Friday, April 29, 2011

നിര്‍മാല്യം എന്ന സിനിമ ഇന്ന് വീണ്ടും നിര്‍മ്മിക്കപ്പെട്ടാല്‍ ..?

സി.വി. ബാലകൃഷ്ണന്‍
'നിര്‍മാല്യം' പ്രദര്‍ശനത്തിനെത്തിയത് ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണ്. ഏറ്റവുമടുത്തുള്ള പ്രദര്‍ശനഗൃഹത്തിലേക്ക് അമ്പതു കിലോമീറ്ററിലധികം ദൂരം. എന്നിട്ടും അതിന്റെ ആദ്യപ്രദര്‍ശനം കണ്ടിറങ്ങിയവരില്‍ ഒരാള്‍ ഞാനായിരുന്നു. ചിത്രത്തില്‍ സമാഹൃതമായ വ്യഥകള്‍ മുഴുവനും നെഞ്ചിലേറ്റിയാണ് പുറത്തിറങ്ങിയത്. ഒരു തേങ്ങല്‍ നെഞ്ചില്‍ തടഞ്ഞുനിന്നിരുന്നു. പിന്നീടെന്നോ എം.ടി. 'നിര്‍മാല്യ'ത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: 'അതൊരു മഹത്തായ ചിത്രമല്ല. പക്ഷേ, സത്യസന്ധമായ ഒരു ചിത്രമാണ്.'



'നിര്‍മാല്യം' നമ്മെ സ്​പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല. അതിന്റെ നിര്‍മിതിയുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ എം.ടി. തന്നെ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളരെ വിഭാഗീയമായ ഒരു കാഴ്ചപ്പാടിലൂടെ കലാസൃഷ്ടികള്‍ വിലയിരുത്തപ്പെടുന്ന കാലത്ത് 'നിര്‍മാല്യം' അസഹിഷ്ണുതയോടെ ആക്രമിക്കപ്പെട്ടുകൂടെന്നില്ല. ഈ കടുത്ത യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍ 'നിര്‍മാല്യ'ത്തിന്റെ പ്രസക്തിയേറുന്നു. എഴുപതുകളിലെ നവതരംഗചിത്രങ്ങളുടെ കൂട്ടത്തില്‍ ഇത് വേറിട്ടുനില്‍ക്കുന്നത് വര്‍ത്തമാനകാല സാഹചര്യത്തിലും നഷ്ടമാകാത്ത പ്രസക്തി നിമിത്തമാണ്.

'നിര്‍മാല്യ'ത്തില്‍ എം.ടി. നിസ്വനായ ഒരു ഗ്രാമീണ വെളിച്ചപ്പാടിന്റെ കഥ പറയുകയല്ല; എക്കാലത്തും സാംഗത്യമുള്ള മനുഷ്യാവസ്ഥകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ്. വെളിച്ചപ്പാട് എന്ന കഥാപാത്രം വിശകലനത്തിനുള്ള ഒരു ഉപാധിമാത്രം. അയാളെ പിന്തുടര്‍ന്നാല്‍ നമ്മള്‍ എത്തുക തീക്ഷ്ണമായ സത്യങ്ങളിലേക്കാണ്. അവ കാലഹരണപ്പെടുന്നില്ല.

അമ്പലംകൊണ്ട് തനിക്കെന്താണ് ലാഭമെന്നു ചോദിക്കുന്ന ഒരു വലിയ തമ്പുരാനുണ്ട് ചിത്രത്തില്‍. അനാദായകരമായ വിദ്യാലയങ്ങളെക്കുറിച്ചുള്ള പുതിയ കാലത്തെ നിലപാടില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല തമ്പുരാന്റെ നിലപാട്. 'നിര്‍മാല്യ'ത്തിന്റെ ഇതിവൃത്തഘടനയിലെ ഈ ഒരു ഇഴ അതിനെ ചേര്‍ത്തുകെട്ടുന്നത് നമ്മുടെ കുടിലമായ കാലവുമായാണ്. 'ലാഭം, ലാഭം' എന്ന മന്ത്രമുതിര്‍ക്കുന്നവര്‍ക്കുനേരെ നിസ്സഹായരായി മുഖമുയര്‍ത്തി നില്‍ക്കുന്നവരെയാണ് 'നിര്‍മാല്യ'ത്തിലെ കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട് പ്രതിനിധീകരിക്കുന്നത്. വെളിച്ചപ്പാട് ചിത്രത്തിന്റെ ഒടുവിലായി പ്രകടിപ്പിക്കുന്ന രോഷത്തിന്റെ പ്രേരണ തീവ്രമായ നിസ്സഹായതയാണ്. അയാള്‍ ഉമിനീരും രക്തവും ചേര്‍ത്ത് തുപ്പുന്നത് മനുഷ്യന്റെ അളവറ്റ നിസ്സഹായതയില്‍ അനുതപിക്കാത്ത എല്ലാ വിഗ്രഹങ്ങളുടെയും നേര്‍ക്കാണ്. വിഗ്രഹങ്ങളെന്നാല്‍ വ്യക്തികളാവാം, അധികാരകേന്ദ്രങ്ങളാവാം. ചിത്രത്തിലെ ഭഗവതിയുടെ വിഗ്രഹം പല മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.
ഭഗവതീവിഗ്രഹത്തിനുമേല്‍ വെളിച്ചപ്പാട് തുപ്പല്‍ വീഴ്ത്തുന്നതിലേറെ വൈകാരികതയുള്ള വേറെയൊരു മുഹൂര്‍ത്തമുണ്ട് 'നിര്‍മാല്യ'ത്തില്‍. ഗുരുതി കേമമാകുമെന്നും വളരെ നാളത്തെ തന്റെ കഠിനാധ്വാനം സഫലമാകുകയാണെന്നും വെളിച്ചപ്പാട് തളര്‍വാതം പിടിച്ചു കിടപ്പിലായ അച്ഛനോട് പറയുന്നു. പള്ളിവാളും കാല്‍ച്ചിലമ്പുകളുമെടുത്ത് അയാള്‍ ഭാര്യയെ വിളിക്കുന്നു. പിന്നെ മകളെ വാതില്‍ അടച്ചിട്ടതിനെപ്പറ്റി അയാള്‍ നീരസം പ്രകടിപ്പിക്കുമ്പോള്‍ അച്ഛന്റെ ഇമേജ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അച്ഛന്റെ മുഖം സ്‌തോഭപൂര്‍ണമാണ്. എന്തോ അയാള്‍ക്കറിയാം.

വാതില്‍ തുറന്ന് പുറത്തേക്കുവരുന്നത് കച്ചവടക്കാരനായ മൊയ്തുണ്ണിയാണ്. അരപ്പട്ടയില്‍ അയാള്‍ പണം തിരുകുന്നത് വെളിച്ചപ്പാട് അന്ധാളിപ്പോടെ കാണുന്നു.

വിശദീകരണത്തിനൊന്നും തുനിയാതെ മൊയ്തുണ്ണി നീങ്ങിപ്പോകുമ്പോള്‍ ശൂന്യമായ വാതിലിന്റെ കട്ടിളയില്‍ വെളുത്തൊരു കൈ ചലിക്കുന്നു. വെളിച്ചപ്പാടിന്റെ ഭാര്യ നാരായണിയാണ്. അഭിശപ്തയെപ്പോലെ അവള്‍ നില്‍ക്കെ വെളിച്ചപ്പാട് കയ്യിലെ പള്ളിവാള്‍ വിറപ്പിക്കുന്നു. അവള്‍ക്ക് നടുക്കം.

'എന്റെ നാലു മക്കളെ പെറ്റ നീയോ നാരായണീ'?. വെളിച്ചപ്പാട് ഉള്ളുരുകി ചോദിക്കുന്നു.
'നിര്‍മാല്യ'ത്തിന്റെ ഒരു സവിശേഷത എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്ക് ന്യായീകരണമുണ്ടെന്നതാണ്. നാല്പത്തിരണ്ടു വയസ്സുവരെ പരപുരുഷന്മാരുടെ മുഖത്തു നോക്കാതെ സാത്വികയായി ജീവിച്ച നാരായണിക്ക് തന്റെ വ്യഭിചാരത്തിന് ന്യായീകരണമുണ്ട്. ഉത്സവം നടത്തുന്നതിന് വെളിച്ചപ്പാടിനും ന്യായീകരണമുണ്ട്. എല്ലാ ഒരുക്കങ്ങള്‍ക്കും കര്‍മവ്യഗ്രതയോടെ നേതൃത്വം നല്‍കിയ അയാള്‍ ഭാര്യയുടെ മുന്നില്‍ ഹൃദയം തകര്‍ന്ന് നില്‍ക്കുന്നു. ഭാര്യയോടുള്ള ചോദ്യത്തില്‍ അയാളുടെ നിഷ്‌കളങ്കത മുഴുവനുമുണ്ട്. നാം അതുകേട്ട് സ്വയമറിയാതെ പിടഞ്ഞുപോകുന്നു.
(സിനിമയുടെ ഇടങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പെണ്‍പുറം

ഡെസ്മണ്ട് മോറിസ്‌


സ്ത്രീകളുടെ പുറംഭാഗം അവയുടെ ഉടമസ്ഥകളും കാണികളും അവഗണിച്ചു. മറ്റ് ശരീരാവയവങ്ങള്‍, പ്രത്യേകിച്ചും തല, മുലകള്‍, കാലുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അവ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പെണ്‍പുറങ്ങള്‍ക്ക് അനിഷേധ്യമായ സൗന്ദര്യമുണ്ട്. വിശ്രമിക്കുമ്പോള്‍പോലും അത് ആണ്‍പുറങ്ങളേക്കാള്‍ വളഞ്ഞിട്ടാണ്. പെണ്‍പുറങ്ങളുടെ വളവ് കരുതിക്കൂട്ടി വര്‍ധിപ്പിച്ച് പൃഷ്ഠങ്ങള്‍ കുറേക്കൂടി തള്ളിനില്‍ക്കുമ്പോള്‍ സ്ത്രീശരീരത്തിന്റെ ലൈംഗികത കൂടും.

പിന്നില്‍നിന്ന് നോക്കിയാല്‍ സ്ത്രീകളുടെ പിന്‍ഭാഗത്തിന്റെ വളവുകള്‍ ആണുങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. പുറത്തിന്റെ കീഴ്ഭാഗം ആണുങ്ങളുടേതിനേക്കാള്‍ വീതി കൂടിയതാണ്. പുരുഷന്മാരില്‍ മുകള്‍ഭാഗത്തിനാണ് വീതി കൂടുതല്‍. അതിനാല്‍ പിന്നിലും പാര്‍ശ്വങ്ങളിലും ആണ്‍, പെണ്‍ പുറങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

ഇടയ്‌ക്കൊക്കെ പെണ്‍പുറം ഉദ്ദീപനചിത്രങ്ങളില്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴുത്തിലെ പിടലി മുന്‍പ് സൂചിപ്പിച്ചതുപോലെ ജപ്പാന്‍കാര്‍ക്ക് ലൈംഗികാകര്‍ഷണമുള്ള ഭാഗമാണ്. ധരിക്കുന്ന സ്ത്രീയുടെ പദവിക്കനുസരിച്ചാണ് കിമോണോവിന്റെ പിന്നിലെ ഭാഗം. വിവാഹിതയാണെങ്കില്‍ പിന്നിലെ പ്രലോഭിപ്പിക്കുന്ന ഭാഗം മൂടിയിരിക്കും. ഗെയ്ഷയാണെങ്കില്‍ കുനിയുമ്പോള്‍ പുരുഷന് പിന്‍ഭാഗം മുഴുവന്‍ ഏറക്കുറെ കാണാനൊക്കും, വസ്ത്രത്തിന്റെ മോഹിപ്പിക്കുന്ന തുറന്നുകാണിക്കല്‍ നിമിത്തം.

