ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്ന് വീക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്‌സ് അടുത്തുതന്നെ പുറത്തുവിടാന്‍ പോകുന്നത് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളവരുടെ പട്ടികയാണെന്ന് ഇംഗ്ലീഷ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ജ് വ്യക്തമാക്കി. അസാഞ്ജിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പേരുകള്‍ പുറത്തുവിടണമെന്നും ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു.
അടുത്തുതന്നെ പുറത്തുവിടുന്ന രേഖകളില്‍ ഇന്ത്യന്‍ പേരുകള്‍ താന്‍ കണ്ടുവെന്ന് അഭിമുഖത്തില്‍ അസാഞ്ജ് വ്യക്തമാക്കുന്നുണ്ട്. സ്വിസ്ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരെല്ലാംതന്നെ വന്‍കിടക്കാരാണെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലുള്ള സ്വിസ് ബാങ്കുകളില്‍ കുറഞ്ഞത് പത്തുലക്ഷം ഡോളറെങ്കിലും നിക്ഷേപിക്കണം. അതൊരു വലിയ തുകയാണ്. ഒരു ശരാശരി ഇന്ത്യക്കാരന് സാധിക്കുന്നതല്ല ഇതെന്നും, ചാനലിന്റെ എഡിറ്ററുമായുള്ള അഭിമുഖസംഭാഷണത്തില്‍ അസാഞ്ജ് ചൂണ്ടിക്കാട്ടുന്നു. പേരുകള്‍ പുറത്തു വരുമെന്ന കാര്യത്തില്‍ അശ്ശേഷം സംശയം വേണ്ടെന്നും അദ്ദേഹം പറയുന്നു.
ഇരട്ടനികുതി ഒഴിവാക്കല്‍കരാറിന്റെ മറവില്‍ പേരുകള്‍ പുറത്തുവിടുന്നതിനെ ഇന്ത്യാ സര്‍ക്കാര്‍ എതിര്‍ക്കുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇരട്ടനികുതി ഒഴിവാക്കലുമായി, ആസ്തികള്‍ മറച്ചുവെക്കുന്നതിന് ബന്ധമൊന്നുമില്ല. കള്ളപ്പണം വിദേശത്ത് ഒളിപ്പിച്ചു വെക്കുന്നത് പ്രാദേശികതലത്തിലെ അഴിമതിയേക്കാള്‍ ഭയാനകമാണ്. വിദേശത്ത് പണം ഒളിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യമാണ് ശോഷിക്കുന്നത്. ഇത് സാധാരണ ഇന്ത്യക്കാരെയാണ് ബാധിക്കുന്നത് -അദ്ദേഹം പറഞ്ഞു. കള്ളപ്പണം കണ്ടുപിടിക്കാന്‍ പ്രധാന തടസ്സം ഇരട്ടനികുതി ഒഴിവാക്കല്‍ കരാറാണെന്ന നിലപാടാണ്‌കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിസ് ബാങ്കുകളില്‍ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപങ്ങളാണ് കൂടുതല്‍. ഈ വിഷയത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ഇടപെടാതിരിക്കാന്‍ കാരണമില്ല. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് മോശമായി പ്രതികരിച്ചത് ഇന്ത്യയാണ്. ഏറ്റവും നിരാശാജനകമായ പ്രതികരണമായിരുന്നു ഇന്ത്യയുടേത്. കേബിളുകളിലെ വിവരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇന്ത്യ കൈക്കൊണ്ടത് അസാഞ്ജ് കുറ്റപ്പെടുത്തി.
No comments:
Post a Comment