ആ വീട്ടില്‍ എല്ലാവരും കാഥികരും ഞാന്‍ ശ്രോതാവുമായിരുന്നു. എല്ലാവരുടെയും കഥകള്‍ കേള്‍ക്കാനും അവരുടെ അദ്ഭുതലോകങ്ങളിലേക്ക് അവരോടൊപ്പം കൈകോര്‍ത്തു കടന്നു ചെല്ലാനും (കൊച്ചു കുഞ്ഞായ) ഞാന്‍ മാത്രം. - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ജീവിതകഥ തുടങ്ങുന്നത് അദ്ദേഹത്തിന്റെ മുത്തച്ഛനെ(അമ്മയുടെ അച്ഛന്‍)പ്പറ്റി പറഞ്ഞുകൊണ്ടായിരിക്കണം. കാരണം മാര്‍കേസ് എന്ന എഴുത്തുകാരനെ, പരോക്ഷമായി രൂപപ്പെടുത്തിയത് ആ മനുഷ്യനാണ്. സ്പാനിഷ് പാരമ്പര്യത്തില്‍പ്പെട്ട മൂന്നാം തലമുറ കൊളംബിയക്കാരനാണ് മാര്‍കേസിന്റെ മുത്തച്ഛന്‍ കേണല്‍ നിക്കൊളസ് റിക്കാര്‍ഡോ മാര്‍കേസ് മെജിയ ഇഗ്വറാന്‍. അദ്ദേഹത്തിന്റെ മുത്തച്ഛനും അച്ഛനും ആഭരണ നിര്‍മാതാക്കളായിരുന്നു. യുവാവായിരിക്കെ സ്‌കൂള്‍ പഠനം മതിയാക്കി അദ്ദേഹം ലിബറല്‍ ആര്‍മിയില്‍ ചേര്‍ന്നു. ആയിരം ദിവസത്തെ യുദ്ധം (Thousand Days War) എന്നു പ്രശസ്തമായ ആഭ്യന്തരകലാപത്തില്‍ ജനറല്‍ റാഫേല്‍ ഉറൈബിന്റെ കമാണ്ടിനു കീഴില്‍ അദ്ദേഹം പങ്കെടുത്തു. 1899-1902 കാലത്തായിരുന്നു ഈ യുദ്ധം. യുദ്ധം കഴിഞ്ഞപ്പോള്‍ കേണല്‍ പദവിയും കൊണ്ടാണ് മുത്തച്ഛന്‍ തിരിച്ചു വീട്ടിലെത്തിയത്. പിന്നീടദ്ദേഹം അരക്കറ്റാക്ക എന്ന ചെറുപട്ടണത്തില്‍ താമസമാക്കി.
കൊളംബിയയെന്ന അവികസിത ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ലിബറലുകളും കണ്‍സര്‍വേറ്റീവുകളും ഏറ്റുമുട്ടിയ ആയിരം ദിവസത്തെ യുദ്ധം. രാജ്യത്തെ ശരിക്കും ചോരയില്‍ മുക്കിയ, ഏതാണ്ടൊരു ലക്ഷംപേര്‍ മരിച്ച ഈ യുദ്ധത്തിനുശേഷം, 1903-ലാണ് പനാമ കൊളംബിയയില്‍നിന്ന് സ്വാതന്ത്ര്യം നേടി പുതിയൊരു രാജ്യമാകുന്നത്. യുദ്ധത്തില്‍ ലിബറലുകളാണ് തോറ്റതെങ്കിലും കേണല്‍ അരക്കറ്റാക്കയില്‍ നല്ല മതിപ്പുള്ളൊരാളായി മാറി. ശരിക്കും 'സ്ഥലത്തെ പ്രധാന ദിവ്യന്‍.'
