Tuesday, September 25, 2012

നമ്മുടെ കോടതികളും നിയമങ്ങളും ആര്‍ക്ക് വേണ്ടി ?

ഇലകള്‍ അനങ്ങുന്നുണ്ട്
കാറ്റ് വീശുന്നുണ്ട്
വെയില്‍ ചിന്നുന്നുണ്ട്
ചൂഷണം പെരുകുന്നുണ്ട്
അതുകൊണ്ട് സമരം പെരുകുന്നുണ്ട് .



പ്ളാച്ചിമടയില്‍ കോള (കൊല)കമ്പനിയ്ക്കൊപ്പം , സ്വാശ്രയ കോളേജ് വിഷയത്തില്‍ മാനേജ്മെന്റിനോപ്പം ,സ്ത്രീ പീഡന കേസുകളില്‍ പീഡകര്‍ക്കൊപ്പം ,വിളപ്പില്‍ ശാലയില്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ സി.ആര്‍ .പി.എഫിനെ വിന്യസിക്കാന്‍ തിടുക്കം കാട്ടുന്ന കോടതി , ഇപ്പോഴിതാ പാലിയേക്കരയില്‍ ബി .ഓ.ടി.പകല്‍ക്കൊള്ളയ്ക്ക് കൂട്ട്നില്‍ക്കുന്നു.പാലിയേക്കര സംയുക്ത സമര സമിതി ഈ കൊള്ളയ്ക്കെതിരെ സമര്‍പ്പിച്ച കേസുകള്‍ അനാവശ്യമായി അവധി പറഞ്ഞ് നിരവധി തവണ മാറ്റി വയ്ക്കുകയും അതേ സമയം തന്നെ ബി.ഓ.ടി കമ്പനിയുടെ കേസുകള്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുകയും അവര്‍ക്കനുകൂലമായി ഉത്തരവ് നടപ്പിലാക്കാന്‍ അനുമതിയും നല്‍കുന്നു .സര്‍ക്കാരിന്‍റെയും ഹൈകോടതിയുടെയും ഒത്താശയോടെ പാലിയേക്കരയിലെ സമാന്തര പാത അടയ്ക്കുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗമാകട്ടെ തികച്ചും ജനാധിപത്യവിരുദ്ധവും.അര്‍ധരാത്രിക്കുശേഷം രഹസ്യമായിട്ടായിരുന്നു നടപടി. സമാന്തരപാതയിലേക്ക് കടക്കുന്ന ഭാഗം ശനിയാഴ്ച(18/08/2012) വെളുപ്പിന് അടച്ചത് വന്‍ പോലീസ് സംഘത്തിന്റെ കാവലിലും എ.ഡി.എം., ആര്‍.ഡി.ഒ., എസ്.പി., തഹസില്‍ദാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലുമായിരുന്നു. യു ടേണ്‍ താത്കാലികമായി അടച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലുകീറി കരിങ്കല്ലിട്ട് ഇരുമ്പുകാലുകള്‍ നാട്ടിയാണ് വഴികള്‍ അടച്ചത്.ഇതിനെതിരെ പ്രതിഷേധം നടത്തിയ ജനങ്ങളെ തല്ലി തകര്‍ക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് ചെയ്തത് .

ഉത്പാദനവ്യെവസ്ഥയുടെ വികാസത്തോടനുബന്ധിച്ചുണ്ടായ സാമൂഹ്യവികാസത്തിന്റെ ഭാഗമായാണ് പൊതുനിരത്തുകള്‍ വികസിച്ചുവന്നത് .ഇന്ത്യയിലെ നികൃഷ്ടമായ ജാതിവ്യെവസ്ഥയുടെ സവിശേഷ സാഹചര്യത്തില്‍ പൊതു നിരത്തുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കിട്ടുന്നതിന് ശക്തമായ സമരങ്ങള്‍ തന്നെ നടന്നിട്ടുണ്ട് .ഈ സമരങ്ങളുടെ ചരിത്രം ഉയര്‍ത്തിയ അവകാശബോധത്തിന്റെ കൂടി ഭാഗമായാണ് സഞ്ചാര സ്വാതന്ത്ര്യം എന്ന മൌലികാവകാശം ഭരണഘടനയില്‍ സ്ഥാനം പിടിക്കുന്നത്‌ .എന്നാല്‍ ജനങ്ങളോട് യാതൊരു വിധ ഉത്തരവാദിത്വവുമില്ലാത്ത ശത കോടീശ്വരന്മാരുടെ പാര്‍ലമെന്റ്റ് ഇന്ന് പൊതു നിരത്തുകള്‍ സ്വകാര്യവല്‍കരിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടു പോകുന്നത് .ആഗോളവല്‍ക്കരണ ,ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ലോകബാങ്ക് നടത്തിയ ഇന്ത്യ ഫിനാന്‍സിംഗ് ഹൈവേ പഠനത്തെതുടര്‍ന്നാണ്‌ ഗതാഗത രംഗത്ത് ബി.ഒ.ടി.പദ്ധതികള്‍ ആരംഭിക്കുന്നത് .രാജ്യത്തെ അമ്പത്തി അയ്യായിരം കിലോമീറ്റര്‍ ദേശീയ പാത സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ് .ഇതിനായി മൂന്ന് ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന്‌ ജനങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും കുടിയിറക്കുന്ന ഈ പദ്ധതി രാജ്യം കണ്ടത്തില്‍ വച്ചേറ്റവും വലിയ സ്വകാര്യ വല്‍ക്കരണ - കുടിയിറക്ക് പദ്ധതിയാണ് .ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ പിന്നില്‍ മൂലധനത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ മാത്രമാണുള്ളത് .

പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവ്‌ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നമുക്ക് അനുഭവമാണ് .എന്നാല്‍ ഇനി മുതല്‍ ടോള്‍ ഭാരവും ഉപഭോക്താക്കളിലേക്ക് വന്നുചേരും .ഇതിനര്‍ത്ഥം വരുന്ന പതിനേഴര വര്‍ഷകാലയളവില്‍ ചരക്കു വാഹനങ്ങള്‍ക്കുമേല്‍ മാത്രം ചുമത്തുന്ന ടോള്‍ വഴി സാധാരണക്കാരായ ജനങ്ങള്‍ വഹിക്കേണ്ടുന്ന ഭാരം 3518 .2 . കോടി രൂപയാണ് .ഇത് പാലിയേക്കരയില്‍ നിന്ന് മാത്രം ജനങ്ങള്‍ക്കുമേല്‍ സംഭവിക്കുന്ന ദുരന്തമാണ് .ഇനി കേരളത്തില്‍ വരാനിരിക്കുന്ന ടോള്‍ പ്ളാസകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇവിടെ സാധാരണക്കാരന്റെ ജീവിതം എത്രമാത്രം ദുസ്സഹമാകുമെന്ന് ബോധ്യപ്പെടും .


ഒരൊറ്റ അഴിമതിതന്നെ രണ്ടു ലക്ഷം കോടിയുടേതാകുന്ന നാട്ടില്‍ നികുതിക്ക് പുറമേ നമ്മള്‍ എന്തിനു ടോള്‍ നല്‍കണം?  

വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും ചുങ്കം പിരിവിനെതിരായും നടത്തുന്ന പാലിയേക്കര സമരം സര്‍ക്കാരിന്‍റെയും ഹൈകോടതിയുടെയും ഒത്താശയോടെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പ്പിക്കുക .പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക

പിന്‍കുറിപ്പ് ;-യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു - കമ്മ്യൂണിസത്തിന്റെ ഭൂതം .ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ വേണ്ടി യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം - പോപ്പും സാര്‍ ചക്രവര്‍ത്തിയും , മെറ്റര്‍നിക്കും , ഗിസോവും , ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും , ജര്‍മന
്‍ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിലേര്‍പ്പെട്ടിരിക്കയാണ് .

അധികാരത്തിലിരിക്കുന്ന കക്ഷി പ്രതിപക്ഷത്തെ കമ്മുനിസ്റ്റ്‌ എന്ന് വിളിച്ചു അധിക്ഷേപിക്കാത്ത രാജ്യം ഏതാണുള്ളത് ? തങ്ങളെക്കാളധികം പുരോഗമന വാദികളായ എതിര്‍ പക്ഷക്കാരെയും അതുപോലെ തന്നെ പിന്തിരിപ്പന്മാരെയും തങ്ങളുടെ വിരോധികളെയും കമ്മ്യുണിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപിചിട്ടില്ലാത്ത പ്രതിപക്ഷമെങ്ങാണുള്ളത് ?

മൂലമ്പിള്ളി , ചെങ്ങറ മുതല്‍ പാലിയേക്കര ടോള്‍ വിരുദ്ധ സമരങ്ങളെ വരെ അധികാരത്തിലിരിക്കുന്ന കക്ഷികള്‍ മാവോയിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപ്പിക്കുന്നു .

തങ്ങളെക്കാളധികം പുരോഗമന വാദികളായ എതിര്‍ പക്ഷക്കാരെയും തങ്ങളുടെ വിരോധികളെയും മാവോയിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപിക്കുമ്പോള്‍ മാവോയിസം ഒരു ശക്തിയായി തീര്‍ന്നിരിക്കുന്നുവെന്നു അംഗീകരിച്ചേ മതിയാവൂ .

 


