്ത സിനിമയാണ്. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ പരിചിതമായ അതിര്‍ത്തികള്‍ക്കുള്ളിലാണ് അതിനാല്‍ തന്നെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' സ്ഥിതി ചെയ്യുന്നത്. സൗത്ത് സെന്‍ട്രല്‍ ലോസ് ആഞ്ജലസില്‍ ജീവിക്കുന്ന ബാങ്ക്‌സ് കുടുംബത്തിന്റെ കഥയാണിത് പറയുന്നത്. സാമ്പത്തികമായി ഞെരിയുന്ന ഗെറ്റോയില്‍ (കറുത്തവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന കോളനി) താമസിക്കുന്ന ചാര്‍ലി ബാങ്ക്‌സ് ജോലി കിട്ടാതെ വിഷമിക്കുന്നു. അന്തസ്സുള്ള ജോലി ലഭിക്കാത്തതിനാല്‍ അയാള്‍ ഭാര്യയുമായി സുഖത്തിലല്ല. കിട്ടുന്ന തുച്ഛമായ ജോലികള്‍കൊണ്ട് കുടുംബം പുലര്‍ത്താനയാള്‍ക്കാവുന്നില്ല. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ സ്റ്റാനിനെപ്പോലെ ആവര്‍ത്തന വിരസമായ ചില ജോലികളില്‍ അയാള്‍ ഏര്‍പ്പെടുന്നു -കൃഷിയിടത്തില്‍ വിത്തിറക്കുക, ഗാരേജ് പെയിന്റടിക്കുക -അഭിമാനിയാണ് ചാര്‍ളി. ജോലി കഴിയുന്നതോടെ അയാള്‍ പിരിച്ചുവിടപ്പെടുന്നു. ഡേവിഡ് ഏഡല്‍ സ്‌റ്റെയ്ന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്, ''ഇത് യഥാര്‍ഥത്തില്‍ റിയലിസമല്ല, ഭയാനകതയുടെ ദാരുണമായ കാഴ്ചയാണ്''എന്നാണ്. ഉള്‍നഗരങ്ങളിലെ കറുത്ത വര്‍ഗക്കാരന്റെ യഥാര്‍ഥ ജീവിതം ഭയാനകമാണെന്ന സത്യമാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമയും നിയോറിയലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടരുന്നത്. ഈ സിനിമയില്‍ പ്രഫഷനല്‍ നടന്മാരല്ല അഭിനയിക്കുന്നത്. കുടുംബത്തിലെ കുട്ടികളായി അഭിനയിക്കുന്ന മൂന്നുപേര്‍ ബുര്‍നെറ്റിന്റെ മക്കളാണ്. ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ ഇതില്‍ ധാരാളമായി കാണാം. ചാര്‍ളിയും ഭാര്യയും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന ഒരു രംഗം അഞ്ചു മിനിറ്റ് നേരം കട്ടുകളില്ലാതെ തുടരുന്നു. മുന്നൊരുക്കം കൂടാതെ ഒരുക്കിയ ഈ രംഗത്തില്‍ പക്ഷേ, സംഭാഷണങ്ങള്‍ രംഗത്തെ അലോസരപ്പെടുത്തുന്നില്ല. എഡ്‌ഗ്വെരേരോ പറയുന്നു: ''ചാര്‍ളിയുടെയും ഭാര്യയുടെയും സംഘര്‍ഷം ചിത്രീകരിക്കുന്ന രംഗത്തില്‍ അവരുടെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ടുവരുന്ന ചേഷ്ടകളിലൂടെയാണ് അത് പുരോഗമിക്കുന്നത്. അമച്വര്‍ നടന്മാരുടെ ഈ തനത് ശൈലിയാണ് യഥാതഥ സംഭാഷണത്തെ യഥാര്‍ഥമാക്കുന്നത്. അവരുടെ സാംസ്‌കാരിക സ്വത്വമാണ് രംഗത്തെ ഗംഭീരമാക്കുന്നത്.'' എന്നാല്‍, 'കില്ലര്‍ ഓഫ് ഷീപ്പില്‍' നിന്നും മറ്റ് ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ നിരര്‍ഥകതയാണ് വേട്ടയാടുന്നത്. കറുത്തവന്റെ നിലനില്‍പിന്റെ നിര്‍ണായകമായ ഒരു ചരിത്രസന്ധിയിലാണ് 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' നിര്‍മിക്കപ്പെട്ടത് എന്നതാണ് ഇതിന് കാരണമായി ഗ്വെരേരോ പറയുന്നത്. മയക്കുമരുന്നും അക്രമവും കാരണം രാജ്യത്തുടനീളമുണ്ടായ കറുത്തവരുടെ വംശഹത്യക്കിടയിലാണ് ഈ സിനിമ സംഭവിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സിനിമയിലെ ജീവിതത്തെ എങ്ങനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.