ഈ മുത്തച്ഛന്റെ വീരകഥകള്‍ തങ്ങിനില്ക്കുന്ന അന്തരീക്ഷത്തിലേക്കാണ് കുഞ്ഞു മാര്‍കേസിന്റെ കണ്ണും കാതും പിന്നീട് തുറന്നുവെക്കപ്പെടുന്നത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ (1967) എന്ന നോവലില്‍ മക്കോണ്ടൊ സ്ഥാപിക്കുന്ന ആ വംശാവലിയില്‍ ഏറ്റവുമാദ്യമുള്ള ഹോസെ ആര്‍ക്കേദിയോ ബ്വേന്‍ദിയയെപ്പോലെ മാര്‍കേസിന്റെ മുത്തച്ഛനും സ്വന്തം കസിനെയാണ് കല്യാണം കഴിച്ചത്. ഒരു സുഹൃത്തിനെ കൊന്നുകളയുന്നുണ്ട് ഇരുവരും - നോവലിലെ ബ്വേന്‍ദിയയും ശരിക്കുള്ള മുത്തച്ഛനും - നോവലിലെ കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയയെപ്പോലെ, മുത്തച്ഛനും പോയിടത്തൊക്കെ മക്കളുണ്ടായിരുന്നു. ഈ മുത്തച്ഛന്റെ വീരകൃത്യങ്ങള്‍ മാര്‍കേസിന്റെ പല കൃതികളിലും പലതരത്തില്‍ വരുന്നുണ്ട്. ഏകാന്തതയിലെ കേണലിനെ രൂപപ്പെടുത്തിയത് മാര്‍കേസ് സ്വന്തം മുത്തച്ഛനെ വെച്ചാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു ശരിയല്ലെന്നും ലീഫ് സ്റ്റോം(1955) എന്ന ആദ്യനോവലിലെ കേണലാണ് മുത്തച്ഛന്റെ തനിപ്പകര്‍പ്പെന്നും മാര്‍കേസ് പറയുന്നു.
മുത്തച്ഛന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന മുത്തച്ഛന്‍ പുറത്ത് ഓടിക്കളിക്കുന്ന ഒരു വെള്ളക്കുതിരയെക്കണ്ടു. അതിനെ നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് ഒരു കണ്ണിന്റെ കാഴ്ചപോയി! ഈ വിചിത്ര സംഭവം മുത്തശ്ശിയാണ് മാര്‍കേസിന് പറഞ്ഞുകൊടുത്തത്. ഒറ്റക്കണ്ണുള്ള മുത്തച്ഛന്റെ ഈ വൈകല്യം, ഒരു കാലിലെ മുടന്തായാണ് ലീഫ് സ്റ്റോമി ലെ കേണലിന് കഥാകൃത്ത് നല്കുന്നത്. മുത്തച്ഛന്റെ അരഭാഗത്തുണ്ടായിരുന്ന ഒരു കറുത്ത മറുക്, യുദ്ധകാലത്ത് തറച്ച വെടിയുണ്ടയുടെ പാടാണെന്ന് മാര്‍കേസ് പിന്നീടു മനസ്സിലാക്കി. ഒറ്റക്കണ്ണനായ മുത്തച്ഛന്‍ കാളക്കൂറ്റനെപ്പോലെ കരുത്തനും തീറ്റപ്രിയനുമായിരുന്നുവെത്രേ. സ്ത്രീകളെ വശീകരിക്കാന്‍ ഈ ദീര്‍ഘകായന് അസാമാന്യമായ കഴിവുണ്ടായിരുന്നു. കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയയുടെ പതിനേഴു ജാരസന്തതികള്‍ പില്ക്കാലത്ത് മക്കോണ്ടൊയിലേക്കു വരുന്നുണ്ടല്ലോ. സ്വന്തം മുത്തച്ഛന് ഇങ്ങനെ നാടുമുഴുവന്‍ പിള്ളേരുള്ള കാര്യം, തനിക്ക് കണക്കില്ലാത്ത അമ്മാവന്മാരും വല്യമ്മമാരും ഇളയമ്മമാരുമുള്ള കാര്യം മാര്‍കേസിനറിയാമായിരുന്നു.
