ഴാങ് വാല്‍ഴാങ് അര്‍ദ്ധരാത്രിയോടുകൂടി ഉണര്‍ന്നു.
ഴാങ് വാല്‍ഴാങ് ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാള്‍ കുട്ടിക്കാലത്തു വായിക്കാന്‍ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടുകൂടി ഫെവറോളെയില്‍ ഒരു മരംവെട്ടുകാരനായി. അമ്മയുടെ പേര്‍ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാല്‍ഴാങ് എന്നോ വഌഴാങ് എന്നോ പറഞ്ഞുവന്നിരുന്നു- ഈ ഒടുവില്‍ പറഞ്ഞതു വ്വാല ഴാങ് (Voila Jean='ഇതാ ഴാങ്') എന്നുള്ള
തിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം.
സ്‌നേഹിക്കുന്ന സ്വഭാവമുള്ളവരുടെ ഏക വിശേഷതയായ ആലോചനാശീലമുള്ള-എന്നാല്‍ മുഖം കറുപ്പിച്ചുകൊണ്ടുള്ള ആ ഒരു മട്ടില്ലാത്ത- ഒരാളായിരുന്നു ഴാങ് വാല്‍ഴാങ്. ഏതായാലും താന്‍ ഒരു മന്തനും സാരമില്ലാത്തവനുമാണെന്നു കാണിക്കുന്ന അങ്ങനെ ഒന്ന് മറ്റെങ്ങുമില്ലെങ്കില്‍, കാഴ്ചയില്‍-അയാള്‍ക്കുണ്ടായിരുന്നു എന്നു തീര്‍ച്ചയാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അച്ഛനും അമ്മയും കഴിഞ്ഞുപോയി. വേണ്ടവിധം ചികിത്സിക്കാതെ ഒരുതരം പനികൊണ്ടാണ് അമ്മ മരിച്ചത്. തന്നെപ്പോലെത്തന്നെ മരംവെട്ടുകാരനായിരുന്ന തന്റെ അച്ഛന്‍ ഒരു മരം തലയ്ക്കു വീണു സിദ്ധികൂടി. ഴാങ് വാല്‍ഴാങ്ങിന് ആകപ്പാടെ തന്നേക്കാള്‍ വയസ്സു മൂത്ത ഒരു സഹോദരി, ആണും പെണ്ണുംകൂടി ഏഴോളം മക്കളുള്ള ഒരു വിധവമാത്രം, ബാക്കിയായി. ഈ സഹോദരിയാണ് ഴാങ് വാല്‍ഴാങ്ങിനെ വളര്‍ത്തിവന്നത്; തനിക്കു ഭര്‍ത്താവുണ്ടായിരുന്നേടത്തോളം കാലം അവള്‍ തന്റെ അനുജനേയും ഒപ്പം താമസിപ്പിച്ചു.
ഭര്‍ത്താവു മരിച്ചു. ഏഴു കുട്ടികളുള്ളതില്‍ മൂത്തയാള്‍ക്ക് എട്ടു വയസ്സായി; എല്ലാറ്റിലും വെച്ചു ചെറിയതിന് ഒന്നും.
ഴാങ് വാല്‍ഴാങ്ങിന് ഇരുപത്തഞ്ചു വയസ്സു കഷ്ടിച്ചു തികഞ്ഞു. അയാള്‍ അച്ഛന്റെ പ്രവൃത്തി തുടങ്ങി; അങ്ങനെ അയാള്‍ തന്നെ പോറ്റിക്കൊണ്ടുപോന്ന ആ സഹോദരിയേയും കുട്ടികളേയും പുലര്‍ത്തി. ഇതു തന്റെ ഒരു മുറയാണെന്നു മാത്രം വെച്ച് അത്ര രസമില്ലാതെയാണ് അയാള്‍ ചെയ്തുപോന്നത്. അതിനാല്‍ അയാളുടെ യൗവനം വിരസവും വിലകുറഞ്ഞതുമായ കൂലിപ്പണിയില്‍ ചെലവായി. തന്റെ മേല്‍ ദയയുള്ള ഒരു സ്ത്രീസുഹൃത്തിനെയെങ്കിലും അയാള്‍ക്കു സ്വന്തംരാജ്യത്തുനിന്നു കിട്ടിയില്ല. ഒരു സ്ത്രീയേയും സ്‌നേഹിക്കുവാന്‍ അയാള്‍ക്ക് ഇടയുണ്ടായില്ല.