ഞാന്‍ ഈ മണ്ണിന്‍െറ പാട്ടുകാരന്‍ - ഗദ്ദര്‍

അരികുജീവിതത്തിന്‍െറ വ്രണിതമുദ്രകള്‍

പി.ബി. അനൂപ്
ഗദ്ദര്‍, ഒരു ഓര്‍മപ്പെടുത്തലാണ്. നിലക്കാത്ത പോരാട്ടങ്ങളുടെ, ചോരാത്ത വീര്യത്തിന്‍െറ, പൊള്ളുന്ന വാക്കുകള്‍ കോര്‍ത്തെടുത്ത പാട്ടിന്‍െറ ഓര്‍മപ്പെടുത്തല്‍. ആയുധത്തിന്‍െറ മൂര്‍ച്ചയുള്ള വരികള്‍കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനതയെ വിമോചനത്തിന്‍െറ വാഗ്ദത്തഭൂമിയിലേക്ക് വഴിനടത്തുന്ന ഈ വിപ്ളവ കലാകാരന് ആമുഖങ്ങള്‍ ആവശ്യമില്ല. ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി. ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറയും പോരാട്ടത്തിന്‍െറയും പ്രതീകം. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ’ പോരാളിയും  ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്‍െറ മഹാസ്തംഭമായി നിലകൊള്ളുന്നു. കാലം നിശ്ശബ്ദമാക്കിയവര്‍ക്കുവേണ്ടി ഗദ്ദര്‍ പാടുന്നു; തീക്ഷ്ണമായ ശബ്ദത്തില്‍, ഉള്ളുതൊടുന്ന ഭാവതീവ്രതയോടെ.
ആ പാട്ടിന്‍െറ വഴിതേടിയുള്ള യാത്രയായിരുന്നു അത്. ആന്ധ്രയുടെ ഗ്രാമവീഥികളിലൂടെ... കറുത്തമണ്ണില്‍ വിയര്‍പ്പുവീഴ്ത്തി പൊന്നുവിളയിക്കുന്ന കര്‍ഷകര്‍. മുളകുവിളഞ്ഞ പാടങ്ങളില്‍നിന്ന് വിപ്ളവവീര്യമുള്ള കാറ്റുവീശുന്നു. സെക്കന്ദരാബാദിലെത്തിയപ്പോള്‍ വരവറിയിക്കാന്‍ ഗദ്ദറിനെ ഫോണില്‍ വിളിച്ചു. മറുതലയ്ക്കല്‍ ആവേശത്തോടെയുള്ള സ്വാഗതം. ഗദ്ദറിന്‍െറ സഹായി വഴികാട്ടിയായി വന്നു. ‘ആല്‍വാല്‍’ എന്ന ചെറുഗ്രാമം താണ്ടിയുള്ള യാത്ര അവസാനിച്ചത് വെങ്കിടപുരത്തെ ഇരുനിലയിലുള്ള ഒരു വീടിനുമുന്നിലാണ്. ഗദ്ദറിന്‍െറ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടുപേര്‍ പുറത്തുവന്നു. ഞങ്ങള്‍ വീടിന്‍െറ മുകള്‍നിലയിലേക്ക് പോയി.
‘‘ഗദ്ദര്‍ അണ്ണാ...’’ സഹായി വിളിച്ചു. ഉയരംകുറഞ്ഞ തടിച്ച ഒരു മനുഷ്യന്‍, നിറഞ്ഞ ചിരിയുമായി കടന്നുവന്നു. നരച്ച നീണ്ട മുടി, നരച്ച താടി. കട്ടികുറഞ്ഞ നേര്‍ത്ത തുണികൊണ്ടുണ്ടാക്കിയ മുറിക്കയ്യന്‍ ജുബ്ബയും ലുങ്കിയുമാണ് വേഷം. അല്‍പം പരുക്കനെന്ന് തോന്നിപ്പോകുന്ന മുഖത്ത് മായാത്ത പുഞ്ചിരി. കാഴ്ചയില്‍ ഒരു വീട്ടുകാരണവരെപ്പോലെ. ഒരു ഗ്രാമത്തലവനെപ്പോലെ. ഊഷ്മളമായ സ്വീകരണം. കരുത്തുറ്റ കരസ്പര്‍ശത്തോടെയുള്ള ഹസ്തദാനം. അതെ, ഗുമ്മഡി വിറ്റല്‍ റാവു എന്ന ഗദ്ദര്‍. ഭരണകൂടങ്ങളും ചൂഷകരും ഭയക്കുന്ന, അടിച്ചമര്‍ത്തപ്പെട്ടവരെ ആത്മവീര്യത്തിന്‍െറ ആയുധമണിയിക്കുന്ന ശബ്ദമാന്ത്രികതയുടെ ആള്‍രൂപം.
‘‘ചരിത്രവും വര്‍ത്തമാനകാലവും വിപ്ളവങ്ങളും ദലിതരോട് ചെയ്തതെന്ത്? ’’
‘‘ Get up, stand up! Stand up for your rights! Get up, stand up! Don’t give up the fight! ’’                 
  Bob Marley
ഗദ്ദറിന്‍െറ വീടിന്‍െറ മുകളിലെ നിലയിലെ ഒരു ചെറിയ മുറിയിലാണ് ഞങ്ങളിരുന്നത്. ഇടുങ്ങിയ ആ മുറിനിറയെ പുസ്തകങ്ങള്‍. സഹപ്രവര്‍ത്തകര്‍ ‘സിംഹമട’ എന്ന് വിളിക്കുന്ന ഗദ്ദറിന്‍െറ സര്‍ഗാത്മക സാമ്രാജ്യം. വിപ്ളവചിന്തകളുടെ ഒരിക്കലും വറ്റാത്ത ഉറവയായി മാര്‍ക്സും മാവോയും ചുവരില്‍. ഒപ്പം സംഗീതസാന്നിധ്യമായി അംജദ് അലി ഖാനും ഇംഗ്ളീഷ് ഗായകന്‍ ഫില്‍ കോളിന്‍സുമെല്ലാം. അതിനടുത്ത് ഒരു യുവാവിന്‍െറ ഫോട്ടോ. ഫോട്ടോക്ക് താഴെ ‘ഡോക്ടര്‍ ചന്ദ്രകിരണ്‍ ’ എന്നെഴുതിയിരുന്നു. ഗദ്ദറിന്‍െറ ഇളയ മകനാണ്. അപസ്മാര ബാധയെത്തുടര്‍ന്നാണ് ചന്ദ്രകിരണ്‍ മരിച്ചത്. മേശപ്പുറത്തുള്ള ഒരു ചെറിയ കറുത്ത ബാഗ്. ഗദ്ദര്‍ എപ്പോഴും കൈയില്‍ കരുതുന്ന ആ ബാഗില്‍ നിറത്തോക്കാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചോദിച്ചപ്പോള്‍ ഗദ്ദര്‍ പൊട്ടിച്ചിരിച്ചു. ‘‘പാട്ടാണെന്‍െറ ആയുധം അതിനു തുളച്ചുകയറാന്‍ കഴിയാത്ത ഇടങ്ങളൊന്നുമില്ല. തോല്‍പിക്കാന്‍ കഴിയാത്ത ഇടങ്ങളുമില്ല.’’ ഗദ്ദറിന്‍െറ ജീവിതം ഇത് അടിവരയിടുന്നു. ‘‘എത്ര മാവോയിസ്റ്റുകളെ വേണമെങ്കിലും നേരിടാം. പക്ഷേ, ഗദ്ദറിന്‍െറ പാട്ടിനെ എതിരിടാന്‍ കഴിയില്ല.’’ ഭരണകൂടവും സായുധസേനയും പറയാതെപറയുന്ന വാക്കുകളാണിത്. ഗദ്ദര്‍, നിരന്തരം വധഭീഷണിയില്‍ കഴിയുന്ന ജനങ്ങളുടെ പാട്ടുകാരന്‍. എന്നാല്‍, ഭരണകൂടത്തിന്‍െറയും വര്‍ഗശത്രുവിന്‍െറയും  ഭീഷണികള്‍ക്ക് വഴങ്ങി ഗദ്ദര്‍ തന്‍െറ പാട്ട് പാതിവഴിയില്‍ അവസാനിപ്പിച്ചില്ല. കൂടുതല്‍ ഉച്ചത്തില്‍ പാടി.
ജനകീയ ഗായകന്‍, വിപ്ളവകാരി, നക്സല്‍ അനുഭാവി, നാടന്‍കലാകാരന്‍, കവി, ദലിത് ആക്ടിവിസ്റ്റ് തുടങ്ങി മാവോയിസത്തിന്‍െറ ഈ ജനകീയമുഖത്തിന് ജീവിതപ്പകര്‍ച്ചകള്‍ ഏറെയാണ്. മുറിയില്‍ സംസാരത്തിന് തയാറെടുക്കവെ ഒരാള്‍ ഗദ്ദറിനെത്തേടിവന്നു. ഒരുപാടുപേര്‍ ദിവസവും ഇത്തരത്തില്‍ ഗദ്ദറിനെത്തേടിവരുന്നു. അവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരംതേടി. ഗദ്ദര്‍ അയാളുമായി തെലുങ്കില്‍ എന്തോ സംസാരിച്ചുകൊണ്ടിരുന്നു. ചുവരില്‍ ഗദ്ദറിന്‍െറ വിവിധ പരിപാടികളുടെ ഫോട്ടോകള്‍. ഒപ്പം ഗദ്ദര്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന അംബേദ്കറും ബുദ്ധനും. വിപ്ളവത്തോടൊപ്പം ദലിത് ചിന്തകളും ഇഴചേര്‍ത്തതാണ് ഗദ്ദറിന്‍െറ ആശയലോകം. അയാളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗദ്ദര്‍ മടങ്ങിവന്നു. അയാള്‍  ഖമ്മത്തെ ഒരു ഗ്രാമത്തിലെ ദലിത് കര്‍ഷക നേതാവാണ്. ദലിതരുടെ ഭൂമി അവിടത്തെ ചില പ്രമാണിമാര്‍ ചേര്‍ന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അതിന് അധികാരികളുടെ ഒത്താശയുമുണ്ട്. പ്രശ്നത്തില്‍ ഗദ്ദര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് അയാള്‍ വന്നത്. ദലിതര്‍ അതിജീവനത്തിനായി ഇടംതേടുമ്പോള്‍, ഇടതുപക്ഷ രാഷ്ട്രീയം പുതിയ ദിശാസന്ധികള്‍ നേരിടുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും ശബ്ദം അധികാരികള്‍ കേള്‍ക്കാതെ പോകുമ്പോള്‍, ജനാധിപത്യത്തിന്‍െറ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കുമ്പോള്‍ പൊള്ളുന്ന വാക്കുകള്‍കൊണ്ട് പോരാട്ടത്തിന്‍െറ  ഓര്‍മപ്പെടുത്തലുമായി ഗദ്ദര്‍ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു.
സാന്ദര്‍ഭികമായ ഒരു ചോദ്യത്തിലൂടെ തുടങ്ങാം. ശ്രീകാകുളത്തിനടുത്ത് ലക്ഷ്മിപേട്ടയില്‍ അഞ്ചു ദലിതര്‍ കഴിഞ്ഞ ദിവസം മരിച്ച ഒരു സംഭവം നടന്നല്ലോ?
* ദലിതര്‍ നേരിടുന്ന പ്രതിസന്ധികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ജനാധിപത്യത്തിന്‍െറ പേരില്‍ ഇവിടെ ദലിത് വേട്ടയാണ് നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ക്ക് ആഗ്രഹമില്ല, നടപടിയെടുക്കാന്‍ പൊലീസിന് താല്‍പര്യമില്ല, ഇടപെടാന്‍ മുഖ്യധാര ദലിത് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇച്ഛാശക്തിയില്ല. ദലിതരുടെ ജീവന് ഒരു വിലയുമില്ല.
ഭൂമിയുടെ രാഷ്ട്രീയം വീണ്ടും  ചൂടുപിടിക്കുകയാണ്. ആഗോളീകരണം വരുത്തിവെച്ച പ്രതിസന്ധികളുടെ ഏറ്റവും വലിയ ഇരകള്‍ ഇവിടത്തെ ദലിത്-ആദിവാസി സമൂഹമല്ലേ?
* ദലിതരാണ് ഈ രാജ്യത്തെ ജനാധിപത്യ ദുര്‍വ്യയത്തിന്‍െറ പരീക്ഷണ മൃഗങ്ങള്‍. കാരണം, കാസ്റ്റും ക്ളാസും വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളാണ് ഈ നാടിന്‍െറ അടിസ്ഥാനശില. ജാതിവ്യവസ്ഥയാണ് ഗ്രാമങ്ങളെ നിയന്ത്രിക്കുന്നത്. ആശാരിയായാലും ബാര്‍ബറായാലും ഓരോ തൊഴിലും ഇന്ത്യയില്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്. ഫ്യൂഡലിസം അതിന്‍െറ ഭാഗമാണ്. ജാതിയില്ലെങ്കില്‍ ഉല്‍പാദനമില്ല. അത് തിരിച്ചറിഞ്ഞതാണ് അംബേദ്കറിന്‍െറ മഹത്ത്വം. ഞാനൊരു അംബേദ്കറിസ്റ്റിന്‍െറ മകനാണ്.
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ദലിത് പീഡനങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. നിങ്ങള്‍ മലയാളികളുടെ ഒരു ഐതിഹ്യപഴമയില്‍നിന്നുതന്നെ ഒരു ഉദാഹരണംതരാം. മഹാബലി ചക്രവര്‍ത്തിയുടെ കഥ. അത് ദലിത് ഉന്മൂലനത്തിന്‍െറയും കീഴാളവിരുദ്ധ ബ്രാഹ്മണ ഗൂഢാലോചനയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. മൂന്നടിമണ്ണ് ദാനംചോദിച്ച് വാമനന്‍ ബലിചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നത് ഐതിഹ്യസാക്ഷ്യം. പക്ഷേ, ഇതിന് ചരിത്രപരമായ മാനങ്ങളുണ്ട്. ഒരു കാലത്ത് ഈ നാടിന്‍െറ അവകാശിയായിരുന്ന ദലിതന്‍ എങ്ങനെ ഭൂരഹിതനായി എന്ന് ഈ കഥ നിങ്ങള്‍ക്ക് പറഞ്ഞുതരും. ഇന്ന് നിങ്ങള്‍ കീഴാളരെന്ന് വിളിക്കുന്ന ജനതയായിരുന്നു മണ്ണിന്‍െറ യഥാര്‍ഥ അവകാശികള്‍. ദലിത് ചക്രവര്‍ത്തിയായിരുന്ന ബലിയില്‍നിന്ന് വാമനന്‍ അഥവാ സവര്‍ണഫാഷിസം ആദ്യത്തെ ചുവടില്‍ ഭൂമി അളന്നുവാങ്ങി, രണ്ടാംചുവടില്‍ പ്രകൃതി അളന്നുവാങ്ങി. പിന്നെ മൂന്നാംചുവടില്‍ അവനെത്തന്നെ അളന്നു സ്വന്തമാക്കി. ഇതിനെ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചാല്‍ ഗൂഢാലോചനയുടെ പൊരുള്‍ വ്യക്തമാകും. ആദ്യം കൃഷിഭൂമി, രണ്ടാമത് ജീവിതസാഹചര്യങ്ങള്‍ പിന്നീട്, മൂന്നാമതായി അധികാരം. ദലിതന്‍ ഇങ്ങനെയാണ് നിഷ്കാസിതനായത്. ഒടുവില്‍, അഭയാര്‍ഥിയായി വര്‍ഷത്തിലൊരിക്കല്‍ സ്വന്തം നാടുകാണാന്‍ വരാന്‍ കീഴാളരാജാവിന് സവര്‍ണന്‍െറ ഔാര്യം. ഇതിനെതിരെ  ദലിതര്‍ ശബ്ദമുയര്‍ത്താതിരിക്കാന്‍  ഒടുവില്‍, അനീതിചെയ്തവനെ  ദേവനാക്കി. എല്ലാം വിശ്വാസത്തിന്‍െറ പേരിലാകുമ്പോള്‍ എന്തുമാകാമല്ലോ? ഇത് കഥ, യാഥാര്‍ഥ്യം ഇതിലും ഭീകരമായിരുന്നു. വഞ്ചന, ചതി, അധികാര ദുര്‍വിനിയോഗം, അടിച്ചമര്‍ത്തല്‍. ഇങ്ങനെയാണ് സവര്‍ണരും അധികാരിവര്‍ഗവും ആഗോള മുതലാളിത്തവും ദലിതനെ അടിച്ചമര്‍ത്തിയത്. കഥകളെ കണ്ണുമടച്ച് വിഴുങ്ങാതെ നേരിന്‍െറ ഉരകല്ലില്‍ പരിശോധിക്കണം.
ഐതിഹ്യത്തില്‍നിന്ന് വര്‍ത്തമാനകാല അവസ്ഥയിലേക്ക് വരാം.
* ഈ രാജ്യത്തെ ഏഴുലക്ഷത്തി ലേറെവരുന്ന ഗ്രാമങ്ങളിലേക്ക് ചെല്ലൂ, അപ്പോള്‍ നിങ്ങള്‍ക്കറിയാം ദലിതര്‍ എല്ലായിടത്തും ഭൂരഹിതരും പീഡിതരുമാണ്. എല്ലാ ഗ്രാമങ്ങളിലും അധികാരത്തിന്‍െറ ഒരു ബ്രാഹ്മണിക്കല്‍ ഘടനയുണ്ട്. അതിന്‍െറ മേലത്തേട്ടില്‍ സവര്‍ണര്‍. ഇവരുടെ കൈയിലാണ് ഭൂമിയും സമ്പത്തും. താഴെത്തട്ടില്‍ മൃഗതുല്യമായ ജീവിതവുമായി ദലിതരും. ഈ ജനാധിപത്യവ്യവസ്ഥിതി ദലിതര്‍ക്ക് നല്‍കിയതെന്താണ്? അവഹേളനവും അപമാനവും. ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കിയിട്ട് എന്തായി? ദലിതര്‍ ഇപ്പോഴും ഭൂരഹിതരായിത്തുടരുന്നു. ഇന്ത്യയില്‍ ദലിതര്‍ വോട്ടുചെയ്യനുള്ള യന്ത്രങ്ങള്‍ മാത്രമാണ്.
ദലിതര്‍ക്കായുള്ള ഭൂമി മുഴുവന്‍ ഇടനിലക്കാര്‍ തട്ടിയെടുത്തു. ദലിതര്‍ ഇപ്പോഴും ഭൂമിയില്‍ അടിമകളെപ്പോലെ പണിയെടുക്കുന്നു. വെറും ഭൂമികൊണ്ട് തൃപ്തിപ്പെടുന്നതല്ല ദലിതന്‍െറ അവകാശപ്പോരാട്ടം. ഭൂരിഭാഗം ദലിത് സംഘടനകള്‍ കേവലം ഭൂമിയെന്ന ആവശ്യത്തില്‍ മാത്രം കടിച്ചുതൂങ്ങിനില്‍ക്കുന്നു. ഇവര്‍ ദലിതരുടെ അവകാശങ്ങളെ വിലകുറച്ച് കാണുകയാണ്. കുറച്ച് മണ്ണുകിട്ടിയാല്‍ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരുമോ? ഇല്ല. സാമൂഹികവ്യവസ്ഥയില്‍ അപ്പോഴും നിങ്ങള്‍ അടിമയായി തുടരും. ഭൂമിയുടെ അവകാശം, അധികാരവ്യവസ്ഥയില്‍ മാന്യമായസ്ഥാനം, മനുഷ്യനാണെന്ന പരിഗണന ഇതെല്ലാമാണ് ദലിതര്‍ക്ക് വേണ്ടത്. വിദ്യാഭ്യാസത്തിലൂടെ ദലിതര്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ കഴിയുമെന്ന് അംബേദ്കര്‍ കരുതി. എന്നാല്‍, വിദ്യാഭ്യാസം നേടിയ ദലിതരാകട്ടെ സ്വന്തം ജനതയെവിട്ട് സവര്‍ണര്‍ക്കൊപ്പം കൂടി. അവര്‍ക്ക് തങ്ങള്‍ ദലിതനാണെന്ന് പറയുന്നതുപോലും അപമാനകരമായി.
സാമൂഹികരംഗത്ത് ദലിതരുടെ അവ സ്ഥ എങ്ങനെ നോക്കിക്കാണുന്നു...
* ഏത് മതമെടുത്താലും കൃത്യമായ ദലിത് വിവേചനം കാണാം. ഹിന്ദുമതത്തില്‍നിന്ന് രക്ഷപ്പെട്ടുവന്ന ദലിതരെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു എല്ലാ മതത്തിലെയും പുരോഹിതവിഭാഗം ചെയ്തത്. നിങ്ങള്‍ കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമങ്ങളിലേക്ക് ചെല്ലൂ, അവിടെ ദലിതന് പൊതുകിണറ്റില്‍നിന്നു വെള്ളമെടുക്കാന്‍ കഴിയില്ല, വഴിനടക്കാന്‍ കഴിയില്ല, വിദ്യാഭ്യാസം നേടാന്‍ കഴിയില്ല എന്തിന്, മുണ്ട് മടക്കിക്കുത്താന്‍പോലും കഴിയില്ല. ദലിതന്‍ മരിച്ചാല്‍ പൊതുശ്മശാനങ്ങളില്‍ അടക്കില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ ദലിതര്‍ക്ക് പ്രത്യേക സെമിത്തേരിയുണ്ട്. ദലിത് ക്രിസ്ത്യാനികളെ മറ്റ് ക്രിസ്തീയ വിഭാഗക്കാര്‍ അംഗീകരിക്കില്ല. ദലിതര്‍ക്ക് ഒരാശ്രയമായിരുന്നത് ബുദ്ധമതമായിരുന്നു. എന്നാല്‍, അവിടത്തെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? അമ്പത്തിനാല് ദലിത വിഭാഗങ്ങള്‍ക്ക് മാധികബുദ്ധ, മഹര്‍ബുദ്ധ, മാലബുദ്ധ എന്നിങ്ങനെ അമ്പത്തിനാല് ബുദ്ധ ഉപജാതികളുമുണ്ട്.
ദലിതരുടെ പോരാട്ടവീര്യത്തെ ഇല്ലാതാക്കിയത് ഇവിടത്തെ ക്രിസ്തീയ സഭകളാണ്. ഒരു യഥാര്‍ഥ വിപ്ളവകാരിയായ യേശുവിന്‍െറ അനുയായികളെന്ന് അവകാശപ്പെടുന്ന സഭകള്‍ ദലിതന്‍െറ കൈയിലെ ആയുധംകളഞ്ഞ് അവനെ ഷണ്ഡീകരിച്ചു. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ദൈവത്തോട് യാചിക്കുന്നവനാക്കി. ഭിക്ഷതെണ്ടുന്നവനാക്കി. അവന്‍െറ വിമോചനത്തിന്‍െറ വഴി അവര്‍ അടച്ചുകളഞ്ഞു. അധികാരംനേടലും സ്വയംപര്യാപ്തനാവലും സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് വരുകയുമൊന്നുമല്ല, മറിച്ച്, ജീവിക്കാനായി ദൈവത്തോട് യാചിക്കലാണ് അവന്‍െറ വഴിയെന്ന് ദലിതരെ പഠിപ്പിച്ചു. ‘‘എന്ത് നേടിയെന്ന്?’’ നിങ്ങള്‍ ഏതെങ്കിലും ദലിത് ക്രിസ്ത്യാനിയോട് ചോദിച്ചു നോക്കൂ. അവര്‍ പറയും: ‘‘കുറച്ച് വിശപ്പടങ്ങി, അത്രമാത്രം.’’
ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷപാര്‍ട്ടികള്‍ ദലിതരോട് പുലര്‍ത്തുന്ന സമീപനം എന്താണ്?
* ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷപാര്‍ട്ടികളെ നിലനിര്‍ത്തുന്നത് ദലിതരാണ്. ദലിതരാണ് പാര്‍ട്ടിക്കുവേണ്ടി തല്ലുകൊള്ളുന്നതും ജയില്‍വാസമനുഭവിക്കുന്നതും പിന്നണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ദലിതന്‍െറ വോട്ടുകൊണ്ടാണ് പാര്‍ട്ടി അധികാരസ്വപ്നങ്ങള്‍ കാണുന്നത്. എന്നിട്ട് ദലിതന് തിരിച്ചുകിട്ടിയതെന്താണ്? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ എത്ര ദലിതരുണ്ട്. പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ ആരായിരുന്നു. എന്താ ദലിതരാരും അവിടെ ഇല്ലേ? പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ നയിച്ചതാരാണ്? നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിന്‍െറ കാര്യമെടുക്കാം. ഇവിടെ എത്ര ദലിതര്‍ മന്ത്രിമാരായി, എത്രപേര്‍ മുഖ്യമന്ത്രിമാരായി? ദലിതരെ പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പുകള്‍ മാത്രം നല്‍കി ഒതുക്കുകയല്ലേ.
ജാതി ഇന്ത്യയിലെ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഇത് അവഗണിച്ചുകൊണ്ടുള്ള ഒരു സാമൂഹിക മുന്നേറ്റവും ഇവിടെ സാധ്യമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത് തിരിച്ചറിയുന്നില്ല. ആ പാര്‍ട്ടിയെ നയിക്കുന്നത് സവര്‍ണമനസ്സാണ്. ജാതിയെ നേരിടാനുള്ള വഴികളും വര്‍ഗസമര സിദ്ധാന്തത്തോടൊപ്പം ഉള്‍ച്ചേര്‍ക്കണം. ശ്രീനാരായണ ഗുരു, അംബേദ്കര്‍, ഫൂലെ എന്നിവരുടെ ചിന്തകളും കമ്യൂണിസത്തിന്‍െറ അടിസ്ഥാന പ്രമാണമാക്കണം. ചിലര്‍ ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ദൈവമാക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നു. പ്രതിമകള്‍ സ്ഥാപിക്കുന്നു. ഇത് ഈ ദാര്‍ശനികരുടെ  ചിന്തകളെ കുഴിച്ചുമൂടുന്നതിനു തുല്യമാണ്. ചിലരുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിനുപിറകില്‍
പഴയകാല കമ്യൂണിസ്റ്റ് നേതാക്കള്‍ ജാതിചിഹ്നങ്ങള്‍ ഉപേക്ഷിച്ചിരുന്നല്ലോ? അവരുടെ പരസ്യമായ ജാതി തിരസ്കാരങ്ങള്‍ ഒരളവുവരെ സമൂഹത്തെ സ്വാധീനിച്ചിട്ടില്ലേ?
* ഇ.എം.എസ് പൂണൂല്‍ മുറിച്ചതും സുന്ദരയ്യ തന്‍െറ പേരിലെ ‘റെഡ്ഡി’ മാറ്റിയതുമാണോ നിങ്ങള്‍ ഉദ്ദേശിച്ചത്? ഇതെല്ലാം പാര്‍ട്ടിക്കുവേണ്ടി നടത്തിയ ചില ജനപ്രിയ തട്ടിപ്പുപരിപാടികള്‍ മാത്രമായിരുന്നു. ഇ.എം.എസിലെ ‘നമ്പൂതിരിപ്പാട്’ പിന്നെയും ബാക്കികിടന്നു. സുന്ദരയ്യയുടെ കുടുംബം റെഡ്ഡിമാരായി തുടര്‍ന്നു. ഇവര്‍ ചരിത്രത്തെ സമീപിച്ചത് ദലിതരെ തമസ്കരിച്ചുകൊണ്ടാണ്. ഒരൊറ്റ കമ്യൂണിസ്റ്റ് നേതാവും സ്വയംവിമര്‍ശപരമായി തങ്ങളുടെ നിലപാടുകളെ വിലയിരുത്തിയിട്ടില്ല. ഈ നേതാക്കള്‍ക്കാര്‍ക്കുംതന്നെ ദലിത് വിഷയത്തില്‍ ഒരു ആത്മാര്‍ഥതയുമില്ല. എത്ര ദലിതരെ നേതാക്കളാക്കാന്‍, അധികാരത്തിലെത്തിക്കാന്‍ ഈ നേതാക്കള്‍ ശ്രമിച്ചുവെന്ന് നിങ്ങള്‍ ഇവരുടെ വീരപരിവേഷങ്ങള്‍ മാറ്റിവെച്ച് പരിശോധിച്ചു നോക്കൂ.                                        
ദലിതരോടുള്ള സമീപനത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനംവെച്ചുപുലര്‍ത്തുന്ന സമീപനം എന്താണ്? ഒരു ദലിത് സാമൂഹികപ്രവര്‍ത്തകന്‍ എന്നനിലയില്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
 * നക്സലൈറ്റ് പ്രസ്ഥാനം ഗ്രാമങ്ങളിലേക്കാണ് ചെല്ലുന്നത്. ദരിദ്രരായ ഭൂരഹിതരിലേക്ക്. അവരാണ് ദലിതര്‍. നക്സല്‍പ്രസ്ഥാനം സ്വന്തമാക്കിയതും വളര്‍ത്തിയെടുത്തതും ദലിതന്മാരാണ്. പക്ഷേ, മാവോയിസ്റ്റ് പ്രസ്ഥാനവും ദലിതരെ അവഗണിക്കുകയാണ്. പാര്‍ട്ടിയെ നയിക്കുന്നതും സവര്‍ണ മനസ്സാണ്. ദലിതരുടെ പ്രശ്നങ്ങളില്‍ പാര്‍ട്ടി വേണ്ടവിധത്തില്‍ ഇടപെടുന്നില്ല. ഒരു ദലിതനായ ഞാന്‍ പാര്‍ട്ടിയില്‍ ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് മാവോയിസ്റ്റ് പാര്‍ട്ടി ഭേദമാണ്. നിങ്ങളെല്ലാം അറിയുന്ന ഗദ്ദറെന്ന ഞാന്‍ മരിച്ചാല്‍ ദലിതനായതിനാല്‍ എന്നെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ആരും അനുവദിക്കില്ല. ഞാനിന്നും എന്‍െറ നാട്ടില്‍ തൊട്ടുകൂടാത്തവനാണ്. ഈ നാട്ടിലുള്ള എല്ലാവരുടെയും വയറുനിറക്കാന്‍ കഷ്ടപ്പെടുന്നത് എന്‍െറ ജനതയാണ്. എന്‍െറ സഹോദരങ്ങളുടെ രക്തം കുടിച്ചാണ് ഇവിടത്തെ ജനത വീര്‍ക്കുന്നത്.
ദലിതനുവേണ്ടത് ജനാധിപത്യമോ സായുധസമരമോ?
* ഇവ രണ്ടല്ല. ഒരേ നാണയത്തിന്‍െറ രണ്ടു വശങ്ങളാണ്. ദുര്‍ബലന്‍െറ പ്രതിരോധതന്ത്രം ആയുധമാണെന്നത് പ്രകൃതിയുടെ നിയമമാണ്. ഭൂമിയിലെ എല്ലാ ജീവികള്‍ക്കും പ്രതിരോധത്തിനുള്ള സംവിധാനമുണ്ട്.
ഇതുതന്നെയാണ് മനുഷ്യന്‍െറ കാര്യത്തിലും. കര്‍ഷകന്‍െറ കൈയില്‍ ആയുധമുണ്ട്. കൃഷിക്കുപയോഗിക്കുന്ന ആയുധം അവന്‍െറ സ്വരക്ഷക്കുകൂടി  ഉപയോഗിക്കാം. തെങ്ങുകയറാന്‍ പോകുന്നവന്‍െറ കൈയില്‍ കത്തിയുണ്ട്. അവന് ശത്രുക്കളെ നേരിടാനും അത് ഉപയോഗിക്കാം.  ആദ്യം വേണ്ടത് മാനസികമായി സായുധനാകുക എന്നതാണ്. ചൂഷണം ചെയ്യുന്നവനെ നേരിടാനും അനീതിയെ ചെറുക്കാനും അവന്‍ മനോധൈര്യം നേടിയെടുക്കണം. പിന്നെ ആയുധം.
*****
‘വഴിതെറ്റിയ
വിപ്ളവ മാര്‍ഗങ്ങള്‍ക്ക് ക്ഷോഭത്തിന്‍െറ തിരുത്ത്’
എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
   എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
   ആര്‍ക്കുവേണ്ടി പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
   അതോ, പോരാട്ടമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ?
   എങ്കിലറിയുക, നിങ്ങള്‍ വെറും അടിമകള്‍ മാത്രമാണെന്ന്.’’
ഒരോര്‍മപ്പെടുത്തല്‍പോലെ ഗദ്ദര്‍ പാടി. ആ പാട്ടിനെക്കുറിച്ച് എത്ര എഴുതിയാലും അതിന്‍െറ കരുത്തിനെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നതിന് പരിമിതിയുണ്ട്. അത് ഗദ്ദറില്‍നിന്ന് നേരിട്ട് കേള്‍ക്കുകതന്നെ വേണം. വന്മരങ്ങളെ കടപുഴക്കി ആഞ്ഞുവീശുന്ന    കൊടുങ്കറ്റിന്‍െറ പ്രചണ്ഡതപോലെ. തീക്ഷ്ണവും തീവ്രവുമായ സ്വരം, അടിമുടി ഉലയ്ക്കുന്ന താളം, മനസ്സിന്‍െറ ആഴങ്ങളിലേക്ക് തുളഞ്ഞുകയറുന്ന വരികള്‍, ചിന്തകളെ വിടാതെ വേട്ടയാടുന്ന അര്‍ഥതലങ്ങള്‍. ലളിതം...ഘനഗംഭീരം. Easy to listen but hard to ignore.  വാക്കിന്‍െറ മഹാവര്‍ഷം തീര്‍ന്നപ്പോള്‍ ഞാന്‍ ഗദ്ദറിനോട് ഒരാഗ്രഹമറിയിച്ചു. ‘‘ഗദ്ദറിന്‍െറ തനതു രീതിയില്‍ രണ്ടുവരി പാടാമോ?’’ ഉറക്കെ ചിരിച്ചുകൊണ്ട് ഗദ്ദര്‍ അടുത്ത മുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞു ഗദ്ദറും രണ്ടുപേരും വന്നു. ഗദ്ദര്‍, കുപ്പായത്തിനുമേലെ ചുവന്ന കരയുള്ള  ഒരു കറുത്ത കമ്പിളിപ്പുതപ്പ് ഒരു തോളിലൂടെ ഇട്ടിരുന്നു. കഴുത്തില്‍ വെളുത്ത വരയുള്ള  ഒരു ചുവന്നമുണ്ട് ചുറ്റിയിരുന്നു. കൈയില്‍ മുളവടിയില്‍ കെട്ടിയ ഒരു ചെങ്കൊടി. കാലില്‍ ചിലങ്ക. ഈ വേഷമണിഞ്ഞാണ് ഗദ്ദര്‍ പരിപാടികള്‍ അവതരിപ്പിക്കുക.
ഗോലദോത്തി എന്ന് വിളിക്കപ്പെടുന്ന ഈ വേഷം ആന്ധ്രയുടെ ഗോത്രസ്മൃതികളുടെ വീണ്ടെടുപ്പാണ്. തെലുങ്കാനയിലെ ഇടയന്‍െറ രൂപഭാവം. ആദി സംസ്കൃതിയുടെ ചരിത്രപ്പഴമകളിലേക്കുള്ള തിരിച്ചുപോക്ക്. തപ്പും തുടിയും ആ ഇടയഗാനത്തിന് താളമൊരുക്കും. ആറും ഏഴും മണിക്കൂറുകളോളം പാടിയും ഏറ്റുപാടിച്ചും ഗദ്ദറെന്ന ഇടയന്‍ ലക്ഷക്കണക്കിന് ആളുകളെ സായുധവിപ്ളവത്തിലേക്ക് വഴിനടത്തുന്നു. ‘‘വിപ്ളവം ഒരു വലിയ സ്വപ്നമാണ്. ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നം. നാളുകള്‍ കഴിയുംതോറും വിപ്ളവകാരിയുടെ ലക്ഷ്യങ്ങള്‍ വര്‍ധിച്ചുവരുകയാണ്. വിമോചനമെന്നത് ഒറ്റ ലക്ഷ്യത്തിലൊതുങ്ങുന്നില്ല. ഈ ചെങ്കൊടിയുടെ ചുവപ്പ് അതു നെയ്ത തുണിയിലല്ല. ആ ചെങ്കൊടി വിടാതെ മുറുക്കി പിടിക്കുന്നവന്‍െറ നെഞ്ചിലാണുള്ളത്. ഞാന്‍ മരിച്ചാലും എന്‍െറ പാട്ട് നിലക്കില്ല. അത് ആന്ധ്രയുടെ ഗ്രാമങ്ങള്‍തോറും സഞ്ചരിക്കും. ആന്ധ്രയുടെ അതിരുകള്‍ക്കപ്പുറം അടിച്ചമര്‍ത്തപ്പെടുന്നവന്‍െറ ദേശങ്ങളിലേക്ക് അത് ചെല്ലും. വിപ്ളവത്തിനായി അവരെ മുട്ടിവിളിക്കും’’, പാട്ടുതീര്‍ന്നപ്പോള്‍ മുളന്തണ്ടിലെ ചെങ്കൊടി നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഗദ്ദര്‍ പറഞ്ഞു.            
ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷപാര്‍ട്ടികളുടെ ചെങ്കൊടിയിലെ ചുവപ്പ് ചോര്‍ന്നുപോയതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?
* അവര്‍ക്കെന്ത് ചെങ്കൊടി. എന്ത് ചുവപ്പ്. ജനങ്ങള്‍ ഇവരെ തള്ളിക്കളഞ്ഞുകഴിഞ്ഞില്ലേ. തെലുങ്കാന സമരത്തിന് തൊട്ടുപിറകെനടന്ന 1952ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ 29 എം.പിമാരില്‍ 17 എണ്ണം ആന്ധ്രയില്‍നിന്നായിരുന്നു. നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 85ഉം കോണ്‍ഗ്രസിന് 84 ഉം എന്ന നിലയിലായിരുന്നു അംഗബലം. ഇപ്പോഴത്തെ അവസ്ഥ എന്താണ്? പാര്‍ട്ടിക്ക് ജനകീയ അടിത്തറ നഷ്ടമായില്ലേ. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ട് പോയപ്പോള്‍ ജനങ്ങള്‍ അവരെ തമസ്കരിച്ചു. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം പിന്‍വലിക്കുകയും സായുധസമരങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ പ്രതീക്ഷയില്ലാതായി. റഷ്യന്‍ വിപ്ളവ മാര്‍ഗംവേണോ? ചൈനീസ് വിപ്ളവ പാതവേണോ? എന്ന ആശങ്കയിലാണ് അവര്‍. എന്നാല്‍, ഇന്ത്യന്‍ സാഹചര്യങ്ങളെന്താണെന്ന് അവര്‍ ചിന്തിക്കുന്നില്ല. 1964ലെ പിളര്‍പ്പ്, നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം, ശക്തമായ പാര്‍ലമെന്‍ററി വ്യാമോഹങ്ങള്‍, പണാധിപത്യം, വലതുപക്ഷവത്കരണം എന്നിങ്ങനെ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണങ്ങള്‍ അനവധിയാണ്. ഇപ്പോള്‍ സായുധവിപ്ളവവുമില്ല, തെരഞ്ഞെടുപ്പു ജയവുമില്ല. തൊഴിലാളികളെയും കൃഷിക്കാരെയും മുന്‍നിര്‍ത്തി ഇപ്പോള്‍ കച്ചവടമാണ് നടക്കുന്നത്. എ.കെ.ജി ഭവന്‍ ഒരു കോര്‍പറേറ്റ് കമ്പനിയുടെ ആസ്ഥാനമായി. 
ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് സി.പി.എം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ്. ഒരു പ്രധാന വിമര്‍ശം നവ നേതൃത്വത്തിന് മുന്‍തലമുറയെ അപേക്ഷിച്ച് വേണ്ടത്ര സമരപാരമ്പര്യമില്ല എന്നതാണ്.  ഒട്ടേറെ പഴികേള്‍ക്കുന്ന ആളാണ് പ്രകാശ്കാരാട്ട്. എന്താണ് താങ്കളുടെ വിലയിരുത്തല്‍?
* ഇടതുപക്ഷമെന്നാല്‍ ഹൃദയ ത്തിന്‍െറ പക്ഷമെന്ന് പൊതുവെ പറയാറുണ്ട്. ഇടതുപക്ഷത്തെ ഏത് പാര്‍ട്ടിയായിരുന്നാലും മനുഷ്യന്‍െറ വേദനകളുടെ അര്‍ഥം മനസ്സിലാക്കാന്‍ ആ പാര്‍ട്ടികള്‍ക്ക് കഴിയും എന്നാണ് ധാരണ. എന്നാല്‍, ഇന്ന് ഇവര്‍ക്ക് ഒരു പക്ഷമേ ഇല്ലാതായി. വോട്ടുചോദിച്ച് യാചിക്കാന്‍ ഇറങ്ങിയതോടെ ദര്‍ശനമില്ലാതായി. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയുംപോലെ വെറുമൊരു തെരഞ്ഞെടുപ്പ്പാര്‍ട്ടി മാത്രമാണ് ഇന്ന് സി.പി.എം. വല്യേട്ടന്‍െറ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? ഏതോ പഴയകാല പ്രൗഢിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ആളൊഴിഞ്ഞ രാവണന്‍കോട്ട മാത്രമാണ് ഇന്ന് സി.പി.എം. അത് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. ഈ രാവണന്‍കോട്ടയിലെ നിധികുംഭങ്ങള്‍ക്ക് കാവലിരിക്കുന്നവരാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെല്ലാം. നാടിന്‍െറ നെഞ്ചിടിപ്പറിയുന്ന, മണ്ണിന്‍െറ മനസ്സറിയുന്ന, വിയര്‍പ്പിന്‍െറ വിലയറിയുന്ന എത്ര നേതാക്കള്‍ ഇന്ന് ഇടതുപക്ഷത്തുണ്ട്.
കുടുംബം നശിച്ചാല്‍ അതിന്‍െറ ഉത്തരവാദിത്തം കുടുംബനാഥനാണ്. പാര്‍ട്ടിനശിച്ചാല്‍ അതിന്‍െറ  ഉത്തരവാദിത്തം നേതൃത്വത്തിനും. ധന മോഹമാണ് പാര്‍ട്ടിയെ നയിക്കുന്നത്. ഇന്നത്തെ സി.പി.എം നേതൃത്വം ആഗോള മുതലാളിത്തവുമായി സന്ധിചെയ്തവരാണ്. പാര്‍ട്ടിയെ കൂടുതല്‍ വലതുപക്ഷത്തേക്ക് അടുപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവരെ നേതാക്കള്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ സി.ഇ.ഒ കള്‍ എന്ന് വിളിക്കുന്നതാണ് ഉചിതം. പക്ഷേ, അങ്ങനെ നോക്കിയാലും കാരാട്ട് ഒരു പരാജയപ്പെട്ട സി.ഇ.ഒ ആണ്. അണികള്‍ അനുദിനം ആ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോവുകയാണ്. തിരിച്ചറിവുള്ള ഒരു ദലിതനും സി.പി.എമ്മിനൊപ്പം നില്‍ക്കില്ല. ഇന്ത്യയിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ സംഭാവനകള്‍ തിരിച്ചറിയാത്തവരാണ് ഇന്ത്യന്‍ വിപ്ളവത്തെ നയിക്കുന്നത്.
കേരളത്തിലെ ഇപ്പോഴത്തെ സി. പി.എം നേതൃത്വത്തെ അറിയുമോ?
* വാര്‍ത്തകളിലൂടെ അറിയാം. ചില പേരുകള്‍ കേട്ടിട്ടുണ്ട് അത്ര മാത്രം.
കേരളത്തിലെ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വവുമായുണ്ടായ ആശയപരമായ ഭിന്നതകളുടെ പേരില്‍ പാര്‍ട്ടിവിട്ട ടി.പി. ചന്ദ്രശേഖരന്‍ എന്ന നേതാവിന്‍െറ മൃഗീയ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.
* ഏത് യുദ്ധത്തിനും ഒരു നീതിയുണ്ട്. അത് ലംഘിച്ചാല്‍ നിങ്ങള്‍ ജനഹൃദയത്തില്‍നിന്ന് തമസ്കരിക്കപ്പെടും.
എങ്കില്‍ എവിടെയാണ് ഇടതുപക്ഷത്തിന് തെറ്റുപറ്റിയത്?
* ആശയപരമായ ഒരു വലിയ പൊള്ളത്തരം അവര്‍ക്കുണ്ട്. ധൈഷണികമായ ഒരു തകര്‍ച്ച അവരിലുണ്ട്. സവര്‍ണ ബ്രാഹ്മണിക്കല്‍ മനസ്സാണ് ഇടതുപക്ഷത്തിനുള്ളത്. മാര്‍ക്സിസത്തെ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തുന്നതില്‍തന്നെ ഒരു വലിയ ദലിത് വിരുദ്ധ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഉന്നതകുലജാതരായ നേതാക്കളാണ് കമ്യൂണിസത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കിയത്. ചാതുര്‍വര്‍ണ്യം ഇന്ത്യയിലെ പൊള്ളുന്ന ഒരു യാഥാര്‍ഥ്യമാണ്. ജാതിവ്യവസ്ഥയെ പാര്‍ട്ടി അവഗണിച്ചു. അതോടെ ദലിതന്‍ പാര്‍ട്ടിയുടെ അടിമയായി.     
അണ്ണാ ഹസാരെയുള്‍പ്പെടെയുള്ളവരുടെ അഴിമതിവിരുദ്ധസമരങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
* രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അഴിമതിക്കെതിരെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. ഇതെല്ലാം ചെപ്പടി വിദ്യകള്‍മാത്രം. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍െറ ആഘോഷം. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിനെ വീഴ്ത്തുമെന്ന് അണ്ണാ ഹസാരെ പറഞ്ഞിട്ട് ഒടുവില്‍ എന്തുസംഭവിച്ചു. അവര്‍ സര്‍ക്കാറുമായി സന്ധിചെയ്തു.    
പൊതുസമൂഹത്തിലെ ഇടതുപക്ഷത്തിന്‍െറ ഇടമാണ് ഇതിലൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അഴിമതി വിരുദ്ധസമരങ്ങള്‍ ഏറ്റെടുക്കേണ്ടതും മുന്നില്‍നിന്ന് നയിക്കേണ്ടതും ഇടതുപക്ഷമായിരുന്നു. ഈ തിരിച്ചറിവ് ഇടതുനേതൃത്വത്തിനില്ലാതെപോയി. അല്ലെങ്കില്‍ അറിഞ്ഞിട്ടും തിരുത്താതെപോയി.