പാശ്ചാത്യരാജ്യങ്ങളില്‍ കാലാകാലങ്ങളില്‍ വസ്ത്രാലങ്കാര വിദഗ്ധര്‍ പുറത്തിന് ഉദ്ദീപനപരമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. മുന്‍ഭാഗത്ത് വസ്ത്രങ്ങള്‍ ഉയര്‍ന്ന തലത്തിലാണെങ്കില്‍, താത്പര്യം പിന്നിലാവും. പിന്നില്‍ താഴ്ത്തി മുറിച്ചു തുന്നിയ വസ്ത്രങ്ങള്‍ പിന്‍ഭാഗം കാണിക്കും. 1932-ല്‍ ഹോളിവുഡില്‍ ഇതിനൊരു ഭ്രമംതന്നെ തുടങ്ങി. തല്ലുലാ ബാങ്ക് ഹെഡ് പിന്‍ഭാഗം മുഴുവന്‍ തുറന്നുകാണിക്കുന്ന വസ്ത്രം ധരിച്ചപ്പോള്‍ പരിഷ്‌കാരിണികള്‍ പെട്ടെന്നുതന്നെ അത് പകര്‍ത്തി.

പിന്‍ഭാഗം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ പരിഷ്‌കാരിണികളെ വസ്ത്രാലങ്കാര വിദഗ്ധര്‍ അപൂര്‍വാവസരങ്ങളില്‍ കണ്ടെത്തി. പൊതുവേദിയില്‍ കാണികളെ ഞെട്ടിക്കാന്‍ ഇത് ഇടയാക്കി. 1967ലെ ഉംഗോരോവിന്റെ ജംപ്‌സൂട്ട് ആയിരുന്നു ഇതിന്റെ ഉദാഹരണം. പിന്‍ഭാഗം മുഴുവന്‍ പൃഷ്ഠത്തിന്റെ പിളര്‍പ്പുവരെ നഗ്‌നമായിരുന്നു. ഈ പ്രദര്‍ശനം മാറിലെ പിളര്‍പ്പിന്റെ പകര്‍പ്പുകളായി. മാത്രവുമല്ല, ഇത് പിന്നില്‍ കീഴ്ഭാഗത്തുള്ള നുണക്കുഴികളും മൈക്കേലിസ് സമഭുജവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി.

പിന്‍ഭാഗത്തെ ഈ നുണക്കുഴികള്‍ കഴിഞ്ഞകാലത്ത് ചിലപ്പോള്‍ പുരുഷന്മാരില്‍ ലൈംഗിക വികാരാധിക്യമുണര്‍ത്തിയ ഭാഗങ്ങളായിരുന്നു. ഒരെഴുത്തുകാരന്‍ ആ ഭാഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, ''പതുപതുത്ത, മാംസളമായ, വായില്‍ വെള്ളമൊലിപ്പിക്കുന്ന, പിന്നിലെ ചെറിയ നുണക്കുഴികളുള്ള''ത് എന്നാണ്.

ഇപ്പോഴത്തെ സൗന്ദര്യധാമങ്ങളായ മെലിഞ്ഞ സ്ത്രീകളില്‍ ഈ നുണക്കുഴികള്‍ അത്രയും പ്രകടമല്ല. പക്ഷേ, മദാലസ രൂപങ്ങള്‍ പരിഷ്‌കാരമായിരുന്ന കാലത്ത് പരിഷ്‌കാരിണികളുടെ ഒരു സംസാരവിഷയമായിരുന്നു ഈ നുണക്കുഴികള്‍. നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് രണ്ടുവശങ്ങളിലുമായി പൃഷ്ഠത്തിന്റെ മുകളിലായി കാണുന്ന ഈ കൊച്ചു കുഴികള്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ടെങ്കിലും പെണ്‍പുറങ്ങളില്‍ അധികം കൊഴുപ്പുള്ളതിനാല്‍ വളരെ പ്രകടമാണ്. ആണുങ്ങളില്‍ അവ വ്യതിരിക്തമായി കാണുന്നത് 18-25 ശതമാനം പേരില്‍ മാത്രമാണ്.

ഈ പെണ്‍കുഴികളെപ്പറ്റി പുരാതനകാലത്തെ ക്ലാസിക് കവികള്‍ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. ഗ്രീക്ക് ശില്പികളും അവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖത്തെ കവിളുകളുടെ നുണക്കുഴികള്‍ക്കുള്ള ലൈംഗികാകര്‍ഷണം ഒരുപക്ഷേ പൃഷ്ഠഭാഗത്തിനടുത്തുള്ള നുണക്കുഴികളുമായി ബന്ധപ്പെട്ടതാവാം.

മൈക്കേലിസ് ലോസെഞ്ച് (സമഭുജം) വജ്രാകൃതിയിലുള്ള ഭാഗമാണ്, രണ്ട് പിന്‍നുണക്കുഴികള്‍ക്കുമിടയില്‍. ആദ്യകാലങ്ങളില്‍ ഇതും ഒരു ലൈംഗികാകര്‍ഷണകേന്ദ്രമായിരുന്നു. ജര്‍മന്‍ സ്ത്രീരോഗ ശാസ്ത്രജ്ഞയായിരുന്ന ഗുസ്താഫ് മൈക്കേലിസ് ആ ഭാഗത്തെക്കുറിച്ച് പഠിക്കാന്‍ വളരെയധികം സമയം ചെലവഴിച്ചതിനാലാണ് ആ പേരുവന്നത്. ചിലപ്പോള്‍ രണ്ടിനു പകരം നാല് കുഴികള്‍ ആ ഭാഗത്തുണ്ടാകും. സ്വതവേ കാണുന്ന രണ്ടിനു പുറമെ മുകളിലും താഴത്തും.

പെണ്‍ പിന്‍പുറം മുഴുവനായി പ്രദര്‍ശിപ്പിക്കുന്നത് ചിലപ്പോള്‍ വിജയകരമായിരുന്നില്ല. ''കൂടുകള്‍ നഷ്ടപ്പെട്ട ഒച്ചുകളെപ്പോലെയാണ്, അവരുടെ പുറം മരവിച്ച്, പ്രദര്‍ശനം പേടിപ്പെടുത്തുന്നതുപോലെ'' എന്നാണ് ഒരു വിമര്‍ശകന്‍ പുറം പ്രദര്‍ശിപ്പിക്കുന്ന ബാലെ നര്‍ത്തകികളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മെലിഞ്ഞ് ക്ഷീണിച്ച പേശികളുള്ള ആധുനിക നര്‍ത്തികകളുടെ പിന്‍ഭാഗം മുഴുവനായും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയതല്ല. വളവുകള്‍ നേരെയാക്കാതെ, തൊലിക്കടിയിലുള്ള കൊഴുപ്പ് കൂടുതല്‍ കെട്ടുപിണഞ്ഞിരിക്കും. കൂടുതല്‍ കൊഴുത്തുരുണ്ട സ്ത്രീകള്‍ക്കാണ് പുറം പ്രദര്‍ശനം കൂടുതല്‍ അനുയോജ്യം.
ലൈംഗികാകര്‍ഷണം മാറ്റിവെക്കുക. ജീവശാസ്ത്രപരമായി പെണ്‍പുറങ്ങളാണ് അതറിയപ്പെടാറില്ലെങ്കിലും, ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന അവയവം. നമ്മുടെ പൂര്‍വികന്മാര്‍ പിന്‍കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ പിന്നിലത്തെ പേശികള്‍ക്ക് കഠിനാധ്വാനം ആവശ്യമായി. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വല്ലാത്ത നടുവേദന അനുഭവിക്കാത്ത സ്ത്രീകള്‍ അപൂര്‍വമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ നടു തങ്ങളുടെ ശരീരത്തിലെ വ്യത്യസ്തമായൊരു അവയവമാണെന്നുതന്നെ മനസ്സിലാക്കുന്നത്. മറ്റ് സമയങ്ങളില്‍ ''കാണുന്നില്ല, അതിനാല്‍ മനസ്സിലുമില്ല'' എന്ന അവസ്ഥയാണ്. പുറം മാത്രം കണക്കിലെടുത്ത് സ്വയം മനസ്സിലാക്കുന്ന സ്ത്രീകള്‍ അപൂര്‍വമാണ്.



നടുവേദനയനുഭവിക്കുന്ന ഒരു സ്ത്രീ ആ അവയവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ശരീരത്തെ താങ്ങിനിര്‍ത്തുന്നതിനും സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നതിനുമായി ഉജ്വലമായി സംയോജിപ്പിക്കപ്പെട്ട പേശികളുടെയും അസ്ഥികളുടെയും സഞ്ചയമുണ്ടെന്ന് മനസ്സിലാവും.

നാല്പത്താറ് സെന്റിമീറ്റര്‍ (18 അംഗുലം) നീളമുള്ളതാണ് സുഷുമ്‌നാനാഡി. ഒരു സെന്റിമീറ്ററാണ് (ഒരംഗുലത്തിന്റെ മൂന്നില്‍ രണ്ട്) ചുറ്റളവ്; അതിന് സംരക്ഷണം നിര്‍ബന്ധമായും വേണം. സുഷുമ്‌നാ നാഡിക്കെന്തെങ്കിലും കാര്യമായി സംഭവിച്ചാല്‍ വീല്‍ചെയര്‍ വാങ്ങേണ്ടിവരും. പുറം അത് ഭദ്രമായി മൂടുന്നു; ആദ്യം മൂന്നടുക്കുകളുള്ള ഉറയ്ക്കുള്ളിലും പിന്നീട് ഷോക്ക് (ഞെട്ടല്‍) വലിച്ചെടുക്കുന്ന ദ്രാവകത്തിനകത്തും, മൂന്നാമതായി അടിതടുക്കുന്ന നാം നട്ടെല്ലെന്ന് വിളിക്കുന്ന അസ്ഥിസഞ്ചയത്തിനുള്ളിലും. യഥാര്‍ത്ഥത്തില്‍ നട്ടെല്ല് 33 എല്ലുകളുടെ ഒരു നീണ്ട നിരയാണ്. ഈ കശേരുക്കള്‍ അഞ്ച് തരത്തിലുള്ളതാണ്: കഴുത്തിലെ അഞ്ച് കശേരുക്കള്‍ അത്ഭുതകരമായ ചലനശേഷിയുള്ളവയാണ്. തലയുടെ ചലനം നിയന്ത്രിക്കുന്നത് ഇവയാണ്. ലോകത്തെ വീക്ഷിക്കാനും മുഖം രക്ഷിക്കാനും ഈ ചലനങ്ങള്‍ അത്യാവശ്യമാണ്. വാരിയെല്ലുകളെ ഉറപ്പിച്ചു നിര്‍ത്തുന്ന പന്ത്രണ്ട് ഉരോ കശേരുക്കള്‍ക്ക് ചലനാത്മകശേഷി കുറവാണ്. ഇടുപ്പിലെ അഞ്ച് കശേരുക്കളാണ് ഏറ്റവും കനം കൂടിയതും ബലിഷ്ഠമായതും. ഇവിടെയാണ് ശപിക്കപ്പെട്ട നടുവേദന അധികവും വരുന്നത്.