രാത്രി അയാള്‍ പ്രവൃത്തി കഴിഞ്ഞു വരും; ഒരക്ഷരവും മിണ്ടാതെ തനിക്കുള്ള മാംസസ്സൂപ്പു കഴിക്കും. അയാളുടെ സഹോദരി ഴെന്ന് അയാള്‍ തിന്നുന്ന പാത്രത്തില്‍നിന്നുതന്നെ, ഇടയ്ക്ക് ഒരു കഷ്ണം മാംസമോ, ഉപ്പിട്ടുണക്കിയ പന്നിമാംസത്തിന്റെ ഒരു ചെത്തോ, പഴത്തിന്റെ കഴമ്പോ എടുത്തു തന്റെ കുട്ടികളില്‍ ആര്‍ക്കെങ്കിലും കൊടുക്കും. ഭക്ഷണമേശയ്ക്കു മുന്‍പില്‍ ഏതാണ്ടു സൂപ്പിന്‍പാത്രത്തിന്റെ ഉള്ളിലേക്കായി തല താഴ്ത്തി, നീണ്ട തലമുടി പാത്രത്തിനു ചുറ്റും പാറിപ്പറന്നു വീണു കണ്ണു മറഞ്ഞുകൊണ്ട്, അയാള്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍, ആ നടക്കുന്നതൊന്നും താന്‍ കാണുന്നില്ലെന്നും അതെല്ലാം താന്‍ സമ്മതിക്കുന്നുണ്ടെന്നും തോന്നിക്കുന്ന ഒരു സമ്പ്രദായം അയാള്‍ക്കുണ്ടായിരുന്നു. ഫെവറോളെയില്‍ വാല്‍ഴാങ്ങിന്റെ വയ്‌ക്കോല്‍ മേഞ്ഞ ചെറുവീട്ടില്‍നിന്നു ദൂരത്തല്ലാതെ, ഇടുങ്ങിയ നിരത്തിന്റെ അങ്ങേ വശത്തായി, മാറിക്ലോദ് എന്നു പേരായ ഒരു കൃഷീവലപത്‌നി താമസമുണ്ട്; സാധാരണമായി വയറു നിറയാത്തവരായ വാല്‍ഴാങ് കുടുംബത്തിലെ കുട്ടികള്‍, അമ്മ പറഞ്ഞയച്ചു എന്നു കളവു പറഞ്ഞു, ചിലപ്പോഴെല്ലാം, ഒരു പാത്രം പാല്‍ കടം വാങ്ങിക്കുവാന്‍ മാറിക്ലോദിന്റെ അടുക്കല്‍ ചെല്ലും; അങ്ങനെ കിട്ടിയതുംകൊണ്ട് ആ ചെറിയ പെണ്‍കുട്ടികള്‍ വല്ല വേലിയ്ക്കു പിന്നിലോ ഇടവഴിയുടെ മൂലയിലോ ചെന്നുനിന്ന് ഓരോരുത്തരും വേഗത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിച്ചെടുത്തു, പാലൊക്കെ മേലും കഴുത്തിലും കളഞ്ഞൊപ്പിച്ചുകൊണ്ട്, മുഴുവനും കുടിച്ചുതീര്‍ക്കും. ഇത് അമ്മ അറിഞ്ഞുപോയെങ്കില്‍ ആ കള്ളപ്പുള്ളികളെ വല്ലാതെ ശിക്ഷിയ്ക്കും. അമ്മ അറിയാതെ മാറിക്ലോദിനു കൊടുപ്പാനുള്ള പാലിന്റെ വില ഴാങ്‌വാല്‍ഴാങ് ദേഷ്യപ്പെട്ടുകൊണ്ടും പിറുപിറുത്തുകൊണ്ടും കൊടുത്തുതീര്‍ക്കും; അങ്ങനെ കുട്ടികള്‍ക്ക് ശിക്ഷ കിട്ടാറില്ല.
കൊമ്പിറക്കുന്ന കാലങ്ങളില്‍ അയാള്‍ക്കു ദിവസം പതിനെട്ടു സൂവീതം സമ്പാദ്യമുണ്ടാവും; അന്നയാള്‍ വയ്‌ക്കോല്‍ കുടയാനും കൂലിപ്പണിയെടുക്കാനും, കന്നു മേയ്ക്കാനും, എന്തുപണിയ്ക്കും ചേരും. തന്നെക്കൊണ്ടു കഴിയുന്ന എല്ലാ പണിയും അയാള്‍ ചെയ്യും. അയാളുടെ പെങ്ങളും കൂലിവേലയ്ക്കു കൂടും; പക്ഷേ, ആ ഏഴു കുട്ടികളേയും വെച്ചുകൊണ്ട് അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും? കഷ്ടപ്പാടില്‍ ആണ്ടുകിടക്കുന്ന ഒരു സാധുകുടുംബമായിരുന്നു അത്; ക്രമത്തില്‍ ക്രമത്തില്‍ അതു മണ്ണടിയുവാന്‍ തുടങ്ങി. ഒരു വല്ലാത്ത മഴക്കാലം വന്നു. ഴാങ്ങിനു പണി കിട്ടാതായി. കുടുംബത്തില്‍ പട്ടിണിയായി. വാസ്തവത്തില്‍ പട്ടിണി. ഏഴു കുട്ടികളും!