ശ്രീകാകുളത്തിന്‍െറ ചുവന്ന സൂര്യന്‍

‘‘നക്സല്‍ബാരി ബിഡല
  ഞായനികി ഗുര്‍ത്തുലാം
  ........................................
 ഞാന്‍ നക്സല്‍ബാരിയുടെ മകനാണ്.
 നീതിയുടെ ചിഹ്നമാണ്. ചൂഷണത്തിന് എതിരാണ്.
 സത്യത്തിന്‍െറ സഹോദരനാണ്.
 ഞാന്‍  രക്തപതാകയേന്തി സമരം നയിക്കുന്നു.’’
    
‘‘ഗദ്ദറിന്‍െറ പാട്ടുകള്‍ നിലക്കാത്ത വൈദ്യുതിപ്രവാഹംപോലെയാണ്. ഓരോ വരികളിലും ഒളിപ്പിച്ചുവെച്ച ഊര്‍ജകണങ്ങള്‍ നമ്മുടെ ഉള്ളില്‍ സ്ഫോടനങ്ങള്‍ തീര്‍ക്കും. സിരകളില്‍ രക്തം തിളച്ചുപൊന്തും. പിന്നെ, പോരാട്ടമല്ലാതെ നിങ്ങള്‍ക്കുമുന്നില്‍ മറ്റൊന്നും അവശേഷിക്കില്ല...’’ അനുയായികള്‍ ‘വി.വി’ എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന വിപ്ളവകവിയും മാവോയിസ്റ്റ് അനുഭാവിയുമായ വരവരറാവു പറയുന്നു. കമ്യൂണിസ്റ്റ് സ്വപ്നവും വിമോചനമോഹങ്ങളും ഇന്നും  കാത്തുസൂക്ഷിക്കുന്ന വരവരറാവുവും ഗദ്ദറും തമ്മിലുള്ളത് സമരതീക്ഷ്ണതകളുടെ തീയില്‍ കുരുത്ത സൗഹൃദം. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിനുവേണ്ടി സര്‍ക്കാറുമായുള്ള സന്ധിസംഭാഷണങ്ങളില്‍ പങ്കെടുക്കാറ് ഗദ്ദറും വരവരറാവുവും ‘ജി.കെ’ എന്ന് വിളിക്കുന്ന ജി. കല്യാണറാവുവുമാണ്. 2005ല്‍ കല്യാണറാവുവിന്‍െറയും ഗദ്ദറിന്‍െറയും നിലപാടുകളെ വിമര്‍ശിച്ച് വരവരറാവു മാവോയിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രാമകൃഷ്ണക്ക് കത്തയച്ചുവെന്ന വിവാദം ഏറെ ചര്‍ച്ചക്ക് വഴിവെച്ചു. ഒടുവില്‍, വിശദീകരണവും ഗദ്ദറിനോടുള്ള ക്ഷമാപണവുമായി വരവരറാവുതന്നെ രംഗത്തെത്തി.  ‘‘തങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാറും മുഖ്യധാരാ മാധ്യമങ്ങളും ഗൂഢാലോചനനടത്തി’’  എന്നായിരുന്നു ഗദ്ദറിന്‍െറ നിലപാട്. വരവരറാവുവിന്‍െറ അറസ്റ്റില്‍ പ്രതിഷേധിച്ച് ഗദ്ദര്‍ ശക്തമായ സമരങ്ങള്‍ നടത്തി.
‘‘ശ്രീകാകുളം സമരത്തിന്‍െറ സന്തതിയാണ് ഞാന്‍. എന്‍െറ തപ്പിനും തുടിക്കും താളത്തിനും പറയാനുള്ളത് പട്ടിണിയുടെയും പോരാട്ടത്തിന്‍െറയും കഥകളാണ്...’’അലക്ഷ്യമായി വീണുകിടക്കുന്ന വെള്ളമുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ഗദ്ദര്‍ പറഞ്ഞു. ഗദ്ദര്‍ എന്നത് ഒരു വ്യക്തിയുടെയോ കലാകാരന്‍െറയോ പേര്‍ എന്നതിനപ്പുറം മറ്റുപലതുമാണ്. സംഘര്‍ഷഭരിതമായ അധ്യായങ്ങള്‍ നിറഞ്ഞ ഒരു സമരചരിത്രമാണ്. വിപ്ളവത്തെക്കുറിച്ച് പറയുമ്പോഴുള്ള വാചാലത വ്യക്തിജീവിതത്തെക്കുറിച്ചാകുമ്പോള്‍ നിസ്സംഗതയിലേക്ക് ഇടര്‍ന്നുമാറുന്നു. ‘‘നേനു വിപ്ളവനൗക... അന്തതാ... ഞാന്‍ ജനകീയവിപ്ളവത്തിന്‍െറ പടക്കപ്പലാണ്...അത്രമാത്രം.’’ ലോകം തനിക്ക് ചാര്‍ത്തിനല്‍കിയ വീരപരിവേഷങ്ങളെയെല്ലാം സ്നേഹപൂര്‍വം അടര്‍ത്തിമാറ്റി, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ചെറുത്തുനില്‍പിന്‍െറയും പോരാട്ടത്തിന്‍െറയും പര്യായമായ തന്‍െറ ജീവിതത്തെ ഗദ്ദര്‍ ഒറ്റവരിയിലൊതുക്കി.
1949ല്‍ ആന്ധ്രയിലെ മേഥക്ക് ജില്ലയിലെ തൂപ്രാന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ശേഷയ്യയ്യുടെയും ലാച്ചുമമ്മയുടെയും ഇളയ മകനായി ജനനം. ഒരു ദരിദ്ര ദലിത് കര്‍ഷക കുടുംബമായിരുന്നു അവരുടേത്. മഹാരാഷ്ട്രയില്‍ കല്‍പ്പണിക്കാരനായിരുന്ന ശേഷയ്യക്ക് അംബേദ്കര്‍ എന്നും അടങ്ങാത്ത ആവേശമായിരുന്നു. ഓര്‍മയുറയ്ക്കുന്നതിന് മുമ്പേ തുടങ്ങിയിരുന്നു ഗദ്ദറും ജാതി വിരുദ്ധപോരാട്ടവും തമ്മിലുള്ള ബന്ധം. ശേഷയ്യ മകനുനല്‍കിയ വിറ്റല്‍റാവുവെന്ന പേരില്‍പോലും ഒരു ജാതിവിരുദ്ധത നിറഞ്ഞിരുന്നു. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തുന്നവരോടുള്ള വെല്ലുവിളിയും പ്രതിഷേധവുമായാണ് ശേഷയ്യ മകന് വിറ്റല്‍റാവുവെന്ന സവര്‍ണനാമം നല്‍കിയത്. സവര്‍ണന്‍െറ കുലമഹിമാചിഹ്നങ്ങളെ ശേഷയ്യ ചോദ്യംചെയ്തു. ഒപ്പം, ശ്വസിക്കുന്ന വായുവില്‍പോലും ജാതിതിരയുന്ന വര്‍ണവെറിയന്മാര്‍ക്കിടയില്‍ പേരുകൊണ്ടെങ്കിലും തന്‍െറ മകന്‍ സുരക്ഷിതനായിരിക്കട്ടെ എന്ന് ആ അച്ഛന്‍ കരുതിയിരിക്കാം.     സ്കൂളിലെത്തിയ ആദ്യനാള്‍ മുതല്‍ ജാതിയുടെ പേരിലുള്ള പീഡനങ്ങള്‍ക്ക് വിറ്റലിന്‍െറ ജീവിതം വേദിയായി. അവന്‍െറ പേരുകേട്ട് അസഹിഷ്ണുക്കളായ അധ്യാപകര്‍ പേരിലെ ‘റാവു’എന്ന സവര്‍ണചിഹ്നം അറുത്തുമാറ്റി വിറ്റല്‍ എന്നു മാത്രമാക്കി. ജാതിയുടെ പേരിലുള്ള പീഡനങ്ങള്‍ അനുദിനം കൂടിവന്നു.
പഠനത്തില്‍ മിടുക്കനായ വിറ്റലിന്‍െറ കഴിവുകളെ ‘ദലിതന് ബുദ്ധിയുണ്ടാകരുതെന്ന’ വരട്ടുവാദത്തിന്‍െറ പേരില്‍ എല്ലാവരും  കണ്ടില്ലെന്ന് നടിച്ചു. ജാതിക്കോമരങ്ങളായ അധ്യാപകരും സഹപാഠികളും അവനുചുറ്റും ഉറഞ്ഞുതുള്ളി. ദാരിദ്ര്യം, ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ എന്നിവ ഉള്ളിലൊതുക്കി അവന്‍ ബാല്യം പിന്നിട്ടു. വിശപ്പുമറക്കാന്‍ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. അക്ഷരങ്ങളും അച്ഛന്‍ പകര്‍ന്നുതന്ന അംബേദ്കര്‍ ചിന്തകളും അവന്‍െറ ചിറകുകള്‍ക്ക് കരുത്തുപകര്‍ന്നു. ശേഷയ്യ മക്കള്‍ക്ക്  മറാത്തി പാട്ടുകള്‍ പാടിക്കൊടുക്കുമായിരുന്നു. അതിനിടെ, കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്ന അച്ഛന്‍ മരിച്ചു. പറക്കമുറ്റാത്ത അഞ്ചു മക്കളെയും ചേര്‍ത്തുപിടിച്ച് ലാച്ചുമമ്മ ജീവിതത്തിന്‍െറ കഠിനവഴികള്‍ താണ്ടി. തളരാതെ, കൂലിവേലചെയ്ത് കുടുംബംപോറ്റി. ഗദ്ദറിന് അമ്മ എന്നും ഉള്ളുപിടഞ്ഞ് കത്തുന്നൊരോര്‍മയാണ്. ജനങ്ങളെ വാക്കുകൊണ്ടും താളംകൊണ്ടും തന്നിലേക്ക് അടുപ്പിക്കുന്ന മാന്ത്രികവിദ്യ ഗദ്ദര്‍ പഠിച്ചത് അമ്മയില്‍നിന്നാണ്. വെടിയേറ്റുവീണാലും തളരാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള  ഇച്ഛാശക്തിയും ഇരട്ടച്ചങ്കും ഗദ്ദറിലെത്തിയത് അമ്മയിലൂടെ. ‘‘എന്‍െറ അമ്മ...ലാച്ചുമമ്മ ...അമ്മയാണെനിക്കെല്ലാം. എന്‍െറ ചുണ്ടിലെ പാട്ട്, എന്‍െറ നെഞ്ചിലെ രോഷം, എന്‍െറ കൈയിലെ ചെങ്കൊടിച്ചുവപ്പ്...എല്ലാം അമ്മതന്നതാണ്. കുട്ടിക്കാലത്ത് വിശന്നുതളരുമ്പോള്‍ അമ്മ എന്നെ മടിയിലിരുത്തി പാട്ടുകള്‍ പാടിത്തരും. നാട്ടുതാളങ്ങളിലുള്ള പാട്ടുകള്‍. ഓരോ പാട്ടിനും അമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥക്കനുസരിച്ചുള്ള ഓരോ ഭാവമാണ്. മിക്കപ്പോഴും ശോകം. ചിലപ്പോള്‍ വരികളൊന്നുമുണ്ടാകില്ല. വെറും മൂളല്‍ മാത്രമായിരിക്കും. അമ്മയുടെ വരണ്ട തൊണ്ടയില്‍നിന്ന് രക്തമിറ്റുന്ന വരികള്‍ വേദനയോടെ പുറത്തേക്ക് വരും. ഒപ്പം കണ്ണീരും. ഓര്‍മകള്‍ക്ക് മങ്ങലുകള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നുറപ്പാണ്, ആ പാട്ടുകള്‍ ചെന്നെത്തിയിരുന്നത് എന്‍െറ കാതിലായിരുന്നില്ല, നെഞ്ചിലായിരുന്നു. അങ്ങനെയുള്ള ഒരമ്മയുടെ മകന്‍ ഒരിടത്തും തളരില്ല.’’ മുഖം രണ്ടു കൈകള്‍കൊണ്ടും അമര്‍ത്തിത്തുടച്ച് ഗദ്ദര്‍ ഓര്‍മകള്‍ക്ക് ഒരര്‍ധവിരാമമിട്ടു. മാതൃസ്മൃതികളുടെ മാസ്മരികവലയം ഒരു നേര്‍ത്ത താരാട്ടുപോലെ മനസ്സിനെ തൊട്ടുനിന്നു. വിപ്ളവത്തിനുവേണ്ടിയും മണ്ണിനുവേണ്ടിയും തെലുങ്കാനക്കുവേണ്ടിപാടിയപ്പോഴും അതിലെല്ലാം അമ്മയെന്ന ആഴക്കടലിന്‍െറ അടങ്ങാത്ത അലമാലകളുണ്ടായിരുന്നു.      
1968ല്‍ ഗദ്ദര്‍ എച്ച്.എസ്.സി പരീക്ഷ പാസായി. ആ സ്കൂളില്‍ എച്ച്.എസ്.സി പാസാകുന്ന ആദ്യ ദലിത് വിദ്യാര്‍ഥി. പിന്നീട്, പ്രീ യൂനിവേഴ്സിറ്റി പരീക്ഷ 77  ശതമാനം മാര്‍ക്കോടെ പാസായി. തുടര്‍ന്ന്, ഉസ്മാനിയ സര്‍വകലാശാലക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളജില്‍ ബി.ഇക്ക് ചേര്‍ന്നു. എന്നാല്‍, വീട്ടിലെ സ്ഥിതി അനുദിനം വഷളായി വന്നു. അങ്ങനെ ബി.ഇ പഠനം പാതി വഴിയിലുപേക്ഷിച്ച് അന്നന്നത്തെ അന്നത്തിനായുള്ള വഴിതേടാന്‍ തുടങ്ങി. പഠനം പൂര്‍ത്തിയാക്കാത്തവന്‍െറ മുന്നില്‍ കുടുംബത്തിന്‍െറ മുഴുവന്‍ ഭാരവും പേറാന്‍പറ്റുന്നൊരു  തൊഴില്‍ കണ്ടെത്തുകയെന്ന സ്വപ്നം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു. അലച്ചിലുകള്‍ക്കൊടുവില്‍ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിനുകീഴില്‍ പൊതുജനസമ്പര്‍ക്ക പരിപാടി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഇതിനായി ‘ബാബുജി ബുരകഥാ പാര്‍ട്ടി’  എന്നൊരു കലാസംഘമുണ്ടാക്കി. ഒരു അവതരണത്തിന് 75 രൂപയായിരുന്നു പ്രതിഫലം. കഷ്ടിച്ച് കാര്യങ്ങള്‍ നടക്കും  എന്ന അവസ്ഥ. എങ്കിലും, ആളുകളുമായി നിരന്തരം സംവദിക്കാനും ആള്‍ക്കൂട്ടത്തിന്‍െറ മന$ശാസ്ത്രം മനസ്സിലാക്കാനും ആ ജോലിയിലൂടെ കഴിഞ്ഞു. പക്ഷേ, ആ തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ പൊതുജനസമ്പര്‍ക്ക പരിപാടിക്കൊപ്പം മറ്റ് പണികളുമെടുത്തു.  ഇത് തൊഴിലാളിജീവിതങ്ങളെ അടുത്തറിയാന്‍ ഗദ്ദറിനെ സഹായിച്ചു.
1969ല്‍ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള സമരം നടന്നപ്പോള്‍ അതില്‍ പങ്കാളിയായാണ് ഗദ്ദര്‍ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുന്നത്. സമരപ്രചാരണത്തിനായി ഗദ്ദറും സുഹൃത്തുക്കളും ചേര്‍ന്ന് ‘തെലുങ്കാന ഗോല സുന്ധലു’എന്നപേരില്‍ ഒരു ബുരകഥാ സംഘമുണ്ടാക്കി ഗ്രാമങ്ങള്‍തോറും സഞ്ചരിച്ചു. പിന്നീട്, ബി. നരസിംഹറാവുവിന്‍െറ ആര്‍ട്ട് ലവേഴ്സ് അസോസിയേഷനിലൂടെ  ഗദ്ദര്‍ തന്‍െറ രാഷ്ട്രീയ- കലാപ്രവര്‍ത്തനം ശക്തമാക്കി. അസോസിയേഷനുവേണ്ടി തയാറാക്കിയ ‘‘അപുരോ റിക്ഷ...’’ എന്ന ഗാനമാണ് ഗദ്ദറിനെ ഏറെ ജനപ്രിയനാക്കിയത് ( ഈ പാട്ട് പിന്നീട് ബി. നരസിംഹറാവു തന്‍െറ റിക്ഷക്കാരെക്കുറിച്ചുള്ള സിനിമയില്‍ ഉള്‍പ്പെടുത്തി ). ഈ പാട്ട് വന്‍ ഹിറ്റായതോടെ ഗദ്ദറിന്‍െറ പാട്ടുകള്‍ സമാഹരിച്ച് ഒരു പുസ്തകമിറക്കാന്‍ ബി. നരസിംഹറാവു തീരുമാനിച്ചു. ഈ പുസ്തകത്തിലാണ് ഗദ്ദര്‍ എന്ന പേര്‍ ആദ്യമായി ഉപയോഗിച്ചത്. ബ്രിട്ടീഷുകാരോട് പോരാടിയ ഗദ്ദര്‍ പാര്‍ട്ടിയോടുള്ള ബഹുമാനസൂചകമായി. ഗദ്ദര്‍ എന്നത് ഒരു പഞ്ചാബി വാക്കാണ്. ഹര്‍ദയാല്‍ സിങ് സ്ഥാപിച്ച ഈ പാര്‍ട്ടിയില്‍ ഭഗത്സിങ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിരുന്നു. വിറ്റല്‍റാവുവില്‍നിന്ന് ഗദ്ദറിലേക്കുള്ള പരിണാമം ഒരു ചരിത്രനിയോഗമായിരുന്നു. ബുദ്ധന്‍, അംബേദ്കര്‍, മാര്‍ക്സ്, ലെനിന്‍, മാവോ, ഭഗത്സിങ്, ഫൂലെ, ശ്രീനാരായണഗുരു എന്നീ ചിന്തകളെ നാടോടിപാരമ്പര്യവുമായി ഇഴചേര്‍ക്കുകയായിരുന്നു ഗദ്ദര്‍.   
പിന്നീട്, ബി. നരസിംഹറാവുവഴിയാണ് ഗദ്ദര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുന്നതും നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തുന്നതും. 1969 -70 കാലഘട്ടത്തിലാണ് ആന്ധ്രയുടെ ചരിത്രത്തില്‍ നിര്‍ണായകമായ ശ്രീകാകുളം സമരം നടക്കുന്നത്. ‘‘എന്‍െറ രാഷ്ട്രീയത്തിന്‍െറ ദിശ നിര്‍ണയിച്ചത് ശ്രീകാകുളം സമരമാണ്. വെമ്പട്ടുസത്യം, ആദിപട്ട കൈലാസം എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീകാകുളം ജില്ലയിലെ കര്‍ഷകരുടെ സായുധപോരാട്ടം നടന്നത്. എന്‍െറയുള്ളിലെ വിപ്ളവനാമ്പുകളെ വളര്‍ത്തിയെടുത്തത് ഈ സമരമാണ്. ശ്രീകാകുളത്തിലൂടെ ഞാന്‍ മാര്‍ക്സിസത്തെ അറിഞ്ഞു. തൊഴിലാളിവര്‍ഗ സിദ്ധാന്തങ്ങളെ അറിഞ്ഞു. സായുധസമരത്തെയറിഞ്ഞു. ‘‘ഉള്ളില്‍ ഒരു മഹാഗ്നിക്ക് തുടക്കമിട്ട ആ തീപ്പൊരിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഗദ്ദറിന്‍െറ കണ്ണുകള്‍ ജ്വലിച്ചു. തെലുങ്കാനസമരത്തിന്‍െറയും ശ്രീകാകുളം പോരാട്ടത്തിന്‍െറയും ചോരവീണ ചുവന്നമണ്ണിലാണ് ഗദ്ദറെന്ന പൂമരം ഉയര്‍ന്നത്. പിന്നീട് ഗദ്ദറിന് കനറാ ബാങ്കില്‍ ജോലികിട്ടിയെങ്കിലും വിപ്ളവം എന്ന വലിയ സ്വപ്നത്തിനായി അത് ഉപേക്ഷിച്ചു. ഭാര്യ വിമലയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. മകന്‍ സൂര്യഡു, മകള്‍ വെണ്ണിലാ. മറ്റൊരു മകനുണ്ടായിരുന്നത് ( ചന്ദ്രഡു ) മരിച്ചു. 
****
ഗ്രാമീണകര്‍ഷകന്‍െറ ചാവുനിലങ്ങള്‍
‘‘ഞങ്ങളുടെ ചോരയും വിയര്‍പ്പും കലര്‍ന്ന ഈ കറുത്ത മണ്ണില്‍
 ഞങ്ങള്‍ വിരിയിച്ച ആ ചുവന്ന പനിനീര്‍പ്പൂക്കള്‍
നിങ്ങള്‍ നിങ്ങളുടെ ദേവന്മാര്‍ക്കായി പൂജക്കെടുക്കുമ്പോള്‍
സ്വര്‍ണനാണയങ്ങള്‍ക്കും കാണിക്കകള്‍ക്കും കോട്ടമതില്‍ കെട്ടിസൂക്ഷിക്കുന്ന
അമ്പലത്തിനു പുറത്ത്, ചളിയില്‍
 ഞങ്ങളുടെ മക്കള്‍ വിശപ്പ് മറച്ചുവെച്ച് കളിക്കുന്നു.
അവരെ നിങ്ങള്‍ ഓര്‍ക്കുന്നുവോ?
 അതെ, ഞങ്ങള്‍ കീഴാളര്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍.’’  
പോരാട്ടത്തിന്‍െറയും വേദനകളുടെയും സഹനത്തിന്‍െറയും സംഗീതം ഇടകലര്‍ന്ന ആ  സംസാരത്തിനിടെ ഒരു പയ്യന്‍ ചായയുമായി വന്നു. ഗദ്ദറില്‍നിന്നു പാട്ടും പോരാട്ടവും പഠിക്കാന്‍ കൂടെക്കൂടിയതാണ് അവന്‍. ‘കൊട്ടകൊട’ ആദിവാസി ഊരിലെ കടംകയറി മരിച്ച ഒരു കര്‍ഷകന്‍െറ മകന്‍. തിളക്കംമായാത്ത കണ്ണുകള്‍ അല്‍പം ഇറുക്കി അവന്‍ വേദനയോടെ പുഞ്ചിരിച്ചു. പ്രമേഹരോഗം ഏറെ വലക്കുന്നതിനാല്‍ ഗദ്ദറിന് മധുരമിടാത്ത ചായ.മധുരം ശീലമില്ല. ജീവിതവും അനുഭവങ്ങളും പകര്‍ന്നുതന്നത് എരിവിന്‍െറ പാഠങ്ങളാണ്, ഉറക്കെ ചിരിച്ചുകൊണ്ട് ഗദ്ദര്‍ നര്‍മം പങ്കിട്ടു. നമുക്ക് അല്‍പനേരം പുറത്തിരുന്നു സംസാരിച്ചാലോ? ചായ ഗ്ളാസ് വാങ്ങി ഞാന്‍ ഗദ്ദറിനോട് പറഞ്ഞു: ‘‘സോദരാ ... ചേയി അന്തിഞ്ചു; സഹോദരാ, കൈതരൂ...  മണ്ണിനും മനുഷ്യനും അവന്‍െറ സ്വപ്നങ്ങള്‍ക്കുമായി.’’ മുറിക്ക് പുറത്തിറങ്ങാന്‍ നിന്ന എനിക്കുനേരെ കൈനീട്ടിക്കൊണ്ട് ഗദ്ദര്‍ മറുപടി നല്‍കി. താഴേക്ക് ഊര്‍ന്നുവീഴാന്‍ തുടങ്ങിയ  കമ്പിളിപ്പുതപ്പ് തോളില്‍ ശരിയാക്കിവെച്ച് ഗദ്ദര്‍ പുറത്തിറങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ ആശങ്കയോടെ അടുത്തേക്ക് ഓടിവന്നു. ഗദ്ദര്‍ അയാളെ തടഞ്ഞു. ‘‘ഈ മണ്ണിന്‍െറ മാറില്‍ച്ചവിട്ടിനില്‍ക്കുമ്പോള്‍, ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ സുരക്ഷിതനാണ്.’’ ഗദ്ദറിന്‍െറ വാക്കുകള്‍ ഒരുപാട്ടില്‍ അലിഞ്ഞുചേര്‍ന്നു. ‘‘അമ്മാ, തെലുങ്കാനമാ... ആകലി കേകല ഗാനമാ...’’  ( അമ്മേ തെലുങ്കാനേ, വിശന്നുതളര്‍ന്നു പാടുന്ന... ഞങ്ങളുടെ ഈ പാട്ട് കേള്‍ക്കൂ...)   ഞങ്ങള്‍ക്കിടയിലേക്ക് നേര്‍ത്ത ഒരു കാറ്റ് വീശി. തെലുങ്കാനയിലെ കര്‍ഷകന്‍െറ വിയര്‍പ്പുമണമുള്ള കാറ്റ്.
 ‘‘പ്രകൃതിക്ക് മനുഷ്യന്‍െറ ഓരോ ഹൃദയമിടിപ്പും അറിയാന്‍ കഴിയും. സ്നേഹമായി, സാന്ത്വനമായി, സ്വപ്നമായി, സംഹാരമായി...പ്രകൃതി നമ്മോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ അത് തിരിച്ചറിയുന്നില്ല. പ്രശസ്തമായൊരു ഈജിപ്ഷ്യന്‍ കഥയുണ്ട്. കഥയുടെ പേര്‍ ‘ഭൂമി’. ഒരു യുവാവും യുവതിയും എല്ലാ സായന്തനങ്ങളിലും പരുത്തിപ്പാടത്തുവെച്ച് കണ്ടുമുട്ടുമായിരുന്നു. അതിവിശാലമായ ആ വയലില്‍ ദൂരെ  ചക്രവാളം തൊട്ടുനില്‍ക്കുന്ന പരുത്തിച്ചെടികള്‍. വയലിനരികിലൂടെ സീയൂസ് നദിയൊഴുകുന്നു. നദിയില്‍നിന്ന് പരുത്തിച്ചെടികളെ തഴുകിവരുന്ന കാറ്റ് അവരിരുവര്‍ക്കും പ്രണയം പകര്‍ന്നുനല്‍കി. ഒരു ദിവസം അവരെത്തിയപ്പോള്‍ പാടം വരണ്ടുണങ്ങിയിരുന്നു. വിണ്ടുകീറിയ മണ്ണില്‍ പരുത്തിച്ചെടികളുടെ നാമ്പുകള്‍ കരിഞ്ഞുകിടക്കുന്നു. സീയൂസ് നദിക്കുകുറുകെ അണക്കെട്ടുനിര്‍മിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണമായതെന്ന് പിന്നീട് അവര്‍ക്ക് മനസ്സിലായി. ഒടുവില്‍, ആ വയലുകളോട് വിടചൊല്ലി അകലവേ അവര്‍ ഇരുവരും ഒരു വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കി. ആ പ്രകൃതിയുടെ പച്ചപ്പിനൊപ്പം അവരുടെ പ്രണയവും അവര്‍ക്ക് നഷ്ടമായിരിക്കുന്നു...ചായ മൊത്തിക്കുടിച്ചുകൊണ്ട് ഗദ്ദര്‍ പറഞ്ഞു.
ഞങ്ങള്‍ ഒരു പേരമരച്ചുവട്ടില്‍ ഇരുന്നു. നാട്ടുനന്മകളില്‍ നഞ്ചുകലക്കുന്ന കച്ചവടത്തിന്‍െറ നെറികേടുകള്‍ക്കെതിരെ... ചന്തയുടെ ചന്തം കാണിച്ച്, കര്‍ഷകന് മരണക്കുരുക്കുകള്‍ സമ്മാനിച്ച്, വയലുകള്‍ വിഴുങ്ങുന്ന ആഗോള മുതലാളിത്തത്തിനെതിരെ... നിസ്സഹായരായ ജനതകളുടെ കുടിവെള്ളത്തിനും കണ്ണീരിനും കിനാവുകള്‍ക്കും കപ്പംചുമത്തുന്ന കോര്‍പറേറ്റ് അടിമത്ത തന്ത്രങ്ങള്‍ക്കെതിരെ... കൊക്കകോളയിലൂടെയും  കോള്‍ഗേറ്റിലൂടെയും നമ്മുടെ വീട്ടുപടിക്കലെത്തുന്ന അമേരിക്കക്കെതിരെ... സിരകളില്‍ രോഷത്തിന്‍െറ അഗ്നിപടര്‍ത്തുന്ന വരികളിലൂടെ ഗദ്ദര്‍ പാടുന്നു. പോരടിക്കുന്നു. ആ വരികള്‍ക്ക് വാള്‍ത്തലപ്പിന്‍െറ മൂര്‍ച്ചയുണ്ട്. ആ പാട്ടുകള്‍ ഏറ്റുപാടി ഒരു ജനത അവരുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന എല്ലാ കൈയേറ്റങ്ങളെയും പ്രതിരോധിക്കുന്നു.
നമ്മുടെ മുറ്റത്ത്, നമ്മെ വിഴുങ്ങാനായി ഒരു അമേരിക്ക വാപിളര്‍ത്തി നില്‍ക്കുന്നുണ്ട്. ആഗോളീകരണത്തിന്‍െറ വേട്ടമൃഗങ്ങളാകുന്നത് നമ്മുടെ കര്‍ഷകരാണ്.  കൊക്കകോളയോടും കോര്‍പറേറ്റുകളോടുമുള്ള കൊമ്പുകോര്‍ക്കലുകളെപ്പറ്റി?
* ‘‘എന്തുകമ്മ കൊപ്പരതല്ലി കണ്ണീരെടുത്താവു
 കൊക്കകോള കൊപ്പര ബോണ്ട കൊന്തുവസ്കിന്ത.’’
(അല്ലയോ കേരമാതാവേ, നിങ്ങളെ ഞെക്കിപ്പിഴിഞ്ഞ്, നിങ്ങളുടെ കണ്ണീരെടുത്തല്ലേ കൊക്കകോളയാക്കി അവര്‍ വില്‍ക്കുന്നത്.)  ഈ ആഗോളീകരണ വിരുദ്ധഗാനം ഞാന്‍ കേരളത്തെ മനസ്സില്‍കണ്ട് ചിട്ടപ്പെടുത്തിയതാണ്. കൊക്കകോള നടത്തുന്ന ജലചൂഷണങ്ങള്‍, കോര്‍പറേറ്റുകളുടെ ഭൂമികൈയേറ്റങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങി ആഗോളീകരണം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികള്‍ എന്നെ ഏറെ അലട്ടുന്ന വിഷയങ്ങളാണ്. എന്നാല്‍, നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഭരണവര്‍ഗവും ആഗോളീകരണംമൂലമുള്ള   പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ ദിവസവുമുള്ള ഒറ്റവരി വാര്‍ത്തമാത്രമാണ്. സാമ്പത്തിക നേട്ടങ്ങളുടെ ചൂണ്ടയില്‍ കുരുക്കി നമ്മുടെ മാധ്യമങ്ങളെയും ഈ കോര്‍പറേറ്റുകള്‍ വിലയ്ക്കെടുത്തിരിക്കയാണ്. പക്ഷേ, ഒന്നോര്‍ക്കുക, നമ്മള്‍ കുടിക്കുന്ന കൊക്കകോള ഈ മണ്ണിന്‍െറ ജീവരക്തം ഊറ്റിയുണ്ടാക്കിയതാണ്. ആ കുപ്പികള്‍ തുറക്കുമ്പോള്‍ നുരഞ്ഞുപൊന്തിപ്പോകുന്നത് വരണ്ടുണങ്ങിയ കൃഷിഭൂമിയില്‍ ആശ്രയമറ്റ് നില്‍ക്കുന്ന ഇവിടത്തെ കര്‍ഷകന്‍െറ ജീവശ്വാസമാണ്. ഓരോ കോളക്കുപ്പിക്കൊപ്പവും ദാഹിച്ചുവരണ്ട ഒരു ജനതയുടെ വീര്‍പ്പുമുട്ടലുകളും നിങ്ങള്‍ക്ക് നുണയാം.
കോര്‍പറേറ്റുകളുടെ സാമ്പത്തിക സഹായത്തോടെ നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കാര്‍ഷിക ശാസ്ത്രജ്ഞരും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ  ശീതീകരിച്ച  മുറികളില്‍ നടത്തുന്ന സെമിനാറുകള്‍ക്ക് നമ്മുടെ നാട്ടിലെ പാവം കര്‍ഷകരെ രക്ഷിക്കാന്‍ കഴിയില്ല. മൂന്നോ നാലോ ദിവസത്തില്‍  ഒരിക്കല്‍മാത്രം ഭക്ഷണംകഴിക്കാന്‍ കഴിയുന്ന ഒരുപാട് കര്‍ഷകകുടുംബങ്ങള്‍ ഇവിടെയുണ്ട്. കുടുംബം പുലര്‍ത്താനും മക്കളെ പോറ്റാനും പെണ്‍കുട്ടികളുടെ വിവാഹം നടത്താനും സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്നവര്‍. ആണ്‍മക്കളെ  തൊഴില്‍ശാലകളിലേക്കും പെണ്‍മക്കളെ വേശ്യാലയങ്ങളിലേക്കും വില്‍ക്കുന്നവര്‍. ഇങ്ങനെയുള്ള ഇരുളടഞ്ഞ ജീവിതങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ ഗ്രാമങ്ങള്‍.

