| ||
എന്റെ കൃതികളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങള്‍ വരുന്നത് അവയിലെ ഭാവനാത്മകതയുടെ പേരിലാണെന്നത് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. സത്യമിതാണ്; എന്റെ ഒരൊറ്റവരിപോലും യഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയല്ലാതെ എഴുതപ്പെട്ടവയായിട്ടില്ല. പ്രശ്‌നമെന്താണെന്നുവെച്ചാല്‍, കരീബിയന്‍ യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും വന്യമായ ഭാവനയ്ക്കു തുല്യമാണ്. - ദ് ആര്‍ട്ട് ഓഫ് ഫിക്ഷന്‍ (പീറ്റര്‍ എച്ച.് സ്റ്റോണുമായുള്ള അഭിമുഖം) എല്ലാ പുസ്തകവും ഒടുവില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് എഴുതുന്നത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതിയതിനുശേഷമുണ്ടായ ഒരു പ്രശ്‌നം ലക്ഷക്കണക്കിനുവരുന്ന വായനക്കാരില്‍ ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്ന് നിശ്ചയമില്ലാതായി എന്നതാണ്. ഇത് എന്നെ വല്ലാതെ കുഴക്കുന്നു. ഒരു ദശലക്ഷം കണ്ണുകള്‍ നിങ്ങളെ ഉറ്റുനോക്കുന്നു. അവരെന്താണ് കരുതുന്നതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ- ഇതുപോലൊരു പ്രതിസന്ധിയാണിത്. - ദ് പാരീസ് റിവ്യൂ ഇന്റര്‍വ്യൂസ് വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും സൂചിപ്പിക്കുകയെന്നത് ഒരു ജേണലിസ്റ്റിക്ക് രീതിയാണ്. ഇത് സാഹിത്യത്തിനും ബാധകമാണ്. ആകാശത്ത് ആനകള്‍ പറന്നുനടക്കുന്നുവെന്ന് എഴുതിയാല്‍ ജനം വിശ്വസിക്കുകയില്ല. അതേസമയം നാനൂറ്റി ഇരുപത്തഞ്ചാനകള്‍ ആകാശത്തു പറക്കുന്നുവെന്നെഴുതിയാല്‍ വായനക്കാര്‍ അതു വിശ്വസിക്കും. - റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് (1984) ആത്യന്തികമായി, സാഹിത്യമെന്നാല്‍ ആശാരിപ്പണിയല്ലാതെ വേറൊന്നുമല്ല. - റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് (1984) ഒരെഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. വ്യത്യസ്ത പേരുകളില്‍, രൂപങ്ങളില്‍ അവ പുനര്‍ജനിക്കുമ്പോള്‍ വ്യത്യസ്ത രചനകളായി തോന്നുന്നുവെന്നുമാത്രം... ഞാനെഴുതിയ ആ ഏക പുസ്തകം ഏതാണ്? എന്റെ എല്ലാ കഥകളിലും നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്ലേ, അതുതന്നെ. ഏകാന്തതയുടെ ആ പുസ്തകം. - ദ് ഫ്രാഗ്രന്‍സ് ഓഫ് ഗ്വാവ (മെന്‍ഡോസയുമായുള്ള അഭിമുഖം) വേശ്യകളുമായി എനിക്ക് നല്ല സൗഹൃദമാണ്. സത്യത്തില്‍ എനിക്ക് ഒറ്റയ്ക്കു കിടക്കാന്‍ പേടിയാണ്. അതുകൊണ്ട് ഞാനവരുടെ കൂടെ കിടക്കുന്നു. അല്ലാതെ ഉറക്കം വരില്ലെനിക്ക് - ഞാന്‍ പലപ്പോഴും തമാശയായി പറഞ്ഞിട്ടുണ്ട്: നല്ല ഭക്ഷണം കിട്ടാനല്ല ഞാന്‍ കല്യാണം കഴിച്ചത് എന്ന്. - പ്ലേബോയ് ഇന്റര്‍വ്യൂ എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്റെ ഹൃദയമാണ്. ഞാന്‍ ഒരു പെണ്ണായിരുന്നെങ്കില്‍ ആരു ചോദിച്ചാലും ഞാന്‍ വഴങ്ങിയേനേ. - പ്ലേബോയ് ഇന്റര്‍വ്യൂ നല്ലൊരു