ഒരു ഞായറാഴ്ച രാത്രി, ഫെവറോളെയിലെ പള്ളിക്കടുത്ത് അപ്പം ചുട്ടുവില്ക്കുന്നവനായ മോബേര്‍ ഇസബോ, കിടക്കാന്‍ പോകാനൊരുങ്ങുമ്പോള്‍, ഷാപ്പിന്‍മുന്‍പിലെ അഴിവാതിലിന്മേല്‍ ഊക്കില്‍ ഒരിടിയിടിക്കുന്നതു കേട്ടു. ഇടികൊണ്ടു തകര്‍ന്ന ചില്ലിന്റെ പഴുതിലൂടെ ഒരു കൈ അകത്തേയ്ക്കു കടക്കുന്നതു കാണാന്‍ പാകത്തില്‍ ഷാപ്പുകാരന്‍ ആ സ്ഥലത്തെത്തി. ആ നീട്ടിയ കൈ ഒരപ്പം കടന്നെടുത്ത് അതുംകൊണ്ടു പോയി. ഇസബോ ക്ഷണത്തില്‍ പുറത്തേയ്ക്കു പാഞ്ഞുചെന്നു; അതു തട്ടിയെടുത്ത കള്ളന്‍ കാലിനുള്ള ശക്തിയൊക്കെ ഉപയോഗിച്ചു കുതിച്ചു പാഞ്ഞു. ഇസബോ അവന്റെയൊപ്പം ഓടി, അവനെ ചെന്നുപിടിച്ചു. കള്ളന്‍ അപ്പം കളഞ്ഞിരുന്നു; പക്ഷേ, കൈയിന്മേല്‍നിന്നു ചോര വരുന്നുണ്ട്. അതു ഴാങ്‌വാല്‍ ഴാങ്ങായിരുന്നു.
ഇതുണ്ടായത് 1795-ലാണ്. കളവിനും ഭവനഭേദനത്തിനും ആള്‍പ്പാര്‍പ്പുള്ള വീട്ടില്‍ രാത്രി സമ്മതമില്ലാതെ കടന്നുചെന്ന കുറ്റത്തിനുമായി ഴാങ് വാല്‍ഴാങ് അന്നത്തെ നീതിന്യായക്കോടതിയില്‍ ഹാജരാക്കപ്പെട്ടു. അയാളുടെ കൈവശം ഒരു തോക്കുണ്ട്; ഭൂമിയിലുള്ള ഏതൊരാളെക്കാളുമധികം നന്നായി അയാള്‍ക്ക് അതുപയോഗിക്കാനറിയാം; അയാള്‍ ഒരു ഒളിവേട്ടക്കാരനാണ്-ഇതു കാര്യമെല്ലാം അപകടത്തിലാക്കി. ന്യായപ്രകാരംതന്നെ ഒളിവേട്ടക്കാരനോട് ആര്‍ക്കും ഒരു ദേഷ്യമുണ്ട്. കള്ളച്ചരക്കുകച്ചവടക്കാരനെന്നപോലെത്തന്നെ, ഒളിവേട്ടക്കാരന്നും ഒരു കവര്‍ച്ചക്കാരന്റെ ചുവ വല്ലാതെയുണ്ട്. എന്നാലും, പട്ടണങ്ങളില്‍ നടന്ന കൊലപാതകം പ്രവര്‍ത്തിക്കുന്ന ആ ഭയങ്കര സത്ത്വങ്ങള്‍ക്കും ഈ പറഞ്ഞവര്‍ക്കും ഇടയില്‍ ഒരു വലിയ കിടങ്ങു മുഴുവനുമുണ്ടെന്നു ഞങ്ങള്‍ ഓട്ടത്തില്‍ ഒന്നും പറഞ്ഞുവെയ്ക്കട്ടെ. ഒളിവേട്ടക്കാരന്‍ കാട്ടില്‍ കഴിഞ്ഞുകൂടുന്നു; കള്ളച്ചരക്കു കച്ചവടക്കാരന്‍ മലയിലോ കടലിലോ കഴിയുന്നു. മനുഷ്യരെ ദുഷിപ്പിക്കുന്നതുകൊണ്ടു നഗരങ്ങള്‍ ഭയങ്കര മനുഷ്യരെ സൃഷ്ടിക്കുന്നു. മല, കടല്‍, കാട്-ഇവ കാടന്മാരെയാണുണ്ടാക്കുന്നത്; അവ മനുഷ്യന്റെ ദുഷ്ടഭാവത്തെ വലുതാക്കുന്നുവെങ്കിലും, മനുഷ്യത്വത്തെ പലപ്പോഴും നശിപ്പിക്കാതിരിക്കയാണ് പതിവ്.