മെദാര്‍ദോവിന്റെ പ്രേതം
വീരനായകനൊക്കെയായിരുന്നെങ്കിലും, മുത്തച്ഛന്‍ പണ്ടൊരു സുഹൃത്തിനെ കൊന്നെന്നു പറഞ്ഞല്ലോ, അതിനുശേഷം അയാള്‍ മര്യാദയ്ക്ക് ഉറങ്ങിയിരുന്നില്ല. ബാരന്‍കാസില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം; 1908 ഒക്‌ടോബര്‍ 19-ന്. മെദാര്‍ദ റൊമെറോയെന്ന സുന്ദരിയായ സ്ത്രീക്ക് നിക്കൊളസ് പച്ചെക്കോയില്‍ പിറന്ന അവിഹിത സന്തതിയായിരുന്നു മെദാര്‍ദോ റൊമെറോ പച്ചെക്കോ. ഈ യുവാവിനെയായിരുന്നു കേണല്‍ വെടിവെച്ചുകൊന്നത്. കേണലിന് തന്റെ അമ്മയുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ധരിച്ചിരുന്നു. നാട്ടിലെ പ്രമാണിയായ കേണലിനെ ഇയാള്‍ പരസ്യമായി വെല്ലുവിളിക്കുകയും അപമാനിക്കുകയും പലകുറി പ്രകോപിപ്പിക്കുകയും ചെയ്തു. ഇയാളെ നേരിടാതെ നിവൃത്തിയില്ലെന്നു വന്ന കേണല്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഫാമൊക്കെ വിറ്റു, കടമൊക്കെ വീട്ടി, ജയിലില്‍ പോകാനുള്ള തയ്യാറെടുപ്പു നടത്തി. അങ്ങനെ ഒരു ദിവസം നേരെ മുന്നില്‍ മെദാര്‍ദോ ചെന്നുപെട്ടപ്പോള്‍ കേണല്‍ വെടിപൊട്ടിച്ചു, അവന് തോക്കെടുക്കാന്‍ നേരം കിട്ടുംമുന്‍പേ.
നേരെ മേയറുടെ അടുത്തുചെന്നു കീഴടങ്ങി. 'ഞാന്‍ മെദാര്‍ദോയെ കൊന്നു. പറ്റിയാല്‍ അവനെ ഇനിയും കൊല്ലും' എന്നു പറഞ്ഞായിരുന്നു കീഴടങ്ങല്‍. ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഇതും കഴിഞ്ഞ് പുറത്തുവന്ന ശേഷമാണ് കേണല്‍ അരക്കറ്റാക്കയില്‍ താമസമാക്കുന്നത്.
ഒരുപാടുകാലത്തിനുശേഷം, കുഞ്ഞുമാര്‍കേസിനോട ്- ഗാബോവിനോട്- മുത്തച്ഛന്‍ പറഞ്ഞു. 'ഒരു മരണത്തിന്റെ ഭാരമെത്രയാണെന്ന് നിനക്കറിയാമോ? ഒരുപാടൊരുപാട്.'
മെദാര്‍ദോയുടെ കൊലപാതകം മുത്തച്ഛന് തീരാത്ത മനശ്ശല്യമാണ് സമ്മാനിച്ചത്. ആ ഒടുക്കത്തെ ഭാരം കേണലിനെ അന്ത്യംവരെ പിന്‍തുടര്‍ന്നു. മക്കോണ്ടൊ വംശാധിപതി ഹോസെ ആര്‍ക്കേദിയോ ബ്വേന്‍ദിയ, തന്റെ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞ പ്രുഡന്‍ഷ്യോ അഗ്വിലറിനെ കൊന്നുകളയുന്നുണ്ടല്ലോ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍. ഇയാളുടെ പ്രേതം ബ്വേന്‍ദിയയെ മരണം വരെ പിന്തുടരുന്നുണ്ട്. മരിച്ചാലും മനുഷ്യര്‍ക്ക് വയസ്സാകുമെന്ന് ബ്വേന്‍ദിയ, പില്ക്കാലത്ത് വയസ്സായ പ്രുഡന്‍ഷ്യോയെക്കണ്ട് ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്.