ഈ പ്രശ്നങ്ങളിലെല്ലാം ശക്തമായി ഇടപെടേണ്ടതും നിലപാട് വ്യക്തമാക്കേണ്ടതും ഇവിടത്തെ രാഷ്ട്രീയ നേതൃത്വമാണ്. എന്നാല്‍, ഇന്ത്യ ഒരു വലിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. നമ്മുടെ ‘പാര്‍ലമെന്‍റ്’ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും കച്ചവടക്കാരുടെയും ഒരു പഞ്ചനക്ഷത്ര ക്ളബും. നമ്മുടെ പാര്‍ലമെന്‍റിന്‍െറ മുന്നില്‍ ‘ഈ രാജ്യം മൊത്തമായും ചില്ലറയായും വില്‍പനക്ക് ’ എന്നെഴുതിയ അദൃശ്യമായൊരു പരസ്യപ്പലകയുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആഗോള മുതലാളിത്തത്തിന്‍െറ ഏജന്‍റുമാരാണ്. ചില മുതലാളിമാര്‍ രാജ്യസഭയില്‍, മുതലാളിമാരുടെ ദാസ്യരായ രാഷ്ട്രീയക്കാര്‍ ലോക്സഭയില്‍. സംസ്ഥാനഭരണത്തിന്‍െറയും കാര്യം വ്യത്യസ്തമല്ല. ഒരു ചെറിയ റോഡ് നിര്‍മിക്കാന്‍ കോടികളുടെ അഴിമതി. കോര്‍പറേറ്റ്ഭീമന്മാരും ധനാര്‍ത്തിമൂത്ത ഭരണനേതൃത്വവും ചേര്‍ന്ന ഒരു ഗൂഢസംഘമാണ്  ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കച്ചവടമാണ് അവരുടെ തത്ത്വസംഹിത, വിപണിയാണ് അവരുടെ മതം, ലാഭമാണ് ദൈവം.
ഈ ഗോലിയാത്തുമാരോടുള്ള പ്രതിരോധം? പ്രത്യേകിച്ച് ടോള്‍ പിരിവുമുതല്‍ കുടിയിറക്കല്‍വരെയുള്ള  ഭീഷണികള്‍ ഈ രാജ്യത്തെ സാധാരണക്കാരന്‍െറ മുന്നിലുള്ളപ്പോള്‍... 
* ആഗോളീകരണത്തിന്‍െറ വക്താക്കള്‍ മൂന്നുവിധത്തിലാണ് അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത് അഥവാ അധിനിവേശങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന്, സാംസ്കാരിക അധിനിവേശം. കോര്‍പറേറ്റുകള്‍ അധിനിവേശത്തിന് തുടക്കമിടുക നമ്മുടെ സാംസ്കാരിക ഭൂമിയില്‍ പിടിമുറുക്കിക്കൊണ്ടാണ്. പുത്തന്‍ ജീവിതമാതൃകകള്‍ മുന്നോട്ടുവെച്ചുകൊണ്ട്, ഫാഷന്‍ശീലങ്ങള്‍ പഠിപ്പിച്ചുകൊണ്ട് അവര്‍ നമ്മുടെ വേരുകള്‍ അറുത്തുമാറ്റും. മനസ്സിനെ അടിമപ്പെടുത്തും. പ്രകടമായ അധിനിവേശം തുടങ്ങുന്നത് അടുത്ത ഘട്ടത്തിലാണ്. അതായത്, രണ്ടാം ഘട്ടമായ സ്ട്രക്ചറല്‍ അഥവാ രൂപപരമായ അധിനിവേശത്തില്‍. ഈ ഘട്ടത്തില്‍ അവര്‍ നമ്മുടെ മണ്ണില്‍ നേരിട്ട് കൈവെക്കാന്‍ തുടങ്ങും. എല്ലാവരുടെയും വായടപ്പിക്കാന്‍ ‘വികസനം ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കും. വലിയവലിയ പാലങ്ങള്‍, വാണിജ്യ- വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മികച്ച റോഡുകള്‍, ഷോപ്പിങ്മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണുകള്‍ എന്നിവ നിര്‍മിക്കും. ഇതിനുപിറകിലെ കൈയേറ്റങ്ങളെ എതിര്‍ക്കുന്നവര്‍ വികസനവിരോധികളാകും. ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്, ആര്‍ക്കുവേണ്ടിയാണ് ഈ വികസനം? പണംകൊണ്ട് എല്ലാം നിയന്ത്രിക്കുന്ന ഒരു ന്യൂനപക്ഷത്തിനുവേണ്ടിയോ? ആ വികസനത്തിന്‍െറ പേരില്‍ ഒടുവില്‍ നിങ്ങളുടെ സഞ്ചാരത്തിനുപോലും കപ്പം ചുമത്തും. നിങ്ങളില്‍നിന്ന് ടോള്‍ പിരിക്കും. നമ്മുടെ സ്വതന്ത്രസഞ്ചാരത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിയുക എന്നത് എത്ര വലിയ കടന്നുകയറ്റമാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. കൃഷിയും ചെറുകിടവ്യവസായങ്ങളും അവഗണിക്കപ്പെടുന്നു. വെള്ളവും ആരോഗ്യരംഗവും വിദ്യാഭ്യാസമേഖലയും  സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. രാഷ്ട്രീയ-സാമൂഹിക അധിനിവേശമാണ് മൂന്നാമത്തത്. ഈ ഘട്ടമെത്തുമ്പോഴേക്കും അധികാരം അവരുടെ കാല്‍ക്കീഴിലായിക്കഴിയും. സര്‍ക്കാറുകള്‍, പൊലീസ് എല്ലാം അവരുടെ ചൊല്‍പ്പടിക്ക്. എല്ലാ ചെറുത്തുനില്‍പുകളെയും ഇവര്‍ അടിച്ചമര്‍ത്തും. ഒരു വേട്ടയുടെ സ്വാഭാവിക പരിശ്രമങ്ങളേതുമില്ലാതെ ഇരയെക്കീഴടക്കും. ഓര്‍ക്കുക, നമ്മുടെ ജനത അധിനിവേശത്തിന്‍െറ അവസാനഘട്ടത്തിലെത്തിനില്‍ക്കുന്ന ബലിമൃഗങ്ങളാണ്. നമ്മുടെ നേതൃത്വം, മാധ്യമങ്ങള്‍, സാഹിത്യ- സാംസ്കാരിക നേതാക്കള്‍ എന്നിവരെ ആഗോള മുതലാളിത്തം വിലയ്ക്കെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് ഭൂമി വ്യവസായികള്‍ക്ക് വെറുതെ നല്‍കുന്ന സര്‍ക്കാറുകള്‍, കൃഷിക്കുവേണ്ടി എന്തുകൊണ്ട് ഭൂമിനല്‍കുന്നില്ല. ഇവിടെയാണ് നമ്മള്‍ ചെറുത്തുനില്‍പിന്‍െറ സമരഭൂമി കണ്ടെടുക്കേണ്ടത്. ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ടെന്ന്. ശത്രുക്കള്‍ ഒരേസമയം അദൃശ്യരും പലരൂപങ്ങളില്‍ ദൃശ്യരുമാണ്. പക്ഷേ, പോരാട്ടം തുടരുകതന്നെചെയ്യും. നേരത്തേ ജന്മിമാരില്‍നിന്നു ഭൂമി പിടിച്ചെടുക്കാനാണ് സമരം നടത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ജനങ്ങളില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് അവരെ ഏല്‍പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സമരത്തിന്‍െറ രീതികള്‍ മാറ്റണം. കര്‍ഷക മുന്നേറ്റത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വ്യവസായവിപ്ളവമാണ് നമുക്കാവശ്യം. 