ഴാങ് വാല്‍ഴാങ് കുറ്റക്കാരനാണെന്നു തെളിഞ്ഞു. നിയമപുസ്തകത്തിലെ നിശ്ചയം അത്രയും സ്പഷ്ടമാണ്. നമ്മുടെ പരിഷ്‌കാരഗതിയില്‍ ചില ഭയങ്കരഘട്ടങ്ങള്‍ ഉണ്ടായിക്കാണുന്നു. ശിക്ഷാനിയമങ്ങള്‍ ഒരു വലിയ കപ്പല്‍ത്തകര്‍ച്ചയെ വിധിച്ചുവിടുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ജനസമുദായം ഒന്നു വാങ്ങിനിന്നു വിശേഷജ്ഞാനമുള്ള സത്ത്വത്തെ യാതൊരു പ്രതിവിധിയുമില്ലാത്തവിധം അന്ധകാരത്തിലേയ്ക്കു വലിച്ചെറിഞ്ഞുകളയുന്ന ആ ഒരു നിമിഷം എന്തൊരവലക്ഷണം പിടിച്ച നിമിഷമാണ്! അഞ്ചുകൊല്ലക്കാലം തണ്ടുവലിശ്ശിക്ഷയനുഭവിക്കുന്ന ഒരു തടവുകാരനായി കഴിഞ്ഞുകൂടുവാന്‍ ഴാങ് വാല്‍ഴാങ് വിധിക്കപ്പെട്ടു.
ഇറ്റലിയിലെ പ്രധാന സൈന്യാധിപനായിരുന്ന ബോണാപ്പാര്‍ത്തിനാല്‍ മോന്തനോത്തുയുദ്ധം ജയിക്കപ്പെട്ടതായി പാരീസ്സില്‍ അറിവു കിട്ടിയത് 1796 ഏപ്രില്‍ 22-ാംനുയാണ്; അന്നത്തെ ദിവസംതന്നെ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ട ഒരു വലിയ കൂട്ടത്തെ ബിസെത്രില്‍ തടവിലിടുകയും ചെയ്തു. അതില്‍ ഒരാളായിരുന്നു ഴാങ്‌വാല്‍ഴാങ്. ഇപ്പോള്‍ ഏകദേശം എണ്‍പതു വയസ്സു പ്രായമുള്ള അവിടത്തെ ഒരു കാരാഗൃഹമുഖ്യന്‍, ആ ഭാഗ്യംകെട്ട ദുഷ്ടനെ മുറ്റത്തു വടക്കുകിഴക്കേ മൂലയില്‍ നാലാംവരിയുടെ അറ്റത്തു ചങ്ങലക്കിട്ടിരുന്നത് ഇന്നും ഓര്‍മിക്കുന്നുണ്ട്. മറ്റുള്ളവരുടെ കൂട്ടത്തില്‍ അയാളും നിലത്തിരുന്നു. എന്തോ ഒരു ഭയങ്കരാവസ്ഥയില്‍ താന്‍ പെട്ടിരിക്കുന്നു എന്നല്ലാതെ, വാസ്തവസ്ഥിതി അയാള്‍ക്കു മനസ്സിലായിട്ടുണ്ടെന്നു തോന്നിയില്ല. ഒന്നും അറിഞ്ഞുകൂടാതെ ഒരു സാധുവിന്റെ അസ്ഥിരങ്ങളായ പലേ ആലോചനകളുടേയും ഇടയില്‍നിന്നു മഹത്തരമായ എന്തോ ഒന്നിനെ അയാളും അഴിച്ചു വേര്‍പെടുത്തിയിരിക്കുന്നതു പോലെയിരുന്നു. ഇരിമ്പുകൊണ്ടുള്ള കഴുത്തുപട്ടയുടെ ആണി പിന്‍ഭാഗത്തുള്ള ചേര്‍പ്പില്‍ ചുറ്റികകൊണ്ടു അടിച്ചുതാഴ്ത്തി ഉറപ്പിക്കുന്ന സമയത്ത് അയാള്‍ കരഞ്ഞു. കണ്ണുനീരിന്നുള്ളില്‍ അയാള്‍ക്കു ശ്വാസംമുട്ടി; ഒച്ച ഇടറി പൊന്താതെയായി; ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊന്നു പറയാന്‍ മാത്രം അയാളെക്കൊണ്ട് കഷ്ടിച്ചു സാധിച്ചു-'ഞാന്‍ ഫെവറോളെയില്‍ ഒരു മരംവെട്ടുകാരനായിരുന്നു.' എന്നിട്ട് അപ്പോഴും തേങ്ങിക്കൊണ്ടുതന്നെ അയാള്‍ വലത്തേ കൈയുയര്‍ത്തി, പലേ ഉയരത്തിലുള്ള ഏഴു തലയില്‍ വഴിക്കു വഴിയേ തൊടുകയാണെന്ന ഭാവത്തില്‍ ഏഴു പ്രാവശ്യം അതു താഴ്ത്തി ക്കൊണ്ടു വന്നു; അയാള്‍ കാണിച്ച ഈ ആംഗ്യത്തില്‍നിന്നു-അതെന്തെങ്കിലുമാവട്ടെ-ഏഴു ചെറുകുട്ടികളെ പുലര്‍ത്തുന്നതിനും, അവര്‍ക്കു വേണ്ട വസ്ത്രം വാങ്ങുന്നതിനുമായിട്ടാണ് താന്‍ അത് പ്രവര്‍ത്തിച്ചതെന്ന് ഊഹിയ്ക്കാം.