കുടുംബസമേതം അരക്കറ്റാക്കയെന്ന വാഗ്ദത്തഭൂമിയില്‍ താമസമാക്കിയ കേണലിനെ, മൂത്തമകള്‍ മാര്‍ഗറീത്തയുടെ മരണം- ഇരുപത്തിയൊന്നാം വയസ്സില്‍ ടൈഫോയ്ഡ് വന്നാണ് ഇവര്‍ മരിച്ചത് -മാര്‍കേസിന്റെ വല്യമ്മ- വല്ലാതെ ഉലച്ചുകളഞ്ഞു. ഒരിക്കലും വരാത്ത യുദ്ധപ്പെന്‍ഷനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് കേണല്‍ ആശ്വാസം കണ്ടെത്തുന്നത്.- ആരും കേണലിന് എഴുതുന്നില്ല (No One Writes to the Colonel) എന്ന നോവലില്‍ ഇത്തരമൊരു ശൂന്യത - യുദ്ധാനന്തര ശൂന്യത മാര്‍കേസ് വരച്ചിടുന്നുണ്ട്. അരാക്കറ്റയില്‍ മുത്തച്ഛന്‍ പണിത മരംകൊണ്ടുള്ള വലിയൊരു വീടുണ്ട്. നാകത്തകിടുകൊണ്ട് മേല്‍ക്കൂരപാവിയ ഈ വീടാണ് പൗരപ്രമുഖനായ മുത്തച്ഛന്റെ ഓഫീസും. നാട്ടില്‍ 'വാടകപ്പിരിവുകാരന്‍' കൂടിയായിരുന്നു ഇയാള്‍. ഈ വീട്ടിലാണ് മാര്‍കേസ് കുട്ടിക്കാലം ചെലവിട്ടത്.
അച്ഛന്‍ അമ്മയെ വേട്ട
കഥമുത്തച്ഛനും മുത്തശ്ശിക്കും (ട്രാന്‍ക്വിലീന ഇഗ്വറാന്‍ കോട്ടസ്) ഇളയ മകള്‍ ലൂയിസ സാന്റിയാഗ മാര്‍കേസ് ഇഗ്വറാനെ വലിയ വാത്സല്യമായിരുന്നു. ഈ ഇളയമകളാണ് മാര്‍കേസിന്റെ അമ്മ. നിരന്തരമായി രോഗങ്ങള്‍ ബാധിച്ച് , ആരോഗ്യം കെട്ട ഒരു കുട്ടിയായാണ് അവര്‍ വളര്‍ന്നത്. 1905 ജൂലായ് 25-നാണ് ലൂയിസ ജനിച്ചത്. (ഈ സൂക്കേടുകാരി പക്ഷേ, പില്ക്കാലത്ത് ആരോഗ്യമുള്ള പതിനൊന്നു മക്കളെ പെറ്റു.) പെരുമയുണ്ടെങ്കിലും, യുദ്ധം ആകെ തകര്‍ത്തുകളഞ്ഞൊരു വീട്ടില്‍ - ബാരന്‍കാസില്‍ - ആണ് ലൂയിസ പിറന്നത്. മുത്തച്ഛന്റെ അമ്മ ലൂയിസ മെസിയ വിദലിന്റെ ഓര്‍മയ്ക്കായാണ് ഇവര്‍ക്ക് ലൂയിസയെന്നു പേരിട്ടത്. ഇവര്‍ ജനിക്കുന്നതിന് ഒരു മാസം മുന്‍പാണത്രേ ആ മുതുമുത്തശ്ശി മരിച്ചത്.
അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൂയിസ പിയാനോ ക്‌ളാസ്സില്‍ പോകുമായിരുന്നു. പിയാനോക്കാര്യത്തിലൊഴികെ നല്ലൊരു വിദ്യാര്‍ഥിയായിരുന്നു അവര്‍. പിയാനോ പഠിച്ചാലേ അന്തസ്സുള്ള കുലീനയായ ഒരു യുവതിയാകൂവെന്ന ധാരണ മുത്തശ്ശിക്കുണ്ടായിരുന്നു. (ഈ സംഭവം നടക്കുന്നതിന് മൂന്നര പതിറ്റാണ്ടു മുന്‍പാണ് നമ്മുടെ ഒ. ചന്തുമേനോന്‍ മട്ടുപ്പാവിലിരുന്ന് പിയാനോ വായിക്കുന്ന പരിഷ്‌കാരിയായ ഇന്ദുലേഖയെ സൃഷ്ടിച്ചത്!) ഒരു ദിവസം സംഗതി മടുത്ത് ലൂയിസ പിയാനോ പഠനം ഉപേക്ഷിച്ചു. മൂന്നു വര്‍ഷം ചിട്ടയൊപ്പിച്ചു പഠിച്ചിട്ടും അവരതില്‍ താല്പര്യം കണ്ടെത്തിയിരുന്നില്ല. ഹൗ മൈ ഫാദര്‍ വണ്‍ മൈ മദര്‍ (എന്റച്ഛന്‍ എന്റമ്മയെ വേട്ടതെങ്ങനെ) എന്ന ന്യൂയോര്‍ക്കര്‍, 2001 