വളഞ്ഞ പൃഷ്ഠപ്രദേശമുണ്ടാവുന്നതിന് പൃഷ്ഠകശേരുക്കള്‍ യോജിച്ചു ചേര്‍ന്നിരിക്കുന്നു. അഞ്ചെണ്ണമുണ്ടെങ്കിലും അവ ഒന്നായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നട്ടെല്ലിന് കീഴെയുള്ള ഈ ത്രികോണാകൃതിയിലുള്ള അസ്ഥി ആഭിചാരവൃത്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായാണ് കരുതപ്പെടുന്നത്. വിശുദ്ധാസ്ഥികളുടെ പ്രയോഗമടങ്ങുന്ന ദിവ്യജ്ഞാനസംബന്ധിയായ ചടങ്ങുകളില്‍ ഈ അസ്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശരീരത്തിലെ അനശ്വരമായ ആത്മാവിന്റെ സ്ഥാനം ഈ അസ്ഥിക്കുള്ളിലാണെന്ന് കരുതപ്പെടുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഏറ്റവും കീഴെയായി ആത്മാവിനെ കണ്ടെത്തുന്നത് തലതിരിഞ്ഞ കാര്യമാണെന്ന് ചിലര്‍ കരുതുന്നു. മന്ത്രവാദിനികളുടെ ശാപത്തില്‍ ആചാരപൂര്‍വം മുത്തം വെക്കുന്ന അസ്ഥിയാണ് പൃഷ്ഠാസ്ഥി.

ഏറ്റവും വലിപ്പം കുറഞ്ഞവയും ഏറ്റവും കീഴെയുള്ളതുമാണ് അനുപൃഷ്ഠ കശേരുക്കള്‍. അവ ഒരുമിച്ചു ചേര്‍ന്ന് നട്ടെല്ലിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗമായ ഗുദാസ്ഥിയായി, അത് നമ്മുടെ വാനരോല്പത്തിയുടെ അവശിഷ്ടമായ വാലായിത്തീര്‍ന്നിരിക്കുന്നു. ഈ ചെറിയ കൂര്‍ത്ത എല്ലുകള്‍ക്ക് പേരിട്ടതുതന്നെ അത്ഭുതകരമാണ്. സേക്രം എന്ന വാക്കിനര്‍ഥം കുക്കു എന്നാണ്. നമ്മുടെ വാനരബന്ധത്തിന്റെ അവശിഷ്ടമായ ഇതും കുക്കു എന്ന പക്ഷിയും തമ്മിലുള്ള ബന്ധമെന്തെന്ന് അത്ഭുതപ്പെട്ടേക്കാം. അസ്ഥിയുടെ അസാധാരണമായ ആകൃതിയിലാണതിന്റെ ഉത്തരം. ആദ്യകാല ശരീര ശാസ്ത്രജ്ഞന്മാര്‍ക്കത് കുക്കുവിന്റെ കൊക്കിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. നമ്മുടെ ചില ശരീരഭാഗങ്ങളുടെ പേരുകള്‍ വന്നത് ഇത്തരം ആഹ്ലാദദായകമായ കിറുക്കുകളിലൂടെയാണ്.

പുറത്തെ പേശീവ്യൂഹം വളരെ സങ്കീര്‍ണമാണ്. അതില്‍ മൂന്ന് ഘടകങ്ങളാണുള്ളത്. പിന്നില്‍ മുകള്‍ഭാഗത്തുള്ള ട്രപ്പീസിയസ്, നടുഭാഗത്തുള്ള ഡോര്‍സല്‍ പേശികള്‍, കീഴ്ഭാഗത്തെ ഗ്ലൂട്ടിയസ് പേശികള്‍. മിക്ക നടുവേദനകളുടെയും കാരണം ഈ പേശികളുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക വൈദ്യശാസ്ത്രകാരണങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, മിക്ക സ്ത്രീകള്‍ക്കും നടുവേദനയുടെ കാരണം ഒന്നാണ്: പരിഷ്‌കൃത നാഗരിക സമൂഹത്തിലെ അധ്വാനമില്ലായ്മ. പേശികള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ എളുപ്പത്തില്‍ അവയെക്കൊണ്ട് ദുഷ്പ്രയോജനമുണ്ടാവാം. നില്പ് രീതികളും പെട്ടെന്നുള്ള പതിവില്ലാത്ത ചലനങ്ങളും മാനസിക സംഘര്‍ഷവും നടുവേദനയ്ക്ക് കാരണമാകും.

മണിക്കൂറുകളോളം ഒരേ രീതിയില്‍ കഴിയേണ്ട പ്രവര്‍ത്തനശൈലിയാണ് ദോഷകരമായ നില്പ് രീതി. പാശ്ചാത്യലോകത്തിലെ സ്ത്രീകള്‍ക്ക് മണിക്കൂറുകളോളം നീളുന്ന ഒഴിവുസമയം പ്രശ്‌നമാവുന്നു. എല്ലാ വീട്ടിലും ഗൃഹാലങ്കാരങ്ങള്‍ മൃദുലമാണ്. മണിക്കൂറുകളോളം ടെലിവിഷന്‍ കാണുന്നതും വായിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വ്യായാമം കുറയ്ക്കുന്ന മൃദുത്വമുള്ള കസേരയിലോ കിടക്കയിലോ ഇരുന്നാണ്, ശിശുക്കള്‍ അമ്മയുടെ ശരീരത്തില്‍ സുരക്ഷ തേടുന്നതുപോലെ. മാനസികമായി ഈ മൃദുലമായ ഫര്‍ണിച്ചര്‍ ശാന്തിയും സുരക്ഷയും നല്‍കിയേക്കും, പക്ഷേ ശാരീരികമായി അത് പിന്നിലെ പേശികളില്‍ വലിയ സമ്മര്‍ദ്ദമുളവാക്കും. നട്ടെല്ലിനെ ശരിക്ക് നിലനിര്‍ത്താന്‍ അവയ്ക്ക് വളരെ ക്ലേശിക്കേണ്ടിവരും. മിനുത്ത പ്രതലത്തിനു മേലെയുള്ള ശരീരം ഒതുക്കിയോ മടക്കിയോ ആണുള്ളതെങ്കില്‍ സമ്മര്‍ദം കൂടുതലാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം താങ്ങുന്ന സ്ത്രീകള്‍ക്ക് നടുവേദന ഒഴിവാക്കാന്‍ കഴിയാത്ത ക്ലേശമാണ്; അതേസമയം ശരീരത്തിന്റെ അതേ ഭാഗത്ത് ഭാരക്കൂടുതലുള്ള തടിച്ചികള്‍ക്ക് അതേപോലെ നടുവേദന വരുമ്പോള്‍ അത്ഭുതം തോന്നാം.



സഹനശേഷിക്കപ്പുറം ഭാരമുള്ള വസ്തുക്കള്‍ കുനിഞ്ഞെടുത്ത് ഒരു ക്രെയിന്‍ ചെയ്യുന്നതുപോലെ പൊക്കുന്നത്, പിന്നിലെ പേശികളെ ദുര്‍ബലമാക്കുന്ന ദുഷ്പ്രയോഗമാണ്. ഇത്തരം ഭാരം കായികതാരങ്ങള്‍ ചുമക്കുന്നതില്‍ സാഹസമില്ല. അവരുടെ വ്യായാമകേന്ദ്രങ്ങളില്‍ നിന്ന് അതിനുപയുക്തമായ പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ, ശാരീരികവ്യായാമങ്ങളില്ലാത്തവര്‍ക്ക് അതൊരു സാഹസക്രിയതന്നെയാണ്.

മാനസികസംഘര്‍ഷം നടുവിനെ നശിപ്പിക്കുന്ന പരീക്ഷണമാണ്. മാനസിക സംഘര്‍ഷത്തിന്റെയും ഉത്കണ്ഠയുടെയും ഫലമായി ഉണ്ടാവുന്ന ശാരീരിക സംഘര്‍ഷങ്ങള്‍ പിന്‍പേശികളെ ദുര്‍ബലമാക്കും. അത് നടുവേദനയ്ക്കിടയാക്കും. അതുകൊണ്ടുള്ള സംഘര്‍ഷങ്ങള്‍ തുടരും. വേദന കൂടും. അതങ്ങനെ തുടരും; അവസാനം ഡോക്ടര്‍ വേണ്ടിവരും. വൈകാരിക പ്രശ്‌നങ്ങള്‍ മസ്തിഷ്‌കത്തെ മഥിക്കുന്നതിനാല്‍, വളരെ വൈകി പാര്‍ശ്വഫലങ്ങളുണ്ടാവുന്നതുവരെ ഇതറിയുകപോലുമില്ല. ലൈംഗിക ബന്ധമില്ലായ്മയാണ് നടുവേദനയുടെ മറ്റൊരു കാരണമായി പറയപ്പെടുന്നത്. ലൈംഗികപ്രവര്‍ത്തനങ്ങള്‍ നടുവേദന മാറ്റാനുള്ള മരുന്നിന് പകരമായി ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്.