ആയാള്‍ തൂലോങ്ങിലേയ്ക്കു പുറപ്പെട്ടു. ഇരുപത്തേഴു ദിവസം കട്ടവണ്ടിയില്‍ കഴുത്തില്‍ ചങ്ങലയും ഭേസിക്കൊണ്ടു യാത്രചെയ്തതിന്നു ശേഷം അവിടെ എത്തി. തൂലോങ്ങില്‍വെച്ച് അയാള്‍ ചുകന്ന ഉടുപ്പിലായി. പേരുമുതല്‍ അയാളുടെ ജീവിതത്തെസംബന്ധിച്ച സകലവും മായ്ക്കപ്പെട്ടു; അയാള്‍ അന്നുമുതല്‍ ഴാങ് വാല്‍ഴാങ്ങല്ലാതെയായി; അയാള്‍ 24, 601 എന്ന നമ്പറായി. അയാളുടെ സഹോദരിയുടെ കഥയോ? അവളുടെ ഏഴു കുട്ടികളും പിന്നെ എങ്ങനെ കഴിഞ്ഞു? അതിനെപ്പറ്റി ആരാലോചിച്ചു? ചുവട്ടില്‍ ചെത്തിമുറിച്ചിട്ട ഒരു ചെറുവൃക്ഷത്തിന്റെ മുകളില്‍ ഒരു പിടി ഇല നില്ക്കുന്നതിന്റെ കഥ പിന്നെ എന്താവാനാണ്?
അതൊക്കെ പതിവുപോലുള്ള പഴങ്കഥതന്നെ, ആ പാവങ്ങളായ മനുഷ്യജീവികള്‍, ഈശ്വരസൃഷ്ടികള്‍, ഒരു ഗതിയില്ലാതെ, ഒരു തുണയുമില്ലാതെ, കിടന്നുപൊറുക്കുവാന്‍ ഒരു പുരകൂടിയില്ലാതെ, ഇന്ന ദിക്കിലേയ്‌ക്കെന്നില്ല. പക്ഷേ ഓരോരുത്തനും ഓരോരിടത്തേക്കായി- ആര്‍ക്കറിയാം-അങ്ങുമിങ്ങും അലഞ്ഞുനടന്നശേഷം കുറേശ്ശെക്കുറേശ്ശയായി ആ തണുത്ത മഞ്ഞിന്‍മൂടലില്‍-ഒറ്റയ്ക്കായിത്തീര്‍ന്ന എല്ലാ പ്രാരബ്ധ കര്‍മ്മങ്ങളേയും കുഴിച്ചുമൂടുന്ന ആ പുകയ്ക്കുള്ളില്‍- മനുഷ്യജാതിയുടെ കുണ്ഠിതത്തോടുകൂടിയുള്ള 'കബാത്തി'ല്‍ ഭാഗ്യംകെട്ട തലകള്‍ വഴിക്കുവഴിയെയായി ചെന്നു മറയുന്ന ആ ഇരുളടഞ്ഞ കാട്ടുപുറങ്ങളില്‍-ചെന്നു കുഴിച്ചിടപ്പെട്ടു. അവര്‍ നാട്ടില്‍നിന്നു പോയി. അവരുടെ ഗ്രാമമായിരുന്നേടത്തുള്ള മണിമാളിക അവരെ മറന്നു; അവരുടെ വയലായിരുന്നതിന്റെ അതിര്‍ത്തിവരമ്പ് അവരെ മറന്നു; കുറച്ചു കൊല്ലങ്ങളോളം തടവില്‍ കഴിച്ചുകൂട്ടിയതിന്നു
ശേഷം, ഴാങ് വാല്‍ഴാങ്ങും അവരെ മറന്നുകളഞ്ഞു, ആദ്യത്തില്‍ ഒരു മുറിവോടുകൂടിയിരുന്ന ആ ഹൃദയത്തില്‍ ഒരു വടുക്കെട്ടി അത്രമാത്രം. തൂലോങ്ങില്‍ കഴിച്ചുകൂട്ടിയ അനവധി കൊല്ലങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍മാത്രം അയാള്‍ തന്റെ സഹോദരിയെപ്പറ്റി പറഞ്ഞുകേട്ടു. അയാള്‍ തടവില്‍പ്പെട്ടതിന്റെ നാലാമത്തെ കൊല്ലമാണ് ഇതുണ്ടായതെന്നു ഞാന്‍ വിചാരിയ്ക്കുന്നു. ഏതു വഴിക്കാണ് അയാള്‍ക്ക് ആ വര്‍ത്തമാനം കിട്ടിയതെന്ന് എനിക്കറിഞ്ഞുകൂടാ. അവരെ സ്വന്തരാജ്യത്തുവെച്ചു കണ്ടു പരിചയമുള്ള ഒരാള്‍ ആ സഹോദരിയെ എങ്ങനെയോ കണ്ടുമുട്ടി, അവള്‍ പാരിസ്സിലായിരുന്നു. റ്യുദ്യു