ഫിബ്രവരി 19, 26) ആത്മകഥാപരമായ ലേഖനത്തിലും 2002-ല്‍ പുറത്തുവന്ന ലിവിങ് റ്റു ടെല്‍ ദ് ടെയ്ല്‍ എന്ന ആത്മകഥയിലും ഇക്കാര്യം വിശദമായി വരച്ചിടുന്നുണ്ട്. കഷ്ടി ഇരുപതു വയസ്സായ ലൂയിസയുടെ പിയാനോ പഠനം നിന്നത് ഒരു കണക്കിന് അമ്മയ്ക്ക് ആശ്വാസമാവുമായിരുന്നു. കാരണം, ഒരു 'അഹങ്കാരി'യായ ടെലഗ്രാഫ് ഓപ്പറേറ്ററുമായി അവള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അവരുടെ ചെവിയിലെത്തിയിരുന്നു. ഇയാളും ഇപ്പോള്‍ അരക്കറ്റാക്കക്കാരനാണ്. മാര്‍കേസ് എഴുതി - 'ഇവരുടെ വിലക്കപ്പെട്ട പ്രണയത്തിന്റെ കഥ എനിക്ക് യൗവനകാലത്ത് വലിയൊരദ്ഭുതമായിരുന്നു'. ലീഫ് സ്റ്റോം എന്ന ആദ്യ നോവല്‍ എഴുതുന്ന കാലത്ത്, മാര്‍കേസ് ഈ കഥ - അഛനമ്മമാരുടെ പ്രണയകഥ - ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു; ചിലപ്പോള്‍ അമ്മയും ചിലപ്പോള്‍ അച്ഛനും പറഞ്ഞ ചിലനുറുങ്ങുകള്‍ കൂട്ടിവെച്ച്. പില്ക്കാലത്ത് കോളറക്കാലത്തെ പ്രണയം (ലവ് ഇന്‍ ദ് ടൈം ഓഫ് കോളറ) എഴുതിയപ്പോള്‍ മാര്‍കേസ് ഈ പ്രണയകഥ - ഒരര്‍ഥത്തില്‍ തന്റെതന്നെ ജന്മരഹസ്യം - അതിലുള്‍ച്ചേര്‍ത്തു.
ഒരു കുട്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവേയാണത്രേ ലൂയിസ ആദ്യമായി തന്റെ ഭാവിവരനെ - ഗബ്രിയേല്‍ എലിജിയോ ഗാര്‍സിയയെ കാണുന്നത്. മരിച്ചശേഷമുള്ള ഏതാനും വിലാപദിനങ്ങളില്‍ രാത്രി, സംഘംചേര്‍ന്നു പാട്ടുപാടുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ലൂയിസ പാടിക്കൊണ്ടിരിക്കെ ഒപ്പം പാടിയ ഗായകനായിരുന്നു അയാള്‍. അയാളുടെ ആകാരസൗഷ്ഠവം കണ്ട് അമ്പരന്ന കൂട്ടുകാരികള്‍ ആര്‍ത്തുവിളിച്ചെങ്കിലും ലൂയിസയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അമ്മയുടെ വാക്കുകള്‍ മാര്‍കേസ് ആത്മകഥയില്‍ ഉദ്ധരിക്കുന്നു- 'അയാള്‍ കൂട്ടത്തിലൊരു അപരിചിതന്‍ മാത്രമായിട്ടാണ് എനിക്കു തോന്നിയത്.' ദാരിദ്ര്യംകൊണ്ട് മെഡിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പഠനമുപേക്ഷിച്ച് അന്നാട്ടില്‍ ഒരു ടെലഗ്രാഫ് ഓപ്പറേറ്ററുടെ ജോലിയുമായി വന്നതായിരുന്നു അയാള്‍. അച്ഛന്റെ അക്കാലത്തെ ഒരു ഫോട്ടോ മാര്‍കേസ് ഓര്‍മിക്കുന്നുണ്ട്. കറുത്ത സ്യൂട്ടും നാലു ബട്ടണുള്ള ജാക്കറ്റുമൊക്കെയായി അന്നത്തെ ഫാഷനില്‍ ഒരു ഫോട്ടോ. നേരിയ ഫ്രെയിമുള്ള ഒരു വട്ടക്കണ്ണടയും. കഠിനാധ്വാനിയും സ്ത്രീലമ്പടനുമായ ഒരു ബൊഹീമിയന്‍. പക്ഷേ, ജീവിതത്തിലൊരിക്കല്‍ പോലും മദ്യപിക്കുകയോ പുകവലിക്കുകയോചെയ്തിട്ടില്ലാത്ത ഒരാള്‍.
