| ||
''ക്രിസ്തുവിന്റെ ഇരട്ടസ്വത്വം-ദൈവത്തെ പ്രാപിക്കാനുള്ള അത്രയും മാനുഷികവും അതിമാനുഷികവുമായ മോഹം, അല്ലെങ്കില്‍ കണിശമായിപ്പറഞ്ഞാല്‍, ദൈവത്തിലേക്കു മടങ്ങാനും അവനുമായി പൂര്‍ണതാദാത്മ്യം പ്രാപിക്കാനുമുള്ള തൃഷ്ണ-എനിക്കെന്നും ആഴമുള്ള സമസ്യയായിരുന്നു. ദൈവത്തെക്കുറിച്ചുള്ള, ഒരേസമയം യഥാര്‍ത്ഥ്യവും നിഗൂഢവുമായ ഗൃഹാതുരത്വം എന്നില്‍ വലിയ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഒഴുക്കുള്ള വലിയ ഉറവകള്‍ തുറന്നിട്ടുമുണ്ട്.'' ആത്മാവും ശരീരവും തമ്മിലുള്ള ദയാശൂന്യവും അവിരാമവുമായ പോരാട്ടമാണ് ചെറുപ്പംമുതലേ എന്റെ എല്ലാ സുഖദുഃഖങ്ങളുടെയും പ്രഭവകേന്ദ്രം; എന്റെ മുഖ്യവ്യഥയും ഇതുതന്നെയായിരുന്നു. മാനുഷികവും മനുഷ്യപൂര്‍വവുമായ സാത്താന്റെ കറുത്ത അവിസ്മരണീയ ശക്തികള്‍ എന്നിലുണ്ട്, മാനുഷികവും മനുഷ്യപൂര്‍വവുമായ വെളിച്ചത്തിന്റെ ദൈവികശക്തികളും. ഈ രണ്ട് ശക്തികളും ഏറ്റുമുട്ടുന്ന രംഗഭൂമിയായിരുന്നു എന്റെ ആത്മാവ്. വ്യഥ എന്നും തീക്ഷ്ണമായിരുന്നു. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിച്ചിരുന്നു. അത് നശിക്കരുതെന്നു മോഹിച്ചിരുന്നു. ഞാന്‍ എന്റെ ആത്മാവിനെ സ്‌നേഹിച്ചു. അത് ജീര്‍ണ്ണിക്കരുതെന്ന് മോഹിച്ചു. പരസ്പര വിരുദ്ധമായ ഈ രണ്ട് ആദിശക്തികളെത്തമ്മില്‍ രഞ്ജിപ്പിക്കാന്‍ ഞാന്‍ സ്വയം പൊരുതിയിട്ടുണ്ട്; അവര്‍ ശത്രുക്കളല്ലെന്നും സഹപ്രവര്‍ത്തകരാണെന്നും അവരെ ബോധ്യപ്പെടുത്താന്‍; അവരുടെ ലയത്തില്‍ അവരെ ആനന്ദിപ്പിക്കാന്‍ അവരോടൊപ്പം അങ്ങനെ എനിക്കും ആനന്ദിക്കാന്‍. ഓരോ മനുഷ്യനും അവന്റെ ആത്മാവിലും ശരീരത്തിലുമുള്ള ദൈവിക പ്രകൃതിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് ക്രിസ്തു എന്ന നിഗൂഢത ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമല്ലാതാകുന്നത്. അത് മനുഷ്യരാശിയുടേത് മുഴുവനാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം ഓരോ മനുഷ്യനിലും പൊട്ടിപ്പുറപ്പെടുന്നു. അതോടൊപ്പം രഞ്ജിപ്പിനുള്ള അഭിലാഷവും. പലപ്പോഴും ഈ സംഘര്‍ഷം അബോധതലത്തിലാണ്, ശുഷ്‌ക്കായുസ്സുള്ളതുമാണ്. ദുര്‍ബലമായ ഒരു മനസ്സിനു വളരെക്കാലം ശരീരത്തെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയില്ല. അത് വീര്‍ക്കുന്നു. ശരീരം മാത്രമാകുന്നു. മത്സരം അവസാനിക്കുന്നു. പക്ഷേ, ഉത്തരവാദിത്വമുള്ള മനുഷ്യരില്‍, പരമമായ ആ കടമയില്‍ രാപകല്‍ കണ്ണുനട്ടിരിക്കുന്ന മനുഷ്യരില്‍, ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് കാരുണ്യരഹിതമായിട്ടാണ്. മരണം