ഗാന്ത്രില്‍ സാങ്-സുല്‍പിസ്സ് എന്ന പള്ളിക്കടുത്തുള്ള ഒരു പൊട്ടത്തെരുവിലാണ് അവള്‍ പാര്‍ത്തിരുന്നത്. എല്ലാറ്റിലുംവെച്ചു പ്രായം കുറഞ്ഞ ഒരു കുട്ടി, ഒരു ചെറിയ ആണ്‍കുട്ടിമാത്രം, അവളുടെ കൂടെ അന്നുണ്ടായിരുന്നു. മറ്റുള്ള ആറു കുട്ടികളും എവിടെ? ഒരു സമയം അവള്‍ക്കുതന്നെ നിശ്ചയമില്ലായിരിക്കും. റ്യു ദ്യു സബോവില്‍ 8-ാം നമ്പറായ ഒരച്ചുക്കൂടത്തില്‍ അവള്‍ ദിവസംപ്രതി രാവിലെ പോവും; അവിടെ അവള്‍ക്കു കടലാസ്സു മടക്കുകയും തുന്നുകയുമായിരുന്നു പണി. രാവിലെ ആറു മണിക്കു-മഴക്കാലങ്ങളില്‍ പുലരുന്നതിനു വളരെ മുമ്പുതന്നെ-അവള്‍ക്ക് അവിടെ ചെന്നുകൂടണം. ആ അച്ചുക്കൂടമുള്ള എടുപ്പില്‍ത്തന്നെ ഒരു ഭാഗത്ത് ഒരു സ്‌ക്കൂള്‍കൂടിയുണ്ട്; ഏഴു വയസ്സു പ്രായമുള്ള തന്റെ കുട്ടിയെ അവള്‍ സ്‌കൂളിലും കൊണ്ടുപോയാക്കി. എന്നാല്‍ അവള്‍ക്കു അച്ചുക്കൂടത്തില്‍ ആറു മണിക്കു ചെല്ലേണ്ടിയിരുന്നതുകൊണ്ടും, സ്‌ക്കൂള്‍ ഏഴുമണിക്കുമാത്രം തുറന്നിരുന്നതുകൊണ്ടും, സ്‌ക്കൂള്‍ തുറന്നു കിട്ടുവാന്‍വേണ്ടി ആ കുട്ടിയ്ക്കു ഒരു മണിക്കൂര്‍നേരം മുറ്റത്തു നില്‌ക്കേണ്ടിവന്നിരുന്നു. മഴക്കാലത്തു രാത്രി മുറ്റത്തു ഒരു മണിക്കൂറോളം നില്ക്കുക! അച്ചുകൂടത്തിലേയ്ക്കു കടന്നുചെല്ലുവാന്‍ അവിടെയുള്ളവര്‍ ആ കുട്ടിയെ അനുവദിക്കാറില്ല; ആവശ്യമില്ലാതെ അവന്‍ അവരെ അലട്ടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ വാദം. രാവിലെ കൂലിപ്രവൃത്തിക്കാര്‍ പോകുമ്പോള്‍ ആ പാവമായ ചെറുജന്തു ഉറക്കംവന്നു കുഴങ്ങി നിലത്തുള്ള കല്‍വിരിപ്പില്‍ ഇരിക്കുന്നതും, പലപ്പോഴും ചൂളിപ്പിടിച്ചു തന്റെ കൊട്ടയ്ക്കുള്ളില്‍ ചുരുണ്ടുകിടന്നുറങ്ങുന്നതും അവര്‍ കാണും. മഴ പെയ്യുമ്പോള്‍ പടികാവല്‍ക്കാരിയായ ഒരു തള്ള അവന്റെ മേല്‍ ദയ വിചാരിക്കും. ഒരു വൈക്കോല്‍ക്കിടക്കയും, ഒരു നൂല്‍നൂല്പ് യന്ത്രവും, രണ്ടു മരക്കസാലയുമുള്ള തന്റെ ഗുഹയിലേക്ക് അവള്‍ ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോവും; അവന്‍ അതിന്റെ ഒരു മൂലയില്‍ തണുപ്പുകൊണ്ടുള്ള ഉപദ്രവം കുറച്ചു കുറയുവാന്‍ വേണ്ടി പൂച്ചയെ ചേര്‍ത്തടുപ്പിച്ചുപിടിച്ചു ചൂളിക്കിടന്നുറങ്ങും. ഏഴു മണിക്കു സ്‌ക്കൂള്‍ തുറക്കും; അവന്‍ അകത്തേയ്ക്കു പോവും. ഇതാണ് ഴാങ് വാല്‍ഴാങ് കേട്ടത്.