വാക്കുകള്‍ വെടിയുണ്ടകളാകുമ്പോള്‍



1997 ഏപ്രില്‍ 6  ഞായറാഴ്ച
സമയം വൈകീട്ട് ആറുമണി.
ഗദ്ദറിന്‍െറ വീട്ടിലേക്ക് സഹായമഭ്യര്‍ഥിച്ച് നാലുപേര്‍ വന്നു. കൃഷിഭൂമിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ പരിഹാരം കാണാന്‍ ഗദ്ദറിന്‍െറ സഹായംവേണമെന്ന് അവര്‍ പറഞ്ഞു. സംഘടനാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്കന്ദരാബാദില്‍ പോയി തിരിച്ചെത്തിയതെയുള്ളൂ ഗദ്ദറപ്പോള്‍; ഏറെ ക്ഷീണിതനും. ഭാര്യ വിമലക്ക് ഈ ചെറുപ്പക്കാരെകണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. അവര്‍ ഗദ്ദറിനോട് പുറത്തുപോകരുതെന്ന് വിലക്കിയെങ്കിലും ഗദ്ദര്‍ സ്നേഹത്തോടെ നിരസിച്ചു. ഭാര്യയെ ആശ്വസിപ്പിച്ചുകൊണ്ട് വീടിനുപുറത്തിറങ്ങി. ആ ചെറുപ്പക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ അവരിലൊരാള്‍ ഗദ്ദറിനുനേരെ തുരുതുരാ വെടിയുതിര്‍ത്തു.
ശബ്ദംകേട്ട് ഭാര്യയും മക്കളും ഓടിയെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗദ്ദറിനെയാണ്. ഉടന്‍തന്നെ അടുത്തുള്ള മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഗദ്ദറിന്‍െറ ശരീരത്തില്‍നിന്ന് നാലു വെടിയുണ്ടകള്‍ നീക്കംചെയ്തു. ഒന്ന് ഇപ്പോഴും നട്ടെല്ലിനോട് ചേര്‍ന്നുകിടപ്പുണ്ട്, ശസ്ത്രക്രിയാ സംബന്ധമായ സങ്കീര്‍ണതകളുള്ളതിനാല്‍   എടുക്കാനാവാതെ. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സെക്കന്ദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. ആന്ധ്രയാകെ പ്രതിഷേധം ഇരമ്പി. സര്‍ക്കാറിനും പൊലീസിനും എതിരെ യുവാക്കളും കര്‍ഷകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. തെരുവുകളില്‍ അമര്‍ഷം ആളിക്കത്തി. ഗദ്ദറിന്‍െറ ആരോഗ്യനിലയെക്കുറിച്ചറിയാന്‍ പതിനായിരങ്ങള്‍ ദിവസവും ആശുപത്രിക്ക് വെളിയില്‍ ആകാംക്ഷയോടെ കാത്തുനിന്നു. കണ്ണീരണിഞ്ഞ പ്രാര്‍ഥനകള്‍, കണ്ണിമചിമ്മാത്ത കാത്തുനില്‍പ്, ആശുപത്രികിടക്കക്ക് ചുറ്റും മനസ്സുകൊണ്ടുള്ള കൂട്ടിരിപ്പ്. നിസ്സഹായരായ ഒരു ജനതക്ക് തങ്ങളുടെ പ്രിയ പാട്ടുകാരനുവേണ്ടി അത്രയേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ദുഃഖമടക്കാന്‍ അവര്‍ ഗദ്ദറിന്‍െറ പാട്ടുകള്‍ വേദനയോടെ പാടിനടന്നു. ഉള്‍ക്കരുത്തോടെ വിളിച്ചുപറഞ്ഞു: ‘‘ഗദ്ദര്‍, ചിരഞ്ജീവി... ആര്‍ക്കും നിങ്ങളുടെ സ്വരം തടയാനാകില്ല. ആര്‍ക്കും നിങ്ങളുടെ ചിലമ്പൊലി തടയാനാകില്ല.’’ ഒരു തോക്കിനും തോല്‍പിക്കാനാകാത്ത ആ ജീവിതം വിപ്ളവത്തിന്‍െറ അഗ്നിപഥത്തിലേക്ക് മെല്ലെ തിരിച്ചുവന്നു. കാരണം, അത് പുതിയ സമരങ്ങള്‍ക്കായുള്ള കാലത്തിന്‍െറ നിയോഗമായിരുന്നു. ഈ ആക്രമണത്തിനുശേഷമാണ് ഗദ്ദറിന് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെവെച്ചത്.  
പൊലീസിന്‍െറ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഗദ്ദര്‍ ആരോപിക്കുന്നു.‘‘ആ കാലത്ത് ഞാനും പാര്‍ട്ടിയും തമ്മില്‍ ചില അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ഞാന്‍ അച്ചടക്കനടപടി നേരിടുകയായിരുന്നു. ഈ അവസരം മുതലെടുക്കാനുള്ള ശ്രമമായിരുന്നു പൊലീസിന്‍േറത്. പൊലീസാണ് ആ ആക്രമണം നടത്തിയത്. എന്നിട്ട് അതിന്‍െറ  ഉത്തരവാദിത്തം പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. പക്ഷേ, എനിക്ക് അവരുടെ കുടിലതകളും എന്‍െറ പാര്‍ട്ടിയുടെ സമീപനങ്ങളും നന്നായി അറിയാവുന്നതാണ്. അതുകൊണ്ട്, പൊലീസിന്‍െറ പദ്ധതി വിജയിച്ചില്ല. ‘‘ഓര്‍മകള്‍ ഗദ്ദറിന്‍െറ മനസ്സിനെ ചൂടുപിടിപ്പിക്കുന്നുണ്ടായിരുന്നു. പോരാട്ടവീര്യം വെടിയുണ്ടയുടെ രൂപത്തില്‍ സ്വന്തം ശരീരത്തില്‍ പേറുന്നവനാണ് ഞാന്‍ ’’,  ഒരു ചിരിയോടെ ഗദ്ദര്‍ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തത് ഭയമെന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത, നിറത്തോക്കുകള്‍ക്ക് നിശ്ശബ്ദമാക്കാന്‍ കഴിയാത്ത ആ സമരവഴികളെക്കുറിച്ചായിരുന്നു. അലയടിക്കുന്നത് മാവോയുടെ വാക്കുകള്‍, ‘‘ഒരു വിപ്ളവകാരിയുടെ കലയും സാഹിത്യവും അയാളുടെ വിപ്ളവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കും.’’ ഗദ്ദറിന്‍െറ ജീവിതത്തിന് വിപ്ളവച്ചുവപ്പ് പൂര്‍ണമായും കൈവരുന്നത് എണ്‍പതുകളുടെ മധ്യത്തോടെയാണ്. കൃത്യമായിപ്പറഞ്ഞാല്‍, 1985ലെ കാരംചേഡു സംഭവത്തോടെ. ജന്മിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടര്‍ രാമാനന്ദത്തെ പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഗദ്ദര്‍ രംഗത്തെത്തിയത് സര്‍ക്കാറിനെ ചൊടിപ്പിച്ചു. പൊലീസ് ഗദ്ദറിന്‍െറ വീട് റെയ്ഡ് ചെയ്തു. ഗദ്ദര്‍ ഒളിവില്‍പോയി.
വിപ്ളവാശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 1972ല്‍ ബി. നരസിംഹ റാവുവാണ് ഗദ്ദറിന്‍െറ സഹായത്തോടെ നാട്യപ്രജാമണ്ഡലി രൂപവത്കരിച്ചത്. ഗദ്ദറിന്‍െറ വിപ്ളവജീവിതവും നാട്യപ്രജാമണ്ഡലിയും തമ്മില്‍ പരസ്പരം ഇഴചേര്‍ന്നുകിടക്കുന്നു. മണ്ണില്‍ പണിയെടുക്കുന്നവന്‍െറയുള്ളിലെ ജീവതാളവുമായി ഗദ്ദര്‍ മാര്‍ക്സിയന്‍ ചിന്തകളെ സമന്വയിപ്പിച്ചു. വിപ്ളവം, ചൂഷണം, അടിമത്തം, ആഗോള മുതലാളിത്തം, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഗ്രാമീണരുടെ താളവും ശ്രുതിയും ഭാഷയും ചേര്‍ത്ത് ഗദ്ദര്‍ ആവേശത്തോടെ പാടുമ്പോള്‍ അതൊരു സായുധ സമരമായി മാറുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍െറ അവകാശപ്രഖ്യാപനമായി മാറുന്നു. വിപ്ളവകവികളായ ‘ശ്രീ ശ്രീ’ ( ശ്രീരംഗം ശ്രീനിവാസറാവു )യുടെയും സുബ്ബറാവു പാണിഗ്രാഹിയുടെയും സ്വാധീനവും ഗദ്ദറിലുണ്ട്. എങ്ങനെ നേരിടണമെന്നറിയാതെ സര്‍ക്കാറിനെ കുഴക്കുന്ന അടിയാളന്‍െറ ആയുധമായി മാറുന്നു. ജനനാട്യമണ്ഡലിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധം സര്‍ക്കാര്‍ നീക്കിയശേഷം 1990 ഫെബ്രുവരി 20ന് നിസാം കോളജ് ഗ്രൗണ്ടില്‍ നടന്ന ഗദ്ദറിന്‍െറ പരിപാടികാണാന്‍ രണ്ടു ലക്ഷത്തിലധികം ആളുകളെത്തി. ഗദ്ദറിന്‍െറ ജനകീയതക്ക് ഇതൊരു ചെറിയ ഉദാഹരണം മാത്രം. ബി.ബി.സിയും വോയ്സ് ഓഫ് അമേരിക്കയും തിളച്ചുമറിയുന്ന ആ തീവ്രനാദം ലോകത്തിന് കേള്‍പ്പിച്ചുകൊടുത്തു. നിരവധി ആക്രമണങ്ങളെയും കൊലപാതക ശ്രമങ്ങളെയും പൊലീസിന്‍െറ പീഡനങ്ങളെയും ഗദ്ദര്‍ അതിജീവിച്ചു. ആറുതവണ ജയില്‍വാസം. നിരവധിതവണ അജ്ഞാതവാസം. തലമുറകള്‍ ആ സംഗീതധാര ഏറ്റെടുത്തു. ആന്ധ്രയിലെ ഗ്രാമീണര്‍ തങ്ങളുടെ ഈ ജനകീയകവിയെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നു. അടുത്ത ദിവസം വന്ന ഒരു കത്ത് ഗദ്ദര്‍ എന്നെ കാണിച്ചു. കുനുകുനാ അക്ഷരങ്ങളില്‍ തെലുങ്കില്‍ എഴുതിയൊരു ഭീഷണിക്കത്ത്, ‘ബ്ളാക് കോബ്ര’എന്ന പേരില്‍.  ‘‘കൊല്ലാന്‍വരുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തുന്നവരോട് എന്‍െറ വീട്ട് അഡ്രസ് പറഞ്ഞുകൊടുത്ത് എപ്പോള്‍ വേണമെങ്കിലും വരാം, സ്വാഗതം  എന്ന് പറയാറുണ്ട്’’, ചിരിച്ചുകൊണ്ട് ഗദ്ദര്‍ പറഞ്ഞു.  
സംഗീതവഴിയിലെ ഏറ്റവും വലിയ സ്വാധീനം അമ്മയാണെന്നറിയാം. അതിനുമപ്പുറം താളം പകര്‍ന്നുതന്നവര്‍ ആരെല്ലാമായിരുന്നു?
* ഞാനൊരു കീഴാളനാണ്. എന്‍െറ താളം ഈ മണ്ണിന്‍െറ താളമാണ്. തലമുറകളായി കൈമാറിവന്നതാണ് ഈ താളബോധം. അമ്മകഴിഞ്ഞാല്‍ താളബോധം എന്നില്‍ പകര്‍ന്നുതന്നത് കുട്ടിക്കാലത്തെ എന്‍െറ അയല്‍വാസികളായിരുന്നു. അവര്‍ ഒരു മാധിക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അവരുടെ തപ്പിന്‍െറയും തുടിയുടെയും താളം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഗ്രാമത്തില്‍ ജനിച്ച ഒരാള്‍ക്ക് സംഗീതം ജീവിതത്തിന്‍െറ ഭാഗമാണ്. ചുറ്റിലുമുള്ള ഓരോന്നിനും ഒരു താളമുണ്ട്. പാട്ടും പണിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. അധ്വാനത്തിന്‍െറ കാഠിന്യം കുറക്കാന്‍ ആളുകള്‍ പാട്ടുപാടിയിരുന്നു. അതില്‍ ഈണത്തിനാണ് പ്രാധാന്യം. വലിയ സാഹിത്യമൊന്നും ഉണ്ടാകില്ല. ആ താളമാണ് ഞാന്‍ നെഞ്ചിലേറ്റെടുത്തത്. സ്കൂളില്‍ ഞാന്‍ ആന്ധ്രയിലെ ഗ്രാമീണകലാരൂപമായ ‘ബുരകഥ’ അവതരിപ്പിക്കുമായിരുന്നു.
എങ്ങനെയാണ് ജനനാട്യമണ്ഡലിയുടെ പ്രവര്‍ത്തനങ്ങള്‍?
* പാട്ട്, ആട്ടം തുടങ്ങി ഗ്രാമീണന്‍െറ കലാരൂപങ്ങളെ വീണ്ടെടുക്കുകയും സവര്‍ണകലകളെ വിപ്ളവവത്കരിക്കുകയുമാണ് ചെയ്തത്. ആന്ധ്രയുടെ ഗ്രാമീണ കലാരൂപങ്ങളായ ബുരകഥ, ഒഗുകഥ, ദപ്പുഡാന്‍സ് എന്നിവ കലാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. ഗ്രാമീണന്‍െറ പ്രശ്നങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ പാടി അവതരിപ്പിക്കും. വിപ്ളവത്തിനായി ആഹ്വാനം ചെയ്യും.
ഇപ്പോള്‍ ജനനാട്യമണ്ഡലി കാട്ടില്‍ പാര്‍ട്ടി പോരാളികള്‍ക്കൊപ്പം ഒളിവു പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അണ്ടര്‍ ഗ്രൗണ്ടിലാണ്. അതിന്‍െറ ലീഡര്‍ സച്ചു എന്ന വ്യക്തിയാണ്. ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍  ചൈതന്യ നാട്യകലാമണ്ഡലിയിലാണ്. ഞങ്ങള്‍ ഗ്രാമങ്ങള്‍തോറും അലയുന്നു. ഇപ്പോള്‍ തെലുങ്കാനയുടെ പ്രചാരണംകൂടിയുണ്ട്.
 ദലിത്പ്രശ്നം സാംസ്കാരിക സംഘടനയിലുണ്ടോ?
* ഇവിടെയും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ജനനാട്യമണ്ഡലി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ദലിത് കലാസംഘടനയാണ്. ബോധപൂര്‍വം അങ്ങനെ വന്നതല്ല. സംഘടനയുടെ തുടക്കത്തില്‍ കുറച്ച് സവര്‍ണ സമുദായത്തിലുള്ളവര്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് സമരം ശക്തമായപ്പോള്‍ അവരെല്ലാം സംഘടന വിട്ടു. അവര്‍ക്കൊന്നും പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒപ്പം അവര്‍ക്ക് ദലിതരുടെ കാര്യത്തില്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്ക് പലപ്പോഴും ദലിതര്‍ക്കൊപ്പം വേദിപങ്കിടാന്‍ മടിയാണ്. ഇപ്പോള്‍ ഇത് നൂറുശതമാനവും ഒരു ദലിത് സംഘടനയാണ്.
ഉദ്ദേശം എത്ര പാട്ടുകള്‍ എഴുതിയിട്ടുണ്ടാകും? എങ്ങനെയാണ് പാട്ടെഴുത്തും ചിട്ടപ്പെടുത്തലും?
* പാട്ടുകളുടെ കണക്കൊന്നും വെച്ചിട്ടില്ല. പാട്ട് എന്‍െറ ജീവിതമാണ്. അത് സ്വാഭാവികമായി വരുന്നതാണ് ഇവിടത്തെ പണിയാളര്‍ പാടുന്നപാട്ട് ആരെഴുതി എന്നതിന് ഒരു രേഖയുമില്ല. കൊച്ചുവര്‍ത്തമാനംപോലെ അവര്‍ പാട്ടുകള്‍ പാടുന്നു. ഈണം നല്‍കുന്നു. ഞാന്‍ അവരെപ്പോലെയാണ്. പാട്ടുകള്‍ എഴുതാറില്ല. മനസ്സിലാണ് പാട്ടുകള്‍ രൂപപ്പെടുന്നത്. ഒരു പരിപാടിക്കുപോയാല്‍ ആ പ്രദേശത്തെക്കുറിച്ച്, അവിടത്തെ വിശ്വാസങ്ങളെക്കുറിച്ച്, പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ടും ഈണവും മനസ്സില്‍ രൂപപ്പെടും. ഒരു നാട്ടില്‍പോയാല്‍ അവിടത്തെ വറ്റിപ്പോയ കുളങ്ങളെക്കുറിച്ചും വരണ്ടുപോയ വിശ്വാസങ്ങളെക്കുറിച്ചും പാടി ജലചൂഷണത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കും. ഇത് അവര്‍ക്ക് ആ പാട്ടുമായി ഒരു പ്രത്യേക അടുപ്പമുണ്ടാകാന്‍ സഹായിക്കും. എല്ലാ പ്രതിഷേധപരിപാടികള്‍ക്കും ഇത്തരത്തില്‍തന്നെയാണ് പാട്ടുണ്ടാക്കുന്നത്.
സാഹചര്യത്തിനനുസരിച്ചാണ് സംഗീതം. വീരം, ദുഃഖം, കരുണം എല്ലാം സമരവേദി മുതല്‍ രക്തസാക്ഷികളുടെ സാംസ്കാരികച്ചടങ്ങുവരെയുള്ള    ഓരോ സന്ദര്‍ഭത്തിനനുസരിച്ച്. ഭാഷ എപ്പോഴും ഗ്രാമീണന്‍േറതായിരിക്കും. എല്ലാ പട്ടും അവസാനിക്കുക വ്യവസ്ഥിതിയോടുള്ള പോരാട്ട പ്രഖ്യാപനത്തോടെയായിരിക്കും.
l
അതെ,
രക്തസാക്ഷികള്‍
മരിക്കുന്നില്ല,
പോരാട്ടങ്ങള്‍
അവസാനിക്കുന്നില്ല.
തിരുത്തേണ്ട തെറ്റുകളും
മാറിയ കാലത്തെ
മാവോയിസ്റ്റ് വിപ്ളവ
ബദല്‍രേഖയും. 

‘‘അധ്വാനമാണ്
സംഗീതത്തിന്‍െറ  ഉറവിടം
രക്തസാക്ഷികള്‍
രക്തംകൊണ്ടെഴുതിയതാണ്
ഈ ഗാനങ്ങള്‍
ഓരോ ഗാനവും പണിയാളന്
ഉയിര്‍പ്പിന്‍െറ വഴിയാകട്ടെ
ഓരോ ഗാനവും ചൂഷകന്‍െറ
നെഞ്ചില്‍ വെടിയുണ്ടയാകട്ടെ.’’

ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ ഇത്രയേറെ അവിശ്വസിക്കുന്നതെന്തുകൊണ്ട്?
* അനുഭവങ്ങളാണ്. അഴിമതിയും കള്ളപ്പണവും വിലക്കയറ്റവും ഭൂമിചൂഷണവും ഓരോ ദിവസവും ഇവിടത്തെ ജനങ്ങളെ ഇല്ലാതാക്കുകയാണ്. നിരാശയോടെയാണ് ഇവിടത്തെ ജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. നിസ്സഹായത എല്ലാ ദിവസവും നിങ്ങളെ വേട്ടയാടുന്നുണ്ട്. ഭരണഘടനാശില്‍പി ബി.ആര്‍. അംബേദ്കറിനുപോലും ഈ ജനാധിപത്യവ്യവസ്ഥയില്‍ നീതി ലഭിച്ചിട്ടില്ല. അംബേദ്കറിനെ ഇവിടത്തെ രാഷ്ട്രീയനേതൃത്വം അവഗണിക്കുകയും ഇല്ലാതാക്കുകയും ചെയ്തു.
കഴിഞ്ഞ അറുപതുവര്‍ഷത്തെ ജനാധിപത്യചരിത്രം പരിശോധിച്ചു നോക്കൂ. ജനങ്ങള്‍ വോട്ടുചെയ്തു ജയിപ്പിച്ചവര്‍തന്നെയാണോ ഇതുവരെ ഭരിച്ചിട്ടുള്ളത്? അല്ല. അവരെല്ലാം മുതലാളിത്തത്തിന്‍െറ കളിപ്പാവകളാണ്. ബാലറ്റിലുള്ള വിശ്വാസം കഴിഞ്ഞു, ഇനി ബുള്ളറ്റ്. വോട്ടിനെക്കാള്‍ മൂര്‍ച്ചയുള്ള വെടിയുണ്ട. ഭരണഘടനയുടെ കാല്‍ഭാഗംപോലും നടപ്പിലാക്കിയിട്ടില്ല. വെറുതെ നിസ്സഹായരായിരുന്നാല്‍ പോരാ, വ്യവസ്ഥിതിക്കെതിരെ പോരാടണം. നിങ്ങളെ രക്ഷിക്കാന്‍ ആകാശത്തുനിന്ന് ആരുംവരില്ല. ആയുധമെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് ഇവിടത്തെ സര്‍ക്കാറുകളാണ്. ഞങ്ങള്‍ക്ക് ഭൂമിതരൂ. വെള്ളംതരൂ. ആഹാരംതരൂ. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ.  ഞങ്ങള്‍ ആയുധമുപേക്ഷിക്കാം. ഞങ്ങളുടെ കൈയില്‍ ആയുധമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് സന്ധിസംഭാഷണങ്ങള്‍ക്ക് ക്ഷണിക്കുന്നത്.   
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തരമന്ത്രി പി. ചിദംബരവും പറയുന്നത് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇടതുതീവ്രവാദവും നക്സലിസവുമാണെന്നാണ്?
* ഇവര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? ഈ രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭരണകൂടവും ആഗോള മുതലാളിത്തത്തിന്‍െറ കാവല്‍ക്കാരാണ്. ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിന്‍െറ പേരില്‍ ഇവര്‍ ദണ്ഡകാരണ്യത്തെ മാനഭംഗപ്പെടുത്തുകയാണ്. നക്സല്‍വേട്ടയുടെ മറവില്‍ പട്ടാളത്തെ ഉപയോഗിച്ച് ഇവിടം കുരുതിക്കളമാക്കി. കാട് പട്ടാള ക്യാമ്പായി. ഈ കാടുകളില്‍ കെട്ടിക്കിടക്കുന്ന ദലിതരുടെയും ആദിവാസികളുടെയും ഗ്രാമീണരുടെയും രക്തത്തിന്  ഉത്തരവാദി ഈ ഭരണകൂടമാണ്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇവിടത്തെ ഭരണകൂടങ്ങളും മാധ്യമങ്ങളും ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെ ആഘോഷമാക്കുന്നത്. എന്നാല്‍, ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് കുത്തക മുതലാളിമാര്‍ക്കുവേണ്ടി നടത്തുന്ന സര്‍ക്കാറിന്‍െറ അധിനിവേശ പ്രവര്‍ത്തനമാണ്. പട്ടാളത്തിന്‍െറ കടന്നുകയറ്റംമൂലം ദലിതരും ആദിവാസികളും സ്വന്തം മണ്ണ് വിട്ട് അഭയാര്‍ഥികളായി നാടുവിടുകയാണ്. ഈ ഭൂമിയെല്ലാം സര്‍ക്കാര്‍ കുത്തകകമ്പനികള്‍ക്ക് കൈമാറുകയാണ്.
ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് ഇവിടത്തെ ദലിതരുടെയും ആദിവാസികളുടെയും ജീവിതത്തെ മാത്രമല്ല അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും തച്ചുതകര്‍ക്കുകയാണ്. ഒരു ഉദാഹരണം പറയാം: സന്താളുകളും ഓറോണുകളും മറ്റ് ആദിവാസി വിഭാഗങ്ങളും വര്‍ഷങ്ങളായി ആഘോഷിക്കുന്ന അവരുടെ പരമ്പരാഗത ഉത്സവങ്ങളും ആചാരങ്ങളും ഇപ്പോള്‍ ആഘോഷിക്കാറില്ല.  അതിനുകാരണം  ഇന്ത്യയുടെ ആഭ്യന്തരമന്ത്രി പി. ചിദംബരം നിയോഗിച്ച ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിന്‍െറ പട്ടാളക്കാര്‍ ഇവരെ വനത്തില്‍ കയറാന്‍ അനുവദിക്കാത്തതാണ്. നക്സല്‍ വേട്ടക്കുവേണ്ടി ഈ പ്രദേശത്ത് കൂട്ടംകൂടുന്നതും ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുമെല്ലാം നിരോധിച്ചിരിക്കയാണ്. ഇവരുടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. ഉള്‍ക്കാടുകളില്‍ വനവിഭവങ്ങളെമാത്രം ആശ്രയിച്ച് കഴിയുന്ന ആദിവാസികളെയാണ് ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ഭൂരിഭാഗം പേരും പട്ടാളത്തെ പേടിച്ച് കുടിലുകളില്‍നിന്ന് പുറത്തിറങ്ങുന്നില്ല. പലരും സുരക്ഷിത സ്ഥലങ്ങള്‍ തേടി മറ്റു പലേടത്തേക്കും കുടിയേറി. ആയിരത്തിലേറെ ഗ്രാമങ്ങളിലെ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍, മണ്ണിന്‍െറ മക്കളെ അനാഥരാക്കിയശേഷം ഇവരുടെ ഗ്രാമങ്ങളിലേക്കാണ് കോര്‍പറേറ്റ് ഭീമന്മാരായ ടാറ്റ, ജിന്‍ഡാല്‍, ഭുഷന്‍ തുടങ്ങിയ സ്റ്റീല്‍ കമ്പനികള്‍ കുടിയേറിക്കൊണ്ടിരിക്കുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ നവ സാമ്പത്തികവത്കരണത്തിന്‍െറ നാറിയ അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. ഈ ആദിവാസി ജീവിതങ്ങളെ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കുന്നത്? ചുവന്ന ഇടനാഴി എന്ന് നിങ്ങള്‍ പരിഹസിക്കുന്ന ഇടം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ രംഗഭൂമിയാണ്. 2013ഓടെ നക്സലിസം തുടച്ചുമാറ്റാമെന്ന ചിദംബരത്തിന്‍െറ സ്വപ്നം വെറും പകല്‍ക്കിനാവാണ്.   
വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ താങ്കള്‍ ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. എന്താണ് ഇതിനുപിറകിലെ യാഥാര്‍ഥ്യം?
* വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നക്സല്‍ വേട്ടയുടെ മറവില്‍ നടക്കുന്ന മറ്റൊരു സര്‍ക്കാര്‍ ക്രൂരതയാണ്. നിങ്ങള്‍ക്ക് താല്‍പര്യമുള്ള ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന ഒരധികാരി വര്‍ഗമുള്ളപ്പോള്‍ ഈ നാട്ടില്‍ എന്ത് സ്വാതന്ത്ര്യമാണുള്ളത്? 1989ല്‍ സ്റ്റേജില്‍ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് ഞങ്ങളുടെ ലളിതാക്കയെ വെടിവെച്ചുകൊന്നത്. സി.പി.ഐ (മാവോയിസ്റ്റ് ) സെന്‍ട്രല്‍ കമ്മിറ്റി മെംബര്‍ ചന്ദ്രമൗലിയും ഭാര്യ ജ്യോതക്കയും ഇത്തരത്തില്‍ ദാരുണമായാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാനചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പീപ്പ്ള്‍സ് വാര്‍ഗ്രൂപ്പ് സെന്‍ട്രല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം പദ്മക്കയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്. കിഷന്‍ജി കൊല്ലപ്പെട്ടത് മമത ബാനര്‍ജിയുടെ കുടിലതന്ത്രങ്ങളുടെ ഭാഗമായാണ്.  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നതാണ് വ്യാജ ഏറ്റുമുട്ടലുകള്‍കൊണ്ട് സര്‍ക്കാര്‍ പറയാതെ പറയുന്നത്. എന്നാല്‍, മുന്നില്‍നിന്ന് നേരിടാതെ പിന്നില്‍നിന്ന് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഏതായാലും വര്‍ഗശത്രുക്കളുമായി സന്ധിചെയ്യാന്‍ ഞങ്ങളില്ല.
പക്ഷേ, ബസുകള്‍ തകര്‍ക്കുക, ട്രെയിന്‍ തടയുക, നിരപരാധികളെ കൊല്ലുക, തട്ടിക്കൊണ്ടുപോകല്‍ എന്നിവ പ്രസ്ഥാനത്തെ സാധാരണ ജനങ്ങളില്‍നിന്ന് അകറ്റുകയല്ലേ ചെയ്യുന്നത്?  ജനപ്രിയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുന്നത്  ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതിനെ  എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?
* ബസും ട്രെയിനും തടയുന്നത് പ്രതിഷേധസൂചകം മാത്രമാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പ്രതിഷേധ മാര്‍ഗങ്ങളാണ്. ജനങ്ങളെ ജാഗരൂകരാക്കാനുള്ള വഴിമാത്രമാണ്. അസ്വസ്ഥതയുടെയും ആത്മരോഷത്തിന്‍െറയും പ്രകാശനം മാത്രമാണ്. ഇതിനര്‍ഥം ഞങ്ങള്‍ എല്ലാം നശിപ്പിക്കും എന്നല്ല. ഇതൊരു രാഷ്ട്രീയ സമ്മര്‍ദതന്ത്രമാണ്. വലിയൊരു ശരിക്കുവേണ്ടിയുള്ള തെറ്റുതിരുത്തല്‍ നടപടി. അതില്‍ ചിലപ്പോള്‍ നിരപരാധികളായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാകും. അതിന് പാര്‍ട്ടി ക്ഷമയും ചോദിച്ചിട്ടുണ്ട്.
മനുഷ്യക്കുരുതിയുടെയും പൊതുമുതല്‍ നശിപ്പിച്ചതിന്‍െറയും കണക്കു പറഞ്ഞാല്‍ ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ ക്രൂരമായ വംശഹത്യകള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും കണക്കുണ്ടോ? സിഖ് വിരുദ്ധകലാപത്തിലെയും ഗുജറാത്ത് വംശഹത്യയിലെയും പ്രതികളും ആ കൂട്ടക്കുരുതികള്‍ക്ക് കാരണക്കാരായ പാര്‍ട്ടികളും ഇവിടെ വിലസിനടക്കുന്നില്ലേ? ജനാധിപത്യത്തിന്‍െറ കാവല്‍ക്കാരാകാന്‍ ശ്രമിക്കുന്നില്ലേ? നിങ്ങള്‍ക്ക് അവര്‍ക്കെതിരെ ഒന്നും പറയാനില്ലേ?
പക്ഷേ, ഞങ്ങള്‍ അവര്‍ക്കുനേരെ വരുമ്പോള്‍ നിങ്ങള്‍ എന്തിനാണ് മുന്നില്‍ വന്നുനില്‍ക്കുന്നത്?  ഞങ്ങള്‍ അവര്‍ക്കുനേരെ കാഞ്ചി വലിക്കുമ്പോള്‍ നിങ്ങളെന്തിനാണ് ഇല്ലാത്ത നിയമസംരക്ഷണത്തിന്‍െറ പേരുപറഞ്ഞ് തോക്കിന്‍ കുഴലിനു മുന്നില്‍ വന്നുനില്‍ക്കുന്നത്? ജനങ്ങള്‍ക്ക് തുണയാകാത്ത ഒരു നിയമത്തിന്‍െറയും സംരക്ഷണവും അധികാരികള്‍ക്ക് വേണ്ട. ഈ രാജ്യത്ത് അധികാരികള്‍ക്ക് പ്രത്യേകമായി ഒരു ഭരണഘടനയുണ്ടോ?   അവരെ ഞങ്ങള്‍ക്ക് വിട്ടുതരൂ. ജനവഞ്ചകന് ദലിതനെന്നോ ബ്രാഹ്മണനെന്നോ ഉള്ള തരംതിരിവില്ല, ശിക്ഷ ഉറപ്പാണ്. എല്ലാം നശിപ്പിക്കലായിരുന്നു പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ നിലപാടെങ്കില്‍ തെലുങ്കാനയിലും  മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും ഒരു റെയില്‍വേസ്റ്റേഷനും നാളെ കാണില്ല. ബസുകള്‍ ഓടില്ല. ഒരു പൊലീസ്സ്റ്റേഷന്‍പോലും അവശേഷിക്കില്ല. ഈ രാജ്യത്തിന്‍െറ പകുതിഭാഗം സ്തംഭിക്കും.
പിന്നെ, കലക്ടര്‍മാരെ തട്ടിക്കൊണ്ടുപോകല്‍. ശരിക്കും അത് തട്ടിക്കൊണ്ടുപോകലല്ല, ബന്ദിയാക്കലാണ്. അധികാരികള്‍ ജനങ്ങളെ തീര്‍ത്തും അവഗണിക്കുമ്പോഴാണ് ഞങ്ങള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. പ്രസ്ഥാനം തട്ടിക്കൊണ്ടുപോയിട്ടുള്ള ആരോട് വേണമെങ്കിലും ചോദിച്ചുനോക്കൂ,  തടവുകാലത്ത് അവരോട് പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പ് ഇങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന്. മോചിതരായവരാരും മാവോയിസ്റ്റുകളെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ.
 ഒരാള്‍ നല്ല ഉദ്യോഗസ്ഥനാണോ ഉയര്‍ന്ന പദവിയിലിരിക്കുന്നവനാണോ എന്നതല്ല വിഷയം. നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം. ഇരകള്‍ക്കൊപ്പമാണോ? വേട്ടക്കാര്‍ക്കൊപ്പമാണോ  എന്നതാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ ചില ചെറിയ ജനപ്രിയ നടപടികളെല്ലാം കൈക്കൊള്ളുന്നുണ്ടാകാം. ഇത്തരം പൊടിക്കൈകളുടെ പേരില്‍ അവരെ പൂര്‍ണമായും നീതീകരിക്കാന്‍ കഴിയുമോ? അവര്‍ അധികാരിവര്‍ഗത്തിന്‍െറ കൈയാളുകളാണ്. ഭരണവ്യവസ്ഥയുടെ കണ്ണിയാണ്. ബന്ദികളാക്കപ്പെട്ട കലക്ടര്‍മാര്‍ നിയന്ത്രിച്ചിരുന്ന ഗ്രാമങ്ങളുടെ കാര്യമെടുക്കാം. അവരുടെ അധികാരത്തിന്‍െറ മൂക്കിന്‍തുമ്പില്‍വെച്ച് നടന്ന അതിക്രമങ്ങളെ അവര്‍ തടയാഞ്ഞതെന്തേ? അവിടെ പീഡിപ്പിക്കപ്പെട്ട ആദിവാസികളുടെയും മാനഭംഗംചെയ്യപ്പെട്ട സ്ത്രീകളുടെയും കാര്യത്തില്‍ ഇവര്‍ എന്ത് നടപടി സ്വീകരിച്ചു? ജാതിക്കൊലപാതകം, ഭൂമിതട്ടിയെടുക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ എന്നിവക്കുനേരെ കൈയുംകെട്ടി നോക്കിനിന്നതെന്തുകൊണ്ട്? ഈ കലക്ടര്‍മാര്‍ ഇത്രയും നല്ലവരായിരുന്നെങ്കില്‍പ്പിന്നെ അവര്‍ നിയന്ത്രിച്ചിരുന്ന ഗ്രാമങ്ങള്‍ എന്തുകൊണ്ട് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലകളായി?   തട്ടിക്കൊണ്ടുപോകുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. പിന്നെ ആ ഉദ്യോഗസ്ഥനുവേണ്ടി പ്രാര്‍ഥനയായി, മുറവിളിയായി. എന്നാല്‍ അവര്‍ കൈയുംകെട്ടി നോക്കിനില്‍ക്കെ ദുരിതജീവിതംനയിച്ച ഒരു ജനതയെ നിങ്ങള്‍ മറക്കുന്നു. അധികാരികളുടെ ജീവിതത്തെക്കാള്‍ ഒട്ടും വിലകുറഞ്ഞതല്ല അടിച്ചമര്‍ത്തപ്പെട്ടവന്‍െറ ജീവിതം. ബന്ദികളുടെ മോചനത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടാറില്ല. ജനങ്ങളുടെ ജീവിതം വീണ്ടും ദുരിതപൂര്‍ണമായിതുടരുന്നു.
പക്ഷേ, പാര്‍ട്ടിയോടുള്ള എല്ലാ ഉത്തരവാദിത്തത്തോടെയും ഞാന്‍ പറയട്ടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും പ്രായോഗികതലത്തിലും പാര്‍ട്ടിക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ട്. ബന്ദിയാക്കല്‍ അത്തരമൊരു സമരരീതിയാണ്. അതിനോട് എനിക്ക് യോജിപ്പില്ല. പാര്‍ട്ടിയെ ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പുതിയ സമരരീതികള്‍ കണ്ടെത്തിയേ മതിയാകൂവെന്ന് ഞാന്‍ നേതൃനിരയോട് പറഞ്ഞിട്ടുണ്ട്.