വരെയുമാണ്. ശരീരവും മനസ്സും എത്രമാതം ശക്തമാണോ അത്രമാത്രം ഫലപ്രദമാണ് ഈ സംഘര്‍ഷം. അവസാന ലയം അത്രമാത്രം ധന്യവും. ദുര്‍ബല മനസ്സുകളെയും കൊഴുത്ത ശരീരങ്ങളെയും ദൈവം സ്‌നേഹിക്കുന്നില്ല. ശക്തവും പ്രതിരോധധന്യവുമായ ശരീരവുമായി ഏറ്റുമുട്ടാനാണ് ആത്മാവിനിഷ്ടം. വിശപ്പാറാത്ത ഒരു മാംസതീനിപ്പക്ഷിയാണത്: ശരീരത്തെ അതു ഭക്ഷിക്കുന്നു; സ്വാംശീകരിച്ച് അപ്രത്യക്ഷമാക്കുന്നു. ശരീരവും ആത്മാവും തമ്മിലുള്ള, കലാപവും ചെറുത്തുനില്പും തമ്മിലുള്ള, അനുരഞ്ജനവും കീഴടക്കലും തമ്മിലുള്ള സംഘര്‍ഷം; ഒടുവില്‍ ഈ സംഘര്‍ഷത്തിന്റെ പരമലക്ഷ്യപ്രാപ്തി ദൈവത്തോട് ഒന്നായിത്തീരല്‍: ക്രിസ്തു ഏറ്റെടുത്ത ആരോഹണത്തിന്റെ വഴി ഇതാണ്. ചോര ചിന്തിയ ആ പാതകളിലൂടെ ഏറ്റെടുക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്ന വഴിയും ഇതുതന്നെ. പൊരുതുന്ന ഓരോ മനുഷ്യന്റെയും പരമമായ കടമ ഇതാണ്. പാപമോചനത്തിന്റെ ആദ്യപുത്രനായ ക്രിസ്തു എത്തിച്ചേര്‍ന്ന ആ ഉന്നതങ്ങളിലേക്ക് പുറപ്പെടുക. നാം എവിടെ നിന്നു തുടങ്ങും? അവനെ പിന്‍തുടരണമെങ്കില്‍ അവന്റെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള അഗാധജ്ഞാനം നമുക്ക് വേണം. അവന്റെ വ്യഥയില്‍ നിന്നവനെ നാം മോചിപ്പിക്കണം; ഭൂമിയില്‍ വിടരുന്ന ദുഷ്പ്രലോഭനങ്ങള്‍ക്കു മേലുള്ള അവന്റെ വിജയം, മനുഷ്യന്റെ ചെറുതും വലുതുമായ ആനന്ദങ്ങളുടെ പരിത്യാഗം, ത്യാഗത്തില്‍നിന്നു ത്യാഗത്തിലേക്കുള്ള, വീരകൃത്യങ്ങളില്‍ നിന്നു വീരകൃത്യങ്ങളിലേക്കുള്ള അവന്റെ ആരോഹണം രക്തസാക്ഷിത്വത്തിന്റെ ആ ഉന്നത ശിഖരത്തിലേക്ക്, കുരിശിലേക്ക്. ''ക്രിസ്തുദേവന്റെ അന്ത്യപ്രലോഭനം'' എഴുതുമ്പോള്‍ രാപകലെന്യേ സംഭവിച്ചതുപോലെ അത്ര ഭയത്തോടെ ഞാന്‍ ഒരിക്കലും ഗോല്‍ഗോഥയിലേക്കുള്ള ക്രിസ്തുവിന്റെ രക്തരൂക്ഷിതമായ യാത്രയെ പിന്തുടര്‍ന്നിട്ടില്ല; അത്ര തീക്ഷ്ണമായി അവന്റെ ജീവിതവും പീഡാനുഭവവും ഞാനൊരിക്കലും പുനര്‍ജീവിച്ചിട്ടില്ല. മനുഷ്യരാശിയുടെ മഹത്തായ പ്രതീക്ഷയുടെയും വ്യഥയുടെയും ഈ കുറ്റസമ്മതം തയ്യാറാക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു. എന്റെ കണ്ണുനിറയുന്നു. ഇത്ര മധുരമായി, ഇത്രമാത്രം വേദനയോടെ, ക്രിസ്തുവിന്റെ രക്തം ഹൃദയത്തിലേക്കിറ്റിറ്റുവീഴുന്ന ഒരനുഭവം മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ത്യാഗത്തിന്റെ ശിഖരമായ കുരിശിലേറാന്‍, അഭൗതികതയുടെ ശിഖരമായ ദൈവത്തിലെത്താന്‍, ക്രിസ്തു കടന്നുപോയ വഴികളെല്ലാം പൊരുതുന്ന ഓരോ മനുഷ്യനും