വായനക്കാരി എനിക്കുണ്ട്. ഒരു റഷ്യക്കാരി. ഞാനവരെ നേരില്‍ കണ്ടിട്ടില്ല. ഒരു റഷ്യന്‍ സുഹൃത്ത് പറഞ്ഞതാണ്- എന്റെ സുഹൃത്ത് അവരെ കാണുമ്പോള്‍ അവര്‍ എന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പകര്‍ത്തിയെഴുതുകയായിരുന്നു. എന്തു വിഡ്ഢിത്തമാണീ കാണിക്കുന്നത്. എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്രേ: നോവലിസ്റ്റിനാണോ എനിക്കാണോ കൂടുതല്‍ ഭ്രാന്ത് എന്നറിയണമല്ലോ, അതിനാണീ പകര്‍ത്തിയെഴുതല്‍. - ദ് ഫ്രേഗ്രന്‍സ് ഓഫ് ഗ്വാവാ (മെന്‍ഡോസയുമായി അഭിമുഖം) നല്ലൊരു നോവലില്‍നിന്ന് അതിലും മെച്ചപ്പെട്ട ഒരു സിനിമയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, അറുവഷളന്‍ നോവലുകളില്‍നിന്നുണ്ടായ ഒരുപാട് നല്ല സിനിമകള്‍ എനിക്കറിയാം. - പീറ്റര്‍ എച്ച്. സ്റ്റോണുമായുള്ള അഭിമുഖം.(1981) ഞാന്‍ ജീവിതത്തില്‍ ദുഃഖിക്കുന്നത് ഒരൊറ്റക്കാര്യത്തില്‍ മാത്രമാണ് - എനിക്ക് ഒരു മകള്‍ ഇല്ലല്ലോ എന്ന ഒറ്റക്കാര്യത്തില്‍. - പീറ്റര്‍ എച്ച്. സ്റ്റോണുമായുള്ള അഭിമുഖം (1981) 'ദൈവം ഞായറാഴ്ച വിശ്രമിച്ചില്ലായിരുന്നുവെങ്കില്‍, ലോകം നശിപ്പിച്ചുകളയാന്‍ അദ്ദേഹത്തിനു സമയം കിട്ടുമായിരുന്നു.' - ബിഗ് മാമാസ് ഫ്യൂണറല്‍ ആവശ്യത്തിന് ഒരു മുഖമേയുള്ളൂ - ഒരു നായയുടെ മുഖം. - ഇന്‍ ഈവിള്‍ അവര്‍ കൂടുതല്‍ സമയം കാത്തിരിക്കുന്നവന് വളരെക്കുറച്ചേ പ്രതീക്ഷിക്കാനാവൂ. - നോ വണ്‍ റൈറ്റസ് റ്റു ദ് കേണല്‍ ഒരു പ്രശസ്ത എഴുത്തുകാരന്, എഴുത്തു തുടരണമെങ്കില്‍ അവന്റെ പ്രശസ്തിയെ നിരന്തരമായി സ്വയം പ്രതിരോധിക്കേണ്ടിവരും. - റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് ( അഭിമുഖം) ആരും മരിക്കേണ്ടപ്പോള്‍ മരിക്കാറില്ല; മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കാറുള്ളൂ. കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയ- ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഒരു ജീവിതകാലത്തെ മുഴുവന്‍ സൗഹൃദത്തേക്കാള്‍ വിലപ്പെട്ടതാണ് ഒരു നിമിഷത്തെ പിണക്കംതീരല്‍. ഉര്‍സുല, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാവണം; ഒന്ന് സ്‌നേഹിക്കാന്‍, മറ്റേത് കുപ്പായത്തിന്റെ കുടുക്ക് തുന്നിത്തരാന്‍. - ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ എനിക്ക് ദൈവത്തില്‍ വിശ്വാസമില്ല; മറിച്ച് അയാളെ പേടിയാണ്. - ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ. ഒരാള്‍ പ്രായമായി വരികയാണെന്നു മനസ്സിലാക്കുന്നത്, തനിക്ക് സ്വന്തം അച്ഛന്റെ ഛായ വന്നുതുടങ്ങുമ്പോഴാണ്. - ലൗ ഇന്‍ ദ ടൈം ഓഫ് കോളറ അല്ല, ഞാന്‍ ധനികനല്ല. കാശുള്ള ഒരു പാവപ്പെട്ടവന്‍. അതു രണ്ടും ഒന്നല്ല. - ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ ദാമ്പത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്തെന്നാല്‍ എല്ലാ ദിവസവും ലൈംഗികബന്ധത്തിനുശേഷം അതു