നൊന്തുമരിച്ച തെലുങ്കന്‍െറ മണ്ണുമൂടാത്ത സ്വപ്നങ്ങള്‍

  • ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ കാണുന്നു?
‘‘മോ ഗോല്ല നോല്ലാല്ലേ്ളാ
  ബീഡിലാല്‍ കാലോതൊലം
  നിന്‍ഡു അമസന്നാഡു
  ഓ ലാച്ചാഗുമ്മഡി
  ആഡാ പില്ലാ പുട്ടിനാഡി...’’
( ഞങ്ങള്‍ സ്ത്രീകള്‍, പുരുഷന്‍െറ വായിലെ എരിയുന്ന സിഗരറ്റുപോലെയാണ്. അമാവാസിയിലാണ് പെണ്‍കുഞ്ഞ് ജനിക്കുന്നതെങ്കില്‍  അമ്മക്ക് അവളെ കളയേണ്ടിവരുന്നു. )
എല്ലാ അധിനിവേശങ്ങളും ആരംഭിക്കുന്നത് കുടുംബത്തില്‍നിന്നാണ്. കുടുംബത്തിലെ ഏറ്റവും വലിയ ഇര സ്ത്രീയും. എല്ലാ വഴിയുമടയുമ്പോള്‍ നിസ്സഹായരായ സ്ത്രീകള്‍ തെരുവിലിറങ്ങി നടത്തുന്ന സമരങ്ങള്‍ നമ്മോട് പങ്കുവെക്കുന്നതെന്താണ്? പ്രതിരോധസമരവേദികളില്‍ അധികാരവര്‍ഗത്തിന്‍െറയും അധിനിവേശശക്തികളുടെ, അവരുടെ കാവല്‍ നായ്ക്കളുടെയും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാകുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. അത് നന്ദിഗ്രാമിലായാലും ഗ്രേറ്റര്‍ നോയിഡയിലായാലും. ഓരോ പോരാട്ടങ്ങള്‍ക്ക് പിറകിലും ഒരു പെണ്ണിന്‍െറ കണ്ണീരും കരുത്തുമുണ്ട്. വിപ്ളവവഴികളിലെ ചുവന്ന നക്ഷത്രത്തിളക്കത്തില്‍ ഒരു സ്ത്രീയുടെ സഹനമുണ്ട്.
‘‘വന്ദനാലു വന്ദനാലമ്മേ മാ ബിഡലും...’’ എന്ന് തുടങ്ങുന്ന എന്‍െറ വിപ്ളവഗാനത്തില്‍ ഒരു അമ്മയുടെ മനസ്സാണുള്ളത്. ( ഓ... സമരനായകന്മാരേ, നിങ്ങള്‍ ഞങ്ങളുടെ മക്കളാണ്. നിങ്ങളുടെ പ്രവൃത്തിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചാലും എന്ന ഈ ഗാനം ഒരമ്മയുടെ ആഴത്തിലുള്ള സ്നേഹവും വാത്സല്യവും രക്തസാക്ഷിയായ മകന് നല്‍കുംവിധത്തിലാണ്. ആന്ധ്രയുടെ മണ്ണില്‍ തീക്കാറ്റ് വിതച്ചതാണ് ഈ വരികള്‍.)
  •  അമ്മമാര്‍ക്കുവേണ്ടി മക്കളുടെ മൃതദേഹം വിട്ടുകിട്ടാന്‍ താങ്കള്‍ നടത്തിയ സമരങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?
നക്സല്‍വേട്ടയുടെ പേരില്‍ സര്‍ക്കാറുകള്‍ നടത്തിവരുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് പൊലീസ് വിട്ടുകൊടുക്കാറില്ല. ആരുമറിയാതെ കുഴിച്ചുമൂടുകയാണ് ചെയ്യുക. ഇത് പലതും  മറച്ചുവെക്കാനാണ്. ഒരു തെറ്റും ചെയ്യാത്തവര്‍ പെട്ടെന്ന് പൊലീസ് പിടിയിലാകുന്നു. പിന്നെ, അവര്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു. ഈ കിരാതനീതിക്കെതിരെയാണ് ഞാന്‍ ഒരുകൂട്ടം അമ്മമാര്‍ക്കൊപ്പം സമരം ചെയ്തത്.
അമ്മമാര്‍ക്ക് മക്കളുടെ മൃതദേഹം കാണാന്‍ അവകാശമുണ്ട്. മരിച്ചത് നക്സലൈറ്റാവട്ടെ, തീവ്രവാദിയാകട്ടെ, മറ്റാരെങ്കിലുമാകട്ടെ അത് ഒരു മനുഷ്യനാണ്. മകന്‍െറ മൃതദേഹം കാണാന്‍ അമ്മക്ക് അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ല. ശവശരീരത്തെ ബഹുമാനിക്കുന്ന പാരമ്പര്യമാണ്  ഇന്ത്യയുടേത്. മകന്‍െറ മൃതദേഹം അമ്മക്ക് നല്‍കണം, അല്ലാതെ ഏതെങ്കിലും പട്ടിക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയല്ല വേണ്ടത്. അമ്മമാര്‍ക്ക് മക്കളുടെ മൃതദേഹമെങ്കിലും കാണാനും സത്യമറിയാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുമുള്ള അവകാശം നേടിയെടുക്കാനുള്ള സമരം ഞങ്ങള്‍ നടത്തി. ഇതിനായി മൃതദേഹം പത്തുപതിനഞ്ച് ദിവസം സൂക്ഷിച്ചുവെച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യിപ്പിച്ചിട്ടുണ്ട്, കോടതിമുഖേന. ഈ സമരങ്ങളുടെ ഭാഗമായി എന്നെ സെന്‍ട്രല്‍ജയിലില്‍ അടച്ചു.  ഒരുപാട് പ്രതിഷേധങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായതിനെത്തുടര്‍ന്ന് അവര്‍ എന്നെ വിട്ടയച്ചു. ജാമ്യമെടുക്കാനോ മറ്റേതെങ്കിലുംവിധത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കോ ഞാന്‍ തയാറായില്ല. പൊലീസിന് എന്നോടുള്ള ശത്രുത വര്‍ധിക്കാന്‍ ഇത് കാരണമായി.                
വേട്ടയാടപ്പെടുന്ന എല്ലാ സ്ത്രീയും എന്‍െറ മുന്നില്‍ എന്‍െറ അമ്മ ലച്ചുമമ്മയാണ് ( ഗദ്ദറിന്‍െറ കണ്ണുകള്‍ ഈറനണിഞ്ഞു. വാക്കുകള്‍ ഇടറി. സ്വന്തം വിശപ്പുമറന്ന്  മക്കള്‍ക്ക് വെച്ചുവിളമ്പിയ, കുടുംബംപോറ്റാന്‍ കൂലിപ്പണിയെടുത്ത് തളര്‍ന്ന ഒരമ്മയുടെ  വിറയാര്‍ന്ന ശോഷിച്ച വിരല്‍ത്തുമ്പില്‍ തൊട്ടുനില്‍ക്കുകയായിരുന്നു ഗദ്ദറിന്‍െറ ഓര്‍മകള്‍. അമ്മയെന്ന നന്മയുടെ  ഈറന്‍ നിലാവിനെക്കുറിച്ചുള്ള ഗദ്ദറിന്‍െറ വരികളിങ്ങനെ: ‘‘ഓ ലച്ചുമമ്മാ...അമ്മയുടെ വസ്ത്രങ്ങള്‍ കീറിയിരിക്കുന്നു. കീറിപ്പറഞ്ഞ ബ്ളൗസ് തുന്നാനോ  പുത്തനൊന്ന് വാങ്ങാനോ അമ്മക്ക് കഴിവില്ല. ശരീരം ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു. എന്നിട്ടും ഞങ്ങളെ പോറ്റാന്‍ നിങ്ങള്‍ കാളയെപ്പോലെ കൃഷിയിടത്തില്‍ പണിയെടുക്കുന്നു).
  •  മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നടത്തിയ സമരങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി പറയട്ടെ,  അടിയന്തരാവസ്ഥക്കാലത്ത്  ഭരണകൂടഭീകരതയില്‍ മകന്‍ നഷ്ടമായ ഒരച്ഛന്‍െറ വേദനകള്‍ ഞങ്ങള്‍ മലയാളികളെ  ഇന്നും വേട്ടയാടുന്നുണ്ട്...    
രാജന്‍െറ കാര്യമല്ലേ? രാജന്‍െറ തിരോധാനം മുന്നോട്ടുവെക്കുന്ന ഭീതിയുടെ രാഷ്ട്രതന്ത്രവും അയാളുടെ അച്ഛന്‍െറ വേദനാപൂര്‍ണമായ കാത്തിരിപ്പും ഈരടികളാകുന്ന ഒരു പാട്ട് ഞാന്‍ പാടിയിട്ടുണ്ട്. ‘‘ഒരു ജനതയുടെ  ഉറക്കംകെടുത്തുന്ന ദുരന്ത സ്വപ്നത്തിന്‍െറ പേരാണ് രാജന്‍... ഒരച്ഛന്‍െറ പ്രതീക്ഷകളുടെ ഇതളൂര്‍ന്ന പൂവാണ് രാജന്‍...’’ ഇങ്ങനെ പോകുന്നു ആ പാട്ടിന്‍െറ വരികള്‍.
അടിയന്തരാവസ്ഥക്കാലത്ത് സമാനമായൊരു സംഭവം ഇവിടെയും നടന്നിട്ടുണ്ട്. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ യുവജനസംഘടനയായ റാഡിക്കല്‍ സ്റ്റുഡന്‍റ്സ് യൂനിയന്‍െറ പ്രവര്‍ത്തകരെ  പൊലീസ് കൊലപ്പെടുത്തിയിരുന്നു. നിങ്ങളെല്ലാം വിളിച്ചുകൂവുന്ന ആ  ജനാധിപത്യത്തെ അധികാരികള്‍ കഴുമരമേറ്റിയ കറുത്തനാളുകളില്‍ ഒളിവില്‍പോകേണ്ടിവന്ന നാലു വിദ്യാര്‍ഥികളെ ഗിരിയപ്പിള്ളി വനത്തില്‍വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവെച്ചുകൊന്നു. ഈ സംഭവം ഞങ്ങളെയെല്ലാം വല്ലാതെ ഉലച്ചുകളഞ്ഞ ഒന്നാണ് ( ഇതിനെ അടിസ്ഥാനമാക്കി ‘നക്സലൈറ്റിന്‍െറ മക്കള്‍’ എന്നപേരില്‍ ഒരു ഓഗുകഥാഗാനം ഗദ്ദര്‍ എഴുതിയിട്ടുണ്ട്).    
മുഖ്യധാരാസമൂഹവും പാര്‍ശ്വവ ത്കരിക്കപ്പെട്ടവരും തമ്മിലുള്ള വലി
യവിടവ് അസ്വസ്ഥകള്‍ പുകയുന്ന,
  • എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെ റിക്കാവുന്ന ഒരഗ്നിപര്‍വതമാക്കി നമ്മുടെ സമൂഹത്തെമാറ്റിയിട്ടില്ലേ?    
ദലിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഏറെ അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ട്. ഇവര്‍ മുഖ്യധാരയില്‍നിന്ന് ഒരുപാട് പിറകിലാണ്. പുരുഷകേന്ദ്രീകൃത ബ്രാഹ്മണിക്കല്‍ അധികാരവ്യവസ്ഥയാണ് ഇതിന് കാരണം. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍ ഏറെ പീഡിപ്പിക്കപ്പെടുന്നു. അവര്‍ അസംതൃപ്തരാണ്. നിങ്ങള്‍ ഇന്ത്യയുടെ ഉള്ളറകളിലേക്ക് പോകൂ. അപ്പോഴറിയാം ഈ രാജ്യത്തെ മുസ്ലിംകളുടെ യഥാര്‍ഥ  അവസ്ഥയെന്താണെന്ന്. സര്‍ക്കാറുകള്‍ ഇവിടത്തെ മുസ്ലിംകളെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും അടിച്ചമര്‍ത്തി. പിന്നീട് ബാബരിമസ്ജിദ് പ്രശ്നം, ഗുജറാത്ത് കലാപം എന്നിവയിലൂടെ അവരെ തച്ചുതകര്‍ത്തു.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവര്‍ ഏറെ പിറകിലാണ്. സര്‍ക്കാറുകള്‍ പറയുന്നു, ‘‘ഞങ്ങള്‍ നിങ്ങള്‍ക്ക് എല്ലാം നല്‍കി’’യെന്ന്. പക്ഷേ, ഇവിടത്തെ മുസ്ലിംകള്‍ അത് വിശ്വസിക്കുന്നില്ല. എല്ലാവരും പറയുന്നു, ‘‘ഇത് നിങ്ങളുടെ രാജ്യമാണെ’’ന്ന്. പക്ഷേ, സാധാരണ മുസല്‍മാന് അത് അനുഭവിക്കാന്‍ കഴിയുന്നില്ല. ഓരോ നിമിഷവും രാജ്യസ്നേഹം തെളിയിക്കുന്ന പരിശോധനാഫലവുമായി ജീവിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മുസ്ലിം ജനത. ‘‘ഞാന്‍ ഒരു തീവ്രവാദിയല്ലെന്ന’’ മുഖവുരയോടെവേണം അവന് ഏത് സമൂഹത്തിലേക്കും കടന്നുവരാന്‍. 
‘‘ യാ അല്ലാ ... ഞാന്‍
ഒരു മനുഷ്യനാണ്,
ഒരു മുസല്‍മാനാണ്
ഏതാണെന്‍െറ ദേശം?
ഏതാണെന്‍െറ ഭാഷ?
എനിക്ക് പ്രാര്‍ഥിക്കണം
ഞാന്‍ അവരോട്
പള്ളിയിലേക്കുള്ള വഴിചോദിച്ചു
കളിയാക്കിച്ചിരിച്ചുകൊണ്ട്
അവര്‍ കാണിച്ചുതന്നത്
പാകിസ്താന്‍
ഒടുവില്‍ വേദനകളോടെ
ഞാന്‍ എത്തിയ ഇടം
ഖബര്‍സ്ഥാന്‍. ’’
സ്ത്രീ - ദലിത് - ന്യൂനപക്ഷങ്ങള്‍ ചേര്‍ന്നുള്ള ഒരു പുത്തന്‍ പോരാട്ടക്കൂട്ടായ്മയിലാണ് എന്‍െറ പ്രതീക്ഷ. ഇന്ത്യയില്‍ ഒരു മാറ്റത്തിന്‍െറ കൊടുങ്കാറ്റ് കെട്ടഴിച്ചുവിടാന്‍ ഈ വിഭാഗങ്ങള്‍ചേര്‍ന്ന അസ്വസ്ഥതയുടെ ഒരു ത്രികോണത്തിനേ കഴിയൂ.
‘‘ അതെ, വിപ്ളവത്തിന്‍െറ
വയലൊരുങ്ങിക്കഴിഞ്ഞു.
നിലമുഴുതുമറിച്ച കൈകളില്‍
നേരിന്‍െറ വാക്കത്തി മിന്നുന്നു.
നല്ല നാളേക്കുവേണ്ടി നിങ്ങളും
പോരാട്ടത്തിന്‍െറ
  വിത്ത് വിതയ്ക്കാന്‍ ഒരുങ്ങൂ...’’
  • സംഘ്പരിവാറിന്‍െറ ഫാഷിസ്റ്റ് നയങ്ങളെ തുറന്നെതിര്‍ക്കുന്ന വ്യക്തിയാണ് താങ്കള്‍?
 സംഘ്പരിവാറിന്‍െറ കണ്ണിലെ ഒരു വലിയ കരടാണ് ഞാന്‍. പക്ഷേ, എന്നെ എന്തെങ്കിലും ചെയ്യുന്നതിനുള്ള ചങ്കൂറ്റം അവര്‍ക്കില്ല. എന്നെ ഇല്ലാതാക്കാന്‍ ഒരു പരിവാരത്തിനും അവരുടെ ആയുധത്തിനും കഴിയില്ല. ഞങ്ങളുടെ ശക്തി എന്തെന്ന് അവര്‍ക്കറിയാം. പിന്നെ, ഞങ്ങളെ വേട്ടയാടാന്‍ സര്‍ക്കാറുകള്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളപ്പോള്‍ ആര്‍.എസ്.എസ് എന്തിന് റിസ്ക് എടുക്കണം. ‘‘അദ്വാനിജി ആപ്നേ ക്യാ മന്ദിര്‍ കേലിയെ ഏക് രഥയാത്ര...’’എന്ന് തുടങ്ങുന്ന ഗാനം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. ‘‘അല്ലയോ അദ്വാനിജി, താങ്കള്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഒരു രഥയാത്ര നടത്തി. എന്തുകൊണ്ട് ഞങ്ങളുടെ പട്ടിണിമാറ്റാന്‍ ഒരു യാത്രനടത്തിയില്ല.’’ സത്യസായിബാബയുള്‍പ്പെടെയുള്ള മനുഷ്യദൈവങ്ങളെയും ഞാന്‍ തുറന്നെതിര്‍ത്തിട്ടുണ്ട്. അന്ധതയുടെ കച്ചവടക്കാരാണവര്‍. അവര്‍ ജനങ്ങളില്‍ നിറക്കുന്ന ഇരുട്ടിനെ വാക്കിന്‍െറ വെളിച്ചംകൊണ്ട്  ഞങ്ങള്‍ അകറ്റുന്നു.
‘‘ സലാം അലൈക്കും കലാംസാബ്
  ബി.ജെ.പി കി ജാല്‍മേം ബസ്ഗയാതോ ഗുലാംസാബ്’’ ( നമസ്കാരം കലാംസാബ്. ബി.ജെ.പിയുടെ വലയില്‍ കുടുങ്ങി നിങ്ങള്‍ ഒരു അടിമയായിപ്പോയി ) ഇത് എ.പി.ജെ. അബ്ദുല്‍കലാം സായിബാബയെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ പാടിയതാണ്. പുട്ടപര്‍ത്തി ആശ്രമത്തിനു മുന്നില്‍വെച്ചാണ് ഞാന്‍ ഇത് ആദ്യം പാടിയത്. സവര്‍ണ ഫാഷിസം കേവലം ബി.ജെ.പി എന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നില്ല. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍പോലുമുണ്ട്. 
‘‘വട്ടമിട്ടുപറക്കുന്ന കഴുകന്മാരും തെലുങ്കാന സമരത്തിന്‍െറ
രാഷ്ട്രീയഭാവിയും’’
‘‘വിഷം കലക്കിയ വെള്ളംകുടിച്ച്
പല്ലും എല്ലും തകര്‍ന്ന
നല്‍ഗോണ്ടയിലെ ഫ്ളൂറോസിസ്
രോഗബാധിതരോട് ചോദിക്കൂ,
വരണ്ടുണങ്ങിയ കൃഷിയിടത്തില്‍
മഴക്കായികേഴുന്ന
മെഹബൂബ്നഗറിലെ
കര്‍ഷകനോട് ചോദിക്കൂ,
രണ്ടുനദികള്‍
കരകവിഞ്ഞൊഴുകിയിട്ടും
കുടിവെള്ളംകിട്ടാതെ വലയുന്ന
ഖമ്മത്തെ ഗോത്രജനതയോട്
ചോദിക്കൂ,
പൊലീസ് ബൂട്ടിനുകീഴെ
ചതഞ്ഞരഞ്ഞ
ഉസ്മാനിയയിലെ
യുവരക്തങ്ങളോട് ചോദിക്കൂ,
വാറങ്കലില്‍ ഹൃദയവ്യഥകള്‍കൊണ്ട്
തപ്പുംതുടിയും കൊട്ടുന്നവരോട്
ചോദിക്കൂ,
അവര്‍ പറയും, തെലുങ്കാന
ഒരു ജനതയുടെ
മോചനസ്വപ്നമാണെന്ന്.’’
    ‘‘നെഹ്റുവാണ് തെലുങ്കാനപ്രശ്നം ഇത്രയും രൂക്ഷമാകാന്‍ കാരണം’’, ഗദ്ദര്‍ തെലുങ്കാനയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് മുഴങ്ങുന്ന ഈ വാക്കുകളോടെയാണ്. ശബ്ദം ഉയര്‍ന്നു. തെലുങ്കാനയെക്കുറിച്ച് പറയുമ്പോള്‍ വല്ലാത്തൊരു വൈകാരിക അവസ്ഥയാണ് ഗദ്ദറിന്. സാമൂഹികമായും സാമ്പത്തികമായും ആന്ധ്രപ്രദേശിലെ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന പ്രദേശമാണ് തെലുങ്കാന. വികസനം കാര്യമായി എത്തിനോക്കിയിട്ടില്ലാത്ത ഇടം. ‘അമരജീവി’ പോറ്റി ശ്രീരാമുലുവിന്‍െറ ഐതിഹാസിക നിരാഹാരവ്രതത്തിനും ജീവത്യാഗത്തിനും ഒടുവിലാണ് 1953 ഒക്ടോബറില്‍ മദിരാശി സംസ്ഥാനത്തില്‍പെട്ട തെലുങ്ക് സംസാരിക്കുന്ന ജില്ലകള്‍ ചേര്‍ത്ത് കര്‍ണൂല്‍ തലസ്ഥാനമാക്കി ആന്ധ്രാ സംസ്ഥാനം രൂപവത്കരിച്ചത്. എന്നാല്‍, ഹൈദരാബാദ് സംസ്ഥാനത്തിന്‍െറ കീഴിലായിരുന്ന ജില്ലകള്‍ കൂടെചേര്‍ത്ത് വിശാല ആന്ധ്ര എന്ന ആവശ്യം ശക്തമായി. ഇതത്തേുടര്‍ന്നാണ് 1956 നവംബര്‍ ഒന്നിന് ഇന്നത്തെ ആന്ധ്രപ്രദേശ് രൂപവത്കരിച്ചത്. കോസ്റ്റല്‍ ആന്ധ്ര, റായല്‍സീമ, തെലുങ്കാന എന്നിങ്ങനെ മൂന്നായി ആന്ധ്രയെ തരംതിരിക്കാം.
കോസ്റ്റല്‍ ആന്ധ്രയിലെയും  റായല്‍സീമയിലെയും  നഗരങ്ങളില്‍മാത്രമായി വികസനവും പുരോഗതിയും ഒതുങ്ങിയപ്പോള്‍ തെലുങ്കാന എല്ലാ അര്‍ഥത്തിലും പിന്നാക്കാവസ്ഥയില്‍ തുടര്‍ന്നു. ആന്ധ്രയുടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത് കോസ്റ്റല്‍ആന്ധ്രയിലും റായല്‍സീമയിലുമുള്ളവരായിരുന്നു. ധാതുസമ്പന്നമായ തെലുങ്കാനയിലെ പ്രകൃതിവിഭവങ്ങളും  കാര്‍ഷിക ഉല്‍പാദനവും ഊറ്റിയെടുത്ത് ആന്ധ്രയുടെ നഗരങ്ങള്‍ വളര്‍ന്നു. ആന്ധ്രയെ തീറ്റിപ്പോറ്റുന്ന അടിമഭൂമിയായി തെലുങ്കാന. ഈ സാമൂഹിക അസമത്വങ്ങളാണ് തെലുങ്കാനയുടെ രാഷ്ട്രീയത്തെ സംഘര്‍ഷഭരിതമാക്കുന്നത്. പക്ഷേ, രോഷത്തിന്‍െറ വിത്തുകള്‍ അതിനുമുമ്പേ തെലുങ്കാനയുടെ മണ്ണില്‍ വീണിരുന്നു. അനീതിയും ചൂഷണവും അരങ്ങുവാണപ്പോഴെല്ലാം തെലുങ്കാനകര്‍ഷകന്‍െറ ആത്മബോധത്തിന് ആയുധത്തിന്‍െറ മൂര്‍ച്ചവന്നു.  
1946ലാണ് കര്‍ഷകസമരത്തിന്‍െറ കൊടുങ്കാറ്റ് തെലുങ്കാനയിലെ വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞത്. കൃത്യമായിപ്പറഞ്ഞാല്‍, നക്സല്‍ബാരിയില്‍ വസന്തത്തിന്‍െറ ഇടിമുഴങ്ങുന്നതിനും ഇരുപതുവര്‍ഷം മുമ്പ്. ഖമ്മത്തെയും നല്ലഗൊണ്ടയിലെയും വാറങ്കലിലെയുമെല്ലാം സായുധരായകര്‍ഷകര്‍ ജന്മിമാരില്‍നിന്നും ഭൂവുടമകളില്‍നിന്നും ഭൂമി പിടിച്ചെടുത്ത് ജനകീയകമ്മിറ്റികള്‍വഴി വിതരണംചെയ്തു. കര്‍ഷകസ്വരാജ് സ്ഥാപിച്ചു. നല്ലഗോണ്ടയില്‍ ആരംഭിച്ച  ചെറുത്തുനില്‍പിന്‍െറ അലമാലകള്‍ നാലായിരത്തിലേറെ ഗ്രാമങ്ങളില്‍ ആഞ്ഞടിച്ചു. ചിട്യാല ഐലമ്മ എന്ന ധീരവനിത മണ്ണിനും മാനത്തിനുംവേണ്ടി ജമീന്ദാര്‍ രാമചന്ദ്ര റെഡ്ഡിക്കെതിരെ അരിവാളെടുത്തതാണ് ജന്മിത്തത്തിനും തൊഴില്‍ചൂഷണത്തിനും രാജവാഴ്ചക്കുമെതിരായ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പായി പരിണമിച്ചത്. എന്നാല്‍, നാലായിരത്തിലേറെപേര്‍ ജീവന്‍ ബലിനല്‍കി ഒരു ജനത നേടിയ മണ്ണും മോഹങ്ങളും ജനാധിപത്യസര്‍ക്കാര്‍ വീണ്ടും ജന്മിമാര്‍ക്ക് അടിയറവുവെച്ചു. അന്നുമുതലേ മുറിവേറ്റ തെലുങ്കന്‍െറയുള്ളില്‍ ആത്മരോഷം ഉമിത്തീയായി എരിയുന്നുണ്ടായിരുന്നു. കാലത്തിന്‍െറ ഉഷ്ണക്കാറ്റേറ്റ് അത് ആളിക്കത്തി. തെലുങ്കാന സമരത്തെ കേവലം ഒരു പ്രാദേശികവാദമായി എഴുതിത്തള്ളാനാകില്ല. അത് ദലിതരുടെ, കര്‍ഷകരുടെ, നിസ്സഹായരായ ഗ്രാമീണരുടെ ആറുപതിറ്റാണ്ടത്തെ മോചനസ്വപ്നം കൂടിയാണ്. നാലുകോടി ജനതയുടെ സ്വപ്നം, സ്വാശ്രയത്വത്തിന്‍െറയും സുരക്ഷിതഭാവിയുടെയും ആ സ്വപ്നത്തിന്‍െറ  വര്‍ത്തമാനകാല കൊടിയടയാളമാകുന്നു ഗദ്ദര്‍. ഗദ്ദറിന്‍െറ ‘‘അമ്മാ, തെലുങ്കാനമാ... ആകലി കേകല ഗാനമാ...’’എന്ന ഗാനമാണ് തെലുങ്കാനയുടെ ഔദ്യാഗികഗാനം. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടി 2007 ഫെബ്രുവരിയില്‍ പതിനൊന്ന് കലാസംഘടനകളെയും നൂറ്റിയൊന്ന് കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഗദ്ദര്‍ വന്‍ പദയാത്രനടത്തി. ‘‘തെലുങ്കാന എന്ന ആശയത്തിന്‍െറ സൈദ്ധാന്തികവും ആശയപരവുമായ വശങ്ങളെ സാധാരണക്കാരിലേക്ക് വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞ ആദ്യ തെലുങ്കാന നേതാവാണ് ഗദ്ദര്‍. അദ്ദേഹത്തിന്‍െറ പാട്ടിന്‍െറ കരുത്ത് തെലുങ്കാന എന്ന ആശയത്തെ ജനമനസ്സുകളിലെ അടങ്ങാത്ത അഭിവാഞ്ഛയാക്കുന്നു.’’ പ്രശസ്ത  ദലിത് ചിന്തകന്‍ കാഞ്ചാ ഇളയ്യ പറയുന്നു.
  • ‘തെലുങ്കാന പ്രജാ ഫ്രണ്ട്’ രൂപവത്കരണത്തോടെ താങ്കള്‍ തെലുങ്കാനാ പ്രശ്നത്തില്‍ കൂടുതല്‍ സജീവമാവുകയാണല്ലോ?
‘തെലുങ്കാന പ്രജാ ഫ്രണ്ട്’ ഏതെങ്കിലും ഒരു രാഷ്ട്രീയ ലക്ഷ്യ മുള്ള സംഘടനയല്ല. ജനാധിപത്യ തെലുങ്കാന എന്ന വിശാല ലക്ഷ്യമാണ് അതിനുള്ളത്. അതൊരു സ്വതന്ത്ര രാഷ്ട്രീയ സമിതിയാണ്. വിവിധ രാഷ്ട്രീയകക്ഷികളില്‍പെടുന്നവരും ഇതിലുണ്ട്. ‘തെലുങ്കാന പ്രജാ ഫ്രണ്ടിന്’ രാഷ്ട്രീയലക്ഷ്യങ്ങളോ അധികാരമോഹങ്ങളോ ഇല്ല. അതൊരു രാഷ്ട്രീയപാര്‍ട്ടിയല്ല. 2010 ഒക്ടോബര്‍ 3നാണ് ‘തെലുങ്കാന പ്രജാ ഫ്രണ്ട്’ രൂപവത്കരിച്ചത്. തെലുങ്കാനക്കായുള്ള സമരത്തിന്‍െറ ജനകീയപിന്തുണ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പോകേണ്ടതുള്ളതിനാല്‍ ‘പ്രജാ  ഫ്രണ്ടിന്‍െറ’ നേതൃസ്ഥാനത്ത് ഞാന്‍ അധികം സജീവമല്ല.
  • തെലുങ്കാന സമരത്തിന്‍െറ രാഷ്ട്രീയ അടിത്തറ എന്താണ്? തെലുങ്കാന രൂപവത്കരിച്ചാല്‍ ബി.ജെ.പി യെപോലുള്ള രാഷ്ട്രീയകക്ഷികള്‍ക്കായിരിക്കും ഗുണം ലഭിക്കുക എന്നൊരു വിലയിരുത്തലുണ്ടല്ലോ? സ്വതന്ത്ര തെലുങ്കാനയുടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാമെന്ന് മാവോയിസ്റ്റ് സംഘടനകള്‍ കണക്കുകൂട്ടുന്നുണ്ടോ?
ഈ രാജ്യത്തെ ഏറ്റവും വലിയ രണ്ടു പ്രതിസന്ധികള്‍ക്ക് കാരണം നെഹ്റുവാണ്. കശ്മീരും തെലുങ്കാനയും. നെഹ്റുവിന്‍െറ കുതന്ത്രങ്ങളാണ് ഈ പ്രശ്നങ്ങളെ രൂക്ഷമാക്കിയത്. ‘‘പനിനീര്‍പ്പൂ കുത്തിവെച്ച വിഷംപുരട്ടിയ കത്തിയാണ് നെഹ്റു’’ എന്നാണ് അക്കാലത്ത് കവികള്‍ പാടിയിരുന്നത്. തെലുങ്കാന സമരം ഫ്യൂഡലിസത്തിനും കൊളോണിയലിസത്തിനും എതിരായ കര്‍ഷകരുടെ മുന്നേറ്റമായിരുന്നു. 1952വരെ തുടര്‍ന്ന  ഈ സമരത്തെ തന്‍െറ നിലനില്‍പിനായി പട്ടാളത്തെ ഉപയോഗിച്ച് നെഹ്റു രക്തത്തില്‍മുക്കി. തെലുങ്കാനാ പ്രശ്നത്തിന്‍െറ യഥാര്‍ഥ കാരണം സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളും  ഇതുവരെ വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടില്ല. തെലുങ്കാന സമരത്തെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് പി.സുന്ദരയ്യതന്നെ പരിതപിച്ചിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ‘ആരുടെ തെലുങ്കാന?’ എന്നതാണ്. ‘ജനകീയ തെലുങ്കാന’. ഇതാണ് ഞങ്ങളുടെ ആവശ്യം. തെലുങ്കാനാപ്രദേശം ആന്ധ്രയോട് ചേര്‍ക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇതിനെതിരായാണ് ഈ ചെറുത്തുനില്‍പ്. കര്‍ഷകന് കൃഷിഭൂമി, കീഴാളന് മോചനം, ജനങ്ങള്‍ക്ക് ദാരിദ്ര്യമില്ലാത്ത ജീവിതം. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ സഫലമാകുംവരെ സമരം തുടരും. തെലുങ്കാന എന്നത് വലിയ ലക്ഷ്യത്തിലേക്കുള്ള തുടക്കം മാത്രമാണ്. തെലുങ്കാനാ സമരമാണ് ഇവിടത്തെ സാഹിത്യത്തിന് പുത്തന്‍ ദിശനല്‍കിയത്. വാക്കിന് വാളിന്‍െറ മൂര്‍ച്ചനല്‍കിയത്. കര്‍ഷകന്‍ കൃഷിഭൂമി പിടിച്ചെടുത്തപോലെ കീഴാളന്‍ ഫ്യൂഡല്‍ കലാരൂപങ്ങളായ ബുരകഥ, ഒഗുകഥ എന്നിവ പിടിച്ചെടുത്തു. കൃത്യമായ വിപ്ളവദര്‍ശനത്തിന്‍െറ ഭാഗമായാണ് ഞാന്‍ തെലുങ്കാനക്കുവേണ്ടി വാദിക്കുന്നത്. തെലുങ്കാനാ രൂപവത്കരിക്കപ്പെട്ടാല്‍ അത് ഇന്ത്യയില്‍ വന്‍ ചലനങ്ങളുണ്ടാക്കും. മാറ്റങ്ങള്‍ക്ക് വഴിവെക്കും. എന്നു കരുതി രാഷ്ട്രീയ അധികാരം സ്വന്തമാക്കാം എന്ന സ്വപ്നമൊന്നും മാവോയിസ്റ്റ് പാര്‍ട്ടിക്കില്ല. അത് തെലുങ്കാനയിലെ ജനങ്ങള്‍ക്ക് വിടുന്നു.
പിന്നെ ബി.ജെ.പിയുള്‍പ്പെടെയുള്ളവരുടെ കാര്യം. രാഷ്ട്രീയലാഭം മുന്നില്‍ക്കണ്ട് ബി.ജെ.പിയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതില്‍ ഇടപെടുന്നുണ്ടാകാം. പൊതിച്ചോറ് തട്ടിയെടുക്കാന്‍ കാത്തുനില്‍ക്കുന്ന തെരുവുപട്ടികളെപ്പോലെ. എന്നാല്‍, ഇവരെ പേടിച്ച് ഈ പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കണോ? അവര്‍ അധികാരവും ചോദിച്ച് വരട്ടെ അപ്പോള്‍ ഞങ്ങള്‍ നേരിട്ടുകൊള്ളാം. തെലുങ്കാനയിലെ ഞങ്ങളുടെ സമരം മൂന്നു വിഭാഗങ്ങള്‍ക്ക് എതിരെയാണ്. ഒന്ന്, തെലുങ്കാന എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കാത്തവര്‍. രണ്ട്, ആഗോള ജന്മിത്തവും മുതലാളിത്തവും ഉള്‍പ്പെടെയുള്ളവര്‍. മൂന്ന്, തെലുങ്കാന എന്ന സ്വപ്നം യാഥാര്‍ഥ്യമായാല്‍ അധികാരം തട്ടിയെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കഴുകന്മാര്‍. തെലുങ്കാന സ്വന്തമായാലും ജാതിക്കും കൃഷിഭൂമിക്കും ദലിത് പീഡനങ്ങള്‍ക്കുമെതിരെ ഞങ്ങളുടെ പോരാട്ടം തുടരും. കാരണം, ഇത് തെലുങ്കാനയാണ്, പോരാട്ടങ്ങള്‍ ചരിത്രപുസ്തകത്തില്‍ ഒതുങ്ങിപ്പോയിട്ടില്ലാത്ത ‘വീരതെലുങ്കാന’.
  • തെലുങ്കാന പ്രശ്നം പരിഹരിക്കാനുള്ള ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെപ്പറ്റി?
ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ടിന് ചവറ്റുകുട്ടയിലാണ് സ്ഥാനം. തെലുങ്കാനയുടെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ടാണിത്. ഈ ജനതയുടെ വൈകാരിക ബന്ധങ്ങളെ തകര്‍ത്തെറിയുന്ന വിധത്തിലാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ, ഈ റിപ്പോര്‍ട്ടിന് ഭരണനേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാകാം. എന്നാല്‍, ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മിറ്റികളുടെ പേരിലുള്ള ഒരു ഒത്തുതീര്‍പ്പുകള്‍ക്കും ഞങ്ങള്‍ തയാറല്ല.