കടന്നുപോകുന്ന വഴികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവന്റെ പീഡനങ്ങള്‍ നമുക്കിത്രമാത്രം സുപരിചിതമായിരിക്കുന്നത്. അതുകൊണ്ടാണ് അതില്‍ നാം പങ്കാളികളാവുന്നത് അവന്റെ അന്ത്യവിജയം നമ്മുടെ തന്നെ ഭാവി വിജയമാണെന്ന് നമുക്ക് തോന്നുന്നതും അതുകൊണ്ടു തന്നെ. ക്രിസ്തുവിന്റെ അഗാധമനുഷ്യത്വമുള്ള ഈ പ്രകൃതമാണ് അവനെ മനസ്സിലാക്കാനും സ്‌നേഹിക്കാനും സ്വന്തം വഴിയെന്നപോലെ അവന്റെ പീഡനപാതകളെ പിന്‍തുടരാനും നമ്മെ സഹായിക്കുന്നത്. അവനില്‍ ഊഷ്മളമായ മാനുഷികാംശമില്ലായിരുന്നുവെങ്കില്‍ ഇത്രമാത്രം സുനിശ്ചിതവും മൃദുലവുമായി അവന്‍ നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കില്ലായിരുന്നു. നമ്മുടെ ജീവിതത്തിന് അവന്‍ ഒരിക്കലും ഒരു മാതൃകയാവുകയില്ലായിരുന്നു. നാം പൊരുതുമ്പോള്‍ അവന്‍ പൊരുതുന്നതും നാം കാണുന്നു. ഇതു നമുക്ക് ശക്തിയേകുന്നു. ഈ ലോകത്തില്‍ ഏകനല്ലെന്ന് നാമറിയുന്നു; നമ്മോടൊപ്പം അവനും പൊരുതുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒരേറ്റുമുട്ടലും ഒരു വിജയവുമാണ്. ലളിതമായ മാനുഷികസുഖങ്ങളുടെ അദൃശ്യവശീകരണങ്ങളെ അവന്‍ കീഴടക്കി; പ്രലോഭനങ്ങളെ അവന്‍ തോല്പിച്ചു. ശരീരത്തെ നിരന്തരം ആത്മാവായി സ്വാംശീകരിച്ചുകൊണ്ട് അവന്‍ ഉയര്‍ന്നുപൊങ്ങി. ഗോല്‍ഗോഥയുടെ ഉന്നതങ്ങളിലെത്തി കുരിശിലേറി. പക്ഷേ, അവിടെയും അവന്റെ പോരാട്ടം അവസാനിച്ചില്ല. പ്രോലഭനം-അവസാനം പ്രലോഭനം-കുരിശില്‍ അവനെ കാത്തിരുന്നു. കുരിശിലേറിയവന്റെ തളര്‍ന്ന കണ്ണുകള്‍ക്കു മുന്നില്‍ പെട്ടെന്നൊരു മിന്നല്‍ പോലെ സന്തുഷ്ടശാന്തമായ ജീവിതത്തിന്റെ വഞ്ചകദൃശ്യച്ചുരുള്‍ സാത്താന്‍ നിവര്‍ത്തി. മനുഷ്യന്റെ സുഗമമായ എളുപ്പവഴിയിലേക്ക് താന്‍ കടന്നതായി ക്രിസ്തുവിനു തോന്നി. താന്‍ വിവാഹം കഴിച്ചതായും കുട്ടികള്‍ ഉണ്ടായതായും അവനു തോന്നി. ജനങ്ങള്‍ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തതായും. ഇപ്പോള്‍ ആ വൃദ്ധന്‍ സ്വന്തം വീടിന്റെ ഉമ്മറത്തിരുന്ന് കഴിഞ്ഞുപോയ യൗവ്വനമോഹങ്ങളെയോര്‍ത്ത് സംതൃപ്തിയോടെ പുഞ്ചിരിക്കുകയാണ്. മനുഷ്യന്റെ വഴി തിരഞ്ഞെടുത്തത് എത്ര ഉജ്ജ്വലമായി. എത്ര ബുദ്ധിയായി. ലോകത്തെ രക്ഷിക്കാമെന്ന് വ്യാമോഹിച്ചു പോയത് എന്തൊരു ഭ്രാന്തായി. സുഖനിഷേധങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ആ കുരിശില്‍ നിന്നും രക്ഷപ്പെട്ടത് എത്ര ആനന്ദകരമായി. രക്ഷകന്റെ അന്ത്യനിമിഷങ്ങളെ പ്രക്ഷുബ്ധമാക്കാന്‍ ഒരു മിന്നല്‍പോലെ കടന്നുവന്ന അവസാന