തകരുന്നു; പിറ്റേന്നുകാലത്ത് പ്രാതലിനുമുന്‍പ് വീണ്ടും ആരംഭിക്കുന്നു. - ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ. ഒരാളും മക്കളെ സ്‌നേഹിക്കുന്നത് അവര്‍ സ്വന്തം മക്കളായതുകൊണ്ടുമാത്രമല്ലെന്നും അവരെ വളര്‍ത്തിയെടുക്കുമ്പോള്‍ രൂപപ്പെടുന്ന സൗഹൃദത്തിന്റെ പേരിലാണെന്നും അതിയായ ആഹ്ലാദത്തോടെ അവള്‍ തിരിച്ചറിഞ്ഞു. - ലൗ ഇന്‍ ദ ടൈം ഓഫ് കോളറ ലിബറലുകളും കണ്‍സര്‍വേറ്റീവുകളും തമ്മിലുള്ള വ്യത്യാസം ഇതേയുള്ളൂ. ലിബറലുകള്‍ അഞ്ചു മണിക്കാണ് കുര്‍ബാനയ്ക്കു പോവുക; മറ്റവര്‍ എട്ടു മണിക്കും. - ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ 'ഒരുവന് അവന്റെ അച്ഛന്‍പെങ്ങളെ കെട്ടാമോ?'-അദ്ഭുതപ്പെട്ടു ചോദിച്ചു. 'അങ്ങനെ ചെയ്യാമെന്നു മാത്രമല്ല', ഒരു പട്ടാളക്കാരന്‍ പറഞ്ഞു, 'നമ്മള്‍ പുരോഹിതന്മാര്‍ക്കെതിരെ ഈ യുദ്ധം ചെയ്യുന്നത് ഒരുവന് അവന്റെ സ്വന്തം അമ്മയെ കെട്ടാനുള്ള സ്വാതന്ത്ര്യത്തിനുകൂടിവേണ്ടിയാണ്'. - ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ 'മുന്‍പ്് വായിച്ചത് വീണ്ടും വായിക്കുമ്പോള്‍ അതൊരു മോഹഭംഗമാണ് സമ്മാനിക്കുക. ഒരുകാലത്ത് നമ്മെ വല്ലാതെ ആകര്‍ഷിച്ച പല രചനകളും പിന്നീട് അസഹ്യമായി അനുഭവപ്പെടും. ഹൈസ്‌കൂള്‍ കാലത്തെ കാമുകിയെ പില്ക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്നതുപോെലയൊര നുഭവമാണത്. - വായനാശീലത്തെക്കുറിച്ച് (ഭയം, പ്രേമം, സംഗീതം) 'അഭിമുഖസംഭാഷണം (ഇന്റര്‍വ്യൂ) പ്രണയത്തെപ്പോലെയാണ്. രണ്ടും നടക്കണമെങ്കില്‍ ഇരു കൂട്ടര്‍ക്കും താത്പര്യം വേണം. അല്ലെങ്കില്‍ അത് വെറും യാന്ത്രികപ്രവൃത്തിയാകും. ഇതില്‍നിന്ന് ഒരു 'കുട്ടി'യുണ്ടായേക്കാം; പക്ഷേ ഒരു നല്ല സ്മരണ ഇതിനേപ്പറ്റിയുണ്ടാകില്ല.' - അഭിമുഖസംഭാഷണങ്ങളുടെ കഥ (ഭയം, പ്രേമം, സംഗീതം) പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്- പ്രശസ്തി സൃഷ്ടിക്കുന്ന അകല്‍ച്ച. ചിലപ്പോള്‍ ഭാര്യ മേഴ്‌സിയും ഞാനും വൈകുന്നേരങ്ങളില്‍ തനിച്ചായിരിക്കുമ്പോള്‍, പുറത്ത് എവിടെയെങ്കിലും ഒരു ക്ഷണം കിട്ടിയാല്‍ നന്ന് എന്നാഗ്രഹിക്കും. എണ്ണമറ്റ സ്‌നേഹിതന്മാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, അവരാരും ഞങ്ങളെ ക്ഷണിക്കുന്നില്ല. കാരണം, എല്ലാ സായാഹ്നങ്ങളിലും നൂറുകണക്കിന് ഉപചാരസല്‍ക്കാരങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കുന്നുണ്ടാവും എന്നാണ് ഈ കൂട്ടുകാരുടെ ധാരണ. അങ്ങനെ പൂര്‍ണമായി ഒറ്റപ്പെട്ടുകഴിയാന്‍ ഇടവരുന്നു. പ്രശസ്തി വരുത്തിവെക്കുന്ന ഏകാന്തതയാണത്. അധികാരം സൃഷ്ടിക്കുന്ന ഏകാകിതയുമായി അതിന് സാമ്യമുണ്ട്.' - 'എഴുത്തുകാരുടെ അടുക്കള' |
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.
Tuesday, April 26, 2011
മാര്‍കേസ് പറഞ്ഞതും മാര്‍കേസിനെ പറഞ്ഞതും
Subscribe to:
Post Comments (Atom)
No comments:
Post a Comment