ലൂയിസ, നേരത്തെയും അയാളെക്കണ്ടിട്ടുണ്ട്. തലേന്ന് അമ്മായിഫ്രാന്‍സിസ്‌ക സിമോദോസിയയ്‌ക്കൊപ്പം പള്ളിയില്‍ ചെന്നപ്പോള്‍. ലൂയിസയെ ഇപ്പോള്‍ ആരുടെയെങ്കിലുമൊപ്പമേ പുറത്തുവിടാറുള്ളൂ. കവിതയെഴുതുകയും നന്നായി സംസാരിക്കുകയും വയലിന്‍ വായിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുമായിരുന്നു ആ ചെറുപ്പക്കാരന്‍. ലൂയിസയെ ആകര്‍ഷിക്കാനാവണം, പല ചടങ്ങുകളിലും അയാള്‍ ഇവരുടെ വീട്ടിലും വരുമായിരുന്നു. തന്റെ ഒരു ക്ലാസ്‌മേറ്റുമായുള്ള പ്രണയത്തിനു തന്നെ മറയാക്കുകയായിരുന്നു എലിജിയോ എന്നാണ് ലൂയിസ വിശ്വസിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം, ഒരു നൃത്തപരിപാടിയില്‍ വെച്ച് എലിജിയോ തന്റെ ബട്ടണ്‍ഹോളില്‍ കുത്തിവെച്ച റോസാപ്പൂവെടുത്ത് ലൂയിസയുടെ നേരെ നീട്ടി: 'ഈ പനീനീര്‍പ്പൂവിലൂടെ ഞാന്‍ നിനക്കെന്റെ ജീവിതം തരുന്നു'.
ഇതൊരു തമാശയായാണ് അവള്‍ക്കാദ്യം തോന്നിയതെങ്കിലും ക്രമേണ ആ പനിനീര്‍പ്പൂ അവളുടെ ഉറക്കം കെടുത്തിത്തുടങ്ങി. പില്ക്കാലത്ത് ഒരുപാടു മക്കളുമായി കഴിയവേ മൂത്തമകന്‍ മാര്‍കേസ് അമ്മയോട് ഇതിനെപ്പറ്റിചോദിച്ചു. 'അദ്ദേഹത്തെ മറക്കാനാവാത്തതിന്റെ ദേഷ്യം കൊണ്ടാണെനിക്ക്അക്കാലത്ത് ഉറങ്ങാന്‍ കഴിയാതിരുന്നത്. അയാളെപ്പറ്റി ഓര്‍ക്കുന്തോറും എന്റെ ദേഷ്യം കൂടിക്കൂടി വരുമായിരുന്നു.' ഇക്കാര്യം വീട്ടിലെല്ലാവരുമറിഞ്ഞെന്ന് ലൂയിസയ്ക്കു പിന്നീടു മനസ്സിലായി. ഒരു ദിവസം ഉച്ചതിരിഞ്ഞ് എന്തോ തുന്നിക്കൊണ്ടിരിക്കെ ഫ്രാന്‍സിസ്‌ക ആന്റി അര്‍ഥംെവച്ച് ചോദിച്ചു, 'അല്ല, നിനക്കാരോ ഒരു റോസാപ്പൂ തന്നെന്നു കേട്ടല്ലോ'
പിന്നീട് പലപ്പോഴും അവര്‍ തമ്മില്‍ കണ്ടു. പള്ളിയില്‍വെച്ച്, ടെലഗ്രാഫ് ഓഫീസിനു മുന്നിലൂടെ പോകുമ്പോള്‍. അവള്‍ അയാളെ അവഗണിച്ചു, അദ്ദേഹം വിടാന്‍ ഭാവമില്ലായിരുന്നു. ഒരു ദിവസം ലൂയിസയ്ക്ക് ഒരു കത്തു കിട്ടി. പ്രേമലേഖനമൊന്നുമല്ല. അടുത്താഴ്ച താന്‍ സാന്താ മാര്‍ത്തയിലേക്ക് പോകും മുന്‍പ് രണ്ടിലൊന്നറിയണമെന്ന ആജ്ഞയായിരുന്നു