സുഷുമ്‌നാ നാഡിയുടെ ആസ്ഥാനമെന്നതില്‍ കവിഞ്ഞ് പുറത്തിന് പ്രതീകാത്മകമായ പ്രാധാന്യമൊന്നുമില്ല. നട്ടെല്ല് തന്നെ ആദിമപ്രപഞ്ചവൃക്ഷത്തിന്റെ ഒരു മാതൃകയായി, മസ്തിഷ്‌കമാകുന്ന സ്വര്‍ഗത്തിലേക്കെത്തുന്നതായാണ് കരുതപ്പെടുന്നത്. ശവശരീരം ചീഞ്ഞുകഴിഞ്ഞാല്‍, സുഷുമ്‌ന പാമ്പായി മാറുമെന്ന് മാസിഡോണിയക്കാര്‍ വിശ്വസിച്ചു. സുഷുമ്‌നയെപ്പറ്റിയുള്ള മറ്റ് വിശ്വാസങ്ങള്‍ അത് നിരത്തും ദണ്ഡുമൊക്കെയാവുമെന്നായിരുന്നു. സുഷുമ്‌നയുടെ സത്ത് വളരെ പ്രയോജനകരമാവുമെന്നും, നീളമുള്ള നട്ടെല്ലുള്ളവര്‍ വളരെ ഭാഗ്യശാലികളാണെന്നും മധ്യകാലഘട്ടങ്ങളില്‍ വിശ്വസിച്ചിരുന്നു. കൂനന്റെ മുതുക് തൊടുന്നത് ഭാഗ്യദായകമാണെന്നും വിശ്വാസമുണ്ടായിരുന്നു. മധ്യധരണ്യാഴി പ്രദേശത്തെ രാജ്യങ്ങളില്‍ ഈ വിശ്വാസം ഇപ്പോഴും പ്രബലമാണ്. ചിരിക്കുന്ന ഒരു കൂനനെ ചിത്രീകരിച്ച പ്ലാസ്റ്റിക് രക്ഷകള്‍ അവിടങ്ങളില്‍ വില്പനയ്ക്കുണ്ട്. (ഇംഗ്ലീഷില്‍) 'എനിക്കൊരു തോന്നലുണ്ട്' എന്ന അര്‍ഥത്തിലുള്ള ഹഞ്ച് എന്ന വാക്കിന്റെ വ്യാഖ്യാനവും എന്തോ ഭാഗ്യം വരുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

പുറം, സ്ത്രീശരീരത്തിലെ വളരെ പ്രകടനപരമായ ഭാഗമല്ല. എന്റെ പുറം മേലോട്ടാകൂ എന്ന പ്രയോഗവും മനുഷ്യര്‍ പിറകിലോട്ട് വളഞ്ഞുനില്‍ക്കുന്നതിനെക്കുറിച്ചല്ല. ദേഷ്യപ്പെടുന്ന പൂച്ചയുടെ പുറം വളയുന്നതിനെക്കുറിച്ചാണ്. ഭാവം മാറുന്നതനുസരിച്ച് പെണ്ണുങ്ങള്‍ക്ക് പിന്‍ഭാഗം വളയ്ക്കാനും, ഒടിക്കാനും പതുങ്ങാനും പുളയ്ക്കാനും കഴിയും. കായികശേഷി വളര്‍ത്തിയെടുക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ പുറംകൊണ്ട് ഓളങ്ങള്‍പോലുള്ള ചലനങ്ങള്‍പോലും പറ്റും.

ചില സ്ത്രീകള്‍ക്ക് പ്രായം കൂടുതലാവുമ്പോള്‍ പുറം മുന്‍പോട്ട് വളയും, അവര്‍ നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇങ്ങനെ മുന്‍പോട്ട് കൂനിയിട്ടാണ്. കുനിയുന്നതും മുട്ടുകുത്തുന്നതും നമസ്‌കരിക്കുന്നതും സാഷ്ടാംഗ പ്രണാമവും വണങ്ങുന്നതിന്റെ ലക്ഷണമാണ്. ഇതെല്ലാം സൂക്ഷ്മതലത്തില്‍ അഭിനേതാവിന്റെ കുനിഞ്ഞ തലത്തിലേക്ക് തലകുനിക്കുന്നതിന് സമാനമാണ്. മുന്‍കാലങ്ങളില്‍ പുറം മുഴുവനായി താഴ്ത്തുന്നതായിരുന്നു വണങ്ങുന്നതിന്റെ ഏറ്റവും കൂടിയ നില. കുറ്റമെന്ന നിലയിലല്ലാതെ പുറം മുഴുവന്‍ കാണിക്കുന്ന രീതി ഇതു മാത്രമായിരുന്നു. മറയ്ക്കാന്‍ പറ്റാത്തത്ര പരുഷമായ നടപടിയായിരുന്നു നിവര്‍ന്ന് പുറം തിരിഞ്ഞുനില്‍ക്കുകയെന്നത്; അത് നിരാകരണത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു. രാജാക്കന്മാരുടെ മുന്‍പില്‍ നിന്നിറങ്ങുമ്പോള്‍ പ്രജകള്‍ പിറകോട്ട് നടക്കുന്നതിന്റെ കാരണം ഇതായിരുന്നു. ഔപചാരിക സല്‍ക്കാരങ്ങളില്‍ ഇതിന്റെ അവശിഷ്ടം ഇപ്പോഴുമുണ്ട്. തിരക്കേറിയ പാര്‍ട്ടികളില്‍ ഒരാള്‍ തലതിരിച്ച് എന്റെ പുറം പൊറുക്കൂ എന്ന് സുഹൃത്തിനോട് പറയുന്നത് കൂട്ടത്തിലെ ഞെരുക്കത്തിലാണ്. പരിചയപ്പെടുത്തിക്കഴിഞ്ഞ ഉടനെ ഒരാള്‍ക്ക് നേരെ പുറം തിരിക്കുന്നത് കാര്യമായ അവഹേളനമാണ്.



പുറം തിരിഞ്ഞുനിന്ന് കരുതിക്കൂട്ടി ഒരാളെ അവഹേളിക്കാമെങ്കില്‍, പുറം കര്‍ക്കശമാക്കുന്നത് ഭീഷണിപ്പെടുത്തലാണ്; അത് സൂചിപ്പിക്കുന്നത് അത്തരമൊരാള്‍ ഒരു ക്രൂരവൃത്തിക്ക് ശാരീരികമായി തയ്യാറെടുക്കുകയാണെന്നാണ്. പിന്‍ഭാഗം കര്‍ക്കശമാക്കുന്നതിന് പട്ടാളക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. വളരെ ഉല്ലാസകരമായ രീതിയില്‍ ഇരിക്കുമ്പോഴും അവര്‍ സാധാരണ പൗരന്മാരെക്കാള്‍ ആക്രമണകാരികളാണെന്ന ഭാവം ധ്വനിപ്പിക്കാനാണിത്. പുറം കര്‍ക്കശമാക്കുമ്പോള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള തൂക്കം വര്‍ധിക്കുന്ന പ്രതീതിയും ജനിപ്പിക്കും. അധീശ ഭാവത്തിന്റെ പ്രകടനത്തിനും അത് സഹായിക്കും. വിഷാദമുണ്ടാവുമ്പോള്‍ പുറം കുനിക്കുന്നത്, അധീശഭാവം ഇല്ലാതാക്കും; ശരീരം അല്പം താഴ്ത്തി കീഴടങ്ങലിന്റെ ഭാവത്തിലുള്ള വണങ്ങല്‍ സൂചിപ്പിക്കുന്ന രീതിയാണത്.

സ്വന്തം പുറവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ചില സ്വാഭാവിക നടപടികളുണ്ട്. കൈകള്‍ പിന്നിലാക്കി നടക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതാണ് ഏറ്റവും ലളിതമായത്. കൈകള്‍ പിന്നില്‍ കെട്ടിയോ കൈപ്പടങ്ങള്‍ കൂട്ടിപ്പിടിച്ചോ ആണിത് ചെയ്യാറുള്ളത്. വലിയ പദവിയിലിരിക്കുന്ന സ്ത്രീകളുടെ രീതിയാണിത്. പ്രത്യേകിച്ചും രാജകുടുംബാംഗങ്ങളോ ഔപചാരിക വേളകളില്‍ രാഷ്ട്രീയ നേതാക്കന്മാരോ, അവര്‍ക്ക് പ്രത്യേകമായുള്ള പ്രകടനങ്ങള്‍ വീക്ഷിക്കുമ്പോള്‍. ഏറ്റവും കൂടിയ അധീശ പ്രകടനമാണത്. ഒരു രക്ഷാമാര്‍ഗമെന്ന നിലയില്‍ കൈകള്‍ ശരീരത്തില്‍ വിലങ്ങനെ മുന്‍പില്‍ കെട്ടി നില്‍ക്കുന്നതിന്റെ എതിര്‍നിലയാണിത്. പിന്നില്‍ കൈകള്‍ കെട്ടിനില്‍ക്കുന്നയാള്‍ സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയുള്ള അധീശഭാവമാണ്; ഏറ്റവും ലഘുവായ നിലയില്‍പോലും മുന്നില്‍ പരിരക്ഷ ആവശ്യമില്ലെന്നത് പ്രകടിപ്പിക്കുന്നു. സ്‌കൂള്‍ അധ്യാപകരും തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളില്‍ നീങ്ങുന്നത് ഈ രീതിയിലാണ്, ആ പ്രത്യേക പ്രദേശത്ത് തങ്ങളുടെ അധീശത്വം സൂചിപ്പിച്ചുകൊണ്ട്.

പിന്നില്‍ കൈവെക്കുന്നത് രഹസ്യമുദ്രകള്‍ സ്വകാര്യമായി സൂചിപ്പിക്കുകയും ചെയ്യും. കൊച്ചുപെണ്‍കുട്ടികള്‍ കളവ് പറയുമ്പോള്‍ പിന്നില്‍ കൈവിരലുകള്‍ പിണച്ചുവെക്കും.

പുറം തൊടുന്നതിന് വേറെയും രീതികളുണ്ട്. അഭിനന്ദിക്കാന്‍ പുറത്ത് തട്ടുന്നതാണ് ഏറ്റവും സാധാരണമായ ഒന്ന്. സംതൃപ്തി, അഭിനന്ദനം, സൗഹൃദം, ലളിതമായ നര്‍മം എന്നിവ പ്രകടിപ്പിക്കാന്‍ ഇത് സര്‍വത്രയാണ്. വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ ഏറ്റവും അടിസ്ഥാനപരമായ ആശ്ലേഷണത്തിന്റെ ലഘു പ്രതിരൂപമാണിത്. കൈകള്‍ മടക്കി അമ്മമാര്‍ ആശ്ലേഷിക്കുന്നത് കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അമ്മമാര്‍ കൈകള്‍ സൗമ്യമായി പിന്നില്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ പൂര്‍ണ സുരക്ഷാബോധവും സ്‌നേഹവും കുട്ടികള്‍ക്കനുഭവപ്പെടും. വൈകാരികമായി തീവ്രതയുള്ള സന്ദര്‍ഭങ്ങളിലാണെങ്കില്‍ അമ്മമാര്‍, മുതിരുമ്പോഴും മക്കളെ ആശ്ലേഷിക്കും. അത്ര വൈകാരിക തീവ്രതയില്ലാത്ത സമയങ്ങളിലാണെങ്കില്‍ പുറത്ത് തലോടും; പ്രധാന മുദ്രയുടെ പ്രതീകമെന്ന നിലയില്‍. സങ്കട ഘട്ടങ്ങളില്‍ വളരെ ലഘുവോ ലളിതമോ ആയ പുറംതലോടല്‍ ശക്തമായ ആശ്വാസഭാവം പ്രദാനം ചെയ്യുന്നു. അതീവ ലളിതവും ഹ്രസ്വവുമായ ശാരീരിക സമ്പര്‍ക്കമാണത്. അത് ശൈശവ കാലത്തിന്റെ പ്രതിധ്വനിയാണ്.

പുറത്ത് കൈപ്പത്തികള്‍ മാത്രം ചേര്‍ത്തുള്ള ലഘുവായ തലോടലിനുപരിയായി കൈകള്‍ ചേര്‍ത്ത് തലോടുന്നതാണ് മറ്റൊരു സമ്പര്‍ക്ക രീതി. അത് അടുപ്പക്കൂടുതലിനെ സൂചിപ്പിക്കുംവിധം രണ്ട് ശരീരങ്ങള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുന്നതാണ്. ഒരേ ദിശയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നതും പുറംസമ്പര്‍ക്കത്തിന്റെ വകഭേദമാണ്. ഇതാ, ഞാനിവിടെയുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്.