''ചരിത്രം വെറുതെ സംഭവിക്കുന്ന ഒന്നല്ല. സ്‌ക്രീനില്‍ കാണുന്നത് അവര്‍ ഓര്‍മിക്കും. എനിക്ക് ഇവിടെ ഉണ്ടാകണമെന്നുണ്ട്. ചരിത്രം നിര്‍മിക്കപ്പെടുന്നയിടത്ത്'', ജൂലി ഡാഷിന്റെ 'ഇല്യൂഷന്‍സ്' എന്ന സിനിമയില്‍ ഒരു കഥാപാത്രമായ മിഗ്‌നോണ്‍ സുപ്രീം പറയുന്നു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയുടേതായി അമേരിക്കയില്‍ റിലീസ് ചെയ്ത മുഴുനീള ഫീച്ചര്‍ ചിത്രമായ 'ഡോട്ടേഴ്‌സ് ഓഫ് ദ ഡസ്റ്റി'ന്റെ സംവിധായികയാണ് ജൂലി ഡാഷ്. എഴുത്തുകാരി, മ്യൂസിക് വീഡിയോ സംവിധായിക, വെബ് ഡിസൈനര്‍, കമേഴ്‌സ്യല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രസിദ്ധയാണ് ജൂലി. സൗത്ത് കരോലൈനയുടെയും ജോര്‍ജിയയുടെയും സമീപത്തെ ദ്വീപുകളില്‍ ഒന്നില്‍ താമസിക്കുന്ന, അടിമകളുടെ പിന്‍തലമുറക്കാരായ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതമാണ് 'ഡോട്ടേഴ്‌സ് ഓഫ് ദ ഡെസ്റ്റ്' രേഖപ്പെടുത്തുന്നത്. ഇതേപേരില്‍ ജൂലിതന്നെ എഴുതിയ നോവലാണ് സിനിമക്ക് ആധാരം. അമെലിയ അവളുടെ അമ്മയുടെ കുട്ടിക്കാല പദ്ധതിയിലേക്ക് യാത്രയാകുന്നു. ഒരു സന്ദര്‍ശനമെന്നതിലുപരി അവളുടെ നരവംശശാസ്ത്ര പഠനത്തിലേക്ക് കുടുംബവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശ്യം. കഥ പുരോഗമിക്കുന്നതോടെ അമെലിയ ഒരു കാഴ്ചക്കാരി എന്നതില്‍നിന്ന് സ്വയം ജ്ഞാനം നേടിയ സ്ത്രീയായി പരിണമിക്കുന്നു. കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷമായി ജൂലി ഡാഷിന്റെ ഈ സിനിമ മാറുന്നു. പുതുവഴികള്‍ വെട്ടുന്നവര്‍ക്കിടയിലാണ് ഡാഷിന്റെ സ്ഥാനം. സ്വതന്ത്ര സിനിമയുടെ വിശാലമായ മൈതാനങ്ങളിലേക്കുള്ള വാതിലുകള്‍ അവര്‍ തുറന്നിട്ടു. നിരവധിപേര്‍ അതില്‍ പങ്കുചേര്‍ന്നു. സൗന്ദര്യവും ധിഷണയും വിജയവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. കറുത്ത സ്ത്രീകള്‍ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ സ്വയം എങ്ങനെ കാണുന്നുവെന്നും ഡാഷിന്റെ പുതിയ കാഴ്ചകള്‍ വെളിപ്പെടുത്തി. അങ്ങനെ അവര്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീയുടെ സ്ഥാനം എന്താണെന്നും അവളുടെ ഇച്ഛ എന്തായിരിക്കണമെന്നുമുള്ള പാരമ്പര്യ ചിന്തയെ ബലംപ്രയോഗിച്ച് ആത്മസാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെ തിരിച്ചറിയുകയും വര്‍ത്തമാനത്തെ ഭരിക്കുകയും അങ്ങനെ നാളെയുടെ യാഥാര്‍ഥ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംവിധായികയുടെ വിജയം. അവരുടെ ഓരോ കഥാപാത്രങ്ങളും ഒരു സ്ത്രീ/ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ എങ്ങനെയായിരിക്കണമെന്നതിന് ചില ഉള്‍ക്കാഴ്ചകള്‍ സംഭാവന ചെയ്യുന്നു. ഡാഷിന്റെ കഥാപാത്രങ്ങളുടെ തീക്ഷ്ണതയും അവ ഒരുക്കുന്ന ലോകങ്ങളും കാഴ്ചക്കാരെ അവരുടെ കഥകളിലേക്കും പോരാട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും കൊണ്ടുപോകുന്നു.
ഹോളിവുഡ് കടക്കാന്‍ ധൈര്യവും മനസ്സും കാണിക്കാത്ത ലോകവും പോരാട്ടങ്ങളും ജീവിതവുമാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകള്‍ തുറന്നുവെക്കുന്നത്. കറുത്തവര്‍ക്കായി എല്ലാം ചെയ്തുകഴിഞ്ഞു എന്ന് വെളുത്തവര്‍ വിശ്വസിക്കുന്നുവെങ്കിലും മേധാവിത്വവും അടിമത്തവും ഇന്നും തുടരുകയാണ്.