ഇതിനെപ്പറ്റി ആളുകള്‍ ഒരു ദിവസം അയാളോടു സംസാരിച്ചു: അയാള്‍ സ്‌നേഹിച്ചിരുന്നവരുടെ ജീവിതദശയെ തുറന്നുകാണിക്കുന്ന ഒരു ജനാല പെട്ടെന്നൊന്നു തുറന്നു; ഒരു നിമിഷനേരത്തേക്കു അതൊന്നു പ്രകാശിച്ചു; ഒരു മിന്നല്‍ അതിന്മേല്‍ തട്ടി; പിന്നേയും വാതിലടഞ്ഞു. എല്ലാം ഇരുട്ടായി. അതിനുശേഷം യാതൊരു വിവരവും അയാള്‍ കേട്ടില്ല. അവരെക്കുറിച്ചുള്ള ഒരു വര്‍ത്തമാനവും പിന്നെ അയാളുടെ ചെകിട്ടില്‍ എത്തിയിട്ടില്ല; അവരെ അയാള്‍ പിന്നെ കണ്ടിട്ടില്ല; അവരെ അയാള്‍ പിന്നെ ഒരിക്കലും കണ്ടുമുട്ടിയില്ല; എന്നല്ല ഈ ദുഃഖമയമായ ചരിത്രത്തിന്റെ അനന്തരഭാഗങ്ങളില്‍ അവരെ ഇനി ഒരിക്കലും കാണുകയുമില്ല.
ഈ നാലാംകൊല്ലത്തിന്റെ അവസാനത്തില്‍ ഴാങ് വാല്‍ഴാങ്ങിന്ന് ഒളിച്ചുചാടാനുള്ള ഘട്ടം വന്നു. ദുഃഖമയമായ ആ സ്ഥലത്തു പതിവുള്ളപോലെ, ചങ്ങാതിമാര്‍ അയാളെ സഹായിച്ചു. അയാള്‍ പുറത്തുചാടി. പിടിക്കുവാന്‍ പിന്നാലെ ആളുകളുമായി, ഓരോ നിമിഷത്തിലും പിന്നോക്കം തിരിഞ്ഞുനോക്കിക്കൊണ്ട്, എത്ര ചെറിയ ശബ്ദം കേട്ടാലും വിറച്ചുകൊണ്ട്, സകലത്തിനേയും-പുകയോടുകൂടിയ ഒരു വീട്ടിന്റെ മേല്‍പ്പുര. വഴിയിലൂടെ പോകുന്ന ഒരാള്‍, കുരയ്ക്കുന്ന ഒരു നായ, പാഞ്ഞുവരുന്ന ഒരു കുതിര, അടിക്കുന്ന ഒരു നാഴികമണി, എന്തും കാണാവുന്നതുകൊണ്ട് പകല്‍, ഒന്നുംകാണാന്‍ വയ്യാത്തതുകൊണ്ട് രാത്രി, പെരുവഴി, നിരത്ത്, കുറ്റിക്കാട്, ഉറക്കം എന്നിങ്ങനെയുള്ള എല്ലാറ്റിനേയും-ഭയപ്പെട്ടുകൊണ്ട് ഇങ്ങനെ കഴിഞ്ഞുകൂടുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ സ്വാതന്ത്ര്യത്തോടുകൂടി, അയാള്‍ രണ്ടു ദിവസം അലഞ്ഞുനടന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം അയാള്‍ പിടിക്കപ്പെട്ടു. മുപ്പത്താറു മണിക്കൂറോളമായി അയാള്‍ എന്തെങ്കിലും കഴിക്കുകയാവട്ടെ ഒന്നു കണ്ണു ചിമ്മുകയാവട്ടെ ചെയ്തിട്ടില്ല. നീതിന്യായ ക്കോടതി ഈ തെറ്റിനു അയാളുടെ ശിക്ഷാകാലം മൂന്നുകൊല്ലത്തേക്കുകൂടി കൂട്ടി; ആകെ എട്ടുകൊല്ലമായി. ആറാമത്തെ കൊല്ലം പിന്നേയും അയാള്‍ക്ക് ഒളിച്ചുചാടാനുള്ള യോഗമായി. ആ തഞ്ചവും അയാള്‍ ഉപയോഗിച്ചു നോക്കി: പക്ഷേ, വേണ്ടവിധമായില്ല. പതിവുപോലെ ഹാജര്‍ വിളിച്ചപ്പോള്‍ അയാളെ കണ്ടില്ല. പീരങ്കിവെച്ചു; രാത്രിയില്‍ പാറാവുകാര്‍ അയാളെ പുതുതായി പണിചെയ്യുന്ന ഒരു കപ്പലിന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി; പിടികൂടിയ പാറാവുകാരോട് അയാള്‍ മല്ലിട്ടു. ഒളിച്ചുചാടലും, രാജ്യദ്രോഹവും. ഒരു സവിശേഷനിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈ കുറി അയാള്‍ക്ക് അഞ്ചുകൊല്ലത്തെ ശിക്ഷകൂടി കിട്ടി. അതില്‍ ഒടുവിലത്തെ രണ്ടു കൊല്ലം ഇരട്ടച്ചങ്ങലയിലും കിടക്കണം. പതിമ്മൂന്നു കൊല്ലമായി. പത്താമത്തെ കൊല്ലത്തില്‍ പിന്നേയും ഒളിച്ചുചാടാനുള്ള യോഗം വന്നു; അതും അയാള്‍ വിട്ടില്ല; അക്കുറിയും വിശേഷിച്ചു ഫലമുണ്ടായില്ല. ആ പുതിയ ശ്രമംകൊണ്ട് മൂന്നു കൊല്ലംകൂടി കൈയിലായി. കൊല്ലം പതിനാറ്. ഒടുവില്‍ പതിമ്മൂന്നാമത്തെ കൊല്ലത്തിലാണെന്നു ഞാന്‍ വിചാരിക്കുന്നു. അയാള്‍ അവസാനത്തെത്തവണ ഒരിക്കല്‍ക്കൂടി ഒളിച്ചു ചാടാന്‍ ശ്രമിച്ചു; പുറത്തു കടന്നു നാലു മണിക്കൂറു കഴിഞ്ഞപ്പോഴേയ്ക്കും പിന്നേയും ബന്ധനത്തിലാവാന്‍ മാത്രമുള്ള ഒരു ഗുണമേ ആ ശ്രമംകൊണ്ടുമുണ്ടായുള്ളൂ. ആ നാലു മണിക്കൂറു സമയത്തിനു പിന്നെയും മൂന്നു കൊല്ലം. പത്തൊമ്പതു കൊല്ലം. 1815 ഒക്‌ടോബറില്‍ അയാളെ വിട്ടു; ഒരു കണ്ണാടിവാതില്‍ പൊട്ടിച്ച് ഒരപ്പം കൈയിലാക്കിയതിന് അയാള്‍ അവിടെ 1796-ല്‍ കടന്നുകൂടിയതാണ്.
ഒരു ചെറിയ ആവരണവാക്യത്തിനുള്ള സ്ഥലം. ശിക്ഷാനിയമത്തിന്റെ ഗതിയും നിയമപ്രവര്‍ത്തനംകൊണ്ടുണ്ടാകുന്ന കഠിനാപത്തും നോക്കിപ്പഠിക്കുന്നതിനിടയില്‍. ഈ ഗ്രന്ഥകാരന്‍ രണ്ടാമത്തെ പ്രാവശ്യമാണ് ഒരപ്പക്കഷ്ണം കട്ടതുകൊണ്ട് ഒരു മനുഷ്യജീവിതം മുഴുവനും ഉടഞ്ഞുതകര്‍ന്നതായി കണ്ടെത്തുന്നത്. ക്ലോദ്ഗുവൊ ഒരപ്പം കട്ടു; ഴാങ് വാല്‍ഴാങ്ങും ഒരപ്പം കട്ടു. ലണ്ടനിലുണ്ടാകുന്ന അഞ്ചു കളവുകേസ്സില്‍ നാലും തല്‍ക്കാലത്തെ വിശപ്പു സഹിക്കാന്‍ വയ്യാഞ്ഞു ചെയ്യപ്പെടുന്നതാണെന്ന് ഇംഗ്ലണ്ടുകാര്‍ കണക്കെടുത്തിരിക്കുന്നു.
ഴാങ് വാല്‍ഴാങ് തേങ്ങിക്കരഞ്ഞും പേടിച്ചും വിറച്ചും തുറുങ്കിന്നുള്ളിലേക്കു കടന്നു; മരവിച്ച മനസ്സോടുകൂടി അവിടെനിന്ന് പുറത്തുവന്നു. അയാള്‍ നിരാശതയോടുകൂടി അകത്തേക്കു ചെന്നു; മനസ്സു കെട്ടു പുറത്തേക്കു കടന്നു.
ആ ആത്മാവിന്നുള്ളില്‍ എന്തുണ്ടായി?

No comments:
Post a Comment