വളരെ വിശാലമായ പരന്ന ഭാഗമായതിനാല്‍ പച്ച കുത്തുന്നതിന് ഏറ്റവും പറ്റിയ ഭാഗമാണ് പുറം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒട്ടേറെ വേദന സഹിച്ചുകൊണ്ട് പുറത്ത് പച്ചകുത്തിയ രൂപങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരു വലിയ നായാട്ടുരംഗം പച്ചകുത്തിയതിനെപ്പറ്റി വളരെ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്: കുതിരകളും നായ്ക്കളും ഒരു കുറുക്കനെ നായാടുന്ന രംഗമാണത്. കുറുക്കന്റെ വാല്‍ പൃഷ്ഠങ്ങള്‍ക്കിടയിലെ പിളര്‍പ്പില്‍ കാണാതാവുന്നതിനെക്കുറിച്ചാണത്.
നിതംബം
(നഗ്നനാരി എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, April 26, 2011

ലങ്ക തമിഴരെ അരുംകൊല ചെയ്തു -യു.എന്‍

 ന്യുയോര്‍ക്: എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനായി ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ സൈനിക നടപടിക്കിടെ ലങ്കന്‍ സേന ആയിരക്കണക്കിന് നിരപരാധികളായ തമിഴരെ ബോംബിട്ടു കൊന്നതായി ഐക്യരാഷ്ട്രസഭ നിയോഗിച്ച സമിതി കണ്ടെത്തി. സാധാരണക്കാരെ മനുഷ്യമതിലായി ഉപയോഗിച്ച എല്‍.ടി.ടി.ഇയും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തമിഴ്പുലികള്‍ക്കെതിരായ 2009 ലെ യുദ്ധം അനേകായിരം തമിഴരെ പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കിയെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, അന്താരാഷ്ട്ര അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്ന നിലപാടിലാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ലങ്കന്‍ സര്‍ക്കാര്‍ സമ്മതിക്കുംവരെ അന്താരാഷ്ട്ര അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് ബാന്‍കി മൂണ്‍ പ്രതികരിച്ചു.
ലങ്കയിലെ പുലി വിരുദ്ധ പോരാട്ടത്തിന് രഹസ്യവും പരസ്യവുമായ സഹായം നല്‍കിയ ഇന്ത്യയെയും പരോക്ഷമായി പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാണ് യു.എന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. എന്നാല്‍, യു.എന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും വിശ്വസനീയമല്ലെന്നും ലങ്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 'തമിഴരുടെ മരണത്തിന് ലങ്കന്‍ സര്‍ക്കാറോ സൈന്യമോ ഉത്തരവാദികളല്ലെന്ന്' സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ ഹുലുഗല്ലെ പറഞ്ഞു. തങ്ങള്‍ സാധാരണക്കാര്‍ക്കുമേല്‍ ബോംബിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പത്തുമാസം മുമ്പാണ് ലങ്കയില്‍ നടന്ന വംശഹത്യകള്‍ അന്വേഷിക്കാന്‍ യു.എന്‍ സമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങള്‍ക്ക് ലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് കടന്ന് തെളിവു ശേഖരിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സമിതി റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ലോകമാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത്. ഇതിനകം ചോര്‍ന്ന റിപ്പോര്‍ട്ട് ഇനി ഔദ്യോഗികമായി പരസ്യപ്പെടുത്തരുതെന്ന് ലങ്കന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ഥിച്ചു.
2009 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ ലങ്കയില്‍ നടന്ന സൈനികനടപടിയില്‍ സാധാരണക്കാരോടുള്ള സൈനികരുടെ പെരുമാറ്റം മൃഗീയമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആശുപത്രികള്‍, യു.എന്‍ സഹായ കേന്ദ്രങ്ങള്‍, സഹായ കപ്പലുകള്‍, റെഡ്‌ക്രോസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലങ്കന്‍സേന മനപ്പൂര്‍വം ബോംബിട്ടു.
തടവുകാരായി പിടിച്ച തമിഴരെ കൂട്ടത്തോടെ തലക്കു വെടിവെച്ചു കൊന്നു. സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്തു. അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും പൈശാചികമായ ലംഘനം ലങ്കയിലുടനീളം നടന്നു. ഇരുപക്ഷവും ഇതു ചെയ്തിട്ടുണ്ട്. 3,30,000 മനുഷ്യരെ എങ്കിലും തമിഴ്പുലികള്‍ മനുഷ്യമതിലായി ഉപയോഗിച്ചു. വിസമ്മതിച്ചവരെ ഉടന്‍ വെടിവെച്ചു കൊന്നു.
യുദ്ധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലങ്ക തന്നെ അന്വേഷണം നടത്തണമെന്ന് യു.എന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പ്രശ്‌നത്തില്‍ ആ സമയത്ത് ഇടപെടാതിരുന്നതിന് യു.എന്നിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുമുണ്ട്.
ലങ്കന്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണത്തിന് ഉത്തരവിടില്ലെന്ന ബാന്‍ കി മൂണിന്റെ നിലപാടിനെ ഹ്യൂമന്‍ റൈറ്റ്‌സ്‌വാച്ച് അടക്കമുള്ള സംഘടനകള്‍ നിശിതമായി വിമര്‍ശിച്ചു. പ്രശ്‌നം അന്വേഷിക്കണമെന്ന് പൗരാവകാശസംഘടനകളും അമിതാധികാരം പ്രയോഗിക്കരുതെന്ന് റഷ്യയും ലങ്കയുമടക്കമുള്ള രാജ്യങ്ങളും വാദിക്കുമ്പോള്‍ ബാന്‍ കി മൂണ്‍ കടുത്ത സമ്മര്‍ദത്തിലാണ്.
ലിബിയയില്‍ സൈനികമായി ഇടപെടാനടക്കം അനുമതി നല്‍കിയതിലൂടെ യു.എന്‍ ഇപ്പോള്‍ അമിതാധികാരപ്രയോഗം നടത്തുന്നതായി പല രാജ്യങ്ങള്‍ക്കും പരാതിയുണ്ട്.
യു.എന്‍ ഹ്യൂമന്റൈറ്റ്‌സ് കൗണ്‍സില്‍പോലും വിഷയത്തില്‍ ലങ്കന്‍ ഭരണകൂടത്തിനൊപ്പമാണ്. എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്ത ലങ്കന്‍ സര്‍ക്കാറിനെ കൗണ്‍സില്‍ അഭിനന്ദിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ എന്തു നിലപാട് എടുക്കുമെന്ന് വ്യക്തമല്ല.
ന്യൂയോര്‍ക്: ലങ്കന്‍ തമിഴരെ സര്‍ക്കാര്‍ സൈന്യം കൂട്ടക്കൊല ചെയ്യുന്നതു സംബന്ധിച്ച് ഇന്ത്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് കൊളംബോയിലെ യു.എന്‍ വക്താവ് ഗോര്‍ഡന്‍ വൈസ് പറഞ്ഞു. ബി.ബി.സിയുടെ സിംഹള സര്‍വീസിനു നല്‍കിയ അഭിമുഖത്തിലാണ് ഗോര്‍ഡന്‍ വൈസിന്റെ വെളിപ്പെടുത്തല്‍. 'തമിഴ് പുലികളെ പൂര്‍ണമായി തകര്‍ക്കാനാണ് ഇന്ത്യ ആഗ്രഹിച്ചത്. അതിന്റെ മറവില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം. യുദ്ധമേഖലയില്‍ ഇന്ത്യക്ക് വിപുലമായ രഹസ്യാന്വേഷണ സംവിധാനം ഉണ്ടായിരുന്നു'- ഗോര്‍ഡന്‍ വൈസ് പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ അഞ്ച് കീടനാശിനികള്‍

ലെസ്‌ലി അഗസ്റ്റ്യന്‍


തൃശ്ശൂര്‍: എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോഫിറാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. കൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി.ഡി.റ്റി., മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷികശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഈ കീടനാശിനികള്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്.

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ഒരു നിശ്ചിതഡോസ് കീടനാശിനി എലികളില്‍ കുത്തിവെയ്ക്കുന്നു. അതില്‍ അമ്പതുശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍.ഡി. 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 0-50 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ത്തന്നെ എല്‍.ഡി. 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പുഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.

50-500 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുന്നെങ്കില്‍ അവയെ മഞ്ഞഗണത്തില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ഈ ഗണത്തിലാണ്. പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ, ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല.

27 കീടനാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് ഒരു ഗവേഷകന്‍ പറയുന്നു. കീടനാശിനിക്കു പകരം കുമിള്‍നാശിനി പ്രയോഗിച്ച് വിപത്തുകള്‍ വരുത്തിവച്ച കര്‍ഷകര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ മാത്രം കീടനാശിനികള്‍ നിരോധിച്ചതുകൊണ്ട് വലിയ മെച്ചമില്ല. ഇവയുടെ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ രാജ്യാന്തരതലത്തില്‍ നിരോധനം ഉണ്ടായേ പറ്റൂ.

സ്വിസ് ബാങ്കിലെ കള്ളപ്പണം കൂടുതലും ഇന്ത്യക്കാരുടേത്- അസാഞ്ജ്‌


ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്ന് വീക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്‌സ് അടുത്തുതന്നെ പുറത്തുവിടാന്‍ പോകുന്നത് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളവരുടെ പട്ടികയാണെന്ന് ഇംഗ്ലീഷ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ജ് വ്യക്തമാക്കി. അസാഞ്ജിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പേരുകള്‍ പുറത്തുവിടണമെന്നും ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു.

അടുത്തുതന്നെ പുറത്തുവിടുന്ന രേഖകളില്‍ ഇന്ത്യന്‍ പേരുകള്‍ താന്‍ കണ്ടുവെന്ന് അഭിമുഖത്തില്‍ അസാഞ്ജ് വ്യക്തമാക്കുന്നുണ്ട്. സ്വിസ്ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരെല്ലാംതന്നെ വന്‍കിടക്കാരാണെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലുള്ള സ്വിസ് ബാങ്കുകളില്‍ കുറഞ്ഞത് പത്തുലക്ഷം ഡോളറെങ്കിലും നിക്ഷേപിക്കണം. അതൊരു വലിയ തുകയാണ്. ഒരു ശരാശരി ഇന്ത്യക്കാരന് സാധിക്കുന്നതല്ല ഇതെന്നും, ചാനലിന്റെ എഡിറ്ററുമായുള്ള അഭിമുഖസംഭാഷണത്തില്‍ അസാഞ്ജ് ചൂണ്ടിക്കാട്ടുന്നു. പേരുകള്‍ പുറത്തു വരുമെന്ന കാര്യത്തില്‍ അശ്ശേഷം സംശയം വേണ്ടെന്നും അദ്ദേഹം പറയുന്നു.