അത്. മറുപടിയയച്ചില്ല. പിന്നീടൊരു വിവാഹച്ചടങ്ങിന് വീണ്ടുമൊരു കണ്ടുമുട്ടല്‍. ഒപ്പം നൃത്തം ചെയ്യാനാവശ്യപ്പെട്ട് എലിജിയോ മുന്നില്‍. ഒന്നും മിണ്ടാതിരുന്ന ലൂയിസയോട് 'വേണ്ട, മിണ്ടണ്ട. നിന്റെ ഹൃദയം മിണ്ടുന്നതെനിക്കു കേള്‍ക്കാം' എന്നുമാത്രം പറഞ്ഞ് അയാള്‍ പോയപ്പോള്‍ ലൂയിസ കൂടുതല്‍ തളര്‍ന്നു.
വിവരമറിഞ്ഞ അമ്മ ലൂയിസയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്രേ. എലിജിയോ തന്തയ്ക്കു പിറക്കാത്തവനാണെന്നും തങ്ങളുടെ അന്തസ്സിനു ചേരാത്തതാണീ ബന്ധമെന്നും വീട്ടുകാര്‍ ശഠിച്ചു. ഒരു പതിനാലുകാരിക്ക് സ്‌കൂള്‍ അധ്യാപകനുമായുള്ള അവിഹിതബന്ധത്തില്‍ പിറന്നയാളായിരുന്നു എലിജിയോ. അര്‍ജിമിറോ ഗാര്‍സിയ പാറ്ററീന എന്ന ആ പെണ്‍കുട്ടിക്ക് പിന്നീട് മൂന്നുപേരില്‍ നിന്നായി ആറുമക്കള്‍ കൂടിയുണ്ടായി - അവര്‍ വിവാഹം കഴിച്ചിട്ടേയില്ലായിരുന്നു. 'അവളുടെ ലക്ഷണംകെട്ട സന്തതികളിലെ വിശിഷ്ട വ്യക്തിയായിരുന്നു എന്റെ അച്ഛന്‍ എലിജിയോ ഗാര്‍സിയ' എന്ന് മാര്‍കേസ് എഴുതി. അച്ഛന്റെ വീടുമായല്ല, അമ്മവീടുമായി മാത്രമായിരുന്നു മാര്‍കേസിന് അടുപ്പം.
കൗമാരക്കാലത്തുതന്നെ അഞ്ചു കാമുകിമാരുണ്ടായിരുന്നു എലിജിയോയ്ക്ക്. പതിനേഴുവയസ്സുള്ളപ്പോള്‍ അതിലൊരു മകനും. ഇരുപതാം വയസ്സില്‍ മറ്റൊരു കാമുകിയില്‍ ഒരു മകളും. ഇതെല്ലാം ലൂയിസയുടെ അച്ഛനെ, കേണലിനെ അസ്വസ്ഥനാക്കിയിരിക്കണം - അദ്ദേഹത്തിന് ഇതൊന്നും പുത്തരിയല്ലെങ്കിലും. മറ്റൊരു പ്രശ്‌നം കേണല്‍ പണ്ടേ പിന്തുണച്ചിരുന്ന ലിബറല്‍ പക്ഷത്തല്ല, കണ്‍സര്‍വേറ്റീവു പാര്‍ട്ടിയിലായിരുന്നു എലിജിയോയ്ക്ക് അംഗത്വം. ഇതാവണം കേണലിനെ ശരിക്കും പ്രകോപിപ്പിച്ചത്. എല്ലാ കുറവുകളും സഹിച്ച് ലൂയിസ, എലിജിയോയെ ഭ്രാന്തമായി പ്രണയിച്ചു. മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത കോഡുഭാഷയില്‍ - ടെലിഗ്രാമിന്റെ മട്ടിലാവണം അത് - അവര്‍ സന്ദേശങ്ങള്‍ കൈമാറി. ലൂയിസയുടെ പ്രണയം ശമിപ്പിക്കാന്‍ അവളെ അച്ഛനമ്മമാര്‍ ഒരു ദീര്‍ഘയാത്രയ്ക്ക് കൊണ്ടുപോകുന്നു. പല