എന്‍െറ പ്രസ്ഥാനത്തിന് തെറ്റുപറ്റിയിട്ടുണ്ട്

എന്‍െറ പ്രസ്ഥാനത്തിന് തെറ്റുപറ്റിയിട്ടുണ്ട്
 എല്ലാം യൗവനത്തിന്‍െറ എടുത്തുചാട്ടമെന്നും ,  കണ്ടത് ഒരിക്കലും നടക്കാത്ത കാല്‍പനിക സ്വപ്നമെന്നും പറഞ്ഞ് പ്രസ്ഥാനമുപേക്ഷിക്കുന്നവരോട് എന്തുപറയുന്നു?
എല്ലാവര്‍ക്കും അവരവരുടെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരൊക്കെ തള്ളിപ്പറഞ്ഞാലും വിപ്ളവത്തിന്‍െറ ജ്വാലകെടാതെ സൂക്ഷിക്കുന്ന ഒട്ടേറെ മനസ്സുകള്‍ ഇനിയും ബാക്കിയുണ്ട്. പാര്‍ട്ടിവിട്ടവരില്‍ എത്രപേര്‍ എന്ന് സജീവമായി ജനമധ്യത്തിലുണ്ട്. മിക്കവരും വ്യവസ്ഥിതിയുമായി സഖ്യംചെയ്ത് കഴിഞ്ഞുകൂടുന്നു. ചിലര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നു. വിപ്ളവത്തിന്‍െറ ഊര്‍ജമേറ്റുവാങ്ങി കത്തിജ്വലിച്ചു നിന്നിരുന്ന സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എന്തുപറ്റി? അവരുടെ ശബ്ദമെവിടെ?   പ്രസ്ഥാനത്തില്‍നിന്നും പുറത്തുവന്ന അവര്‍ വെള്ളത്തില്‍നിന്നും കരയിലേക്ക് ചാടിയ മീനുകളെപ്പോലെയായില്ലേ. പ്രസ്ഥാനം വിട്ടോരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ എന്തിന് ജീവിച്ചിരുന്നുവെന്നും ഇനി എന്തിന് ജീവിക്കുന്നുവെന്നും നിങ്ങള്‍തന്നെ വിലയിരുത്തൂ.
നക്സലൈറ്റ് പ്രസ്ഥാനത്തില്‍തന്നെ എത്രയേറെ ഗ്രൂപ്പുകളാണുള്ളത്? സമാനചിന്താഗതിയുള്ള ഒട്ടേറെപേര്‍ പാര്‍ട്ടിക്കു പുറത്തുണ്ട്.
* ശരിയാണ്. പ്രസ്ഥാനത്തിന് ചില പരിമിതികളുണ്ട്. ഇപ്പോഴത്തെ പ്രത്യയശാസ്ത്രത്തിനും അതിന്‍േറതായ പരിമിതികളുണ്ട്. മാര്‍ക്സിസംകൊണ്ടുമാത്രം സമ്പൂര്‍ണമോചനം ഒരിക്കലും സാധ്യമാകില്ല എന്നുതന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. കാരണം, നമുക്കുമുന്നില്‍ പുതിയ പ്രതിസന്ധികളാണുള്ളത്. ചൂഷണത്തിന്‍െറ രീതികള്‍ മാറിയിരിക്കുന്നു. കൃഷിയിടത്തില്‍നിന്ന് തുടങ്ങി ഐ.ടി കമ്പനികളിലേക്കുവരെ ജന്മിത്തം വ്യാപിച്ചിരിക്കുന്നു.  മാറിയ കാലത്തിന്‍െറ അസഹിഷ്ണുതകളെ പുതിയ രീതിയില്‍ നേരിടണം. പ്രതിരോധരീതികള്‍ മാറണം. ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലവും ജാതി യാഥാര്‍ഥ്യവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു സമഗ്ര കമ്യൂണിസ്റ്റ് ദര്‍ശനവും പ്രത്യയശാസ്ത്രവുമാണ് നമുക്ക് ആവശ്യം. വര്‍ഗസിദ്ധാന്തവും കുലസിദ്ധാന്തവും ആവശ്യമാണ്. സാമ്പത്തിക അസമത്വങ്ങളുമായി ബന്ധപ്പെട്ടതും സാമൂഹിക അസമത്വങ്ങളുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.
ഒപ്പം, പാര്‍ട്ടിയിലേക്ക് കടന്നുവരാത്ത എന്നാല്‍, വിപ്ളവാശയങ്ങളും ദലിത്ചിന്തയും മുറുകെപ്പിടിക്കുന്ന നിരവധിപേര്‍ പുറത്തുണ്ട്.  പലരും പ്രശ്നങ്ങള്‍മാത്രം പറയുന്നു, ആരും യഥാര്‍ഥ പരിഹാരം നിര്‍ദേശിക്കുന്നില്ല.  എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വിശാലവേദി രൂപവത്കരിക്കണം. എല്ലാ ആശയങ്ങളെയും ഏകോപിപ്പിക്കണം. പ്രസ്ഥാനത്തിലുണ്ടായ വിഭജനങ്ങള്‍ വിശാല അര്‍ഥത്തില്‍ ജനകീയതയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, സമാനചിന്താഗതിക്കാരുടെ ഒരു വിശാലകൂട്ടായ്മ ഉണ്ടാക്കണമെന്ന് ഞാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അസാധ്യവുമല്ല. കാരണം, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. ഒരു പുതിയ സൈദ്ധാന്തിക മാര്‍ഗരേഖയുണ്ടാക്കാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 മാവോയിസ്റ്റ് പാര്‍ട്ടിക്ക് ചില തെറ്റുകള്‍ പറ്റിയെന്ന് താങ്കള്‍ പറയുന്നു. അപ്പോള്‍ പിന്നെ ഏതുതരത്തിലുള്ള വിപ്ളവമാതൃകയാണ് താങ്കള്‍ മുന്നോട്ടുവെക്കുന്നത്? 
*  നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ചചെയ്തപോലെ റഷ്യന്‍ വേണോ? ചൈനീസ് വേണോ എന്ന രീതിയിലല്ല. അതിനു കാരണം ഞാന്‍ പറഞ്ഞുകഴിഞ്ഞു. നമുക്ക് വേണ്ടത് ഇന്ത്യന്‍ വിപ്ളവരീതിയാണ്. സായുധവിപ്ളവം അതിന്‍െറ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങള്‍ നമുക്ക് വഴിയെ വിശദമാക്കാം. ഞാന്‍ വിശ്വസിക്കുന്നത് മാര്‍ക്സിസം ഒരു ശാസ്ത്രമാണെന്നാണ്. അതുകൊണ്ടുതന്നെ ‘മാര്‍ക്സിയന്‍ ജ്ഞാനസിദ്ധാന്തം’ എന്നാണ് ഞാന്‍ ആ ശാസ്ത്രത്തെ വിളിക്കുന്നത്. ശാസ്ത്രം ഒരിക്കലും അന്തിമവിധി കല്‍പിക്കുന്നില്ല. അത് നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നു, വികസിച്ചുകൊണ്ടിരിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു. അതുപോലെത്തന്നെയാണ് മാര്‍ക്സിസവും. അത് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍, നമ്മുടെ ഇന്നത്തെ മുഖ്യധാരാ കമ്യൂണിസ്റ്റുകള്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല. അവര്‍ പഴയതിനുചുറ്റും വട്ടംകറങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, അവര്‍ക്ക് മുന്നോട്ടുപോക്ക് സാധ്യമല്ല. അവര്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മതഗ്രന്ഥമാക്കി; മാര്‍ക്സിനെ ദൈവവും. പുതിയ കാലത്തിന്‍െറ കമ്യൂണിസ്റ്റ് രീതികള്‍, പാര്‍ട്ടി പ്രചാരണങ്ങള്‍ എന്നിവ ശ്രദ്ധിച്ചാല്‍ ഈ ഭക്തിപ്രസ്ഥാനത്തെ തിരിച്ചറിയാന്‍ കഴിയും.      
വിപ്ളവം ആര്‍ക്കുവേണ്ടിയാണ് എന്നതാണ് നമ്മളാദ്യം ചോദിക്കേണ്ടത്. ഈ മണ്ണിന്‍െറ യഥാര്‍ഥ അവകാശികള്‍ക്കുവേണ്ടി എന്നതാണ് അതിന്‍െറ ഉത്തരം. തലമുറകള്‍ മണ്ണില്‍ പണിയെടുത്തിട്ടും  ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാത്തവര്‍ക്കുവേണ്ടി. ഈ നാടിന്‍െറ വിശപ്പുമാറ്റാന്‍ വേണ്ടതെല്ലാം ഉല്‍പാദിപ്പിച്ചിട്ടും ദിവസവും പട്ടിണി കിടക്കേണ്ടിവരുന്നവര്‍ക്കുവേണ്ടി. ആരെയാണ് മോചിപ്പിക്കേണ്ടത്? നിങ്ങള്‍ക്ക് ആഹാരവും വസ്ത്രവും തരുന്ന ഒരു മനുഷ്യന്‍. എന്നാല്‍, അയാളെ സമൂഹം ഇതുവരെ ഒരു മനുഷ്യനായി അംഗീകരിച്ചിട്ടില്ല. ആ മനുഷ്യനെയാണ് മോചിപ്പിക്കേണ്ടത്.
എന്‍െറ പ്രസ്ഥാനത്തിന് തെറ്റുപറ്റിയിട്ടുണ്ട്. അത് ഞാന്‍ തിരിച്ചറിയുന്നു. ആ തെറ്റ് തിരുത്താന്‍ ഞാന്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പോരാടും. കാരണം, ഇത് എന്‍െറ പാര്‍ട്ടിയാണ്. പാര്‍ട്ടിയിലെ ഇടപെടലുകള്‍ എന്‍െറ ചുമതലയും. പാര്‍ട്ടി എനിക്ക് വീടാണ്. ഈ പാര്‍ട്ടിയിലെ ഭൂരിഭാഗംപേരെയും എനിക്ക് വ്യക്തിപരമായി അറിയാം. എന്‍െറ വാക്കുകേട്ട്, പാട്ടുകേട്ട് ഒരുപാട് പേര്‍ ഒരുപാട് സ്വപ്നങ്ങളുമായി ഈ പ്രസ്ഥാനത്തില്‍ എത്തിയിട്ടുണ്ട്. എനിക്ക് അവരെ കൈവെടിയാനാകില്ല. അവര്‍ക്കുവേണ്ടി സംസാരിക്കേണ്ടത് എന്‍െറ കടമയാണ്. ലക്ഷ്യം മറക്കാന്‍ കഴിയില്ല. പോരാട്ടം വഴിയിലുപേക്ഷിക്കാനുള്ളതല്ല. പാര്‍ട്ടിക്ക് എന്നെങ്കിലും എന്നെ തള്ളിപ്പറയേണ്ടിവന്നാല്‍ ഞാന്‍ പുറത്തുനിന്ന് പോരാടും. ജനങ്ങളാണെന്‍െറ ശക്തി, സംഗീതമാണെന്‍െറ ആയുധം.       
 നക്സലൈറ്റ് പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാവ് കനുസന്യാലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എന്തുകൊണ്ട് അദ്ദേഹം അങ്ങനെയൊരു വഴി തെരഞ്ഞെടുത്തു?
* കനുസന്യാല്‍ നക്സലൈറ്റ് പ്രസ്ഥാനത്തിലെ ചരിത്രപുരുഷനാണ്. താഴെത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന, പ്രസ്ഥാനത്തിനുവേണ്ടി എല്ലാം സമര്‍പ്പിച്ച,  അധ്വാനിക്കുന്നവന്‍െറ ഹൃദയത്തുടിപ്പറിഞ്ഞ വിപ്ളവകാരി. അദ്ദേഹത്തിന് എന്‍െറ ലാല്‍ സലാം. ചാരുമജുംദാറുള്‍പ്പെടെയുള്ള നേതാക്കളുമായി സൈദ്ധാന്തിക വിഷയങ്ങളിലുള്‍പ്പെടെ  കനുസന്യാലിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. വ്യക്തിഗത ഉന്മൂലനം മാത്രമാണ് വിപ്ളവവഴിയെന്ന് പലരും വാദിച്ചപ്പോള്‍ കനുസന്യാല്‍ അതിനെ എതിര്‍ക്കുകയും വിപ്ളവത്തിനായുള്ള ഒരുപാട് വഴികളില്‍ ഒന്നുമാത്രമാണ് വ്യക്തിഗത ഉന്മൂലനം എന്ന നിലപാടെടുക്കുകയും ചെയ്തു. ജനകീയ സായുധപ്പോരാട്ടത്തിനാണ് കനുസന്യാല്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ചാരുമജുംദാര്‍ കനുസന്യാലില്‍നിന്നും പലതും പഠിക്കുകയും അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ചില നേതാക്കള്‍ സന്യാലിനോട് തീര്‍ത്തും നിഷേധാത്മക സമീപനമാണ് എടുത്തത്. പലരും അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി. കനുസന്യാലിന് ജനാധിപത്യത്തോട് അല്‍പം അനുഭാവപൂര്‍വമായ നിലപാടാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിക്ക് ഏറെ ക്രിയാത്മകമായ വിമര്‍ശങ്ങള്‍ ഉന്നയിച്ചപ്പോഴും ബദല്‍മാതൃക നിര്‍ദേശിക്കാന്‍ അദ്ദേഹത്തിനായില്ല. എനിക്ക് അദ്ദേഹവുമായി വളരെ അടുത്തിടപഴകാന്‍ സാധിച്ചത് വളരെ കുറച്ചുമാത്രമാണ്. പക്ഷേ, അതില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചത് വളരെ സംഘര്‍ഷഭരിതമായിരുന്നു  അദ്ദേഹത്തിന്‍െറ മനസ്സ് എന്നാണ്. ശുഭാപ്തിവിശ്വാസവും  കടുത്ത നിരാശയും ഒരേസമയം മാറിമാറി നിറഞ്ഞുനിന്ന വ്യക്തി. പീഡിത ജനവിഭാഗത്തിന്‍െറ മോചനം സംബന്ധിച്ച് അദ്ദേഹം ഒരുപാട് ശുഭപ്രതീക്ഷകള്‍ പുലര്‍ത്തി. എന്നാല്‍, വ്യക്തിജീവിതത്തെക്കുറിച്ചും പാര്‍ട്ടിയിലെ ചിലര്‍ തെരഞ്ഞെടുത്ത സമരമാര്‍ഗങ്ങളെക്കുറിച്ചും ചിന്തിച്ച് ഏറെ നിരാശനുമായിരുന്നു.
ചാരുമജുംദാറിന്‍െറ മരണവും കനുസന്യാല്‍ പാര്‍ട്ടിവിട്ടതും നക്സലൈറ്റ് പ്രസ്ഥാനത്തിന് വന്‍ ആഘാതമായി. പാര്‍ട്ടി പലതായി പിളര്‍ന്നു. പാര്‍ട്ടിവിട്ടശേഷവും അദ്ദേഹത്തിലെ ആത്മസംഘര്‍ഷം കൂടിവന്നു. അദ്ദേഹത്തിന്‍െറ മരണം. അതിലെ ദുരൂഹതകള്‍. ഒപ്പം മറ്റു പല സഖാക്കളും അനുഭവിക്കുന്ന പ്രതിസന്ധികള്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു, എന്തുകൊണ്ട് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നു എന്നെല്ലാം പാര്‍ട്ടി വിലയിരുത്തേണ്ടതാണ്. അന്വേഷിക്കേണ്ടതാണ്.
പല നിര്‍ണായകഘട്ടങ്ങളിലും നമ്മുടെ കല- സാഹിത്യ- സാംസ്കാരിക നായകര്‍ മൗനത്തിന്‍െറവഴി തെരഞ്ഞെടുക്കാറുണ്ട്. പ്രതികരണങ്ങള്‍ ഉണ്ടാകാറില്ല. ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു കവി എന്ന നിലയില്‍ ഈ നിലപാടിനെ എങ്ങനെ നോക്കിക്കാണുന്നു?
* കലാകാരന്മാര്‍ക്ക് സമൂഹത്തോട് കടപ്പാടുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങള്‍ കലാകാരന്മാര്‍ക്കുനേരെ പ്രതീക്ഷയോടെ നോക്കുന്നത് സ്വാഭാവികമാണ്. കലാകാരന്മാര്‍ക്ക് ജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. അല്ലെങ്കില്‍ പിന്നെയെന്തിനാണ് നിങ്ങള്‍ നിങ്ങളുടെ കലാസൃഷ്ടിയുമായി ജനങ്ങളുടെ അടുത്തേക്കുപോകുന്നത്. ഒരു കവിക്ക് അയാള്‍ക്ക് തോന്നുന്നതെല്ലാം അയാളുടെ സ്വകാര്യ നോട്ടുപുസ്തകത്തില്‍ എഴുതി സൂക്ഷിച്ചാല്‍പോരേ? എന്തിന് പുസ്തകമാക്കി ജനങ്ങളിലേക്ക് എത്തിക്കുന്നു?
കാരണം, നിങ്ങള്‍ക്ക് കലാകാരനായി തുടരണമെങ്കില്‍ ജനങ്ങളുടെ അംഗീകാരം വേണം. അപ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. നിങ്ങള്‍ നിന്നേപറ്റൂ. ഇല്ലെങ്കില്‍ കാലം നിങ്ങളെ തള്ളിപ്പറയും. പുരസ്കാരത്തിന് പിറകെപോയാല്‍ പുരസ്കാരങ്ങള്‍ മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ വാക്കുകേള്‍ക്കാന്‍ ജനങ്ങളുണ്ടാകില്ല. മരണഭയമാണെങ്കില്‍ നിങ്ങള്‍ക്ക് കലാകാരനായിരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല. നിങ്ങള്‍ ഏത് പക്ഷത്തുവേണമെങ്കിലും നിന്നുകൊള്ളൂ. പക്ഷേ, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ നിശ്ശബ്ദതപോലും ശത്രുക്കള്‍ക്ക് ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാകും.
മഹാബോധി വിദ്യാലയത്തെക്കുറിച്ച് പറയാമോ? ഈ സ്കൂള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താങ്കളും പാര്‍ട്ടിയും തമ്മില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നില്ലേ?
 * ഞാനും സമാനമനസ്കരായ ചില സുഹൃത്തുക്കളും ചേര്‍ന്നാണ് മഹാബോധി വിദ്യാലയം തുടങ്ങിയത്. മണ്ണിനെയും മനുഷ്യനെയും അറിയാന്‍ തലമുറകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ സ്കൂള്‍ തുടങ്ങിയത്. എനിക്കല്ല സ്കൂളിന്‍െറ ചുമതല. ഒരു ട്രസ്റ്റിന്‍െറ മേല്‍നോട്ടത്തിലാണ് സ്കൂള്‍ നടക്കുന്നത്. ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറിയില്ലെങ്കിലും അവിടെ പഠിക്കുന്ന കുട്ടികള്‍ നല്ലരീതിയില്‍ വിജയിക്കുന്നുണ്ട്. നാടന്‍പാട്ടും കലകളും ഗ്രാമീണ ജീവിതവും പരിചയപ്പെടുത്തുന്ന ക്ളാസുകളുണ്ട്.
പിന്നെ പാര്‍ട്ടിയുമായുണ്ടായ പ്രശ്നങ്ങള്‍. സ്കൂള്‍ തുടങ്ങാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്‍െറ അനുമതി വേണ്ടത്ര വാങ്ങിയില്ല എന്ന പ്രശ്നമുണ്ടായിരുന്നു. പാര്‍ട്ടി എന്നോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശരിയാണ്, ആ കാര്യത്തില്‍ എന്‍െറ ഭാഗത്തുനിന്ന് ചില വീഴ്ചയുണ്ടായിട്ടുണ്ട്. സിനിമാമേഖലയിലുള്ള ചില സുഹൃത്തുക്കളാണ് സ്കൂളിനുവേണ്ട സംഭാവനകള്‍ നല്‍കിയത്. പക്ഷേ, എന്‍െറ ഉദ്ദേശ്യശുദ്ധി അറിയാവുന്ന പാര്‍ട്ടി പിന്നീട് എന്‍െറകൂടെ നിന്നു. പാര്‍ട്ടി നേതൃത്വത്തിന് എന്നെ നന്നായി അറിയാം.

സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധം പാര്‍ട്ടിയിലെ ചില നേതാക്കളുമായി ആശയഭിന്നതകള്‍ ഉണ്ടാകുന്നതിന് ഇടയാക്കിയില്ലേ? ഒപ്പം ഗദ്ദര്‍ നിരന്തരം ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലേ?
* ഹ...ഹ...ഹ! അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരിയാണ്, ചില ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നു. അത് ചില നിലപാടുകള്‍ സംബന്ധിച്ചുള്ളതായിരുന്നു. ആദ്യം സിനിമയെക്കുറിച്ച് പറയാം. കല- രാഷ്ട്രീയ രംഗത്തേക്കുള്ള എന്‍െറ ചുവടുവെപ്പ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷനിലൂടെയായിരുന്നു- 1971 ല്‍. പ്രശസ്ത സിനിമാനിര്‍മാതാവും ബുദ്ധിജീവിയുമായ ബി. നരസിംഹ റാവുവാണ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് നേതൃത്വം നല്‍കിയിരുന്നത് ( ‘മാഭൂമി’, ‘ദാസി’, ‘ഹരിവില്ലു’, ‘മാട്ടി മനുസുലു’ എന്നീ സിനിമകള്‍ റാവുവിന്‍േറതായിരുന്നു). ഗുരുസ്ഥാനീയനായ റാവുവാണ് സിനിമയുമായുള്ള എന്‍െറ ബന്ധം. ചില നിര്‍മാതാക്കള്‍ എന്‍െറ സുഹൃത്തുക്കളുമാണ്. പക്ഷേ, ഇവരെല്ലാം വിപ്ളവാശയങ്ങള്‍വെച്ചുപുലര്‍ത്തുന്ന സമാന്തരസിനിമയുടെ ആളുകളാണ്.‘ഒരേ, റിക്ഷ’ എന്ന സിനിമയില്‍ എന്‍െറ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
സിനിമ കുത്തകമുതലാളിത്തത്തിന്‍െറ ഉല്‍പന്നമായതിനാല്‍ അത് ഒഴിവാക്കണമെന്ന നിലപാടുള്ള സഖാക്കളുണ്ട്. കാരണം, സിനിമയെ നിയന്ത്രിക്കുന്നത് കച്ചവടതാല്‍പര്യങ്ങള്‍ മാത്രമാണ്. പക്ഷേ, ജനങ്ങളിലേക്ക് വളരെ എളുപ്പം എത്താന്‍ കഴിയുന്ന ശക്തമായ മാധ്യമമായാണ് ഞാന്‍ സിനിമയെ കാണുന്നത്. നമ്മുടെ വിപ്ളവാശയങ്ങള്‍ വളരെപ്പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും. ഞാന്‍ പണം വാങ്ങിയല്ല സിനിമയുമായി സഹകരിച്ചത്. പക്ഷേ, ഇപ്പോള്‍ അത്തരം ആശയങ്ങളുള്ള സിനിമകള്‍ ഇറങ്ങുന്നില്ല, അതോടെ ഞാന്‍ സിനിമയുമായി അകന്നു.
അതുപോലെതന്നെയാണ് ജനങ്ങളുമായി ഇടപഴകുന്ന കാര്യം. എനിക്ക് ജനങ്ങള്‍ക്കിടയില്‍ പാടാതെ ജീവിക്കാന്‍ പറ്റില്ല. പാട്ടാണ് എന്‍െറ ആയുധം. പാട്ടാണ് എന്‍െറ പോരാട്ടമാര്‍ഗം. ജനങ്ങള്‍ക്കിടയില്‍നിന്ന് എനിക്ക് പാടിയേപറ്റൂ. പാവപ്പെട്ടവന്‍െറ പടപ്പാട്ട് എന്‍െറ ജീവശ്വാസമാണ്. അഞ്ചു വര്‍ഷം ഞാന്‍ ഒളിവിലായിരുന്നപ്പോഴും ജനങ്ങള്‍ക്കുവേണ്ടി പാടുന്നത് നിര്‍ത്തിയിട്ടില്ല. ജനങ്ങള്‍ക്കിടയില്‍തന്നെയായിരുന്നു എന്‍െറ ഒളിവുജീവിതവും. ഞാന്‍ പാടിക്കൊണ്ടേ ഇരിക്കും. എന്‍െറ പാട്ടിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്‍െറ നാവിന് ആര് വിലങ്ങിട്ടാലും പാട്ടിന്‍െറ കൊടുങ്കാറ്റ് എല്ലാ കോട്ടമതിലുകളും പൊളിച്ചുവരും.
കേരളവുമായുള്ള ബന്ധം?
* ഒരുപാട് മലയാളി സഖാക്കള്‍ സൗഹൃദവലയത്തിലുണ്ട്. അതില്‍ ഏറെപേരും പ്രസ്ഥാനം വിട്ടു. ‘ജനനാട്യമണ്ഡലി’യുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന ശങ്കരന്‍കുട്ടി എന്‍െറ അടുത്ത സുഹൃത്തും അയല്‍വാസിയുമായിരുന്നു. അദ്ദേഹം നക്സല്‍ വര്‍ഗീസിനെക്കുറിച്ച് നാടകമെഴുതി മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ജയില്‍വാസത്തിനുശേഷം പ്രസ്ഥാനംവിട്ട ശങ്കരന്‍കുട്ടി കേരളത്തിലേക്ക് മടങ്ങിപ്പോയി. ദലിതരും ഭൂരഹിതകര്‍ഷകരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന അസ്വസ്ഥരുടെ കൂട്ടായ്മ വിപ്ളവത്തിന്‍െറ പുതുനാമ്പുകള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിന്‍െറ സാമൂഹിക രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്ന ഒരു വിപ്ളവത്തിന് വൈകാതെ അരങ്ങൊരുങ്ങും.
ഇതുവരെയുള്ള ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?  
* ജീവിതത്തെക്കുറിച്ച് അങ്ങനെയുള്ള വിലയിരുത്തലൊന്നും ഇല്ല. ഞാന്‍ ഈ മണ്ണിന്‍െറ പാട്ടുകാരന്‍. തലമുറകള്‍ക്കുമുമ്പ് ഉറവയെടുത്ത ഈണം ഞാന്‍ പാടുന്നു. അവസാനശ്വാസംവരെ ഞാന്‍ പോരാടും. കാലമെത്ര കഴിഞ്ഞാലും ഒരു പാട്ടായി ഞാന്‍ നിങ്ങളെത്തേടി വരും.
‘‘വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവും
വിട്ടുവീഴ്ചചെയ്യാന്‍
നിര്‍ബന്ധിക്കുന്ന ജീവിതവും
തമ്മിലുള്ള പോരാട്ടമായിരുന്നു
എന്‍െറ ഇന്നലെകള്‍
വീഴാതെ, വീറുചോരാതെ
മുന്നോട്ട്
വിപ്ളവം ജയിക്കട്ടെ!’’

.......................................................