ഇരട്ടനികുതി ഒഴിവാക്കല്‍കരാറിന്റെ മറവില്‍ പേരുകള്‍ പുറത്തുവിടുന്നതിനെ ഇന്ത്യാ സര്‍ക്കാര്‍ എതിര്‍ക്കുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇരട്ടനികുതി ഒഴിവാക്കലുമായി, ആസ്തികള്‍ മറച്ചുവെക്കുന്നതിന് ബന്ധമൊന്നുമില്ല. കള്ളപ്പണം വിദേശത്ത് ഒളിപ്പിച്ചു വെക്കുന്നത് പ്രാദേശികതലത്തിലെ അഴിമതിയേക്കാള്‍ ഭയാനകമാണ്. വിദേശത്ത് പണം ഒളിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യമാണ് ശോഷിക്കുന്നത്. ഇത് സാധാരണ ഇന്ത്യക്കാരെയാണ് ബാധിക്കുന്നത് -അദ്ദേഹം പറഞ്ഞു. കള്ളപ്പണം കണ്ടുപിടിക്കാന്‍ പ്രധാന തടസ്സം ഇരട്ടനികുതി ഒഴിവാക്കല്‍ കരാറാണെന്ന നിലപാടാണ്‌കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിസ് ബാങ്കുകളില്‍ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപങ്ങളാണ് കൂടുതല്‍. ഈ വിഷയത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ഇടപെടാതിരിക്കാന്‍ കാരണമില്ല. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് മോശമായി പ്രതികരിച്ചത് ഇന്ത്യയാണ്. ഏറ്റവും നിരാശാജനകമായ പ്രതികരണമായിരുന്നു ഇന്ത്യയുടേത്. കേബിളുകളിലെ വിവരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇന്ത്യ കൈക്കൊണ്ടത് അസാഞ്ജ് കുറ്റപ്പെടുത്തി.

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം

നിക്കോസ് കസാന്‍ദ് സാക്കീസ് : വിവര്‍ത്തനം :എം. സോമദത്തന്‍
''ക്രിസ്തുവിന്റെ ഇരട്ടസ്വത്വം-ദൈവത്തെ പ്രാപിക്കാനുള്ള അത്രയും മാനുഷികവും അതിമാനുഷികവുമായ മോഹം, അല്ലെങ്കില്‍ കണിശമായിപ്പറഞ്ഞാല്‍, ദൈവത്തിലേക്കു മടങ്ങാനും അവനുമായി പൂര്‍ണതാദാത്മ്യം പ്രാപിക്കാനുമുള്ള തൃഷ്ണ-എനിക്കെന്നും ആഴമുള്ള സമസ്യയായിരുന്നു. ദൈവത്തെക്കുറിച്ചുള്ള, ഒരേസമയം യഥാര്‍ത്ഥ്യവും നിഗൂഢവുമായ ഗൃഹാതുരത്വം എന്നില്‍ വലിയ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഒഴുക്കുള്ള വലിയ ഉറവകള്‍ തുറന്നിട്ടുമുണ്ട്.''



ആത്മാവും ശരീരവും തമ്മിലുള്ള ദയാശൂന്യവും അവിരാമവുമായ പോരാട്ടമാണ് ചെറുപ്പംമുതലേ എന്റെ എല്ലാ സുഖദുഃഖങ്ങളുടെയും പ്രഭവകേന്ദ്രം; എന്റെ മുഖ്യവ്യഥയും ഇതുതന്നെയായിരുന്നു.
മാനുഷികവും മനുഷ്യപൂര്‍വവുമായ സാത്താന്റെ കറുത്ത അവിസ്മരണീയ ശക്തികള്‍ എന്നിലുണ്ട്, മാനുഷികവും മനുഷ്യപൂര്‍വവുമായ വെളിച്ചത്തിന്റെ ദൈവികശക്തികളും. ഈ രണ്ട് ശക്തികളും ഏറ്റുമുട്ടുന്ന രംഗഭൂമിയായിരുന്നു എന്റെ ആത്മാവ്.

വ്യഥ എന്നും തീക്ഷ്ണമായിരുന്നു. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിച്ചിരുന്നു. അത് നശിക്കരുതെന്നു മോഹിച്ചിരുന്നു. ഞാന്‍ എന്റെ ആത്മാവിനെ സ്‌നേഹിച്ചു. അത് ജീര്‍ണ്ണിക്കരുതെന്ന് മോഹിച്ചു. പരസ്​പര വിരുദ്ധമായ ഈ രണ്ട് ആദിശക്തികളെത്തമ്മില്‍ രഞ്ജിപ്പിക്കാന്‍ ഞാന്‍ സ്വയം പൊരുതിയിട്ടുണ്ട്; അവര്‍ ശത്രുക്കളല്ലെന്നും സഹപ്രവര്‍ത്തകരാണെന്നും അവരെ ബോധ്യപ്പെടുത്താന്‍; അവരുടെ ലയത്തില്‍ അവരെ ആനന്ദിപ്പിക്കാന്‍ അവരോടൊപ്പം അങ്ങനെ എനിക്കും ആനന്ദിക്കാന്‍.

ഓരോ മനുഷ്യനും അവന്റെ ആത്മാവിലും ശരീരത്തിലുമുള്ള ദൈവിക പ്രകൃതിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് ക്രിസ്തു എന്ന നിഗൂഢത ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമല്ലാതാകുന്നത്. അത് മനുഷ്യരാശിയുടേത് മുഴുവനാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം ഓരോ മനുഷ്യനിലും പൊട്ടിപ്പുറപ്പെടുന്നു. അതോടൊപ്പം രഞ്ജിപ്പിനുള്ള അഭിലാഷവും. പലപ്പോഴും ഈ സംഘര്‍ഷം അബോധതലത്തിലാണ്, ശുഷ്‌ക്കായുസ്സുള്ളതുമാണ്. ദുര്‍ബലമായ ഒരു മനസ്സിനു വളരെക്കാലം ശരീരത്തെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയില്ല. അത് വീര്‍ക്കുന്നു. ശരീരം മാത്രമാകുന്നു. മത്സരം അവസാനിക്കുന്നു. പക്ഷേ, ഉത്തരവാദിത്വമുള്ള മനുഷ്യരില്‍, പരമമായ ആ കടമയില്‍ രാപകല്‍ കണ്ണുനട്ടിരിക്കുന്ന മനുഷ്യരില്‍, ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് കാരുണ്യരഹിതമായിട്ടാണ്. മരണം വരെയുമാണ്.
ശരീരവും മനസ്സും എത്രമാതം ശക്തമാണോ അത്രമാത്രം ഫലപ്രദമാണ് ഈ സംഘര്‍ഷം. അവസാന ലയം അത്രമാത്രം ധന്യവും. ദുര്‍ബല മനസ്സുകളെയും കൊഴുത്ത ശരീരങ്ങളെയും ദൈവം സ്‌നേഹിക്കുന്നില്ല. ശക്തവും പ്രതിരോധധന്യവുമായ ശരീരവുമായി ഏറ്റുമുട്ടാനാണ് ആത്മാവിനിഷ്ടം. വിശപ്പാറാത്ത ഒരു മാംസതീനിപ്പക്ഷിയാണത്: ശരീരത്തെ അതു ഭക്ഷിക്കുന്നു; സ്വാംശീകരിച്ച് അപ്രത്യക്ഷമാക്കുന്നു.
ശരീരവും ആത്മാവും തമ്മിലുള്ള, കലാപവും ചെറുത്തുനില്പും തമ്മിലുള്ള, അനുരഞ്ജനവും കീഴടക്കലും തമ്മിലുള്ള സംഘര്‍ഷം; ഒടുവില്‍ ഈ സംഘര്‍ഷത്തിന്റെ പരമലക്ഷ്യപ്രാപ്തി ദൈവത്തോട് ഒന്നായിത്തീരല്‍: ക്രിസ്തു ഏറ്റെടുത്ത ആരോഹണത്തിന്റെ വഴി ഇതാണ്. ചോര ചിന്തിയ ആ പാതകളിലൂടെ ഏറ്റെടുക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്ന വഴിയും ഇതുതന്നെ. പൊരുതുന്ന ഓരോ മനുഷ്യന്റെയും പരമമായ കടമ ഇതാണ്. പാപമോചനത്തിന്റെ ആദ്യപുത്രനായ ക്രിസ്തു എത്തിച്ചേര്‍ന്ന ആ ഉന്നതങ്ങളിലേക്ക് പുറപ്പെടുക. നാം എവിടെ നിന്നു തുടങ്ങും?

അവനെ പിന്‍തുടരണമെങ്കില്‍ അവന്റെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള അഗാധജ്ഞാനം നമുക്ക് വേണം. അവന്റെ വ്യഥയില്‍ നിന്നവനെ നാം മോചിപ്പിക്കണം; ഭൂമിയില്‍ വിടരുന്ന ദുഷ്പ്രലോഭനങ്ങള്‍ക്കു മേലുള്ള അവന്റെ വിജയം, മനുഷ്യന്റെ ചെറുതും വലുതുമായ ആനന്ദങ്ങളുടെ പരിത്യാഗം, ത്യാഗത്തില്‍നിന്നു ത്യാഗത്തിലേക്കുള്ള, വീരകൃത്യങ്ങളില്‍ നിന്നു വീരകൃത്യങ്ങളിലേക്കുള്ള അവന്റെ ആരോഹണം രക്തസാക്ഷിത്വത്തിന്റെ ആ ഉന്നത ശിഖരത്തിലേക്ക്, കുരിശിലേക്ക്.

''ക്രിസ്തുദേവന്റെ അന്ത്യപ്രലോഭനം'' എഴുതുമ്പോള്‍ രാപകലെന്യേ സംഭവിച്ചതുപോലെ അത്ര ഭയത്തോടെ ഞാന്‍ ഒരിക്കലും ഗോല്‍ഗോഥയിലേക്കുള്ള ക്രിസ്തുവിന്റെ രക്തരൂക്ഷിതമായ യാത്രയെ പിന്തുടര്‍ന്നിട്ടില്ല; അത്ര തീക്ഷ്ണമായി അവന്റെ ജീവിതവും പീഡാനുഭവവും ഞാനൊരിക്കലും പുനര്‍ജീവിച്ചിട്ടില്ല.

മനുഷ്യരാശിയുടെ മഹത്തായ പ്രതീക്ഷയുടെയും വ്യഥയുടെയും ഈ കുറ്റസമ്മതം തയ്യാറാക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു. എന്റെ കണ്ണുനിറയുന്നു. ഇത്ര മധുരമായി, ഇത്രമാത്രം വേദനയോടെ, ക്രിസ്തുവിന്റെ രക്തം ഹൃദയത്തിലേക്കിറ്റിറ്റുവീഴുന്ന ഒരനുഭവം മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല.

ത്യാഗത്തിന്റെ ശിഖരമായ കുരിശിലേറാന്‍, അഭൗതികതയുടെ ശിഖരമായ ദൈവത്തിലെത്താന്‍, ക്രിസ്തു കടന്നുപോയ വഴികളെല്ലാം പൊരുതുന്ന ഓരോ മനുഷ്യനും കടന്നുപോകുന്ന വഴികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവന്റെ പീഡനങ്ങള്‍ നമുക്കിത്രമാത്രം സുപരിചിതമായിരിക്കുന്നത്. അതുകൊണ്ടാണ് അതില്‍ നാം പങ്കാളികളാവുന്നത് അവന്റെ അന്ത്യവിജയം നമ്മുടെ തന്നെ ഭാവി വിജയമാണെന്ന് നമുക്ക് തോന്നുന്നതും അതുകൊണ്ടു തന്നെ.