പട്ടണങ്ങളിലും തങ്ങിത്തങ്ങിയുള്ള ദുര്‍ഘടപാതകളും മലനിരകളും താണ്ടിയുള്ള, തീവണ്ടിയിലും കോവര്‍ കഴുതപ്പുറത്തും മറ്റു വണ്ടികളിലുമുള്ള ദീര്‍ഘയാത്ര. എന്നാല്‍ ബാരന്‍കാസിലേക്കുള്ള ഈ യാത്രയിലുടനീളം പലപല ടെലഗ്രാഫ് ഓഫീസുകള്‍ വഴി, അവിടത്തെ സുഹൃത്തുക്കള്‍ വഴി, ടെലിഗ്രാം വഴി അവര്‍ ബന്ധപ്പെട്ടു. എഴുത്തറിയാത്ത ഒരു വേലക്കാരിയായിരുന്നു യാത്രയില്‍ ഈ കത്തിടപാടുകള്‍ക്കു തുണ. ഒരു ഇടയസംഘത്തോടൊപ്പം കോവര്‍ക്കഴുതപ്പുറത്ത്, കീഴക്കാംതൂക്കായ പാറക്കെട്ടുകളുടെ ഇടയിലൂടെയായിരുന്നു യാത്രയുടെ ആദ്യഭാഗം. ഇതുതന്നെ രണ്ടാഴ്ച നീണ്ടു. ആറുമാസം തുടര്‍ച്ചയായി യാത്രചെയ്താണ് ലൂയിസ സാന്‍ജൂത്തന്‍ ദെല്‍ എസാര്‍ എന്ന സ്ഥലത്തെത്തിയത്. ഇതിനിടെ ഇവള്‍ ചെല്ലുന്ന വഴികളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനൊക്കെ എലിജിയോ ശ്രമിച്ചിരുന്നു.
ആറു പതിറ്റാണ്ടിനിപ്പുറം, മാര്‍കേസ് ഈ സംഭവങ്ങള്‍ കോളറക്കാലത്തെ പ്രണയത്തില്‍ അവതരിപ്പിച്ചു. ഒരു ടെലഗ്രാഫ് ഓഫീസും മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് - അവര്‍ സന്ദേശം കൈമാറാനുപയോഗിച്ച സൂത്രത്തിന് - എന്തെങ്കിലും പ്രത്യേക സാങ്കേതികപദമുണ്ടോ എന്ന് മാര്‍കേസ് അച്ഛനോടുതന്നെയാണ് ചോദിച്ചത്. ഒട്ടുമാലോചിക്കാതെ തന്നെ ആ വൃദ്ധന്‍ വെളിപ്പെടുത്തി - പെഗ്ഗിങ്. നിഘണ്ടുവിലില്ലാത്ത ഈയര്‍ഥമാണ് ആ വാക്കുകൊണ്ട് ടെലഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ ഉദ്ദേശിച്ചിരുന്നത്. അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ മാര്‍കേസ് - ആഗോളപ്രശസ്തനായ മകന്‍ - ചോദിച്ചു; അച്ഛന്‍ എന്നെങ്കിലും നോവലെഴുതാന്‍ ആഗ്രഹിച്ചിരുന്നോ?'- അച്ഛന്റെ മറുപടി രസകരമായിരുന്നു. 'ഉവ്വ്. പക്ഷേ നീ അന്ന് പെഗ്ഗിങ്ങിനെപ്പറ്റി ചോദിച്ചില്ലേ, അന്നു ഞാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.' കാരണം, ഇതേ നോവലാണത്രേ അച്ഛനും എഴുതണമെന്ന് ആഗ്രഹിച്ചിരുന്നത്.

No comments:
Post a Comment