പ്രലോഭനമാണ് ഇത്. പക്ഷേ, പെട്ടെന്ന് ക്രിസ്തു ഊറ്റത്തോടെ തലകുലുക്കി ഉണര്‍ന്നു; കണ്ണുതുറന്നു; കണ്ടു. അല്ല. അവനൊരു വഞ്ചകനല്ല. ദൈവം ജയിക്കട്ടെ! അവനൊരു ഒളിച്ചോട്ടക്കാരനായിരുന്നില്ല. ദൈവം അവനിലേല്പിച്ച ദൗത്യം അവന്‍ നിറവേറ്റിക്കഴിഞ്ഞിരുന്നു. അവന്‍ വിവാഹം കഴിച്ചിട്ടില്ല. സന്തുഷ്ടജീവിതം നയിച്ചിട്ടില്ല. ത്യാഗത്തിന്റെ ഉന്നതിയില്‍ അവനെത്തിക്കഴിഞ്ഞിരുന്നു: കുരിശിലേറിക്കഴിഞ്ഞിരുന്നു. തൃപ്തിയോടെ അവന്‍ കണ്ണുകളടച്ചു. പിന്നീട് വിജയാഹ്ലാദത്തിന്റെ ഒരു നിലവിളിയായിരുന്നു; അത് നിറവേറ്റപ്പെട്ടിരിക്കുന്നു. മറിച്ചുപറഞ്ഞാല്‍: ഞാന്‍ എന്റെ ദൗത്യം നിറവേറ്റിയിരിക്കുന്നു. ഞാന്‍ ക്രൂശിതനായിരിക്കുന്നു. പ്രലോഭനങ്ങളിലേക്കൊന്നും ഞാന്‍ വീണുപോയില്ല. പൊരുതുന്ന മനുഷ്യന് ഒരുന്നത മാതൃക കാണിച്ചു കൊടുക്കണം എന്ന മോഹം കൊണ്ടാണ് ഞാന്‍ ഈ പുസ്തകമെഴുതിയത്. വേദനയെ, പ്രലോഭനത്തെ ഭയപ്പെടേണ്ടതില്ല എന്നവനെ കാണിച്ചുകൊടുക്കാന്‍. കാരണം ഇവയെ കീഴടക്കാന്‍ കഴിയും, ഇവ കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തു വേദനയേറെ സഹിച്ചു. അതോടെ വേദന പവിത്രമായിരിക്കുന്നു. അവനെ വഴിതെറ്റിക്കാന്‍ പ്രലോഭനം അന്ത്യനിമിഷംവരെ പൊരുതി നോക്കി. പ്രലോഭനം തോല്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു കുരിശിലേറി മരിച്ചു. ആ നിമിഷത്തില്‍ മരണം എന്നെന്നേക്കുമായി പരാജയപ്പെട്ടു. അവന്റെ വഴിയിലെ ഓരോ തടസ്സവും ഒരു നാഴികക്കല്ലായി. അടുത്ത വിജയത്തിനുള്ള ഒരവസരം. നമ്മുടെ വഴികളെ തെളിയിക്കുകയും നമുക്ക് ശക്തി നല്‍കുകയും ചെയ്യുന്ന ഒരു മാതൃക ഇന്ന് നമുക്ക് മുന്നിലുണ്ട്. ഈ പുസ്തകം ഒരു ജീവിതകഥയല്ല, പൊരുതുന്ന ഓരോ മനുഷ്യന്റെയും കുറ്റസമ്മതമാണ്. ഇത് പ്രസിദ്ധീകരിക്കുക വഴി ഞാന്‍ എന്റെ ദൗത്യം നിറവേറ്റുകയാണ്. അനേകം പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ജീവിതത്തില്‍ ഏറെ കലുഷതകള്‍ അനുഭവിച്ചു, പൊരുതുന്ന ഒരാളുടെ ദൗത്യം സ്‌നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തേക്കാളുമേറെ, എന്നത്തേക്കാളും നന്നായി ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്. (ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിന് നിക്കോസ് കസാന്‍ദ് സാക്കീസ് എഴുതിയ മുഖവുര) |
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.
Tuesday, April 26, 2011
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം
Subscribe to:
Post Comments (Atom)
No comments:
Post a Comment