ക്രിസ്തുവിന്റെ അഗാധമനുഷ്യത്വമുള്ള ഈ പ്രകൃതമാണ് അവനെ മനസ്സിലാക്കാനും സ്‌നേഹിക്കാനും സ്വന്തം വഴിയെന്നപോലെ അവന്റെ പീഡനപാതകളെ പിന്‍തുടരാനും നമ്മെ സഹായിക്കുന്നത്. അവനില്‍ ഊഷ്മളമായ മാനുഷികാംശമില്ലായിരുന്നുവെങ്കില്‍ ഇത്രമാത്രം സുനിശ്ചിതവും മൃദുലവുമായി അവന്‍ നമ്മുടെ ഹൃദയങ്ങളെ സ്​പര്‍ശിക്കില്ലായിരുന്നു. നമ്മുടെ ജീവിതത്തിന് അവന്‍ ഒരിക്കലും ഒരു മാതൃകയാവുകയില്ലായിരുന്നു. നാം പൊരുതുമ്പോള്‍ അവന്‍ പൊരുതുന്നതും നാം കാണുന്നു. ഇതു നമുക്ക് ശക്തിയേകുന്നു. ഈ ലോകത്തില്‍ ഏകനല്ലെന്ന് നാമറിയുന്നു; നമ്മോടൊപ്പം അവനും പൊരുതുന്നു.
ക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒരേറ്റുമുട്ടലും ഒരു വിജയവുമാണ്. ലളിതമായ മാനുഷികസുഖങ്ങളുടെ അദൃശ്യവശീകരണങ്ങളെ അവന്‍ കീഴടക്കി; പ്രലോഭനങ്ങളെ അവന്‍ തോല്പിച്ചു. ശരീരത്തെ നിരന്തരം ആത്മാവായി സ്വാംശീകരിച്ചുകൊണ്ട് അവന്‍ ഉയര്‍ന്നുപൊങ്ങി. ഗോല്‍ഗോഥയുടെ ഉന്നതങ്ങളിലെത്തി കുരിശിലേറി.

പക്ഷേ, അവിടെയും അവന്റെ പോരാട്ടം അവസാനിച്ചില്ല. പ്രോലഭനം-അവസാനം പ്രലോഭനം-കുരിശില്‍ അവനെ കാത്തിരുന്നു. കുരിശിലേറിയവന്റെ തളര്‍ന്ന കണ്ണുകള്‍ക്കു മുന്നില്‍ പെട്ടെന്നൊരു മിന്നല്‍ പോലെ സന്തുഷ്ടശാന്തമായ ജീവിതത്തിന്റെ വഞ്ചകദൃശ്യച്ചുരുള്‍ സാത്താന്‍ നിവര്‍ത്തി. മനുഷ്യന്റെ സുഗമമായ എളുപ്പവഴിയിലേക്ക് താന്‍ കടന്നതായി ക്രിസ്തുവിനു തോന്നി. താന്‍ വിവാഹം കഴിച്ചതായും കുട്ടികള്‍ ഉണ്ടായതായും അവനു തോന്നി. ജനങ്ങള്‍ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തതായും. ഇപ്പോള്‍ ആ വൃദ്ധന്‍ സ്വന്തം വീടിന്റെ ഉമ്മറത്തിരുന്ന് കഴിഞ്ഞുപോയ യൗവ്വനമോഹങ്ങളെയോര്‍ത്ത് സംതൃപ്തിയോടെ പുഞ്ചിരിക്കുകയാണ്. മനുഷ്യന്റെ വഴി തിരഞ്ഞെടുത്തത് എത്ര ഉജ്ജ്വലമായി. എത്ര ബുദ്ധിയായി. ലോകത്തെ രക്ഷിക്കാമെന്ന് വ്യാമോഹിച്ചു പോയത് എന്തൊരു ഭ്രാന്തായി. സുഖനിഷേധങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ആ കുരിശില്‍ നിന്നും രക്ഷപ്പെട്ടത് എത്ര ആനന്ദകരമായി.

രക്ഷകന്റെ അന്ത്യനിമിഷങ്ങളെ പ്രക്ഷുബ്ധമാക്കാന്‍ ഒരു മിന്നല്‍പോലെ കടന്നുവന്ന അവസാന പ്രലോഭനമാണ് ഇത്.

പക്ഷേ, പെട്ടെന്ന് ക്രിസ്തു ഊറ്റത്തോടെ തലകുലുക്കി ഉണര്‍ന്നു; കണ്ണുതുറന്നു; കണ്ടു. അല്ല. അവനൊരു വഞ്ചകനല്ല. ദൈവം ജയിക്കട്ടെ! അവനൊരു ഒളിച്ചോട്ടക്കാരനായിരുന്നില്ല. ദൈവം അവനിലേല്പിച്ച ദൗത്യം അവന്‍ നിറവേറ്റിക്കഴിഞ്ഞിരുന്നു. അവന്‍ വിവാഹം കഴിച്ചിട്ടില്ല. സന്തുഷ്ടജീവിതം നയിച്ചിട്ടില്ല. ത്യാഗത്തിന്റെ ഉന്നതിയില്‍ അവനെത്തിക്കഴിഞ്ഞിരുന്നു: കുരിശിലേറിക്കഴിഞ്ഞിരുന്നു.

തൃപ്തിയോടെ അവന്‍ കണ്ണുകളടച്ചു. പിന്നീട് വിജയാഹ്ലാദത്തിന്റെ ഒരു നിലവിളിയായിരുന്നു; അത് നിറവേറ്റപ്പെട്ടിരിക്കുന്നു.

മറിച്ചുപറഞ്ഞാല്‍: ഞാന്‍ എന്റെ ദൗത്യം നിറവേറ്റിയിരിക്കുന്നു. ഞാന്‍ ക്രൂശിതനായിരിക്കുന്നു. പ്രലോഭനങ്ങളിലേക്കൊന്നും ഞാന്‍ വീണുപോയില്ല.

പൊരുതുന്ന മനുഷ്യന് ഒരുന്നത മാതൃക കാണിച്ചു കൊടുക്കണം എന്ന മോഹം കൊണ്ടാണ് ഞാന്‍ ഈ പുസ്തകമെഴുതിയത്. വേദനയെ, പ്രലോഭനത്തെ ഭയപ്പെടേണ്ടതില്ല എന്നവനെ കാണിച്ചുകൊടുക്കാന്‍. കാരണം ഇവയെ കീഴടക്കാന്‍ കഴിയും, ഇവ കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തു വേദനയേറെ സഹിച്ചു. അതോടെ വേദന പവിത്രമായിരിക്കുന്നു. അവനെ വഴിതെറ്റിക്കാന്‍ പ്രലോഭനം അന്ത്യനിമിഷംവരെ പൊരുതി നോക്കി. പ്രലോഭനം തോല്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു കുരിശിലേറി മരിച്ചു. ആ നിമിഷത്തില്‍ മരണം എന്നെന്നേക്കുമായി പരാജയപ്പെട്ടു.

അവന്റെ വഴിയിലെ ഓരോ തടസ്സവും ഒരു നാഴികക്കല്ലായി. അടുത്ത വിജയത്തിനുള്ള ഒരവസരം. നമ്മുടെ വഴികളെ തെളിയിക്കുകയും നമുക്ക് ശക്തി നല്‍കുകയും ചെയ്യുന്ന ഒരു മാതൃക ഇന്ന് നമുക്ക് മുന്നിലുണ്ട്.
ഈ പുസ്തകം ഒരു ജീവിതകഥയല്ല, പൊരുതുന്ന ഓരോ മനുഷ്യന്റെയും കുറ്റസമ്മതമാണ്. ഇത് പ്രസിദ്ധീകരിക്കുക വഴി ഞാന്‍ എന്റെ ദൗത്യം നിറവേറ്റുകയാണ്. അനേകം പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ജീവിതത്തില്‍ ഏറെ കലുഷതകള്‍ അനുഭവിച്ചു, പൊരുതുന്ന ഒരാളുടെ ദൗത്യം സ്‌നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തേക്കാളുമേറെ, എന്നത്തേക്കാളും നന്നായി ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്.
(ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിന് നിക്കോസ് കസാന്‍ദ് സാക്കീസ് എഴുതിയ മുഖവുര)

മാര്‍കേസ് പറഞ്ഞതും മാര്‍കേസിനെ പറഞ്ഞതും

എന്റെ കൃതികളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങള്‍ വരുന്നത് അവയിലെ ഭാവനാത്മകതയുടെ പേരിലാണെന്നത് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. സത്യമിതാണ്; എന്റെ ഒരൊറ്റവരിപോലും യഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയല്ലാതെ എഴുതപ്പെട്ടവയായിട്ടില്ല. പ്രശ്‌നമെന്താണെന്നുവെച്ചാല്‍, കരീബിയന്‍ യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും വന്യമായ ഭാവനയ്ക്കു തുല്യമാണ്.
- ദ് ആര്‍ട്ട് ഓഫ് ഫിക്ഷന്‍ (പീറ്റര്‍ എച്ച.് സ്റ്റോണുമായുള്ള അഭിമുഖം)

എല്ലാ പുസ്തകവും ഒടുവില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് എഴുതുന്നത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതിയതിനുശേഷമുണ്ടായ ഒരു പ്രശ്‌നം ലക്ഷക്കണക്കിനുവരുന്ന വായനക്കാരില്‍ ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്ന് നിശ്ചയമില്ലാതായി എന്നതാണ്. ഇത് എന്നെ വല്ലാതെ കുഴക്കുന്നു. ഒരു ദശലക്ഷം കണ്ണുകള്‍ നിങ്ങളെ ഉറ്റുനോക്കുന്നു. അവരെന്താണ് കരുതുന്നതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ- ഇതുപോലൊരു പ്രതിസന്ധിയാണിത്.
- ദ് പാരീസ് റിവ്യൂ ഇന്റര്‍വ്യൂസ്


വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും സൂചിപ്പിക്കുകയെന്നത് ഒരു ജേണലിസ്റ്റിക്ക് രീതിയാണ്. ഇത് സാഹിത്യത്തിനും ബാധകമാണ്. ആകാശത്ത് ആനകള്‍ പറന്നുനടക്കുന്നുവെന്ന് എഴുതിയാല്‍ ജനം വിശ്വസിക്കുകയില്ല. അതേസമയം നാനൂറ്റി ഇരുപത്തഞ്ചാനകള്‍ ആകാശത്തു പറക്കുന്നുവെന്നെഴുതിയാല്‍ വായനക്കാര്‍ അതു വിശ്വസിക്കും.
- റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് (1984)


ആത്യന്തികമായി, സാഹിത്യമെന്നാല്‍ ആശാരിപ്പണിയല്ലാതെ വേറൊന്നുമല്ല.
- റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് (1984)


ഒരെഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. വ്യത്യസ്ത പേരുകളില്‍, രൂപങ്ങളില്‍ അവ പുനര്‍ജനിക്കുമ്പോള്‍ വ്യത്യസ്ത രചനകളായി തോന്നുന്നുവെന്നുമാത്രം... ഞാനെഴുതിയ ആ ഏക പുസ്തകം ഏതാണ്? എന്റെ എല്ലാ കഥകളിലും നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്ലേ, അതുതന്നെ. ഏകാന്തതയുടെ ആ പുസ്തകം.
- ദ് ഫ്രാഗ്രന്‍സ് ഓഫ് ഗ്വാവ (മെന്‍ഡോസയുമായുള്ള അഭിമുഖം)


വേശ്യകളുമായി എനിക്ക് നല്ല സൗഹൃദമാണ്. സത്യത്തില്‍ എനിക്ക് ഒറ്റയ്ക്കു കിടക്കാന്‍ പേടിയാണ്. അതുകൊണ്ട് ഞാനവരുടെ കൂടെ കിടക്കുന്നു. അല്ലാതെ ഉറക്കം വരില്ലെനിക്ക് - ഞാന്‍ പലപ്പോഴും തമാശയായി പറഞ്ഞിട്ടുണ്ട്: നല്ല ഭക്ഷണം കിട്ടാനല്ല ഞാന്‍ കല്യാണം കഴിച്ചത് എന്ന്.
- പ്ലേബോയ് ഇന്റര്‍വ്യൂ


എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്റെ ഹൃദയമാണ്. ഞാന്‍ ഒരു പെണ്ണായിരുന്നെങ്കില്‍ ആരു ചോദിച്ചാലും ഞാന്‍ വഴങ്ങിയേനേ.
- പ്ലേബോയ് ഇന്റര്‍വ്യൂ


നല്ലൊരു വായനക്കാരി എനിക്കുണ്ട്. ഒരു റഷ്യക്കാരി. ഞാനവരെ നേരില്‍ കണ്ടിട്ടില്ല. ഒരു റഷ്യന്‍ സുഹൃത്ത് പറഞ്ഞതാണ്- എന്റെ സുഹൃത്ത് അവരെ കാണുമ്പോള്‍ അവര്‍ എന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പകര്‍ത്തിയെഴുതുകയായിരുന്നു. എന്തു വിഡ്ഢിത്തമാണീ കാണിക്കുന്നത്. എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്രേ: നോവലിസ്റ്റിനാണോ എനിക്കാണോ കൂടുതല്‍ ഭ്രാന്ത് എന്നറിയണമല്ലോ, അതിനാണീ പകര്‍ത്തിയെഴുതല്‍.
- ദ് ഫ്രേഗ്രന്‍സ് ഓഫ് ഗ്വാവാ (മെന്‍ഡോസയുമായി അഭിമുഖം)


നല്ലൊരു നോവലില്‍നിന്ന് അതിലും മെച്ചപ്പെട്ട ഒരു സിനിമയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, അറുവഷളന്‍ നോവലുകളില്‍നിന്നുണ്ടായ ഒരുപാട് നല്ല സിനിമകള്‍ എനിക്കറിയാം.
- പീറ്റര്‍ എച്ച്. സ്റ്റോണുമായുള്ള അഭിമുഖം.(1981)


ഞാന്‍ ജീവിതത്തില്‍ ദുഃഖിക്കുന്നത് ഒരൊറ്റക്കാര്യത്തില്‍ മാത്രമാണ് - എനിക്ക് ഒരു മകള്‍ ഇല്ലല്ലോ എന്ന ഒറ്റക്കാര്യത്തില്‍.
- പീറ്റര്‍ എച്ച്. സ്റ്റോണുമായുള്ള അഭിമുഖം (1981)


'ദൈവം ഞായറാഴ്ച വിശ്രമിച്ചില്ലായിരുന്നുവെങ്കില്‍, ലോകം നശിപ്പിച്ചുകളയാന്‍ അദ്ദേഹത്തിനു സമയം കിട്ടുമായിരുന്നു.'
- ബിഗ് മാമാസ് ഫ്യൂണറല്‍


ആവശ്യത്തിന് ഒരു മുഖമേയുള്ളൂ - ഒരു നായയുടെ മുഖം.
- ഇന്‍ ഈവിള്‍ അവര്‍


കൂടുതല്‍ സമയം കാത്തിരിക്കുന്നവന് വളരെക്കുറച്ചേ പ്രതീക്ഷിക്കാനാവൂ.
- നോ വണ്‍ റൈറ്റസ് റ്റു ദ് കേണല്‍


ഒരു പ്രശസ്ത എഴുത്തുകാരന്, എഴുത്തു തുടരണമെങ്കില്‍ അവന്റെ പ്രശസ്തിയെ നിരന്തരമായി സ്വയം പ്രതിരോധിക്കേണ്ടിവരും.
- റൈറ്റേഴ്‌സ് അറ്റ് വര്‍ക്ക് ( അഭിമുഖം)


ആരും മരിക്കേണ്ടപ്പോള്‍ മരിക്കാറില്ല; മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കാറുള്ളൂ.
കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയ- ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍


ഒരു ജീവിതകാലത്തെ മുഴുവന്‍ സൗഹൃദത്തേക്കാള്‍ വിലപ്പെട്ടതാണ് ഒരു നിമിഷത്തെ പിണക്കംതീരല്‍.
ഉര്‍സുല, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍


ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാവണം; ഒന്ന് സ്‌നേഹിക്കാന്‍, മറ്റേത് കുപ്പായത്തിന്റെ കുടുക്ക് തുന്നിത്തരാന്‍.
- ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ


എനിക്ക് ദൈവത്തില്‍ വിശ്വാസമില്ല; മറിച്ച് അയാളെ പേടിയാണ്.
- ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ.


ഒരാള്‍ പ്രായമായി വരികയാണെന്നു മനസ്സിലാക്കുന്നത്, തനിക്ക് സ്വന്തം അച്ഛന്റെ ഛായ വന്നുതുടങ്ങുമ്പോഴാണ്.
- ലൗ ഇന്‍ ദ ടൈം ഓഫ് കോളറ


അല്ല, ഞാന്‍ ധനികനല്ല. കാശുള്ള ഒരു പാവപ്പെട്ടവന്‍. അതു രണ്ടും ഒന്നല്ല.
- ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ


ദാമ്പത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്തെന്നാല്‍ എല്ലാ ദിവസവും ലൈംഗികബന്ധത്തിനുശേഷം അതു തകരുന്നു; പിറ്റേന്നുകാലത്ത് പ്രാതലിനുമുന്‍പ് വീണ്ടും ആരംഭിക്കുന്നു.
- ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ.


ഒരാളും മക്കളെ സ്‌നേഹിക്കുന്നത് അവര്‍ സ്വന്തം മക്കളായതുകൊണ്ടുമാത്രമല്ലെന്നും അവരെ വളര്‍ത്തിയെടുക്കുമ്പോള്‍ രൂപപ്പെടുന്ന സൗഹൃദത്തിന്റെ പേരിലാണെന്നും അതിയായ ആഹ്ലാദത്തോടെ അവള്‍ തിരിച്ചറിഞ്ഞു.
- ലൗ ഇന്‍ ദ ടൈം ഓഫ് കോളറ


ലിബറലുകളും കണ്‍സര്‍വേറ്റീവുകളും തമ്മിലുള്ള വ്യത്യാസം ഇതേയുള്ളൂ. ലിബറലുകള്‍ അഞ്ചു മണിക്കാണ് കുര്‍ബാനയ്ക്കു പോവുക; മറ്റവര്‍ എട്ടു മണിക്കും.
- ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍


'ഒരുവന് അവന്റെ അച്ഛന്‍പെങ്ങളെ കെട്ടാമോ?'-അദ്ഭുതപ്പെട്ടു ചോദിച്ചു.
'അങ്ങനെ ചെയ്യാമെന്നു മാത്രമല്ല', ഒരു പട്ടാളക്കാരന്‍ പറഞ്ഞു, 'നമ്മള്‍ പുരോഹിതന്മാര്‍ക്കെതിരെ ഈ യുദ്ധം ചെയ്യുന്നത് ഒരുവന് അവന്റെ സ്വന്തം അമ്മയെ കെട്ടാനുള്ള സ്വാതന്ത്ര്യത്തിനുകൂടിവേണ്ടിയാണ്'.
- ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍


'മുന്‍പ്് വായിച്ചത് വീണ്ടും വായിക്കുമ്പോള്‍ അതൊരു മോഹഭംഗമാണ് സമ്മാനിക്കുക. ഒരുകാലത്ത് നമ്മെ വല്ലാതെ ആകര്‍ഷിച്ച പല രചനകളും പിന്നീട് അസഹ്യമായി അനുഭവപ്പെടും. ഹൈസ്‌കൂള്‍ കാലത്തെ കാമുകിയെ പില്ക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്നതുപോെലയൊര
നുഭവമാണത്.
- വായനാശീലത്തെക്കുറിച്ച് (ഭയം, പ്രേമം, സംഗീതം)


'അഭിമുഖസംഭാഷണം (ഇന്റര്‍വ്യൂ) പ്രണയത്തെപ്പോലെയാണ്. രണ്ടും നടക്കണമെങ്കില്‍ ഇരു കൂട്ടര്‍ക്കും താത്പര്യം വേണം. അല്ലെങ്കില്‍ അത് വെറും യാന്ത്രികപ്രവൃത്തിയാകും. ഇതില്‍നിന്ന് ഒരു 'കുട്ടി'യുണ്ടായേക്കാം; പക്ഷേ ഒരു നല്ല സ്മരണ ഇതിനേപ്പറ്റിയുണ്ടാകില്ല.'
- അഭിമുഖസംഭാഷണങ്ങളുടെ കഥ (ഭയം, പ്രേമം, സംഗീതം)


പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്- പ്രശസ്തി സൃഷ്ടിക്കുന്ന അകല്‍ച്ച. ചിലപ്പോള്‍ ഭാര്യ മേഴ്‌സിയും ഞാനും വൈകുന്നേരങ്ങളില്‍ തനിച്ചായിരിക്കുമ്പോള്‍, പുറത്ത് എവിടെയെങ്കിലും ഒരു ക്ഷണം കിട്ടിയാല്‍ നന്ന് എന്നാഗ്രഹിക്കും. എണ്ണമറ്റ സ്‌നേഹിതന്മാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, അവരാരും ഞങ്ങളെ ക്ഷണിക്കുന്നില്ല. കാരണം, എല്ലാ സായാഹ്നങ്ങളിലും നൂറുകണക്കിന് ഉപചാരസല്‍ക്കാരങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കുന്നുണ്ടാവും എന്നാണ് ഈ കൂട്ടുകാരുടെ ധാരണ. അങ്ങനെ പൂര്‍ണമായി ഒറ്റപ്പെട്ടുകഴിയാന്‍ ഇടവരുന്നു. പ്രശസ്തി വരുത്തിവെക്കുന്ന ഏകാന്തതയാണത്. അധികാരം സൃഷ്ടിക്കുന്ന ഏകാകിതയുമായി അതിന് സാമ്യമുണ്ട്.'
- 'എഴുത്തുകാരുടെ അടുക്കള'